Tuesday, December 25, 2012

അരിവില കുതിച്ചുകയറിയതെന്തുകൊണ്ട്?



ഡിസംബര്‍ മാസത്തില്‍ അത്യപൂര്‍വമായ ഒരു സാമ്പത്തികപ്രതിഭാസത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഏതാണ്ട് 20 രൂപയായിരുന്ന അരിവില ഒറ്റ മാസം കൊണ്ട് 45 - 50 രൂപയായി. വിചിത്രമെന്നു പറയട്ടെ, ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും അരിയുടെ കാര്യത്തില്‍ ഇത്തരമൊരു വിലക്കയറ്റവുമില്ല. കേരളത്തില്‍ മാത്രമായി എങ്ങനെ അരിവില ഉയര്‍ന്നു? അരിയുടെ കയറ്റുമതി - ഇറക്കുമതിയുടെ മേലോ, അന്തര്‍സംസ്ഥാന നീക്കത്തിലോ ഒരു നിയന്ത്രണങ്ങളുമില്ല. സര്‍വസ്വതന്ത്ര കമ്പോളവ്യവസ്ഥ തന്നെ. എന്നിട്ടും കേരളത്തില്‍ മാത്രം അരിവില ഉയര്‍ന്നതെന്ത്? ഇതാണ് ചോദ്യം.

വില ഉയരണമെങ്കില്‍ രണ്ടിലൊന്ന് സംഭവിക്കണം. ഒന്ന്, ആവശ്യക്കാരുടെ എണ്ണം പെരുകണം. അല്ലെങ്കില്‍ രണ്ട്, ലഭ്യത കുത്തനെ കുറയണം. അരിക്കുളള ഡിമാന്റ് കുത്തനെ കൂടാന്‍ കേരളത്തിലോ കേരളത്തിനു പുറത്തോ ഒന്നും സംഭവിച്ചിട്ടില്ല. എന്തെങ്കിലുമുണ്ടെങ്കില്‍, അരി വാങ്ങാനുളള കഴിവ് കുറയുക മാത്രമേ സംഭവിച്ചിട്ടുളളൂ. ഇന്ത്യയില്‍ കനത്ത സാമ്പത്തിക മുരടിപ്പാണ്. സ്വാഭാവികമായി സാധാരണക്കാരുടെ പക്കലുളള പണം കുറയും. പണം കൈയിലുളള സമ്പന്നര്‍ക്കാകട്ടെ, അരി തിന്നുന്നതിനെക്കാള്‍ ഇഷ്ടം കൂടുതല്‍ ഉയര്‍ന്ന വിലയുളള മറ്റു ഭക്ഷ്യവസ്തുക്കളായിരിക്കും. അപ്പോള്‍ ഡിമാന്റിന്റെ വശം നോക്കിയാല്‍ അരിയുടെ വില താഴുകയാണ് വേണ്ടത്.

അപ്പോള്‍പ്പിന്നെ, വരള്‍ച്ചയോ വെളളപ്പൊക്കമോ വന്ന് ഇന്ത്യയില്‍ കൃഷിനാശം ഉണ്ടായി, അരിയുടെ ഉല്‍പാദനം പൊടുന്നനെ ഇടിഞ്ഞുവോ? കണക്കുകളെല്ലാം നേര്‍വിപരീതമാണ് പറയുന്നത്. യഥാര്‍ത്ഥം പറഞ്ഞാല്‍ കയറ്റുമതി കൂടിയിട്ടും സര്‍ക്കാരിന്റെ കൈയിലുളള അരിയുടെ സ്റ്റോക്ക് ഇപ്പോള്‍ സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള സംഭരണം ഇല്ലെങ്കിലും ഇന്ത്യയുടെ ഇക്കൊല്ലത്തെ അരിശേഖരം മൂന്നു കോടി ടണ്ണാണ്. ഈ സംസ്ഥാനങ്ങളില്‍നിന്നുളളതുകൂടി ആകുമ്പോള്‍ അത് നാലു ടണ്ണാകും. അതായത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 15ശതമാനം കൂടുതല്‍. അരിയും ഗോതമ്പും കൂടി ചേര്‍ത്താല്‍ 7.1 കോടി ടണ്‍ ധാന്യം ശേഖരിച്ചു വെയ്ക്കാനുളള സൗകര്യമേ ഫുഡ് കോര്‍പറേഷനുളളൂ. വാങ്ങുന്ന അരി സൂക്ഷിക്കാന്‍ സൗകര്യമില്ല എന്നുളളതാണ് നില. സംഭരിച്ച അരിയുടെ 64 ശതമാനമേ ലിഫ്റ്റു ചെയ്തിട്ടുളളൂവെന്നും അതുകൊണ്ട് ഈ വര്‍ഷത്തെ സംഭരണത്തിന് കൂടുതല്‍ സമയം വേണമെന്നും ബീഹാര്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. ഗോഡൗണുകളില്‍ കുന്നകൂടുന്ന അരിയും ഗോതമ്പും ചീഞ്ഞുനാറി മൃഗങ്ങള്‍ക്കു പോലും ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കത്തിച്ചും കടലില്‍ത്താഴ്ത്തിയും നശിപ്പിക്കുന്ന എത്രയോ റിപ്പോര്‍ട്ടുകളാണ് വരുന്നത്. അപ്പോള്‍ അരി ശേഖരത്തില്‍വന്ന കുറവല്ല, വിലക്കയറ്റത്തിനു കാരണം.

വിലക്കയറ്റം നേരിടാനല്ല, കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സ്റ്റോക്ക് ഉപയോഗിക്കുന്നത്. മാസാമാസം ലേലം വിളിച്ച് ഈ സ്റ്റോക്കു വില്‍ക്കുന്നത് കച്ചവടക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കുമാണ്. കിട്ടിയ അരി പൂഴ്ത്തിവെച്ചുകൊണ്ട് ഇക്കൂട്ടരുണ്ടാക്കിയ കൃത്രിമക്ഷാമമാണ് പൊതുവിപണിയില്‍ അരിവില കുതിച്ചുയരാന്‍ കാരണം. ഈ വര്‍ഷം മഴ മോശമായതുകൊണ്ട് റാബി വിളവിന്റെ ഉല്‍പാദനം നാലു ശതമാതനം കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഉല്‍പാദനം കുറയുമെന്ന് മുന്‍കൂട്ടി അറിഞ്ഞപ്പോള്‍ പൂഴ്ത്തിവെപ്പും തുടങ്ങി. അത്തരം പൂഴ്ത്തിവെപ്പിന്റെ അന്തരീക്ഷം മണത്തപ്പോള്‍ കേരളത്തിലെ മില്ലുടമകളും അരി പൂഴ്ത്തിവെച്ചു. ഈ പൂഴ്ത്തിവെപ്പു കാരണമാണ് അരിവില അസ്വാഭാവികമായി കുതിച്ചുകയറിയത്.

ഈ പൂഴ്ത്തിവെപ്പിനെക്കുറിച്ച് കേരള സര്‍ക്കാരിനു മുന്നറിവുണ്ടായിരുന്നു. ഡിസംബറില്‍ കേരളത്തില്‍ അരിവില കൃത്രിമമായി ഉയര്‍ത്താന്‍ വന്‍തോതില്‍ പൂഴ്ത്തിവെപ്പു നടക്കുന്നുവെന്ന് വെളിപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയുടെ അനൗദ്യോഗിക ജിഹ്വയായ മലയാള മനോരമ തന്നെയാണ്. ഒക്‌ടോബര്‍ 12നാണ് മനോരമ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സപ്ലൈകോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന് ഇതെക്കുറിച്ച് അറിവുലഭിച്ചുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്തു. രാഷ്ട്രീയ നേതാക്കളുടെ ബിനാമികളായ മൊത്തക്കച്ചവടക്കാരും മില്ലുടമകളുമാണ് ഈ പൂഴ്ത്തിവെപ്പിനു പിന്നിലെന്നും പൂഴ്ത്തിവെപ്പു നടത്തുന്ന അരിമില്ലുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ വകുപ്പുമന്ത്രിയുടെ പാര്‍ട്ടി നേതാക്കള്‍ ശകാരിച്ചുവെന്നും വാര്‍ത്ത വെളിപ്പെടുത്തി.

നിയമസഭയില്‍ വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടിനെ ആധാരമാക്കിയ മനോരമാ റിപ്പോര്‍ട്ട് ഞാനേതാണ്ട് പൂര്‍ണമായിത്തന്നെ വായിച്ചു. പൂഴ്ത്തിവെപ്പുകാരുടെ ശ്രമം വിജയിച്ചാല്‍ ഡിസംബര്‍ മാസത്തോടെ കേരളത്തിലെ പൊതുവിപണയില്‍ അരിവില 40-50 രൂപയായിത്തീരുമെന്ന് മനോരമ പ്രവചിച്ചകാര്യം വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും അത്ഭുതംകൂറി. പക്ഷേ, തങ്ങളുടെ ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വിശദമായി ചര്‍ച്ചയ്‌ക്കെടുത്ത കാര്യം വിസ്മയകരമെന്നു പറയട്ടെ, പിറ്റേദിവസത്തെ മനോരമയില്‍ കണ്ടതേയില്ല.

മനോരമ റിപ്പോര്‍ട്ടു വന്നിട്ടും ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. അരിമില്ലുകളും മൊത്ത വിതരണ ഏജന്‍സികളുടെ ഗോഡൗണുകളും റെയ്ഡ് നടത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ മനോരമ റിപ്പോര്‍ട്ടു പ്രത്യക്ഷപ്പെട്ടിട്ടും ഒരു പരിശോധനയും നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മുന്‍വര്‍ഷങ്ങളില്‍ അച്ചടക്കനടപടികളും സ്ഥലംമാറ്റവും നേരിട്ട ഉദ്യോഗസ്ഥരെല്ലാം സമീപകാലത്ത് അവരുടെ തസ്തികകളില്‍ തിരിച്ചെത്തിയതിനു പിന്നില്‍ റേഷന്‍ റാക്കറ്റിന്റെ സാമ്പത്തികസ്വാധീനവുമുണ്ട് എന്നും മനോരമ റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. സ്ഥലം മാറ്റത്തിനും റേഷനരി തിരിമറി ചെയ്യുന്നതിനുമെല്ലാം സിവില്‍ സപ്ലൈസ് മന്ത്രി കൂട്ടു നില്‍ക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് തന്നെ പരസ്യമായി ആരോപണമുന്നയിച്ചു.

എന്താണ് നടന്നിരിക്കുക? കേരളീയര്‍ക്ക് ഇഷ്ടപ്പെട്ട ആന്ധ്രാ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ അരിയുടെ കേരളത്തിലേയ്ക്കുളള വരവു കുറഞ്ഞു. അതിനു മുഖ്യകാരണം, ചില മില്ലുടമകളും മൊത്തക്കച്ചവടക്കാരും മാസങ്ങള്‍ക്കു മുമ്പേ മുന്‍കൂര്‍ തുക നല്‍കി അരിയുടെ സ്റ്റോക്കു മുഴുവന്‍ കൈവശപ്പെടുത്തിയതാണ്. ഊഹക്കച്ചവടം സര്‍ക്കാര്‍ തന്നെ ധാന്യമേഖലയില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇത്തരത്തില്‍ സ്റ്റോക്കു മുഴുവന്‍ മുന്‍കൂറായി കൈവശപ്പെടുത്തുന്നത് അത്ര പ്രയാസമുളള കാര്യമല്ല. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന അരിയും ഈ ഗൂഢസംഘത്തിന്റെ കൈവശം തന്നെയാണ് എത്തിച്ചേരുന്നത്. ഇതാണ് സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച പൂഴ്ത്തിവെപ്പ്.

ഡിസംബര്‍ മാസമായപ്പോഴേയ്ക്കും കമ്പോളത്തിലേയ്ക്കുളള അരിയുടെ വരവു കുറഞ്ഞു. വില ഉയരാന്‍ തുടങ്ങി. വില ഉയരാന്‍ തുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. അവരും കൂടുതല്‍ വാങ്ങാന്‍ പരിശ്രമിച്ചു. അരിവില വാണം പോലെ ഉയര്‍ന്നു. ഏതാണ്ട് ഒരുമാസക്കാലം 15-20 രൂപയ്ക്ക് സംഭരിച്ച അരി മുഴുവന്‍ 40 - 50 രൂപയ്ക്ക് വിറ്റ് പൂഴ്ത്തിവെപ്പ് ഗൂഢസംഘം ഏതാണ്ട് 100 കോടി രൂപയോളം കൈക്കലാക്കി. കേരളചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ കൊളളയടിക്കുക. ഇതില്‍ യുഡിഎഫ് നേതൃത്വത്തിന് കമ്മിഷനായി എന്തുകിട്ടി എന്നു മാത്രമേ ഇനി അറിയേണ്ടൂ.
ദേശീയസംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുടരുന്ന പുതിയ നയത്തിന്റെ ഫലമാണ് ഈ നിഷ്‌ക്രിയത്വം. കമ്പോളത്തെ സര്‍ക്കാര്‍ അതിന്റെ പാട്ടിനു വിട്ടിരിക്കുകയാണ്. വില കൂടുന്നതിലോ കുറയുന്നതിലോ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ദേശീയ അരിവിപണിയില്‍ നാലോ അഞ്ചോ രൂപയുടെ വില വര്‍ദ്ധനയുണ്ടായാല്‍ കേരളത്തില്‍ 20-25 രൂപ വരെ ഒറ്റയടിച്ചു കുതിച്ചുകയറുന്ന വിലക്കയറ്റപ്രതിഭാസത്തിന് ഈ നയമാണ് കാരണം.

അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിനുളളില്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഇന്ത്യയൊട്ടാകെ 3 രൂപയ്ക്ക് അരി നല്‍കുമെന്ന് പറഞ്ഞവരാണ് കേന്ദ്രം ഭരിക്കുന്നത്. ആ വാഗ്ദാനം നടപ്പാക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമം എന്നു പാസാക്കുമെന്ന് നിശ്ചയമില്ല. നടപ്പാക്കുന്ന പഞ്ഞമാസങ്ങളില്‍ വില കുതിച്ചുയരുമ്പോള്‍ ആശ്വാസമാകാനാണ് ബഫര്‍ സ്റ്റോക്ക് സര്‍ക്കാര്‍ ശേഖരിക്കുന്നത്. പൊതുവിതരണ സംവിധാനം വഴി ഇത് വിതരണം ചെയ്താണ് വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ടത്.

വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ചര്‍ച്ച നടക്കവെ, കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ വിചിത്രമായ ഒരു വാദം ഉന്നയിച്ചു. കേരളത്തില്‍ നെല്ലിന്റെ താങ്ങുവില 11 രൂപയില്‍ നിന്ന് 17 രൂപയാക്കിയപ്പോള്‍ നെല്‍കര്‍ഷകര്‍ക്ക് നല്ലവില ലഭിക്കുന്നുണ്ടെന്നും ഈ വിലക്കയറ്റത്തിനു കാരണം അതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദവും മലയാളമനോരമയുടെ ഒക്‌ടോബര്‍ 12 റിപ്പോര്‍ട്ട് പൊളിക്കുന്നു. നാം മില്ലില്‍ കൊടുക്കുന്ന അരിയല്ല, കേരളത്തില്‍ വിതരണം ചെയ്യുന്നത്. അതുമുഴുവന്‍ പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ് പോകുന്നത്. മാത്രമല്ല, റേഷന്‍ വിതരണത്തിനു കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന അരിയുടെ നാല്‍പതുശതമാനവും പോകുന്നത് പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ്.

കേരളത്തിന്റെ റേഷന്‍വിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 1,14,000 ടണ്‍ അരി ഒരു മാസം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 30,000 ടണ്‍ മാത്രം. കേരളത്തിലെ റേഷന്‍ സമ്പ്രദായം ദാരിദ്ര്യനിര്‍മ്മാര്‍ജനം മാത്രം ലക്ഷ്യമിട്ടുളളതല്ല. ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നമാണ്. നമ്മുടെ കാര്‍ഷികോത്പാദനത്തിന്റെ 15 ശതമാനം മാത്രമാണ് നെല്ലുല്‍പാദനം. ഇങ്ങനെയുള്ളൊരു സംസ്ഥാനത്ത് അലുവാലിയ സിദ്ധാന്തം അനുസരിച്ച് കമ്പോളത്തെ മാത്രം ആശ്രയിക്കുകയാണെങ്കില്‍ എന്തുണ്ടാകും എന്നുളളതിന് തെളിവാണ് ഡിസംബര്‍ മാസത്തിലുണ്ടായ അരിവിലക്കയറ്റം. എല്ലാം സാധാരണഗതിയില്‍ നടക്കുമ്പോഴേ, അരി വാങ്ങാന്‍ സാധിക്കുകയുളളൂ. എന്നാല്‍ ദേശീയ കമ്പോളത്തില്‍ ഒരു ഞെരുക്കം വരാനുളള സാധ്യതയുണ്ടെന്നു വന്നാല്‍ ഇപ്പോഴെന്നപോലെ പിടിവിട്ടുപോകും.

ഈ വിലക്കയറ്റം വരാന്‍പോകുന്ന വിപത്തിന്റെ സൂചനയാണ്. വാള്‍മാര്‍ട്ടും മറ്റും വന്നാല്‍ കൃഷിക്കാര്‍ക്കു നല്ല വില കിട്ടുമെന്നാണല്ലോ പറയുന്നത്. കൃഷിക്കാര്‍ക്കല്ല, കുത്തകകള്‍ക്കാണ് വില കിട്ടാന്‍ പോകുന്നത്. ബഫര്‍ സ്റ്റോക്കുണ്ടായിട്ടും സ്ഥിതി ഇതാണ്. ഇനി അതില്ലാതാക്കി അരിയ്ക്കു പകരം കാശു കൊടുക്കുന്ന റേഷന്‍ സമ്പ്രദായം കൂടി കൊണ്ടുവന്നാല്‍ പിന്നെ സംഭവിക്കാവുന്നത് ഊഹിക്കാവുന്നതേയുളളൂ.

ചെറുവയല്‍ രാമനും മൊണ്ടേക് അലുവാലിയയും


ധനവിചാരം Published on  25 Dec 2012

ആദിവാസി വികസനപദ്ധതികളുടെ വീഴ്ചകള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങളെ ഞെട്ടിച്ചു. അങ്ങനെയാണ് വയനാട് സന്ദര്‍ശിക്കാന്‍ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി തീരുമാനിച്ചത്. യാഥാര്‍ഥ്യം റിപ്പോര്‍ട്ടിനുമപ്പുറമാണ്: 1978-ല്‍ 7.4 കോടി രൂപയില്‍ തുടങ്ങിയതാണ് കാരാപ്പുഴ ജലസേചന പദ്ധതി. ഇതുവരെ 286 കോടി രൂപ മുടക്കി. എന്നിട്ടും തീര്‍ന്നിട്ടില്ല. പുതുക്കിയ മതിപ്പുകണക്ക് 441 കോടി രൂപയാണ്. പൂര്‍ത്തിയാക്കിയാലും കാര്യമൊന്നുമില്ല. ജലസേചനം നടത്താന്‍ വയല്‍ വല്ലതും അവശേഷിക്കേണ്ടേ. അപ്പോള്‍പ്പിന്നെ നീക്കിബാക്കിയെന്ത്?

അഴിമതിയും വിവാദങ്ങളും ഇനിയും പുനരധിവസിപ്പിക്കപ്പെടാത്ത കുടിയിറക്കപ്പെട്ട ആദിവാസികളും. ഇവര്‍ക്കുപോലും വീടുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനുവദിച്ച വീടുകളില്‍ മഹാഭൂരിപക്ഷവും പണിതീരാതെ കിടക്കുകയാണ്. കിട്ടിയ ഗഡുക്കള്‍ കോണ്‍ട്രാക്ടര്‍മാര്‍ തട്ടിയെടുത്തു. ലഭിച്ച ഭൂമിയില്‍ നല്ലപങ്കിലും മറ്റുള്ളവര്‍ പാട്ടക്കൃഷി നടത്തുന്നു. ഡോക്ടറില്ലാത്ത ആദിവാസി ആസ്പത്രി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ കെട്ടിടത്തില്‍ താമസിക്കേണ്ടിവരുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ഇതാണ് അവസ്ഥ. സങ്കടം തന്നെ.

പര്യടനത്തിന്റെ അവസാനം ചെറുവയല്‍ രാമന്റെ വീട്ടില്‍ ചെന്നപ്പോഴാണ് സന്തോഷം തോന്നിയത്. പുല്ലുമേഞ്ഞ, വൈക്കോല്‍ക്കരിയും കുളിര്‍മാവ് പേസ്റ്റും ചേര്‍ത്ത് മെഴുകിയ വീടിന്റെ മുറ്റത്തിരുന്നാണ് ഞങ്ങള്‍ ഊണുകഴിച്ചത്. വീട്ടുകാര്‍ മാത്രമല്ല, കുറച്ച് നാട്ടുകാരുമുണ്ടായിരുന്നു ഉത്സാഹക്കമ്മിറ്റിയില്‍. വിഭവങ്ങളുടെ വിശേഷങ്ങള്‍ വാതോരാതെ പറഞ്ഞ് കൂടെ രാമനും.

ഇത്തവണത്തെ പി.വി. തമ്പി അവാര്‍ഡ് ജേതാവാണ് ചെറുവയല്‍ രാമന്‍. അവാര്‍ഡുവിതരണച്ചടങ്ങില്‍ അദ്ദേഹത്തെ വി.ഡി. സതീശന്‍ എം.എല്‍.എ. സദസ്സിനു പരിചയപ്പെടുത്തിയത് ഇങ്ങനെയാണ് - ''അസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരിലൊരുവന്‍''. രാമന്‍ ചെയ്യുന്ന അസാധാരണ കാര്യങ്ങള്‍ എന്തെന്നറിയാന്‍ വീടിനുപിറകിലെ കുന്നില്‍ചരിവിലൂടെ ഞങ്ങള്‍ താഴേക്കിറങ്ങി. നെല്ലു നിറഞ്ഞുകിടക്കുന്ന ഏല. ജലസമൃദ്ധിയുടെ അഭിമാനം തിരതല്ലി കബനിനദി കിഴക്ക് ഒഴുകുന്നു. വയലിലേക്കിറങ്ങിയാല്‍ വിചിത്രമായൊരു കാഴ്ച കാണാം.

ചില കണ്ടങ്ങളില്‍ നെല്ല് സുവര്‍ണരാശിയില്‍ വിളഞ്ഞുകിടക്കുന്നു. മറ്റുചില കണ്ടങ്ങള്‍ക്ക് തത്തപ്പച്ച നിറമാണ്. ഇവയ്ക്കിടയില്‍ വിവിധ വിളപാകത്തിലുള്ള നെല്ലിനങ്ങള്‍. കാര്‍ഷികസര്‍വകലാശാലയിലെ പരീക്ഷണത്തോട്ടങ്ങളിലെന്നപോലെ ഓരോ കണ്ടത്തിലും നമ്പര്‍ എഴുതിയൊട്ടിച്ച ബോര്‍ഡുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. നമ്പറിട്ടേ പറ്റൂ. കാരണം, തന്റെ പൊതു കുടുംബസ്വത്തായ ആറേക്കര്‍ പാടത്ത് 36 ഇനം നെല്ലുകളാണ് രാമന്‍ കൃഷിചെയ്യുന്നത്. വിവിധ ഇനങ്ങള്‍ പരാഗണത്തിലൂടെ കലര്‍ന്നാലോ? അതു തടയാന്‍ കണ്ടത്തിന്റെ നടുഭാഗത്തുനിന്നുമാത്രമേ വിത്ത് ശേഖരിക്കൂ. വിവിധ മൂപ്പുള്ള നെല്ലുകളോരോന്നിനും പ്രത്യേക പരിചരണം വേണ്ടേ? ഒരു ചെറുചിരി മാത്രമായിരുന്നു രാമന്റെ ഉത്തരം.

വയനാടിന് നൂറില്‍പ്പരം പരമ്പരാഗത വിത്തിനങ്ങളുണ്ടായിരുന്നു. അവയില്‍ അവശേഷിക്കുന്നവ ചെറുവയല്‍ രാമന്റെ തോട്ടത്തില്‍ കാണാം. പലതും ഇവിടെമാത്രം. ഒരനുഷ്ഠാനകര്‍മംപോലെ എത്രയോ വര്‍ഷമായി രാമന്‍ ഈ തപസ്സുചെയ്യുന്നു. ''എന്തിന്? അധ്വാനത്തിന് അനുസരിച്ചുള്ള ലാഭമുണ്ടോ?'' എന്നൊരു ചോദ്യമുയര്‍ന്നു.

മൊണ്ടേക്‌സിങ് അലുവാലിയ കേരളത്തോടു ചോദിച്ചതും ഇതുതന്നെയല്ലേ. കേരളീയര്‍ എന്തിന് നെല്‍ക്കൃഷി ചെയ്യണം? പണംകൊണ്ട് വാങ്ങാന്‍ കഴിയാത്ത എന്തുണ്ട്? റബ്ബര്‍പോലെ കൂടുതല്‍ ആദായമുള്ള കൃഷി ചെയ്യുക. അല്ലെങ്കില്‍ റിയല്‍എസ്റ്റേറ്റ്. അതിലെന്താണ് തെറ്റ്?

ചെറുവയല്‍ രാമന്‍ വിശദീകരിച്ചു തുടങ്ങി - ''ഇത് അഞ്ചുമാസം മൂപ്പുള്ള മരത്തൊണ്ടി. ഇതാണ് ഞങ്ങളുടെ ചോറ്. വിഷുവിനും ഓണത്തിനും സാറിനെപ്പോലുള്ളവര്‍ വരുമ്പോഴും പായസത്തിന് ഗന്ധകശാലതന്നെ വേണം. ഞവരക്കഞ്ഞിയുടെ സ്വാദ് ഒന്നു വേറെത്തന്നെ. ജീരകശാലയുടെ നെയ്‌ച്ചോറ് തിന്നിട്ടുണ്ടോ? പൂജയ്ക്ക് വെളിയന്‍ നെല്ലുവേണം. പ്രസവാനന്തരശുശ്രൂഷയ്ക്ക് ചെന്നെല്ല് കൂടിയേ തീരൂ. എല്ലാറ്റിനും ലാഭവും നഷ്ടവും നോക്കാനൊക്കുമോ? എല്ലാറ്റിനും വിലയിടാനൊക്കുമോ?''.

നെല്‍ക്കൃഷി വേണോ എന്നു ശങ്കിക്കുന്ന മൊണ്ടേക്‌സിങ് അലുവാലിയയുടെ മുന്നിലാണ് 36 ഇനം നെല്ലുകളുമായി ചെറുവയല്‍ രാമന്‍ നില്‍ക്കുന്നത്. അലുവാലിയയ്ക്ക് മനസ്സിലാകാത്ത പലതുമുണ്ട്. ഒന്ന്, അരിയുടെ കാര്യത്തില്‍ സ്വാശ്രയത്വം കൈവരിക്കാനാവില്ല. ശരി തന്നെ. പക്ഷേ, നാലിലൊന്ന് അരിയെങ്കിലും ഇവിടെ ഉത്പാദിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യസുരക്ഷിതത്വം ഉണ്ടോ? 20 രൂപയ്ക്ക് വിറ്റിരുന്ന അരി 50 രൂപയിലേക്കുയര്‍ന്നപ്പോള്‍ പകച്ചുനില്‍ക്കാനല്ലേ സര്‍ക്കാറിനു കഴിഞ്ഞുള്ളൂ.

രണ്ട്, ഏലകളില്‍ സംഭരിക്കപ്പെടുന്ന മഴവെള്ളത്തിന്റെ കണക്ക് അലുവാലിയയ്ക്ക് ഊഹിക്കാമോ? എല്ലാ ഡാമുകളിലുംകൂടി സംഭരിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ മഴവെള്ളം കേരളത്തിലെ ഏലകളില്‍ സംഭരിക്കപ്പെടുന്നുണ്ട്. നമ്മുടെ ജലചക്രത്തില്‍ ഏലകളുടെ പരിസ്ഥിതിപ്രാധാന്യം നിര്‍ണായകമാണ്.

മൂന്ന്, നമുക്ക് ആവശ്യമില്ലാത്തതെല്ലാം കളയെന്നുവിളിച്ച് പറിച്ചുകളഞ്ഞിട്ടാണ് കൃഷിചെയ്യുക. എന്നാലും നമ്മുടെ വയേലലകള്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. രാമന്റെ വയലില്‍ത്തന്നെ 36 നെല്ലിനങ്ങളുണ്ടല്ലോ. പിന്നെ, വയലേലയുടെ സാംസ്‌കാരികവും സൗന്ദര്യപരവുമായ മാനങ്ങള്‍ക്ക് വിലയിടാനാവുമോ? ഇക്കാര്യങ്ങള്‍ പറഞ്ഞാണ് പാശ്ചാത്യരാജ്യങ്ങള്‍ കാര്‍ഷികവരുമാനത്തിന്റെ അമ്പതുശതമാനത്തോളം വരുന്ന തുക സബ്‌സിഡിയായി കൃഷിക്കാര്‍ക്ക് നല്‍കുന്നത്.

എന്തിന് ഇത്രയും നെല്ലിനങ്ങള്‍? അത്യുത്പാദനശേഷിയുള്ള പുത്തന്‍വിത്തിനങ്ങള്‍ പോരേ? പോര എന്നുതന്നെയാണ് ഉത്തരം. ഏകയിനം കൃഷിസമ്പ്രദായം വരുത്തിവെച്ച കാര്‍ഷികത്തകര്‍ച്ചകളുടെ ഒട്ടേറെ ദുരനുഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. അത്യുത്പാദനശേഷിയുള്ള, അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷിയുള്ള, അല്ലെങ്കില്‍ പ്രത്യേക സ്വാദുള്ള നെല്‍വിത്തിനങ്ങള്‍ ഈ പരമ്പരാഗത വിത്തിനങ്ങളില്‍നിന്നാണ് സൃഷ്ടിക്കപ്പെടുന്നത്. ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലാത്ത എന്തെന്ത് സവിശേഷതകളാണ് പരമ്പരാഗത വിത്തിനങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നത് എന്ന് ആര്‍ക്കറിയാം!

നമ്മുടെ ഏറ്റവുംവലിയ സമ്പത്താണ് ഈ നാട്ടിലെ ജൈവവൈവിധ്യം. മൂല്യത്തിന്റെ കാര്യത്തില്‍ ഭാവിയിലൊരുപക്ഷേ, പെട്രോളിനെയും പ്രകൃതിവാതകത്തെയും പിന്തള്ളുന്ന സമ്പത്ത്. പക്ഷേ, ഇതിന്റെ കലവറകളായ കാടിനെയും തണ്ണീര്‍ത്തടങ്ങളെയും നമ്മള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യന്ത്രസാങ്കേതികവിദ്യയും ആവിശക്തിയും കൂടിയാണല്ലോ വ്യവസായവിപ്ലവം സൃഷ്ടിച്ചത്. അതുപോലെ ഒരു എടുത്തുചാട്ടത്തിലാണ് ലോകം ഇന്ന്. വിവരസാങ്കേതികവിദ്യ, നാനോ ടെക്‌നോളജി, പുത്തന്‍ പദാര്‍ഥവിജ്ഞാനീയം, ബയോടെക്‌നോളജി എന്നു തുടങ്ങിയ രംഗങ്ങളില്‍ പുതിയൊരു ശാസ്ത്രസാങ്കേതിക വിപ്ലവം നടക്കുകയാണ്.

പക്ഷേ, ഒരു വൈരുദ്ധ്യമുണ്ട്. ജൈവവൈവിധ്യകേന്ദ്രങ്ങള്‍ മൂന്നാംലോകരാജ്യങ്ങളിലാണ്. അതേസമയം, ബയോ ടെക്‌നോളജി സമ്പന്നരാഷ്ട്രങ്ങളുടെ കുത്തകയാണ്. പുതിയ പേറ്റന്റ് നിയമത്തിലൂടെ തങ്ങളുടെ ബയോടെക്‌നോളജിയുടെ സ്വത്തവകാശം അവര്‍ ഉറപ്പാക്കിക്കഴിഞ്ഞു. പക്ഷേ, അതേസംരക്ഷണം നമ്മുടെ ജൈവസമ്പത്തിന് നല്‍കാന്‍ അവര്‍ തയ്യാറല്ല. അവയെ എങ്ങനെ മോഷ്ടിക്കാം എന്ന ഉപജാപത്തിലാണ് ബഹുരാഷ്ട്രക്കുത്തകകള്‍.

എത്രയോ തലമുറകളായി ചെറുവയല്‍ രാമനെപ്പോലുള്ള ആദിവാസികളും കൃഷിക്കാരുമെല്ലാം പരിപാലിച്ചുവന്ന വിത്തിനങ്ങളില്‍ ചില ജനിതകമാറ്റങ്ങള്‍ വരുത്തി പ്രചാരണത്തിലൂടെയും ചതികളിലൂടെയും അവര്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അങ്ങനെ നമ്മെ കൊള്ളയടിക്കുന്നു. തര്‍ക്കംമൂത്താല്‍ അവര്‍ പറയുക, സസ്യജാലങ്ങളോ സൂക്ഷ്മജീവികളോ നിങ്ങളുടെ നാട്ടില്‍ പാരമ്പര്യവിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പരിപാലിക്കപ്പെട്ടുപോന്നവയാണെന്ന് തെളിയിച്ചാല്‍ അവയ്ക്ക് റോയല്‍ട്ടിയുംമറ്റും തരാമെന്നാണ്. അങ്ങനെ ചെയ്യണമെങ്കില്‍, നമ്മുടെ പരമ്പരാഗത വിജ്ഞാനത്തെയും ജീവജാലങ്ങളെയും എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ടാകണം. അങ്ങനെ നാം ചെയ്തിട്ടില്ല.

ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കിയാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ അന്തര്‍ദേശീയ കരാറുകളില്‍ ചെയ്തുവെച്ചിട്ടുണ്ട്. രാമന്‍ 36 ഇനം നെല്‍വിത്തുകള്‍ പരിപാലിക്കുന്നു. ഇതുപോലെ ഇന്ത്യ മൊത്തത്തിലെടുത്താല്‍ ആയിരക്കണക്കിന് നെല്‍വിത്തുകളുണ്ടാകും. ഇതുപോലുള്ള ജനിതകശേഖരം സൂക്ഷിച്ചുവെക്കുന്ന ലബോറട്ടറികള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ തുടങ്ങിയവയില്‍ മഹാഭൂരിപക്ഷവും സാമ്രാജ്യത്വരാഷ്ട്രങ്ങളിലാണ്. ഈ ജനിതകസമ്പത്ത് തന്നിഷ്ടംപോലെ ഉപയോഗിക്കാമെന്നാണ് അവര്‍ വാദിക്കുന്നത്.

ഈ തര്‍ക്കം മൂത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, തോല്‍ക്കാന്‍ നമ്മള്‍ തീരുമാനിച്ച മട്ടിലാണ് കാര്യങ്ങള്‍. ഇന്ത്യയുടെ ശാസ്ത്രസാങ്കേതികവകുപ്പിനു കീഴിലുള്ള അതിസമ്പന്നമായ ജൈവശേഖരം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ചെറിയൊരു തുക ഫീസ് വാങ്ങി തുറന്നു കൊടുക്കാന്‍ പോവുകയാണ്. അവരുടെ സഹകരണമില്ലാതെ ജനിതകസാങ്കേതികപുരോഗതി നേടാന്‍ കഴിയില്ലപോലും. കോഴിയെ കാക്കാന്‍ കുറുക്കനെത്തന്നെ ചുമതലപ്പെടുത്തണം.

അങ്ങനെ നമ്മുടെ മറ്റൊരു പൊതുസ്വത്തുകൂടി ചുളുവിലയ്ക്ക് കുത്തകകള്‍ കൈവശപ്പെടുത്താന്‍ പോവുകയാണ്. സ്വന്തം വരുതിയിലുള്ളവ സംരക്ഷിക്കാനേ കുത്തകകള്‍ക്ക് താത്പര്യമുള്ളൂ. പൊതുവായിട്ടുള്ളവയ്ക്ക് നാഥനില്ല. അങ്ങനെ ഇന്ന് നാമറിയുന്ന പക്ഷിമൃഗാദികളിലും ജലജീവികളിലും 10-30 ശതമാനം ആഗോളമായി നാശത്തിന്റെ വക്കിലാണ്. ദശലക്ഷക്കണക്കായുള്ള സൂക്ഷ്മജീവിവൈവിധ്യം ഇതിനേക്കാള്‍ വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സര്‍വനാശത്തിലേയ്ക്കുള്ള മനുഷ്യന്റെ കുതിപ്പിനിടയില്‍ ചെറുവയല്‍ രാമന്‍ തന്റെ കണ്ടങ്ങളില്‍ 36 ഇനം നെല്ലുകളെ ഓമനിക്കുന്നു. സ്ഥായിയായ വികസനത്തിന് വഴികാട്ടുന്നു.

Monday, December 10, 2012

അരിവേണോ കാശുവേണോ?


ധനവിചാരം (mathrubhumi, Dec 11, 2012)

'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍' എന്ന ജയറാം രമേശിന്റെ ഇമ്പമൂറുന്ന പരസ്യവാചകം കേട്ടപ്പോള്‍ കോണ്‍ഗ്രസ്സിന്റെ പഴയ മുദ്രാവാക്യങ്ങളാണ് ഞാന്‍ ഓര്‍ത്തത്. 1971-ല്‍ ഇന്ദിരാഗാന്ധിയുടെവക 'ഗരീബി ഹഠാവോ'. 1986-ല്‍ രാജീവ്ഗാന്ധി അതിനെ സംസ്‌കൃതീകരിച്ച് 'ഗരീബി ഉന്മൂലന്‍' എന്നാക്കി. 2006-ല്‍ മന്‍മോഹന്‍സിങ് 'ഗരീബീ ഹഠാവോ'യെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, ഈ മുദ്രാവാക്യങ്ങള്‍ക്കൊന്നും ദാരിദ്ര്യത്തിന്റെ ബാധയൊഴിപ്പിക്കാനായില്ല. പ്രതിദിനം രണ്ടുഡോളര്‍ വരുമാനംപോലുമില്ലാത്തവരുടെ എണ്ണം ഏതാണ്ട് 70 ശതമാനമാണ് ഇന്നും.

ആ സാഹചര്യത്തിലാണ് ഒരു പുതിയആശയത്തിന് ഉറവപൊട്ടിയത്. കോടിക്കണക്കിന് ദരിദ്രരെല്ലാം ബാങ്ക് അക്കൗണ്ട് എടുക്കുക. റേഷനരിക്കും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും നല്‍കുന്ന സബ്‌സിഡി നേരിട്ട് ആ അക്കൗണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും.

ഈ ആശയത്തിന്റെ പരസ്യവാചകമാണ് 'ആപ് കാ പൈസ, ആപ് കേ ഹാത്ത്' (നിങ്ങളുടെ കാശ് നിങ്ങളുടെ കൈയില്‍). ഇനി മുതല്‍ ആര്‍ക്കും റേഷനരി ഇല്ല. കമ്പോളവിലയ്ക്ക് അരി വാങ്ങണം. സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും. ചുരുക്കിപ്പറഞ്ഞാല്‍ പാവപ്പെട്ടവന്റെ റേഷനരിയിലും മടിശ്ശീലയിലും സര്‍ക്കാര്‍ പിടിമുറുക്കുകയാണ്. എന്നിട്ട് പറയുന്നു-'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍'.

2009-10ലെ സാമ്പത്തിക സര്‍വെയാണ് പുതിയ സമീപനത്തിന്റെ ആശയം പ്രഖ്യാപിച്ചത്. ''വിലകള്‍ കമ്പോളത്തിന്റെ പാട്ടിന് വിടുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് പാവപ്പെട്ട ഉപഭോക്താക്കളെ സഹായിക്കണമെങ്കില്‍ വില നിയന്ത്രിക്കാന്‍ ശ്രമിക്കാതെ നേരിട്ട് പാവങ്ങളെ സഹായിക്കാന്‍ ഇടപെടുകയാണ് ഏറ്റവും അഭികാമ്യം''. ഇതിന് ഏറ്റവുംനല്ല ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിച്ചത് റേഷന്‍സമ്പ്രദായമാണ്. റേഷനരി റേഷന്‍ കടക്കാര്‍ക്കാണല്ലോ ആദ്യം കൊടുക്കുന്നത്. അവരാണ് അത് പാവങ്ങള്‍ക്ക് വിതരണംചെയ്യുന്നത്. ഈ ഇടനിലക്കാരെ ഒഴിവാക്കി പണം നേരിട്ട് പാവപ്പെട്ടവര്‍ക്ക് എത്തിക്കുന്നതാണ് നല്ലതെന്ന് സാമ്പത്തികസര്‍വെ വിലയിരുത്തി. കിട്ടുന്ന പണംകൊണ്ട് റേഷനരി വാങ്ങണോ ബിരിയാണിയരി വാങ്ങണോ എന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ എന്ന് നിശ്ചയിച്ചു. ഹാ, ഉപഭോക്താവ് പരമാധികാരിയായി!

അരിക്കുപകരം പണം പദ്ധതി അങ്ങനെയാണ് ഉണ്ടായത്. ബാങ്കിലിടുന്ന പണം അരിക്കടയിലാണോ മദ്യഷാപ്പിലാണോ എത്തുന്നത് എന്നചോദ്യം പലരും ഉയര്‍ത്തിയിട്ടുണ്ട്. പാവങ്ങളുടെ വരുമാനത്തില്‍ നല്ലൊരുപങ്ക് മദ്യത്തിനുവേണ്ടിയാണ് ഇന്ന് ചെലവഴിക്കപ്പെടുന്നത്. പുരുഷന്മാരുടെ വരുമാനത്തിന്റെ കാര്യത്തില്‍ ഇത് പ്രസക്തമാണ്. വീട്ടിലെ ദാരിദ്ര്യം പുരുഷന്റെ മദ്യപാനത്തിന് തടസ്സമാകുന്നില്ല. ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി കിട്ടും എന്നുള്ളതുകൊണ്ട് കുടുംബം പട്ടിണിയില്ലാതെ കഴിയുന്നു. കാശായി കൊടുത്താല്‍ നല്ലപങ്ക് കുടുംബങ്ങളും പട്ടിണിയിലേക്ക് പോകും എന്നുറപ്പാണ്. അങ്ങനെ കമ്പോളം ശരിയായ ഉത്തരത്തില്‍ എത്തണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ തീരുമാനം കമ്പോളത്തിന് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ ഇടപെട്ടേ തീരൂ. സാമ്പത്തികശാസ്ത്രത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളെ 'മാര്‍ക്കറ്റ് ഫെയ്‌ലിയര്‍'അഥവാ കമ്പോളപരാജയം എന്നുവിളിക്കും.

പൊതുവിതരണത്തിന്റെ ലക്ഷ്യം വിലനിയന്ത്രണമാണ്. പൊതുവില എത്ര ഉയര്‍ന്നാലും റേഷന്‍വിലയില്‍ മാറ്റമുണ്ടാവില്ലല്ലോ. ഇത് പൊതുവിലയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍, ഇപ്രകാരം വില നിയന്ത്രിക്കേണ്ട ആവശ്യമില്ല എന്നാണല്ലോ എക്കണോമിക് സര്‍വെയുടെ നിലപാട്. വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ പാവങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ വിപരീതഫലമാണ് ഉണ്ടാക്കുക. പാവങ്ങളുടെ ക്രയശേഷി വര്‍ധിക്കുന്നത് കമ്പോളത്തില്‍ ധാന്യത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നു. വിലക്കയറ്റത്തിന് ആക്കം കൂടും. കാശായി സബ്‌സിഡി നല്‍കുന്നത് വിലക്കയറ്റത്തെ രൂക്ഷമാക്കുന്നു.

ഇപ്പോള്‍ ഒരു രൂപ കൊടുത്താല്‍ ഒരുകിലോ റേഷനരി കിട്ടും. എന്നാല്‍, ഇനിമേല്‍ 30-40 രൂപ കൊടുത്ത് അരി ആദ്യം വാങ്ങണം. ഇത്രയും പണം മുന്‍കൂറായി നല്‍കാന്‍ പാവപ്പെട്ടവരുടെ കൈവശം ഉണ്ടാകണമെന്നില്ല. മാത്രമല്ല, സര്‍ക്കാര്‍ സബ്‌സിഡി സമയത്തൊട്ട് കിട്ടാനും പോകുന്നില്ല. രാജസ്ഥാനില്‍ നടത്തിയ പരീക്ഷണം ഇതുകൊണ്ടാണ് പൊളിഞ്ഞത്. ഒരു വര്‍ഷമായി അവിടെ ചില ബ്ലോക്കുകളില്‍ അരിക്കുപകരം കാശാണ് കൊടുത്തുവരുന്നത്. ശരാശരി മൂന്നുമാസത്തെ കാശുമാത്രമേ ബാങ്ക് അക്കൗണ്ടുകളിലെത്തിയിട്ടുള്ളൂ. പാവപ്പെട്ടവര്‍ ഗോതമ്പുവാങ്ങല്‍ നിര്‍ത്തി. മറ്റുപലരും കടക്കെണിയിലുമായി.

റേഷന്‍ശൃംഖല ഇല്ലാതാകുമെന്നതാണ് കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രത്യാഘാതം. കാശായി വിതരണംചെയ്താലും റേഷന്‍കടകള്‍ നിലനിര്‍ത്തും എന്നുപറയുന്നത് അസംബന്ധമാണ്. എന്തിന് റേഷന്‍ കടകളില്‍നിന്ന് അരിവാങ്ങണം? എത്രയോ പതിറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്നതാണ് ഈ പൊതുവിതരണശൃംഖല. ഇല്ലാതാകുമ്പോഴേ അതിന്റെ വിലയറിയൂ. ഭാഗ്യത്തിന് കേരളസര്‍ക്കാര്‍ ഈ വര്‍ഷം ഈ ഭാഗ്യപരീക്ഷണം വേണ്ടെന്നുവെച്ചിരിക്കയാണ്.

റേഷന്‍ഷോപ്പുവഴി അരി വിതരണംചെയ്യുമ്പോള്‍ ചെലവാക്കേണ്ടിവരുന്ന സബ്‌സിഡിയാണല്ലോ കാശായി കൊടുക്കുന്നത്. പക്ഷേ, നാളെ അരിയുടെ വില പിന്നെയുമുയരുമ്പോള്‍ സബ്‌സിഡി ഉയര്‍ത്തുമോ? കൂട്ടാം, കൂട്ടാതിരിക്കാം. ഏതായാലും വില കയറിയിറങ്ങുന്നതിന് അനുസരിച്ച് സബ്‌സിഡി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക പ്രായോഗികമല്ല.

സര്‍ക്കാറിന്റെ ഉന്നം വളരെ വ്യക്തമാണ്. സബ്‌സിഡി കുറയ്ക്കണം. സബ്‌സിഡി ദേശീയവരുമാനത്തിന്റെ രണ്ടുശതമാനമായി നിജപ്പെടുത്തുമെന്ന് പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചശേഷമാണ് കാഷ് ട്രാന്‍സ്ഫര്‍ നിര്‍ദേശം ബജറ്റില്‍ വെച്ചത്. കാഷ്ട്രാന്‍സ്ഫറിലേക്ക് പോകുന്നതിന്റെ മുഖ്യഉദ്ദേശ്യമെന്തെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണല്ലോ. വില ഉയരുന്നതിനനുസരിച്ച് സബ്‌സിഡി ഉയര്‍ത്താന്‍ ഉദ്ദേശ്യമില്ല. അങ്ങനെ, കുറേക്കഴിയുമ്പോള്‍ സബ്‌സിഡി സ്വാഭാവികമായിത്തന്നെ ചുരുങ്ങും.

അരിക്കുപകരം കാശായി നല്‍കുന്നതിന്റെ ഫലമായി അഴിമതിയും സബ്‌സിഡിയുടെ ചോര്‍ച്ചയും തടയാമെന്നാണ് ഏറ്റവും ശക്തമായ മറുവാദം. എല്ലാവര്‍ക്കും റേഷനരി അനുവദിച്ചാല്‍ റേഷന്‍ വാങ്ങാത്തവരുടെ അരി മറിച്ചുവിറ്റ് റേഷന്‍കടക്കാര്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ കഴിയും. ഈ കള്ളത്തരത്തിന് കൂട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥരും മറ്റും കൈക്കൂലി വാങ്ങും. എന്നാല്‍ സബ്‌സിഡി കാശായി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമ്പോള്‍ ഇത്തരം വെട്ടിപ്പുകള്‍ പൂര്‍ണമായും തടയാം.

എലിയെ കൊല്ലാന്‍ ഇല്ലംചുടുന്നതുപോലെയാണ് ഇത്. റേഷന്‍സമ്പ്രദായത്തിലെ തട്ടിപ്പും വെട്ടിപ്പും തടയാനുള്ള മാര്‍ഗം അത് വേണ്ടെന്നുവെക്കലല്ല. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അഴിമതി തടയാന്‍ പോംവഴികളുമുണ്ട്. തുടര്‍ച്ചയായി അരി വാങ്ങാത്ത കുടുംബങ്ങളെ റേഷന്‍ലിസ്റ്റില്‍നിന്ന് മാറ്റാം. ആധാറും കമ്പ്യൂട്ടറൈസേഷനുമെല്ലാം നടപ്പാക്കിക്കൊണ്ടിരിക്കുകയാണല്ലോ. റേഷന്‍ വാങ്ങുമ്പോള്‍ വിരലടയാളം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കാം. അത് കമ്പ്യൂട്ടര്‍ വഴിയാണെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പമായി.

തൊഴിലുറപ്പിന്റെ കാര്യത്തിലെന്നപോലെ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ ആവശ്യമുള്ളവര്‍ക്കെല്ലാം സൗജന്യവിലയ്ക്ക് റേഷന്‍ നല്‍കാന്‍ തയ്യാറാകണം. ബി.പി.എല്ലിനുമാത്രമായി റേഷന്‍ പരിമിതപ്പെടുത്തുന്നത് ഭൂരിപക്ഷം പാവങ്ങളുടെയും സാമൂഹികസുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കുന്നു. ദാരിദ്ര്യരേഖ പട്ടിണിരേഖയാണ്. അതുകൊണ്ടാണ് കര്‍ഷകത്തൊഴിലാളികളില്‍ പകുതിപ്പേര്‍ എ.പി.എല്‍. വിഭാഗത്തില്‍പെടുന്നത്. മത്സ്യത്തൊഴിലാളികളില്‍ 40 ശതമാനം പേര്‍ എ.പി.എല്ലാണ്. എന്തിന് ആദിവാസികളില്‍ 20 ശതമാനം പേര്‍ എ.പി.എല്‍. പട്ടികയിലാണ്. ഒരേജോലിചെയ്യുന്ന കൂലിവേലക്കാരെ എ.പി.എല്ലും ബി.പി.എല്ലുമായി തരംതിരിക്കുന്നതിന്റെ യുക്തിയെന്ത്?

അരിക്കുപകരം കാശ് നല്‍കുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷ്യം സബ്‌സിഡി ബി.പി.എല്ലിനുമാത്രമായി പരിമിതപ്പെടുത്തുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നിയമത്തിനോടൊപ്പമാണ് ഇത്തരമൊരു സാമ്പത്തികപരിഷ്‌കാരം. എന്തൊരു വിരോധാഭാസമാണിത്!

കോടിക്കണക്കിന് കുടുംബങ്ങള്‍ ബാങ്കില്‍ അക്കൗണ്ടുതുടങ്ങിയാല്‍മാത്രം പോരല്ലോ. അവര്‍ക്ക് പണവും ലഭിക്കേണ്ടേ. ആറുലക്ഷം ആവാസകേന്ദ്രങ്ങളില്‍ കഷ്ടിച്ച് അഞ്ചുശതമാനം സ്ഥലങ്ങളിലേ ബാങ്ക് ബ്രാഞ്ചുകളുള്ളൂ. പണം വീട്ടിലെത്തിക്കാന്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഏജന്റുമാരെ നിശ്ചയിക്കാനാണുദ്ദേശ്യം. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയയിടത്തൊക്കെ അഴിമതിയും ക്രമക്കേടും മുഴച്ചുനിന്നെന്ന് റിസര്‍വ് ബാങ്കുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

റേഷന്‍, മണ്ണെണ്ണ, വളം എന്നിവയുടെ സബ്‌സിഡിയാണ് കാശായി നല്‍കുന്നതിനുവേണ്ടി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. അടുത്തഘട്ടത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതിനുപകരം അതിനുള്ള ധനസഹായം പാവങ്ങള്‍ക്ക് നേരിട്ടുനല്‍കാനാണത്രേ ഉദ്ദേശിക്കുന്നത്. ഏതുതരം ചികിത്സവേണം, വിദ്യാഭ്യാസം വേണം എന്നുള്ളത് ഗുണഭോക്താക്കള്‍തന്നെ നേരിട്ട് തീരുമാനിച്ചുകൊള്ളണം.

ബ്രസീലില്‍ ഇത്തരമൊരു പരിഷ്‌കാരം വിജയകരമായി നടപ്പാക്കിയെന്നാണ് ലോകബാങ്ക് വാദിക്കുന്നത്. ബ്രസീലിലെ കാഷ് ട്രാന്‍സ്ഫര്‍ സമ്പ്രദായത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍. വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളുടെ വിപുലീകരണത്തിന് ഇന്ത്യയെ അപേക്ഷിച്ച് ഭീമമായ മുതല്‍മുടക്ക് നടത്തിയ രാജ്യമാണ് ബ്രസീല്‍. അതുപയോഗപ്പെടുത്തുന്നതിന് പ്രോത്സാഹനമായിട്ടാണ് അവിടെ പാവങ്ങള്‍ക്ക് വേറിട്ട് ധനസഹായം നല്‍കിയത്. ആ ധനസഹായം ലഭിക്കണമെന്നുണ്ടെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ മിനിമം അറ്റന്‍ഡന്‍സ് ഉണ്ടാകണം, പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണം തുടങ്ങിയ കര്‍ശനമായ നിബന്ധനകളുണ്ട്. ലോകത്ത് ജനങ്ങളുടെ ആരോഗ്യച്ചെലവില്‍ ഏറ്റവും കുറവ് വിഹിതം സര്‍ക്കാര്‍ നേരിട്ടുവഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നോര്‍ക്കണം.

ഇന്ത്യ എട്ടുശതമാനം വളര്‍ച്ചയുടെ അഹങ്കാരത്തിലാണ്. പക്ഷേ, ജനങ്ങളുടെ ജീവിതനിലയെടുത്താല്‍ നാം അധോഗതിയിലാണ്. ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചികയില്‍ ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ 127-ല്‍നിന്ന് 134 ആയി താണു. സര്‍വശിക്ഷാ അഭിയാന്‍, തൊഴിലുറപ്പുപദ്ധതി എന്നിങ്ങനെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ അടങ്കല്‍ പലമടങ്ങ് ഉയര്‍ന്നിട്ടും ഇതാണ് സ്ഥിതി. കേന്ദ്രസര്‍ക്കാര്‍ മുടക്കുന്ന പണത്തിന്റെ ഗുണഫലം സാധാരണക്കാരുടെ കൈവശമെത്തുന്നില്ല.

ഇതിനുള്ള പോംവഴിയായിട്ടാണ് സര്‍ക്കാര്‍ വേണ്ട, സര്‍ക്കാറിതര സംഘടനകള്‍വഴി പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. സര്‍ക്കാറിനെപ്പോലെ സര്‍ക്കാറിതര സ്ഥാപനങ്ങളിലും നല്ലവരും ചീത്തകളുമുണ്ട്. പക്ഷേ, സര്‍ക്കാറില്‍നിന്ന് വ്യത്യസ്തമായി ഒരു നഷേ്ടാത്തരവാദിത്വവും ഇവര്‍ക്ക് സമൂഹത്തോടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാറും വേണ്ട, സര്‍ക്കാറിതരരും വേണ്ട കാശ് പാവങ്ങള്‍ക്ക് ഇനി നേരിട്ടുകൊടുക്കാം എന്ന ചിന്തവന്നത്. ഇവയല്ലാതെ മറ്റൊരു മാര്‍ഗവുംകൂടിയുണ്ട്. ഗാന്ധിജിയുടെ മാര്‍ഗം. ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന പഞ്ചായത്തീരാജ് സംവിധാനത്തെ ഭരണഘടന വിഭാവനംചെയ്യുന്നതുപ്രകാരം സ്വയംഭരണ പ്രാദേശിക സര്‍ക്കാറുകളാക്കി മാറ്റി ഈ സേവനങ്ങള്‍ അവവഴി ജനങ്ങളില്‍ എത്തിക്കുക. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ ചിന്ത കാശിന്റെ വഴിയിലൂടെയാണ്.

Monday, November 26, 2012

നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം - ശുചിത്വ പരിപാടി


1. ആമുഖം
കേരളത്തിലെ ഏറ്റവും ഗൗരവമായ ആരോഗ്യ സാമൂഹ്യപ്രശ്‌നമായി മാലിന്യപ്രതിസന്ധി മാറിയിരിക്കുന്നു. എല്ലാ നഗരങ്ങളിലും ചവറുസംസ്‌ക്കരണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളാണ്. നഗരമാലിന്യങ്ങള്‍ നഗരത്തിനുളളില്‍ത്തന്നെ സംസ്‌ക്കരിക്കുന്നതിനു വേണ്ടിയുളള പരിശ്രമങ്ങളെപ്പോലും ജനങ്ങള്‍ എതിര്‍ക്കുകയാണ്. നഗര മാലിന്യം നഗരത്തിനുളളില്‍ത്തന്നെ വെട്ടിക്കുഴിച്ചു മൂടുന്നു, അല്ലെങ്കില്‍ തീയിടുന്നു. റോഡരുകിലും വിജനപ്രദേശങ്ങളിലുമെല്ലാം മാലിന്യം കുന്നുകൂടി അതീവഗൗരവമായ അനാരോഗ്യസാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഈ സ്ഥിതിവിശേഷം എന്തുകൊണ്ട? എന്താണു പ്രതിവിധി?

ഉത്പാദനത്തിന്റെയും പുനരുല്‍പാദനത്തിന്റെയും അഭേദ്യഭാഗമാണ് മാലിന്യ വിസര്‍ജനം. എന്നാല്‍ പണ്ട് ഇതൊരു പ്രശ്‌നമായിരുന്നില്ല. നമ്മുടെ ഭൂപരിസരത്തിന് ഉള്‍ക്കൊളളാന്‍ പറ്റിയ തോതിലേ മാലിന്യം സൃഷ്ടിക്കപ്പെട്ടിരുന്നുളളൂ. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. കേരളം രൂപീകൃതമായ കാലത്തേക്കാള്‍ മൂന്നു മടങ്ങ് ജനസംഖ്യ ഇന്നുണ്ട്. സംസ്‌ക്കരിച്ച ഉല്‍പന്നങ്ങള്‍ കമ്പോളത്തില്‍ നിന്നു വാങ്ങുന്ന ജീവിതശൈലി നിലവില്‍വന്നു. എല്ലാറ്റിനുമുപരി നഗരവത്കരണം ഏറി.

കേരളത്തിലെ അഞ്ചു കോര്‍പറേഷനുകളും 60 മുന്‍സിപ്പാലിറ്റികളും നാനൂറില്‍പ്പരം ചെറുപട്ടണങ്ങളും കൂടിച്ചേര്‍ത്താല്‍ വനപ്രദേശം ഒഴിവാക്കിയ കേരളത്തിലെ ഭൂവിസ്തൃതിയുടെ 16 ശതമാനം വരും. എന്നാല്‍ ഇവിടെയാണ് കേരളത്തിലെ ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനം പേര്‍ അധിവസിക്കുന്നത്. ഈ അമ്പതു ശതമാനം പേരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ സംസ്ഥാന വരുമാനത്തിലെ 80 ശതമാനത്തോളം ഉല്‍പാദിപ്പിക്കുന്നത്. സ്വാഭാവികമായും നഗരങ്ങളിലെ മാലിന്യം ഗണ്യമായി ഉയരുന്നു. എന്നാല്‍ ഇതിന് അനുസൃതമായ മാറ്റം മാലിന്യസംസ്‌ക്കരണത്തിലുണ്ടായില്ല. അടുക്കള മാലിന്യം മാത്രമല്ല, പ്ലാസ്റ്റികും ഇരുമ്പും ബള്‍ബുമെല്ലാം പണ്ടത്തേതു പോലെ തന്നെ നമ്മുടെ പുരയിടത്തിലോ പൊതുവഴിയിലോ പൊതുസ്ഥലത്തോ വലിച്ചെറിയുന്ന രീതി തുടരുന്നു. മാറിയ സാഹചര്യത്തിന് അനുസരിച്ച് നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ കഴിയാത്തതു കൊണ്ടാണ് മാലിന്യപ്രതിസന്ധി ഇത്ര രൂക്ഷമായത്.

ഈ സാമൂഹ്യപ്രശ്‌നത്തിന് കേവലം സാങ്കേതികമായ ഉത്തരം നല്‍കാനാണ് നമ്മുടെ നഗരസഭകള്‍ ശ്രമിച്ചത്. ഇതില്‍ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും തുല്യ ഉത്തരവാദിത്തമുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തോടെ പഴയ ചവറു പറമ്പുകളില്‍ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഈ പ്ലാന്റുകളൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. സാങ്കേതിക വിദ്യയുടെ പോരായ്മ മാത്രമല്ല, നഗരസഭാ അധികൃതരുടെ ശാസ്ത്രീയ മാനേജ്‌മെന്റിന്റെ അഭാവവും ഇതിനുത്തരവാദിയാണ്. ഇതോടെ രൂക്ഷമായ മാലിന്യ പ്രതിസന്ധിയുടെ ഭാരമേറേണ്ടി വന്നത് സംസ്‌ക്കരണ കേന്ദ്രത്തിനു ചുറ്റുമുളള ഗ്രാമവാസികളാണ്. പ്രതിഷേധങ്ങളും സമരങ്ങളും ഉയര്‍ന്നുവന്നു.

2.ആലപ്പുഴ നഗരത്തിലെ മാലിന്യപ്രതിസന്ധി
130-140 ടണ്‍ മാലിന്യമാണ് ഓരോദിവസവും മുനിസിപ്പാലിറ്റിയില്‍ ഉണ്ടാകുന്നത്. ഇതില്‍ 90 ടണ്‍ ജൈവമാലിന്യമാണ്. ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ നഗരത്തിലെ സര്‍വോദയപുരത്തെ പതിനഞ്ചോളം ഏക്കര്‍ വരുന്ന സ്ഥലത്താണ് നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. പണ്ട് ഇവിടം സാമാന്യം വിജനപ്രദേശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാലിന്യകേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളെല്ലാം ജനനിബിഢമായിട്ടുണ്ട്.

തൊണ്ണൂറുകളില്‍ ആരംഭിച്ച ഒറ്റപ്പെട്ട പ്രതിഷേധങ്ങളും മറ്റും ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ശക്തിപ്രാപിച്ചു. ഇതേത്തുടര്‍ന്നാണ് നഗരസഭ ആധുനിക മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2008 അവസാനത്തോടെ ഇതിന്റെ ഉദ്ഘാടനവും നടത്തി. പക്ഷേ, പ്ലാന്റു പ്രവര്‍ത്തിച്ചില്ല. വേര്‍തിരിക്കാതെ കൊണ്ടുവരുന്ന നഗരമാലിന്യത്തെ വിന്‍ട്രോ കമ്പോസ്റ്റ് ചെയ്തശേഷം വലിയൊരു അരിപ്പ വീപ്പയിലിട്ട് വളവും മറ്റ് അജൈവ മാലിന്യങ്ങളും തമ്മില്‍ വേര്‍തിരിക്കുന്നതായിരുന്നു സാങ്കേതിക വിദ്യ. ഈ അരിപ്പ പലപ്പോഴും കേടായി പ്രവര്‍ത്തിക്കുകയേ ഇല്ല. അരിച്ചെടുത്ത വളത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കൂടുതലുണ്ടെന്നു പറഞ്ഞ് വാങ്ങാമെന്നേറ്റവര്‍ പിന്‍വാങ്ങി. മൊത്തത്തിലുളള മിസ് മാനേജുമെന്റും കൂടിയായപ്പോള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു.

നഗരസഭയുടെ ഇടപെടല്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥിതിവിശേഷത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു പ്രവര്‍ത്തന പരിപാടിയ്ക്കു രൂപം നല്‍കി. അതിലൊന്നാമത്തെ ഇനം പതിറ്റാണ്ടുകളായി കുന്നുകൂടി കിടക്കുന്ന ചപ്പുചവറുകളും പ്ലാസ്റ്റിക്, റബര്‍, മെറ്റല്‍ കഷണങ്ങളുമെല്ലാം വേര്‍തിരിച്ച് സംസ്‌ക്കരണ പ്രദേശം വെടിപ്പാക്കുകയാണ്. എങ്കിലേ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റൂ എന്നുളളതായിരുന്നു നില. ഇതിന് ദേശീയ തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് പ്രോജക്ടും തയ്യാറാക്കി.

രണ്ടാമത്തെ ഇനം നഗരത്തിലെ വീടുകളില്‍ത്തന്നെ ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌ക്കരണ കേന്ദ്രത്തിലേയ്ക്കു കൊണ്ടുപോവുക എന്നുളളതാണ്. ഇതിനുവേണ്ടിയുളള ബ്രഹത്തായ ജനകീയ കാമ്പൈന്‍ നടത്തുന്നതു സംബന്ധിച്ച് നഗരതലത്തില്‍ രണ്ടു സെമിനാറുകള്‍ നടന്നു. മാലിന്യസംസ്‌ക്കരണ പ്ലാന്റ് വൃത്തിയാക്കല്‍ ഒരു ഘട്ടം കഴിഞ്ഞിട്ട് ആയിരുന്നു ഈ കാമ്പയിന്‍ ഉദ്ദേശിച്ചിരുന്നത്. പ്ലാന്റ് ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് ജനകീയ കാമ്പയിനെ സഹായിക്കുമെന്നു കരുതി.

മൂന്നാമതായി, നഗരത്തിലെ വീടുകളില്‍ത്തന്നെ അജൈവ - ജൈവമാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിന് ആവശ്യമായ ഒരു പ്രവത്തനപരിപാടി തയ്യാറാക്കി. വീടുകളിലേയ്ക്കു നല്‍കുന്നതിനാവശ്യമായ ചുവപ്പും പച്ചയും ബക്കറ്റുകള്‍ നഗരസഭ വാങ്ങിവെച്ചു.
എന്തുകൊണ്ട് ഫലപ്രദമായില്ല?

പക്ഷേ, ഈ പരിപാടി പൊളിഞ്ഞു. അതിന് രണ്ടുകാരണങ്ങളുണ്ട്. ഒന്നാമത്തേത് സര്‍വോദയപുരത്തു നിന്ന് മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിലുളള പരാജയം. ഇതു തൊഴിലുറപ്പു പദ്ധതി വഴി ചെയ്യുന്നതിന് അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു. പഞ്ചായത്തു, നഗരവികസന മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍ നടത്തി. മുഖ്യമന്ത്രിയ്ക്ക് പലതവണ മെമ്മോറാണ്ടം നല്‍കി. പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചു.

പരസ്യവിവാദമാക്കിയശേഷവും മഴക്കാലം വരെ കാത്തിരിക്കേണ്ടിവന്നു, ഉത്തരവു കിട്ടാന്‍. ഇനി അടുത്ത വേനലിനേ ഈ പരിപാടി നടപ്പാക്കാനാവൂ. ഈ പശ്ചാത്തലത്തിലാണ് മഴക്കാലം ആരംഭിച്ചപ്പോള്‍ സര്‍വോദയ തെരുവുകാര്‍ ശക്തമായ സമരം നടത്തിയത്. അതില്‍ യാതൊരു തെറ്റും കാണാനാവില്ല. ഒരു വര്‍ഷം മുമ്പു നല്‍കിയ ഉറപ്പു പാലിക്കാത്ത അധികൃതരെ അവരെങ്ങനെ വിശ്വസിക്കും?

സര്‍വോദയപുരത്തേയ്ക്കുളള മാലിന്യനീക്കം പൂര്‍ണമായി നിലച്ചു. നഗരം മാലിന്യക്കൂമ്പാരമായി. കഴിയുന്നത്ര ജൈവമാലിന്യം വീട്ടില്‍ത്തന്നെ സംസ്‌ക്കരിക്കുന്നതിനുളള പരിപാടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. പക്ഷേ, ബയോഗ്യാസ് പ്ലാന്റോ പൈപ്പു കമ്പോസ്റ്റോ വെര്‍മി കമ്പോസ്റ്റോ ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. ശുചിത്വമിഷന്റെ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത് അടുത്ത കാലത്താണ്. മുന്‍സിപ്പാലിറ്റി പദ്ധതി ഇപ്പോഴും പാസാകാത്തതു കൊണ്ട് അവരുടെ പണവും കിട്ടുന്നില്ല.

അനര്‍ട്ടു മാത്രമാണ് ആശ്രയമുണ്ടായിരുന്നത്. അവരുടെ കൈവശമാണെങ്കിലോ, സംസ്ഥാനത്തിനാകെ രണ്ടായിരമോ മൂവായിരമോ ബയോഗ്യാസ് പ്ലാന്റുകളാണ് നല്‍കാനുളളത്. അവയ്ക്കു തന്നെ ഉപഭോക്താവ് സബ്‌സിഡി അടക്കമുളള പണം ആദ്യം നല്‍കണം. സബ്‌സിഡി പിന്നീടു കിട്ടും. എമര്‍ജിംഗ് കേരള വഴി സ്ഥാപിക്കാന്‍ പോകുന്ന അഞ്ചു ഭീമന്‍ പ്ലാന്റുകളുണ്ടത്രേ. അത് വരുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും അതുവരെ മുട്ടുശാന്തി പരിപാടികള്‍ മതിയെന്നുമാണ് സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ഉപദേശം.

ആലപ്പുഴയിലെ മറ്റൊരു അനുഭവം കൂടി എടുത്തു പറയേണ്ടതുണ്ട്. വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ച് സംസ്‌ക്കരണ പ്ലാന്റില്‍ എത്തിക്കുന്നതിന് ഓരോ വാര്‍ഡിലും കുടുംബശ്രീയില്‍ നിന്നുളള ഏതാനും സ്ത്രീകളെ ക്ലീന്‍ കേരള പ്രോജക്ടിന്റെ ഭാഗമായി നിയോഗിച്ചിരുന്നു. ഇപ്രകാരം വീടുകളില്‍ നിന്നു മാലിന്യം ശേഖരിക്കാന്‍ തുടങ്ങിയതോടെ മാലിന്യത്തിന്റെ അളവു കുത്തനെ ഉയര്‍ന്നു.

മുറ്റമടിക്കുമ്പോഴുളള ചപ്പുചവറുകള്‍ ഉള്‍പ്പെടെ മുന്‍സിപ്പാലിറ്റിയെ ഏല്‍പ്പിക്കുന്ന സ്ഥിതി വന്നു. സര്‍വോദയപുരത്തെ പ്രതിസന്ധി മൂര്‍ച്ഛിച്ചപ്പോള്‍ ഈ സംഭരണപരിപാടിതന്നെ വേണ്ടെന്നു വെയ്‌ക്കേണ്ടി വന്നു. വിധിവൈപീത്യമെന്നു പറയട്ടെ, മുന്‍സിപ്പാലിറ്റിയുടെ ഇടപെടല്‍ നഗരത്തിലെ കുടുംബങ്ങളെ സ്വയം ചെയ്തുകൊണ്ടിരുന്ന സംസ്‌ക്കരണം പോലും വേണ്ടെന്നു വെയ്ക്കുന്നതിലേയ്ക്കാണ് എത്തിച്ചത്.

ഏതായാലും നഗരസഭയും ജില്ലാ ഭരണകൂടവും സര്‍വോദയപുരത്തെ സമരക്കാരുമായി നടത്തിയ നിരന്തരമായ ചര്‍ച്ചകളിലൂടെ സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞു. രണ്ടോ മൂന്നോ ലോഡ് ജൈവ മാലിന്യമേ കമ്പോസ്റ്റു ചെയ്യുന്നതിനു വേണ്ടി കേന്ദ്രത്തിലേയ്ക്കു കൊണ്ടുവരാന്‍ ഇപ്പോള്‍ അനുവദിക്കുന്നുളളൂ. ബാക്കി തല്‍ക്കാലം മുന്‍സിപ്പാലിറ്റിയുടെ ഉളളിലെവിടെയെങ്കിലും വെട്ടിമൂടുകയാണ്. വിദ്യാസമ്പന്നരായ ആളുകള്‍ കാറുകളിലും ഇരുചക്രവാഹനങ്ങളിലും മാലിന്യം ആളൊഴിഞ്ഞ സ്ഥലങ്ങളിലൊക്കെ കൊണ്ടുവന്നു തളളുകയാണ്. ടൂറിസം കേന്ദ്രങ്ങളും അവിടേയുളള വഴികളും പലേടത്തും അറപ്പുളവാക്കുന്നവയാണ്. ശുചിത്വമില്ലായ്മയില്‍ നിന്നുളള രോഗാതുരത ആലപ്പുഴയില്‍ കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നു.

ശുചിത്വപരിപാടി - മുന്‍ഗണനാക്രമം

ചുരുക്കത്തില്‍ ആലപ്പുഴയില്‍ എല്ലാം തലതിരിഞ്ഞാണു നടന്നത്. മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ ഏറ്റവും അഭികാമ്യമായിട്ടുളളത്, മാലിന്യം കുറയ്ക്കുക എന്നുളളതാണ്. അതുകഴിഞ്ഞാല്‍ മാലിന്യത്തില്‍ നിന്ന് വീണ്ടും ഉപയോഗപ്പെടുത്താവുന്നവയോ അല്ലെങ്കില്‍ റീ സൈക്കിള്‍ ചെയ്യാന്‍ പറ്റുന്നവയോ വേര്‍തിരിച്ചെടുക്കുകയാണ് വേണ്ടത്. അടുത്തപടിയാണ് ഊര്‍ജ ഉല്‍പാദനത്തിന്, അല്ലെങ്കില്‍ വള ഉല്‍പാദനത്തിനു വേണ്ടി മാലിന്യത്തെ ഉപയോഗപ്പെടുത്തുക. അതും കഴിഞ്ഞ് അറ്റ നടപടിയാണ് മാലിന്യത്തെ ശാസ്ത്രീയമായി കുഴിച്ചുമൂടുകയോ തീയെരിച്ചു കളയുകയോ ചെയ്യുന്നത്. താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍ മാലിന്യവിമുക്ത പദ്ധതിയുടെ ഈ അടിസ്ഥാനതത്ത്വങ്ങള്‍ സംക്ഷേപച്ചിരിക്കുന്നു.

ചിത്രം ഒന്ന്.

മേല്‍പറഞ്ഞ സ്ഥിതിവിശേഷം ആലപ്പുഴ നഗരത്തിന്റെ മാത്രം പ്രത്യേകതയല്ല. ഏതാണ്ട് എല്ലാ നഗരങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. പ്രതിസന്ധി മൂര്‍ച്ഛിക്കുന്തോറും കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായ പദ്ധതികളിലേയ്ക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഈ പശ്ചാത്തലത്തിലാണ് ജനപങ്കാളിത്തത്തോടെ വികേന്ദ്രീകൃതമായ മാലിന്യസംസ്‌ക്കരണ പരിപാടിയ്ക്ക് ആലപ്പുഴ രൂപം നല്‍കുന്നത്. നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം എന്ന ഈ പദ്ധതി ഏതാനും വാര്‍ഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണ്.

3. പ്രൊജക്ടു ലക്ഷ്യങ്ങള്‍, സാങ്കേതികവിദ്യ

12 വാര്‍ഡുകളാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. 12,000 കുടുംബങ്ങള്‍ ഇവിടെയുണ്ട്. മെയ് മാസത്തിനകം ഈ വാര്‍ഡുകള്‍ സമ്പൂര്‍ണശുചിത്വം അല്ലെങ്കില്‍ നിര്‍മ്മല വാര്‍ഡുകളായി മാറ്റുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ പരീക്ഷണത്തിന്റെ അനുഭവങ്ങള്‍ കണക്കിലെടുത്ത് നഗരസഭ മുന്‍സിപ്പല്‍ തലത്തിലേയ്ക്ക് മൊത്തത്തില്‍ പരിപാടി ആവിഷ്‌കരിക്കുമ്പോള്‍ ഈ പ്രോജക്ടും അതിന്റെ ഭാഗമായി മാറുന്നതാണ്.

നാലുഘട്ടങ്ങള്‍


നിര്‍മ്മലഭവനം, നിര്‍മ്മല നഗരം പരിപാടിയ്ക്ക് നാലുഘട്ടങ്ങളുണ്ട്. ആദ്യത്തേത് വീടുകളില്‍ത്തന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കലാണ്. എല്ലാ വികസിതരാജ്യങ്ങളിലും നടപ്പാക്കിവരുന്ന ഈ സമ്പ്രദായം വിദ്യാസമ്പന്നരായ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്തതില്‍ ഒരു കാരണവുമില്ല. കര്‍ണാടക ഹൈക്കോടതി സമീപകാലത്തുണ്ടായ വിധിയില്‍ സ്രോതസില്‍ നിന്ന് മാലിന്യം വേര്‍തിരിക്കല്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.

രണ്ടാമത്തേത് ജൈവ മാലിന്യങ്ങള്‍ വീട്ടില്‍ത്തന്നെ സംസ്‌ക്കരിക്കലാണ്. ഇതിനായി ആലപ്പുഴ പരീക്ഷണത്തില്‍ ഊന്നുന്നത് ബയോഗ്യാസ് പ്ലാന്റുകളിലാണ്. ഇതിനു പുറമെ, പൈപ്പ് കമ്പോസ്റ്റ്, ചട്ടി കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ് എന്നിവയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. നാട്ടിന്‍പുറത്ത് പരമ്പരാഗതമായ കുഴിക്കമ്പോസ്റ്റും ഉപയോഗപ്പെടുത്തും.

ചിത്രം രണ്ട്.



മൂന്നാമത്തെ ഘട്ടം അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് റിക്കവറി സെന്ററില്‍ എത്തിക്കലാണ്. തരംതിരിക്കല്‍ ഇവിടെവെച്ചേ പൂര്‍ത്തിയാകൂ. അതിന്റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, കടലാസ്, കുപ്പി തുടങ്ങിയവ റീസൈക്കളിന് അയയ്ക്കുന്നു. തടിയും മറ്റും വിറകായി ഉപയോഗിക്കുന്നു.
നാലാമത്തെ ഘട്ടം തികച്ചും ഉപയോഗശൂന്യമോ മാരകമോ ആയ പാഴ്‌വസ്തുക്കളെ നശിപ്പിക്കുകയോ ശാസ്ത്രീയമായി കുഴിച്ചുമൂടുകയോ ചെയ്യലാണ്.

സാങ്കേതികവിദ്യ
അടുത്തതായി ഈ പ്രോജക്ടില്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യകളെ ലഘുവായി ഒന്നു പരിചയപ്പെടുത്താം. മുഖ്യമായും രണ്ടുതരത്തിലുളള ബയോഗ്യാസ് പ്ലാന്റുകളാണ് മുഖ്യമായും ഉപയോഗപ്പെടുത്തുന്നത്. ഒന്നാമത്തേത്, അനെര്‍ട്ടിന്റെ ഫിക്‌സഡ് പ്ലാന്റുകളാണ്. ഒരു എം ക്യൂബ് മോഡലിന് (10 എം പൈപ്പ്, ഒരു സ്റ്റൗ, മറ്റു ഫിറ്റിംഗുകള്‍) 17500 രൂപയാണ്. 8000 രൂപ സബ്‌സിഡി ലഭിക്കും. ശുചിത്വമിഷന്റെ അക്രഡിറ്റഡ് ഏജന്‍സിയായ ഐആര്‍ടിസി വികസിപ്പിച്ചെടുത്ത പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റും വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു എം ക്യൂബിന്റെ പോര്‍ട്ടബിള്‍ മോഡലിന് (10 എം പൈപ്പ്, സ്റ്റൗ, മറ്റു ഫിറ്റിംഗുകള്‍) 13500 രൂപയാണ് വില. 6750 രൂപ ശുചിത്വമിഷനില്‍ നിന്ന് സബ്‌സിഡി കിട്ടും. ഗുണഭോക്താവ് സബ്‌സിഡി കഴിഞ്ഞുളള പണം അഡ്വാന്‍സായി തരണം.

മുന്‍സിപ്പാലിറ്റിയുടെ പദ്ധതിയായി അംഗീകരിക്കപ്പെട്ടു കഴിയുമ്പോള്‍ ഒക്‌ടോബര്‍ 1ന് ശേഷം സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റുകള്‍ക്കുളള മുന്‍സിപ്പാലിറ്റിയുടെ സബ്‌സിഡി ഗുണഭോക്താവിന് നേരിട്ടു വാങ്ങാവുന്നതാണ്. മുന്‍സിപ്പാലിറ്റി അംഗീകരിച്ചിട്ടുളള പ്രോജക്ടില്‍ ഇതിന് വ്യവസ്ഥയുണ്ട്. ചാണകത്തിന്റെ വില ഗുണഭോക്താവ് പ്രത്യേകം നല്‍കണം.

അങ്കണവാടികള്‍, സ്‌ക്കൂളുകള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളാവും സ്ഥാപിക്കുക. അനെര്‍ട്ടിന്റെയും ഐആര്‍ടിസിയുടെയും സാങ്കേതികവിദ്യകള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നു. ഗുണഭോക്തൃവിഹിതം എംഎല്‍എ ഫണ്ടില്‍ നിന്നാണ് ലഭ്യമാക്കുന്നത്.
ചിത്രം മൂന്ന്



സര്‍വീസ് ടീം

വിവിധ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ സ്ഥാപിച്ചത് പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു വാര്‍ഡില്‍ നിന്നും കുറഞ്ഞത് 4 പേര്‍ എന്ന ക്രമത്തില്‍ ഒരു സര്‍വ്വീസ് ടീമിനെ തയ്യാറാക്കല്‍. തൊഴില്‍രഹിതരായ സേവന സന്നദ്ധതയുളള സ്ത്രീകളായിരിക്കണം സര്‍വ്വീസ് ടീം അംഗങ്ങള്‍. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സഹായിക്കുക, സര്‍വ്വീസ് ചെയ്യാന്‍ സഹായിക്കുക.

അടുത്ത വീടുകളിലെ അടുക്കള മാലിന്യം തൊട്ടടുത്ത വീട്ടിലെ പ്ലാന്റില്‍ ഇടുന്നതിന് സഹായിക്കുക.

പ്ലാസ്റ്റിക് പോലുളള അഴുകാത്ത മാലിന്യങ്ങള്‍ തരംതിരിച്ച് വീടുകളില്‍ സൂക്ഷിച്ചിരിക്കുന്നത് ശേഖരിച്ച് റിസോഴ്‌സ് റിക്കവറി സെന്ററില്‍ എത്തിക്കുകയും സര്‍വീസ് ടീമിന്റെ ജോലിയായിരിക്കും. ആവശ്യം വേണ്ട ബോധവല്‍ക്കരണം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വീട്ടുകാര്‍ക്ക് നല്‍കുക തുടങ്ങി വീടുകളുമായി നിരന്തര ബന്ധമുളള ഒരു ടീമായി ഇവര്‍ പ്രവര്‍ത്തിക്കും. ഇവര്‍ ശുചിത്വവേലക്കാരായിരിക്കില്ല, മറിച്ച് ബയോഗ്യാസ് ടെക്‌നീഷ്യന്‍സ് ആയിട്ടാണ് അറിയപ്പെടുന്നത്.

ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നുളള സ്ലറി നല്ല വളമാണ്. ഇതുപോലെതന്നെ കമ്പോസ്റ്റില്‍ നിന്നും വളം ലഭ്യമാകുന്നു. ഇവ ഉപയോഗിച്ച് അടുക്കളത്തോട്ടകൃഷി പ്രോത്സാഹിപ്പിക്കാന്‍ പരിപാടിയുണ്ട്.
അവസാനമായി വീട്ടിലെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കപ്പെട്ടു കഴിഞ്ഞാല്‍ തെരുവിലെയും പൊതുസ്ഥലത്തെയും മാലിന്യവിമുക്തമാക്കലായിരിക്കും ലക്ഷ്യം. ഇതുകൂടി കൈവരിക്കുമ്പോഴേ, സമ്പൂര്‍ണ ശുചിത്വവാര്‍ഡ് അല്ലെങ്കില്‍ നിര്‍മ്മല വാര്‍ഡായി മാറൂ.

4. പ്രവര്‍ത്തനങ്ങള്‍
സംഘാടനം
പദ്ധതി ഏറ്റെടുക്കാന്‍ നഗരസഭയിലെ 12 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ മുന്നോട്ടു വരികയുണ്ടായി. വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണമായും മുന്‍സിപ്പല്‍ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, വായനശാലകള്‍, ക്ലബുകള്‍, സന്നദ്ധസംഘടനകള്‍, സാമുദായിക സംഘടനകള്‍, തുടങ്ങിയവരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും ഓരോ കോര്‍ടീമിന് രൂപം നല്‍കിയിട്ടുണ്ട്.

 ഇവരെ സഹായിക്കുകയാണ് IRTCയുടെ രണ്ടുഡസനോളം എക്‌സ്‌ടെന്‍ഷന്‍ പ്രവര്‍ത്തകരുടെ ചുമതല. ഇവര്‍ എംഎല്‍എ ഓഫീസില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. മൊത്തം പ്രോജക്ടിനു വേണ്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷനും വാര്‍ഡ് കൗണ്‍സിലര്‍മാരും വൈസ് ചെയര്‍മാനും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണനും ഐആര്‍ടിസി, അനെര്‍ട്ട്, എന്നിവരുടെ പ്രതിനിധികളും തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുമടങ്ങുന്ന ഒരു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റ രൂപീകരിക്കുന്നതാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന സമീപനമാണ് കൈക്കൊളളുക.

വെബ്‌സൈറ്റ്
ശുചിത്വ പ്രോജക്ട് പരിപാടി വിജയിക്കണമെങ്കില്‍ വിപുലമായ പ്രചാരണം അത്യന്താപേക്ഷിതമാണ്. ബോധവത്കരണത്തിനുവേണ്ടി ഗൃഹസന്ദര്‍ശനങ്ങളും ചര്‍ച്ചകളും നോട്ടീസ് - പോസ്റ്റര്‍ തുടങ്ങിയവയെല്ലാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വാര്‍ഡു കൗണ്‍സിലര്‍ എന്നിവര്‍ ഒപ്പിട്ട നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പദ്ധതിയുടെ സ്റ്റിക്കര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന വീടുകളില്‍ സ്ഥാപിക്കുന്നത് വളരെയേറെ കൗതുകവും മത്സരബുദ്ധിയും ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. സെന്റ് ജോസഫ് കോളജ്, എസ്ഡി കോളജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സഹായം ബോധവത്കരണത്തിനു വേണ്ടി ലഭിച്ചു. റസിഡന്‍സ് അസോസിയേഷനുകളുടെ ജനറല്‍ ബോഡികളും അയല്‍ക്കൂട്ട ചര്‍ച്ചകളും നിര്‍ണായകപങ്ക് ബോധവത്കരണത്തില്‍ വഹിക്കുന്നുണ്ട്.

പ്രചാരണം പോലെ പ്രധാനമാണ് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവരും അറിയുക എന്നത്. ഇതിനായി ഡിസംബര്‍ മാസത്തില്‍ പരിപാടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിക്കുന്നു. ബയോഗ്യാസ് പ്ലാന്റു വെയ്ക്കുന്ന മുഴുവന്‍ വീടുകളുടെയും മേല്‍വിലാസങ്ങളും ഗുണഭോക്താവിന്റെയും പ്ലാന്റിന്റെയും ഫോട്ടോയും ഈ വെബ്‌സൈറ്റില്‍ അപ്‌ലോഡു ചെയ്യുന്നതാണ്. ശുചിത്വപരിപാടിയുടെ ബന്ധപ്പെട്ട രേഖകള്‍ വൃത്താന്തങ്ങള്‍ എല്ലാം ഇവിടെ ലഭ്യമാകുന്നു. ജനങ്ങള്‍ അവരുടെ പ്രതികരണങ്ങള്‍ രേഖപ്പെടുന്നതിനും സംവാദത്തിനും സൗകര്യമുണ്ട്. www.heritagealappuzha.com എന്നായിരിക്കും വെബ് വിലാസം.

നടന്ന പ്രവര്‍ത്തനം
സെപ്തംബര്‍ മാസത്തില്‍ പ്രോജക്ടിനുളള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
  • വിവിധ മാലിന്യ സംസ്‌ക്കരണ പരിപാടികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി റസിഡന്‍സ് അസോസിയേഷന്‍, അയല്‍ക്കൂട്ട ഭാരവാഹികള്‍, വായനശാലാ ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രിതിനിധികള്‍, ക്ലബ്ബ് ഭാരവാഹികള്‍ എന്നിവരുടെ യോഗം വാര്‍ഡുകളില്‍ എം. എല്‍. എ യുടെ നേതൃത്വത്തില്‍ നടത്തി .
  • വാര്‍ഡിലെ എല്ലാ വീടുകളിലും മാലിന്യ സംസ്‌ക്കരണത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന നോട്ടീസുകളെത്തിച്ചു. ഈ നോട്ടീസിലെ പ്രധാനപ്പെട്ട സന്ദേശം ഇതായിരുന്നു, 'നിങ്ങളുടെ കക്കൂസ് മാലിന്യം വീട്ടിനുളളില്‍ത്തന്നെ സംസ്‌ക്കരിക്കുകയാണ്. പിന്നെന്തുകൊണ്ട് അടുക്കള മാലിന്യം വീട്ടില്‍ത്തന്നെ സംസ്‌ക്കരിക്കാന്‍ കഴിയുന്നില്ല?'
  • കുടുംബത്തിന് അനുയോജ്യമായ മാലിന്യ സംസ്‌ക്കരണ സംവിധാനം അറിയുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സര്‍വ്വെ ഫോറം ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചു. അയല്‍ക്കൂട്ടത്തിന്റെയും റസിഡന്‍സ് അസോസിയേഷനുകളുടെയും ഭാരവാഹികളുടെ ടീമാണ് ഇതു ചെയ്യുന്നത്. നിലവിലെ സര്‍വ്വെ പ്രകാരം 3500 കുടുംബങ്ങള്‍ ബയോഗ്യാസ് പ്ലാന്റുകളും, 500 കുടുംബങ്ങള്‍ മണ്ണിര കമ്പോസ്റ്റും, 1500 കുടുംബങ്ങള്‍ പോട്ട് കമ്പോസ്റ്റും, 6500 കുടുംബങ്ങള്‍ പൈപ്പ് കമ്പോസ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്.
  • അനെര്‍ട്ടിനും ശുചിത്വമിഷനും പ്രോജക്ടുകള്‍ സമര്‍പ്പിച്ചു. സര്‍വ്വെ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാനുളള ഏജന്‍സിയായി IRTCയെ ചുമതലപ്പെടുത്തി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ IRTC ശുചിത്വമിഷന്റെ അക്രഡിറ്റഡ് ഏജന്‍സിയാണ്.
  • അനെര്‍ട്ടും ഈ പദ്ധതിയ്ക്കായി 500 ബയോഗ്യാസ് പ്ലാന്റുകളുടെ ഒരു പ്രത്യേക പ്രോജക്ട് അനുവദിച്ചിട്ടുണ്ട്.
  • വിവിധ മാലിന്യ സംസ്‌ക്കരണ പരിപാടികളുടെ പ്രദര്‍ശനം എല്ലാ വാര്‍ഡുകളിലും നടത്തി.
  • നൂറാമത്തെ ബയോഗ്യാസ് പ്ലാന്റ് കിടങ്ങാമ്പറമ്പില്‍ നവംബര്‍ 11ന് ഒരു ചടങ്ങോടു കൂടി ആഘോഷിക്കപ്പെട്ടു. ഇപ്പോള്‍ 200 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പൈപ്പ് കമ്പോസ്റ്റും മറ്റും ഡിസംബര്‍ മാസത്തിലേ വിതരണം ചെയ്തുതുടങ്ങൂ. ബയോഗ്യാസ് പ്ലാന്റുകളും മറ്റും സ്ഥാപിക്കുന്നതിന്റെ ചിട്ടകള്‍ക്കു രൂപം നല്‍കിക്കഴിഞ്ഞു. മെയ് മാസം അവസാനിക്കുമ്പോഴേയ്ക്കും ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഈ പ്രോജക്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് എല്ലാ വാര്‍ഡിലും 4 - 6 സ്ത്രീകളടങ്ങുന്ന സര്‍വീസ് ടീമിനെ തയ്യാറാക്കുക എന്നതാണ്. ഇതിനായി 25 സ്ത്രീകള്‍ക്ക് പാലക്കാട്ട് IRTCയില്‍ രണ്ടുദിവസത്തെ പരിശീലനം നല്‍കി. ശുചിത്വപരിപാടിയുടെ ശാസ്ത്രം സര്‍വീസ് ടീം അംഗങ്ങള്‍ പൂര്‍ണമായി പഠിച്ചിരിക്കണം. അതുകൊണ്ട് ഇവര്‍ക്കിനിയും തുടര്‍പരിശീലനം നല്‍കുന്നതാണ്.
  • അടുപ്പുകള്‍ സ്ഥാപിക്കുന്നത് അനെര്‍ട്ട് നിയോഗിക്കുന്ന ഏജന്‍സിയോ IRTCയിലെ എക്‌സ്‌ടെന്‍ഷന്‍ പ്രവര്‍ത്തകരോ ആണ്. എന്നാല്‍ ഇവരോടൊപ്പം സര്‍വീസ് ടീം അംഗങ്ങള്‍ സഹായികളായി പ്രവര്‍ത്തിക്കും. ഇത് അവരുടെ സാങ്കേതികകഴിവ് വികസിപ്പിക്കാന്‍ സഹായിക്കും. അതോടൊപ്പം വീടുകളുമായി ബന്ധം സ്ഥാപിക്കുന്നതിനും കഴിയും.

നടക്കേണ്ട പ്രവര്‍ത്തനം

ഇനി നടക്കേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ സംഭരിക്കുന്നതിനും അവ സംസ്‌ക്കരിക്കുന്നതിനോ അല്ലെങ്കില്‍ സംസ്‌ക്കരണ ശാലകള്‍ക്കു കൈമാറുന്നതിനോ ഒരു ശാസ്ത്രീയമായ സംവിധാനം രൂപപ്പെടുത്തലാണ്. ആദ്യത്തെ പ്രശ്‌നം അജൈവ മാലിന്യങ്ങള്‍ എത്ര ഇനങ്ങളായി തരം തിരിക്കണമെന്നുളളതാണ്. ഇപ്പോഴത്തെ ധാരണപ്രകാരം താഴെ പറയുന്ന വിഭജനമാണ് ഉദ്ദേശിക്കുന്നത്. 1. പ്ലാസ്റ്റിക്. 2. ഗ്ലാസ്, 3. മെറ്റല്‍, 4. ടയറും റബ്ബറും മറ്റും, 5. തടി, 6. കടലാസ്, 7. ഇ വേസ്റ്റും ബള്‍ബുകളും ട്യൂബുകളും മറ്റും, 8. മറ്റുളളവ. ഇവ വീടുകളില്‍ നിന്നുതന്നെ വേര്‍തിരിച്ചു നല്‍കണം. എല്ലാ ദിവസവും എല്ലാം എടുക്കുകയില്ല. ഓരോന്നിനും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ദിവസങ്ങളുണ്ട്. സര്‍വീസ് ടീം അംഗങ്ങളായിരിക്കും ഇവ ശേഖരിച്ച് റിക്കവറി സെന്ററിലെത്തിക്കുക.

പ്ലാസ്റ്റിക് പെല്ലറ്റൈസ് ചെയ്യുന്നതിന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ 65 ലക്ഷം രൂപയുടെ ഒരു പ്ലാന്റു സ്ഥാപിക്കുന്നുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ കമ്പനിയായ മാരി കമ്പനിയായിരിക്കും ഈ പ്ലാന്റു പ്രവര്‍ത്തിപ്പിക്കുക. പ്ലാന്റ് സ്ഥാപിക്കുന്നതിന് 6 മാസം സമയമെടുക്കും. ഈ ആറുമാസക്കാലം വീടുകളില്‍ നിന്ന് ശുചിയായി നല്‍കുന്ന പ്ലാസ്റ്റിക് വേസ്റ്റു മുഴുവന്‍ കമ്പനി ബെയില്‍ ചെയ്ത് ഗോഡൗണില്‍ സൂക്ഷിക്കും. ഇതിനാവശ്യമായ ബെയിലിംഗ് പ്രസ് വാങ്ങിക്കഴിഞ്ഞു. മെറ്റല്‍, കുപ്പി, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ആക്രിക്കച്ചവടക്കാരുമായി കരാറിലെത്തും. തടി വിറകാക്കി മാറ്റും.

ഇതോടൊപ്പം ബാറ്ററി, ട്യൂബ് ലൈറ്റുകള്‍, സി.എഫ്. ലാമ്പുകള്‍ പോലുളള അപകടകരമായ മാലിന്യം പ്രത്യേകമായി ശേഖരിച്ച് ശാസ്ത്രീയമായി തയ്യാറാക്കുന്ന 'ലാന്‍ഡ്ഫില്‍' സംവിധാനത്തില്‍ നിക്ഷേപിക്കാന്‍ വരുന്ന ഒരു വര്‍ഷത്തിനുളളില്‍ സൗകര്യമൊരുക്കും.

5. കിടങ്ങാമ്പറമ്പ് അനുഭവം
ഒക്‌ടോബര്‍ മാസത്തില്‍ കിടങ്ങാമ്പറമ്പ് വാര്‍ഡില്‍ പ്രോജക്ടു നടപ്പാക്കിത്തുടങ്ങി. അവിടത്തെ അനുഭവം കൂടി കണക്കിലെടുത്ത് മറ്റു വാര്‍ഡുകളിലേയ്ക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രോജക്ട് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഇന്നേവരെ ഒരു നഗരസഭയിലും ഇതുപോലൊരു വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ സമ്പ്രദായം ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ബയോഗ്യാസ് പ്ലാന്റുകളും മറ്റും ആവശ്യത്തിനിപ്പോഴും ലഭ്യമല്ല. ഡിസംബര്‍ മാസം മധ്യത്തോടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. IRTCയുടെ മോള്‍ഡഡ് ബയോഗ്യാസ് പ്ലാന്റുകള്‍ ആലപ്പുഴ നഗരത്തില്‍ത്തന്നെ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ IRTC കൈക്കൊള്ളുന്നുണ്ട്.

ബയോഗ്യാസ് പ്ലാന്റ് ക്ലസ്റ്ററുകള്‍

കിടങ്ങാമ്പറമ്പ് പരീക്ഷണത്തിലെ ഏറ്റവും വലിയ പാഠം മാലിന്യ സംസ്‌ക്കരണത്തിന് എല്ലാവീട്ടിലും ബയോഗ്യാസ് പ്ലാന്റോ അതുപോലുളള ഉപകരണങ്ങളോ വെയ്‌ക്കേണ്ടതില്ല എന്നതാണ്. ഗ്യാസിന്റെ ദൗര്‍ലഭ്യവും ഉയര്‍ന്ന വിലയും മൂലം ബയോഗ്യാസ് പ്ലാന്റുകള്‍ വെയ്ക്കുന്നതിന് പലരും തല്‍പരരാണ്. പക്ഷേ, ശരാശരി കുടുംബത്തിലെ മാലിന്യങ്ങള്‍ കൊണ്ട് ഒന്നര - രണ്ടുമണിക്കൂര്‍ നേരത്തെ ഇന്ധനമേ ലഭിക്കൂ. അടുത്തുളള മൂന്നോ നാലോ വീടുകളിലെ മാലിന്യം കൂടി ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ഗ്യാസ് സിലിണ്ടര്‍ തന്നെ വാങ്ങുന്നത് ഒഴിവാക്കാനാവും. ഇതിന് പലരും സ്വമേധയാ മുന്‍കൈയെടുത്തു തുടങ്ങിയിട്ടുണ്ട്. ഇതു ചിട്ടയായി വ്യാപിപ്പിച്ച് മാലിന്യസംസ്‌ക്കരണത്തിലെ ചെറു ക്ലസ്റ്ററുകള്‍ രൂപീകരിക്കുക പ്രോജക്ടിന്റെ മുഖ്യപ്രവര്‍ത്തനങ്ങളിലൊന്നായി മാറി. ഇങ്ങനെ സമീപവീടുകളിലെ വേസ്റ്റ് ബയോഗ്യാസ് പ്ലാന്റ് ഉളള വീട്ടില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നതിനുളള ചുമതല സര്‍വീസ് ടീം തന്നെ ഏറ്റെടുക്കും. ഇപ്രകാരം ക്ലസ്റ്റര്‍ അംഗങ്ങളായി മാറുന്ന കുടുംബങ്ങള്‍ക്കായിരിക്കണം മുന്‍സിപ്പാലിറ്റി വേസ്റ്റു ശേഖരിക്കുന്നതിനുളള ബക്കറ്റുകള്‍ നല്‍കേണ്ടത്.
കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍

കിടങ്ങാമ്പറമ്പിലെ പരീക്ഷണത്തിന്റെ മറ്റൊരു പാഠം കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളുടെ പ്രാധാന്യമാണ്. അങ്കണവാടികളിലും സ്‌ക്കൂളുകളിലും കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍, പല കാരണങ്ങള്‍ കൊണ്ടും സ്വയം
മാലിന്യസംസ്‌ക്കരണത്തിനു തയ്യാറല്ലാത്തവരുടെ ജൈവമാലിന്യം സര്‍വീസ് ടീമിന്റെ സഹായത്തോടെ കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളില്‍ സംസ്‌ക്കരിക്കാന്‍ കഴിയും. ഭജനമഠം കോളനിയില്‍ രണ്ട് കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടുത്തെ ഗ്യാസ് തൊട്ടടുത്തുളള രണ്ടുവീടുകള്‍ക്കു നല്‍കുകയേ നിര്‍വാഹമുളളൂ. അല്ലെങ്കില്‍ എല്ലാവര്‍ക്കും പൊതുവായി ചൂടുവെളളം നല്‍കുന്നതിനുളള സംവിധാനം ഇതുപയോഗിച്ച് ഒരുക്കാന്‍ കഴിയുമോ എന്നതുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

സര്‍വീസ് ഫീസ്

കിടങ്ങാമ്പറമ്പ് പരീക്ഷണത്തിന്റെ മറ്റൊരു പാഠം സര്‍വീസ് ടീമിന്റെ പ്രാധാന്യമാണ്. ഇത്തരമൊരു ടീമിന്റെ അഭാവത്തില്‍ സ്ഥാപിക്കപ്പെട്ട ബയോഗ്യാസ് പ്ലാന്റുകളും മറ്റും കേടുപാടുകള്‍ സംഭവിച്ച് ഉപയോഗശൂന്യമായിത്തീരാം. ഈ സര്‍വീസ് ടീം അംഗങ്ങള്‍ക്ക് ഒരു ദിവസം കൂലിയായി 250 രൂപയെങ്കിലും ലഭിക്കണം. ഇതിന് ഓരോ കുടുംബത്തില്‍ നിന്നും ഫീസായി ഒരു വിഹിതം നല്‍കണം. അതിന്റെ ചിട്ടകള്‍ കിടങ്ങാമ്പറമ്പില്‍ ചര്‍ച്ച ചെയ്തുവരികയാണ്. ഫീസിനു പുറമേ സര്‍വീസ് ടീമിനെ നിലനിര്‍ത്താന്‍ കുറച്ച് പുറംഫണ്ടുകൂടി ലഭ്യമായേ തീരൂ എന്നാണിപ്പോള്‍ കാണുന്നത്. തല്‍ക്കാലം സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാവും. പക്ഷേ, ദീര്‍ഘനാളില്‍ ഇത് മുന്‍സിപ്പാലിറ്റിയുടെ ചുമതലയായി മാറണം.

ഡിജിറ്റല്‍ മാപ്പ്

കിടങ്ങാമ്പറമ്പില്‍ നടത്തുന്ന മറ്റൊരു ശ്രദ്ധേയമായ പരീക്ഷണം വാര്‍ഡിന്റെ ഡിജിറ്റല്‍ മാപ്പിംഗ്. ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്ന വീടുകള്‍, അവയുമായി ബന്ധപ്പെടുന്ന ക്ലസ്റ്ററിലെ മറ്റു വീടുകള്‍, കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളുടെ സ്ഥലങ്ങള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്ന ഡിജിറ്റല്‍ മാപ്പു തയ്യാറാക്കലാണ്. തല്‍പ്പരരായ വീട്ടുകാരുടെ അഭിപ്രായങ്ങളടക്കം ഈ മാപ്പുമായി ബന്ധപ്പെടുത്തി ലഭ്യമാകുന്നതാണ്. ഇതിനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

റോഡും പൊതുസ്ഥലങ്ങളും

കിടങ്ങാമ്പറമ്പിലെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം മുല്ലയ്ക്കല്‍ അമ്പലത്തിലെ ചിറപ്പു കഴിഞ്ഞാലാണ് ആരംഭിക്കുക. വാര്‍ഡുകളിലെ റോഡുകളിലും പൊതുസ്ഥലനങ്ങളില്‍ നിന്നും ആളുകള്‍ കടലാസ്, ചപ്പുചവറുകള്‍, അലക്ഷ്യമായി എറിഞ്ഞുപോകുന്ന പതിവ് അവസാനിപ്പിക്കണം. ഇതിനായി എസ്ഡിബിഎച്ച്എസ് സ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസിനെ ഒഴിവുദിവസങ്ങളില്‍ പെട്രോളിംഗിനുപയോഗിക്കാന്‍ ഉദ്ദേശമുണ്ട്. പുറത്തുനിന്നുളള സന്ദര്‍ശകര്‍ കടലാസും മറ്റും റോഡില്‍ വലിച്ചെറിയരുത് എന്നു നിര്‍ദ്ദേശിക്കുന്ന ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിക്കും. രാത്രി കാലത്ത് മാലിന്യം കൊണ്ടുവന്ന് പൊതുവഴിയില്‍ നിക്ഷേപിക്കുന്ന സാമൂഹ്യവിരുദ്ധരെ തടയുന്നതിന് രാത്രികാല സ്‌ക്വാഡുകളും രൂപം നല്‍കുന്നതാണ്. ജനുവരി മാസം കൊണ്ട് ഈ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി കേരളത്തിലെ ആദ്യത്തെ നിര്‍മ്മല വാര്‍ഡായി, അഥവാ വേസ്റ്റില്ലാ വാര്‍ഡായി കിടങ്ങാമ്പറമ്പിനെ പ്രഖ്യാപിക്കുകയും ചെയ്യും.

മെയ് മാസം അവസാനിക്കുമ്പോഴേയ്ക്കും മറ്റൊരു പത്തുവാര്‍ഡു കൂടി ഈ പദവി നേടും. ഇവര്‍ക്കാകാമെങ്കില്‍ എന്തുകൊണ്ട് മുനിസിപ്പാലിറ്റിയിലെ മറ്റു വാര്‍ഡുകള്‍ക്കും ഇതുതന്നെ ചെയ്തുകൂടാ? യഥാര്‍ത്ഥത്തില്‍ പ്രോജക്ട് പൂര്‍ത്തിയാകും മുമ്പു തന്നെ നഗരസഭയിലെ എല്ലാ വാര്‍ഡുകളിലേയ്ക്കും മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വികേന്ദ്രീകൃത ശുചിത്വപരിപാടി വ്യാപിപ്പിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹം.

6. ഉപസംഹാരം
കേരളത്തില്‍ ഇതുവരെ പരീക്ഷിച്ചത് കേന്ദ്രീകൃതമായ മാലിന്യസംസ്‌ക്കരണ പരിപാടികളാണ്. മാലിന്യം സ്രോതസില്‍ തന്നെ വേര്‍തിരിക്കുന്നതിന് ശ്രദ്ധ ചെലുത്തിയിരുന്നില്ല. ജനങ്ങളാകട്ടെ, മാലിന്യം നീക്കം ചെയ്യുകയും സംസ്‌ക്കരിക്കുകയും ചെയ്യുന്ന ചുമതല മുനിസിപ്പാലിറ്റിയുടെ ചുമലിലിട്ട് നിസംഗരായി. മാലിന്യപ്രതിസന്ധി സാമൂഹ്യസംഘര്‍ഷമായി മാറി.

ഇവയുടെ തിരുത്താണ് നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പ്രോജക്ടിലൂടെ ശ്രമിക്കുന്നത്. ഓരോ വാര്‍ഡിലെയും ജൈവ മാലിന്യം പരമാവധി അവിടെത്തന്നെ സംസ്‌ക്കരിക്കുന്നതു മൂലം മുന്‍സിപ്പാലിറ്റി സര്‍വോദയപുരത്തു കൊണ്ടുപോയി സംസ്‌ക്കരിക്കേണ്ട മാലിന്യത്തിന്റെ അളവ് വന്‍തോതില്‍ കുറയും. തങ്ങള്‍ പുറന്തളളുന്ന മാലിന്യം പരമാവധി ഉറവിടത്തില്‍ സംസ്‌ക്കരിക്കുന്നതിലൂടെ മാലിന്യത്തെ സമ്പത്താക്കി മാറ്റാനും നഗരത്തെ ശുചിത്വ നഗരമാക്കി മാറ്റുന്നതിനും അതിലുപരി മാലിന്യ സംസ്‌ക്കരണം നഗരസഭ മാത്രം ചെയ്യേണ്ടതല്ല എന്ന നിലപാടിലേക്ക് ജനങ്ങളെ എത്തിക്കാനും കഴിയുന്നു. ഒരു പുതിയ മാലിന്യ സംസ്‌ക്കരണ സംസ്‌ക്കാരത്തിലേക്ക് ജനങ്ങളെ എത്തിക്കാന്‍ കഴിയുന്നുവെന്നത് പ്രധാന നേട്ടമാകുന്നു.

ഇന്ധനക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പാചകത്തിന് ഭാഗീകമായെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന ഗ്യാസ് ലഭ്യമാകുന്നു എന്നതാണ് ഈ പ്രോജക്ടിന്റെ മറ്റൊരു നേട്ടം. ഒരു നേട്ടകോട്ട വിശ്ലേഷണം നടത്തിയാല്‍ രണ്ടുവര്‍ഷം കൊണ്ട് ഗുണഭോക്താവ് മുടക്കിയ പണവും അടുത്ത രണ്ടു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കിയ സബ്‌സിഡിയ്ക്കും തുല്യമായ വരുമാനവും സൃഷ്ടിക്കപ്പെടുമെന്നു കാണാം. എന്നാല്‍ ഈ നേട്ടകോട്ട വിശ്ലേഷണത്തില്‍ ശുചിത്വനഗരമായി മാറുന്നതിന്റെ ഫലമായി ജനങ്ങളുടെ ആരോഗ്യനിലയിലും ടൂറിസം വ്യവസായത്തിന്റെ വികസനത്തിനും ഉണ്ടാകുന്ന സാമൂഹ്യനേട്ടങ്ങള്‍ കൂടി പരിഗണിക്കപ്പെട്ടുകഴിഞ്ഞാല്‍ ബയോഗ്യാസ് പ്ലാന്റിനും മറ്റും സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി പൂര്‍ണമായും ന്യായീകരിക്കപ്പെടും.

ഗ്യാസിനു പുറമെ ജൈവവളമായി ഉപയോഗിക്കാന്‍ പറ്റുന്ന സ്ലറിയും കമ്പോസ്റ്റും ലഭ്യമാകുന്നുണ്ട്. ഇത് അടുക്കളത്തോട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്താം.

ഖരമാലിന്യസംസ്‌ക്കരണ പദ്ധതിയ്ക്കു സമാന്തരമായി ആലപ്പുഴയിലെ വെളളക്കെട്ടു നീക്കുന്നതിനുളള ഒരു പദ്ധതിയും തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയിലെ രണ്ടു മുഖ്യകനാലുകള്‍ ഡ്രെഡ്ജ് ചെയ്യുന്നതിനും കാലാകാലങ്ങളില്‍ ഉപ്പുവെളളം കയറ്റി ശുദ്ധീകരിക്കുന്നതിനും പണം നീക്കി വെച്ചിരുന്നു. ഇതിന് അനുബന്ധമായി ആലപ്പുഴയിലെ ചെറുതോടുകള്‍ മുഴുവന്‍ അഴുക്കു നീക്കി വെളളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനുളള ഒരു പരിപാടിയും തയ്യാറാക്കും. അറവുശാലയുടെ വിപുലീകരണവും നവീകരണവുമാണ് ചെയ്യാനുദ്ദേശിക്കുന്ന മറ്റൊന്ന്.

അടുത്ത വേനല്‍ക്കാലത്ത് സര്‍വോദയപുരത്തെ സംസ്‌ക്കരണ പ്ലാന്റ് വൃത്തിയാക്കും. നഗരത്തില്‍ സംസ്‌ക്കരിക്കാന്‍ കഴിയാതെ വരുന്ന മാര്‍ക്കറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ ജൈവമാലിന്യം മാത്രം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്ന കേന്ദ്രമായി രൂപാന്തരപ്പെടും. പതിനഞ്ചേക്കറില്‍ ഭൂരിപക്ഷം സ്ഥലവും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പച്ചക്കറി കൃഷിക്കു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ. അങ്ങനെ ആലപ്പുഴ കേരളത്തിനൊരു മാതൃകയാകും.

ഒരു തേങ്ങ = ഒരു കോഴിമുട്ട?



ധനവിചാരം (Mathrubhumi, 27 Nov2012) 


ഒരു കോഴിമുട്ടയ്ക്ക് നാലര രൂപയാണ് വില. തേങ്ങയ്‌ക്കോ? എറണാകുളത്ത് നാലര രൂപ. കോഴിക്കോട്ട് മൂന്നര രൂപ. പാലക്കാട്ട് രണ്ടേമുക്കാല്‍ രൂപ. ഒരു തേങ്ങയ്ക്ക് കോഴിമുട്ടയുടെ വില കിട്ടാത്ത കാലം വരുമെന്ന് ആരെങ്കിലും നിനച്ചിരുന്നോ?

എണ്‍പതുകളുടെ അവസാനം തേങ്ങയൊന്നിന് 12 രൂപ വരെ വില ലഭിച്ചു. അന്ന് നാലു തേങ്ങ വില്‍ക്കാനുണ്ടെങ്കില്‍ ഒരു കുടുംബത്തിന് ഒരു ദിവസത്തേക്ക് കുശാലായി. ഇന്ന് 40 തേങ്ങ വിറ്റാലും ബി.പി.എല്‍. രേഖ കടക്കില്ല. തിരുവനന്തപുരത്ത് തെങ്ങൊന്നിന് 50 രൂപയാണ് കയറ്റുകൂലി. തേങ്ങ വിറ്റാല്‍ കയറ്റുകൂലി പോലും മുതലാകില്ല.

നാളികേരത്തിന്റെ ശനിദശ തുടങ്ങിയത് 1999 - 2003 കാലത്തെ കാര്‍ഷികവിലത്തകര്‍ച്ചയോടെയാണ്. സമീപകാലത്ത് നിലയല്‍പ്പം മെച്ചപ്പെട്ടു. 2011-ല്‍ 10 രൂപ വരെയായി വില. പിന്നീട് വീണ്ടും വില തകര്‍ന്നു. കാരണം ലളിതം. ഉയരുന്ന പാമോയില്‍ ഇറക്കുമതി. 2010-'11-ല്‍ 63 ലക്ഷം ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്ത സ്ഥാനത്ത് 2011-'12-ല്‍ 75 ലക്ഷം ടണ്‍ ആണ് ഇറക്കുമതി ചെയ്തത്. വിപണിയില്‍ പാമോയിലിന്റെ കുത്തൊഴുക്ക് ഇന്നും തുടരുകയാണ്.

പാമോയില്‍ എത്ര വേണമെങ്കിലും ആര്‍ക്കും ഇറക്കുമതി ചെയ്യാം. 300 ശതമാനം വരെ ഇറക്കുമതിച്ചുങ്കം എണ്ണയുടെമേല്‍ ഏര്‍പ്പെടുത്താന്‍ ലോകവ്യാപാരക്കരാര്‍ അനുവദിക്കുന്നുണ്ട്. പക്ഷേ, ക്രൂഡ് പാമോയിലിന് ഒരു ചുങ്കവും കൊടുക്കേണ്ട. സംസ്‌കരിച്ച പാമോയിലിന് ഏഴര ശതമാനം ചുങ്കം കൊടുത്താല്‍ മതി. ആസിയാന്‍ കരാര്‍ വഴി തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും കണ്ണുവെച്ചത് ഇന്ത്യയിലെ പാമോയില്‍ വിപണിയാണ്. ആ ലക്ഷ്യം അവര്‍ നേടുകയും ചെയ്തു. കേവലം 12 ലക്ഷം ടണ്‍ ആയിരുന്നു 1995-'98 കാലത്തെ എണ്ണയുടെ ശരാശരി ഇറക്കുമതി. 2000- 2001-ല്‍ അത് 31 ലക്ഷം ടണ്ണായും 2011-12-ല്‍ 100 ലക്ഷം ടണ്ണായും ഉയര്‍ന്നു. ഇതിന്റെ 75 ശതമാനവും പാമോയിലാണ്.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ ഏതാണ്ട് അഞ്ചുശതമാനം കരിക്കായി വില്‍ക്കുന്നു. 45 ശതമാനം കറിക്ക് അരയ്ക്കുന്നു. 50 ശതമാനം ആട്ടി വെളിച്ചെണ്ണയാക്കുന്നു. വെളിച്ചെണ്ണയുടെ പകുതിയിലേറെ ഭാഗം പാചകത്തിനാണ് ഉപയോഗിക്കുന്നത്. ബാക്കി വ്യവസായത്തിനും. ഇറക്കുമതി ചെയ്ത പാമോയിലും ഇതേ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നു. സ്വാഭാവികമായി, പാമോയില്‍ ഇറക്കുമതി കൂടുമ്പോള്‍ വെളിച്ചെണ്ണയുടെ വിലയിടിയും. വെളിച്ചെണ്ണയുടെ വിലയിടിഞ്ഞാല്‍ നാളികേരത്തിന്റെയും വിലയിടിയും.

ഇന്ത്യയിലെ ഭക്ഷ്യഎണ്ണയുടെ കുറവു നികത്താന്‍ ഇറക്കുമതി കൂടിയേ തീരൂ എന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. വില പിടിച്ചു നിര്‍ത്തലാണ് ലക്ഷ്യമെങ്കില്‍ പാമോയിലിനു നല്‍കുന്ന ആനുകൂല്യം മറ്റെല്ലാ എണ്ണകള്‍ക്കും നല്‍കണം. പക്ഷേ, നോക്കൂ. 15 രൂപ കിലോയ്ക്ക് സബ്‌സിഡി നല്‍കി പാമോയില്‍ പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യുന്നു. പക്ഷേ, നാട്ടില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് സബ്‌സിഡിയില്ല. ഇറക്കുമതി ചെയ്ത പാമോയിലിന് സബ്‌സിഡി. ഇതെന്തു ന്യായം?

ഈ അന്യായത്തിന്റെ പിന്നാമ്പുറത്ത് ഞെട്ടിക്കുന്ന പരമാര്‍ഥങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് - മലേഷ്യന്‍ പാമോയില്‍ കമ്പനികളുമായുള്ള അവിശുദ്ധബന്ധം. മലേഷ്യന്‍ പാമോയില്‍ കൗണ്‍സിലിന്റെ 2007-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച വ്യക്തമായ പരാമര്‍ശമുണ്ട്. 2007 ഫിബ്രവരി 8, 9 തീയതികളില്‍ കേന്ദ്രസര്‍ക്കാറുമായി നടത്തിയ രണ്ട് യോഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടിന്റെ 32-ാം പേജില്‍ ഇപ്രകാരം പ്രസ്താ വിച്ചിരിക്കുന്നു.
'പൊതുവിതരണ സ്‌കീം വഴി ഭക്ഷ്യ എണ്ണകള്‍ പ്രത്യേകിച്ച് പാമോയില്‍ വിതരണം ചെയ്യുന്നതിന്റെ സാധ്യതകള്‍ തേടുന്നതിനും ഇന്ത്യാ സര്‍ക്കാര്‍ അധികൃതരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടി ഡല്‍ഹിയിലേക്ക് രണ്ടു സന്ദര്‍ശനങ്ങള്‍ നടത്തി. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവും ഭക്ഷ്യ എണ്ണ കമ്മീഷനുമായും വനസ്​പതി ഡയറക്ടറേറ്റുമായും നേരിട്ടു ബന്ധം സ്ഥാപിച്ചു.'
 വിലക്കയറ്റം തടഞ്ഞു നിര്‍ത്തലാണ് ലക്ഷ്യമെങ്കില്‍ കിലോയ്ക്ക് 15 രൂപ പ്രകാരം സബ്‌സിഡി ഇറക്കുമതി ചെയ്ത പാമോയിലിനും സോയാബീന്‍ എണ്ണയ്ക്കും മാത്രമായി എന്തുകൊണ്ടു പരിമിതപ്പെടുത്തി? ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയെ പൊതുവിതരണത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ ലക്ഷ്യം വെളിച്ചെണ്ണ കമ്പോളത്തെ പാമോയില്‍ ഇറക്കുമതിക്കു തുറന്നു കൊടുക്കുക എന്നതു മാത്രമാണ്. എത്ര കോടിയുടെ കൈക്കൂലി കൈമറിഞ്ഞു കാണുമെന്ന് ഊഹിക്കുകയേ നിവൃത്തിയുള്ളൂ.

വെളിച്ചെണ്ണയോടുള്ള ദ്രോഹം ഇതുകൊണ്ടും തീരുന്നില്ല. ആഗോളീകരണ പരിഷ്‌കാരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് നമ്മുടെ നാട്ടിലെ വെളിച്ചെണ്ണയുടെ വില അന്തര്‍ദേശീയ വിലയുടെ ഏതാണ്ട് ഇരട്ടി വരുമായിരുന്നു. എന്നാല്‍, കര്‍ശന ഇറക്കുമതി നിയന്ത്രണമുണ്ടായിരുന്നതുകൊണ്ട് താഴ്ന്ന വിലയാണ് വിദേശത്തെങ്കിലും ഇറക്കുമതി ചെയ്യാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് വെളിച്ചെണ്ണയുടെ വില ഇതുപോലെ ഉയര്‍ന്നുനിന്നത്. ഇറക്കുമതി നിയന്ത്രണങ്ങളെല്ലാം ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഇന്ന് അന്തര്‍ദേശീയവിലയും ആഭ്യന്തരവിലയും ഏതാണ്ട് ഒപ്പമാണ്. ഇത് പുതിയൊരുസാധ്യത തുറക്കുന്നുണ്ട്. നാം ശ്രമിച്ചാല്‍ വെളിച്ചെണ്ണ കയറ്റുമതി ചെയ്യാം. എന്നാല്‍, വെളിച്ചെണ്ണ കയറ്റുമതി ചെയ്യേണ്ട എന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്.

വലിയ സമ്മര്‍ദത്തിന്റെ ഫലമായി കേന്ദ്രസര്‍ക്കാര്‍ വെളിച്ചെണ്ണയ്ക്കുമേല്‍ 'ഔദാര്യം' കോരിച്ചൊരിഞ്ഞു. 20,000 ടണ്‍ കയറ്റുമതി ചെയ്യാം. 4.5 ലക്ഷം ടണ്ണാണ് 2012-ലെ ആകെ വെളിച്ചെണ്ണയുത്പാദനം എന്നോര്‍ക്കണം. ആകെ ഉത്പാദനത്തിന്റെ അഞ്ചുശതമാനം പോലും കയറ്റുമതി ചെയ്യാന്‍ അനുവാദമില്ല. നിയന്ത്രണങ്ങള്‍ അവിടംകൊണ്ടും തീരുന്നില്ല. രാജ്യത്ത് ആകെയുള്ള 13 പ്രധാനതുറമുഖങ്ങളില്‍ വെളിച്ചെണ്ണ കയറ്റുമതി കൊച്ചി തുറമുഖം വഴിയേ പാടുള്ളൂ. ഏത് സംസ്ഥാനത്തിലെ വെളിച്ചെണ്ണയും കയറ്റുമതി ചെയ്യണമെങ്കില്‍ കൊച്ചിയില്‍ കൊണ്ടുവരണം. അതുതന്നെ അഞ്ച് കിലോയേക്കാള്‍ വലിയ പാക്കറ്റുകളിലും പാടില്ല. പാമോയില്‍ വരുന്നത് വീപ്പകളില്‍പ്പോലുമല്ല, കപ്പലില്‍ നിറച്ചാണ് എന്നോര്‍ക്കണം. തീര്‍ന്നില്ല. പണ്ട്, ഭൂട്ടാനിലും നേപ്പാളിലും നമ്മുടെ നാട്ടിലെ വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഈ നയം കാരണം ഇപ്പോള്‍ അവിടേക്ക് വെളിച്ചെണ്ണ വരുന്നത് സിംഗപ്പൂരില്‍ നിന്നാണ്.

കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ചുശതമാനം ഇന്‍സെന്റീവ് ഇപ്പോള്‍ കൊടുക്കുന്നുണ്ട്. 'വിശേഷ് കൃഷി ഗ്രാമീണ്‍ ഉദ്യോഗ് യോജന' എന്നാണ് ഈ സ്‌കീമിന്റെ പേര്. എന്നാല്‍, വിചിത്രമെന്നു പറയട്ടെ, ഈ ആനുകൂല്യത്തില്‍ നിന്ന് വെളിച്ചെണ്ണയെ ഒഴിവാക്കിയിരിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ 2012 ജനവരിയില്‍ 5,100 രൂപ ക്വിന്റലിന് മില്‍ കൊപ്രയ്ക്ക് തറവില പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒക്ടോബര്‍ 15 ആയിട്ടും ആകെ 43,462 ടണ്‍ കൊപ്രയേ സംഭരിച്ചിട്ടുള്ളൂ. അതില്‍ കേരളത്തില്‍ നിന്ന് 12,331 ടണ്ണേയുള്ളൂ. നാളികേരത്തിന്റെ ഉത്പാദനച്ചെലവിനേക്കാള്‍ താഴ്ന്നതാണ് തറവില. സംഭരണം പാളിയതുകൊണ്ട് കമ്പോളവില തറവിലയേക്കാള്‍ താഴ്ന്നു തന്നെ തുടര്‍ന്നു.

പണ്ട് മോഹവില കാണിച്ച് കാഡ്ബറീസ് കമ്പനി നാട്ടിലെല്ലാം കൊക്കോ പ്രചരിപ്പിച്ചത് ഓര്‍മയുണ്ടല്ലോ. വില തകര്‍ന്നപ്പോള്‍ നല്ല പങ്ക് കൃഷിക്കാരും കൊക്കോ ചെടികള്‍ പിഴുതു കളഞ്ഞു. വാനിലയ്ക്കും ഇതേഗതി തന്നെ വന്നു. പക്ഷേ, തെങ്ങ് പിഴുതുകളയാന്‍ ആവില്ലല്ലോ. ഏതാണ്ട് എല്ലാവരും കേരകൃഷി ഉപേക്ഷിച്ച മട്ടാണ്. തടമെടുക്കലും നനയ്ക്കലും കണ്ണികൂട്ടലുമെല്ലാം അപ്രത്യക്ഷമായി. വളം ചെയ്യലുമവസാനിച്ചു. തലമണ്ടയില്‍ വീഴുമോ എന്ന പേടി കൊണ്ടാണ് പലരും തേങ്ങ പറിക്കുന്നത്. അതോടെ, തെങ്ങുകയറ്റത്തോടൊപ്പം തെങ്ങിന്‍തലപ്പിന് ചെയ്തിരുന്ന പരിചരണങ്ങളും അവസാനിച്ചു. ഇടവിളകളുമില്ല. ത്രിതല പുരയിടകൃഷി പഴയൊരു ഓര്‍മ മാത്രം.

അലുവാലിയ കേരളത്തില്‍ വന്നുപറഞ്ഞത് ഓര്‍ക്കുന്നില്ലേ? കൃഷിക്കും വയ്യാവേലിക്കുമൊന്നും പോകാതെ, പുറംനാടുകളില്‍ പോയി പണിയെടുത്തുണ്ടാക്കുന്ന സമ്പത്തുകൊണ്ട് സുഭിക്ഷമായി സാധനങ്ങള്‍ വാങ്ങി ജീവിച്ചാല്‍പോരേയെന്നായിരുന്നു വളരെ നിഷ്‌കളങ്കമായി അദ്ദേഹം ചോദിച്ചത്. എന്നാല്‍, അതത്ര നിഷ്‌കളങ്കമായ ചോദ്യമല്ല. ഇന്ത്യയ്ക്കുപുറത്ത് ഉത്പാദിപ്പിക്കുന്നവ വാങ്ങി സുഭിക്ഷമായി ജീവിക്കാനാണ് അലുവാലിയ കേരളീയരോട് ആവശ്യപ്പെടുന്നത്. കേരകൃഷി 42 ലക്ഷം കുടുംബങ്ങളുടെ ജീവിതപ്രശ്‌നമാണ്. പുരയിടകൃഷിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇതൊന്നും വിലയിട്ട് തീര്‍പ്പാക്കാന്‍ പറ്റുന്നവയല്ല.

വികസിതരാജ്യങ്ങള്‍ ഭീമമായ സബ്‌സിഡി നല്‍കി സ്വന്തം കൃഷിയും വിളകളും സംരക്ഷിക്കാന്‍ അത്യധ്വാനം ചെയ്യുമ്പോഴാണ് അലുവാലിയമാരുടെ തമാശകള്‍ നാം സഹിക്കേണ്ടിവരുന്നത്. മൊത്തം കാര്‍ഷിക വരുമാനത്തിന്റെ 35 ശതമാനം വരുന്ന തുകയാണ് വികസിത രാജ്യങ്ങള്‍ സബ്‌സിഡിയായി നല്‍കുന്നത്. ജപ്പാനില്‍ ഇത് 55 ശതമാനവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ 69 ശതമാനവുമാണ്. ലോകവ്യാപാരക്കരാറിന്റെ നിബന്ധനകളില്‍ നിന്ന് രക്ഷനേടാന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കോ ഉത്പാദനത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്കോ സബ്‌സിഡി നല്‍കാതെ കൃഷിഭൂമിക്കോ കര്‍ഷകനോ നിശ്ചിതമായ സഹായധനം നല്‍കുന്നു.

അടിയന്തരമായി തറവില ഉയര്‍ത്തണം. പാമോയിലിനുമേല്‍ താരിഫ് ഏര്‍പ്പെടുത്തണം. വെളിച്ചെണ്ണ കുടുംബത്തിന് രണ്ടുകിലോ വീതം കേരളത്തില്‍ പൊതുവിതരണ ശൃംഖലയിലൂടെ നല്‍കണം. കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണം. ഒരു പ്രദേശത്തെ രോഗഗ്രസ്തമായ തെങ്ങുകള്‍ മുഴുവന്‍ വെട്ടിമാറ്റി പുതിയവ നടുന്നതിന് പാക്കേജ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം. തൊഴിലുറപ്പു പദ്ധതിയെ ഉപയോഗപ്പെടുത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ചെത്തുതൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് 'നീര' ഉത്പാദനം പ്രോത്സാഹിപ്പിക്കണം. മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്ക് നീങ്ങണം. വേറെന്തെല്ലാംവേണമെന്ന് എല്ലാവരുംകൂടി ചര്‍ച്ച ചെയ്യണം. വൈകിയാല്‍ തിരിച്ചുകൊണ്ടുവരാനാവാത്ത വിധം ഇടനാട്ടിലെയും തീരപ്രദേശത്തെയും കേരകൃഷി നശിക്കും.

ആര്‍ക്കു വേണ്ടിയാണ് നാടു ഭരിക്കുന്നത്? നാട്ടിലെ നാളികേര കര്‍ഷകര്‍ക്കു വേണ്ടിയാണോ, മലേഷ്യയിലെ പാമോയില്‍ മുതലാളിമാര്‍ക്കു വേണ്ടിയോ? എട്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടെന്തു കാര്യം? ഇവിടത്തെ തര്‍ക്കങ്ങളും വിവാദങ്ങളുമെല്ലാം ഏതെങ്കിലും കേന്ദ്ര വ്യവസായ പ്രോജക്ടോ പശ്ചാത്തല സൗകര്യ പ്രോജക്ടോ കൊണ്ടുവരുന്നതു സംബന്ധിച്ചാണ്. 42 ലക്ഷം വരുന്ന കേരകൃഷിക്കാരുടെ ജീവിതം തകര്‍ക്കുന്ന തീരുമാനങ്ങള്‍ എന്തുകൊണ്ട് ബ്രേക്കിങ് ന്യൂസുകളും വിവാദങ്ങളുമാകുന്നില്ല?

Sunday, November 25, 2012

നഷ്ടസൗഭാഗ്യം


(മലയാള മനോരമയിലെഴുതിയ പിജി അനുസ്മരണക്കുറിപ്പ് - 2012 നവംബര്‍ 24)

ആ തിരുവോണം ഞാന്‍ മറക്കില്ല. വര്‍ഷം 1972. പി. ഗോവിന്ദപ്പിള്ളയുടെ പുല്ലുവഴിയിലെ വീട്ടിലായിരുന്നു ദിവസം മുഴുവന്‍. വീട്ടിലെ ആ തിരക്കിനിടെ പികെവിയുടെ സാന്നിധ്യവും ഓര്‍മയിലുണ്ട്. അതില്‍ നിന്നൊക്കെ മാറി ഒരു മരച്ചുവട്ടില്‍ ഞങ്ങള്‍ ഒത്തുകൂടി. പിജിയും വിദ്യാര്‍ഥികളായ ഞങ്ങളും. മാര്‍ക്‌സിസം ചിട്ടയായി പഠിക്കാന്‍ ഒരു പാഠ്യക്രമവും പുസ്തകപ്പട്ടികയും തയാറാക്കുകയായിരുന്നു ഉദ്ദേശ്യം. ഓരോ പുസ്തകവും പരിചയപ്പെടുത്തിക്കൊണ്ടുള്ള പിജിയുടെ സംഭാഷണം സന്ധ്യവരെ നീണ്ടു. ഏതാണ്ട് ഒരു ഗുരുകുല സമ്പ്രദായമായിരുന്നു പിജിയുടേത്. ആ രാഷ്ട്രീയവിദ്യാഭ്യാസം അടിയന്തരാവസ്ഥ വരെ നീണ്ടു. ഇങ്ങനെയാണു ഞാന്‍ മാര്‍ക്‌സിസം പഠിച്ചത്.

പിജി ഏതൊരാളുമായും നടത്തുന്ന സംഭാഷണങ്ങള്‍ കേട്ടിരിക്കുക തന്നെ ഒരു വിദ്യാഭ്യാസമായിരുന്നു. പല ദിവസങ്ങളിലും പിജിയെ പിന്തുടര്‍ന്നു ജിഎന്നിന്റെ വീട്ടിലെത്തും (ചരിത്രകാരന്‍ കെ. എന്‍. ഗണേഷിന്റെ അച്ഛനാണു ജി. നാരായണന്‍ എന്ന ജിഎന്‍). പുസ്തകങ്ങള്‍ നിറഞ്ഞ സ്വീകരണ മുറിയില്‍ ഇരുന്ന് ഇരുവരും ആധുനികശാസ്ത്രം മുതല്‍ വേദാന്തം വരെ പലതും ചര്‍ച്ചചെയ്യുന്നതു കേട്ടിരിക്കും.

പുസ്തകപ്രേമിയായ പിജിക്കു പുസ്തകം നല്‍കാന്‍ പക്ഷേ, അന്നേ നല്ല മടിയാണ്. പതിവുതെറ്റിച്ച് ഒരു പുസ്തകം എനിക്കു തന്നത് ഓര്‍മയുണ്ട്. ഗുന്നാര്‍മിര്‍ദലിന്റെ 'ഏഷ്യന്‍ ഡ്രാമയെക്കുറിച്ചായിരുന്നു ഒരിക്കല്‍ കോളജില്‍ പിജിയുടെ പ്രഭാഷണം. അറുന്നൂറില്‍പ്പരം പേജ് വരുന്ന ആ തടിയന്‍ ഗ്രന്ഥം കാണിച്ചിട്ട് ഇതു വായിക്കണമെന്നു പിജി ശുപാര്‍ശ ചെയ്തു. ഇത്ര വലിയൊരു പുസ്തകം വായിച്ചുതീര്‍ക്കാന്‍ കഴിയുമോ എന്നു ഞാന്‍ സംശയം പ്രകടിപ്പിച്ചു. അടുത്തതവണ കണ്ടപ്പോള്‍ ഈ ഗ്രന്ഥത്തിന്റെ കുട്ടിപ്പതിപ്പ് പെന്‍ഗ്വിന്‍ ഇറക്കിയത് അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. ഇതെങ്കിലും വായിക്കാന്‍ സമയം കിട്ടുമോ എന്നു കളിയാക്കി അതു സമ്മാനമായി തന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം എന്നെ വിസ്മയിപ്പിച്ചു വീണ്ടും ഒരു സമ്മാനം. 'ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന ജീവചരിത്രം എനിക്ക് അദ്ദേഹം സമര്‍പ്പിച്ചതു തരളിതമായ ഹൃദയത്തോടെ മാത്രമേ ഓര്‍മിക്കാനാവൂ. അത്രയ്ക്കുണ്ടു വാത്സല്യം എന്നു തിരിച്ചറിഞ്ഞ സംഭവം.

എണ്‍പതുകളുടെ ആദ്യമാണു ഞാന്‍ 'ചിന്തയില്‍ എഴുതിത്തുടങ്ങുന്നത്. അച്ചടി കഴിഞ്ഞാലുടന്‍ എന്റെ കയ്യെഴുത്തു ലേഖനം വിശദമായ തിരുത്തലുകളോടെ പിജി മടക്കിത്തരും. അങ്ങനെയാണ് എഴുതിത്തെളിഞ്ഞത്. ഇതുപോലെ എത്ര ഓര്‍മകള്‍... വിജ്ഞാനഭണ്ഡാരമായിരുന്നു അദ്ദേഹം. ഒരു ലുബ്ധുമില്ലാതെ അറിവു പകര്‍ന്നും നല്‍കി.

പക്ഷേ, കേവലം ആശയപ്രചാരകന്റെ സ്ഥാനമല്ല പിജിക്ക് ഇടതുപക്ഷ ചരിത്രത്തിലുള്ളത്. ഇഎംഎസ്, കെ. ദാമോദരന്‍, എന്‍.ഇ. ബാലറാം തുടങ്ങിയ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്താണ് അദ്ദേഹത്തിന്റെ സംഭാവന? ഏതെങ്കിലും ഒരു വൈജ്ഞാനിക മണ്ഡലത്തിലെ തനതായ സംഭാവന അല്ല അത്. കേരളീയ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരികസമസ്യകളെ വ്യത്യസ്ത മേഖലകളും ചിന്താപദ്ധതികളും ഇഴചേര്‍ത്തു നടത്തുന്ന പരിശോധനയാണു പിജി നിര്‍വഹിച്ചുപോന്നത്. ഇന്നത്തെ അക്കാദമിക് ഭാഷയില്‍ പറഞ്ഞാല്‍ 'ഇന്റര്‍ ഡിസിപ്ലിനറി പഠനങ്ങള്‍. പക്ഷേ, തുടര്‍ച്ചയായ മാധ്യമപ്രവര്‍ത്തനവും പ്രഭാഷണങ്ങളും പിജിയുടെ ധൈഷണികതയുടെ കൂടുതല്‍ ഉയര്‍ന്ന സംഭാവനയ്ക്കു വിലങ്ങുതടിയായോ എന്ന സംശയം ഞാന്‍ തന്നെ പിജിയോടു തുറന്നുപറഞ്ഞിട്ടുണ്ട്.

ആദ്യകാല ഗ്രന്ഥങ്ങള്‍ എല്ലാം ആനുകാലികങ്ങളിലും മറ്റും എഴുതിയ ലേഖനങ്ങളുടെ സമാഹാരങ്ങളായിരുന്നു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും പരന്ന വായനയുടെയും തിരക്കില്‍ കൂടുതല്‍ സമഗ്രപഠനങ്ങള്‍ക്ക് അദ്ദേഹത്തിനു കഴിയാതെ പോയിട്ടുണ്ടാവണം.

ഈ കുറവും നികത്തിയാണ് അദ്ദേഹം വിടവാങ്ങുന്നത്. പ്രായാധിക്യത്തിന്റെയും രോഗങ്ങളുടെയും മങ്ങുന്ന കാഴ്ചയുടെയും നടുവില്‍ കഴിഞ്ഞ ദശാബ്ദക്കാലത്തിനുള്ളില്‍ പിജി പൂര്‍ത്തീകരിച്ച പുസ്തകങ്ങളുടെ കാമ്പും വലുപ്പവും എണ്ണവും ഏതൊരാളെയും വിസ്മയിപ്പിക്കും. കേരളീയ നവോത്ഥാനത്തെയും ശാസ്ത്രചരിത്രത്തെയും സംബന്ധിച്ച കൃതികള്‍ വൈജ്ഞാനിക സാഹിത്യത്തിന് എന്നും മുതല്‍ക്കൂട്ടായിരിക്കും. ജീവചരിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ മികവ് ഇ.എം.എസ്, കെ. ദാമോദരന്‍, മാര്‍ ഗ്രിഗോറിയോസ് എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങളുടെ താരമത്യ അവലോകനം നിസ്സംശയം തെളിയിക്കും.

നാടക - സിനിമ - ലളിതകലാ നിരൂപണ രംഗത്തും അദ്ദേഹം തല ഉയര്‍ത്തിനില്‍ക്കുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, സിഡിറ്റിന്റെ ആദ്യ ഡയറക്ടര്‍ എന്നീ നിലകളിലുള്ള പിജിയുടെ വിജയത്തിനു കാരണം കലയുടെയും സംവേദനത്തിന്റെയും മേഖലകളിലുള്ള ലോകപരിചയമായിരുന്നു. അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങള്‍ ഞാന്‍ ഏറെ ശ്രദ്ധിച്ചുവായിച്ചിട്ടുണ്ട്. അധികാര വികേന്ദ്രീകരണ നിയമത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുന്ന പ്രസംഗം കേരളത്തിന്റെ ഭരണപരിഷ്‌കാര ചരിത്രത്തില്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നു. ഇ.എം.എസിന്റെ 100 വാല്യം വരുന്ന സമാഹൃത കൃതികള്‍ക്കു പേരുവച്ചും അല്ലാതെയും പിജി എഴുതിയ ആമുഖങ്ങള്‍ ഒരുമിച്ചു വായിച്ചാല്‍ അതു കേരള രാഷ്ട്രീയത്തിന്റെ സമഗ്രമായ ചരിത്രവിശകലനമായിരിക്കും.

തുറന്ന മനസ്സും പരന്ന വായനയും സൃഷ്ടിക്കുന്ന ശിഥിലചിന്തകള്‍ പിജി പലപ്പോഴും സ്വതന്ത്രമായി പങ്കുവച്ചതു വിവാദങ്ങള്‍ക്കും അച്ചടക്ക നടപടികള്‍ക്കും ഇടയാക്കിയിട്ടുണ്ട്. പക്ഷേ, ഇവയൊന്നും പാര്‍ട്ടി അച്ചടക്കത്തെ വെല്ലുവിളിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലുകളായിരുന്നുവെന്നു ഞാന്‍ കരുതുന്നില്ല. ചില പ്രത്യേക നിമിത്തങ്ങളില്‍ വന്നുഭവിച്ചവയായിരുന്നു അവയെല്ലാം. തന്റെ അച്ചടക്ക ലംഘനങ്ങളെ മഹത്വവല്‍ക്കരിക്കാനോ ന്യായീകരിക്കാനോ പിജി ശ്രമിച്ചിട്ടില്ല. തെറ്റു ചെയ്തു, ശിക്ഷ ഏറ്റുവാങ്ങാം എന്നതായിരുന്നു സമീപനം. എത്ര മഹത്വം ഉണ്ടെങ്കിലും പാര്‍ട്ടിയെക്കാള്‍ വലിയവനാണെന്ന ചിന്തയും ഉണ്ടായിരുന്നില്ല.

പിജിയുടെ ദേഹവിയോഗം തീരാനഷ്ടം എന്നു വിശേഷിപ്പിക്കുന്നതു കേവലം വാചാടോപമല്ല. അദ്ദേഹം എഴുതിത്തീര്‍ക്കാന്‍ നിശ്ചയിച്ചിരുന്ന പഠനങ്ങളുടെയും പുസ്തകങ്ങളുടെയും പട്ടിക നീണ്ടതാണ്. ആത്മകഥ പോലും പാതിവഴിയിലാണ്. അദ്ദേഹം കാണാന്‍ കൊതിച്ച ഒരു പുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയായത് അദ്ദേഹത്തെ ചിതയിലേക്കെടുത്ത ദിവസം. 'ഭക്തിപ്രസ്ഥാനം - നവോത്ഥാനമോ പുനരുദ്ധാരണമോ എന്ന പിജിയുടെ ഈ ആദ്യ ഇംഗ്ലിഷ് കൃതി, പുരോഗമന കലാസാഹിത്യ സംഘം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനായി വരുന്ന പ്രഭാത് പട്‌നായിക്കിന്റെ കൈവശം കൊടുത്തയ്ക്കാനിരിക്കുകയായിരുന്നു. അദ്ദേഹം പൂര്‍ത്തീകരിക്കാനാവാതെ ബാക്കിവച്ച ഗ്രന്ഥങ്ങള്‍ നമ്മുടെ നഷ്ടസൗഭാഗ്യം.

കേരള രാഷ്ട്രീയം ഇന്ന്


കേരള രാഷ്ട്രീയചിത്രമാകെ ചന്ദ്രശേഖരന്റെ വധം മാറ്റിമറിച്ചുവെന്നാണ് ആര്‍എംപി ഉറച്ചു വിശ്വസിക്കുന്നത്. " കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ 2012 മെയ് 4ന് മുമ്പും പിമ്പും എന്നു രണ്ടായി വിഭജിക്കാം"  എന്നാണ് അവരുടെ നേതാവ് കെ. എസ്. ഹരിഹരന്റെ പ്രസ്താവിക്കുന്നത്. 'ഫാസിസ്റ്റ് ഉള്ളടക്കത്തിലേക്കു വഴിമാറിപ്പോയ, ചെങ്കൊടി പിടിക്കുന്ന ഒരു ഭീകരസംഘടന'യായി സിപിഐഎം അധഃപതിച്ചിരിക്കുന്നു; ഇനി കമ്മ്യൂണിസത്തെ രക്ഷിക്കാന്‍ ആര്‍എംപിയല്ലാതെ മറ്റൊന്നുമില്ല എന്നിങ്ങനെ പോകുന്നു പ്രചരണങ്ങള്‍. ഏതുതരത്തിലുളള ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയാണ് ആര്‍എംപി വിഭാവന ചെയ്യുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

യുഡിഎഫുമായി ഔപചാരികമായി ചേര്‍ന്നില്ലെങ്കിലും യുഡിഎഫിനെന്നപോലെ സിപിഐഎമ്മാണ് ആര്‍എംപിയുടെയും ഏകോപനസമിതിയുടെയുമെല്ലാം മുഖ്യശത്രു. സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ചെയ്യുന്നതെന്തോ, അതാണ് ഇവരുടെ രാഷ്ട്രീയം.
കാലോചിതമാക്കിയ സിപിഐഎം പരിപാടിയെക്കുറിച്ച് ആര്‍എംപി നേതാക്കള്‍ നടത്തുന്ന വിമര്‍ശനം എത്ര ദുര്‍ബലമാണെന്നു കണ്ടുകഴിഞ്ഞു.പുതിയ അന്തര്‍ദേശീയ, ദേശീയ സാഹചര്യങ്ങളെക്കുറിച്ച് കാലോചിതമാക്കിയ പരിപാടിയിലെ ആദ്യ അധ്യായങ്ങളിലെ വിശകലനങ്ങളോട് എതിര്‍പ്പില്ലാത്തവര്‍ക്ക്, വിദേശമൂലധനത്തെ കര്‍ശനമായ ഉപാധികളോടെ പരിമിതമായ തോതില്‍ ഉപയോഗപ്പെടുത്തേണ്ടി വരും എന്ന നിലപാടിനെ എങ്ങനെ തളളിക്കളയാനാകും?

പ്രതിഫലമില്ലാതെ ജന്മിത്തം അവസാനിപ്പിക്കുമെന്ന കാഴ്ചപ്പാട് പാര്‍ട്ടി പരിപാടിയില്‍ നിന്നും ഒഴിവാക്കി എന്നതാണ് മറ്റൊരു ആക്ഷേപം. 'മൗലികമായ ഭൂപരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ട് ഭൂപ്രഭുത്വം അവസാനിപ്പിക്കണം' എന്ന് കാലോചിതമാക്കപ്പെട്ട പരിപാടിയുടെ 6.4(1)ല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ, ജന്മിത്തത്തോട് സിപിഐഎം എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തു എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

1964-ലെ പരിപാടിയില്‍ പ്രതിഫലം നല്‍കാതെ ഭൂപ്രഭുത്വം അവസാനിപ്പിക്കും എന്നാണ് പറഞ്ഞിരുന്നത് എന്നത് ശരിയാണ്. 1964നു ശേഷം കാര്‍ഷികമേഖലയിലെ മുതലാളിത്തവളര്‍ച്ചയുടെ ഭാഗമായി അവിടെ മുതല്‍മുടക്കിയിട്ടുളള മുതലാളിത്ത ഭൂപ്രഭുക്കന്മാരുടെ പ്രാധാന്യം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഫ്യൂഡല്‍ ഭൂപ്രഭുക്കളെപ്പോലെ പൂര്‍ണമായും ഇത്തിള്‍ക്കണ്ണികളല്ല ഇവര്‍.

മുതലാളിത്ത ഭൂപ്രഭുത്വത്തെ ഇല്ലാതാക്കണം എന്നതു സംബന്ധിച്ച് പരിപാടിയില്‍ ഒരാശയക്കുഴപ്പവുമില്ല. എന്നാല്‍ ഇവരുടെ മുതല്‍മുടക്കിന് ഭാഗീകമായി നഷ്ടപരിഹാരം നല്‍കണോ എന്നത് വിപ്ലവകാലത്തെ മൂര്‍ത്തമായ സാഹചര്യങ്ങളെ അനുസരിച്ച് തീരുമാനിക്കേണ്ടതാണ്. ചെറുകിട ജന്മിമാര്‍ക്ക് നഷ്ടപരിഹാരം നല്‍കണോ വേണ്ടയോ എന്നുളള പ്രശ്‌നമുണ്ട്. ഇവയെല്ലാം അടവുപരമായ പ്രശ്‌നങ്ങളാണ്. ഭൂപ്രഭുത്വം അവസാനിപ്പിക്കണം എന്നുളള കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തും എന്നതല്ലാതെ, വിദ്യാഭ്യാസമാകെ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരും എന്ന നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് ഇന്നുളള അവകാശങ്ങളുടെ മേലുളള കൈയേറ്റമായി വ്യാഖ്യാനിക്കപ്പെടും. മാത്രമല്ല, ജനകീയ ജനാധിപത്യ കാലഘട്ടത്തില്‍ എല്ലാ കാര്യങ്ങളും പൊതു ഉടമസ്ഥതയിലാക്കുക എന്ന സമീപനം ശാസ്ത്രീയമല്ല. ന്യൂനപക്ഷങ്ങള്‍ ദേശീയതലത്തില്‍ ഭൂരിപക്ഷവര്‍ഗീയതയുടെ കടുത്ത ആക്രമണത്തിനു വിധേയമാകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സമീപനം അഭികാമ്യമായി പാര്‍ട്ടി കാണുന്നില്ല.

എന്നാല്‍ ഈ മാറ്റങ്ങളെ അടിസ്ഥാനമാക്കി, എടുത്താല്‍ പൊങ്ങാത്ത നിഗമനങ്ങളിലേയ്ക്കാണ് ആര്‍എംപി എത്തിച്ചേരുന്നത്. ചന്ദ്രശേഖരന്‍ തന്നെ എഴുതിയതു നോക്കൂ; 'ഒരു വിപ്ലവ പാര്‍ട്ടിയില്‍ നിന്ന് സോഷ്യല്‍ ഡെമോക്രാറ്റ്ക്ക് പാര്‍ട്ടിയായും പിന്നെ പ്രത്യക്ഷ വലതുപക്ഷമായും രൂപമാറ്റം വന്ന സി.പി.ഐ.എമ്മിന്റെ പരിവര്‍ത്തനപ്രക്രിയയുടെ രേഖാസാക്ഷ്യം തന്നെയായിരുന്നു 2000ലെ ഭേദഗതി. വിദേശഫിനാന്‍സ് മൂലധനശക്തികള്‍ക്കും, ഭൂപ്രഭുത്വത്തിനും, മറ്റ് കമ്പോളശക്തികള്‍ക്കും ഇളവും അയവും നല്‍കി കഴിയുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്ത് വിപ്ലവകരമായ കടമയാണ് ഈ സമൂഹത്തില്‍ പിന്നെ നിറവേറ്റാനുള്ളത് എന്ന ചോദ്യം അവശേഷിക്കുകയാണ്'.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ചെയ്തു തീര്‍ക്കേണ്ട ജനകീയ ജനാധിപത്യ വിപ്ലവ കടമകള്‍ കൃത്യമായി കാലോചിതമാക്കിയ പരിപാടിയില്‍ നിര്‍വചിച്ചിട്ടുണ്ട്. അവയിലൊന്നും ഒരു അടിസ്ഥാനമാറ്റവും മേല്‍പ്പറഞ്ഞ തിരുത്തലുകള്‍ വരുത്തിയിട്ടില്ല എന്നതു മറച്ചുവെച്ചാണ് ഈ പ്രചരണം.
യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി പരിപാടിയെക്കുറിച്ചല്ല ആര്‍എംപിയുടെ വിമര്‍ശനങ്ങള്‍. മറിച്ച് അതു നടപ്പാക്കുന്നതിന് സ്വീകരിക്കുന്ന അടവുകളെയും സംഘടനാസമീപനങ്ങളെയും കുറിച്ചാണ്. വേണു മുതല്‍ നീലകണ്ഠന്‍ വരെയുളളവര്‍ ആരോപിക്കുന്ന പാര്‍ട്ടിയുടെ കോര്‍പറേറ്റുവത്കരണം, മാഫിയാവത്കരണം, നിയോലിബറല്‍ ചിന്താഗതി, അഴിമതി തുടങ്ങിയവയുടെ ആവര്‍ത്തനം തന്നെയാണ് ആര്‍എംപിയുടെ സാഹിത്യം. ഇവയ്‌ക്കെല്ലാം വിശദമായ മറുപടി പറഞ്ഞു കഴിഞ്ഞതാണ്.

ആര്‍എംപിയുടെ രൂപീകരണം

സിപിഐഎമ്മിനുണ്ടെന്ന് അവര്‍ പ്രചരിപ്പിക്കുന്ന പാളിച്ചകള്‍ക്കെതിരെയുളള സമരത്തിലൂടെയാണത്രേ ആര്‍എംപി രൂപം കൊണ്ടത്. അതേക്കുറിച്ച് ആര്‍എംപി നേതാവ് കെ. എസ്. ഹരിഹരന്റെ വാക്കുകള്‍:
'ചെറുപ്പം മുതലേ താന്‍ സ്വാംശീകരിച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളോട് വിടപറയാന്‍ ഒരു ഘട്ടത്തിലും ചന്ദ്രശേഖരന്‍ തയ്യാറായില്ല. സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവുകഴിവായി കണ്ടെത്തി റിവിഷനിസ്റ്റ് പാതയിലേക്ക് സി.പി.ഐ.എം ചുവടുമാറ്റിയപ്പോഴും ചന്ദ്രശേഖരന്‍ വിപ്ലവകരമായ പ്രത്യയശാസ്ത്രമായി മാര്‍ക്‌സിസത്തെ മുറുകെ പിടിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഇന്ത്യയില്‍ ആഗോളവല്‍ക്കരണ നയങ്ങളുടെ ഗുണഭോക്താക്കളും നടത്തിപ്പുകാരുമായി സി.പി.ഐ.എം നേതൃത്വം മാറിയപ്പോഴും ചന്ദ്രശേഖരന്‍ തന്റെ പോരാട്ടം അവസാനിപ്പിച്ചില്ല. ഉള്‍പാര്‍ട്ടി പോരാട്ടത്തിലൂടെ സി.പി.ഐ.എമ്മിനെ ഇടത്തോട്ടു നയിക്കുക അസാധ്യമാണെന്ന് അന്തിമമായി ബോധ്യപ്പെടുന്ന 2008 ജൂലൈ വരെ ചന്ദ്രശേഖരനും സഖാക്കളും സി.പി.ഐ.എമ്മിനകത്തെ വിമതപക്ഷമായി പോരടിച്ചു. ഈ സമരത്തിന്റെ ഫലമായി പുറത്താക്കപ്പെട്ടപ്പോള്‍ അല്പം പോലും വലത്തോട്ടു പോകാതെ ഇടത്തോട്ടു തന്നെ സഞ്ചരിച്ചു. പുതിയൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒഞ്ചിയത്തു രൂപം നല്‍കി'.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ സംബന്ധിച്ചോ അതടക്കമുളള സംഭവവികാസങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പാര്‍ട്ടി പരിപാടി കാലോചിതമായി പരിഷ്‌കരിക്കാനായി നടന്ന പാര്‍ട്ടി സമ്മേളനങ്ങളുടെ ചര്‍ച്ചകളിലോ ഒന്നും അടിസ്ഥാനപരമായ ഒരു വിമര്‍ശനമോ ഭേദഗതിയോ ചന്ദ്രശേഖരന്‍ അടക്കം ആരും ഉന്നയിച്ചിരുന്നില്ല. ഇത് മറച്ചുവെച്ചുകൊണ്ടാണ് വസ്തുതാവിരുദ്ധമായ ചരിത്രരചന നടത്തുന്നത്.

ഈ കാലയളവില്‍ നടന്നതെന്ത് എന്ന് പാര്‍ട്ടി അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം നന്നായി അറിയാം. പാര്‍ട്ടി കോണ്‍ഗ്രസുകള്‍ അക്കാലത്തു നടന്ന നീക്കങ്ങളെ വിലയിരുത്തിയിട്ടുണ്ട്. പാര്‍ലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടുകൊണ്ട്, സ്ഥാനമാനങ്ങള്‍ കൈക്കലാക്കുന്നതിനുളള കറകളഞ്ഞ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് അക്കാലത്ത് നടന്നത്. അതിനു വേണ്ടി പാര്‍ട്ടി സംഘടനാവേദികളില്‍ മാത്രമല്ല, മാധ്യമങ്ങള്‍ അടക്കമുളള ബാഹ്യശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് ഹീനമായ വ്യക്തിഹത്യയിലൂന്നിയ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറിയത്. ഇതിനെല്ലാം സജീവ പങ്കാളിയായിരുന്നു ചന്ദ്രശേഖരന്‍.

 ഇക്കൂട്ടരില്‍ ഹരിഹരനെപ്പോലുളളവരെല്ലാം നേരത്തെ തന്നെ പാര്‍ട്ടിയോടു വിട പറഞ്ഞു. മഹാഭൂരിപക്ഷം പേരും തെറ്റുതിരുത്തി പാര്‍ട്ടിയോടൊപ്പം നിലയുറപ്പിച്ചു. എന്നാല്‍ ചന്ദ്രശേഖരനെപ്പോലെയുളളവര്‍ 2004നു ശേഷവും കുറേക്കാലം കൂടി തെറ്റായ പാതയില്‍ ഉറച്ചുനിന്ന്, പിന്നീടു പുറത്തുപോയി.

എന്താണ് 2008 ജൂലൈയുടെ പ്രത്യേകത? 2012 മെയ് 16ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.
'2008ലാണ് ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി പി ചന്ദ്രശേഖരന്‍, ഒരു പറ്റം പ്രവര്‍ത്തകരെയും ചേര്‍ത്ത് പാര്‍ട്ടി വിട്ടത്.  ഒഞ്ചിയം ഏരിയയിലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് എല്‍ഡിഎഫ് കൈക്കൊണ്ട തീരുമാനപ്രകാരം രണ്ടരക്കൊല്ലത്തിനു ശേഷം ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളുടെ പ്രസിഡന്റു സ്ഥാനം സിപിഐഎമ്മും ജനതാദളും പരസ്പരം മാറണമെന്നായിരുന്നു. പിന്നീട് പാര്‍ട്ടിവിട്ട വേണുവായിരുന്നു ഏറാമല പഞ്ചായത്തിന്റെ 2005 മുതലുളള പ്രസിഡന്റ്. അതു മാറുന്നതിനോടുളള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ഇവര്‍ ഒരുപറ്റം സഖാക്കളെ കൂടെ നിര്‍ത്തിയത്. മുന്നണി മര്യാദയുടെ ലംഘനത്തിന് പാര്‍ട്ടി ജില്ലാ നേതൃത്വം തയ്യാറാകാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയത്'.
കേവലം ഒരു പഞ്ചായത്തു പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ചതിനെയാണ് മഹത്തായ ഉള്‍പ്പാര്‍ട്ടി സമരമായി പിന്നീട് ചിത്രീകരിച്ചത്.

ദേശീയ - കേരള രാഷ്ട്രീയം

സിപിഐഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവും പ്രധാന രാഷ്ട്രീയപ്രവണതകളെ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ ഭരണപ്പാര്‍ട്ടിയായ കോണ്‍ഗ്രസ് അഴിമതി മൂലവും നിയോലിബറല്‍ നയങ്ങള്‍ക്കെതിരെയുളള ജനരോഷം മൂലവും ഇതുപോലെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട കാലം ഉണ്ടായിട്ടില്ല. എന്നാല്‍ ബിജെപിയ്ക്ക് ഈ വിടവിലേയ്ക്കു കയറാനും കഴിയുന്നില്ല. അന്തച്ഛിദ്രവും അഴിമതിയും അവരെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. വ്യത്യസ്തമായ ഒരു നയപരിപാടിയും ജനങ്ങളുടെ മുന്നില്‍ വെയ്ക്കാന്‍ ബിജെപിയ്ക്ക് ആവുന്നില്ല. ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളില്‍ നിന്നു കരകയറി തനതായ ശക്തി സംഭരിച്ച് ദേശീയ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാനുളള കരുത്തുനേടുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് - കോണ്‍ഗ്രസ് ബന്ധം തകര്‍ന്നതും മമതാ ബാനര്‍ജിയുടെ ലക്കുകെട്ട നടപടികളും ബംഗാളിലെ സാഹചര്യത്തിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. ദൗര്‍ബല്യങ്ങള്‍ തിരുത്തുന്നതിന് പാര്‍ട്ടിയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രണബ് മുഖര്‍ജിയുടെ ലോകസഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ചെറിയ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയ പ്രീണന നയങ്ങളും അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു. ജനവിരുദ്ധ നയങ്ങള്‍ വിപുലമായ ജനവിഭാഗങ്ങളെ പ്രതിഷേധത്തിലും സമരത്തിലും അണിനിരത്തുന്നു. ഈ അനുകൂലമായ സാഹചര്യമുണ്ടായെങ്കിലും ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച പ്രചാരണത്തിലൂടെ സിപിഐഎമ്മിന് തിരിച്ചടി നല്‍കാം എന്നാണ് ആര്‍എംപിയും യുഡിഎഫും കരുതുന്നത്. കെ. എസ്. ഹരിഹരന്റെ പ്രതീക്ഷ അതാണ്.
'മെയ് നാലിനുശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തില്‍ സംഭവിച്ചിട്ടുള്ള പരിവര്‍ത്തനങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. നെയ്യാറ്റിന്‍കരയില്‍ ഒരു കൊല്ലം മുമ്പ് എല്‍.ഡി.എഫിനുവേണ്ടി മത്സരിച്ചു വിജയിച്ച ആര്‍. ശെല്‍വരാജ് മുന്നണിയും പാര്‍ട്ടിയും മാറി ജനകീയകോടതിയില്‍ നിന്ന് സമ്മതം തേടി യു.ഡി.എഫിന്റെ എം.എല്‍.എയായി'.
ഇനിയും ഇനി നില തന്നെ തുടരുമെന്നാണ് യുഡിഎഫിന്റെയും ആര്‍എംപിയുടെയും പ്രതീക്ഷ.
ഈ വ്യാമോഹം പൂവണിയാന്‍ പോകുന്നില്ല. സിപിഐഎമ്മിന്റെ പാരമ്പര്യം സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കു നന്നായി അറിയാം. രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി വ്യക്തിഭീകര പ്രവര്‍ത്തനം നടത്തുന്നതില്‍ തെറ്റില്ല എന്നു വാദിച്ച കെ. വേണുവിനെപ്പോലുളളവരെ പുറത്താക്കിയ പാരമ്പര്യമാണ് പാര്‍ട്ടിയ്ക്കുളളത്. പാര്‍ട്ടിവിട്ടവരോ പുറത്താക്കപ്പെട്ടവരോ ആയ നേതാക്കളടക്കമുളളവര്‍ക്ക് ഒന്നും കേരളത്തില്‍ സംഭവിച്ചിട്ടില്ല.

ടി പി ചന്ദ്രശേഖരന്‍ വധവുമായി ഏതെങ്കിലും പ്രാദേശിക തലത്തില്‍ ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ദുഷ്പ്രചരണങ്ങളിലൂടെ താല്‍ക്കാലികമായി ജനങ്ങളെ വിഭ്രമിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ആത്യന്തികമായി കേരളത്തിലെ ജനങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റം, പൊതുവിതരണം, തൊഴിലില്ലായ്മ തുടങ്ങിയ ജീവിതപ്രശ്‌നങ്ങളെ ആസ്പദമാക്കിയായിരിക്കും നിലപാടു സ്വീകരിക്കുന്നത്.

ഇവിടെയാണ് ആര്‍എംപിയുടെയും ഇടതു ഏകോപനസമിതിയുടെയുമെല്ലാം വിലയിരുത്തലുകള്‍ പാളുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ സംബന്ധിച്ച് എന്തു സമരമാണ് സിപിഐഎം നടത്തുന്നത് എന്നും മറ്റുമുളള പൊളളച്ചോദ്യങ്ങള്‍ക്ക് ഇന്നു നടന്നുകൊണ്ടിരിക്കുന്നതും നടക്കാന്‍ പോകുന്നതുമായ സമരങ്ങളെ വിലയിരുത്തിയാല്‍ ഉത്തരം ലഭിക്കും.

ഡിസംബര്‍ ഒന്നിന് അടുക്കള പൂട്ടാതിരിക്കാന്‍ വേണ്ടി തെരുവില്‍ അടുപ്പുകൂട്ടാന്‍ ലക്ഷങ്ങളാണ് അണിനിരക്കുന്നത്. ചില്ലറ വില്‍പന മേഖലയിലേയ്ക്ക് വിദേശ കമ്പനികള്‍ കടന്നുവരുന്നതിനെതിരെയുളള പ്രക്ഷോഭത്തിന് കേരളത്തിലെ ഇടതുപക്ഷമാണ് മുന്‍കൈയെടുക്കുന്നത്. വിലക്കയറ്റത്തിനും പെട്രോള്‍ ബസ് ചാര്‍ജന വര്‍ദ്ധനയ്‌ക്കെതിരെയുമുളള പ്രക്ഷോഭം ആരാണ് നടത്തിയത്? ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടിയുളള ദേശീയ പ്രക്ഷോഭം ആരാണ് നടത്തുന്നത്? ജനുവരി ഒന്നു മുതല്‍ ഭൂപരിഷ്‌കരണം സംരക്ഷിക്കുന്നതിനും ഭൂനിയമത്തെ അട്ടിമറിക്കുന്നതിനെതിരെയുമുളള പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിന് പേര്‍ അറസ്റ്റുവരിക്കുകയും ജയിലില്‍ പോവുകയും ചെയ്യും.

തൊഴില്‍സംരക്ഷണത്തിനു വേണ്ടി പരമ്പരാഗതമേഖല സമരരംഗത്താണ്. ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്കു നീങ്ങുന്നു. ഇതിനെല്ലാം മകുടം ചാര്‍ത്തുന്നതിന് ദേശവ്യാപകമായി 48 മണിക്കൂര്‍ സമരം വരാന്‍ പോകുന്നു. ഈ സമരവേലിയേറ്റമായിരിക്കും, കേരളത്തിലെ രാഷ്ട്രീയഗതി നിര്‍ണയിക്കുന്നത് എന്ന് മുന്‍കമ്മ്യൂണിസ്റ്റുകാരെങ്കിലും മനസിലാക്കേണ്ടതാണ്.

കോണ്‍ഗ്രസും ബിജെപിയുമല്ലാത്ത മതേതര പാര്‍ട്ടികള്‍ അടങ്ങുന്ന ഏതെങ്കിലുമൊരു മൂന്നാം മുന്നണി തട്ടിക്കൂട്ടുന്നതിനല്ല, മറിച്ച് ബഹുജന പ്രക്ഷോഭങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും തനത് രാഷ്ട്രീയ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രക്ഷോഭസമരങ്ങളിലൂടെ ശക്തിപ്പെടുന്ന ഇടതുപക്ഷത്തിന്, കുഴഞ്ഞു മറിഞ്ഞ ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയും. ഇത്തരത്തില്‍ മാത്രമേ, അമേരിക്കന്‍ കുതന്ത്രങ്ങളെ പ്രതിരോധിക്കുന്നതിനും നിയോലിബറല്‍ നയങ്ങള്‍ക്കെതിരെയുളള ബദല്‍ ഉയര്‍ത്തുന്നതിനും കഴിയൂ. എന്നാല്‍ ആര്‍എംപി പോലുളളവരുടെ രാഷ്ട്രീയം ഇന്ന് ഇടതുപക്ഷത്തെ എങ്ങനെ ദുര്‍ബലപ്പെടുത്താം എന്നതിലേയ്ക്കു ചുരുങ്ങിയിരിക്കുകയാണ്. ഭരണവര്‍ഗ താല്‍പര്യങ്ങളുടെ കുഴലൂത്തുകാരായി മാറുകയാണ്.

വര്‍ഗീയതയും ഇടതുപക്ഷവും


ആരെയെങ്കിലും കൂട്ടുപിടിച്ച് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഒരു നീക്കത്തിനും പാര്‍ട്ടിയില്ല. പ്രക്ഷോഭസമരങ്ങളിലൂടെ ജനങ്ങളുടെ രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, അധികാരമേറുന്നതിനു വേണ്ടി വര്‍ഗീയതയെ ഉപയോഗപ്പെടുത്താനുളള പരിശ്രമമാണ് സിപിഐഎം നടത്തുന്നത് എന്ന വിമര്‍ശനമാണ് ആര്‍എംപി ഉന്നയിക്കുന്നത്.

'ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളില്‍ ബി.ജെ.പിയുടെ താമരവിരിഞ്ഞു എന്ന വിസ്മയവും ദൃശ്യമായി. ചന്ദ്രശേഖരന്റെ കൊലപാതകം പ്രചാരണ വിഷയമാക്കുന്നതില്‍ സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും ഉള്ള അതേ അസ്വസ്ഥത അവിടെ ബി.ജെ.പിയും പ്രകടിപ്പിച്ചു എന്നതാണ് രാഷ്ട്രീയമായ അത്ഭുതം ……… ഇനി കേരളത്തില്‍ സി.പി.ഐ.എമ്മുമായി ശത്രുതവേണ്ട എന്ന സമര്‍ത്ഥമായ ഒരടവുനയത്തിലേക്ക് ബി.ജെ.പി എത്തിച്ചേര്‍ന്നുവോ എന്ന് ആരെയും ചിന്തിപ്പിക്കുന്നതാണ് ഈ വിലപിടിപ്പുള്ള മൗനം'.

'ഇതേ സ്ഥിതി യു.ഡി.എഫിലെ മുസ്‌ലീം ലീഗടക്കമുള്ള ചില കക്ഷികള്‍ക്കും ബാധകമാണ്. അവരും അടവുനയത്തിന്റെ ഗുണഭോക്താക്കള്‍ തന്നെയാണല്ലോ. ഇതിനര്‍ത്ഥം മുന്നണികളുടെ വേര്‍തിരിവുകളെയും പാര്‍ട്ടി താല്‍പര്യങ്ങളെയുമൊക്കെ അപ്രസക്തമാക്കുന്ന ഒരു ഒത്തുതീര്‍പ്പ് സാമ്പത്തികമണ്ഡലത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ്. റിയല്‍ എക്‌സ്‌റ്റേറ്റ്, ബാര്‍ഹോട്ടലുകള്‍, ഇടത്തരം വ്യവസായങ്ങള്‍ വിവിധ മാഫിയാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനമേഖലകളില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വവും പ്രാദേശികഘടകങ്ങളും ഒത്തുതീര്‍പ്പുണ്ടാക്കി കഴിഞ്ഞിരിക്കുന്നു. ഈ ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയമായ പ്രയോഗമാണ് മാഫിയാരാഷ്ട്രീയത്തിന്റെ നരബലിയായിത്തീര്‍ന്ന ടി.പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തോടു പുലര്‍ത്തുന്ന മൗനം'.
ബിജെപിയുടെയും ലീഗിന്റെയും വര്‍ഗീയ നയങ്ങള്‍ക്കെതിരായ രാഷ്ട്രീയമാണ് സിപിഐഎം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ സിപിഐഎമ്മിനെ തകര്‍ക്കുന്നതിനു വേണ്ടി ലീഗും ബിജെപിയും സഹകരിച്ചിട്ടുളള സന്ദര്‍ഭങ്ങളും കേരള രാഷ്ട്രീയത്തിലുണ്ട്. ഈ കോ-ലീ-ബി സഖ്യം കേരളത്തില്‍ വിലപ്പോയിട്ടില്ല. ബിജെപിയാകട്ടെ, ഇതുവരെയുളള ഏതാണ്ട് എല്ലാ തിരഞ്ഞെടുപ്പിലും സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടുവില്‍ക്കുന്ന സമീപനവും കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ പേരുദോഷം ബിജെപിയ്ക്കു പോലും നിഷേധിക്കാനാവില്ല.

അത്തരമൊരു സമീപനം തങ്ങളുടെ ഇന്നത്തെ താല്‍പര്യങ്ങള്‍ക്കു ഗുണകരമല്ലെന്നും യുഡിഎഫിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ലീഗിന്റെ വര്‍ഗീയ അതിപ്രസരത്തോടു പ്രതികരിക്കുന്ന ഹിന്ദു വോട്ടുകളെ വര്‍ഗീയാടിസ്ഥാനത്തില്‍ എങ്ങനെ സമാഹരിക്കാം എന്ന് ബിജെപി കണക്കുകൂട്ടിയാല്‍ അത് സിപിഐഎം ബാന്ധവമാകുന്നതെങ്ങനെ?
ഒരു ആശയക്കുഴപ്പവും വേണ്ട. ബിജെപിയുമായോ ലീഗുമായോ ഒരു ബാന്ധവവും സിപിഐഎമ്മിനില്ല. യുഡിഎഫിന്റെ ലീഗ് പ്രീണനനയത്തെ മതനിരപേക്ഷ നിലപാടില്‍ നിന്നുകൊണ്ടാണ് സിപിഐഎം എതിര്‍ക്കുന്നത്.

ഏതെങ്കിലും തരത്തില്‍ ഹിന്ദുവര്‍ഗീയതയെ പ്രീണിപ്പിച്ചുകൊണ്ടല്ല. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം ജനങ്ങളുമടക്കം ഈ മതനിരപേക്ഷവേദിയില്‍ അണിനിരത്താനാണ് സിപിഐഎം ശ്രമിക്കുന്നത്. എന്തൊരു വിചിത്രമായ വാദങ്ങളാണ് ഹരിഹരനും കൂട്ടരും വെയ്ക്കുന്നത്? കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിക്ഷിപ്തതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു കൂട്ടുകെട്ട് കേരളത്തില്‍ രൂപപ്പെട്ടിരിക്കുകയാണത്രേ, ബിജെപിയും സിപിഐഎമ്മും ലീഗുമൊക്കെ അടങ്ങുന്ന കൂട്ടുകെട്ട്. ഹോ. എന്തൊരു ഭാവന.

വിമോചനസമരകാലത്തെ കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രചാരണത്തോട് മാത്രം ഉപമിക്കാന്‍ കഴിയുന്ന വിരുദ്ധ പ്രചാരവേലയാണ് ഇന്നു കേരളത്തില്‍ നടക്കുന്നത്. അന്നത്തേതില്‍നിന്നു വ്യത്യസ്തമായി ഇടതുപക്ഷ മുഖംമൂടിയണിഞ്ഞാണ് ഇന്നത്തെ പ്രചാരവേല. ലക്ഷ്യവും ശൈലിയുമെല്ലാം പഴയതു തന്നെ. അവയെല്ലാം അതിജീവിച്ച ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സിപിഐഎമ്മിന് ഒരു സംശയവുമില്ല. (അവസാനിച്ചു)

എന്താണ് ആര്‍എംപിയുടെ രാഷ്ട്രീയം?


കെ. വേണു, ജെ. രഘു, സി. ആര്‍. നീലകണ്ഠന്‍ തുടങ്ങിയവര്‍ക്കെല്ലാം പൊതുവായി ഒന്നുണ്ട്. അവരാരും കമ്മ്യൂണിസ്റ്റുകാരാണെന്ന് ഇന്ന് അവകാശപ്പെടുന്നില്ല. ഒട്ടെല്ലാ മുന്‍കമ്മ്യൂണിസ്റ്റുകാരുമെത്തിച്ചേരുന്നതു പോലെ വിരുദ്ധന്മാരുടെ പാളയത്തിലാണ് ഇവരും എത്തിച്ചേര്‍ന്നിട്ടുളളത്. സിപിഐഎമ്മില്‍ നിന്നും പുറത്തുപോയ എം വി രാഘവന്‍, ഗൗരിയമ്മ, വി. ബി. ചെറിയാനെപ്പോലുളള സേവ് സിപിഐഎം ഫോറക്കാര്‍, എം. ആര്‍. മുരളിയെപ്പോലുളള ഇടതുപക്ഷ ഏകോപന സമിതിക്കാര്‍ എന്നിങ്ങനെ ഏതാണ്ടെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് യുഡിഎഫിന്റെ കൂടാരത്തിലാണ് രാഷ്ട്രീയാഭയം കണ്ടെത്തിയത്.

സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആര്‍എംപിക്കാരുടെയും വഴി അതുതന്നെയായിരുന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രത്യക്ഷമായ പിന്തുണയോടെ അവര്‍ നടത്തിയ രാഷ്ട്രീയനീക്കം ഇതിനു മുമ്പൊരു ലക്കത്തില്‍ വിശദമായി എഴുതിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വലതുപക്ഷത്തെയാണ് ആര്‍എംപി സഹായിക്കുന്നത് എന്നു തിരിച്ചറിഞ്ഞ ആര്‍എംപിയുടെ അണികളില്‍ നല്ലൊരുപങ്കും സിപിഐഎമ്മിലേയ്ക്കു തന്നെ മടങ്ങിയെത്തിയത് അവരുടെ നേതാക്കളെ ആശയക്കുഴപ്പിലാക്കി.

ആ ഒഴുക്കു തടയാന്‍ തങ്ങളാണ് യഥാര്‍ത്ഥ സിപിഐഎമ്മെന്നും കോണ്‍ഗ്രസുമായോ ബിജെപിയുമായോ തങ്ങള്‍ക്കു ബന്ധമൊന്നുമില്ലെന്നും പലപ്പോഴായി ആര്‍എംപി അവകാശപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ചേരാതെ ആര്‍എംപിക്കാര്‍ തനിച്ചു മത്സരിക്കുകയും അവര്‍ ഭിന്നിപ്പിച്ച ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് ഒരു കാരണമായി.

പ്രത്യക്ഷമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാതിരിക്കുകയും അതേസമയം സിപിഐഎമ്മിനും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ഹീനമായ അപവാദപ്രചരണം നടത്തുകയും ചെയ്യുകയായിരുന്നു ആര്‍എംപിയില്‍ അര്‍പ്പിക്കപ്പെട്ട നിയോഗം. ആ നുണ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പാര്‍ട്ടി ബന്ധുക്കളുടെയും അണികളുടെയും വോട്ടുബാങ്കായി ആര്‍എംപിയെ നിലനിര്‍ത്തിയാല്‍ ചില പ്രദേശങ്ങളില്‍ സിപിഐഎമ്മിനെ ദുര്‍ബലമാക്കാമെന്നാണ് ഈ തന്ത്രത്തിനു ചുക്കാന്‍ പിടിച്ചവര്‍ കരുതിയിരുന്നത്. ഈ ലക്ഷ്യം നേടാന്‍ വേണ്ടിയുളള അതിവിപ്ലവവായാടിത്തമാണ് ആര്‍എംപിയുടെ പ്രത്യയശാസ്ത്രമായി അവതരിപ്പിക്കപ്പെട്ടത്. തങ്ങളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ് അവരുടെ അവകാശവാദം. 1964ല്‍ സിപിഐഎം രൂപീകരിച്ചപ്പോള്‍ അംഗീകരിച്ച പാര്‍ട്ടി പരിപാടി അതേപടി ഉയര്‍ത്തിപ്പിടിക്കുന്നവരാണ് തങ്ങള്‍. സിപിഐഎം ആ പരിപാടി ഉപേക്ഷിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായി മാറിക്കഴിഞ്ഞു എന്നാണ് അവരുടെ വിമര്‍ശനം.

1964-ലെ പാര്‍ട്ടി പരിപാടി കാലോചിതമാക്കല്‍
ഇടതുപക്ഷം എന്ന മാസികയില്‍ 2012 ജനുവരിയില്‍ ചന്ദ്രശേഖരന്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.
 'സി.പി.ഐ.എം. 1964ല്‍ അംഗീകരിച്ച ജനകീയ ജനാധിപത്യ വിപ്ലവപരിപാടിയില്‍ 2000ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് വരുത്തിയ ഭേദഗതികള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉന്‍മൂലനം ചെയ്യാനുള്ള ആസൂത്രിതഗൂഡാലോചനകള്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. ജനകീയ ജനാധിപത്യഭരണം നിലവില്‍ വന്നാല്‍ വിദേശ ഫിനാന്‍സ് മൂലധനം കണ്ടുകെട്ടുമെന്ന് 1964ലെ പരിപാടിയില്‍ നിസ്സംശയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2000ലെ ഭേദഗതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിദേശ ഫിനാന്‍സ് മൂലധനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രതിഫലമില്ലാതെ ജന്മിത്വം അവസാനിപ്പിക്കുമെന്ന കാഴ്ചപ്പാട് പാര്‍ട്ടി പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ജനകീയ ജനാധിപത്യ ഭരണക്രമത്തില്‍ വിദ്യാഭ്യാസം പൊതു ഉടമസ്ഥതയിലായിരിക്കുമെന്ന വ്യവസ്ഥ പിന്‍വലിക്കുകയും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്ന ഒഴുക്കന്‍ ഭേദഗതി കൂട്ടിചേര്‍ക്കുകയും ചെയ്തതോടുകൂടി പരിപാടി ഭേദഗതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമായിരുന്നു. ഒരു വിപ്ലവ പാര്‍ട്ടിയില്‍ നിന്ന് സോഷ്യല്‍ ഡെമോക്രാറ്റ്ക്ക് പാര്‍ട്ടിയായും പിന്നെ പ്രത്യക്ഷ വലതുപക്ഷമായും രൂപമാറ്റം വന്ന സി.പി.ഐ.എമ്മിന്റെ പരിവര്‍ത്തനപ്രക്രിയയുടെ രേഖാസാക്ഷ്യം തന്നെയായിരുന്നു 2000ലെ ഭേദഗതി. വിദേശഫിനാന്‍സ് മൂലധനശക്തികള്‍ക്കും, ഭൂപ്രഭുത്വത്തിനും, മറ്റ് കമ്പോളശക്തികള്‍ക്കും ഇളവും അയവും നല്‍കി കഴിയുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്ത് വിപ്ലവകരമായ കടമയാണ് ഈ സമൂഹത്തില്‍ പിന്നെ നിറവേറ്റാനുള്ളത് എന്ന ചോദ്യം അവശേഷിക്കുകയാണ്'.

2000-ത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ വെച്ചാണ് 1964-ലെ പാര്‍ടി പരിപാടി കാലോചിതമാക്കിയത്. അതിനു മുമ്പ് ഈ മാറ്റങ്ങള്‍ സംബന്ധിച്ചുളള കരടുരേഖ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്യുകയും അഭിപ്രായങ്ങളും ഭേദഗതികളും ആരായുകയും ചെയ്തിരുന്നു. അക്കാലത്ത് ചന്ദ്രശേഖരനോ അതുപോലുളള ആരെങ്കിലുമോ എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ചതായി അറിവില്ല. ഏതായാലും ഭേദഗതികളൊന്നും നല്‍കിയിരുന്നില്ല എന്നത് തീര്‍ച്ചയാണ്. വി. ബി. ചെറിയാനെപ്പോലുളളവര്‍ അന്നുതന്നെ ഇന്ന് ആര്‍എംപിക്കാര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ പരസ്യമായി ഉന്നയിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ പാര്‍ട്ടിയില്‍ ഒരു ഘടകവും അവരോടു കൂട്ടുചേരാന്‍ തയ്യാറായില്ല. എന്നാല്‍ അതിനുശേഷം പാര്‍ട്ടി വിട്ടവരൊക്കെ 1964-ലെ പരിപാടി സനാതനമായ ഒന്നാണെന്നും അതു കാലോചിതമാക്കിയതിലൂടെ കൊടിയവഞ്ചനയാണ് സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വം ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തോടു ചെയ്തതെന്നുമുളള പ്രചാരവേലയാണ് നടത്തിയത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആര്‍എംപിക്കാര്‍.

1964ല്‍ നിന്ന് തികച്ചും വിഭിന്നമായ ഒരു അന്തര്‍ദ്ദേശീയ, ദേശീയ സാഹചര്യമാണ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ രൂപം കൊണ്ടത്. 1964ലെ പാര്‍ട്ടി പരിപാടിയുടെ അന്തര്‍ദ്ദേശീയ കാഴ്ചപ്പാട് സുശക്തവും നിരന്തരം വികസിച്ചു വരുന്നതുമായ സോഷ്യലിസ്റ്റ് ചേരിയും മുതലാളിത്തത്തിന്റെ പൊതുകുഴപ്പത്തിന്റെ കയങ്ങളിലേയ്ക്കു വഴുതിവീണു കൊണ്ടിരിക്കുന്ന സാമ്രാജ്യത്വവുമായിരുന്നു. ലോകരാഷ്ട്രീയ ബലാബലം സോഷ്യലിസത്തിന് അനുകൂലമായി മാറിക്കഴിഞ്ഞു എന്നതായിരുന്നു കാഴ്ചപ്പാട്. യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ച ഈ സ്ഥിതിവിശേഷത്തെ മാറ്റിമറിച്ചു. അമേരിക്കന്‍ സാമാജ്ര്യാധിപത്യത്തിലുളള ഒരു പുതിയ ലോകക്രമം രൂപം കൊണ്ടു. ഈ പുതിയ സ്ഥിതിവിശേഷത്തെയും അതിന്റെ കാരണങ്ങളെയും വിശകലനം ചെയ്തുകൊണ്ട് സിപിഐഎമ്മിന്റെ 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഒരു പ്രത്യയശാസ്ത്ര പ്രമേയം തയ്യാറാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 1964-ല്‍ തയ്യാറാക്കിയ പാര്‍ട്ടി പരിപാടി കാലോചിതമാക്കേണ്ടതുണ്ടെന്നും തീരുമാനിച്ചത്.

മാറിയ അന്തര്‍ദേശീയ - ദേശീയ സാഹചര്യങ്ങള്‍

1964ലെ പാര്‍ട്ടി പരിപാടിയുടെ ആദ്യത്തെ മൂന്ന് അധ്യായങ്ങളിലാണ് സമൂലമായ മാറ്റങ്ങള്‍ ഉണ്ടായത്. ആദ്യത്തെ അധ്യായം 'ഇന്ത്യ സ്വാതന്ത്ര്യം കൈവരിക്കുന്നു' എന്ന തലക്കെട്ടില്‍ സ്വാതന്ത്ര്യലബ്ധിയുടെ അന്തര്‍ദേശീയ - ദേശീയ സാഹചര്യം വിശദീകരിക്കുകയാണ്. ഇതിലെ പല വിശദാംശങ്ങള്‍ക്കും ഇന്നത്തെ സാഹചര്യത്തില്‍ വലിയ പ്രസക്തിയില്ല. അതുകൊണ്ട് കാലോചിതമായി പുതുക്കിയ പരിപാടിയില്‍ ആമുഖ അധ്യായമായി കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ഒരു ലഘുചരിത്രവിവരണമാണ് നല്‍കുന്നത്. സ്വാതന്ത്ര്യസമരത്തിനും ജനകീയ ജനാധിപത്യത്തിനുവേണ്ടിയുളള സമരങ്ങളില്‍ പാര്‍ട്ടിയുടെ പങ്കും സംഭാവനയുമാണ് പ്രതിപാദ്യവിഷയം.

കാലോചിതമാക്കിയ പരിപാടിയിലെ രണ്ടാമത്തെ അധ്യായം പുതിയതാണ്. ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ പരിണാമമാണ് ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. തിരിച്ചടിയേറ്റെങ്കിലും ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വിജയം ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രഗതിയെ എങ്ങനെ ഗാഢമായി സ്വാധീനിച്ചു എന്നു പരിശോധിക്കുന്നു. സാമ്രാജ്യത്വ ആഗോളവത്കരണ കാലഘട്ടത്തിലെ മുതലാളിത്തത്തെക്കുറിച്ചുളള വിശകലനവും ഈ അധ്യായത്തിലാണ്.

1964-ലെ പരിപാടിയില്‍ രണ്ടാമധ്യായം 'പാപ്പരായ മുതലാളിത്തമാര്‍ഗം കുത്തകകളുടെ വളര്‍ച്ചയിലേയ്ക്കും പുത്തന്‍ കോളനിവത്കരണത്തിന്റെ ആപത്തിലേയ്ക്കും നയിക്കുന്നു' എന്നതാണ്. മൂന്നാമത്തെ അധ്യായം 'ബൂര്‍ഷ്വാ കാര്‍ഷിക നയങ്ങളുടെ ബാലന്‍സ് ഷീറ്റാണ്'. ഈ രണ്ട് അധ്യായങ്ങളും സംയോജിപ്പിച്ച് 'സ്വാതന്ത്ര്യവും അതിനുശേഷവും' എന്ന ഒറ്റ അധ്യായമാക്കി പുതിയ പരിപാടിയില്‍ കൈകാര്യം ചെയ്യുന്നു.

1964ലെ പരിപാടിയില്‍ ഇന്ത്യയിലെ മുതലാളിത്ത വളര്‍ച്ചയുടെ സാധ്യതകളെ വളരെയേറെ പരിമിതമാക്കിയാണ് വിലയിരുത്തുന്നത്. എന്നാല്‍ വ്യവസായമേഖലയിലെയും കാര്‍ഷിക മേഖലയിലെയും സ്വാതന്ത്ര്യാനന്തകാലത്ത് ശക്തമായ മുതലാളിത്ത വളര്‍ച്ച ഉണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം. കാലോചിതമാക്കിയ പരിപാടി ഇതുള്‍ക്കൊളളുന്നുണ്ട്. മാത്രമല്ല, 1964ലെ പരിപാടിയില്‍ ആദ്യത്തെ ഒന്നരപ്പതിറ്റാണ്ടുകാലത്തെപ്പറ്റി മാത്രമേ പ്രതിപാദിക്കുന്നുളളൂ. എന്നാല്‍ കാലോചിതമാക്കപ്പെട്ട പരിപാടിയില്‍ ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗ ഭരണകൂടത്തിന്റെ സമകാലീന നിയോ ലിബറല്‍ വ്യവസായ കാര്‍ഷിക സാമ്പത്തിക നയങ്ങളെക്കൂടി വിലയിരുത്തുന്നുണ്ട്.
നാലാമധ്യായം വിദേശനയത്തെക്കുറിച്ചുളളതാണ്. ഇന്ത്യയുടെ വിദേശനയത്തിലെ പ്രവണതകളെ മൂന്നു ഘട്ടങ്ങളായി സംഗ്രഹിക്കുന്നു. അതില്‍ സമകാലീന പ്രവണതയായ ചേരിചേരാ വിദേശനയത്തിന്റെ തിരസ്‌കാരവും അമേരിക്കന്‍ പക്ഷത്തേയ്ക്കുളള നീക്കവും മൂന്നാമത്തെ ഘട്ടമായി വിശദീകരിക്കുന്നുണ്ട്.

മാറിയ അന്തര്‍ദേശീയ - ദേശീയ സ്ഥിതിഗതികളെക്കുറിച്ചുളള മേല്‍പ്പറഞ്ഞ വിലയിരുത്തലുകളൊന്നും തന്നെ ആര്‍എംപിയുടെ പ്രസിദ്ധീകരണങ്ങളില്‍ തളളിപ്പറഞ്ഞതായി കണ്ടിട്ടില്ല. എന്നാല്‍ ഈ മാറ്റങ്ങള്‍ ജനകീയ ജനാധിപത്യപരിപാടിയുടെ വിശദാംശങ്ങളില്‍പ്പോലും ഒരു സ്വാധീനവും ചെലുത്താന്‍ പാടില്ല എന്ന ശാഠ്യമാണ് അവര്‍ക്കുളളത്.

തുടര്‍ന്നുളള അധ്യായങ്ങളില്‍ ഇന്ത്യന്‍ വിപ്ലവത്തിന്റെ സ്വഭാവം, വിപ്ലവാനന്തരം നടപ്പാക്കുന്ന ജനകീയ ജനാധിപത്യ പരിപാടി, ഇതിനായി രൂപം നല്‍കേണ്ടതിനു രൂപം നല്‍കേണ്ട ജനകീയ ജനാധിപത്യ മുന്നണി, ഈ മുന്നണി കെട്ടിപ്പെടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പങ്ക് തുടങ്ങിയ കാര്യങ്ങളില്‍ 1964-ലെ പരിപാടിയില്‍ അടിസ്ഥാനപരമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാല്‍ ആര്‍എംപിക്കാരുടെ വിമര്‍ശനം ഇതുസംബന്ധിച്ച ധാരണകളെല്ലാം 2000-ല്‍ അട്ടിമറിക്കപ്പെട്ടുവെന്നാണ്. നേരത്തെ നല്‍കിയ ടി പി ചന്ദ്രശേഖരന്റെ പ്രസ്താവനയില്‍ ഇതിനു തെളിവായി മൂന്നു കാര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചിട്ടുളളത്. ഇവയില്‍ ജനകീയ ജനാധിപത്യ കാലഘട്ടത്തില്‍ വിദേശ മൂലധനത്തോട് സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് ആദ്യം പരിശോധിക്കാം.

ജനകീയ ജനാധിപത്യ കാലഘട്ടത്തില്‍ വിദേശ മൂലധനം

ജനകീയ ജനാധിപത്യവ്യവസ്ഥ നിലവില്‍ വന്നാല്‍ വിദേശ മൂലധനം കണ്ടുകെട്ടുമെന്ന് 1964ലെ പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞിരുന്നു എന്നതു ശരിയാണ്. എന്നാല്‍ ലോകസാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ ഇതിലൊരു ഭേദഗതി അനിവാര്യമാക്കി. ഈ മാറ്റങ്ങളെന്തെന്ന് പാര്‍ട്ടി പരിപാടിയുടെ ആമുഖാധ്യായങ്ങളിലും പ്രത്യയശാസ്ത്ര രേഖയിലും വിശദമാക്കുന്നുണ്ട്.

ഒന്നാമതായി പരിഗണിക്കേണ്ടത് ലെനിന്‍ വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍ ഇതുസംബന്ധിച്ച് സ്വീകരിച്ച നിലപാടാണ്. മുതലാളിത്ത വളര്‍ച്ചയില്‍ യൂറോപ്പില്‍ ഏറ്റവും പിന്നോക്കം നിന്ന രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ. എന്നാല്‍, വിപ്ലവം കഴിഞ്ഞുളള വര്‍ഷങ്ങളില്‍ ഉല്‍പാദനശക്തികളുടെ വളര്‍ച്ചയെക്കുറിച്ച് ശ്രദ്ധിക്കാന്‍ നേരം കിട്ടിയിരുന്നില്ല.

നിലനില്‍പ്പിനായുളള പോരാട്ടമായിരുന്നു. കമ്പോള നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ആഭ്യന്തരയുദ്ധകാലത്ത് കേന്ദ്രീകൃത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്പദ്ഘടന പ്രവര്‍ത്തിച്ചുവന്നത്. എല്ലാം പ്രതിവിപ്ലവത്തെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തിനു കീഴ്‌പ്പെടുത്തപ്പെട്ടു. ഈ യുദ്ധകാല കമ്മ്യൂണിസമാണ് യഥാര്‍ത്ഥ സോഷ്യലിസമെന്ന് വ്യാപകമായ തെറ്റിദ്ധാരണയുണ്ടായി. |

ന്യൂ എക്കണോമിക് പോളിസി അഥവാ പുതിയ സാമ്പത്തികപരിപാടി അവതരിപ്പിച്ചുകൊണ്ട്, ലെനിന്‍ ഈ ധാരണയെ തിരുത്തി. റഷ്യയുടെ പിന്നോക്കാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിവേഗം ഉല്‍പാദനശക്തികളെ വളര്‍ത്തിയെടുക്കുന്നതിന് സാമൂഹ്യനിയന്ത്രണത്തിനുളളില്‍ കമ്പോളത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും വ്യവസായമേഖലയില്‍ സ്വകാര്യനിക്ഷേപം അനുവദിക്കണമെന്ന് ലെനിന്‍ നിര്‍ദ്ദേശിച്ചു.

പാശ്ചാത്യരാജ്യങ്ങള്‍ സഹകരിക്കുകയാണെങ്കില്‍ വിദേശ മൂലധന നിക്ഷേപത്തെയും സ്വാഗതം ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയാധികാരത്തെയാണ് മുതലാളിത്തം സോഷ്യലിസ്റ്റ് വ്യവസ്ഥയെ അട്ടിമറിക്കില്ല എന്നതിന്റെ ഗ്യാരണ്ടിയായി ലെനിന്‍ കണ്ടത്.

ഇത്തരത്തിലുളള പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കവെയാണ് ലെനിന്റെ മരണമുണ്ടായത്. സ്റ്റാലിന്റെ കാലത്ത് പുത്തന്‍ സാമ്പത്തികനയം അവസാനിപ്പിച്ച് കൂട്ടുകൃഷിയിലേയ്ക്കും സമൂല ദേശസാല്‍ക്കരണത്തിലേയ്ക്കും സോവിയറ്റു യൂണിയന്‍ നീങ്ങി. ഒരുപക്ഷേ, അക്കാലത്ത് യൂറോപ്പില്‍ ഉരുണ്ടുകൂടിക്കൊണ്ടിരുന്ന യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഈ നടപടി അനിവാര്യമായിരുന്നിരിക്കണം.

രണ്ട്) സോവിയറ്റ് യൂണിയന്റെ പതനത്തിനു മുമ്പുതന്നെ ചൈന സോഷ്യലിസ്റ്റ് കമ്പോളവ്യവസ്ഥ എന്ന സങ്കല്‍പനത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയിരുന്നു. വിപ്ലവം കഴിഞ്ഞാല്‍ ഒറ്റയടിക്ക് സോഷ്യലിസത്തിലേയ്ക്കുളള പരിവര്‍ത്തനം നടക്കുകയില്ലെന്നും സാമാന്യം ദീര്‍ഘമായ ഒരു പരിവര്‍ത്തനകാലഘട്ടം അനിവാര്യമാണെന്നുമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. ചൈന സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയുടെ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്. ഈ ഘട്ടത്തിലെ മുഖ്യചുമതല ഉല്‍പാദനശക്തികളെ വളര്‍ത്തിയെടുക്കലാണ്.

മാവോയുടെ നയങ്ങള്‍ ഇതിനു സഹായകരമായിരുന്നില്ല. മാവോ ചിന്തയോടൊപ്പം ഡെങ് സിയാവോ പിങ്ങിന്റെ നയങ്ങളെയും ചൈന ഉയര്‍ത്തിപ്പിടിക്കുന്നു. ഈ കാഴ്ചപ്പാടു പ്രകാരം സോഷ്യലിസ്റ്റ് നിര്‍മ്മാണത്തിലെ പ്രാഥമികഘട്ടത്തില്‍ മുതലാളിമാര്‍ക്കു കൂടി പങ്കുണ്ട്. വിദേശ മൂലധനത്തെയും സ്വീകരിക്കേണ്ടിവരും. ഇത്തരത്തിലുളള പരിഷ്‌കാരങ്ങള്‍ വിസ്മയകരമായ നേട്ടമാണ് ചൈനയില്‍ സൃഷ്ടിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പത്തുശതമാനം വേഗതയില്‍ ചൈന വളര്‍ന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായി. ഉല്‍പാദനത്തിന്റെ ഉയര്‍ന്നതോതിലുളള സാമൂഹ്യവത്കരണത്തെ അടിസ്ഥാനമാക്കി മാത്രമേ സോഷ്യലിസം കെട്ടിപ്പെടുക്കാന്‍ കഴിയൂ.

ചൈന മാത്രമല്ല, ഏറ്റവും തീക്ഷ്ണമായ അമേരിക്കന്‍ വിരുദ്ധ വിമോചനസമരത്തിലൂടെ രൂപം കൊണ്ട വിയറ്റ്‌നാം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും സമാനമായ പരിഷ്‌കാരങ്ങള്‍ വിയറ്റ്‌നാമിലും നടപ്പാക്കുന്നുണ്ട്. ഇവിടെയും വിദേശമൂലധനം അനുവദനീയമാണ്. ക്യൂബയില്‍ ഇന്നും വിദേശമൂലധന നിക്ഷേപം ഇല്ല. ഇതിനുകാരണം ക്യൂബയുടെ നേരെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധമാണ്. ഈ ഉപരോധം അവസാനിപ്പിച്ച് മറ്റു രാജ്യങ്ങളുമായി സാമ്പത്തികബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണം എന്നുളളതാണ് ക്യൂബയുടെ ലക്ഷ്യം.

മൂന്ന്) ലോകരാഷ്ട്രീയത്തിലെ ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രം ലത്തീന്‍ അമേരിക്കയാണ്. ലത്തീന്‍ അമേരിക്കയിലെ ഒട്ടെല്ലാ രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകളിലൂടെ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍വരുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളിലും തുടര്‍ഭരണവും അവര്‍ നേടുകയുണ്ടായി. ഈ രാജ്യങ്ങളിലെ ഇടതുപക്ഷ ജനാധിപത്യ പാര്‍ട്ടികളുടെ കേന്ദ്ര മുദ്രാവാക്യം അമേരിക്കന്‍ വിരുദ്ധതയായിരുന്നു. പക്ഷേ, ഒരു രാജ്യം പോലും അമേരിക്ക അടക്കമുളള രാഷ്ട്രങ്ങളുമായുളള ബന്ധം വിച്ഛേദിക്കുന്നതിനോ വിദേശമൂലധനത്തെയാകെ കണ്ടുകെട്ടുന്നതിനോ തയ്യാറായിട്ടില്ല.

വെനിസ്വേല പോലുളള രാജ്യങ്ങള്‍ വിദേശ എണ്ണക്കമ്പനികളെ ദേശസാല്‍ക്കരിച്ചു. മറ്റു ചില രാജ്യങ്ങളില്‍ വിദേശ പ്ലാന്റേഷനുകള്‍ ദേശസാല്‍ക്കരിച്ചു. പക്ഷേ, വിദേശ മൂലധനത്തെ പൂര്‍ണമായും നിഷേധിക്കുക എന്ന നിലപാട് ഒരു രാജ്യത്തിനും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് ഇന്നത്തെ ആഗോളയാഥാര്‍ത്ഥ്യം.

തൊണ്ണൂറുകളില്‍ സോഷ്യലിസ്റ്റ് ചേരിക്കുണ്ടായ തകര്‍ച്ചയോടെ ആധുനിക സാങ്കേതിക വിദ്യ ലഭിക്കുന്നതിന് സോഷ്യലിസ്റ്റ് ചേരിയെ ആശ്രയിക്കാവുന്ന അവസ്ഥ ഇല്ലാതായി. എന്നു മാത്രമല്ല ശക്തമായ പേറ്റന്റ് നിയമം ലോകമെമ്പാടുമുളള രാജ്യങ്ങളില്‍ നിലവില്‍ വന്നതോടെ തൊണ്ണൂറു ശതമാനം സാങ്കേതികവിദ്യാ പേറ്റന്റുകളും വിദേശ കുത്തകകളുടെ കൈവശമാണ് എന്ന നിലയും വന്നുചേര്‍ന്നു. ജനകീയ ജനാധിപത്യത്തെ വികസിപ്പിക്കണമെങ്കില്‍ ഉല്‍പാദന ഉപാധികളെ നിരന്തരം നവീകരിച്ചു കൊണ്ടേയിരിക്കണം.

 ഉല്‍പാദന ഉപാധികളെ നവീകരിക്കാതെ, ഉയര്‍ന്ന ഉല്‍പാദന ബന്ധങ്ങളിലേയ്ക്ക് അതായത് സോഷ്യലിസത്തിലേയ്ക്കു വളരാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ സോഷ്യലിസത്തിന്റെ ആദ്യഘട്ടങ്ങളില്‍ വിദേശമൂലധനം മുഴുവന്‍ കണ്ടുകെട്ടുക പ്രായോഗികമല്ലെന്നും കര്‍ശനമായ നിയന്ത്രണങ്ങളോടെ വേണ്ടിവന്നാല്‍ ഉപയോഗപ്പെടുത്താമെന്നും പാര്‍ട്ടി ജനകീയ ജനാധിപത്യ പരിപാടിയില്‍ മാറ്റം വരുത്തിയത്.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...