About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Thursday, January 23, 2014

ധനമന്ത്രി എന്തുചെയ്യും


ധനവിചാരം, 22 Jan 2014 ബുധനാഴ്ച

റവന്യൂ ചെലവ് ക്രമാതീതമായി ഉയരുന്നു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കാനും പറ്റില്ല. പ്ലാനിങ് ബോര്‍ഡാകട്ടെ, വാര്‍ഷികപദ്ധതി അടങ്കല്‍ 12,000 കോടി രൂപയില്‍നിന്ന് 20,000 കോടി രൂപയായി നിശ്ചയിച്ചിരിക്കുകയുമാണ്. പക്ഷേ, റവന്യൂ വരുമാനം പടവലങ്ങപോലെ താഴേക്കാണ്. ധനമന്ത്രി എന്തുചെയ്യും?

നികുതി, ലാഭം, പലിശ, ഫീസ്, ഫൈന്‍, തുടങ്ങിയ ഇനങ്ങളിലായുള്ള സര്‍ക്കാറിന്റെ വരുമാനമാണ് റവന്യൂ വരുമാനം. ഇത്തരം വരുമാനം ഭാവിയില്‍ യാതൊരു ബാധ്യതയും വരുത്തിവെക്കുന്നില്ല. വായ്പയെടുത്താല്‍ അതല്ല സ്ഥിതി. വായ്പ തിരിച്ചടച്ചേ പറ്റൂ. അങ്ങനെ ബാധ്യതസൃഷ്ടിക്കുന്ന വരുമാനമാണ് മൂലധനവരുമാനം.

ചെലവുകളെ റവന്യൂ ചെലവെന്നും മൂലധനച്ചെലവെന്നും രണ്ടായിത്തിരിക്കാം. ശമ്പളം, പലിശ, പെന്‍ഷന്‍ തുടങ്ങിയ സര്‍ക്കാറിന്റെ നിത്യദാനച്ചെലവുകളെയാണ് റവന്യൂ ചെലവ് എന്ന് വിളിക്കുന്നത്. റവന്യൂ വരുമാനം ബാധ്യതകളൊന്നും സൃഷ്ടിക്കാത്തതുപോലെ റവന്യൂ ചെലവ് ആസ്തികളൊന്നും സൃഷ്ടിക്കുന്നില്ല.

അതേസമയം, പാലം, റോഡ്, കെട്ടിടം തുടങ്ങിയവ പണിയുന്നതിനോ വായ്പനല്‍കുന്നതിനോ ഷെയറെടുക്കുന്നതിനോ ഉള്ള ചെലവുകളുടെ കാര്യം അങ്ങനെയല്ല. പണം ചെലവഴിച്ചുകഴിയുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ആസ്തികള്‍ ബാക്കിയുണ്ടാകും.

ആസ്തികളൊന്നും സൃഷ്ടിക്കാത്ത നിത്യദാനച്ചെലവുകള്‍ക്കായി വായ്പയെടുക്കാന്‍ പാടില്ല. ഇങ്ങനെ സ്ഥിരമായി വായ്പയെടുക്കുന്ന സര്‍ക്കാര്‍ കുത്തുപാളയെടുക്കും. അതുകൊണ്ട് റവന്യൂ ചെലവുകള്‍ക്ക് തുല്യമായ റവന്യൂ വരുമാനമെങ്കിലും കണ്ടെത്തണമെന്നുള്ളതാണ് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്ന തത്ത്വം. അഥവാ റവന്യൂ കമ്മി പാടില്ല. റവന്യൂ വരുമാനവും റവന്യൂ ചെലവും 2014-'15-ല്‍ സമാസമമാക്കും എന്ന നിയമംപോലും നാം പാസാക്കിയിട്ടുണ്ട്. പക്ഷേ, റവന്യൂ കമ്മി കുറയുന്നതിനുപകരം കൂടുകയാണ്.

2012-'13-ലെ 'ബജറ്റ് മതിപ്പുകണക്ക്' പ്രകാരം റവന്യൂ കമ്മി 3,464 കോടി രൂപയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ധനമന്ത്രിയുടെ പക്കല്‍ ഡിസംബര്‍ വരെയുള്ള വരവുചെലവ് കണക്കുകള്‍ ലഭ്യമായിരുന്നു. അത് പരിശോധിച്ചിട്ട് കമ്മി 3,406 കോടി രൂപയായി കുറയുമെന്ന് വിലയിരുത്തി. ഇങ്ങനെ മുന്‍വര്‍ഷത്തെ ബജറ്റ് മതിപ്പുകണക്ക് തിരുത്തുന്നതിനെയാണ് 'പുതുക്കിയ കണക്ക്' എന്നുപറയുന്നത്.

 മാര്‍ച്ചിനുശേഷം അക്കൗണ്ടന്റ് ജനറലാണ് ട്രഷറികളിലെയും വകുപ്പുകളിലെയും വരവുചെലവ് കണക്കുകള്‍ ഒത്തുനോക്കി 'അവസാന കണക്കുകള്‍' പ്രസിദ്ധീകരിക്കുക. ഈ കണക്കുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച നിയമസഭയില്‍ വിതരണംചെയ്തു. അതുപ്രകാരം റവന്യൂ കമ്മി കുറയുകയല്ല, 9,351 കോടി രൂപയായി പെരുകുകയാണ് ചെയ്തത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ കമ്മിയാണിത്.

എങ്ങനെ ഇത് സംഭവിച്ചു എന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ വിശദീകരിച്ചേ തീരൂ. കമ്മിയുടെ 'ബജറ്റ് മതിപ്പുകണക്കും' 'പുതുക്കിയ കണക്കും' തമ്മില്‍ വലിയ അന്തരമുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. പക്ഷേ, പത്തുമാസത്തെ യഥാര്‍ഥ വരവുചെലവ് കണക്കുകള്‍ പഠിച്ച് തയ്യാറാക്കുന്ന 'പുതുക്കിയ കണക്കും' സി.എ.ജി.യുടെ 'അവസാന കണക്കും' തമ്മില്‍ ഇത്ര ഭീമമായ പൊരുത്തക്കേടുണ്ടാകുന്നത് നടാടെയാണ്.

ഒന്നുകില്‍ കമ്മികുറച്ചതിന്റെ കൈയടിവാങ്ങാന്‍ കണക്കുകളില്‍ കൃത്രിമംകാട്ടി. സുബോധമുള്ള ഒരാള്‍ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. ചെമ്പുതെളിയുന്നതിന് ഏതാനും മാസമല്ലേ വേണ്ടിവരൂ. ഇതല്ലെങ്കില്‍ പിന്നെ ഒരു ന്യായമേയുള്ളൂ. വരവും ചെലവും കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതില്‍ ധനവകുപ്പ് വലിയ വീഴ്ചവരുത്തി. വരുമാനം നോക്കിയായിരുന്നില്ല ചെലവ്. കാട്ടിലെ മരം, തേവരുടെ ആന. വലിയെടാ വലി. അത്രതന്നെ.

കേരളത്തിന്റെ റവന്യൂ കമ്മി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുറയുകയായിരുന്നു. 2010-'11-ല്‍ അത് 1.4 ശതമാനമായിരുന്നു. ശമ്പളപരിഷ്‌കരണം നടപ്പാക്കിയതുമൂലം 2011-'12-ല്‍ അത് 2.6 ശതമാനമായി ഉയര്‍ന്നു. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍, 2012-'13-ല്‍ റവന്യൂ കമ്മി 0.9 ശതമാനമായി കുറയുമെന്നാണ് ധനമന്ത്രി അവകാശപ്പെട്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റുകള്‍ സര്‍ക്കാര്‍ ബജറ്റ്കണക്കുകളില്‍ റവന്യൂ ചെലവായിട്ടാണ് കണക്കാക്കുന്നത്. ഇത് ശരിയല്ല. കാരണം, ഈ ഗ്രാന്റുകളുടെ പകുതിയെങ്കിലും നിര്‍മാണപ്രവൃത്തികള്‍ക്കാണ് ചെലവഴിക്കുന്നത്.

യഥാര്‍ഥത്തില്‍ ഇത്രയും തുക മൂലധനച്ചെലവാണ്. ഇത് കിഴിച്ച് കണക്കാക്കിയാല്‍ 2012-'13- ലെ 'യഥാര്‍ഥ കമ്മി' 0.2 ശതമാനം മാത്രമേ വരൂ എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നിയമം അനുശാസിക്കുന്നതുപോലെ 2014-'15-ല്‍ മിച്ചബജറ്റ് അവതരിപ്പിക്കുമെന്നായിരുന്നു അവകാശവാദം. ഇതാകെ പൊളിഞ്ഞിരിക്കുന്നു. 2012-'13-ല്‍ റവന്യൂ കമ്മി 2.6 ശതമാനമാണ്.

എങ്ങനെയാണ് ധനസ്ഥിതി തകിടംമറിഞ്ഞത്? സി.എ.ജി.യുടെ 'അവസാന കണക്കുകള്‍' മറുപടി നല്‍കും. പുതുക്കിയ കണക്കില്‍ പറഞ്ഞതിനേക്കാള്‍ റവന്യൂ വരുമാനം 4,132 കോടി രൂപ കുറഞ്ഞു. അതേസമയം, റവന്യൂ ചെലവ് പുതുക്കിയ കണക്കിനെ അപേക്ഷിച്ച് 1,813 കോടി രൂപ വര്‍ധിച്ചു. ഫലമോ? റവന്യൂ കമ്മി പുതുക്കിയ കണക്കിനെ അപേക്ഷിച്ച് 5,149 കോടി രൂപ ഉയര്‍ന്നു.

ധനമന്ത്രി അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ 2013-'14-ലെ പുതുക്കിയ കണക്ക് കഴിഞ്ഞ വര്‍ഷത്തേതുപോലെ പൊളിക്കണക്കാവില്ലെന്ന് കരുതാം. ഏതായാലും നടപ്പുവര്‍ഷത്തെ റവന്യൂ വരുമാനത്തിന്റെ പ്രവണതകള്‍ ഇന്ന് ചര്‍ച്ചാവിഷയമാണ്. കണക്കുകൊണ്ട് കസര്‍ത്ത് സാധ്യമല്ല.

ധനമന്ത്രി പറയുന്നതുപോലെ ഒരു താത്കാലിക സാമ്പത്തിക ഞെരുക്കമല്ല നാം നേരിടുന്നത്. പുതിയൊരു ധനകാര്യപ്രവണതയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇത് സംസ്ഥാനത്തെ നയിച്ചുകൊണ്ടിരിക്കുന്നത്.
വായ്പയെടുക്കുന്ന പണം കൂടുതല്‍ക്കൂടുതല്‍ മൂലധനച്ചെലവിനായി നീക്കിവെക്കപ്പെടുമെന്നും 2014-'15 ആകുമ്പോഴേക്കും വായ്പയെടുക്കുന്ന ഏതാണ്ട് 14,000 കോടി രൂപയും മൂലധനച്ചെലവിന് വകയിരുത്തപ്പെടും എന്നായിരുന്നു അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന പ്രതീക്ഷ.

ആയതിനാല്‍ 2009-'10 മുതല്‍ വലിയതോതില്‍ പൊതുമരാമത്ത് പണികള്‍ക്ക് അനുവാദം നല്‍കി. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കൈയില്‍ എത്ര തുകയുണ്ടെന്നുനോക്കി അതിനനുസരിച്ച് പൊതുമരാമത്ത് പണികള്‍ അനുവദിക്കുകയായിരുന്നു പതിവ്. അതിനുപകരം ഭാവിയില്‍ വായ്പാവരുമാനത്തില്‍നിന്ന് റവന്യൂ ചെലവ് കിഴിച്ച് മിച്ചമായി എത്രതുക വരും എന്ന് കണക്കാക്കി പൊതുമരാമത്ത് പണികള്‍ അനുവദിക്കാന്‍ തുടങ്ങി. കേരളത്തിന്റെ വികസനചരിത്രത്തില്‍ ഇത് പുതിയൊരു അധ്യായം തീര്‍ത്തു.

കോണ്‍ട്രാക്ടര്‍മാരുടെ വര്‍ധിക്കുന്ന കുടിശ്ശിക, മൂര്‍ച്ഛിക്കുന്ന പ്രതിസന്ധിയുടെ ഒരു സൂചനയാണ്. ക്ഷേമപ്പെന്‍ഷന്‍ പോലുള്ള റവന്യൂ ചെലവും കുടിശ്ശികയാണ്. വീടൊന്നിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 70,000 രൂപവെച്ച് നല്‍കും എന്ന വാഗ്ദാനം പാലിക്കാത്തതുമൂലം കേരളത്തിലെ മുഴുവന്‍ പാര്‍പ്പിട പദ്ധതികളും സ്തംഭനത്തിലാണ്. ഇന്ദിരാ ആവാസ് യോജന പ്രകാരമുള്ള 55,000 വീടുകളില്‍ പത്തിലൊന്നുപോലും ഈ വര്‍ഷം തീരാന്‍ പോകുന്നില്ല.

ധനമന്ത്രി എന്തുചെയ്യും? ഈ വര്‍ഷത്തിലെ പ്ലാന്‍ 30 ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കും. നിലവിലുള്ള പദ്ധതി വെട്ടിക്കുറച്ചിട്ട് അടുത്തവര്‍ഷത്തേക്ക് ഭീമന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് വാചകമടിയായേ ആരും കരുതൂ. അതുകൊണ്ട് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെയും പോലെതന്നെ നികുതിനിരക്ക് കൂട്ടാനാവും ധനമന്ത്രി ശ്രമിക്കുക. വാറ്റ് നികുതി നാല് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും 12.5 ശതമാനനിരക്ക് 14.5 ശതമാനവുമായി ഉയര്‍ത്തിയ ധനമന്ത്രി ഉടുതുണിക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ പോവുകയാണത്രേ. അതോടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച ധനമന്ത്രി എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിക്കും.

Wednesday, January 15, 2014

വിലവര്‍ദ്ധന കോര്‍പറേറ്റുകള്‍ക്കുവേണ്ടി

2009ല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന കാലത്ത് വെറും 279 രൂപയായിരുന്നു ഡല്‍ഹിയില്‍ സിലിണ്ടറൊന്നിന് പാചകവാതകത്തിന്റെ വില. 1989ല്‍ അത് 57 രൂപയും. 57 രൂപയില്‍ നിന്ന് 279 ല്‍ എത്താന്‍ വേണ്ടിവന്നത് ഇരുപതു വര്‍ഷം. അതേ പാചകവാതകത്തിന് ഇന്ന് വില 1290 രൂപ. സബ്സിഡി കിട്ടിയാല്‍ കിട്ടിയെന്നു പറയാം. പാചകവാതക സിലിണ്ടര്‍ വേണമെങ്കില്‍ രൊക്കം 1290 രൂപ നല്‍കിയേ തീരൂ. വെറും അഞ്ചു കൊല്ലത്തിനുള്ളില്‍ വന്ന മാറ്റമാണിത്.

വിലക്കയറ്റത്തിന്റെ രൂക്ഷത വരച്ചിടാന്‍ ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. 2009 തുടങ്ങുമ്പോള്‍ 40 രൂപയായിരുന്ന പെട്രോളിന് ഇന്ന് 73 രൂപയാണ്. നാലു വര്‍ഷത്തിനുളളില്‍ 33 രൂപയുടെ വര്‍ധന. 1989ല്‍ 8.50 രൂപയായിരുന്ന പെട്രോള്‍വില 20 വര്‍ഷം കൊണ്ടാണ് 40 ല്‍ എത്തിയത്. ഇരട്ടിയിലേക്കു പറക്കാന്‍ വെറും അഞ്ചുവര്‍ഷം.

നമ്മുടെ അക്കൗണ്ടിലേക്ക് പിന്നീട് ഇടുന്ന സബ്സിഡി കിഴിച്ചാല്‍ ഗാര്‍ഹിക പാചകവാതകത്തിന് വിലവര്‍ധനയില്ല എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍പ്പിന്നെ ആ കുറഞ്ഞ വിലയ്ക്ക് തുടക്കത്തില്‍ത്തന്നെ ഗ്യാസ് നല്‍കിയാല്‍ പോരേ. 445 രൂപ കിഴിച്ചു ബാക്കി രൂപ പലിശയൊന്നുമില്ലാതെ എണ്ണക്കമ്പനികളുടെ പോക്കറ്റില്‍ ഇടണോ? ഇതിന്റെ ലക്ഷ്യം മറ്റൊന്നല്ല. ഭാവിയില്‍ ഇനിയും വില വര്‍ധിപ്പിക്കും. പക്ഷേ, സബ്സിഡി കൂടില്ല. സബ്സിഡി മാസങ്ങള്‍ കഴിഞ്ഞു കിട്ടുന്ന ഒന്നായതുകൊണ്ട് തങ്ങള്‍ കബളിപ്പിക്കപ്പെടുന്ന വിവരം ഉപഭോക്താക്കള്‍ അറിയില്ല. ഇപ്പോള്‍ ഡീസലിന് മാസം 50 പൈസ കൂട്ടുന്ന അതേ അടവ്.

സിലിണ്ടറിന്റെ എണ്ണം കൂട്ടില്ലെന്നു ശഠിച്ച മൊയ്ലി ഇപ്പോഴതു 12 ആക്കുന്ന കാര്യം പരിഗണിക്കാമെന്നു പറഞ്ഞുതുടങ്ങി. പക്ഷേ, ഒരു സിലിണ്ടറേ ഒരു സമയം കിട്ടൂ. ബുക്കു ചെയ്താല്‍ മുപ്പതു മുതല്‍ 60 ദിവസം വരെ കാത്തിരുന്നാലേ സിലിണ്ടര്‍ കിട്ടൂ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പന്ത്രണ്ടല്ല, 24 ആക്കി വര്‍ധിപ്പിച്ചാലും പ്രയോഗത്തില്‍ ആറില്‍ക്കൂടുതല്‍ കിട്ടില്ല. എന്തെല്ലാം തട്ടിപ്പുകള്‍.

കോര്‍പറേറ്റു കുത്തകകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയുടെ യഥാര്‍ഥചിത്രം പരിശോധിക്കാം.

വിദേശത്തുനിന്ന് ഒരു സിലിണ്ടര്‍ വാതകം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെലവ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതനുസരിച്ച് 1061 രൂപയാണ്. രാജ്യത്ത് ആകെ ആവശ്യമുള്ള എല്‍പിജിയുടെ 20 ശതമാനംപോലും ഇറക്കുമതി ചെയ്യേണ്ടി വരുന്നില്ല. കടത്തുകൂലിയും ബോട്ട്ലിങ് ചാര്‍ജും ചേര്‍ത്തു കഴിയുമ്പോള്‍ 1061 രൂപയ്ക്ക് റിഫൈനറിയില്‍നിന്ന് ലഭിക്കുന്ന പാചകവാതകത്തിന്റെ വില സിലിണ്ടര്‍ ഒന്നിന് 1259 രൂപയാകും. ബോട്ട്ലിങ് പ്ലാന്റിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 23 രൂപയാണ്. വിതരണക്കാരുടെ ലാഭവും മറ്റു ചെലവുകളും ചേര്‍ത്ത് 1277 രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം ഒരു സിലിണ്ടറിന്റെ മതിപ്പുവില. ഗാര്‍ഹിക സിലിണ്ടറിന് 1290 രൂപ ഈടാക്കുമ്പോള്‍ യഥാര്‍ഥത്തില്‍ 13 രൂപയുടെ വ്യത്യാസമേയുള്ളു.

വാണിജ്യസിലിണ്ടറിന്റെ കാര്യമെടുത്താലോ? ഗാര്‍ഹിക സിലിണ്ടര്‍ 14.5 കിലോഗ്രാമും വാണിജ്യ സിലിണ്ടര്‍ 19 കിലോഗ്രാമുമാണ്. ആനുപാതികമായി വില വര്‍ധിപ്പിച്ചാല്‍ വാണിജ്യസിലിണ്ടറിന് 1708 രൂപ വരും. പക്ഷേ, വര്‍ധിപ്പിച്ചത് 386 രൂപ. ഇതാണ് യഥാര്‍ഥത്തിലുള്ള തീവെട്ടിക്കൊള്ള. ന്യായീകരണമില്ലാത്ത ഈ വിലവര്‍ധനയുടെ ഫലമായി ഹോട്ടലുകളില്‍ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു.

വിലനിര്‍ണയത്തിലെ മറ്റൊരു കള്ളക്കളികൂടി പറയാം. നമുക്കാവശ്യമുളള പാചകവാതകത്തിന്റെ 20 ശതമാനംമാത്രമാണ് ഇറക്കുമതിചെയ്യുന്നത് എന്നു പറഞ്ഞുവല്ലോ. ബാക്കി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതാണ്. പക്ഷേ, ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പാചകവാതകത്തിനും ഇറക്കുമതിചെയ്യുന്ന പാചകവാതകത്തിന്റെ വില ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കുത്തകക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ സംസ്കരിക്കുമ്പോഴും പ്രകൃതിവാതകം കുഴിച്ചെടുക്കുമ്പോഴും ഉപോല്‍പ്പന്നമായി പാചകവാതകം ലഭിക്കും.

 ഇറക്കുമതിചെയ്യുന്ന പാചകവാതക വിലയേക്കാള്‍ എത്രയോ താഴ്ന്നതായിരിക്കും ഇങ്ങനെ ലഭിക്കുന്ന പാചകവാതകത്തിന്റെ ഉല്‍പ്പാദനച്ചെലവ്. അതിന്റെ നേട്ടം അനുഭവിക്കാനുള്ള ഭാഗ്യം ഇന്ത്യയിലെ ജനങ്ങള്‍ക്കില്ല. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് ന്യായമായ വിലയ്ക്ക് ഇന്ത്യാക്കാര്‍ക്ക് അനുഭവിക്കാന്‍ അവസരമുണ്ടാക്കുകയല്ല, കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പകരം അന്തര്‍ദേശീയ വിലയ്ക്കു വിറ്റ് കൊള്ളലാഭംകൊയ്യാന്‍ ഇന്ത്യയിലെ ഉല്‍പ്പാദകരെ കയറൂരിവിടുന്നു.

കൃഷ്ണാ ഗോദാവരി ബേസിനില്‍നിന്ന് കുഴിച്ചെടുക്കുന്ന പ്രകൃതിവാതകത്തിന് റിലയന്‍സ് നിശ്ചയിച്ച വില അംഗീകരിച്ചു നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന്റെ യഥാര്‍ഥ ഉല്‍പ്പാദന ചെലവ് 1.8 ഡോളറാണ്. മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ നടന്ന കേസില്‍ സുപ്രീംകോടതിയില്‍ വെളിപ്പെട്ട കണക്കാണിത്. ഈ വില 4.2 ഡോളറായി കേന്ദ്രസര്‍ക്കാര്‍ പുതുക്കിക്കൊടുത്തു. പക്ഷേ, അന്തര്‍ദേശീയ വില കിട്ടണമെന്നായിരുന്നു റിലയന്‍സിന്റെ ശാഠ്യം.

ആ ശാഠ്യത്തെ പരസ്യമായി അനുകൂലിക്കുന്ന ആളാണ് നമ്മുടെ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. ഉല്‍പ്പാദനം കുത്തനെ വെട്ടിക്കുറച്ച് റിലയന്‍സ് സര്‍ക്കാരില്‍ വലിയ സമ്മര്‍ദം ചെലുത്തി. പാചകവാതകം അവശ്യവസ്തുവായി ഉപയോഗിക്കുന്ന ഫാക്ടറികള്‍ അടച്ചിടേണ്ട അവസ്ഥയായി. ഇറക്കുമതി കുത്തനെ കൂടി. അതോടെ വില എട്ടു ഡോളറായി വര്‍ധിപ്പിച്ചുകൊടുത്തു. എന്നിട്ടും റിലയന്‍സിന്റെ മുറുമുറുപ്പു തീര്‍ന്നിട്ടില്ല. അന്തര്‍ദേശീയ വിലയായ 14 ഡോളര്‍ ലഭിക്കാനുള്ള സമ്മര്‍ദം അവര്‍ തുടരുകയാണ്. ഇതേ കൊള്ളതന്നെയാണ് പാചകവാതകത്തിന്റെ കാര്യത്തില്‍ റിഫൈനറികളും നടത്തുന്നത്.

ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയ്ക്ക് അന്താരാഷ്ട്രവില ഈടാക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് വന്‍ ലാഭം ഉണ്ടാകുന്നുണ്ട്. ഇത് എത്രയെന്ന് ആരും വെളിപ്പെടുത്തുന്നില്ല. ഈ ലാഭം മറച്ചുവച്ചാണ് അണ്ടര്‍ റിക്കവറി എന്ന പേരില്‍ നഷ്ടക്കണക്ക് പ്രചരിപ്പിക്കുന്നത്. അണ്ടര്‍ റിക്കവറി എന്നതുതന്നെ ഒരു അനുമാനക്കണക്കാണ്. ഉപയോക്താക്കളുടെമേല്‍ ഭാരം അടിച്ചേല്‍പ്പിക്കാനുളള ഒരടവ്.

ഒരുവശത്ത് കള്ളക്കണക്കു പ്രചരിപ്പിച്ച് ഭീമമായ വിലവര്‍ധന വരുത്തുമ്പോള്‍ മറുവശത്ത് ആധാറിന്റെ പേരില്‍ മറ്റൊരു കള്ളക്കളി കളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പരമാവധി പേരെ സബ്സിഡി ആനുകൂല്യത്തിന് പുറത്താക്കുക എന്നതാണ് ആധാറിന്റെ ആത്യന്തിക ലക്ഷ്യം. ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ബന്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ നല്‍കിയ സമയപരിധി 2013 ഡിസംബര്‍ 31ന് അവസാനിച്ചപ്പോള്‍ കേരളത്തില്‍മാത്രം 50 ശതമാനത്തിലധികം കുടുംബങ്ങള്‍ പാചകവാതക സബ്സിഡി ലഭിക്കാത്തവരായി. ഇവരില്‍ ആധാര്‍ എടുക്കാത്തവരും ഏറെയുണ്ട്. രൊക്കം 1294 രൂപ മുടക്കി ഗ്യാസ് വാങ്ങാന്‍ കഴിയാത്തവരുടെ എണ്ണവും ചെറുതല്ല. സമയപരിധി രണ്ടുമാസംകൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നാണ് നമ്മുടെ ഭക്ഷ്യമന്ത്രി ആശ്വസിക്കുന്നത്. പക്ഷേ, രണ്ടു മാസം കഴിയുമ്പോഴും സ്ഥിതി ഇതുതന്നെയാവും.

ആധാറിന്റെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെയും സുപ്രീംകോടതിയെയും വെല്ലുവിളിക്കുകയാണ് ഈ കമ്പനികളും കേന്ദ്രസര്‍ക്കാരും. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി. ആധാറിന് നിയമപ്രാബല്യം നല്‍കുന്ന ബില്‍ ഇതേവരെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. ശക്തമായ ജനകീയ വികാരം ഉയര്‍ന്നപ്പോള്‍ ആധാര്‍ നിര്‍ബന്ധിതമാക്കുകയില്ല എന്നൊരു ഉറപ്പ് 2013 മെയ് 8നും ആഗസ്ത് 23നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ നല്‍കുകയുംചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്റിനു നല്‍കിയ ഉറപ്പുപോലും പാലിക്കാതെ കോര്‍പറേറ്റു കമ്പനികള്‍ക്കു മുന്നില്‍ മുട്ടിലിഴയുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളും പാര്‍ലമെന്റും കോടതിയുമൊന്നും അവര്‍ക്കൊരു പ്രശ്നമേയല്ല.

ആധാറിന്റെ മറവില്‍ സബ്സിഡി പടിപടിയായി വെട്ടിക്കുറയ്ക്കപ്പെടും. പാചകവാതകത്തിന് ഇപ്പോള്‍ വരുത്തിയ 230 രൂപയുടെ വര്‍ധന സബ്സിഡിയായി ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. ഇപ്പോള്‍ പാലിച്ചാലും ഭാവിയില്‍ അങ്ങനെയുണ്ടാകുമെന്നതിന് ഒരുറപ്പുമില്ല. വര്‍ഷത്തിലൊരിക്കല്‍ ആറുരൂപ ഒറ്റയടിക്കു വര്‍ധിപ്പിച്ചാലുണ്ടാകുന്ന രൂക്ഷമായ പ്രതിഷേധത്തെ മറികടക്കാന്‍ മാസം തോറും ഡീസലിന്റെ വില അമ്പതു പൈസ വീതം വര്‍ധിപ്പിച്ചതു നാം കണ്ടതാണ്. അതുപോലുള്ള ഒരടവാണിതും. ബാങ്ക് അക്കൗണ്ടിലേക്കു വരുന്ന സബ്സിഡിത്തുക ഉയരില്ല.

അങ്ങനെ ക്രമേണ സബ്സിഡിതന്നെ ഇല്ലാതാകും. ആധാറിന്റെ മറവില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം റിലയന്‍സ് പോലുള്ള സ്വകാര്യകുത്തകകളുടെ ഖജനാവിലുമെത്തും. നിലവില്‍ സ്വകാര്യ കമ്പനികള്‍ക്കു സബ്സിഡി ആനുകൂല്യം ലഭിക്കുന്നില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം പലരീതിയില്‍ കേന്ദ്രസര്‍ക്കാര്‍തന്നെ നികത്തും. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളുടെ ലാഭത്തില്‍ ഒരുവിഹിതം പൊതുമേഖലാ വ്യാപാരക്കമ്പനികള്‍ക്ക് നല്‍കിയും ഓയില്‍ ബോണ്ടുകള്‍ ഇറക്കിയും കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളെ സഹായിക്കാറുണ്ട്.

സ്വകാര്യക്കുത്തകകള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത് വിവേചനമാണെന്ന് അന്തര്‍ദേശീയ എനര്‍ജി കമിഷനിലും മറ്റും റിലയന്‍സ് പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം വിവേചനംഇല്ലാതാക്കാനുള്ള ബാധ്യത ലോകവ്യാപാര കരാര്‍ അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റേതാണ്. അതു നിറവേറ്റാനുളള എളുപ്പവഴി ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്സിഡി പണമായി നല്‍കലാണ്. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ഏതു കമ്പനിയില്‍നിന്ന് ഗ്യാസ് വാങ്ങിയാലും ഉപയോക്താവിന്റെ അക്കൗണ്ടില്‍ സബ്സിഡി പണമായി എത്തും. അങ്ങനെ റിലയന്‍സിനും കിട്ടും കേന്ദ്രസര്‍ക്കാര്‍ പണം.

ആധാറും വിലവര്‍ധനയുമൊക്കെ പൊതുമേഖലാ എണ്ണക്കമ്പനികളെ രക്ഷിക്കാനാണ് എന്ന് വീരപ്പമൊയ്ലി വീമ്പടിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ ലക്ഷ്യം റിലയന്‍സുപോലുളള സ്വകാര്യ കുത്തകകളെ സഹായിക്കുകയാണ്. മറയില്ലാത്ത ഈ കോര്‍പറേറ്റ് ദാസ്യമാണ് രൂക്ഷമാകുന്ന വിലക്കയറ്റത്തിന്റെ യഥാര്‍ഥ കാരണം.

കൈത്തറി ദയാവധത്തിന്

'കൈത്തറി വ്യവസായം, കായികശേഷികൊണ്ടു തിരിക്കുന്ന തറികള്‍ ഉപയോഗിച്ച് തുണിത്തരങ്ങള്‍ നെയ്യുന്ന ഒരു പ്രാങ് മുതലാളിത്ത, പ്രാങ് കമ്പോള വ്യവസായമാണ്' എന്ന പ്രസ്താവനയോടെയാണ് വികസന പരിപ്രേക്ഷ്യം 2030 ഈ മേഖലയെക്കുറിച്ചുളള ചര്‍ച്ചയ്ക്കു തുടക്കം കുറിക്കുന്നത്. ഈ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതമാണ്. കൈത്തറിയില്‍ സ്വന്തം ഉപയോഗത്തിനോ സ്വന്തം ഗ്രാമത്തിന്റെ ഉപയോഗത്തിനോ വേണ്ടിയുളളവയല്ല.

എത്രയോ പതിറ്റാണ്ടുകളായി കമ്പോളത്തിനു വേണ്ടിയുളള ഉത്പാദനമാണ്. നൂലിന്റെ കമ്പോളത്തിലും ഉല്‍പന്ന കമ്പോളത്തിലുമുളള സമ്മര്‍ദ്ദങ്ങളാണ് ഇന്നത്തെ പ്രതിസന്ധിയ്ക്കു കാരണം. വ്യവസായം മുതലാളിത്ത പൂര്‍വ അവസ്ഥയിലുമല്ല. സ്വാതന്ത്ര്യത്തിനുമുമ്പു തന്നെ മുതലാളിത്ത ബന്ധങ്ങള്‍ കൈത്തറി മേഖലയില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു. അല്ലാതുളള ഒറ്റത്തറിക്കാരാകട്ടെ, കച്ചവടമൂലധനത്തിനു കീഴ്‌പ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. വ്യവസായത്തിന്റെ ഇന്നത്തെ സ്വഭാവത്തെക്കുറിച്ചുളള തികച്ചും തെറ്റായ ധാരണയാണ് മുകളില്‍ ഉദ്ധരിച്ച പ്രസ്താവന.

'സര്‍ക്കാരിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് കൈത്തറി വ്യവസായം നിലനില്‍ക്കുന്നത് എന്നാണ് പൊതുവിശ്വാസം'. സര്‍വതലസ്പര്‍ശിയായ ഒരു നീണ്ടനിര സ്‌കീമുകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിവരുന്നുണ്ട് എന്നു പറഞ്ഞുകൊണ്ട് കൈത്തറി മേഖലയിലുളള സ്‌കീമുകളുടെ നീണ്ടപട്ടിക റിപ്പോര്‍ട്ടില്‍ കൊടുക്കുന്നുണ്ട്. പരിപ്രേക്ഷ്യക്കാര്‍ മറന്നുപോകുന്ന ഒരു കാര്യം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ കൈത്തറി മേഖലയ്ക്കുളള സര്‍ക്കാര്‍ പിന്തുണ ആഗോളവത്കരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഗണ്യമായി വെട്ടിക്കുറയ്ക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യമാണ്.

നെഹ്രുവിന്റെ സംരക്ഷണനയം

കൈത്തറിയുടെയും ഖാദിയുടെയും സംരക്ഷണം സ്വാതന്ത്ര്യസമരത്തിന്റെ സുപ്രധാന മുദ്രാവാക്യമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൈത്തറി സംരക്ഷണത്തിനു ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 1954ല്‍ നിത്യാനന്ദ് കനുംഗോ കമ്മിറ്റിയെ നിയോഗിച്ചു. കൈത്തറി മേഖലയെ ആസ്പദമാക്കി, വര്‍ദ്ധിച്ചുവരുന്ന തുണിയുടെ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതിനുളള തന്ത്രമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കൈത്തറി സഹകരണാടിസ്ഥാനത്തില്‍ പുനസംഘടിപ്പിക്കുക, കൈത്തറി ഉല്‍പന്നങ്ങള്‍ക്കുളള സംവരണം, റിബേറ്റ് എന്നിവയൊക്കെ ഈ കമ്മിറ്റിയുടെ ശുപാര്‍ശകളായിരുന്നു.

എന്നാല്‍ കൈത്തറിമേഖലയുടെ ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതിന് നിയന്ത്രിതമായി പവര്‍ലൂമുകളും സ്ഥാപിക്കാം എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു.
രണ്ടാം പദ്ധതിക്കാലത്ത് കനുംഗോ കമ്മിറ്റി പ്രകാരമുളള പവര്‍ലൂം സ്‌കീം അംഗീകരിച്ചത് ഒട്ടേറെ ഉപാധികളോടെയായിരുന്നു. സഹകരണ മേഖലയിലായിരിക്കണം ഇവ സ്ഥാപിക്കേണ്ടത്. ഇതില്‍ നിലവിലുളള കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. പരമ്പരാഗത നെയ്ത്തുകാര്‍ക്കേ പവര്‍ലൂം അനുവദിക്കൂ തുടങ്ങിയ കര്‍ശന നിബന്ധനകളുണ്ടായിരുന്നു. പക്ഷേ, നടന്നതു മറ്റൊന്നാണ്.

പവര്‍ലൂമിന്റെ അനിയന്ത്രിതമായ വളര്‍ച്ചയുടെ വേഗത അത്ഭുതകരമായിരുന്നു. 1953ല്‍ 20000 പവര്‍ലൂം തറിയുണ്ടായിരുന്നത് 1982 ആയപ്പോഴേയ്ക്കും 7.6 ലക്ഷമായി ഉയര്‍ന്നു. ഇവയില്‍ 1.6 ലക്ഷം അനധികൃതമായി സ്ഥാപിക്കപ്പെട്ടവയായിരുന്നു. പവര്‍ലൂമുകളുടെ വര്‍ധന കൈത്തറിക്കു വേണ്ടിയുളള നൂലിനെ അപഹരിച്ചുവെന്നു മാത്രമല്ല, കൈത്തറിയുടെ ഉല്‍പന്ന കമ്പോളത്തെയും പ്രതികൂലമായി ബാധിച്ചു. കൈത്തറി തുണിയോടു സാമ്യമുളള ഉല്‍പന്നങ്ങളാണ് പലപ്പോഴും പവര്‍ലൂമില്‍ നെയ്യുന്നത്. പവര്‍ ലൂമിന്റെ ഉല്‍പാദനക്ഷമത കൈത്തറിയെ അപേക്ഷിച്ച് ഉയര്‍ന്നതാണെന്നതിനാല്‍ വിലയും കുറവായിരിക്കും. കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് കമ്പോളത്തില്‍ മത്സരിക്കുക കൂടുതല്‍ കൂടുതല്‍ ശ്രമകരമായി.

സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ കൈത്തറിയ്ക്ക് അനുകൂലമായിട്ടല്ല, വെല്ലുവിളിയായിട്ടാണ് പവര്‍ലൂം വളര്‍ന്നത്. കച്ചവടക്കാര്‍, പുതുതായി വ്യവസായത്തിലേയ്ക്കു കടന്നുവന്ന സംരംഭകര്‍ തുടങ്ങിയവരായിരുന്നു പവര്‍ലൂമുകളുടെ ഉടമസ്ഥര്‍; പരമ്പരാഗത നെയ്ത്തുകാരല്ല. 70 ശതമാനം പവര്‍ലൂമുകള്‍ മൂന്നു സംസ്ഥാനങ്ങളില്‍ പത്തോളം പട്ടണങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. ഈ പട്ടണങ്ങള്‍ ഒന്നും പരമ്പരാഗതമായി കൈത്തറി വ്യവസായ കേന്ദ്രങ്ങളായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

പില്‍ക്കാലത്ത് സര്‍ക്കാര്‍ നിയോഗിച്ച ശിവരാമന്‍ കമ്മിറ്റി പവര്‍ലൂം പ്രോത്സാഹന നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ കണക്കു പ്രകാരം പവര്‍ലൂം മേഖലയില്‍ പുതിയതായി തൊഴില്‍ ലഭിക്കുന്ന ഓരോ തൊഴിലാളിയ്ക്കും പകരം 12 കൈത്തറി തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നു.

രാജീവ് ഗാന്ധിയുടെ ചതി

പക്ഷേ, രാജീവ്ഗാന്ധി ചിന്തിച്ചത് നേരെ മറിച്ചായിരുന്നു. ഉദാരവത്കരണ പരീക്ഷണങ്ങള്‍ക്കു വേണ്ടി അദ്ദേഹം തിരഞ്ഞെടുത്ത മേഖലകളിലൊന്ന് കൈത്തറിയായിരുന്നു. നാട്ടുകാര്‍ക്കു ജോലി നല്‍കാനുളള ബാധ്യത മുഴുവന്‍ ടെക്‌സ്റ്റൈല്‍ വ്യവസായത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കുന്നത് അഭിലഷണീയമല്ല എന്നാണ് 1985ല്‍ അദ്ദേഹം പ്രഖ്യാപിച്ച ടെക്‌സ്റ്റൈല്‍ നയത്തില്‍ പറഞ്ഞത്. ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതുപോലെ മാറുന്ന അഭിരുചികളോട് വ്യവസായം പ്രതികരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷം കൈത്തറിയ്ക്കു നല്‍കിയ പ്രോത്സാഹനനയം സമൂലമായി തിരുത്തപ്പെട്ടു.

തുണിമില്ലുകളുടെ ഉല്‍പാദനശേഷിയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കം ചെയ്തു. മാത്രമല്ല തുണിമില്ലുകളുടെ നവീകരണത്തിനായി വന്‍തോതില്‍ ധനസഹായവും വാഗ്ദാനം ചെയ്തു. പവര്‍ലൂമുകളുടെ എണ്ണത്തിനുമേലുളള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു. കൈത്തറിയുടെ സംരക്ഷണത്തിനുളള മുഖ്യ ഉപാധിയായി കണ്ടത് ചില ഉല്‍പന്നങ്ങള്‍ കൈത്തറിക്കായി റിസര്‍വ് ചെയ്തതാണ്. ഇതില്‍ കണ്‍ട്രോള്‍ തുണിത്തരങ്ങള്‍ കൈത്തറി മേഖലയ്ക്കു വേണ്ടി നീക്കിവെച്ചതില്‍ മില്‍മേഖലയ്ക്ക് സന്തോഷമേ ഉണ്ടായുളളൂ. അതുവരെ ഈ ഭാരം ചുമന്നിരുന്നത് മില്ലുകളായിരുന്നു. ലാഭം കുറവുളള ഈ താഴ്ന്നതരം തുണി ഉല്‍പാദിപ്പിക്കുന്നതില്‍ അവര്‍ക്കു താല്‍പര്യമില്ലായിരുന്നു.

നൂലിന്റെ ദൗര്‍ലഭ്യം കൈത്തറിമേഖലയെ വേട്ടയാടി. നൂലിന് ഖാദിയിലൊഴികെ തൈക്കറി മേഖല പൂര്‍ണമായും ആശ്രയിക്കുന്നത് യന്ത്രമില്ലുകളെയാണ്. കൈത്തറി മില്ലുകള്‍ക്കാവശ്യമായ ഹാങ്ക് യാണ്‍ ഉല്‍പാദിപ്പിക്കുന്നതിന് മില്ലുകള്‍ക്ക് താല്‍പര്യമില്ല. പവര്‍ലൂം യന്ത്രത്തറി മില്ലുകള്‍ക്കും കയറ്റുമതിക്കും വേണ്ടിയുളള കോണ്‍ യാണ്‍ ഉല്‍പാദിപ്പിക്കുന്നതിന് മില്ലുകള്‍ക്ക് ലാഭകരം. അതുകൊണ്ട് കൈതഅറി മേഖലയ്ക്കു നൂല്‍ ഉറപ്പുവരുത്തുന്നതിനു വേണ്ടി മില്ലുല്‍പാദനത്തിന്റെ അമ്പതു ശതമാനം ഹാങ്ക് യാണ്‍ ആയിരിക്കണമെന്ന് നിയമവ്യവസ്ഥയുണ്ട്. സഹകരണ മേഖല മാത്രമേ പൂര്‍ണമായും ഈ വ്യവസ്ഥ പാലിക്കാറുളളൂ എന്നതാണ് സത്യം.

ബിജെപിയും ആഗോളവത്കരണ നയങ്ങളും

തുടര്‍ന്നുവന്ന നരസിംഹറാവു സര്‍ക്കാര്‍ ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ക്കു തുടക്കം കുറിച്ചു. ബിജെപി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. അവര്‍ നിലവിലുണ്ടായിരുന്ന റിസര്‍വേഷന്‍ ആക്ട് നിര്‍ത്തലാക്കി. ലോക ടെക്‌സ്റ്റൈല്‍ വിപണി സമ്പൂര്‍ണായി സ്വതന്ത്രമാക്കപ്പെടുമെന്നും ഇതു വലിയ കയറ്റുമതി സാധ്യത തുറക്കുമെന്നുമാണ് ബിജെപിയുടെ ടെക്‌സ്റ്റൈല്‍ നയത്തിന്റെ ആമുഖത്തില്‍ പറഞ്ഞത്. അന്തര്‍ദേശീയ മത്സരശേഷി നേടുന്നതിന് കാര്യക്ഷമത ഉയര്‍ത്തണം. ടൈക്‌സ്റ്റൈല്‍ മേഖലയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഏതാണ്ടെല്ലാം നീക്കം ചെയ്യപ്പെട്ടു.
ഹാങ്ക് യാണ്‍ വ്യവസ്ഥ പ്രായോഗികമായി ഇല്ലാതായി. ഇത് കൈത്തറി നൂലിന്റെ വിലയില്‍ ഗണ്യമായ വര്‍ദ്ധന വരുത്തി.

ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചതിനു ശേഷം നൂലിന്റെ വില കുതിച്ചു കയറുകയുണ്ടായി. ഇന്ത്യയിലെ നൂലിന്റെ ആവശ്യം പരിഗണിക്കാതെ വിദേശത്തേയ്ക്ക് പഞ്ഞ്#ി കയറ്റുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതു മൂലമാണ് ഇതു സംഭവിച്ചത്. നൂലിന്റെ വിലവര്‍ധനവിന് തുടക്കം കുറിച്ച കൈത്തറി പ്രതിസന്ധിയാണ് ഇന്ത്യയിലുടനീളം കൈത്തറിക്കാരുടെ ആത്മഹത്യകള്‍ക്കു വഴിയൊരുക്കിയത്.

കേരളത്തിലെ സ്പിന്നിംഗ് മില്ലുകളുകിലെ അമ്പതു ശതമാനം കപ്പാസിറ്റി കൈത്തറിയ്ക്ക് നീക്കിവെച്ചാല്‍ നമ്മുടെ നൂലാവശ്യം ഏതാണ്ടു തൃപ്തിപ്പെടുത്താനാവും. എന്നിട്ടും നൂലിന് ദൗര്‍ലഭ്യം നിലനില്‍ക്കുന്നതിന് രണ്ടുകാരണങ്ങളുണ്ട്. ഒന്നാമത്തേത്, അമ്പതു ശതമാനം എന്ന നിബന്ധന കേരളത്തിലും പാലിക്കപ്പെടുന്നില്ല. രണ്ടാമത്തേത്, കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നൂലിന്റെ കൗണ്ട് ചേരുവ നമ്മുടെ കൈത്തറി മേഖലയ്ക്കു ചേരുന്നതല്ല. ഇതുമൂലം കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നൂലില്‍ നല്ലൊരുപങ്കും കേരളത്തിനു പുറത്തേക്കാണ് പോയത്.

റിബേറ്റ് പടിപടിയായി ഇല്ലാതാക്കപ്പെട്ടു. 2000-2001 സാമ്പത്തിക വര്‍ഷം വരെ വിവിധ ഉല്‍സവ കാലയളവിലായി 78 ദിവസം കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് റിബേറ്റ് ലഭിച്ചിരുന്നു. ഇതുവഴിയാണ് കൈത്തറി സംഘങ്ങളുടെ ഉല്‍പന്നങ്ങളുടെ 80 ശതമാനവും വിറ്റഴിച്ചിരുന്നത്. 2002 ആയപ്പോള്‍ ബക്രിദ്, വിഷു, സ്‌ക്കൂള്‍ വര്‍ഷാരംഭം എന്നീ ഘട്ടങ്ങളില്‍ റിബേറ്റ് അനുവദിച്ചില്ല. ആകെ അനുവദിച്ച റിബേറ്റ് 15 ദിവസത്തേയ്ക്കു മാത്രം. പ്രാഥമിക സഹകരണ സംഘങ്ങള്‍ റിബേറ്റൊന്നും ലഭിച്ചില്ല.

കച്ചവടം തകരുമെന്ന ഘട്ടത്തില്‍ ചില സംഘങ്ങള്‍ സന്വതം നിലയില്‍ വില കുറച്ച് വിറ്റു. ഇവര്‍ കടുത്ത പ്രതിസന്ധിയിലായി. പ്രാഥമിക സംഘങ്ങള്‍ക്ക് സഹായം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടുമൂലം ഒട്ടേറെ സംഘങ്ങള്‍ അടച്ചുപൂട്ടി.

കേന്ദ്രസര്‍ക്കാര്‍ റിബേറ്റ് നിര്‍ത്തിയിട്ട് വര്‍ഷമേറെയായി. അതിനുശേഷം മാര്‍ക്കറ്റ് ഡെവലപ്പ്‌മെന്റ് അസിസ്റ്റന്റ്‌സ് ആയി പത്തുശതമാനം നല്‍കിയിരുന്നു. ബാക്കി പത്തുശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കിയാണ് 2001 മാര്‍ച്ചുവരെ 20 ശതമാനം റിബേറ്റ് കേരളത്തില്‍ നല്‍കിയത്. 2000ത്തോടെ കേന്ദ്രസര്‍ക്കാര്‍ മാര്‍ക്കറ്റ് ഡെവലപ്പ്‌മെന്റ് അസിസ്റ്റന്റ് നിര്‍ത്തി മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവാക്കി. ഇതിലൊരു മാറ്റം വരുത്തിയത് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരായിരുന്നു. ഇപ്പോള്‍ വീണ്ടും തഥാഗതിയായി.
|
കൈത്തറിയ്ക്കു ദയാവധം

1998ല്‍ ബിജെപി സര്‍ക്കാര്‍ നിയോഗിച്ച സത്യം കമ്മിറ്റി കൈത്തറി തൊഴിലാളികളെ തുണിയുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിച്ചു. ഒന്നാമത്തെ വിഭാഗം ഉയര്‍ന്ന വിലയുളള സവിശേഷവും അന്യാദൃശവുമായ തുണിത്തരങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന നെയ്ത്തുകാരാണ്. രണ്ടാമത്തെ വിഭാഗം അത്ര മേന്മയേറിയ കൗണ്ടു നൂലുകളില്‍ നിന്നല്ലാതെ ഇടത്തരം വിലയും ഗുണവുമുളള തുമികള്‍ ഉല്‍പാദിപ്പിക്കുന്നവര്‍. മൂന്നാമത്തെ വിഭാഗം, ചെലവു കുറഞ്ഞതും പരുക്കനുമായ തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്നവര്‍.

ഇന്ന് മൂന്നാമത്തെ വിഭാഗത്തിലാണ് ഭൂരിഭാഗം കൈത്തറിക്കാരും എന്നതില്‍ സംശയമില്ല. അവരെ സംരക്ഷിക്കാനാവില്ല എന്നതാണ് സത്യം കമ്മിറ്റി സ്വീകരിച്ച നിലപാട്. ഇവരുടെ വൈദഗ്ധ്യ പോഷണത്തിന് ഊര്‍ജിത നടപടികള്‍ സ്വീകരിക്കുകയോ മറ്റു തൊഴില്‍ മേഖലകളിലേയ്ക്ക മാറുകയോ ചെയ്യണം എന്നാണ് കമ്മിറ്റി സ്വീകരിച്ച നിലപാട്.

സത്യം കമ്മിറ്റിയുടെ സമീപനം അംഗീകരിച്ചുകൊണ്ട് പുതിയ ടെക്സ്റ്റയില്‍ നയത്തില്‍ പറയുന്തന് ഇതാണ്; 'ആഗോളവത്കരണത്തെ തുടര്‍ന്ന് കമ്പോള മത്സരത്തെ അതിജീവിക്കാന്‍ കഴിയാതെ പോകുന്ന പരുക്കന്‍ തുണിത്തരങ്ങളുടെ നെയ്ത്തുകാര്‍ക്കുവേണ്ടി പ്രത്യേക പരിശീലന പരിപാടികള്‍ തയ്യാറാക്കും. അതുവഴി അവരുടെ വൈദഗ്ധ്യത്തെ ഉയര്‍ത്തിക്കൊണ്ട് ടെക്സ്റ്റയില്‍ മേഖലയില്‍ തന്നെയോ അനുബന്ധ മേഖലകളില്‍ത്തന്നെയോ ബദല്‍ തൊഴില്‍ കണ്ടെത്താന്‍ അവരെ സഹായിക്കും'.

ഇപ്പോള്‍തന്നെ നാട്ടിന്‍പുറങ്ങളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നില്ലെന്നതാണ് അവസ്ഥ. അത്രയ്ക്കു രൂക്ഷമാണ് കാര്‍ഷിക തകര്‍ച്ച. അപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കൈത്തറിക്കാര്‍ക്ക് ഏതു പുതിയ തൊഴില്‍മേഖലയിലാണ് തൊഴില്‍ ലഭിക്കുക?
പുതിയ നയം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നു കേരളമാണ്. കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെ പ്രധാന സവിശേഷതും ന്യൂനതയും വൈവിദ്ധ്യവത്കരണത്തിന്റെ അഭാവമാണ്. കേരളം മൊത്തത്തിലെടുത്താല്‍ കൈത്തറി വ്യവസായം വില കുറഞ്ഞ പരുക്കന്‍ സാധാരണ ഉപഭോക്തൃ ഉല്‍പന്നങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നു കാണാം. കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെ എഴുപതു ശതമാനത്തോളം മൂണ്ട്, ലുങ്കി, തോര്‍ത്ത്, എന്നീ മൂന്നിനങ്ങളാണെന്നു കാണാം.

 ഇന്ത്യ മൊത്തത്തിലെടുത്താല്‍ ഈ മൂന്നിനങ്ങളുടെ വിഹിതം അമ്പത്തൊന്നു ശതമാനമേ വരൂ. കേരളത്തിന്റെ ഉല്‍പാദനത്തില്‍ അഞ്ചു ശതമാനമേ സാരി വരുന്നുളളൂ. ഇന്ത്യയിലെ ശരാശരിയാകട്ടെ 25 ശതമാനമാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ മാറ്റി നിര്‍ത്തിയാല്‍ കൈത്തറി ഉല്‍പാദനം ചില മാമൂല്‍ തുണിത്തരങ്ങളായി മാത്രം ഒതുങ്ങി നില്‍ക്കുന്നതായി കാണാം. തിരുവനന്തപുരത്തെ സഹകരണസംഘങ്ങള്‍ തോര്‍ത്ത്. മുണ്ട്, സെറ്റുമുണ്ട് എന്നിവയേ കാര്യമായി നെയ്യുന്നൂളളൂ. ബേസല്‍ മിഷന്റെയു#െല്ലാം പാരമ്പര്യവും പുറംകമ്പോളങ്ങളിലുളള ഊന്നലും കണ്ണൂര്‍ മേഖലയിലെ ഉല്‍പന്ന ഘടന കൂടുതല്‍ വൈവിദ്ധ്യപൂര്‍ണമാക്കിയെങ്കിലും അടുത്തകാലത്തായി മാമൂല്‍ ഉല്‍പന്നങ്ങളിലേയ്ക്കു കേന്ദ്രീകരിക്കുന്ന പ്രവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരളത്#ിലെ ഈ ഉല്‍പന്ന പ്രവണതയുടെ ഫലം കൈത്തറി വ്യവസായം കൂടുത് കൂടുതല്‍ പ്രാദേശിക പരമ്പരാഗത അഭിരുചി കമ്പോളത്തെ ഏതാണ്ട് പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്നു എന്നുളളതാണ്.

ഇതിന്റെ ഫലമായി കേരളത്തിലെ കൈത്തറി അതിവേഗത്തില്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പരിപ്രേക്ഷ്യം 2030ല്‍ പറയുന്നതുപോലെ 'ഇന്ത്യയിലെ കൈത്തറി വ്യവസായത്തില്‍ കേരളത്തിന്റെ സ്ഥാനം വളരെ ചെറുതാണ്. മൊത്തം തറികളുടെ 0.6 ശതമാനവും (13097) തൊഴിലെടുക്കുന്നവരുടെ 0.3 ശതമാനവുമേ (14679) കേരളത്തിലുളളൂ'. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം 50,000 പേരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഈ മേഖലയില്‍ നില്‍ക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മ ആയിരിക്കാം ഈ കണക്കുകള്‍ തമ്മിലുളള വ്യത്യാസത്തിന്റെ അടിസ്ഥാനം. 2030 ആകുമ്പോഴേയ്ക്കും കൈത്തറി വ്യവസായം ഏതാണ്ട് നാമാവശേഷമാകുമെന്നാണ് രേഖ കണക്കാക്കുന്നത്.

അപൂര്‍വമായ ഒരു പൈതൃകം എന്ന നിലയില്‍ വളരെ ഗുണമേന്മയേറിയ തുണിത്തരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ചെറുവ്യവസായമായി കൈത്തറി ചുരുങ്ങുന്നു. ഈ രീതിയിലുളള നിലനില്‍പ്പുപോലും ഉറപ്പുവരുത്തണമെങ്കില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. ഇതിനായി ആദ്യം ചെയ്യേണ്ടതായി പറഞ്ഞിരിക്കുന്നത് മത്സരശേഷി ഉയര്‍ത്തുന്നതിനു വേണ്ടി 'സംഘടനാപരമായ രൂപാന്തരത്തെ പ്രോത്സാഹിപ്പിക്കുക'' എന്നതാണ്. ആശയം വളരെ ലളിതമാണ്. ഇന്ന് കേരളത്തിലെ 85 ശതമാനം കൈത്തറി ഉല്‍പാദനവും നടക്കുന്നത് സഹകരണ മേഖലയിലാണ്. പക്ഷേ, ഒരു ചെറു സ്വകാര്യമേഖലയുമുണ്ട്. റിപ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന കാര്യം 2008 വരെ സഹകരണ മേഖലയിലായിരുന്നു ഉത്പാദനക്ഷമത ഉയര്‍ന്നത്.

2008ല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയിലെ ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. ഈ പ്രതിഭാസത്തെ വളരെ പ്രതീക്ഷാപൂര്‍വമാണ് റിപ്പോര്‍ട്ടു നോക്കിക്കാണുന്നത്. സ്വകാര്യമേഖലയുടെ ഊര്‍ജസ്വലതയുടെ നിദര്‍ശനമാണുപോലും ഇത്. സഹകരണ മേഖലയെക്കാള്‍ ചെലവു കുറയ്ക്കുന്നതിനും കമ്പോള ആവശ്യത്തിനുല്‍പ്പാദിപ്പിക്കുന്നതിനും സ്വകാര്യമേഖലയ്ക്കാണു കഴിയുക. അതുകൊണ്ട് റിപ്പോര്‍ട്ട് എത്തിച്ചേരുന്ന നിഗമനം ഇതാണ്; 'ഇത് ബിസിനസിനോടുളള സംഭരകത്വ മനോഭാവത്തിന്റെ സാധ്യതകളിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ താഴെ പറയുന്നതു ചെയ്യണമെന്നാണ് ഞങ്ങളുടെ നിര്‍ദ്ദേശം. മാസ്റ്റര്‍ വീവറുടെ സ്വകാര്യ സ്ഥാപനങ്ങളെയും പ്രൊഡ്യൂസര്‍ കമ്പനികളെയുമാണ് പ്രോത്സാഹിപ്പിക്കേണ്ടത്'. പരിപ്രേക്ഷ്യം 2030ല്‍ സഹകരണ മേഖലയ്ക്കു സ്ഥാനമില്ല.

ഇന്നുളള നെയ്ത്തുകാരെ എങ്ങനെ സംരക്ഷിക്കും?

കൈത്തറി വ്യവസായമേഖലയുടെ നവീകരണത്തിന് കൈത്തറി ഗ്രാമങ്ങള്‍ക്കു രൂപം നല്‍കുക, ഇവിടെ നാനാവിധത്തിലുളള സഹായങ്ങള്‍ പാക്കേജായി ലഭ്യമാക്കുക, മാര്‍ക്കറ്റു വികസിപ്പിക്കുക, ഉല്‍പന്ന വൈവിദ്ധ്യവത്കരണത്തിന് ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുക, നെയ്ത്തുകാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, തൊഴില്‍സ്ഥലം ആധൂനികവത്കരിക്കുക എന്നു തുടങ്ങി, പരിപ്രേക്ഷ്യം 2030ല്‍ വെയ്ക്കുന്ന നിര്‍ദ്ദേശങ്ങളോട് ആര്‍ക്കും എതിര്‍പ്പുണ്ടാകാനിടയില്ല. പക്ഷേ, റിബേറ്റിനെക്കുറിച്ച് മിണ്ടാട്ടമില്ല. അങ്ങനെ സബ്‌സിഡിയൊന്നുമില്ലാതെ കൈത്തറി മത്സരിച്ചു മുന്നേറണം എന്നാണ് കാഴ്ച്പാട്.

അഭ്യസ്തവിദ്യരായ പുതിയ തലമുറ കൈത്തറി മേഖലയിലേയ്ക്കു കടന്നു വരണമെന്നില്ല. നവീകരണമേഖലയില്‍ ഭാവിയില്‍ തൊഴില്‍ലഭിക്കുന്നവരുടെ എണ്ണവും കുറഞ്ഞേയ്ക്കും. പക്ഷേ, ഇന്ന് ആ മേഖലയില്‍ പണിയെടുക്കുന്ന പട്ടിണിപ്പാവങ്ങള്‍ എന്തുചെയ്യണം? തൊഴിലുറപ്പിന്റെ കൂലിപോലുമില്ലാതെ പണിയെടുക്കുന്നവരാണ് ഖാദി മേഖലയിലുളളവര്‍. മിനിമം കൂലി പ്രായോഗികമായി ഇന്ന് കൈത്തറി മേഖലയില്‍ നടപ്പില്ല. എന്നിട്ടും ഇവിടെ തൊഴിലെടുക്കാന്‍ തയ്യാറായ ഒരു സന്നദ്ധ വിഭാഗം ഉണ്ട്. അവരുടെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടേ നവീകരിച്ച ഭാവിയെക്കുറിച്ച് ചിന്തിക്കാനാവൂ. ഇത്തരമൊരു സമീപനം പരിപ്രേക്ഷ്യം 2030 കൈക്കൊളളുന്നില്ല എന്നാണ് കൈത്തറിമേഖലയുള്‍പ്പെടെ എല്ലാ പരമ്പരാഗത മേഖലകളെയും സംബന്ധിച്ചുളള പരിപ്രേക്ഷ്യം 2030 ന്റെ അടിസ്ഥാന വൈകല്യം.

അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിലപാടു വിശദീകരിക്കാം. ഒരുകാലത്ത് 40000 തൊഴിലാളികള്‍ പണിയെടുത്തിരുന്ന ദിനേശ് ബീഡി സഹകരണസംഘം ഇന്നു രോഗാവസ്ഥയിലാണ്. ആളുകള്‍ ബീഡിവലി നിര്‍ത്തി എന്നതാണ് മുഖ്യകാരണം. ഏതാനും ആയിരം പേര്‍ക്കുളള പണിയേ ഉളളൂ. ബാക്കിയുളളവര്‍ എന്തുചെയ്യും? ഇതിനു കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ച നടപടി 45-ാം വയസില്‍ ഇവിടെത്തെ തൊഴിലാളികളെ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കുക എന്നുളളതാണ്. അവര്‍ക്ക് മറ്റു പണിക്കു പോയാലും ബീഡി ക്ഷേമനിധിയില്‍ നിന്നുളള പെന്‍ഷന് അര്‍ഹതയുണ്ടാകും. ഈ ദിശയിലുളള മുദ്രാവാക്യമാണ് കയര്‍ തുടങ്ങിയ മേഖലകളിലും ഇതിനകം യൂണിയനുകള്‍ ഉയര്‍ത്തിയിട്ടുളളത്.

ഒന്നുകില്‍ പണിയെടുക്കാന്‍ തയ്യാറുളളവര്‍ക്കെല്ലാം മിനിമം കൂലി ഉറപ്പുവരുത്തിക്കൊണ്ട് തൊഴില്‍നല്‍കുക. ഇതിനായി വരുമാന ഉറപ്പു പദ്ധതിയെ പ്രയോജനപ്പെടുത്തുക. ഇതിനു കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പണിയില്ലാത്തവര്‍ക്ക് തൊഴിലില്ലായ്മ വേതനം എന്ന നിലയില്‍ പെന്‍ഷന്‍ തുകയെങ്കിലും അനുവദിക്കുക. ഇത്തരമൊരു പരിഷ്‌കാരം ഫലപ്രദമായി നടത്തുന്നതിന് സഹകരണസംഘ സംവിധാനം അത്യന്താപേക്ഷിതമാണ്. സമ്പൂര്‍ണ സാമൂഹ്യസുരക്ഷയുടെ ചട്ടക്കൂട് സഹകരണമേഖലയായിരിക്കും. എന്നാല്‍ സഹകരണ മേഖലയെ പൊളിക്കാനാണ് പരിപ്രേക്ഷ്യക്കാരുടെ ലക്ഷ്യം. ഇത്തരമൊരു സമീപനം സാമൂഹ്യസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കും. വികസനലക്ഷ്യങ്ങള്‍ തകിടം മറിയും.

Thursday, January 9, 2014

ചോദിക്കുന്നതെന്തും വില്‍ക്കുന്ന കട

Mathrubhumi 08 Jan 2014 ബുധനാഴ്ച

വരാനിരിക്കുന്ന പുതുതലമുറ പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിടവാങ്ങല്‍ പത്രസമ്മേളന പ്രസംഗത്തില്‍ ലഘുപരാമര്‍ശമേ ഉണ്ടായുള്ളൂ. എല്ലാം തുറന്നുപറയാത്തതിന്റെ പേരില്‍ ചില കോര്‍പ്പറേറ്റ് വക്താക്കള്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ അങ്ങനെ എല്ലാം തുറന്നുപറയേണ്ടെന്ന് പ്രധാനമന്ത്രി തീരുമാനിച്ചതില്‍ അദ്ഭുതമൊന്നുമില്ല.

പക്ഷേ, ആ വിവേചനബുദ്ധിയൊന്നും അദ്ദേഹത്തിന്റെ ചില സചിവന്മാര്‍ക്കില്ല. ചരിത്രം ഇന്നോളം കാണാത്ത പാചകവാതക വിലവര്‍ധനയ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധസ്വരങ്ങളോട് എത്ര നിര്‍ദയമായാണ് വീരപ്പമൊയ്‌ലി പ്രതികരിച്ചത്? പ്രക്ഷോഭകരോടും വിമര്‍ശകരോടും ഒരു വിട്ടുവീഴ്ചയുമില്ലാതെ അദ്ദേഹം കേരളത്തില്‍വെച്ചുതന്നെ നയം വ്യക്തമാക്കി.

1. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ആറില്‍നിന്ന് വര്‍ധിപ്പിക്കാനുള്ള ഒരു നിര്‍ദേശവും പരിഗണിക്കാനാവില്ല.

2. ഒറ്റയടിക്കുള്ള ഭീമമായ വിലവര്‍ധന പുനഃപരിശോധിക്കുന്ന പ്രശ്‌നമില്ല.

3. നേരത്തേ സബ്‌സിഡി കഴിച്ച് 445 രൂപയ്ക്ക് ലഭിച്ചിരുന്ന ഗാര്‍ഹിക സിലിണ്ടര്‍ ഇനി റൊക്കം 1,294 രൂപ നല്‍കിയേ വാങ്ങാനാവൂ. സബ്‌സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പിന്നീട് നല്‍കാനേ കഴിയൂ.

4. പക്ഷേ, സബ്‌സിഡി കിട്ടണമെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പുതിയ അക്കൗണ്ട് നിര്‍ബന്ധമാണ്. ആധാര്‍ ഇല്ലാത്തവര്‍ക്ക് സബ്‌സിഡിയുമില്ല. സുപ്രീംകോടതി എന്തുപറഞ്ഞാലും ഇതൊഴിവാക്കാനാവില്ല.

5. ആധാര്‍ അടിസ്ഥാനമാക്കിയു ള്ള അക്കൗണ്ടുകള്‍ വ്യാപകമാക്കാനുള്ള സമയപരിധി ആറുമാസം ദീര്‍ഘിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം അദ്ദേഹം കൈയോടെ തള്ളി. രണ്ടുമാസത്തിനപ്പുറം സമയം അനുവദിക്കാനാവില്ലെന്ന് മൊയ്‌ലി തീര്‍ത്തുപറഞ്ഞു.

2014 ജനവരി ഒന്നിന് പാചകവാതകത്തിന്റെ ചെലവും വിലയും സംബന്ധിച്ച് പെട്രോളിയം മന്ത്രാലയം പ്രസിദ്ധീകരിച്ച ചില പ്രസക്തമായ കണക്കുകള്‍ ചൂണ്ടിക്കാണിക്കട്ടെ.

കടത്തുകൂലി, ഇന്‍ഷുറന്‍സ്, കപ്പലില്‍വെച്ചുണ്ടാകുന്ന നഷ്ടം തുടങ്ങിയവയെല്ലാമടക്കം ഗള്‍ഫില്‍നിന്ന് ഒരു സിലിണ്ടര്‍ പാചകവാതകം നമ്മുടെ തുറമുഖത്തെത്തുന്നതിന് 1,061 രൂപയാണ് ചെലവ്. ആകെ ഉപയോഗത്തിന്റെ 20 ശതമാനമേ ഇപ്രകാരം ഇറക്കുമതി ചെയ്യപ്പെടുന്നുള്ളൂ. എന്നാല്‍, ഈ വിലയ്ക്കുതന്നെ വാതകം വില്‍ക്കാന്‍ ഇന്ത്യയിലെ റിഫൈനറികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

നാട്ടിലെ കടത്തുകൂലിയും വ്യാപാരച്ചെലവുകളും ബോട്ട്‌ലിങ് ചെലവും ലാഭവും എല്ലാം ചേര്‍ക്കുമ്പോള്‍ സിലിണ്ടറിന്റെ വില 1,259 രൂപ വരും. 23 രൂപ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി കൊടുക്കുന്നുണ്ട്. ഇതുകിഴിച്ച വിലയ്ക്കാണ് വിതരണ ഏജന്‍സിക്ക് സിലിണ്ടര്‍ ലഭിക്കുക. വിതരണക്കാരുടെ ചെലവും ലാഭവുമെല്ലാം കൂടി 41 രൂപ വരും. അങ്ങനെ നികുതികളൊന്നും കണക്കാക്കാതെ ഡല്‍ഹിയിലെ ചില്ലറ വില്പന വില ഏതാണ്ട് 1,277 രൂപ വരും. ഈ സിലിണ്ടറാണ് ഗാര്‍ഹിക ഉപഭോക്താവിന് സബ്‌സിഡി കിഴിച്ച് 445 രൂപയ്ക്ക് ഡല്‍ഹിയില്‍ വിറ്റിരുന്നത്. സിലിണ്ടര്‍ ഒന്നിന് 848 രൂപയാണ് എണ്ണക്കമ്പനികള്‍ക്ക് നഷ്ടം. ഈ നഷ്ടം നികത്താനാണത്രെ വിലവര്‍ധന. ഇനി ചോദ്യങ്ങളിലേക്ക്.

1. സര്‍ക്കാര്‍ കണക്കുപ്രകാരം തന്നെ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന്റെ (19 കിലോ) ചെലവ് (ലാഭമടക്കം) 1,708 രൂപയേ വരൂ. എങ്കില്‍ ഇതിന്റെ വില 386 രൂപ വര്‍ധിപ്പിച്ച് 2,184.5 രൂപയായി ഉയര്‍ത്തിയതിന്റെ ന്യായമെന്ത്? ഇത് കൊള്ളയാണ്. ഈ നടപടിയുടെ ഫലമായി കനത്ത ഭാരമാണ് ഹോട്ടലുടമകളുടെയും ഓട്ടോറിക്ഷാ ഉടമകളുടെയും മറ്റും മേല്‍ വന്നുഭവിച്ചിട്ടുള്ളത്. പ്രതിഷേധിച്ച് ഹോട്ടല്‍ അടച്ചിട്ടു. തുറന്നപ്പോള്‍ പലരും ഭക്ഷണത്തിന്റെ വില കുത്തനെ കൂട്ടുകയും ചെയ്തു.

2. ഇറക്കുമതിവിലയ്ക്ക് തുല്യമായ വില ഈടാക്കാന്‍ റിഫൈനറികളെ അനുവദിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? 80 ശതമാനം പാചകവാതകവും ഇന്ത്യയില്‍ത്തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ക്രൂഡ് ഓയില്‍ സംസ്‌കരണത്തിന്റെ ഉപോത്പന്നമായും കുഴിച്ചെടുക്കുന്ന പ്രകൃതിവാതകത്തിന്റെ സഹവാതകമായും പാചകവാതകം ലഭിക്കും. ക്രൂഡ് ഓയിലില്‍ത്തന്നെ 20 ശതമാനം ഇന്ത്യയില്‍ നിന്നുതന്നെ കുഴിച്ചെടുക്കുന്നതാണ്. ഉത്പാദനച്ചെലവ് കണക്കാക്കുമ്പോള്‍ ഈ പാചകവാതകത്തിന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന പാചകവാതക വിലയേക്കാള്‍ എത്രയോ താഴ്ന്ന ഉത്പാദനച്ചെലവാണുള്ളത്. ഇതിനോടൊപ്പം ന്യായമായ ലാഭവും ചേര്‍ത്ത വില നിശ്ചയിക്കുന്നതിനുപകരം അന്തര്‍ദേശീയ വിലയ്ക്ക് വിറ്റ് കൊള്ളലാഭം കൊയ്യാന്‍ ഇന്ത്യയിലെ ഉത്പാദകരെ കയറൂരിവിടുകയാണ് കേന്ദ്രസര്‍ക്കാര്‍.

3. ഗാര്‍ഹിക പാചകവാതക വിതരണത്തില്‍ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കുമ്പോള്‍ ഇറക്കുമതി വിലയ്ക്ക് തുല്യമായ വില ഈടാക്കുന്നതുകൊണ്ട് റിഫൈനറികള്‍ക്ക് ലഭിക്കുന്ന അധികലാഭംകൂടി കണക്കിലെടുക്കേണ്ടേ ? അതുപോലെ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന് ലഭിക്കുന്ന അധികലാഭവും കണക്കിലെടുക്കേണ്ടേ ? 'അണ്ടര്‍ റിക്കവറി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ അനുമാന നഷ്ടത്തിന്റെ കഥ ഉപഭോക്താക്കളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കാനുള്ള അടവാണ്.

4. സബ്‌സിഡി അടക്കമുള്ള വില എന്തിന് ആദ്യം തന്നെ ഈടാക്കണം? സബ്‌സിഡി എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് നല്‍കിയാല്‍പ്പോരേ? എണ്ണക്കമ്പനികള്‍ക്ക് പലിശരഹിത വായ്പ ഉപഭോക്താക്കള്‍ നല്‍കുന്നതിന് തുല്യമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സമ്പ്രദായം.

5. ഇന്ത്യന്‍ പാര്‍ലമെന്റിനെയും സുപ്രീംകോടതിയെയും വെല്ലുവിളിക്കുകയാണ് എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാറും. ആധാറിന് നിയമപ്രാബല്യം നല്‍കുന്ന ബില്‍ ഇതേവരെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. ആധാര്‍ നിര്‍ബന്ധമാക്കരുതെന്നാണ് സുപ്രീംകോടതിയും നിര്‍ദേശിച്ചത്. വര്‍ധിച്ചുവന്ന ജനകീയ സമ്മര്‍ദങ്ങളെത്തുടര്‍ന്ന് അങ്ങനെയൊരുറപ്പ് 2013 മെയ് എട്ടിനും ആഗസ്ത് 23-നും ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു. ഇതൊക്കെ നിലനില്‍ക്കെയാണ് പാര്‍ലമെന്റിനെയും പരമോന്നതകോടതിയെയും നോക്കുകുത്തിയാക്കി കേന്ദ്രസര്‍ക്കാറും എണ്ണക്കമ്പനികളും ജനദ്രോഹനടപടികള്‍ നിര്‍ബാധം തുടരുന്നത്.

ആധാര്‍ അടിസ്ഥാനത്തിലുള്ള ബാങ്ക് അക്കൗണ്ട് എന്ന നിബന്ധനയ്ക്ക് പിന്നിലുള്ള ഉന്നങ്ങള്‍ പലതാണ്. കഴിയുന്നത്രപേരെ ആനുകൂല്യത്തിന് പുറത്താക്കുക എന്നതുതന്നെയാണ് പ്രഥമമായ ലക്ഷ്യം. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ നല്‍കിയ സമയപരിധി 2013 ഡിസംബര്‍ 31-ന് അവസാനിച്ചപ്പോള്‍ കേരളത്തില്‍മാത്രം 50 ശതമാനത്തിലധികം കുടുംബങ്ങള്‍ പാചകവാതക സബ്‌സിഡി ലഭിക്കാത്തവരായി.

ഇവരില്‍ ആധാര്‍ എടുക്കാത്തവരും ഏറെയുണ്ട്. റൊക്കം 1,294 രൂപ മുടക്കി ഗ്യാസ് വാങ്ങാന്‍ കഴിയാത്തവരുടെ എണ്ണവും ചെറുതല്ല. രണ്ടുമാസം കഴിയുമ്പോഴും സ്ഥിതി ഇതുതന്നെയാവും.

വലിയ 'ഗെയിം ചെയ്ഞ്ചര്‍' -വരുന്ന തിരഞ്ഞെടുപ്പിലെ കളി മാറ്റിമറിക്കാന്‍ പോകുന്ന- ആയിട്ടാണ് സബ്‌സിഡി പണമായി നല്‍കുന്ന പരിഷ്‌കാരത്തെ ധനമന്ത്രി ചിദംബരം അവതരിപ്പിച്ചത്. പക്ഷേ, കളി കാര്യമായി. സ്‌കീം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ മുഴുവന്‍ ജില്ലകളിലും ഒരു സീറ്റുപോലും കിട്ടാതെ കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. 'വിനാശകാലേ വിപരീതബുദ്ധി' എന്ന ചൊല്ല് അച്ചട്ടായി.

സബ്‌സിഡി പടിപടിയായി കുറയ്ക്കുക എന്നതും മറ്റൊരു ലക്ഷ്യമാണ്. ഇത്തവണ വര്‍ധിപ്പിച്ച 230 രൂപയും വര്‍ധിപ്പിച്ച സബ്‌സിഡിയായി അക്കൗണ്ടില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ഭാവിയിലും ഇതുതന്നെ ചെയ്യുമെന്ന് ഒരുറപ്പുമില്ല. മാസംതോറും ഡീസലിന്റെ വില അമ്പതുപൈസ വീതം വര്‍ധിപ്പിച്ചതുപോലുള്ള ഒരടവാണ് ഇതും.

വര്‍ഷത്തിലൊരിക്കല്‍ ആറുരൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചാല്‍ രൂക്ഷമായ പ്രതിഷേധമുണ്ടാകും. മാസത്തില്‍ അമ്പത് പൈസ വീതം വര്‍ധിപ്പിച്ചാല്‍ അത് മുറുമുറുപ്പിലൊതുങ്ങും. പാചകവാതകത്തിന്റെ വിലവര്‍ധനയിലും പരീക്ഷിക്കുന്നത് ഈ തന്ത്രമാണ്. ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന സബ്‌സിഡിത്തുക ഉയരില്ല. അങ്ങനെ ക്രമേണ സബ്‌സിഡിതന്നെ ഇല്ലാതാകും.

പൊതുമേഖലാ എണ്ണക്കമ്പനികളെ രക്ഷിക്കാനാണ് തന്റെ വെപ്രാളമെന്ന് മൊയ്‌ലി പറയുമെങ്കിലും യഥാര്‍ഥലക്ഷ്യം റിലയന്‍സിനെ സഹായിക്കുകയാണ്. ഈ കോര്‍പ്പറേറ്റ് ദാസ്യമാണ് ഇന്ത്യയിലെ ജനകോടികളെ ഇലക്ഷന്‍ കാലത്തുപോലും ദുരിതത്തിലാക്കുന്നത്.

നീരാ റാഡിയ ടേപ്പുകളില്‍ കേട്ട ഒരു സംഭാഷണം മറക്കാറായിട്ടില്ല. മുകേഷ് അംബാനി കോണ്‍ഗ്രസ്സിനെക്കുറിച്ച് പറഞ്ഞത് വാജ്‌പേയിയുടെ വളര്‍ത്തുമകന്‍ രഞ്ജന്‍ ഭട്ടാചാര്യ ഇങ്ങനെ ഓര്‍ക്കുന്നു -''യാര്‍ രഞ്ജന്‍, നീ പറഞ്ഞതു ശരിതന്നെ. ഇപ്പോള്‍ കോണ്‍ഗ്രസ് നമ്മുടെ കടയാണ്.'' (ചോദിക്കുന്നതെന്തും കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന കടയായി ഭരണകൂടം മാറിക്കഴിഞ്ഞു).

Sunday, January 5, 2014

പിരിയുടഞ്ഞ കയര്‍


പരിപ്രേക്ഷ്യം 2030ന്റെ ഒരു പൊതുസ്വഭാവം വിദൂരഭാവിയെക്കുറിച്ചുളള സ്വപ്നങ്ങളാണ്. ഇന്നത്തെ മൂര്‍ത്തപ്രശ്‌നങ്ങളെക്കുറിച്ചുളള വിശകലനമോ പരിഹാരമോ ഇല്ല എന്നതാണ്. കയര്‍ വ്യവസായത്തെ സംബന്ധിക്കുന്ന പ്രതിപാദനത്തിന്റെ സ്ഥിതി നേരേ മറിച്ചാണ്. ഇന്നത്തെ സ്ഥിതിവിശേഷത്തെക്കുറിച്ചാണ് വിവരണം മുഴുവന്‍. അതും 2004-2009 കാലത്തെക്കുറിച്ച് പത്തു പേജില്‍ എട്ടുപേജും ഈ വിവരണമാണ്. 2030ലേയ്ക്#ുളള ലക്ഷ്യം കൈവരിക്കാന്‍ എന്തുവേണം? കഷ്ടിച്ച് രണ്ടു പേജ് ഒറ്റവാചക നിര്‍ദ്ദേശങ്ങള്‍. പേജു നിറയ്ക്കാന്‍ എന്തൊക്കെയോ കുത്തി നിറച്ചിരിക്കുന്നു. കയര്‍ വ്യവസായ ചരിത്രത്തെക്കുറിച്ച് എത്രയോ ആഴത്തിലുളള അക്കാദമിക് പഠനങ്ങള്‍ ഉണ്ട്. ഒന്നുപോലും വായിച്ചതിന്റെ ലക്ഷണം യുഡിഎഫിന്റെ രേഖയില്ല. ഈയൊരു വാചാടോപമാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്.

കയറിനെക്കുറിച്ചുളള പരിപ്രേക്ഷ്യം 2030 ആരംഭിക്കുന്നത് 2004-2009 കാലത്തെ കണക്കുകളില്‍ നിന്നാണ്. ലോക ഉല്‍പാദനത്തില്‍ 80ശതമാനവും കയറ്റുമതിയില്‍40 ശതമാനവും ഇന്ത്യയുടേതായി മാറ്റമില്ലാതെ തുടരുന്നു എന്നാണ് കണക്ക്. പക്ഷേ, കുറച്ചുകൂടി പിന്നോട്ടു പോയാലേ യഥാര്‍ത്ഥചിത്രം വ്യക്തമാകൂ. 1967ല്‍ ലോകവ്യാപാരത്തിന്റെ 81 ശതമാനം ഇന്ത്യയില്‍ നിന്നായിരുന്നു. അതാണിപ്പോള്‍ 40 ശതമാനമായി കുറഞ്ഞിരിക്കുന്നത്. മറ്റു നാളികേര രാജ്യങ്ങള്‍ പ്രത്യേകിച്ച് ശ്രീലങ്ക ഇന്ത്യയുടെ ലോകകമ്പോളം പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്.

മാറുന്ന കേരളത്തിന്റെ കുത്തക
ഇന്ത്യയിലാവട്ടെ, രേഖയില്‍ത്തന്നെ പറയുന്നതു പ്രകാരം കയര്‍ ഉല്‍പാദനത്തില്‍ കേരളത്തിന്‍രെ കുത്തക തകര്‍ത്ത് തമിഴ്ടനാട്ടിലേയും മറ്രു നാളികേര ഉല്‍പന്ന രാജ്യങ്ങളിലെയും ഉല്‍പാദനം അതിവേഗം വളരുകയാണ്. സംസ്ഥാനം രൂപീകൃതമായ വേളയില്‍ നാളികേര ഉല്‍പാദനത്തിന്റെ 75 ശതമാനം കേരളത്തില്‍ നിന്നായിരുന്നു. ഇന്നു കേരളത്തിന്റെ വിഹിതം 50 ശതമാനത്തില്‍ താഴെയി (രേഖയില്‍ നല്‍കിയിരിക്കുന്ന പട്ടികയുടെ തലക്കെട്ടായി നാളകേരത്തിന്റെ വിളവിസ്തൃതി എന്തിനു പകരം കയറിന്റെ വിസ്തൃതി എന്നാണ് പേരിട്ടിരിക്കുന്നത്!). എന്താണ് ഇതിനു കാരണം? ഈ സുപ്രധാന സംഭവവികാസം സംബന്ധിച്ച വിശകലനം തമിഴ്‌നാട്ടിലെ യന്ത്രവല്‍ക്കരണത്തിനപ്പുറം പോകുന്നില്ല. ചരികിനാരിന്റെ സ്വഭാവത്തില്‍ വന്നചേര്‍ന്ന സാങ്കേതികമാറ്റമാണ് ഇതിന്റെ പിന്നിലെ പ്രധാനഘടകം.

നാളിതുവരെ ചീക്കത്തൊണ്ടില്‍ നിന്നുളള വെളളിക്കയര്‍ കേരളത്തിന്റെ കുത്തകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉണക്കത്തൊണ്ടില്‍ നിന്നുളള തവിട്ടുകയര്‍ ഉല്‍പാദിപ്പിച്ചിരുന്നുളളൂ. അങ്ങനെ രണ്ടുതരത്തിലുളള ചകിരിയാണുണ്ടായിരുന്നത്. ചീക്കത്തൊണ്ടില്‍ നിന്നുളള കയറുണ്ടാക്കുന്നതിനായി അനിവാര്യമായ കായലുകള്‍ കേരളത്തിലേ ഉണ്ടായിരുന്നുളളൂ. പക്ഷേ, ഇന്ന് മൂന്നതമത് ഒരു ചകിരി ഇനം കൂടെ രംഗപ്രവേശനം ചെയ്തിരിക്കുന്നു - പച്ചത്തൊണ്ടില്‍ നിന്നുളള ചകിരി. തവിട്ടുകയര്‍ കയറുപിരിക്കാന്‍ ഉപയോഗിക്കാന്‍ കഴയില്ല. എന്നാല്‍ പച്ചത്തൊണ്ടു ചകിരികൊണ്ടു കഴിയും. ഇത് ഉപയോഗിച്ചാണ് കേരളത്തില്‍ ഇന്നു കയര്‍ പിരിക്കുന്നത്. മാത്രമല്ല ഈ ചകിരിയാവട്ടെ ഗണ്യമായ പങ്കും തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ചു കേരളത്തിലേയ്ക്കു കൊണ്ടുവരികയാണ്. കേരളത്തില്‍ ചീക്കത്തൊണ്ടു ചകിരിയുല്‍പാദനം അനുദിനം കുറഞ്ഞുവരികയാണ്. തമിഴ്‌നാട്ടിലും പച്ചത്തൊണ്ടു ചകിരി ഉപയോഗിച്ചു യന്ത്രങ്ങളില്‍ കയര്‍ പിരിക്കുന്നുണ്ട്. കയറു പിരിക്കുന്നതിന് അനുയോജ്യമായ ചകിരി ഉല്‍പാദിപ്പിക്കുന്നതിന് കേരളത്തിലേതുപോലുളള ഉപ്പുരസമുളള കായലുകള്‍ അനിവാര്യമല്ലാതായിരിക്കുന്നു. അങ്ങനെ കയര്‍ വ്യവസായത്തിന് സംസ്ഥാനത്തുണ്ടായിരുന്ന കുത്തക തകര്‍ന്നു.

അതുപോലെതന്നെ ലോകവ്യാപാരത്തില്‍ കയറുല്‍പ്പന്നങ്ങളുടെയും കയര്‍ യാണിന്റെയും പ്രാധാന്യം കുറയുകയാണ്. ചകിരിയുടെയും ചകിരിച്ചോറിന്റെയും ആവശ്യമാണ് അന്തര്‍ദേശീയമായി ഉയരുന്നത്. ഇത് ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയിലും പ്രതിഫലിച്ചു കാണാം. 2010-11ല്‍ ഇന്ത്യയില്‍ മൊത്തം കയര്‍ കയറ്റുമതി 1.6 ലക്ഷം ടണ്‍ ആയിരുന്നു. പക്ഷേ, ഇതില്‍ 2.08 ലക്ഷം ടണ്‍ ചകിരിച്ചോര്‍ ആയിരുന്നു. 0.90 ലക്ഷം ടണ്‍ ചകിരിനാരും. ചകിരിച്ചോര്‍ ഇപ്പോള്‍ മണ്ണു കണ്ടീഷണറായി കൃഷിയ്ക്ക് വ്യാപകമായി പാശ്ചാത്യരാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്നു.

ചകിരിയാകട്ടെ മെത്തയുണ്ടാക്കാന്‍ ചൈന വലിയതോതില്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതിന് കയറു പിരിക്കത്തക്ക ഗുണനിലവാരമുളള ചകിരി വേണ്ട. അതുപോലെതന്നെ കേരളത്തിലെ ചീക്കത്തൊണ്ടില്‍ നിന്നുളള ചകിരിച്ചോരില്‍ ഉപ്പിന്റെ അംശം കൂടുതലായതുകൊണ്ട് അതു കൃഷിയാവശ്യത്തിന് അനുയോജ്യമല്ല. ഇതു രണ്ടും തമിഴ്‌നാട്ടിലെ കയര്‍വ്യവസായ വികസനത്തിന് അനുകൂലമായി. ഈ സങ്കീര്‍ണതകളെക്കുറിച്ച് പരിപ്രേക്ഷ്യം 2030 രചിച്ചവര്‍ക്ക് ധാരണയില്ല.
കയര്‍ വ്യവസായത്തിലെ തൊഴിലെടുക്കുന്നവരുടെ എണ്ണവും സാങ്കേതികവിദ്യയും കുറിച്ചുളള ഏതൊരു ചര്‍ച്ചയിലും അനിവാര്യമായി മനസില്‍ വെയ്‌ക്കേണ്ടുന്ന ഒരു പ്രധാനകാര്യം കേരള സമ്പദ്ഘടനയില്‍ കയര്‍ പോലുളള പരമ്പരാഗത വ്യവസായങ്ങള്‍ വഹിച്ചിരുന്ന ധര്‍മ്മമാണ്. വളരെയേറെ ജനസാന്ദ്രതയുളള സംസ്ഥാനമാകയാല്‍ ചരിത്രപരമായിത്തന്നെ വലിയൊരു ശതമാനം മിച്ച ജനസംഖ്യയുളള സംസ്ഥാനമായിരുന്നു കേരളം.

കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണവും കൂലിവേല ബന്ധങ്ങളുടെ വ്യാപനവും മൂലം സ്വയം തൊഴിലെന്നപേരില്‍ മിച്ച ജനസംഖ്യയെ കാര്‍ഷിക മേഖലയില്‍ സ്വയം തൊഴിലുകാരായി ഉള്‍ക്കൊളളിച്ച് ഉപജീവനം നല്‍കുക പ്രയാസമായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കാര്‍ഷിക മേഖലയിലാണ് തൊഴിലില്ലാത്ത മിച്ചജനസംഖ്യ ചടഞ്ഞു കൂടിയിരുന്നത്. കേരളത്തിലാവട്ടെ ഈ ധര്‍മ്മം നിറവേറ്റിയിരുന്നത് കയര്‍പോലുളള പരമ്പരാഗത വ്യവസായങ്ങളാണ്. ഈ മേഖലകളിലെ കൈവേലയെ അടിസ്ഥാനമാക്കിയുളള പരമ്പരാഗത സാങ്കേതികവിദ്യയ്ക്ക് വലിയ തോതില്‍ തൊഴിലാളികളെ ആവശ്യമായിരുന്നു.

 മാത്രമല്ല, പരമ്പരാഗത സമൂഹ്യ ആചാരമര്യാദകള്‍ ഉളള തൊഴഇല്‍ എല്ലാവര്‍ക്കും ഇടയില്‍ വീതം വയ്ക്കാന്‍ സഹായിച്ചു. വര്‍ഷത്തില്‍ ഭൂരിപക്ഷം ദിവസം ജോലി ലഭിക്കാത്ത അര്‍ദ്ധപട്ടിണിക്കാരായ പാവങ്ങളായിരുന്നു ഈ വ്യവസായങ്ങളിലെ തൊഴില്‍സേന. ഉദാഹരണത്തിന് 5 ലക്ഷം പേരാണ് 60കളുടെ ആദ്യം കയര്‍ വ്യവസായത്തില്‍ പണിയെടുക്കുന്നതായി കണക്കാക്കിയിരുന്നത്. യഥാര്‍ത്ഥത്തില്‍ അന്നു നിലവിലുണ്ടായിരുന്ന പരമ്പരാഗത സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍പ്പോലും കണക്കാക്കുകയാണെങ്കില്‍ അക്കാലത്തെ ഉല്‍പാദനം കൈവരിക്കാന്‍ 2.5 - 3.0 ലക്ഷം തൊഴിലാളികള്‍ മതിയാകുമായിരുന്നു. എന്നാല്‍ കയര്‍ വ്യവസായത്തിലെ ആചാരമര്യാദകള്‍മൂലം യഥാര്‍ത്ഥത്തില്‍ ആവശ്യമുളളതിന്റെ ഇരട്ടി ആളുകള്‍ക്ക് ലഭ്യമായ തൊഴില്‍വീതം നല്‍കുന്നതിനു കഴിഞ്ഞു.

യന്ത്രവത്കരണം

ഈ പശ്ചാത്തലത്തിലാണ് 60കളിലും 70കളിലും യന്ത്രവത്കരണത്തോടു ട്രേഡ് യൂണിയനുകള്‍ സ്വീകരിച്ച സമീപനത്തെ മനസിലാക്കേണ്ടത്. പട്ടിണികൂലിക്കെതിരായി രണ്ടു ദശാബ്ദക്കാലത്തെ സമരങ്ങള്‍ക്കൊടുവിലാണ് 60കളുടെ അവസാനം പിരിമേഖലയില്‍ മിനിമം കൂലി വാങ്ങിയെടുക്കാനായത്. സംഘടിത പ്രസ്ഥാനത്തോടുളള എതിര്‍പ്പിന്റെ ഭാഗമായാണ് യന്ത്രവത്കരണം നടപ്പാക്കാന്‍ തുടങ്ങിയത്. ഇതിനെ ചെറുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. അല്ലാതെ യന്ത്രവത്കരണത്തോടുളള അന്ധമായ എതിര്‍പ്പുകൊണ്ടല്ല.

എന്നാല്‍ ഇന്നു സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ഗള്‍ഫ് കുടിയേറ്റത്തോടെയും വിദ്യാഭ്യാസ്തിന്റെ വ്യാപനത്തോടെയും പരമ്പരാഗത തൊഴിലുകളില്‍ പണിയെടുക്കാന്‍ ആളുകളെ കിട്ടാതായിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളള മത്സരവും ആവിര്‍ഭവിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ യന്ത്രവത്കരണം അനിവാര്യമാണ്. 1987ലെ ഇടതുപക്ഷ സര്‍ക്കാരാണ് ഇടനില സാങ്കേതികവിദ്യകള്‍ വ്യവസായത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുളള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇന്നാവട്ടെ ഏതു തരത്തിലുളള യന്ത്രവത്കരണത്തിനും തങ്ങള്‍ എതിരല്ല എന്ന് യൂണിയനുകള്‍ വ്യക്തമാക്കി കവിഞ്ഞു. ഒറ്റ നിബന്ധന മാത്രമേ മുതലാളിമാരോടുളളൂ. നെയ്ത്തു മേഖലയില്‍ 500 രൂപയും പിരിമേഖലയില്‍ 350 രൂപയും കൂലി ഉറപ്പാക്കണം.

എന്നിട്ടും കയര്‍മേഖലയുടെ സാങ്കേതിക നവീകരണം എന്തുകൊണ്ട് നടക്കുന്നില്ല എന്നതിനു ഉത്തരം പറയേണ്ടത് കയര്‍ സര്‍ക്കാര്‍ അധികൃതരും കയര്‍ ഗവേഷണ കേന്ദ്രങ്ങളുമാണ്. കയര്‍ ഗവേഷണം അമ്പേ പരാജയമാണ്. കയര്‍പിരി മേഖലയില്‍ പരമ്പരാഗത റാട്ടിനേക്കാള്‍ അനുയോജ്യവും ഉല്‍പാദനക്ഷമത കൂടിയതുമായ മോട്ടോര്‍ റാട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സഹകരണസംഘങ്ങള്‍ക്കു നല്‍കിയ യന്ത്രവത്കൃത റാട്ടുകള്‍ ഉപയോഗിക്കാതെ നശിച്ചുപോവുകയാണുണ്ടായത്. ഇപ്പോള്‍ നല്‍കുന്ന റാട്ടുകളും തൊഴിലാളികള്‍ക്കു സ്വീകാര്യമല്ല. തൊണ്ടുതല്ലു യന്ത്രത്തിന്റെ സ്ഥിതിയും ഇതുതന്നെ. നാളികേര കേന്ദ്രങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുചെന്നു തൊണ്ടുതല്ലാവുന്ന ചെറുയന്ത്രങ്ങള്‍ പ്രതീക്ഷ ഉയര്‍ത്തിയതാണ്. പക്ഷേ, ഇവ ഫലപ്രദമല്ല എന്നാണ് അനുഭവം. പുതുതായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കയര്‍ ഗവേഷണ സ്ഥാപനവും (എന്‍സിആര്‍എംഐ) വെളളാനയായി അധപതിച്ചിരിക്കുന്നു. ഈ ദൗര്‍ബല്യം തിരുത്തേണ്ടതെങ്ങനെയെന്ന് രേഖ പരിശോധിക്കുന്നേയില്ല.

തൊണ്ടിന്റെ ദൗര്‍ബല്യം

മറ്റൊരു അടിസ്ഥാനപ്രശ്‌നം കേരളത്തിലെ വ്യവസായം നേരിടുന്ന തൊണ്ടിന്റെ ദൗര്‍ലഭ്യമാണ്. കേരളത്തിലുല്‍പ്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 20 ശതമാനം മാത്രമേ ഇന്നു സംസ്ഥാനത്തു ചകിരിയായി മാറ്റപ്പെടുന്നുളളൂ. ചെറുകിട കൃഷിക്കാരുടെ ബാഹുല്യം, പരമ്പരാഗത വിപണന ശൃംഖലകളുടെ തകര്‍ച്ച, യന്ത്രവത്കരണത്തിലുളള അമാന്തം എന്നിവയെല്ലാം ഇതിനു കാരണങ്ങളാണ്. നാളികേര ഉല്‍പാദനത്തില്‍ ഗണ്യമായ പങ്കും ഇന്നു കയര്‍മേഖലയ്ക്കു പുറത്താണ്. ഇവിടങ്ങളില്‍ അത്യാധുനിക ചകിരിമില്ലുകള്‍ സ്ഥാപിക്കണം. ഇതിനു പണം മുടക്കുന്നതിനു പകരം കയര്‍മേഖലയ്ക്കു പുറത്ത് കോന്നിയില്‍ ആധുനിക കയര്‍ ഉല്‍പന്ന വ്യവസായശാല സ്ഥാപിക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ ഇന്നു സാഹസപ്പെട്ടുകൊണ്ടിരിക്കുന്നത്. മന്ത്രിയുടെ മണ്ഡലത്തിലും ഒരു കയര്‍ ഫാക്ടറി ഇരിക്കട്ടെ എന്നു തീരുമാനിച്ചിരിക്കുകയാണ്.

അതുപോലെതന്നെയാണ് തൊണ്ടു സംഭരിച്ചു മില്ലുകളില്‍ എത്തിക്കുക എന്നത്. ഓരോ വീട്ടുമുറ്റത്തും ചെറുകിട കൊപ്രാക്കളങ്ങളിലും കിടക്കുന്ന തൊണ്ടുമുഴുവന്‍ ശേഖരിച്ചു മില്ലുകളില്‍ എത്തിക്കുന്നതിന് സബ്‌സിഡി അനിവാര്യമാണ്. ഇതിനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാം. കുടുംബശ്രീയെ ഉപയോഗപ്പെടുത്താം. അതുമല്ലെങ്കില്‍ നാളികേര ഉല്‍പാദനകേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന അത്യാധുനിക തൊണ്ടുമില്ലുകളെത്തന്നെ ഉപയോഗപ്പെടുത്താം. ഈ സുപ്രധാന കര്‍ത്തവ്യം മറന്നുകൊണ്ടുളള ഒരു വികസന പരിപ്രേക്ഷ്യം യാഥാര്‍ത്ഥ്യമാവില്ല. ചകിരിയ്ക്കു വേണ്ടി തമിഴ്‌നാട്ടിനു മേലുളള ആശ്രിതത്വം അവസാനിപ്പിക്കാന്‍ കഴിയണം. ചകിരിയുടെ അന്യായമായ വിലവര്‍ദ്ധനയും ലഭ്യതയും സംബന്ധിച്ചുളള അസ്ഥിരതയും ഇതില്‍ നിന്നാണ് ഉളവാകുന്നത്.

സഹകരണമേഖല

കയര്‍പിരി മേഖല ഇന്ന് മുഖ്യമായും കയര്‍ സഹകരണസംഘങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആരംഭകാലത്ത് 2 ദശാബ്ദത്തോളം ഫലപ്രദമായി ഇവ പ്രവര്‍ത്തിച്ചു. കയര്‍തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിന് ഈ സംഘങ്ങള്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഭൂരിപക്ഷവും പ്രവര്‍ത്തനക്ഷമമല്ല. എന്നാല്‍ നല്ല ആസ്തി പലതിനും ഉണ്ട്. ഇവയെ എങ്ങനെ പുനസംഘടിപ്പിച്ചു കാര്യക്ഷമമാക്കാം എന്നതു സുപ്രധാന കടമയാണ്. എന്നാല്‍ യുഡിഎഫിന്റെ പരിപ്രേക്ഷ്യത്തില്‍ കയര്‍ സഹകരണ പ്രസ്ഥാനമേയില്ല. ''സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണം'' എന്നൊരു പരാമര്‍ശം മാത്രമേ ഭാവി പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളൂ. സഹകരണമേഖലയെ കുറിച്ച് ഒറ്റയക്ഷരം ഉരിയാടാതെ സ്വകാര്യ നിക്ഷേപ പ്രോത്സാഹനത്തെക്കുറിച്ചു പറയുന്നതിന്റെ പിന്നിലെ ദുഷ്ടലാക്ക് വ്യക്തമാണ്. സഹകരണ മേഖല തുടച്ചുനീക്കം 2030 ആകുമ്പോഴേയ്ക്കും പൂര്‍ണമായി സ്വകാര്യമേഖലയിലേയ്ക്കു വ്യവസായത്തിന്റെ സംഘാടനം മാറ്റണം എന്നതാണ് കാഴ്ചപ്പാട്. ഇത്തരം ഒരു കാഴ്ചപ്പാടു മുന്നോട്ടു വെയ്ക്കുമ്പോള്‍ത്തന്നെ പുതുതായി 100 സഹകരണസംഘങ്ങള്‍ സ്ഥാപിച്ച് കയര്‍വികസന ഫണ്ട് ദുര്‍വ്യയം ചെയ്യുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

കയര്‍ വ്യവസായത്തിന്റെ പുതിയ വിപണനസാധ്യതകളെക്കുറിച്ച് പരിപ്രേക്ഷ്യത്തിനു പൂര്‍ണ വിശ്വാസമുണ്ട്. എന്നാല്‍ ഇന്നു നിലവിലുളള വിപണനസംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച് മൂര്‍ത്തമായൊരു പരിശോധനയോ ദേശീയ - അന്തര്‍ദേശീയ വിപണികളിലെ പുതിയ സാഹചര്യങ്ഹളില്‍ അവ എങ്ങനെ പുനസംഘടിപ്പിക്കാം എന്നതിനെക്കുറിച്ചു നിര്‍ദ്ദേശങ്ങളോ ഇല്ല.

യുഡിഎഫിന്റെ പ്രവര്‍ത്തനപരിപാടി

പിന്നെ എന്നാണ് കയര്‍ വ്യവസായപുരോഗതിയ്ക്കായി പരിപ്രേക്ഷ്യം 2030 മുന്നോട്ടു വെയ്ക്കുന്നത്? മൂന്ന് ആക്ഷന്‍ പ്ലാനുകളാണ് രേഖയിലുളളത്. ഒന്നാമത്തേത്, ആക്ഷന്‍ പ്ലാന്‍ ''പ്രശ്‌നമേഖലകള്‍ കണ്ടെത്തുക'' എന്നതു സംബന്ധിച്ചാണ്. ഇതു വളരെ വിചിത്രമായ ഒരു സമീപനമാണെന്നു പറയാതെ വയ്യ. നിലവിലുളള അവസ്ഥയെക്കുറിച്ചുളള ദീര്‍ഘവിവരണത്തിനു ശേഷം പ്രവര്‍ത്തനപരിപാടിയുടെ ആദ്യഇനമായി ''പ്രശ്‌നമേഖലകള്‍ കണ്ടെത്തുക'' എന്നതാകുമ്പോള്‍ രാമായണകഥ മുഴുവന്‍ കേട്ടശേഷം രാമനാരെന്ന ചോദിക്കുന്നതുപോലെയാകും. ഇങ്ങനെ പരിഹാരം കണ്ടെത്തേണ്ട രംഗങ്ങളുടെ ഒരു ലിസ്റ്റു തന്നെ കൊടുത്തിട്ടുണ്ട്. തൊണ്ടു സംഭരണം ഒഴികെ ബാക്കിയെല്ലാം സാങ്കേതിക നവീകരണം സംബന്ധിച്ചുളളവയാണ്. തൊണ്ടഴുക്കല്‍ നവീകരിക്കല്‍, പിരിയന്ത്രവത്കരണം, നെയ്ത്തു യന്ത്രവത്കരണം, ബ്ലീച്ചിംഗ്, ഡൈയിംഗ്, പുതിയ ഉല്‍പന്നങ്ങള്‍, പുതിയ പാക്കേജ് എന്നിങ്ങനെ. ഇവയ്ക്ക് മൂര്‍ത്തമായ പരിഹാരം അന്വേഷിച്ച് റിപ്പോര്‍ട്ടില്‍ പരതുന്നവര്‍ക്കു നിരാശപ്പെടേണ്ടിവരും.

രണ്ടാമത്തെ ആക്ഷന്‍ പ്ലാനിന്റെ തലക്കെട്ട് വളരെ വിചിത്രമാണ്. ''ഒരുപറ്റം ആക്ഷന്‍ പ്ലാനുകള്‍ ഡിസൈന്‍ ചെയ്യല്‍''. ഗംഭീരം! ആക്ഷന്‍ പ്ലാന്‍ എന്നാല്‍ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കലാണ്. ഇനി എങ്ങനെയാണ് ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കേണ്ടത്. കേട്ടോളൂ.
- കേരളത്തെ എങ്ങനെ കയര്‍ വ്യവസായത്തിന്റെ ആഗോളകേന്ദ്രമാക്കാം
- സ്വകാര്യനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍
- സാങ്കേതികനവീകരണവും ഉല്‍പന്നവൈവിദ്ധ്യവത്കരണവും
- യന്ത്രവത്കരണം വഴി ഉല്‍പാദനക്ഷമത ഉയര്‍ത്തല്‍
- പുതിയ തലമുറയെ എങ്ങനെ ആകര്‍ഷിക്കാം?
- കയര്‍ വ്യവസായ കോഴ്‌സുകള്‍ ആരംഭിക്കല്‍
മൂന്നാമത്തെ ആക്ഷന്‍ പ്ലാന്‍ ഇതാണ്; ''കയര്‍ പ്രത്യേക മേഖല'' രൂപീകരിക്കുക. ആലപ്പുഴയാണ് ഇതിനു കണ്ടെത്തിയിരിക്കുന്നത്. എന്തൊരു ഭൂമികുലുക്കല്‍ നിര്‍ദ്ദേശമാണിതെന്ന നോക്കുക! ഇപ്പോള്‍ത്തന്നെ കയര്‍ ഉല്‍പന്ന വ്യവസായം പൂര്‍ണമായും ആലപ്പുഴയിലാണ്. കയര്‍ യാണിന്റെ 75 ശതമാനവും ഇന്ന് ആലപ്പുഴയിലും ചുറ്റുപാടുളള വൈക്കം, ചേര്‍ത്തല, കാര്‍ത്തികപ്പളളി താലൂക്കുകളിലാണ്. ഇനി ആലപ്പുഴയെ പ്രത്യേക സോണായി പ്രഖ്യാപിച്ചിട്ട് എന്തുകാര്യം?

അവസാനമായി, രേഖ പൂര്‍ണനിശബ്ദത പാലിക്കുന്ന ഒരു പ്രശ്‌നമുണ്ട് - കയര്‍ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷിതത്വം. കയര്‍ വ്യവസായത്തിന്റെ സത്വര നവീകരണം അനിവാര്യമാണ്. ഭാവിയില്‍ ഇതു പ്രത്യേകിച്ച് തൊഴില്‍പ്രശ്‌നമൊന്നും സൃഷ്ടിക്കാന്‍ പോകുന്നില്ല എന്നതു ശരിയാണ്. കാരണം പുതിയ അഭ്യസ്തവിദ്യരായ തലമുറ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ പോകുന്നില്ല. പക്ഷേ നിലവിലുളള തൊഴിലാളികളുടെ തലമുറ എന്തുചെയ്യും? അവര്‍ക്ക് സമ്പൂര്‍ണ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തിയേ തീരൂ. മിനിമം കൂലി ഉറപ്പുവരുത്തിക്കൊണ്ട് അവര്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയണം. ഇല്ലെങ്കില്‍ ഇവര്‍ക്കു പ്രായം കണക്കാക്കാതെ പെന്‍ഷന്‍ നല്‍കി സംരക്ഷിക്കണം. 1000 രൂപയാണ് ഇന്ന് ആവശ്യപ്പെടുന്ന പെന്‍ഷന്‍. ബീഡി മേഖലയില്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ഇതു പരീക്ഷിച്ചതാണ്. ഇത്തരത്തില്‍ സമ്പൂര്‍ണമായ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ യുദ്ധകാലാടിസ്ഥാനത്തിലുളള സാങ്കേതികനവീകരണം യാഥാര്‍ത്ഥ്യമാക്കാനാവൂ.