About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Monday, July 13, 2015

ഗ്രീസ് ഇനിയെങ്ങോട്ട്‌

(ധനവിചാരം, 09 Jul 2015 വ്യാഴാഴ്ച)
ഗ്രീസ് റഫറണ്ടം കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനും ഐ.എം.എഫും യൂറോപ്യന്‍ കേന്ദ്രബാങ്കുമുള്‍പ്പെടുന്ന മൂവര്‍സംഘം (ട്രോയിക്ക) അടിച്ചേല്‍പ്പിക്കാന്‍ശ്രമിച്ച ചെലവുചുരുക്കല്‍ പരിപാടി അറുപത്തൊന്നു ശതമാനം ഗ്രീക്ക് പൗരന്മാരും തള്ളിക്കളഞ്ഞു. ട്രോയിക്കയുടെ ചെലവുചുരുക്കല്‍ പരിപാടി തുടങ്ങിയിട്ട് എട്ടുവര്‍ഷമായി. ഈ കാലയളവില്‍ 2.5 ലക്ഷം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. പെന്‍ഷനും ക്ഷേമപദ്ധതികളും വെട്ടിച്ചുരുക്കി. ഇതിന്റെഫലമായി കമ്മി ബജറ്റ് മിച്ചബജറ്റായിമാറി. പക്ഷേ, രാജ്യം തകര്‍ന്നു. സാമ്പത്തിക മുരടിപ്പിന്റെ കാലത്താണ് ചെലവുചുരുക്കല്‍ നടപ്പാക്കിയിരുന്നത് എന്നോര്‍ക്കണം. ഏതു സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥിക്കും അറിയാവുന്നതുപോലെ വേണ്ടത്ര ഡിമാന്റില്ലാത്തതിനാല്‍ ചരക്കുകള്‍ കെട്ടിക്കിടക്കുന്നതുമൂലമാണ് ഉത്പാദനം മുരടിക്കുന്നതും മാന്ദ്യമുണ്ടാകുന്നതും. സര്‍ക്കാര്‍ച്ചെലവ് ദേശീയവരുമാനത്തിന്റെ ഏതാണ്ട് മൂന്നിലൊന്നുവരും. അതിലുണ്ടായ ഇടിവ് ഡിമാന്റിനെ പിന്നെയും പ്രതികൂലമായി ബാധിച്ചു. സര്‍ക്കാര്‍ ചെലവുചുരുക്കിയപ്പോള്‍ ജനങ്ങളുടെ വരുമാനം കുറഞ്ഞു, അവരുടെ വാങ്ങല്‍കഴിവ് പിന്നെയും ഇടിഞ്ഞു. ഇതിന്റെ ഫലമായി ഗ്രീസിലെ ദേശീയവരുമാനം 200714 കാലത്ത് 26 ശതമാനം കുറഞ്ഞു. തൊഴിലില്ലായ്മയും പെരുകി. ഗ്രീസിലെ തൊഴിലില്ലായ്മ 25.6 ശതമാനമായി ഉയര്‍ന്നു. യുവാക്കളില്‍ അമ്പതുശതമാനം പേര്‍ക്ക് പണിയില്ല.

ആകെ ഗുണംകിട്ടിയത് ഗ്രീസിന് വായ്പനല്‍കിയ ബാങ്കുകള്‍ക്കുമാത്രമാണ്. ചെലവുചുരുക്കല്‍ നിബന്ധനകള്‍ നടപ്പാക്കിയപ്പോള്‍ ഗ്രീസിന് പുതിയ വായ്പകള്‍ അനുവദിക്കാന്‍ ട്രോയിക്ക തയ്യാറായി. പക്ഷേ, ഈ പണം മുഴുവന്‍ പഴയ കടങ്ങളുടെ മുതലും പലിശയും തിരിച്ചടയ്ക്കുന്നതിന് ഉപയോഗിക്കേണ്ടിവന്നു. അതുകഴിഞ്ഞ് നാട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബാക്കിയൊന്നും ഉണ്ടായില്ല. സമ്പദ്ഘടന ശോഷിച്ചപ്പോള്‍ ദേശീയവരുമാന/കടബാധ്യത തോത് ഉയര്‍ന്നു. കടബാധ്യത 177 ശതമാനമായി. ഇതുപോലെ എത്രവര്‍ഷം ചെലവുചുരുക്കല്‍ പരിപാടി നടപ്പാക്കിയാലും ഗ്രീസ് രക്ഷപ്പെടില്ല എന്ന പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ വാദം ജനങ്ങള്‍ സ്വീകരിച്ചു. ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത്? ഗ്രീസ് യൂറോപ്യന്‍ യൂണിയന് പുറത്തുപോകേണ്ടിവരുമെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. റഫറണ്ടം പ്രതികൂലമായാല്‍ ഇത് അനിവാര്യമാകും എന്നാണ് ട്രോയിക്കയും ഇവരുമായി സന്ധിചെയ്യണമെന്ന് പറയുന്ന ഗ്രീസിലെ രാഷ്ട്രീയക്കാരും വാദിച്ചുകൊണ്ടിരുന്നത്.

പൗരാണിക കാലംമുതല്‍ ഗ്രീസിന്റെ നാണയമായിരുന്നു ഡ്രാക്മ. പതിനഞ്ചുവര്‍ഷംമുമ്പ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായപ്പോള്‍ ഇതുപേക്ഷിച്ച് എല്ലാ അംഗരാജ്യങ്ങളെയുംപോലെ യൂറോ നാണയമായി അംഗീകരിച്ചു. ഇപ്പോള്‍ എല്ലാ ഗ്രീക്കുകാരുടെയും ബാങ്കുകളിലെ സമ്പാദ്യം യൂറോയിലാണ്. മാത്രമല്ല, ഡ്രാക്മ ഗ്രീസിനുപുറത്ത് ആരും സ്വീകരിക്കുകയുമില്ല. അതുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുന്നു എന്ന സ്ഥിതിവന്നാല്‍ എല്ലാ നിക്ഷേപകരും കൂട്ടത്തോടെ ബാങ്കിലേക്കോടും. അവര്‍ക്കെല്ലാം യൂറോയില്‍ സമ്പാദ്യം തിരിച്ചുകൊടുക്കാന്‍ ബാങ്കുകളുടെ കൈയില്‍ യൂറോ ഉണ്ടാവില്ല. ബാങ്കുകളൊക്കെ പൂട്ടേണ്ടിവരും. സമ്പദ്വ്യവസ്ഥ പൂര്‍ണസ്തംഭനത്തിലാകും.

മേല്‍പ്പറഞ്ഞ സ്ഥിതിവിശേഷത്തെ ഗ്രീക്ക് പ്രധാനമന്ത്രിപോലും തള്ളിക്കളയുന്നില്ല. ചെലവുചുരുക്കല്‍ പാക്കേജിനെതിരായി വോട്ടുചെയ്ത് ട്രോയിക്കയോട് വിലപേശാനുള്ള ഗ്രീക്ക് ഭരണകൂടത്തിന്റെ ശേഷി ശക്തിപ്പെടുത്തണമെന്നായിരുന്നു ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന. എന്നുവെച്ചാല്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നാണ് സിപ്രാസിന്റെപോലും ഇന്നത്തെ നിലപാട്. അല്ലാത്തപക്ഷം, കളി കൈവിട്ടുപോകുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ഒരുപക്ഷേ, ഇതുകൊണ്ടാവാം കൂടുതല്‍ തീവ്രനിലപാട് സ്വീകരിക്കുന്ന ധനമന്ത്രി രാജിവെച്ചത്.

പക്ഷേ, ഗ്രീക്ക് ജനവിധി യൂറോപ്പിലെ പൊതുജനാഭിപ്രായത്തെയും സ്വാധീനിച്ചുതുടങ്ങിയിട്ടുണ്ട്. ഒന്നാം ലോകയുദ്ധം കഴിഞ്ഞപ്പോള്‍ 'സമാധാനത്തിന്റെ സാമ്പത്തികപ്രത്യാഘാതങ്ങള്‍' എന്നപേരില്‍ കെയിന്‍സ് ഒരു ഗ്രന്ഥമെഴുതി. യുദ്ധത്തിന് കാരണക്കാരായ ജര്‍മനിയുടെ കൈയില്‍നിന്ന് നാശനഷ്ടങ്ങളുടെ പൂര്‍ണനഷ്ടപരിഹാരം ഈടാക്കണമെന്ന വാശിയിലായിരുന്നു ബ്രിട്ടനും ഫ്രാന്‍സുമടക്കമുള്ള സഖ്യകക്ഷികള്‍. പക്ഷേ, ഇത്തരത്തില്‍ ഒരു സമീപനം ജര്‍മനിയില്‍ അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയുണ്ടാക്കുമെന്നും യൂറോപ്യന്‍ സമാധാനത്തെ തുരങ്കംവെക്കുമെന്നും കെയിന്‍സ് മുന്നറിയിപ്പുനല്‍കി. പക്ഷേ, സഖ്യകക്ഷികള്‍ ചെവിക്കൊണ്ടില്ല. ഇതിന്റെഫലം ലോകം അ നുഭവിച്ചു. സഖ്യകക്ഷികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ ആവശ്യമായ പണം ജര്‍മനിയുടെ പക്കലുണ്ടായിരുന്നില്ല. ഫാക്ടറികള്‍വരെ പൊളിച്ചെടുത്ത് ജര്‍മനിക്ക് പുറത്തേക്കുകൊണ്ടുപോയി. ആഗോള സാമ്പത്തികമാന്ദ്യം ആരംഭിച്ചതോടെ ജര്‍മനിയുടെ സമ്പദ്വ്യവസ്ഥ തകര്‍ന്നു. ഇതില്‍നിന്നാണ് ഹിറ്റ്‌ലറും നാസിസവും രൂപംകൊണ്ടത്. അങ്ങനെ യൂറോപ്പ് രണ്ടാമതൊരു ലോകയുദ്ധത്തിന് ഇരയായി.

ഇത്തവണ സഖ്യശക്തികള്‍ ജര്‍മനിയില്‍നിന്ന് നഷ്ടപരിഹാരവും കടബാധ്യതയും ഈടാക്കാന്‍ ഒരുമ്പെട്ടില്ല എന്നുമാത്രമല്ല അവയൊക്കെ എഴുതിത്തള്ളുകയും ചെയ്തു. ജര്‍മനിയുടെ പുനര്‍നിര്‍മാണത്തിന് വലിയതോതില്‍ സഹായം നല്‍കി. ഏതാനും വര്‍ഷംകൊണ്ട് ജര്‍മനി ലോകസാമ്പത്തികശക്തിയായി വീണ്ടും ഉയര്‍ന്നു. ഈ ജര്‍മനിയാണ് ഇപ്പോള്‍ ഷൈലോക്കിനെപ്പോലെ ഗ്രീസില്‍നിന്ന് തങ്ങളുടെ ഒരു റാത്തല്‍ ഇറച്ചി ഈടാക്കാനിറങ്ങിയിരിക്കുന്നത്. ചരിത്രം എത്രപെട്ടെന്നാണ് വിസ്മൃതിയിലാകുന്നത്. ഇത് യാദൃച്ഛികമല്ല. ഇന്ന് ലോകത്ത് ആധിപത്യം പുലര്‍ത്തുന്ന നിയോലിബറല്‍ ചിന്താഗതിയുടെ ഏറ്റവും വലിയ പ്രയോക്താവാണ് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗെലാ മെര്‍ക്കല്‍. നിയോ ലിബറലിസത്തെ എതിര്‍ക്കുന്ന ഒരു രാഷ്ട്രീയമുന്നണിക്ക് ഗ്രീസിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍കഴിഞ്ഞാല്‍ അത് വലിയ തിരിച്ചടിയാകും. ഗ്രീസിനെപ്പോലെ സ്‌പെയിനും പോര്‍ച്ചുഗലും അയര്‍ലന്‍ഡുമെല്ലാം ഇതുപോലെ വിലപേശാന്‍ തുടങ്ങിയാലോ എന്നും അവര്‍ക്ക് ഭയമുണ്ട്. ഗ്രീസിനോടുള്ള നിലപാടിന് അടിസ്ഥാനം സാമ്പത്തിക യുക്തിയെക്കാള്‍ കൂടുതല്‍ രാഷ്ട്രീയമാണ്.
ഇനി ട്രോയിക്ക ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയല്ലാതെ സിപ്രാസിന് മറ്റുമാര്‍ഗമില്ല. വരുന്ന അഞ്ചാറുമാസക്കാലം വലിയ സാമ്പത്തിക ഭൂകമ്പമാകും ഇത്. പക്ഷേ, അതുകഴിഞ്ഞാല്‍ ഗ്രീസിന് സ്വന്തം കാലില്‍ മുന്നേറാന്‍പറ്റും. ഇതിന്റെ സാമ്പത്തികശാസ്ത്രമെന്താണ്?

യൂറോപ്യന്‍ യൂണിയന്‍ നിലവിലില്ല, പഴയ യൂറോപ്പാണെന്നിരിക്കട്ടെ. അപ്പോള്‍ ജര്‍മനിയില്‍ മാര്‍ക്കും ഗ്രീസില്‍ ഡ്രാക്മയും ആയിരിക്കും നാണയങ്ങള്‍. ജര്‍മനിയില്‍ വലിയ സാമ്പത്തിക അഭിവൃദ്ധിയും ഗ്രീസില്‍ സാമ്പത്തികമാന്ദ്യവും ആണെന്നും കരുതുക. ഈ സാഹചര്യത്തില്‍ ഡ്രാക്മയുടെ വിനിമയമൂല്യം ഇടിയും. നേരെമറിച്ച് സാമ്പത്തിക അഭിവൃദ്ധിയിലുള്ള ജര്‍മനിയില്‍ മാര്‍ക്കിന്റെ മൂല്യം ഉയരും. ഏതുനാണയത്തിന്റെ മൂല്യമാണോ ഇടിയുന്നത് അവരുടെ കയറ്റുമതി കൂടും, വിനിമയമൂല്യം ഉയരുന്ന നാണയത്തിന്റെ കയറ്റുമതി കുറയുകയും ചെയ്യും. ഇതിനുപുറമേ ഗ്രീസിലെ പലിശനിരക്ക് താഴും, ജര്‍മനിയിലേത് ഉയരും.
ഇങ്ങനെ രണ്ടുരാജ്യങ്ങളും ഒരു സന്തുലനാവസ്ഥയിലേക്ക് നീങ്ങും. അങ്ങനെ പതുക്കെപ്പതുക്കെ ഗ്രീസ് പ്രതിസന്ധിയില്‍നിന്ന് കരകയറും. എന്നാല്‍, ഈ സാമ്പത്തികപ്രവണതകള്‍ ഇന്നത്തെ യൂറോപ്പില്‍ നടക്കുകയില്ല. കാരണം, പ്രതിസന്ധിയിലിരിക്കുന്ന ഗ്രീസിലും അഭിവൃദ്ധിയിലിരിക്കുന്ന ജര്‍മനിയിലും ഒരേ നാണയമാണ്. സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടി സ്വതന്ത്രമായൊരു നാണയനയം ഗ്രീസിന് സ്വീകരിക്കാന്‍ പറ്റില്ല.

യഥാര്‍ഥത്തില്‍ ഇന്ന് ജര്‍മനി പിന്തുടരുന്ന പണനയത്തിന് കടകവിരുദ്ധമായ പണനയമാണ് ഗ്രീസില്‍ സ്വീകരിക്കേണ്ടത്. എന്നാല്‍, യൂറോപ്യന്‍ യൂണിയന് മുഴുവന്‍ ഒരേ നാണയവ്യവസ്ഥയായതുകൊണ്ട് ഏകീകൃതമായ നയമേ പറ്റൂ. ഗ്രീസുപോലെ പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് എന്തെങ്കിലും പരിഗണനനല്‍കാന്‍ ജര്‍മനിയും മറ്റും തയ്യാറുമല്ല. അതുകൊണ്ടാണ്.
ഗ്രീസ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതായിരിക്കും നല്ലതെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇതിന് ഉദാഹരണമായി പലരും ചൂണ്ടിക്കാണിക്കുക, അര്‍ജന്റീനയെയാണ്. അര്‍ജന്റീനയുടെ നാണയമായ പെസോ ഡോളറുമായി പൂര്‍ണമായി ബന്ധിപ്പിക്കപ്പെട്ടിരുന്നു. അര്‍ജന്റീന സാമ്പത്തികപ്രതിസന്ധിയിലായി. വിദേശവായ്പ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ 2002ല്‍ അര്‍ജന്റീന തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ ഞെട്ടിച്ചു. ആറേഴുമാസക്കാലം അതിഗുരുതരമായ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, ഇന്ന് അര്‍ജന്റീന ലാറ്റിനമേരിക്കയിലെ ഏറ്റവും സാമ്പത്തികസ്ഥിരതയുള്ള രാജ്യമാണ്.
എങ്കിലും സിപ്രാസി അറ്റകൈയായേ യൂറോപ്യന്‍ യൂണിയന്‍ വിടൂ. ജനവിധിയുടെ പിന്തുണയോടെ ശക്തമായി വിലപേശാനായിരിക്കും ശ്രമം. എന്താണ് ഗ്രീസിന് സ്വീകരിക്കാവുന്ന നിലപാട്? വായ്പകളുടെ കാലാവധി നീട്ടിവാങ്ങാന്‍ ശ്രമിക്കുക. പുതിയ വായ്പകള്‍, പഴയ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുപകരം രാജ്യത്തെ നിക്ഷേപമാക്കിമാറ്റാം. ഇന്നത്തെ മാന്ദ്യത്തില്‍നിന്ന് കരകയറാം. ട്രായിക്കയ്ക്കും നഷ്ടമൊന്നുമില്ല. സ്വകാര്യസ്ഥാപനങ്ങളല്ലല്ലോ ഗ്രീസിന് വായ്പനല്‍കിയിട്ടുള്ളത്. യൂറോപ്യന്‍ കേന്ദ്രബാങ്കും ഐ.എം.എഫും മറ്റുമാണ്. അവര്‍ക്ക് കടം തിരിച്ചടവ് രണ്ടോ മൂന്നോ വര്‍ഷം വൈകിയതുകൊണ്ട് ഒരു പ്രതിസന്ധിയും ഉണ്ടാകാന്‍ പോകുന്നില്ല. എന്നിരുന്നാലും ഒത്തുതീര്‍പ്പ് പ്രയാസമാണ്. കാരണം നേരത്തേ പറഞ്ഞുകഴിഞ്ഞു. സാമ്പത്തികമല്ല, രാഷ്ട്രീയമാണ്.

നിയോ ലിബറല്‍ നയങ്ങളെ യൂറോപ്പിലെ ഒരു രാഷ്ട്രം വെല്ലുവിളിക്കുകയാണ്. ഇതിനുവഴങ്ങിയാല്‍ സ്‌പെയിനില്‍ നടക്കാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവിജയം ഉറപ്പാണ്. സ്‌പെയിനും ഗ്രീസും മാറിയാല്‍ പിന്നെ പോര്‍ച്ചുഗലും അക്കൂട്ടത്തില്‍ച്ചേരും. ഇത് യൂറോപ്പിലെ രാഷ്ട്രീയബലാബലത്തില്‍ മാറ്റംവരുത്തും. പക്ഷേ, ഇപ്പോഴും കാര്യങ്ങള്‍ വ്യക്തമല്ല. ഉദാഹരണത്തിന് റഷ്യ എന്ത് നിലപാടുസ്വീകരിക്കും? ഗ്രീസിന് താങ്ങുകൊടുക്കാന്‍ റഷ്യ തീരുമാനിച്ചാല്‍ കളിയുടെ നിയമങ്ങള്‍ മാറും. ഇതൊക്കെ കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ.