About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Thursday, November 1, 2018

ഞെരുക്കിക്കൊല്ലാൻ കേന്ദ്രം അതിജീവിക്കാൻ കേരളം

പ്രളയനഷ്ടങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ എങ്ങനെയും തടയാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഈ സംസ്ഥാനത്തോടും ജനങ്ങളോടും ഇത്രയ‌്ക്ക‌് രാഷ്ട്രീയവൈരാഗ്യവും വിദ്വേഷവും വച്ചുപുലർത്തുന്നതിന് ഒരു കാരണമേയുള്ളൂ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം സംഘപരിവാറിനെ അത്രത്തോളം ഭയപ്പെടുത്തുന്നുണ്ട്. ജാതിക്കും മതത്തിനും അതീതമായ ഒരു സംസ‌്കാരവും രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നു എന്ന തെറ്റിന് മലയാളിയെ മൊത്തത്തിൽ ശിക്ഷിക്കുകയാണ് ബിജെപിയും കേന്ദ്രസർക്കാരും. ഈ മുഷ‌്കിനു കീഴടങ്ങാൻ നാം തയ്യാറല്ല. പ്രളയക്കെടുതികളെ മാത്രമല്ല, സംഘപരിവാറിന്റെ കെടുതിയെയും കേരളം അതിജീവിക്കും.

മുഖംതിരിച്ച‌് കേന്ദ്രസർക്കാർ 
പുനർനിർമാണപ്രവർത്തനങ്ങൾക്ക് ഏതാണ്ട് 30000 കോടി രൂപയാണ് വേണ്ടത്. എന്നാൽ, കേന്ദ്രം തന്നത് നാമമാത്രസഹായം. ആദ്യം 600 കോടി. കഴിഞ്ഞ ദിവസം 450 കോടി. ആകെ വേണ്ടതിന്റെ മൂന്നു ശതമാനമാണ് തന്നത്. സ്വന്തം നിലയിൽ സംഭാവന വാങ്ങാൻ നമ്മെ അനുവദിക്കുന്നില്ല.  വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്ന മലയാളികളും മറ്റു സഹോദരങ്ങളും ഈ കെടുതികളെ അതിജീവിക്കാൻ നമ്മെ സഹായിക്കാൻ തയ്യാറാണ്. എന്നാൽ, കേന്ദ്രസർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്.

വിവിധ രാജ്യങ്ങളിലെ മലയാളികൾ സമാഹരിച്ച തുക സ്വീകരിക്കാനും കേന്ദ്രം അനുമതി നൽകുന്നില്ല. പുനർനിർമാണപ്രവർത്തനങ്ങൾക്ക് പലതരം സഹായം നമുക്കു വേണ്ടി വരും. വിവിധ പ്രോജക്ടുകൾ ഏറ്റെടുക്കാൻ വിദേശ മലയാളികൾ തയ്യാറാണ്. ക്രൗഡ് ഫണ്ടിങ‌് എന്ന ആശയം സഫലമാകുമെന്ന ഉറപ്പുണ്ട്. എന്നാൽ, അതിനൊക്കെ വേണ്ട ഒരു പരിസരം സൃഷ്ടിക്കുന്നതിന് കേരളം നടത്തുന്ന തനതു പ്രവർത്തനങ്ങളുടെയെല്ലാം അടിവേരറുക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.

ചെറിയ സാമ്പത്തികവെല്ലുവിളിയല്ല കേരളം അഭിമുഖീകരിക്കുന്നത്. വാർഷികപദ്ധതിക്കുപുറത്ത് വർഷംതോറും 6000 – 7000 കോടി രൂപയാണ് അധികം കണ്ടെത്തേണ്ടത്. ആ പണം കണ്ടെത്താതെ പുനർനിർമാണപ്രക്രിയ മുന്നോട്ടു ചലിക്കില്ല. ഈ സമയത്താണ് പകയോടെ കേരളത്തെ ഞെരുക്കിക്കൊല്ലാൻ കേന്ദ്രം കച്ച മുറുക്കുന്നത്.

കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മന്ത്രിമാർക്ക് വിദേശമലയാളികൾ സമാഹരിച്ച സഹായം സ്വീകരിക്കാൻ കഴിഞ്ഞില്ല. ദേശരാഷ്ട്രങ്ങളുടെ അതിരുകൾ ഭേദിച്ച് മലയാളിയുടെ ഒരുമ വളരുന്നത് കേന്ദ്രസർക്കാരിന്റെ ചുക്കാൻ പിടിക്കുന്നവർക്ക് ചെറിയ അലോസരമൊന്നുമായിരിക്കില്ല സൃഷ്ടിച്ചിരിക്കുക.

ഭീമമായ ചെലവാണ് പുനർനിർമാണത്തിനു വേണ്ടത്.  ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതേവരെ ജനങ്ങളിൽനിന്ന‌്  സമാഹരിക്കാൻ കഴിഞ്ഞത് ചെറിയ തുകയാണ്. പതിനേഴായിരത്തിലധികം വീടുകൾ തകർന്നിട്ടുണ്ട്. ഇത്തരത്തിൽ പൂർണവും ഭാഗികവുമായി തകർന്ന വീടുകളുടെ പുനർനിർമാണത്തിന് രണ്ടായിരത്തിലേറെ കോടി രൂപയാണ് സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടത്.   സർദാർ പട്ടേൽ പ്രതിമ നിർമാണത്തിന് പൊടിച്ചുകളഞ്ഞതിന്റെ പകുതിയോളം തുക.

പ്രളയം ബാധിച്ച ജില്ലകളിൽ ഗതാഗതസൗകര്യം പഴയപടിയാക്കാൻ വലിയ തുക വേണ്ടി വരും. 9736 കിലോമീറ്റർ റോഡുകൾ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. 957 കോടി രൂപയാണ് അതിനു കണക്കാക്കിയിരിക്കുന്നത്. റീസർഫസ് ചെയ്യേണ്ടത് 7197 കിലോമീറ്റർ റോഡുകളാണ്. അതിനുവേണം 6660 കോടി രൂപ. പൂർണമായും നശിച്ചുപോയത് 3148 കിലോമീറ്റർ റോഡുകളാണ്. അവയുടെ പുനർനിർമാണത്തിന് 5922 കോടിയാണ് മതിപ്പു കണക്ക്. അങ്ങനെ റോഡുകളുടെ പുനഃസൃഷ്ടിക്കുവേണ്ടത് 13540 കോടി രൂപയാണ്. ഒരു കിലോമീറ്റർ റോഡിന് ഒരു ലക്ഷം രൂപ മാത്രമാണ് കേന്ദ്രം തരുന്നത്.

സംഘപരിവാറിന്റെ രാഷ്ട്രീയവാശി 

ഇതുപോലെ നാനാമേഖലകളിൽ പ്രളയനഷ്ടം അതിജീവിക്കേണ്ടതുണ്ട്. സർക്കാരിന്റെ റവന്യൂ വരുമാനം കൊണ്ടുമാത്രം നമുക്ക് ഈ തുക കണ്ടെത്താനാകില്ല. പ്രവാസി മലയാളികളുടെയും മറ്റ് ഏജൻസികളുടെയും സഹായം, ദുരിതാശ്വാസനിധി, വായ്പ തുടങ്ങിയ വഴികളിലൂടെ ആവശ്യമായ പണം സമാഹരിക്കാനാണ് കേരളം ശ്രമിച്ചത്. നിലവിൽ സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനമാണ് സംസ്ഥാനത്തിന്റെ വായ‌്പാപരിധി. ഈ പരിധി നടപ്പുവർഷത്തിൽ 4.5 ശതമാനവും അടുത്ത വർഷം 3.5 ശതമാനവുമായി ഉയർത്തണം എന്നായിരുന്നു കേന്ദ്രസർക്കാരിനുമുന്നിൽ നാം വച്ച ആവശ്യം.  അനുവാദം ലഭിച്ചാൽ നമുക്ക് 15175 കോടി രൂപ അധികമായി വായ്പയെടുക്കാനാകുമായിരുന്നു.
ഈ അനുമതി നൽകാൻ കേന്ദ്രം വിസമ്മതിക്കുകയാണ്.

പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തോട് അന്താരാഷ്ട്ര ഏജൻസികളും സമൂഹവും പ്രകടിപ്പിച്ച അനുഭാവം സഹായമായി മാറരുത് എന്ന വാശിയാണ് കേന്ദ്രത്തിന്റേത്. കേരളത്തെ വായ്പയെടുക്കാൻ അനുവദിച്ചതുകൊണ്ട് കേന്ദ്രത്തിന് നഷ്ടമൊന്നുമില്ല. പണം തിരിച്ചടയ്ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ആ പണം നമുക്കു തിരിച്ചടയ്ക്കാനും കഴിയും. പക്ഷേ, വായ്പയെടുക്കാൻ അനുവദിക്കില്ല എന്നാണ് കേന്ദ്രത്തിന്റെ വാശി. സംഘപരിവാറിന്റെ രാഷ്ട്രീയവാശിക്ക‌് ഇരയാകുകയാണ് കേരളം.

സാലറി ചലഞ്ചിന്റെ കാര്യത്തിലും കേസുമായി കോടതിയെ സമീപിച്ചത് സംഘപരിവാർ അനുകൂല സർവീസ് സംഘടനയായിരുന്നു എന്നോർക്കുക. ദുരിതം അതിജീവിക്കാൻ ഒരു മാസത്തെ ശമ്പളം നൽകാൻ കക്ഷിരാഷ്ട്രീയ നിലപാടുകളെല്ലാം മറന്ന് വലിയ വിഭാഗം ജീവനക്കാർ സ്വമേധയാ മുന്നോട്ടുവന്നു. കേരളത്തിലെ സിവിൽ സർവീസിന്റെ നല്ലൊരു ശതമാനവും ഈ പൊതു ആവശ്യത്തിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. എന്നാൽ, ആ വിഭാഗത്തിൽപ്പോലും ആശങ്കയും അരക്ഷിതബോധവും സൃഷ്ടിക്കാൻ ബോധപൂർവമായ പ്രചാരണപരിപാടികളാണ് അരങ്ങേറിയത്. ഒരുതരത്തിലുള്ള അസത്യ പ്രചാരണങ്ങൾ കൊണ്ടും ജീവനക്കാരെ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയില്ല എന്നു ബോധ്യമായപ്പോഴാണ് സാങ്കേതികവാദം ഉയർത്തി കോടതിയെ സമീപിച്ചത‌്.

നാനാമുഖങ്ങളിലൂടെ മലയാളിയുടെ അന്തസ്സ‌് ആക്രമിക്കപ്പെടുകയാണ്. സാംസ‌്കാരികമായി നമ്മുടെ അസ‌്തിത്വം തകർക്കാനും എങ്ങനെയെങ്കിലും കലാപമുണ്ടാക്കാനുമുള്ള ഹീനമായ ശ്രമം ഒരുവശത്ത്. പ്രകൃതിദുരന്തത്തെ അതിജീവിക്കാൻ ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നും ഒഴുകിയെത്തിയ സഹായപ്രവാഹം ഏതുവിധേനയും തടയാൻ കാണിക്കുന്ന മർക്കടമുഷ്ടി മറുവശത്ത്. കേരളം സംഘപരിവാറിനെ എത്രത്തോളം ഭയപ്പെടുന്നുവെന്ന് തിരിച്ചറിയുന്ന നാളുകൾ.

പഞ്ചായത്ത‌ുതോറും കൂട്ടായ‌്മകൾ 
ഈ ദുഷ്ടരാഷ്ട്രീയത്തിന് നാം കീഴ്പ്പെടുകയില്ല. തലകുനിക്കാതെ നിവർന്നുനിന്നുതന്നെ കേരളം അതിജീവിക്കും. ക്രൗഡ് ഫണ്ടിങ‌് പോർട്ടൽ വഴി പരമാവധി സഹായം സമാഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നുണ്ട്. പുനർനിർമാണത്തിന് സഹായിക്കാൻ കഴിയുന്ന ഒരാളെയെങ്കിലും കണ്ടെത്താൻ ഓരോരുത്തരും മുൻകൈയെടുക്കണം. ഓരോ പഞ്ചായത്തിലെയും പുനർനിർമാണത്തിന്റെ ചുമതല ആ പഞ്ചായത്തിലെ പ്രവാസികൾക്ക് ഏറ്റെടുക്കാം. ഇന്ത്യക്കുള്ളിലും പുറത്തും നല്ല സാമ്പത്തികനില കൈവരിച്ച പ്രദേശവാസികളുടെ കൂട്ടായ‌്മകൾക്ക‌് തങ്ങളുടെ പ്രദേശത്തെ വീടുകളോ സ്ഥാപനങ്ങളോ പുനർനിർമിക്കാൻ കൈകോർക്കാം. പഞ്ചായത്തുതോറും ഇത്തരം കൂട്ടായ‌്മകൾ ശക്തിപ്പെടുത്താനാണ് സർക്കാർ മുൻകൈയെടുക്കുന്നത്.

പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമാണപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികളും ആലോചിക്കുന്നുണ്ട്.  അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കിക്കൊണ്ടുതന്നെയായിരിക്കും പുനർനിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുക.    സംയോജിത ജലവിഭവ മാനേജ്മെന്റ‌്, പ്രകൃതിസൗഹൃദമായ ഭൂവിനിയോഗം, എല്ലാവരെയും ഉൾക്കൊളളുന്ന ജനകേന്ദ്രീകൃതമായ സമീപനം, നൂതന സാങ്കേതികവിദ്യ എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാകും പുതിയ കേരളത്തിന്റെ നിർമാണമെന്ന് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിൽ ദൃശ്യമായ ഒരുമ കൂടുതൽ ദൃഢതരമാകുകയാണ്. ആ ഒരുമ ഒരു തുടക്കമായിരുന്നു. അതു നാം നിലനിർത്തി. ഇപ്പോൾ ഒരുമയെ തകർക്കുകയാണ് നടപ്പുവിവാദങ്ങളുടെ ഉദ്ദേശ്യം. ശബരിമലവിധിയെ അവസരമാക്കി നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. പ്രളയകാലത്ത് രൂപപ്പെട്ട അന്യാദൃശമായ ഒരുമ തകർക്കാൻ ഛിദ്രശക്തികൾ കൈകോർക്കുന്നു.  ലോകം അസൂയപ്പെട്ട കേരളീയരുടെ ഒരുമ തകർക്കാൻ കേന്ദ്ര ഭരണകക്ഷിയും സംസ്ഥാന പ്രതിപക്ഷവും ഒരുമിക്കുന്നു. വിചിത്രമായ കാഴ്ചയാണിത്. എന്നാൽ,  ഈ വെല്ലുവിളിക്കു കീഴടങ്ങാൻ അഭിമാനബോധമുള്ള ഒരു മലയാളിക്കും കഴിയില്ല.

കേന്ദ്ര ഭരണസംവിധാനം കൈയാളുന്നവർ ഞെക്കിക്കൊല്ലാൻ ആവുംവിധം ശ്രമിച്ചിട്ടും അതിജീവിച്ചു കരുത്താർന്ന ജനത എന്നായിരിക്കും ഭാവിചരിത്രം മലയാളിയെ രേഖപ്പെടുത്തുക.


Read more: http://www.deshabhimani.com/articles/keralam-navakeralam/761199