Showing posts with label 2ജി സ്പെക്ട്രം. Show all posts
Showing posts with label 2ജി സ്പെക്ട്രം. Show all posts

Wednesday, May 1, 2013

അഴിമതിയുടെ വര്‍ധിക്കുന്ന അടങ്കല്‍

ധനവിചാരം, May 12013


പുറത്തുവരുന്ന അഴിമതിക്കഥകളുടെ മുന്നില്‍ കോടതിയിലും പാര്‍ലമെന്റിലും മാത്രമല്ല, ജനങ്ങളുടെ മുന്നിലും കേന്ദ്രസര്‍ക്കാറിന്റെ നില പരുങ്ങലിലാണ്. പക്ഷേ, ഭരണത്തലവനായ പ്രധാനമന്ത്രിയുടെ സ്ഥായിയായ ഭാവം നിസ്സംഗതയാണ്.

സാമ്പത്തികവളര്‍ച്ചയുടെ വേഗംകൂട്ടാനുള്ള മന്ത്രമാണ് സ്വകാര്യവത്കരണം. പൊതുമേഖല മാത്രമല്ല, നാടിന്റെ പൊതുസ്വത്തും കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കണം. അങ്ങനെ അവര്‍ക്കുലഭിക്കുന്ന അധികലാഭത്തെ വളര്‍ച്ചയുടെ സബ്‌സിഡിയായി കണക്കാക്കിയാല്‍ മതി എന്ന് വ്യാഖ്യാനിച്ചയാളാണ് നമ്മുടെ പ്രധാനമന്ത്രി! എന്നുവെച്ചാല്‍ 2 ജി സ്‌പെക്ട്രം ചുളുവിലയ്ക്കുവിറ്റത് മൊബൈല്‍ നിരക്കുകള്‍ താഴ്ത്താനുള്ള സബ്‌സിഡി; കല്‍ക്കരിപ്പാടങ്ങള്‍ തുച്ഛമായ വിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറിയത് വൈദ്യുതിനിരക്ക് കുറയ്ക്കാന്‍. വന്‍നേട്ടത്തില്‍ നിന്ന് ഏതാനും ഉദ്യോഗസ്ഥരും കുറച്ച് രാഷ്ട്രീയക്കാരും കൈയിട്ടുവാരുന്നു എന്നത് മാത്രമാണ് പ്രധാനമന്ത്രിയുടെ ദൃഷ്ടിയില്‍ ആകെയുള്ള ദോഷം. അതൊഴിവാക്കിയാല്‍ എല്ലാം ഭദ്രം!

അഴിമതി ഇന്ത്യയ്ക്ക് പുത്തരിയല്ലല്ലോ. നാല്പതുതരം അഴിമതികളെക്കുറിച്ച് കൗടില്യന്‍ തന്നെ വിവരിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ രാജ്യശ്രദ്ധയാകര്‍ഷിച്ച ആദ്യത്തെ അഴിമതിക്കേസുണ്ടായത് 1948-ലാണ്. ജീപ്പ് വാങ്ങിയതില്‍ നടത്തിയ 48 ലക്ഷത്തിന്റെ വെട്ടിപ്പ്. ഇന്നത്തെ മൂല്യമനുസരിച്ച് 82 കോടിയുടെ വിലയുള്ള അഴിമതി. മുണ്‍ഡ്രാ കേസടക്കം മൂന്ന് അഴിമതിക്കഥകളാണ് 1950-കളുടെ നീക്കിയിരിപ്പ്. മൂന്നിലുംകൂടി നടന്നത് (ഇന്നത്തെ നിലയില്‍ കണക്കാക്കിയാല്‍) 63 കോടിയുടെ വെട്ടിപ്പ്. കപ്പല്‍ കോടീശ്വരന്‍ തേജയ്ക്കുനല്‍കിയ വായ്പകളിലെ തിരിമറിയാണ് 1960-കളില്‍ രാജ്യത്തെ ഞെട്ടിച്ചത്. അന്നത്തെ 22 കോടിക്ക് ഇന്നത്തെ 694 കോടിയുടെ വലിപ്പമുണ്ട്. 1970-കളിലാവട്ടെ, മൂന്ന്‌കേസുകളിലായി 35 കോടിയുടെ അഴിമതി (തുക ഇന്നത്തെ കണക്കനുസരിച്ച്). 1980-കളില്‍ ഇത് 1000 കോടിയായി. ശരാശരിയെടുത്താല്‍ സ്വാതന്ത്ര്യലബ്ധി മുതല്‍ 1990 വരെ ഒരു ദശാബ്ദത്തിനുള്ളില്‍ നടന്ന വമ്പന്‍ അഴിമതികളുടെ ശരാശരി അടങ്കല്‍ 350 കോടി രൂപയാണ്.

എന്നാല്‍, നവഉദാരീകരണം വന്നതോടെ സ്ഥിതി മാറി. 1990-കളില്‍ 12 കേസുകളിലായി 31,546 കോടിയുടെ വെട്ടിപ്പ്. പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ അഴിമതിയുടെ വലിപ്പം 14 കേസുകളിലായി ഒരു ലക്ഷം കോടിയായി. 2010, 2011 വര്‍ഷങ്ങളില്‍ മാത്രമായി ഇതിനകം ഒമ്പത് കേസുകളിലായി തുക പെരുകിയത് അഞ്ചുലക്ഷം കോടിയിലേക്ക്. ആഗോളീകരണ നയങ്ങളുടെ ശക്തനായ വക്താവായ ബിബേക് ദേബ്‌റോയുടേതാണ് ഈ കണക്കുകള്‍. അതുകൊണ്ട് അതിശയോക്തിപരമെന്ന ശങ്ക വേണ്ട.

ഒമ്പത് കേസുകളുടെ ലിസ്റ്റിതാ: 2 ജി സ്‌പെക്ട്രം (1.76 ലക്ഷം കോടി), കോമണ്‍വെല്‍ത്ത് ഗെയിംസ് (36,000 കോടി), അമ്പാട്ടി ആന്ധ്രാ ഭൂമിയിടപാട് (10, 000 കോടി), കര്‍ണാടകയിലെ ബെല്‍ക്കരി തുറമുഖം (60,000 കോടി), യു.പി. ധാന്യ ഇടപാട് (രണ്ടു ലക്ഷം കോടി), ബെല്ലാരി ഖനി തട്ടിപ്പ് (16,000 കോടി). ആദര്‍ശ് ഫ്‌ളാറ്റിന്റെയും ഭവനവായ്പയുടെയും തിരിമറി (1100 കോടി). എസ് ബാന്‍ഡ് അഴിമതിയുടെ തുക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയ്ക്കുശേഷമാണ് കല്‍ക്കരിപ്പാടം, പയറുവില്പന, ഹെലികോപ്റ്റര്‍ ഇടപാട്, കെ.ജി. ബേസിന്‍ വാതകകുംഭകോണം തുടങ്ങിയ അഴിമതികള്‍ പുറത്തുവന്നത്. ഈ ദശാബ്ദം അവസാനിക്കുമ്പോള്‍ സ്ഥിതി എവിടെച്ചെന്നുനില്‍ക്കും എന്ന് ഊഹിക്കാന്‍പോലുമാവില്ല.

അഴിമതിയുടെ കാര്യത്തില്‍ നിയോലിബറല്‍ കാലത്തിന് മുന്‍കാലങ്ങളേതില്‍ നിന്ന് വ്യത്യസ്തതകള്‍ പലതാണ്. ഏറ്റവും പ്രധാനം അഴിമതിയുടെ വലിപ്പം തന്നെ. 10,000 കോടിക്ക് മുകളിലാണ് ഓരോ അഴിമതിയും. രണ്ട്, കോര്‍പ്പറേറ്റുകളാണ് അഴിമതിയുടെ മുഖ്യ ഗുണഭോക്താക്കള്‍. ശക്തമായ ശിങ്കിടി മുതലാളിത്തമാണ് വളര്‍ന്നുവരുന്നത്. മൂന്ന്, പണ്ടത്തെപ്പോലെ അഴിമതി ഇന്നൊരു ധാര്‍മിക അപഭ്രംശത്തിന്റെ പ്രശ്‌നമല്ല. പുതിയ സാമ്പത്തികനയത്തിന്റെ യുക്തിയില്‍ അഴിമതി അനിവാര്യമാണ്. മന്‍മോഹന്‍ സിങ്ങിന് ഈ തിരിച്ചറിവുണ്ട്. അതുകൊണ്ടാണ് അഴിമതിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് സ്ഥായിയായ നിസ്സംഗത.

2 ജി സ്‌പെക്ട്രം കേസെടുക്കുക. രാജ എന്ന മന്ത്രിക്ക് മാത്രമാണോ അതോ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നതിന്മേലാണല്ലോ ഇപ്പോള്‍ ജെ.പി.സി.യില്‍ കോലാഹലം നടക്കുന്നത്. പ്രധാനമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് തിരിമറികള്‍ നടന്നത് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ജെ.പി.സി.യിലെ ഭൂരിപക്ഷം ഉപയോഗിച്ച് എത്ര വെള്ളപൂശിയാലും താഴെ പറയുന്ന ഈ വസ്തുതകള്‍ മറയ്ക്കാനാവില്ല.

ഒന്ന്, 2 ജി വില്പനയുടെ ഓരോ ഘട്ടത്തിലും നേരിട്ടും രേഖാമൂലവും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു എന്നാണ് രാജയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം തെളിയിക്കുന്ന വിശദമായ മൂന്ന് കത്തുകള്‍ നമ്മുടെ മുന്നിലുണ്ട്. വില ഗണ്യമായി ഉയര്‍ത്തുകയോ ലേലം വിളിക്കുകയോ ആണ് വേണ്ടത് എന്ന തന്റെ അഭിപ്രായം പ്രധാനമന്ത്രി ഒരു കത്തിന് മറുപടിയായി അറിയിക്കുന്നുമുണ്ട്. പക്ഷേ, രാജ തന്റെ വ്യത്യസ്ത നിലപാട് വിശദീകരിച്ചുകൊണ്ട് പിന്നീട് നല്‍കിയ കത്തുകള്‍ക്ക് മറുപടി നല്‍കുകയോ വില്പന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയോ പ്രധാനമന്ത്രി ചെയ്തില്ല.

രണ്ട്, 2001-ലെ വിലയ്ക്ക് 2 ജി സ്‌പെക്ട്രം വില്പന പാടില്ലെന്നും എന്‍ട്രി ഫീസ് 36,000 കോടി രൂപയായി ഉയര്‍ത്തണമെന്നുമുള്ള കാബിനറ്റ് സെക്രട്ടറിയുടെ ശുപാര്‍ശ പ്രധാനമന്ത്രിയുടെ മുന്നിലുണ്ടായിരുന്നു. മുന്‍ കാബിനറ്റ് സെക്രട്ടറിയും ഇപ്പോള്‍ കേരളത്തിലെ പ്ലാനിങ്‌ബോര്‍ഡ് ചെയര്‍മാനുമായ ചന്ദ്രശേഖര്‍ ജെ.പി.സി. മുമ്പാകെയാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

മൂന്ന്, 2 ജി വില്പനയില്‍ ആദ്യം പ്രകടിപ്പിച്ച എതിര്‍പ്പില്‍ നിന്ന് പ്രധാനമന്ത്രി പിന്മാറി എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അതിന്റെ കാരണം ഇന്നും അജ്ഞാതം. വിവിധ നിര്‍ദേശങ്ങളെ താരതമ്യപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പഠനം ഈ മനംമാറ്റത്തിന്റെ സാക്ഷ്യപത്രമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരും സെക്രട്ടറി പുലോക് ചാറ്റര്‍ജിയും തയ്യാറാക്കിയ കുറിപ്പില്‍ മന്ത്രി രാജയുടെ പല നിര്‍ദേശങ്ങളോടും യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി ഇതുവരെ ഈ കുറിപ്പിനെ തള്ളിപ്പറഞ്ഞിട്ടില്ല.

നാല്, 2008 ജനവരിയില്‍ ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിയപ്പോള്‍ നാനാകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ ഘട്ടത്തിലും വില്പന തടയുന്നതിന് നിയമപരമായ തടസ്സമൊന്നുമുണ്ടായിരുന്നില്ല. 2008 ഫിബ്രവരിയിലാണ് സീതാറാം യെച്ചൂരി നിര്‍ണായകമായ ആദ്യത്തെ കത്ത് പ്രധാനമന്ത്രിക്ക് അയച്ചത്. ഈ കത്തുകളില്‍ ഉന്നയിച്ച ആരോപണങ്ങളാണ് പിന്നീട് സി. ആന്‍ഡ് എ.ജി. സാധൂകരിച്ചത്.

2 ജി സ്‌പെക്ട്രം ഇടപാടിലെ ക്രമക്കേടിനെയും അഴിമതിയെയുംകുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്നതിന് ഒരു സംശയവുംവേണ്ട. അറിഞ്ഞിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല. 2 ജി അഴിമതിയില്‍ രാജയുടെ മറയുണ്ടെങ്കില്‍ കല്‍ക്കരിപ്പാടം ഇടപാടിലും എസ് ബാന്‍ഡ് അഴിമതിയിലും നഗ്‌നത മറയ്ക്കാന്‍ പുളിയിലപോലും പ്രധാനമന്ത്രിയുടെ കൈവശമില്ല. അഴിമതിക്കാരെ ശിക്ഷിക്കാനോ, അഴിമതി തടയുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കാനോ അദ്ദേഹം തയ്യാറല്ല എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
കള്ളപ്പണക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കുന്നതിനല്ല, അത് വെള്ളപ്പണമാക്കി ഇന്ത്യയിലേക്ക് തിരിച്ചൊഴുക്കാന്‍ അവരെ പ്രീണിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ ലക്ഷ്യത്തിനുവേണ്ടി മാത്രമാണ്, മൗറീഷ്യസുമായി ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

അഴിമതിയോടുള്ള കേന്ദ്രസര്‍ക്കാറിന്റെ ഈ നിസ്സംഗതയ്ക്കുപിന്നില്‍ വ്യക്തമായ ഒരു സാമ്പത്തികദര്‍ശനമുണ്ട്. ലാഭവര്‍ധനയ്ക്ക് തടസ്സം നില്‍ക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്ത സ്വകാര്യ ഉടമസ്ഥതയിലുള്ള തുറന്ന കമ്പോളമാണ് ലക്ഷ്യം. ലാഭവര്‍ധന മൂലധന സംഭരണത്തിന് ഉത്തേജകമാകും. ഇത് സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തും. ഇതാണ് നവലിബറല്‍ സിദ്ധാന്തം. ഏതെങ്കിലും സംരംഭകന്‍ അതിവേഗത്തില്‍ കൂടുതല്‍ പണം ആര്‍ജിച്ചാല്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല; അതയാളുടെ മികവിന്റെ നിദര്‍ശനമായി കണക്കാക്കിയാല്‍ മതിയെന്നാണ് നവലിബറലുകളുടെ നിലപാട്. സര്‍ക്കാറിന്റെ സ്വത്തോ പൊതുസ്വത്തോ സ്വകാര്യമുതലാളിമാരുടെ കൈവശമെത്തിച്ചേരുന്നതില്‍ ഒരു തെറ്റും ഈ സിദ്ധാന്തക്കാര്‍ കാണുന്നില്ല. പൊതുസ്വത്തിന്റെ കൊള്ളയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സിദ്ധാന്തം. ഈ കൊള്ളയാണ് ശതകോടീശ്വരന്മാരുടെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുടെ ഏറ്റവും പ്രധാന സ്രോതസ്സ്.

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 2004-ല്‍ 13 ആയിരുന്നത് 2010-ല്‍ 69 ആയി. ദേശീയ വരുമാനത്തിന്റെ നാലുശതമാനമായിരുന്ന അവരുടെ സ്വത്ത് 31 ശതമാനമായി വര്‍ധിച്ചു. ഏറ്റവും വലിയ കുത്തകകളുടെ ആസ്തി 1991-ല്‍ 0.75 ലക്ഷം കോടി രൂപയായിരുന്നത് 2004-'05 ആയപ്പോഴേക്കും 6.92 ലക്ഷം കോടിയായി ഉയര്‍ന്നു. കൊഡാക് വെല്‍ത്ത് മാനേജ്‌മെന്റ് ആന്‍ഡ് റേറ്റിങ് ഏജന്‍സി ഇന്ത്യയിലെ സമ്പന്നരെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 കോടിയേക്കാള്‍ കൂടുതല്‍ ആസ്തിയുള്ളവരെയാണ് അവര്‍ സമ്പന്നരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2011-ല്‍ ശരാശരി 75 കോടി വീതം സ്വത്തുള്ള 62,000 സമ്പന്നരാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2016-ല്‍ ഇവരുടെ എണ്ണം ശരാശരി 1,000 കോടി വീതമുള്ള 2,19,000 ആയി വര്‍ധിക്കുമെന്നാണ് മതിപ്പുകണക്ക്. ഇവരുടെ മൊത്തം സ്വത്ത് 45 ലക്ഷം കോടിയില്‍ നിന്ന് 235 ലക്ഷം കോടിയായി ഉയരും.

മുതല്‍മുടക്കില്‍നിന്ന് കിട്ടിയ ന്യായമായ ലാഭം മാത്രമല്ല അവരുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നത് എന്ന് വ്യക്തം. മറിച്ച്, രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെയുള്ളപൊതുസ്വത്ത് കൊള്ളയാണ് വിസ്മയകരമായ ഈ വളര്‍ച്ചയുടെ രഹസ്യം. പ്രാകൃത മൂലധനസമാഹരണത്തിന്റെ ഒരു പുതിയഘട്ടത്തിലാണ് ഇന്ത്യന്‍ മുതലാളിത്തം.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...