Wednesday, December 24, 2014

ഇങ്ങനെയുമുണ്ടൊരു സര്‍ക്കാര്‍ ആസ്‌പത്രി


'സംഗീതം പൊഴിക്കുന്ന, സുഗന്ധം പരത്തുന്ന ആസ്​പത്രി' എന്നാണ് പുനലൂര്‍ താലൂക്ക് ആസ്​പത്രിയുടെ വിശേഷണം. ആസ്​പത്രിയുടെ പടികടന്നപ്പോള്‍ എന്റെ നാവില്‍വന്ന ആദ്യ കമന്റും 'ആസ്​പത്രിയുടെ മണമില്ലല്ലോ' എന്നായിരുന്നു. ഒപ്പമുണ്ടായിരുന്ന സൂപ്രണ്ട്, ഡോ. ഷാഹിര്‍ഷായുടെ പ്രതികരണം ഒട്ടും വൈകിയില്ല. 'ആസ്​പത്രിഗന്ധമില്ലാത്ത ഒരാതുരാലയം വേണമെന്നായിരുന്നല്ലോ അഞ്ചുവര്‍ഷംമുമ്പ് ധനമന്ത്രിയുടെ സെക്രട്ടറി മനമോഹന്‍ ആവശ്യപ്പെട്ടത്. പരിസ്ഥിതി സൗഹാര്‍ദ ആസ്​പത്രിക്ക് അനുവദിച്ച 12 കോടി രൂപ ലഭിച്ചില്ലെങ്കിലും ആസ്​പത്രിഗന്ധമില്ല എന്നുകേട്ടതില്‍ സന്തോഷം'.

ചെറിയൊരു മുനയില്ലേ ഈ വാക്കുകള്‍ക്കെന്ന് വായനക്കാര്‍ക്ക് സംശയംതോന്നാം. സത്യമാണ്. അതിന് കാരണവുമുണ്ട്. പുനലൂര്‍ താലൂക്ക് ആസ്​പത്രിയില്‍ വരുത്താന്‍ ശ്രമിക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം എന്റെ മന്ത്രിയോഫീസില്‍ വന്നിരുന്നു. ജനകീയാസൂത്രണകാലത്ത് കരവാളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് വരുത്തിയ വിസ്മയകരമായ മാറ്റത്തിലൂടെ ശ്രദ്ധേയനായ ഡോക്ടറാണ് അദ്ദേഹം. മാതൃകാ താലൂക്ക് ആസ്​പത്രിക്കുവേണ്ടി സര്‍ക്കാറിന്റെ പ്രത്യേക സഹായധനം അര്‍ഹിക്കുന്ന പദ്ധതിയുമായാണ് അദ്ദേഹമെത്തിയത്. അത് സര്‍ക്കാര്‍ അംഗീകരിച്ചു, പരിസ്ഥിതിസൗഹൃദമായ ആസ്​പത്രിക്കെട്ടിടത്തിന് 12 കോടി രൂപയും അനുവദിച്ചു. ലാറി ബേക്കറുടെ ശിഷ്യന്‍ ബെന്നി കുര്യാക്കോസ് വിശദമായ ഡിസൈനും മറ്റും തയ്യാറാക്കി. പക്ഷേ, പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബോധിച്ചില്ല. ആരോഗ്യവകുപ്പും പൊതുമരാമത്തുവകുപ്പും തമ്മില്‍ തര്‍ക്കം പൊടിപൊടിച്ചു. എല്ലാം തീര്‍ന്നപ്പോള്‍ ഭരണം മാറി. പിന്നെ ഒന്നും നടന്നില്ല.

പക്ഷേ, കിട്ടാതെപോയ കോടികളെയോര്‍ത്ത് നെടുവീര്‍പ്പിടുകയല്ല ഡോക്ടറും സംഘവും ചെയ്തത്. ജനകീയകൂട്ടായ്മയെ വിശ്വാസത്തിലെടുത്ത് അവര്‍ പദ്ധതിയുമായി മുന്നോട്ടുപോയി. ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. 'താലൂക്ക് ആസ്​പത്രിക്കായി ഒരു ദിവസം' നീക്കിവെക്കാന്‍ തയ്യാറായ നൂറുകണക്കിന് ആളുകള്‍, പൊളിച്ച കെട്ടിടാവശിഷ്ടങ്ങള്‍ തലച്ചുമടായി നീക്കംചെയ്തു. 13 വര്‍ഷമായി പുറത്തുള്ളവര്‍ കൈയേറിയിരുന്ന കാന്റീനും കടമുറികളും ഒഴിപ്പിച്ചെടുത്തു. സന്നദ്ധാടിസ്ഥാനത്തില്‍ ആറുലക്ഷം രൂപയുടെ പ്രവൃത്തി നടന്നുവെന്നാണ് കണക്ക്. 70 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണ് ആസ്​പത്രിയുടേതെന്ന് ഇപ്പോഴാരും പറയില്ല. ടൈലുകള്‍ പതിച്ച് വെടിപ്പാക്കിയ തറ, ആകര്‍ഷകമായി പെയിന്റടിച്ച ഭിത്തികള്‍, ഫാള്‍സ് സീലിങ്ങും റീവയറിങ്ങും ഉള്‍പ്പെടെ അത്യാവശ്യം പുതുക്കിപ്പണികളെല്ലാം നടത്തി കെട്ടിടം പുനരുദ്ധരിച്ചു.

വലിച്ചെറിയപ്പെട്ട കടലാസോ പ്ലാസ്റ്റിക്കോ ഭക്ഷണപദാര്‍ഥങ്ങളോ ഈ ആസ്​പത്രിവളപ്പില്‍ കാണാനാവില്ല. ആസ്​പത്രി മാലിന്യം ഐ.എം.എ.യുടെ സംവിധാനത്തിലൂടെ പാലക്കാട്ട് സംസ്‌കരിക്കുന്നു. പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കുന്നു. ജൈവമാലിന്യം സംസ്‌കരിക്കാന്‍ തുമ്പൂര്‍മുഴി മോഡല്‍ എയ്‌റോബിക് സംവിധാനം.

ക്ലീനിങ്ങിനുമാത്രം 16 പേരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. ദിവസവും മൂന്നുനേരം തറതുടയ്ക്കുന്ന സര്‍ക്കാര്‍ ആസ്​പത്രി കേരളത്തില്‍ വേറെയുണ്ടാവില്ല. പുല്‍ത്തൈലത്തിന്റെ വാസനയുള്ള ക്ലീനിങ് ലോഷനാണ് ഉപയോഗിക്കുന്നത്; ഒരുനേരം ഹൈപ്പോ ക്ലോറേറ്റ് ലായനിയും. ഇത്ര വൃത്തിയുള്ള പൊതു ശുചിമുറികള്‍ മറ്റൊരു ആസ്​പത്രിയിലും കണ്ടിട്ടില്ല.

ഡോ. ഷാഹിര്‍ഷായുടെ ഭാര്യ സിന്ധിയാണ് ഗൈനക്കോളജിസ്റ്റ്. വളരെ അഭിമാനത്തോടെയാണ് പ്രസവവാര്‍ഡിലേക്ക് അവര്‍ എന്നെ കൂട്ടിക്കൊണ്ടുപോയത്. സാധാരണ ആസ്​പത്രിയില്‍ ലേബര്‍റൂമുകളാണല്ലോ. പക്ഷേ, ഇവിടെയുള്ളത് എയര്‍കണ്ടീഷന്‍ചെയ്ത ലേബര്‍ സ്യൂട്ടുകള്‍. തകരക്കട്ടിലുകള്‍ക്കുപകരം അത്യന്താധുനിക ലേബര്‍ കട്ടിലുകള്‍ (ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ ലേബര്‍കോട്ട്).

 ഇതൊന്നുമല്ല ഏറ്റവും വലിയ പ്രത്യേകത. വേദനയറിയാതെ പ്രസവിക്കാന്‍ കഴിയുമെന്നുകേട്ടാല്‍ ഒരുവിധപ്പെട്ടവര്‍ക്കൊന്നും വിശ്വാസം വരില്ല. പക്ഷേ, ഈ ആസ്​പത്രിയിലെത്തിയാല്‍ ആ ധാരണ മാറും. ഈ ആസ്​പത്രിയിലെ ലേബര്‍ സ്യൂട്ടുകളില്‍ വേദനയറിയാതെ പ്രസവിക്കാനുള്ള സംവിധാനമുണ്ട്. 50 ശതമാനം ഓക്‌സിജനും 50 ശതമാനം നൈട്രസ് ഓക്‌സൈഡും ചേര്‍ത്ത എന്റനോക്‌സ് മിശ്രിതം പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ പ്രസവസമയത്ത് ഗര്‍ഭിണിക്ക് ശ്വസിക്കാന്‍ നല്‍കുന്നു. പ്രസവവേദനയെ 40 മുതല്‍ നൂറുശതമാനംവരെ കുറയ്ക്കാന്‍ ഈ മിശ്രിതത്തിന് കഴിയും. എന്നുമാത്രമല്ല, ഗര്‍ഭിണിക്കും കുഞ്ഞിനും 50 ശതമാനം ഓക്‌സിജന്‍ ലഭിക്കും. അന്തരീക്ഷവായുവില്‍നിന്ന് ലഭിക്കുന്നത് 13 ശതമാനം ഓക്‌സിജനാണെന്ന് ഓര്‍ക്കണം. പല വിദേശരാജ്യങ്ങളിലും ഈ ശാസ്ത്രീയരീതി ഏറെക്കാലമായി നിലവിലുണ്ട്.

ഇവിടെ ആദ്യത്തെ വേദനരഹിത പ്രസവം നടന്നത് 2010 സപ്തംബര്‍ 13നായിരുന്നു. ഇപ്പോള്‍ അത് ആയിരം കടന്നു. ഒഴിവാക്കാനാവാത്ത കേസുകളില്‍മാത്രം സിസേറിയന്‍. 90 ശതമാനം സിസേറിയന്‍ നടത്തി മറ്റൊരു താലൂക്ക് ആസ്​പത്രി ലോകറെക്കോഡിട്ട കേരളത്തിലാണ് 10 ശതമാനത്തില്‍ത്താഴെ സിസേറിയന്‍ നടക്കുന്ന ഈ ആസ്​പത്രി. സിസേറിയനില്‍ ലോകാരോഗ്യസംഘടനയുടെ അനുവദനീയ പരിധി 15 ശതമാനമാണ്. ആറുവര്‍ഷമായി മാതൃമരണമോ ശിശുമരണമോ ഇവിടെയില്ല. നവജാതശിശുക്കള്‍ക്കായുള്ള ഫോട്ടോ തെറാപ്പി യൂണിറ്റും ഇന്‍ക്യുബേറ്ററുമുണ്ട്. ഗര്‍ഭിണികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ കൗണ്‍സലിങ് ക്ലിനിക്കുകളുണ്ട്. കൂടാതെ, കൃത്യമായ മോണിറ്ററിങ്ങും സമ്പൂര്‍ണമായ പരിചരണവും ഗര്‍ഭിണിക്ക് ലഭിക്കുന്നു.

ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും പ്രതിബദ്ധത ആരെയും അദ്ഭുതപ്പെടുത്തും. കഴിയുന്നത്ര ജീവനക്കാരോട് ഞാന്‍ സംസാരിച്ചു. ആത്മവിശ്വാസവും അഭിമാനവും തുളുമ്പുന്ന സ്വരത്തിലാണ് അവരുടെ മറുപടി. ഇത്തരമൊരു പ്രതിബദ്ധത ജീവനക്കാരില്‍ എങ്ങനെ വളര്‍ത്തിയെടുത്തു? നല്ല ആസ്​പത്രി വേണമെങ്കില്‍ നല്ല ഡോക്ടര്‍ കൂടിയേ തീരൂ. അതിവിടെയുണ്ട്. സൂപ്രണ്ട് ഡോക്ടര്‍ ഷാഹിര്‍ഷാ മുന്നില്‍നിന്ന് നയിക്കുന്നു. സമീപനവും രീതികളും തികച്ചും വ്യത്യസ്തം.

19 ഡോക്ടര്‍മാരുള്‍പ്പെടെ 100 സ്ഥിരം ജീവനക്കാരും 75 കരാര്‍ ജീവനക്കാരും 43 സര്‍വീസ് ജീവനക്കാരുമടങ്ങുന്ന കൂട്ടായ്മയാണ് ആസ്​പത്രി നടത്തുന്നത്. ഈ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ തനതായ രീതികളുണ്ട്. മാസത്തില്‍ ഒരുതവണ സൂപ്രണ്ടുമുതല്‍ തൂപ്പുകാര്‍ വരെയുള്ള എല്ലാവരും ഒരുമിച്ച് ഉച്ചഭക്ഷണം. കറികളും മറ്റും പരസ്​പരം പങ്കുവെച്ച് ഉച്ചയൂണ് ഒരുമയുടെ ഉത്സവമാക്കുന്നു. ഓണം പോലുള്ള ആഘോഷങ്ങള്‍ക്ക് ജീവനക്കാരുടെ കുടുംബാംഗങ്ങളും ഒന്നിക്കും.

 സൂപ്രണ്ടുമുതല്‍ താഴോട്ടുള്ളവരെല്ലാം ഒന്നിച്ചാണ് ആസ്​പത്രിയും പരിസരവും വൃത്തിയാക്കലും തോട്ടം വെച്ചുപിടിപ്പിക്കലുമൊക്കെ. മാസത്തില്‍ ഒരുദിവസം ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഈ കൂട്ടായ്മയുടെ സുഗന്ധമൊഴുകുന്ന മനോഹരമായ ഒരു പൂന്തോട്ടം ആസ്​പത്രിവളപ്പിലുണ്ട്. ഇതൊക്കെയുണ്ടെന്നുവെച്ച് അച്ചടക്കത്തിലൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. കീഴ്ജീവനക്കാരോട് ബഹുമാനവും സമഭാവനയും കലര്‍ന്ന സമീപനവും പെരുമാറ്റവും മേലധികാരികളില്‍നിന്ന് ഉണ്ടാകുമ്പോള്‍ ഇത്തരം കൂട്ടായ്മകള്‍ യാഥാര്‍ഥ്യമാകും.

സാധാരണ താലൂക്ക് ആസ്​പത്രിയില്‍ പ്രതീക്ഷിക്കാനാവാത്ത ഒട്ടേറെ ആധുനിക ചികിത്സാസംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഡയാലിസിസ് വാര്‍ഡില്‍ എട്ട് മെഷീനുകള്‍, മൂന്നുഷിഫ്റ്റ് പ്രവര്‍ത്തനം. രോഗികള്‍ക്ക് പാട്ടുകേട്ടോ ടെലിവിഷന്‍ കണ്ടോ റിലാക്‌സുചെയ്യാം. കീമോതെറാപ്പി സൗകര്യമുള്ള കാന്‍സര്‍ കെയര്‍ യൂണിറ്റ്, മൊബൈല്‍വാനും ഫ്രീസറുമുള്ള മോര്‍ച്ചറി, നിലാവ് എന്ന പേരിലുള്ള പാലിയേറ്റീവ് കെയര്‍ വാര്‍ഡ്, ആധുനിക ഉപകരണങ്ങളും സര്‍ജറിയുമുള്ള ഡെന്റല്‍ വിഭാഗം, 10 കിടക്കയുള്ള സര്‍ജിക്കല്‍ ഐ.സി.യു., നാല് കിടക്കയുള്ള മെഡിക്കല്‍ ഐ.സി.യു... ഇങ്ങനെ നീളുന്നു ആ നിര.

ഇതിനെല്ലാമുള്ള പണം എവിടെനിന്നാണ്? എല്ലാ താലൂക്ക് ആസ്​പത്രികള്‍ക്കും ലഭിക്കുന്ന ഗ്രാന്റുകള്‍ക്കുപുറമേ എന്‍.ആര്‍.എച്ച്.എം. പോലുള്ള സ്‌കീമുകളില്‍ നിന്ന് പരമാവധി പണം സമാഹരിക്കുന്നുണ്ട്. ദുബായിലെ പുനലൂര്‍ ഫോറമാണ് ഡയാലിസിസ് യൂണിറ്റ് സംഭാവനചെയ്തത്. കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഏതാണ്ട് 75 ലക്ഷം രൂപ ലഭിച്ചു. മൂന്നുശതമാനം കേസുകള്‍മാത്രമേ കമ്പനി തള്ളിക്കളഞ്ഞുള്ളൂ. അത്രയ്ക്ക് ചിട്ടയായി റെക്കോഡുകളും കണക്കുകളും സൂക്ഷിക്കുന്നു.

 ഒ.പി. കൗണ്ടര്‍, റിസപ്ഷന്‍, ലബോറട്ടി തുടങ്ങിയവയെല്ലാം ബന്ധിപ്പിച്ചുള്ള കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുണ്ട്. സംഭാവനയായി ഉപകരണങ്ങളോ പണമോ ലഭിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം ഭക്ഷണ പരിപാടിക്ക് ചെലവഴിച്ച 18 ലക്ഷം രൂപയും സംഭാവനയായി ലഭിച്ചതാണ്. ഗേറ്റ് പാസ് കളക്ഷന് വെന്‍ഡിങ് മെഷീന്‍ വെച്ചിട്ടുണ്ട്. രാത്രി പത്തുമണിവരെ പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റ്, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയും ലാബും തുടങ്ങിയവയിലൂടെയുള്ള വരുമാനവും പ്രധാനമാണ്.

പുനലൂര്‍ മുനിസിപ്പാലിറ്റിയുടെ പദ്ധതികളില്‍ താലൂക്ക് ആസ്​പത്രിക്ക് പ്രധാന സ്ഥാനമുണ്ട്. ജനകീയാസൂത്രണകാലത്താണ് താലൂക്ക് ആസ്​പത്രിയിലെ ജനകീയ ഇടപെടല്‍ ആരംഭിക്കുന്നത്. ആസ്​പത്രി തങ്ങളുടേതാണ് എന്ന ബോധം ജനങ്ങള്‍ക്കുണ്ട്. ഈയടുത്ത് പുനലൂരില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തപ്പോള്‍ എനിക്കത് ബോധ്യമായി. ഈ ആസ്​പത്രി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സ്വാഗതപ്രസംഗകന്‍ ദീര്‍ഘമായി പ്രതിപാദിച്ചു. സ്വകാര്യ ആസ്​പത്രികള്‍ക്കുവേണ്ടി നല്ല ഡോക്ടര്‍മാരെ സ്ഥലംമാറ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം.

 അന്വേഷിച്ചപ്പോള്‍ സംഗതി സത്യമാണ്. പുനലൂരില്‍ ഒരു സ്വകാര്യ ആസ്​പത്രി പൂട്ടി. പേരുകേട്ട ഗൈനക്കോളജിസ്റ്റുമാരെ കനത്തശമ്പളത്തിന് നിയോഗിച്ചിട്ടും മറ്റൊരു പ്രമുഖ ആസ്​പത്രിയില്‍ ബെഡ്ഡുകള്‍ ഒഴിവാണ്. മുന്നില്‍നിന്ന് നയിക്കുന്ന ഒരു ഡോക്ടര്‍ക്കുകീഴില്‍ അണിനിരന്ന പ്രതിബദ്ധതയുള്ള ഒരു സംഘം ജീവനക്കാരും അവരുടെ നിസ്വാര്‍ഥതയ്ക്കുപിന്നില്‍ അണിനിരന്ന ഒരു ജനകീയകൂട്ടായ്മയും ചേര്‍ന്നാണ് അവിശ്വസനീയമെന്ന് തോന്നുന്ന ഈ മാറ്റം സാധ്യമാക്കിയത്. 'അസാധ്യമായി ഒന്നുമില്ല' എന്ന നെപ്പോളിയന്‍ വചനത്തിന് പുനലൂരിന്റെ സ്മാരകമായി അവരുടെ താലൂക്ക് ആസ്​പത്രി മാറിക്കഴിഞ്ഞു. ഈ മാതൃക സംരക്ഷിക്കാനും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും നമുക്ക് ബാധ്യതയുണ്ട്.

Tuesday, December 9, 2014

ആലപ്പുഴ: ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പ്‌


എവിടെപ്പോയാലും കെട്ടിടങ്ങളുടെയും മനുഷ്യരുടെയും സ്‌കെച്ചുകള്‍ വരയ്ക്കുക ലാറി ബേക്കറുടെ ശീലമായിരുന്നു. അത്തരം സവിശേഷമായ സ്‌കെച്ചുകള്‍കൊണ്ട് സമ്പന്നമായ ഒരു പുസ്തകം അദ്ദേഹം ആലപ്പുഴയെക്കുറിച്ച് തയ്യാറാക്കിയിട്ടുണ്ട്. നഗരത്തിലെ കനാല്‍ത്തീരങ്ങളിലൂടെ നടന്ന് ബേക്കര്‍ വരച്ചിട്ടത് പ്രൗഢമായ ആലപ്പുഴപ്പഴമയുടെ രേഖാചിത്രങ്ങളാണ്. അന്ന് പക്ഷേ, അപൂര്‍ണമായേ വാര്‍ക്കക്കെട്ടിടങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. രംഗബോധമില്ലാതെ ബഹുനില വാര്‍ക്കക്കെട്ടിടങ്ങള്‍ വന്നാല്‍ നഗരസൗന്ദര്യമെങ്ങനെ തകരും എന്നും പ്രവചനസ്വഭാവത്തോടെ ലാറി ബേക്കര്‍ വരച്ചുകാണിച്ചു. 

പഴയ വാസ്തുശില്പശൈലി സംരക്ഷിക്കാന്‍ യൂറോപ്പുകാര്‍ കാണിക്കുന്ന ശ്രദ്ധ പ്രസിദ്ധമാണ്. പ്രമുഖമായ യൂറോപ്യന്‍ നഗരങ്ങളുടെ ഒരു ഭാഗമെങ്കിലും ഇത്തരത്തില്‍ സംരക്ഷിക്കുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ കാല്‍നടയാത്രമാത്രമേ അനുവദിക്കാറുള്ളൂ. ഇത്തരത്തില്‍ ആലപ്പുഴയുടെ പൗരാണികത സംരക്ഷിച്ചുകൊണ്ട് ടൂറിസ്റ്റുകേന്ദ്രമാക്കി നഗരത്തെ എങ്ങനെ മാറ്റാമെന്ന് ബേക്കര്‍ ചിന്തിച്ചിരുന്നു. പഴയ കെട്ടുവള്ളങ്ങളെ ടൂറിസത്തിനുവേണ്ടി എങ്ങനെ രൂപാന്തരപ്പെടുത്താം എന്നും മേല്‍പ്പറഞ്ഞ ലഘുഗ്രന്ഥത്തിലുണ്ട്. തൊണ്ണൂറുകളുടെ അവസാനം ആലപ്പുഴ സന്ദര്‍ശിച്ച അദ്ദേഹം വളരെ നിരാശനായാണ് മടങ്ങിയത്. യാതൊരു ആസൂത്രണവുമില്ലാതെ പണിയുന്ന പുതിയ കെട്ടിടങ്ങളും തകര്‍ക്കപ്പെടുന്ന പഴയ കെട്ടിടങ്ങളും വര്‍ധിക്കുന്ന മാലിന്യക്കൂമ്പാരങ്ങളുംകണ്ട് നിരാശനായാണ് അദ്ദേഹം തന്റെ പഴയ സ്‌കെച്ചുകളും കുറിപ്പുകളും അതേപടി ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചത്. ഇന്നത് വീണ്ടും വായിക്കുമ്പോള്‍, ബേക്കര്‍ ഭയപ്പെട്ട പാതയിലൂടെത്തന്നെയാണ് ആലപ്പുഴ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാകും.

ഇത്രയും ഓര്‍ക്കാന്‍ കാരണം, 'മാതൃഭൂമി'യുടെ ആലപ്പുഴ എഡിഷനില്‍ എസ്.ഡി. വേണുകുമാര്‍ എഴുതിയ 'പൈതൃകം കുഴിച്ചുമൂടുമ്പോള്‍' എന്ന ലേഖനപരമ്പരയാണ്. ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പാകുന്ന ആലപ്പുഴയുടെ ദയനീയചിത്രം ഈ പരമ്പര വരച്ചുകാട്ടുന്നു. 'മയൂരസന്ദേശ'മെഴുതിയ കേരളവര്‍മ വലിയകോയിത്തമ്പുരാനെ തടവില്‍ പാര്‍പ്പിച്ചിരുന്ന കൊട്ടാരവും കായംകുളം കൊച്ചുണ്ണിയെ വിചാരണചെയ്ത ഹജൂര്‍ കച്ചേരിക്കെട്ടിടവുമൊക്കെ ഈ നഗരത്തിന്റെ വിലപ്പെട്ട ചരിത്രസ്മാരകങ്ങളാണ്. ഗാന്ധിജി താമസിച്ചിരുന്ന നവറോജി ഭവനും കരുമാടിയിലെ മുസാവരി ബംഗ്ലാവും രവീന്ദ്രനാഥടാഗോര്‍ താമസിച്ചിരുന്ന അന്നപൂര്‍ണ ലോഡ്ജുമൊക്കെ ആലപ്പുഴയുടെ സ്വകാര്യ അഹങ്കാരമായി ചരിത്രത്തില്‍ തലയെടുത്തു നില്‍ക്കേണ്ടതാണ്. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം.
ലേലംചെയ്തുപോകുന്ന കെട്ടിടപ്പഴമകളും നവീകരിക്കപ്പെടുന്ന പള്ളികളും ഭട്ടതിരി മാളികകളും ആക്രിക്കാര്‍ക്ക് വില്‍ക്കാനൊരുങ്ങിയ നമ്പ്യാരുടെ മിഴാവും പൊളിക്കപ്പെടുന്ന തറവാടുകളും സാംസ്‌കാരികനായകരുടെ വീടുകളും കൃത്രിമക്കൈ പിടിപ്പിച്ച് സുന്ദരമാക്കാനുള്ള ശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കരുമാടിക്കുട്ടനുമെല്ലാം വേണുകുമാറിന്റെ ലേഖനപരമ്പരയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. പൈതൃകമെന്നാല്‍ വാസ്തുശില്പങ്ങള്‍ മാത്രമല്ലെന്നും തനത് ഭക്ഷണവും കൃഷിരീതിയും പരിസ്ഥിതിയും സംസ്‌കാരവുമെല്ലാം ഉള്‍പ്പെടുന്ന ഒന്നാണെന്നുമുള്ള തിരിച്ചറിവ് ലേഖകനുണ്ട്. സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തരമായ ഇടപെടലുകളില്ലെങ്കില്‍ നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത പൈതൃക സമ്പത്താണ് എന്ന ഓര്‍മപ്പെടുത്തലാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖന പരമ്പര.
അറബിക്കടലില്‍ ഡച്ചുകാര്‍ക്കുണ്ടായിരുന്ന മേധാവിത്തം തകര്‍ക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ നടത്തിയ സുപ്രധാനമായ കരുനീക്കമായിരുന്നു ആലപ്പുഴ തുറമുഖം. തിരുവിതാംകൂറിന്റെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായി ആലപ്പുഴ വളര്‍ന്നു. എന്നാല്‍, 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കൊച്ചി വികസിപ്പിച്ചതോടെ തുറമുഖമെന്ന നിലയില്‍ ആലപ്പുഴയുടെ ശനിദശ ആരംഭിച്ചു. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കയര്‍ വ്യവസായകേന്ദ്രം എന്നനിലയില്‍ ആലപ്പുഴ പുനര്‍ജനിച്ചു. എന്നാല്‍, വ്യവസായം വികേന്ദ്രീകരിക്കപ്പെടുകയും കയറ്റുമതി ക്ഷയിക്കുകയും ചെയ്തതോടെ ആലപ്പുഴ ഒരു പ്രേതനഗരമായി. ജീര്‍ണിച്ച പഴയ ഫാക്ടറി ഗോഡൗണുകളും കടല്‍പ്പാലവും ലൈറ്റ് ഹൗസും ബ്രിട്ടീഷ് ബംഗ്ലാവുകളുമെല്ലാം ഗതകാല പ്രൗഢിയുടെ സ്മാരകങ്ങളായി തുടര്‍ന്നു. ഈ ആലപ്പുഴയാണ് ബേക്കര്‍ ആദ്യം കണ്ടത്.

ആലപ്പുഴയുടെ അടുത്ത ജന്മം ടൂറിസത്തിലൂടെയായിരിക്കും. അതിനാകട്ടെ, കഴിഞ്ഞകാലത്തിന്റെ തിരുശേഷിപ്പുകളെ സംരക്ഷിക്കുന്ന നയം അത്യന്താപേക്ഷിതമാണ്. പക്ഷേ, വിപരീതദിശയിലാണ് കാര്യങ്ങളുടെ പോക്ക്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയ റിസോര്‍ട്ടുകളും മറ്റും വന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയ്ക്കുള്ള മെഗാ ടൂറിസം മാസ്റ്റര്‍ പ്ലാനില്‍ ഇങ്ങനെയൊരു പൈതൃകസംരക്ഷണ കാഴ്ചപ്പാട് തുലോം ദുര്‍ബലമാണ്. 2010ലെ ബജറ്റില്‍ ഈ പഠനത്തിനുവേണ്ടി പണം വകയിരുത്തിയപ്പോള്‍ മുസിരിസ് പൈതൃക സംരക്ഷണ പ്രോജക്ടുപോലൊന്നാണ് മനസ്സിലുണ്ടായിരുന്നത്. എന്നാല്‍, ഇത് വെറുമൊരു ജലടൂറിസംകനാല്‍ സൗന്ദര്യവത്കരണംപ്രോജക്ടായി മാറി. തുറന്നുപറഞ്ഞാല്‍ കനാല്‍ നവീകരണം എങ്ങനെ പാടില്ല എന്നതിന്റെ കേസ് സ്റ്റഡിയാണ് ഇപ്പോള്‍ ഈ പ്രോജക്ടിന്റെ നടത്തിപ്പ്.

ചെളി വാരിക്കളഞ്ഞ് ഉപ്പുവെള്ളം കയറ്റി കനാല്‍ വൃത്തിയായി സംരക്ഷിക്കുന്നതിന് ഒരു പ്രോജക്ടുണ്ട്. പണം നീക്കിവെക്കാന്‍ കഴിഞ്ഞ സര്‍ക്കാറിനെ പ്രേരിപ്പിച്ചത് അന്ന് കളക്ടറായിരുന്ന വേണുഗോപാലാണ്. അന്ന് വിഭാവനംചെയ്തതനുസരിച്ച് ഈ പ്രവര്‍ത്തനത്തിന് ശേഷമാകണം, കനാല്‍ സൗന്ദര്യവത്കരണം. പക്ഷേ, ആദ്യം ഏറ്റെടുത്തത് കനാല്‍ സൗന്ദര്യവത്കരണമാണ്. അതിന്റെ പണി തീരാറായപ്പോള്‍ കനാല്‍ ക്ലീനിങ് ആരംഭിച്ചു. കനാലിലെ ചെളി മുഴുവന്‍ വെള്ളത്തില്‍ത്തന്നെയിട്ട് മണല്‍ വാരുന്ന പരിപാടിയാണ് നടക്കുന്നത്. കനാലോരത്ത് സൗന്ദര്യം വരുത്തിയിരിക്കുന്നതിന് മീതെയാണ് ഇപ്പോള്‍ ചെളിയും പായലും കോരിയിട്ടിരിക്കുന്നത്. അങ്ങനെ ചെയ്ത പണിയും പണവും പാഴായി.

ചെയ്യേണ്ടത് എന്താണ്? കനാലുകളുടെ തീരത്താണ് ആലപ്പുഴ പട്ടണം വളര്‍ന്നത്. അതുകൊണ്ട് ഏതാണ്ട് എല്ലാ ചരിത്രസ്മാരകങ്ങളും കനാല്‍ത്തീരത്തോ അവിടെനിന്ന് നടന്നുചെല്ലാവുന്ന ദൂരത്തോ ആണ്. ഈ കെട്ടിടങ്ങള്‍ ആകാവുന്നിടത്തോളം പൗരാണികത്തനിമയില്‍ സംരക്ഷിക്കുകയും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളില്‍ ചെറു മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയും വേണം. പഴയൊരു കന്നിട്ട മില്ലിന്റെ കെട്ടിടം പരമ്പരാഗത വെളിച്ചെണ്ണ വ്യവസായത്തിന്റെ പ്രദര്‍ശനശാലയാക്കണം. ഡാറാസ്‌മെയിലിന്റെ ഫാക്ടറിയിലൊരു ഭാഗത്ത് കയര്‍മ്യൂസിയം സ്ഥാപിക്കണം. പഴയ കടല്‍പ്പാലത്തിന്റെ അവശിഷ്ടം ഇപ്പോഴും ബാക്കിയുണ്ട്. പഴയ പോര്‍ട്ടും ഹൗസും ലൈറ്റ്ഹൗസുമുണ്ട്. ഓരോ ബംഗ്ലാവിനും നീണ്ടൊരു കഥ പറയാനുണ്ടാകും. എന്തുകൊണ്ട് ആലപ്പുഴ തുറമുഖത്തെക്കുറിച്ച് ഒരു പ്രദര്‍ശനം ബീച്ചിനുസമീപം ഒരുക്കാനാവില്ല?

വെറും ചതുപ്പായിക്കിടന്ന ഒരു പ്രദേശത്തെയാണ് രാജാ കേശവദാസ് ആലപ്പുഴ പട്ടണമാക്കി വളര്‍ത്തിയത്. ഇവിടേക്ക് വിവിധ കച്ചവടവിഭാഗങ്ങളെ ആകര്‍ഷിച്ചുകൊണ്ടുവന്ന് ഭൂമിയും സൗകര്യങ്ങളും നല്‍കി പാര്‍പ്പിച്ചു. അങ്ങനെ ആലപ്പുഴ ഒരുകാലത്ത് ഇംഗ്ലീഷുകാരുടെയും ഡച്ചുകാരുടെയും ജൂതന്മാരുടെയും മാത്രമല്ല, അനേകം മറുനാടന്‍ കച്ചവടസമുദായങ്ങളുടെകൂടി സംഗമകേന്ദ്രമായി. ഇന്ത്യയുടെ പല പ്രദേശത്തുനിന്നുള്ള വിവിധ വിഭാഗം മുസ്ലിങ്ങളായിരുന്നു തുടക്കത്തില്‍ ജനസംഖ്യയില്‍ നല്ലൊരുപങ്കും. പഴയ പള്ളികളുടെ വാസ്തുശില്പഭംഗി കണ്ടിട്ട് ബേക്കര്‍ ഇങ്ങനെ ചോദിച്ചു: 'ഞാന്‍ ഈ രണ്ടുപേജുകളിലായി നല്‍കിയിരിക്കുന്ന കനാലോരപ്പള്ളികളുടെ മാതൃകയിലുള്ള മസ്ജിദുകള്‍ ലോകത്ത് വേറെവിടെ നിങ്ങള്‍ക്ക് കാണാനാകും?'
കുട്ടിക്കാലത്ത് കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് അതികൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പള്ളി. തനി കേരളീയ വാസ്തുശില്പമാതൃകയിലുള്ള കെട്ടിടം. പള്ളിക്കുള്ളില്‍ ദിവസവും കത്തിക്കുന്ന ബഹുനില കല്‍വിളക്ക്. ഇന്നത് കാണണമെങ്കില്‍ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ ഫോട്ടോ നോക്കണം. നവീകരണത്തിന്റെ ഭാഗമായി പഴമയെ മറച്ചുകൊണ്ട് മിനാരെറ്റുകളും ഹാളും വന്നിരിക്കുന്നു. ഇതുപോലുള്ള കൈക്രിയകള്‍ എന്നാണ് ഈ കനാല്‍പ്പള്ളികളുടെ തനിമയെ ഇല്ലാതാക്കുന്നത് എന്നറിഞ്ഞുകൂടാ.

നാടന്‍ കച്ചവടക്കാരില്‍ ഏറ്റവും പ്രബലര്‍ ഗുജറാത്തികളായിരുന്നു. ഏതാനും കുടുംബക്കാരേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ഗുജറാത്തി സ്‌കൂള്‍ ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. ഈ സ്‌കൂള്‍ എന്തുകൊണ്ട് ഗുജറാത്തി സമുദായത്തെക്കുറിച്ചുള്ള ഒരു മ്യൂസിയമാക്കിക്കൂടാ? തിരുമല ദേവസ്വം ക്ഷേത്രത്തിന് ചുറ്റുമായിട്ടാണ് കൊങ്ങിണി സമൂഹം അധിവസിക്കുന്നത്. അവരുടെ സാമുദായികമോ വാണിജ്യപരമോ ആയ ചരിത്രത്തെക്കുറിച്ച് ഒരു ചെറുഗ്രന്ഥംപോലുമില്ല. റെഡ്യാര്‍മാര്‍ പോലുള്ള മറ്റുപല വാണിജ്യസമുദായങ്ങളും ഇതുപോലുണ്ട്.
കേരളത്തിലെ ആദ്യത്തെ ആംഗ്ലിക്കന്‍ മിഷനറി തോമസ് നോര്‍ട്ടന്റെ പള്ളിയിലോ അദ്ദേഹത്തിന്റെ സ്‌കൂളിലോ ഒരു മിഷനറി മ്യൂസിയം തയ്യാറാക്കണം. നോര്‍ട്ടന്റെ പള്ളി മാത്രമല്ല, ഏതാണ്ട് എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും പള്ളികള്‍ ഇവിടെയുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ അവാന്തരവിഭാഗങ്ങളും ആചാരനിഷ്ഠകളും ചരിത്രവും ചരിത്രകുതുകികളായ സഞ്ചാരികള്‍ക്ക് വളരെയേറെ താത്പര്യമുളവാക്കും.

കെട്ടിടങ്ങള്‍ മാത്രമല്ല, എത്രയോ പ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും നഗരം കണ്ടിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ തൊഴിലാളിപ്രസ്ഥാനം രൂപംകൊണ്ടത് ഇവിടെയാണ്. സാക്ഷരതയുള്ള സമൂഹമായതുകൊണ്ട് കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനത്തെ സംബന്ധിക്കുന്ന കൈയെഴുത്തുരേഖകളും ഫോട്ടോകളും ശേഖരിക്കാന്‍ കഴിയും എന്ന ചിന്തയില്‍ ഒട്ടേറെ അന്വേഷണങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഒന്നുംതന്നെ അവശേഷിക്കുന്നില്ല. തൊഴിലാളിപത്രത്തിന്റെ ഒരു കോപ്പിപോലും ഇന്ന് ആലപ്പുഴയില്‍ കണ്ടുകിട്ടാനില്ല. ഒരു കാലത്ത് ആലപ്പുഴയെ ത്രസിപ്പിച്ചിരുന്ന തൊഴിലാളി നേതാക്കന്മാരെക്കുറിച്ച് ഇന്നത്തെ തലമുറയില്‍ എത്രപേര്‍ക്ക് എന്തറിയാം?

ആലപ്പുഴ കനാലിലൂടെ ബോട്ടില്‍ യാത്ര ചെയ്യുന്ന സഞ്ചാരിക്ക് താത്പര്യമുള്ള കേന്ദ്രങ്ങളില്‍ വള്ളം നിര്‍ത്തി മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്യാം. ബഹുഭൂരിപക്ഷം കെട്ടിടങ്ങള്‍ക്കും ക്വിക്ക് റെസ്‌പോണ്‍സ് കോഡ് (ക്യു.ആര്‍.സി.) നല്‍കുകയാണെങ്കില്‍ പരസഹായമില്ലാതെ കെട്ടിടത്തിന്റെ ചരിത്രവും താമസക്കാരെയുംകുറിച്ച് മനസ്സിലാക്കാം. ഇന്ന് ആലപ്പുഴ ടൂറിസം, ജലടൂറിസത്തിലൊതുങ്ങി നില്‍ക്കുകയാണ്. പൈതൃക ടൂറിസത്തിലൂടെയേ ഇതിനെ വൈവിധ്യവത്കരിക്കാനാവൂ.
ഈയൊരു കാഴ്ചപ്പാടോടുകൂടിയുള്ള ഒരു ആസൂത്രിത പ്രവര്‍ത്തനമില്ല. പണമില്ലാത്തതല്ല പ്രശ്‌നം. മെഗാ ടൂറിസം പ്രോജക്ടിന്റെ പണമുണ്ട്. കനാല്‍ നവീകരണത്തിനായുള്ള പണമുണ്ട്. ഇവയൊക്കെ ഭാവനാപൂര്‍ണമായി ഉപയോഗിക്കുന്നതിനുള്ള കാഴ്ചപ്പാടില്ല. തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ കടപ്പുറം, തങ്കശ്ശേരി എന്നിങ്ങനെയുള്ള കേരളത്തിലെ പല പട്ടണങ്ങളെയും സംരക്ഷിക്കുന്നതിന് ഈയൊരു വീക്ഷണത്തോടെയുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്.

ഇതിനൊരു മാതൃകയായി മാറേണ്ടതായിരുന്നു മുസിരിസ് പ്രോജക്ട്. ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അത് ഏന്തിവലിഞ്ഞാണ് പോകുന്നത്. മുസിരിസ് പ്രോജക്ടില്‍ ആകൃഷ്ടരായ യൂണിസെഫാണ് സില്‍ക്ക് റൂട്ടുപോലെ ഒരു മുസിരിസ് സ്‌പൈസസ് റൂട്ടിനെക്കുറിച്ച് ചര്‍ച്ചതുടങ്ങിയത്. കേരളത്തിലെ തീരദേശ പട്ടണങ്ങളെല്ലാം ഒരുകാലത്തല്ലെങ്കില്‍ മറ്റൊരുകാലത്ത് തുറമുഖ കേന്ദ്രങ്ങളായിരുന്നു. ഇവയെല്ലാം കോര്‍ത്തിണക്കി പശ്ചിമേഷ്യ വഴി യൂറോപ്പിലേക്ക് ഒരു ചരിത്രസഞ്ചാരത്തിന്റെ പാത തുറക്കാനായിരുന്നു പരിപാടി. അതേക്കുറിച്ചും ഇപ്പോള്‍ അധികമൊന്നും പറഞ്ഞുകേള്‍ക്കുന്നില്ല.

Sunday, November 30, 2014

തകിടംമറിയുന്ന തദ്ദേശഭരണം


ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കോഴിക്കോട് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം എന്നോടൊരു കണക്കുപറഞ്ഞു. കോര്‍പ്പറേഷന് 110 കോടി രൂപയാണ് ഈ വര്‍ഷം ചെലവഴിക്കാനുള്ളത്. പത്തുകോടി രൂപ ചെലവഴിച്ചു. സാങ്കേതികാനുമതി ലഭിക്കാനുണ്ടായ കാലതാമസം, ടെന്‍ഡര്‍ വിളിക്കാനുള്ള സോഫ്‌റ്റ്വേറിലെ കുഴപ്പങ്ങള്‍ ഇവയൊക്കെയാണ് പണം ചെലവഴിക്കുന്നതിനുണ്ടായ അമാന്തത്തിന് കാരണം. ഇപ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അപ്പോഴാണ് സര്‍ക്കാറിന്റെ ഉത്തരവ്. ഒരു ദിവസം 25 ലക്ഷത്തേക്കാള്‍ കൂടുതല്‍ രൂപ ട്രഷറിയില്‍നിന്ന് പിന്‍വലിക്കാന്‍ അനുവാദമില്ല.

മാസത്തില്‍ ആദ്യത്തെ എട്ടുദിവസം ശമ്പളത്തിനുവേണ്ടിയുള്ള ട്രഷറി ബാനാണ്. ബാക്കിയുള്ള ദിവസങ്ങളിലെ അവധിദിവസങ്ങളും കഴിഞ്ഞാല്‍ ഏതാണ്ട് എഴുപത് ദിവസമേ ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കാന്‍ പറ്റൂ. 100 കോടി രൂപ ചെലവഴിക്കാനുണ്ട്. ഏറിയാല്‍ പതിനെട്ടുകോടി ചെലവഴിക്കാം. ബാക്കി ചെലവഴിക്കാന്‍ എന്തുചെയ്യണം? ഒരു പോംവഴി ആര്‍ക്കെങ്കിലും നിര്‍ദേശിക്കാനുണ്ടെങ്കില്‍ കോര്‍പ്പറേഷനുകളെയും ജില്ലാ പഞ്ചായത്തുകളെയും ആ വിവരം അറിയിക്കുക. എല്ലാവരുടെയും സ്ഥിതി ഏറിയും കുറഞ്ഞും ഇതുതന്നെ.
ഇതോടൊപ്പം കണക്കിലെടുക്കേണ്ട മറ്റൊരു ഇണ്ടാസുകൂടിയുണ്ട്. മാര്‍ച്ച് 31നകം മുഴുവന്‍ പണവും ചെലവഴിച്ചുതീര്‍ക്കണമത്രേ. അടുത്തവര്‍ഷം മുതല്‍ സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ അനുവദിക്കില്ലപോലും. പണം ചെലവഴിക്കാന്‍ സമ്മതിക്കാതെ കൈയും കാലും കെട്ടിയിടുക. എന്നിട്ട് വര്‍ഷാവസാനം പണം ചെലവഴിച്ചില്ലെന്ന് പറഞ്ഞ് അനുവദിച്ച തുക തിരിച്ചുപിടിക്കുക.
നിലവിലുള്ള സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഒക്ടോബര്‍ 31നകം തീര്‍ത്തില്ലെങ്കില്‍ പണം നഷ്ടപ്പെടുമെന്നും കല്പന പുറത്തിറങ്ങി. ഈ അന്തിമവിധിദിവസം ഡിസംബര്‍ 31ലേക്ക് നീട്ടിയിട്ടുണ്ട്. ശുദ്ധ അസംബന്ധമാണ് ഇത്തരം തിട്ടൂരങ്ങള്‍. ടെന്‍ഡര്‍ വിളിച്ചുനടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് പണം ഇനി പിന്‍വലിക്കാന്‍ പറ്റില്ലെന്നുപറഞ്ഞാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് എങ്ങനെയാണ് പണം കൊടുക്കുക? സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ കുമിഞ്ഞുകൂടി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ കെട്ടിക്കിടക്കുന്നു. ഈ അരാജകത്വം ഒഴിവാക്കാനാണ് കര്‍ശനനടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. ഈ വാദത്തിന് ഒരടിസ്ഥാനവുമില്ല. പണം യഥേഷ്ടം അടുത്ത വര്‍ഷത്തേക്ക് സ്​പില്‍ ഓവറായി കൊണ്ടുപോകാനാവില്ല. 30 ശതമാനമേ കാരി ഓവറായി അഥവാ സ്​പില്‍ ഓവര്‍ പ്രോജക്ടുകളായി കൊണ്ടുപോകാന്‍ പറ്റൂ. പിന്നെന്തിനാണ് ധനകാര്യവര്‍ഷത്തിന് നടുവില്‍ സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്?

താഴേക്കുള്ള ധനവിന്യാസ സമ്പ്രദായത്തില്‍ വരുത്തിയ മാറ്റവും തദ്ദേശ ഭരണസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിലുള്ള സമ്പ്രദായപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ പന്ത്രണ്ട് മാസഗഡുക്കളായി അവര്‍ക്ക് കൈമാറണം. ഇത് പഞ്ചായത്ത് സെക്രട്ടറിയുടെ ടി.പി. അക്കൗണ്ടില്‍ നിക്ഷേപമായി കിടക്കും. ഓരോ പ്രോജക്ടുകളും പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പഞ്ചായത്ത് സെക്രട്ടറി നല്കുന്ന അലോട്ട്‌മെന്റ് ലെറ്ററിന്റെ അടിസ്ഥാനത്തില്‍ ബില്ല് സമര്‍പ്പിച്ച് നിര്‍വഹണ ഉദ്യോഗസ്ഥര്‍ പണം വാങ്ങും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടത്തിപ്പിന് ഒരു വിഘ്‌നവും കൂടാതെ പണം ലഭ്യമാക്കുന്നതിന് വിനോദ് റായി സെക്രട്ടറിയായിരിക്കുമ്പോള്‍ ഇന്നത്തെ ധനസെക്രട്ടറി കെ.എം. എബ്രഹാം ആവിഷ്‌കരിച്ച മേല്പറഞ്ഞ സമ്പ്രദായമാണ് നിലനിന്നിരുന്നത്. ഇനിമേല്‍ ഇതല്ല ചിട്ട. മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളെയുംപോലെ പ്രോജക്ടുകള്‍ പൂര്‍ത്തിയായി ബില്ല് സമര്‍പ്പിക്കുമ്പോഴേ പണം ലഭിക്കൂ. എന്നുവെച്ചാല്‍ സംസ്ഥാന ട്രഷറിക്ക് സാമ്പത്തിക ഞെരുക്കമുണ്ടെങ്കില്‍ പണം പിന്‍വലിക്കാന്‍ പറ്റില്ല. ഈ സ്ഥിതിമൂലമാണ് പൊതുമരാമത്ത് വകുപ്പിന് രണ്ടായിരത്തി അഞ്ഞൂറോളം കോടി രൂപയുടെ കുടിശ്ശിക വന്നിരിക്കുന്നത്. ഇത് ഇനി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വരാന്‍പോവുകയാണ്. വര്‍ക്കുകളെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ മടികാണിച്ചു തുടങ്ങിക്കഴിഞ്ഞു.
പണമില്ലാത്തതുകൊണ്ട് കേരളത്തിലെ പാര്‍പ്പിടപദ്ധതികള്‍ സമ്പൂര്‍ണ സ്തംഭനത്തിലാണ്. ബാങ്ക് വായ്പയെടുത്ത് വീടില്ലാത്തവര്‍ക്കെല്ലാം അഞ്ചുവര്‍ഷംകൊണ്ട് വീട് പണിതുനല്കുന്നതിനുള്ള പദ്ധതി യു.ഡി.എഫ്. സര്‍ക്കാര്‍ പാതിവഴിവെച്ച് അവസാനിപ്പിച്ചു. ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നത് നിരോധിച്ചതോടെ പണിതുകൊണ്ടിരുന്ന വീടുകള്‍ക്ക് പണം നല്കാന്‍ കഴിയാതെയായി. ഇന്നും 20,00030,000 വീടുകള്‍ പാതിവഴിക്ക് നില്ക്കുകയാണ്.

ഇ.എം.എസ്. പാര്‍പ്പിടപദ്ധതി പൊളിച്ചതിന്റെ വിമര്‍ശനമില്ലാതാക്കാന്‍ വീടൊന്നിന് സഹായധനം രണ്ടുലക്ഷം രൂപയായി ഉയര്‍ത്തി. സഹായധനം ഇരട്ടിയാക്കിയത് വലിയ കൈയടിനേടി. പക്ഷേ, ഈയിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം നല്കാന്‍ വിസമ്മതിച്ചതോടെ പാര്‍പ്പിടപദ്ധതി സ്തംഭനത്തിലായി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ.) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നടപ്പാക്കിയാല്‍ മതി എന്നതാണ് ഇപ്പോഴത്തെ നിലപാട്. ഈ വര്‍ഷം 59,000 വീടുകള്‍ ഈ സ്‌കീം വഴി കേരളത്തില്‍ നടപ്പാക്കാനുണ്ട്. ഇതില്‍ 70,000 രൂപയേ കേന്ദ്രസര്‍ക്കാര്‍ തരൂ. ജില്ലാ പഞ്ചായത്ത് വക 20,000 രൂപ, ബ്ലോക്ക് പഞ്ചായത്ത് വക 36,000 രൂപ. ഗ്രാമപ്പഞ്ചായത്ത് വക 24,000 രൂപ. ബാക്കി 50,000 രൂപ സംസ്ഥാനസര്‍ക്കാര്‍ നല്കുമെന്നാണ് കഴിഞ്ഞവര്‍ഷം പറഞ്ഞത്. ഈ പണം കൈമാറാത്തതുകൊണ്ട് കഴിഞ്ഞ വര്‍ഷത്തെ വീടുകളെല്ലാം പാതിവഴിക്ക് കിടപ്പുണ്ട്. നടപ്പുവര്‍ഷമാകട്ടെ സംസ്ഥാന സര്‍ക്കാര്‍ പണം നല്കുമെന്നുപോലും പറയാന്‍ തയ്യാറല്ല. ഫലമോ? പൂര്‍ത്തീകരിക്കാത്ത വീടുകള്‍കൊണ്ട് കേരളം നിറഞ്ഞു.

പാര്‍പ്പിടത്തിന് പണമുണ്ടാക്കാന്‍ ചെയ്ത സൂത്രപ്പണി വനിതാ ഘടകപദ്ധതിയെ തകര്‍ത്തു. യു.ഡി.എഫ്. സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശമിറക്കിയപ്പോള്‍ വനിതാ ഘടകപദ്ധതി വേണ്ടെന്നുവെച്ചിരുന്നു. ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ പുനഃസ്ഥാപിച്ചു. പക്ഷേ, ഇത് കബളിപ്പിക്കല്‍ തന്ത്രം മാത്രമായിരുന്നു. ഇതുവരെ വനിതാ ഘടകപദ്ധതിയില്‍ സ്ത്രീയുടെയും പുരുഷന്റെയും പൊതുആവശ്യങ്ങളെ ആസ്​പദമാക്കിയ പ്രോജക്ടുകള്‍ അനുവദിച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ചെയ്തിരിക്കുന്നതോ, വിധവകള്‍ക്കുള്ള വീടുകള്‍ വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ്. സ്ത്രീകളുടെ ജീവിതായുസ്സ് പുരുഷന്മാരേക്കാള്‍ അധികമായതുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷം വീടുകളിലും വിധവകളുണ്ട്. അങ്ങനെ വനിതാഘടകപദ്ധതി വനിതാ ഭവനപദ്ധതിയായി അധഃപതപ്പിച്ച് പ്രഹസനമാക്കിയിരിക്കുന്നു. വനിതാഘടകപദ്ധതി വികേന്ദ്രീകൃത ആസൂത്രണത്തിന്റെ തിലകക്കുറിയായിരുന്നു. അതിങ്ങനെ ഇല്ലാതാക്കി.

പഞ്ചായത്തുകളോരോന്നും സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. നിലവിലുള്ള പെന്‍ഷന്‍പോലും കുടിശ്ശികയാണ്. അപ്പോള്‍പ്പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? കുടുംബശ്രീയുടെ ഭവനശ്രീ വായ്പകള്‍ എഴുതിത്തള്ളി. പക്ഷേ, ബാങ്കുകള്‍ക്ക് പലതിനും പണം നല്കിയിട്ടില്ല. അതുകൊണ്ട് ആധാരങ്ങളിപ്പോഴും തിരികെ കിട്ടിയിട്ടില്ല. ഇങ്ങനെ ഈ പട്ടിക നീട്ടാം.
തദ്ദേശ ഭരണവകുപ്പിനെ മൂന്നായി വിഭജിച്ചപ്പോള്‍ ഉയര്‍ന്ന ആശങ്കകളെല്ലാം യാഥാര്‍ഥ്യമായി. മൂന്നു വകുപ്പുംകൂടി ഒരുമിച്ചു നടത്തേണ്ട ശുചിത്വപരിപാടി, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ജില്ലാ പദ്ധതി രൂപവത്കരണം തുടങ്ങിയവയുടെ നടത്തിപ്പ് പരിശോധിച്ചാല്‍ ഈ ഏകോപനമില്ലായ്മ സൃഷ്ടിക്കുന്ന പ്രതിസന്ധി മനസ്സിലാക്കാനാവും. ജില്ലാ പദ്ധതിയുടെ കാര്യമെടുക്കാം. ജില്ലാ പദ്ധതി എങ്ങനെ രൂപം നല്കണമെന്ന് ഭരണഘടന നിര്‍വചിച്ചിട്ടുണ്ട്. ഡി.പി.സി.യാണ് ഈ ചുമതല നിര്‍വഹിക്കേണ്ടത്. മൂന്നുതട്ട് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതികളെയും സംയോജിപ്പിച്ചുവേണം ജില്ലാ പദ്ധതി തയ്യാറാക്കേണ്ടത്. എന്നാല്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് നഗരവികസന വകുപ്പു മന്ത്രിയുടെ കീഴിലാണ്. ഒരു ഓര്‍ഡിനന്‍സ് വഴി അവര്‍ ഈ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. ഭരണഘടനാവിരുദ്ധവും സംസ്ഥാനത്തെ ആസൂത്രണ നടപടിക്രമങ്ങളോട് ഒത്തുപോകാത്തതുമായ ഈ നിയമനിര്‍മാണത്തിനെതിരെ സംസ്ഥാന ആസൂത്രണ ബോര്‍ഡിനുപോലും രേഖാമൂലം പ്രതിഷേധിക്കേണ്ടിവന്നു. ഡി.പി.സി.ക്കും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും നാമമാത്രമായ ഉപദേശക പങ്കാളിത്തമേ ഈ രേഖ തയ്യാറാക്കലിലുള്ളൂ. ഫലം ഇപ്പോഴേ പ്രവചിക്കാം. ഒരു ജില്ലാ പദ്ധതിയും ഉണ്ടാകാന്‍ പോകുന്നില്ല.

ഈയിടെ തിരുവനന്തപുരത്ത് ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യവേ സ്വയം പരിഹസിച്ചുകൊണ്ട് പഞ്ചായത്തുമന്ത്രി പറഞ്ഞ വാക്കുകള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. 'ചില വകുപ്പുകളില്ലാത്ത' എന്ന് ബ്രാക്കറ്റിലുള്ള പഞ്ചായത്ത് മന്ത്രിയാണ് താനെന്നായിരുന്നു അദ്ദേഹം തുറന്നുപറഞ്ഞത്. കേരളത്തിലെ അധികാരവികേന്ദ്രീകരണ പരീക്ഷണത്തെ എങ്ങനെ രക്ഷിക്കാനാവും? ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒരു രണ്ടാം പതിപ്പിലൂടെ മാത്രമേ ഇന്നത്തെ പിന്നോട്ടടിയില്‍നിന്ന് ജനാധിപത്യവികേന്ദ്രീകരണത്തെ രക്ഷിക്കാനാവൂ.

Saturday, October 18, 2014

നികുതിച്ചോര്‍ച്ച



എത്ര കിണഞ്ഞു പരിശ്രമിച്ചാലും വര്‍ഷാവസാനത്തെ ഓവര്‍ഡ്രാഫ്റ്റ് കുറയ്ക്കാമെന്നല്ലാതെ ഇല്ലാതാക്കാനാവില്ല. ഇനി ആയിരം കോടി രൂപ വരെ കാഷ് ബാലന്‍സ് ഉണ്ടെങ്കിലും ഏപ്രില്‍ ആദ്യവാരം

ട്രഷറി അടച്ചുപൂട്ടേണ്ടിവരും എന്നാണ് ധനവകുപ്പിന്റെ നിഗമനം

ഇക്കണക്കിന് പോയാല്‍ പുതിയ ധനകാര്യവര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് ഖജനാവിന്റെ സ്ഥിതി എന്തായിരിക്കും? കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഖജനാവ് കാലി, വികസനം കിനാവ്' എന്ന പരമ്പരയില്‍ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. 6,603 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്‌റ്റോടെയായിരിക്കും പുതിയ ധനകാര്യവര്‍ഷം ആരംഭിക്കുക. പരമാവധി എടുക്കാവുന്ന ഓവര്‍ഡ്രാഫ്റ്റ് 1,072 കോടിയാണ്. ഈ പരിധി അധികരിച്ചാല്‍ അഞ്ചുദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കില്‍ വായ്പ തിരിച്ചടച്ച് ഓവര്‍ഡ്രാഫ്റ്റിന് പുറത്തുകടക്കണം.

ഇത് ഏറെക്കുറെ അസാധ്യമാണെന്ന് ധനവകുപ്പ് തയ്യാറാക്കിയ അവലോകനക്കുറിപ്പുതന്നെ പറയുന്നു; ഏപ്രില്‍മാസത്തില്‍ ശമ്പളത്തിനും പെന്‍ഷനും മറ്റ് അനിവാര്യചെലവുകള്‍ക്കും പണമുണ്ടാവില്ല. അതുകൊണ്ട് 2015 ഏപ്രിലില്‍ സാധാരണഗതിയിലുള്ള ചെലവുകള്‍ മാത്രമുണ്ടായാല്‍പ്പോലും ട്രഷറി ദീര്‍ഘനാള്‍ അടച്ചിടേണ്ടിവരും. എത്ര കിണഞ്ഞുപരിശ്രമിച്ചാലും വര്‍ഷാവസാനത്തെ ഓവര്‍ഡ്രാഫ്റ്റ് കുറയ്ക്കാമെന്നല്ലാതെ ഇല്ലാതാക്കാനാവില്ല. ഇനി ആയിരം കോടി രൂപ വരെ കാഷ് ബാലന്‍സ് ഉണ്ടെങ്കിലും ഏപ്രില്‍ ആദ്യവാരം ട്രഷറി അടച്ചുപൂട്ടേണ്ടിവരും എന്നാണ് ധനവകുപ്പിന്റെ നിഗമനം.

കഴിഞ്ഞവര്‍ഷം സ്ഥിതി ഇത്ര മോശമായിരുന്നില്ല. ഓവര്‍ഡ്രാഫ്റ്റ് ഒഴിവാക്കാന്‍ കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ ശമ്പളവും പെന്‍ഷനുമൊഴികെ മറ്റെല്ലാ ചെലവും നിര്‍ത്തിവെച്ചുകൊണ്ടാണ് പ്രതിസന്ധി അന്ന് മറികടന്നത്. അദ്ഭുതമെന്നു പറയട്ടെ, ബജറ്റില്‍ വകയിരുത്തിയ പണമെല്ലാം ചെലവായതായിട്ടാണ് ഔദ്യോഗികകണക്ക്. ഉദാഹരണത്തിന് പദ്ധതിച്ചെലവെടുക്കാം.

മാര്‍ച്ച് മാസം വരെ പദ്ധതിയുടെ 49 ശതമാനമേ ചെലവാക്കിയുള്ളൂ. ധനകാര്യസ്തംഭനം മൂലം മാര്‍ച്ച് മുഴുവന്‍ ട്രഷറി ഏതാണ്ട് അടഞ്ഞുകിടക്കുകയായിരുന്നു. എന്നിട്ടും മാസം തീര്‍ന്നപ്പോള്‍ 80 ശതമാനം പണം ചെലവാക്കിക്കഴിഞ്ഞുവെന്ന് ഔദ്യോഗിക കണക്ക് ! 90 ശതമാനം ചെലവാക്കിയെന്ന് സി.പി. ജോണിനെപ്പോലുള്ള പ്ലാനിങ് ബോര്‍ഡ് അംഗങ്ങള്‍ ചാനലുകളില്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഒറ്റമാസംകൊണ്ട് എങ്ങനെ പദ്ധതിയുടെ പകുതിയോളം ചെലവാക്കി? ഈ മായാജാലത്തിന്റെ ഗുട്ടന്‍സ് എന്തെന്ന്, ധനപ്രതിസന്ധിയെക്കുറിച്ച് ധനവകുപ്പ് തയ്യാറാക്കിയ കുറിപ്പ് വായിച്ചപ്പോഴാണ് മനസ്സിലായത്.

കുറിപ്പിലെ ഒരു വാചകം ഇതാ 'ഈ അധികച്ചെലവിന്റെ നല്ലൊരു ശതമാനം സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഈ പണം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ ഈ വര്‍ഷം ട്രഷറിയുടെ മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചിരിക്കുന്നു'.

പച്ചമലയാളത്തില്‍ കാര്യം ഇത്രയേ ഉള്ളൂ. പദ്ധതി വെട്ടിച്ചുരുക്കി എന്ന അപഖ്യാതി ഒഴിവാക്കാന്‍, വകയിരുത്തിയ പദ്ധതിപ്പണം മാര്‍ച്ച് മാസത്തില്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും കൈമാറി. സംസ്ഥാന ഖജനാവിന്റെ കണക്കില്‍ ചെലവായതായി എഴുതിവെച്ചു. എന്നാല്‍, കൊടുക്കാന്‍ ട്രഷറിയില്‍ പണമില്ലായിരുന്നു. അതുകൊണ്ട് എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും തങ്ങള്‍ക്ക് കിട്ടിയെന്നുപറയുന്ന പണം കൈയില്‍ വാങ്ങാതെ അപ്പോള്‍ത്തന്നെ ട്രഷറി സേവിങ്‌സ് ബാങ്കില്‍ നിക്ഷേപിച്ചു. അങ്ങനെയാണ് പത്തുപൈസയും ട്രഷറിക്ക് പുറത്തുപോകാതെ ചെലവൊപ്പിച്ചത്. നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ വകുപ്പുകള്‍ ശ്രമിക്കുകയാണ്. പക്ഷേ, ട്രഷറിയില്‍ ഇപ്പോഴും പണമില്ല. ഇതാണ് ട്രഷറിയുടെ മേലുള്ള ഒരു സമ്മര്‍ദം.

സമ്മര്‍ദം ഒഴിവാക്കാന്‍ ധനവകുപ്പിന്റെ നിര്‍ദേശമെന്തെന്നറിയണോ? ട്രഷറി സേവിങ്‌സ് ബാങ്കില്‍ ഇട്ടിരിക്കുന്ന പണം മുഴുവന്‍ തിരിച്ചുപിടിക്കുക. പണം ഇങ്ങനെ ടി.പി. അക്കൗണ്ടിലിടുന്നത് ധനപരമായ അരാജകത്വമാണെന്നാണ് ഇപ്പോഴത്തെ കണ്ടുപിടിത്തം. ട്രഷറി കണക്കു പുസ്തകത്തില്‍ കൊടുത്തുവെന്നും ഡെപ്പോസിറ്റു ചെയ്തുവെന്നും കണക്കുണ്ടാക്കി ചെലവൊപ്പിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ഒരു രൂപയും ചെലവായിട്ടില്ല. എ.ജി. അംഗീകരിക്കുന്ന കണക്കില്‍ പദ്ധതിപ്പണം ചെലവായി. ഇനി തിരിച്ചുപിടിക്കുമ്പോഴോ, അതെവിടെ ചേര്‍ക്കും? കഴിഞ്ഞദിവസം ഞാന്‍ എ.ജി.യോടുതന്നെ ചോദിച്ചു. മറ്റ് മിസലേനിയസ് വരുമാനമായി കണക്കില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു മറുപടി. അപ്പോള്‍ ചെലവായി എന്ന് പ്രസിദ്ധീകരിച്ച കണക്കോ? ഫിനാന്‍സ് അക്കൗണ്ട് പുസ്തകത്തില്‍ അത് ബ്രാക്കറ്റില്‍ കൊടുക്കുമത്രേ. ഇതൊക്കെ ആരാണ് പരതിനോക്കുന്നത്? സാമ്പത്തിക പ്രതിസന്ധി ഇത്രയേറെയുണ്ടായിട്ടും പദ്ധതിപ്പണം ചെലവാക്കിയെന്ന് ഭരണക്കാര്‍ക്ക് മേനിനടിക്കാം. അപാര ബുദ്ധിതന്നെ. ഈ നാടകം ഇത്തവണയും അതേപടി ആവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് വരുമാനം വര്‍ധിപ്പിക്കണം. പുതിയ നികുതിനിര്‍ദേശങ്ങളുടെ ന്യായാന്യായങ്ങള്‍ ഏറെ ചര്‍ച്ചചെയ്തതാണ്. അതിനിയും ആവര്‍ത്തിക്കുന്നില്ല. ഒറ്റച്ചോദ്യം മാത്രം. കുടിശ്ശിക കിടക്കുന്ന നികുതി പിരിച്ചിട്ടുപോരേ, പുതിയത് പിരിക്കാനിറങ്ങുന്നത്? നികുതിക്കുടിശ്ശികയുടെ കണക്ക് അതിശയോക്തിപരമാണ് എന്നാണ് മുഖ്യമന്ത്രിയുടെ വാദം. ബജറ്റില്‍ കണക്കെഴുതിയപ്പോള്‍ ലക്ഷത്തിന് പകരം കോടിയായി എഴുതിപ്പോയതാണ്, കോടതിയുടെയും സര്‍ക്കാറിന്റെയുമെല്ലാം സ്റ്റേ കഴിഞ്ഞാല്‍ വളരെ തുച്ഛമായ തുകയേ പിരിക്കാനുള്ളൂ എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്!

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അവസാനം ഞങ്ങള്‍ക്ക് വിതരണം ചെയ്ത സി.എ.ജി.യുടെ 2014ലെ ഏഴാം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോ, ആവോ? അതില്‍, കോടതിയുടെയോ സര്‍ക്കാറിന്റെയോ സ്റ്റേയില്ലാത്ത പിരിക്കാവുന്ന പന്തീരായിരം കോടി രൂപയുടെ കണക്കുകൊടുത്തിട്ടുണ്ട്. 2008'09 മുതല്‍ 2012'13 വരെ ഓരോ കച്ചവടക്കാരനും വെട്ടിച്ച നികുതിയുടെ കണക്കും പെനാല്‍ട്ടിയും സെക്യൂരിറ്റി ഡെപ്പോസിറ്റുമെല്ലാം സി.ഡി.യിലാക്കി കഴിഞ്ഞ മാര്‍ച്ചുമാസത്തില്‍ സര്‍ക്കാറിന് നല്‍കിയതാണ്. ബന്ധപ്പെട്ട നികുതിക്കണക്കുകള്‍ പുനഃപരിശോധിച്ചാല്‍ ഈ കുടിശ്ശിക പിരിക്കാം. ഒരു നിയമതടസ്സവുമില്ല. ഇതുചെയ്യാതെയാണ് ജനങ്ങളെ പിഴിയാനിറങ്ങുന്നത്. എങ്ങനെയാണ് സി.എ.ജി. ഇത് കണ്ടുപിടിച്ചത്? മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത ഒരു പ്രത്യേകത കേരളത്തിനുണ്ട്. രജിസ്‌ട്രേഷന്‍, ചെക്‌പോസ്റ്റുകളിലൂടെ വരുന്ന ചരക്കുകളുടെ കണക്കുകള്‍, കച്ചവടക്കാര്‍ സമര്‍പ്പിക്കുന്ന നികുതിറിട്ടേണുകള്‍ തുടങ്ങിയവയെല്ലാം ഇപ്പോള്‍ കമ്പ്യൂട്ടര്‍ മുഖേനെയാണ്. അഞ്ചുവര്‍ഷത്തെ ഈ കണക്കുകളെല്ലാം സി.എ.ജി. നികുതിവകുപ്പില്‍നിന്ന് വാങ്ങി. എന്നിട്ട് അവയിലെ പൊരുത്തക്കേടുകള്‍ കമ്പ്യൂട്ടറിനെക്കൊണ്ടുതന്നെ പരിശോധിപ്പിച്ചു. മുഖ്യമായും താഴെ പറയുന്ന തട്ടിപ്പുകളാണ് എ.ജി. പരിശോധിച്ചത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇനിയും പരിശോധിക്കാന്‍ ഏറെ ബാക്കിയുണ്ട്.

1. എല്ലാ വ്യാപാരികളും പാന്‍ കാര്‍ഡ് കാണിച്ച് രജിസ്റ്റര്‍ ചെയ്യണം. വിറ്റുവരുമാനം പത്തുലക്ഷത്തിനു മുകളിലാണെങ്കിലേ നികുതി കൊടുക്കേണ്ടൂ. 60 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ചെറിയൊരു തുക മാത്രം നികുതിയായി നല്‍കിയാല്‍ മതി. ഒട്ടേറെ കച്ചവടക്കാര്‍ ഒരേ പാന്‍ കാര്‍ഡ് ഉപയോഗിച്ച് പല രജിസ്‌ട്രേഷന്‍ നമ്പറുകളില്‍ കണക്ക് ഹാജരാക്കി വിറ്റുവരുമാനം അറുപതുലക്ഷത്തില്‍ താഴെയാക്കി നികുതി വെട്ടിക്കുന്നു.

2. നാം ഉപയോഗിക്കുന്ന ചരക്കുകളില്‍ 75 ശതമാനത്തിലേറെയും പുറത്തുനിന്നാണ് വരുന്നത്. ചെക്‌പോസ്റ്റുകളില്‍ ഓരോ വ്യാപാരിയുടെയും കണക്ക് ശേഖരിച്ച് കമ്പ്യൂട്ടര്‍ വിവരശേഖരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, ഒട്ടേറെ കച്ചവടക്കാര്‍ തെറ്റായ പിന്‍ നമ്പര്‍ നല്‍കിയാണ് ചരക്കുകള്‍ കൊണ്ടുവരുന്നത്. മറ്റുചിലര്‍ ചെക്‌പോസ്റ്റ് വഴി കൊണ്ടുവന്നു എന്നുപറയുന്ന ചരക്കുകള്‍ അവരുടെ നികുതി റിട്ടേണ്‍ കണക്കില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല. ഇങ്ങനെ പലവിധ തട്ടിപ്പുകള്‍. ചെക്‌പോസ്റ്റ് ക്രമക്കേടുകള്‍ പുനഃപരിശോധിക്കുകയാണെങ്കില്‍ 1,900 കോടി രൂപ നികുതിയും 2,900 കോടി രൂപ പിഴയും 300 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഈടാക്കാം.

3. വ്യാപാരികള്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളുടെ 11 ശതമാനം മാത്രമാണ് 2011'12ല്‍ ഉദ്യോഗസ്ഥര്‍ സ്‌ക്രൂട്ട്ണി ചെയ്തത്. കമ്പ്യൂട്ടര്‍ വഴി എ.ജി. ഇവ പുനഃപരിശോധിച്ചപ്പോള്‍ പലരും തെറ്റായ നികുതിനിരക്കിലാണ് കണക്കുകൂട്ടിയത് എന്ന് കണ്ടുപിടിച്ചു. നിയമപരമായിട്ടുള്ള പല ബാധ്യതകളും കണക്കിലെടുക്കാതെയാണ് നികുതി നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. പലരും റിട്ടേണുകളേ അടയ്ക്കാറില്ല. ഇത്തരം കേസുകളെല്ലാം റീ ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ നികുതിയായി 2,700 കോടി രൂപയും പിഴയായി 4,400 കോടി രൂപയും പിരിച്ചെടുക്കാനാവും.

പ്രത്യക്ഷത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തി കണ്ടെത്താവുന്ന പൊരുത്തക്കേടേ എ.ജി. പരിശോധിച്ചിട്ടുള്ളൂ. ഉദാഹരണത്തിന് ചെക്‌പോസ്റ്റിലൂടെ കൊണ്ടുവന്നു എന്ന് ഡിക്ലയര്‍ ചെയ്തിട്ടുള്ള വ്യാപാരം നികുതി റിട്ടേണ്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് കമ്പ്യൂട്ടര്‍ പരിശോധനയിലൂടെ കണ്ടെത്തി. അതേസമയം, ചെക്‌പോസ്റ്റില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കടത്തിക്കൊണ്ടുവരുന്ന ചരക്കുകളെ കമ്പ്യൂട്ടറിന് കണ്ടുപിടിക്കാനാവില്ലല്ലോ. യഥാര്‍ഥത്തില്‍ ഇതുവഴിയാണ് കൂടുതല്‍ നികുതിപ്പണം ചോരുന്നത്. അതുപോലെത്തന്നെ നികുതി റിട്ടേണിലെ പൊരുത്തക്കേടുകളേ കമ്പ്യൂട്ടറിന് കണ്ടുപിടിക്കാനാവൂ. എന്നാല്‍, വളരെ ആസൂത്രിതമായി പ്രത്യക്ഷത്തില്‍ പൊരുത്തക്കേടില്ലാത്ത കണക്കുകള്‍ സമര്‍പ്പിച്ച് നികുതിവെട്ടിക്കാന്‍ കഴിയും. ഉദാഹരണത്തിന് ഒരു കച്ചവടക്കാരന്‍ എല്ലാ വര്‍ഷവും താന്‍ വാങ്ങിയ ചരക്കുകളുടെ കണക്ക് ഊതിവീര്‍പ്പിച്ച് അവതരിപ്പിക്കുന്നു എന്നിരിക്കട്ടെ. അതേസമയം, വില്പന കുറച്ചുകാണിക്കാം. സര്‍ക്കാറിന് താന്‍ ചരക്കുകള്‍ വാങ്ങിയപ്പോള്‍ കൊടുത്ത നികുതിയെന്ന് പറഞ്ഞ് ഭീമമായ ഇന്‍പുട്ട് ടാക്‌സ് വാങ്ങിയെടുക്കാം. കമ്പ്യൂട്ടര്‍ പരിശോധിക്കുക, വില്‍ക്കാനായി വാങ്ങിയ ചരക്കുകള്‍ വിറ്റിട്ടില്ലെങ്കില്‍ അത് സ്റ്റോക്കിന്റെ കണക്കിലുണ്ടോ എന്ന് മാത്രമായിരിക്കും. സ്റ്റോക്ക് യഥാര്‍ഥത്തില്‍ കടയിലുണ്ടോയെന്ന് കമ്പ്യൂട്ടറിന് പരിശോധിക്കാനാവില്ലല്ലോ. അതുകൊണ്ടാണ് ഇത് മഞ്ഞുമലയുടെ അരികുമാത്രമാണെന്ന് ഞാന്‍ നേരത്തേ പറഞ്ഞത്. എന്നിട്ടുപോലും എ.ജി.യുടെ പ്രാഥമികകണക്കില്‍ ഏതാണ്ട് 20,000 കോടി രൂപയുടെ നികുതിച്ചോര്‍ച്ചയുണ്ട്. സംശയത്തിന്റെ ആനുകൂല്യം നല്‍കാന്‍ പറ്റുന്നവയൊക്കെ മാറ്റിനിര്‍ത്തി കണക്കുകൂട്ടിയപ്പോഴാണ് അത് 12,000 കോടിയായി കുറഞ്ഞത്.

കേരളത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കാന്‍ എന്റെ നിര്‍ദേശം ഇതാണ്. പിരിക്കാതെ വിട്ടു എന്ന് എ.ജി. ചൂണ്ടിക്കാണിച്ച നികുതിപിരിച്ച് പിഴയും ഈടാക്കിയാല്‍ ഗണ്യമായ തുക കുടിശ്ശിക ഇനത്തില്‍ കിട്ടും. ഇത്തരമൊരു പരിശോധന നടത്താന്‍ സര്‍ക്കാര്‍ തുനിയുന്നു എന്നറിഞ്ഞാല്‍ത്തന്നെ ഈ വര്‍ഷത്തെ നികുതിവരുമാനം താനേ കൂടും. ഇതൊന്നും ചെയ്യാതെ ജനങ്ങളെ ഇനിയും പിഴിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വലിച്ചെറിയാത്ത മനസ്സുകള്‍, മാലിന്യമില്ലാത്ത തെരുവുകള്‍


ഡോ. ടി. എം. തോമസ് ഐസക്, എം ഗോപകുമാര്‍
നി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?
മലിനമായ ജലാശയം,
മലിനമായൊരു ഭൂമിയും
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ?
തണലുകിട്ടാന്‍ തപസിലാണിന്ന്
ഇവിടെയെല്ലാ മലകളും
ദാഹനീരിനു നാവു നീട്ടി
വരണ്ടു പുഴകള്‍ സര്‍വവും
കാറ്റുപോലും വീര്‍പ്പടക്കി
കാത്തുനില്‍ക്കും നാളുകള്‍
ഇവിടെയെന്നെന്‍ പിറവിയെന്ന്
വിത്തുകള്‍ തന്‍ മന്ത്രണം
(നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം സിഗ്നേച്ചര്‍ സോംഗ്)
ടൗണ്‍ ഹാളില്‍ നഗരസഭയുടെ ഒരു പൊതുപരിപാടി നടക്കുകയാണ്. സാധാരണ ഔദ്യോഗിക ചടങ്ങുകളില്‍ നിന്നും ഭിന്നമായി പാട്ടുപാടിയാണ് തുടക്കം. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാട്ടുകാര്‍.
നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പദ്ധതിയുടെ സിഗ്നേച്ചര്‍ സോംഗ് ആയി മാറിയ ഈ പാട്ട് മാലിന്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട യോഗങ്ങളിലെല്ലാം പതിവാണ്. മാലിന്യ മാനേജ്‌മെന്റ് ഒരു സാമൂഹിക ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലെത്താന്‍ നടപ്പുരീതികളില്‍ വലിയൊരു മാറ്റം അനിവാര്യമാണ്. മാലിന്യ ഉല്പാദനത്തില്‍ കുറവുവരുത്തുന്നതിനും അനിവാര്യമായുണ്ടാകുന്ന മാലിന്യം ചിട്ടയായി സംസ്‌കരിക്കുന്നതിനുമുള്ള മനോഭാവമാണ് മാലിന്യ മാനേജ്‌മെന്റിന്റെ പ്രധാനവശം. ഇത് മനസ്സിലേയ്ക്ക് കയറണം. അതിന് ആഴത്തിലുള്ള പ്രചരണവും ബോധവത്കരണവും ആവശ്യമാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ ഈ മാറ്റത്തിന്റെ പതാക വാഹകരാകണം. വലിച്ചെറിയാത്ത മനസ്സുകള്‍; മാലിന്യമില്ലാത്ത തെരുവുകള്‍ എന്ന മുദ്രാവാക്യം ഈ ധാരണയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. വലിച്ചെറിയാത്ത മനസ്സുകള്‍ സൃഷ്ടിയ്ക്കാന്‍ നിര്‍മ്മലഭവനം പദ്ധതിയില്‍ നിരവധി പ്രചരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. ശുചിത്വകലാ ജാഥയിലെ ആമുഖഗാനമാണ് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍ അടങ്ങുന്ന സംഘം ആലപിച്ചത്. ഈ പ്രചരണപരിപാടികളുടെ ഒരു സാമാന്യ അവലോകനമാണ് ഈ അദ്ധ്യായം.
വാട്‌സന്‍ ക്ലബ്ബുകള്‍, ക്യാമ്പുകള്‍
(ണമലേൃ മിറ മെിശമേശേീി ണഅഠടഅച)
കുട്ടികളെ മാറ്റത്തിന്റെ സന്ദേശ വാഹകരാക്കി മാറ്റുക എന്നതാണ് ണഅഠടഅച ക്ലബ്ബുകളുടെ ലക്ഷ്യം. നഗരാതിര്‍ത്തിയിലെ ഡജ, ഒട, ഒടട സ്‌കൂളുകളിലെല്ലാം ണഅഠടഅച ക്ലബ്ബുകള്‍ രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്. വ്യക്തിശുചിത്വം മാത്രമല്ല സാമൂഹ്യ ശുചിത്വവും പ്രധാനമാണെന്ന സന്ദേശമാണ് ഈ ക്ലബ്ബുകളിലൂടെ നല്കാന്‍ ശ്രമിക്കുന്നത്. ജലസംരക്ഷണവും സാമൂഹിക ശുചിത്വവും നാളെയുടെ സൃഷ്ടിയ്ക്ക് അനിവാര്യഘടകങ്ങളാണെന്ന ആശയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബുകള്‍ ഏറ്റെടുക്കുന്നത്. മാലിന്യമുക്തമായ ഒരു അന്തരീക്ഷത്തിന് ചില ബദല്‍ ജീവിതമൂല്യങ്ങള്‍ അനിവാര്യമാണെന്നും അതിന് തുടക്കം കുറിക്കാന്‍ കുട്ടികള്‍ക്ക് കഴിയുമെന്നുമുള്ള ധാരണയും ക്ലബുകളുടെ രൂപീകരണത്തിന് പിന്നിലുണ്ട്. പ്ലാസ്റ്റിക്ക് കിറ്റുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന പേപ്പര്‍ ബാഗുകളുടെ നിര്‍മ്മാണം കുട്ടികളെ പരീശീലിപ്പിച്ചത് ഈയൊരു ലക്ഷ്യം മുന്‍നിറുത്തിയാണ്.
പ്ലാസ്റ്റിക്ക് ക്യാരി ബാഗിന്റെ ഉപയോഗം നിര്‍ത്തണം. എന്നാലും പാക്കിംഗ് മെറ്റീരിയലായി വീടുകളില്‍ പ്ലാസ്റ്റിക്ക് എത്തും. ഇങ്ങനെ അനിവാര്യമായെത്തുന്ന പ്ലാസ്റ്റിക്ക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്. അത് കുട്ടികള്‍ കൂട്ടിവെയ്ക്കണം. കഴുകി വെടിപ്പാക്കി ഉണക്കി സ്‌ക്കൂളുകളില്‍ കൊണ്ടുവന്ന് തൂക്കി പ്ലാസ്റ്റിക്ക് അളന്ന് ചാക്കില്‍ സൂക്ഷിക്കണം. ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു ക്രഡിറ്റ്. സ്‌ക്കൂളില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ ഈ ക്രഡിറ്റ് രേഖപ്പെടുത്തും. വര്‍ഷാവസാനം ഒരു ക്രഡിറ്റിന് 20 രൂപയുടെ പുസ്തകം എന്ന തോതില്‍ കുട്ടികള്‍ക്ക് പുസ്തകം നല്‍കും. സ്‌കൂളുകളില്‍ നിന്നും നഗരസഭ പ്ലാസ്റ്റിക്ക് സംഭരിച്ച് റിസോഴ്‌സ് റിക്കവറി സെന്ററിലേയ്ക്ക് മാറ്റും. പ്ലാസ്റ്റിക്ക് സംഭരണത്തിന് സര്‍വ്വീസ് ടീം അംഗങ്ങള്‍ സ്‌കൂളുകളെ സഹായിക്കും. ഇത്തരമൊരു പ്രവര്‍ത്തനപരിപാടി ണഅഠടഅച ക്ലബുകള്‍ക്ക് നല്‍കുകയാണ്. പ്ലാസ്റ്റിക്ക് സംഭരിക്കുന്നതിനുള്ള ഒരു പരിപാടിയല്ല, മറിച്ച് പ്ലാസ്റ്റിക്ക് കിറ്റുകള്‍ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കുക, അനിവാര്യമായി എത്തിച്ചേരുന്ന പ്ലാസ്റ്റിക്ക് കത്തിക്കാതെയും വലിച്ചെറിയാതെയും റീസൈക്ലിംഗിനായി കൈമാറുക എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
2013-14 അക്കാദമികവര്‍ഷം മുന്‍സിപ്പല്‍തലത്തിലും സ്‌കൂള്‍തലത്തിലും വാട്‌സന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വികേന്ദ്രീകൃത ഉറവിട മാലിന്യസംവിധാനങ്ങളുടെ ശാസ്ത്രവും സാങ്കേതികവിദ്യയും കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനാധിഷ്ഠിതമായ ക്യാമ്പുകളായിരുന്നു ഇവ. ശ്രദ്ധേയമായ അനുഭവമായിരുന്നു ക്യാമ്പുകള്‍. നഗരസഭാതലത്തിലുള്ള ക്യാമ്പില്‍ 300 ലധികം കുട്ടികള്‍ പങ്കെടുത്തു. ബദല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വലിച്ചെറിയുന്ന വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങളും കൗതുക വസ്തുക്കളും നിര്‍മ്മിക്കല്‍, ശുചിത്വം പ്രമേയമാക്കി സ്‌കിറ്റുകള്‍ തയ്യാറാക്കല്‍ തുടങ്ങി ക്യാമ്പ് ഏറെ വിജ്ഞാനപ്രദവും രസകരവുമായിരുന്നു. വിദ്യാലയശുചിത്വം സംബന്ധിച്ച പ്രൊജക്ടുകള്‍ തയ്യാറാക്കിയാണ് സ്‌കൂളുകള്‍ ക്യാമ്പില്‍ എത്തിയത്. പ്രൊജക്ടുകള്‍ക്ക് മത്സരവും ഏര്‍പ്പെടുത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും മാലിന്യഭാരം വരുത്തുന്ന വിനകളും എല്ലാം കൗതുകകരമായി കുട്ടികളിലെത്തിക്കാന്‍ 'ക്യാമ്പിന് കഴിഞ്ഞു. മൈക്കിള്‍ ജാക്‌സന്റെ എര്‍ത്ത് സോങ്' എന്ന സുപ്രസിദ്ധ പരിസ്ഥിതി സംഗീത ആല്‍ബം വീണ്ടും വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടത് ഹൃദ്യമായൊരു അനുഭവമായിരുന്നു.
ഈ നിരന്ന ജനതതിക്കും
ഇനി വരുന്ന നൂറു നൂറു
തലമുറയ്ക്കുമൊറ്റയാശ്രയം
ഈയൊരൊറ്റ ഭൂമിയാശ്രയം'
ഇതായിരുന്നു വാട്‌സന്‍ ക്യാമ്പ് ഗാനം. സ്‌കൂളുകളില്‍ നടന്ന ക്യാമ്പുകളില്‍ 1500 കുട്ടികള്‍ പങ്കെടുത്തു. നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രചരണം വീടുകളില്‍ വലിയ തോതില്‍ എത്തിക്കാന്‍ കഴിഞ്ഞ ഒന്നാണ് വാട്‌സന്‍ ക്ലബും ക്യാമ്പുകളും. ക്യാമ്പില്‍ പരിശീലിച്ച പാട്ടുകളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ഇന്ന് നഗരത്തിലെ പല സ്‌ക്കൂളുകളിലും സ്ഥിരമായി ഉപയോഗിക്കുന്നു. 2014 സെപ്തംബര്‍ 11, 12, 13 തീയതികളില്‍ നടന്ന വാട്ട്‌സാന്‍ ക്യാമ്പില്‍ 500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്കൂളുകള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്താന്‍ ക്യാമ്പ് തീരുമാനിച്ചു. സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് പരമാവധി പകരം വസ്തുക്കള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ ക്യാമ്പ് അംഗങ്ങള്‍ മുന്‍കൈയെടുക്കും. എല്ലാ രണ്ടാം ശനിയാഴ്ചയും ഒത്തുചേരാനും തുടര്‍ച്ചയായ ശുചിത്വ പ്രചരണങ്ങളില്‍ ഏര്‍പ്പെടാനും തീരുമാനിച്ചുകൊണ്ടാണ് ക്യാമ്പ് സമാപിച്ചത്. മാറ്റത്തിന്റെ, വേറിട്ടൊരു പാതയുടെ ചിന്ത സാവകാശം പുതിയ തലമുറയിലേയ്ക്ക് കൈമാറുകയാണ് വാട്‌സന്‍ ക്ലബുകള്‍.
കലാജാഥ
പാട്ടും നാടകങ്ങളും സംഗീതശില്പവുമെല്ലാം ആശയപ്രചരണത്തിന് ഉപയോഗിച്ചു പരിചയമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍മ്മലഭവനം പദ്ധതിയില്‍ തുടക്കം മുതലേ പങ്കാളികളാണ്. മാലിന്യ മാനേജ്‌മെന്റിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കലാജാഥ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതും ഇവരുടെ മുന്‍കയ്യിലാണ്. മാലിന്യപ്രശ്‌നം കേന്ദ്രപ്രമേയമാക്കിയുള്ള പരിപാടികള്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പല കലാജാഥകളിലും അവതരിപ്പിച്ചിട്ടുണ്ട്. അവ ആലപ്പുഴയുടെ സാഹചര്യത്തില്‍ ചെത്തിമിനുക്കി ഉപയോഗിക്കാന്‍ തീരുമാനിച്ചു. മലപ്പുറത്ത് നിന്ന് എം.എം. സചീന്ദ്രന്‍ മാഷും വൈക്കത്ത് നിന്ന് വേണുവും പാലക്കാട് നിന്ന് ശ്രീകണ്ഠന്‍ മാഷും ഇടുക്കിയില്‍ നിന്ന് രാജപ്പനും കൊല്ലത്ത് നിന്ന് രാജശേഖരനും സഹായിക്കാനെത്തി. തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ആലപ്പുഴക്കാരും ചേര്‍ന്നു.
എറണാകുളത്ത് ഒത്തുചേര്‍ന്ന സംഘം പരിപാടികളുടെ ഉള്ളടക്കം തീരുമാനിച്ചു. കലാജാഥയുടെ സ്‌ക്രിപ്റ്റ് ഒരാഴ്ചയ്ക്കകം തയ്യാറാക്കി. 5 ദിവസം നീണ്ടുനില്ക്കുന്ന റിഹേഴ്‌സല്‍ ക്യാമ്പ്. 12 പേരായിരുന്നു കലാജാഥയില്‍ അംഗങ്ങള്‍. ഏറെയും കോളേജ് വിദ്യാര്‍ത്ഥികള്‍. രണ്ടു സ്‌കൂള്‍ കുട്ടികള്‍. പിന്നെ സാമൂഹ്യ പ്രവര്‍ത്തകരായ കുറച്ചുപേരും. 2013 ഏപ്രില്‍ 17ന് വൈകിട്ട് കരളകം ടൗണ്‍ എല്‍.പി.എസില്‍ നടനും സംവിധായകനുമായ മധുപാലാണ് കലാജാഥ ഉദ്ഘാടനം ചെയ്തത്. 8 ദിവസങ്ങളിലായി 15 കേന്ദ്രങ്ങളില്‍ കലാജാഥ പരിപാടികള്‍ അവതരിപ്പിച്ചു.
കിറ്റില്‍ കെട്ടി മാലിന്യം തെരുവിലിടുന്ന രീതിയെ കണക്കറ്റ് കളിയാക്കിയും, കാര്‍ക്കിച്ചു തുപ്പിയും വലിച്ചെറിഞ്ഞും പരിസരം മലിനമാകുന്ന മനോഭാവത്തെ തുറന്നുകാട്ടിയും മാലിന്യം ഉയര്‍ത്തുന്ന രോഗഭീഷണിയെപ്പറ്റി മുന്നറിയിപ്പ് നല്കിയും ഈയൊരൊറ്റ ഭൂമി മാത്രമാണ് ജീവനാശ്രയം എന്ന പരിസ്ഥിതി സന്ദേശം പടര്‍ത്തിയും കലാജാഥ നിര്‍മ്മല ഭവനം പദ്ധതിയുടെ സന്ദേശം പ്രചരിപ്പിച്ചു. നിര്‍മ്മല ഭവനം പദ്ധതിയുടെ ഏതാണ്ടെല്ലാ പ്രവര്‍ത്തകരും തങ്ങള്‍ക്കൊത്ത സര്‍ഗശേഷികൊണ്ട് ഉറവിടമാലിന്യ സംസ്‌ക്കരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളായി. ആശയഐക്യവും കൂട്ടായ്മയും സര്‍ഗശേഷിയുണര്‍ത്തും എന്നു തെളിയുകയായിരുന്നു. നിര്‍മ്മല ഭവനം പദ്ധതിയുടെ പല സന്നദ്ധപ്രവര്‍ത്തകരുടെയും ഫോണിലെ റിംഗ് ബാക്ക് ടോണ്‍ ഇതാണ്; ''നഗരം നല്ലതാക്കണം/നന്മയുള്ളതാക്കണം/ആരോഗ്യബോധമുള്ള ജനത വളരണം/ആലപ്പുഴയെ ശുചിത്വമുള്ളതാക്കണം''. പാട്ടെഴുതിയതും ഈണമിട്ടതും ഒരു സന്നദ്ധപ്രവര്‍ത്തകന്‍. പാടിയത് അയാളുടെ ജീവിതസഖി.
കുട്ടിപ്പോലീസും എന്‍ എസ് എസ് വോളണ്ടിയര്‍മാരും
മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ കുട്ടിപ്പോലീസ് വിസിലടിക്കും. അരുതെന്ന് ആംഗ്യം കാണിക്കും. എസ്.ഡി.വി.ബോയ്‌സ് സ്‌കൂളിലെ കുട്ടിപ്പോലീസാണ് തെരുവു വൃത്തിയാക്കുന്നതിനുള്ള ശ്രമത്തില്‍ പങ്കാളികളായത്. നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കാന്‍ പോലീസും താല്‍പര്യമെടുത്തു. കനാല്‍ക്കരയിലും മറ്റും മാലിന്യം വലിച്ചെറിയുന്നവരെ കൈയ്യോടെ പിടികൂടാന്‍ ആലപ്പുഴ പോലീസ് സജീവമായി രംഗത്തിറങ്ങിയിരുന്നു.
എസ്.ഡി.വി.യിലെ സ്റ്റുഡന്റ് പോലീസിന്റെ ചുമതലയുള്ള ആലപ്പുഴ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കുട്ടിപ്പോലീസിനെ മാലിന്യ മാനേജ്‌മെന്റിന്റെ പാഠങ്ങള്‍ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. എസ്.ഡി.വി.ഗേള്‍സ് സ്‌കൂളില്‍ 2014 ഓണം അവധിക്ക് നടന്ന വാട്‌സന്‍ ക്യാമ്പില്‍ കുട്ടിപ്പോലീസ് പടയും പങ്കെടുത്തു. യൂണിഫോമിട്ട് പോലീസ് ചിട്ടയില്‍ പരിസ്ഥിതി ക്യാമ്പില്‍ ഒരു കുട്ടിപ്പട. അവരെ നിര്‍മ്മലഭവനം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തെരുവില്‍ മാലിന്യം വലിച്ചെറിയുന്നവരെ നോക്കി തെല്ലൊരു ശാസനാഭാവത്തില്‍ വിസിലടിച്ച് അരുതെന്നു പറയുന്ന കുട്ടിപ്പോലീസ് കൗതുകം ജനിപ്പിക്കുന്ന സാന്നിധ്യമാണ്.
കോളേജുകളിലെയും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെയും നാഷണല്‍ സര്‍വീസ് സ്‌കീം (ചടട) സന്നദ്ധപ്രവര്‍ത്തകരെ തുടക്കം മുതല്‍ ക്യാമ്പയിനിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചിരുന്നു. ഉറവിട മാലിന്യസംസ്‌കരണ സംവിധാനങ്ങളിലെ അഭിരുചി അറിയാന്‍ നടത്തിയ സര്‍വ്വേ മുതല്‍ എന്‍എസ്എസ് വാളന്റിയര്‍മാര്‍ ക്യാമ്പയിനില്‍ പങ്കാളികളായിരുന്നു. കിടങ്ങാംപറമ്പ് വാര്‍ഡില്‍ നടന്ന മാസ് ക്ലീനിംഗ് പരിപാടിയില്‍ ആലപ്പുഴ എസ്.ഡി.കോളേജിലെയും സെന്റ് ജോസഫ്‌സ് കോളജിലെയും എന്‍എസ്എസ് കുട്ടികള്‍ സജീവമായി പങ്കെടുത്തു. 2013 ഡിസംബര്‍ മാസം 3 സ്ഥാപനങ്ങളിലെ എന്‍എസ്എസ് വാര്‍ഷിക ക്യാമ്പാണ് ആലപ്പുഴ നഗരത്തില്‍ നടത്തിയത്. 3 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തനം നടത്തിയത്. ചേര്‍ത്തല എസ്.എന്‍ കോളേജിലെ കുട്ടികള്‍ കരളകം വാര്‍ഡിലും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കിടങ്ങാംപറമ്പ് കേന്ദ്രീകരിച്ചും, നെടുമുടി എന്‍എസ്എച്ച്എസ്എസിലെ കുട്ടികള്‍ കറുകയില്‍ വാര്‍ഡ് കേന്ദ്രീകരിച്ചുമാണ് നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പ്രവര്‍ത്തനങ്ങളുടെ പ്രചരണം നടത്തിയത്.
ഈ വാര്‍ഡുകളില്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലും കുട്ടികള്‍ പങ്കാളികളായി. കഴിയുന്നത്ര സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളെ സമ്പൂര്‍ണ്ണ ശുചിത്വം കൈവരിക്കാന്‍ ശ്രമിക്കുന്ന വാര്‍ഡുകളുമായി ബന്ധിപ്പിച്ച് നിരന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കും.
ക്രിസ്മസ് കരോളും ഓണാഘോഷവും
2013ലെ ക്രിസ്തുമസ് തലേന്ന് നഗരത്തില്‍ നടത്തിയ ശുചിത്വ കരോള്‍ ശ്രദ്ധേയമായിരുന്നു. എന്‍.എസ്.എസ്.കുട്ടികളും കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാം കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചിത്വകരോളില്‍ പങ്കാളികളായി. ഈ പരിപാടിയിലാണ് കൂറ്റന്‍ ചൈനീസ് വ്യാളി ശുചിത്വ സന്ദേശത്തിന് നഗരത്തിലിറങ്ങിയത്. മാരാരിക്കുളത്തെ ഇപ്റ്റയുടെ പ്രവര്‍ത്തകരാണ് വ്യാളി അവതരിപ്പിച്ചത്. മാലിന്യം വിഴുങ്ങാന്‍ വ്യാളി ഇറങ്ങി എന്ന തലക്കെട്ടില്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.
2013-ലെ ഓണക്കാലത്ത് നഗരത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ശുചിത്വ ഓണാഘോഷം സംഘടിപ്പിച്ചു. ശുചിത്വ പൂക്കള മത്സരവും തിരുവാതിര മത്സരവും ചേര്‍ന്ന് നിര്‍മ്മല ഭവനം നിര്‍മ്മല നഗരം ഓണാഘോഷം പൊടിപൊടിച്ചു. ഈ ഓണാഘോഷ പരിപാടിയില്‍ വെച്ചാണ് നിര്‍മ്മല ഭവനം പദ്ധതി നഗര വ്യാപകമാകുന്നതിന്റെ പ്രഖ്യാപനം നടന്നത്. ഭൂരിപക്ഷം വാര്‍ഡുകളില്‍ നിന്നും മത്സരത്തില്‍ പങ്കാളിത്തവുമുണ്ടായി. ഒരു പൂര്‍ണ്ണ ദിവസം നീണ്ടുനിന്ന നിര്‍മ്മല ഭവനം ഓണാഘോഷ പരിപാടിയും അതിന്റെ വാര്‍ത്തകളും വലിയ തോതില്‍ ശുചിത്വസന്ദേശം ജനങ്ങളിലെത്തിക്കാന്‍ സഹായകമായി. ആലപ്പുഴ ചേര്‍ത്തല കനാലിലൂടെ ഓണക്കാലത്ത് നടത്തിയ ഉത്രാടത്തോണി യാത്രയും കൗതുകകരമായിരുന്നു.
സമ്പൂര്‍ണ്ണ ശുചിത്വപ്രഖ്യാപനം
3 വാര്‍ഡുകള്‍ സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിച്ചിട്ടുണ്ട്. വലിയ ആഘോഷമായിട്ടാണ് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനനഗരകാര്യ മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലിയും ആലപ്പുഴയിലെ എം.എല്‍.എമാരും, കുഞ്ചന്‍, ലാലു അലക്‌സ്, മുത്തുമണി തുടങ്ങിയ അഭിനേതാക്കളും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥാകൃത്ത് സഞ്ജയ് എന്നിവരും പങ്കെടുത്ത വിപുലമായ ചടങ്ങ്. മൂന്ന് വാര്‍ഡുകളില്‍ നിന്നും ശുചിത്വ സന്ദേശ ഘോഷയാത്ര കിടങ്ങാംപറമ്പില്‍ സംഗമിച്ചാണ് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്.
കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ബയോഗ്യാസ് പ്ലാന്റുകളുടെ എണ്ണം നൂറിലെത്തിയപ്പോഴും ഇരുനൂറിലെത്തിയപ്പോഴും അഞ്ഞൂറിലെത്തിയപ്പോഴുമെല്ലാം ഇത്തരം ആഘോഷങ്ങളുണ്ടായി. നിര്‍മ്മല നഗരം പദ്ധതി ആരംഭിച്ച് ഒരു കൊല്ലത്തിനകം വിപുലമായ സെമിനാര്‍ സംഘടിപ്പിച്ചു. ഉറവിട മാലിന്യ സംവിധാനങ്ങള്‍ സ്ഥാപിച്ച വീടുകളുടെയും അതിനു മുന്‍കൈ എടുത്ത റസിഡന്‍സ് അസോസിയേഷനുകളുടെയും സര്‍വ്വീസ് ടീം അംഗങ്ങളുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാനായിരുന്നു സെമിനാര്‍. പദ്ധതിയില്‍ പങ്കാളികളായ ഏജന്‍സികള്‍ക്ക് ജനങ്ങളോടു പറയാനുള്ളത് പറയാനും അവര്‍ക്ക് ജനങ്ങളില്‍ നിന്നും കേള്‍ക്കാനുള്ളത് കേള്‍ക്കാനും ഉള്ള സന്ദര്‍ഭമായി കൂടിയാണ് സെമിനാര്‍ നടന്നത്.
കോഴിക്കോട് എന്‍.ഐ.റ്റി-യിലെ ഡോ. ലിസാ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്ലാസ്റ്റിക്കും പരിസ്ഥിതിയും എന്ന സെമിനാറും ശ്രദ്ധേയമായിരുന്നു. പ്ലാസ്റ്റിക്കിന്റെ സ്വഭാവവും പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണ സാധ്യതകളുമായിരുന്നു സെമിനാറിന്റെ പ്രമേയം.
ഇത്തരത്തില്‍ ചടങ്ങുകള്‍ നടത്തുന്നതെന്തിനാണ് എന്ന വിമര്‍ശനം പലകോണില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. മാലിന്യ മാനേജ്‌മെന്റിലെ സാമൂഹ്യതലത്തെക്കുറിച്ച് പ്രതിപാദിച്ചു കഴിഞ്ഞു. വലിച്ചെറിയാത്ത മനസുകള്‍ സൃഷ്ടിക്കാന്‍ ഇത്തരം പ്രചരണ പരിപാടികള്‍ അനിവാര്യമാണ് എന്ന ചിന്തയില്‍ നിന്നാണ് ഈ പരിപാടികളെല്ലാം ഉടലെടുത്തത്.
മനസ്സുനിറഞ്ഞ മാധ്യമ പിന്തുണ
നിര്‍മ്മല ഭവനം പദ്ധതിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചും വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കിയും പദ്ധതി സൃഷ്ടിക്കുന്ന കൗതുകങ്ങള്‍ വാര്‍ത്തയാക്കിയും മാധ്യമങ്ങള്‍ കാമ്പയിനൊപ്പം ചേര്‍ന്നു
മാലിന്യ പ്രതിസന്ധിയെക്കുറിച്ച് പരമ്പരയെഴുതിയ ദേശാഭിമാനി ഉപസംഹരിച്ചത് ''മാതൃകയുണ്ട്. കൈകോര്‍ക്കാം'' എന്ന വാര്‍ത്തയോടെയാണ്. മാതൃകയായി 'നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പദ്ധതി' എന്ന തലക്കെട്ടില്‍ ബോക്‌സ് വാര്‍ത്ത പ്രത്യേകം നല്‍കുകയും ചെയ്തു.
മൂന്നു വാര്‍ഡുകളുടെ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടന്ന യോഗത്തില്‍വെച്ച് ശുചിത്വ പരിപാടി നടപ്പിലാക്കാത്ത ജനപ്രതിനിധികള്‍ക്ക് തുടര്‍ന്ന് മത്സരിക്കാന്‍ അവസരം നല്‍കില്ലെന്ന് ജി. സുധാകരന്‍ എം എല്‍എ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് ലഭിച്ച പ്രാധാന്യം, ശുചിത്വ പരിപാടിയ്ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്…
ഘഉഎ രീൗിരശഹഹീൃ െംവീ റശറ ിീ േശാുഹലാലി േംമേെല ാമിമഴലാലി േരെവലാല,െ ംീൗഹറ ിീ േയല ുലൃാശേേലറ ീേ രീിലേേെ ശി വേല ൗുരീാശിഴ ുീഹഹ െഎന്നായിരുന്നു ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തത്.
ശുദ്ധവായു ശ്വസിച്ച് മരിക്കണമെങ്കില്‍ ആലപ്പുഴയില്‍ വരണമെന്നായിരുന്നു, ശുചിത്വ പ്രഖ്യാപനസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് കൊച്ചി നഗരവാസിയായ സിനിമാതാരം കുഞ്ചന്‍ ആലങ്കാരികമായി പറഞ്ഞത്. ''നല്ല ശ്വാസം കിട്ടി മരിക്കാന്‍ ആലപ്പുഴക്കാരനാകണമെന്ന് കുഞ്ചന്‍'' എന്ന തലക്കെട്ടില്‍ നാലു കോളത്തിലാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയത്. ''ഹായ്, മൂക്കുപൊത്താതെ നടക്കാം'' എന്നായിരുന്നു കേരളകൗമുദിയുടെ തലക്കെട്ട്.
വഴിയോരങ്ങളില്‍ എയ്‌റോബിക് കമ്പോസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ച കാര്യം പറഞ്ഞുവല്ലോ. ഈ പ്രവര്‍ത്തനത്തിനും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. മാലിന്യം വലിച്ചെറിയേണ്ടതില്ലെന്നും തരംതിരിച്ച് എയ്‌റോബിക് ബിന്നുകളില്‍ നിക്ഷേപിച്ചാല്‍ മതിയെന്നുമുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ മുന്‍കൈയെടുത്തു. ''എയ്‌റോബിക്കില്‍ എത്തിക്കൂ... പ്ലീസ്'' എന്ന ദേശാഭിമാനി വാര്‍ത്ത മാധ്യമങ്ങള്‍ ഈ സന്ദേശം പരത്താന്‍ വഹിച്ച പങ്ക് വ്യക്തമാക്കുന്നതാണ്.
വലിച്ചെറിയുന്നവര്‍ക്കും മാലിന്യം റോഡിലും തോടിലും തള്ളുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കുന്ന വാര്‍ത്തകള്‍ക്കും മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. ആലപ്പുഴ - ചേര്‍ത്തല കനാലില്‍ അറവു മാലിന്യം തള്ളാനെത്തിയവരെ നഗരസഭയുടെ ആരോഗ്യവിഭാഗം സ്‌ക്വാഡ് പിടികൂടി. ''എഎസ് കനാലില്‍ അറവുമാലിന്യം തള്ളാനെത്തുന്നവരെ പിടികൂടി'' എന്ന തലക്കെട്ടില്‍ നാലുകോളം വാര്‍ത്തയാണ് മലയാള മനോരമ നല്‍കിയത്. മാലിന്യം തള്ളല്‍ - പിഴ 25000 രൂപ എന്ന ഒരു ബോക്‌സു വാര്‍ത്തയും നല്‍കി. കനാലുകളില്‍ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാന്‍ കാമറകള്‍ സ്ഥാപിച്ച സന്ദര്‍ഭം. രഹസ്യ കാമറ മിഴിതുറന്നു, എ എസ് കനാലില്‍ മാലിന്യം ഇടുന്നവര്‍ ഇനി കുടുങ്ങും എന്ന അഞ്ചുകോളം വാര്‍ത്തയും കണ്‍ട്രോള്‍ റൂമില്‍ എംഎല്‍എയും പൊലീസ് സംഘവും കാമറാ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഒരു വര്‍ണചിത്രവും നല്‍കിയാണ് മലയാള മനോരമ വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശം പ്രചരിപ്പിച്ചത്.
പോള വാരി എഎസ് കനാല്‍ വൃത്തിയാക്കിയതിനു ശേഷം കനാലില്‍ ഒരു വാട്ടര്‍ സൈക്കിള്‍ ഇറക്കിയിരുന്നു. ഈ പ്രവര്‍ത്തനത്തിലും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. വാട്ടര്‍ സൈക്കിളും എത്തി, കനാല്‍ ശുചീകരണം ആവേശത്തിമിര്‍പ്പിലേയ്ക്ക് എന്ന മാതൃഭൂമി വാര്‍ത്ത ഒരുദാഹരണം മാത്രം. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വാട്ടര്‍ സൈക്കിളിന്റെ പ്രൊപ്പല്ലര്‍ ആരോ മോഷ്ടിച്ചു. നിര്‍മ്മല ഭവനം പ്രവര്‍ത്തകര്‍ക്ക് വലിയ വേദനയുണ്ടാക്കിയ സംഭവമായിരുന്നു അത്. കണ്ടു കൊതിതീരും മുമ്പേ കട്ടുകൊണ്ടുപോയല്ലോ എന്ന വാര്‍ത്തയും സൈക്കിളില്‍ ഒരു കുട്ടി സവാരി നടത്തുന്നതിന്റെ ചിത്രവും നല്‍കിയാണ് പ്രവര്‍ത്തകരുടെ രോഷത്തില്‍ മലയാള മനോരമ പങ്കുചേര്‍ന്നത്. ശുചിത്വ പദ്ധതിയുടെ ഭാഗമാകുന്ന മാധ്യമങ്ങളെയാണ് നാം ഇവിടെ കാണുന്നത്.
നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രചരണത്തിനായി നടത്തിയ പരിപാടികളും സൃഷ്ടിച്ച കൗതുകങ്ങളുമെല്ലാം വാര്‍ത്തകളില്‍ നിറച്ച് മാധ്യമങ്ങള്‍ പദ്ധതിയില്‍ പങ്കാൡകളായി.
(ആലപ്പുഴ നഗരശുചീകരണ പരിപാടിയെക്കുറിച്ച് ടി. എം. തോമസ് ഐസക്കും എം. ഗോപകുമാറും ചേര്‍ന്നെഴുതുന്ന മാറുന്ന മനസ്സുകള്‍, മാലിന്യമകലുന്ന തെരുവുകള്‍ എന്ന പുസ്തകത്തിലെ അധ്യായം)

നികുതിനിഷേധ സമരവും ഭരണക്കാരുടെ ചോദ്യങ്ങളും

കേരളം അഭിമുഖീകരിക്കുന്ന ധനപ്രതിസന്ധിയുടെ ഗൗരവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധിയുടെ കാരണങ്ങളെയും പരിഹാരത്തെയും കുറിച്ച് എല്ലാ തലങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രതിസന്ധിയില്ല, പ്രയാസമേയുളളൂ എന്നു പറയുന്നവര്‍ വെപ്രാളപ്പെട്ടു അധികനികുതി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ പ്രമുഖവക്താക്കളും പലവിധ ന്യായീകരണങ്ങളുമായി ചാനല്‍ ചര്‍ച്ചകളിലും മറ്റും സജീവമാണ്. നികുതിനിഷേധസമരത്തിന്റെ പ്രായോഗികതയെക്കുറിച്ചും ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫിന്റെ വാദങ്ങളും എല്‍ഡിഎഫിനോട് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും ഇവിടെ വിശദമായി പരിശോധിക്കുന്നു. 
1. പ്രതിപക്ഷത്തോട് ആദ്യത്തെ ചോദ്യമുയര്‍ത്തിയത് മുഖ്യമന്ത്രിയാണ്. എന്തിനെതിരെയാണ് ഈ സമരം?
നിയമസഭയെ അഭിമുഖീകരിക്കാതെയും സഭ പാസാക്കിയ വാര്‍ഷിക ബജറ്റിനെ അപ്രസക്തമാക്കിയും 3000ത്തില്‍ പരം കോടി രൂപയുടെ അധിക ഭാരം മന്ത്രിസഭാ യോഗതീരുമാനത്തിലൂടെ അടിച്ചേല്പിച്ച പൂര്‍വകാല ചരിത്രം കേരളത്തില്‍ ഇല്ല. യുദ്ധകാലത്തോ ക്ഷാമകാലത്തോ മാത്രം സ്വീകരിക്കാന്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യമാണ് ഇവിടെ ദുരുപയോഗപ്പെടുത്തുന്നത്. പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. അതിശക്തമായ പ്രതിരോധം ഉയര്‍ത്തും.
ഭൂനികുതി, വെള്ളക്കരം, സേവനചാര്‍ജ്ജുകള്‍ എന്നിവയുടെ വര്‍ധനയ്ക്ക് എതിരെയാണ് ഇടതുമുന്നണി സമരം ചെയ്യുന്നത്. ഇനിയും കൊണ്ടുവരും എന്നു പ്രഖ്യാപിക്കുന്ന അധികനികുതിയ്ക്കും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനും എതിരെകൂടിയാണ് ഈ സമരം. കൂടിയാലോചനയോ ഔചിത്യമോ ഇല്ലാതെ വന്‍നികുതി അടിച്ചേല്പ്പിക്കുന്ന ശൈലിക്കെതിരെയുമാണ് ഈ പ്രതിഷേധം.
മദ്യത്തിനും സിഗരറ്റിനും ഏര്‍പ്പെടുത്തിയ അധികനികുതിയെയാണോ പ്രതിപക്ഷം എതിര്‍ക്കുന്നത് എന്നൊക്കെ ചോദിച്ച് പ്രതിഷേധത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനുളള ശ്രമമുണ്ട്. മദ്യനികുതി ഉയര്‍ത്തുന്നത് വ്യാജവാറ്റു വ്യാപകമാകാന്‍ കാരണമാകും എന്ന ആശങ്ക രാഷ്ട്രീയ ഭേദമെന്യേ സമൂഹത്തിന്റെ പലകോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. തീരുമാനമെടുത്തവര്‍ക്കു തന്നെയാണ് എല്ലാ ഉത്തരവാദിത്തവും.
മദ്യവരുമാനം ഇല്ലാതെ കേരളം മുന്നോട്ട് കൊണ്ടുപോകാനാവുമോ എന്ന വെല്ലുവിളിയാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് യുഡിഎഫുകാരുടെ വീമ്പടി. മനക്കോട്ട കെട്ടുന്നതോ, മദ്യത്തില്‍നിന്നുളള അധികവരുമാനത്തെ ആശ്രയിച്ചും. ഇത്ര പരിഹാസ്യമായ പൊറാട്ടു നാടകങ്ങള്‍ക്കിറങ്ങിപ്പുറപ്പെടണമെങ്കില്‍ അപാരമായ തൊലിക്കട്ടി കൂടിയേ കഴിയൂ.
നിയമമില്ലാതെ നികുതി പിരിക്കാനാവില്ല എന്ന് ഭരണഘടനാവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. പാര്‍ലമെന്റോ നിയമസഭയോ ഫിനാന്‍സ് ബില്ലിന് അംഗീകാരം നല്‍കുമ്പോഴാണ് നികുതി നിര്‍ദേശങ്ങള്‍ സാധുവാകുന്നത്. പാര്‍ലമെന്റിനെയും നിയമനിര്‍മ്മാണ സഭകളെയും എങ്ങനെ മറികടക്കാമെന്നാണ് ഇപ്പോള്‍ സര്‍ക്കാരുകള്‍ ആലോചിക്കുന്നത്. അടുത്തകാലത്തായി റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത് ബജറ്റിലൂടെയല്ല. എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റ് അറിയാതെ യാത്രക്കൂലിയോ ചരക്കുകൂലിയോ വര്‍ധിപ്പിക്കാന്‍ റെയില്‍വേക്കു കഴിയും.
പക്ഷേ, വണ്ടിക്കൂലി നികുതിയല്ല. പെട്രോളിനും ഡീസലിനും അര്‍ധരാത്രി ആരുമറിയാതെ വില വര്‍ധിപ്പിക്കുമ്പോഴും അത് നികുതിയല്ലെന്ന ന്യായീകരണമുണ്ട്.
ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ ഇങ്ങനെ പറയുന്നു: ജനങ്ങളുടെ സമ്മതത്തോടെയാണ് നികുതി പിരിക്കേണ്ടത്. അല്ലാതെയുള്ളത് കവര്‍ച്ചയോ അപഹരണമോ ആണ്. അത് തടയുന്നതിന് ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവകാശപത്രികകളുടെ പ്രമാണരേഖയായ മാഗ്‌നകാര്‍ട്ടയില്‍ പ്രഖ്യാപിച്ചിട്ടുള്ള തത്വമാണ് ഇത്. 800 വര്‍ഷം മുമ്പാണ് മാഗ്‌ന കാര്‍ട്ട ഒപ്പുവയ്ക്കപ്പെട്ടത്. പക്ഷേ, ഈ തത്വത്തിന് കാലഹരണം സംഭവിച്ചിട്ടില്ല. ഇംഗ്ലീഷ് ബില്‍ ഓഫ് റൈറ്റ്‌സിലും അമേരിക്കന്‍ ഭരണഘടനയിലും ചേര്‍ക്കപ്പെട്ടതാണ് ഈ തത്വം. സമ്മതത്തോടെയല്ലെങ്കില്‍ നികുതി നിയമവിരുദ്ധമാകും. ജനാധിപത്യത്തില്‍ ഭരണാധികാരിക്ക് കപ്പം നല്‍കേണ്ടതില്ല. കീഴടങ്ങുന്നവരാണ് കപ്പം കൊടുക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ കീഴടങ്ങിയവരല്ല. സ്വതന്ത്രരായ ജനങ്ങള്‍ സ്വമേധയാ നികുതി നല്‍കുകയും അത് എപ്രകാരം ചെലവാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. ഈ തത്വമാണ് ഭരണഘടനയിലെ അനുച്ഛേദം 265 പ്രഘോഷിക്കുന്നത്. നിയമം നല്‍കുന്ന അധികാരം ജനങ്ങള്‍ നല്‍കുന്ന അധികാരമാണ്.
2. എല്‍ഡിഎഫിന്റെ കാലത്തും
നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലേ?
ഉണ്ട്, പക്ഷേ 5 വര്‍ഷം കൊണ്ട് എല്‍ഡിഎഫ് ഏര്‍പ്പെടുത്തിയ നികുതി വര്‍ദ്ധന 1938 കോടി മാത്രം. അതില്‍ തന്നെ മണലില്‍ നിന്നുള്ള 500 കോടി ലഭിച്ചതുമില്ല. പക്ഷേ, യുഡിഎഫോ?
കഴിഞ്ഞ നാലു ബജറ്റുകളിലായി കേരള ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ചത് 5000 കോടി രൂപയുടെ അധികഭാരമാണ്. അതും പോരാഞ്ഞാണ് ബജറ്റിനു പുറത്ത് 2000 കോടിയുടെ ഭാരം. ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന ഭീഷണിയും. ഇതൊക്കെ പ്രഖ്യാപിക്കുന്നതോ, പത്രസമ്മേളനത്തിലും.
വാറ്റ് നികുതി 4ല്‍ നിന്നും 5 ശതമാനമാക്കാനും 12.5ല്‍ നിന്നും 14 ശതമാനമാക്കാനും എല്‍ഡിഎഫ് ഭരണകാലത്ത് കേന്ദ്രസര്‍ക്കാറില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ആ നിര്‍ദ്ദേശം എല്‍ഡിഎഫ് സര്‍ക്കാര്‍ പരസ്യമായി തളളിക്കളഞ്ഞു.
നികുതി വര്‍ദ്ധിപ്പിച്ച ജനങ്ങളെ കൊളളയടിച്ച് ഭരിക്കാന്‍ എല്‍ഡിഎഫ് ഒരിക്കലും തയ്യാറായിട്ടില്ല. പിരിക്കേണ്ട നികുതി സമാഹരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്.
എന്നാല്‍, അധികാരത്തിലേറിയ ആദ്യവര്‍ഷം തന്നെ യുഡിഎഫ് ആ സമ്മര്‍ദ്ദത്തിനു കീഴടങ്ങി. തുണിക്കുപോലും നികുതി ഏര്‍പ്പെടുത്തി. ഇതാണ് നികുതി ഭരണത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുളള വ്യത്യാസം.
3. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരും വെള്ളക്കരം കൂട്ടിയില്ലേ?
ഉണ്ട്. എല്‍ഡിഎഫ് സര്‍ക്കാരും വെളളക്കരം കൂട്ടിയിട്ടുണ്ട്. പക്ഷേ ഇന്ന് പൊതുനികുതികളിലും സേവനനിരക്കുകളിലും ഭീമാകാരമായ വര്‍ദ്ധനയ്‌ക്കൊപ്പമാണ് വെള്ളക്കരവും വൈദ്യൂതി ചാര്‍ജ്ജും വര്‍ദ്ധിപ്പിക്കുന്നത്. വെളളക്കരത്തിന്റെ കാര്യത്തിലാണെങ്കില്‍ ഇപ്പോള്‍ 500 കോടി കുടിശികയുണ്ട്. യുഡിഎഫ് ഏര്‍പ്പെടുത്തിയ നികുതിക്കൊളളയ്‌ക്കെതിരെ പൊതുവിലുള്ള പ്രതിഷേധമാണ് വെളളക്കരം ഒടുക്കാന്‍ വിസമ്മതിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നത്. നികുതിവര്‍ദ്ധനയും വിലക്കയറ്റവും നാനാമേഖലകളില്‍നിന്ന് ജനജീവിതത്തെ ഞെക്കിഞെരുക്കുമ്പോള്‍ വെളളക്കരം കുത്തനെ കൂട്ടുകയും അതിനെ എല്‍ഡിഎഫ് ഏര്‍പ്പെടുത്തിയ നികുതിവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തി ന്യായീകരിക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കു മനസിലാകും.
4. മദ്യനിരോധനത്തിന്റെ ത്യാഗം സഹിക്കാനാണോ ഈ നികുതി വര്‍ദ്ധന?
പൊളളയായ വാദമാണിത്. ബാറുകള്‍ അടഞ്ഞു കിടന്ന സാഹചര്യത്തിലും മദ്യവരുമാനം കൂടുകയാണ് ചെയ്തത് എന്ന് കണക്കുകള്‍ തെളിയിക്കുന്നു. 2013-14ല്‍ 620 കോടി എക്‌സൈസ് നികുതി ലഭിച്ച സ്ഥാനത്ത് നടപ്പുവര്‍ഷം കിട്ടിയത് 660 കോടി.
ബാറുകള്‍ അടഞ്ഞു കിടന്നിട്ടും മദ്യവരുമാനം കുറഞ്ഞിട്ടില്ല. ബാറുകളില്‍ പോയി കുടിച്ചിരുന്നവര്‍ ഇപ്പോള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളെ ആശ്രയിക്കുന്നുവെന്നേയുളളൂ.
മദ്യത്തില്‍ നിന്നുളള ഒരു വരുമാനവും വേണ്ട എന്നു പ്രഖ്യാപിക്കുന്ന ഉമ്മന്‍ചാണ്ടി, പ്രതിസന്ധി പരിഹരിക്കാന്‍ ആശ്രയിക്കുന്നതും മദ്യത്തെ തന്നെയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് കടമെടുക്കുന്നത് 500 കോടി. അതിനു പുറമെ മദ്യത്തിന് 25 ശതമാനം വില്‍പന നികുതി കൂട്ടുന്നു.
മദ്യനികുതി വര്‍ദ്ധിപ്പിക്കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ ഒറ്റയടിക്ക് കുത്തനെ വില വര്‍ദ്ധിക്കുന്നത് വിപരീതഫലമുണ്ടാക്കും.
5. വികസനപ്രവര്‍ത്തനങ്ങളുടെ ചെലവു വര്‍ദ്ധിച്ചതുമൂലമാണ് സാമ്പത്തിക പ്രതിസന്ധിയെന്ന യുഡിഎഫിന്റെ വാദം ശരിയാണോ?
അല്ല. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ എല്ലാ യുഡിഎഫ് നേതാക്കളും പാടുന്നത് ഈ പല്ലവിയാണ്. പുതിയ താലൂക്കുകള്‍, സ്‌ക്കൂളുകള്‍, മെഡിക്കല്‍ കോളജുകള്‍, ഇങ്ങനെ ഓരോ പ്രഖ്യാപനങ്ങളും അവര്‍ എണ്ണിയെണ്ണിപ്പറയും. പക്ഷേ, പ്രഖ്യാപനങ്ങളും ചെലവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിച്ചാലോ?
ഇപ്പറഞ്ഞ പ്രഖ്യാപനങ്ങളെല്ലാം യാഥാര്‍ത്ഥ്യമായെങ്കില്‍ ആത്യന്തികമായി സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ പ്രതിഫലിക്കണം. യുഡിഎഫ് സര്‍ക്കാരിനു കീഴിലെ മൊത്തം ചെലവിന്റെ വര്‍ദ്ധന പരിശോധിക്കാന്‍ കെ. എം. മാണി അവതരിപ്പിച്ച ബജറ്റു കണക്കിനെത്തന്നെ ആശ്രയിക്കാം.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പ്രതിവര്‍ഷം 16 ശതമാനം വീതം സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ന്നിരുന്നു. ഒരു സാമ്പത്തിക പ്രതിസന്ധിയുമുണ്ടായില്ല. ഇതിലും താഴെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഇതുവരെയുളള ചെലവിന്റെ നിരക്ക്. അതുകൊണ്ട് വന്‍തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണ് പ്രതിസന്ധിയുണ്ടായത് എന്ന യുഡിഎഫിന്റെ വാദം പൊള്ളയാണ്.
6. കേന്ദ്രസഹായം കുറഞ്ഞതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്ന കെ എം മാണിയുടെ വാദം ശരിയാണോ?
തീര്‍ത്തും വസ്തുതാവിരുദ്ധമായ വാദമാണിത്. ഈ വര്‍ഷം സെപ്തംബര്‍ 10 വരെ കേന്ദ്രധനസഹായമായി മൊത്തം 5492 കോടി രൂപയാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം എന്നാല്‍ ഇതേ കാലയളവില്‍ 4635 കോടി രൂപയേ ലഭിച്ചുളളൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 856 കോടി അധികം കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. അതായത്, കഴിഞ്ഞ വര്‍ഷം ലഭിച്ചതിനെക്കാള്‍ 18.47 ശതമാനം അധികം.
ഈ കാലയളവില്‍ സംസ്ഥാനം നേരിട്ടു പിരിക്കേണ്ട നികുതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനമേ കൂടിയിട്ടുളളൂ. ഈ വീഴ്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ഇതു മറച്ചുവെയ്ക്കാനാണ് ധനപ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്റെ തലയിലിടുന്നത്.
കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന സഹായം തികച്ചും അപര്യാപ്തമാണ് എന്നതില്‍ തര്‍ക്കമില്ല. ധനകാര്യ കമ്മിഷന്‍ തീര്‍പ്പുകള്‍ നമുക്കെതിരാണ് എന്നതിലുമില്ല തര്‍ക്കം. ബജറ്റില്‍ വകയിരുത്തിയ പണം മുഴുവനും ലഭിച്ചില്ല എന്നതിലും തര്‍ക്കമില്ല. ഇതൊക്കെ പ്രതിഷേധാര്‍ഹമാണ്. പക്ഷേ, കേരളത്തില്‍ ഇപ്പോഴുളള ധനപ്രതിസന്ധിയ്ക്കു കാരണം ഇതല്ല.
വിശദാംശങ്ങള്‍ പരിശോധിക്കാം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഗ്രാന്റായി 4434 കോടി കിട്ടിയ സ്ഥാനത്ത് 2014-15ല്‍ 5045 കോടി രൂപ കിട്ടി. കഴിഞ്ഞവര്‍ഷം വിദേശ ധനസഹായമായും കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിക്ഷേപമായും 201 കോടി രൂപയാണ് കിട്ടിയത്. നടപ്പുവര്‍ഷത്തില്‍ അത് 446 കോടി. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 6200 കോടി രൂപയാണ് സെപ്തംബര്‍ 10 വരെ കമ്പോളവായ്പയെടുത്തത്. നടപ്പുവര്‍ഷത്തില്‍ 6900 കോടി രൂപയും.
എവിടെയാണ് കേന്ദ്രധനസഹായം കുറഞ്ഞത്?
7. എല്‍ഡിഎഫിന്റെ കാലത്തും ഓര്‍ഡിനന്‍സ് വഴി നിരക്കു കൂട്ടിയില്ലേ.
ഒറ്റപ്രാവശ്യം. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ നികുതിനിരക്കു കുറച്ചു. എന്നാല്‍ വര്‍ദ്ധന പിന്‍വലിച്ചപ്പോള്‍ നിരക്ക് ഓര്‍ഡിനന്‍സിലൂടെ പുനഃസ്ഥാപിച്ചു.
എല്ലാ നികുതിവര്‍ധനയും നിഷേധിക്കാനാവില്ല. ഉല്‍പന്ന നികുതി വര്‍ദ്ധന, സേവനങ്ങള്‍, വര്‍ദ്ധിപ്പിച്ചത് കൊടുത്തേ പറ്റൂ. ജനങ്ങള്‍ക്ക് പ്രായോഗികമായി നിഷേധിക്കപ്പെടുന്ന ഏതെങ്കിലും ഒരിനം ഉപയോഗിച്ചാവും സമരം.
8. നികുതി ഏര്‍പ്പെടുത്തിയാല്‍ പിരിക്കാനുമറിയാമെന്നാണല്ലോ വെല്ലുവിളി. എന്താണ് മറുപടി?
ഈ വെല്ലുവിളിയില്‍ കാര്യമൊന്നുമില്ല. ഭീമമായ നികുതിക്കുടിശിക ഇപ്പോള്‍ത്തന്നെ പിരിച്ചെടുക്കാനുണ്ട്. അതു പിരിച്ചെടുക്കാനാണ് ഈ ഉശിരൊക്കെ കാണിക്കേണ്ടത്.
കുടിശികയായി സര്‍ക്കാരിനു പിരിഞ്ഞുകിട്ടാനുളള 32526 കോടി രൂപയുടെ ഇനവും തരവും തുകയും തിരിച്ചുളള പട്ടിക 2014-15 ലെ ബജറ്റില്‍ നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ വില്‍പന നികുതി തന്നെ. 23002 കോടി രൂപയുടെ കുടിശിക. പെട്രോളിയം കമ്പനികളില്‍ നിന്ന് 1296 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. മോട്ടോര്‍ വാഹനനികുതിയില്‍ 819 കോടിയാണ് കിട്ടാനുളളത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 181 കോടി രൂപ. കാര്‍ഷിക ആദായ നികുതി 66 കോടി രൂപ. ഭൂനികുതി 126 കോടി രൂപ. എക്‌സൈസ് നികുതി 237 കോടി രൂപ. കേന്ദ്ര വില്‍പന നികുതി 239 കോടി രൂപ. ഇങ്ങനെ നീണ്ടുപോകുന്നു പട്ടിക.
ഈ തുകയില്‍ 9500 കോടി രൂപ മാത്രമാണ് തര്‍ക്കമുളളതും കോടതിയില്‍ കേസുളളതും. ശേഷം തുക നികുതിദാതാവുപോലും അംഗീകരിക്കുന്നതാണ്. ഇവര്‍ക്കു മുന്നിലാണ് മുഖ്യമന്ത്രി തന്റെ ഉശിരു കാണിക്കേണ്ടത്. അല്ലാതെ പാവപ്പെട്ട ജനങ്ങളോടല്ല.
9. എങ്ങനെ ഈ സമരം പ്രായോഗികമാകും?
പഴയനിരക്കില്‍ വെളളക്കരത്തിന് നോട്ടീസ് തന്നാല്‍ നികുതി ഒടുക്കും. വര്‍ദ്ധിപ്പിച്ച കരം ഒടുക്കുകയില്ല. അതിന്റെപേരില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ വന്നാല്‍ ജനകീയമായി ചെറുത്തുനില്‍പ്പു സംഘടിപ്പിക്കും. സമരഭടന്മാരെ വേണമെങ്കില്‍ പോലീസിന് ജയിലിടയ്ക്കാം. എന്താണിതില്‍ അപ്രായോഗികത? പക്ഷേ, ഈ പ്രഖ്യാപനം ഇതിനകം ഫലിച്ചുകഴിഞ്ഞു. വെളളക്കരവര്‍ദ്ധനയുടെ പരിധി 15000 ലിറ്ററായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു കഴിഞ്ഞു. ഇതുപോലെ മറ്റു സേവനങ്ങളുടെ നിരക്കുകളും കുറയ്ക്കാന്‍ തയ്യാറാകണം. ഈ സമരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി അതിവിപുലമായ കാമ്പയിനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്.
സ: വി.എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത് എന്ന് പ്രതിപക്ഷ നേതാവ് സ: വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കക്ഷിനേതാക്കള്‍ ഗവര്‍ണ്ണറെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടു.
ഈ പകല്‍ കൊള്ളയ്‌ക്കെതിരെ സെപ്തംബര്‍ 29, 30 തീയതികളില്‍ പ്രാദേശിക തലത്തില്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ഇതിന്റെ തുടര്‍ച്ചയായി ഒക്ടോബര്‍ 8ന് ജില്ല കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റ് പടിക്കലും വന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും . ഒക്ടോബര്‍ 11 മുതല്‍ 18 വരെയുള്ള ഒരാഴ്ചക്കാലം എല്‍.ഡി.എഫ് വൊളന്റീയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്രചരണം നടത്തും.
തുടര്‍ന്ന് ഒക്ടോബര്‍ അവസാനം വാര്‍ഡ് അടിസ്ഥാനത്തില്‍ നികുതി ദായകരുടെ യോഗം ചേര്‍ന്ന് അധിക നികുതി നല്കില്ലെന്ന പ്രഖ്യാപനം നടത്തും. ഇതാണ് സമരരീതി.

Tuesday, September 30, 2014

ട്രഷറിസേവിങ്‌സ് ബാങ്ക് തകര്‍ത്തതെന്തിന്‌?


ഒക്ടോബര്‍ ആദ്യം കേരളം വീണ്ടും ഓവര്‍ഡ്രാഫ്റ്റിലാകും. ശമ്പളത്തിനും പെന്‍ഷനുംമാത്രം വേണ്ടിവരുന്ന 2,500 കോടി രൂപ കണ്ടെത്തണമെങ്കില്‍ വായ്പയെടുത്തേ തീരൂ. പക്ഷേ, ഈ ധനകാര്യവര്‍ഷത്തിലെ മൂന്നാംപാദത്തില്‍ അനുവദനീയമായ കമ്പോളവായ്പ എടുക്കണമെങ്കില്‍ ഒക്ടോബര്‍ 14 വരെ കാത്തിരിക്കണം. സ്വാഭാവികമായും ഒക്ടോബര്‍ ആദ്യവാരം ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാകും. ഓണക്കാലത്ത് 150 കോടിയായിരുന്നു ഓവര്‍ ഡ്രാഫ്‌റ്റെങ്കില്‍ ഇക്കുറി അത് 1,000 കോടി കടന്നേക്കും. ഇത്രയും വലിയ തുക അഞ്ചുദിവസത്തിലധികം കുടിശ്ശിക കിടന്നാല്‍ സര്‍ക്കാറുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ഏജന്‍സി ബാങ്കായ എസ്.ബി.ടി.യോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെടും. ട്രഷറി പൂട്ടിയിടുകയേ നിര്‍വാഹമുള്ളൂ. 

എന്താണ് രക്ഷാമാര്‍ഗം? പൊതുമേഖലാ സ്ഥാപനങ്ങളുടെയും ക്ഷേമനിധി ബോര്‍ഡുകളുടെയുമെല്ലാം കൈയിലുള്ള പണം ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ ഇടാന്‍ ആവശ്യപ്പെടുക. ശരിക്കുപറഞ്ഞാല്‍ സര്‍ക്കാര്‍ ഇവരില്‍ നിന്ന് വായ്പയെടുക്കുകയാണ്. പക്ഷേ, ഔപചാരികമായി ഇവര്‍ സ്വമേധയാ പണം സര്‍ക്കാറിന്റെ പക്കല്‍ സൂക്ഷിക്കാന്‍ കൊടുക്കുക മാത്രമാണ്, അഥവാ ഡെപ്പോസിറ്റ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഈ ന്യായംപറഞ്ഞ് നമുക്ക് വായ്പയെടുക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ഒഴിവാക്കാം. തത്കാലം പ്രതിസന്ധിയില്‍നിന്ന് കരകയറാം.

പക്ഷേ, ഇതത്ര എളുപ്പമല്ല. കാരണം, പണമെല്ലാം ഈ സര്‍ക്കാര്‍ ഏജന്‍സികള്‍ വാണിജ്യബാങ്കുകളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിരിക്കയാണ്. അത് പെട്ടെന്ന് പിന്‍വലിക്കാനാവില്ല. ഓണക്കാലത്തും ഈ ശ്രമം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പക്ഷേ, ആകെ ട്രഷറിയിലെത്തിയത് 400 കോടി മാത്രമാണ്. ഇപ്പോള്‍ കൂടുതല്‍ തീവ്രമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിജയിച്ചാല്‍ ഒക്ടോബര്‍ ആദ്യവാരത്തെ പ്രതിസന്ധി ഒഴിവാക്കാം. പക്ഷേ, ഒക്ടോബറില്‍ രക്ഷപ്പെട്ടാലും മാര്‍ച്ചില്‍ ഇതേ അവസ്ഥ വീണ്ടുമുണ്ടാകും. ട്രഷറിക്ക് പൂട്ടുവീഴും. ഈ സ്ഥിതിവിശേഷം ഒഴിവാക്കാനാണ് രണ്ടും കല്‍പ്പിച്ച് നികുതികൂട്ടാന്‍ തുനിഞ്ഞിറങ്ങിയത്.

സര്‍ക്കാര്‍ സ്വയം വരുത്തിവെച്ച പ്രതിസന്ധിയാണിത്. യു.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തോടുചെയ്ത ഏറ്റവും വലിയ പാതകങ്ങളിലൊന്ന്, ആപത്ഘട്ടങ്ങളില്‍ സര്‍ക്കാറിന് താങ്ങായി മാറേണ്ട ട്രഷറി സേവിങ്‌സ് ബാങ്കിനെ തകര്‍ത്തതാണ്. ട്രഷറി സേവിങ്‌സ് ബാങ്കിനെ ആധുനികീകരിക്കാന്‍, കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. പെന്‍ഷനും ശമ്പളവുമെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കിയതും ട്രഷറി സേവിങ്‌സ് ബാങ്കിന്റെ സാധ്യതകളെ കൊട്ടിയടച്ചു. പലിശയുടെ ബാധ്യതയില്ലാതെ വര്‍ഷംതോറും ട്രഷറിയില്‍ കിടക്കേണ്ട രണ്ടായിരത്തോളം കോടി രൂപ അങ്ങനെ ബാങ്കുകളുടെ കീശയിലായി.

തീര്‍ന്നില്ല. സര്‍ക്കാര്‍ പണം ട്രഷറിയെ ഒഴിവാക്കി വാണിജ്യബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്എന്തിന് ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപോലുംഅനുവാദം നല്‍കി. അതൊക്കെ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷേ, വൈകിപ്പോയി.

എന്താണീ ട്രഷറി സേവിങ്‌സ് ബാങ്ക്? കേരളത്തിനുമാത്രമുളള ഒരു അപൂര്‍വ സൗഭാഗ്യമാണത്. ഇന്ത്യയില്‍ ജമ്മു കശ്മീരിന് മാത്രമേ സ്വന്തമായൊരു ബാങ്കുള്ളൂജെ.കെ. ബാങ്ക്. കശ്മീരിന് പ്രത്യേക പദവിയാണല്ലോ. പക്ഷേ, നമുക്കുമാത്രമെങ്ങനെ ട്രഷറി സേവിങ്‌സ് ബാങ്കുണ്ടായി? തിരുവിതാംകൂര്‍ സര്‍ക്കാറിന് സ്വന്തമായി കസ്റ്റംസ് വകുപ്പും തപാല്‍ വകുപ്പുമൊക്കെ ഉണ്ടായിരുന്നതുപോലെ സമ്പാദ്യപ്രോത്സാഹനാര്‍ഥം ട്രഷറിയില്‍ ഒരു സേവിങ്‌സ് ബാങ്കും ഉണ്ടായിരുന്നു.

തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ ട്രഷറി സേവിങ്‌സ് ബാങ്ക് ഒഴികെ മറ്റുള്ളവയെല്ലാം നിര്‍ത്തലാക്കി. ട്രഷറി സേവിങ്‌സ് ബാങ്ക് പൂട്ടിക്കാന്‍ എന്തുകൊണ്ടോ വിട്ടുപോയി. ഈ ബാങ്ക് പൂട്ടിക്കെട്ടണമെന്ന് റിസര്‍വ് ബാങ്ക് പിന്നീട് പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഒരു സര്‍ക്കാറും വഴങ്ങിയിട്ടില്ല. ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ നമുക്കുകിട്ടിയ അവകാശവും പൈതൃകവുമാണ് ട്രഷറി ബാങ്കെന്നാണ് നാം നല്‍കാറുള്ള മറുപടി.

ട്രഷറി സേവിങ്‌സ് ബാങ്കുകൊണ്ടുള്ള നേട്ടമെന്താണ്? പൗരന്മാര്‍ക്ക് അവരുടെ സമ്പാദ്യം ഇവിടെയും നിക്ഷേപിക്കാം. നിക്ഷേപകര്‍ ആവശ്യപ്പെടുമ്പോള്‍ ട്രഷറി അധികൃതര്‍ പണം മടക്കിനല്‍കും. പിന്‍വലിക്കാതെ കിടക്കുന്നിടത്തോളം ട്രഷറി സേവിങ്‌സ് ബാങ്കിലെ നിക്ഷേപം സര്‍ക്കാറിന് എടുത്തുപയോഗിക്കാം. മറ്റൊരര്‍ഥത്തില്‍, സര്‍ക്കാറിന്റെ വിഭവസമാഹരണത്തിന് ഒരുപാധിയാണ് ഈ സംവിധാനം.

അങ്ങനെ കേന്ദ്രസര്‍ക്കാറിന്റെ അനുവാദമില്ലാതെ നമുക്ക് പരോക്ഷമായി വായ്പയെടുക്കാനുള്ള ഒരു ഉപാധി ലഭിച്ചു. ഈ സൗകര്യം മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്കില്ല. അതുകൊണ്ടാണ് റിസര്‍വ് ബാങ്ക് നമ്മുടെ ട്രഷറി സേവിങ്‌സ് ബാങ്കിനെ എതിര്‍ക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാവുകയും സംസ്ഥാനങ്ങള്‍ക്ക് ധനഉത്തരവാദിത്വനിയമം കൂച്ചുവിലങ്ങാവുകയും ചെയ്ത സാഹചര്യത്തില്‍ ട്രഷറി സേവിങ്‌സ് ബാങ്കിന് വളരെ പ്രാധാന്യമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വതന്ത്രമായ ധനനയ രൂപവത്കരണത്തിന് ഒരു സുപ്രധാനമായ ഉപാധിയാണ് ട്രഷറി സേവിങ്‌സ് ബാങ്ക്.

ഓരോ വര്‍ഷവും ബജറ്റ് തയ്യാറാക്കുമ്പോള്‍ അടുത്ത വര്‍ഷം ട്രഷറി സേവിങ്‌സ് ബാങ്കില്‍ പുതുതായി എത്ര ഡെപ്പോസിറ്റുവരും എത്ര ഡെപ്പോസിറ്റുകള്‍ തിരിച്ചുകൊടുക്കേണ്ടിവരും എന്ന് കണക്കാക്കും. നിക്ഷേപത്തിലുണ്ടാകുന്ന അസല്‍ വര്‍ധന സര്‍ക്കാറിന്റെ പബ്ലിക് അക്കൗണ്ടിലുള്ള വരുമാനമായി ബജറ്റില്‍ വകയിരുത്തുകയും ചെയ്യും. ആകസ്മികമായ ധനഞെരുക്കം നേരിടുന്ന ഘട്ടങ്ങളില്‍ ട്രഷറി സേവിങ്‌സ് ബാങ്ക്്വഴി വായ്പയെടുത്ത് രക്ഷപ്പെടുകയും ചെയ്യാം.

ഇത് മുന്നില്‍ക്കണ്ടാണ് ട്രഷറി നവീകരണത്തിന് കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിപുലമായ പരിപാടി ആവിഷ്‌കരിച്ചത്. ആദ്യം പൗരാവകാശരേഖ പ്രസിദ്ധീകരിച്ചു. ട്രഷറിയില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ഓരോന്നും എത്ര സമയത്തിനുള്ളില്‍ ചെയ്തുകൊടുക്കുമെന്നതാണ് ഈ രേഖയുടെ ഉള്ളടക്കം.

ഇന്ന് കേരള സര്‍ക്കാര്‍ ചെയ്യുന്നതുപോലെ സംസ്ഥാനാടിസ്ഥാനത്തില്‍ ഏകീകൃതരൂപത്തിലുള്ള രേഖയായിരുന്നില്ല ട്രഷറി പൗരാവകാശരേഖ. ഓരോ ഓഫീസിലെയും സൗകര്യങ്ങള്‍ വിലയിരുത്തി അതത് ഓഫീസിലെ ജീവനക്കാര്‍ കൂട്ടായിട്ടാണ് ഓരോ ഓഫീസിലും പൗരാവകാശരേഖ തയ്യാറാക്കിയത്.

ഇപ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ട്രഷറികളിലും സോഷ്യല്‍ ഓഡിറ്റ് നടത്തി. രേഖാമൂലമുള്ള എല്ലാ പരാതികള്‍ക്കും അച്ചടിച്ച മറുപടി യോഗത്തില്‍ വിതരണംചെയ്തു. ഏതൊരു ട്രഷറി ഇടപാടുകാരനും യോഗത്തില്‍ പങ്കെടുക്കാനും സര്‍ക്കാറിന്റെ മറുപടി സംബന്ധിച്ച് അഭിപ്രായം പറയാനും അവകാശമുണ്ടായിരുന്നു. തര്‍ക്കമുണ്ടെങ്കില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പൗരപ്രമുഖരുടെ ജൂറിയുണ്ടായിരുന്നു. 79,000 പേര്‍ വിവിധ ട്രഷറികളില്‍നടന്ന സോഷ്യല്‍ ഓഡിറ്റ് യോഗങ്ങളില്‍ പങ്കെടുത്തു.

സോഷ്യല്‍ ഓഡിറ്റിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ട്രഷറി നവീകരണ പരിപാടിക്ക് ജൂറിമാരുടെ സംസ്ഥാനതല കണ്‍വെന്‍ഷനില്‍ രൂപരേഖ തയ്യാറാക്കി. ട്രഷറികളിലെ ഭൗതികസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 120 കോടി ചെലവുവരുന്ന ഒരു പദ്ധതിയുമുണ്ടാക്കി. 70 ട്രഷറികള്‍ക്ക് പുത്തന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനും മറ്റുള്ളവ പുതുക്കാനും തീരുമാനിച്ചു. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചുകൊണ്ട് ട്രഷറി സേവിങ്‌സ് ബാങ്കില്‍ നിക്ഷേപം വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കെട്ടിലും മട്ടിലും ഏതൊരു ധനകാര്യസ്ഥാപനത്തെയും പോലെ ട്രഷറിയും മാറിയാലേ അതിന് കഴിയുകയുള്ളൂവെന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ തിരിച്ചറിഞ്ഞു.

ട്രഷറിയില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കി. എം.എല്‍.എ.മാര്‍ സമാഹരിക്കുന്ന നിക്ഷേപത്തിന് തുല്യമായ തുകയ്ക്ക് മരാമത്തുപണികള്‍ അനുവദിക്കാനുള്ള സ്‌കീം ആരംഭിച്ചു. മിച്ചമുള്ള പണം ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് എല്ലാ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എല്‍.ഡി.എഫ്. സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കി. ഏറ്റവും പ്രധാനപ്പെട്ട നടപടി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ട്രഷറി അക്കൗണ്ടുവഴിയാക്കാന്‍ തീരുമാനിച്ചതാണ്. ശമ്പളത്തുക ഘട്ടംഘട്ടമായേ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കൂ. അതുവരെ അത്രയും പണം ട്രഷറിയില്‍ത്തന്നെ കിടക്കും. ഇതടക്കം വര്‍ഷാവസാനം ശരാശരി 20 ശതമാനമെങ്കിലും പണം ട്രഷറി അക്കൗണ്ടില്‍ ബാക്കിവരും. ഒരു പലിശയും നല്‍കാതെ 2,000 കോടി രൂപയെങ്കിലും കാഷ് ബാലന്‍സായി ട്രഷറിയില്‍ ലഭിക്കും. നാള്‍ക്കുനാള്‍ ഈ തുക വര്‍ധിച്ചുവരികയും ചെയ്യും.

പക്ഷേ, ബാങ്കിലെന്നപോലെ പണം സുഗമമായി പിന്‍വലിക്കാന്‍ കഴിയണം. അതിനാണ് ബാങ്കുകളുടെ എ.ടി.എമ്മുമായി ട്രഷറികളെ ബന്ധപ്പെടുത്താന്‍ ശ്രമിച്ചത്. പക്ഷേ, ഈ പദ്ധതിക്ക് കേരളത്തിലെ ബാങ്കുകള്‍ പാരവെച്ചു. റിസര്‍വ് ബാങ്കിന്റെ അനുമതിയും ലഭിച്ചില്ല. അങ്ങനെവന്നപ്പോഴാണ് പ്രമുഖ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വതന്ത്രമായ ട്രഷറി എ.ടി.എം. സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

പക്ഷേ, സര്‍ക്കാര്‍ മാറിയതോടെ എല്ലാ പദ്ധതികള്‍ക്കും ഫുള്‍സ്റ്റോപ്പ് വീണു. നവീകരണപദ്ധതി ഉപേക്ഷിക്കപ്പെട്ടു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ തീരുമാനിച്ചതോടെ ട്രഷറിയുടെ പതനം പൂര്‍ണമായി.

ട്രഷറിയെ തകര്‍ത്ത ചതി ആര്‍ക്കുവേണ്ടിയായിരുന്നു? പലതവണ നിയമസഭയില്‍ ഈ ചോദ്യം ഉന്നയിച്ചിട്ടും ഉത്തരമില്ല. ആരോടും ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം കേരളത്തിന്റെ ധനഭാവിക്കുമേല്‍ വീണ വലിയ കരിനിഴലാണ്. ഈ നിലയ്ക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ട്രഷറി സേവിങ്‌സ് ബാങ്ക് വേണ്ടെന്നുവെക്കാന്‍പോലും സര്‍ക്കാര്‍ മുതിര്‍ന്നേക്കാം.

ട്രഷറി സേവിങ്‌സ് ബാങ്കിനെയും പബ്ലിക് അക്കൗണ്ടിനെയും കേരള വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് മുന്‍ ധനകാര്യ സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായിരുന്ന രവീന്ദ്രന്‍നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴിത് സെക്രട്ടേറിയറ്റിന്റെ ഏതോ മൂലയില്‍ പൊടിപിടിച്ച് കിടക്കുകയാണ്. ചുമതലപ്പെട്ടവര്‍ അതൊന്ന് എടുത്ത് വായിച്ചുനോക്കുന്നത് നല്ലതായിരിക്കും.

Wednesday, September 17, 2014

കേരളം വികസനസ്തംഭനത്തിലേക്ക്, ധനവകുപ്പ് മാപ്പുസാക്ഷി

താത്കാലികമായ ധനവൈഷമ്യം മാത്രമാണ് കേരളം നേരിടുന്നതെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും എത്ര വാദിച്ചാലും സത്യമതല്ല. ഈ ഓണക്കാലത്ത് ശമ്പളവും പെന്‍ഷനുമല്ലാതുള്ള ഒരു ബില്ലും മാറിയില്ല. ക്ഷേമപ്പെന്‍ഷനുകള്‍ കുടിശ്ശികയായി. പണമില്ലാത്തതുമൂലം മാവേലിസ്റ്റോറുകളും കണ്‍സ്യൂമെര്‍ഫെഡും നോക്കുകുത്തികളായി. എന്നിട്ടും സംസ്ഥാന ഖജനാവില്‍ പണമില്ല. വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് ആയി റിസര്‍വ് ബാങ്കില്‍നിന്ന് 535 കോടി കൈവായ്പയെടുത്തു. അതുകൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. ഓവര്‍ ഡ്രാഫ്റ്റായി പിന്നെയും നൂറോ നൂറ്റമ്പതോ കോടി കൂടി കടമെടുത്തു. 14 പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ ഈ പണം തിരിച്ചടച്ചില്ലെങ്കില്‍ ട്രഷറി ഇടപാടുകള്‍ റിസര്‍വ് ബാങ്ക് മരവിപ്പിക്കും. അതിനുമുമ്പ് പണം തിരിച്ചടച്ച് സ്തംഭനം ഒഴിവാക്കുമെന്ന് തീര്‍ച്ചയാണ്. പക്ഷേ, പ്രതിസന്ധി തീരില്ല.

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ബജറ്റുകളില്‍ പ്രതീക്ഷിച്ച റവന്യൂകമ്മിയും യഥാര്‍ഥത്തിലുള്ള റവന്യൂകമ്മിയും താരതമ്യപ്പെടുത്തിയാല്‍ പ്രശ്‌നത്തിന്റെ ആഴം ബോധ്യമാകും. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമൊഴിഞ്ഞ 2010'11ല്‍ റവന്യൂകമ്മി 3,673 കോടി രൂപയായിരുന്നു. സംസ്ഥാന വരുമാനത്തിന്റെ 1.3 ശതമാനം. 2011'12ല്‍ 5,534 കോടിയായിരുന്നു മതിപ്പ്. എ.ജി.യുടെ യഥാര്‍ഥ കണക്കുവന്നപ്പോള്‍ റവന്യൂകമ്മി 8,034 കോടിയായി. പ്രതീക്ഷിച്ചതിനേക്കാള്‍ 2,500 കോടി കൂടുതല്‍. 2012'13ലും ഇതുതന്നെ ആവര്‍ത്തിച്ചു.
റവന്യൂ കമ്മി 3,463 കോടിയായിരിക്കുമെന്ന് ബജറ്റില്‍ പ്രതീക്ഷിച്ചെങ്കിലും അന്തിമ കണക്കിലത് 9,351 കോടിയായി. 5,884 കോടി അധികം. 2013'14ല്‍ സ്ഥിതി കൂടുതല്‍ വഷളായി. 2,261 കോടി റവന്യൂകമ്മി എന്നായിരുന്നു അക്കൊല്ലത്തെ ബജറ്റ് പ്രതീക്ഷ. യഥാര്‍ഥ കണക്കുവന്നപ്പോള്‍ കമ്മി 11,314 കോടിയായി പെരുകി (സംസ്ഥാന വരുമാനത്തിന്റെ 2.8 ശതമാനം). കണക്കുകൂട്ടിയതിനേക്കാള്‍ 9,045 കോടി അധികം. ഈ വര്‍ഷം 7,133 കോടി രൂപ കമ്മിവരുമെന്നാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ആഗസ്ത് വരെയുള്ള കണക്കുകളുടെ സൂചനപ്രകാരം വര്‍ഷാവസാനം കമ്മി 15,000 കോടിയെങ്കിലുമായി ഉയരും.
ഇക്കാരണങ്ങള്‍കൊണ്ടാണ് സംസ്ഥാനം നേരിടുന്നത് ധനപ്രതിസന്ധിയാണ് എന്ന് ഞങ്ങള്‍ വാദിക്കുന്നത്. പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേട് അടിക്കടി കൂടുന്നു. 2014'15ല്‍ കമ്മി പൂജ്യമാക്കുമെന്ന് നിയമം പാസാക്കിയവരാണ് യു.ഡി.എഫ്. സര്‍ക്കാര്‍. പക്ഷേ, ഈ വര്‍ഷം കമ്മി സര്‍വകാല റെക്കോഡായിരിക്കും. 3.2 ശതമാനമെങ്കിലുമാകും. ഇത് ധനകാര്യത്തകര്‍ച്ചയുടെ പ്രവണതയാണ്. സംസ്ഥാനത്ത് ധനവൈഷമ്യമാണോ ധനപ്രതിസന്ധിയാണോ എന്ന് ഇനി വായനക്കാര്‍ക്ക് തീരുമാനിക്കാം.

എല്‍.ഡി.എഫ്. കാലത്തും വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സും ഓവര്‍ ഡ്രാഫ്റ്റുമൊക്കെ എടുത്തിട്ടുണ്ട് എന്നൊക്കെ ആശ്വസിക്കാന്‍ ധനമന്ത്രി ശ്രമിക്കുന്നുണ്ട്. ശരിയാണ്. മഴ തോര്‍ന്നാലും മരം പെയ്യുന്നതുപോലെ, എല്‍.ഡി.എഫ്. ഭരണത്തിന്റെ ആദ്യ രണ്ടുവര്‍ഷം ട്രഷറി ഓവര്‍ ഡ്രാഫ്റ്റായിട്ടുണ്ട്. എന്നാല്‍, യു.ഡി.എഫ്. ഭരണകാലത്ത് ശരാശരി ഒരു വര്‍ഷം 180 ദിവസമായിരുന്നു ട്രഷറി ഓവര്‍ ഡ്രാഫ്റ്റ്. എന്നാല്‍, എല്‍.ഡി.എഫ്. ഭരണം രണ്ടുവര്‍ഷം പിന്നിട്ടപ്പോഴേക്കും ഓവര്‍ ഡ്രാഫ്റ്റ് ദിനങ്ങള്‍ ഇല്ലാതായി. എന്തിന്, 2009'10 മുതല്‍ ഒരിക്കലും റിസര്‍വ് ബാങ്കില്‍നിന്ന്് കൈവായ്പപോലും വാങ്ങേണ്ടിവന്നിട്ടില്ല.
എല്‍.ഡി.എഫ്. ഭരണകാലത്തും റവന്യൂകമ്മി ഇല്ലാതാക്കാനായില്ല. പക്ഷേ, യു.ഡി.എഫ്. ഭരണകാലത്ത് ശരാശരി 3.8 ശതമാനമായിരുന്ന റവന്യൂകമ്മി എല്‍.ഡി.എഫ്. 1.96 ശതമാനമാക്കി കുറച്ചു. 2010'11ല്‍ ഇത് 1.33 ശതമാനമായി താഴ്ന്നു. ഈ പ്രവണത തുടര്‍ന്നിരുന്നെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തിനകം റവന്യൂകമ്മി ഇല്ലാതാകുമായിരുന്നു.

കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് റവന്യൂ കമ്മിയുടെ ശരാശരി വളരെ ഉയര്‍ന്നതാണെങ്കിലും പൊതുവില്‍ കുറഞ്ഞുവരികയായിരുന്നു. എല്‍.ഡി.എഫ്. ഭരണകാലത്ത് ഈ പ്രവണത ശക്തിപ്പെട്ടു. ചുരുക്കത്തില്‍ ഇപ്പോഴത്തെ സര്‍ക്കാറിന് മുമ്പുള്ള പത്തുവര്‍ഷക്കാലം ഏറ്റക്കുറച്ചിലുണ്ടെങ്കിലും സാമ്പത്തിക സന്തുലിതാവസ്ഥ മെച്ചപ്പെട്ടുവരികയായിരുന്നു. റവന്യൂ ചെലവുകള്‍ ഞെരുക്കിയാണ് എ.കെ. ആന്റണി കമ്മി കുറയ്ക്കാന്‍ ശ്രമിച്ചതെങ്കില്‍ റവന്യൂവരുമാനം വര്‍ധിപ്പിച്ചുകൊണ്ട് എല്‍.ഡി.എഫ്. ആ ലക്ഷ്യത്തിലേക്കെത്തി. യു.ഡി.എഫ്. കാലത്ത് റവന്യൂ വരുമാനം 11 ശതമാനം വീതം പ്രതിവര്‍ഷം ഉയര്‍ന്നപ്പോള്‍ എല്‍.ഡി.എഫ്. ഭരണകാലത്ത് വളര്‍ച്ച 16 ശതമാനം വീതമായിരുന്നു. റവന്യൂചെലവ്, യു.ഡി.എഫ്. കാലത്ത് എട്ട് ശതമാനം വീതം ഉയര്‍ന്നപ്പോള്‍ എല്‍.ഡി.എഫ്. കാലത്ത് 13 ശതമാനം വീതം ഉയര്‍ന്നു. ഇപ്പോഴും ചെലവുകള്‍ കുത്തനെ ഉയരുന്നു. വരുമാനമൊട്ട് കൂടുന്നുമില്ല. ഫലമോ സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധിയിലേക്ക് വീണിരിക്കുന്നു.

മന്ദഗതിയിലുള്ള നികുതിപിരിവാണ് റവന്യൂ വരുമാനത്തിന്റെ മുരടിപ്പിന് കാരണം. കഴിഞ്ഞവര്‍ഷം 24 ശതമാനം നികുതിപിരിവ് വര്‍ധിക്കുമെന്നാണ് ബജറ്റില്‍ കണക്കാക്കിയിരുന്നത്. പക്ഷേ, നേടിയത് 12 ശതമാനം മാത്രം. കഴിഞ്ഞവര്‍ഷം പിരിച്ച നികുതിയേക്കാള്‍ 30 ശതമാനം കൂടുതല്‍ നടപ്പുവര്‍ഷത്തില്‍ പിരിച്ചാലേ ബജറ്റ് ലക്ഷ്യത്തിലെത്തൂ. പക്ഷേ, ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള നാലുമാസത്തെ അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകള്‍ പ്രകാരം മൊത്തം നികുതിവരുമാനത്തിലെ വര്‍ധന 9.7 ശതമാനമാണ്. ലക്ഷ്യമിട്ടതിന്റെ മൂന്നിലൊന്ന് മാത്രം. നികുതിവരുമാനത്തിലെ ഇടിവിന് കാരണം ബാറുകള്‍ പൂട്ടിയതല്ല എന്ന് വ്യക്തം. 2013'14ല്‍ ഈ കാലയളവില്‍ 620 കോടി എക്‌സൈസ് നികുതി ലഭിച്ച സ്ഥാനത്ത് നടപ്പുവര്‍ഷം കിട്ടിയത് 660 കോടി.
വാറ്റ് നികുതി നിരക്കുകള്‍ ശരാശരി ഏതാണ്ട് 20 ശതമാനമാണ് യു.ഡി.എഫ്. ഉയര്‍ത്തിയത്. എല്ലാ ബജറ്റിലും മദ്യത്തിന്റെ നികുതി കൂട്ടി. കഴിഞ്ഞ ബജറ്റില്‍ തുണിക്കും നികുതി ഏര്‍പ്പെടുത്തി. എന്നിട്ടും നികുതിപിരിവ് മന്ദഗതിയിലാകുന്നത് എന്തുകൊണ്ട്? ഇന്ത്യയിലെ സാമ്പത്തികമുരടിപ്പാണ് കാരണം എന്ന വിശദീകരണമൊന്നും അംഗീകരിക്കാനാവില്ല. കാരണം ഗള്‍ഫ് പണവരുമാനത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ ഉപഭോഗം. അത് കഴിഞ്ഞവര്‍ഷം 90,000 കോടി രൂപ കവിഞ്ഞ് സര്‍വകാല റെക്കോഡിലാണ്. അപ്പോള്‍പ്പിന്നെ നികുതിവരുമാനം ഇടിയുന്നതിന് കാരണം കെടുകാര്യസ്ഥതയും അഴിമതിയും മൂലമുള്ള നികുതിച്ചോര്‍ച്ചയാണെന്ന് വ്യക്തം.

കേരളത്തിലുപയോഗിക്കുന്ന ചരക്കുകളുടെ 85 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നാണ് വരുന്നത്. ഓരോ കച്ചവടക്കാരനും കേരളത്തിലേക്ക് കൊണ്ടുവരുന്ന ചരക്കുകളുടെ കണക്ക് ചെക്‌പോസ്റ്റില്‍ വെച്ചുതന്നെ തിട്ടപ്പെടുത്തിയാല്‍ പിന്നെ വെട്ടിപ്പ് അസാധ്യമാകും. അതുകൊണ്ട് ചെക്‌പോസ്റ്റുകളെ അഴിമതിവിമുക്തമാക്കുന്നതിനുവേണ്ടി ഒരു യജ്ഞംതന്നെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടത്തി. 25,000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുപോലും പ്രധാനപ്പെട്ട ഒരു ചെക്‌പോസ്റ്റില്‍പ്പോലും അഴിമതി കണ്ടുപിടിക്കാന്‍ ആര്‍ക്കുമായില്ല. എന്നാല്‍, ഇന്ന് എല്ലാം തലകീഴായിരിക്കുന്നു.
നികുതിഭരണത്തിന്റെ സര്‍വതലങ്ങളിലും മന്ത്രിയോഫീസ് മുതലുള്ള വിവിധ തട്ടുകളിലെ രാഷ്ട്രീയനേതാക്കള്‍ ഇടപെടുന്നുണ്ട്. ഇതിന് രണ്ട് പ്രത്യാഘാതങ്ങളുണ്ട്. ഒന്ന്, സത്യസന്ധരായ ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാണ്. രണ്ട്, അല്ലാതുള്ളവര്‍ തങ്ങള്‍ക്കും കൈയിട്ടുവാരാനുള്ള അവസരമായി ഇതുപയോഗിക്കുന്നു. രണ്ടായാലും ഫലം അരാജകത്വം.
വരുമാനം ഉയരാത്തതിന് ഉത്തരം പറയേണ്ടത് ധനമന്ത്രിയാണെങ്കില്‍, ലക്കുംലഗാനുമില്ലാതെ ചെലവുകൂട്ടുന്നതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. തോന്നുംപോലെയാണ് പ്രഖ്യാപനങ്ങള്‍. ബജറ്റും ബജറ്റ് പ്രഖ്യാപനങ്ങളും പ്രഹസനമാണ്. ധനവകുപ്പിന് മാപ്പുസാക്ഷിയുടെ റോള്‍ മാത്രം. പ്ലസ് ടു വിഷയം മാത്രമെടുക്കുക. ഇന്നത്തെ ധനഃസ്ഥിതിയില്‍ പുതിയ സ്‌കൂളുകള്‍ വേണ്ട എന്നായിരുന്നു ധനവകുപ്പും കാബിനറ്റുമെല്ലാം ചര്‍ച്ചചെയ്ത് ആദ്യം തീരുമാനിച്ചത്. നിലവിലുള്ള ക്ലാസുകളില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാനും അത്യാവശ്യത്തിന് പുതിയ ബാച്ചുകള്‍ അനുവദിക്കാനും തീരുമാനിച്ചു.

ആരോട് ആലോചിച്ചാണ് ഈ തീരുമാനം അട്ടിമറിച്ചത്? 141 സ്‌കൂളുകളടക്കം 700 ബാച്ചുകളാണ് പുതുതായി അനുവദിച്ചത്. എന്തെങ്കിലും ചര്‍ച്ചയോ പഠനമോ ആലോചനയോ ഇക്കാര്യത്തിലുണ്ടായോ? തീരുമാനത്തിന്റെ ഉത്തരവാദിത്വം ആര്‍ക്ക്? കോടതി കഴുത്തിന് പിടിച്ചപ്പോള്‍ പുതിയ തമാശ. അടുത്തവര്‍ഷം മുതല്‍ അര്‍ഹതയുള്ള എല്ലാ സ്‌കൂളിനും പ്ലസ് ടു ബാച്ച് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വക പ്രഖ്യാപനം. ഇങ്ങനെയാണ് നയങ്ങള്‍ രൂപവത്കരിക്കുന്നത്. ഇത്രയും വലിയ ചെലവ് വഹിക്കാന്‍ സര്‍ക്കാറിന് കഴിയുമോ എന്നൊന്നും ആലോചനപോലുമില്ല.
ഈ മാസം ഓവര്‍ ഡ്രാഫ്റ്റില്‍നിന്ന് കരകയറിയാലും ഇനിയുള്ള മാസങ്ങളിലും സ്ഥിതി ഇതുതന്നെയായിരിക്കും. 17,000 കോടി രൂപയുടെ പദ്ധതിയില്‍ ആഗസ്ത് വരെ ചെലവാക്കിയത് 5.49 ശതമാനം മാത്രമാണ്. അനുവദിച്ച വായ്പയുടെ പകുതി (ഏതാണ്ട് 7,000 കോടി) ഇതിനകം എടുത്തുകഴിഞ്ഞു. 2014'15ല്‍ റവന്യൂകമ്മി പൂജ്യമാക്കണമെന്ന നിയമം പാലിക്കണമെങ്കില്‍ വായ്പയെടുത്ത തുക മുഴുവന്‍ മൂലധനച്ചെലവിനേ ഉപയോഗിക്കാവൂ. നടപ്പുവര്‍ഷത്തില്‍ 7,000 കോടി രൂപ വായ്പയെടുത്തപ്പോള്‍ ഇതുവരെ പദ്ധതിയില്‍ മൂലധനച്ചെലവിന് കഷ്ടിച്ച് 300 കോടിയേ ചെലവാക്കിയിട്ടുള്ളൂ. കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പെരുകുന്നതില്‍ അദ്ഭുതമുണ്ടോ? പശ്ചാത്തലസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് പിന്മാറിയിട്ട് എത്ര എമര്‍ജിങ് കേരളയോ യെസ് കേരളയോ നടത്തിയിട്ടും ഒരു കാര്യവുമില്ല. ധനപരമായ അരാജകത്വം കേരളത്തെ വികസനസ്തംഭനത്തിലേക്ക് എത്തിക്കുകയാണ് 

കേരളം വീണ്ടും സാമ്പത്തിക വറുതിയിലേക്ക്

Kerala Kaumudi: Friday, 12 September 2014 


ട്രഷറി സ്തംഭനം, ഓവർഡ്രാഫ്റ്റ് തുടങ്ങിയവ മാദ്ധ്യമ തലക്കെട്ടുകളായിരുന്ന ഒരു കാലമുണ്ടായിരുന്നു. 1998-99 മുതൽ 2007-2008 വരെയുള്ള കാലയളവിൽ ഭൂരിപക്ഷം ദിവസവും ട്രഷറിയിൽ ചെലവിന് പണം തികയാത്ത അവസ്ഥയായിരുന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഒരു തവണയെങ്കിലും ഓവർഡ്രാഫ്റ്റിലുമാകും, ചില സന്ദർഭങ്ങളിൽ ട്രഷറിയുടെ പ്രവർത്തനം തന്നെ നിറുത്തിവയ്‌ക്കേണ്ടതായും വന്നു. 2007-2008 ഓടെ ഈസ്ഥിതി വിശേഷം ഇല്ലാതായി. ആറു വർഷത്തിനുശേഷം വീണ്ടും ട്രഷറി ഓവർഡ്രാഫ്റ്റ് മാദ്ധ്യമ തലക്കെട്ടായിരിക്കുകയാണ്. എന്താണ് ഓവർഡ്രാഫ്റ്റ്?

സംസ്ഥാന സർക്കാർ ചിലവിനുള്ള പണം മുഖ്യമായും നികുതിയിനത്തിൽ നിന്നും നികുതി ഇതര വരുമാനത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്. കേന്ദ്ര സഹായവും ഒരു പ്രധാനപ്പെട്ട വരുമാനമാണ്. ഇതു കൊണ്ട് വരുമാനം തികഞ്ഞില്ല എങ്കിൽ വായ്പ എടുക്കാം. എത്ര വായ്പ എടുക്കാമെന്ന് കേന്ദ്ര സർക്കാർ ആണ് നിശ്ചയിക്കുക. ഓരോ മൂന്ന് മാസത്തിലും എത്ര രൂപാ എടുക്കാമെന്ന് കേന്ദ്ര സർക്കാർ നിശ്ചയിക്കാറുണ്ട്. തൻമൂലം ചിലപ്പോൾ വായ്പ എടുത്താലും വരുമാനം തികയാത്ത സ്ഥിതി വന്നേയ്ക്കാം.
സർക്കാരിന്റെ അംഗീകൃത വരുമാനം നിത്യ നിദാന ചെലവിലേക്ക് തികയാതെ വരുമ്പോൾ റിസർവ്വ് ബാങ്കിൽ നിന്നും കൈവായ്പ എടുക്കാം. ഇതിനെയാണ് വെയിസ് ആന്റ് മീൻസ് അഡ്വാൻസ് എന്നു പറയുന്നത്. ഇങ്ങനെയുള്ള താത്കാലിക വായ്പയ്ക്ക് പരിധിയുണ്ട്. ഈ ഓണക്കാലത്ത് ഇത്തരത്തിലുള്ള താത്കാലിക വായ്പ അംഗീകൃത പരിധിയായ 525 കോടി രൂപാ കവിഞ്ഞു. ഈ അധിക വായ്പയ്ക്കാണ് ഓവർഡ്രാഫ്റ്റ് എന്നു പറയുന്നത്. 100 കോടിയിലേറെ രൂപ ഓവർഡ്രാഫ്റ്റ് എടുക്കേണ്ടി വന്നു എന്നാണ് അറിവ്.

ഓവർ ഡ്രാഫ്റ്റ് തുക 14 ദിവസത്തിനുള്ളിൽ തിരിച്ച് അടക്കണം. അല്ലാത്തപക്ഷം റിസർവ്വ് ബാങ്ക് ട്രഷറി പ്രവർത്തനം മരവിപ്പിക്കും. ഇത്തരമൊരു സ്ഥിതിവിശേഷം തത്കാലം ഉണ്ടാകാൻ പോകുന്നില്ല. സംസ്ഥാന സർക്കാരിന് അടുത്ത ദിവസങ്ങളിൽ ലഭിക്കാൻ പോകുന്ന നികുതി വരുമാനവും കമ്പോള വായ്പയും ഉപയോഗിച്ച് ഓവർഡ്രാഫ്റ്റ് തിരിച്ചടക്കാൻ സാധിക്കും. പക്ഷേ ഇതൊരു സൂചനയാണ്. ധനകാര്യ വർഷം അവസാനിക്കും മുമ്പ് ഇതിനെക്കാൾ രൂക്ഷമായ പ്രതിസന്ധികൾ പൊട്ടിപുറപ്പെടും.
ഓവർഡ്രാഫ്റ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ട്രഷറിയിൽ ശമ്പളം, പെൻഷൻ, ബില്ലുകൾക്കല്ലാതെ മറ്റെല്ലാത്തിനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു. ഇതുമൂലം ക്ഷേമപെൻഷനുകൾ പലതും ഓണക്കാലത്ത് മുടങ്ങി. മാവേലി സ്‌റ്റോറുകൾക്കും കൺസ്യൂമർ സ്‌റ്റോറുകൾക്കും ഫലപ്രദമായി കമ്പോളത്തിൽ ഇടപെടുവാൻ സാധിച്ചില്ല. കോൺട്രാക്ടർമാർക്ക് 9 മാസത്തെ ബില്ലുകൾ കുടിശിഖയാണ്. തന്മൂലം നിർമ്മാണ പ്രവർത്തനം ആകെ സ്തംഭിച്ചിരിക്കുന്നു.
വളരെ പ്രധാനപ്പെട്ട മറ്റൊരു വസ്തുത പദ്ധതി പ്രവർത്തനങ്ങളുടെ സ്തംഭനമാണ്. ഏപ്രിൽ- ആഗസ്റ്റ് മാസത്തിൽ പദ്ധതി അടങ്കലിലുള്ള 4.5% തുക മാത്രമാണ് ചെലവഴിച്ചത്. 50 ലക്ഷത്തിൽ കൂടുതലുള്ള ഒരു ബില്ലും ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ മാറികൊടുക്കേണ്ട എന്നാണ് ട്രഷറി ജീവനക്കാർക്കുള്ള നിർദ്ദേശം. വികസന പ്രവർത്തനങ്ങൾ മരവിച്ചു.

ഒരു വശത്ത് പദ്ധതി പ്രവർത്തനവും നിർമ്മാണ പ്രവർത്തനവും സ്തംഭനത്തിലാണെങ്കിലും സർക്കാർ ചെലവുകൾ ലക്കും ലഗാനുമില്ലാതെ ഉയരുകയാണ്. ബഡ്ജറ്റിൽ വകയിരുത്തിയിട്ടില്ലാത്ത കാര്യങ്ങൾ ഓരോ ആഴ്ചയിലും മന്ത്രിസഭായോഗങ്ങൾ തീരുമാനങ്ങളെടുത്ത് പ്രഖ്യാപിക്കുകയാണ്. പുതിയ താലൂക്കുകൾ, കോളേജുകൾ, ഹയർ സെക്കൻഡറി സ്‌കൂളുകളൊക്കെ ഉദാഹരണങ്ങളാണ്. ഇതിന് പുറമെ ചോദിക്കുന്നവർക്കൊക്കെ അടുത്ത വർഷം സ്‌കൂൾ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മറുവശത്താകട്ടെ സർക്കാരിന്റെ റവന്യൂ വരുമാനം പ്രതീക്ഷിച്ചപോലെ ഉയരുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നികുതി വരുമാനം 11-12% നിരക്കിലാണ് ഉയർന്നത്. എൽ.ഡി.എഫ് ഭരണകാലത്താകട്ടെ നികുതി വരുമാനം 18-20%  പ്രതിവർഷം വളർന്നു. ഇപ്പോഴത് വീണ്ടും 10-12% ആയി താണിരിക്കുന്നു. കഴിഞ്ഞ വർഷം 24% നികുതി വരുമാനം വർദ്ധിക്കുമെന്ന് കരുതിയാണ് ബഡ്ജറ്റ് തയ്യാറാക്കിയത്. പക്ഷേ നികുതി വർദ്ധിച്ചത് 12% മാത്രമാണ്. നടപ്പ് വർഷത്തിൽ നികുതിവരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 30% ഉയരുമെന്ന അനുമാനത്തിലാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ഏപ്രിൽ- ജൂലായ് മാസത്തെ വരുമാനത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഇതുവരെ 10% പോലും വർദ്ധനവ് ഉണ്ടായിട്ടില്ലായെന്ന് കാണുവാൻ കഴിയും. നികുതി വരുമാനത്തിലുണ്ടായ ഇടിവാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.

എന്തുകൊണ്ട് നികുതി വരുമാനം ഉയരുന്നില്ല? മദ്യ വരുമാനം കുറഞ്ഞതു മൂലമാണെന്നാണ് സർക്കാർ പറയുന്നത്. മദ്യ നിരോധനം നടപ്പിലാക്കുന്നതിനുവേണ്ടി സർക്കാരും ജനങ്ങളും സഹിക്കുന്ന ത്യാഗമാണ് സാമ്പത്തിക പ്രതിസന്ധിയെന്നാണ് വ്യാഖ്യാനം. ഇത് ശുദ്ധ അസംബന്ധമാണ്. കാരണം എക്‌സൈസ് നികുതി മാത്രമല്ല വാറ്റ് നികുതിയും വാഹന നികുതിയും സ്റ്റാമ്പ് ഡ്യുട്ടിയുമെല്ലാം കുറഞ്ഞിരിക്കുകയാണ്. ജൂലായ് മാസം വരെയുള്ള നികുതി വരുമാനത്തിന്റെ കണക്ക് അക്കൗണ്ടന്റ് ജനറൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം വാറ്റ് നികുതിയിൽ 12.5% വർദ്ധനയെ ഉണ്ടായിട്ടുള്ളു. വാഹന നികുതിയിൽ വർദ്ധനവേ ഉണ്ടായിട്ടില്ല. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ഏതാണ്ട്  60 കോടി രൂപയുടെ കുവാണുണ്ടായിട്ടുള്ളത്. അതേ സമയം എക്‌സൈസ് ഡ്യൂട്ടിയിൽ 40 കോടി രൂപയോളം വർദ്ധനവുണ്ടായിട്ടുണ്ട്. ബാറുകൾ എല്ലാം അടച്ചാൽ പ്രതിവർഷം 1800 കോടി രൂപയുടെ നഷ്ടമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതുവരെ ബാറുകൾ അടച്ചത് മൂലമുള്ള നഷ്ടം 500 കോടി രൂപയിൽ താഴെ മാത്രമേ വരികയുള്ളു. ബാറുകൾ അടച്ചതുമൂലം ബിവറേജസ് കോർപ്പറേഷനിലെ വിൽപ്പനയും കൂടി എന്നോർക്കണം. എക്‌സൈസിൽ നിന്നുള്ള വരുമാനം തന്മൂലം 7% കൂടിയിട്ടുണ്ട്.
നികുതി വരുമാനം കുറയുന്നതിനുള്ള കാരണം ഇന്ത്യയിലെ സാമ്പത്തിക മുരടിപ്പാണെന്ന് പറയാൻ കഴിയില്ല. സാമ്പത്തിക മുരടിപ്പ് മൂലം മറ്റ് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. പക്ഷേ കേരളത്തിന് ഇത് ബാധകമല്ല. കാരണം കേരളത്തിന്റെ ഉപഭോക്തൃ കമ്പോളത്തെ സ്വാധിനിക്കുന്ന നിർണ്ണായക ഘടകം ഗൾഫ് പണ വരുമാനമാണ്. ഇതാകട്ടെ കഴിഞ്ഞ വർഷം റിക്കാർഡ് നിലയിലേക്ക് ഉയരുകയാണുണ്ടായത്.

അപ്പോൾ പിന്നെ നികുതി വരുമാന കുറവിന്റെ കാരണം നികുതി ചോർച്ചയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഒരിക്കൽപ്പോലും നികുതി നിരക്ക് ഉയർത്തിയില്ല. എന്നാൽ യു.ഡി.എഫ് സർക്കാരാകട്ടെ 4% വാറ്റ് നികുതി 5% ആയി ഉയർത്തി. 25%-ത്തിന്റെ വർദ്ധന. 12.5% വാറ്റ് നികുതി 14.5% ആയി ഉയർത്തി. 16% വർദ്ധനവ്. തുണിക്ക് പോലും നികുതി ഏർപ്പെടുത്തി. എന്നിട്ടും നികുതി വരുമാനം 10% മാത്രമേ ഉയർന്നുള്ളു എന്നത് യു.ഡി.എഫ് ഭരണത്തിലെ കെടുകാര്യസ്ഥതയിലേക്കും അഴിമതിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. യു.ഡി.എഫ് നികുതി ഭരണസംവിധാനത്തെ അഴിമതിക്കുള്ള കറവപ്പശുവായി മാറ്റിയിരിക്കുന്നു.
വരുമാനം ഉണ്ടായിരിക്കുമ്പോൾ ചെലവ് നടത്താൻ കൂടുതൽ കുടുതൽ വായ്പകളെടുത്തേ പറ്റൂ. നടപ്പുവർഷം 14000 കോടി രൂപയാണ് വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയിട്ടുള്ളത്. ഇതിൽ ഏതാണ്ട് പകുതി 6900 കോടി രൂപാ ഓണത്തോടെ എടുത്തു. വായ്പയെടുത്ത ഈ പണം സർക്കാരിന്റെ ദൈനംദിന ആവശ്യങ്ങൾക്കാണ് ചെലവഴിച്ചത്. ഇതു വരെയുള്ള ആകെ പദ്ധതിചെലവ് 1000 കോടി രൂപയിൽ താഴെ മാത്രമേ വരികയുള്ളു. ഇനിയുള്ള മാസങ്ങളിൽ പദ്ധതിയുടെ 95% ചെലവും നടത്തേണ്ടിയിരിക്കുന്നു. സർക്കാരിന്റെ റവന്യൂ വരുമാനം നിത്യനിദാന ചെലവുകൾക്ക് തികയുന്നില്ല. അപ്പോൾ പദ്ധതി നടപ്പാക്കാൻ പണം എവിടെ നിന്ന് ഉണ്ടാകും? പദ്ധതി ഗണ്യമായി വെട്ടിചുരുക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും സംസ്ഥാന സർക്കാരിന്റെ മുന്നിലില്ല.

എങ്ങനെയാണ് മുഖ്യമന്ത്രിക്ക് ഈ സ്ഥിതി വിശേഷത്തെ കേവലം ധനവൈഷമ്യം എന്നു വിശേഷിപ്പിച്ച് തടിയൂരാൻ കഴിയുക? യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം റവന്യൂ കമ്മി അടിക്കടി ഉയർന്നു കൊണ്ടിരിക്കുകയാണ്. 2010-2011 ൽ റവന്യൂ കമ്മി 3673 കോടി രൂപയായിരുന്നു. അത് 2013-2014 ആയപ്പോൾ 11314 കോടി രൂപയായും വർദ്ധിച്ചു. സംസ്ഥാന വരുമാനത്തിന്റെ 1.3% ആയിരുന്ന റവന്യു കമ്മി 2.8% ആയി പെരുകി. 2014-15-ൽ റവന്യൂ കമ്മി ഇല്ലാതാക്കുമെന്ന് നിയമം പാസ്സാക്കിയവരാണ് ഇത് ചെയ്തിരിക്കുന്നത്. നടപ്പു വർഷത്തിൽ റവന്യു കമ്മി 14000-15000 കോടി രൂപ വരുമെന്നാണ് എന്റെ കണക്കുകൂട്ടൽ. ചുരുക്കത്തിൽ വായ്പ എടുക്കുന്ന പണം മുഴുവൻ റവന്യൂ ചെലവിനായിരിക്കും ചെലവഴിക്കുന്നത്. കോൺട്രാക്ടർമാർ ജാഗ്രത. ഇനി പുതിയ ഗഡുക്കൾ കിട്ടുക അതീവ ശ്രമകരമായിരിക്കും. ഈ സ്ഥിതി വിശേഷം വ്യവസായവൽക്കരണത്തിന് അനിവാര്യമായ പശ്ചാത്തല സൗകര്യ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും. അങ്ങനെ ധനപരമായ അരാജകത്വവും പ്രതിസന്ധിയും കേരളത്തിന്റെ വികസനത്തിന് ഒരു വിലങ്ങുതടിയായി മാറിയിരിക്കുന്നു.
ഇനി വായനക്കാർ തന്നെ നിശ്ചയിക്കുക കേരളം ഇന്ന് അഭിമുഖീകരിക്കുന്നത് കേവലം ധനഞെരുക്കമാണോ അതോ ധനപ്രതിസന്ധിയാണോ?

പച്ചക്കറികൃഷിക്ക് പ്രായം പ്രശ്‌നമല്ല!

Dhana Vicharam 03-Sep-2014

അടുത്തകാലത്തെ സിനിമകളില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ 'ഹൗ ഓള്‍ഡ് ആര്‍ യു' ഏറെയിഷ്ടമായി. ഒരു സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നത് ആര് എന്ന പ്രസക്തമായ ചോദ്യമാണ് സിനിമ മുന്നോട്ടുവെക്കുന്നത്. സ്വപ്നം കാണാന്‍ പ്രായം ഒരു പ്രശ്‌നമല്ല. സ്വപ്നം എന്ന വാക്കിന് ഇവിടെ ലക്ഷ്യമെന്നാണ് അര്‍ഥം. പച്ചക്കറികൃഷിയിലൂടെ നിരുപമ ഒരു ലക്ഷ്യം യാഥാര്‍ഥ്യമാക്കുകയായിരുന്നു. അതുപോലെ ഞങ്ങള്‍ക്കുമുെണ്ടാരു സ്വപ്നം. ആലപ്പുഴയെ സമ്പൂര്‍ണ ശുചിത്വനഗരമാക്കുക. ആദ്യഘട്ടത്തില്‍, ആ നേട്ടത്തിലെത്തിയ മുനിസിപ്പാലിറ്റിയിലെ മൂന്ന് വാര്‍ഡുകളെ ആദരിക്കാന്‍, നിരുപമയുടെ വിജയകഥ പറഞ്ഞ 'ഹൗ ഓള്‍ഡ് ആര്‍ യു' ടീമിനെ ക്ഷണിച്ചതും അതുകൊണ്ടുതന്നെ.

80 ശതമാനം വീട്ടിലും ബയോഗ്യാസ് പ്ലാന്റോ പൈപ്പ് കമ്പോസ്റ്റോ സ്ഥാപിക്കുമ്പോഴാണ് വാര്‍ഡിനെ സമ്പൂര്‍ണ ശുചിത്വവാര്‍ഡായി പ്രഖ്യാപിക്കുന്നത്. ഇവ പരിപാലിക്കാന്‍ മെയിന്റനന്‍സ് ടീം ഉണ്ടാവണം. തെരുവുകളും പൊതുസ്ഥലങ്ങളും മാസത്തിലൊരിക്കലെങ്കിലും കൂട്ടായി വൃത്തിയാക്കണം. പ്ലാസ്റ്റിക് തുടങ്ങിയവ ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കാനുള്ള പൊതുസംവിധാനം ഉണ്ടാവണം. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ഇത്തരം മൂന്ന് വാര്‍ഡായി. വരുന്ന നവംബറില്‍ ഏഴ് വാര്‍ഡുകൂടി ഇങ്ങനെയാവും. 

എല്ലാ വീട്ടിലും ബയോഗ്യാസ് പ്ലാന്റായില്ലെങ്കിലും നഗരം ഇന്ന് വൃത്തിയാണ്. വീട്ടില്‍ സംസ്‌കരിക്കാനാവാത്ത മാലിന്യങ്ങള്‍ വേര്‍തിരിച്ച് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചാല്‍ മതി. അവ കമ്പോസ്റ്റുചെയ്യാന്‍ 60 എയ്‌റോബിക് കമ്പോസ്റ്റ് ബിന്നുകള്‍ മുനിസിപ്പാലിറ്റിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു. താമസംവിനാ ഇവ 120 ആകും. അടുത്ത വേനല്‍ അവസാനിക്കുംമുമ്പ് ആലപ്പുഴ ശുചിത്വനഗരമാകും. മുമ്പൊരിക്കല്‍ ഇതേ പംക്തിയില്‍ വിവരിച്ച നിര്‍മലഭവനം, നിര്‍മലനഗരം കാമ്പയിന്‍ വിജയത്തിലെത്തുകയാണ്. ഇനിയെന്ത്? 

ബയോഗ്യാസ്/പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ച എല്ലാ വീട്ടിലും പച്ചക്കറികൃഷി തുടങ്ങുകയാണ് അടുത്ത ലക്ഷ്യം. സ്ലറിയും കമ്പോസ്റ്റും നല്ല വളമാണ്. 'ഹൗ ഓള്‍ഡ് ആര്‍ യു' ടീമാണ് ഈ ഹരിതകാമ്പയിന്‍ പ്രഖ്യാപിച്ചത്. 

ആലപ്പുഴ നഗരത്തില്‍ 48,000 വീടുകള്‍ ഉണ്ട്. ഇവയില്‍ 22,000 ടെറസ് കെട്ടിടങ്ങളാണ്. തുറസ്സായ ടെറസിന്റെ ആകെ വിസ്തൃതി 125 ഹെക്ടര്‍. ഇവിടെ കൃഷിചെയ്താല്‍ മാസം 400 ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാം. തരിശും അല്ലാത്തതുമായി 0.6 ചതുരശ്ര കിലോമീറ്റര്‍ വയല്‍ ഭൂമിയും നഗരത്തിലുണ്ട്. പറമ്പ് വിസ്തൃതി 0.3 ചതുരശ്ര കിലോമീറ്റര്‍. ഇവിടെയെല്ലാം പച്ചക്കറി കൃഷിചെയ്താല്‍ നഗരത്തിലെ ആവശ്യത്തിന്റെ മൂന്നിലൊന്ന് നഗരത്തില്‍ത്തന്നെ ഉത്പാദിപ്പിക്കാനാകും. 

മാരാരിക്കുളത്ത് ഇത് ചെയ്തിട്ടുണ്ട്. കൃഷി അന്യംനിന്ന ഒരു പ്രദേശമായിരുന്നു അത്. ഒരു ചൊരിമണല്‍പ്രദേശം. പി.പി. സ്വാതന്ത്ര്യം എന്ന പഞ്ചായത്ത് പ്രസിഡന്റ് '90കളില്‍ കഞ്ഞിക്കുഴിയില്‍ ഒരു ഹരിതവിപ്ലവം നയിച്ചു. പിന്നീടത് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിച്ചു. നാഷണല്‍ ഹൈവേയിലൂടെ ആലപ്പുഴചേര്‍ത്തല റോഡില്‍ സഞ്ചരിച്ചാല്‍ പച്ചക്കറി വില്‍ക്കുന്ന ഒരു ഡസന്‍ കടകള്‍ കാണാം. ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് 'മരുപ്പച്ചകള്‍ ഉണ്ടാകുന്നത്' എന്ന എന്റെ പുസ്തകം വിവരിക്കുന്നത്. കഞ്ഞിക്കുഴിയുടെ ഒരു നഗരമാതൃകയാണ് ആലപ്പുഴയില്‍ ലക്ഷ്യമിടുന്നത്.

പോളിഹൗസ് കൃഷിക്കാണ് പ്രത്യേക ഊന്നല്‍. കേരളത്തില്‍, തുറസ്സിലെ കൃഷിയില്‍നിന്ന് 24 കിലോ പച്ചക്കറിയാണ് ഒരു ചതുരശ്രമീറ്ററില്‍നിന്ന് ഉത്പാദിപ്പിക്കുന്നത്. ഇന്ന് പ്രചരിക്കുന്ന പോളിഹൗസ് കൃഷിയില്‍ 610 കിലോവരെ ലഭിക്കും. അത് ഒരു ചതുരശ്രമീറ്ററിന് 2025 കിലോയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇന്നത്തെ രീതികളിലെ ന്യൂനതകള്‍ തിരുത്തണം. ചെന്നൈയിലെ ഏറ്റവും ആധുനിക ലാബുകളില്‍ മണ്ണിന്റെ സ്വഭാവം പരിശോധിച്ച് മൈക്രോ ന്യൂട്രീയന്റ്‌സ് നിര്‍ണയിക്കും. സംരക്ഷിത കൃഷിരീതികളില്‍ പാലിക്കേണ്ട കൃഷി സമ്പ്രദായങ്ങള്‍ കര്‍ശനമായി പാലിക്കും. ഏതാനും പോളിഹൗസുകള്‍ക്ക് ഒരു ബോട്ടണി ബിരുദധാരിയെ വീതം മേല്‍നോട്ടത്തിന് നിയോഗിക്കും.

200 ചതുരശ്രമീറ്റര്‍ പോളിഹൗസിന് (ഓട്ടോമേഷന്‍ സംവിധാനം ഉള്‍പ്പെടെ) നാലുലക്ഷം രൂപയാണ് ചെലവ്. കൃഷിയുടെ ആവര്‍ത്തനച്ചെലവ് 40,000 രൂപയും സര്‍വീസ് ഫീ 10,000 രൂപയും വരും. അങ്ങനെ വരുന്ന 4.5 ലക്ഷം രൂപ ആകെചെലവില്‍ വായ്പ 4.3 ലക്ഷം രൂപയും 20,000 ഗുണഭോക്തൃ വിഹിതവുമാണ്. സബ്‌സിഡിയായ 1.65 ലക്ഷം വായ്പ അക്കൗണ്ടിലേക്കാണ് ലഭിക്കുക. കുടുംബശ്രീമിഷനില്‍നിന്ന് 25,000 രൂപ വരെ സബ്‌സിഡി ലഭിക്കും. മൊത്തം ചെലവിന്റെ പകുതിയിലേറെ സബ്‌സിഡിയായി ലഭിക്കും. പോളിഹൗസ് പ്രോത്സാഹിപ്പിക്കാന്‍ കേരള കൃഷിവകുപ്പ് വിപുലമായ പിന്തുണ നല്‍കുന്നുണ്ട്. കൃഷിയിലെ ഏറ്റവും നൂതനമായ സര്‍ക്കാര്‍ ഇടപെടലാണിത്. 

കരളകത്ത് ഒരേക്കര്‍ സ്ഥലത്ത് ഒരു ഭീമന്‍ ഓട്ടോമാറ്റ് പോളിഹൗസ് സ്ഥാപിക്കുന്നത് റിട്ട. കോണ്‍ട്രാക്ടറായ അപ്പച്ചന്‍ എന്നയാളാണ്. സര്‍ക്കാര്‍ സബ്‌സിഡിയും മറ്റും പിന്നാലെ വരും. ഇപ്പോള്‍ ഇദ്ദേഹംതന്നെ പണം മുടക്കുകയാണ്. ഈ പോളി ഹൗസും സമീപപ്രദേശത്തെ ടെറസ്, മുറ്റം, പറമ്പ്, വയല്‍ എന്നിവിടങ്ങളിലെ സംഘകൃഷിയും ഉദ്ഘാടനം ചെയ്തുകൊണ്ടായിരിക്കും നഗരപച്ചക്കറികൃഷി കാമ്പയിനിന് തുടക്കംകുറിക്കുന്നത്.

നഗരത്തില്‍ സ്ഥാപിക്കുന്ന സ്റ്റാളുകള്‍വഴി പച്ചക്കറി ഉത്പന്നങ്ങള്‍ വിപണനം ചെയ്യും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ മാര്‍ക്കറ്റിങ് കമ്പനിയായ മാരാരി മാര്‍ക്കറ്റിങ് ഇതിനുള്ള സംവിധാനങ്ങളൊരുക്കും. 

മാരാരിക്കുളം പോലുള്ള നാട്ടിന്‍പുറത്ത് ഇതൊക്കെ നടക്കും; പക്ഷേ, നഗരത്തിലോ എന്ന് സന്ദേഹിക്കുന്നവര്‍ ഏറെയുണ്ട്. ക്യൂബയിലെ ഹവാന നഗരത്തിന്റെ അനുഭവമാണ് അവര്‍ക്കുള്ള മറുപടി. ക്യൂബയുടെ 0.67 ശതമാനം ഭൂവിസ്തൃതിമാത്രമുള്ള ഹവാന നഗരത്തിലാണ് ജനങ്ങളുടെ 20 ശതമാനം തിങ്ങിപ്പാര്‍ക്കുന്നത്. ഈ നഗരത്തിലെ പച്ചക്കറി ആവശ്യത്തിന്റെ സിംഹഭാഗവും അവിടെത്തന്നെയാണ് കൃഷിചെയ്യുന്നത്. നഗരകൃഷിയുടെ ഉത്തമ മാതൃകയാണ് ഹവാന നഗരം. 

തുടക്കം 1998ല്‍ ആയിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. അവിടെനിന്നുള്ള ഇറക്കുമതി നിശ്ചലമായതോടെ ക്യൂബയില്‍ ക്ഷാമമായി. രാസവളങ്ങളുടെയും കീടനാശിനികളുടെയും വരവ് നിലച്ചതോടെ കൃഷി അവതാളത്തിലായി. അമേരിക്കന്‍ ഉപരോധംമൂലം സമീപരാജ്യങ്ങളുടെ സഹായവും നിഷേധിക്കപ്പെട്ടു. ഹവാനക്കാര്‍ ഈ ആപത്ത് ഒരു അവസരമാക്കി. ടെറസിലും വീട്ടുമുറ്റത്തും തുറസ്സായ സകല തരിശുഭൂമിയിലും പച്ചക്കറികൃഷിയിറക്കി. ശുദ്ധ ജൈവപച്ചക്കറികൃഷിയെ അവര്‍ 'ഓര്‍ഗനോപോണിക്കോസ്' എന്നാണ് വിളിക്കുന്നത്. സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും മാത്രമല്ല സാധാരണക്കാരും നൂതനമായി കൃഷി സമ്പ്രദായങ്ങള്‍ ആവിഷ്‌കരിച്ചു. അതിവിപുലമായി പരിശീലനം സംഘടിപ്പിച്ചു. സര്‍ക്കാര്‍ നഗരകൃഷിക്കുവേണ്ടി ഒരു മന്ത്രാലയംതന്നെ സൃഷ്ടിച്ചു.

വീട്ടുകൃഷിക്ക് അയല്‍ക്കൂട്ട സംവിധാനങ്ങളാണ് നേതൃത്വം നല്‍കിയത്. നമ്മുടെ മുന്‍ കൃഷിമന്ത്രി വി.വി. രാഘവന്‍ ആവിഷ്‌കരിച്ച ഗ്രൂപ്പ് ഫാമിങ്ങിന്റെ വകഭേദമാണെന്ന് എളുപ്പത്തില്‍ പറയാം. പരമ്പരാഗത സഹകരണകൃഷിയും പിന്തുടര്‍ന്നു. സോവിയറ്റ് പതനത്തെ തുടര്‍ന്നുണ്ടായ പ്രത്യേക കാലഘട്ടത്തിലെ പട്ടിണിക്ക് എതിരായ യുദ്ധം ക്യൂബ ഒരു ദശാബ്ദംകൊണ്ട് വിജയിച്ചു.

ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്.എ.ഒ.) മാനദണ്ഡ പ്രകാരം ഒരാള്‍ക്ക് പ്രതിദിനം 300 ഗ്രാം പച്ചക്കറി വേണം. 2001ല്‍ ക്യൂബയില്‍ 131 ഗ്രാമേ ലഭ്യമായിരുന്നുള്ളൂ. 1997ല്‍ ഹവാന നഗരത്തിലെ പച്ചക്കറി ഉത്പാദനം 20,000 ടണ്‍ മാത്രമായിരുന്നു. 2001ല്‍ അത് 1.3 ലക്ഷം ടണ്ണായി. 2005ല്‍ 2.72 ലക്ഷം ടണ്ണും. പ്രതിശീര്‍ഷ പച്ചക്കറിലഭ്യത 340 ഗ്രാം ആയി ഉയര്‍ന്നു. 48 ലക്ഷം തൊഴില്‍ ചെയ്യുന്നവരുള്ള ക്യൂബയില്‍ നഗരകൃഷി മേഖലയില്‍ പുതുതായി 3.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനായി. 

വേണമെങ്കില്‍ ഇതൊക്കെ ഇവിടെയും നടക്കും. വേണമെന്ന് നാം തീരുമാനിക്കണം. ശുചിത്വപ്രവര്‍ത്തനങ്ങളും പച്ചക്കറികൃഷിയും കുടുംബശ്രീയും ചേര്‍ന്ന് ഒരു വലിയ ജനകീയപ്രസ്ഥാനമായി മാറിയാല്‍ ഇന്ത്യയ്ക്കുമുന്നില്‍ കൂട്ടായ്മയുടെ മറ്റൊരു മാതൃക കേരളത്തിന് മുന്നോട്ടുവെക്കാം.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...