About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Tuesday, December 25, 2012

അരിവില കുതിച്ചുകയറിയതെന്തുകൊണ്ട്?ഡിസംബര്‍ മാസത്തില്‍ അത്യപൂര്‍വമായ ഒരു സാമ്പത്തികപ്രതിഭാസത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഏതാണ്ട് 20 രൂപയായിരുന്ന അരിവില ഒറ്റ മാസം കൊണ്ട് 45 - 50 രൂപയായി. വിചിത്രമെന്നു പറയട്ടെ, ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും അരിയുടെ കാര്യത്തില്‍ ഇത്തരമൊരു വിലക്കയറ്റവുമില്ല. കേരളത്തില്‍ മാത്രമായി എങ്ങനെ അരിവില ഉയര്‍ന്നു? അരിയുടെ കയറ്റുമതി - ഇറക്കുമതിയുടെ മേലോ, അന്തര്‍സംസ്ഥാന നീക്കത്തിലോ ഒരു നിയന്ത്രണങ്ങളുമില്ല. സര്‍വസ്വതന്ത്ര കമ്പോളവ്യവസ്ഥ തന്നെ. എന്നിട്ടും കേരളത്തില്‍ മാത്രം അരിവില ഉയര്‍ന്നതെന്ത്? ഇതാണ് ചോദ്യം.

വില ഉയരണമെങ്കില്‍ രണ്ടിലൊന്ന് സംഭവിക്കണം. ഒന്ന്, ആവശ്യക്കാരുടെ എണ്ണം പെരുകണം. അല്ലെങ്കില്‍ രണ്ട്, ലഭ്യത കുത്തനെ കുറയണം. അരിക്കുളള ഡിമാന്റ് കുത്തനെ കൂടാന്‍ കേരളത്തിലോ കേരളത്തിനു പുറത്തോ ഒന്നും സംഭവിച്ചിട്ടില്ല. എന്തെങ്കിലുമുണ്ടെങ്കില്‍, അരി വാങ്ങാനുളള കഴിവ് കുറയുക മാത്രമേ സംഭവിച്ചിട്ടുളളൂ. ഇന്ത്യയില്‍ കനത്ത സാമ്പത്തിക മുരടിപ്പാണ്. സ്വാഭാവികമായി സാധാരണക്കാരുടെ പക്കലുളള പണം കുറയും. പണം കൈയിലുളള സമ്പന്നര്‍ക്കാകട്ടെ, അരി തിന്നുന്നതിനെക്കാള്‍ ഇഷ്ടം കൂടുതല്‍ ഉയര്‍ന്ന വിലയുളള മറ്റു ഭക്ഷ്യവസ്തുക്കളായിരിക്കും. അപ്പോള്‍ ഡിമാന്റിന്റെ വശം നോക്കിയാല്‍ അരിയുടെ വില താഴുകയാണ് വേണ്ടത്.

അപ്പോള്‍പ്പിന്നെ, വരള്‍ച്ചയോ വെളളപ്പൊക്കമോ വന്ന് ഇന്ത്യയില്‍ കൃഷിനാശം ഉണ്ടായി, അരിയുടെ ഉല്‍പാദനം പൊടുന്നനെ ഇടിഞ്ഞുവോ? കണക്കുകളെല്ലാം നേര്‍വിപരീതമാണ് പറയുന്നത്. യഥാര്‍ത്ഥം പറഞ്ഞാല്‍ കയറ്റുമതി കൂടിയിട്ടും സര്‍ക്കാരിന്റെ കൈയിലുളള അരിയുടെ സ്റ്റോക്ക് ഇപ്പോള്‍ സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള സംഭരണം ഇല്ലെങ്കിലും ഇന്ത്യയുടെ ഇക്കൊല്ലത്തെ അരിശേഖരം മൂന്നു കോടി ടണ്ണാണ്. ഈ സംസ്ഥാനങ്ങളില്‍നിന്നുളളതുകൂടി ആകുമ്പോള്‍ അത് നാലു ടണ്ണാകും. അതായത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 15ശതമാനം കൂടുതല്‍. അരിയും ഗോതമ്പും കൂടി ചേര്‍ത്താല്‍ 7.1 കോടി ടണ്‍ ധാന്യം ശേഖരിച്ചു വെയ്ക്കാനുളള സൗകര്യമേ ഫുഡ് കോര്‍പറേഷനുളളൂ. വാങ്ങുന്ന അരി സൂക്ഷിക്കാന്‍ സൗകര്യമില്ല എന്നുളളതാണ് നില. സംഭരിച്ച അരിയുടെ 64 ശതമാനമേ ലിഫ്റ്റു ചെയ്തിട്ടുളളൂവെന്നും അതുകൊണ്ട് ഈ വര്‍ഷത്തെ സംഭരണത്തിന് കൂടുതല്‍ സമയം വേണമെന്നും ബീഹാര്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. ഗോഡൗണുകളില്‍ കുന്നകൂടുന്ന അരിയും ഗോതമ്പും ചീഞ്ഞുനാറി മൃഗങ്ങള്‍ക്കു പോലും ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കത്തിച്ചും കടലില്‍ത്താഴ്ത്തിയും നശിപ്പിക്കുന്ന എത്രയോ റിപ്പോര്‍ട്ടുകളാണ് വരുന്നത്. അപ്പോള്‍ അരി ശേഖരത്തില്‍വന്ന കുറവല്ല, വിലക്കയറ്റത്തിനു കാരണം.

വിലക്കയറ്റം നേരിടാനല്ല, കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സ്റ്റോക്ക് ഉപയോഗിക്കുന്നത്. മാസാമാസം ലേലം വിളിച്ച് ഈ സ്റ്റോക്കു വില്‍ക്കുന്നത് കച്ചവടക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കുമാണ്. കിട്ടിയ അരി പൂഴ്ത്തിവെച്ചുകൊണ്ട് ഇക്കൂട്ടരുണ്ടാക്കിയ കൃത്രിമക്ഷാമമാണ് പൊതുവിപണിയില്‍ അരിവില കുതിച്ചുയരാന്‍ കാരണം. ഈ വര്‍ഷം മഴ മോശമായതുകൊണ്ട് റാബി വിളവിന്റെ ഉല്‍പാദനം നാലു ശതമാതനം കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഉല്‍പാദനം കുറയുമെന്ന് മുന്‍കൂട്ടി അറിഞ്ഞപ്പോള്‍ പൂഴ്ത്തിവെപ്പും തുടങ്ങി. അത്തരം പൂഴ്ത്തിവെപ്പിന്റെ അന്തരീക്ഷം മണത്തപ്പോള്‍ കേരളത്തിലെ മില്ലുടമകളും അരി പൂഴ്ത്തിവെച്ചു. ഈ പൂഴ്ത്തിവെപ്പു കാരണമാണ് അരിവില അസ്വാഭാവികമായി കുതിച്ചുകയറിയത്.

ഈ പൂഴ്ത്തിവെപ്പിനെക്കുറിച്ച് കേരള സര്‍ക്കാരിനു മുന്നറിവുണ്ടായിരുന്നു. ഡിസംബറില്‍ കേരളത്തില്‍ അരിവില കൃത്രിമമായി ഉയര്‍ത്താന്‍ വന്‍തോതില്‍ പൂഴ്ത്തിവെപ്പു നടക്കുന്നുവെന്ന് വെളിപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയുടെ അനൗദ്യോഗിക ജിഹ്വയായ മലയാള മനോരമ തന്നെയാണ്. ഒക്‌ടോബര്‍ 12നാണ് മനോരമ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സപ്ലൈകോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന് ഇതെക്കുറിച്ച് അറിവുലഭിച്ചുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്തു. രാഷ്ട്രീയ നേതാക്കളുടെ ബിനാമികളായ മൊത്തക്കച്ചവടക്കാരും മില്ലുടമകളുമാണ് ഈ പൂഴ്ത്തിവെപ്പിനു പിന്നിലെന്നും പൂഴ്ത്തിവെപ്പു നടത്തുന്ന അരിമില്ലുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ വകുപ്പുമന്ത്രിയുടെ പാര്‍ട്ടി നേതാക്കള്‍ ശകാരിച്ചുവെന്നും വാര്‍ത്ത വെളിപ്പെടുത്തി.

നിയമസഭയില്‍ വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടിനെ ആധാരമാക്കിയ മനോരമാ റിപ്പോര്‍ട്ട് ഞാനേതാണ്ട് പൂര്‍ണമായിത്തന്നെ വായിച്ചു. പൂഴ്ത്തിവെപ്പുകാരുടെ ശ്രമം വിജയിച്ചാല്‍ ഡിസംബര്‍ മാസത്തോടെ കേരളത്തിലെ പൊതുവിപണയില്‍ അരിവില 40-50 രൂപയായിത്തീരുമെന്ന് മനോരമ പ്രവചിച്ചകാര്യം വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും അത്ഭുതംകൂറി. പക്ഷേ, തങ്ങളുടെ ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വിശദമായി ചര്‍ച്ചയ്‌ക്കെടുത്ത കാര്യം വിസ്മയകരമെന്നു പറയട്ടെ, പിറ്റേദിവസത്തെ മനോരമയില്‍ കണ്ടതേയില്ല.

മനോരമ റിപ്പോര്‍ട്ടു വന്നിട്ടും ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. അരിമില്ലുകളും മൊത്ത വിതരണ ഏജന്‍സികളുടെ ഗോഡൗണുകളും റെയ്ഡ് നടത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ മനോരമ റിപ്പോര്‍ട്ടു പ്രത്യക്ഷപ്പെട്ടിട്ടും ഒരു പരിശോധനയും നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മുന്‍വര്‍ഷങ്ങളില്‍ അച്ചടക്കനടപടികളും സ്ഥലംമാറ്റവും നേരിട്ട ഉദ്യോഗസ്ഥരെല്ലാം സമീപകാലത്ത് അവരുടെ തസ്തികകളില്‍ തിരിച്ചെത്തിയതിനു പിന്നില്‍ റേഷന്‍ റാക്കറ്റിന്റെ സാമ്പത്തികസ്വാധീനവുമുണ്ട് എന്നും മനോരമ റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. സ്ഥലം മാറ്റത്തിനും റേഷനരി തിരിമറി ചെയ്യുന്നതിനുമെല്ലാം സിവില്‍ സപ്ലൈസ് മന്ത്രി കൂട്ടു നില്‍ക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് തന്നെ പരസ്യമായി ആരോപണമുന്നയിച്ചു.

എന്താണ് നടന്നിരിക്കുക? കേരളീയര്‍ക്ക് ഇഷ്ടപ്പെട്ട ആന്ധ്രാ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ അരിയുടെ കേരളത്തിലേയ്ക്കുളള വരവു കുറഞ്ഞു. അതിനു മുഖ്യകാരണം, ചില മില്ലുടമകളും മൊത്തക്കച്ചവടക്കാരും മാസങ്ങള്‍ക്കു മുമ്പേ മുന്‍കൂര്‍ തുക നല്‍കി അരിയുടെ സ്റ്റോക്കു മുഴുവന്‍ കൈവശപ്പെടുത്തിയതാണ്. ഊഹക്കച്ചവടം സര്‍ക്കാര്‍ തന്നെ ധാന്യമേഖലയില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇത്തരത്തില്‍ സ്റ്റോക്കു മുഴുവന്‍ മുന്‍കൂറായി കൈവശപ്പെടുത്തുന്നത് അത്ര പ്രയാസമുളള കാര്യമല്ല. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന അരിയും ഈ ഗൂഢസംഘത്തിന്റെ കൈവശം തന്നെയാണ് എത്തിച്ചേരുന്നത്. ഇതാണ് സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച പൂഴ്ത്തിവെപ്പ്.

ഡിസംബര്‍ മാസമായപ്പോഴേയ്ക്കും കമ്പോളത്തിലേയ്ക്കുളള അരിയുടെ വരവു കുറഞ്ഞു. വില ഉയരാന്‍ തുടങ്ങി. വില ഉയരാന്‍ തുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. അവരും കൂടുതല്‍ വാങ്ങാന്‍ പരിശ്രമിച്ചു. അരിവില വാണം പോലെ ഉയര്‍ന്നു. ഏതാണ്ട് ഒരുമാസക്കാലം 15-20 രൂപയ്ക്ക് സംഭരിച്ച അരി മുഴുവന്‍ 40 - 50 രൂപയ്ക്ക് വിറ്റ് പൂഴ്ത്തിവെപ്പ് ഗൂഢസംഘം ഏതാണ്ട് 100 കോടി രൂപയോളം കൈക്കലാക്കി. കേരളചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ കൊളളയടിക്കുക. ഇതില്‍ യുഡിഎഫ് നേതൃത്വത്തിന് കമ്മിഷനായി എന്തുകിട്ടി എന്നു മാത്രമേ ഇനി അറിയേണ്ടൂ.
ദേശീയസംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുടരുന്ന പുതിയ നയത്തിന്റെ ഫലമാണ് ഈ നിഷ്‌ക്രിയത്വം. കമ്പോളത്തെ സര്‍ക്കാര്‍ അതിന്റെ പാട്ടിനു വിട്ടിരിക്കുകയാണ്. വില കൂടുന്നതിലോ കുറയുന്നതിലോ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ദേശീയ അരിവിപണിയില്‍ നാലോ അഞ്ചോ രൂപയുടെ വില വര്‍ദ്ധനയുണ്ടായാല്‍ കേരളത്തില്‍ 20-25 രൂപ വരെ ഒറ്റയടിച്ചു കുതിച്ചുകയറുന്ന വിലക്കയറ്റപ്രതിഭാസത്തിന് ഈ നയമാണ് കാരണം.

അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിനുളളില്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഇന്ത്യയൊട്ടാകെ 3 രൂപയ്ക്ക് അരി നല്‍കുമെന്ന് പറഞ്ഞവരാണ് കേന്ദ്രം ഭരിക്കുന്നത്. ആ വാഗ്ദാനം നടപ്പാക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമം എന്നു പാസാക്കുമെന്ന് നിശ്ചയമില്ല. നടപ്പാക്കുന്ന പഞ്ഞമാസങ്ങളില്‍ വില കുതിച്ചുയരുമ്പോള്‍ ആശ്വാസമാകാനാണ് ബഫര്‍ സ്റ്റോക്ക് സര്‍ക്കാര്‍ ശേഖരിക്കുന്നത്. പൊതുവിതരണ സംവിധാനം വഴി ഇത് വിതരണം ചെയ്താണ് വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ടത്.

വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ചര്‍ച്ച നടക്കവെ, കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ വിചിത്രമായ ഒരു വാദം ഉന്നയിച്ചു. കേരളത്തില്‍ നെല്ലിന്റെ താങ്ങുവില 11 രൂപയില്‍ നിന്ന് 17 രൂപയാക്കിയപ്പോള്‍ നെല്‍കര്‍ഷകര്‍ക്ക് നല്ലവില ലഭിക്കുന്നുണ്ടെന്നും ഈ വിലക്കയറ്റത്തിനു കാരണം അതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദവും മലയാളമനോരമയുടെ ഒക്‌ടോബര്‍ 12 റിപ്പോര്‍ട്ട് പൊളിക്കുന്നു. നാം മില്ലില്‍ കൊടുക്കുന്ന അരിയല്ല, കേരളത്തില്‍ വിതരണം ചെയ്യുന്നത്. അതുമുഴുവന്‍ പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ് പോകുന്നത്. മാത്രമല്ല, റേഷന്‍ വിതരണത്തിനു കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന അരിയുടെ നാല്‍പതുശതമാനവും പോകുന്നത് പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ്.

കേരളത്തിന്റെ റേഷന്‍വിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 1,14,000 ടണ്‍ അരി ഒരു മാസം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 30,000 ടണ്‍ മാത്രം. കേരളത്തിലെ റേഷന്‍ സമ്പ്രദായം ദാരിദ്ര്യനിര്‍മ്മാര്‍ജനം മാത്രം ലക്ഷ്യമിട്ടുളളതല്ല. ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നമാണ്. നമ്മുടെ കാര്‍ഷികോത്പാദനത്തിന്റെ 15 ശതമാനം മാത്രമാണ് നെല്ലുല്‍പാദനം. ഇങ്ങനെയുള്ളൊരു സംസ്ഥാനത്ത് അലുവാലിയ സിദ്ധാന്തം അനുസരിച്ച് കമ്പോളത്തെ മാത്രം ആശ്രയിക്കുകയാണെങ്കില്‍ എന്തുണ്ടാകും എന്നുളളതിന് തെളിവാണ് ഡിസംബര്‍ മാസത്തിലുണ്ടായ അരിവിലക്കയറ്റം. എല്ലാം സാധാരണഗതിയില്‍ നടക്കുമ്പോഴേ, അരി വാങ്ങാന്‍ സാധിക്കുകയുളളൂ. എന്നാല്‍ ദേശീയ കമ്പോളത്തില്‍ ഒരു ഞെരുക്കം വരാനുളള സാധ്യതയുണ്ടെന്നു വന്നാല്‍ ഇപ്പോഴെന്നപോലെ പിടിവിട്ടുപോകും.

ഈ വിലക്കയറ്റം വരാന്‍പോകുന്ന വിപത്തിന്റെ സൂചനയാണ്. വാള്‍മാര്‍ട്ടും മറ്റും വന്നാല്‍ കൃഷിക്കാര്‍ക്കു നല്ല വില കിട്ടുമെന്നാണല്ലോ പറയുന്നത്. കൃഷിക്കാര്‍ക്കല്ല, കുത്തകകള്‍ക്കാണ് വില കിട്ടാന്‍ പോകുന്നത്. ബഫര്‍ സ്റ്റോക്കുണ്ടായിട്ടും സ്ഥിതി ഇതാണ്. ഇനി അതില്ലാതാക്കി അരിയ്ക്കു പകരം കാശു കൊടുക്കുന്ന റേഷന്‍ സമ്പ്രദായം കൂടി കൊണ്ടുവന്നാല്‍ പിന്നെ സംഭവിക്കാവുന്നത് ഊഹിക്കാവുന്നതേയുളളൂ.

ചെറുവയല്‍ രാമനും മൊണ്ടേക് അലുവാലിയയും


ധനവിചാരം Published on  25 Dec 2012

ആദിവാസി വികസനപദ്ധതികളുടെ വീഴ്ചകള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങളെ ഞെട്ടിച്ചു. അങ്ങനെയാണ് വയനാട് സന്ദര്‍ശിക്കാന്‍ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി തീരുമാനിച്ചത്. യാഥാര്‍ഥ്യം റിപ്പോര്‍ട്ടിനുമപ്പുറമാണ്: 1978-ല്‍ 7.4 കോടി രൂപയില്‍ തുടങ്ങിയതാണ് കാരാപ്പുഴ ജലസേചന പദ്ധതി. ഇതുവരെ 286 കോടി രൂപ മുടക്കി. എന്നിട്ടും തീര്‍ന്നിട്ടില്ല. പുതുക്കിയ മതിപ്പുകണക്ക് 441 കോടി രൂപയാണ്. പൂര്‍ത്തിയാക്കിയാലും കാര്യമൊന്നുമില്ല. ജലസേചനം നടത്താന്‍ വയല്‍ വല്ലതും അവശേഷിക്കേണ്ടേ. അപ്പോള്‍പ്പിന്നെ നീക്കിബാക്കിയെന്ത്?

അഴിമതിയും വിവാദങ്ങളും ഇനിയും പുനരധിവസിപ്പിക്കപ്പെടാത്ത കുടിയിറക്കപ്പെട്ട ആദിവാസികളും. ഇവര്‍ക്കുപോലും വീടുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനുവദിച്ച വീടുകളില്‍ മഹാഭൂരിപക്ഷവും പണിതീരാതെ കിടക്കുകയാണ്. കിട്ടിയ ഗഡുക്കള്‍ കോണ്‍ട്രാക്ടര്‍മാര്‍ തട്ടിയെടുത്തു. ലഭിച്ച ഭൂമിയില്‍ നല്ലപങ്കിലും മറ്റുള്ളവര്‍ പാട്ടക്കൃഷി നടത്തുന്നു. ഡോക്ടറില്ലാത്ത ആദിവാസി ആസ്പത്രി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ കെട്ടിടത്തില്‍ താമസിക്കേണ്ടിവരുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ഇതാണ് അവസ്ഥ. സങ്കടം തന്നെ.

പര്യടനത്തിന്റെ അവസാനം ചെറുവയല്‍ രാമന്റെ വീട്ടില്‍ ചെന്നപ്പോഴാണ് സന്തോഷം തോന്നിയത്. പുല്ലുമേഞ്ഞ, വൈക്കോല്‍ക്കരിയും കുളിര്‍മാവ് പേസ്റ്റും ചേര്‍ത്ത് മെഴുകിയ വീടിന്റെ മുറ്റത്തിരുന്നാണ് ഞങ്ങള്‍ ഊണുകഴിച്ചത്. വീട്ടുകാര്‍ മാത്രമല്ല, കുറച്ച് നാട്ടുകാരുമുണ്ടായിരുന്നു ഉത്സാഹക്കമ്മിറ്റിയില്‍. വിഭവങ്ങളുടെ വിശേഷങ്ങള്‍ വാതോരാതെ പറഞ്ഞ് കൂടെ രാമനും.

ഇത്തവണത്തെ പി.വി. തമ്പി അവാര്‍ഡ് ജേതാവാണ് ചെറുവയല്‍ രാമന്‍. അവാര്‍ഡുവിതരണച്ചടങ്ങില്‍ അദ്ദേഹത്തെ വി.ഡി. സതീശന്‍ എം.എല്‍.എ. സദസ്സിനു പരിചയപ്പെടുത്തിയത് ഇങ്ങനെയാണ് - ''അസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരിലൊരുവന്‍''. രാമന്‍ ചെയ്യുന്ന അസാധാരണ കാര്യങ്ങള്‍ എന്തെന്നറിയാന്‍ വീടിനുപിറകിലെ കുന്നില്‍ചരിവിലൂടെ ഞങ്ങള്‍ താഴേക്കിറങ്ങി. നെല്ലു നിറഞ്ഞുകിടക്കുന്ന ഏല. ജലസമൃദ്ധിയുടെ അഭിമാനം തിരതല്ലി കബനിനദി കിഴക്ക് ഒഴുകുന്നു. വയലിലേക്കിറങ്ങിയാല്‍ വിചിത്രമായൊരു കാഴ്ച കാണാം.

ചില കണ്ടങ്ങളില്‍ നെല്ല് സുവര്‍ണരാശിയില്‍ വിളഞ്ഞുകിടക്കുന്നു. മറ്റുചില കണ്ടങ്ങള്‍ക്ക് തത്തപ്പച്ച നിറമാണ്. ഇവയ്ക്കിടയില്‍ വിവിധ വിളപാകത്തിലുള്ള നെല്ലിനങ്ങള്‍. കാര്‍ഷികസര്‍വകലാശാലയിലെ പരീക്ഷണത്തോട്ടങ്ങളിലെന്നപോലെ ഓരോ കണ്ടത്തിലും നമ്പര്‍ എഴുതിയൊട്ടിച്ച ബോര്‍ഡുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. നമ്പറിട്ടേ പറ്റൂ. കാരണം, തന്റെ പൊതു കുടുംബസ്വത്തായ ആറേക്കര്‍ പാടത്ത് 36 ഇനം നെല്ലുകളാണ് രാമന്‍ കൃഷിചെയ്യുന്നത്. വിവിധ ഇനങ്ങള്‍ പരാഗണത്തിലൂടെ കലര്‍ന്നാലോ? അതു തടയാന്‍ കണ്ടത്തിന്റെ നടുഭാഗത്തുനിന്നുമാത്രമേ വിത്ത് ശേഖരിക്കൂ. വിവിധ മൂപ്പുള്ള നെല്ലുകളോരോന്നിനും പ്രത്യേക പരിചരണം വേണ്ടേ? ഒരു ചെറുചിരി മാത്രമായിരുന്നു രാമന്റെ ഉത്തരം.

വയനാടിന് നൂറില്‍പ്പരം പരമ്പരാഗത വിത്തിനങ്ങളുണ്ടായിരുന്നു. അവയില്‍ അവശേഷിക്കുന്നവ ചെറുവയല്‍ രാമന്റെ തോട്ടത്തില്‍ കാണാം. പലതും ഇവിടെമാത്രം. ഒരനുഷ്ഠാനകര്‍മംപോലെ എത്രയോ വര്‍ഷമായി രാമന്‍ ഈ തപസ്സുചെയ്യുന്നു. ''എന്തിന്? അധ്വാനത്തിന് അനുസരിച്ചുള്ള ലാഭമുണ്ടോ?'' എന്നൊരു ചോദ്യമുയര്‍ന്നു.

മൊണ്ടേക്‌സിങ് അലുവാലിയ കേരളത്തോടു ചോദിച്ചതും ഇതുതന്നെയല്ലേ. കേരളീയര്‍ എന്തിന് നെല്‍ക്കൃഷി ചെയ്യണം? പണംകൊണ്ട് വാങ്ങാന്‍ കഴിയാത്ത എന്തുണ്ട്? റബ്ബര്‍പോലെ കൂടുതല്‍ ആദായമുള്ള കൃഷി ചെയ്യുക. അല്ലെങ്കില്‍ റിയല്‍എസ്റ്റേറ്റ്. അതിലെന്താണ് തെറ്റ്?

ചെറുവയല്‍ രാമന്‍ വിശദീകരിച്ചു തുടങ്ങി - ''ഇത് അഞ്ചുമാസം മൂപ്പുള്ള മരത്തൊണ്ടി. ഇതാണ് ഞങ്ങളുടെ ചോറ്. വിഷുവിനും ഓണത്തിനും സാറിനെപ്പോലുള്ളവര്‍ വരുമ്പോഴും പായസത്തിന് ഗന്ധകശാലതന്നെ വേണം. ഞവരക്കഞ്ഞിയുടെ സ്വാദ് ഒന്നു വേറെത്തന്നെ. ജീരകശാലയുടെ നെയ്‌ച്ചോറ് തിന്നിട്ടുണ്ടോ? പൂജയ്ക്ക് വെളിയന്‍ നെല്ലുവേണം. പ്രസവാനന്തരശുശ്രൂഷയ്ക്ക് ചെന്നെല്ല് കൂടിയേ തീരൂ. എല്ലാറ്റിനും ലാഭവും നഷ്ടവും നോക്കാനൊക്കുമോ? എല്ലാറ്റിനും വിലയിടാനൊക്കുമോ?''.

നെല്‍ക്കൃഷി വേണോ എന്നു ശങ്കിക്കുന്ന മൊണ്ടേക്‌സിങ് അലുവാലിയയുടെ മുന്നിലാണ് 36 ഇനം നെല്ലുകളുമായി ചെറുവയല്‍ രാമന്‍ നില്‍ക്കുന്നത്. അലുവാലിയയ്ക്ക് മനസ്സിലാകാത്ത പലതുമുണ്ട്. ഒന്ന്, അരിയുടെ കാര്യത്തില്‍ സ്വാശ്രയത്വം കൈവരിക്കാനാവില്ല. ശരി തന്നെ. പക്ഷേ, നാലിലൊന്ന് അരിയെങ്കിലും ഇവിടെ ഉത്പാദിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യസുരക്ഷിതത്വം ഉണ്ടോ? 20 രൂപയ്ക്ക് വിറ്റിരുന്ന അരി 50 രൂപയിലേക്കുയര്‍ന്നപ്പോള്‍ പകച്ചുനില്‍ക്കാനല്ലേ സര്‍ക്കാറിനു കഴിഞ്ഞുള്ളൂ.

രണ്ട്, ഏലകളില്‍ സംഭരിക്കപ്പെടുന്ന മഴവെള്ളത്തിന്റെ കണക്ക് അലുവാലിയയ്ക്ക് ഊഹിക്കാമോ? എല്ലാ ഡാമുകളിലുംകൂടി സംഭരിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ മഴവെള്ളം കേരളത്തിലെ ഏലകളില്‍ സംഭരിക്കപ്പെടുന്നുണ്ട്. നമ്മുടെ ജലചക്രത്തില്‍ ഏലകളുടെ പരിസ്ഥിതിപ്രാധാന്യം നിര്‍ണായകമാണ്.

മൂന്ന്, നമുക്ക് ആവശ്യമില്ലാത്തതെല്ലാം കളയെന്നുവിളിച്ച് പറിച്ചുകളഞ്ഞിട്ടാണ് കൃഷിചെയ്യുക. എന്നാലും നമ്മുടെ വയേലലകള്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. രാമന്റെ വയലില്‍ത്തന്നെ 36 നെല്ലിനങ്ങളുണ്ടല്ലോ. പിന്നെ, വയലേലയുടെ സാംസ്‌കാരികവും സൗന്ദര്യപരവുമായ മാനങ്ങള്‍ക്ക് വിലയിടാനാവുമോ? ഇക്കാര്യങ്ങള്‍ പറഞ്ഞാണ് പാശ്ചാത്യരാജ്യങ്ങള്‍ കാര്‍ഷികവരുമാനത്തിന്റെ അമ്പതുശതമാനത്തോളം വരുന്ന തുക സബ്‌സിഡിയായി കൃഷിക്കാര്‍ക്ക് നല്‍കുന്നത്.

എന്തിന് ഇത്രയും നെല്ലിനങ്ങള്‍? അത്യുത്പാദനശേഷിയുള്ള പുത്തന്‍വിത്തിനങ്ങള്‍ പോരേ? പോര എന്നുതന്നെയാണ് ഉത്തരം. ഏകയിനം കൃഷിസമ്പ്രദായം വരുത്തിവെച്ച കാര്‍ഷികത്തകര്‍ച്ചകളുടെ ഒട്ടേറെ ദുരനുഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. അത്യുത്പാദനശേഷിയുള്ള, അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷിയുള്ള, അല്ലെങ്കില്‍ പ്രത്യേക സ്വാദുള്ള നെല്‍വിത്തിനങ്ങള്‍ ഈ പരമ്പരാഗത വിത്തിനങ്ങളില്‍നിന്നാണ് സൃഷ്ടിക്കപ്പെടുന്നത്. ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ലാത്ത എന്തെന്ത് സവിശേഷതകളാണ് പരമ്പരാഗത വിത്തിനങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നത് എന്ന് ആര്‍ക്കറിയാം!

നമ്മുടെ ഏറ്റവുംവലിയ സമ്പത്താണ് ഈ നാട്ടിലെ ജൈവവൈവിധ്യം. മൂല്യത്തിന്റെ കാര്യത്തില്‍ ഭാവിയിലൊരുപക്ഷേ, പെട്രോളിനെയും പ്രകൃതിവാതകത്തെയും പിന്തള്ളുന്ന സമ്പത്ത്. പക്ഷേ, ഇതിന്റെ കലവറകളായ കാടിനെയും തണ്ണീര്‍ത്തടങ്ങളെയും നമ്മള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യന്ത്രസാങ്കേതികവിദ്യയും ആവിശക്തിയും കൂടിയാണല്ലോ വ്യവസായവിപ്ലവം സൃഷ്ടിച്ചത്. അതുപോലെ ഒരു എടുത്തുചാട്ടത്തിലാണ് ലോകം ഇന്ന്. വിവരസാങ്കേതികവിദ്യ, നാനോ ടെക്‌നോളജി, പുത്തന്‍ പദാര്‍ഥവിജ്ഞാനീയം, ബയോടെക്‌നോളജി എന്നു തുടങ്ങിയ രംഗങ്ങളില്‍ പുതിയൊരു ശാസ്ത്രസാങ്കേതിക വിപ്ലവം നടക്കുകയാണ്.

പക്ഷേ, ഒരു വൈരുദ്ധ്യമുണ്ട്. ജൈവവൈവിധ്യകേന്ദ്രങ്ങള്‍ മൂന്നാംലോകരാജ്യങ്ങളിലാണ്. അതേസമയം, ബയോ ടെക്‌നോളജി സമ്പന്നരാഷ്ട്രങ്ങളുടെ കുത്തകയാണ്. പുതിയ പേറ്റന്റ് നിയമത്തിലൂടെ തങ്ങളുടെ ബയോടെക്‌നോളജിയുടെ സ്വത്തവകാശം അവര്‍ ഉറപ്പാക്കിക്കഴിഞ്ഞു. പക്ഷേ, അതേസംരക്ഷണം നമ്മുടെ ജൈവസമ്പത്തിന് നല്‍കാന്‍ അവര്‍ തയ്യാറല്ല. അവയെ എങ്ങനെ മോഷ്ടിക്കാം എന്ന ഉപജാപത്തിലാണ് ബഹുരാഷ്ട്രക്കുത്തകകള്‍.

എത്രയോ തലമുറകളായി ചെറുവയല്‍ രാമനെപ്പോലുള്ള ആദിവാസികളും കൃഷിക്കാരുമെല്ലാം പരിപാലിച്ചുവന്ന വിത്തിനങ്ങളില്‍ ചില ജനിതകമാറ്റങ്ങള്‍ വരുത്തി പ്രചാരണത്തിലൂടെയും ചതികളിലൂടെയും അവര്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അങ്ങനെ നമ്മെ കൊള്ളയടിക്കുന്നു. തര്‍ക്കംമൂത്താല്‍ അവര്‍ പറയുക, സസ്യജാലങ്ങളോ സൂക്ഷ്മജീവികളോ നിങ്ങളുടെ നാട്ടില്‍ പാരമ്പര്യവിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പരിപാലിക്കപ്പെട്ടുപോന്നവയാണെന്ന് തെളിയിച്ചാല്‍ അവയ്ക്ക് റോയല്‍ട്ടിയുംമറ്റും തരാമെന്നാണ്. അങ്ങനെ ചെയ്യണമെങ്കില്‍, നമ്മുടെ പരമ്പരാഗത വിജ്ഞാനത്തെയും ജീവജാലങ്ങളെയും എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ടാകണം. അങ്ങനെ നാം ചെയ്തിട്ടില്ല.

ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കിയാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ അന്തര്‍ദേശീയ കരാറുകളില്‍ ചെയ്തുവെച്ചിട്ടുണ്ട്. രാമന്‍ 36 ഇനം നെല്‍വിത്തുകള്‍ പരിപാലിക്കുന്നു. ഇതുപോലെ ഇന്ത്യ മൊത്തത്തിലെടുത്താല്‍ ആയിരക്കണക്കിന് നെല്‍വിത്തുകളുണ്ടാകും. ഇതുപോലുള്ള ജനിതകശേഖരം സൂക്ഷിച്ചുവെക്കുന്ന ലബോറട്ടറികള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ തുടങ്ങിയവയില്‍ മഹാഭൂരിപക്ഷവും സാമ്രാജ്യത്വരാഷ്ട്രങ്ങളിലാണ്. ഈ ജനിതകസമ്പത്ത് തന്നിഷ്ടംപോലെ ഉപയോഗിക്കാമെന്നാണ് അവര്‍ വാദിക്കുന്നത്.

ഈ തര്‍ക്കം മൂത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, തോല്‍ക്കാന്‍ നമ്മള്‍ തീരുമാനിച്ച മട്ടിലാണ് കാര്യങ്ങള്‍. ഇന്ത്യയുടെ ശാസ്ത്രസാങ്കേതികവകുപ്പിനു കീഴിലുള്ള അതിസമ്പന്നമായ ജൈവശേഖരം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ചെറിയൊരു തുക ഫീസ് വാങ്ങി തുറന്നു കൊടുക്കാന്‍ പോവുകയാണ്. അവരുടെ സഹകരണമില്ലാതെ ജനിതകസാങ്കേതികപുരോഗതി നേടാന്‍ കഴിയില്ലപോലും. കോഴിയെ കാക്കാന്‍ കുറുക്കനെത്തന്നെ ചുമതലപ്പെടുത്തണം.

അങ്ങനെ നമ്മുടെ മറ്റൊരു പൊതുസ്വത്തുകൂടി ചുളുവിലയ്ക്ക് കുത്തകകള്‍ കൈവശപ്പെടുത്താന്‍ പോവുകയാണ്. സ്വന്തം വരുതിയിലുള്ളവ സംരക്ഷിക്കാനേ കുത്തകകള്‍ക്ക് താത്പര്യമുള്ളൂ. പൊതുവായിട്ടുള്ളവയ്ക്ക് നാഥനില്ല. അങ്ങനെ ഇന്ന് നാമറിയുന്ന പക്ഷിമൃഗാദികളിലും ജലജീവികളിലും 10-30 ശതമാനം ആഗോളമായി നാശത്തിന്റെ വക്കിലാണ്. ദശലക്ഷക്കണക്കായുള്ള സൂക്ഷ്മജീവിവൈവിധ്യം ഇതിനേക്കാള്‍ വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സര്‍വനാശത്തിലേയ്ക്കുള്ള മനുഷ്യന്റെ കുതിപ്പിനിടയില്‍ ചെറുവയല്‍ രാമന്‍ തന്റെ കണ്ടങ്ങളില്‍ 36 ഇനം നെല്ലുകളെ ഓമനിക്കുന്നു. സ്ഥായിയായ വികസനത്തിന് വഴികാട്ടുന്നു.

Monday, December 10, 2012

അരിവേണോ കാശുവേണോ?


ധനവിചാരം (mathrubhumi, Dec 11, 2012)

'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍' എന്ന ജയറാം രമേശിന്റെ ഇമ്പമൂറുന്ന പരസ്യവാചകം കേട്ടപ്പോള്‍ കോണ്‍ഗ്രസ്സിന്റെ പഴയ മുദ്രാവാക്യങ്ങളാണ് ഞാന്‍ ഓര്‍ത്തത്. 1971-ല്‍ ഇന്ദിരാഗാന്ധിയുടെവക 'ഗരീബി ഹഠാവോ'. 1986-ല്‍ രാജീവ്ഗാന്ധി അതിനെ സംസ്‌കൃതീകരിച്ച് 'ഗരീബി ഉന്മൂലന്‍' എന്നാക്കി. 2006-ല്‍ മന്‍മോഹന്‍സിങ് 'ഗരീബീ ഹഠാവോ'യെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, ഈ മുദ്രാവാക്യങ്ങള്‍ക്കൊന്നും ദാരിദ്ര്യത്തിന്റെ ബാധയൊഴിപ്പിക്കാനായില്ല. പ്രതിദിനം രണ്ടുഡോളര്‍ വരുമാനംപോലുമില്ലാത്തവരുടെ എണ്ണം ഏതാണ്ട് 70 ശതമാനമാണ് ഇന്നും.

ആ സാഹചര്യത്തിലാണ് ഒരു പുതിയആശയത്തിന് ഉറവപൊട്ടിയത്. കോടിക്കണക്കിന് ദരിദ്രരെല്ലാം ബാങ്ക് അക്കൗണ്ട് എടുക്കുക. റേഷനരിക്കും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും നല്‍കുന്ന സബ്‌സിഡി നേരിട്ട് ആ അക്കൗണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും.

ഈ ആശയത്തിന്റെ പരസ്യവാചകമാണ് 'ആപ് കാ പൈസ, ആപ് കേ ഹാത്ത്' (നിങ്ങളുടെ കാശ് നിങ്ങളുടെ കൈയില്‍). ഇനി മുതല്‍ ആര്‍ക്കും റേഷനരി ഇല്ല. കമ്പോളവിലയ്ക്ക് അരി വാങ്ങണം. സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും. ചുരുക്കിപ്പറഞ്ഞാല്‍ പാവപ്പെട്ടവന്റെ റേഷനരിയിലും മടിശ്ശീലയിലും സര്‍ക്കാര്‍ പിടിമുറുക്കുകയാണ്. എന്നിട്ട് പറയുന്നു-'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍'.

2009-10ലെ സാമ്പത്തിക സര്‍വെയാണ് പുതിയ സമീപനത്തിന്റെ ആശയം പ്രഖ്യാപിച്ചത്. ''വിലകള്‍ കമ്പോളത്തിന്റെ പാട്ടിന് വിടുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് പാവപ്പെട്ട ഉപഭോക്താക്കളെ സഹായിക്കണമെങ്കില്‍ വില നിയന്ത്രിക്കാന്‍ ശ്രമിക്കാതെ നേരിട്ട് പാവങ്ങളെ സഹായിക്കാന്‍ ഇടപെടുകയാണ് ഏറ്റവും അഭികാമ്യം''. ഇതിന് ഏറ്റവുംനല്ല ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിച്ചത് റേഷന്‍സമ്പ്രദായമാണ്. റേഷനരി റേഷന്‍ കടക്കാര്‍ക്കാണല്ലോ ആദ്യം കൊടുക്കുന്നത്. അവരാണ് അത് പാവങ്ങള്‍ക്ക് വിതരണംചെയ്യുന്നത്. ഈ ഇടനിലക്കാരെ ഒഴിവാക്കി പണം നേരിട്ട് പാവപ്പെട്ടവര്‍ക്ക് എത്തിക്കുന്നതാണ് നല്ലതെന്ന് സാമ്പത്തികസര്‍വെ വിലയിരുത്തി. കിട്ടുന്ന പണംകൊണ്ട് റേഷനരി വാങ്ങണോ ബിരിയാണിയരി വാങ്ങണോ എന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ എന്ന് നിശ്ചയിച്ചു. ഹാ, ഉപഭോക്താവ് പരമാധികാരിയായി!

അരിക്കുപകരം പണം പദ്ധതി അങ്ങനെയാണ് ഉണ്ടായത്. ബാങ്കിലിടുന്ന പണം അരിക്കടയിലാണോ മദ്യഷാപ്പിലാണോ എത്തുന്നത് എന്നചോദ്യം പലരും ഉയര്‍ത്തിയിട്ടുണ്ട്. പാവങ്ങളുടെ വരുമാനത്തില്‍ നല്ലൊരുപങ്ക് മദ്യത്തിനുവേണ്ടിയാണ് ഇന്ന് ചെലവഴിക്കപ്പെടുന്നത്. പുരുഷന്മാരുടെ വരുമാനത്തിന്റെ കാര്യത്തില്‍ ഇത് പ്രസക്തമാണ്. വീട്ടിലെ ദാരിദ്ര്യം പുരുഷന്റെ മദ്യപാനത്തിന് തടസ്സമാകുന്നില്ല. ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി കിട്ടും എന്നുള്ളതുകൊണ്ട് കുടുംബം പട്ടിണിയില്ലാതെ കഴിയുന്നു. കാശായി കൊടുത്താല്‍ നല്ലപങ്ക് കുടുംബങ്ങളും പട്ടിണിയിലേക്ക് പോകും എന്നുറപ്പാണ്. അങ്ങനെ കമ്പോളം ശരിയായ ഉത്തരത്തില്‍ എത്തണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ തീരുമാനം കമ്പോളത്തിന് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ ഇടപെട്ടേ തീരൂ. സാമ്പത്തികശാസ്ത്രത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളെ 'മാര്‍ക്കറ്റ് ഫെയ്‌ലിയര്‍'അഥവാ കമ്പോളപരാജയം എന്നുവിളിക്കും.

പൊതുവിതരണത്തിന്റെ ലക്ഷ്യം വിലനിയന്ത്രണമാണ്. പൊതുവില എത്ര ഉയര്‍ന്നാലും റേഷന്‍വിലയില്‍ മാറ്റമുണ്ടാവില്ലല്ലോ. ഇത് പൊതുവിലയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍, ഇപ്രകാരം വില നിയന്ത്രിക്കേണ്ട ആവശ്യമില്ല എന്നാണല്ലോ എക്കണോമിക് സര്‍വെയുടെ നിലപാട്. വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ പാവങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ വിപരീതഫലമാണ് ഉണ്ടാക്കുക. പാവങ്ങളുടെ ക്രയശേഷി വര്‍ധിക്കുന്നത് കമ്പോളത്തില്‍ ധാന്യത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നു. വിലക്കയറ്റത്തിന് ആക്കം കൂടും. കാശായി സബ്‌സിഡി നല്‍കുന്നത് വിലക്കയറ്റത്തെ രൂക്ഷമാക്കുന്നു.

ഇപ്പോള്‍ ഒരു രൂപ കൊടുത്താല്‍ ഒരുകിലോ റേഷനരി കിട്ടും. എന്നാല്‍, ഇനിമേല്‍ 30-40 രൂപ കൊടുത്ത് അരി ആദ്യം വാങ്ങണം. ഇത്രയും പണം മുന്‍കൂറായി നല്‍കാന്‍ പാവപ്പെട്ടവരുടെ കൈവശം ഉണ്ടാകണമെന്നില്ല. മാത്രമല്ല, സര്‍ക്കാര്‍ സബ്‌സിഡി സമയത്തൊട്ട് കിട്ടാനും പോകുന്നില്ല. രാജസ്ഥാനില്‍ നടത്തിയ പരീക്ഷണം ഇതുകൊണ്ടാണ് പൊളിഞ്ഞത്. ഒരു വര്‍ഷമായി അവിടെ ചില ബ്ലോക്കുകളില്‍ അരിക്കുപകരം കാശാണ് കൊടുത്തുവരുന്നത്. ശരാശരി മൂന്നുമാസത്തെ കാശുമാത്രമേ ബാങ്ക് അക്കൗണ്ടുകളിലെത്തിയിട്ടുള്ളൂ. പാവപ്പെട്ടവര്‍ ഗോതമ്പുവാങ്ങല്‍ നിര്‍ത്തി. മറ്റുപലരും കടക്കെണിയിലുമായി.

റേഷന്‍ശൃംഖല ഇല്ലാതാകുമെന്നതാണ് കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രത്യാഘാതം. കാശായി വിതരണംചെയ്താലും റേഷന്‍കടകള്‍ നിലനിര്‍ത്തും എന്നുപറയുന്നത് അസംബന്ധമാണ്. എന്തിന് റേഷന്‍ കടകളില്‍നിന്ന് അരിവാങ്ങണം? എത്രയോ പതിറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്നതാണ് ഈ പൊതുവിതരണശൃംഖല. ഇല്ലാതാകുമ്പോഴേ അതിന്റെ വിലയറിയൂ. ഭാഗ്യത്തിന് കേരളസര്‍ക്കാര്‍ ഈ വര്‍ഷം ഈ ഭാഗ്യപരീക്ഷണം വേണ്ടെന്നുവെച്ചിരിക്കയാണ്.

റേഷന്‍ഷോപ്പുവഴി അരി വിതരണംചെയ്യുമ്പോള്‍ ചെലവാക്കേണ്ടിവരുന്ന സബ്‌സിഡിയാണല്ലോ കാശായി കൊടുക്കുന്നത്. പക്ഷേ, നാളെ അരിയുടെ വില പിന്നെയുമുയരുമ്പോള്‍ സബ്‌സിഡി ഉയര്‍ത്തുമോ? കൂട്ടാം, കൂട്ടാതിരിക്കാം. ഏതായാലും വില കയറിയിറങ്ങുന്നതിന് അനുസരിച്ച് സബ്‌സിഡി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക പ്രായോഗികമല്ല.

സര്‍ക്കാറിന്റെ ഉന്നം വളരെ വ്യക്തമാണ്. സബ്‌സിഡി കുറയ്ക്കണം. സബ്‌സിഡി ദേശീയവരുമാനത്തിന്റെ രണ്ടുശതമാനമായി നിജപ്പെടുത്തുമെന്ന് പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചശേഷമാണ് കാഷ് ട്രാന്‍സ്ഫര്‍ നിര്‍ദേശം ബജറ്റില്‍ വെച്ചത്. കാഷ്ട്രാന്‍സ്ഫറിലേക്ക് പോകുന്നതിന്റെ മുഖ്യഉദ്ദേശ്യമെന്തെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണല്ലോ. വില ഉയരുന്നതിനനുസരിച്ച് സബ്‌സിഡി ഉയര്‍ത്താന്‍ ഉദ്ദേശ്യമില്ല. അങ്ങനെ, കുറേക്കഴിയുമ്പോള്‍ സബ്‌സിഡി സ്വാഭാവികമായിത്തന്നെ ചുരുങ്ങും.

അരിക്കുപകരം കാശായി നല്‍കുന്നതിന്റെ ഫലമായി അഴിമതിയും സബ്‌സിഡിയുടെ ചോര്‍ച്ചയും തടയാമെന്നാണ് ഏറ്റവും ശക്തമായ മറുവാദം. എല്ലാവര്‍ക്കും റേഷനരി അനുവദിച്ചാല്‍ റേഷന്‍ വാങ്ങാത്തവരുടെ അരി മറിച്ചുവിറ്റ് റേഷന്‍കടക്കാര്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ കഴിയും. ഈ കള്ളത്തരത്തിന് കൂട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥരും മറ്റും കൈക്കൂലി വാങ്ങും. എന്നാല്‍ സബ്‌സിഡി കാശായി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമ്പോള്‍ ഇത്തരം വെട്ടിപ്പുകള്‍ പൂര്‍ണമായും തടയാം.

എലിയെ കൊല്ലാന്‍ ഇല്ലംചുടുന്നതുപോലെയാണ് ഇത്. റേഷന്‍സമ്പ്രദായത്തിലെ തട്ടിപ്പും വെട്ടിപ്പും തടയാനുള്ള മാര്‍ഗം അത് വേണ്ടെന്നുവെക്കലല്ല. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അഴിമതി തടയാന്‍ പോംവഴികളുമുണ്ട്. തുടര്‍ച്ചയായി അരി വാങ്ങാത്ത കുടുംബങ്ങളെ റേഷന്‍ലിസ്റ്റില്‍നിന്ന് മാറ്റാം. ആധാറും കമ്പ്യൂട്ടറൈസേഷനുമെല്ലാം നടപ്പാക്കിക്കൊണ്ടിരിക്കുകയാണല്ലോ. റേഷന്‍ വാങ്ങുമ്പോള്‍ വിരലടയാളം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കാം. അത് കമ്പ്യൂട്ടര്‍ വഴിയാണെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പമായി.

തൊഴിലുറപ്പിന്റെ കാര്യത്തിലെന്നപോലെ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ ആവശ്യമുള്ളവര്‍ക്കെല്ലാം സൗജന്യവിലയ്ക്ക് റേഷന്‍ നല്‍കാന്‍ തയ്യാറാകണം. ബി.പി.എല്ലിനുമാത്രമായി റേഷന്‍ പരിമിതപ്പെടുത്തുന്നത് ഭൂരിപക്ഷം പാവങ്ങളുടെയും സാമൂഹികസുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കുന്നു. ദാരിദ്ര്യരേഖ പട്ടിണിരേഖയാണ്. അതുകൊണ്ടാണ് കര്‍ഷകത്തൊഴിലാളികളില്‍ പകുതിപ്പേര്‍ എ.പി.എല്‍. വിഭാഗത്തില്‍പെടുന്നത്. മത്സ്യത്തൊഴിലാളികളില്‍ 40 ശതമാനം പേര്‍ എ.പി.എല്ലാണ്. എന്തിന് ആദിവാസികളില്‍ 20 ശതമാനം പേര്‍ എ.പി.എല്‍. പട്ടികയിലാണ്. ഒരേജോലിചെയ്യുന്ന കൂലിവേലക്കാരെ എ.പി.എല്ലും ബി.പി.എല്ലുമായി തരംതിരിക്കുന്നതിന്റെ യുക്തിയെന്ത്?

അരിക്കുപകരം കാശ് നല്‍കുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷ്യം സബ്‌സിഡി ബി.പി.എല്ലിനുമാത്രമായി പരിമിതപ്പെടുത്തുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നിയമത്തിനോടൊപ്പമാണ് ഇത്തരമൊരു സാമ്പത്തികപരിഷ്‌കാരം. എന്തൊരു വിരോധാഭാസമാണിത്!

കോടിക്കണക്കിന് കുടുംബങ്ങള്‍ ബാങ്കില്‍ അക്കൗണ്ടുതുടങ്ങിയാല്‍മാത്രം പോരല്ലോ. അവര്‍ക്ക് പണവും ലഭിക്കേണ്ടേ. ആറുലക്ഷം ആവാസകേന്ദ്രങ്ങളില്‍ കഷ്ടിച്ച് അഞ്ചുശതമാനം സ്ഥലങ്ങളിലേ ബാങ്ക് ബ്രാഞ്ചുകളുള്ളൂ. പണം വീട്ടിലെത്തിക്കാന്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഏജന്റുമാരെ നിശ്ചയിക്കാനാണുദ്ദേശ്യം. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയയിടത്തൊക്കെ അഴിമതിയും ക്രമക്കേടും മുഴച്ചുനിന്നെന്ന് റിസര്‍വ് ബാങ്കുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

റേഷന്‍, മണ്ണെണ്ണ, വളം എന്നിവയുടെ സബ്‌സിഡിയാണ് കാശായി നല്‍കുന്നതിനുവേണ്ടി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. അടുത്തഘട്ടത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതിനുപകരം അതിനുള്ള ധനസഹായം പാവങ്ങള്‍ക്ക് നേരിട്ടുനല്‍കാനാണത്രേ ഉദ്ദേശിക്കുന്നത്. ഏതുതരം ചികിത്സവേണം, വിദ്യാഭ്യാസം വേണം എന്നുള്ളത് ഗുണഭോക്താക്കള്‍തന്നെ നേരിട്ട് തീരുമാനിച്ചുകൊള്ളണം.

ബ്രസീലില്‍ ഇത്തരമൊരു പരിഷ്‌കാരം വിജയകരമായി നടപ്പാക്കിയെന്നാണ് ലോകബാങ്ക് വാദിക്കുന്നത്. ബ്രസീലിലെ കാഷ് ട്രാന്‍സ്ഫര്‍ സമ്പ്രദായത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍. വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളുടെ വിപുലീകരണത്തിന് ഇന്ത്യയെ അപേക്ഷിച്ച് ഭീമമായ മുതല്‍മുടക്ക് നടത്തിയ രാജ്യമാണ് ബ്രസീല്‍. അതുപയോഗപ്പെടുത്തുന്നതിന് പ്രോത്സാഹനമായിട്ടാണ് അവിടെ പാവങ്ങള്‍ക്ക് വേറിട്ട് ധനസഹായം നല്‍കിയത്. ആ ധനസഹായം ലഭിക്കണമെന്നുണ്ടെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ മിനിമം അറ്റന്‍ഡന്‍സ് ഉണ്ടാകണം, പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണം തുടങ്ങിയ കര്‍ശനമായ നിബന്ധനകളുണ്ട്. ലോകത്ത് ജനങ്ങളുടെ ആരോഗ്യച്ചെലവില്‍ ഏറ്റവും കുറവ് വിഹിതം സര്‍ക്കാര്‍ നേരിട്ടുവഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നോര്‍ക്കണം.

ഇന്ത്യ എട്ടുശതമാനം വളര്‍ച്ചയുടെ അഹങ്കാരത്തിലാണ്. പക്ഷേ, ജനങ്ങളുടെ ജീവിതനിലയെടുത്താല്‍ നാം അധോഗതിയിലാണ്. ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചികയില്‍ ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ 127-ല്‍നിന്ന് 134 ആയി താണു. സര്‍വശിക്ഷാ അഭിയാന്‍, തൊഴിലുറപ്പുപദ്ധതി എന്നിങ്ങനെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ അടങ്കല്‍ പലമടങ്ങ് ഉയര്‍ന്നിട്ടും ഇതാണ് സ്ഥിതി. കേന്ദ്രസര്‍ക്കാര്‍ മുടക്കുന്ന പണത്തിന്റെ ഗുണഫലം സാധാരണക്കാരുടെ കൈവശമെത്തുന്നില്ല.

ഇതിനുള്ള പോംവഴിയായിട്ടാണ് സര്‍ക്കാര്‍ വേണ്ട, സര്‍ക്കാറിതര സംഘടനകള്‍വഴി പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. സര്‍ക്കാറിനെപ്പോലെ സര്‍ക്കാറിതര സ്ഥാപനങ്ങളിലും നല്ലവരും ചീത്തകളുമുണ്ട്. പക്ഷേ, സര്‍ക്കാറില്‍നിന്ന് വ്യത്യസ്തമായി ഒരു നഷേ്ടാത്തരവാദിത്വവും ഇവര്‍ക്ക് സമൂഹത്തോടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാറും വേണ്ട, സര്‍ക്കാറിതരരും വേണ്ട കാശ് പാവങ്ങള്‍ക്ക് ഇനി നേരിട്ടുകൊടുക്കാം എന്ന ചിന്തവന്നത്. ഇവയല്ലാതെ മറ്റൊരു മാര്‍ഗവുംകൂടിയുണ്ട്. ഗാന്ധിജിയുടെ മാര്‍ഗം. ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന പഞ്ചായത്തീരാജ് സംവിധാനത്തെ ഭരണഘടന വിഭാവനംചെയ്യുന്നതുപ്രകാരം സ്വയംഭരണ പ്രാദേശിക സര്‍ക്കാറുകളാക്കി മാറ്റി ഈ സേവനങ്ങള്‍ അവവഴി ജനങ്ങളില്‍ എത്തിക്കുക. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ ചിന്ത കാശിന്റെ വഴിയിലൂടെയാണ്.