ചൈനയുടെ ഓഹരിക്കമ്പോളത്തില്‍ ഉണ്ടായ തകര്‍ച്ച ലോകമെങ്ങും പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. കാരണം, ലോക ഉല്‍പ്പാദനത്തിന്റെ 15 ശതമാനത്തോളം ചൈനയുടേതാണ്. (ഇന്ത്യയുടെ വിഹിതം മൂന്നുശതമാനമേ വരൂ). കഴിഞ്ഞ മൂന്നു ദശകമായി ചൈന രണ്ടക്ക നിരക്കിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ലോകവ്യാപാരത്തില്‍ ചൈനയ്ക്കാണ് ഒന്നാംസ്ഥാനം. അതുകൊണ്ട് ചൈനയുടെ സാമ്പത്തികസ്ഥിതി ലോകത്തെ എല്ലാ രാജ്യങ്ങളെയും സ്വാധീനിക്കും. അമേരിക്കയെക്കുറിച്ച് ഒരു ചൊല്ലുണ്ട്. അമേരിക്ക തുമ്മിയാല്‍ ലോകം പനിക്കും. ഇന്നിപ്പോള്‍ ചൈന തുമ്മിയാലും ലോകം പനിക്കും എന്നായിട്ടുണ്ട്.
പക്ഷേ, ചൈനയ്ക്ക് തുമ്മലെങ്ങനെ വന്നു? സത്യം പറഞ്ഞാല്‍ മൂന്നു ദശാബ്ദമായി ചൈന എങ്ങനെ റെക്കോഡ് വേഗതയിലുള്ള വളര്‍ച്ച നിലനിര്‍ത്തി എന്നതിലാണ് വിസ്മയിക്കേണ്ടത്. 1990കളുടെ മധ്യത്തില്‍ തെക്കുകിഴക്കന്‍ രാജ്യങ്ങളെ ഗ്രസിച്ച നാണയക്കുഴപ്പം ചൈനയെ തീണ്ടിയില്ല. 2008ലെ ആഗോളമാന്ദ്യം ചൈനയുടെ വേഗതയൊന്നു കുറച്ചു എന്നല്ലാതെ തളര്‍ത്തിയില്ല. മാത്രമല്ല, ചൈനയുടെ വളര്‍ച്ചയാണ് ലോക സമ്പദ്ഘടനയെ വീണ്ടെടുപ്പിന് സഹായിച്ച ഒരു മുഖ്യഘടകം. അമേരിക്കയും യൂറോപ്പുമെല്ലാം ഈ കാലയളവില്‍ ശരാശരി ഏതാണ്ടൊരുശതമാനം വീതമാണ് വളര്‍ന്നത്.
പക്ഷേ, ചൈനയുടെ സാമ്പത്തികവളര്‍ച്ചയില്‍ ഒരു ദൗര്‍ബല്യമുണ്ട്. ആഭ്യന്തര കമ്പോളത്തേക്കാള്‍ കയറ്റുമതി കമ്പോളത്തെ ആശ്രയിച്ചാണ് വളര്‍ച്ച. ചൈനയുടെ വരുമാനത്തിന്റെ പകുതി സമ്പാദ്യവും നിക്ഷേപമാണ്. പകുതിമാത്രമേ ഉപഭോഗത്തിനായി ചെലവഴിക്കുന്നുള്ളൂ. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ടിയുടെ കഴിഞ്ഞ കോണ്‍ഗ്രസ് ഇതിന്റെ അപകടത്തെക്കുറിച്ച് പരിശോധിക്കുകയും ആഭ്യന്തര ഉപഭോഗവും ജീവിതനിലവാരവും ഉയര്‍ത്താനുള്ള നടപടികള്‍ ആവിഷ്കരിക്കുകയും ചെയ്യുകയുണ്ടായി. എന്നാല്‍, ഇവ പ്രാവര്‍ത്തികമാകുന്നതേയുള്ളൂ. സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യസ്രോതസ്സായി കയറ്റുമതിതന്നെ തുടര്‍ന്നു.
2008ലെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറുന്നതിന് പാശ്ചാത്യരാജ്യങ്ങളെല്ലാം ഉത്തേജക പാക്കേജുകള്‍ നടപ്പാക്കി. പക്ഷേ, തകര്‍ച്ചയില്‍നിന്ന് കരകയറിത്തുടങ്ങിയപ്പോള്‍ത്തന്നെ നവലിബറല്‍ നേതാക്കളും വിദ്വാന്മാരും ചെലവുചുരുക്കല്‍ നടപടികള്‍ക്കായുള്ള മുറവിളി ആരംഭിച്ചു. ബാങ്കുകള്‍ പൊളിയാതിരിക്കാന്‍ അവരുടെ കിട്ടാക്കടമെല്ലാം സര്‍ക്കാരുകള്‍ ഏറ്റെടുക്കേണ്ടിവന്നപ്പോള്‍ പൊതുകടം ഭീമാകാരമായി വളര്‍ന്നു. ഇതു ചൂണ്ടിക്കാണിച്ചാണ് ഉത്തേജക പാക്കേജുകള്‍ അവസാനിപ്പിച്ചത്. രൂക്ഷമായ സാമ്പത്തികമുരടിപ്പ് നിലനില്‍ക്കുന്ന യൂറോപ്പില്‍പ്പോലും കമ്മി കര്‍ശനമായി വെട്ടിച്ചുരുക്കാനുള്ള നടപടി സ്വീകരിച്ചു. ഇത്തരമൊരു നയമാണ് ഗ്രീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ സമൂലതകര്‍ച്ചയിലേക്കും 25 ശതമാനം വരെ ഉയര്‍ന്ന തൊഴിലില്ലായ്മയിലേക്കും എത്തിച്ചത്. ഈ തലതിരിഞ്ഞ നയംമൂലം വീണ്ടെടുപ്പ് മന്ദീഭവിച്ചു. യൂറോപ്പ് അതിരൂക്ഷമായ മുരടിപ്പിലേക്ക് നീങ്ങി. അമേരിക്കയിലെ വീണ്ടെടുപ്പ് ദുര്‍ബലമായി. ഈ സ്ഥിതിവിശേഷം ചൈനയില്‍നിന്നുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു.
ചൈന ഈ സ്ഥിതിവിശേഷത്തെ നേരിട്ടത് രണ്ടുവിധത്തിലാണ്. സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിച്ച് വലിയതോതില്‍ പശ്ചാത്തല സൗകര്യ നിര്‍മാണത്തിന് ആക്കംകൂട്ടി. ഉദാരമായ വായ്പാനയം സ്വീകരിച്ചു. ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിച്ചു. റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണം നാലുകോടിയായി. ഇതുമൂലം ഉല്‍പ്പാദനം മന്ദീഭവിച്ചെങ്കിലും ഓഹരിവിലസൂചിക ഉയര്‍ന്നുകൊണ്ടേയിരുന്നു. പാശ്ചാത്യരാജ്യങ്ങളിലെ മാന്ദ്യം നീണ്ടുപോയത് ചൈനീസ് അധികൃതരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. കയറ്റുമതി കുറഞ്ഞു. ഉല്‍പ്പാദന വര്‍ധന ഏഴുശതമാനമായി കുറഞ്ഞു. യഥാര്‍ഥത്തില്‍ വര്‍ധന ഇതിലും വളരെ താഴെയാണെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതോടെ റിയല്‍ എസ്റ്റേറ്റ് കൂപ്പുകുത്തി. ഓഹരി വിപണിയിലും വിലയിടിയാന്‍ തുടങ്ങി. ഓഹരിവിലകള്‍ താഴാതിരിക്കാന്‍ ഒട്ടനവധി നടപടികള്‍ ഏതാനും മാസങ്ങളായി ചൈന സ്വീകരിക്കുകയുണ്ടായി. അതോടൊപ്പം ചൈനയുടെ നാണയത്തിന്റെ മൂല്യം ഉയര്‍ന്നത് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് യുവാന്‍ അവമൂലനം ചെയ്തു. പക്ഷേ, രണ്ടും ഫലവത്തായില്ല. മറ്റു രാജ്യങ്ങളും അവരുടെ നാണയങ്ങള്‍ മത്സരിച്ച് വെട്ടിക്കുറച്ചു. നിക്ഷേപകരാകട്ടെ, ഓഹരിവിപണിയില്‍നിന്ന് പിന്‍വാങ്ങാനും തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച 8.75 ശതമാനം ഓഹരി വിലയിടിഞ്ഞു. ലോകത്തെമ്പാടും തുടര്‍ചലനങ്ങളുണ്ടായി.
ഇനിയെന്ത്? ഒന്നും ഉറപ്പിച്ചു പറയാനാകില്ല. രണ്ടക്ക വളര്‍ച്ച എല്ലാക്കാലത്തേക്കും നിലനിര്‍ത്താനാകില്ലെന്ന് ചൈനയ്ക്കുതന്നെ അറിയാം. ആഭ്യന്തര ഉപഭോഗവും ജീവിതനിലവാരവും ഉയര്‍ത്താനുള്ള നടപടികള്‍ക്ക് ചൈന ആക്കംകൂട്ടും എന്നുവേണം കരുതാന്‍. ചൈനയുടെ ഭീമമായ വിദേശ വിനിമയ കരുതല്‍ശേഖരം ഇന്ത്യയുടേതുപോലെ ഹ്രസ്വകാല വിദേശനിക്ഷേപത്തെ ആശ്രയിച്ചുള്ളതല്ല. വിദേശ വ്യാപാരത്തില്‍നിന്ന് മിച്ചമുണ്ടായതാണ്. അതുകൊണ്ട് വിദേശനാണയ പ്രതിസന്ധിയെ ഭയപ്പെടാനില്ല. യുവാനെ ആഗോള റിസര്‍വ് കറന്‍സിയാക്കാനുള്ള നടപടികള്‍ ചൈന തുടരും. പക്ഷേ, ചൈനയിലെ ഉല്‍പ്പാദനമാന്ദ്യം ചൈനയുമായുള്ള പാശ്ചാത്യരാജ്യങ്ങളുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും. ചൈനയുമായി അടുത്ത സാമ്പത്തികബന്ധങ്ങളുള്ള കമ്പനികളുടെ ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. ഐഎംഎഫ് ഇതിനു മുമ്പുതന്നെ അമേരിക്കയുടെ സാമ്പത്തികവളര്‍ച്ച മുമ്പു പ്രഖ്യാപിച്ചതില്‍നിന്ന് താഴ്ത്തിയിരുന്നു. പുതിയ സംഭവവികാസത്തോടെ അമേരിക്കയിലെ വീണ്ടെടുപ്പ് കൂടുതല്‍ ദുര്‍ബലമാകും. യൂറോപ്പിലെ ഉല്‍പ്പാദനം കേവലമായി ഇടിയും. 2008ല്‍ തകര്‍ന്ന പാശ്ചാത്യ സമ്പദ്ഘടനകള്‍ 2010ലാണ് കരകയറിത്തുടങ്ങിയത്. 2012ല്‍ വീണ്ടും തകര്‍ന്നു. ഇതിന് ഡബിള്‍ ഡിപ് ഡിപ്രഷന്‍ (ഇരട്ടപ്പതന തകര്‍ച്ച) എന്ന് പേരുവീണു. ഇന്നിപ്പോള്‍ മൂന്നാംഘട്ടം പതനം തുടങ്ങിയിരിക്കുകയാണ്.
ഇന്ത്യയുടെ കാര്യമോ? ആഗോള സാമ്പത്തിക തകര്‍ച്ച ആവര്‍ത്തിച്ചേക്കാമെന്ന് തന്റെ ലണ്ടന്‍ പ്രഭാഷണത്തില്‍ തുറന്നുപറഞ്ഞ് ഏവരെയും ഞെട്ടിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വരെ ഇന്ത്യക്ക് ഒരു പ്രശ്നവുമില്ല എന്നുപറഞ്ഞ് സമാധാനിക്കാന്‍ നോക്കുകയാണ്. അപ്പോള്‍പ്പിന്നെ അരുണ്‍ ജെയ്റ്റ്ലിയുടെയും മറ്റും വിശദീകരണത്തെക്കുറിച്ചു പറയണോ? കടുത്ത സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ മോഡിസര്‍ക്കാരിനെ തുറിച്ചുനോക്കുകയാണ്. വ്യവസായ വളര്‍ച്ച രൂക്ഷമായ മുരടിപ്പിലാണ്. മറിച്ചുള്ള പ്രസ്താവനകള്‍ കണക്കുകളുടെ കസര്‍ത്താണ്. ഓഹരിവിപണിയുടെ ഉയര്‍ച്ച സാമ്പത്തിക യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അതൊരു കുമിളയാണ്. മോശം കാലവര്‍ഷം വിലക്കയറ്റത്തിനാക്കംകൂട്ടും. ഹ്രസ്വകാല വിദേശമൂലധനത്തിന്മേലുള്ള ആശ്രിതത്വം അപകടകരമായ നിലയില്‍ തുടരുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ആകെയുള്ള രജതരേഖ എണ്ണയുടെ വിലയിടിവാണ്. പക്ഷേ, എണ്ണവിലയുടെയും മറ്റ് വ്യാവസായിക അസംസ്കൃത പദാര്‍ഥങ്ങളുടെയും വിലയിലുണ്ടാകുന്ന ഇടിവ് ആഗോളമാന്ദ്യം രൂക്ഷമാകുന്നതിന്റെ സൂചനയാണ്. ഇതില്‍നിന്ന് ഇന്ത്യക്കുമാത്രം മാറി നില്‍ക്കാനാകും എന്ന് കരുതുന്നതില്‍പ്പരം മൗഢ്യം വേറെയുണ്ടാകില്ല