About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Monday, December 10, 2012

അരിവേണോ കാശുവേണോ?


ധനവിചാരം (mathrubhumi, Dec 11, 2012)

'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍' എന്ന ജയറാം രമേശിന്റെ ഇമ്പമൂറുന്ന പരസ്യവാചകം കേട്ടപ്പോള്‍ കോണ്‍ഗ്രസ്സിന്റെ പഴയ മുദ്രാവാക്യങ്ങളാണ് ഞാന്‍ ഓര്‍ത്തത്. 1971-ല്‍ ഇന്ദിരാഗാന്ധിയുടെവക 'ഗരീബി ഹഠാവോ'. 1986-ല്‍ രാജീവ്ഗാന്ധി അതിനെ സംസ്‌കൃതീകരിച്ച് 'ഗരീബി ഉന്മൂലന്‍' എന്നാക്കി. 2006-ല്‍ മന്‍മോഹന്‍സിങ് 'ഗരീബീ ഹഠാവോ'യെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, ഈ മുദ്രാവാക്യങ്ങള്‍ക്കൊന്നും ദാരിദ്ര്യത്തിന്റെ ബാധയൊഴിപ്പിക്കാനായില്ല. പ്രതിദിനം രണ്ടുഡോളര്‍ വരുമാനംപോലുമില്ലാത്തവരുടെ എണ്ണം ഏതാണ്ട് 70 ശതമാനമാണ് ഇന്നും.

ആ സാഹചര്യത്തിലാണ് ഒരു പുതിയആശയത്തിന് ഉറവപൊട്ടിയത്. കോടിക്കണക്കിന് ദരിദ്രരെല്ലാം ബാങ്ക് അക്കൗണ്ട് എടുക്കുക. റേഷനരിക്കും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും നല്‍കുന്ന സബ്‌സിഡി നേരിട്ട് ആ അക്കൗണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും.

ഈ ആശയത്തിന്റെ പരസ്യവാചകമാണ് 'ആപ് കാ പൈസ, ആപ് കേ ഹാത്ത്' (നിങ്ങളുടെ കാശ് നിങ്ങളുടെ കൈയില്‍). ഇനി മുതല്‍ ആര്‍ക്കും റേഷനരി ഇല്ല. കമ്പോളവിലയ്ക്ക് അരി വാങ്ങണം. സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും. ചുരുക്കിപ്പറഞ്ഞാല്‍ പാവപ്പെട്ടവന്റെ റേഷനരിയിലും മടിശ്ശീലയിലും സര്‍ക്കാര്‍ പിടിമുറുക്കുകയാണ്. എന്നിട്ട് പറയുന്നു-'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍'.

2009-10ലെ സാമ്പത്തിക സര്‍വെയാണ് പുതിയ സമീപനത്തിന്റെ ആശയം പ്രഖ്യാപിച്ചത്. ''വിലകള്‍ കമ്പോളത്തിന്റെ പാട്ടിന് വിടുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് പാവപ്പെട്ട ഉപഭോക്താക്കളെ സഹായിക്കണമെങ്കില്‍ വില നിയന്ത്രിക്കാന്‍ ശ്രമിക്കാതെ നേരിട്ട് പാവങ്ങളെ സഹായിക്കാന്‍ ഇടപെടുകയാണ് ഏറ്റവും അഭികാമ്യം''. ഇതിന് ഏറ്റവുംനല്ല ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിച്ചത് റേഷന്‍സമ്പ്രദായമാണ്. റേഷനരി റേഷന്‍ കടക്കാര്‍ക്കാണല്ലോ ആദ്യം കൊടുക്കുന്നത്. അവരാണ് അത് പാവങ്ങള്‍ക്ക് വിതരണംചെയ്യുന്നത്. ഈ ഇടനിലക്കാരെ ഒഴിവാക്കി പണം നേരിട്ട് പാവപ്പെട്ടവര്‍ക്ക് എത്തിക്കുന്നതാണ് നല്ലതെന്ന് സാമ്പത്തികസര്‍വെ വിലയിരുത്തി. കിട്ടുന്ന പണംകൊണ്ട് റേഷനരി വാങ്ങണോ ബിരിയാണിയരി വാങ്ങണോ എന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ എന്ന് നിശ്ചയിച്ചു. ഹാ, ഉപഭോക്താവ് പരമാധികാരിയായി!

അരിക്കുപകരം പണം പദ്ധതി അങ്ങനെയാണ് ഉണ്ടായത്. ബാങ്കിലിടുന്ന പണം അരിക്കടയിലാണോ മദ്യഷാപ്പിലാണോ എത്തുന്നത് എന്നചോദ്യം പലരും ഉയര്‍ത്തിയിട്ടുണ്ട്. പാവങ്ങളുടെ വരുമാനത്തില്‍ നല്ലൊരുപങ്ക് മദ്യത്തിനുവേണ്ടിയാണ് ഇന്ന് ചെലവഴിക്കപ്പെടുന്നത്. പുരുഷന്മാരുടെ വരുമാനത്തിന്റെ കാര്യത്തില്‍ ഇത് പ്രസക്തമാണ്. വീട്ടിലെ ദാരിദ്ര്യം പുരുഷന്റെ മദ്യപാനത്തിന് തടസ്സമാകുന്നില്ല. ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി കിട്ടും എന്നുള്ളതുകൊണ്ട് കുടുംബം പട്ടിണിയില്ലാതെ കഴിയുന്നു. കാശായി കൊടുത്താല്‍ നല്ലപങ്ക് കുടുംബങ്ങളും പട്ടിണിയിലേക്ക് പോകും എന്നുറപ്പാണ്. അങ്ങനെ കമ്പോളം ശരിയായ ഉത്തരത്തില്‍ എത്തണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ തീരുമാനം കമ്പോളത്തിന് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ ഇടപെട്ടേ തീരൂ. സാമ്പത്തികശാസ്ത്രത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളെ 'മാര്‍ക്കറ്റ് ഫെയ്‌ലിയര്‍'അഥവാ കമ്പോളപരാജയം എന്നുവിളിക്കും.

പൊതുവിതരണത്തിന്റെ ലക്ഷ്യം വിലനിയന്ത്രണമാണ്. പൊതുവില എത്ര ഉയര്‍ന്നാലും റേഷന്‍വിലയില്‍ മാറ്റമുണ്ടാവില്ലല്ലോ. ഇത് പൊതുവിലയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍, ഇപ്രകാരം വില നിയന്ത്രിക്കേണ്ട ആവശ്യമില്ല എന്നാണല്ലോ എക്കണോമിക് സര്‍വെയുടെ നിലപാട്. വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ പാവങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ വിപരീതഫലമാണ് ഉണ്ടാക്കുക. പാവങ്ങളുടെ ക്രയശേഷി വര്‍ധിക്കുന്നത് കമ്പോളത്തില്‍ ധാന്യത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നു. വിലക്കയറ്റത്തിന് ആക്കം കൂടും. കാശായി സബ്‌സിഡി നല്‍കുന്നത് വിലക്കയറ്റത്തെ രൂക്ഷമാക്കുന്നു.

ഇപ്പോള്‍ ഒരു രൂപ കൊടുത്താല്‍ ഒരുകിലോ റേഷനരി കിട്ടും. എന്നാല്‍, ഇനിമേല്‍ 30-40 രൂപ കൊടുത്ത് അരി ആദ്യം വാങ്ങണം. ഇത്രയും പണം മുന്‍കൂറായി നല്‍കാന്‍ പാവപ്പെട്ടവരുടെ കൈവശം ഉണ്ടാകണമെന്നില്ല. മാത്രമല്ല, സര്‍ക്കാര്‍ സബ്‌സിഡി സമയത്തൊട്ട് കിട്ടാനും പോകുന്നില്ല. രാജസ്ഥാനില്‍ നടത്തിയ പരീക്ഷണം ഇതുകൊണ്ടാണ് പൊളിഞ്ഞത്. ഒരു വര്‍ഷമായി അവിടെ ചില ബ്ലോക്കുകളില്‍ അരിക്കുപകരം കാശാണ് കൊടുത്തുവരുന്നത്. ശരാശരി മൂന്നുമാസത്തെ കാശുമാത്രമേ ബാങ്ക് അക്കൗണ്ടുകളിലെത്തിയിട്ടുള്ളൂ. പാവപ്പെട്ടവര്‍ ഗോതമ്പുവാങ്ങല്‍ നിര്‍ത്തി. മറ്റുപലരും കടക്കെണിയിലുമായി.

റേഷന്‍ശൃംഖല ഇല്ലാതാകുമെന്നതാണ് കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രത്യാഘാതം. കാശായി വിതരണംചെയ്താലും റേഷന്‍കടകള്‍ നിലനിര്‍ത്തും എന്നുപറയുന്നത് അസംബന്ധമാണ്. എന്തിന് റേഷന്‍ കടകളില്‍നിന്ന് അരിവാങ്ങണം? എത്രയോ പതിറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്നതാണ് ഈ പൊതുവിതരണശൃംഖല. ഇല്ലാതാകുമ്പോഴേ അതിന്റെ വിലയറിയൂ. ഭാഗ്യത്തിന് കേരളസര്‍ക്കാര്‍ ഈ വര്‍ഷം ഈ ഭാഗ്യപരീക്ഷണം വേണ്ടെന്നുവെച്ചിരിക്കയാണ്.

റേഷന്‍ഷോപ്പുവഴി അരി വിതരണംചെയ്യുമ്പോള്‍ ചെലവാക്കേണ്ടിവരുന്ന സബ്‌സിഡിയാണല്ലോ കാശായി കൊടുക്കുന്നത്. പക്ഷേ, നാളെ അരിയുടെ വില പിന്നെയുമുയരുമ്പോള്‍ സബ്‌സിഡി ഉയര്‍ത്തുമോ? കൂട്ടാം, കൂട്ടാതിരിക്കാം. ഏതായാലും വില കയറിയിറങ്ങുന്നതിന് അനുസരിച്ച് സബ്‌സിഡി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക പ്രായോഗികമല്ല.

സര്‍ക്കാറിന്റെ ഉന്നം വളരെ വ്യക്തമാണ്. സബ്‌സിഡി കുറയ്ക്കണം. സബ്‌സിഡി ദേശീയവരുമാനത്തിന്റെ രണ്ടുശതമാനമായി നിജപ്പെടുത്തുമെന്ന് പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചശേഷമാണ് കാഷ് ട്രാന്‍സ്ഫര്‍ നിര്‍ദേശം ബജറ്റില്‍ വെച്ചത്. കാഷ്ട്രാന്‍സ്ഫറിലേക്ക് പോകുന്നതിന്റെ മുഖ്യഉദ്ദേശ്യമെന്തെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണല്ലോ. വില ഉയരുന്നതിനനുസരിച്ച് സബ്‌സിഡി ഉയര്‍ത്താന്‍ ഉദ്ദേശ്യമില്ല. അങ്ങനെ, കുറേക്കഴിയുമ്പോള്‍ സബ്‌സിഡി സ്വാഭാവികമായിത്തന്നെ ചുരുങ്ങും.

അരിക്കുപകരം കാശായി നല്‍കുന്നതിന്റെ ഫലമായി അഴിമതിയും സബ്‌സിഡിയുടെ ചോര്‍ച്ചയും തടയാമെന്നാണ് ഏറ്റവും ശക്തമായ മറുവാദം. എല്ലാവര്‍ക്കും റേഷനരി അനുവദിച്ചാല്‍ റേഷന്‍ വാങ്ങാത്തവരുടെ അരി മറിച്ചുവിറ്റ് റേഷന്‍കടക്കാര്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ കഴിയും. ഈ കള്ളത്തരത്തിന് കൂട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥരും മറ്റും കൈക്കൂലി വാങ്ങും. എന്നാല്‍ സബ്‌സിഡി കാശായി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമ്പോള്‍ ഇത്തരം വെട്ടിപ്പുകള്‍ പൂര്‍ണമായും തടയാം.

എലിയെ കൊല്ലാന്‍ ഇല്ലംചുടുന്നതുപോലെയാണ് ഇത്. റേഷന്‍സമ്പ്രദായത്തിലെ തട്ടിപ്പും വെട്ടിപ്പും തടയാനുള്ള മാര്‍ഗം അത് വേണ്ടെന്നുവെക്കലല്ല. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അഴിമതി തടയാന്‍ പോംവഴികളുമുണ്ട്. തുടര്‍ച്ചയായി അരി വാങ്ങാത്ത കുടുംബങ്ങളെ റേഷന്‍ലിസ്റ്റില്‍നിന്ന് മാറ്റാം. ആധാറും കമ്പ്യൂട്ടറൈസേഷനുമെല്ലാം നടപ്പാക്കിക്കൊണ്ടിരിക്കുകയാണല്ലോ. റേഷന്‍ വാങ്ങുമ്പോള്‍ വിരലടയാളം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കാം. അത് കമ്പ്യൂട്ടര്‍ വഴിയാണെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പമായി.

തൊഴിലുറപ്പിന്റെ കാര്യത്തിലെന്നപോലെ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ ആവശ്യമുള്ളവര്‍ക്കെല്ലാം സൗജന്യവിലയ്ക്ക് റേഷന്‍ നല്‍കാന്‍ തയ്യാറാകണം. ബി.പി.എല്ലിനുമാത്രമായി റേഷന്‍ പരിമിതപ്പെടുത്തുന്നത് ഭൂരിപക്ഷം പാവങ്ങളുടെയും സാമൂഹികസുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കുന്നു. ദാരിദ്ര്യരേഖ പട്ടിണിരേഖയാണ്. അതുകൊണ്ടാണ് കര്‍ഷകത്തൊഴിലാളികളില്‍ പകുതിപ്പേര്‍ എ.പി.എല്‍. വിഭാഗത്തില്‍പെടുന്നത്. മത്സ്യത്തൊഴിലാളികളില്‍ 40 ശതമാനം പേര്‍ എ.പി.എല്ലാണ്. എന്തിന് ആദിവാസികളില്‍ 20 ശതമാനം പേര്‍ എ.പി.എല്‍. പട്ടികയിലാണ്. ഒരേജോലിചെയ്യുന്ന കൂലിവേലക്കാരെ എ.പി.എല്ലും ബി.പി.എല്ലുമായി തരംതിരിക്കുന്നതിന്റെ യുക്തിയെന്ത്?

അരിക്കുപകരം കാശ് നല്‍കുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷ്യം സബ്‌സിഡി ബി.പി.എല്ലിനുമാത്രമായി പരിമിതപ്പെടുത്തുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നിയമത്തിനോടൊപ്പമാണ് ഇത്തരമൊരു സാമ്പത്തികപരിഷ്‌കാരം. എന്തൊരു വിരോധാഭാസമാണിത്!

കോടിക്കണക്കിന് കുടുംബങ്ങള്‍ ബാങ്കില്‍ അക്കൗണ്ടുതുടങ്ങിയാല്‍മാത്രം പോരല്ലോ. അവര്‍ക്ക് പണവും ലഭിക്കേണ്ടേ. ആറുലക്ഷം ആവാസകേന്ദ്രങ്ങളില്‍ കഷ്ടിച്ച് അഞ്ചുശതമാനം സ്ഥലങ്ങളിലേ ബാങ്ക് ബ്രാഞ്ചുകളുള്ളൂ. പണം വീട്ടിലെത്തിക്കാന്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഏജന്റുമാരെ നിശ്ചയിക്കാനാണുദ്ദേശ്യം. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയയിടത്തൊക്കെ അഴിമതിയും ക്രമക്കേടും മുഴച്ചുനിന്നെന്ന് റിസര്‍വ് ബാങ്കുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

റേഷന്‍, മണ്ണെണ്ണ, വളം എന്നിവയുടെ സബ്‌സിഡിയാണ് കാശായി നല്‍കുന്നതിനുവേണ്ടി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. അടുത്തഘട്ടത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതിനുപകരം അതിനുള്ള ധനസഹായം പാവങ്ങള്‍ക്ക് നേരിട്ടുനല്‍കാനാണത്രേ ഉദ്ദേശിക്കുന്നത്. ഏതുതരം ചികിത്സവേണം, വിദ്യാഭ്യാസം വേണം എന്നുള്ളത് ഗുണഭോക്താക്കള്‍തന്നെ നേരിട്ട് തീരുമാനിച്ചുകൊള്ളണം.

ബ്രസീലില്‍ ഇത്തരമൊരു പരിഷ്‌കാരം വിജയകരമായി നടപ്പാക്കിയെന്നാണ് ലോകബാങ്ക് വാദിക്കുന്നത്. ബ്രസീലിലെ കാഷ് ട്രാന്‍സ്ഫര്‍ സമ്പ്രദായത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍. വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളുടെ വിപുലീകരണത്തിന് ഇന്ത്യയെ അപേക്ഷിച്ച് ഭീമമായ മുതല്‍മുടക്ക് നടത്തിയ രാജ്യമാണ് ബ്രസീല്‍. അതുപയോഗപ്പെടുത്തുന്നതിന് പ്രോത്സാഹനമായിട്ടാണ് അവിടെ പാവങ്ങള്‍ക്ക് വേറിട്ട് ധനസഹായം നല്‍കിയത്. ആ ധനസഹായം ലഭിക്കണമെന്നുണ്ടെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ മിനിമം അറ്റന്‍ഡന്‍സ് ഉണ്ടാകണം, പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണം തുടങ്ങിയ കര്‍ശനമായ നിബന്ധനകളുണ്ട്. ലോകത്ത് ജനങ്ങളുടെ ആരോഗ്യച്ചെലവില്‍ ഏറ്റവും കുറവ് വിഹിതം സര്‍ക്കാര്‍ നേരിട്ടുവഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നോര്‍ക്കണം.

ഇന്ത്യ എട്ടുശതമാനം വളര്‍ച്ചയുടെ അഹങ്കാരത്തിലാണ്. പക്ഷേ, ജനങ്ങളുടെ ജീവിതനിലയെടുത്താല്‍ നാം അധോഗതിയിലാണ്. ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചികയില്‍ ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ 127-ല്‍നിന്ന് 134 ആയി താണു. സര്‍വശിക്ഷാ അഭിയാന്‍, തൊഴിലുറപ്പുപദ്ധതി എന്നിങ്ങനെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ അടങ്കല്‍ പലമടങ്ങ് ഉയര്‍ന്നിട്ടും ഇതാണ് സ്ഥിതി. കേന്ദ്രസര്‍ക്കാര്‍ മുടക്കുന്ന പണത്തിന്റെ ഗുണഫലം സാധാരണക്കാരുടെ കൈവശമെത്തുന്നില്ല.

ഇതിനുള്ള പോംവഴിയായിട്ടാണ് സര്‍ക്കാര്‍ വേണ്ട, സര്‍ക്കാറിതര സംഘടനകള്‍വഴി പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. സര്‍ക്കാറിനെപ്പോലെ സര്‍ക്കാറിതര സ്ഥാപനങ്ങളിലും നല്ലവരും ചീത്തകളുമുണ്ട്. പക്ഷേ, സര്‍ക്കാറില്‍നിന്ന് വ്യത്യസ്തമായി ഒരു നഷേ്ടാത്തരവാദിത്വവും ഇവര്‍ക്ക് സമൂഹത്തോടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാറും വേണ്ട, സര്‍ക്കാറിതരരും വേണ്ട കാശ് പാവങ്ങള്‍ക്ക് ഇനി നേരിട്ടുകൊടുക്കാം എന്ന ചിന്തവന്നത്. ഇവയല്ലാതെ മറ്റൊരു മാര്‍ഗവുംകൂടിയുണ്ട്. ഗാന്ധിജിയുടെ മാര്‍ഗം. ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന പഞ്ചായത്തീരാജ് സംവിധാനത്തെ ഭരണഘടന വിഭാവനംചെയ്യുന്നതുപ്രകാരം സ്വയംഭരണ പ്രാദേശിക സര്‍ക്കാറുകളാക്കി മാറ്റി ഈ സേവനങ്ങള്‍ അവവഴി ജനങ്ങളില്‍ എത്തിക്കുക. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ ചിന്ത കാശിന്റെ വഴിയിലൂടെയാണ്.

9 comments:

 1. I read your article, very nicely written. :) ..

  But I'm against the concept of subsidy no matter what? It makes people lazy. Only working professionals and some of the Govt. EEs are the only people who pay tax for their entire income.. Rikshaw-taxi drivers, daily wagers, construction industry workers .. they never pay tax... they haven't even saw a PAN card .... it's hard to believe that their monthly income is less than 1.8L per year... they don't pay taxes, money they have is black money... And by giving subsidy who's getting benefited? The poor doesn't, they'll stop working expecting subsidy money and all the pension each govt. created to get votes!! .. Recent studies said if 100rs spent on subsidies only less than 30 rs reach on the hands of the targeted people ... So stop subsidies, make the environment competitive enough, so that people will work better, live better resulting in an happy community.. The problem is not that we don't have enough jobs, the problem is people expect govt. to solve their personal issues, they think Govt. prints money out of the thin air.. it's our money that should have served a better purpose if it's spent on infrastructure development ..
  And I don't like the new way our govt. is distributing the subsidy .. that's more less like bribing the lower income vote bank.... even though it stops subsidy corruption!
  Whoever is going to stop giving subsidies, pensions like 'vidhava' 'thozhililayma vethanam', karshaka athmahathya amounts given to families are getting my vote

  ReplyDelete
 2. Government must give away with all sort of subsidies if they are really aiming for an open market and make the PDS stronger. Giving subsidies directly to the bank accounts is a good move provided the infrastrucre is in place which may eliminate the intermediaries in the process but how they will administer the given amounts are used for the intended purpose otherwise whats the basic intention of giving subsidies. I think in the long run India is moving closer to the social security system of US( may be the biggest scam in the history).

  ReplyDelete
 3. Government must give away with all sort of subsidies if they are really aiming for an open market and make the PDS stronger. Giving subsidies directly to the bank accounts is a good move provided the infrastrucre is in place which may eliminate the intermediaries in the process but how they will administer the given amounts are used for the intended purpose otherwise whats the basic intention of giving subsidies. I think in the long run India is moving closer to the social security system of US( may be the biggest scam in the history).

  ReplyDelete
 4. Sir,
  Is the English Versions of your articles available?
  I am from Hyderabad, i think these thoughts should be discussed here also.

  ReplyDelete
 5. Addyam Uyarnna Vilakku Purchase cheyyuka.Then Athinte Subsidy amount nammude Bankil GOVT.nikshepikkum,,,Enthoru Foolish idea aanithu...Ithu Paavangale kooduthal budhi muttikkaanaanu...Ningalude Nireekshan Is Really Great..

  ReplyDelete
 6. Great Observations and findings...Your are right..Ithu Paavanagel Help cheyyano,Corruption Thadayaano onnumalla...Subsidy Eduthu kalayaanulla Gooda lakhythode yullathu thanneyaanu...Corparatukalkku nikuthi ilavum,paavappettvanulla subsidy illathaakkalum...what foolish governance.Aarkkuvendiyaanennu ippol Manassilaayi..

  ReplyDelete
 7. സഖാവിന്റെ നിരീക്ഷണം നൂറു ശതമാനം ശരിയാണ്.

  ഡിമാൻഡ്-സപ്ലൈ- പ്രൈസിന്റെ സിമ്പിൾ കോറിലേഷൻ കൊണ്ടാകും സർക്കാരും മുതലാളിത്തവും ഇതിനു മറുപടി പറയാൻ പോകുന്നത്. എന്നു വെച്ചാൽ പണം കിട്ടുമ്പോൾ അവന്റെ ബയ്യിങ്ങ് പവർ കൂടും. അവൻ അരി വാങ്ങിക്കും. ഡിമിനിഷിങ്ങ് മാർജിനൽ യൂട്ടിലിറ്റിയുള്ള ഒരു വസ്തു എന്ന നിലയ്ക്ക് ക്രമേണെ അരിയുടെ ഉപഭോഗവും ഡിമാൻഡും കുറയും. സ്വാഭാവികമായി വില ആവശ്യവുമായി ബന്ധപ്പെടുത്തി നിയന്ത്രിക്കപ്പെടും.

  ഇത് വെറും ഏട്ടിലെ പശുവാണ്. പുല്ലു തിന്നുകയോ പാലു ചുരത്തുകയോ ഇല്ല. അരിയുടെ ഡിമാൻഡും സപ്ലൈയും തമ്മിലുള്ള ഗൾഫ് അത്ര വലുതാണെന്നതു തന്നെ കാര്യം. ചുരുക്കം പറഞ്ഞാൽ വില എന്നത് കമ്പോളം നിർണ്ണയിക്കും എന്ന ഒറ്റ പൊയിന്റ് അജണ്ടയായി കാര്യങ്ങൾ ചുരുങ്ങും.

  ഇനി അരിയ്ക്ക് കിട്ടുന്ന പണം ഗ്രഹനാഥൻ കള്ളു കുടിച്ചാലോ? സബ്സിഡിയുടെ ബനഫിറ്റ് നേരെ എത്തുക മല്യയുടെ പോക്കറ്റിലാണ്. ഗ്രഹനാഥന്മാരുടെ നടപ്പു ദോഷം എന്ന രീതിയിൽ കൈയ്യും കെട്ടി നോക്കി നിൽക്കാൻ സർക്കാരിനു കഴിയുമോ?

  അതേ സമയം നിലവിലെ സാർവത്രിക സബ്സിഡി പ്രകാരം ഒരു നിശ്ചിത അളവു ധാന്യം നിശ്ചിതമായ വിലയ്ക്ക് ലഭ്യമാണ്. ഇത് ധാന്യങ്ങളൂടെ പ്രാഥമിക ലഭ്യത ഉറപ്പാക്കുന്നു. ഈ ലഭ്യതയെ മറികടന്ന് ഡിമാൻഡ് ഉണ്ടാകണമെങ്കിൽ എല്ലാവരും തീറ്റ റപ്പായിമാരാകണം. അതു കൊണ്ട് തന്നെ കമ്പോളത്തിനു വിലയെ അനിയന്ത്രിതമായി ഉയർത്താൻ ആകില്ല. പൂഴ്ത്തി വെയ്പ്പു പോലും അവർക്ക് കാര്യമായി പ്രയോജനം ചെയ്യില്ല. സാധാരണക്കാരനാണെങ്കിൽ ജീവൻ നിലനിൽക്കാനുള്ള വറ്റെങ്കിലും ഉറപ്പാവുകയും ചെയ്യും.

  ഈ തീക്ഷ്ണമായ യാഥാർത്ഥയ്മ് എക്കണോമിക്സിന്റെ ജാർഗണുകൾ പൊട്ടിച്ച് സാധാരണക്കാരിൽ എത്തിക്കുന്ന വൻ പ്രതിഷേധ-പ്രചരണങ്ങൾക്ക് അതും relentless ആയ സമരങ്ങൾക്ക് നേതൃത്വം നൽകാൻ ഇടതുപക്ഷം തയ്യാറാകണം

  ReplyDelete
 8. പ്രിയ സ: ഐസക്ക്,

  ജനകീയ ബോധവല്‍ക്കരണ ലേഖനമെന്ന നിലയ്ക്ക് മാതൃഭൂമിയില്‍ വന്ന വേര്‍ഷന്‍ വളരെ നല്ല ബാലന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ബ്ലോഗെന്ന നിലയ്ക്ക് കുറച്ചു കൂടി ഡേയ്റ്റ, ലിങ്കുകള്‍ എന്നിവ ഉപയോഗിക്കണം എന്നൊരു നിര്‍ദ്ദേശമുണ്ട്. ഉദാഹരണത്തിനു ലോകബാങ്കിന്റെ വാദം എന്ന് പറയുന്നേടത്ത് ലോകബാങ്കിന്റെ പ്രസ്തുത ഡോക്യുമെന്റിലേക്ക് ലിങ്ക് നല്‍കുക. വില നിയന്ത്രിക്കേണ്ട ആവശ്യമില്ല എന്നാണല്ലോ എക്കണോമിക് സര്‍വെയുടെ നിലപാട് എന്ന് താങ്കള്‍ പറയുന്നേടത്തും അതിന്റെ പ്രസക്ത ലിങ്ക് ആവശ്യമാണ്. രാജസ്ഥാനിന്റെ പരീക്ഷണത്തിനും റെഫറന്‍സ് ആവശ്യമാണ്.
  ഇതുമാത്രമല്ല, ബ്രസീലിന്റെ അനുഭവം വിശദീകരിക്കുന്ന ഒന്നോ രണ്ടോ അക്കാഡമിക് ആര്‍ട്ടിക്കിളുകളിലേക്ക് ലിങ്ക് കൊടുക്കുന്നത് ഈ വിഷയത്തില്‍ എന്‍‌ഗേജ് ചെയ്യാന്‍ താല്പര്യമുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് ഉപകാരമാണ്. യു‌എസിലെ ഫൂഡ്സ്റ്റാമ്പ് സിസ്റ്റം, മറ്റുപാശ്ചാത്യരാജ്യങ്ങളില്‍ ഉള്ള coupon system എന്നിവയുറ്റെ ഫലപ്രാപ്തി/പരാജയം സംബന്ധിച്ച കണക്കുകളോ എക്സ്പേട്ട് ലേഖനങ്ങളോ ഉണ്ടെങ്കില്‍ അതും അധികവായനക്ക് കൊടുക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു.

  അത്തരം സ്റ്റാറ്റിസ്റ്റിക്സും ഡെറ്റയുമൊക്കെ ഈ രംഗത്തെ ജനകീയ സം‌വാദങ്ങളുടെ ക്വാളിറ്റി ഉയര്‍ത്താന്‍ സഹായകവുമായിരിക്കും. ചര്‍ച്ചകളെല്ലാം മുദ്രാവാക്യങ്ങളിലേക്ക് ചുരുക്കിക്കളയുന്ന കാലത്തില്‍ നിന്ന് മുന്നോട്ട് പോകാന്‍ താങ്കളെപ്പോലുള്ളവരുടെ ഇടപെടല്‍ അത്യാവശ്യമാണ്.

  ReplyDelete
 9. ഇന്ന് 18/12/2012ഒരുകിലോ അരി പത്തനംതിട്ടയിലെ പറക്കോട് മാര്‍കറ്റില്‍ ഒരുകിലോ കുത്തരി 42,പൊന്നി 30,ആന്ധ്ര38രൂപാവിലയാണ്.2000ത്തില്‍1212 1212പന്ത്രണ്ടുരൂപാ വില ഉണ്ടായിരുന്നകുത്തരിഅരി മൂന്നര ഇരട്ടിയായി ഉയര്‍ന്നു. രാജ്യത്ത് നിലവിലുണ്ടായിരുന്ന എസന്‍ഷ്യല്‍കമ്മോഡററി ആക്റ്റില്‍ അരി യും മറ്റും സൂക്ഷിക്കുന്നതിന് പരിധി ഉണ്ടായിരുന്നുഅത് എടുത്തുകളഞ്ഞു ,MRTP ആക്ടില്‍ കുത്തകകള്‍ക്ക് അരികച്ചവടം അനുവദിച്ചിരുന്നില്ല,അത് നടപ്പാക്കി . കഴിഞ്ഞ കുറെ ക്കാലമായി നടപ്പാക്കുന ഈ പരിഷ്ക്കാരങ്ങള്‍ളുടെ തുടര്ച്ച യാണ്.// ഇന്ത്യ എട്ടുശതമാനം വളര്‍ച്ചയുടെ അഹങ്കാരത്തിലാണ്//ആതാമാഹത്യയുടെ വളര്‍ച്ചയാണ്ഇവിടെ.

  ReplyDelete