Thursday, September 29, 2011

ഉമ്മന്‍ചാണ്ടിക്ക് ജിജി തോംസന്റെ പ്രത്യുപകാരം


ഉമ്മന്‍ചാണ്ടിയെ പാമൊലിന്‍ കേസില്‍നിന്നു രക്ഷിക്കാനുളള ബാധ്യത ജിജി തോംസണ്‍ വെറുതേ ഏറ്റെടുത്തതല്ല. കടപ്പാടിന്റെ ഒരു ചങ്ങല ഈ ഐഎഎസുകാരന്റെ കാലില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഉമ്മന്‍ചാണ്ടി കെട്ടിയിട്ടുണ്ട്. പാമൊലിന്‍ കേസ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചത് കരുണാകരനു വേണ്ടിയാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ലക്ഷ്യം ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവരുടെ രക്ഷയായിരുന്നു. ആകെയുള്ള എട്ടു പ്രതികളില്‍ രണ്ടുപേരെ രക്ഷിച്ച്, കെ കരുണാകരന്‍ , ടി എച്ച് മുസ്തഫ തുടങ്ങിയ എതിര്‍ഗ്രൂപ്പുകാരുടെ വിചാരണ ഉറപ്പാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമായിരുന്നു പാമൊലിന്‍ കേസ് പിന്‍വലിക്കല്‍ .

പാമൊലിന്‍ കേസ് പിന്‍വലിക്കുമെന്ന് 2003 ജൂലൈ 2നു വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. അന്നദ്ദേഹം യുഡിഎഫ് കണ്‍വീനറാണ്. പാമൊലിന്‍ കേസിനെതിരെ കരുണാകരന്‍ കോടതികള്‍ കയറിയിറങ്ങുമ്പോള്‍ മൗനംപാലിച്ച ഉമ്മന്‍ചാണ്ടി പൊടുന്നനെ എന്തിനായിരുന്നു കേസ് പിന്‍വലിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്?

യഥാര്‍ഥത്തില്‍ ആ വാര്‍ത്താസമ്മേളനം ഡല്‍ഹിയിലേക്കു നല്‍കിയ സന്ദേശമായിരുന്നു. കേസിലെ അഞ്ചാം പ്രതി ജിജി തോംസണ്‍ , എട്ടാം പ്രതി പി ജെ തോമസ് എന്നിവര്‍ക്ക് കനത്തപിഴ ചുമത്താനുള്ള നടപടിയെടുക്കാനുള്ള സുപ്രധാനമായ നിര്‍ദേശം 2003 ജൂണിലാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചത്. ഇതു നടപ്പാക്കാതിരിക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനു കഴിയില്ല. അതുകൊണ്ട്, കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു എന്നൊരു സന്ദേശം അറിയിക്കുക വഴി നടപടി വൈകിപ്പിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. പക്ഷേ, കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദങ്ങള്‍ക്ക് എ കെ ആന്റണി വഴങ്ങിയില്ല. ആന്റണിയുടെ ഭരണകാലത്ത് കേസ് പിന്‍വലിക്കപ്പെട്ടതുമില്ല.

ആന്റണിയെ സ്ഥാനഭ്രഷ്ടനാക്കി മുഖ്യമന്ത്രിപദം കൈക്കലാക്കിയതോടെ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി വരുതിയിലാക്കി. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തുന്ന കരുതലോടെ അദ്ദേഹം കരുക്കള്‍ നീക്കി. പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ 2005 ജനുവരി 19നു ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുംമുമ്പേ വിവരം 2005 ജനുവരി 24ന് പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു (തീരുമാനമെടുത്ത് രണ്ടുമാസം കഴിഞ്ഞ്, 2005 മാര്‍ച്ച് 28നാണ് ഉത്തരവ് പുറത്തിറങ്ങിയത്). പക്ഷേ, ഭരണമൊഴിയുംവരെ ഇക്കാര്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിക്കാതിരിക്കാനും ഉമ്മന്‍ചാണ്ടി ശ്രദ്ധിച്ചു.

കേസ് പരിഗണിക്കുന്ന കോടതിക്കു മുമ്പിലാണ്, കേസ് പിന്‍വലിക്കാനുള്ള അപേക്ഷയും കൊടുക്കേണ്ടത്. അവിടെ മാത്രം തീരുമാനമെത്തിയില്ല. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു പോലും 11 മാസത്തിനു ശേഷം 2005 നവംബര്‍ 24നാണ്. ജിജി തോംസന്റെ വിധി നിര്‍ണയിക്കുന്നത് സിവിസിയും പേഴ്സണല്‍ മന്ത്രാലയവുമായതിനാല്‍ തീരുമാനം എത്രയും പെട്ടെന്ന് അവിടെ അറിയിക്കണമെന്നേ ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നുളളൂ. ബാക്കിയൊക്കെ ചട്ടപ്പടി നടന്നു. ചെയ്യേണ്ട കാര്യം ചട്ടപ്പടിയായിട്ടുപോലും നടന്നില്ല. ചുമ്മാതല്ല, തന്നെ ബലിയാടാക്കുകയാണെന്ന് ടി എച്ച് മുസ്തഫ പറഞ്ഞു നടക്കുന്നത്.

പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് തീരുമാനത്തിനെതിരെ കെ കരുണാകരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ , കേസ് പിന്‍വലിച്ച തീരുമാനം വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടില്ലെന്ന വിവരം എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറോടോ അന്വേഷണ ഏജന്‍സിയോടോ ആലോചിച്ച ശേഷമല്ല കേസ് പിന്‍വലിക്കാനുളള തീരുമാനമെടുത്തത്. ഇക്കാര്യമൊക്കെ 2007 ജൂലൈ 6ലെ ജസ്റ്റിസ് കെ ആര്‍ ഉദയഭാനുവിന്റെ വിധിയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഐഎഎസ് പ്രതികളെ ഉടന്‍ കുറ്റവിമുക്തമാക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനോ വിജിലന്‍സ് കമീഷനോ കഴിയുമായിരുന്നില്ല. "ഞങ്ങളുടെ മുന്നില്‍ വന്ന വാദങ്ങളും എതിര്‍വാദങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍വാദികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്ഐആര്‍ ബാഹ്യപരിഗണന വച്ചാണെന്നോ ദുരുദ്ദേശ്യപരമാണെന്നോ പറയുന്നതില്‍ അര്‍ഥമില്ല. അഴിമതിയെന്ന മഹാശല്യത്തെ സങ്കീര്‍ണമായ നിയമക്കുരുക്കുകളുടെ കരിമ്പടം കൊണ്ടു മറയ്ക്കാന്‍ അനുവദിക്കാനാകില്ല"   എന്ന 2000 മാര്‍ച്ച് 23ലെ സുപ്രീംകോടതി വിധിയിലെ പ്രസക്തമായ നിരീക്ഷണവും കേരളത്തിലുയര്‍ന്ന രാഷ്ട്രീയവിവാദവും അത്രയെളുപ്പം അവഗണിക്കാനാകുമായിരുന്നില്ല. പക്ഷേ, ഫയല്‍ കോള്‍ഡ് സ്റ്റോറേജിലായി.

2006 മെയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. യുഡിഎഫിന്റെ തീരുമാനം തിരുത്തി. വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വിചിത്രമായ പ്രതികരണമായിരുന്നു പേഴ്സണല്‍ മന്ത്രാലയത്തിന്റേത്. യുഡിഎഫിന്റെ തീരുമാനം മാറ്റിയതിന്റെ കാരണം ബോധ്യപ്പെടുത്തമെന്ന് ഒരു അഡീഷണല്‍ സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ച പാമൊലിന്‍ കേസ് പിന്‍വലിച്ച യുഡിഎഫിനോട് ഒരു ചോദ്യവും ചോദിച്ചില്ല എന്നോര്‍ക്കണം.

കേസുകളിലേക്കും മറ്റും ശ്രദ്ധ മാറിയപ്പോള്‍ പേഴ്സണല്‍ മന്ത്രാലയം ഒരു കള്ളക്കളി നടത്തി. മുന്‍സര്‍ക്കാര്‍ വേണ്ടെന്നു വച്ച ഒരു കേസിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ പ്രൊമോഷനെയും മറ്റും തടയുന്ന ഫയല്‍ തുടരണോ എന്ന് അവര്‍ സിവിസിയോട് ആരാഞ്ഞു. കിട്ടിയപാടെ, പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെ ഒരു കേസും നിലവിലില്ലെന്ന ന്യായം പറഞ്ഞ് 2007 ജൂണ്‍ 25നു സിവിസി നടപടികള്‍ പിന്‍വലിച്ചു.

നിയമവിരുദ്ധമായ ഉത്തരവാണ് കേന്ദ്ര വിജിലന്‍സ് കമീഷന്റേത്. പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിന് മറ്റു പൊതുസേവകരുമായോ സ്വകാര്യവ്യക്തികളുമായോ പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന ഒരു കേസും നിലവിലില്ലെന്ന് കേസിന്റെ പുനഃപരിശോധനയില്‍ കമീഷന് ബോധ്യമായെന്നാണ് ഉത്തരവില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.

2007 ജൂണ്‍ 25ന് ഈ ഉത്തരവ് പുറത്തുവരുംമുമ്പു തന്നെ പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. യുഡിഎഫാകട്ടെ, കേസ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട കോടതിയെ സമീപിച്ചിട്ടുമില്ല.

വിജിലന്‍സ് കമീഷന്റെ തീര്‍പ്പ് സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചിരുന്നെങ്കില്‍ പി ജെ തോമസ് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ സ്ഥാനത്തു തുടര്‍ന്നേനെ. അദ്ദേഹത്തെ അയോഗ്യനായി പ്രഖ്യാപിച്ചുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ ഇങ്ങനെ പറയുന്നു; "പേഴ്സണല്‍ മന്ത്രാലയത്തിന് 2003 ജൂണ്‍ 3ന് അയച്ച കത്തില്‍ സ്വീകരിച്ച നിലപാട് സിവിസി എന്തുകൊണ്ട് തിരുത്തിയെന്നതിന് ഒരു കാരണവും മുകളില്‍ പറഞ്ഞ മറുപടിയിലോ ഫയലിലോ കാണാനില്ല".   ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവര്‍ക്കെതിരെയുള്ള കേന്ദ്ര വിജിലന്‍സ് കമീഷന്റെ ആദ്യ ശുപാര്‍ശ എങ്ങനെ അട്ടിമറിക്കപ്പെട്ടു, നിയമപരമായി നിലനില്‍പ്പില്ലാത്ത കാരണങ്ങളാല്‍ അവരെ കുറ്റവിമുക്തമാക്കിയ സാഹചര്യം എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു.

ഉമ്മന്‍ചാണ്ടിയുടെ കേസ് പിന്‍വലിക്കലാണ് ഇതിനു വഴിതെളിച്ചത് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചതു നടന്നു. പാമൊലിന്‍ കേസ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചെന്ന വിവരം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ആവശ്യമായിരുന്നു. അതു നിറവേറ്റാനായിരുന്നു 2005 ജനുവരിയിലെ മന്ത്രിസഭാ തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ പി ജെ തോമസും ജിജി തോംസണും "പാപമുക്ത"രായി. പക്ഷേ, സുപ്രീംകോടതി കര്‍ശന നിലപാടു സ്വീകരിച്ചതുകൊണ്ട് ആ ശ്രമത്തിന്റെ അന്തിമഫലം പി ജെ തോമസിനു ലഭിക്കാതെ പോയി. അനിവാര്യമായ വകുപ്പുതല നടപടിയില്‍ നിന്ന് തന്നെ രക്ഷിച്ച ഉമ്മന്‍ചാണ്ടിക്കുള്ള പ്രത്യുപകാരമാണ് ജിജി തോംസന്റെ ഹര്‍ജി.

2001ല്‍ കുറ്റപത്രം ലഭിച്ചശേഷം ഇന്നേവരെ അദ്ദേഹം ഈ കേസില്‍ ഒരു കോടതിയിലും പോയിട്ടില്ല. ഹര്‍ജി കൊടുക്കാനുള്ള അടവെന്ന നിലയിലാണ് തന്റെ പ്രൊമോഷനും മറ്റും തടയപ്പെട്ടെന്ന വാദം ജിജി തോംസണ്‍ ഉയര്‍ത്തുന്നത്. പാമൊലിന്‍ കേസ് മൂലം ഒരു പ്രൊമോഷനും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിട്ടില്ല. ഇനി കിട്ടാനുള്ളത് ക്യാബിനറ്റ് സെക്രട്ടറി സ്ഥാനമാണ്. കൂട്ടുപ്രതിയായ പി ജെ തോമസ് കേരളത്തിലെ ചീഫ് സെക്രട്ടറിയുമായി. സര്‍ക്കാര്‍ വക്കീല്‍ പ്രതിഭാഗം ചേര്‍ന്നതുകൊണ്ടാണ് ഈ വസ്തുതകള്‍ കോടതിയില്‍ എത്താതിരുന്നത്.

എണ്ണ ഇറക്കുമതിയോടെ അവസാനിച്ചതല്ല, പാമൊലിന്‍ ഗൂഢാലോചന. രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ ദേശീയതലത്തിലേക്ക് അതു വികസിച്ചിട്ടുണ്ട്. പാമൊലിന്‍ ഇറക്കുമതിയിലെ അഴിമതി കോടതികള്‍ക്ക് ബോധ്യപ്പെട്ടതാണ്. നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ സ്വീകരിച്ച ശ്രമങ്ങള്‍ വരച്ചിട്ടതും സുപ്രീംകോടതി വിധിയിലാണ്. വിധിയെഴുതിയത് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയും. ജിജി തോംസന്റെ ഹര്‍ജിയുടെ തീര്‍പ്പില്‍ തീരുന്നതല്ല കാര്യങ്ങളെന്നു ചുരുക്കം.

Monday, September 19, 2011

സൂചന... സൂചന... സൂചന മാത്രം...


(സെപ്തംബര്‍ 19ന് മനോരമ പ്രസിദ്ധീകരിച്ച ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തില്‍ ലാവലിന്‍ കേസ് വന്‍അഴിമതിപ്പട്ടികയില്‍ എന്ന വാര്‍ത്തയോടുളള പ്രതികരണമായി ദേശാഭിമാനിയില്‍ എഴുതിയ ലേഖനം)
 
ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന ബൈലൈന്‍ മനോരമയില്‍ കാണുമ്പോഴൊക്കെ പഴയ ചില വാര്‍ത്തകള്‍ ഞാനോര്‍ക്കാറുണ്ട്. ''കടുത്ത നടപടികളുടെ സൂചനയുമായി വിഎസ്'' എന്ന 2009 ജനുവരി 30ലെ ഒന്നാം പേജ് വാര്‍ത്തയാണ് അതിലൊന്ന്. തലക്കെട്ടിലുള്‍പ്പെടെ അഞ്ചിടത്ത് ആ വാര്‍ത്തയില്‍ 'സൂചന' എന്ന വാക്കുണ്ട്. രണ്ടുതവണ ആ വാക്ക് ആവര്‍ത്തിക്കുന്ന ഒരു വാചകം പോലുമുണ്ട്. 'സൂചന' ജയചന്ദ്രന് അത്രയ്ക്ക് വിലപ്പെട്ടതാണ്. ഭാഷയില്‍ അതില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഇങ്ങനെയൊരു പത്രലേഖകന്‍ പോലും നമുക്കുണ്ടാകുമായിരുന്നില്ല. വിഎസ് സ്വീകരിക്കാന്‍ പോകുന്ന ''കടുത്ത നടപടികളുടെ സൂചന'' ജയചന്ദ്രന്‍ ഇലങ്കത്ത് മണത്തറിഞ്ഞത് എങ്ങനെ എന്നു കേട്ടാല്‍ സഖാക്കളും വായനക്കാരും ചിരിക്കരുത്. വാര്‍ത്തയില്‍ നിന്നുതന്നെ ഉദ്ധരിക്കട്ടെ; ''വിഎസിന്റെ ആലപ്പുഴ പുന്നപ്രയിലെ വീട് മിനുക്കുപണി നടത്താന്‍ നിര്‍ദ്ദേശം കിട്ടിയതായി അഭ്യൂഹം പരന്നു''.


പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ പൊട്ടിയ ഓടും കതകിന്റെ കൊളുത്തുമൊക്കെ മാറ്റുന്നതില്‍ പോലും പാര്‍ട്ടിയില്‍ അവര്‍ സ്വീകരിക്കുന്ന ''കടുത്ത നടപടികളുടെ'' സൂചനകള്‍ കിലുങ്ങുന്നുണ്ട് എന്ന് തിരിച്ചറിയുന്ന ആറാമിന്ദ്രിയം കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു മാത്രമേയുളളൂ. സാക്ഷാല്‍ ജയചന്ദ്രന്‍ ഇലങ്കത്തിന്്. കണ്ടത്തില്‍ കുടുംബത്തിനും അക്കാര്യം ബോധ്യമുണ്ട്. അതുകൊണ്ട് ജയചന്ദ്രന്റെ വാര്‍ത്തകള്‍ വന്‍പ്രാധാന്യത്തോടെ മനോരമ അച്ചടിക്കും. ''സിപിഎം ഓഫീസുകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം'' എന്ന ഇലങ്കത്തുവങ്കത്തം അഞ്ചുകോളം വലിപ്പത്തിലാണ് 2009 ഫെബ്രുവരി 10ന് മനോരമ ഒന്നാംപേജില്‍ മുഖ്യവാര്‍ത്തയായി താങ്ങിയത്. ഈ വാര്‍ത്തകളൊക്കെ ഓര്‍മ്മയുളളതുകൊണ്ട്, ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന ബൈലൈന്‍ കാണുമ്പോഴൊക്കെ കസേരയില്‍ നിന്നെഴുനേറ്റ് പത്രത്തെ സര്‍വബഹുമാനത്തോടും കൂടി ഒന്നു തൊഴുതതിനു ശേഷം മാത്രമേ വാര്‍ത്ത ഞാന്‍ വായിക്കാറുളളൂ.

ജയചന്ദ്രനെ നമിച്ചുപോയ വ്യക്തിപരമായ ഒരനുഭവം കൂടി എനിക്കുണ്ട്. ജനകീയാസൂത്രണ വിവാദകാലത്ത് ഞാനുമായി അദ്ദേഹം സുദീര്‍ഘമായ ഇന്റവ്യൂ നടത്തി. തൊട്ടുപിറ്റേന്ന് മനോരമ കണ്ടപ്പോഴാണ് എനിക്കു മനസിലായത്, റിച്ചാര്‍ഡ് ഫ്രാങ്കി വഴിയുള്ള എന്റെ സി.ഐ.എ - വിദേശഫണ്ട് ബന്ധങ്ങളെക്കുറിച്ചുളള സൂചനകളായിരുന്നവത്രേ ഞാന്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ നല്‍കിയ മറുപടിയോ എന്റെ വിശദീകരണമോ ഒന്നും ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. ഈ മാധ്യമപ്രവര്‍ത്തന പാടവത്തെ എങ്ങനെ നമിക്കാതിരിക്കും!


ഈ ജനുസില്‍ പെട്ട ഒരു വാര്‍ത്ത ഇക്കഴിഞ്ഞ ദിവസത്തെ മനോരമയിലുമുണ്ട്. ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തില്‍ ലാവലിന്‍ കേസ് വന്‍ അഴിമതി പട്ടികയില്‍ എന്നാണ് നാലുകോളത്തില്‍ നീണ്ടുകിടക്കുന്ന ആ വാര്‍ത്തയുടെ തലക്കെട്ട്.


ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം എന്ന തലക്കെട്ടില്‍ ഒരു പുസ്തകം ഞാനെഴുതുന്നുണ്ട്. സൈബര്‍ ലോകത്തും ആശയപ്രചരണം അതിശക്തമാകുന്ന ഇക്കാലത്ത് ആ പുസ്തകരചനയ്ക്ക് പുതിയൊരു രീതിയാണ് സ്വീകരിച്ചിട്ടുളളത്. എഴുതിത്തീരുന്ന മുറയ്ക്ക് ഓരോ അധ്യായവും എന്റെ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്യും. ഇന്റര്‍നെറ്റില്‍ സജീവമായി ഇടതുപക്ഷ ആശയപ്രചരണത്തില്‍ ഏര്‍പ്പെടുന്ന വലിയൊരു സംഘത്തിന്റെ കൂട്ടായ്മയെ ഉപയോഗപ്പെടുത്തി ഇന്ററാക്ടീവ് മീഡിയയുടെ ഒരു സാധ്യത പരീക്ഷിക്കുക എന്ന ലക്ഷ്യവും ഈ സംരംഭത്തിനു പിന്നിലുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വഴി പുസ്തകം വികസിക്കും. ഒന്നാം അധ്യായം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പുസ്തകത്തിന്റെ ലക്ഷ്യം, അധ്യായങ്ങളുടെ ഉളളടക്കം എന്നിവ ഈ അധ്യായത്തില്‍ വിശദമാക്കിയിട്ടുണ്ട്. 
പന്ത്രണ്ടാം അധ്യായത്തിലാണ് ലാവലിന്‍ സംബന്ധിച്ച പരാമര്‍ശമുളളത്. 


അതിങ്ങനെയാണ്...
“അധ്യായം 12 - അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം - ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നിനും അഴിമതിവിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യതയില്ല. ലാവലിന്റെ രാഷ്ട്രീയകളളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒരു ആരോപണം പോലും നിലനില്‍ക്കുന്നില്ല. 35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ച് പല വിമര്‍ശനങ്ങളുണ്ട്. പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവലിന്‍ കേസാണ് അവരുയര്‍ത്തുന്നത്. അതുകൊണ്ട് ഈ അധ്യായത്തില്‍ ലാവലിന്‍ കേസിന്റെ പൊളളത്തരം ഒരിക്കല്‍കൂടി തുറന്നു കാണിക്കുന്നു(അടിവര കൂട്ടിച്ചേര്‍ത്തത്). അതോടൊപ്പം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിന് നടത്തിയ ദേശവ്യാപക പ്രസക്തിയുളള പരീക്ഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതിയില്ലാതാവില്ല. അതിനോടൊപ്പം നിലവിലുളള ഭരണസംവിധാനത്തെ അടിമുടി പരിഷ്‌കരിക്കാനുണ്ട്”.


 മേല്‍ ഉദ്ധരണിയിലെ ഏതാണ്ട് എല്ലാവാചകങ്ങളും ഇല്ലങ്കത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. അടിവരയിട്ട വാചകമൊഴികെ. സമര്‍ത്ഥമായി ഒഴിവാക്കിയ വാചകം തോന്നിയപടി വ്യാഖ്യാനിച്ച് അദ്ദേഹം വായനക്കാരുടെ മുന്നിലേയ്ക്ക് എറിയുന്നു.

അവയിങ്ങനെ: ''പാര്‍ട്ടി സമ്മേളനങ്ങളുടെ വേളയില്‍ അഴിമതിക്കഥകളുടെ കൂട്ടത്തില്‍ ലാവലിന്‍ കേസും ചര്‍ച്ചാവിഷയമാക്കണമെന്ന 'സൂചന'യും ഐസക് നല്‍കുന്നുണ്ട്''. വേറൊരു വാചകമിങ്ങനെ: ''... പുതിയ പുസ്തകത്തില്‍ ഐസക്കിന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗിക ചേരിയില്‍ രൂപമെടുത്ത പുതിയ ധ്രുവീകരണത്തിന്റെ സൂചനകളുമുണ്ട്'' (കണ്ടോ, എത്ര സൂചനകള്‍. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇനിയദ്ദേഹം 'സൂചനേന്ദ്രന്‍' എന്നറിയപ്പെട്ടാലും അത്ഭുതമില്ല). വാര്‍ത്തയുടെ അവസാനഭാഗത്തും 'ഇലങ്കത്തുസൂചന'യുടെ തെരുക്കൂത്തുണ്ട്. അതിങ്ങനെ. '' .... ഐസക് ഈ വിഷയത്തില്‍ വിഎസ് അനുകൂലികളുടെ ഇന്റര്‍നെറ്റ് കൂട്ടായ്മയും ലക്ഷ്യമിടുന്നുവെന്നാണ് സൂചന''. പണ്ട്, ''വിഎസിന്റെ കടുത്ത നടപടിയുടെ സൂചന'' മണത്തറിഞ്ഞ അതേ മൂക്ക്, അതെഴുതിപ്പിടിപ്പിച്ച അതേ പേന. 
 
മനോരമാ പത്രാധിപരോട് എനിക്കൊരപേക്ഷയുണ്ട്. വിഷലിപ്തമായ ഭാവനാവിലാസത്തിന്റെ ഉടമകളായ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ 'കാളകൂടപ്രതിഭ' എന്നോ മറ്റോ ഒരവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും. സിപിഎം വിരുദ്ധഭാവനയ്ക്ക് കോളം സെന്റീമീറ്റര്‍ അളന്ന് പാരിതോഷികം നല്‍കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്നാലും, ഇലങ്കത്തുസേനയുടെ ആത്മവീര്യം ചോരാതിരിക്കാന്‍ ഇത്തരം അവാര്‍ഡുകള്‍ ഉപകരിക്കുമെന്നുറപ്പാണ്.


പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തുവരുന്നതോടെ ജയചന്ദ്രന്മാരുടെ ഭാവനകള്‍ ചിറകുവീശാനിരിക്കുന്നതേയുളളൂ. ഇതൊരു സാമ്പിള്‍ മാത്രമാണ്. ഒരുകാര്യം ഞാനുറപ്പു പറയാം. സമ്മേളനം കഴിയുമ്പോള്‍, ഇത്തരം വാര്‍ത്തകളെല്ലാം ഒന്നുകൂടി വായിക്കാനും വിശകലനം ചെയ്യാനും നമുക്കൊരു സന്ദര്‍ഭമുണ്ടാക്കാം. 


പ്രിയപ്പെട്ട ജയചന്ദ്രാ, ലാവലിന്‍ കേസില്‍ സിപിഎമ്മിനോ പിണറായി വിജയനോ ഒളിക്കാനൊന്നുമില്ല. ആ വിവാദത്തിന്റെ പൊളളത്തരം ഒരിക്കല്‍ക്കൂടി തുറന്നു കാട്ടപ്പെടുമ്പോള്‍ മുഖം നഷ്ടപ്പെടുന്നത് മനോരമയ്ക്കും അതിന്റെ ചില ലേഖകര്‍ക്കുമാണ്. ജയചന്ദ്രനടക്കമുളളവര്‍ മനോരമയില്‍ എഴുതിപ്പിടിപ്പിച്ച നുണകളെയും ദുര്‍വ്യാഖ്യാനങ്ങളെയുമാണ് ഒരിക്കല്‍ക്കൂടി ഞങ്ങള്‍ വലിച്ചു കീറുന്നത്.


ലാവലിന്‍ കമ്പനിയെക്കൊണ്ട് കേരളത്തിലെ ജലവൈദ്യുത പദ്ധതികളെല്ലാം നവീകരിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരാണ് പരിപാടിയുണ്ടാക്കിയത്. അതുപ്രകാരം കുറ്റിയാടി നവീകരിച്ചു. പന്നിയാര്‍ - പള്ളിവാസല്‍ …പ്രോജക്ടുകള്‍ക്ക് ധാരണാപത്രം മാത്രമല്ല, കരാറും ഒപ്പുവെച്ചു. മറ്റുചില പ്രോജക്ടുകള്‍ക്കും ധാരണാപത്രം ഒപ്പുവെച്ചു. ധാരണാപത്രം മാത്രം ഒപ്പുവെച്ച പ്രോജക്ടുകളുടെ കരാറുകള്‍ റദ്ദാക്കിയത് എല്‍.ഡി.എഫ്. സര്‍ക്കാരാണ്. നവീകരണം ടെന്‍ഡര്‍ വഴി മതി എന്നും തീരുമാനിച്ചു. ഒപ്പം അടിസ്ഥാനകരാറടക്കം ഒപ്പുവെച്ച പിഎസ്പി പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. അല്ലാത്തപക്ഷം കേസും മറ്റുമായി വലിയകാലതാമസം വരുമായിരുന്നു. അതില്‍പ്പോലും യു.ഡി.എഫിന്റേതിനെക്കാള്‍ മെച്ചപ്പെട്ട വ്യവസ്ഥകള്‍ കരാറിലുണ്ടാക്കി. ഇതേക്കുറിച്ചാണ് ആരോപണം.


കരാറില്‍ ഒപ്പിട്ട കാര്‍ത്തികേയന്‍ ഇപ്പോള്‍ സ്പീക്കര്‍ പദവിയില്‍ ബഹുമാന്യനായി തുടരുന്നു. ധാരണാപത്രം വഴിയുളള കരാറുകള്‍ അവസാനിപ്പിച്ച പിണറായി വിജയന്‍ കേസില്‍ പ്രതിയാകുന്നു. കോടതിയിലെ കാര്യങ്ങള്‍ നിയമപരമായി തന്നെ നേരിടും. യു.ഡി.എഫ്.ന്റെയും അവര്‍ക്കുവേണ്ടി വിടുപണി ചെയ്ത മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രചരണത്തേയും നടപടികളേയും രാഷ്ട്രീയമായി നേരിടും. ഇതാണ് പുതിയ പുസ്തകത്തിലെ അദ്ധ്യായം 12ല്‍ ചെയ്യാന്‍ പോകുന്നത്.


മലബാര്‍ കാന്‍സര്‍ സെന്ററിന് എസ്എന്‍സി ലാവലിന്‍ വാഗ്ദാനം ചെയ്ത 86 കോടി രൂപ കിട്ടിയില്ല എന്നതാണ് ആറ്റിക്കുറുക്കിയാല്‍ ആ വിവാദത്തിന്റെ ആകെത്തുക. എന്തുകൊണ്ട് പണം കിട്ടിയില്ല എന്ന ചോദ്യത്തിന് മനോരമയുടെ പഴയ താളുകളില്‍ ഉത്തരമുണ്ട്. സമയം കിട്ടുമ്പോള്‍ ജയചന്ദ്രന്‍ ലൈബ്രറിയില്‍ ചെന്ന് 2002 സെപ്തംബര്‍ 13ന്റെ പത്രമെടുത്തു നോക്കുക. ''മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഭാവി ഭീഷണിയില്‍'' എന്നൊരു വാര്‍ത്തയുണ്ട് അതില്‍. ആ വാര്‍ത്ത ഇങ്ങനെ പറയുന്നു, ''മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കാനഡ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചു. ഇത് പുതുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ വൈദ്യുതിബോര്‍ഡിന്റെയോ ഭാഗത്തുനിന്ന് നടപടികളില്ല. ഇതോടെ മലബാറിലെ കാന്‍സര്‍ ചികിത്സാരംഗത്ത് നാഴികക്കല്ലാകേണ്ടിയിരുന്ന കേന്ദ്രത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലായി''.

 

ഇനിയെടുക്കേണ്ടത്, സെപ്തംബര്‍ 15ന്റെ പത്രം. വായിക്കേണ്ടത്, 'കാന്‍സര്‍ സെന്റര്‍:ലാവലിന്‍ പിന്‍വാങ്ങിയത് സര്‍ക്കാരിന്റെ കത്തു കിട്ടാത്തതിനാല്‍' എന്ന തലക്കെട്ടിലെ വാര്‍ത്ത. അതിലിങ്ങനെ കാണാം, ''തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന് ലഭിച്ച സഹായത്തിന് നന്ദി പ്രകടിപ്പിച്ചും അഭിനന്ദനം അറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കാനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കാന്‍ കഴിയുമെന്ന എസ് എന്‍ സി ലാവലിന്റെ നിര്‍ദേശം വൈദ്യുതി വകുപ്പ് ചെവിക്കൊണ്ടില്ല. ലാവലിന് നല്‍കേണ്ട ലെറ്റര്‍ ഓഫ് അപ്രീസിയേഷനുളള അപേക്ഷ ഒന്നര വര്‍ഷമായി വൈദ്യുതി വകുപ്പില്‍ ചുവപ്പുനാടയിലാണ്''.

ഈ രണ്ടു വാര്‍ത്തകളെ ആസ്പദമാക്കി ''മലബാര്‍ കാന്‍സര്‍ സെന്ററിനെ രക്ഷിക്കണം'' എന്ന തലക്കെട്ടില്‍ ഒരു മുഖപ്രസംഗം മനോരമ എഴുതിയത് 2002 ഒക്‌ടോബര്‍ ഒന്നിന്. ആ മുഖപ്രസംഗത്തില്‍ മനോരമയുടെ ആവശ്യം എന്തായിരുന്നുവെന്നോ, “''ചെയ്ത ജോലികള്‍ക്ക് ലെറ്റര്‍ ഓഫ് അപ്രീസിയേഷന്‍ നല്‍കിയാല്‍ അടുത്ത ഘട്ടം പണം സമാഹരിച്ചു നല്‍കാമെന്ന് കാണിച്ച് എസ് എന്‍ സി ലാവലിന്‍ ആശുപത്രി ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരിക്കുന്നു. ഈ അപേക്ഷ വൈദ്യുതി വകുപ്പിന്റെ ഫയലിലുണ്ട്. ഭരണം മാറിയതോടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാമാണ് ആശുപത്രിയുടെ അമരത്ത്. ഭരണസമിതിയുടെ തലപ്പത്തുള്ളവര്‍ ആശുപത്രി സന്ദര്‍ശിക്കണം. രാഷ്ട്രീയക്കളിയില്‍ രോഗികള്‍ ബലിയാടാകരുത്''.


ലാവലിന്‍ കമ്പനിയുടെ കത്ത് ഒന്നര വര്‍ഷത്തോളം ചുവപ്പുനാടയില്‍ കുരുക്കിയിട്ട് രോഗികളെ ബലിയാടാക്കി രാഷ്ട്രീയം കളിച്ചവരാണ് ഈ കേസിലെ യഥാര്‍ത്ഥ പ്രതികള്‍. ഈ വാര്‍ത്തകളും മുഖപ്രസംഗവും മനോരമ എഴുതുന്ന കാലത്ത് എ.കെ.ആന്റണിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയും. ''രാഷ്ട്രീയ കളിയില്‍ രോഗികള്‍ ബലിയാടാകരുത്''എന്ന് എഴുതുമ്പോള്‍ ലാവലിനുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കളി നടക്കുന്നുവെന്ന് വ്യക്തമായും മനോരമയ്ക്ക് അറിയാമായിരുന്നു. ആ കളി കളിച്ചത് കോണ്‍ഗ്രസ്സാണെന്നും. അവരാണ്, മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം കിട്ടാത്ത അവസ്ഥയുണ്ടാക്കിയത്. ലാവലിനുമായി ബന്ധപ്പെടുത്തി പിണറായി വിജയനെ ലക്ഷ്യമിടാന്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതീരുമാനം ഉണ്ടായശേഷം ഒരിക്കല്‍പോലും ഇവിടെ ഉദ്ധരിച്ച വാര്‍ത്തകളിലേയോ മുഖപ്രസംഗത്തിലേയോ വിവരങ്ങള്‍ മനോരമയില്‍ അച്ചടിമഷി പുരണ്ടിട്ടില്ല.


കോണ്‍ഗ്രസിനു വേണ്ടി ലാവലിന്‍ ആരോപണങ്ങള്‍ മെനഞ്ഞു കൊടുത്തത് മലയാള മനോരമയിലെ നുണയെഴുതാനുളുപ്പില്ലാത്ത ഒരു സംഘം പത്രലേഖകരാണ് എന്ന വസ്തുത, അവരുടെ വാര്‍ത്തകളില്‍ നിന്നുളള ഉദ്ധരണി സഹിതം, തുറന്നു കാണിക്കുന്ന ഒരു ഗവേഷണഗ്രന്ഥം എന്‍ പി ചന്ദ്രശേഖരനും ഞാനും ചേര്‍ന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010ലാണ് ആ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവന്നത്. ഗൗരവമുളള മാധ്യമ പഠനം എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകരെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്ന ശൈലി ആ പുസ്തകത്തില്‍ സ്വീകരിച്ചിരുന്നില്ല. വാര്‍ത്തയെഴുതിയവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തണം എന്ന ശക്തമായ ആവശ്യം ഉയര്‍ന്നിട്ടും രണ്ടാംപതിപ്പിലും അവരുടെ പേരുകള്‍ ഒഴിവാക്കുകയാണ് ചെയ്തത്. അത്തരമൊരു സൗജന്യം അവരാരും അര്‍ഹിക്കുന്നില്ല എന്നാണ് ജയചന്ദ്രന്‍ ഇലങ്കത്തിനെപ്പോലുളളവര്‍ പാര്‍ട്ടിക്കെതിരെ തുടരുന്ന വെല്ലുവിളികള്‍ തെളിയിക്കുന്നത്. അവരൊന്നും പുസ്തകത്തില്‍ ഉന്നയിച്ച വസ്തുതാപരമായ വിമര്‍ശനങ്ങളോട് നേര്‍ക്കുനേരെ ഇന്നേവരെ പ്രതികരിച്ചിട്ടില്ല. ആകെ നടന്നത്, ഗ്രന്ഥകര്‍ത്താക്കളുടെ താടിയും മുടിയും ഉടയാടകളും വര്‍ണിച്ച് പരിഹസിച്ചെന്നു വരുത്തിത്തീര്‍ത്ത് സ്വയം സമാധാനിക്കുന്ന ഒരു ഫലിതമെഴുത്തുദ്യോഗസ്ഥന്റെ കോമാളിത്തരം. 


ജയചന്ദ്രാ, ഒരു വിവാദത്തില്‍ നിന്നും ഞങ്ങളാരും ഒളിച്ചോടുന്നില്ല. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞങ്ങളുടെ പക്കല്‍ മറുപടിയുണ്ട്; അവ പറഞ്ഞിട്ടുണ്ട്, ഇനിയും പറയാന്‍ ഞങ്ങള്‍ തയ്യാറുമാണ്. പക്ഷേ, അവ പ്രസിദ്ധീകരിക്കാനുളള ചങ്കൂറ്റം മനോരമയ്ക്കില്ല. ലോട്ടറിക്കേസിനെക്കുറിച്ചു വാര്‍ത്തയില്‍ പറയുന്നുണ്ടല്ലോ. ആ കേസിനെ സംബന്ധിച്ച് എനിക്കെതിരെ മനോരമ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് ഞാനൊരു പ്രതികരണം അയച്ചിരുന്നു. അതില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഉന്നയിച്ച മര്‍മ്മപ്രധാനമായ വാദങ്ങളും വസ്തുതകളുമപ്പാടെ വെട്ടിമാറ്റി വികലമായി പ്രസിദ്ധീകരിക്കുകയായിരുന്നു, മനോരമയിലെ കേമന്‍മാര്‍. 


അതുകൊണ്ട് ബഹുമാന്യനായ മനോരമാ പത്രാധിപര്‍ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ ലേഖകന്മാര്‍ എഴുതിക്കൂട്ടിയ ലാവലിന്‍ നുണപരമ്പരകള്‍ സംബന്ധിച്ച് ഒരു പ്രതികരണം പുതിയ പുസ്തകത്തിലും ചുരുക്കി നല്‍കാം. പത്രത്തിന്റെ പരിമിതികള്‍ക്കു പുറത്തുകടന്ന് ജയചന്ദ്രന്‍ ഇലങ്കത്തുമാരെപ്പോലുവര്‍ക്ക് ഓണ്‍ലൈന്‍ വഴിയെങ്കിലും തങ്ങളുടെ ഭാഗം വിശദീകരിക്കാനുളള സൗകര്യം ചെയ്തു കൊടുക്കണം. പത്രത്താളില്‍ ഏകപക്ഷീയമായി എന്തെങ്കിലും വിസര്‍ജിച്ച് കടന്നുകളയുന്ന ഭീരുക്കള്‍ എന്ന മാറാപ്പേര് ഇപ്പോഴവര്‍ക്കുണ്ട്. അതു മാറ്റിയെടുക്കാന്‍ മനോരമാ ഓണ്‍ലൈനിലെങ്കിലും ഒരവസരം അവര്‍ക്കു നല്‍കണം. വാര്‍ത്തകള്‍ക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞിരിക്കണം എന്നൊരു നിബന്ധന ഏര്‍പ്പെടുത്താന്‍ താങ്കളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ആരുടെ ഭാഗമാണ് ശരിയെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ സ്വന്തം വാര്‍ത്തകളെ പ്രതിരോധിക്കാനുളള നെഞ്ചുറപ്പ് എത്ര മനോരമാ ലേഖകര്‍ക്കുണ്ടെന്ന് നമുക്കു കണ്ടറിയാം.

Wednesday, September 14, 2011

ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

അധ്യായം ഒന്ന്

ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് അഹമ്മദാബാദില്‍ നിന്നും പതിനെട്ടാം വയസില്‍ ഗൗതം അദാനി ഉപജീവനമാര്‍ഗം തേടി മുംബൈയിലെത്തിയത്. കൈയിലുണ്ടായിരുന്നത് ഏതാനും നൂറു രൂപാ നോട്ടുകള്‍. മഹീന്ദ്രാ ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ വജ്രം ഇനം തിരിയ്ക്കുന്ന തൊഴിലാളിയായി തുടങ്ങിയ അദാനിയ്ക്ക് ഇപ്പോള്‍ വയസ് 49. ഇതിനിടെ കൈക്കലാക്കിയത് അമ്പതിനായിരം കോടി രൂപയുടെ സ്വത്ത്. വെറും 31 വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ആറാമനായി വളര്‍ന്നു, ഈ കേമന്‍. തലമുറകളായി ശതകോടീശ്വരപദവിയില്‍ വിഹരിക്കുന്ന ബിര്‍ലാ കുടുംബം പോലും ഇന്ന് അദാനിക്ക് കാതങ്ങള്‍ പിന്നിലാണ്. ഒറ്റവര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ സ്വത്ത് സ്വരുക്കൂട്ടിയ ബിസിനസുകാരന്‍ എന്ന ബഹുമതി 2011ല്‍ അദാനിയ്ക്കായിരുന്നു. ഒറ്റവര്‍ഷം കൊണ്ട് അദാനി സമ്പത്ത് ഇരട്ടിയാക്കി പെരുപ്പിച്ചപ്പോള്‍ അസിം പ്രേംജി (വിപ്രോ), രാഹുല്‍ ബജാജ് (ബജാജ്) സുനില്‍ മിത്തല്‍ (ഭാരതി എയര്‍ടെല്‍) തുടങ്ങിയ വമ്പന്മാരാണ് പുറകിലായത്.
 

ഈ അത്ഭുത വളര്‍ച്ചയുടെ അമ്പരപ്പു മുഴുവന്‍ രണ്ടുവരി കണക്കില്‍ അടക്കം ചെയ്യാം. 2008 ഡിസംബര്‍ 31ലെ കണക്കു പ്രകാരം അദാനിയുടെ ഉടമസ്ഥതയിലുളള മൂന്നു കമ്പനികളുടെ ആകെ സ്വത്ത് 14185 കോടി രൂപ. 2009 ഡിസംബര്‍ 31 ആയപ്പോഴേയ്ക്കും ഈ സ്വത്തിന്റെ മൂല്യം പെരുകിക്കയറിയത് 46,605 കോടിയിലേയ്ക്കാണ്. വളര്‍ച്ചയ്ക്കുളള ഊര്‍ജം മുഴുവന്‍ ഗൗതം അബാനി വലിച്ചെടുത്തത് സാക്ഷാല്‍ നരേന്ദ്രമോഡിയുമായുളള സൗഹൃദത്തില്‍ നിന്നാണ്. സര്‍വശക്തനായ ഈ ബിജെപി മുഖ്യമന്ത്രിയുമായുളള ചങ്ങാത്തമാണ് എണ്‍പതുകളില്‍ ഒരിടത്തരം വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിയെ സമ്പത്തിന്റെ ഗോപുരമുകളിലെത്തിച്ചത്. 

ഗൗതം അദാനി വളര്‍ന്നു പടര്‍ന്നതെങ്ങനെ?
1988ല്‍ അഞ്ചു ലക്ഷം രൂപ മൂലധനത്തിലാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ തുടക്കം. ഇന്ന് അദാനി സാമ്രാജ്യത്തിന്റെ പതാകയാണ് ഈ കമ്പനി. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 260 ബില്യണ്‍ രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഉടമ, ഏറ്റവും വലിയ ബഹുമുഖ സെസിന്റെ സംരംഭകന്‍ എന്നിവ അദാനി കൈക്കലാക്കിയ ബഹുമതികളില്‍ ചിലതു മാത്രമാണ്. അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ആഗോള വ്യാപാരം, എണ്ണയും പ്രകൃതി വാതകവും, ഖനനം, വൈദ്യുതി, തുടങ്ങി നിക്ഷേപിക്കുന്ന പണം പലമടങ്ങു പെരുക്കുന്ന ഏതാണ്ട് എല്ലാ മേഖലയിലും അദാനിയുടെ സാന്നിദ്ധ്യമുണ്ട്.


ഉദാരവത്കൃത ഇന്ത്യയുടെ ഉല്‍പന്നമാണ് ഈ ശതകോടീശ്വരന്‍. 1991ല്‍ മന്‍മോഹന്‍ സിംഗ് വീശിയ ഉദാരവത്കരണത്തിന്റെ മാന്ത്രിക വടിയാണ് ഗൗതം അദാനിമാരെ സൃഷ്ടിച്ചത്. യഥാര്‍ത്ഥത്തില്‍ അതിനും മൂന്നു വര്‍ഷം മുമ്പ് 1988ല്‍ അദാനി എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ഇംപോര്‍ട്‌സ് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. തൊണ്ണൂറുകളില്‍ പിവിസി ഇറക്കുമതി ചെയ്യുമ്പോള്‍ അദാനി സാക്ഷാല്‍ റിലയന്‍സിനെത്തന്നെ വെല്ലുവിളിച്ചു. പ്ലാസ്റ്റിക്ക് നിര്‍മ്മാണത്തിനുളള അസംസ്‌കൃത വസ്തുവായ പിവിസി ചുളുവിലയ്ക്ക് വില്‍പന നടത്തിയത് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുകൊണ്ടാണെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. പക്ഷേ, അതൊക്കെ അദാനി അതിജീവിച്ചു.
 

ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന്റെ കാലത്താണ് മുണ്ഡ്ര കടപ്പുറം അദാനി സ്വന്തമാക്കിയത്. ഏക്കറൊന്നിന് വെറും 27,000 രൂപ മുടക്കി 25000 ഏക്കര്‍ അദാനി വാങ്ങിക്കൂട്ടി. അവിടെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം സ്ഥാപിക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അംഗീകാരവും ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇവിടെ സ്ഥലം അനുവദിച്ചത് ഏക്കറിന് 27 ലക്ഷം രൂപയ്ക്കാണ്. പത്തുവര്‍ഷത്തിനുളളില്‍ നൂറു മടങ്ങിന്റെ മൂല്യവര്‍ദ്ധന.
 

തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാനുളള വഴിയും അദാനി സ്വയം വെട്ടി. തുറമുഖത്തിലേയ്ക്കുളള ഗതാഗതസൗകര്യം സര്‍ക്കാര്‍ ഏറ്റിരുന്നതാണെങ്കിലും പണി വൈകി. 250 കോടി ചെലവില്‍ 64 കിലോ മീറ്റര്‍ റെയില്‍പാത സ്വയം നിര്‍മ്മിച്ചുകൊണ്ട് അദാനി സര്‍ക്കാരിനെ 'സഹായിച്ചു'. സര്‍ക്കാര്‍ ദൈവമൊന്നുമല്ലെന്നും കഴിയുന്നതെല്ലാം സ്വന്തമായി ചെയ്യുക എന്നതാണ് തന്റെ സിദ്ധാന്തമെന്നും ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ ഒരഭിമുഖത്തില്‍ അദാനി വ്യക്തമാക്കി.

അതുകൊണ്ടാണ് 4000 കിലോമീറ്റര്‍ അകലെയുളള ഇന്തോനേഷ്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കല്‍ക്കരി കൊണ്ടുവരാന്‍ അദ്ദേഹം നിശ്ചയിച്ചത്. ഇന്ത്യന്‍ റെയില്‍വെ വഴി 1000 മീറ്റര്‍ കല്‍ക്കരി കടത്തുന്നതിനെക്കാള്‍ ചെലവു കുറവ് അതിനാണെന്ന് ബുദ്ധിമാനായ അദാനി തിരിച്ചറിഞ്ഞു. ഇന്തോനേഷ്യയില്‍ ഒരു കല്‍ക്കരി ഖനിയും രണ്ടു കപ്പലുകളും അദ്ദേഹം വാങ്ങി. മുണ്ട്രയില്‍ ഒരു വൈദ്യുതി നിലയം റെക്കോഡ് വേഗത്തില്‍ സ്ഥാപിച്ചു. മുണ്ട്ര തുറമുഖം റെയില്‍വേയില്‍ നിന്ന് 40 മൈല്‍ അകലെയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യറെയില്‍വേയും അദാനി സ്ഥാപിച്ചു.
ഇന്ത്യയില്‍ തന്ത്രപരമായ സ്ഥാനങ്ങളില്‍ വൈദ്യുതി നിലയങ്ങള്‍ അതിവേഗതയില്‍ സ്ഥാപിക്കുകയാണ് അദാനി. ഇന്തോനേഷ്യയിലെ ഖനി കൂടാതെ ആസ്‌ട്രേലിയയിലെ ഒരു കല്‍ക്കരി ഖനി 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്തു. 9000 കോടി രൂപയുടെ മുടക്കുമുതല്‍.


ഒമ്പതുമാസത്തിനിടെ വിദേശത്ത് അദാനി ഗ്രൂപ്പ് നടത്തിയ മൂന്നാമത്തെ വന്‍കിട സംരംഭമാണിത്. ആസ്‌ട്രേലിയയിലെ തന്നെ ലിങ്ക് എനര്‍ജിയുടെ കല്‍ക്കരി ഖനി 12,600 കോടി രൂപയ്ക്ക് 2010 ആഗസ്റ്റില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 165 കോടി ഡോളറിന് ഇന്തോനേഷ്യയിലെ വിദേശത്തെ മൂന്നാമത്തെ സംരംഭമാണിത്. കല്‍ക്കരിക്ക് സ്വന്തം ഖനികള്‍, ചരക്കുകടത്തിന് സ്വന്തം കപ്പലും തുറമുഖവും റെയില്‍വേയും, വൈദ്യുതി യന്ത്രങ്ങള്‍ക്ക് മുണ്ട്ര സെസില്‍ ഫാക്ടറികള്‍, എല്ലാം ഒത്തുചേരുന്ന അദാനി ഇന്ത്യയിലെ ഏറ്റവും ഉദ്ഗ്രഥിത വൈദ്യുതി കമ്പനിയാണ്.
ഇതിനുളള പണമെല്ലാം അദാനിയുടെ പൂര്‍വികരോ അദ്ദേഹം തന്നെയോ സമ്പാദിച്ചതല്ല. 25000 ഏക്കറിന്റെ തുറമുഖവും സെസ് പദവിയും കാണിച്ചാല്‍ എവിടെ നിന്നാണ് വായ്പ കിട്ടാന്‍ പ്രയാസം? പോരാത്തതിന് മോഡിയുടെ പിന്തുണയും. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിലേയ്ക്ക് മോഡി ഇന്ത്യയിലെ ശതകോടീശ്വരന്മാരെയെല്ലാം ക്ഷണിച്ചു. അംബാനിമാരും ടാറ്റമാരുമെല്ലാം എത്തിച്ചേര്‍ന്നു. പക്ഷേ, മോഡിയുടെ ഏറ്റവും അടുത്ത് ഇരിപ്പടം ലഭിച്ചത് അദാനിയ്ക്കായിരുന്നു. ഗുജറാത്തില്‍ നടത്താന്‍ പോകുന്ന ഏതാണ്ട് 90,000 കോടി രൂപയുടെ പുതിയ നിക്ഷേപം അദാനി അവിടെ വെച്ച് പ്രഖ്യാപിച്ചു. കോടീശ്വരന്മാരും മോഡിയും തമ്മിലുളള വിശേഷബന്ധത്തിന്റെ പ്രഖ്യാപനമായി മാറി ഈ ഉന്നതതല സമ്മേളനം.
അദാനിയുടെ നിശിത വിമര്‍ശകനാണ് കച്ചിലെ റാപ്പാര്‍ കോണ്‍ഗ്രസ് എംഎല്‍എയായ ബാബു മേഘ്ജി ഷാ. അദ്ദേഹം ചോദിക്കുന്നു, ''ആരാണ് അയാളെ പണക്കാരനാക്കിയത്? ഗുജറാത്ത് സര്‍ക്കാരാണ് അദാനിയെ പണക്കാരനാക്കിയത്''. നാമമാത്ര നഷ്ടപരിഹാരം മാത്രം കിട്ടിയ കൃഷിക്കാര്‍, തുറമുഖം വന്നതോടെ മത്സ്യവിഭവശോഷണത്തില്‍ വലയുന്ന മത്സ്യത്തൊഴിലാളികള്‍ എന്നിവരൊക്കെ എംഎല്‍എയുടെ കൂടെയാണ്. പക്ഷേ, അദാനിയ്‌ക്കൊരു കുലുക്കവുമില്ല. ''സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ പിന്തുണയും അനുഗ്രഹവുമില്ലാതെ ഒരുവലിയ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കാനാവില്ല. മുഖ്യമന്ത്രി ആരായാലും അദ്ദേഹവുമായി യോജിച്ചു പ്രവര്‍ത്തിച്ചേ പറ്റൂ'' എന്നാണ് അദാനിയുടെ ന്യായം.
രണ്ടു ദശാബ്ദം കൊണ്ട് ഇന്ത്യയിലെ ആറാമത്തെ ശതകോടീശ്വരനായി വളര്‍ന്ന അദാനിയുടെ ജീവിതകഥയുടെ രത്‌നച്ചുരുക്കമാണിത്. ശതകോടീശ്വരപ്പട്ടികയിലെ എട്ടാം സ്ഥാനക്കാരനായ ഭാരതി ടെലിക്കോമിനെക്കുറിച്ചോ ഒമ്പതാം സ്ഥാനക്കാരനായ അനില്‍ അഗര്‍വാളിന്റെ വേദാന്തയെക്കുറിച്ചോ ജെറ്റ് എയര്‍വെയ്‌സിനെക്കുറിച്ചോ ഇന്‍ഫോസിസിനെ കുറിച്ചോ എന്തിന് വിപ്രോയെക്കുറിച്ചു പോലുമോ ഉദാരവത്കരണകാലത്തിനു മുമ്പ് ആരും കേട്ടിരുന്നില്ല. ഇവരെല്ലാവരും അദാനിയുടെ മാര്‍ഗത്തിലൂടെയാണ് വളര്‍ന്നത് എന്നല്ല പറയുന്നത്. ഇന്‍ഫോസിസ്, ജെറ്റ് എയര്‍വെയ്‌സ്, ഭാരതി തുടങ്ങിയവയെല്ലാം പുതിയ കാലഘട്ടത്തില്‍ അതിവേഗം വളര്‍ന്ന വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണ്. അങ്ങനെ ഇന്ത്യയിന്ന് അറിയപ്പെടുന്നത് ശതകോടീശ്വരന്മാരുടെ രാജ്യങ്ങളിലൊന്നായാണ്.
ശതകോടീശ്വരന്മാരുടെ ഭാരതം
2004-ല്‍ 13 ശതകോടീശ്വരന്‍മാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇത് ഡോളറിലുളള കണക്ക്. രൂപയിലാക്കുമ്പോള്‍ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അയ്യായിരത്തിലേറെ കോടിയുടെ സ്വത്തെങ്കിലുമുണ്ടാകും. ഈ കുബേരന്മാരുടെ എണ്ണം 2009-ല്‍ എണ്ണം 49 ആയി. 2010-ല്‍ 69 ആയി. 1998-ല്‍ ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു, ശതകോടീശ്വരന്‍മാരുടെ സ്വത്ത്. 2005-ല്‍ അത് 4 ശതമാനമായും 2010-ല്‍ 31 ശതമാനമായും വര്‍ദ്ധിച്ചു. ഇതിനര്‍ത്ഥം ഇന്ത്യയുടെ വരുമാനത്തിന്റെ 31 ശതമാനം 69പേരുടെ കയ്യിലാണെന്നല്ല. അവരുടെ സ്വത്ത് ദേശീയവരുമാനത്തിന്റെ 31 ശതമാനം വരുമെന്നാണ്. ദേശീയവരുമാനം വളരുന്നതിനെക്കാള്‍ വളരെ വേഗതയില്‍ അവരുടെ സ്വത്തു കുമിഞ്ഞു കൂടുന്നു.
ഏറ്റവും പണക്കാരായ 100 അമേരിക്കക്കാരുടെ സ്വത്ത് 83600 കോടി ഡോളറാണ്. ഏറ്റവും പണക്കാരായ 100 ഇന്ത്യക്കാരുടെ സ്വത്ത് 30000 കോടി ഡോളര്‍ വരും. അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ ഏതാണ്ട് മൂന്നിലൊന്ന്!
ലോകത്തെ ഏറ്റവും വലിയ 100 പണക്കാരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ ഏറ്റവും വലിയ കുബേരന്‍ വിദേശ ഇന്ത്യക്കാരാനായ ലക്ഷ്മി മിത്തലാണ്: 3100 കോടി ഡോളര്‍. ലോക റാങ്കിംഗില്‍ മിത്തല്‍ രണ്ടാം സ്ഥാനക്കാരനാണ്. അദ്ദേഹത്തിന്റെ മിത്തല്‍ ആര്‍സലോണ്‍ എന്ന കമ്പനിയുടെ 2010ലെ ലാഭം 290 കോടി ഡോളറാണ്. ലണ്ടനില്‍ 2012ല്‍ നടക്കേണ്ടുന്ന ഒളിമ്പിക്‌സിന്റെ അഭിമാനസ്തംഭമായി ഉയര്‍ത്തിയിട്ടുളള ആഴ്‌സലോ മിത്തല്‍ ഓര്‍ബിറ്റ് എന്ന ടവര്‍ ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ ടവറാണ്.
മിത്തല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ പണക്കാരന്‍ മുകേഷ് അംബാനിയാണ്. ലോക റാങ്കിംഗില്‍ ആറാം സ്ഥാനം. ആറുപേരടങ്ങുന്ന കുടുംബത്തിനു താമസിക്കാന്‍ അദ്ദേഹം 27 നിലയില്‍ 4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുളള ഒരു വീടു മുംബെയില്‍ പണിതിട്ടുണ്ട്. ഹെലിപാഡുകള്‍, കൃത്രിമ മഞ്ഞു നിറഞ്ഞ ഐസ് റൂം. വിശാലമായ സിനിമാ തീയേറ്റര്‍. വിശാലമായ പൂന്തോട്ടം, കൃഷ്ണഭഗവാന് താമരക്കുളത്തോടു കൂടിയ ഒരമ്പലവും ആന്റില എന്ന ഈ സമുച്ചയത്തിലുണ്ട്. ഗ്രീക്ക് മിഥോളജിയിലെ ഒരു ദ്വീപിന്റെ പേരാണിത്. 600 ജോലിക്കാരാണ് അടിച്ചു വാരാനും മറ്റുമുളളത്. 70 ലക്ഷം രൂപയാണ് 2010 സെപ്തംബര്‍ മാസത്തെ വൈദ്യുതി ബില്ല്. ധാരാളിത്തത്തിന്റെ അറപ്പുളവാക്കുന്ന ഈ വീടിന്റെ പാലുകാച്ചല്‍ ആഘോഷത്തില്‍ പങ്കെടുത്ത ശോഭാ ഡേ ബിബിസിയോടു പറഞ്ഞത്, ''ടാജ്മഹാള്‍ ലോകാത്ഭുതങ്ങളിലൊന്നാണ്. ഇത് ആധുനിക ഇന്ത്യയുടെ ഒരു മഹാത്ഭുതമാണ് എന്നെനിക്കുറപ്പുണ്ട്''.
കോടീശ്വരന്മാരുടെ താഴെ ലക്ഷപ്രഭുക്കളുണ്ട്. അവരെ സംബന്ധിച്ചും കണക്കുകള്‍ ലഭ്യമാണ്. ബാങ്കുപോലുളള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം അതിസമ്പന്നരുടെ അക്കൗണ്ട് കരസ്ഥമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ അവര്‍ക്കു ചെയ്തു കൊടുക്കാറുണ്ട്. അത്യാഡംബര ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ ഇവരുടെ കണക്കെടുക്കാറുണ്ട്. ഏറ്റവും അംഗീകാരമുളള നിര്‍വചനം അമേരിക്കന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മിഷന്റേതാണ്. ഒരു ദശലക്ഷം ഡോളര്‍ അഥവാ അമ്പതു കോടി രൂപയെക്കാള്‍ കൂടുതല്‍ നിക്ഷേപയോഗ്യമായ ഫണ്ടോ ആസ്തിയോ ഉളളയാളെ അതിസമ്പന്നന്‍ (high networth individuals) എന്നും 30 ദശലക്ഷം ഡോളര്‍ അഥവാ 1500 കോടി രൂപയെക്കാള്‍ കൂടുതല്‍ ഉളളയാളെ അത്യതി സമ്പന്നന്‍ (ultra high networth individuals) എന്നും വിളിക്കുന്നു.
ലോകത്താകെ 80,000 അത്യതി സമ്പന്നന്മാരാണുളളത്. ഓരോരുത്തര്‍ക്കും ശരാശരി 8 കാറുകള്‍, മൂന്നോ നാലോ വീടുകള്‍, ഏതാണ്ട് എല്ലാവര്‍ക്കും വിനോദനൗകകള്‍, മുക്കാല്‍ പങ്കിനും സ്വന്തം ജെറ്റ് എയര്‍വെയ്‌സ് ഒക്കെയുണ്ട്.
മെരില്‍ ലിഞ്ച് വെല്‍ത്ത് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ടു പ്രകാരം 2011ല്‍ ലോകത്താകെ 10.9 ലക്ഷം അതിസമ്പന്നന്മാരാണുളളത്. ഇന്ത്യയില്‍ ഇവരുടെ എണ്ണം 1,53,000 വരും. ലോകത്തെ അതി സമ്പന്നരുടെ 1.4 ശതമാനം മാത്രമേ ഇന്നും ഇന്ത്യയിലുളളൂ. ഭൂരിപക്ഷവും അമേരിക്കയിലും ജപ്പാനിലും ജര്‍മ്മനിയിലുമാണ് (53 ശതമാനം). പക്ഷേ, അതിവേഗം ഇന്ത്യയുടെ വിഹിതം ഉയരുമെന്നു തീര്‍ച്ചയാണ്. 2005ല്‍ ഇന്ത്യയില്‍ 70,000 അതിസമ്പന്നരേ ഉണ്ടായിരുന്നുളളൂ. ലോകത്തെ അതിസമ്പന്നരുടെ എണ്ണം 2005നും 2011നുമിടയില്‍ 31 ശതമാനം ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ അവരുടെ എണ്ണം 118 ശതമാനം ഉയര്‍ന്നു. 2011ല്‍ ഇവരുടെ മൊത്തം ആഗോള നിക്ഷേപയോഗ്യമായ ആസ്തി ഏതാണ്ട് 2000 ലക്ഷം കോടി വരും. ഇന്ത്യയിലെ അതിസമ്പന്നരുടെ നിക്ഷേപയോഗ്യമായ ആസ്തി ഏതാണ്ട് 65 ലക്ഷം കോടി രൂപ വരും.
കൊടാക് വെല്‍ത്ത് മാനേജ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ഏജന്‍സി, ഇന്ത്യയിലെ സമ്പന്നരെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 കോടിയെക്കാള്‍ കൂടുതല്‍ അസല്‍ ആസ്തിയുളളവരെയാണ് സമ്പന്ന ഗണത്തില്‍ അവര്‍ പെടുത്തിയിരിക്കുന്നത്. 2011ല്‍ ശരാശരി 75 കോടി വീതമുളള 62,000 സമ്പന്നരാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2016 ആകുമ്പോഴേയ്ക്കും ഇവരുടെ എണ്ണം ശരാശരി 100 കോടി രൂപ വീതമുളള 2,19,000 ആയി വര്‍ദ്ധിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. ഇവരുടെ മൊത്തം സ്വത്ത് 45 ലക്ഷം കോടിയില്‍ നിന്ന് 235 ലക്ഷം കോടി ആയി ഉയരും. ഇവരുടെ വരുമാനത്തിന്റെ 20 ശതമാനം ആഡംബര ചെലവുകള്‍ക്കായും 30 ശതമാനം സ്വന്തം ബിസിനസ് മേഖലയിലെ റീ ഇന്‍വെസ്റ്റ്‌മെന്റിനായും 20 ശതമാനം മറ്റ് പുതിയ മേഖലകളില്‍ നിക്ഷേപിക്കുന്നതിനുമാണ് ചെലവഴിക്കുന്നത്. ഈ പുതുമേഖലയില്‍ 37 ശതമാനവും റിയല്‍ എസ്റ്റേറ്റിലാണ്. ഡല്‍ഹിയില്‍ ഈ തോത് 50 ശതമാനം വരും. 33 ശതമാനം ഷെയറിലും 20 ശതമാനം വായ്പയും ഡെപ്പോസിറ്റുമാണ്. 9 ശതമാനം സ്വര്‍ണം, പെയിന്റിംഗുകള്‍, സ്റ്റാമ്പുകള്‍ അപൂര്‍വശേഖരങ്ങള്‍ എന്നിവയിലാണ്.
ഇവരുടെ ആഡംബര ആഭരണക്കമ്പോളം 2015ല്‍ 22900 കോടി രൂപയുടേതായിരിക്കും. ആഡംബര കാറുകളുടേത് 15000 കോടി രൂപയുടേതായിരിക്കും. ഇവരുടെ ആഡംബരക്കമ്പോളം ലക്ഷ്യമിട്ടു കൊണ്ടുളള കടകള്‍ മെട്രോ നഗരങ്ങളുടെ പുതിയ നിക്ഷേപ മേഖലയായിട്ടുണ്ട്. ഈ സമ്പന്നരുടെ ഏറ്റവും പ്രധാന ഹോബി വിനോദ സഞ്ചാരമാണ്. ഭൂരിപക്ഷവും പ്രതിവര്‍ഷം ശരാശരി 2 തവണയെങ്കിലും ഇവര്‍ ഇപ്രകാരമുളള വെക്കേഷനുകള്‍ക്ക് പോകും. 15-20 ശതമാനം പേര്‍ മൂന്നോ അതിലേറെയോ തവണ വിനോദ സഞ്ചാരത്തിനു പോകും.
കുത്തക കുടുംബങ്ങളുടെ വളര്‍ച്ച
പുതിയ കോടീശ്വരന്മാരുടെ വളര്‍ച്ചയെക്കുറിച്ച് ഇതുവരെ നടത്തിയ പ്രതിപാദനം ഒരു തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കാം. ഇന്ത്യയിലെ പരമ്പരാഗത കുത്തക കുടുംബങ്ങളെ പിന്തളളി ഒരു പുതുകൂറ്റന്‍ മുതലാളിവര്‍ഗം മുന്നോട്ടു വന്നിരിക്കുന്നുവെന്ന്. ഇതുവരെ ചര്‍ച്ച ചെയ്തത് മുതലാളിമാരുടെ വ്യക്തിപരമായ സ്വത്തിനെക്കുറിച്ചാണ്. എന്നാല്‍ അവര്‍ നയിക്കുന്ന കമ്പനികളുടെ സ്വത്ത് ഇതിനെക്കാള്‍ വളരെ കൂടുതലായിരിക്കും. ചെറിയ ഒരു കമ്പനി നിയന്ത്രിക്കാന്‍ ഭൂരിപക്ഷം ഷെയര്‍ പോലും ആവശ്യമില്ല. ഇങ്ങനെയുളള ഒരു മാതൃകമ്പനി ഉപയോഗിച്ചു കൊണ്ട് മറ്റു ചെറു കമ്പനികളെ വരുതിയിലാക്കുന്നതിനും പ്രയാസമില്ല. ഇത്തരത്തില്‍ പരസ്പരം ഉടമസ്ഥ ബന്ധമുളള കമ്പനികളുടെ കൂട്ടത്തെയാണ് കുത്തകക്കുടുംബം എന്നു പറയുന്നത്. ടാറ്റ, ബിര്‍ള, ബജാജ്, ഗോയെങ്ക, ഥാപ്പര്‍, സിങ്കാനിയ തുടങ്ങിയവയൊക്കെ ഇന്ത്യയിലെ പരമ്പരാഗത കുത്തക കുടുംബങ്ങളാണ്. പുത്തന്‍കൂറ്റ് മുതലാളിമാര്‍ അതിവേഗം മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും ഇന്നും മേധാവിത്തം പരമ്പരാഗത കുത്തക കുടുംബങ്ങള്‍ക്കു തന്നെയാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ക്രോണി കാപ്പിറ്റലിസം ആന്‍ഡ് ഇന്ത്യ, ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍ ലിബറലൈസേഷന്‍ എന്ന തന്റെ പ്രബന്ധത്തില്‍ പ്രൊഫ. സുരജിത് മജുംദാര്‍ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട വ്യവസായമേഖലകളുമടങ്ങുന്ന 126 വ്യവസായങ്ങളെയാണ് അദ്ദേഹം വിശകലനത്തിനായി തിരഞ്ഞെടുത്തത്. ഈ 126 വ്യവസായങ്ങളുടെ മൊത്തം വില്‍പന 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ പൊതുമേഖലാ സഹകരണ സംഘങ്ങളുടെ വിഹിതം ഏതാണ്ട് 10 ശതമാനമേ വരൂ. പഴയ ഇന്ത്യന്‍ കുത്തക കുടുംബങ്ങളുടെ വിഹിതം 45 ശതമാനവും പഴയ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വിഹിതം 9 ശതമാനവും വരും. പുത്തന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വിഹിതം 10 ശതമാനവും മറ്റ് ഇന്ത്യന്‍ ബഹുരാഷ്ട്രകളുടെ വിഹിതം 34 ശതമാനവും വരും. ചുരുക്കത്തില്‍ പുത്തന്‍കൂറ്റ് കമ്പനികള്‍ മുന്‍പന്തിയിലേയ്ക്കു വന്നിട്ടുണ്ടെങ്കിലും പഴയ കുത്തക കുടുംബങ്ങള്‍ക്കു തന്നെയാണ് വ്യവസായമേഖലയില്‍ പ്രാമുഖ്യം. പുതിയ കുത്തക കുടുംബങ്ങള്‍ കൂടൂതല്‍ രൂപം കൊണ്ടിട്ടുളളത് ഐടി പോലുളള പുതിയ മേഖലകളിലും സ്വകാര്യ മേഖലയ്ക്കു പുതുതായി തുറന്നു കൊടുത്ത വ്യോമഗതാഗതം, ടെലികോം തുടങ്ങിയ മേഖലകളിലുമാണ്. ഇവിടങ്ങളിലേയ്ക്കു പോലും പഴയ കുത്തക കമ്പനികളില്‍ ചിലവ ശക്തമായ കടന്നുവരവ് നടത്തി. ഉദാഹരണത്തിന് ഐടി മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്ന് ടാറ്റയുടെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ്. 



ഓരോ വ്യവസായ ഉല്‍പന്ന മേഖലയും പ്രത്യേകമെടുത്ത് പരിശോധിക്കുകയാണെങ്കില്‍ പരമ്പരാഗത കുത്തക കുടുംബങ്ങളുടെ മേധാവിത്തം കൂടുതല്‍ വ്യക്തമാകും. 126 വ്യവസായങ്ങളില്‍ 119 എണ്ണത്തിലും 1990-91ല്‍ മുന്‍പന്തിയിലുണ്ടായിരുന്ന കമ്പനികള്‍ക്കു 2005-06ലും കുത്തക നിയന്ത്രണം ഉണ്ടായിരുന്നു. 51 എണ്ണത്തില്‍ പാരമ്പര്യ കുത്തക ഗ്രൂപ്പുകളുടെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായിരുന്നു എന്നു പറയാം.
മറ്റൊരു 51 വ്യവസായ മേഖലകളില്‍ പുതിയ ബിസിനസ് ഗ്രൂപ്പുകള്‍ പ്രബലമായി തീര്‍ന്നിട്ടുണ്ട്. ഇങ്ങനെ പുതുതായി മുന്‍പന്തിയിലേയ്ക്ക് കടന്നു വന്ന വ്യവസായ ഗ്രൂപ്പുകളില്‍ ബഹുരാഷ്ട്ര കുത്തകകളുമുണ്ട്. 23 വ്യവസായ ഗ്രൂപ്പുകളില്‍ മാത്രമാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിലവിലുളളവയെ ഏറ്റെടുത്തോ പുതിയ കമ്പനികള്‍ സ്ഥാപിച്ചോ പുതുതായി പ്രാമുഖ്യത്തിലേയ്ക്ക് ഉയര്‍ന്നത്. മൊത്തം വില്‍പനയുടെ പതിനഞ്ചു ശതമാനമാണ് ഈ മേഖലകളുടെ വില്‍പന വിഹിതം. അതേസമയം പുതിയ ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകള്‍ 28 വ്യവസായങ്ങളില്‍ പ്രാമുഖ്യത്തിലേയ്ക്കു വന്നു. മൊത്തം വില്‍പനയില്‍ ഈ വ്യവസായങ്ങളുടെ വിഹിതം 40 ശതമാനം വരും. പക്ഷേ, ഇവയില്‍ ഏഴ് വ്യവസായങ്ങളില്‍ മാത്രമാണ് ഈ പുതിയ കുത്തക കമ്പനികള്‍ക്ക് 50 ശതമാനത്തിലേറെ ഉല്‍പന്ന നിയന്ത്രണം വരുന്നത്. മറ്റൊരു 12 കമ്പനികള്‍ക്ക് 25-50 ശതമാനം കമ്പോള നിയന്ത്രണമുണ്ട്.
ഏതാണ്ട് ഇതേ ചിത്രം തന്നെയാണ് ഏറ്റവും വലിയ 25 കുത്തക കുടുംബങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാലും കാണാന്‍ കഴിയുക.  
താഴെ പട്ടിക 1.1ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ 25 കുത്തക ഗ്രൂപ്പുകളുടെ 1991-92ലെയും 2005-06ലെയും ആസ്തികളുടെ താരതമ്യം കൊടുത്തിരിക്കുന്നു.

2005-06ലെ ഏതാണ്ട് എല്ലാ കുത്തക ഗ്രൂപ്പുകളും 1991-92ല്‍ നിലവിലുണ്ടായിരുന്നു. ഇവയില്‍ 15 എണ്ണം അന്നും ഏറ്റവും വലിയ 25 കുത്തകഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഭാരതി ടെലികോം, വിപ്രോ, ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ്, ജെറ്റ് എയര്‍വേസ് ലിമിറ്റഡ്, മോസര്‍ബെയര്‍ ഗ്രൂപ്പ് എന്നിവയാണ് പൂര്‍ണമായും ഉദാരവത്കരണ കാലഘട്ടത്തിന്റെ സന്തതികള്‍.
ഏറ്റവും പ്രമുഖമായ വസ്തുത കുത്തകകള്‍ പുതിയവയും പഴയവയും അതിവേഗത്തില്‍ വളരുന്നു എന്നുളളതാണ്. ഇതുമൂലം ഉദാരവത്കരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖലയില്‍ കുത്തക നിയന്ത്രണം വര്‍ദ്ധിച്ചിരിക്കുന്നു. പട്ടിക 1.1ല്‍ 25 കുത്തക കുടുംബങ്ങളുടെ മൊത്തം ആസ്തി 1991-92ല്‍ 73,273 കോടി രൂപയായിരുന്നത് 2005-06 ആയപ്പോഴേയ്ക്കും 6,92,186 കോടി രൂപയായി ഉയര്‍ന്നു.
ഇന്ത്യയിലെ കോര്‍പറേറ്റ് മൂലധനവും മൊത്തത്തില്‍ ഉദാരവത്കരണ കാലഘട്ടത്തില്‍ കുതിച്ചുയര്‍ന്നു. 1991ല്‍ സ്വകാര്യ കമ്പനികളുടെ അടച്ചുതീര്‍ത്ത മൂലധനം 74,798 കോടി രൂപയായിരുന്നത് 2005ല്‍ 6,78,321 കോടി രൂപയായി ഉയര്‍ന്നു. ഈ വളര്‍ച്ച ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖലയിലാണ് ഉണ്ടായത്. 1991ല്‍ കമ്പനികളുടെ അടച്ചുതീര്‍ത്ത മൂലധനത്തില്‍ 27 ശതമാനം മാത്രമായിരുന്നു സ്വകാര്യമേഖലയുടേത്. 2005ല്‍ അത് 76 ശതമാനമായി ഉയര്‍ന്നു. ദേശീയ വരുമാനത്തില്‍ സംഘടിത സ്വകാര്യമേഖലയുടെ വിഹിതം 1990-91ല്‍ 12.3 ശതമാനമായിരുന്നത് 2004-05ല്‍ 19.25 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ സംഘടിത മേഖലയുടെ വളര്‍ച്ചയാകട്ടെ, കൂടുതല്‍ സേവന വ്യവസായങ്ങളിലാണ് ഉണ്ടായത്. സ്വകാര്യ സംഘടിത മേഖലയുടെ വരുമാനത്തില്‍ 1990-91ല്‍ സേവനങ്ങളുടെ വിഹിതം 24.41 ശതമാനമായിരുന്നത് 2004-05ല്‍ 50.32 ശതമാനമായി ഉയര്‍ന്നു. അതേസമയം വ്യവസായ മേഖലയുടെ വിഹിതം ഈ കാലയളവില്‍ 64.48 ശതമാനത്തില്‍ നിന്ന് 37.66 ശതമാനമായി താഴ്ന്നു.
ശതകോടീശ്വരന്മാര്‍ എങ്ങനെ?
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെയും അതിസമ്പന്നരുടെയും വിസ്മയകരമായ വളര്‍ച്ചയെ എങ്ങനെ വിശദീകരിക്കാം? നവലിബറല്‍ നയങ്ങളുടെ കുഴലൂത്തുകാര്‍ വിരല്‍ചൂണ്ടുക ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയുടെ ഉയര്‍ന്ന വേഗതയിലേയ്ക്കാണ്. ആദ്യത്തെ മൂന്നു പതിറ്റാണ്ടുകളില്‍ മൂന്നര ശതമാനത്തില്‍ കിടന്നിരുന്ന സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഇപ്പോള്‍ എട്ടര - ഒമ്പത് ശതമാനത്തില്‍ വന്നു നില്‍ക്കുന്നു. ഈ വളര്‍ച്ചയില്‍ കൂടുതല്‍ ഉയര്‍ന്ന പങ്കു പണക്കാര്‍ക്ക് കിട്ടിയെങ്കില്‍ അതു സ്വാഭാവികം. മാത്രമല്ല, ഷെയറുകളുടെ വിലയും ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. ഷെയറുടമസ്ഥരുടെ സമ്പത്ത് വെറുതെയിരുന്നാലും ഇതുമൂലം വര്‍ദ്ധിക്കുന്നു. ഇതിലൊക്കെ ശരിയുണ്ടെങ്കിലും ശതകോടീശ്വരന്മാരുടെ വളര്‍ച്ചയെ സാധാരണഗതിയിലുളള ലാഭവര്‍ദ്ധന കൊണ്ടു വിശദീകരിക്കാനാവില്ല. അത്രയ്ക്ക് വിസ്മയകരമായ വേഗതയിലാണ് ഇവരുടെ വളര്‍ച്ച.
ശതകോടീശ്വരന്മാരുടെ വളര്‍ച്ച എന്ന പ്രതിഭാസം പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അഥവാ നവലിബറല്‍ നയങ്ങളുടെ കാലഘട്ടത്തിലാണ് പ്രത്യക്ഷപ്പെട്ടത്. സ്വാഭാവികമായും ഈ നയങ്ങളും ഇവരുടെ വളര്‍ച്ചയും തമ്മില്‍ നേരിട്ടു ബന്ധമുണ്ട്. 2010 ലെ 69 ശതകോടീശ്വരന്മാരില്‍ 20 പേരാണ് ഐ.ടി തുടങ്ങിയ പുത്തന്‍ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. അതേ സമയം 18 പേര്‍ റിയല്‍ എസ്റ്റേറ്റ് ബിസിന സുകാരാണ്. 7 പേര്‍ എണ്ണ-ഖനിജ മേഖലകളില്‍ നിന്നും 2 പേര്‍ ടെലികോം മേഖലയില്‍ നിന്നും ആണ് പണമുണ്ടാക്കിയത്. ഇന്ത്യയിലെ 15 റിയല്‍ എസ്റ്റേറ്റ് ശതകോടീശ്വരന്മാരും 2005 ന് ശേഷമാണ് ഈ സ്ഥാനത്തേക്കുയര്‍ന്നത്. മുതല്‍ മുടക്കില്‍ നിന്ന് കിട്ടിയ ന്യായമായ ലാഭത്തിലുപരി രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദാരമായ സഹായമാണ് ഇവരെ ശതകോടീശ്വരന്മാരായി വളര്‍ത്തിയത്.
നവലിബറല്‍ നയങ്ങള്‍ എപ്രകാരം മൂലധന സംഭരണപ്രക്രിയയെ സ്വാധീനിക്കുന്നു എന്നാണ് പരിശോധിക്കേണ്ടത്. ലാഭവര്‍ദ്ധനയ്ക്ക് തടസം നില്‍ക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്ത് സ്വകാര്യ ഉടമസ്ഥതയിലുളള തുറന്ന കമ്പോള വ്യവസ്ഥയ്ക്ക് രൂപം നല്‍കലാണ് നവലിബറല്‍ നയങ്ങളുടെ ലക്ഷ്യം. ലാഭവര്‍ദ്ധന മൂലധന സംഭരണത്തിന് പ്രചോദനമാകും. അതാകട്ടെ, സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഇതാണ് നവലിബറലിസത്തിന്റെ സിദ്ധാന്തം. ഏതെങ്കിലും സംരംഭകന്‍ അതിവേഗതയില്‍ കൂടുതല്‍ പണം ആര്‍ജിച്ചാല്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അതയാളുടെ മികവിന്റെ ലക്ഷണമായി കണക്കാക്കിയാല്‍ മതിയെന്നാണ് നവലിബറലുകളുടെ നിലപാട്. നിയമലംഘനം ഉണ്ടെങ്കില്‍ മാത്രമേ അത് തെറ്റോ അഴിമതിയോ ആകുന്നുളളൂ. സര്‍ക്കാരിന്റെ സ്വത്തോ പൊതുസ്വത്തോ ഇത്തരത്തില്‍ നിയമവിധേയമായി സ്വകാര്യമുതലാളിയുടെ പക്കല്‍ ചെന്നുചേരുന്നതില്‍ ഒരു തെറ്റും ഈ സിദ്ധാന്തക്കാര്‍ കാണുന്നില്ല. പൊതുസ്വത്തിന്റെ കൊളള പ്രോത്സാഹിപ്പിക്കുന്ന തത്ത്വശാസ്ത്രമാണ്. ഈ കൊളളയാണ് ശതകോടീശ്വരന്മാരുടെ വളര്‍ച്ചയുടെ ഉറവിടം.
നവലിബറല്‍ നയങ്ങളെ മൂന്നായി തിരിക്കാം.
ഒന്ന്) പൊതുമേഖലയുടെയും മറ്റ് പൊതുസ്വത്തുക്കളുടെയും സ്വകാര്യവത്കരണം : ഏതാണ്ട് 20 ലക്ഷം കോടി രൂപയുടെ കമ്പോള മൂല്യം വരുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ പൊതുമേഖലയ്ക്കുളളത്. ഇതുമുഴുവന്‍ ചുളുവിലയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. വനം, പുറമ്പോക്കു ഭൂമി, ഭൂമിയ്ക്കടിയിലുളള ഖനിജങ്ങള്‍, എണ്ണ, വാതകം, വെളളം തുടങ്ങിയവയെല്ലാം നാടിന്റെ പൊതുസ്വത്താണ്. എന്നാല്‍ സ്വകാര്യ സ്വത്തായി മാറ്റിയാല്‍ മാത്രമേ അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്താനാവൂ എന്നാണ് നവലിബറല്‍ കാഴ്ചപ്പാട്. ഇവയുടെ സ്വകാര്യവത്കരണം കൊളളലാഭത്തിനു വഴിയൊരുക്കുന്നു എന്നു മാത്രമല്ല, ഗൗരവമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. വയലുകളും കായലുകളുമെല്ലാം നികത്തിയുളള ഊഹക്കച്ചവടം പൊടിപൊടിക്കുകയാണ്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ വിവാദങ്ങളിലകപ്പെട്ടിട്ടുളളത്. റോഡുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ ഇവയെല്ലാം സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വന്‍തോതില്‍ ഭൂമിയെടുത്തുകൊടുക്കുന്നത് ഇന്ന് സാധാരണമാണ്. ഇതിലൂടെയാണ് പ്രോജക്ടിനാവശ്യമായ പണം അവര്‍ സ്വരൂപിക്കുന്നത്.


പൊതുമേഖലയുടെയും പൊതുസ്വത്തിന്റെയും കൊളള പോലെ തന്നെ പ്രധാനപ്പെട്ടതാണ് സ്വകാര്യഭൂമിയുടെ കൈയേറ്റവും. ചെറുകിടക്കാരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും സ്വത്തിന്റെയും അവകാശത്തിന്റെയും മേലുളള കൈയ്യേറ്റം നമുക്ക് ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഇത്തരത്തിലുളള ഏറ്റവും വലിയ കൊള്ളയാണ് അവിടെ പാര്‍ലമെന്റു തന്നെ പാസാക്കിയ എന്‍ക്ലോഷര്‍ ആക്ട് അഥവാ വളച്ചുകെട്ടല്‍ നിയമം. പരമ്പരാഗത ഫ്യൂഡല്‍ ക്രമത്തില്‍ ഭൂമിയില്‍ ഗണ്യമായ ഭാഗം കന്നുകാലികളെ മേയ്ക്കുന്നതിനും വിറകിനും മറ്റും വേണ്ടിയുളള പൊതുസ്ഥലങ്ങളായിരുന്നു. ഇവയെല്ലാം ജന്മിമാര്‍ വളച്ചുകെട്ടിയെടുത്തു. അങ്ങനെ ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെട്ട കൃഷിക്കാരാണ് വ്യവസായങ്ങളില്‍ പണിയെടുക്കാന്‍ ബ്രിട്ടീഷ് നഗരങ്ങളിലേയ്ക്ക് ചേക്കേറിയത്. ഏതാണ്ട് ഇതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുളള കൈയേറ്റങ്ങളാണ് സര്‍ക്കാര്‍ സഹായത്തോടെ സ്വതന്ത്രവ്യാപാരമേഖലയ്ക്കും ടൗണ്‍ഷിപ്പുകള്‍ പണിയുന്നതിനും മറ്റുംവേണ്ടി രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായ സമരങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം തന്നെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
രണ്ട്) ഡീ റെഗുലേഷന്‍ അഥവാ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യല്‍ : നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന് രണ്ടുവശങ്ങളുണ്ട്. നേരത്തെ സ്വകാര്യമേഖലയ്ക്ക് നീക്കിവെച്ചിരുന്ന വ്യവസായ മേഖലകളില്‍പോലും നിക്ഷേപത്തിനുമേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതിനെയാണ് ലൈസന്‍സ് പെര്‍മിറ്റ് രാജ് എന്നുവിളിച്ച് ആക്ഷേപിച്ചിരുന്നത്. ഇവയെല്ലാം ഇപ്പോഴേതാണ്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഇതോടൊപ്പം നേരത്തെ ചെറുകിട വ്യവസായികള്‍ക്കും പൊതുമേഖലയ്ക്കും വേണ്ടി നീക്കിവെച്ചിരുന്ന വ്യവസായമേഖലകളുണ്ട്. അവയെല്ലാം കോര്‍പറേറ്റ് മൂലധനത്തിന് തുറന്നുകൊടുക്കലും നവലിബറല്‍ നയത്തിന്റെ ഭാഗമാണ്. ഇങ്ങനെ തുറന്നുകൊടുക്കുമ്പോള്‍ വിഭവപരിമിതികൊണ്ടോ സാങ്കേതിക പരിമിതികൊണ്ടോ താല്‍പര്യമുളളവര്‍ക്കെല്ലാം ഈ തുറകളില്‍ നിക്ഷേപം നടത്താന്‍ കഴിയണമെന്നില്ല. ഉദാഹരണത്തിന് ടെലികോം മേഖല തുറന്നു കൊടുക്കുമ്പോള്‍ സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ ലേലം വിളിയ്‌ക്കേണ്ടി വരുന്നു, അല്ലെങ്കില്‍ സ്‌പെക്ട്രം വില്‍പന നടത്തേണ്ടി വരുന്നു. ഇവ കരസ്ഥമാക്കുന്നവര്‍ക്കേ നിക്ഷേപകരാകാന്‍ കഴിയൂ. ഖനനമേഖലകള്‍ തുറന്നു കൊടുക്കുമ്പോള്‍ വിഭവപരിമിതി മൂലം നിക്ഷേപകരെ നിയന്ത്രിക്കേണ്ടി വരുന്നു. സര്‍ക്കാരുമായി കൂടുതല്‍ അടുത്ത ബന്ധമുളള മുതലാളിമാര്‍ക്ക് ഈ പരിപാടികളില്‍ നിന്ന് വലിയ തോതില്‍ ലാഭം കൊളളയടിക്കാന്‍ കഴിയും.
മൂന്ന്) വിദേശ ഉദാരവത്കരണം - ആഭ്യന്തര കോര്‍പറേറ്റുകള്‍ക്കു മാത്രമല്ല വിദേശ കുത്തകകളുടെ മേലുമുളള നിയന്ത്രണങ്ങള്‍ പടിപടിയായി ഇല്ലായ്മ ചെയ്യണമെന്നുളളതാണ് നവലിബറല്‍ പരിപാടി. ചരക്കുകളുടെ കയറ്റുമതി ഇറക്കുമതി ഉദാരവത്കരണം നടപ്പായിക്കഴിഞ്ഞു. ഇനി മൂലധനത്തിന്റെ കയറ്റുമതി ഇറക്കുമതി സ്വതന്ത്രമാക്കുക എന്നുളളതാണ് അജണ്ട. ഇതുവരുന്നതോടു കൂടി വിദേശവിനിമയത്തിന്മേലുളള നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഇല്ലാതാകും. ആര്‍ക്കുവേണമെങ്കിലും വിദേശപണം ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന് രൂപയാക്കി മാറ്റുന്നതിനോ ഇന്ത്യയില്‍ നിന്ന് രൂപ വിദേശപണമാക്കി പുറത്തേയ്ക്കു കൊണ്ടുപോകുന്നതിനോ സ്വാതന്ത്ര്യമുണ്ടായിരിക്കും. ധനകാര്യമേഖലയുടെ ഉദാരവത്കരണമാണ് ഫിനാന്‍സ് മൂലധനം ഉറ്റുനോക്കുന്നത്. ഇത് കളളപ്പണം വെളുപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നു. 


കളളപ്പണത്തിന്റെ നല്ലൊരു പങ്ക് വിദേശത്തു വെച്ചാണ് കൈമാറുന്നത്. നാട്ടിലുണ്ടാക്കുന്ന കളളപ്പണത്തിന്റെ സിംഹഭാഗവും നിക്ഷേപിക്കുന്നത് വിദേശ ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. ഇങ്ങനെയുളള പണം വെളുപ്പിച്ചു നാട്ടിലേയ്ക്കു കൊണ്ടുവരുന്നതിന് ഹവാല അല്ലെങ്കില്‍ മൗറീഷ്യസ് പോലുളള സ്വതന്ത്രവ്യാപാര കേന്ദ്രങ്ങള്‍ വഴിയൊരുക്കുന്നു. വിദേശ മൂലധന ഉദാരവത്കരണത്തോടെ ഇതുവളരെ സുഗമമായിത്തീരും. 


നവലിബറലിസത്തിന്റെ മേല്‍പറഞ്ഞ മൂന്നിന പരിപാടികള്‍ എങ്ങനെ അഴിമതിയ്ക്കും സ്വകാര്യക്കൊള്ളയ്ക്കും വഴിയൊരുക്കുന്നു; അതുവഴി ശതകോടീശ്വരന്മാരുടെ വിസ്മയവളര്‍ച്ചയ്ക്ക് ഹേതുവായിത്തീരുന്നു എന്നത് വിശദീകരിക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. ഇതിനായി ഓരോ ഇനപരിപാടിയുമായും ബന്ധപ്പെട്ടുളള ഏതാനും ഉദാഹരണങ്ങള്‍ പഠനങ്ങളായി തുടര്‍ന്നുളള അധ്യായങ്ങളില്‍ നല്‍കിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അവസാനം ഈ ഉദാഹരണപഠനങ്ങളില്‍ നിന്ന് വീണ്ടും പൊതുവായ വിശകലനത്തിലേയ്ക്കും സൈദ്ധാന്തിക നിഗമനങ്ങളിലേയ്ക്കും എത്തിച്ചേരും.


അധ്യായം 2 - കൊളളക്കാരനായ വേദാന്തി! - പൊതുമേഖലാ കൊള്ള സംബന്ധിച്ച് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. നമ്മുടെ സംസ്ഥാനത്തു തന്നെ മോഡേണ്‍ ബ്രഡ് ഫാക്ടറിയുടെയും കോവളം ഐടിഡിസി ഹോട്ടലിന്റെയും കഥ അറിയാത്തവരുണ്ടാവില്ല. 55 ഏക്കര്‍ വിസ്തൃതിയുളള കോവളം ഐടിഡിസി ഹോട്ടല്‍ 44 കോടിയ്ക്ക് ഗള്‍ഫാര്‍ വാങ്ങിയത് 120 കോടിയ്ക്കാണ് ലീലാ ഗ്രൂപ്പിനു വിറ്റത്. ഇപ്പോഴത് 500 കോടി രൂപയ്ക്കാണ് മറിച്ചുവില്‍ക്കാന്‍ പോകുന്നതായി കേള്‍ക്കുന്നു. ബാല്‍ക്കോ എന്ന ഒറീസയിലെ അലൂമിനിയം ഫാക്ടറി വേദാന്ത എന്ന ബിസിനസ് ഗ്രൂപ്പിന് ബിജെപി സര്‍ക്കാര്‍ വിറ്റ കഥയാണ് പൊതുമേഖലാ വില്‍പനക്കൊള്ളയുടെ വിശകലനത്തിനായി വിവരിക്കുന്നത്.


അധ്യായം 3 - കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരിലും രാജ്യദ്രോഹം- റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അഴിമതിയും കൊളളയും സാര്‍വത്രികമാണ്. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണമാണല്ലോ രാജ്യത്തെ പിടിച്ചുകുലുക്കിയ റിയല്‍ എസ്റ്റേറ്റ് അഴിമതിക്കേസ്. മുംബെയിലെ കൊളാബായിലെ തന്ത്രപ്രധാനവും ഏറ്റവും വിലകൂടിയതുമായ സ്ഥലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് കാര്‍ഗില്‍ രക്തസാക്ഷികളുടെ മറവില്‍ ചില റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ നടത്തിയ വെട്ടിപ്പ് നാടിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല പട്ടാള മേധാവികള്‍ വരെ ഇതില്‍ പങ്കാളികളാണ്.


അധ്യായം 4 അംബാനിയും മറ്റൊരു കവര്‍ച്ചക്കാരന്‍ - പുത്തന്‍കൂറ്റു പണക്കാരാണ് അഴിമതി, കൊളള എന്നിവയ്ക്കു മുതിരുന്നത് എന്നൊരു തെറ്റുദ്ധാരണയുണ്ട്. 'തറവാടി'കളായ പഴയ മുതലാളിമാരും ഒട്ടും പുറകിലല്ല. ടാറ്റയും 2ജി സ്‌പെക്ട്രം അഴിമതിയുടെ ഗുണഭോക്താവാണ്. ഈ അധ്യായത്തില്‍ സി ആന്‍ഡ് എജിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് കമ്പനി കൃഷ്ണാ ഗോദാവരി ബേസിനില്‍ നിന്ന് വാതക ഖനനത്തിനുളള കരാര്‍ അന്യായമായി ഭേദഗതിചെയ്ത് പതിനായിരക്കണക്കിനു കോടികള്‍ തട്ടിയെടുത്തത് എങ്ങനെ എന്നാണ് പരിശോധിക്കുന്നത്. 


അധ്യായം 5 - റെഡ്ഢി സഹോദരന്മാര്‍ നാടുവാണീടും കാലം!! - 2001ല്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട കേവലം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മക്കളായ റെഡ്ഢി സഹോദരങ്ങള്‍ കര്‍ണാടകത്തിലെ ബെല്ലാരിയിലെ ഇരുമ്പയിരും ഗ്രാനൈറ്റും പത്തുവര്‍ഷം കൊണ്ട് കൊളള ചെയ്ത് കോടിപതികളായതെങ്ങനെ? രണ്ടു മുഖ്യമന്ത്രിമാരായിരുന്നു അവരുടെ പോക്കറ്റില്‍. കര്‍ണാടകത്തില്‍ യെദ്യൂരപ്പയും ആന്ധ്രയില്‍ രാജശേഖര റെഡ്ഢിയും. യെദ്യൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളായ റെഡ്ഢി സഹോദരങ്ങള്‍ എന്നോര്‍ക്കുക. 


അധ്യായം 6 - ടെലികോം മേഖല തുറന്നുകൊടുത്തപ്പോള്‍ - സുഖറാം മുതല്‍ മാരന്‍ വരെ. ടെലികോം മേഖലയിലാണ് ഏറ്റവും വലിയ അഴിമതിക്കഥകളുണ്ടായിട്ടുളളത്. ഇവിടെ ഡീ റെഗുലേഷന്‍ ആരംഭിച്ചതു തന്നെ സുഖറാമിന്റെ അഴിമതിയോടെയാണ്. 2ജി സ്‌പെക്ട്രം കേസില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണ് രാജിവെയ്ക്കാന്‍ നിര്‍ബന്ധിതരായത്. രാജയും ദയാനിധി മാരനും. 2ജി സ്‌പെക്ട്രം കേസാണ് ഈ അധ്യായത്തില്‍ പരിശോധിക്കുന്നത്. 


അധ്യായം 7 - കോമണ്‍വെല്‍ത്ത് ഗെയിംസ് ചെലവ് 2250 കോടിയില്‍ നിന്ന് 30,000 കോടി രൂപയായപ്പോള്‍ - വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴുളള അഴിമതിയും കോണ്‍ട്രാക്ടുകളിലുളള അഴിമതിയും എക്കാലത്തുമുണ്ടായിട്ടുണ്ട്. നമ്മുടെ പൊതുമരാമത്തു വകുപ്പിലെയും ജലസേചനവകുപ്പിലെയും അഴിമതിക്കഥകള്‍ ആര്‍ക്കാണ് അറിയാത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ കൈക്കൂലിയും കമ്മിഷനും എല്ലാ റെക്കോഡുകളും ഭേദിച്ചിരിക്കുന്നു. 


അധ്യായം 8 - ക്രിക്കറ്റില്‍ വെളുക്കുന്ന കളളപ്പണം - അഴിമതിപ്പണത്തിന്റെ സിംഹഭാഗവും കളളപ്പണമായാണ് സൂക്ഷിക്കുന്നത്. അതായത് ആദായനികുതിവകുപ്പിന്റെ കണക്കുകള്‍ക്ക് പുറത്താണ്. ഇന്ത്യയിലെ ദേശീയ വരുമാനത്തിന്റെ അമ്പതു ശതമാനം വരെ കളളപ്പണമാണെന്നു വാദിക്കുന്നവരുണ്ട്. കളളപ്പണം വെളുപ്പിക്കുന്നതിന് പലരീതികളുണ്ട്. അതിലെ ഏറ്റവും നാടകീയമായ ഉദാഹരണമാണ് ഐപിഎല്‍ കുംഭകോണം. ക്രിക്കറ്റു കളിയെ എങ്ങനെ കളളപ്പണത്തിന്റെ ചൂതാട്ടത്തിന് ഉപാധിയാക്കാമെന്നാണ് എട്ടാം അധ്യായത്തില്‍ പരിശോധിക്കുന്നത്. 


അധ്യായം 9 - കളളപ്പണത്തിന്റെ മൗറീഷ്യസ് റൂട്ട് - ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ പഠനത്തിന്റെ വെളിപ്പെടുത്തലുകള്‍ ഇതുവരെ ആരും തളളിപ്പറഞ്ഞിട്ടില്ല. ഏതാണ്ട് 10 ലക്ഷം കോടി രൂപയാണ് 1948 നും 2008 നുമിടക്ക് ഇത്തരത്തില്‍ പുറത്തുപോയ കളളപ്പണം. ഹവാല ഇടപാടുകളിലൂടെയാണ് ഈ പണം പുറത്തുപോകുകയും അകത്തുവരികയും ചെയ്യുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക സംവിധാനം തന്നെ ഒരുക്കിക്കൊടുത്തിട്ടുണ്ട്. അതാണ് മൗറീഷ്യസ് റൂട്ട്. 


അധ്യായം 10 - അഴിമതിക്കൂട്ടുകെട്ട് - റാഡിയ ടേപ്പുകള്‍ പറയുന്നതെന്ത്? -
മേല്‍വിവരിച്ച ഓരോ അഴിമതിക്കേസുകളും രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, കോര്‍പറേറ്റുകള്‍ എന്നിവരുടെ മുക്കൂട്ട് മുന്നണിയെ പുറത്തുകൊണ്ടുവരുന്നുണ്ട്. നേരത്തെയും സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ ആയിരുന്നുവെങ്കിലും ഒരു താരതമ്യ സ്വതന്ത്രത നിലനിര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ഭരണസംവിധാനത്തെയാകെ കോര്‍പറേറ്റ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ തടവുകാരാക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ഈ അവിശുദ്ധ ബന്ധം നാടകീയമായി വെളിപ്പെടുത്തുന്നതാണ് നീരാ റാഡിയ ടേപ്പുകള്‍. ഇതുസംബന്ധിച്ച വിശകലനമാണ് പത്താം അധ്യായത്തില്‍ നല്‍കിയിരിക്കുന്നത്. 


സാര്‍വത്രികമായി മാറിയിരിക്കുന്ന അഴിമതിയും കൊള്ളയും അതിലൂടെ തടിച്ചു കൊഴുക്കുന്ന ശതകോടീശ്വരന്മാരും അവരുടെ ദല്ലാളുമാരായി നടക്കുന്ന രാഷ്ട്രീയ നേതാക്കളും ബ്യൂറോക്രാറ്റുകളും രാജ്യവ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. നവലിബറലിസത്തിന്റെ ഗുണഭോക്താക്കളായ ഇടത്തരക്കാരെപ്പോലും ഈ സ്ഥിതി വെറുപ്പിച്ചിരിക്കുന്നു. ഈ ശുദ്ധാത്മാക്കള്‍ കരുതിയിരുന്നത് ലൈസന്‍സ് പെര്‍മിറ്റ് രാജാണ് എല്ലാ അഴിമതിയുടെയും ഉറവിടം എന്നായിരുന്നു. സ്വതന്ത്രമായ കമ്പോള വ്യവസ്ഥയില്‍ എല്ലാ തീരുമാനങ്ങളും അദൃശ്യമായ കമ്പോളമെടുക്കുമ്പോള്‍ അഴിമതി ഇല്ലാതാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ നവലിബറല്‍ കാലഘട്ടം അഴിമതി പര്‍വമായി മാറിയിരിക്കുന്നു. ഇതിനോടുളള പ്രതികരണങ്ങളാണ് അടുത്ത മൂന്ന് അധ്യായങ്ങളില്‍ പരിശോധിക്കുന്നത്.


അധ്യായം 11 - അണ്ണാ ഹസാരെ - റാലെഗനില്‍ നിന്ന് ദില്ലിയിലേയ്ക്ക് - റാലെഗന്‍ ഗ്രാമത്തില്‍ ഗ്രാമവികസന പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുവന്ന അണ്ണാ ഹസാരെ മഹാരാഷ്ട്രയിലെ അഴിമതിക്കെതിരായ സമരങ്ങളിലൂടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടത്തെ നിയന്ത്രിക്കാന്‍ അടിയന്തരമായി ലോക്പാല്‍ നിയമം പാസാക്കണം എന്ന ആവശ്യത്തിന് വലിയ പിന്തുണ ലഭിച്ചു. അദ്ദേഹത്തിന്റെ നിരാഹാരസമരത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാരിനു വഴങ്ങേണ്ടിവന്നു. പതിനൊന്നാം അധ്യായത്തില്‍ സംഭവപരമ്പര വിവരണത്തെക്കാള്‍ ലോക്പാല്‍ നിയമത്തെക്കുറിച്ചുളള വ്യത്യസ്ത വീക്ഷണങ്ങള്‍ താരതമ്യം ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്. അണ്ണാ ഹസാരെയുടെ ജന്‍ലോക്പാല്‍, കേന്ദ്രസര്‍ക്കാരിന്റെ കരടു ബില്‍, ഇടതുപക്ഷത്തിന്റെ ബദല്‍, അരുണാ റോയ് തുടങ്ങിയവരുടെ നിലപാട് എന്നിവയാണ് താരതമ്യത്തിനെടുക്കുന്നത്.


അധ്യായം 12 - അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം - ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നിനും അഴിമതി വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യതയില്ല. ലാവലിന്റെ രാഷ്ട്രീയകളളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒരു ആരോപണം പോലും നിലനില്‍ക്കുന്നില്ല. 35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ച് പല വിമര്‍ശനങ്ങളുണ്ട്. പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവലിന്‍ കേസാണ് അവരുയര്‍ത്തുന്നത്. അതുകൊണ്ട് ഈ അധ്യായത്തില്‍ ലാവലിന്‍ കേസിന്റെ പൊളളത്തരം ഒരിക്കല്‍കൂടി തുറന്നു കാണിക്കുന്നു. അതോടൊപ്പം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിന് നടത്തിയ ദേശവ്യാപക പ്രസക്തിയുളള പരീക്ഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതിയില്ലാതാവില്ല. അതിനോടൊപ്പം നിലവിലുളള ഭരണസംവിധാനത്തെ അടിമുടി പരിഷ്‌കരിക്കാനുണ്ട്.


അധ്യായം 13 - ചങ്ങാത്ത മുതലാളിത്തവും നവലിബറല്‍ നയങ്ങളും - ഉപസംഹാരമായി അഴിമതി സംബന്ധിച്ച ഉദാഹരണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നവലിബറല്‍ നയങ്ങള്‍ എങ്ങനെ അഴിമതി പ്രോത്സാഹിപ്പിക്കുന്നു എന്നത് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഭരണകൂടം എന്നത് പ്രാകൃത മൂലധന സംഭരണത്തിനുളള മേച്ചില്‍പ്പുറമായിരിക്കുന്നു. ഇന്ത്യയിലെ ഇന്നത്തെ സ്ഥിതിഗതികളെ വിശദീകരിക്കുന്നതിന് ചങ്ങാത്ത മുതലാളിത്തം എന്ന പരികല്‍പ്പന സഹായിക്കും.


ഈ ഗ്രന്ഥത്തില്‍ അതിസമ്പന്നരുടെ വളര്‍ച്ചയും അവരുടെ ആഡംബരവും സുഖലോലുപതയുമാണ് കൂടുതല്‍ വിവരിക്കുന്നത്. എന്നാല്‍ ഇതിനൊരു മറുപുറമുണ്ട് എന്നെടുത്തു പറയേണ്ടതില്ലല്ലോ. ശതകോടീശ്വരന്മാര്‍ ജൈത്രയാത്ര നടത്തിയ നാളുകളിലാണ് രണ്ടുലക്ഷത്തില്‍പരം കൃഷിക്കാര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തത്. ചില സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ കേന്ദ്രീകരിച്ചു കൊണ്ടാണ് സാമ്പത്തിക വളര്‍ച്ച. നഗരവും ഗ്രാമവും തമ്മിലുളള അന്തരം പെരുകുകയാണ്. ഉളളവനും ഇല്ലാത്തവനും തമ്മിലുളള അകലം കൂടുന്നുവെന്നാണ് ഉപഭോക്തൃ സര്‍വെകള്‍ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. ഔദ്യോഗിക കണക്കു പ്രകാരം 2001-05ല്‍ തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം 2.8 ശതമാനം വെച്ച് ഉയര്‍ന്നുവെങ്കില്‍ 2005-10ല്‍ 0.8 ശതമാനം വീതമാണ് പ്രതിവര്‍ഷം തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചത്. വിലക്കയറ്റം പത്തു ശതമാനത്തിലേറെ ആയിരിക്കുന്നു. ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്നു പറയുന്ന ഔദ്യോഗിക കണക്കുകള്‍ക്കു പോലും മറച്ചുവെയ്ക്കാന്‍ കഴിയാത്ത ഒരു കാര്യമുണ്ട്. എണ്‍പതുകളെ അപേക്ഷിച്ച് ദരിദ്രരുടെ എണ്ണത്തില്‍ തുച്ഛമായ കുറവേയുണ്ടായിട്ടുളളൂ. മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും പുറകോട്ടു പോയി. ഇപ്പോള്‍ 132-ാമതാണ് സ്ഥാനം. 


നമ്മള്‍ ആദ്യം കണ്ട തിളക്കവും മുകളലില്‍ സൂചിപ്പിച്ച ദൈന്യതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? റിയല്‍ എസ്റ്റേറ്റുകാരും ഖനിയുടമകളും വാങ്ങിക്കൂട്ടുന്ന ഭൂമിയും വര്‍ദ്ധിച്ചുവരുന്ന ഭൂരഹിതരുടെ എണ്ണവും തമ്മിലും ഊഹക്കച്ചവടക്കാരുടെ തിരിമറികളും കൃഷിക്കാരുടെ കടക്കെണിയും തമ്മിലും പുത്തന്‍ യന്ത്രവത്കൃത വ്യവസായങ്ങളും തൊഴില്‍ നഷ്ടപ്പെടുന്ന കൈവേലക്കാരും തമ്മിലും എന്തെങ്കിലും ബന്ധമുണ്ടോ? ഇന്ന് യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്ന അഴിമതികളും ശതകോടീശ്വരന്മാരുടെ വളര്‍ച്ചയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ബന്ധങ്ങള്‍ അന്വേഷിക്കുന്ന അര്‍ത്ഥശാസ്ത്ര വിശകലനമാണ് ഈ ഗ്രന്ഥത്തിന്റെ ഉളളടക്കം.

വരൂ, നമുക്കൊരു പുസ്തകം കൂട്ടായി എഴുതാം...

സുഹൃത്തുക്കളേ,

ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രശ്നമായി അഴിമതി ഉയര്‍ന്നു വന്നിരിക്കുകയാണ്. അണ്ണാ ഹസാരെയുടെ സമരം സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കങ്ങള്‍ ഇനിയും തുടരുമെന്നു തീര്‍ച്ചയാണ്. പക്ഷേ, കോര്‍പറേറ്റ് മാധ്യമങ്ങളില്‍ അഴിമതി സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിസ്ഥാനത്ത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമാണ്. ഈ അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ കോര്‍പറേറ്റുകള്‍ പ്രതിപ്പട്ടികയിലെങ്ങുമില്ല. ഈ മൂവരുടെയും അഴിമതി മുന്നണിയാണ് യഥാര്‍ത്ഥത്തില്‍ ഇന്നു ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ ഇന്ത്യയെ ചങ്ങാത്ത മുതലാളിത്തത്തിലേയ്ക്കു നയിച്ചിരിക്കുന്നു.

ഇന്ത്യന്‍ മുതലാളിത്തത്തിലെ ഈ പ്രതിഭാസത്തെക്കുറിച്ച് സാമാന്യം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം  ചങ്ങാത്ത മുതലാളിത്തത്തിന്‍റെ അഴിമതി പര്‍വം എന്ന പേരില്‍ തയ്യാറാക്കുന്ന പണിപ്പുരയിലാണ് ഞാന്‍. ഈ ഗ്രന്ഥം തീരുന്നതിന് രണ്ടോ മൂന്നോ ആഴ്ചകള്‍ എടുത്തേയ്ക്കാം. ഓരോ അധ്യായവും തീരുന്ന മുറയ്ക്ക് ബ്ലോഗില്‍ അപ്‍ലോഡു ചെയ്യും. ആമുഖവും ഉപസംഹാരവും മാത്രമാണ് സൈദ്ധാന്തികമായ വിശകലനത്തില്‍ ഊന്നുന്നത്.  ബാക്കിയെല്ലാ അധ്യായങ്ങളും അഴിമതികളെക്കുറിച്ചുളള ഉദാഹരണ പഠനങ്ങളാണ്.  ഇവയില്‍ പലതിനെക്കുറിച്ചും നിങ്ങള്‍ക്കോരോര്‍ത്തര്‍ക്കും കൂടുതല്‍ ആഴത്തില്‍ അറിവുണ്ടാകും.

നിങ്ങളുടെ കമന്‍റുകള്‍, തിരുത്തലുകള്‍, നുറുങ്ങു കഥകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ ഇവയെല്ലാം ഞാന്‍ സ്വാഗതം ചെയ്യുന്നു. ഗ്രന്ഥത്തിന് അവസാനരൂപം നല്‍കുമ്പോള്‍ ഇവയില്‍ സ്വീകാര്യമായതെല്ലാം പൂര്‍ണ ക്രെഡിറ്റു നല്‍കിക്കൊണ്ട് ഉള്‍ക്കൊളളിക്കുന്നതാണ്. ഈ ഗ്രന്ഥം നമ്മുടെ ഒരു കൂട്ടായ പ്രവര്‍ത്തനമാകട്ടെ.

ആമുഖ അധ്യായം ഇവിടെ

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...