Monday, June 14, 2021

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചത്. ആഗോളീകരണ കാലഘട്ടത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ്ചേഞ്ച് തട്ടിപ്പായിരുന്നു ഹര്‍ഷദ് മേത്തയുടേത്. ഉദാരവത്കരണം സൃഷ്ടിക്കുന്ന പഴുതുകള്‍ എങ്ങനെ കൊളളയ്ക്കുപയോഗപ്പെടുത്താം എന്ന് പ്രായോഗികമായി ചെയ്തു കാണിച്ചത് ഹര്‍ഷദ് മേത്തയാണ്. 1991ല്‍ ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഉണര്‍ന്നു. ഷെയറുകളുടെ വിലകള്‍ ഉയരാന്‍ തുടങ്ങി. പുതിയ നയങ്ങളുടെ വിജയഭേരിയായി ദലാല്‍ സ്ട്രീറ്റിലെ ആരവം വ്യാഖ്യാനിക്കപ്പെട്ടു. ഷെയറിന്റെ വിലകള്‍ ഇപ്രകാരം കുത്തനെ ഉയരുന്നതിന്റെ പിന്നില്‍ ഷെയറുകള്‍ മൊത്തത്തില്‍ വാങ്ങിക്കൂട്ടുന്ന ആരെങ്കിലും ഉണ്ടാകണം. അന്വേഷണം ചെന്നെത്തിയത് ഹര്‍ഷദ് മേത്തയിലാണ്. ഹര്‍ഷദ് മേത്ത ഷെയര്‍ മാര്‍ക്കറ്റിലിറങ്ങിയാല്‍ വിലകള്‍ ഉയരുമായിരുന്നു. വിലകള്‍ ഉയരുമ്പോള്‍ താന്‍ വാങ്ങിയ ഷെയറുകള്‍ വിറ്റ് മേത്ത കാശുണ്ടാക്കി. ഓഹരിക്കമ്പോളത്തെയാകെ സ്വാധീനിക്കത്തക്ക രീതിയില്‍ ഇത്രയേറെ പണമെങ്ങനെ ഹര്‍ഷദ് മേത്തയുടെ കൈയില്‍ വന്നു എന്ന് അപ്പോഴൊന്നും ആരും ചിന്തിച്ചില്ല. ബിഗ് ബുള്‍ അഥവാ കാളക്കൂറ്റന്‍ എന്നപേരില്‍ ഹര്‍ഷദ് മേത്ത ആദരിക്കപ്പെട്ടു.


സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ മാര്‍ക്കറ്റ്

ഹര്‍ഷദ് മേത്ത തനിക്കു വേണ്ടുന്ന ഭീമാകാരന്‍ തുകകള്‍ സമാഹരിച്ചത് ബാങ്കുകളില്‍ നിന്നായിരുന്നു. ഒരു ഈടും കൊടുക്കാതെ തന്നെ. ഇതിനായി മേത്ത ഉപയോഗപ്പെടുത്തിയത് റിപ്പോ മാര്‍ക്കറ്റിനെയാണ്. വെറുതേ കാശായി പണം സൂക്ഷിച്ചാല്‍ ബാങ്കുകള്‍ക്ക് പലിശ ലഭിക്കുകയില്ലല്ലോ. അതുകൊണ്ട് അത്യാവശ്യനപ്പുറം കൈയില്‍ കാശുണ്ടെന്നു കണ്ടാല്‍ അവ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കും. പലിശ ചെറുതായിരിക്കുമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഈ സെക്യൂരിറ്റികള്‍ വിറ്റു കാശാക്കാം എന്ന സൗകര്യവുമുണ്ട്. ഇതിനു പുറമെ എല്ലാ ബാങ്കുകളും ഡെപ്പോസിറ്റിന്റെ ഒരു നിശ്ചിതശതമാനം കേന്ദ്രസര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കണമെന്ന് നിയമമുണ്ട്. ഡെപ്പോസിറ്റു തുകയില്‍ വരുന്ന മാറ്റമനുസരിച്ച് സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയും വേണം. വിവിധ ബാങ്കുകള്‍ തമ്മില്‍ നിരന്തരം നടക്കുന്ന ഈ ഇടപാടുകള്‍ റിസര്‍വ് ബാങ്ക് പരിശോധിക്കുകയും സെക്യൂരിറ്റികളുടെ ഉടമസ്ഥതകളില്‍ രേഖാമൂലം മാറ്റം വരുത്തുകയും ചെയ്യും.

വിവിധ ബാങ്കുകള്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് ബ്രോക്കര്‍മാര്‍ വഴിയാണ്. ഹര്‍ഷദ് മേത്തയും ബ്രോക്കറായിരുന്നു. റിസര്‍വ് ബാങ്കിന്റെ രേഖകളില്‍ സെക്യൂരിറ്റി ഉടമസ്ഥാവകാശം മാറ്റിയെഴുതുന്നതിന് ആഴ്ചകളുടെ കാലതാമസമുണ്ടാകുമെന്ന് അയാള്‍ക്കറിയാമായിരുന്നു. അതിനിടയില്‍ ബാങ്ക് വാങ്ങിയ സെക്യൂരിറ്റികള്‍ ഹാജരാക്കിയില്ലെങ്കിലും പ്രശ്‌നമില്ല. ഈ പഴുതുപയോഗപ്പെടുത്തി സെക്യൂരിറ്റി ഇല്ലാതെതന്നെ ബാങ്കുകളില്‍ നിന്ന് വലിയതോതില്‍ പണമെടുക്കുകയും ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയുമായിരുന്നു മേത്തയുടെ അടവ്. സെക്യൂരിറ്റികളുടെ വാങ്ങലും വില്‍പ്പനയും നിരന്തരം നടക്കുന്നതുകൊണ്ട് അപകടമൊന്നുമില്ലാതെ പണം റോള്‍ ചെയ്തുപോകാനും കഴിഞ്ഞു. ഇങ്ങനെ ഏതാണ്ട് 3500 കോടി രൂപയുടെ ബാങ്കു പണമാണ് മേത്തയെടുത്ത് ഓഹരിക്കമ്പോളത്തില്‍ കളിച്ചത്. കളി പാളി. എസ്ബിഐയുടെ അക്കൗണ്ടില്‍ പണം തിരിച്ചെത്തിയില്ല. അതോടെ കോലാഹലമായി. ഹര്‍ഷദ് മേത്ത അറസ്റ്റിലുമായി. താനെ ജയിലില്‍ കിടന്ന് ഈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാന്ത്രികന്‍ കാലയവനികയില്‍ മറയുകയും ചെയ്തു.

അധികവായനയ്ക്കു താല്‍പര്യമുളളവര്‍ ദേബാഷിഷ് ബസുവും സുചേതാ ദലാലും ചേര്‍ന്നെഴുതിയ ദി സ്‌കാം (തട്ടിപ്പ്) എന്ന ഗ്രന്ഥം വായിക്കുക. ഹര്‍ഷദ് മേത്തയെക്കുറിച്ചു മാത്രമല്ല, പത്തുവര്‍ഷം കഴിഞ്ഞ് കേതന്‍ പരേഖ് നടത്തിയ മറ്റൊരു ഭീമന്‍ ഓഹരിത്തട്ടിപ്പിന്റെയും വിശദമായ കഥ ഇതിലുണ്ട്. കേതന്‍ പരേഖ് തട്ടിപ്പിന് ഒരു ദശാബ്ദം പിന്നിടുമ്പോഴാണ് ജിഗ്നേഷ് ഷായുടെ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് തട്ടിപ്പ് ഇപ്പോള്‍ വന്നിരിക്കുന്നത്.  എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും ഒരു ഭീമന്‍ ഓഹരിക്കുംഭകോണം ഇന്ത്യയെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ കുംഭകോണവും അന്വേഷണ റിപ്പോര്‍ട്ടുകളും - ഹര്‍ഷദ്‌മേത്തയുടെ കാര്യത്തിലാണെങ്കില്‍ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടു തന്നെയുണ്ട് - പോലീസ് നടപടികളും ഉണ്ടാകും. എല്ലാവരും കുറച്ചു ജാഗ്രത പുലര്‍ത്തും. കുറേക്കഴിയുമ്പോള്‍ എല്ലാം തഥൈവ. ഊഹക്കച്ചവടവും തട്ടിപ്പും തമ്മില്‍ വലിയ അകലമില്ല എന്നതാണ് സത്യം.

നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് എന്ത്?

നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (National Spot Exchange) അഥവാ എന്‍.എസ്.ഇ.എല്‍ (NSEL) ഓഹരിക്കമ്പോളമല്ല. ചരക്കുകള്‍ കൈമാറുന്നതിനുളള ദേശീയ കമ്പോളമാണ്. 'അപകടരഹിതവും തടസരഹിതവുമായി രാജ്യത്തുടനീളമുളള വിവിധ ചരക്കുകള്‍ വാങ്ങാനും വില്‍ക്കാനുമുളള അത്യാധുനിക സാങ്കേതികത കൈവരിച്ച സംഘടിതവും നിയതവുമായ വിതരണ മാര്‍ക്കറ്റ്' എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ ചരക്കുകമ്പോളങ്ങളുടെ ദേശീയതലത്തിലുളള ഇലക്‌ട്രോണിക്‌സ് രൂപമാണ് ഇതെന്നു പറയാം. നാഷണല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷനും ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന സ്വകാര്യസ്ഥാപനവും സംയുക്തമായാണ് ഇതാരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു.

കാര്‍ഷികമോ ഖനിജങ്ങളോ ആയ പ്രാഥമിക ചരക്കുകള്‍ വില്‍ക്കുന്ന ഭീമന്‍ കമ്പോളങ്ങള്‍ ഇന്ത്യയിലെ പലഭാഗത്തുമുണ്ട്. ഇവിടങ്ങളിലേയ്ക്ക് ചരക്കുകള്‍ ചെറുകിട ഉല്‍പാദകരില്‍നിന്നു വാങ്ങി മൊത്തക്കച്ചവടക്കാര്‍ കൊണ്ടുവരുന്നു. വ്യവസായികളും കയറ്റുമതിക്കാരും മറ്റും ഇവരില്‍ നിന്ന് കാശുകൊടുത്ത് ചരക്കുകള്‍ വാങ്ങും. ശ്രദ്ധിക്കേണ്ടുന്ന കാര്യം റെഡി കാഷ് അല്ലെങ്കില്‍ അതിന്റെ ഉറപ്പുനല്‍കുന്നു. അപ്പോള്‍ത്തന്നെ ചരക്കും യഥാര്‍ത്ഥത്തില്‍ത്തന്നെ കൈമാറുന്നു.

ഇതിനുപകരം മൊത്തക്കച്ചവടക്കാര്‍ക്ക് അല്ലെങ്കില്‍ സപ്ലെയേഴ്‌സിന് തങ്ങളുടെ ചരക്കുകള്‍ അംഗീകൃത വെയര്‍ഹൗസില്‍ കൊണ്ടുവന്നു സൂക്ഷിച്ചാല്‍മതി. ഇതിന്റെ രസീത് ഇന്റര്‍നെറ്റു വഴി വില്‍പനയ്ക്കു വരുന്നു. വാങ്ങുന്ന സ്ഥാപനത്തിനോ വ്യക്തിയ്‌ക്കോ ഇന്ത്യയിലെവിടെയിരുന്നു വേണമെങ്കിലും ഈ രസീതു വാങ്ങാം. ഇതോടെ വെയര്‍ഹൗസില്‍ സൂക്ഷിക്കുന്ന ചരക്ക് അയാളുടെ വകയായി. ഇത്തരത്തില്‍ രൊക്കമായി ചരക്കുകള്‍ ഇലക്‌ട്രോണിക് സംവിധാനം വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പോളമാണ് എന്‍.എസ്.ഇ.എല്‍. ഇതിന്റെ നേട്ടം ഉല്‍പാദകര്‍ക്കു ലഭിക്കും എന്നാണ് വെപ്പ്. വണ്ടന്‍മേട് വെയര്‍ഹൗസില്‍ കൊണ്ടുവെയ്ക്കുന്ന ഏലത്തിന്റെ ലേലം വിളിയില്‍ പങ്കുകൊളളാന്‍ കയറ്റുമതിക്കാരോ വ്യവസായികളോ വണ്ടന്‍മേട്ടില്‍ വരേണ്ട. ഇന്ത്യയില്‍ എവിടെനിന്നു വേണമെങ്കിലും വാങ്ങാം. ലേലം വിളിയിലെ ഒത്തുകളിയും ഉണ്ടാവുകയില്ല. ഈ കാരണം പറഞ്ഞ് കേരള കര്‍ഷക രക്ഷയ്ക്കു വേണ്ടി കേരളത്തിലേയ്ക്ക് എന്‍.എസ്.ഇ.എല്ലിനെ ആഘോഷപൂര്‍വം കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് കേന്ദ്രമന്ത്രി കെ. വി. തോമസിനാണ്. എന്‍.എസ്.ഇ.എല്ലില്‍ അംഗത്വമെടുക്കുന്നതിന് വെസ്റ്റേണ്‍ ഗാട്ട്‌സ് ആഗ്രോ ഗ്രോവേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയും ഉണ്ടാക്കി.

ഹര്‍ഷദ് മേത്ത നടത്തിയതിനെക്കാള്‍ വമ്പന്‍ കൊളളയാണ് ജിഗ്നേഷ് ഷായും കൂട്ടരും എന്‍.എസ്.ഇ.എല്‍. ഉപയോഗിച്ചു നടത്തിയിട്ടുളളത്. എന്‍.എസ്.ഇ.എല്‍ അടച്ചുപൂട്ടപ്പെട്ടു. 5600 കോടി രൂപ എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ല. കേരളത്തില്‍ സരിതതട്ടിപ്പുകൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇതായിരുന്നേനെ മുഖ്യവാര്‍ത്ത. ദേശീയാടിസ്ഥാനത്തില്‍ രൂപയുടെ മൂല്യം ഇടിവ് നിറഞ്ഞതും ചരക്കുകമ്പോളത്തിലെ ഈ ഭൂകമ്പം തമസ്‌കരിക്കപ്പെടുന്നതിന് ഇടയാക്കി.

രൊക്കം വില്‍പനയ്ക്കു പകരം ഊഹക്കച്ചവടം

സ്‌പോട്ട് എക്‌സ്‌ചേഞ്ച് എന്ന പേരുതന്നെ രൊക്കം ഇടപാടുകളാണ് ഈ എക്‌സ്‌ചേഞ്ചിന്റെ സ്വഭാവം എന്നു വ്യക്തമാക്കുന്നുണ്ട്. പണം കൊടുക്കുക, സാധനം കൈമാറുക. ഈ വില്‍ക്കല്‍ - വാങ്ങല്‍ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയാണെന്നു മാത്രം. വില്‍പന നടന്നാല്‍ രണ്ടാം പക്കം പണം കൊടുക്കണം. ഇതിനെയാണ് ടി + 2 എന്നു വിളിക്കുന്നത്. ടി എന്നാല്‍ ട്രേഡ് അല്ലെങ്കില്‍ വില്‍പന. വില്‍പന നടന്നാല്‍ രണ്ടാംദിനം പണമൊടുക്കണം. പത്തുദിവസത്തിനു ശേഷമാണു പണം നല്‍കുന്നതെങ്കില്‍ ഇതിനെ അവധിക്കച്ചവടം (Forward Marketing) എന്നാണു വിളിക്കുക. ഇത്തരം വ്യാപാരം നടത്തുന്നതിനുളള അധികാരം സ്‌പോട്ട് എക്‌സ്‌ചേഞ്ചിനില്ല. എന്നാല്‍ എന്‍.എസ്.ഇ.എല്‍ ടി + 25 (വ്യാപാരം കഴിഞ്ഞ് 25-ാം ദിവസം പണം), ടി + 35 (വ്യാപാരം കഴിഞ്ഞ് 35-ാം ദിവസം പണം)  ഇങ്ങനെയുളള ഇടപാടുകളും നിയമവിരുദ്ധമായി ആരംഭിച്ചു.

ഇതിനവര്‍ സ്വീകരിച്ച ഉപായം ഇതായിരുന്നു; ടി + 2 വില്‍പനയോടൊപ്പം ടി + 25 അല്ലെങ്കില്‍ ടി + 35 മറുവില്‍പന കൂടി അനുവദിക്കുക. ഈ ഇടപാട് കുറച്ചുകൂടി വിശദീകരിക്കാം. ലുധിയാനയിലെ എആര്‍കെ കമ്പനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പിളി വില്‍പനക്കാര്‍. കാശ്മീര്‍, പഞ്ചാബ് മേഖലയിലെ കമ്പിളി മാത്രമല്ല, വിദേശത്തു നിന്ന് വലിയതോതില്‍ കമ്പിളി അവര്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. അംഗീകൃത വെയര്‍ഹൗസില്‍ അവര്‍ കമ്പിളി വില്‍പനയ്ക്കു വെയ്ക്കുന്നു. രണ്ടുദിവസത്തെ അവധിയ്ക്കു വില്‍ക്കുന്നു. വാങ്ങുന്നയാള്‍ പണവും നല്‍കുന്നു. പക്ഷേ, അതേസമയം തന്നെ 25 ദിവസത്തെ അവധിയ്ക്ക് ഇതേ കമ്പിളി വിലയല്‍പ്പം വര്‍ദ്ധിപ്പിച്ച് തിരിച്ചും വില്‍ക്കുന്നു. കമ്പിളി ഗോഡൗണില്‍ നിന്നെങ്ങും പോകുന്നില്ല. 25 ദിവസം കഴിഞ്ഞ് ഏആര്‍കെ പണം നല്‍കിയാല്‍ മതിയാകും. ഉയര്‍ന്ന വില കണക്കാക്കുമ്പോള്‍ 14 - 18 ശതമാനം പലിശ മുടക്കിയ പണത്തിന് ആദ്യം വാങ്ങിയ നിക്ഷേപകനു തിരിച്ചുകിട്ടും. അപ്പോഴേയ്ക്കും വേറൊരു ലോട്ട് കമ്പിളി മറ്റാര്‍ക്കെങ്കിലും വിറ്റിരിക്കും. പതിനായിരക്കണക്കിന് കോടി രൂപയാണ് ഇപ്രകാരം റോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ നടക്കുന്നത് വാങ്ങലും വില്‍ക്കലും അല്ല. 14 - 18 ശതമാനം പലിശയ്ക്ക് ഏആര്‍കെയ്ക്ക് വന്‍തോതില്‍ വായ്പ ലഭ്യമാവുകയാണ്. ഇത് അവര്‍ സ്വന്തം കച്ചവടത്തില്‍ മുടക്കാം. അതല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റുപോലുളള മേഖലകളില്‍ മുടക്കും. പലപ്പോഴും വെയര്‍ഹൗസില്‍ കമ്പിളിയൊന്നും വെയ്ക്കാതെ തന്നെ കമ്പിളി വില്‍ക്കുകയും തിരിച്ചുവാങ്ങുകയും ചെയ്യുന്നു. ഇതിനു പുറമെ മറ്റൊരു നിയമവിരുദ്ധമായ കാര്യം കൂടി സ്‌പോട്ട് എക്‌സ്‌ചേഞ്ച് നടത്തി. ഇന്ത്യയിലെ ആകെ കമ്പിളിയുല്‍പാദനം ഏതാണ്ട് 45000 ടണ്ണാണ്. ജൂലൈ മാസത്തില്‍ എന്‍.എസ്.ഇ.എല്ലിന്റെ വെയര്‍ഹൗസില്‍ ഏആര്‍കെയുടെ വകയായി മാത്രം ഉണ്ടായിരുന്ന കമ്പിളി 11000 ടണ്‍ വരും. മൊത്തം ഉല്‍പാദനത്തിന്റെ ഏതാണ്ട് നാലിലൊന്ന്. ഇറക്കുമതി കൂടി കണക്കിലെടുത്താലും ഇത്രയും വലിയതോതില്‍ കമ്പിളി വെയര്‍ഹൗസില്‍ സൂക്ഷിക്കുക അസാധ്യമാണ്. യഥാര്‍ത്ഥത്തില്‍ വാങ്ങലും വില്‍ക്കലും നടന്നുകൊണ്ടിരുന്നത് കൈയില്‍ കമ്പിളി ഇല്ലാതെയാണ്. ഇതിനെയാണ് ഷോര്‍ട്ട് സെല്ലിംഗ് എന്നു പറയുന്നത്. ഈ ഊഹക്കച്ചവടമാണ് പലരും നടത്തിക്കൊണ്ടിരുന്നത്.
എന്‍.എസ്.ഇ.എല്‍ പൊളിയുന്നു

മന്ത്രി കെ. വി. തോമസിന്റെ ഉപഭോക്തൃ വകുപ്പാണ്  എന്‍.എസ്.ഇ.എല്ലിനെ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. എന്നാല്‍ അവര്‍ക്ക് എക്‌സ്‌ചേഞ്ചിലെ ഇടപാടുകളൊക്കെ നോക്കുന്നതിനുളള സംവിധാനമില്ല. ഇതിന് ഉദ്യോഗസ്ഥ സംവിധാനവുമുളളത് ഫോര്‍വേഡ് മാര്‍ക്കറ്റിംഗ് കമ്മിഷനാണ്. എന്നാല്‍ എന്‍.എസ്.ഇ.എല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് അവധിക്കച്ചവട സ്ഥാപനമല്ല എന്നു പറഞ്ഞ് ഫോര്‍വേഡ് മാര്‍ക്കറ്റിംഗ് കമ്മിഷന്റെ പരിധിയ്ക്കു പുറത്താണ് പ്രവര്‍ത്തിച്ചത്. ആരുടെയും നിയന്ത്രണത്തിലല്ലാതെ ആയപ്പോള്‍ ഇഷ്ടംപോലെ പണം തിരിമറി ചെയ്യാന്‍ എളുപ്പമായി. കളളക്കളി വ്യക്തമായപ്പോള്‍ ഫോര്‍വേഡ് മാര്‍ക്കറ്റിംഗ് കമ്മിഷന്‍ ഇടപെട്ടു. നിയമവിരുദ്ധ ടി + 25 വില്‍പന നിര്‍ത്തിവെയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പക്ഷേ, നേരത്തെ സൂചിപ്പിച്ചതുപോലെ വെയര്‍ഹൗസില്‍ ചരക്കൊന്നും വെയ്ക്കാതെയാണല്ലോ വില്‍പന നടത്തിക്കൊണ്ടിരുന്നത്. ഇങ്ങനെ സമാഹരിച്ച ഭീമന്‍ തുക റിയല്‍ എസ്റ്റേറ്റിലും മറ്റും മുടക്കിയും കഴിഞ്ഞുപോയി. അതുകൊണ്ട് പണം തിരിച്ചുനല്‍കാന്‍ കൈയിലില്ലാത്ത അവസ്ഥ വന്നു. ഇനി 5600 കോടി രൂപയെങ്കിലും കിട്ടിയാല്‍ മാത്രമേ ഇടപാടുകള്‍ തീര്‍ക്കാന്‍ പറ്റൂ.

ആറു മാസത്തിലേറെയായി ഈ തിരിമറികള്‍ പുറത്തുവന്നിട്ട്. എല്ലാം ഒതുക്കിത്തീര്‍ക്കാനുളള ശ്രമങ്ങളാണ് നടന്നത്. ഇടപാടുകള്‍ തീര്‍ക്കുന്നതിന് മാനേജ്‌മെന്റ് പല അവധികള്‍ പറഞ്ഞു. പക്ഷേ, വാക്കു പാലിക്കാന്‍ കഴിഞ്ഞില്ല. നിക്ഷേപകരും അവരുടെ ബ്രോക്കര്‍മാരും പ്രക്ഷോഭത്തിലായി. അതോടെ സിബിഐ കേസെടുത്തു. ജിഗ്നേഷ് മേത്തയടക്കമുളളവര്‍ അറസ്റ്റിലായി. പക്ഷേ, ചിദംബരം പറഞ്ഞത് ബ്രോക്കര്‍മാരും മറ്റും എല്ലാമറിഞ്ഞുകൊണ്ടാണ് പണം നിക്ഷേപിച്ചത് എന്നാണ്. അതുകൊണ്ട് ബഹളം വെയ്ക്കുന്നതില്‍ അര്‍ത്ഥമില്ല പോലും. ബ്രോക്കര്‍മാര്‍ എന്‍.എസ്.ഇ.എല്ലില്‍ നടക്കുന്നതെന്തെന്ന് തിരിച്ചറിയാതിരിക്കാന്‍ ന്യായമില്ല. പക്ഷേ, 14 - 18 ശതമാനം പലിശ ഉറപ്പുതരുന്ന ഒരേര്‍പ്പാടായിട്ടു മാത്രമേ അവരിതിനെ കണ്ടുളളൂ. ഏതാണ്ടൊരു മണി ചെയിന്‍പോലെ.

ഇങ്ങനെ കരുതിയതില്‍ അത്ഭുതമില്ല. സ്‌പോട്ട് എക്‌സ്‌ചേഞ്ചാണെങ്കിലും ഇന്ത്യയില്‍ ആദ്യമായി സ്വര്‍ണം, വെളളി, ഓഹരി എന്നിവ ഡിമാറ്റ് രൂപത്തിലുളള കമ്പോളം ആരംഭിച്ചതിന്റെ ക്രെഡിറ്റും എന്‍.എസ്.ഇ.എല്ലിനാണ്. നിക്ഷേപകര്‍ക്ക് ഓഹരി വാങ്ങുന്നതുപോലെ സ്വര്‍ണവും വെളളിയും മറ്റും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയിലോ സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസിലോ ബ്രോക്കര്‍മാരായ ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സ് വഴി സ്വര്‍ണം വാങ്ങാം. നിക്ഷേപകന്റെ പേരിലേയ്ക്കു സ്വര്‍ണം മാറ്റും. അക്കൗണ്ടില്‍ നിന്നു പണം എന്‍.എസ്.ഇ.എല്ലിലേയ്ക്ക് പോവുകയും ചെയ്യും. സ്വര്‍ണം വേണ്ടെങ്കില്‍ അതുവില്‍ക്കുന്നതിനും പ്രയാസമില്ല. പണം അക്കൗണ്ടിലേയ്ക്കു വരും. സ്വര്‍ണം വാങ്ങുന്നത് അതുകൊണ്ട് എന്തെങ്കിലും ആഭരണം ഉണ്ടാക്കി ഉപയോഗിക്കാനല്ല. സ്വര്‍ണത്തിന്റെ വിലയില്‍ വരുന്ന മാറ്റത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ്. ഇതിന് എന്‍.എസ്.ഇ.എല്‍ നല്‍കിയ പേര് ഇ സീരീസിലെ ഉല്‍പന്നങ്ങള്‍ എന്നാണ്. ചരക്കുകളുടെ സ്‌പോട്ട് രൊക്കവില്‍പനയ്ക്കും സമാന്തരമായി ഇ സീരീസ് കൂടിയുളളപ്പോള്‍ രൊക്കവില്‍പന അവധി വില്‍പനയ്ക്കു വഴിമാറിയതില്‍ അത്ഭുതപ്പെടാനില്ല. എന്നു മാത്രമല്ല, ചരക്കുകള്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിട്ടുവേണം വില്‍പനയെന്നുളള പ്രാഥമിക തത്ത്വം അവഗണിക്കുന്നതിനും പ്രോത്സാഹനമായി.

സ്വര്‍ണത്തിന്റെ മാത്രമല്ല, കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വിലകളെ നിയന്ത്രിക്കുന്നത് ഇത്തരത്തിലുളള ഊഹക്കച്ചവടക്കാരാണ്. അവരാകട്ടെ, തങ്ങളുടെ കൊളളലാഭത്തിനായി തിരിമറിക്കുളള ഒരവസരവും പാഴാക്കില്ല. ഇവരുടെ കൈയില്‍ കേരളത്തിലെ കൃഷിക്കാരുടെ ഭാവി ഭദ്രമാണെന്നാണ് കെ വി തോമസ് ഉറപ്പുനല്‍കിക്കൊണ്ടിരുന്നത്.

http://archives.chintha.in/index.php/2013-11-15-14-31-07/2013-04-18-15-20-19/164-2013-11-18-08-44-12

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...