About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Tuesday, March 26, 2013

കളളപ്പണവും സ്വകാര്യബാങ്കുകളും


കളളപ്പണം വെളുപ്പിക്കാനുളള ഉപായങ്ങള്‍ അറിയണമെങ്കില്‍ ഐസിഐസിഐ, അക്‌സിസ്, എച്ച്ഡിഎഫ്‌സി എന്നീ പുത്തന്‍തലമുറ സ്വകാര്യബാങ്കുകളോട് ചോദിച്ചാല്‍ മതിയാകും. കോബ്രാപോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാസികയുടെ അസോസിയേറ്റ് എഡിറ്ററായ സെയ്ദ് മന്‍സൂര്‍ ഹസന്‍ പേരു മാറ്റി ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലുമുളള ഈ ബാങ്കുകളിലെ ഡസന്‍ കണക്കിനു മാനേജര്‍മാരെ സമീപിച്ചു. താന്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഏജന്റാണ്, ഏതാനും കോടി രൂപയുടെ കളളപ്പണം ഉണ്ട്, അതു വെളുപ്പിക്കാന്‍ സഹായിക്കാമോ എന്നായിരുന്നു അന്വേഷണം. ബാങ്കുകളുമായി ഒരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടുപോലും എല്ലായിടത്തും ചുവപ്പു പരവതാനി സ്വീകരണമാണ് ഹസനു ലഭിച്ചത്.

കോബ്രാ പോസ്റ്റ് ചില്ലറക്കാരല്ല. കഴിഞ്ഞ വര്‍ഷം പത്ത് ലോക്‌സഭാ അംഗങ്ങളുടെ ജോലി കളഞ്ഞവരാണവര്‍. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അംഗങ്ങള്‍ പണം വാങ്ങുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു. ഇതുപോലെ പുത്തന്‍ തലമുറ ബാങ്കുകളെക്കുറിച്ച് ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അവര്‍ തീരുമാനിച്ചു.
സംഭാഷണങ്ങള്‍ മുഴുവന്‍ ടേപ്പുചെയ്യുന്നുവെന്ന് ബാങ്കുദ്യോഗസ്ഥന്‍മാര്‍ അറിഞ്ഞില്ല. നൂറുകണക്കിന് മണിക്കൂര്‍ വരുന്ന സംഭാഷണങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ കളളപ്പണം വെളുപ്പിക്കാന്‍ പുത്തന്‍തലമുറ സ്വകാര്യ ബാങ്കുകള്‍ നല്‍കുന്ന 'വിദഗ്ധ സേവന'ങ്ങളുടെ ഒരു നഖചിത്രം നമുക്കു ലഭിക്കും.

കളളപ്പണം പലതരമുണ്ട്. മാഫിയകളുടെ കൈയിലുളള, കളവും കൊളളയും വഴി തട്ടിയെടുക്കുന്ന കൊളള മുതല്‍ കളളപ്പണമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമാണിമാരും വാങ്ങുന്ന കൈക്കൂലിയും കളളപ്പണമാണ്. പൊതുമുതല്‍ ചുളുവിലയ്ക്കു തട്ടിയെടുത്തു കോര്‍പറേറ്റുകള്‍ സ്വന്തം ഖജാനയില്‍ നിറച്ചിരിക്കുന്നും കളളപ്പണമാണ്. ഇതിനൊക്കെ പുറമെയാണ്, നികുതി കൊടുക്കാതെ ഒളിപ്പിച്ചിരിക്കുന്ന പണം. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സമാഹരിച്ച പണമായതുകൊണ്ടാണ് കളളപ്പണം എന്നു വിളിക്കുന്നത്. ഈ പണം നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ ലഭിച്ചുവെന്ന് രേഖയുണ്ടാക്കിയാലേ പരസ്യമായ ധനഇടപാടുകള്‍ക്കായി ഉപയോഗപ്പെടുത്താനാവൂ. ഇപ്രകാരം കളളപ്പണത്തെ നിയമവിധേയമാക്കുന്നതിനെയാണ് വെളുപ്പിക്കുക (laundering) എന്നു പറയുന്നത്.

സ്വകാര്യബാങ്കുകള്‍ കളളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപായങ്ങളെല്ലാം കോബ്രാ ടേപ്പുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സ്ഥലപരിമിതി മൂലം അവയെല്ലാം വിവരിക്കുന്നില്ല. പ്രധാനപ്പെട്ട ഉപായങ്ങള്‍ താഴെ പറയുന്നു;


  • കളളപ്പണം ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുക. പക്ഷേ, അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഇടപാടുകാരനെക്കുറിച്ചുളള വിശദാംശങ്ങള്‍ ബാങ്ക് അറിഞ്ഞിരിക്കണം എന്നാണ് ചട്ടം. ബാങ്കുകള്‍ പൊതുവില്‍ അംഗീകരിച്ചിട്ടുളളതാണ് know your customer policy (ഇടപാടുകാരനെ അറിയല്‍ നയം) എന്ന മാര്‍ഗനിര്‍ദ്ദേശം. അക്കൗണ്ട് എടുക്കുന്ന ആളിന്റെ തൊഴില്‍, വരുമാനമാര്‍ഗം തുടങ്ങിയ കാര്യങ്ങള്‍ ബാങ്ക് അധികൃതര്‍ ചോദിച്ചറിയണം. ഇടപാടുകാരന്‍ പാന്‍കാര്‍ഡ് ഹാജരാക്കണം. എന്നാല്‍ ഇവയൊന്നും വേണ്ടതില്ല എന്നാണ് പല ബാങ്ക് മാനേജര്‍മാരും ഹസനോട് പറഞ്ഞത്. അക്കൗണ്ട് തുറക്കാം, വലിയ തുക ഒറ്റയടിക്കു നിക്ഷേപിക്കുന്നത് ശ്രദ്ധ ക്ഷണിക്കും എന്നു തോന്നുന്നുവെങ്കില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കാന്‍ അനുവദിക്കാം എന്ന ഉദാരമായ നിലപാടും അവര്‍ സ്വീകരിച്ചു.
  • കളള അക്കൗണ്ടുകള്‍ തുറക്കുന്നതിന് വ്യാജ തൊഴിലും മേല്‍വിലാസവും സൃഷ്ടിക്കാന്‍ ബാങ്കുകള്‍ തന്നെ കൂട്ടുനില്‍ക്കുന്നു. ബലാത്സംഗ കുറ്റവാളി ബിട്ടയ്ക്കു മാത്രമല്ല, ബാങ്കുകളുടെ സഹായത്തോടെ കളളപ്പണക്കാരനും അപരനായി മാറാമെന്ന് കോബ്രാ ടേപ്പുകള്‍ തെളിയിക്കുന്നു.
  • ഇതിനെക്കാളേറെ അപകടകരമായ നീക്കം ബാങ്കുകളുടെ നിലവിലുളള ഇടപാടുകാരുടെ അക്കൗണ്ടുകള്‍ കളളപ്പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഉപയോഗപ്പെടുത്തുന്നതാണ്. ഇതു രണ്ടു രീതിയിലാവാം. റദ്ദാക്കാത്ത, എന്നാല്‍ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഏറെയുണ്ട്. 'ഡോര്‍മന്റ് അക്കൗണ്ട്' എന്ന ഈ അക്കൗണ്ടുകളില്‍ ഉടമസ്ഥര്‍ അറിയാതെ പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. കളളയൊപ്പ് വേണമെന്നു മാത്രം. നിലവിലുളള അക്കൗണ്ടുകാരെ ബിനാമിയായി ഉപയോഗപ്പെടുത്തുകയാണ് മറ്റൊരു രീതി. ഈ അക്കൗണ്ടുകാരന്‍ ഒരു ഏജന്റു മാത്രമായിരിക്കും. ഒപ്പിട്ട ചെക്കുകളും എടിഎം ക്രെഡിറ്റ് കാര്‍ഡും കളളപ്പണക്കാരന്‍ മുന്‍കൂറായി നല്‍കിയിരിക്കണം. അക്കൗണ്ടിലെത്ര പണമുണ്ടെന്ന് യഥാര്‍ത്ഥ നിക്ഷേപകനോട് ബാങ്ക് അധികൃതര്‍ പറയുകയുമില്ല.
  • സ്വന്തം ബാങ്കില്‍ നിന്നോ മറ്റു ബാങ്കുകളില്‍ നിന്നോ ഇടപാടുകാരന്റെ പേരില്‍ ബാങ്ക് ഡ്രാഫ്റ്റ് ഏര്‍പ്പാടാക്കുക. ഇടപാടുകാരന്റെ അക്കൗണ്ടില്‍ കാണിക്കാതെ നിക്ഷേപം തരപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
  • രഹസ്യമായി ലോക്കറുകളില്‍ നേരിട്ടു പണമോ അല്ലെങ്കില്‍ സ്വര്‍ണമോ സൂക്ഷിക്കാന്‍ അനുവദിക്കുക. ഇതിന്റെ ഈടില്‍ ബാങ്കില്‍ നിന്ന് വായ്പ അനുവദിക്കുമ്പോള്‍ നിയമവിധേയമായ പണം ഇടപാടുകാരനു ലഭിക്കും.
  • · വിദേശ ഇന്ത്യക്കാര്‍ക്കു പ്രത്യേക അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുണ്ട്. സാധാരണ നടപടിക്രമങ്ങള്‍ പാലിക്കാതെ പണം ഈ അക്കൗണ്ടുകളിലേയ്ക്കു ട്രാന്‍സ്ഫര്‍ ചെയ്യുക. പിന്നീട് നിയമവിധേയമായി വിദേശത്തേയ്ക്കു കടത്താനോ നാട്ടില്‍ ഉപയോഗിക്കാനോ സഹായിക്കുക.
  •  ഇന്‍ഷ്വറന്‍സ് വാങ്ങണമെങ്കില്‍ 50,000 രൂപയില്‍ കൂടുതലുളള ചെക്കു വഴി വേണമെന്നാണ് നിബന്ധന. പക്ഷേ, കളളപ്പണക്കാര്‍ക്കു വേണ്ടി ഈ നിബന്ധന വേണ്ടെന്നു വെയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാണ്. പോളിസിയെടുത്തു കഴിഞ്ഞാല്‍ ലോക്ക് ഇന്‍ പീരിയഡ് കഴിയുന്നതിനു മുമ്പ് തന്നെ പോളിസി റദ്ദാക്കാനും സഹായിക്കും. ഇങ്ങനെ പലതരും ഉപായങ്ങള്‍ ഇന്‍ഷ്വറന്‍സ് വഴി കളളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു.
  • ഇന്‍ഷ്വറന്‍സ് പോളിസികള്‍ മാത്രമല്ല, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍. സ്വര്‍ണം എന്നിവയില്‍ നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്കു സഹായിക്കാനാവും. ഏതെങ്കിലും ഒരു ഇനത്തില്‍ മാത്രമായി കളളപ്പണം നിക്ഷേപിക്കാതെ വ്യത്യസ്ത ഉപാധികളെ ഉപയോഗപ്പെടുത്താനാണ് കളളപ്പണക്കാര്‍ക്കു താല്‍പര്യം. ഒരു കാര്യം തീര്‍ച്ച. ഇന്ത്യയിലെ സ്വര്‍ണത്തിനായുളള ആര്‍ത്തിയ്ക്കും സ്വര്‍ണ വിലക്കയറ്റത്തിനും ഒരു സുപ്രധാന കാരണം കളളപ്പണമാണ്.
  • ബിനാമിയായോ അല്ലാതെയോ ആരംഭിക്കുന്ന അക്കൗണ്ടുകളിലെ പണം വേറെ അക്കൗണ്ടുകളിലേയ്‌ക്കോ ആസ്തികള്‍ വാങ്ങുന്നതിനോ തുടര്‍ച്ചയായി വിനിയോഗിക്കുന്നതിന്റെ ഫലമായി കുറെ കഴിയുമ്പോള്‍ ഒരു ഓഡിറ്റിനും സോഴ്‌സ് ഏതെന്ന് തിരിച്ചറിയാതെ വരും. ഇങ്ങനെ യഥാര്‍ത്ഥ സ്രോതസും നിലവിലുളള ധനവിന്യാസവും തമ്മിലുളള ബന്ധം മറച്ചുവെയ്ക്കുന്നതിന് ധനകാര്യ അടുക്കുകള്‍ ഉയര്‍ത്തുന്ന പ്രക്രിയയാതു കൊണ്ട് മറയിടുക (layering) എന്നാണ് ഇതിനെ പറയുന്നത്.


കളളപ്പണം കൈകാര്യം ചെയ്യുന്നതില്‍ തെല്ലൊരു അഹങ്കാരത്തോടെയാണ് ബാങ്ക് അധികൃതര്‍ വീഡിയോ ടേപ്പുകളില്‍ പ്രസംഗിക്കുന്നത്. ചില മൊഴിമുത്തുകള്‍ ഇതാ:
ഡല്‍ഹിയിലെ എച്ച്ഡിഎഫ്‌സി മാനേജര്‍, 'എച്ച്ഡിഎഫ്‌സി കളളപ്പണം വിഴുങ്ങാന്‍ മാത്രമാണ് നിലനില്‍ക്കുന്നത്'. മറ്റൊരു വനിതാ മാനേജര്‍, 'ഈ മേശമേല്‍ ഇരുന്ന് ഞാന്‍ തന്നെ 90 ലക്ഷം രൂപയാണ് എണ്ണിയത്'. 'അതിനെന്താ! എല്ലാം രഹസ്യമായിരിക്കും. വീട്ടില്‍ വരാമല്ലോ. നോട്ടെണ്ണല്‍ യന്ത്രവും കൊണ്ടുവരാം'. 'ബാങ്ക് ഇടപാടു സമയം കഴിഞ്ഞ് ലോക്കറുകള്‍ തുറക്കാന്‍ അവസരം തരാം'.

ആക്‌സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി എന്നീ മൂന്ന് ബാങ്കുകളാണ് സ്വകാര്യബാങ്കുടെ വിജയമാതൃകകളായി പ്രകീര്‍ത്തിക്കപ്പെടുന്നത്. എങ്ങനെയും ലാഭമുണ്ടാക്കാനുളള വ്യഗ്രതയില്‍ ബാങ്ക് നിയമം മാത്രമല്ല ആദായ നികുതി, വിദേശ നാണയ നിയമം തുടങ്ങിയവ മാത്രമല്ല ക്രിമിനല്‍ നിയമം പോലും ലംഘിക്കുന്നതിന് ഒരു മടിയുമില്ല. അപരിചിതനായ ഒരു അന്വേഷകനോട് ഇത്ര തുറന്നു പറയുന്നവര്‍ സുപരിചിതരായ കളളപ്പണക്കാര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കില്ല? ഇന്ത്യ മുഴുവനുമുളള സാമ്പിള്‍ ബാങ്കു ബ്രാഞ്ചുകളിലുണ്ടായ ഒരേ രീതിയിലുളള പ്രതികരണം സൂചിപ്പിക്കുന്നത് കളളപ്പണം വെളുപ്പിക്കുന്നതിനുളള നടപടികള്‍ ഈ പുത്തന്‍തലമുറ ബാങ്കുകളില്‍ വ്യവസ്ഥാപിതമായിത്തീര്‍ന്നു എന്നു തന്നെയാണ്.

ഏതെങ്കിലും തരത്തില്‍ വ്യവസ്ഥാപിതമോ സംഘടിതമോ ആയ കളളത്തരത്തെ പാടേ നിഷേധിക്കുന്ന പ്രതികരണമാണ് കുറ്റവാളികളായ ബാങ്കുകളുടേത്. ബാങ്ക് മേധാവികള്‍ക്കോ നയങ്ങള്‍ക്കോ വെട്ടിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്നും കീഴ്ത്തട്ടിലെ ചില മാനേജര്‍മാരുടെ ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിനുളള ആര്‍ത്തിയുടെ ഫലമാണിതെന്നും വാദിച്ച് അവര്‍ കൈകഴുകാന്‍ ശ്രമിക്കുന്നു. എല്ലാ ബാങ്കുകളും അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി 20ഉം ഐസിഐസിഐ 18ഉം ആക്‌സിസ് 16 ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കീഴ്ത്തട്ടിലെ ഏതാനും ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് അഴിമതിയുടെ ചെളിക്കുണ്ടില്‍ നിന്ന് കരകയറാമെന്നാണ് അവര്‍ കരുതുന്നത്.

ബാങ്കുകള്‍ ഇത്തരത്തില്‍ കളളപ്പണ ഇടപാടുകള്‍ നിര്‍ബാധം നടത്തുന്നതിന് സഹായകരമായത് ബാങ്ക് കാഷ് ഇടപാടു നികുതി 2009ലെ തെരഞ്ഞെടുപ്പിനു മുമ്പ് പി ചിദംബരം പിന്‍വലിച്ചതാണ്. 50,000 രൂപയ്ക്കു മുകളില്‍ ക്യാഷായി പണം ഇടപാടു നടത്തുമ്പോള്‍ 0.01 ശതമാനം നികുതി നല്‍കണമായിരുന്നു. വരുമാനത്തേക്കാള്‍ ഉപരി ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു ഈ നികുതിയുടെ ലക്ഷ്യം. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ ചിദംബരം പറഞ്ഞത് ഇതായിരുന്നു. 'കഴിഞ്ഞ ഏതാനും വര്‍ഷം രൂപം നല്‍കിയ പുതിയ നടപടിക്രമങ്ങള്‍ മൂലം സുഗമമായി വിവരശേഖരണം നടത്താനാവുമെന്നതുകൊണ്ട് 2009 ഏപ്രില്‍ 1 മുതല്‍ ഈ നികുതി പിന്‍വലിക്കുകയാണ്'. ഈ നികുതി ഉണ്ടായിരുന്നെങ്കില്‍ കളളപ്പണം കൊണ്ടുളള കുതന്ത്രങ്ങളില്‍ ഏര്‍പ്പെടാന്‍ ബാങ്കുകള്‍ക്കു ഇത്ര സുഗമമായി കഴിയുമായിരുന്നില്ല.

കളളപ്പണത്തിനും നികുതി വെട്ടിപ്പിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ചിദംബരം ഈ തട്ടിപ്പിനെക്കുറിച്ച് ഇതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. നിഗമനങ്ങളിലെത്തുന്നതിനു മുമ്പ് തെളിവുകള്‍ പഠിക്കണം എന്നു മാത്രമേ അദ്ദേഹം ഇതുവരെ പ്രതികരിച്ചുളളൂ. പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ച ഗാര്‍ നിയമം (GAAR) മുതലാളിമാരെ പ്രീതിപ്പെടുത്താന്‍ മൂന്നു വര്‍ഷത്തേയ്ക്കു മാറ്റിവെച്ച ധനമന്ത്രിയില്‍ നിന്ന് ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും മറുപടി പറയേണ്ട രണ്ടു ചോദ്യങ്ങളുണ്ട്. ഒന്ന് നിയമലംഘനം നടത്തിയ ബാങ്കുകള്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കും? ക്രിമിനല്‍ നിയമലംഘനത്തിനെതിരെ പോലീസ് നടപടി ഉണ്ടാകുമോ? രണ്ട്, പുതിയ സ്വകാര്യ ബാങ്കുകള്‍ ആരംഭിക്കുന്നതിനുളള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയുമോ? നിലവിലുളള സ്വകാര്യ ബാങ്കുകളെപ്പോലും നിയന്ത്രിക്കാനുളള കഴിവില്ലാത്ത റിസര്‍വ് ബാങ്കിന്, കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുളള പുതിയ ബാങ്കുകളെ ഫലപ്രദമായി നിയന്ത്രിക്കാനാവമോ? പുതിയ ബാങ്ക് നിയമഭേദഗതിയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന ചോദ്യങ്ങളാണ് കോബ്രാ പോസ്റ്റ് ഉയര്‍ത്തുന്നത്. അതുകൊണ്ട് അഴിമതി മൂടിവെയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുന്നു.

കുറ്റക്കാരായ ബാങ്കുകളെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്കു തന്നെ ഇറങ്ങിക്കഴിഞ്ഞു. ആരോപണങ്ങളെത്തുടര്‍ന്ന് ഈ ബാങ്കുകളുടെ ഷെയര്‍ വിലകള്‍ ഇടിഞ്ഞു. പുതിയ സ്വകാര്യ ബാങ്കുകള്‍ അനുവദിക്കാനുളള നയം ചോദ്യം ചെയ്യപ്പെട്ടു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച അന്വേഷണം തുടങ്ങുന്നതിനു മുമ്പു തന്നെ എല്ലാം ഭദ്രമാണെന്നു പ്രഖ്യാപിക്കപ്പെട്ടു. നൂറുകണക്കിനു മണിക്കൂര്‍ നീളുന്ന ടേപ്പുകള്‍ നിയമനടപടികളിലൂടെ വാങ്ങുന്നതിനു മുമ്പുതന്നെ വിധി പ്രഖ്യാപിക്കപ്പെട്ടു.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രവര്‍ത്തിയായിരുന്നു പ്രതിരോധം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത്. 'ഒരു സ്‌കാമും നടന്നിട്ടില്ല. കാരണം ഒരു ഇടപാടും പൂര്‍ത്തിയായതായി അറിയില്ല. അനാവശ്യമായി നമ്മള്‍ സ്വയം അപമാനിതരാവരുത്. കളളപ്പണം വെളുപ്പിക്കാനുളള നീക്കം തടയാനുളള നമ്മുടെ സംവിധാനം പരിപൂര്‍ണമാണ്. അതിന് യാതൊരുവിധ കോട്ടവുമില്ല'.
യാതൊരു അഴിമതിയും ബാങ്കുകള്‍ നടത്തിയിട്ടില്ല എന്നതിന്റെ തെളിവെന്താണ്? കളളപ്പണം വെളുപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെന്നല്ലാതെ കോബ്രാ പോസ്റ്റിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ എങ്ങും അക്കൗണ്ട് തുറക്കുകയോ കളളപ്പണം വെളുപ്പിക്കുകയോ ചെയ്തിട്ടില്ല. ചോദ്യം പണം വാങ്ങിയ ലോക്‌സഭാ അംഗങ്ങളുടെ കാര്യത്തിലെന്നപോലെ പണം അക്കൗണ്ടിലിട്ടു നേരിട്ടു തെളിവുണ്ടാക്കണമായിരുന്നുവത്രേ.

സ്വിസ് ബാങ്കിലെ ഇന്ത്യാക്കാരുടെ കളളപ്പണത്തെക്കുറിച്ച് എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്. പക്ഷേ, കോബ്രാ പോസ്റ്റിന്റെ സംഭാഷണ ടേപ്പുകള്‍ വായിച്ചപ്പോള്‍ എന്റെ മനസില്‍ വന്ന ചോദ്യമിതാണ്: ഇന്ത്യയിലെ പുത്തന്‍ തലമുറ ബാങ്കുകള്‍ എന്തിനും റെഡിയായി നില്‍ക്കുമ്പോള്‍ കളളപ്പണം വെളുപ്പിക്കാനും സൂക്ഷിക്കാനും എന്തിന് സ്വിസ് ബാങ്കില്‍ പോകണം?

Wednesday, March 20, 2013

സലാം! സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്...


ധനവിചാരം, മാതൃഭൂമി മാര്‍ച്ച് 19, 2013

'ഞാന്‍ സഞ്ജയ് വിജയകുമാര്‍. സാര്‍, രാത്രി പന്ത്രണ്ടര മണിക്ക് ഞങ്ങള്‍ക്ക് അപ്പോയിന്‍മെന്റ് തന്നത് ഓര്‍മയുണ്ടോ?' മുംബൈ-തിരുവനന്തപുരം വിമാനയാത്രയ്ക്കിടയില്‍ തൊട്ടടുത്ത സീറ്റിലിരുന്നയാളിന്റെ അപ്രതീക്ഷിത ചോദ്യം. ആളെ എനിക്ക് ഓര്‍മ വന്നു, സന്ദര്‍ഭവും. ധനമന്ത്രിയായിരിക്കെ, ഓഫീസ് സമയത്തല്ലാതെ ഒരു കൂടിക്കാഴ്ച വേണമെന്ന ആവശ്യവുമായെത്തിയ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ രണ്ട് വിദ്യാര്‍ഥികളിലൊരാള്‍. മറ്റേയാള്‍ ലിഷോയ്. മോബ്മി എന്ന കാമ്പസ് കമ്പനിയുടെ പ്രതിനിധികളായിരുന്നു അവര്‍. കുറച്ചുനേരം സംസാരിക്കണം എന്നായിരുന്നു ആവശ്യം. അതിന് സാധാരണ സന്ദര്‍ശനസമയം പറ്റില്ലത്രേ. അങ്ങനെയാണ് പാതിരായ്ക്ക് സമയം തീരുമാനിച്ചത്. പന്ത്രണ്ടരയോടെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ അവരെത്തി.

എന്റെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണത്തോടെയാണ് സംഭാഷണം ആരംഭിച്ചത്. ഫോണ്‍വിളിയും മെസേജ് അയയ്ക്കലുമല്ലാതെ മറ്റൊന്നും ഫോണില്‍ ഞാന്‍ ചെയ്യാറില്ല. എന്റെ ഫോണ്‍ കൈയിലെടുത്ത് അതിന്റെ സാധ്യതകള്‍ ഒന്നൊന്നായി അവര്‍ വിവരിച്ചു. അവസാനം ഇങ്ങനെ ഉപസംഹരിച്ചു; ''വേണമെങ്കില്‍ മൊബൈല്‍കൊണ്ട് രാജ്യം ഭരിക്കാം. ഞങ്ങളുടെ കമ്പനിക്ക് ചില നൂതനാശയങ്ങളുണ്ട്. അവ ഉപയോഗപ്പെടുത്താന്‍ ഒരവസരം തരണം''.

എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാന്‍ കഴിയുന്നവരല്ല സന്ദര്‍ശകരെന്ന് അതിനകം ബോധ്യമായി. ഒന്ന് പരീക്ഷിച്ചുനോക്കാന്‍തന്നെ തീരുമാനിച്ചു. ബന്ധപ്പെട്ടവരുമായി ആലോചിച്ച് കെ.എസ്.എഫ്.ഇ.യുടെ ഒരു കാമ്പയിന്‍ പരിപാടി അവരെ ഏല്പിച്ചു. അതുവിജയിച്ചപ്പോള്‍ ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ ചെക്‌പോസ്റ്റുകളുമായി ബന്ധപ്പെടുത്തി ഒരു പരാതിപരിഹാര പരിപാടി. ഈ പ്രവര്‍ത്തനപരിചയമാണ് കേരള സര്‍ക്കാറിന്റെ മൊബൈല്‍ ഗവേണന്‍സിനുള്ള ഒരു പ്രധാന ചുമതല ലഭിക്കാന്‍ അവരെ സഹായിച്ചത്. പക്ഷേ, അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഉത്തരവിറങ്ങാന്‍തന്നെ മാസങ്ങ ളെടുത്തു. ചുരുക്കംചിലരൊഴികെ ഒരു വകുപ്പു സെക്രട്ടറിക്കും താത്പര്യമുണ്ടായിരുന്നില്ല. പൊതുമരാമത്തുവകുപ്പിലെ കോള്‍ സെന്റര്‍ മാത്രമായിരുന്നു പ്രായോഗികമായി നടന്നത്.

മോബ്മി വയര്‍ലെസിന്റെ 25 കോടി രൂപയുടെ ഷെയറുകള്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആദ്യ വില്പനയ്ക്ക് വെക്കുന്നതിന്റെ (ഐ.പി.ഒ.) തീരുമാനമെടുത്തശേഷം കേരളത്തിലേക്ക് മടങ്ങുംവഴിയാണ് സഞ്ജയ് എന്നെ കണ്ടത്. കാമ്പസില്‍ നിന്ന് പിറവിയെടുത്ത് ഐ.പി.ഒ.യിലെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണിത്. നാസ്‌കോം തയ്യാറാക്കിയ ഇന്ത്യയിലെ പത്ത് എമര്‍ജിങ് ഐ.ടി. കമ്പനികളുടെ പട്ടികയില്‍ ഒരെണ്ണം മോബ്മി വയര്‍ലസ് ആയിരുന്നു.

ആറുവര്‍ഷംകൊണ്ടാണ് ഇവരുടെ ആശയം ഐ.പി.ഒ.യിലെത്തിയത്. ഐ.ടി. പശ്ചാത്തല സൗകര്യങ്ങളോടുകൂടിയ ഒരു ഓഫീസ്, തുടക്കത്തില്‍ വേണ്ടുന്ന മൂലധനം, സര്‍ക്കാര്‍ സംവിധാനങ്ങളോട് ഇടപെടാനുള്ള കഴിവ്, ശാസ്ത്രസാങ്കേതിക സഹായത്തിനുവേണ്ടിയുള്ള ഉന്നതകമ്പനികളുമായുള്ള ബന്ധം തുടങ്ങിയവയൊക്കെ നേടാന്‍ ഏറെ സാഹസപ്പെട്ടു. സാധാരണഗതിയില്‍ ഒരു ചെറുപ്പക്കാര്‍ക്കും ഇത്രനാള്‍ പിടിച്ചുനില്‍ക്കാനാവില്ല. എവിടെയെങ്കിലും നല്ല ശമ്പളത്തില്‍ ജോലിക്കുപോവുകയേ ചെയ്യൂ.

മിടുക്കന്മാരായ യുവ സാങ്കേതികവിദഗ്ധര്‍ക്ക് മേല്‍പ്പറഞ്ഞ സൗകര്യങ്ങളൊക്കെ ഒരു പാക്കേജായി ഒരു കേന്ദ്രത്തില്‍ ലഭ്യമായാല്‍ ആശയങ്ങള്‍ ഉത്പന്നങ്ങളാകാനും കമ്പനികളായി വളരാനും മോബ്മിക്ക് വേണ്ടിവന്നതിന്റെ മൂന്നിലൊന്നുസമയം മതിയാകും. ഇങ്ങനെ യുവ വിദഗ്ധരെ ലക്ഷ്യംവെക്കുന്ന ഐ.ടി. സൗകര്യങ്ങളും ധനകാര്യസേവനങ്ങളും പി.ആര്‍.ഒ. ബന്ധങ്ങളും എല്ലാമുള്ള പാര്‍ക്കുകളെയും കെട്ടിടസമുച്ചയങ്ങളെയുമാണ് ഇന്‍ക്യൂബേറ്റര്‍ എന്നുവിളിക്കുന്നത്.

എന്തുകൊണ്ട് യുവ എന്‍ജിനീയര്‍മാര്‍? സാധാരണഗതിയില്‍ യൗവനകാലത്താണ് നൂതനമായ ആശയങ്ങള്‍ രൂപംകൊള്ളുക. കമ്പ്യൂട്ടര്‍ മേഖലയിലെ ആഗോളശക്തികളായി വളര്‍ന്ന എഴുപതുകളിലെ ആപ്പിളും മൈക്രോസോഫ്റ്റും തുടര്‍ന്ന് യാഹുവും ഗൂഗിളും ഏറ്റവും അവസാനം ഫേസ്ബുക്കും വിദ്യാര്‍ഥികളുടെ സംരംഭങ്ങളായാണ് ആരംഭിച്ചത്.

അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെന്നപോലെ കേരളത്തിലും അനുകൂല സാങ്കേതിക-ധന-സംഘടന സാഹചര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ അഭ്യസ്തവിദ്യരില്‍നിന്ന് ഒട്ടേറെ പുത്തന്‍ സംരംഭകരെ സൃഷ്ടിക്കാനാവും. പുതിയ ശാസ്ത്രസാങ്കേതിക വിപ്ലവത്തിന്റെ ഫലമായി ശാസ്ത്രജ്ഞാനം പ്രത്യക്ഷ ഉത്പാദന ഉപാധിയായി മാറിക്കൊണ്ടിരിക്കയാണ്. ഇത് സംരംഭകത്വത്തിന്റെ സ്വഭാവത്തെയും നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പുതിയ സംരംഭകത്വത്തെ എങ്ങനെ ത്വരപ്പെടുത്താം? ഇവിടെയാണ് ഇന്‍ക്യൂബേറ്റര്‍ എന്ന ആശയത്തിന്റെ പ്രസക്തി.

കേരളത്തിലെ ആദ്യത്തെ ടെക്‌നോളജി ഇന്‍ക്യൂബേറ്റര്‍ ആണ് കൊച്ചി കിന്‍ഫ്ര പാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്. മോബ്മിയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും പ്രമോട്ടര്‍മാരായി 2012-ലാണ് ഇത് സ്ഥാപിതമായത്. ഒരു ജി.ബി.പി.എസ്. കണക്ടിവിറ്റി ശേഷിയുള്ള ഇന്റര്‍നെറ്റ് സൗകര്യമാണ് ഏറ്റവും വലിയ സവിശേഷത. ഭൂഗര്‍ഭാന്തര കേബിളിന്റെ ഗേറ്റ്‌വേ കൊച്ചിയായതുകൊണ്ട് കിട്ടിയ അസുലഭമായ ഭാഗ്യം.

തങ്ങളുടെ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും പുതിയ തലമുറയുടെ ആശയങ്ങളും സാങ്കേതികവൈദഗ്ധ്യവും കണ്ടെത്തുന്നതിനുംവേണ്ടി ബ്ലാക്ക്‌ബെറിയും ഐ.ബി.എമ്മും പോലുള്ള പല കമ്പനികളും ഇപ്പോള്‍ത്തന്നെ ലബോറട്ടറികളും ഇന്നവേഷന്‍ സോണുകളും മറ്റും സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ ആരംഭിക്കുന്നതിന് മുന്നോട്ടു വന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഐ.ടി. പരിശീലനം നല്‍കുന്നതിനുവേണ്ടിയുള്ള പരിപാടികളും ഉണ്ട്. ഇവയോടൊപ്പം പുതിയ സംരംഭകരെ കണ്ടെത്താനുള്ള ടാലന്റ്‌സെര്‍ച്ചും സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ ഒരു പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ്.

ശാസ്ത്രകൗതുകമുണര്‍ത്താന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മറ്റും ആഭിമുഖ്യത്തില്‍ പണ്ട് സയന്‍സ്‌കിറ്റുകള്‍ വിതരണംചെയ്തിരുന്നു. അതുപോലെ ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, ഒരു ബാങ്ക് അക്കൗണ്ടും കുറച്ചുപണവും തുടങ്ങി പുത്തന്‍സംരംഭകന് ആവശ്യമുള്ള അത്യാവശ്യം ചില കാര്യങ്ങള്‍ സ്റ്റാര്‍ട്ട്അപ് വില്ലേജ് ഒരു കിറ്റായി നല്‍കുന്നു. വിജയികള്‍ അടുത്ത റൗണ്ടിലേക്ക് പോകുന്നു. ഇവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നു.

നൂതനസാങ്കേതിക ആശയങ്ങളും വിദ്യകളും വികസിപ്പിക്കുന്നവര്‍ക്ക് തുടര്‍സഹായങ്ങളും നല്‍കുന്നു. അങ്ങനെ ഒരുപറ്റം നൂതന സംരംഭകരെ വളര്‍ത്തിയെടുക്കുന്നു. തമാശയും കൗതുകവും സാങ്കേതികവിദ്യയും സംരംഭകത്വവുമൊക്കെ കൂട്ടിയിണക്കി നൂറുപേരിലാണ് ഈ പരീക്ഷണം നടക്കുന്നത്. പണമുണ്ടാവുകയാണെങ്കില്‍ പതിനായിരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാവും എന്നാണ് സഞ്ജയ് പറഞ്ഞത്. മികച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥി പ്രോജക്ടുകള്‍ക്ക് വേണ്ടിയുള്ള ടാലന്റ് ഹണ്ടാണ് മറ്റൊരു നൂതനപരിപാടി. കോഴ്‌സിന്റെ അവസാനകാലത്ത് അക്കാദമിക് പ്രോജക്ടിനുപകരം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് സംരംഭകത്വ പ്രോജക്ടുകളുമാകാം. ഇങ്ങനെയൊക്കെ അനേകം സാധ്യതകളുണ്ട്.

പക്ഷേ, മുതല്‍മുടക്കാന്‍ പണമെവിടുന്ന് കിട്ടും? അതിനാണ് മാലാഖമാരുടെ സഹായം അഥവാ ഏഞ്ചല്‍ ഫണ്ടിങ്. അതെന്തെന്നറിയാന്‍ അല്പം ചരിത്രം പറയാം. നാടകസംഗീതശാലകള്‍ക്ക് പ്രസിദ്ധമായ തെരുവാണ് ന്യൂയോര്‍ക്കിലെ ബ്രോഡ്‌വേ. കലാകാരന്മാര്‍ക്ക് പലപ്പോഴും കൈയില്‍ പണമുണ്ടാവുകയില്ലല്ലോ. നാടകമോ സംഗീതശില്പമോ തയ്യാറായിക്കഴിഞ്ഞാല്‍ അരങ്ങേറ്റത്തിന് ഏതെങ്കിലും പേട്രണെ കിട്ടിയേ തീരൂ. കലാപരിപാടി വിജയിക്കുമ്പോള്‍ ചെലവും ലാഭത്തില്‍ ഒരു വിഹിതവും പേട്രണ് നല്‍കും. ഇക്കൂട്ടര്‍ക്ക് മാലാഖമാര്‍ (ഏഞ്ചല്‍സ്) എന്ന് പേരുവീണു. അവര്‍ നല്‍കിയ സഹായത്തിന് ഏഞ്ചല്‍ഫണ്ട് എന്നും.

സാമൂഹികപ്രതിബദ്ധതയുള്ള ധനാഢ്യര്‍, റിട്ടയര്‍ചെയ്ത ടെക്‌നോക്രാറ്റുകള്‍, വിദേശത്തുള്ള നാട്ടുകാര്‍ തുടങ്ങിയവര്‍ നൂതനസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പണംമുടക്കാന്‍ തയ്യാറാകും. വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുപോലെ വലിയ മുതല്‍മുടക്കിന് ഇവര്‍ തയ്യാറാവില്ല. കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡില്‍ സ്ഥാനമോ ഷെയറോ ആവശ്യപ്പെടാറുമില്ല. നല്ലൊരു ആശയം ഉത്പന്നമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള പ്രാരംഭ മൂലധനം മാത്രം ലഭ്യമാക്കും. അമേരിക്കയിലെ ഏഞ്ചല്‍ ഫണ്ടുകളില്‍നിന്ന് അമ്പതുലക്ഷം ഡോളര്‍ ഇതിനകം സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന് വാഗ്ദാനംലഭിച്ചിട്ടുണ്ട്. പുതിയ സംരംഭകരെ സഹായിക്കാന്‍ സന്നദ്ധതയുള്ള വിദേശമലയാളികളുടെ ഒരു നെറ്റ്‌വര്‍ക്കുതന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

 ഈ നിക്ഷേപം ഒരു പരോപകാര പ്രവര്‍ത്തനമാണെന്ന് തെറ്റിദ്ധരിക്കേണ്ട. സ്റ്റാര്‍ട്ട് അപ് വില്ലേജ് സംവിധാനം നല്‍കുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പദ്ധതി വിജയിക്കുമെന്നും ലാഭകരമാകുമെന്നും അപ്പോള്‍ മുതല്‍മുടക്കും ലാഭവും തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ പണം മുടക്കാന്‍ ഏഞ്ചല്‍ ഫണ്ടുകാര്‍ തയ്യാറാകുന്നത്.

ഇപ്പോള്‍ ഏഴായിരം ചതുരശ്ര അടിയുള്ള കിന്‍ഫ്ര കെട്ടിടത്തിലാണ് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ലബോറട്ടറിക്കും മറ്റുമുള്ള സ്ഥലം മാറ്റിക്കഴിഞ്ഞാല്‍ ഏതാണ്ട് ഒരു ഡസന്‍ കമ്പനികള്‍ക്കുവേണ്ട സ്ഥലസൗകര്യമേയുള്ളൂ. എന്നാല്‍ ഇതിനകം 650 യുവതീയുവാക്കള്‍ പേര് രജിസ്റ്റര്‍ചെയ്തു. പലരും പുറത്ത് പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ കമ്പനികളാണ്. പന്തീരായിരം ചതുരശ്രയടികൂടി കിട്ടിയെങ്കിലും വൈദ്യുതി ഇല്ല. സര്‍ക്കാര്‍ കാര്യങ്ങളെല്ലാം മുറപ്രകാരം ചലിക്കുന്നതിന്റെ പ്രശ്‌നങ്ങളാണ് എവിടെയും.

കേരളം അതിവേഗം വളരുകയാണ്. ഈ വളര്‍ച്ചയെ നമ്മുടെ ഉത്പാദനമേഖലകളുമായി ബന്ധിപ്പിക്കുക എന്നതാണ് വെല്ലുവിളി. ഇതിന് കഴിയണമെങ്കില്‍ നമുക്ക് കൂടുതല്‍ അനുയോജ്യമായ വിജ്ഞാനാധിഷ്ഠിതമോ സേവനപ്രധാനമോ വൈദഗ്ധ്യസാന്ദ്രമോ ആയ വ്യവസായങ്ങളിലേക്ക് തിരിയണം. ഈ പരിശ്രമം വിജയിപ്പിക്കുന്നതില്‍ വിവിധങ്ങളായ സാങ്കേതിക സംരംഭകത്വ പ്രോത്സാഹനസംവിധാനങ്ങള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്.

സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് കേരള വികസനത്തിലെ വഴിത്തിരിവാകുമെന്നാണ് ഇന്‍ഫോസിസിന്റെ ക്രിസ് ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ കരുതുന്നത്. വ്യാപാരികള്‍ക്കുള്ള പ്രത്യേക ജാതി കേരളത്തിലുണ്ടായിരുന്നില്ല. ഇത്തരം പരമ്പരാഗത വ്യാപാരിസമൂഹങ്ങളില്‍നിന്നാണ് ആദ്യഘട്ടങ്ങളില്‍ ഇന്ത്യയിലെ വ്യവസായസംരംഭകര്‍ രൂപംകൊണ്ടത്. കേരളത്തിന്റെ വ്യവസായ പിന്നാക്കാവസ്ഥയ്ക്ക് മുഖ്യകാരണമായി ഡോ. കെ.എന്‍.രാജിനെപ്പോലുള്ളവര്‍ ഇക്കാര്യം നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, നൂതനത്വവും സാങ്കേതിക പ്രൊഫഷണലിസവും ഒരുമിക്കുന്ന പുതിയ ഒരു തലമുറ സംരംഭകത്വം കേരളത്തില്‍ രൂപംകൊള്ളുകയാണ്.

പൂര്‍വികരില്‍നിന്ന് കിട്ടിയ പൂത്തപണമോ ഗള്‍ഫിന്റെ തിളക്കമോ ഒന്നുമല്ല ഇവരുടെ മത്സരശേഷിയുടെ ആത്മവിശ്വാസം. മറിച്ച് ശാസ്ത്ര സാങ്കേതിക പ്രൊഫഷണലിസമാണ്. കേരളത്തിന്റെ സാമ്പത്തികക്കുതിപ്പ് രണ്ടക്കത്തിലേക്ക് ഉയര്‍ത്തുന്നതിനും ആ വളര്‍ച്ചയെ ഉത്പാദന മേഖലകളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ശുഭപ്രതീക്ഷകള്‍ക്കുപിന്നിലെ ഒരു പ്രധാന ഘടകം ഈ സാമൂഹികപ്രതിഭാസമാണ്. *

Friday, March 15, 2013

The Indian economic paradox and the budget

Indian Economy growth rate has decelerated to 5 per cent, the lowest in the decade.
The retail consumer prices have risen by more than 10 per cent. When economy stagnates prices should have fallen. Here we have a classic case of stagflation.
This situation makes it terribly difficult for the Finance Minister to manoeuvre: to keep the inflation in check he has to curtail government expenditure; to stimulate the economy he has to increase the expenditure. What is Chidambaram going to do?
The current account deficit is at its historic high, 5.4 percent of GDP. Reserve Bank considers 2.5 as the prudent norm. In the short run there is no solution other than to ensure net foreign investment inflow equivalent to the external gap. But there is nothing more abhorring to finance capital than high fiscal deficit. It is the mother of all financial troubles.   The finance capital has successfully imposed austerity in the deviant European countries. They expect India also to follow the same route. The rating agencies are demanding an reduction in the fiscal deficit to minimum 4.8 per cent from the expected 5.3 per cent for 2012-13. But the Indian electorate demand ameliorative measures for the miseries.
To whom is Chidambaram going to lend his ear?
It is elementary macro economics that current account deficit is equivalent to the difference between domestic saving  and investment. The deceleration in investment has been as important a factor as depressed consumer demand for the present economic downturn. The animal spirits of the investors have taken a beating.
The CII’s survey has shown that majority of investors do not foresee any major improvement either global or domestic in the investment climate in the immediate future. This atmosphere has to be changed and investment buoyed up. But will it not lead to widening of the current account deficit and increase the risk of a foreign exchange crisis and run on the rupee?
What will Chidambaram choose between domestic growth and external stability? The Finance Minister is in an unenviable situation - between the devil and the deep sea as they say. My expectations regarding the response of the Finance Minister in his budget tomorrow are the following:
One, the fiscal deficit will be reduced to 4.8 per cent. His focus will be on the expenditure side rather than the revenue side. Though there are talks about super rich tax, dividend tax and so on, they can be only tokenism, lest the Finance Minister offend the investors. But for certain tinkering with income tax and possible sops to investors in SEZs, there will not be many concessions. It may be remembered that the direct tax concessions of the UPA period total over Rs 5 lakh crore. Be sure that there will be no roll back. 
Two, Food Security Program with an additional expenditure of rupees 50 to 60 thousand crores will be budgeted. This is  the concession that the Finance Minister is going to make to the forthcoming election. Other sops such as expansion of direct cash transfer will not involve any additional expenditure. How will he reconcile the food security expenditure with the goal of reduction in fiscal deficit? The only choice for him is drastically squeeze the expenditure on other items. Stage has been set for reduction in subsidies for petroleum products through de-control and fertilizer etc through direct transfer system. The overall expenditure will be more or less pegged at the same level as at the budget estimate of 2012-13.  In real terms there will be reduction in overall expenditure.
Three, there will be additional incentives for exports, may be an additional tax on import of gold. But there is little chance that there would be any significant reduction in external current account deficit. Though fears of yet another collapse in the West have receded, the growth scenario is not very encouraging. The global growth may increase from less than 3 per cent to 3.5 per cent. It may be remembered there was absolute reduction in exports from India despite near 20 per cent depreciation of Indian Rupee in 2012-13. We cannot expect any dramatic upturn in exports. On the other hand, it may be noted that despite the stagnation, the imports continued to increase or its reduction was so marginal that the current account deficit widened.  In this situation the Finance Minister will have to put up a brave face, announce additional incentives for exports and hope for the best.
Four, the domestic investment decline has been accompanied by an even more drastic decline in domestic saving. The domestic savings have shrunk from 36.8 per cent in 2007-08 to 30.8 per cent in 2011-12. There has been reduction in house hold savings. People seem to prefer to save in gold rather than in financial instruments. These trends have to be reversed. There have been suggestions for concessions to interest income, reduction in the lock in period for bank deposits eligible for tax rebate, broadening Rajeev Gandhi Equity Savings Scheme etc. Some of them will necessarily have to be taken up.
Five, having burnt the other bridges, only solution for the finance minister to kickstart the economy is to arouse the animal spirits of the investors. Getting more and more embroiled in one scam after another, the strategy of encouraging primitive accumulation by permitting the plunder of common natural resources cannot be pursued as enthusiastically in the past. Be sure, more public sector will be put up for fire sale. The budget platform will be used to proclaim to the investors, both domestic and foreign, that India will pursue the liberalisation policies resolutely. The ascension of Chidambaram to the chair of Finance Minister has been accompanied by a sleuth of structural reforms in financial and retail sectors. The budget will give strong message that despite the elections the unpalatable reforms will continue. Land Acquisition Bill, Mines and Minerals Bill, Pension Bill, Goods and Service Tax and Direct Tax Code are pending. A time bound road map for their implementation can be expected. Chidambaram is laying most of his budget eggs to hatch in the expected confidence that the budget would arouse in the investors particularly the foreign ones. This is not a good election strategy. But he is riding the tiger and has little choice. Compare the predictions of his forth coming budget with the dream budget of the past and we will understand why this situation is largely his own making.

Monday, March 11, 2013

കോടീശ്വരന്മാരുടെ നികുതിയിളവ്- ചിദംബരത്തിന്റെ പൊടിക്കൈ.കേന്ദ്രബജറ്റ് വിലയിരുത്തിയ ഒരു ചാനല്‍ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി. സി. വിഷ്ണുനാഥ് എന്നെ കളിയാക്കി. 'ചിദംബരം കോടീശ്വരന്മാരുടെ വക്കീലാണെന്ന് പറഞ്ഞുനടന്ന വിമര്‍ശകര്‍ക്ക് ഇപ്പോള്‍ എന്ത് പറയാനുണ്ട്? കോടീശ്വരന്മാരുടെ നികുതിയുടെ മേല്‍ 10 ശതമാനം സര്‍ചാര്‍ജ്ജ് ചുമത്തിയല്ലെ ഭക്ഷ്യസുരക്ഷയ്ക്കുള്ള പണം കണ്ടെത്തിയത്?. പണക്കാരെ പിഴിഞ്ഞ് പാവപ്പെട്ടവരെ സഹായിക്കുക. ഇതല്ലെ 2013-14 ലെ ബ്ഡജറ്റ്?' പല പത്രങ്ങളും ഈ അഭിപ്രായം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
ചിദംബരം ഹൃദയസ്പൃക്കായി നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. 'ചെലവ് ചുരുക്കുക്കൊണ്ട് മാത്രം ധന പ്രതിസന്ധി പരിഹരിക്കാനാവില്ല. എവിടെയൊക്കെ കഴിയുമോ അവിടെയൊക്കെ വരുമാനം വര്‍ദ്ധിപ്പിക്കണം. എനിക്ക് വരുമാനം വര്‍ദ്ധിപ്പിക്കേണ്ടി വരുമ്പോള്‍ സമൂഹത്തില്‍ താരതമ്യേന മെച്ചപ്പെട്ട നിലയുള്ളവരുടെ അടുത്തേക്ക് അല്ലാതെ മറ്റെവിടയാണ് എനിക്ക് പോകാന്‍ കഴിയുക. പ്രതിവര്‍ഷം ഒരു കോടി രൂപയേക്കാള്‍ കൂടുതല്‍ നികുതി വിധേയ വരുമാനം ഉണ്ടെന്ന് സ്വയം സമ്മതിച്ചിട്ടുള്ള 42800ആളുകള്‍ ഉണ്ട്. ഞാന്‍ വീണ്ടും പറയട്ടെ 42800 ആളുകള്‍. വര്‍ഷത്തില്‍ നികുതി വിധേയ വരുമാനം ഒരു കോടി രൂപയേക്കാള്‍ കൂടുതല്‍ ഉള്ളവരുട മേല്‍ 10 ശതമാനം സര്‍ചാര്‍ജ്ജ് ഈടാക്കുവാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതുപോലെ സമാന നികുതി നിലയുള്ളവയ്ക്കും ബാധകമാണ്'
പക്ഷെ കോടീശ്വരന്മാര്‍ പിണങ്ങിയാലോ? അടുത്ത വാചകത്തില്‍ അവരെ അനുനയിപ്പിക്കാനായി ശ്രമം.
'എല്ലാ ധനികന്മാരുടെ ഉള്ളിലും മിസ്റ്റര്‍ അസിം പ്രേംജിയുടെ ആദര്‍ശ വികാരം കുറച്ചെങ്കിലും ഉണ്ടാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തികമായി മെച്ചപ്പെട്ടവരോട് ചെറിയ അധിക ഭാരം ഒരു വര്‍ഷത്തേക്ക് - അതെ, വെറും ഒരു വര്‍ഷത്തേക്ക് - ചുമക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍ അവര്‍ സന്തോഷപൂര്‍വ്വം സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നു'.
ഹോ! എന്തൊരു വിനയം.
എത്ര ക്ഷമാപണ സ്വരത്തിലാണ് കോടീശ്വരന്മാരില്‍ നിന്ന് താത്കാലികമായി കുറച്ച് കൂടുതല്‍ നികുതി പിരിക്കാന്‍ ഇന്ത്യയുടെ ധനമന്ത്രി തയ്യാറാവുന്നതെന്ന് നോക്കൂ. കേന്ദ്രബഡ്ജറ്റിലെ ഏറ്റവും വലിയ തട്ടിപ്പാണ് ചിദംബരത്തിന്റെ ഈ പ്രസ്താവന.
(ഒന്ന്) വര്‍ഷം ഒരുകോടിയിലേറെ നികുതി വിധേയ വരുമാനം ഉള്ളവരുടെ എണ്ണം നാല്‍പത്തീരായിരത്തി എണ്ണൂറ് മാത്രമേ വരുകയുള്ളോ? ചിദംബരത്തിന്റ ഈ പ്രസ്താവന ശരിയെങ്കില്‍ ഭീകരമായ നികുതിവെട്ടിപ്പാണ് ഇന്ത്യയിലെ കോടീശ്വരന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കെ. പി. എം. ജി. പോലുള്ള അന്തര്‍ ദേശീയ ഏജന്‍സികളുടെ മതിപ്പു കണക്കുപ്രകാരം അഞ്ചരക്കോടി രൂപയില്‍ ഏറെ സ്വത്തുള്ള ഒരുലക്ഷത്തി ഇരുപത്തേഴായിരം ഇന്ത്യക്കാരുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരുടേയും വാര്‍ഷിക വരുമാനം ഒരു കോടിയിലേറെ വരും. എഴുപത്തി അഞ്ച് ലക്ഷത്തിനും ഒരു കോടിക്കും ഇടയില്‍ വരുന്ന 27000 ആഡംബര കാറുകളാണ് ഇന്ത്യയില്‍ വിറ്റത്. ചിദംബരം പറയുന്ന 42000 പേരുടെ എണ്ണം പ്രഥമദൃഷ്ട്യാ തന്നെ അവിശ്വസനീയമാണ്.
(രണ്ട്.) ഇന്ത്യയിലെ കോടീശ്വരന്മാരുടെ മേല്‍ ചുമത്തുന്ന നികുതി നിരക്കാവട്ടെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ താഴ്ന്നതാണ്. ഇന്ത്യയില്‍ കോര്‍പ്പറേറ്റുകളുടെ മേലുള്ള നികുതി 32.5 ശതമാനമേ വരൂ. ന്യൂലിബറല്‍ നയങ്ങളുട അപ്പോസ്തലന്മാരായ അമേരിക്കയില്‍ ഈ തോത് 40 ശതമാനമാണ്. ജപ്പാനില്‍ 38ഉം അര്‍ജന്റീനയില്‍ 35ഉം ബ്രസീലില്‍ 34 ശതമാനം വീതവും ആണ്. പല സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ഇന്‍കംടാക്‌സിലെ ഉയര്‍ന്ന സ്ലാബ് 50 ശതമാനത്തിലേറെയാണ്. ഇന്ത്യയില്‍ ഇത് 30 ശതമാനം മാത്രമാണ്. ഇന്ത്യ ഉയര്‍ന്ന നികുതി രാജ്യം ആണെന്നുള്ളത് പഴങ്കഥയാണ്. ആഗോളവത്കരണ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി പ്രത്യക്ഷ നികുതി നിരക്കുകള്‍ ഗണ്യമായി വെട്ടിക്കുറച്ചു. ഇങ്ങനെ നികുതി നിരക്ക് കുറച്ചപ്പോള്‍ നല്കിയ ഒരു ഉറപ്പ് നികുതിയുടെ മേല്‍ നല്‍കിപ്പോന്നിരുന്ന നാനാവിധ ഇളവുകള്‍ ഇല്ലാതാക്കും എന്നുള്ളതായിരുന്നു. 2007-ലെ ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് ചിദംബരം ഈ പ്രസ്താവന നടത്തിയപ്പോള്‍ ഇന്ത്യ ടുഡെ (ഫെബ്രുവരി 12, 2007) തലക്കെട്ടുനടത്തി. 'ബൈ.. ബൈ.. നികുതിയിളവുകള്‍. ഇളവുകള്‍ സര്‍ക്കാരിന്റെ റവന്യൂ സമാഹരണത്തെ തിരിച്ചടിക്കുന്നു. പ്രധാനമന്ത്രി തന്നെ നടപടി പ്രഖ്യാപിക്കുന്നു.'എന്നാല്‍ അനുഭവം നേരെ മറിച്ചായിരുന്നു. നികുതി നിരക്ക് കുറച്ചു. അതോടൊപ്പം നികുതിയിളവുകളും പെരുകി.
(മൂന്ന്) യഥാര്‍ത്ഥത്തില്‍ താഴ്ന്ന നിരക്കില്‍ പോലും കോടീശ്വരന്മാരുടെ കൈയ്യില്‍ നിന്നും നികുതി പിരിക്കുന്നില്ല. പല ഇനങ്ങളിലായി ഒട്ടേറെ നികുതി ഇളവുകള്‍ ഇവര്‍ക്ക് നല്കുന്നുണ്ട്. ഈ ഇളവ് സമൃദ്ധമായി ഉപയോഗപ്പെടുത്തിയാല്‍ സര്‍ക്കാരിന് നല്‍കുന്ന നികുതി ഗണ്യമായി കുറയ്ക്കാനാവും. ഉദാഹരണത്തിന് ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ നേതൃത്വം നല്‍കുന്ന പ്രധാനപ്പെട്ട ചില ഇളവുകളെ പരിചയപ്പെടുത്താം. ഇതിലെ കണക്കുകളെല്ലാം ബഡ്ജറ്റ് രേഖകള്‍ക്കൊപ്പം നല്‍കിയിട്ടുള്ള 'കേന്ദ്ര നികുതി സംവിധാനത്തിനുകീഴില്‍ ഉപേക്ഷിച്ച റവന്യൂ എന്ന രേഖയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.'കോര്‍പ്പറേറ്റുകള്‍ക്ക് 36 ഇനങ്ങളിലായിട്ടാണ് നികുതിയിളവുകള്‍ നല്‍കുന്നത്. അവ ഓരോന്നും എടുത്ത് വിശദീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ചില പ്രധാനപ്പെട്ട പൊതു ഇനങ്ങള്‍ മാത്രമേ താഴെ വിശദീകരിക്കുന്നുള്ളു.
1. കമ്പനികളുടെ ലാഭം കണക്കാക്കുമ്പോള്‍ യന്ത്രങ്ങളുടേയും മറ്റും തേയ്മാനച്ചിലവ് വരുമാനത്തില്‍ നിന്നും കുറയ്ക്കണം. എന്നാല്‍ തേയ്മാനച്ചിലവ് കൃത്യമായി കണക്കാക്കുവാന്‍ പ്രയാസമാണ്. അതുകൊണ്ട് 20-30 വര്‍ഷം കൊണ്ട് യന്ത്രം തേയ്മാനം വന്നുപോകുമെന്നും ഓരോവര്‍ഷവും തേയ്മാനച്ചിലവായി തുക ആനുപാതികമായി ലാഭം കണക്കാക്കുമ്പോള്‍ തുക കിഴിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഭാവിയില്‍ കണക്കിലെടുക്കേണ്ട തേയ്മാനച്ചെലവ് ഇപ്പോള്‍ തന്നെ വസൂലാക്കാന്‍ അനുവാദം നല്‍കാറുണ്ട്. ഇതിനെയാണ് ആക്‌സിലറേറ്റട് ഡിപ്രിസിയേഷന്‍ എന്ന് പറയുന്നത്. ഈ വിദ്യ ഉപയോഗിച്ച് ഇന്ന് നികുതി കൊടുക്കേണ്ട ലാഭം താഴ്ത്തുന്നതിന് കമ്പനികള്‍ക്ക് കഴിയും സര്‍ക്കാരിനാവട്ടെ ഇന്ന് കിട്ടേണ്ട നികുതി കിട്ടാതെ പോവുകയും ചെയ്യും. 2011-12ല്‍ 34320 കോടി രൂപയാണ് ഇങ്ങനെ ഉപേക്ഷിച്ചത്. ധനക്കമ്മി കുറയ്ക്കാന്‍ ബദ്ധപ്പെടുന്ന സര്‍ക്കാര്‍ ചെയ്യേണ്ട പണിയാണോ ഇത്.?
2. സ്വതന്ത്ര വ്യാപാര മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നികുതി ഇളവുകള്‍ സര്‍ക്കാര്‍ നല്കുന്നുണ്ട്.
2011-12ല്‍ ഇപ്രകാരം ഉപേക്ഷിച്ച നികുതി 11000 കോടി രൂപ വരും. കഴിഞ്ഞ ബഡ്ജറ്റില്‍ ഈ ഇനത്തില്‍ പ്രതീക്ഷിച്ച നികുതി നഷ്ടത്തേക്കാള്‍ 2800 കോടി രൂപ കൂടുതല്‍ സര്‍ക്കാരിന് നഷ്ടപ്പെട്ടു. ഇത് അപകട സൂചനയാണ്. പ്രത്യക്ഷത്തില്‍ കാണുന്നതിനേക്കാള്‍ വലിയ നികുതി നഷ്ടം സ്വതന്ത്ര വ്യാപാരമേഖലകള്‍ സൃഷ്ടിക്കുവാന്‍ പോവുകയാണ്.
3. എണ്ണക്കമ്പനികള്‍ക്ക് 16000 കോടി രൂപയുടെ നികുതിയിളവാണ് നല്‍കിയത്. ടെലഫോണ്‍ മേഖലയ്ക്ക് 1200 കോടിരൂപയാണ്. പശ്ചാത്തല സൗകര്യ മേഖലയില്‍ 3000 കോടി രൂപ ഇളവ് നല്‍കി. ആഡംബര വീടുകളടക്കം പാര്‍പ്പിട മേഖലയ്ക്ക് 1000 കോടിരൂപയുടെ ഇളവാണ് നല്‍കിയത്.
4. വടക്കുകിഴക്കന്‍ മേഖല ജമ്മുകാശ്മീര്‍, സിക്കിം, ഉത്തരാഞ്ചല്‍, ഹിമാചല്‍പ്രദേശ്, തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന കമ്പനികളുടെ ലാഭത്തിന് മേലുള്ള നികുതിയിളവ് 22000 കോടിരൂപയാണ്.
3. നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പുതുതായി യന്ത്രങ്ങള്‍ക്കും മറ്റും വേണ്ടി മുടക്കുന്ന മുതല്‍ മുടക്കില്‍ നിശ്ചിത ശതമാനത്തിന് തുല്യമായ തുക നികുതിയില്‍ നിന്നും ഇളവായി പ്രഖ്യാപിക്കാറുണ്ട്. ശാസ്ത്രസാങ്കേതിക ഗവേഷണങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക ഇളവ് 5700 കോടി രൂപയോളം വരും.
മേല്‍ പറഞ്ഞ ഇനങ്ങളിലെല്ലാം കൂടി കോര്‍പ്പറേറ്റുകള്‍ നല്‍കേണ്ട 81200 കോടി രൂപയുടെ നികുതിയാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഇതില്‍ നിന്ന് മിനിമം ഓള്‍ട്ടര്‍നേറ്റീവ് ടാക്‌സ് വഴിപിരിച്ച അധിക നികുതി കഴിച്ചാല്‍ സര്‍ക്കാര്‍ ഉപേക്ഷിച്ച നികുതി 61765കോടി രൂപവരും. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 32.5 ശതമാനം നിരക്കില്‍ പിരിച്ചാല്‍ ലഭിക്കുന്ന നികുതിയേക്കാള്‍ 61765 കോടി രൂപ കുറവാണ് സര്‍ക്കാരിന് ലഭിച്ചത്. ഏതാണ്ട് 10 ശതമാനത്തോളം കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ കുറവുണ്ടായി. അതായത് യഥാര്‍ത്ഥ കോര്‍പ്പറേറ്റ് നികുതി നിരക്ക് കേവലം 22.5 ശതമാനമേ വരൂ.
(നാല്.) ചിദംബരം കോര്‍പ്പറേറ്റുകള്‍ക്ക് നല്കിയ നികുതിയിളവ് പരിശോധിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത കൂടി പുറത്തുവരുന്നു. ഏറ്റവും വലിയ കുത്തകകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇളവ് നല്‍കിയിട്ടുള്ളത്. 500 കോടി രൂപയേക്കാള്‍ നികുതി വിധേയ ലാഭമുള്ള കമ്പനികളുടെ യഥാര്‍ത്ഥ നികുതി നിരക്ക് 21.67 ശതമാനം മാത്രമാണ്. കമ്പനിയുടെ വലുപ്പം കുറയുന്തോറും യഥാര്‍ത്ഥ നികുതിനിരക്ക് കൂടിവരുന്നു. 50-100 കോടിരൂപ ലാഭമുള്ള കമ്പനികള്‍ 22.54 ശതമാനവും 10 - 50 കോടി രൂപവരെ ലാഭമുള്ള കമ്പനികള്‍ 21.2 ശതമാനവും 1-10 കോടി ലാഭമുള്ള കമ്പനികള്‍ 25.16 ശതമാനവും ഒരു കോടിയില്‍ താഴെ ലാഭമുള്ള കമ്പനികള്‍ 26 ശതമാനവും നികുതി കൊടുക്കുന്നു. ഏറ്റവും കുറവ് ശതമാനം നികുതി നല്‍കുന്ന 500 കോടിയേക്കാള്‍ ലാഭമുള്ള കമ്പനികള്‍ 252 എണ്ണമേ വരൂ. ഇവരാണ് 60ശതമാനവും കൊടുക്കുന്നത്. എന്നാല്‍ ഇവരുടെ മേലുള്ള നികുതി നിരക്കാണ് ഏറ്റവും താഴ്ന്നത്.
(അഞ്ച്.) 2013-14 ലേക്കുള്ള നികുതി ഇളവ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതായിരുന്നു. '100 കോടിയേക്കാള്‍ കൂടുതല്‍ പുതുതായി യന്ത്ര സാമഗ്രികളില്‍ 1-4-2013നും 31-03-2015നും ഇടയക്ക് നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് 15 ശതമാനം നിക്ഷേപ അലവന്‍സേ ലാഭത്തില് നിന്ന് കുറയ്ക്കാന്‍ അനുവാദം ഉണ്ടായിരിക്കൂ. ഇത് നിലവിലുള്ള ഡിപ്രിസിയേഷന്‍ അലവന്‍സിന് പുറമേ ആയിരിക്കും.' എന്തെ 100 കോടി രൂപയേക്കാള്‍ താഴെയുള്ള നിക്ഷേപങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടതല്ലേ.? ചെറുകിട ഇടത്തരം വ്യവസായികളുടെ നിക്ഷേപത്തെക്കുറിച്ച് ചിദംബരത്തിന് വലിയ പ്രതീക്ഷയൊന്നും ഇല്ലെന്ന് വേണം കരുതാന്‍. എങ്ങനെയെങ്കിലും വന്‍കിട മുതലാളിമാരെ പ്രീതിപ്പെടുത്തി നിക്ഷേപം വര്‍ദ്ധിപ്പിക്കലാണ് സാമ്പത്തിക മാന്ദ്യത്തിനുള്ള ചിദംബരത്തിന്റെ ഒറ്റമൂലി
(ആറ്) : കോര്‍പ്പറേറ്റ് കമ്പനികളുടെ എണ്ണം ഏതാണ്ട് 5 ലക്ഷം വരും ഇതില്‍ ഏതാണ്ട് പകുതി നഷ്ടത്തിലായതുകൊണ്ട് നാമമാത്ര നികുതി മാത്രമേ നല്‍കുന്നുള്ളു. ഇവയ്ക്ക് പുറമെ ഏതാണ്ട് 6 ലക്ഷം കോര്‍പ്പറേറ്റിതര സ്ഥാപനങ്ങള്‍ നികുതി അടക്കുന്നവരാണ്. ഇവരുടെ 7145 കോടി രൂപയുടെ നികുതിയാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
(ഏഴ്) : വ്യക്തികളുടെ മേലുള്ള ആദായ നികുതിയിലും കമ്പനികള്‍ക്കന്ന പോലെ ഒട്ടേറെ ഇളവുകളും നല്‍കി വരുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിക്ഷേപങ്ങള്‍ക്കും സമ്പാദ്യങ്ങള്‍ക്കും സെക്ഷന്‍ 80 സി പ്രകാരം നല്‍കുന്ന ഇളവുകളാണ്. ഈ ഇനത്തില്‍ മാത്രം 25000 കോടി രൂപയാണ് ഉപേക്ഷിച്ചത്. ഇന്‍ഫ്രാസ്ട്രക്ചര്‍ ബോര്‍ഡുകള്‍ക്കു നല്‍കുന്ന ഇളവ് ഏതാണ്ട് 1000 കോടി രൂപവരും. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്രീമിയം ഏതാണ്ട് ഇത്ര തന്നെ ഇളവായി നല്‍കുന്നുണ്ട്. സംഭാവനകള്‍, ചാരിറ്റി, സീനിയര്‍ സിറ്റിസണ്‍, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ഇങ്ങനെ ഒട്ടേറെ ചെറുതും വലുതുമായ ഇളവുകളുണ്ട്. താഴെപ്പറയുന്നവയാണ്. ഈ ഇനങ്ങളിലെല്ലാമായി 32230 കോടിരൂപയാണ് ചിദംബരം ഉപേക്ഷിച്ചത്. അങ്ങനെ കോര്‍പ്പറേറ്റ് നികുതി, കോര്‍പ്പറേറ്റിതര നികുതി, ആദായ നികുതി ഈ ഇനങ്ങളിലായി 101140 കോടി രൂപയാണ് വേണ്ടെന്ന് വച്ചത്.
(എട്ട്) ഇതിനുപുറമേയാണ് പരോക്ഷനികുതിയിലുള്ള ഇളവുകള്‍ മുലം നഷ്ടപ്പെടുന്ന നികുതി. പ്രത്യക്ഷ നികുതിയിലെന്ന പോലെ നികുതി നിരക്ക് കുറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടമല്ല ഇവിടെ പരിശോധിക്കപ്പെടുന്നത്. അംഗീകൃത നിരക്കിനേക്കാള്‍ താഴ്ന്ന നിരക്കില്‍ നികുതി പിരിക്കുമ്പോളുണ്ടാകുന്ന നഷ്ടമാണ് കണക്കാക്കുന്നത്. എക്‌സൈസ് നികുതി നിയമത്തിലും കസ്റ്റംസ് നികുതി നിരക്കിലും നിശ്ചയിക്കപ്പെട്ട താരിഫ് നിരക്കുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് വഴി യഥാര്‍ത്ഥ നികുതി നിരക്ക് ഇതിനേക്കാള്‍ താഴ്ത്തി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ഉദാഹരണത്തിന് ഭക്ഷ്യ എണ്ണയുടെമേല്‍ 30 ശതമാനം വരെ കസ്റ്റംസ് ഡ്യൂട്ടി നകത്താം. ഇറക്കുമതി ചുങ്കം നികത്താം എന്നാല്‍ പാം ഓയിലിന് മേല്‍ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഈ നഷ്ടമാണ് കണക്കിലെടുക്കുന്നത്. എക്‌സൈസ് ഇനത്തില്‍ 2011-12ല്‍ 212167 കോടി രൂപയും കസ്റ്റംസ് ഡ്യൂട്ടിയിനത്തില്‍ 250003 കോടി രൂപയും ആണ് ഇത്തരത്തില്‍ ഉപേക്ഷിച്ചത്. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ മൊത്തം 5.31 ലക്ഷം കോടി രൂപയാണ് 2011-12ല്‍ ഇന്ത്യാ സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
ഇന്ത്യാ സര്‍ക്കാരിന്റെ ധനക്കമ്മിയേക്കാള്‍ 10ശതമാനം കുറവാണ് 2011-12ല്‍ ഉപേക്ഷിക്കപ്പെട്ട നികുതി. ഇത് മുഴുവന്‍ പിരിച്ചെടുക്കണം എന്നതല്ല ഇവിടെ വാദിക്കുന്നത്. നയപരമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ചില ഇളവുകള്‍ നല്‌കേണ്ടി വരും. പക്ഷേ ധനക്കമ്മി കുറയ്ക്കുന്നതിനുവേണ്ടി പാവങ്ങള്‍ക്കായുള്ള ക്ഷേമ ചെലവുകളും ആനുകൂല്യങ്ങളും സബ്‌സിഡി എന്ന പേരുപറഞ്ഞ് വെട്ടിക്കുറയ്ക്കുമ്പോള്‍ ഓരോ വര്‍ഷം കഴിയുന്തോറും നികുതി പിരിക്കുന്നതില്‍ ഉപേക്ഷ കാണിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും. പരോക്ഷ നികുതി കുറയ്ക്കുന്നതുകൊണ്ട് പണക്കാര്‍ക്കുമാത്രമല്ല സാധാരണക്കാര്‍ക്കും നേട്ടം ഉണ്ടാകും എന്ന് വാദിക്കാം. പരോക്ഷ നികുതി കുറയ്ക്കുമ്പോള്‍ വില കുറയും എന്നാണ് അനുമാനം. എന്നാല്‍ പലപ്പോഴും ഇത് സംഭവിക്കാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരോക്ഷ നികുതിയിളവുകള്‍ പോലും ധനികര്‍ക്കുള്ള സബ്‌സിഡിയാണ്. ഏതായാലും കോര്‍പ്പറേറ്റ് നികുതി ഇളവിനെക്കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകേണ്ടതില്ലല്ലോ. ഈ തുക കോര്‍പ്പറേറ്റുകള്‍ക്കുള്ള സബ്‌സിഡിയാണ്. 61000 കോടി രൂപ ഇവര്‍ക്ക് സബ്‌സിഡി നല്‍കിയിട്ടാണ് 10 ശതമാനം സര്‍ചാര്‍ജ്ജ് ചുമത്തിയതിനെക്കുറിച്ച് വീമ്പടിക്കുന്നത്. പ്രത്യക്ഷനികുതിയിനത്തിലും പരോക്ഷനികുതിയിനത്തിലും നിശിതമായ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ 1 ലക്ഷം കോടി രൂപയെങ്കിലും കൂടുതലായി പിരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പാവങ്ങളെ പിഴിയാതെ ഇന്ത്യയുടെ ധനക്കമ്മി ഗണ്യമായി കുറയ്ക്കുവാന്‍ കഴിയുമായിരുന്നു. ഇതിന് പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില പൊടിക്കൈകള്‍ നടത്തിയിട്ട് പണക്കാര്‍ക്കുള്ള സബ്‌സിഡി കൂട്ടുന്നു. പാവങ്ങളുടെ സ്ബസിഡി കുറയ്ക്കുന്നു. പൊതുമേഖല വിറ്റ് തുലയ്ക്കുന്നു, വിദേശകുത്തകകള്‍ക്ക് പരവതാനി വിരിക്കുന്നു. ഇതാണ് കേന്ദ്ര ബഡ്ജറ്റിന്റെ പിന്‍തിരിപ്പന്‍ അജണ്ട.

കേരളം ധനകാര്യ അസ്ഥിരതയിലേയ്ക്കോ?ഡോ. ടി എം തോമസ് ഐസക്
സംസ്ഥാന ധനകാര്യത്തെക്കുറിച്ചുളള ഇക്കൊല്ലത്തെ സി ആന്‍ഡ് എജിയുടെ അവലോകന റിപ്പോര്‍ട്ട് ഭാവിയെക്കുറിച്ചുളള ഒരു അപകടമണിയാണ്. പ്രമുഖ മാധ്യമങ്ങളുടെയെല്ലാം തലക്കെട്ട് &ഹറൂൗീ;കേരളം ധനകാര്യ അസ്ഥിരതയില്‍ എന്നായിരുന്നു. ഈ നിഗമനം അതിശയോക്തിപരമാണ്. ധവളപത്രത്തിലൂടെ കെ. എം. മാണി ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം സി ആന്‍ഡ് എജി യുഡിഎഫ് സര്‍ക്കാരിനെതിരെയും നിരത്തിയിട്ടുണ്ട്. തന്റെ ധവളപത്രത്തെ തളളിപ്പറയാതെ സി ആന്‍ഡ് എജിയ്ക്ക് മറുപടി നല്‍കാന്‍ കെ. എം. മാണിക്കാവില്ല. ഇത്തരമൊരു നിശിത വിമര്‍ശനമുണ്ടായാല്‍ ആദ്യം പ്രതികരിക്കേണ്ടത് ധനമന്ത്രിയാണ്. എന്നാല്‍ നിയമസഭയിലോ പുറത്തോ സി ആന്‍ഡ് എജി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു പ്രതികരണവും ധനമന്ത്രിയില്‍ നിന്നുണ്ടായിട്ടില്ല.

ഇതിലൊരു ദുഷ്ടലാക്കുമുണ്ട്. കേരളം കടുത്ത ധനകാര്യ അസ്ഥിരതയിലാണ് എന്ന നിഗമനം മറയാക്കി, ജനവിരുദ്ധ നടപടികള്‍ അടിച്ചേല്‍പ്പിക്കാനാവുമോ എന്ന ചിന്തയും അദ്ദേഹത്തിനുണ്ടാകും. സ്വന്തം പേരില്‍ കെ. എം. മാണി സ്ഥാപിച്ച ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി അക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ധനപ്രതിസന്ധി മൂര്‍ച്ഛിച്ചാല്‍ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നായിരുന്നു ആ പ്രഖ്യാപനം. ധനപ്രതിസന്ധിയുടെ പേരു പറഞ്ഞാണ് പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ചത്. ധനപ്രതിസന്ധിയുടെ പേരില്‍ വീണ്ടും ജനങ്ങളില്‍ പരിഭ്രാന്തി പരത്തി പെന്‍ഷന്‍ പ്രായം വീണ്ടും കൂട്ടാനാവുമോ എന്ന ആലോചന അണിയറയില്‍ സജീവമാണ്.

കടത്തിന്റെ വര്‍ദ്ധനയാണ് ധനകാര്യ പ്രതിസന്ധിയുടെ ഏറ്റവും വലിയ തെളിവായി എടുത്തു പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആകെ കടബാധ്യത 93112 കോടി രൂപയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 13 ശതമാനത്തിന്റെ വര്‍ദ്ധന. ഇതില്‍ 38239 കോടി രൂപ കമ്പോളത്തില്‍ നിന്നെടുത്ത വായ്പയാണ്. ട്രഷറിയിലെ ചെറുകിട സമ്പാദ്യം, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവ 31331 കോടി രൂപയും. എല്ലാ ഇനങ്ങളിലും കടബാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. സി ആന്‍ഡ് എജി റിപ്പോര്‍ട്ടു സംബന്ധിച്ച ചാനല്‍ ചര്‍ച്ചകളിലും ഈ ഭീഷണിയാണ് മുഴച്ചു നിന്നത്. എന്നാല്‍ 2011-12ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ ഭീഷണിയ്ക്കു നിലനില്‍പ്പില്ല. സംസ്ഥാന വരുമാനവുമായുളള തോതു വിലയിരുത്തിയാണ് കടഭാരം മനസിലാക്കേണ്ടത്. 2010-11ല്‍ സംസ്ഥാന വരുമാനത്തിന്റെ 29.8 ശതമാനമായിരുന്നു കടബാധ്യത. മൊത്തം കടബാധ്യതയുടെ തുക 2011-12ല്‍ വര്‍ദ്ധിച്ചെങ്കിലും തോത് 28.5 ശതമാനമായി താഴുകയായിരുന്നു. കടം തിരിച്ചടയ്ക്കേണ്ടത് വരുമാനത്തില്‍ നിന്നാണ്. അതുകൊണ്ട് കടബാധ്യതയും വരുമാനവും തമ്മിലുളള തോതും പ്രധാനമാണ്. 2010-11ല്‍ 2.7 ശതമാനമായിരുന്ന ഈ തോത് 2011-12ല്‍ 2.5 ശതമാനമായി താഴ്ന്നു. നിയമസഭ പാസാക്കിയ ധനഉത്തരവാദിത്ത നിയമപ്രകാരം 2011-12ല്‍ കടബാധ്യതകള്‍ സംസ്ഥാന വരുമാനത്തിന്റെ 32.3 ശതമാനം വരെയാകാം. പക്ഷേ, ഇതിനകം തന്നെ 2014-15ല്‍ കൈവരിക്കേണ്ട ലക്ഷ്യം നേടിക്കഴിഞ്ഞു. എന്നിട്ടും ധനമന്ത്രിയും സി ആന്‍ഡ് എജിയുമൊക്കെ കടബാധ്യതയെക്കുറിച്ച് ഉന്നയിക്കുന്ന വേവലാതി വിചിത്രമാണ്.

സംസ്ഥാനം കടക്കെണിയിലേയ്ക്കാണോ എന്നു പരിശോധിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങളുണ്ട്. ഡോമര്‍ എന്ന ധനശാസ്ത്രജ്ഞന്റെ സൂത്രവാക്യമാണ് ഏറ്റവും പ്രചാരത്തിലുളളത്. ഇതു പ്രകാരം വായ്പകളുടെ പലിശനിരക്കിനെക്കാള്‍ ഉയര്‍ന്നതാണ് സംസ്ഥാന സര്‍ക്കാരുകളുടെ വളര്‍ച്ചാനിരക്ക് എങ്കില്‍ വായ്പ കടക്കെണിയിലേക്കു നയിക്കില്ല. 2010-11ല്‍ കേരള സംസ്ഥാന വരുമാനം 19.2 ശതമാനമായി ഉയര്‍ന്നു. പലിശ നിരക്കാവട്ടെ, 7.07 ശതമാനം മാത്രവും. ഇവ രണ്ടും തമ്മിലുളള അന്തരം 12.1 ശതമാനമാണ്. 2004-05ല്‍ ഇത് 4.9 ശതമാനമായിരുന്നു. കേരളത്തിന്റെ കടഭാരം താങ്ങാവുന്ന നിലയിലാണ്. മറ്റു സൂചകങ്ങളെടുത്താലും കേരളത്തിന്റെ കടഭാരം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണ്. കടബാധ്യതകളുടെ ഭാരം പര്‍വതീകരിക്കുന്നത് നവലിബറല്‍ നിലപാടാണ്. കടം വാങ്ങി സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങളൊന്നും ചെയ്യേണ്ടതില്ല എന്നതാണ് ഇക്കൂട്ടരുടെ ആദര്‍ശം. സംസ്ഥാന സര്‍ക്കാരിന്റെ കമ്മി കുത്തനെ ഉയര്‍ന്നു എന്നാണ് സി ആന്‍ഡ് എജിയുടെ അവസാന കണക്കുകള്‍ തെളിയിക്കുന്നത്. 2011-12ല്‍ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 3764 കോടി രൂപയായിരുന്നത് ഇപ്പോള്‍ 8035 കോടി രൂപയായി. ഏതാണ്ട് ഇരട്ടി വര്‍ദ്ധന. റവന്യൂ ചെലവ് 32.8 ശതമാനം ഉയര്‍ന്നപ്പോള്‍ റവന്യൂ വരുമാനം 22.6 ശതമാനമായേ ഉയര്‍ന്നുളളൂ. ഇതുമൂലമാണ് റവന്യൂ കമ്മി പെരുകിയത്.

റവന്യൂ വരുമാനം പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ല. പ്രതീക്ഷിച്ചതിനെക്കാള്‍ 1417 കോടി രൂപ കുറവായിരുന്നു. സംസ്ഥാന നികുതിയിലും കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിച്ച നികുതിയിലും ഇടിവുണ്ടായി. അതേസമയം റവന്യൂ ചെലവ് ബജറ്റില്‍ ഉള്‍ക്കൊളളിച്ചതിനെക്കാള്‍ 1083 കോടി രൂപ കൂടുതലായിരുന്നു. ശമ്പള, പെന്‍ഷന്‍ പരിഷ്കരണത്തിന് ഉണ്ടായ അധികച്ചെലവാണ് റവന്യൂ ചെലവ് കുത്തനെ ഉയരാന്‍ കാരണം. 2010-11ല്‍ സംസ്ഥാന വരുമാനത്തിന്റെ 1.3 ശതമാനമേ റവന്യൂ കമ്മി വന്നിരുന്നുളളൂ. ഇത് 1.8 ശതമാനമായി ഉയരുമെന്നാണ് ബജറ്റില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കമ്മി 2.5 ശതമാനമായി തീര്‍ന്നു. ശമ്പള പരിഷ്കരണ വര്‍ഷത്തില്‍ റവന്യൂ കമ്മി കൂടുക അനിവാര്യമാണെങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ദ്ധന ആശങ്ക ഉളവാക്കുന്നതാണ്. ധനക്കമ്മി 2010-11ല്‍ 7731 കോടി രൂപയായത് 2011-12ല്‍ 12815 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. ഇതിനു മുഖ്യകാരണം റവന്യൂ കമ്മിയിലുണ്ടായ വര്‍ദ്ധനയാണ്. സ്ഥിരമായ ആസ്തികള്‍ നിര്‍മ്മിക്കുന്നതിനല്ല, മറിച്ച്, ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ദൈനംദിന ചെലവുകള്‍ക്കാണ് വായ്പയെടുത്തത്. ഇത് തികച്ചും അനഭിലഷണീയമാണ്. ധനക്കമ്മിയുടെ ശതമാനം 2.8 ശതമാനമായിരുന്നത് 3.9 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ധനക്കമ്മി 3.4 ശതമാനമായി പരിമിതപ്പെടുത്താമെന്ന പ്രതീക്ഷ അസ്ഥാനത്തായി. സാധാരണഗതിയില്‍ എല്ലാ ശമ്പള പരിഷ്കരണ വര്‍ഷങ്ങളിലും ധനപരമായ അസന്തുലിതാവസ്ഥ മൂര്‍ച്ഛിക്കാറുണ്ട്. പക്ഷേ, ഇത്തവണ പ്രതീക്ഷിച്ചതിലേറെ കമ്മി ഉയര്‍ന്നു. 2014 - 15 ആകുമ്പോള്‍ റവന്യൂ കമ്മി ഇല്ലാതാക്കുന്നതിന് ധനക്കമ്മി 3 ശതമാനത്തിലേക്കു കുറയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഈ ലക്ഷ്യത്തിലേക്കു നീങ്ങുന്നത് കൂടുതല്‍ ദുഷ്കരമായിട്ടുണ്ട്.

പക്ഷേ, സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി അസ്ഥിരതയിലായി എന്നൊരു നിഗമനത്തിലേയ്ക്ക് എത്താനാവില്ല. ശമ്പള, പെന്‍ഷന്‍ ചെലവുകളിലുണ്ടായ വര്‍ദ്ധന തുടര്‍ന്നങ്ങോട്ട് ഉണ്ടാവുകയില്ല. കമ്മി വരും വര്‍ഷങ്ങളില്‍ ഗണ്യമായി കുറയുകയും ചെയ്യും. അതുകൊണ്ട് 2011-12ലെ കമ്മി ചൂണ്ടിക്കാണിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കി ജനവിരുദ്ധ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ശക്തമായി ചെറുത്തേതീരൂ. പക്ഷേ, സി ആന്‍ഡ് എജിയുടെയും എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളില്‍ ഭാവിയെക്കുറിച്ചുളള ആശങ്കകളുടെ സൂചകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ ഭാവിയാണ്. മൊത്തം നികുതി വരുമാനം 23633 കോടി രൂപയായിരുന്നത് 28311 കോടി രൂപയായി ഉയര്‍ന്നു. അതായത്, 18.4 ശതമാനം വര്‍ദ്ധന. 2010-11ല്‍ ഇത് 23.2 ശതമാനമായിരുന്നു. 2011-12ല്‍ പ്രതീക്ഷിച്ച വര്‍ദ്ധന റവന്യൂ വരുമാനത്തില്‍ നേടിയില്ലെങ്കിലും നികുതി വരുമാനത്തില്‍ അതിനു മുമ്പുളള അഞ്ചുവര്‍ഷക്കാലത്തെ മുന്നേറ്റം പൊതുവില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷേ, ആശങ്ക ഉയര്‍ത്തുന്ന ചില പുതിയ സംഭവവികാസങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്ന്, സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി നികുതി നിരക്കില്‍ പലര്‍ക്കും ഇളവുകള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പോലീസ് കാന്റീനുകള്‍ക്ക് വാറ്റുനികുതിയില്‍ നിന്ന് ഇളവു നല്‍കിയതാണ് ഇതിലേറ്റവും പ്രധാനം.

മറ്റു വിഭാഗം ജീവനക്കാരും ഈ ആവശ്യം ഉന്നയിക്കും. രണ്ട്, രജിസ്ട്രേഷന്‍ ഫീസില്‍ വന്‍ ഇളവുകളാണ് നല്‍കിയിട്ടുളളത്. കുടുംബ ഭാഗാധാരത്തില്‍ പരമാവധി ആയിരം രൂപയേ ഇപ്പോള്‍ സ്റ്റാമ്പിനത്തില്‍ നല്‍കേണ്ടതുളളൂ. എസ്റ്റേറ്റുകാര്‍ക്കും വന്‍ഭൂസ്വത്തുളളവര്‍ക്കും ഇതിന്റെ പേരില്‍ വലിയതോതില്‍ നികുതിയൊഴിവ് ലഭിക്കുന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്. ഇതോടൊപ്പം ഫെയര്‍ വാല്യൂ നിശ്ചയിച്ചത് സ്വേച്ഛാപരമായി കുറയ്ക്കുന്നതിനുളള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്ന്, ചെക്ക്പോസ്റ്റ് പരിഷ്കാരങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. അവിടെ അഴിമതി തിരിച്ചെത്തിയിരിക്കുന്നു. നാല്, സര്‍ക്കാര്‍ നികുതിയ്ക്ക് സ്റ്റേ കൊടുക്കുന്നത് കഴിഞ്ഞ ഭരണകാലത്ത് ഗണ്യമായി കുറച്ചിരുന്നു. എന്നാല്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ന് വ്യാപകമായി നികുതിയ്ക്ക് സ്റ്റേ കൊടുക്കുകയോ സ്റ്റേ ഇല്ലാതാക്കുകയോ ചെയ്യുന്നതിന്റെ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ വന്നിരുന്നു. ആറ്, കഴിഞ്ഞ ഭരണകാലത്ത് നികുതി പിരിവില്‍ ശ്രദ്ധേയമായ വര്‍ദ്ധന നേടാന്‍ കഴിഞ്ഞത് നികുതി പിരിവില്‍ ഇ-ഭരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതു കൊണ്ടാണ്. എന്നാല്‍ അന്നു തുടങ്ങിവെച്ച പലതിനും ഇപ്പോള്‍ തുടര്‍ച്ചയില്ല. ഇടതുപക്ഷ മുന്നണിയുടെ ഭരണകാലത്ത് ധനകാര്യസുസ്ഥിരത നേടുന്നതിന് സഹായിച്ച ഏറ്റവും പ്രധാന ഘടകം റവന്യൂ വരുമാനത്തിലുണ്ടായ വര്‍ദ്ധനയാണ്. വാറ്റു നികുതിയിലായിരുന്നു ശ്രദ്ധേയമായ നേട്ടം. മുന്‍ യുഡിഎഫ് ഭരണകാലത്ത് ഏതാണ്ട് 10 ശതമാനം വേഗതയില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്ന വില്‍പന നികുതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതാണ്ട് ഇരട്ടി വേഗതയില്‍ വളര്‍ന്നു. ഈ വളര്‍ച്ചാനിരക്ക് നിലനിര്‍ത്തിയില്ലെങ്കില്‍ റവന്യൂ കമ്മി കുറച്ചു ധനകാര്യസുസ്ഥിരത നേടാനുളള പരിശ്രമങ്ങളെല്ലാം ദിവാസ്വപ്നങ്ങളായി തുടരും. ഇതാണ് ഇന്നത്തെ ഏറ്റവും വലിയ അപകടം.

മൂലധനച്ചെലവ് പരമാവധി ഉയര്‍ത്തുക; റവന്യൂ ചെലവ് വരുമാന വര്‍ദ്ധനയിലേയ്ക്കു പരിമിതപ്പെടുത്തുക എന്നതായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയം. ഇതില്‍ത്തന്നെ മൂലധനച്ചെലവിലുണ്ടായ വര്‍ദ്ധന മുഴുവന്‍ അപ്പപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിന് ഭാരമായി മാറാതെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിഭവസമാഹരണത്തിലൂടെ കണ്ടെത്താന്‍ ബോധപൂര്‍വമുളള പരിശ്രമം നടന്നു. ഇതിനേറ്റവും നല്ല ഉദാഹരണമാണ് ഇഎംഎസ് പാര്‍പ്പിട പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വായ്പയെടുത്ത് ഇന്ന് വീടുകള്‍ വെച്ചുകൊടുക്കുന്നു. ഭാവിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റില്‍ നിന്ന് 15 വര്‍ഷം കൊണ്ട് ഈ വായ്പ അടച്ചു തീര്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വായ്പയിലോ ധനക്കമ്മിയിലോ ഇതുമൂലം വര്‍ദ്ധനയുണ്ടാവില്ല.

അതേസമയം ആയിരക്കണക്കിന് കോടി രൂപയുടെ പാര്‍പ്പിട നിര്‍മ്മാണം നടക്കും. വീണ്ടുവിചാരമില്ലാതെ ഈ പദ്ധതി വേണ്ടെന്നു വെച്ചു. അതേസമയം വീടൊന്നിനുളള ആനുകൂല്യം രണ്ടു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഐഎവൈ പദ്ധതി നടപ്പാക്കാന്‍ വേണ്ടി മാത്രം 830 കോടി രൂപ അധികമായി തദ്ദേശസ്ഥാപനങ്ങള്‍ക്കു വേണം. ഇതിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്തോ അല്ലാതെയോ നല്‍കാം എന്നാണ് ഉറപ്പു നല്‍കിയിരിക്കുന്നത്. ഈ പുതിയ സമീപനം സംസ്ഥാന സര്‍ക്കാരിന്റെ ധനക്കമ്മി കൂട്ടുകയേ ഉളളൂ. ഇതുപോലെ, കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച സുപ്രധാനമായ ഒരു വികസന പരിപാടിയായിരുന്നു 40000 കോടി രൂപയുടെ റോഡു പുനരുദ്ധാരണ പദ്ധതി. ഇതിനു വേണ്ടി പ്രത്യേകം ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിനു രൂപം നല്‍കുകയും റോഡിനാവശ്യമായ പണം ഈ സ്ഥാപനത്തെക്കൊണ്ട് വായ്പയെടുത്തു റോഡു പണിയുകയും ചെയ്യുക എന്നതായിരുന്നു സമീപനം.

പുതിയ സ്ഥാപനത്തിന് വായ്പ ഉറപ്പു വരുത്തുന്നതിനു വേണ്ടി വാഹനികുതിയുടെ 50 ശതമാനം പണം വര്‍ഷംതോറും ഗ്രാന്റായി നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ സ്കീം വേണ്ടെന്നു വെച്ചിരിക്കുകയാണ്. അതിനുപകരം സംസ്ഥാന ഖജനാവില്‍ നിന്ന് നേരിട്ട് പരമാവധി പണം ലഭ്യമാക്കാനാണ് പരിപാടി. ഈ സമീപനം അധികം താമസിയാതെ കരാറുകാര്‍ക്കുളള പണം കുടിശികയായി തീരുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കും. കുടിശിക തീര്‍ക്കാന്‍ വായ്പയെടുക്കുന്നതു മൂലം സംസ്ഥാന സര്‍ക്കാരിന്റെ ധനക്കമ്മി കൂടുകയും ചെയ്യും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി സംബന്ധിച്ച് സി ആന്‍ഡ് എജി നടത്തുന്ന ഭയാശങ്കകള്‍ യുഡിഎഫ് ഭരണത്തിന്‍കീഴില്‍ പൊതുമേഖലാരംഗത്ത് വലിയൊരു തിരിച്ചുപോക്കുണ്ടായിരിക്കുന്നു എന്നുളളതിന് തെളിവാണ്.

ഭരണത്തിന്റെ ഒന്നാംവര്‍ഷം പിന്നിടുമ്പോള്‍ കണക്കുകള്‍ പൂര്‍ത്തിയാക്കിയ 76 സ്ഥാപനങ്ങളില്‍ 32 എണ്ണം നഷ്ടത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ കാഷ് ബാലന്‍സ് ഇപ്പോള്‍ സുരക്ഷിതമാണ്. ട്രഷറികളില്‍ രൊക്കം കാശിനു പ്രയാസമില്ല. ഇതില്‍ മതിമറന്ന് ട്രഷറി പബ്ലിക് അക്കൗണ്ടിനെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോകട്ടെ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും സ്വന്തം പണം ട്രഷറിയില്‍ സൂക്ഷിക്കണം എന്ന് ഇപ്പോള്‍ വലിയ ശാഠ്യമില്ല. ട്രഷറി ഒഴിവാക്കി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ബാങ്കു വഴിയാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സമീപനം കേരളത്തിലില്ലാതായ ട്രഷറി സ്തംഭനത്തെ തിരിച്ചുകൊണ്ടുവരാം.

ധനമന്ത്രിമുമ്പാകെ ചില സൗജന്യ നിര്‍ദേശങ്ങള്‍


ധനവിചാരം, Mathrubhumi 05 March 2013

കേന്ദ്രബജറ്റ് കഴിഞ്ഞു. ഇനി സംസ്ഥാന ബജറ്റാണ്. ധനമന്ത്രി കെ.എം. മാണി കേന്ദ്രബജറ്റിനെ സ്വാഗതംചെയ്‌തെങ്കിലും ചില കാര്യങ്ങളില്‍ നിശിത വിമര്‍ശമുയര്‍ത്തി. കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന വിമര്‍ശം. അക്കാര്യത്തില്‍ കെ.എം. മാണിയോട് യോജിച്ചപ്പോള്‍, ഒരു പ്രാദേശികപാര്‍ട്ടിയുടെ സമീപനം ഞാന്‍ സ്വീകരിക്കുന്നുവെന്നായിരുന്നു ആര്യാടന്‍ മുഹമ്മദിന് പരാതി. അതവിടെ നില്‍ക്കട്ടെ. കേരള ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നമ്മുടെ ധനമന്ത്രി സംസ്ഥാന താത്പര്യം ഉയര്‍ത്തിപ്പിടിക്കുമോ. അതോ, വായ്പയും കമ്മിയും സംബന്ധിച്ച കേന്ദ്രത്തിന്റെ ഇണ്ടാസ് യാന്ത്രികമായി അനുസരിക്കുമോ എന്നറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്.

ധനക്കമ്മിയെ അത്ര പേടിക്കേണ്ടതില്ലെന്നാണ് എന്റെ പക്ഷം. സംസ്ഥാനങ്ങളുടെ വായ്പപരിധി തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. അതുകൊണ്ട് സംസ്ഥാനം വിചാരിച്ചാലും ധനക്കമ്മി ആ പരിധികടന്ന് പോകാനാവില്ല. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ 2011-'12-ലെ അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ചിലരുടെ എതിര്‍പ്പ് പ്രതീക്ഷിക്കുന്നുണ്ട്. ആ റിപ്പോര്‍ട്ടുപ്രകാരം കേരളത്തിന്റെ ധനക്കമ്മി 12,815 കോടി രൂപയാണ്; സംസ്ഥാനവരുമാനത്തിന്റെ 3.9 ശതമാനം. 2011-'12-ല്‍ ഫിനാന്‍സ് കമ്മീഷന്റെ തീര്‍പ്പുപ്രകാരം അനുവദനീയമായ ധനക്കമ്മി 3.5 ശതമാനമാണ്. കമ്മി പരിധിയേക്കാള്‍ ഉയര്‍ന്നു എന്നാണ് സി. ആന്‍ഡ് എ.ജി.യുടെ വിമര്‍ശം.

എന്താണീ ധനക്കമ്മി? മാണിസാര്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയ കാലത്ത് ധനക്കമ്മി എന്നപ്രയോഗംതന്നെ ഉണ്ടായിരുന്നില്ല. ബജറ്റ് കമ്മി, ബജറ്റ് മിച്ചം എന്നായിരുന്നു അക്കാലത്തെ പ്രയോഗങ്ങള്‍. നികുതി, നികുതിയേതര റവന്യൂ വരുമാനങ്ങള്‍, വായ്പതിരിച്ചടവും ഓഹരിവില്പന വരുമാനവും വായ്പ എന്നിവയുടെ തുകയാണല്ലോ സര്‍ക്കാറിന്റെ മൊത്തം വരുമാനം. സര്‍ക്കാറിന്റെ മൊത്തം ചെലവാകട്ടെ, ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ റവന്യൂ ചെലവുകളും സര്‍ക്കാര്‍ കൊടുത്ത വായ്പകളും ആസ്തികള്‍ നിര്‍മിക്കുന്നതിനുവേണ്ടിയുള്ള മൂലധനച്ചെലവുമാണ്. മൊത്തം വരുമാനത്തേക്കാള്‍ മൊത്തം ചെലവ് കൂടിയാല്‍ ബജറ്റ് കമ്മി. എന്നാലിപ്പോള്‍ വ്യത്യസ്ത ധാരണയാണുള്ളത്. പക്ഷേ, സര്‍ക്കാറിന്റെ വായ്പയെ യഥാര്‍ഥവരുമാനമായി കണക്കാക്കാന്‍ പാടില്ലെന്നാണ് ലോകബാങ്ക് പോലുള്ളവയുടെ ശാഠ്യം. സര്‍ക്കാറെടുക്കുന്ന വായ്പയും കമ്മിയുടെ ഭാഗമായി പരിഗണിക്കണമത്രേ. അതിലളിതമായി പറഞ്ഞാല്‍ പഴയ ബജറ്റ്കമ്മിയും വായ്പയും ചേരുന്നതാണ് ധനക്കമ്മി.

വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യത സര്‍ക്കാറിന്റേതാണ്. അതുകൊണ്ട് വായ്പയെടുക്കുന്ന പണം ഭാവിയില്‍ വരുമാനമുണ്ടാക്കുന്ന ഏതെങ്കിലും ആസ്തികള്‍ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കണമെന്നാണ് സാമാന്യതത്ത്വം. അപ്പോള്‍ ബാധ്യതയും ആസ്തിയും ബാലന്‍സുചെയ്യും. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ റവന്യൂ ചെലവുകള്‍ ഒരു ആസ്തിയും സൃഷ്ടിക്കുന്നില്ല. ചെലവാകുന്നതോടെ അവയുടെ കഥയും തീരും. അതുകൊണ്ട് ഇത്തരത്തിലുള്ളആവര്‍ത്തനച്ചെലവുകള്‍ നികുതി, നികുതിയേതര വരുമാനങ്ങളിലൂടെ കണ്ടെത്തണമെന്നാണ് മറ്റൊരു തത്ത്വം. എന്നാല്‍, കഴിഞ്ഞവര്‍ഷം റവന്യൂ ചെലവ് റവന്യൂ വരുമാനത്തേക്കാള്‍ 8,035 കോടി രൂപ കൂടുതലായിരുന്നു. അതായത്, 8,035 കോടിരൂപ റവന്യൂ കമ്മി ഉണ്ടായിരുന്നു; സംസ്ഥാനവരുമാനത്തിന്റെ 2.5 ശതമാനം.

കമ്മി കൂടാന്‍ എന്താണ് കാരണം? ശമ്പള പരിഷ്‌കരണത്തിന്റെ അധികച്ചെലവ് മുഴുവന്‍ വഹിക്കേണ്ടി വന്നത് 2011-'12-ലാണ്. ഏത് ശമ്പളപരിഷ്‌കരണ വര്‍ഷമെടുത്താലും റവന്യൂചെലവ് ഗണ്യമായി ഉയരും. റവന്യൂകമ്മി കൂടും. അത് നികത്താന്‍ കൂടുതല്‍ വായ്പയെടുക്കേണ്ടിവരും. അതായത് ധനക്കമ്മി ഉയരും. കേന്ദ്രസര്‍ക്കാര്‍ വായ്പയെടുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുമ്പോള്‍ ധനക്കമ്മി 3.9 ശതമാനം ഉയര്‍ത്താന്‍ സംസ്ഥാനത്തിന് എങ്ങനെ കഴിഞ്ഞു?

വര്‍ധിച്ച ശമ്പളവും പെന്‍ഷനും മാത്രമല്ല, ശമ്പള പരിഷ്‌കരണത്തീയതി മുതലുള്ള കുടിശ്ശികയും 2011-'12-ല്‍ കൊടുക്കേണ്ടിവന്നു. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുകയാണ് പതിവ്. പി.എഫ്. അക്കൗണ്ടിലെ ഡെപ്പോസിറ്റുകള്‍ സര്‍ക്കാറിന്റെ മൂലധന വരുമാനമായിട്ടാണ് കണക്കാക്കുക. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വായ്പ അനുവദിച്ചില്ലെങ്കിലും കുടിശ്ശിക നിര്‍ബന്ധപൂര്‍വം ട്രഷറിയില്‍ നിക്ഷേപമായി പി.എഫ്. അക്കൗണ്ടില്‍ ഇടുന്നതുകൊണ്ട് ഫലത്തില്‍ സര്‍ക്കാറിന്റെ വായ്പ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പരിധിയേക്കാള്‍ ഉയരുന്നു. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ കുടിശ്ശിക കൊടുക്കേണ്ടിവരില്ല. സര്‍ക്കാര്‍ചെലവ് അത്രയും കുറയും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അധിക മൂലധനവരുമാനവും അപ്രത്യക്ഷമാകും. അതുകൊണ്ട്, ധനക്കമ്മി ഇനിയുള്ള വര്‍ഷങ്ങളില്‍ സ്വാഭാവികമായിത്തന്നെ കുറഞ്ഞുകൊണ്ടിരിക്കും.

2012-'13-ലെ പുതുക്കിയ ധനക്കമ്മിയുടെ കണക്ക് ബജറ്റിനോടൊപ്പമേ ലഭിക്കൂ. എന്നാല്‍, എന്റെ അനുമാനത്തില്‍ അത് മൂന്നുശതമാനത്തില്‍ താഴെയായിരിക്കും. 2012-'13-ലും ധനക്കമ്മിയുടെ അനുവദനീയമായ പരിധി 3.5 ശതമാനമാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വായ്പവെച്ച് നോക്കുമ്പോള്‍ ധനക്കമ്മി മൂന്നുശതമാനത്തില്‍ താഴെയേ വരൂ. 2013-'14-ലും ഈ സ്ഥിതി തുടരും. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ കെ.എം. മാണി ചെയ്യേണ്ടത് ട്രഷറി സേവിങ്‌സ് ബാങ്ക്‌വഴി പരമാവധി നിക്ഷേപം സമാഹരിച്ച് നമ്മുടെ ധനക്കമ്മി അനുവദനീയ പരിധിയിലേക്കെങ്കിലും ഉയര്‍ത്തുക എന്നുള്ളതാണ്. കേന്ദ്രസര്‍ക്കാറിന്റെ ധനക്കമ്മി 4.8 ശതമാനമാണെന്നോര്‍ക്കണം.

ഇപ്രകാരം സമാഹരിക്കുന്ന പണം ഒരു കാരണവശാലും റവന്യൂ ചെലവുകള്‍ക്ക് ഉപയോഗിക്കരുത്. പൂര്‍ണമായും റോഡ്, പാലം, കെട്ടിടം തുടങ്ങിയ മൂലധനച്ചെലവുകള്‍ക്കുവേണം ഉപയോഗിക്കാന്‍. കേരളത്തിന്റെ മൂലധനച്ചെലവ് ഇനിയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഗണ്യമായി ഉയര്‍ത്തുന്ന സമീപനം കൈക്കൊള്ളേണ്ടതുണ്ട്. ഇതിന് ട്രഷറി സേവിങ്‌സ് ബാങ്കിലൂടെ സമാഹരിക്കുന്ന ഡെപ്പോസിറ്റുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താം. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ട്രഷറി സേവിങ്‌സ് ബാങ്കിനെ തകര്‍ക്കുന്ന സമീപനമാണ് കെ.എം. മാണി കഴിഞ്ഞ രണ്ടുവര്‍ഷമായി അനുവര്‍ത്തിക്കുന്നത്. ശമ്പളം മുഴുവന്‍ വാണിജ്യ ബാങ്കുകള്‍ വഴിയാക്കി. ഡിപ്പാര്‍ട്ടുമെന്റുകളുടെ പണം പോലും വാണിജ്യബാങ്കുകളില്‍ ഡെപ്പോസിറ്റുചെയ്യാന്‍ അനുവദിക്കുന്നു. ഈ നയം തിരുത്തണം.

നമ്മുടെ റോഡുകളുടെയും പാലങ്ങളുടെയും മറ്റും നവീകരണത്തിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ നേരിട്ട് എടുക്കുന്ന വായ്പകളും സമാഹരിക്കുന്ന നിക്ഷേപങ്ങളും തികച്ചും അപര്യാപ്തമാണ്. അതുകൊണ്ട് അര്‍ധസര്‍ക്കാര്‍ ഏജന്‍സികള്‍വഴി വായ്പയെടുത്ത് മുതല്‍മുടക്കാന്‍ തയ്യാറാകണം. ബജറ്റിനുപുറത്തുള്ള ഇത്തരം പരോക്ഷവായ്പകളെക്കുറിച്ച് നിശിതമായ വിമര്‍ശം യഥാസ്ഥിതിക ധനവിശാരദന്മാര്‍ ഉയര്‍ത്തുന്നു. പക്ഷേ, അത് നാം കാര്യമാക്കേണ്ടതില്ല. മുതല്‍മുടക്കുന്ന പണം കാര്യക്ഷമമായി വിനിയോഗിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ മതി. ഇത്തരം ഇടപെടലിന്റെ ഏറ്റവുംനല്ല മാതൃകകളില്‍ ഒന്നായിരുന്നു ഇ.എം.എസ്. പാര്‍പ്പിടപദ്ധതി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വായ്പയെടുത്ത് ഇന്ന് വീടുപണിയുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കിട്ടുന്ന ഗ്രാന്റില്‍നിന്ന് വായ്പ തിരിച്ചടയ്ക്കുന്നു. സംസ്ഥാന സര്‍ക്കാറിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പരിധിക്കപ്പുറം വായ്പയെടുക്കാനാവില്ല. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വായ്പയെടുക്കുന്നത് ഇപ്പോള്‍ തടയാന്‍ കേന്ദ്രസര്‍ക്കാറിനാവില്ല. എന്നാല്‍, ഇ.എം.എസ്. പാര്‍പ്പിട പദ്ധതി വീണ്ടുവിചാരമില്ലാതെ പാതിവഴിവെച്ച് പൊളിച്ചു.

എന്റെ അവസാനബജറ്റില്‍ പ്രഖ്യാപിച്ച 40,000 കോടി രൂപയുടെ റോഡ്‌നവീകരണ പദ്ധതി ഇതേ മാതൃകയിലുള്ളതാണ്. റോഡ്ഫണ്ട് ബോര്‍ഡിനോ പുതിയൊരു ഏജന്‍സിക്കോ വാഹനനികുതിയുടെ പകുതി നിയമപ്രകാരം വ്യവസ്ഥചെയ്യുക. ഈ ഭാവി വരുമാനം ചൂണ്ടിക്കാണിച്ച് ഈ ഏജന്‍സിക്ക് വലിയ തോതില്‍ കമ്പോളത്തില്‍നിന്ന് വായ്പയെടുത്ത് നേരിട്ട് റോഡുപണിയാം. ടോളും വേണ്ട. ഇതിന്റെ ഏതാണ്ട് പകുതി വലിപ്പത്തിലുള്ള ഒരു പദ്ധതി പൊതുമരാമത്തുവകുപ്പ് എം.എല്‍.എ.മാരുടെ മുന്നില്‍ കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചു. എന്നാല്‍, ഈ ദിശയിലേക്കൊന്നും ഇതുവരെ ഗൗരവമായ ഒരു നീക്കവും നടന്നിട്ടില്ല. യാഥാസ്ഥിതിക ധനനയം വെടിയാന്‍ ധനമന്ത്രി തയ്യാറാകണം.

പാമോയിലിനുള്ള സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് നല്‍കാത്തതില്‍ കെ.എം. മാണി ശക്തമായി പ്രതികരിച്ചു. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ റേഷന്‍കടകള്‍വഴി വെളിച്ചെണ്ണ വിതരണംചെയ്യുന്നതിന് സംസ്ഥാന ബജറ്റില്‍ സബ്‌സിഡി നീക്കിവെക്കുമോ? കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ചുനിന്നാല്‍ കേന്ദ്രത്തില്‍നിന്ന് ഈ തുക നമുക്ക് പിടിച്ചുവാങ്ങാം. നാളികേരത്തിന്റെ മാത്രമല്ല, റബ്ബറിന്റെയും ഏലത്തിന്റെയും വില ഇടിഞ്ഞുകഴിഞ്ഞു. 1999-ലേതുപോലെ കാര്‍ഷിക വിലത്തകര്‍ച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് നാം കടക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര വിള ഇന്‍ഷുറന്‍സ് സ്‌കീമുകള്‍, നമ്മുടെ ബജറ്റ്‌വിഹിതവുംകൂടിവെച്ച് സമഗ്രവും ആകര്‍ഷകവുമാക്കാന്‍ നടപടി സ്വീകരിക്കാന്‍ കഴിയുകയില്ലേ?

കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ എപ്പോഴും മെച്ചപ്പെട്ടതാണ്. പക്ഷേ, ഈ അഭിവൃദ്ധിയുടെ കാലത്തും കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍, പ്രത്യേകിച്ച് കയര്‍, ഖാദി, കൈത്തറി, ബീഡി, ചെത്ത് തുടങ്ങിയവ തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടിക്കൊപ്പം ഇവയില്‍ ഇന്ന് പണിയെടുക്കുന്ന ഗണ്യമായ വിഭാഗത്തിന് മാന്യമായി റിട്ടയര്‍ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണം. മിനിമംകൂലി അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ജോലി നല്‍കാന്‍ പറ്റാത്തവരെ 45-ാം വയസ്സില്‍ പെന്‍ഷന്‍ നല്‍കി റിട്ടയര്‍ചെയ്യുന്നതിന് ഒരു പദ്ധതി ആവിഷ്‌കരിക്കാന്‍ നമുക്ക് കഴിയില്ലേ? മാസപെന്‍ഷനും ഗണ്യമായി ഉയര്‍ത്തേണ്ടതുണ്ട്.

കെ.എസ്.ആര്‍.ടി.സി.യുടെ കടബാധ്യത ഒഴിവാക്കുന്നതിന് ഒരു സ്‌കീം ആവിഷ്‌കരിക്കാന്‍ കഴിയണം. രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജലവിതരണ പദ്ധതികളിലെ മുതല്‍മുടക്ക് ഗണ്യമായി ഉയര്‍ത്തണം. രണ്ടുവര്‍ഷംകൊണ്ട് കേരളത്തിലെ പൊതുമേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. സൂചികൊണ്ട് എടുക്കാവുന്നത് ഇനി തൂമ്പകൊണ്ട് കോരിയാലും എടുക്കാന്‍പറ്റാത്ത അവസ്ഥയിലേക്ക് പോകാന്‍ അനുവദിക്കരുത്. ഈ വര്‍ഷത്തെ ബജറ്റിലെങ്കിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പാര്‍പ്പിടപദ്ധതിയുടെ കുരുക്കഴിക്കാന്‍ തയ്യാറാകണം. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതി തകര്‍ത്തതിന് മുഖ്യകാരണം ഈ ഊരാക്കുടുക്കായിരുന്നു. സര്‍വകലാശാലകളെല്ലാം പ്രതിസന്ധിയിലാണ്. ഉള്ളവ ഒന്ന് നേരേയാക്കിയിട്ടാവാം ഇനി പുതിയവ.

കേരളത്തിലെ മാലിന്യപ്രതിസന്ധി നാള്‍ക്കുനാള്‍ മൂര്‍ച്ഛിക്കുകയാണ്. സമ്പൂര്‍ണശുചിത്വം കൈവരിക്കുന്ന മുനിസിപ്പല്‍ വാര്‍ഡ്‌സഭകളില്‍ അവര്‍ തീരുമാനിക്കുന്ന പൊതുമരാമത്തുപണി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ 2013-ല്‍ ശുചിത്വമിഷന്‍ ലക്ഷ്യം കൈവരിക്കാനാകും. കടലിലെ മണലല്ല, ഡാമുകളിലെ മണലാണ് വാരേണ്ടത്. വരുമാനം ഹരിതഫണ്ടില്‍ നിക്ഷേപിക്കുകയുമാകാം.

അവസാനമായി, കേന്ദ്രബജറ്റില്‍പോലും സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കിയിരിക്കയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തിലെ ജന്‍ഡര്‍ ബജറ്റിങ് മുടങ്ങിക്കിടക്കുകയാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ 1997 മുതല്‍ പദ്ധതിയുടെ 10 ശതമാനം സ്ത്രീ വികസന പ്രോജക്ടുകള്‍ക്ക് മാറ്റിവെക്കുമ്പോള്‍ സംസ്ഥാന ബജറ്റില്‍ ഈ തോത് ഏതാണ്ട് 5.3 ശതമാനം മാത്രമാണെന്ന് 2008-'09-ല്‍ വിലയിരുത്തപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് വര്‍ഷംതോറും ജെന്‍ഡര്‍ ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചത്. തത്ഫലമായി സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക പദ്ധതികളുടെ ബജറ്റിലെ അടങ്കല്‍ 2009-'10-ല്‍ 5.6 ശതമാനമായും 2010-'11-ല്‍ 8.5 ശതമാനമായും 2011-'12-ല്‍ 9.4 ശതമാനമായും ഉയര്‍ത്തുന്നതിന് കഴിഞ്ഞു. നമുക്കുവേണ്ടത് ഏതെങ്കിലും 'ഇന പരിപാടികള്‍' അല്ല. സമഗ്രമായ ജെന്‍ഡര്‍ ഓഡിറ്റിങ് ആണ്. ഇത് വ്യവസ്ഥാപിതമായ രീതിയില്‍ നടത്താനുള്ള തീരുമാനം പ്രഖ്യാപിക്കുമോ?