Showing posts with label ജെന്‍ഡര്‍ ഓഡിറ്റ്. Show all posts
Showing posts with label ജെന്‍ഡര്‍ ഓഡിറ്റ്. Show all posts

Wednesday, October 28, 2015

സ്ത്രീപക്ഷം നഷ്ടപ്പെടുന്ന കുടുംബശ്രീ

 കുടുംബശ്രീ മിഷനിലെ അഴിമതികളെക്കുറിച്ചുളള ലേഖനത്തോട് അനേകം  കുടുംബശ്രീ പ്രവര്‍ത്തകരും സുഹൃത്തുക്കളും  നേരിട്ടും ഫോണ്‍ മുഖേനയും പ്രതികരിച്ചു. യു.ഡി.എഫ് സര്‍ക്കാരിനു കീഴില്‍ കുടുംബശ്രീ മിഷനിലുണ്ടായിട്ടുള്ള അധപ്പതനം ഞാന്‍ പറഞ്ഞതിനെക്കാള്‍ രൂക്ഷമാണ്. അഴിമതിയേക്കാള്‍ ഗുരുതരമാണ്  കുടുംബശ്രീ മിഷനില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധതത.   ആലപ്പുഴ ജില്ലാ മിഷന്‍ മേധാവിയ്ക്കെതിരെ  ജെന്‍െറര്‍  കണ്‍സള്‍ട്ടന്‍റ് സ്ത്രീപീഡനക്കേസ് കൊടുക്കുന്നതിലെത്തി നില്‍ക്കുകയാണ് സ്ഥിതി. കേരളത്തിന്‍റെ അഭിമാനമായ ഈ സ്ത്രീ പ്രസ്ഥാനത്തെ. ഇത്തരം അധമാന്മാരുടെ കയ്യില്‍ നിന്ന് മോചിപ്പിച്ചേ തീരൂ.നന്മയുളള എല്ലാം  നശിപ്പിച്ചേ പടിയിറങ്ങു എന്ന വാശിയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

ജനകീയാസൂത്രണത്തിന്‍റെ ഭാഗമായി കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ് കുടുംബശ്രീ രൂപം കൊണ്ടത്. ജനകീയാസൂത്രണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്‍ 'അധികാരവികേന്ദ്രീകരണം സ്ത്രീശാക്തികരണത്തിന്' എന്നതായിരുന്നു. എന്നാല്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ 2000ത്തില്‍ ഈ മുദ്രാവാക്യത്തിന് ഒരു പാഠഭേദം ഉണ്ടായി. 'സ്ത്രീശാക്തീകരണം അധികാരവികേന്ദ്രീകാരണത്തിന്' എന്നതായി. അധികാരവികേന്ദ്രീകരണത്തില്‍ സുതാര്യതയും  ജനപങ്കാളിത്തവും സ്ഥായിയാക്കുന്നതിന്  വനിതാ ജനപ്രതിനിധികള്‍ക്കും കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്കും ഒരു മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുമെന്നായിരുന്നു കാഴ്ചപ്പാട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനേകം പരിശീലനപരിപാടികള്‍, സ്ത്രീ പദവിപഠനം, മുന്‍വനിതാ ജനപ്രതിനിധികളുടെ കൂട്ടയിമകള്‍ തുടങ്ങിയവയ്ക്ക് രൂപംനല്‍കി. ദാരിദ്ര്യനിര്‍മാര്‍ജനത്തോടൊപ്പം സ്ത്രീശാക്തീകരണവും കുടുംബശ്രീയുടെ തുല്യപ്രാധാന്യമുള്ള ലക്ഷ്യമായി തീര്‍ന്നു.

2001-ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പതിവുപോലെ എല്ലാ പുരോഗമനപരമായ തുടക്കങ്ങളും അവസാനിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ കുടുംബശ്രീ ഇതിനകം നേടിയ അംഗീകാരവും അര്‍പ്പണബോധവുമുള്ള ഏതാനും ഉദ്യോഗസ്ഥരുടെ കടുംപിടുത്തവും കാര്യമായ മാറ്റങ്ങള്‍ കുടുംബശ്രീ സംവിധാനത്തില്‍ വരാതിരിക്കാന് കാരണമായി. എന്നാല്‍ കൂടുതല്‍ പഞ്ചായത്ത്/നഗരസഭകളിലേക്ക് കുടുംബശ്രീയെ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ജില്ലാ മിഷനുകളില്‍ ഉണ്ടായിരുന്ന അര്‍പ്പണബോധമുള്ള ഉദ്യോഗസ്ഥരെ മിക്കയിടങ്ങളില്‍നിന്നും മാറ്റുകയും ലീഗിന്റെ നേതാക്കളെ കോ-ഓര്‍ഡിനേറ്റര്‍മാരായി നിയോഗിക്കുകയും ചെയ്തു. 

എന്നാലും കുടുംബശ്രി സംസ്ഥാനമിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീക്കാന്‍ ശേഷിയുള്ളവരുടെ സംഘമായിരുന്ന നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ജില്ലാമിഷനുകളുടെ അധികാരബോധവും ജനാധിപത്യം ഇല്ലായ്മയും കുടുംബശ്രീ സംഘടനാസംവിധാനത്തെ ബാധിച്ചിരുന്നു. ഇതു സംബന്ധിച്ച് 2003-ല്‍ നെതര്‍ലന്‍ഡ് ഏജന്‍സി നടത്തിയ പഠനത്തില്‍ കുടുംബശ്രീ സംവിധാനത്തില്‍ നിലനില്‍ക്കുന്ന സ്ത്രീശക്തീകരണ വിരുദ്ധ സമീപനത്തെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത പഠനം പ്രസിദ്ധപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ താല്പര്യമെടുത്തിരുന്നില്ല.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്ത്രീ സൌഹൃദ സമീപനം
ബ്യൂറോക്രാറ്റ് ശൈലിയെലേക്കുള്ള കുടുംബശ്രീ മിഷന്‍റെ വഴിമാറ്റത്തെ തിരുത്തി മിഷനെ നവീകരക്കുന്നതിനുള്ള സമീപനമാണ് 2006ല്‍ അധികാരത്തില്‍ വന്ന എല്‍‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടൊപ്പം ജനാധിപത്യം, തുല്യത, സുതാര്യത, സാമൂഹ്യനീതി, അവകാശാധിഷ്ടിതം എന്നീ മൂല്യങ്ങളെ മുന്‍നിര്‍ത്തി ഒട്ടേറെ പരിഷ്കാരങ്ങള്‍ കുടുംബശ്രീയുടെ നടത്തിപ്പില്‍ കൊണ്ട് വന്നു. വിസ്തരഭയത്താല്‍ ഇവയില്‍ പ്രധാനപ്പെട്ടവ മാത്രമേ സൂചിപ്പിക്കുന്നുളളൂ.

കുടുംബശ്രീ സംഘടനയെ കൂടുതല്‍ ജനാധിപത്യവല്ക്കരിക്കുകയും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്തു. ഇതിനായി കുടുംബശ്രീ നിയമാവലി ഭേദഗതി ചെയ്ത് തദ്ദേശഭരണസ്ഥാപനങ്ങള്‍ കുടുംബശ്രീയുടെ ദൈനന്തിനപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് നിയന്ത്രിച്ചു. ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് പകരം തിരഞ്ഞെടുക്കുനതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കി. അത്പോലെ തന്നെ സ്വയംതൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘ സമീപനവും ശക്തമായ പിന്തുണസംവിധാനവും ഉറപ്പ് വരുത്തി. അവകാശ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സ്ത്രീപദവി പഠനം സാര്‍വത്രികമാക്കി. കുടുംബശ്രീ ഭാരവാഹികള്‍ക്ക് മിഷന്‍ സംവിധാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവസരങ്ങള്‍ നല്‍കി. ഇത് ചില ചില്ലറ സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കി.

ജില്ലാ മിഷന്‍ മീറ്റിങ്ങില്‍ താമസിച്ചെത്തിയ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരെ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറ്റാതിരുന്ന ഡി.എം.സി.യെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരു സങ്കോചവും സംശയവുമുണ്ടായിരുന്നില്ല. മാത്രമല്ല, ജില്ലാമിഷനുകളുടെയും സംസ്ഥാനമിഷനുകളുടെയും പ്രവര്‍ത്തനത്തില്‍ സ്വീകരിച്ചിരുന്ന രീതിയും ശൈലിയും ഈയവസരത്തില്‍ നമ്മള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

1. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ ജില്ലാമിഷന്‍റെ കീഴുദ്യോഗസ്ഥരല്ല എന്നും ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ കുടുംബശ്രീ സംവിധാനത്തിലെ സ്ത്രീസമൂഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണെന്നും അവരോട് തനിക്ക് മുകളിലുള്ള ഒരു നേതൃത്വതലത്തില്‍ നില്‍ക്കുന്ന വ്യക്തിയോട് പുലര്‍ത്തേണ്ട ബഹുമാനവും ആദരവും പുലര്‍ത്തി ഇടപെടണമെന്നത് മിഷന്‍റെ കര്‍ശന നിബന്ധനയായിരുന്നു.

2. റിവ്യു യോഗങ്ങളില്‍ ചോദ്യം ചോദിക്കലും കീഴുദ്യോഗസ്ഥരെ വിരട്ടുന്ന ശൈലിയും ഒരു കാരണവശാലും പുലര്‍ത്താന്‍ പാടില്ല എന്ന് പ്രവര്‍ത്തനനേട്ടങ്ങളുടെ പുരോഗതി തുല്യതാബോധത്തോടെ വിശകലനം ചെയ്യുന്ന രീതിയാണ് അവലംബിക്കേണ്ടതെന്നും റിവ്യു മീറ്റിങ്ങിനുള്ള നിബന്ധനയായിരുന്നു.
3. ഏതൊരു റിവ്യു മീറ്റിങ്ങുകളായാലും യോഗങ്ങളായാലും കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കിയതിനുശേഷം അവര്‍ക്കൊപ്പം കഴിക്കണ്ടതാണ് മിഷന്‍ ജീവനക്കാര്‍ ചെയ്യേണ്ടതെന്നായിരുന്നു നിബന്ധന.
4. മീറ്റിങ് നടക്കുന്ന സ്ഥലങ്ങളും ജില്ലാ മിഷന്‍ ഓഫീസുകളിലും ടോയ്‌ലറ്റ്, വെള്ളം, ബക്കറ്റ്-മഗ് എന്നിവ ഉണ്ടെന്നുറപ്പാക്കേണ്ട ചുമതല മിഷന്റെ ജീവനക്കാര്‍ക്കായിരുന്നു.

5.   എല്ലാ ജില്ലാ മിഷന്‍ ഓഫീസുകളിലും കുടുംബശ്രീ സിഡിഎസ്/എഡിഎസ് ഭാരവാഹികളെത്തുമ്പോള്‍ ഇരിക്കുന്നതിനുള്ള കസേരയും കുടിവെള്ളവും ഉറപ്പാക്കിയിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു.

ആലപ്പുഴ ജില്ലയിലെ എടി പോടീ സംസ്കാരം.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. ജില്ലാ മിഷനുകള്‍ മാത്രമല്ല ഇപ്പോള്‍ സംസ്ഥാന മിഷന്‍ പോലും ലീഗ്-കോണ്‍ഗ്രസ്‌ ജീവനക്കാരെ കൊണ്ട് നിറച്ചു. ഇവരില്‍ നല്ലൊരു പങ്കിനും അര്‍പ്പണബോധമോ സാമൂഹ്യപ്രതിബദ്ധതയോ എന്തിന് സ്ത്രീസൌഹൃദ സമീപനം പോലുമില്ല. എനിക്ക് നേരിട്ടറിയാവുന്ന ആലപ്പുഴ ജില്ലാ മിഷന്‍റെ അനുഭവങ്ങള്‍ വിവരിക്കാം. സ്ത്രീകളോടുള്ള ഇടപെടല്‍ അധികാരത്തിന്‍റെയും അശ്ലീലത്തിന്‍റെയും  ഭാഷയില്‍ മാത്രം ഇടപെടാന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് ജില്ലാ മിഷന്‍ കോഡിനേറ്ററായി പ്രതിഷ്ഠിച്ചിരിക്കുന്നത്.
അസഹനീയമാണ് ഇദ്ദേഹത്തിന്‍റെ പെരുമാറ്റം.  ഒരു അവലോകന യോഗത്തില്‍ കൈനകരി സി.ഡി.എസ് ചെയര്‍പേര്‍സനെ എടിയെന്നും പോടീയെന്നുമൊക്കെ സംബോധന ചെയ്തതോടെ യോഗം പൊട്ടിത്തെറിയിലെത്തി.  സ്ത്രീകളൊന്നടങ്കം ഇയാള്‍ക്കെതിരെ  പരാതി നല്‍കി.  അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞു. പക്ഷേ, യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് ജില്ലയിലെ 90%ത്തോളം സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ മിഷന്‍ ഓഫീസിനു മുന്നില്‍ സത്യാഗ്രഹം നടത്തി പിന്നീട് അത് ഉപരോധമായി മാറി. രണ്ടാഴ്ച്ചയോളം ഓഫീസ് അടഞ്ഞു കിടന്നു.

ഈ സമരത്തില്‍ മന്ത്രി ഡോക്ടര്‍ എം.കെ മുനീര്‍ നേരിട്ട് ഇടപെട്ടു.  ജില്ലാ മിഷന്‍ കോഡിനേറ്ററെ തല്‍സ്ഥാനത്തുനിന്നു നീക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നടപടി മരവിപ്പിച്ചു. ബഹുഭൂരിപക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്കും അസ്വീകാര്യനായ ഇദ്ദേഹത്തെ സ്ഥലം മാറ്റണം എന്ന നിര്‍ദേശം പോലും സ്വീകരിക്കാന്‍ മുഖ്യമന്ത്രി സന്നദ്ധനായില്ല. പോലീസിനെ ഉപയോഗപ്പെടുത്തി സമരം പൊളിക്കാനായി ശ്രമം. ഇന്നും കുടുംബശ്രീയിലെ അനേകം സ്ത്രീകള്‍ ഈ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങി കിടക്കുകയാണ്.
ഈ ഉദ്യോഗസ്ഥനാകട്ടെ എക്സ്റ്റന്‍ഷന്‍ വാങ്ങി ആലപ്പുഴയില്‍ തന്നെ ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ ഇയാളുടെ  ഇഷ്ടവിനോദം തന്നോടൊപ്പം നില്‍ക്കാന്‍ വിസമ്മതിച്ച സഹപ്രവര്‍ത്തകരെയും എതിര്‍ക്കാന്‍ വന്ന കുടുംബശ്രീ പ്രവര്‍ത്തകരെയും ആക്ഷേപ്പിക്കുകയും മാനസീകമായി പീഡിപ്പിക്കുകയുമാണ്. ഈ ക്രൂരവിനോദത്തിന്‍റെ ഒരു  ഇരയാണ് കുടുംബശ്രീ ജന്‍റര്‍ കണ്‍സല്‍ട്ടന്‍റ് ആയ മോള്‍ജി ഖാലിദ്‌. അവര്‍ സംസ്ഥാന കുടുംബശ്രീ മിഷന്‍ ആന്റി ഹറാസ്മെന്‍റ് ചെയര്‍മാന് സമര്‍പ്പിച്ചിരിക്കുന്ന പരാതി ഞെട്ടിപ്പിക്കുന്നതാണ്.

നിയമവിരുദ്ധമായ ഓഫീസ് ഓ‍ര്‍ഡറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ച മോള്‍ജി ഖാലിദിനു തല്ലുകൊടുക്കുകയാണ് വേണ്ടത് എന്ന്   ആക്രോശിച്ചതും അതു പരാതിയായതും ആന്‍റി ഹരാസ്മെന്‍റ് സെല്‍ ഇടപെട്ടതുമെല്ലാം പരാതിയില്‍ വിശദമായി വിവരിക്കുന്നുണ്ട്. ആ പരാതി നല്‍കിയതിന്‍റെ പേരില്‍ പിന്നീട് മോള്‍ജി അനുഭവിക്കേണ്ടിവന്നത് ഭീകരമായ മാനസിക പീഡനങ്ങളാണ്. സഹപ്രവര്‍ത്തകരുടെ മുന്നില്‍  ആക്ഷേപിച്ചും പരിഹസിച്ചും ഈ ജീവനക്കാരിയെ മാനസികമായി തകര്‍ക്കുകയാണ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍.

താന്‍ നേരിടുന്ന പീഡനങ്ങള്‍ ഒറ്റക്കത്തില്‍ പറഞ്ഞു തീര്‍ക്കാനാവില്ലെന്നു പറഞ്ഞുകൊണ്ടാണ് മോള്‍ജി ഖാലിദിന്‍റെ പരാതി അവസാനിക്കുന്നത്. താനാണ് ശമ്പളം തരുന്നതെന്നും താന്‍ പറയുന്നതെല്ലാം അനുസരിക്കണമെന്നും വൃത്തികെട്ട ചുവയോടെ സംസാരിക്കുന്ന ആളാണ് ഡിഎംസി എന്നും പരാതിയിലുണ്ട്.   

ആലപ്പുഴയോടു മത്സരിക്കുന്ന കണ്ണൂര് മിഷന്
കണ്ണൂരില്‍ ചെന്നാലോ. ജില്ലാ മിഷനിലെ ലീഗ് നോമിനിയായ താൽക്കാലിക ജീവനക്കാരന്‍റെ ശല്യം സഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ജീവനക്കാരി. പരാതി പറഞ്ഞാൽ ജോലി നഷ്ടപ്പെട്ടാലോ എന്ന  ഭയം മൂലം ആദ്യം പരാതി നല്‍കിയില്ല.   എന്നാൽ ശല്യം നിരന്തരമാകുകയും അവധി ദിവസം ഓഫീസിൽ വരുത്തുകയും ചെയ്തതോടെ ജീവനക്കാരി  ഓഫീസിലെ ഇതര വനിതാ ജീവനക്കാരുടെ സഹായത്തോടെ പരാതി നല്‍കി. പ്രശ്നം കൂടുതൽ വഷളാകുമെന്ന മനസ്സിലായപ്പോൾ പ്രസ്തുത ജീവനക്കാരനെ ജോലിയിൽ നിന്നും മാറ്റി. എന്നാൽ മന്ത്രി ഓഫീസിലെ ഇടപെടൽ വന്നതോടെ ഇയാളെ പുനപ്രവേശിപ്പിച്ചു.

ഇദ്ദേഹത്തെ തിരിച്ചെടുക്കാതിരുന്നാൽ D MC യുടെ രീതിയും ശൈലിയും പുറത്തുവിടുമെന്നായപ്പോൾ ജില്ലാ മിഷൻ കോഓഡിനേറ്റർ എല്ലാറ്റിനും തയ്യാറായി. ജില്ലാ മിഷൻ കോ-ഓഡിനേറ്ററുടെ കാര്യം ഇതിനെക്കാള്‍ കഷ്ടമാണ്. ഈ അടുത്ത കാലത്ത് നടന്ന സംസ്ഥാന റിവ്യു മീറ്റിംഗു സ്ഥലത്തുവെച്ച് ഇദ്ദേഹം മറന്നുവെച്ച മൊബൈല്‍ ഫോണ്‍ എടുത്തു നോക്കിയവര് ഞെട്ടിപ്പോയി.

കണ്ണൂർ ജില്ലാ മിഷനിൽ സജീവമായി പ്രവർത്തിക്കാൻ താല്പര്യമുള്ള ഒരു വനിത അസി.ജില്ലാ മിഷൻ കോ-ഓഡിനേറ്ററുണ്ട്. ജെൻഡർ വിഷയവുമായി ബന്ധപ്പെ ചുമതലകൾ ഈ ഉദ്യോഗസ്ഥക്കായിരുന്നു: എന്നാൽ ജില്ലാ മിഷൻ കോഡിനേറ്ററുടെ തെറ്റായ ചെയ്തികളെ വിമർശിക്കുന്നതിന്റെ ഭാഗമായി ജെൻഡർ ഉൾപ്പെടെയുള്ള ചുമതലകൾ ഈ ഉദ്യോഗസ്ഥയിൽ നിന്നും എടുത്തു മാറ്റി ഓഫീസിലെ മൂലക്ക് ഇരുത്തി. ആലപ്പുഴയിൽ സ്വീകരിച്ചിരിക്കുന്ന അതേ രീതി. ആലപ്പുഴ DMC യുടെ അതേ കാഴ്ചപ്പാടും ശൈലിയും അതേപടി പിൻന്തുടരുന്ന ശൈലിയാണ് കണ്ണൂർ DMC ക്കും.

കണ്ണൂർ ജില്ലാ മിഷനിലെ വനിതാ ക്ലർക്ക് DMC യുടെ ചെയ്തികളും ശൈലിയും എതിർക്കുകയും പ്രതികരിക്കുകയും ചെയ്തു. അതു കൊണ്ട് ഡെപ്യൂട്ടേഷൻ ദീർഘിപ്പിക്കുന്നതിനുള്ള ഫയൽവന്നപ്പോൾ DMC എതിർപ്പ് രേഖപ്പെടുത്തി. അവസാനം EDയോട് നേരിട്ട് പരാതി പറഞ്ഞ് കാര്യങ്ങൾ " എല്ലാം " ബോധ്യപ്പെടുത്തിയപ്പോൾ ED ' , D MC യുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് വനിത ക്ലർക്കിനു് ഡെപ്യൂട്ടേഷൻ ദീര്‍ഘിപ്പിച്ചു നൽകാൻ സർക്കാരിലേക്ക് ശുപാർശ നൽകി. കോഴിക്കോട്ട് കാരൻ ഗവേണിംഗ് ബോർഡ് മെമ്പർ റിവ്യൂ മീറ്റിംഗിൽ സംസാരിക്കുന്ന അതേ ശൈലി പിൻന്തുടരാൻ കണ്ണൂർ DMC കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. " അണിഞ്ഞ് ഒരുങ്ങി വരൂന്നത് എന്തിന്? അടങ്ങി ഒതുങ്ങി ഇരുന്നോണം, അവളെ അവിടെ ഇരിക്കാൻ പറയൂ;  ,ഞാൻ സംസാരിക്കുമ്പോൾ ഒരുത്തികളും സംസാരിക്കണ്ട. "

ഇങ്ങനെയൊക്കെയാണ് ഗവേണിംഗ് ബോഡി മീറ്റിംഗുകളിലെ ആക്രോശങ്ങള്‍.  എന്തായാലും ഗ്രാമവികസന വകുപ്പ് മന്ത്രിയുടെ അടുത്ത ആളായ DMC ക്ക് എല്ലാ കൊളളരാതായ്മകളും ചെയ്യാൻ പഞ്ചായത്തു മന്ത്രിയുടെ ഓഫീസിന്‍റെ പിന്തുണയുണ്ട്.

ഇടുക്കി ജില്ലയിലെ ഹെല്പ്പ് ഡെസ്ക്
ഇടുക്കിയിൽ കാര്യങ്ങള്‍ മറ്റൊരു തരത്തിലാണ്. കുടുംബശ്രീ ആരംഭിച്ച സ്നേഹിത ഹെൽപ്പ് ഡെസ്ക്  ഓഫീസിൽ രാത്രി വളരെ വൈകിയും ഡിഎംസി ഹാജരുണ്ട്. ഹെൽപ്പ് ഡെസ്ക് ഓഫീസിലെ കിച്ചണിൽ തന്നെ ഡി എം സി ക്ക് ഇറച്ചിക്കറി വയ്ക്കണം. അതു നിര്‍ബന്ധമാണ്. കറി  വീട്ടിലും കൊണ്ടു പോകണം. പല പ്രശനങ്ങളുമായി എത്തുന്നവർക്ക് സ്വകാര്യമായി പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനു DMC യുടെ ഈ ഇരുത്തം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. DMC യെ വണങ്ങി നിൽക്കുന്നവർക്ക് ആനുകൂല്യങ്ങളും സഹായങ്ങളും ആവോളമുണ്ട്. മറ്റുള്ളവർക്ക് അര്‍ഹതപ്പെട്ടതു കിട്ടാന്‍ ഓഫീസിൽ നിരന്തരം കയറിയിറങ്ങണം. ജില്ലാ മിഷൻ ഓഫീസിലെ മുഖ്യ സന്ദർശകർ സി ഡി എസ് ചെയർപേഴ്സൻമാരാണ്. എന്നാൽ അവർക്ക് അത്ര എളപ്പം "D MC സാറിനെ കാണാൻ കഴിയില്ല ".   " ഇവളുമാരെ വന്നാൽ ഉടൻ കാണാൻ തീരുമാനിച്ചാൽ എനിക്ക് വില ഉണ്ടാകില്ല, എന്നെ അനുസരിക്കുകയും ഇല്ല"  എന്നാണ് സിദ്ധാന്തം.ഇദ്ദേഹത്തിനു സ്തുതി പാടുന്നവ‍ര്‍ക്കു മാത്രമേ രക്ഷയുളളൂ. അല്ലാത്തവരോട് വായില്‍തോന്നിയ ഭാഷയിലാണ് സംസാരം. 
    
സഭ്യമല്ലാത്ത ഭാഷ, അധികാരപ്രയോഗം, മറിച്ചു ചൊല്ലല്‍ എന്നിങ്ങനെ പലതരത്തിലാണ് വിക്രിയകള്‍.  രാവിലെ യോഗം വിളിക്കും. കൃത്യസമയത്ത് യോഗത്തിനെത്തുന്നവരെ മൂന്നും നാലും മണിക്കൂര്‍ മണിക്കൂർ കാത്തിരുത്തും. എന്തെങ്കിലും  ചോദിക്കുന്നവരെ അധിക്ഷേപിക്കും, എന്തോ ഔദാര്യം പറ്റുന്നവരാണ് എന്ന നിലയിൽ അവജ്ഞ നിറഞ്ഞ വിശേഷണങ്ങൾ ഉപയോഗിക്കും. ഇതു തന്നെയാണ് ഏതാണ്ട് എല്ലാ ജില്ലകളിലെയും സ്ഥിതി.

 ഹെഡ്ഓഫീസും തഥൈവ 
കുടുംബശ്രീ ഹെഡ് ഓഫീസിൽ സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഒരു ലീഗ് പ്രതിനിധി ആയ പ്രോഗ്രാം ഓഫീസർ ഉണ്ട്. പണ പിരിവും സ്ത്രീവിരുദ്ധതയുമാണ് അദേഹത്തിന്റെ മുഖ്യ ചുമതല. അദ്ദേഹം നേരത്തെ ജോലി ചെയ്തിരുന്ന ഓഫീസുകളിലും ഇതുതന്നെയായിരുന്നു സ്വഭാവം. 

കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡ്രൈവറുണ്ടായിരുന്നു. കുറച്ചുകാലം മുമ്പ് ആ ജോലി ഉപേക്ഷിച്ചു പോയ അദ്ദേഹം പറഞ്ഞറിഞ്ഞ സംഭവങ്ങള് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. സഭ്യമല്ലാത്ത ഭാഷയും ഭാഷയുടെ തല തിരിച്ചുള്ള പ്രയോഗവുമാണ് പ്രധാന ശൈലി. മിഷൻ ഉദ്യോഗസ്ഥകൾ ഒരു അവസരത്തിൽ ഈ ഉദ്യോഗസ്ഥന്റെ ഭാഷ സ ഹിക്കാൻ കഴിയാതെ EDയോടു പരാതി പറയുകയും ചെയ്തിട്ടുണ്ട്. വകുപ്പു മന്ത്രിയുടെ പ്രതിപുരുഷനായിട്ടാണ് അദ്ദേഹം മിഷനില്‍ അറിയപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും. എന്തു കാര്യം പറയുമ്പോഴും, മന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് ആമുഖമായി പറയുമത്രേ.   കമ്മിഷൻ പണം വാങ്ങുമ്പോഴും ഇതുതന്നെയാണ് പറയുന്നത് എന്നകാര്യം മന്ത്രിയ്ക്കറിയുമോ ആവോ?

ജെന്‍ഡര്‍ ഓഡിറ്റിനു തയ്യാറുണ്ടോ?
കുടുംബശ്രീയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ജെന്‍ഡര്‍ ഓഡിറ്റിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ? അതൊരു വെല്ലുവിളി തന്നെയാണ്. സംസ്ഥാന ജില്ലാ അടിസ്ഥാനത്തിലും മിഷന്‍റെ പ്രവര്‍ത്തനപരിപാടി, പ്രക്രിയപ്രവര്‍ത്തനസ്വഭാവം, പ്രവൃത്തിക്കുന്ന ജീവനക്കാരുടെ ശൈലീസ്വഭാവം തുടങ്ങിയവയൊക്കെ പരിശോധനയ്ക്കു വിധേയമാക്കാം. കുടുംബശ്രീയെ സ്നേഹിക്കുകയും താല്‍പര്യത്തോടെ ഈ പ്രസ്ഥാനത്തെ വീക്ഷിക്കുകയും ചെയ്യുന്ന ഒട്ടേറെ പ്രഗത്ഭമതികള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരുടെ ഒരു ടീം വരട്ടെ. കാര്യങ്ങള്‍ പഠിക്കട്ടെ.

സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ അതിനു എല്‍ഡിഎഫ് മുന്‍കൈയെടുക്കും.  നേരത്തെ പറഞ്ഞ ടീമിനെ നിയോഗിച്ച് ഓഡിറ്റിങ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ട് രാജ്യം ചര്‍ച്ച ചെയ്യും. ഈ വേളയില്‍ തങ്ങള്‍ അനുഭവിച്ച വേദനകളും ബുദ്ധിമുട്ടുകളും നേരിട്ട് വന്നവതരിപ്പിക്കുവാന്‍ വ്യക്തികള്‍ക്ക് അവസരവും നല്‍കും. ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തിലൂടെ മാത്രമേ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനും അവരുടെ സാമൂഹ്യ സാംസ്‌കാരിക ഇടങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോല്പിക്കാന്‍ കഴിയൂ. ഇതിനുള്ള തുടക്കം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി ആരംഭിക്കും. ഇതിലേക്കുവേണ്ടിയുള്ള തയ്യാറെടുപ്പ് കേരളത്തിലെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരും കുടുംബശ്രീയെ സ്‌നേഹിക്കുന്നവരും തെളിവുകള്‍ സഹിതം സന്നദ്ധരാകേണ്ടതാണ്. 

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...