ഡോ. ടി. എം. തോമസ് ഐസക്
കുടിവെളളം സ്വകാര്യവത്കരിക്കാനുളള സര്‍ക്കാര്‍ ഉത്തരവിന്റെ അകമ്പടിയോടെയാണ് എമെര്‍ജിംഗ് കേരള - 2012 അവസാനിച്ചത്. ഡിസംബര്‍ 31ന് ഇറക്കിയ ഉത്തരവു പ്രകാരം കുടിവെളളം വില്‍ക്കാന്‍ സിയാല്‍ മാതൃകയില്‍ ഒരു കമ്പനി രൂപീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. സിയാല്‍ മാതൃക എന്നു പറഞ്ഞാല്‍ സര്‍ക്കാരിന് 26 ശതമാനം ഓഹരിയും ബാക്കി സ്വകാര്യവ്യക്തികള്‍ക്കോ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ രണ്ടിനും കൂടിയോ ആയിരിക്കും. പദ്ധതിയുടെ ലക്ഷ്യം ഉത്തരവില്‍ ഇങ്ങനെ നിര്‍വചിച്ചിരിക്കുന്നു : 'കേരളസംസ്ഥാനത്തിലുടനീളം പ്രാദേശിക അടിസ്ഥാനത്തിലുളള ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍മ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുളള ഏക നോഡല്‍ ഏജന്‍സിയായിരിക്കും'.
സര്‍ക്കാരിന്റെ ഒരുവര്‍ഷ പരിപാടിയിലും ബജറ്റിലും പ്രഖ്യാപിച്ച നിര്‍ദ്ദേശമാണിതെന്ന് ഉത്തരവിന്റെ ആമുഖത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അബദ്ധമൊന്നും പിണഞ്ഞതല്ല, വളരെ ആലോചിച്ചെടുത്ത തീരുമാനം തന്നെയാണെന്ന് വ്യക്തം. ദേശീയ ജലനയത്തിന് അനുസൃതവുമാണ് ഈ തീരുമാനം. ദേശീയജലനയം 2012-ല്‍ യുപിഎ സര്‍ക്കാര്‍ കുടിവെളള - സാനിട്ടേഷന്‍ സംവിധാനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് ദേശീയനയമായി പ്രഖ്യാപിച്ചു: 'കുടിവെളളം ഒരു സാമ്പത്തിക ചരക്കാണ്… അതിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും മൂല്യം പരമാവധിയാക്കുന്നതിനും ഉതകുന്ന വില നിശ്ചയം വേണം… ജലവിഭവപദ്ധതികളുടെ ഭരണവും നടത്തിപ്പും അറ്റകുറ്റപ്പണിയുടെയും മൊത്തം ചെലവ് പൂര്‍ണമായും പിരിച്ചെടുക്കേണ്ടതാണ്'.
|
ഇതിനുളള ദേശീയ ചട്ടക്കൂട് സൃഷ്ടിക്കുമെന്ന് നയരേഖയില്‍ പറഞ്ഞിട്ടുണ്ട്. കേരളസര്‍ക്കാര്‍ അതിനുപോലും കാത്തുനില്‍ക്കാതെ സ്വകാര്യവ്തകരണത്തിന്റെ പാതയിലേയ്ക്കു കടക്കുകയാണ്.
ആദ്യമായല്ല ഇന്ത്യയില്‍ കുടിവെളളം സ്വകാര്യവത്കരിക്കപ്പെടുന്നത്. ഛത്തീസ്ഗഡിലെ ശിവനാഥ് പുഴ 29 വര്‍ഷത്തെ കോണ്‍ട്രാക്ടിനു റേഡിയസ് വാട്ടര്‍ കമ്പനിയ്ക്ക് കൊടുത്തതിന്റെ കഥ കുപ്രസിദ്ധമാണ്. തങ്ങള്‍ക്ക് അനുവദിച്ച 24 കിലോമീറ്റര്‍ പുഴയില്‍ ജലസേചനവും മീന്‍പിടിക്കാനുളള അവകാശവും കമ്പനി നിഷേധിച്ചു. കുടിവെളളത്തിന്റെ വില കുത്തനെ ഉയര്‍ന്നു. ശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ന്നു. തുടര്‍ന്ന് കരാര്‍ റദ്ദാക്കേണ്ടിവന്നു.
തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ പട്ടണത്തില്‍ കുടിവെളളം നല്‍കുന്നതിന് മഹീന്ദ്ര കമ്പനിയും എല്‍ ആന്‍ഡ് ടിയും അമേരിക്കന്‍ ബഹുരാഷ്ട്രക്കുത്തക ബെച്ചല്‍ കമ്പനിയും കൂടി കരാറെടുത്തു. 30 വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. ഇപ്പോള്‍ ഭവാനിനദിയില്‍ ആവശ്യത്തിനു വെളളമില്ലെങ്കിലും പദ്ധതി ലാഭകരമാക്കുന്നതിനുളള ധനസഹായം തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരിക്കുന്നു. ദല്‍ഹിയില്‍ കുടിവെളളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലും ലോകത്ത് പൊതുവിലും നഗരങ്ങളിലെ കുടിവെളളപദ്ധതികളാണ് ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ കേരളത്തിലാകട്ടെ, ഗ്രാമീണ കുടിവെളളപദ്ധതിയടക്കം സംസ്ഥാനത്തുടനീളം കുടിവെളളം നല്‍കാനുളള ചുമതല ഒരു സ്വകാര്യ കമ്പനിയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ ഉത്തരവില്‍ കുടിവെളളം സ്വകാര്യവത്കരിക്കാനുളള പദ്ധതി ഇപ്രകാരമാണ് വിശദീകരിച്ചിരിക്കുന്നത്: 'മാര്‍ച്ച് 2014നുളളില്‍ പഞ്ചായത്തുകളില്‍ ഈ പദ്ധതി നടപ്പിലാക്കും. മാര്‍ച്ച് 2015നുളളില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളില്‍ മാര്‍ച്ച് 2016നുളളിലും പദ്ധതി വ്യാപിപ്പിക്കും. നാലുവര്‍ഷത്തിനുളളില്‍ സംസ്ഥാനത്തു നൂറു ശതമാനം ശുദ്ധജലവിതരണം കമ്പനി ഉറപ്പുവരുത്തുണം'.
അപ്പോള്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് എന്തുസംഭവിക്കും? ഇപ്പോള്‍ കുടിവെളളം നല്‍കാനുളള നോഡല്‍ ഏജന്‍സി കേരള വാട്ടര്‍ അതോറിറ്റിയാണ്. കമ്പനി സ്ഥാനം ഏറ്റെടുക്കുന്നതോടെ വാട്ടര്‍ അതോറിറ്റിയുടെ പ്രസക്തി നഷ്ടപ്പെടും. ലോകബാങ്കിന്റെയും മറ്റും നിര്‍ദ്ദേശപ്രകാരം കുടിവെളളം സ്വകാര്യവത്കരിക്കുമ്പോള്‍ നിലവിലുളള ശുദ്ധജലവിതരണ സംവിധാനവും പശ്ചാത്തലസൗകര്യങ്ങളും സ്വകാര്യകമ്പനിയ്ക്ക് കൈമാറണം. ഇംഗ്ലണ്ടില്‍ മാര്‍ഗരറ്റ് താച്ചറാണ് ഈ മാതൃക ആവിഷ്‌കരിച്ചത്.
കേരളത്തില്‍ സ്വകാര്യവത്കരണത്തിന് ഈ റൂട്ട് യുഡിഎഫിനുപോലും ചിന്തിക്കാനാവില്ല. അതുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ വളരെ രസകരമായ ഒരുപായം കണ്ടെത്തി. ഇതിനൊരു പദ്ധതി വാട്ടര്‍ അതോറിറ്റിയെക്കൊണ്ടു തന്നെ തയ്യാറാക്കിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി ഉത്തരവില്‍ സംക്ഷിപ്തമായി നല്‍കിയിട്ടുണ്ട്. അതുപ്രകാരം കേരള സര്‍ക്കാരിന്റെ 26 ശതമാനം ഓഹരിപങ്കാളിത്തത്തിനു പുറമേ, വാട്ടര്‍ അതോറിറ്റിയ്ക്ക് 23 ശതമാനം ഓഹരിയുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് 2 പേര്‍ ഡയറക്ടര്‍ ബോര്‍ഡിലുണ്ടാകും. നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്‌കീമുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കേണ്ടത്.
തീരദേശത്തും കായല്‍ത്തീരങ്ങളിലും ഡീസാലിനേഷന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു കുടിവെളളം നല്‍കുകയായിരിക്കും മുഖ്യചുമതല. ശബരിമലയിലും വെളളം കൊടുക്കണം. ആവശ്യമെങ്കില്‍ വാട്ടര്‍ അതോറിറ്റി തന്നെ ഇങ്ങനെയൊരു കമ്പനിയുണ്ടാക്കും. വാട്ടര്‍ അതോറിറ്റിയുടെ താല്‍പര്യങ്ങള്‍ കുറച്ചെങ്കിലും സംരക്ഷിക്കാനുളള ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉത്തരവിന്റെ ഓപ്പറേഷണല്‍ ഭാഗത്ത് പരാമര്‍ശിക്കപ്പെടുന്നേയില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ പുതിയ കമ്പനിയായിരിക്കും നോഡല്‍ ഏജന്‍സിയായിരിക്കും എന്ന് അടിവരയിട്ടു പറയുക മാത്രമാണ് അവിടെ ചെയ്യുന്നത്.
സ്വകാര്യവത്കരണത്തിന് ഒരു നീക്കവുമില്ലെന്ന് ശുദ്ധജലവകുപ്പു മന്ത്രി പി. ജെ. ജോസഫ് 2012 ഏപ്രില്‍ ഒന്നിന് കട്ടായം പറഞ്ഞതാണ്. കുടിവെളളപദ്ധതികള്‍ക്ക് പണത്തിനൊരു പഞ്ഞവുമില്ലെന്നും അദ്ദേഹം വീമ്പടിച്ചു. എന്നുമാത്രമല്ല, 2012 ദേശീയജലനയത്തിലെ ജലവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളെ കേരളം എതിര്‍ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനുളള കാരണവും മന്ത്രി എടുത്തുപറഞ്ഞു: 'കുടിവെളളത്തിന്റെ വില കുത്തനെ ഉയരുന്നതിന് ഇതിടയാക്കും. കുടിവെളളം നല്‍കുന്നത് ഒരു പബ്ലിക് യൂട്ടിലിറ്റി സേവനമാണ്. സര്‍ക്കാര്‍ ചുമതലയില്‍ നിന്ന് പിന്‍വാങ്ങുന്ന പ്രശ്‌നമില്ല. സര്‍ക്കാരിനെ വെറും റെഗുലേറ്ററായി ചുരുക്കുന്നത് ഉചിതമായിരിക്കുകയില്ല'.
കുടിവെളളവിതരണം കാര്യക്ഷമമാക്കാന്‍ സ്വകാര്യവത്കരണത്തോടുളള സര്‍ക്കാരിന്റെ നിലപാടു വ്യക്തമാക്കാന്‍ ഒരു കേസില്‍ ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. കുടിവെളളം ജനങ്ങള്‍ക്കു കൊടുക്കുന്നില്ലെന്നു മാത്രമല്ല, വൈദ്യുതി ചാര്‍ജ് നല്‍കാനുളള പ്രാപ്തിപോലും കെഡബ്ലൂഎയ്ക്കില്ലെന്ന് ഹൈക്കോടതി പരിഹസിച്ചു. അതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്താണ് ഇപ്പോള്‍ പി ജെ ജോസഫിനു പറയാനുളളത്? പുതിയ കമ്പനിയുടെ ചെയര്‍മാന്‍ ബഹു. മന്ത്രി ആയിരിക്കുമത്രേ.
പുതിയ കമ്പനിയുടെ വരവ് ജനങ്ങളെ ബാധിക്കും എന്നതിന് സംശയമില്ല. ഇപ്പോള്‍ കുടിവെളള വിതരണത്തിന് സര്‍ക്കാര്‍ ഗണ്യമായ സബ്‌സിഡി നല്‍കുന്നുണ്ട്. സ്വകാര്യകമ്പനി വന്നാല്‍ അവര്‍ക്ക് ലാഭം വേണം. നഷ്ടം സഹിച്ച് താഴ്ന്നവിലയ്ക്കു കുടിവെളളം നല്‍കാനാവില്ല. അപ്പോള്‍ കുടിവെളളചാര്‍ജ് കുത്തനെ ഉയര്‍ത്താതെ നിര്‍വാഹമില്ല. ഇതുമുന്‍കൂട്ടി കണ്ടുകൊണ്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി വാട്ടര്‍ അതോറിറ്റി നല്‍കിയ സ്‌കീമില്‍ രസകരമായ പ്രസ്താവനയുണ്ട്: 'കമ്പനി ഈടാക്കുന്ന കുടിവെളളവില കെഡബ്ലൂഎയ്ക്കും ബാധകമാകും. അങ്ങനെ കമ്പനി വെളളം നല്‍കുമ്പോള്‍ ഈടാക്കുന്ന നിരക്കുകള്‍ ബാധകമാക്കുകയാണെങ്കില്‍ സ്വകാര്യപങ്കാളിത്തമില്ലാതെ കെഡബ്ലിയുഎയ്ക്കു തന്നെ കുടിവെളളം നല്‍കാം'.
വെളളത്തിന് ഈ വില നല്‍കാന്‍ കഴിയാത്ത പാവങ്ങളുടെ ഗതിയെന്താകും? അവര്‍ വെളളം കുടിക്കേണ്ട എന്നതായിരിക്കും കമ്പനിയുടെ ഖണ്ഡിതമായ ഉത്തരം. മന്‍മോഹന്‍ സിംഗ് പറഞ്ഞത് ഓര്‍മ്മയില്ലേ. വെളളത്തിന്റെ വില താഴ്ന്നിരിക്കുന്നതുകൊണ്ടാണ് അതു ദുരുപയോഗം ചെയ്യപ്പെടുന്നത്. വില ഗണ്യമായി ഉയര്‍ത്തിയാല്‍ ആവശ്യത്തിനേ ചെലവാക്കൂ. പാവപ്പെട്ടവര്‍ ആവശ്യം ചുരുക്കി വരുമാനത്തിനുളളില്‍ നിന്ന് ജീവിക്കാന്‍ പഠിക്കും.
എഡിബി വായ്പ, കേന്ദ്രസര്‍ക്കാരിന്റെ ജെന്റം പദ്ധതി, ജലനിധി എന്നിവയുമെല്ലാമായി ബന്ധപ്പെട്ടുകൊണ്ട് കുടിവെളളത്തിന്റെ വില, പൊതുടാപ്പുകള്‍ എന്നിവ സംബന്ധിച്ച സമീപനം കേരളത്തില്‍ രൂക്ഷമായ വിവാദങ്ങള്‍ക്കിടയായി. കേന്ദ്രസര്‍ക്കാരും എഡിബിയും ലോകബാങ്കും കുടിവെളളത്തിന്റെ ചാര്‍ജ് ഉയര്‍ത്തണമെന്നും പൊതുടാപ്പുകള്‍ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത ശക്തമായ നിലപാടുകളുടെ പശ്ചാത്തലത്തില്‍ കരാറുകളില്‍ നിന്ന് അവ ഒഴിവാക്കപ്പെട്ടു. കേരളത്തിലെ പൊതുടാപ്പുകള്‍ നിര്‍ത്തിയുമില്ല, കുടിവെളളവില ഉയര്‍ത്തിയുമില്ല. മേല്‍പറഞ്ഞ പദ്ധതികളില്‍ പലതിലും പ്രത്യേകിച്ച് ലോകബാങ്കിന്റെ ജലനിധി പദ്ധതിയും കുടിവെളളത്തിന്റെ പ്രാദേശിക വിതരണച്ചുമതലയും മേല്‍നോട്ടവും പ്രാദേശിക സമൂഹത്തില്‍ നിക്ഷിപ്തമായിരുന്നു. വെളളക്കരം ഈടാക്കി ഇവ നിര്‍വഹിച്ചുകൊളളും എന്നായിരുന്നു കാഴ്ചപ്പാട്. എന്നാല്‍ പ്രായോഗികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പാവപ്പെട്ടവര്‍ക്കു കുടിവെളളം വിതരണം ചെയ്യുന്നതിനു വേണ്ടിയുളള ചെലവുകള്‍ പരോക്ഷമായ രീതികളിലൂടെ വഹിക്കുന്ന സ്ഥിതിയാണ് നിലവിലുളളത്.
എന്നാല്‍ സ്വകാര്യകമ്പനി വരുന്നതോടെ സ്ഥിതിവിശേഷം ആകെ മാറും. വൈദ്യുതി വില നിശ്ചയിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ ഉളളതുപോലെ തന്നെ കുടിവെളളത്തിനു വില നിശ്ചയിക്കാനും അത്തരമൊരു സംവിധാനം വേണമെന്ന് ദേശീയ ജലനയം അനുശാസിക്കുന്നു. പ്രാദേശിക സാമൂഹ്യ പദ്ധതികള്‍, അഥവാ കമ്മ്യൂണിറ്റി ബേസ്ഡ് ഡ്രിങ്കിംഗ് പ്രോഗ്രാം നടപ്പാക്കുമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കമ്പനിയുടെ ബിസിനസ് മോഡലില്‍ പറയുന്നത്.
എന്നുവെച്ചാല്‍ കുടിവെളള വിതരണത്തിന്റെ മുഴുവന്‍ ചെലവും പ്രാദേശികസമൂഹം പൂര്‍ണമായും വഹിക്കണം. നിലവില്‍ കമ്മ്യൂണിറ്റി പ്രോജക്ടുകളുടെ മേല്‍നോട്ടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുന്നത്. അതുകൊണ്ട് സാമ്പത്തികമായ സഹായം ചെയ്യാന്‍ ജലനിധിയ്ക്കു കഴിയും. എന്നാല്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ സ്ഥാനം പുതിയ കമ്പനി ഏറ്റെടുക്കുന്നതോടുകൂടി കുടിവെളളചാര്‍ജ് പാവപ്പെട്ടവര്‍തന്നെ നല്‍കേണ്ടിവരും.
കുടിവെളളത്തിന്റെ സ്വകാര്യവത്കരണമല്ല, കുടിവെളളത്തിലെ പിപിപി മാതൃകയാണ് പുതിയ കമ്പനി എന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഭൂരിപക്ഷം ഷെയറുകളും സ്വകാര്യമേഖലയ്ക്കാകുമ്പോള്‍ മാറ്റേതു വാണിജ്യസ്ഥാപനവും പോലെ പ്രവര്‍ത്തിക്കാനല്ലേ ഈ കമ്പനിയ്ക്കു കഴിയൂ. സിയാല്‍ മാതൃകയില്‍ കുടിവെളളത്തില്‍ നിന്ന് ലാഭമുണ്ടാക്കാനാണോ സര്‍ക്കാരിന്റെ ശ്രമം?
കുടിവെളള സ്വകാര്യവത്കരണം സംബന്ധിച്ച് മറ്റു രാജ്യങ്ങളിലെ അനുഭവങ്ങളുടെ ഒരു പാഠം സ്വകാര്യവത്കരണ പ്രക്രിയയ്ക്കു തുടക്കമിട്ടു കഴിഞ്ഞാല്‍ തിരുത്താന്‍ പ്രയാസമാണ് എന്നാണ്. ജനങ്ങള്‍ ഇടപെട്ട് സ്വകാര്യവത്കരണം അവസാനിപ്പിച്ചില്ലെങ്കില്‍ സ്വകാര്യവത്കരണ പ്രക്രിയയില്‍ അനിവാര്യമായി ഉയര്‍ന്നുവരാന്‍ പോകുന്ന ഓരോ പ്രശ്‌നത്തിനും പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെടുക കൂടുതല്‍ സ്വകാര്യവത്കരണമാണ്. സമ്പൂര്‍ണസ്വാതന്ത്ര്യം നല്‍കാത്തതുകൊണ്ടാണ് കാര്യക്ഷമത കുറഞ്ഞുപോകുന്നത് എന്നായിരിക്കും വാദം.
സ്വകാര്യമൂലധനത്തെ സംബന്ധിച്ചടത്തോളം മുതല്‍മുടക്കുന്നത് ഒരു പരോപകാരപ്രവര്‍ത്തനമല്ല. മറ്റേതു മേഖലയില്‍ മുടക്കിയാലും കിട്ടുന്ന ശരാശരി ലാഭം കുടിവെളളക്കച്ചവടത്തില്‍ നിന്നും ലഭിക്കണം. ഇതിനായി നടത്തുന്ന ജലവിഭവങ്ങളുടെ അമിത ചൂഷണം പാരിസ്ഥിതികത്തകര്‍ച്ചകള്‍ക്കു വഴിതെളിക്കുന്നത് എങ്ങനെയെന്ന് പ്ലാച്ചിമടയിലെ അനുഭവം പഠിപ്പിച്ചിട്ടുണ്ട്. നീര്‍ത്തടാധിഷ്ഠിതമായ ജലസംരക്ഷണം. ജലത്തിന്റെ ശാസ്ത്രീയമായ വിനിയോഗം ഇവയൊന്നും കോര്‍പറേറ്റു മൂല്യങ്ങളല്ല. കൂടുതല്‍ കൂടുതല്‍ വലിപ്പത്തിലുളള പദ്ധതികള്‍, അവയ്ക്കു വേണ്ടിയുളള പുതിയ സാങ്കേതികവിദ്യകള്‍, അത് അനിവാര്യമാക്കുന്ന മുതല്‍മുടക്ക്, ബഹുരാഷ്ട്ര കുത്തകകള്‍ അടക്കമുളള കോര്‍പറേറ്റ് ഭീമന്മാരുമായി പങ്കുചേരാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകുന്നു.
ലോകമെമ്പാടും ബഹുരാഷ്ട്ര കുത്തകകള്‍ കുടിവെളള മേഖലയിലേയ്ക്കു കടന്നുവന്നുകൊണ്ടിരിക്കുന്ന കാലമാണ്. വരാന്‍ പോകുന്നത് കുടിവെളള യുദ്ധങ്ങളുടെ കാലമായിരിക്കും എന്ന പ്രവചനത്തിന്റെ അര്‍ത്ഥം അവര്‍ പൂര്‍ണമായി ഗ്രഹിച്ചിട്ടുണ്ട്. ഇങ്ങനെ ബഹുരാഷ്ട്ര കുത്തകകളെ കടന്നുവരാന്‍ അനുവദിച്ചാല്‍ പിന്നെ തിരിച്ചുപോക്കുണ്ടാകില്ല. കാരണം ലോകവ്യാപാരക്കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അവര്‍ക്കെതിരെ വിവേചനപരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോ കോര്‍പറേഷനോ അധികാരമില്ല.
അതുകൊണ്ട് ഈ നീക്കത്തെ മുളയിലേ നുളളിക്കളയാന്‍ കേരളീയര്‍ മുന്നോട്ടുവരണം. ലോകമെമ്പാടും കുടിവെളള സ്വകാര്യവത്കരണത്തിനെതിരെ നടന്ന സമരങ്ങളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ബൊളീവിയയിലെ കുടിവെളള സ്വകാര്യവത്കരണ വിരുദ്ധസമരമാണ് (1997-2005) ഏറ്റവും പ്രസിദ്ധം. അമേരിക്കന്‍ ബെച്ചല്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കും ഒരു ഫ്രെഞ്ചു കമ്പനിയ്ക്കുമാണ് ബൊളീവിയയിലെ കുടിവെളളം വിറ്റത്.
ലോകബാങ്കുകാരായിരുന്നു സൂത്രധാരര്‍. കുടിവെളളവില കുത്തനെ ഉയര്‍ന്നു. പാവപ്പെട്ടവര്‍ക്ക് കുടിവെളളം നിഷേധിക്കപ്പെട്ടു. ദേശവ്യാപകമായ സമരം പൊട്ടിപ്പുറപ്പെട്ടു. 2005ല്‍ കരാറുകള്‍ റദ്ദാക്കേണ്ടിവന്നു. 2006ലെ തിരഞ്ഞെടുപ്പില്‍ ഏവോ മൊറേലിന്റെ നേതൃത്വത്തിലുളള ഇടതുപക്ഷത്തിന്റെ വിജയത്തില്‍ ഈ സമരം ഏറ്റവും പ്രധാനഘടകങ്ങളിലൊന്നായിരുന്നു. അധികാരമേറിയ ശേഷം പുതിയ പ്രസിഡന്റു ഇങ്ങനെ പ്രഖ്യാപിച്ചു. 'കുടിവെളളം ഒരു സ്വകാര്യവ്യാപാര ഇടപാടാക്കാനാവില്ല. കാരണം വെളളത്തെ അത് കേവലമൊരു ചരക്കായി മാറ്റുന്നു. മനുഷ്യാവകാശത്തെ ധ്വംസിക്കുന്നു. കുടിവെളളം പ്രകൃതിവിഭവമാണ്. അത് എന്നും ഒരു പൊതുസേവനമായിരിക്കും'.
'ജീവനുവേണ്ടി ജലം' എന്നൊരു പദ്ധതി ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. 2015 ആകുമ്പോഴേയ്ക്കും 90 ശതമാനം ജനങ്ങള്‍ക്കു ശുദ്ധജലവും 80 ശതമാനം പേര്‍ക്ക് ശുചിത്വവും ഉറപ്പുവരുത്തുന്നതിനു വേണ്ടി പ്രതിവര്‍ഷം 28 കോടി ഡോളര്‍ ചെലവാക്കാനാണ് ഈ കൊച്ചുരാജ്യം തീരുമാനിച്ചത്. ഇത്തരമൊരു ബദല്‍ പദ്ധതിവെച്ചുകൊണ്ടുളള സമരം കേരളത്തിലും അനിവാര്യമായിരിക്കുന്നു. ബദല്‍ പദ്ധതി ഉണ്ടാകാന്‍ കാത്തിരിക്കുന്നില്ല. ഈ പുതിയ കമ്പനി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല.