About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Monday, March 11, 2013

കോടീശ്വരന്മാരുടെ നികുതിയിളവ്- ചിദംബരത്തിന്റെ പൊടിക്കൈ.കേന്ദ്രബജറ്റ് വിലയിരുത്തിയ ഒരു ചാനല്‍ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി. സി. വിഷ്ണുനാഥ് എന്നെ കളിയാക്കി. 'ചിദംബരം കോടീശ്വരന്മാരുടെ വക്കീലാണെന്ന് പറഞ്ഞുനടന്ന വിമര്‍ശകര്‍ക്ക് ഇപ്പോള്‍ എന്ത് പറയാനുണ്ട്? കോടീശ്വരന്മാരുടെ നികുതിയുടെ മേല്‍ 10 ശതമാനം സര്‍ചാര്‍ജ്ജ് ചുമത്തിയല്ലെ ഭക്ഷ്യസുരക്ഷയ്ക്കുള്ള പണം കണ്ടെത്തിയത്?. പണക്കാരെ പിഴിഞ്ഞ് പാവപ്പെട്ടവരെ സഹായിക്കുക. ഇതല്ലെ 2013-14 ലെ ബ്ഡജറ്റ്?' പല പത്രങ്ങളും ഈ അഭിപ്രായം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
ചിദംബരം ഹൃദയസ്പൃക്കായി നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. 'ചെലവ് ചുരുക്കുക്കൊണ്ട് മാത്രം ധന പ്രതിസന്ധി പരിഹരിക്കാനാവില്ല. എവിടെയൊക്കെ കഴിയുമോ അവിടെയൊക്കെ വരുമാനം വര്‍ദ്ധിപ്പിക്കണം. എനിക്ക് വരുമാനം വര്‍ദ്ധിപ്പിക്കേണ്ടി വരുമ്പോള്‍ സമൂഹത്തില്‍ താരതമ്യേന മെച്ചപ്പെട്ട നിലയുള്ളവരുടെ അടുത്തേക്ക് അല്ലാതെ മറ്റെവിടയാണ് എനിക്ക് പോകാന്‍ കഴിയുക. പ്രതിവര്‍ഷം ഒരു കോടി രൂപയേക്കാള്‍ കൂടുതല്‍ നികുതി വിധേയ വരുമാനം ഉണ്ടെന്ന് സ്വയം സമ്മതിച്ചിട്ടുള്ള 42800ആളുകള്‍ ഉണ്ട്. ഞാന്‍ വീണ്ടും പറയട്ടെ 42800 ആളുകള്‍. വര്‍ഷത്തില്‍ നികുതി വിധേയ വരുമാനം ഒരു കോടി രൂപയേക്കാള്‍ കൂടുതല്‍ ഉള്ളവരുട മേല്‍ 10 ശതമാനം സര്‍ചാര്‍ജ്ജ് ഈടാക്കുവാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതുപോലെ സമാന നികുതി നിലയുള്ളവയ്ക്കും ബാധകമാണ്'
പക്ഷെ കോടീശ്വരന്മാര്‍ പിണങ്ങിയാലോ? അടുത്ത വാചകത്തില്‍ അവരെ അനുനയിപ്പിക്കാനായി ശ്രമം.
'എല്ലാ ധനികന്മാരുടെ ഉള്ളിലും മിസ്റ്റര്‍ അസിം പ്രേംജിയുടെ ആദര്‍ശ വികാരം കുറച്ചെങ്കിലും ഉണ്ടാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തികമായി മെച്ചപ്പെട്ടവരോട് ചെറിയ അധിക ഭാരം ഒരു വര്‍ഷത്തേക്ക് - അതെ, വെറും ഒരു വര്‍ഷത്തേക്ക് - ചുമക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍ അവര്‍ സന്തോഷപൂര്‍വ്വം സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നു'.
ഹോ! എന്തൊരു വിനയം.
എത്ര ക്ഷമാപണ സ്വരത്തിലാണ് കോടീശ്വരന്മാരില്‍ നിന്ന് താത്കാലികമായി കുറച്ച് കൂടുതല്‍ നികുതി പിരിക്കാന്‍ ഇന്ത്യയുടെ ധനമന്ത്രി തയ്യാറാവുന്നതെന്ന് നോക്കൂ. കേന്ദ്രബഡ്ജറ്റിലെ ഏറ്റവും വലിയ തട്ടിപ്പാണ് ചിദംബരത്തിന്റെ ഈ പ്രസ്താവന.
(ഒന്ന്) വര്‍ഷം ഒരുകോടിയിലേറെ നികുതി വിധേയ വരുമാനം ഉള്ളവരുടെ എണ്ണം നാല്‍പത്തീരായിരത്തി എണ്ണൂറ് മാത്രമേ വരുകയുള്ളോ? ചിദംബരത്തിന്റ ഈ പ്രസ്താവന ശരിയെങ്കില്‍ ഭീകരമായ നികുതിവെട്ടിപ്പാണ് ഇന്ത്യയിലെ കോടീശ്വരന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കെ. പി. എം. ജി. പോലുള്ള അന്തര്‍ ദേശീയ ഏജന്‍സികളുടെ മതിപ്പു കണക്കുപ്രകാരം അഞ്ചരക്കോടി രൂപയില്‍ ഏറെ സ്വത്തുള്ള ഒരുലക്ഷത്തി ഇരുപത്തേഴായിരം ഇന്ത്യക്കാരുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരുടേയും വാര്‍ഷിക വരുമാനം ഒരു കോടിയിലേറെ വരും. എഴുപത്തി അഞ്ച് ലക്ഷത്തിനും ഒരു കോടിക്കും ഇടയില്‍ വരുന്ന 27000 ആഡംബര കാറുകളാണ് ഇന്ത്യയില്‍ വിറ്റത്. ചിദംബരം പറയുന്ന 42000 പേരുടെ എണ്ണം പ്രഥമദൃഷ്ട്യാ തന്നെ അവിശ്വസനീയമാണ്.
(രണ്ട്.) ഇന്ത്യയിലെ കോടീശ്വരന്മാരുടെ മേല്‍ ചുമത്തുന്ന നികുതി നിരക്കാവട്ടെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ താഴ്ന്നതാണ്. ഇന്ത്യയില്‍ കോര്‍പ്പറേറ്റുകളുടെ മേലുള്ള നികുതി 32.5 ശതമാനമേ വരൂ. ന്യൂലിബറല്‍ നയങ്ങളുട അപ്പോസ്തലന്മാരായ അമേരിക്കയില്‍ ഈ തോത് 40 ശതമാനമാണ്. ജപ്പാനില്‍ 38ഉം അര്‍ജന്റീനയില്‍ 35ഉം ബ്രസീലില്‍ 34 ശതമാനം വീതവും ആണ്. പല സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ഇന്‍കംടാക്‌സിലെ ഉയര്‍ന്ന സ്ലാബ് 50 ശതമാനത്തിലേറെയാണ്. ഇന്ത്യയില്‍ ഇത് 30 ശതമാനം മാത്രമാണ്. ഇന്ത്യ ഉയര്‍ന്ന നികുതി രാജ്യം ആണെന്നുള്ളത് പഴങ്കഥയാണ്. ആഗോളവത്കരണ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി പ്രത്യക്ഷ നികുതി നിരക്കുകള്‍ ഗണ്യമായി വെട്ടിക്കുറച്ചു. ഇങ്ങനെ നികുതി നിരക്ക് കുറച്ചപ്പോള്‍ നല്കിയ ഒരു ഉറപ്പ് നികുതിയുടെ മേല്‍ നല്‍കിപ്പോന്നിരുന്ന നാനാവിധ ഇളവുകള്‍ ഇല്ലാതാക്കും എന്നുള്ളതായിരുന്നു. 2007-ലെ ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് ചിദംബരം ഈ പ്രസ്താവന നടത്തിയപ്പോള്‍ ഇന്ത്യ ടുഡെ (ഫെബ്രുവരി 12, 2007) തലക്കെട്ടുനടത്തി. 'ബൈ.. ബൈ.. നികുതിയിളവുകള്‍. ഇളവുകള്‍ സര്‍ക്കാരിന്റെ റവന്യൂ സമാഹരണത്തെ തിരിച്ചടിക്കുന്നു. പ്രധാനമന്ത്രി തന്നെ നടപടി പ്രഖ്യാപിക്കുന്നു.'എന്നാല്‍ അനുഭവം നേരെ മറിച്ചായിരുന്നു. നികുതി നിരക്ക് കുറച്ചു. അതോടൊപ്പം നികുതിയിളവുകളും പെരുകി.
(മൂന്ന്) യഥാര്‍ത്ഥത്തില്‍ താഴ്ന്ന നിരക്കില്‍ പോലും കോടീശ്വരന്മാരുടെ കൈയ്യില്‍ നിന്നും നികുതി പിരിക്കുന്നില്ല. പല ഇനങ്ങളിലായി ഒട്ടേറെ നികുതി ഇളവുകള്‍ ഇവര്‍ക്ക് നല്കുന്നുണ്ട്. ഈ ഇളവ് സമൃദ്ധമായി ഉപയോഗപ്പെടുത്തിയാല്‍ സര്‍ക്കാരിന് നല്‍കുന്ന നികുതി ഗണ്യമായി കുറയ്ക്കാനാവും. ഉദാഹരണത്തിന് ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ നേതൃത്വം നല്‍കുന്ന പ്രധാനപ്പെട്ട ചില ഇളവുകളെ പരിചയപ്പെടുത്താം. ഇതിലെ കണക്കുകളെല്ലാം ബഡ്ജറ്റ് രേഖകള്‍ക്കൊപ്പം നല്‍കിയിട്ടുള്ള 'കേന്ദ്ര നികുതി സംവിധാനത്തിനുകീഴില്‍ ഉപേക്ഷിച്ച റവന്യൂ എന്ന രേഖയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.'കോര്‍പ്പറേറ്റുകള്‍ക്ക് 36 ഇനങ്ങളിലായിട്ടാണ് നികുതിയിളവുകള്‍ നല്‍കുന്നത്. അവ ഓരോന്നും എടുത്ത് വിശദീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ചില പ്രധാനപ്പെട്ട പൊതു ഇനങ്ങള്‍ മാത്രമേ താഴെ വിശദീകരിക്കുന്നുള്ളു.
1. കമ്പനികളുടെ ലാഭം കണക്കാക്കുമ്പോള്‍ യന്ത്രങ്ങളുടേയും മറ്റും തേയ്മാനച്ചിലവ് വരുമാനത്തില്‍ നിന്നും കുറയ്ക്കണം. എന്നാല്‍ തേയ്മാനച്ചിലവ് കൃത്യമായി കണക്കാക്കുവാന്‍ പ്രയാസമാണ്. അതുകൊണ്ട് 20-30 വര്‍ഷം കൊണ്ട് യന്ത്രം തേയ്മാനം വന്നുപോകുമെന്നും ഓരോവര്‍ഷവും തേയ്മാനച്ചിലവായി തുക ആനുപാതികമായി ലാഭം കണക്കാക്കുമ്പോള്‍ തുക കിഴിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഭാവിയില്‍ കണക്കിലെടുക്കേണ്ട തേയ്മാനച്ചെലവ് ഇപ്പോള്‍ തന്നെ വസൂലാക്കാന്‍ അനുവാദം നല്‍കാറുണ്ട്. ഇതിനെയാണ് ആക്‌സിലറേറ്റട് ഡിപ്രിസിയേഷന്‍ എന്ന് പറയുന്നത്. ഈ വിദ്യ ഉപയോഗിച്ച് ഇന്ന് നികുതി കൊടുക്കേണ്ട ലാഭം താഴ്ത്തുന്നതിന് കമ്പനികള്‍ക്ക് കഴിയും സര്‍ക്കാരിനാവട്ടെ ഇന്ന് കിട്ടേണ്ട നികുതി കിട്ടാതെ പോവുകയും ചെയ്യും. 2011-12ല്‍ 34320 കോടി രൂപയാണ് ഇങ്ങനെ ഉപേക്ഷിച്ചത്. ധനക്കമ്മി കുറയ്ക്കാന്‍ ബദ്ധപ്പെടുന്ന സര്‍ക്കാര്‍ ചെയ്യേണ്ട പണിയാണോ ഇത്.?
2. സ്വതന്ത്ര വ്യാപാര മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നികുതി ഇളവുകള്‍ സര്‍ക്കാര്‍ നല്കുന്നുണ്ട്.
2011-12ല്‍ ഇപ്രകാരം ഉപേക്ഷിച്ച നികുതി 11000 കോടി രൂപ വരും. കഴിഞ്ഞ ബഡ്ജറ്റില്‍ ഈ ഇനത്തില്‍ പ്രതീക്ഷിച്ച നികുതി നഷ്ടത്തേക്കാള്‍ 2800 കോടി രൂപ കൂടുതല്‍ സര്‍ക്കാരിന് നഷ്ടപ്പെട്ടു. ഇത് അപകട സൂചനയാണ്. പ്രത്യക്ഷത്തില്‍ കാണുന്നതിനേക്കാള്‍ വലിയ നികുതി നഷ്ടം സ്വതന്ത്ര വ്യാപാരമേഖലകള്‍ സൃഷ്ടിക്കുവാന്‍ പോവുകയാണ്.
3. എണ്ണക്കമ്പനികള്‍ക്ക് 16000 കോടി രൂപയുടെ നികുതിയിളവാണ് നല്‍കിയത്. ടെലഫോണ്‍ മേഖലയ്ക്ക് 1200 കോടിരൂപയാണ്. പശ്ചാത്തല സൗകര്യ മേഖലയില്‍ 3000 കോടി രൂപ ഇളവ് നല്‍കി. ആഡംബര വീടുകളടക്കം പാര്‍പ്പിട മേഖലയ്ക്ക് 1000 കോടിരൂപയുടെ ഇളവാണ് നല്‍കിയത്.
4. വടക്കുകിഴക്കന്‍ മേഖല ജമ്മുകാശ്മീര്‍, സിക്കിം, ഉത്തരാഞ്ചല്‍, ഹിമാചല്‍പ്രദേശ്, തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന കമ്പനികളുടെ ലാഭത്തിന് മേലുള്ള നികുതിയിളവ് 22000 കോടിരൂപയാണ്.
3. നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പുതുതായി യന്ത്രങ്ങള്‍ക്കും മറ്റും വേണ്ടി മുടക്കുന്ന മുതല്‍ മുടക്കില്‍ നിശ്ചിത ശതമാനത്തിന് തുല്യമായ തുക നികുതിയില്‍ നിന്നും ഇളവായി പ്രഖ്യാപിക്കാറുണ്ട്. ശാസ്ത്രസാങ്കേതിക ഗവേഷണങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക ഇളവ് 5700 കോടി രൂപയോളം വരും.
മേല്‍ പറഞ്ഞ ഇനങ്ങളിലെല്ലാം കൂടി കോര്‍പ്പറേറ്റുകള്‍ നല്‍കേണ്ട 81200 കോടി രൂപയുടെ നികുതിയാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഇതില്‍ നിന്ന് മിനിമം ഓള്‍ട്ടര്‍നേറ്റീവ് ടാക്‌സ് വഴിപിരിച്ച അധിക നികുതി കഴിച്ചാല്‍ സര്‍ക്കാര്‍ ഉപേക്ഷിച്ച നികുതി 61765കോടി രൂപവരും. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 32.5 ശതമാനം നിരക്കില്‍ പിരിച്ചാല്‍ ലഭിക്കുന്ന നികുതിയേക്കാള്‍ 61765 കോടി രൂപ കുറവാണ് സര്‍ക്കാരിന് ലഭിച്ചത്. ഏതാണ്ട് 10 ശതമാനത്തോളം കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ കുറവുണ്ടായി. അതായത് യഥാര്‍ത്ഥ കോര്‍പ്പറേറ്റ് നികുതി നിരക്ക് കേവലം 22.5 ശതമാനമേ വരൂ.
(നാല്.) ചിദംബരം കോര്‍പ്പറേറ്റുകള്‍ക്ക് നല്കിയ നികുതിയിളവ് പരിശോധിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത കൂടി പുറത്തുവരുന്നു. ഏറ്റവും വലിയ കുത്തകകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇളവ് നല്‍കിയിട്ടുള്ളത്. 500 കോടി രൂപയേക്കാള്‍ നികുതി വിധേയ ലാഭമുള്ള കമ്പനികളുടെ യഥാര്‍ത്ഥ നികുതി നിരക്ക് 21.67 ശതമാനം മാത്രമാണ്. കമ്പനിയുടെ വലുപ്പം കുറയുന്തോറും യഥാര്‍ത്ഥ നികുതിനിരക്ക് കൂടിവരുന്നു. 50-100 കോടിരൂപ ലാഭമുള്ള കമ്പനികള്‍ 22.54 ശതമാനവും 10 - 50 കോടി രൂപവരെ ലാഭമുള്ള കമ്പനികള്‍ 21.2 ശതമാനവും 1-10 കോടി ലാഭമുള്ള കമ്പനികള്‍ 25.16 ശതമാനവും ഒരു കോടിയില്‍ താഴെ ലാഭമുള്ള കമ്പനികള്‍ 26 ശതമാനവും നികുതി കൊടുക്കുന്നു. ഏറ്റവും കുറവ് ശതമാനം നികുതി നല്‍കുന്ന 500 കോടിയേക്കാള്‍ ലാഭമുള്ള കമ്പനികള്‍ 252 എണ്ണമേ വരൂ. ഇവരാണ് 60ശതമാനവും കൊടുക്കുന്നത്. എന്നാല്‍ ഇവരുടെ മേലുള്ള നികുതി നിരക്കാണ് ഏറ്റവും താഴ്ന്നത്.
(അഞ്ച്.) 2013-14 ലേക്കുള്ള നികുതി ഇളവ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതായിരുന്നു. '100 കോടിയേക്കാള്‍ കൂടുതല്‍ പുതുതായി യന്ത്ര സാമഗ്രികളില്‍ 1-4-2013നും 31-03-2015നും ഇടയക്ക് നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് 15 ശതമാനം നിക്ഷേപ അലവന്‍സേ ലാഭത്തില് നിന്ന് കുറയ്ക്കാന്‍ അനുവാദം ഉണ്ടായിരിക്കൂ. ഇത് നിലവിലുള്ള ഡിപ്രിസിയേഷന്‍ അലവന്‍സിന് പുറമേ ആയിരിക്കും.' എന്തെ 100 കോടി രൂപയേക്കാള്‍ താഴെയുള്ള നിക്ഷേപങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടതല്ലേ.? ചെറുകിട ഇടത്തരം വ്യവസായികളുടെ നിക്ഷേപത്തെക്കുറിച്ച് ചിദംബരത്തിന് വലിയ പ്രതീക്ഷയൊന്നും ഇല്ലെന്ന് വേണം കരുതാന്‍. എങ്ങനെയെങ്കിലും വന്‍കിട മുതലാളിമാരെ പ്രീതിപ്പെടുത്തി നിക്ഷേപം വര്‍ദ്ധിപ്പിക്കലാണ് സാമ്പത്തിക മാന്ദ്യത്തിനുള്ള ചിദംബരത്തിന്റെ ഒറ്റമൂലി
(ആറ്) : കോര്‍പ്പറേറ്റ് കമ്പനികളുടെ എണ്ണം ഏതാണ്ട് 5 ലക്ഷം വരും ഇതില്‍ ഏതാണ്ട് പകുതി നഷ്ടത്തിലായതുകൊണ്ട് നാമമാത്ര നികുതി മാത്രമേ നല്‍കുന്നുള്ളു. ഇവയ്ക്ക് പുറമെ ഏതാണ്ട് 6 ലക്ഷം കോര്‍പ്പറേറ്റിതര സ്ഥാപനങ്ങള്‍ നികുതി അടക്കുന്നവരാണ്. ഇവരുടെ 7145 കോടി രൂപയുടെ നികുതിയാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
(ഏഴ്) : വ്യക്തികളുടെ മേലുള്ള ആദായ നികുതിയിലും കമ്പനികള്‍ക്കന്ന പോലെ ഒട്ടേറെ ഇളവുകളും നല്‍കി വരുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിക്ഷേപങ്ങള്‍ക്കും സമ്പാദ്യങ്ങള്‍ക്കും സെക്ഷന്‍ 80 സി പ്രകാരം നല്‍കുന്ന ഇളവുകളാണ്. ഈ ഇനത്തില്‍ മാത്രം 25000 കോടി രൂപയാണ് ഉപേക്ഷിച്ചത്. ഇന്‍ഫ്രാസ്ട്രക്ചര്‍ ബോര്‍ഡുകള്‍ക്കു നല്‍കുന്ന ഇളവ് ഏതാണ്ട് 1000 കോടി രൂപവരും. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്രീമിയം ഏതാണ്ട് ഇത്ര തന്നെ ഇളവായി നല്‍കുന്നുണ്ട്. സംഭാവനകള്‍, ചാരിറ്റി, സീനിയര്‍ സിറ്റിസണ്‍, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ഇങ്ങനെ ഒട്ടേറെ ചെറുതും വലുതുമായ ഇളവുകളുണ്ട്. താഴെപ്പറയുന്നവയാണ്. ഈ ഇനങ്ങളിലെല്ലാമായി 32230 കോടിരൂപയാണ് ചിദംബരം ഉപേക്ഷിച്ചത്. അങ്ങനെ കോര്‍പ്പറേറ്റ് നികുതി, കോര്‍പ്പറേറ്റിതര നികുതി, ആദായ നികുതി ഈ ഇനങ്ങളിലായി 101140 കോടി രൂപയാണ് വേണ്ടെന്ന് വച്ചത്.
(എട്ട്) ഇതിനുപുറമേയാണ് പരോക്ഷനികുതിയിലുള്ള ഇളവുകള്‍ മുലം നഷ്ടപ്പെടുന്ന നികുതി. പ്രത്യക്ഷ നികുതിയിലെന്ന പോലെ നികുതി നിരക്ക് കുറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടമല്ല ഇവിടെ പരിശോധിക്കപ്പെടുന്നത്. അംഗീകൃത നിരക്കിനേക്കാള്‍ താഴ്ന്ന നിരക്കില്‍ നികുതി പിരിക്കുമ്പോളുണ്ടാകുന്ന നഷ്ടമാണ് കണക്കാക്കുന്നത്. എക്‌സൈസ് നികുതി നിയമത്തിലും കസ്റ്റംസ് നികുതി നിരക്കിലും നിശ്ചയിക്കപ്പെട്ട താരിഫ് നിരക്കുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് വഴി യഥാര്‍ത്ഥ നികുതി നിരക്ക് ഇതിനേക്കാള്‍ താഴ്ത്തി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ഉദാഹരണത്തിന് ഭക്ഷ്യ എണ്ണയുടെമേല്‍ 30 ശതമാനം വരെ കസ്റ്റംസ് ഡ്യൂട്ടി നകത്താം. ഇറക്കുമതി ചുങ്കം നികത്താം എന്നാല്‍ പാം ഓയിലിന് മേല്‍ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഈ നഷ്ടമാണ് കണക്കിലെടുക്കുന്നത്. എക്‌സൈസ് ഇനത്തില്‍ 2011-12ല്‍ 212167 കോടി രൂപയും കസ്റ്റംസ് ഡ്യൂട്ടിയിനത്തില്‍ 250003 കോടി രൂപയും ആണ് ഇത്തരത്തില്‍ ഉപേക്ഷിച്ചത്. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ മൊത്തം 5.31 ലക്ഷം കോടി രൂപയാണ് 2011-12ല്‍ ഇന്ത്യാ സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
ഇന്ത്യാ സര്‍ക്കാരിന്റെ ധനക്കമ്മിയേക്കാള്‍ 10ശതമാനം കുറവാണ് 2011-12ല്‍ ഉപേക്ഷിക്കപ്പെട്ട നികുതി. ഇത് മുഴുവന്‍ പിരിച്ചെടുക്കണം എന്നതല്ല ഇവിടെ വാദിക്കുന്നത്. നയപരമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ചില ഇളവുകള്‍ നല്‌കേണ്ടി വരും. പക്ഷേ ധനക്കമ്മി കുറയ്ക്കുന്നതിനുവേണ്ടി പാവങ്ങള്‍ക്കായുള്ള ക്ഷേമ ചെലവുകളും ആനുകൂല്യങ്ങളും സബ്‌സിഡി എന്ന പേരുപറഞ്ഞ് വെട്ടിക്കുറയ്ക്കുമ്പോള്‍ ഓരോ വര്‍ഷം കഴിയുന്തോറും നികുതി പിരിക്കുന്നതില്‍ ഉപേക്ഷ കാണിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും. പരോക്ഷ നികുതി കുറയ്ക്കുന്നതുകൊണ്ട് പണക്കാര്‍ക്കുമാത്രമല്ല സാധാരണക്കാര്‍ക്കും നേട്ടം ഉണ്ടാകും എന്ന് വാദിക്കാം. പരോക്ഷ നികുതി കുറയ്ക്കുമ്പോള്‍ വില കുറയും എന്നാണ് അനുമാനം. എന്നാല്‍ പലപ്പോഴും ഇത് സംഭവിക്കാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരോക്ഷ നികുതിയിളവുകള്‍ പോലും ധനികര്‍ക്കുള്ള സബ്‌സിഡിയാണ്. ഏതായാലും കോര്‍പ്പറേറ്റ് നികുതി ഇളവിനെക്കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകേണ്ടതില്ലല്ലോ. ഈ തുക കോര്‍പ്പറേറ്റുകള്‍ക്കുള്ള സബ്‌സിഡിയാണ്. 61000 കോടി രൂപ ഇവര്‍ക്ക് സബ്‌സിഡി നല്‍കിയിട്ടാണ് 10 ശതമാനം സര്‍ചാര്‍ജ്ജ് ചുമത്തിയതിനെക്കുറിച്ച് വീമ്പടിക്കുന്നത്. പ്രത്യക്ഷനികുതിയിനത്തിലും പരോക്ഷനികുതിയിനത്തിലും നിശിതമായ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ 1 ലക്ഷം കോടി രൂപയെങ്കിലും കൂടുതലായി പിരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പാവങ്ങളെ പിഴിയാതെ ഇന്ത്യയുടെ ധനക്കമ്മി ഗണ്യമായി കുറയ്ക്കുവാന്‍ കഴിയുമായിരുന്നു. ഇതിന് പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില പൊടിക്കൈകള്‍ നടത്തിയിട്ട് പണക്കാര്‍ക്കുള്ള സബ്‌സിഡി കൂട്ടുന്നു. പാവങ്ങളുടെ സ്ബസിഡി കുറയ്ക്കുന്നു. പൊതുമേഖല വിറ്റ് തുലയ്ക്കുന്നു, വിദേശകുത്തകകള്‍ക്ക് പരവതാനി വിരിക്കുന്നു. ഇതാണ് കേന്ദ്ര ബഡ്ജറ്റിന്റെ പിന്‍തിരിപ്പന്‍ അജണ്ട.

No comments:

Post a Comment