About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Monday, April 30, 2012

ദാരിദ്ര്യരേഖ മാറ്റിവരയ്ക്കുമ്പോള്‍

അത്യത്ഭുതകരമായ ഒരു ജൈവപരിണാമത്തിന് വിധേയരാവുകയാണ് ഇന്ത്യയിലെ ദരിദ്രര്‍. ഒരു നിശ്ചിതഅളവ് ഭക്ഷണം പോലും കഴിക്കാന്‍ ഗതിയില്ലാത്തവരെയാണല്ലോ ദരിദ്രരെന്ന് ഔദ്യോഗികമായി മുദ്രകുത്തിയിരിക്കുന്നത്. അരനൂറ്റാണ്ടുകൊണ്ട് ആ കണക്കില്‍ വന്ന മാറ്റം രസകരമാണ്. തൊഴിലെടുക്കുന്ന ഒരാള്‍ക്ക് മിനിമം 2700 കലോറിയെങ്കിലും ഭക്ഷണം വേണമെന്നായിരുന്നു 1957-ലെ അഖിലേന്ത്യാ ലേബര്‍ കോണ്‍ഗ്രസ് അംഗീകരിച്ചത്. ഈ മാനദണ്ഡം പിന്നീട് ഗ്രാമത്തിന് 2400 കലോറി, നഗരത്തിന് 2100 കലോറി എന്ന് പ്ലാനിങ്കമ്മീഷന്‍ പുതുക്കി. ആ കണക്കിതാ വീണ്ടും താഴേക്കു പതിക്കുന്നു. പ്രതിദിനം 1770 കലോറി ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്തവരെ ദരിദ്രരായി കണക്കാക്കിയാല്‍ മതിയത്രേ. അതായത്, പഴയ ദരിദ്രന്മാരെപ്പോലെ പെരുവയറന്മാരല്ല പുതിയതലമുറ ദരിദ്രന്മാര്‍. ആയിരം കലോറി ഭക്ഷണം കുറഞ്ഞാലും അവര്‍ക്കതൊരു പ്രശ്‌നമല്ല!

ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്.എ.ഒ.) കണക്കില്‍ നിന്ന് കേന്ദ്ര പ്ലാനിങ് കമ്മീഷന്‍ കോപ്പിയടിച്ചതാണത്രേ, പുതിയ കണക്ക്. ശരിയാണ്. അവര്‍ക്ക് അങ്ങനെയൊരു കണക്കുണ്ട്. ലളിതവും കായികാധ്വാനം ആവശ്യമില്ലാത്തതുമായ പണിയെടുക്കുന്നവര്‍ക്കാണ് പ്രതിദിനം 1770 കലോറി ഭക്ഷണം എന്ന മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. എഫ്.എ.ഒ.യുടെ കണക്കുപ്രകാരം ഭാരിച്ച കായികാധ്വാനത്തിലേര്‍പ്പെടുന്നവര്‍ക്ക് പ്രതിദിനം 2240 കലോറി ഭക്ഷണം ആവശ്യമുണ്ട്. ആ ഭാഗം നമ്മുടെ പ്ലാനിങ് കമ്മീഷന്‍ വിഴുങ്ങി.

ദാരിദ്ര്യം നിര്‍വചിക്കുന്ന ഈ മാനദണ്ഡത്തെക്കുറിച്ച് ഇന്ത്യയില്‍ വന്‍വിവാദം ഉയര്‍ന്നുകഴിഞ്ഞു. പ്രശ്‌നമിപ്പോള്‍ സുപ്രീംകോടതിയുടെ മുന്നിലാണ്. കോടതിയില്‍ പ്ലാനിങ് കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെച്ചൊല്ലിയും വ്യാപക പ്രതിഷേധമുയര്‍ന്നുകഴിഞ്ഞു. അതിനുമുന്നില്‍ കേന്ദ്രസര്‍ക്കാറിനു നിലപാടു തിരുത്തേണ്ടിവന്നു.
പക്ഷേ, പ്ലാനിങ് കമ്മീഷന്‍ കുലുങ്ങുന്നില്ല.

പഴയ മാനദണ്ഡം അനുസരിച്ച് ഭക്ഷണം കഴിക്കണമെങ്കില്‍ ഇന്നെത്ര രൂപ വേണം? 2100 കലോറി ഭക്ഷണം കഴിക്കാന്‍ നഗരവാസിക്ക് 60 രൂപ വേണം. 2400 കലോറി ഭക്ഷണം കിട്ടാന്‍ ഗ്രാമവാസിക്ക് ചെലവ് 36 രൂപ. പുതിയ കണക്കുപ്രകാരം ദരിദ്രവാസി താമസിക്കുന്നത് നഗരത്തിലോ ഗ്രാമത്തിലോ ആകട്ടെ, പ്രതിദിനം 1770 കലോറി ഭക്ഷിക്കാന്‍ പാങ്ങില്ലാത്തവനായാല്‍ മതി. ആ ലക്ഷ്യം നേടാന്‍ നഗരദരിദ്രന് ചെലവ് 36 രൂപ. ഗ്രാമദരിദ്രന് 26 രൂപ. ഉദ്ദ്യേശം ലളിതം. നഗരത്തില്‍ 37 രൂപ മുതല്‍ പ്രതിദിനം വരുമാനമുള്ളവനും ഗ്രാമത്തില്‍ 27 മുതല്‍ വരുമാനമുള്ളവനും ദാരിദ്ര്യരേഖയ്ക്കു മുകളിലായി. അവര്‍ക്കിനി ആനുകൂല്യങ്ങളൊന്നും ആവശ്യമില്ല.

അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ ഇന്ത്യയില്‍ വിപുലമായ ഉപഭോക്തൃ സാമ്പിള്‍ സര്‍വേ നടത്താറുണ്ട്. ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഉപഭോക്താവ് ചെലവഴിക്കുന്ന തുക ഈ സര്‍വേ വെളിപ്പെടുത്തുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മിനിമം കലോറി ഭക്ഷണം ഉറപ്പുവരുത്താന്‍ വേണ്ട ദിവസവരുമാനത്തിന്റെ കണക്കുണ്ടാക്കുന്നത്.

മേല്‍പ്പറഞ്ഞ ദിവസവരുമാനം ഭക്ഷണച്ചെലവിനു മാത്രം വേണ്ടിവരുന്ന തുകയല്ല. വസ്ത്രം, മരുന്ന് തുടങ്ങി മറ്റ് അവശ്യവസ്തുക്കള്‍ക്കും കൂടി വേണ്ടിവരുന്ന ചെലവും ഇതില്‍നിന്നുതന്നെയാണ് കണ്ടെത്തേണ്ടത്. ദരിദ്രരുടെ കണക്കുണ്ടാക്കാന്‍ നിശ്ചയിച്ച മാനദണ്ഡം എത്ര പരിഹാസ്യമാണെന്നു നോക്കുക.

പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണെന്ന് യൂണിസെഫിന്റെ പഠനം പറയുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ 58 ശതമാനവും വളര്‍ച്ച മുരടിച്ചവരാണ്. 42 ശതമാനം തൂക്കക്കുറവുള്ളവരാണ്. ആഗോള പട്ടിണി സൂചികയില്‍ 81 രാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 67 ആണ്. 1996-നും 2000-നും ഇടയ്ക്ക് ഇന്ത്യയില്‍ പട്ടിണി ചെറുതായെങ്കിലും കൂടിയെന്നാണ് സൂചിക കാണിക്കുന്നത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൂടുതല്‍ നീക്കിയിരിപ്പ് ആവശ്യമാകുന്ന എല്ലാ സാഹചര്യവും ഇന്ത്യയിലുണ്ടെന്നര്‍ഥം. അപ്പോഴാണ് തട്ടിപ്പുകണക്കുമായി പ്ലാനിങ് കമ്മീഷന്റെ എഴുന്നള്ളത്ത്.

ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ക്കുള്ള പണം പരിമിതപ്പെടുത്തുക എന്ന പ്ലാനിങ് കമ്മീഷന്റെയും കേന്ദ്രസര്‍ക്കാറിന്റെയും രഹസ്യ അജന്‍ഡയാണ് ഇതിനു പിറകില്‍. പന്ത്രണ്ടാം പദ്ധതി ആസൂത്രണം ചെയ്യുന്നത് പുതിയ കണക്കിന്റെ അടിസ്ഥാനത്തിലാണ്. സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയപരമായി തീരുമാനിച്ചുകഴിഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളുടെ ആനുകൂല്യം പരിമിതപ്പെടുത്തണമെങ്കില്‍ ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ളവരുടെ എണ്ണം കുറയ്ക്കണം. അതിനുള്ള കുറുക്കുവഴിയാണ് മാനദണ്ഡം പുതുക്കിനിശ്ചയിക്കല്‍. പുതിയ പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കാര്യമെടുക്കുക. ബി.പി.എല്‍. കുടുംബങ്ങള്‍ക്കുമാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത. ആ പരിധിയില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം കുറയുമ്പോള്‍ സബ്‌സിഡി തുകയും അതനുസരിച്ച് കുറയും. അങ്ങനെ സര്‍ക്കാറിന്റെ കമ്മി നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന ധനനയത്തിന്റെ ഭാഗമാണ് ആസൂത്രണക്കമ്മീഷന്റെയും കേന്ദ്രധനവകുപ്പിന്റെയും നീക്കം.

ഫലം, അര്‍ഹരായ ഒട്ടേറെ പാവങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. പുതിയ കണക്കുപ്രകാരം കേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍ നാല്‍പതു ശതമാനം എ.പി.എല്‍. ആണത്രേ! ഖാദി, കൈത്തറി, കശുവണ്ടി തുടങ്ങിയ തൊഴിലുകളെടുത്താല്‍ എ.പി.എല്‍.കാരുടെ ശതമാനം ഇതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും. നാട്ടിന്‍പുറത്തെ പാവങ്ങളായ കൂലിവേലക്കാരെ എ.പി.എല്‍. - ബി.പി.എല്‍. തരം തിരിക്കുന്നതില്‍ എന്താണ് ന്യായം? ജനതയില്‍ മഹാഭൂരിപക്ഷവും താഴ്ന്ന വരുമാനക്കാരാണ്. അതുകൊണ്ട് ദാരിദ്ര്യരേഖയില്‍ വരുത്തുന്ന ചെറിയൊരു മാറ്റംപോലും കോടികളെ രേഖയുടെ മുകളിലേക്കോ താഴേക്കോ തള്ളിനീക്കും.

ഉദാഹരണത്തിന് ദാരിദ്ര്യരേഖാ വിവാദം കൊഴുത്തപ്പോള്‍ 2004, 05 ല്‍ സുരേഷ് തെണ്ടുല്‍ക്കര്‍ ചെയര്‍മാനായി ഒരു കമ്മിറ്റി വെച്ചു. അദ്ദേഹം ഗ്രാമീണമേഖലയില്‍ ദാരിദ്ര്യരേഖ 12 രൂപയില്‍ നിന്ന് 15 രൂപയായും നഗരമേഖലയില്‍ 18 രൂപയില്‍ നിന്ന് 19 രൂപയായും ഉയര്‍ത്തി. (പുതുക്കിയ തുക പോലും 1770 കലോറിക്കേ തികയൂ എന്നത് മറ്റൊരു കാര്യം). പക്ഷേ, ഇതിന്റെ ഫലമായി 10 കോടി ആളുകളാണ് 'പുതുതായി' ദരിദ്രരായത്. 20 രൂപ പ്രതിദിനം വരുമാനമില്ലാത്തവരുടെ കണക്കെടുത്താല്‍ 80 ശതമാനവും ദരിദ്രരാണെന്ന അര്‍ജുന്‍ സെന്‍ ഗുപ്തയുടെ നിരീക്ഷണം വളരെ പ്രസിദ്ധമാണ്. പ്രതിദിന വരുമാനത്തില്‍ രണ്ടോ മൂന്നോ രൂപ വര്‍ധിച്ചതുകൊണ്ട് സാമ്പത്തിക പദവിയില്‍ യഥാര്‍ഥത്തില്‍ ഒരുമാറ്റവും ഉണ്ടാകുന്നില്ല. അതുകൊണ്ട് വരുമാനത്തിന്റെ കണക്കെടുക്കാതെ അസംഘടിതമേഖലയിലെ കൂലിവേലക്കാരെയും നാമമാത്ര കൃഷിക്കാരെയും മറ്റു സ്വയംതൊഴിലുകാരെയും ദരിദ്രരായി കണക്കാക്കണം എന്ന വാദം ശക്തമാണ്.

മറ്റൊരു ഗൗരവമായ പ്രശ്‌നവും കൂടിയുണ്ട്. പ്ലാനിങ് കമ്മീഷന്‍ ദരിദ്രരുടെ എണ്ണം തീരുമാനിച്ചുകഴിഞ്ഞാല്‍ അതിലാരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് അതത് സംസ്ഥാന സര്‍ക്കാറുകള്‍ സര്‍വേ നടത്തിയാണ് തീരുമാനിക്കുന്നത്. ഈ സര്‍വേകള്‍ എത്ര ഫലപ്രദമായി നടത്തിയാലും അര്‍ഹരായവര്‍ പുറംതള്ളപ്പെടുകയും അനര്‍ഹര്‍ ബി.പി.എല്‍. പട്ടികയില്‍ കടന്നുവരികയും ചെയ്യുന്നത് സര്‍വസാധാരണയാണ്.

ഈ സ്ഥിതിവിശേഷത്തില്‍ എന്താണ് വേണ്ടത്? ഒന്നാമതായി ഭക്ഷ്യസുരക്ഷ, അസംഘടിതമേഖലയിലെ പെന്‍ഷന്‍ സ്‌കീം തുടങ്ങിയവയിലെ എ.പി.എല്‍. - ബി.പി.എല്‍. വിഭജനം എടുത്തുകളയണം. ആര്‍ക്കും വ്യക്തമായി കാണാവുന്ന ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ ഭൂമിയുള്ളവര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഡംബര വീടുള്ളവര്‍ തുടങ്ങിയവരെ ഒഴിവാക്കാവുന്നതാണ്. കലോറി മാനദണ്ഡം ഗ്രാമത്തില്‍ 2400-ഉം നഗരത്തില്‍ 2100-മായി പഴയതിലേക്കു നിശ്ചയിക്കുകയും വേണം. അതിനുള്ള പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാറും കേരളത്തിലെ കോണ്‍ഗ്രസും എവിടെ നില്‍ക്കുന്നു എന്നാണറിയേണ്ടത്. 

ടെലികോം മേഖല തുറന്നുകൊടുത്തപ്പോള്‍ - സുഖറാമും മഹാജനും മുതല്‍ രാജയും മാരനും വരെ

അധ്യായം 6
ടെലികോം മേഖല തുറന്നുകൊടുത്തപ്പോള്‍ - 
സുഖറാമും മഹാജനും മുതല്‍ രാജയും മാരനും വരെ


ലോകചരിത്രത്തിലെ കൊടിയ പത്ത് അധികാരദുര്‍വിനിയോഗങ്ങളുടെ പട്ടിക അമേരിക്കയിലെ ടൈം മാസിക 2011ല്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ 2ജി സ്‌പെക്ട്രം അഴിമതിക്കേസാണ് ആ പട്ടികയില്‍ രണ്ടാമതായി ഇടംപിടിച്ചത്. ഒന്നാംസ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ പദവി തെറിപ്പിച്ച വാട്ടര്‍ഗേറ്റ് അപവാദത്തിനും. 


കേസിലുള്‍പ്പെട്ടവരുടെ വണ്ണവും തൂക്കവുമളന്നാലും പണത്തിന്റെ വലിപ്പം താരതമ്യപ്പെടുത്തിയാലും 2ജി സ്‌പെക്ട്രം അഴിമതിയ്ക്കു മുന്നില്‍ വാട്ടര്‍ഗേറ്റ് ഒന്നുമല്ല. വാട്ടര്‍ഗേറ്റില്‍ പണാപഹരണമില്ല. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ അതിക്രമിച്ചു കടന്ന് ചോര്‍ത്തിയ വിവരങ്ങള്‍ മറച്ചു വെയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ അധികാരദുര്‍വിനിയോഗത്തിന്റെ നീണ്ട പരമ്പരയാണ് വാട്ടര്‍ഗേറ്റ്. അമേരിക്കന്‍ ഖജനാവിനുണ്ടാക്കിയ നഷ്ടത്തിന്റെ പേരിലല്ല വാട്ടര്‍ഗേറ്റ് ചരിത്രത്തില്‍ ഇടംനേടിയത്. എന്നാല്‍ ഇന്ത്യയുടെ ഖജനാവിന് 1.76 ലക്ഷം കോടി രൂപയാണ് 2ജി സ്‌പെക്ട്രം അഴിമതി നഷ്ടപ്പെടുത്തിയത്. അതിലൊരു ഭാഗം കവര്‍ന്നുകടത്തിയത് മന്ത്രിമാരുള്‍പ്പെടുന്ന രാഷ്ട്രീയ നേതാക്കളും കോര്‍പറേറ്റുകളും ബ്യൂറോക്രാറ്റുകളുമാണ്. 

ഈ അഴിമതിക്കേസ് അന്വേഷിച്ച് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതിപ്പട്ടിക പരിശോധിക്കുക. രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രിയായിരുന്ന ഡിഎംകെ നേതാവ് ആണ്ടിമുത്തു രാജ, രാജ്യസഭാ എംപിയും ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മകളുമായ എം. കെ. കനിമൊഴി, കേന്ദ്ര ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബറുവ, രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍. കെ. ചന്ദോളിയ, യൂണിടെക് വയര്‍ലെസിന്റെ എംഡി സഞ്ജയ് ചന്ദ്ര, റിലയന്‍സ് ഗ്രൂപ്പിന്റെ എംഡി ഗൗതം ധോഷി, വൈസ് ചെയര്‍മാന്‍മാരായ ഹരിനായര്‍, സുരേന്ദ്ര പിപാറ, എസ്സാര്‍ ഗ്രൂപ്പിന്റെ രവി റൂയിയ തുടങ്ങി പതിനാലു സീനിയര്‍ കോര്‍പറേറ്റ് എക്‌സിക്യൂട്ടീവുകള്‍, കലൈഞ്ജര്‍ ടിവിയുടെ മാനേജിംഗ് ഡയറക്ടര്‍ ശരത്കുമാര്‍, സിനിയുഗ് ഫിലിംസിന്റെ ഡയറക്ടറും പ്രമോട്ടറുമായ കരിം മൊറാനി... (തമിഴ് സിനിമാതാരം ശരത് കുമാറാണ് ഇത് എന്ന പരാമര്‍ശം തെറ്റാണെന്ന് ഫേസ് ബുക്കില്‍ വിനോദ് നെല്ലിപ്പളളി, പ്രശാന്ത് മണിക്കുട്ടന്‍‍, ബ്ലോഗില്‍ രാഹുല്‍ ചന്ദ്രന്‍ എന്നീ സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചു. അത് തിരുത്തിയിട്ടുണ്ട്. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു. തെറ്റു ചൂണ്ടിക്കാണിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി- തോമസ് ഐസക്)


ഇവര്‍ക്കു പുറമെ, യുണിടെക് വയര്‍ലെസ്, റിലയന്‍സ് ടെലികോം, സ്വാന്‍ ടെലികോം, ലൂപ്പ് ടെലികോം, ലൂപ്പ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിംഗ്, എസ്സാര്‍ തുടങ്ങിയ കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. 550 കോടി രൂപയുടെ എയര്‍സെല്‍ - മാക്‌സിസ് ഇടപാടിന് നിയമവിരുദ്ധമായ അംഗീകാരം നല്‍കിയതിന് കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പി. ജെ. തോമസിന് തല്‍സ്ഥാനം നഷ്ടപ്പെട്ടതിനു കാരണവും 2ജി അഴിമതിക്കേസാണ്. ഈ ഇടപാടു നടക്കുമ്പോള്‍ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരം സംശയത്തിന്റെ കനത്തനിഴലില്‍ നില്‍ക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കുമെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കും ഉചിതവും വ്യക്തവുമായ മറുപടികള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും സീനിയര്‍ മാധ്യമപ്രവര്‍ത്തകരായ ബര്‍ഖാ ദത്ത്, വീര്‍ സാംഘ്‌വി എന്നിവരുടെ പേരുകളും ഈ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. 


മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ബ്യൂറോക്രാറ്റുകള്‍, കോര്‍പറേറ്റ് കമ്പനികള്‍, എക്‌സിക്യൂട്ടീവുകള്‍, സിനിമാ-വിനോദ വ്യവസായങ്ങളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നീ വരേണ്യരുടെ തസ്‌കരസംഘം ഇന്ത്യയുടെ പൊതുസ്വത്ത് കൊളളയടിക്കാന്‍ നടത്തിയ അധികാരദുര്‍വിനിയോഗത്തിന്റെ ആഴവും വ്യാപ്തിയുമാണ് 2ജി സ്‌പെക്ട്രം അഴിമതിക്കേസ് ലോകത്തിനു മുന്നില്‍ തുറന്നിടുന്നത്. ഇന്ത്യയില്‍ ശിങ്കിടി മുതലാളിത്തം പ്രായപൂര്‍ത്തിയായതിന്റെ ആഘോഷമായിരുന്നു 2ജി സ്‌പെക്ട്രം അഴിമതി. 

അഴിമതിയുടെ വളര്‍ച്ച : 1.67 കോടിയില്‍ നിന്ന് 1.76 ലക്ഷം കോടിയിലേയ്ക്ക് 


അഴിമതിയുടെ സാധ്യതകളാണ് ആഗോളീകരണം ഇന്ത്യയിലും തുറന്നിട്ടത്. കണ്ണഞ്ചിക്കുന്ന വേഗതയിലും പെരുപ്പത്തിലും ആ സാധ്യതകള്‍ ഓരോ മേഖലയിലും ഭീമാകാരമായി വളരുകയാണ്. 2ജി സ്‌പെക്ട്രം അഴിമതി നടന്ന ടെലികോം മേഖല പരിശോധിക്കുക. പൂര്‍ണമായും പൊതുമേഖലയിലായിരുന്ന ഇന്ത്യയിലെ ടെലികോം രംഗത്ത് സ്വകാര്യമേഖലയ്ക്ക് പ്രാതിനിധ്യം അനുവദിച്ചത് നിര്‍ണായകമായ ഒരു നയം മാറ്റമായിരുന്നു. ആ നയം മാറ്റത്തിന്റെ അനിവാര്യരായ സഹയാത്രികരായിരുന്നു അഴിമതിയും തീവെട്ടിക്കൊളളയും. 


1991ലെ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണ് ടെലികോം മേഖലയില്‍ സ്വകാര്യപങ്കാളിത്തം അനുവദിച്ചത്. ആ മന്ത്രിസഭയിലെ വാര്‍ത്താവിതരണ മന്ത്രിയായിരുന്ന സുഖറാമിനെ അഴിമതിക്കേസില്‍ ദില്ലി ഹൈക്കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചു(2011 നവംബര്‍). തീഹാര്‍ ജയിലിലെ ഒന്നാം നമ്പര്‍ മുറിയാണ് സുഖ്‌റാമിനെ കാത്തിരുന്നത്. അതേ മുറിയില്‍ തന്നെയാണ് 2ജി സ്‌പെക്ട്രം അഴിമതിക്കേസിലെ പ്രതിയും മന്‍മോഹന്‍സിംഗ് മന്ത്രിസഭയിലെ ടെലികോം മന്ത്രിയായിരുന്ന ആണ്ടിമുത്തു രാജയെ ആദ്യം പാര്‍പ്പിച്ചിരുന്നത്. 


വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസിലും സുഖ്‌റാം ശിക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വീടു റെയിഡു ചെയ്തപ്പോള്‍ മൂന്നു കോടി രൂപയാണ് സിബിഐ കണ്ടെടുത്തത്. ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ നിന്ന് പണമായി ഇതുവരെ കിട്ടിയതില്‍ ഈ തുക സര്‍വകാല റെക്കോഡാണ്. വാജ്‌പേയി സര്‍ക്കാരില്‍ 1999-2001 കാലത്ത് ടെലികോം വകുപ്പു കൈകാര്യം ചെയ്ത രാംവിലാസ് പാസ്വാനും 2001-2003വരെ ആ വകുപ്പു ഭരിച്ച പ്രമോദ് മഹാജനും കുംഭകോണത്തിന്റെ പേരുദോഷം കേള്‍പ്പിച്ചവരാണ്. ടെലികോം ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതിയാണ് രാം വിലാസ് പാസ്വാനെതിരെ ആരോപിക്കപ്പെട്ടത്. ടെലികോം ഫീസ് എഴുതിത്തളളിയതിലൂടെ കോടികളുടെ ലാഭമാണ് പ്രമോദ് മഹാജന്റെ കാലത്ത് ടെലികോം കമ്പനികള്‍ക്കുണ്ടായത്. റിലയന്‍സിന് അനര്‍ഹമായ നേട്ടങ്ങള്‍ക്ക് അവസരമൊരുക്കിക്കൊടുത്തുവെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു. കൊളളമുതലില്‍ 2500 കോടിയെങ്കിലും മഹാജന്‍ പങ്കു പറ്റിയിട്ടുണ്ടെന്നാണ് അഭ്യൂഹം. 


ആഗോളീകരണം ആരംഭിച്ചതു മുതല്‍ ടെലികോം മന്ത്രിമാരെക്കുറിച്ചുയര്‍ന്ന അഴിമതിയാരോപണങ്ങളുടെ വലിപ്പം, അഴിമതിയെക്കുറിച്ചുളള പരമ്പരാഗത സങ്കല്‍പങ്ങള്‍ തിരുത്തിയെഴുതി. ലക്ഷങ്ങള്‍ കോടികളിലേയ്ക്കും ശതകോടികളിലേയ്ക്കും ലക്ഷം കോടികളിലേയ്ക്കും വളര്‍ന്നുപെരുകിയത് വളരെപ്പെട്ടെന്നായിരുന്നു. സുഖ്‌റാമിനെയും രാജയെയും തമ്മിലുളള താരതമ്യം ആ അഴിമതിപ്പെരുക്കത്തിന്റെ ലളിതമായ രേഖാചിത്രം വരച്ചുകാട്ടും. 


1996ല്‍ ഹൈദരാബാദിലെ എആര്‍എം എന്ന കമ്പനിയില്‍ നിന്ന് ഇന്‍സുലേറ്റഡ് കമ്പി വാങ്ങിയതിന്റെ പേരിലാണ് സുഖ്‌റാം ശിക്ഷപ്പെട്ടത്. ആ കരാര്‍ മൂലം ഖജനാവിനുണ്ടായ നഷ്ടം 1.67 കോടി. സുഖ്‌റാമില്‍ നിന്ന് രാജയിലേയ്ക്കു പതിനൊന്നു വര്‍ഷങ്ങളുടെ ദൂരമുണ്ട്. രാജയുടെ കരാര്‍ മൂലം ഖജനാവിന്റെ നഷ്ടം പെരുകിയത് 1.76 ലക്ഷം കോടിയിലേക്ക്! 


മൂന്നു ലക്ഷം രൂപയായിരുന്നു അന്ന് സുഖ്‌റാം കൈപ്പറ്റിയ കൈക്കൂലി. പതിനൊന്നു വര്‍ഷങ്ങള്‍ക്കിപ്പുറം എ. രാജ അത് മൂവായിരം കോടിയാക്കി വളര്‍ത്തി. അപേക്ഷകളുടെ കട്ട് ഓഫ് ഡേറ്റ് തീരുമാനിച്ചതിലെ കുതന്ത്രം വഴി 3000 കോടി രൂപ (600 മില്യണ്‍ ഡോളര്‍) എ. രാജ കൈപ്പറ്റിയിട്ടുണ്ടെന്നാണ് സിബിഐയും ഇന്‍കം ടാക്‌സ് വകുപ്പും ആരോപിക്കുന്നത്. കൈക്കൂലി മൂന്നു ലക്ഷത്തില്‍ നിന്ന് മൂവായിരം കോടിയായും ഖജനാവിന്റെ നഷ്ടം 1.67 കോടിയില്‍ നിന്ന് 1.76 ലക്ഷം കോടിയായും പെരുകി. മുണ്ടില്‍ ചെളി തെറിപ്പിച്ച് കടന്നു പോയ ലോറിയെ നോക്കി 'എന്തൊരു സ്പീഡ്' എന്നതിശയപ്പെട്ട കൊടിയേറ്റം സിനിമയിലെ ശങ്കരന്‍ കുട്ടിയെ അനുസ്മരിച്ച് നമുക്കും അമ്പരക്കാം: 'എന്തൊരു വളര്‍ച്ച'. 


പ്രതിക്കൂട്ടില്‍ വാജ്‌പേയി സര്‍ക്കാരും 


സ്വകാര്യവത്കരണം അഴിമതിയ്ക്കുളള അവസരമാക്കുന്നതില്‍ നരസിംഹറാവു സര്‍ക്കാരിനെ പിന്‍ഗാമിയായ വാജ്‌പേയി സര്‍ക്കാര്‍ കടത്തിവെട്ടി. പൊതുസ്വത്തു വിറ്റുതുലയ്ക്കാന്‍ ആദ്യമായി ഒരു വകുപ്പുണ്ടാക്കിയത് ആ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്ന് മുന്‍അധ്യായത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ടെലികോം മേഖലയില്‍ ലൈസന്‍സ് ഫീയ്ക്കു പകരം സ്വകാര്യകമ്പനികളുമായി റവന്യൂ പങ്കിടുന്ന നയം ആവിഷ്‌കരിച്ചത് അടല്‍ ബിഹാരി വാജ്‌പേയി നേതൃത്വം നല്‍കിയ മന്ത്രിസഭയാണ്. ഇതുവഴി ഖജനാവിന് നഷ്ടപ്പെട്ടത് അമ്പതിനായിരം കോടി രൂപയാണെന്ന് സാക്ഷാല്‍ രത്തന്‍ ടാറ്റ പരസ്യമായി പ്രഖ്യാപിച്ചു. 2ജി സ്‌പെക്ട്രം കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് രത്തന്‍ ടാറ്റ പഴയ അഴിമതിയെക്കുറിച്ച് തുറന്നടിച്ചത് എന്നത് വേറെ. അരുണ്‍ ഷൂറിയുടെ നേതൃത്വത്തില്‍ നടന്ന വിഎസ്എന്‍എല്‍ സ്വകാര്യവത്കരണത്തട്ടിപ്പിന്റെ ഗുണഭോക്താവായിരുന്നു ടാറ്റ എന്നതും വിസ്മരിക്കരുത്. 


വിഎസ്എന്‍എല്‍ എന്ന പൊതുമേഖലാ കമ്പനിയ്ക്കായിരുന്നു 2002 വരെ ഇന്ത്യയുടെ അന്തര്‍ദേശീയ ടെലിഫോണ്‍ ശൃംഖലയുടെ കുത്തക. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായിരുന്നു വിഎസ്എന്‍എല്‍ (2000). നക്ഷത്രത്തിളക്കമുളള നേട്ടങ്ങള്‍ കൊയ്ത ഈ പൊതുസ്വത്ത് 2004ല്‍ അരുണ്‍ ഷൂറി തുച്ഛമായ വിലയ്ക്ക് ടാറ്റയ്ക്ക് തീറെഴുതിക്കൊടുത്തു. മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായതുകൊണ്ട് വേഗം സ്വകാര്യവത്കരിക്കാന്‍ കഴിയും എന്നായിരുന്നു ഷൂറി പറഞ്ഞ ന്യായം. 


ഓഹരികുംഭകോണത്തില്‍ കുപ്രസിദ്ധി നേടിയ കണ്‍സള്‍ട്ടന്റുമാരെ കൂട്ടുപിടിച്ചു കൊണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ പൊതുമേഖലാ കമ്പനികളെ വിറ്റുതുലച്ചത്. ബാല്‍ക്കോ വില്‍പനയ്ക്ക് ഓഹരിത്തട്ടിപ്പു വീരനായിരുന്ന ഹര്‍ഷദ് മേത്തയുടെ കൂട്ടാളി സ്റ്റെര്‍ലൈറ്റിനെയായിരുന്നു അരുണ്‍ ഷൂറി തിരഞ്ഞെടുത്തതെങ്കില്‍ വിഎസ്എന്‍എല്‍ വില്‍പനയില്‍ ആ സ്ഥാനത്ത് ക്രെഡിറ്റ് സ്വിസെ ഫസ്റ്റ് ബോസ്റ്റണ്‍ (Credit Suisse First Boston) എന്ന കുപ്രസിദ്ധമായ വിദേശ ധനകാര്യ സ്ഥാപനമെത്തി. ഇന്ത്യന്‍ ഓഹരിവിപണിയെ തകര്‍ത്ത കേതന്‍ പരേഖിന്റെ കൂട്ടാളിയായിരുന്നു ഈ സ്ഥാപനം. 


ഇന്ത്യ കണ്ട ഏറ്റവും വലിയ ഓഹരിക്കമ്പോള തട്ടിപ്പായിരുന്നു 1999-2001 കാലത്തു നടന്ന കേതന്‍ പരേഖ് കുംഭകോണം. ഈ തട്ടിപ്പില്‍ പൊലിഞ്ഞുതീര്‍ന്ന കോടികള്‍ എത്രയെന്നതിന് വ്യക്തമായ കണക്കില്ല. ഭീമമായ നഷ്ടം താങ്ങാനാവാതെ അസംഖ്യം നിക്ഷേപകര്‍ ആത്മഹത്യ ചെയ്തു. കേതന്‍ പരേഖ് - ക്രെഡിറ്റ് സ്വിസെ അച്ചുതണ്ടിനാണ് ഈ തട്ടിപ്പിന്റെ ഉത്തരവാദിത്തം എന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) കണ്ടെത്തുകയും ഓഹരി വിപണിയില്‍ ഇടപെടുന്നതിന് ഇരുകൂട്ടര്‍ക്കും അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു. കളളക്കളികള്‍ക്കും തട്ടിപ്പിനും അഴിമതിയ്ക്കും പേരുകേട്ട ഈ കറക്കുകമ്പനിയുമായി കൂട്ടുചേര്‍ന്നാണ് അരുണ്‍ ഷൂരി വിഎസ്എന്‍എല്‍ ടാറ്റയ്ക്കു വിറ്റത്. ഈയിടപാടില്‍ കാര്യങ്ങള്‍ നടന്നത് സുതാര്യമായല്ലെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും സി ആന്‍ഡ് എജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 


വില്‍പന സമയത്ത് 1600 കോടിയുടെ കാഷ് റിസര്‍വും മുന്‍വര്‍ഷത്തെ ലാഭമായ 1400 കോടിയുമടക്കം 3000 കോടി രൂപ റിസര്‍വ് ഉണ്ടായിരുന്ന വിഎസ്എന്‍എല്ലിന്റെ 45 ശതമാനം ഷെയറുകള്‍ വെറും 2590 കോടി രൂപയ്ക്കാണ് ടാറ്റയ്ക്കു വിറ്റത്. അതിനുമുമ്പു തന്നെ വിഎസ്എന്‍എല്ലിന്റെ ഏതാണ്ട് 50 ശതമാനം ഷെയറും ചില്ലറ വില്‍പന നടത്തിയിരുന്നു. അതിനാല്‍ 45 ശതമാനം ഓഹരി കൈയടക്കിയ ടാറ്റ മുഖ്യ ഉടമസ്ഥനും നടത്തിപ്പുകാരനുമായി. ടാറ്റ മുടക്കിയതിനെക്കാള്‍ അധികം തുക കമ്പനി വാങ്ങിയ നിമിഷം കാശായിത്തന്നെ അവര്‍ക്കു തിരിച്ചു കിട്ടി. 


മറ്റ് ആസ്തികളുടെ കൂടി കണക്കെടുത്താലോ? വിഎസ്എന്‍എല്ലിന്റെ ഏതാണ്ട് 20,000 കോടി രൂപയുടെ സ്വത്താണ് ടാറ്റയുടെ നിയന്ത്രണത്തില്‍ വന്നുചേര്‍ന്നത്. വിനിയോഗിക്കാത്ത ഭൂമി തന്നെ 667 ഏക്കറോളമുണ്ടായിരുന്നു. 2ജി സ്‌പെക്ട്രം കേസില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായപ്പോള്‍ കപില്‍ സിബല്‍ ഇത്രയും മിച്ചഭൂമി ടാറ്റയ്ക്ക് വെറുതേ കൊടുത്തു എന്ന ആരോപണം ഉന്നയിച്ചു. ടാറ്റയുടെ വക്താക്കള്‍ തിരിച്ചടിച്ചത് ഈ ഭൂമി കരാര്‍ പ്രകാരം സര്‍ക്കാരടക്കം മുന്‍ ഉടമസ്ഥന്മാര്‍ക്ക് അര്‍ഹതപ്പെട്ടതാണ് എന്നാണ്. അഞ്ചുവര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസുകാര്‍ ഈ ഭൂമി ഏറ്റെടുക്കാന്‍ എന്തു ചെയ്തു? വിഎസ്എന്‍എല്‍ ടാറ്റയ്ക്ക് കറവപ്പശുവായി. ടാറ്റയുടെ ടെലസ് സര്‍വീസസ് കമ്പനിയിലേയ്ക്ക് വിഎസ്എന്‍എല്‍ കരസ്ഥമാക്കിയ രണ്ടായിരം കോടി രൂപ ഏതാനും ആഴ്ചകള്‍ക്കുളളില്‍ കടത്തിക്കൊണ്ടുപോയി. 


ബിജെപി നേതാവ് പ്രമോദ് മഹാജന്‍ മന്ത്രിയായിരുന്നപ്പോഴാണ് ബിജെപിയുടെ അഴിമതി കൊടികുത്തിയത്. റിലയന്‍സ് ഇന്‍ഫോകോമിന് ലൈസന്‍സ് ഫീയില്‍ ഇളവു നല്‍കി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ മഹാജന്‍ അനുവാദം നല്‍കിയത് ട്രായിയുടെ നേരിട്ടുളള നിര്‍ദ്ദേശത്തെ ധിക്കരിച്ചുകൊണ്ടായിരുന്നു. അവസാനം ഭരണത്തില്‍ നിന്നിറങ്ങുന്നതിന് മുമ്പ് ഒന്നാം തലമുറ സ്‌പെക്ട്രം ലേലം ട്രായ് പറഞ്ഞിട്ട് ലേലം ചെയ്യാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം കൊടുത്ത് തുലച്ചിട്ടാണ് ഭരണം അവസാനിപ്പിച്ചത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന മാനദണ്ഡം ഉപയോഗിച്ച് ലേലം ഒഴിവാക്കി ടെലികോം സ്‌പെക്ട്രം വില്‍ക്കാന്‍ തീരുമാനിച്ചത് 2001ലെ ബിജെപി സര്‍ക്കാരാണ്. അക്കാലത്ത് 40 ലക്ഷം മൊബൈല്‍ ഫോണുകളേ ഉണ്ടായിരുന്നു. മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ പ്രചാരത്തില്‍ വന്നുകഴിഞ്ഞിരുന്നില്ലെന്നും ആവശ്യപ്പെട്ടവര്‍ക്കെല്ലാം കൊടുക്കാനുളള സ്‌പെക്ട്രം കൊടുക്കാനുണ്ടായിരുന്നുവെന്നുമൊക്കെയാണ് അന്ന് ബിജെപി ന്യായം പറഞ്ഞത്. പക്ഷേ, സുതാര്യമായ ലേലനടപടികള്‍ നടത്താതിരുന്നതിന് ഇതൊന്നും ന്യായീകരണമാകുന്നില്ല. ബിജെപിയുടെ കാലത്തെ ഈ കൊടിയ അഴിമതിയെക്കുറിച്ചുകൂടി പി സി ചാക്കോ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നതോടെ സ്‌പെക്ട്രം അഴിമതിയുടെ കുരുക്കില്‍ ബിജെപിയും അകപ്പെടും. 


ദയാനിധി മാരന്റെ എയര്‍സെല്‍ കുംഭകോണം

വാജ്‌പേയ് സര്‍ക്കാരിനെ തുടര്‍ന്നുവന്ന ഒന്നാം യുപിഎ സര്‍ക്കാരില്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്തത് ഡിഎംകെ നേതാവ് കരുണാനിധിയുടെ ചെറുമകനും മുരശൊലി മാരന്റെ മകനുമായ ദയാനിധി മാരനാണ്. മുന്‍ഗാമികള്‍ പിന്തുടര്‍ന്ന നയങ്ങളും നടപടിക്രമങ്ങളും അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് മാരന്റെയും വാദം. 


ഇന്ത്യയിലെ ടെലികോം മേഖലയുടെ സുവര്‍ണകാലം ദയാനിധി മാരന്റെ ഭരണകാലം എന്നാണ് അറിയപ്പെടുന്നത്. ടെലികോം മേഖലയിലെ വിദേശ നിക്ഷേപം 49ല്‍ നിന്ന് 74 ശതമാനമായി ഉയര്‍ന്നു. മൊബൈല്‍ ഫോണുകളുടെ എണ്ണം കുതിച്ചുയരാന്‍ തുടങ്ങി. കൂടുതല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് കൊടുത്തു. ഫോണ്‍ നിരക്കുകളാവട്ടെ, കുത്തനെ കുറഞ്ഞു. ഡിഫന്‍സിന്റെ കൈയില്‍ ഉപയോഗിക്കാതിരുന്ന സ്‌പെക്ട്രം വാണിജ്യാവശ്യങ്ങള്‍ക്കു കൈമാറുന്നതിന് നയപരമായ തീരുമാനമെടുപ്പിച്ചു. 


പുതിയ മൊബൈല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കി എന്നു പറഞ്ഞുവല്ലോ. ലൈസന്‍സിനോടൊപ്പം കമ്പനി തുടങ്ങാന്‍ അത്യാവശ്യം കുറച്ചു സ്‌പെക്ട്രം മാത്രമേ നല്‍കുകയുളളൂ. ബാക്കി ആവശ്യമുളള സ്‌പെക്ട്രം പിന്നീട് വില കൊടുത്തു വാങ്ങും. ഇതാണ് രീതി. സ്‌പെക്ട്രം വില്‍പനയ്ക്കുളള ചര്‍ച്ചകള്‍ മാരന്‍ ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. സ്‌പെക്ട്രം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതിനു വേണ്ടി പ്രതിരോധം, ധനം, ടെലികോം, ഐടി മന്ത്രിമാരുടെ ഒരു സമിതിയുണ്ടാക്കി. സ്‌പെക്ട്രത്തിന്റെ വില നിര്‍ണയിക്കുന്നതിനുളള അധികാരവും ഈ സമിതിയ്ക്കു നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതില്‍ മാരന്‍ ശക്തമായി പ്രധാനമന്ത്രിയോട് പ്രതിഷേധിച്ചു. ടെലികോം വകുപ്പിന്റെ അധികാരം മന്ത്രിസഭാ ഉപസമിതി ഏറ്റെടുക്കുന്നത് ശരിയല്ല എന്നായിരുന്നു വാദം. ട്രായിയുടെയും ടെലികോം കമ്മിഷന്റെയും ഉപദേശമനുസരിച്ച് അന്തിമതീരുമാനമെടുക്കാനുളള അവകാശം മാരന്‍ പ്രധാനമന്ത്രിയില്‍ നിന്ന് നേടി. 


ദയാനിധി മാരനാവട്ടെ, ട്രായിയുടെയും ടെലികോം കമ്മിഷനെയും നോക്കുകുത്തിയാക്കി വില നിര്‍ണയം സംബന്ധിച്ച തീരുമാനമെടുത്തു. ലേലം വിളിക്കാതെ 2001ലെ വിലയ്ക്കു തന്നെ ഇഷ്ടക്കാര്‍ക്ക് സ്‌പെക്ട്രം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ മാരനു കഴിഞ്ഞില്ല. അതിനു മുമ്പ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കരുണാനിധി കുടുംബത്തിലെ മൂപ്പിളമ തര്‍ക്കത്തില്‍ അഴഗിരിയ്‌ക്കെതിരെ ദിനകരന്‍ പത്രത്തില്‍ വന്ന വാര്‍ത്തയില്‍ പ്രതിഷേധിച്ച് അഴഗിരിയുടെ അനുയായികള്‍ മധുരയില്‍ കലാപത്തിനിറങ്ങി. പത്രമോഫീസ് കത്തിച്ചു. മൂന്നു ജീവനക്കാര്‍ കൊല്ലപ്പെട്ടു. മാരന്‍ കുടുംബത്തിനെതിരെ കരുണാനിധിയുടെ രോഷം കത്തിക്കാളി. അങ്ങനെ ദയാനിധി മാരന്റെ സ്ഥാനത്ത് ആണ്ടിമുത്തു രാജ മന്ത്രിയായി. 


പക്ഷേ, സ്ഥാനമൊഴിയുന്നതിനു മുമ്പ് കുറച്ചു സ്‌പെക്ട്രം കച്ചവടം മാരനും നടത്തി. അതില്‍ ഒരു വില്‍പന എയര്‍സെല്‍ കമ്പനിയ്ക്കായിരുന്നു. 14 സര്‍ക്കിളുകളിലേയ്ക്കുളള സ്‌പെക്ട്രമാണ് 2001ലെ വിലയ്ക്ക് ഇവര്‍ക്കു വിറ്റത്. എയര്‍സെല്‍ ആകെ സര്‍ക്കാരിന് അടച്ചത് 1399 കോടി രൂപയാണ്. എന്നാല്‍ രാജയുടെ അഴിമതി അളക്കുന്നത് സിഎജി അടിസ്ഥാനമാക്കിയ മാനദണ്ഡം അനുസരിച്ച് ഈ സ്‌പെക്ട്രത്തിന്റെ മൂല്യം 22,000 കോടി രൂപയാണ്. മാരന്റെ പിന്‍ഗാമിയായ രാജയുടെ അഴിമതി അന്വേഷിക്കുന്നതിനിടെയാണ് മാരന്റെ കൊളള പുറത്തുവന്നത്. 


ടെലികോം രംഗത്തെ ഭീമന്മാര്‍ ടാറ്റയും റിലയന്‍സും മറ്റുമായിരുന്നു. ടാറ്റയുമായുളള മാരന്റെ തര്‍ക്കം കേബിള്‍ നെറ്റ്‌വര്‍ക്ക് സംബന്ധിച്ചായിരുന്നു. ടാറ്റയും മര്‍ഡോക്കിന്റെയും കൂട്ടുടമസ്ഥതയിലുളള ടാറ്റ സ്‌കൈ തമിഴ്‌നാട്ടിലെ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ കമ്പോളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചു. മാരന്റെ സഹോദരന്‍ കലാനിധി മാരനാണ് സണ്‍ നെറ്റ്‌വര്‍ക്കിന്റെ ഉടമസ്ഥന്‍. തമിഴ്‌നാട്ടിലേയ്ക്ക് ടാറ്റ കടക്കുന്നതിന് കൂട്ടുപിടിച്ച എയര്‍സെല്‍ കമ്പനിയെയായിരുന്നു. ഒരു ഘട്ടത്തില്‍ ടാറ്റ സ്‌കൈയുടെ 33 ശതമാനം ഷെയറുകള്‍ വാങ്ങാന്‍ ഒരു വിഫലശ്രമവും മാരന്‍ നടത്തി. അപ്പോള്‍ അടവു മാറ്റി എയര്‍സെല്‍ തന്നെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ടാറ്റയ്‌ക്കെതിരെ വളര്‍ത്താനായിരുന്നു മാരന്റെ ശ്രമം. തമിഴ്‌നാട്ടില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന എയര്‍സെല്‍ ഇന്ന് ഏതാണ്ട് 40,000 കോടി രൂപയുടെ വിറ്റുവരവുളള ഇന്ത്യയിലെ എട്ടാമത് ടെലികോം കമ്പനിയായി വളര്‍ന്നു കഴിഞ്ഞു.


ദയാനിധി മാരന്‍ ടെലികോം മന്ത്രിയായി ചാര്‍ജെടുക്കുന്നതിന് നാലു മാസം മുമ്പാണ് സി. ശിവശങ്കരന്‍ മലേഷ്യക്കാരന്‍ മുതലാളി തമിഴ്‌നാട്ടില്‍ എയര്‍സെല്‍ എന്ന മൊബൈല്‍ കമ്പനി ആരംഭിച്ചത്. ദയാനിധി മാരന്റെ പിതാവ് മുരശൊലി മാരന്റെ വിശ്വസ്തനായിരുന്നു ശിവശങ്കരന്‍. മിന്നല്‍വേഗത്തില്‍ എയര്‍സെല്‍ തമിഴ്‌നാട് കീഴടക്കി. ഒറ്റവര്‍ഷം കൊണ്ട് തങ്ങളുടെ പ്രധാന എതിരാളികളായ ആര്‍പിജി സെല്ലുലാര്‍ എന്ന റിലയന്‍സ് കമ്പനി അവര്‍ വിലയ്ക്ക് വാങ്ങി. അങ്ങനെ 2.2 ദശലക്ഷം വരിക്കാര്‍ എയര്‍സെല്ലിന് സ്വന്തമായി. എന്നാല്‍ എയര്‍സെല്ലും ടാറ്റയുമായി കൈകോര്‍ത്തതോടെ മാരന്‍ കുടുംബവുമായുളള ബന്ധം മുറിഞ്ഞു. 


എയര്‍സെല്‍ കമ്പനിയെത്തന്നെ വിലയ്‌ക്കെടുക്കാന്‍ മാരന്‍ തീരുമാനിച്ചു. ലൈസന്‍സിനും സ്‌പെക്ട്രത്തിനുമുളള അപേക്ഷകള്‍ മനപ്പൂര്‍വം വെച്ചുതാമസിപ്പിച്ച് ഈ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കി. ശിവശങ്കരന്‍ പതിമൂന്നു തവണ അപേക്ഷ നല്‍കിയിട്ടും ഓരോരോ മുട്ടാപ്പോക്കുകള്‍ ഉന്നയിച്ച് ദയാനിധി മാരന്‍ അവര്‍ക്ക് ലൈസന്‍സ് നിഷേധിച്ചു. പല ഉപായങ്ങളും കണ്ടുപിടിച്ച് കമ്പനിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കാനും മാരന്‍ തയ്യാറായി. ഗത്യന്തരമില്ലാതെ എയര്‍സെല്‍ കമ്പനിയുടെ ഷെയറുകള്‍ മാരന്‍ പറഞ്ഞവര്‍ക്കു വില്‍ക്കാനും പുതിയൊരു കമ്പനി ആരംഭിക്കാനും ശിവശങ്കരന്‍ നിര്‍ബന്ധിതനായി. 


മലേഷ്യയിലെ മാക്‌സിം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും ഡോ. പ്രദീപ് സി റെഡ്ഡിയുടെ ഉടമസ്ഥതയിലുളള അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിനും 4700 കോടി രൂപയ്ക്ക് ശിവശങ്കരന്‍ തന്റെ ഓഹരികള്‍ വിറ്റു. ശ്രീലങ്കയിലെ തമിഴ് വംശജനായ ടി. അനന്തകൃഷ്ണനാണ് മാക്‌സിം കമ്പനിയുടെ ഉടമസ്ഥന്‍. മാക്‌സിം കമ്പനിയില്‍ മാരന്‍ കുടുംബത്തിനും പങ്കുണ്ടെന്നാണ് സംസാരം. ഇപ്പോള്‍ എയര്‍സെല്ലിന്റെ എണ്‍പതുശതമാനത്തോളം ഷെയര്‍ മാക്‌സിം കമ്പനിയ്ക്കാണ്. ബാക്കി പ്രദീപ് റെഡ്ഡിയ്ക്കും. അവരാണ് ഏറ്റവും കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കിയത്. അത്യപൂര്‍വമായ ഹൃദ്രോഗത്തിന് അടിമപ്പെട്ട മുരശൊലി മാരന്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തുടങ്ങിയതു മുതലാണ് ഡോ. പ്രദീപ് റെഡി മാരന്‍ കുടുംബത്തിന്റെ സുഹൃത്തായത്. 


എയര്‍സെല്ലിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസുകള്‍ 2006 മെയ് 16ന് ഒറ്റയടിക്ക് പിന്‍വലിക്കപ്പെട്ടു. പതിനാലു സര്‍ക്കിളുകളിലേയ്ക്ക് എയര്‍സെല്ലിന് 2ജി സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ചു. ശിവശങ്കരന്റെ കാലത്ത് ചെന്നൈ മെട്രോ സര്‍ക്കിള്‍, തമിഴ്‌നാട് സര്‍ക്കിള്‍ എന്നീ രണ്ടു സര്‍ക്കിളുകളിലേയ്ക്കു മാത്രമാണ് 2004ല്‍ അവര്‍ അപേക്ഷ നല്‍കിയിരുന്നത് എന്നോര്‍ക്കുക. വെറും 9 ദിവസംകൊണ്ട് (2006 നവംബര്‍ 20നും 29നും ഇടയ്ക്ക്) എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അവര്‍ക്ക് ലൈസന്‍സ് അനുവദിച്ചു. 75 ശതമാനം മാത്രമേ വിദേശനിക്ഷേപം പാടുളളൂവെന്ന നിബന്ധനയുണ്ട്. പക്ഷേ, റെഡ്ഡിയുടെ കമ്പനിയുടെ നിയന്ത്രണവും അനന്തകൃഷ്ണന്‍ ഗ്രൂപ്പിനായിരുന്നുവെന്ന് പിന്നീടു തെളിഞ്ഞു. ഇതു രണ്ടും കൂടി കണക്കിലെടുത്താല്‍ എയര്‍സെല്ലിന്റെ 99 ശതമാനം നിയന്ത്രണം തങ്ങള്‍ക്കുണ്ടെന്നാണ് മാക്‌സിം കമ്പനി മലേഷ്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു മുന്നില്‍ വെളിപ്പെടുത്തിയത്. മാക്‌സിം കമ്പനിയില്‍ മാരനും ഓഹരിയുണ്ട് എന്നും ആരോപണമുണ്ട്. എന്നാലിതിന് തെളിവു ലഭിച്ചിട്ടില്ല. 


കൃത്യമായ തെളിവുകള്‍ ലഭിച്ച ഒരഴിമതിയുടെ പേരിലാണ് മാരനെതിരെ സിബിഐ കേസെടുത്തത്. എയര്‍സെല്ലിന്റെ ഷെയറുകള്‍ കരസ്ഥമാക്കിയ മാക്‌സിം കമ്പനി 700 കോടി രൂപയാണ് കലാനിധി മാരന്റെ സണ്‍ ടിവിയില്‍ ഷെയറുകള്‍ വാങ്ങാന്‍ മുടക്കിയത്. അതിഭീമമായ പ്രീമിയം വിലയ്ക്കാണ് ഷെയറുകള്‍ വാങ്ങിയത്. ഇതുകാരണം മാരന്‍ കുടുംബത്തിന് സണ്‍ നെറ്റ്#വര്‍ക്കിന്റെ ഉടസ്ഥതയില്‍ ഷെയര്‍ കുറഞ്ഞതു നികത്താന്‍ മുഖവിലയ്ക്ക് പുതിയ ഷെയറുകള്‍ കുടുംബാംഗങ്ങള്‍ക്കു നല്‍കി. അങ്ങനെ മാരന്‍ കുടുംബത്തിന് സണ്‍ നെറ്റ്‌വര്‍ക്കില്‍ 80 ശതമാനം ഷെയറുകള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തി. ചുരുക്കത്തില്‍ സണ്‍ ടിവിയ്ക്ക് ഭീമമായ തുക സംഭാവനയായി മാക്‌സിം നല്‍കി എന്നു പറയാം. മൗറീഷ്യസിലെ ഏതെല്ലാം കമ്പനികള്‍ വഴിയാണ് പണം ഇവിടെ എത്തിയത് തുടങ്ങിയവയെല്ലാം ഇന്ന് വെളിപ്പെട്ടു കഴിഞ്ഞു. 


യഥാര്‍ത്ഥത്തില്‍ മാരന്‍ ഉണ്ടാക്കിയെടുത്ത ഒരു അഴിമതി ബിസിനസ് മോഡല്‍ വികസിപ്പിക്കുകയായിരുന്നു പിന്‍ഗാമിയായ രാജ ചെയ്തത്. 2ജി സ്‌പെക്ട്രം അഴിമതി അതാണ് തെളിയിക്കുന്നത്. 


2ജി സ്‌പെക്ട്രം : വെട്ടിപ്പിന്റെ വഴി 


2007 മെയില്‍ ഡിഎംകെ പ്രതിനിധി ആണ്ടിമുത്തു രാജ ടെലികോം വകുപ്പിന്റെ കാബിനറ്റ് മന്ത്രിയായി. ഇതിനു മുമ്പ് രണ്ടുതവണ സഹമന്ത്രിയായി. 2009ല്‍ വീണ്ടും ടെലികോം മന്ത്രിയായതിനു പിന്നില്‍ നടന്ന ഉപജാപങ്ങള്‍ നീരാ റാഡിയ ടേപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്കു വേണ്ടി രാഷ്ട്രീയ ഭരണനേതൃത്വങ്ങളെ സ്വാധീനിക്കുന്നതിന് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ലോബിയിസ്റ്റാണ് നീരാ റാഡിയ. ഇന്‍കം ടാക്‌സ് വകുപ്പ് അവരുടെ ഫോണ്‍ ചോര്‍ത്തി. ഈ രേഖകള്‍ ഓപ്പണ്‍, ഔട്ട്‌ലുക്ക് എന്നീ ഇംഗ്ലീഷ് മാസികകള്‍ പുറത്തുവിട്ടു. നമ്മുടെ രാജ്യത്തിന്റെ ഭരണം കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്നത് എങ്ങനെയാണ് എന്നതിന് ഒരു സാധനപാഠമാണ് നീരാ റാഡിയ ടേപ്പുകള്‍. നിയുക്ത ടെലികോം മന്ത്രി രാജയോട് നിരന്തരം സമ്പര്‍ക്കം അവര്‍ പുലര്‍ത്തുന്നുണ്ട്. രാജയെ മന്ത്രിയാക്കുന്നതിനു വേണ്ടി കനിമൊഴിയടക്കമുളളവര്‍ നടത്തുന്ന കരുനീക്കങ്ങള്‍ ഈ ടേപ്പിലൂടെ ചുരുളഴിഞ്ഞു. 'അവന്‍ നമ്മുടെ പയ്യനാണ്'' എന്നാണ് അനില്‍ അംബാനിയോട് നീരാ റാഡിയ രാജയെക്കുറിച്ച് വീമ്പിളക്കുന്നത്. നിക്ഷിപ്ത താല്‍പര്യക്കാര്‍ രാജയെ ടെലികോം മന്ത്രിയായി അവരോധിച്ചതു തന്നെ കൃത്യമായ ഉന്നങ്ങള്‍ മനസില്‍ വെച്ചുകൊണ്ടായിരുന്നു. 


2007 ആഗസ്റ്റില്‍ പുതിയ ടെലികോം ലൈസന്‍സുകള്‍ നല്‍കുന്നതിനും 2ജി സ്‌പെക്ട്രം വില്‍ക്കുന്നതിനുമുളള നടപടികള്‍ ആരംഭിച്ചു. വളരെ സൂക്ഷ്മതയോടെയാണ് രാജ കരുക്കള്‍ നീക്കിയത്. ലേലം വിളിക്കാതെ 2001ലെ വിലയ്ക്കു തന്നെ സ്‌പെക്ട്രം വില്‍ക്കാനുളള ട്രായിയുടെ സമ്മതം കരസ്ഥമാക്കി. എന്നാല്‍ 2007ല്‍ അത് 40 കോടിയായി ഉയര്‍ന്നു. 2001ലെ വിലയ്ക്ക് വില്‍ക്കാനുളള തീരുമാനം പുതിയ സാഹചര്യത്തില്‍ അസംബന്ധമായിരുന്നു എന്ന അഭിപ്രായമായിരുന്നു ഫിനാന്‍സ് സെക്രട്ടറിയ്ക്ക്. 2001ല്‍ ലേലം വിളിക്കാതെ സ്‌പെക്ട്രം വില്‍ക്കുന്നിനെതിരെ അദ്ദേഹമെഴുതിയ നിശിതമായ കുറിപ്പിനെക്കുറിച്ച് രാജയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെയും മറ്റു സ്ഥിരാംഗങ്ങളല്ലാത്തവരെയും ഒഴിവാക്കി ടെലികോം കമ്മിഷന്റെ യോഗം വിളിച്ച് ഈ നിര്‍ദ്ദേശത്തിന് അംഗീകാരം വാങ്ങി. സര്‍ക്കാരിന്റെ ബിസിനസ് നടപടിക്രമമനുസരിച്ച് ധനമന്ത്രി അറിയാതെ ഇത്ര സുപ്രധാനമായ തീരുമാനം എടുക്കാന്‍ പാടില്ല. മന്ത്രിമാരുടെ കാബിനറ്റ് സബ്കമ്മിറ്റി ധനകാര്യവകുപ്പുമായി ചര്‍ച്ച ചെയ്യണമെന്നും തീരുമാനിച്ചിരുന്നു. ഇതെല്ലാം ധിക്കരിച്ചാണ് സ്വന്തം വകുപ്പിലെ പ്രതിനിധികള്‍ മാത്രം ഹാജരായ കമ്മിഷനെക്കൊണ്ട് തീരുമാനമെടുപ്പിച്ചത്. 


ഈ ഘട്ടത്തില്‍ (2007 നവംബറില്‍) സ്‌പെക്ട്രത്തിന്റെ വില്‍പന സുതാര്യവും നീതിപൂര്‍വവുമായി നടക്കണം എന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി തന്നെ രാജയ്ക്ക് കത്തെഴുതി. പ്രധാനമന്ത്രിയ്ക്ക് രാജ നല്‍കിയ മറുപടി കൗതുകകരമായിരുന്നു. 2001ലേതിനെക്കാള്‍ കൂടിയ വിലയ്ക്ക് ലേലം വിളിച്ച് സ്‌പെക്ട്രം നല്‍കിയാല്‍ അത് പുതിയ സംരംഭകരോടുളള വിവേചനവും അനീതിയുമായിരിക്കുമത്രേ! മുഴുവന്‍ നടപടിക്രമങ്ങളും കാബിനറ്റ് സബ്കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാമെന്ന് ഈ ഘട്ടത്തില്‍ നിയമമന്ത്രി നിര്‍ദ്ദേശിച്ചു. നിയമവകുപ്പ് എതിരായതിനാല്‍ വകുപ്പിലേയ്ക്ക് ഫയല്‍ അയയ്ക്കുന്നതിനു പകരം അറ്റോര്‍ണി ജനറല്‍ വാഹനവതിയ്ക്ക് നേരിട്ടു ഫയലയച്ച് നിയമോപദേശം തേടി. നിയമമന്ത്രിയുടെ അഭിപ്രായം വ്യത്യസ്തമാണെന്ന് അറിഞ്ഞിട്ടും രാജയുടെ നിര്‍ദ്ദേശങ്ങള്‍ക്കു സമ്മതം മൂളി ഫയലില്‍ ഒപ്പിട്ടു. പിന്നെ രാജ ആര്‍ക്കു വേണ്ടിയും കാത്തു നിന്നില്ല. 


2010 ജനുവരി 10ന് അറ്റോര്‍ണി ജനറലിന്റെ പിന്തുണയോടെ പത്രക്കുറിപ്പിലൂടെ സ്‌പെക്ട്രം വില്‍പനയുടെ നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്തി. ഈ പത്രക്കുറിപ്പിലാണ് ഏറ്റവും വലിയ തട്ടിപ്പു നടന്നത്. 2007 സെപ്തംബര്‍ 25ന് ഇറക്കിയ പത്രക്കുറിപ്പില്‍ 2007 ഒക്‌ടോബര്‍ ഒന്നു വരെ സ്‌പെക്ട്രത്തിനുളള അപേക്ഷകള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. അങ്ങനെ 575 അപേക്ഷകളാണ് ലഭിച്ചത്. പക്ഷേ, പുതിയ പത്രക്കുറിപ്പില്‍ ആദ്യത്തെ പത്രക്കുറിപ്പിറങ്ങിയ സെപ്തംബര്‍ 25 അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ 343 പേര്‍ ടെന്‍ഡറില്‍ നിന്നും പുറത്തായി. എന്തുകൊണ്ട് സെപ്തംബര്‍ 25ന് എന്ന തീയതി അവസാന ദിവസമായി നിശ്ചയിക്കപ്പെട്ടു? രാജ ഇതിന് വ്യക്തമായ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. അവസാന തീയതി പ്രഖ്യാപിച്ചു പത്രക്കുറിപ്പിറക്കിയ ദിവസം തന്നെ അവസാന തീയതിയാക്കി മാറ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കാരണം ഇന്നല്ലെവര്‍ക്കുമറിയാം. രാജയുടെ വേണ്ടപ്പെട്ടവരെല്ലാം അപേക്ഷ അന്നേ കൊടുത്തു കഴിഞ്ഞിരുന്നു. പിന്നീട് സിബിഐ കേസില്‍ പ്രതിയായ യൂണിടെക് കമ്പനി സെപ്തംബര്‍ 24നാണ് അപേക്ഷ നല്‍കിയത്. ടെലികോം സേവനദാതാക്കളുടെ എണ്ണത്തിന് ഒരു നിയന്ത്രണവും പാടില്ല എന്ന ട്രായിയുടെ നിര്‍ േദ്ദശത്തെ ഇതിലൂടെ രാജ കാറ്റില്‍ പറത്തി. തങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലുമൊന്ന് തളളിക്കളയുകയാണെങ്കില്‍ വീണ്ടും തങ്ങളെ സമീപിക്കണമെന്ന ട്രായിയുടെ നിബന്ധന. എന്നാല്‍ രാജ ഇതും അവഗണിച്ചു. 


അപേക്ഷയുടെ അവസാന തീയതി മാറ്റിയതോടെ 343പേര്‍ മത്സരത്തില്‍ നിന്ന് ഒഴിവായി. പക്ഷേ, അപ്പോഴും 183 അപേക്ഷകള്‍ ബാക്കിയുണ്ടായിരുന്നു. തന്റെ ഇഷ്ടക്കാര്‍ക്കു തന്നെ ലൈസന്‍സ് കിട്ടും എന്നുറപ്പാക്കാന്‍ എന്തുവഴി? ജനുവരി 10ന്റെ പത്രക്കുറിപ്പില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം ലൈസന്‍സ് എന്ന നയത്തിന് രാജ ഒരു പുനര്‍വ്യാഖ്യാനം നല്‍കി. അപേക്ഷകള്‍ തൃപ്തികരമാണെങ്കില്‍ അവര്‍ക്കെല്ലാം ലെറ്റര്‍ ഓഫ് ഇന്‍ഡെന്റ് നല്‍കും. ലെറ്റര്‍ ഓഫ് ഇന്‍ഡെന്റില്‍ പറയുന്ന നിബന്ധനകള്‍ ആദ്യം ആരു പാലിക്കുമോ അവര്‍ക്കാവും ലൈസന്‍സ് കിട്ടുക. ബാങ്കു ഗ്യാരണ്ടി, ഡെപ്പോസിറ്റ് ഫീ, കമ്പനി സംബന്ധിച്ച ചില രേഖകള്‍ എന്നിവ ഈ ഘട്ടത്തില്‍ സമര്‍പ്പിക്കണമായിരുന്നു. ഇവയൊക്കെ ഏതാനും മണിക്കൂറുകള്‍ കൊണ്ട് രാജയുടെ ഇഷ്ടക്കാര്‍ 'ആദ്യം' സമര്‍പ്പിക്കുകയും ലൈസന്‍സ് നേടുകയും ചെയ്തു. അതുവരെ നിലനിന്ന ആദ്യ അപേക്ഷകര്‍ക്ക് ആദ്യ ലൈസന്‍സ് എന്ന നയം ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ലെറ്റര്‍ ഓഫ് ഇന്‍ഡെന്റ് നല്‍കിയപ്പോള്‍ നിബന്ധനകള്‍ പാലിക്കാന്‍ 15 ദിവസം നല്‍കിയിരുന്നു. ആ നിബന്ധനകള്‍ പാലിക്കുന്നവരില്‍ നിന്ന് ആദ്യം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ആദ്യം ലൈസന്‍സ് കൊടുത്തു. ഈ നയമാണ് ഒരു പത്രക്കുറിപ്പിലൂടെ അറ്റോര്‍ണി ജനറലിന്റെ പിന്തുണയോടെ രാജ അട്ടിമറിച്ചത്. 


അങ്ങനെ 18 കമ്പനികള്‍ക്കായി 122 2ജി സൈലന്‍സുകള്‍ വില്‍ക്കപ്പെട്ടു. സിഎജി റിപ്പോര്‍ട്ടു പ്രകാരം 85 ലൈസന്‍സ് കിട്ടിയ 13 കമ്പനികള്‍ക്ക് മിനിമം യോഗ്യത ഇല്ലായിരുന്നു. ഈ കമ്പനികളില്‍ ചെന്നൈയിലെ യൂണിടെക് ബില്‍ഡേഴ്‌സ് പോലുളള ഭൂരിപക്ഷം കമ്പനികളും ടെലികോമുമായി യാതൊരു ബന്ധവുമില്ലാത്ത റിയല്‍ എസ്റ്റേറ്റ് കമ്പനികളും മറ്റുമായിരുന്നു. ട്രായിയുടെ നിബന്ധന പ്രകാരം കമ്പനിയുടെ ബൈലോ പ്രകാരം ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കണമായിരുന്നു. സ്വാന്‍ ടെലികോമിനെപ്പോലുളള കമ്പനികള്‍ സമീപകാലത്ത് ആരംഭിച്ചവ മാത്രമായിരുന്നു. ഈ ഇടപാടിലൂടെ രാജയ്ക്കും കൂട്ടര്‍ക്കും എന്തു നേട്ടമുണ്ടായി, രാജ്യത്തിന് എന്തു നഷ്ടമുണ്ടായി, കമ്പനികള്‍ക്ക് എന്തു ലാഭമുണ്ടായി? 


പൊതുസ്വത്തിന്റെ കൊളള 


മേല്‍പറഞ്ഞ ഇടപാടിലൂടെ രാജ്യത്തിനുണ്ടായ നഷ്ടമെത്ര എന്നു കണക്കാക്കുക പ്രയാസമാണ്. നിലവിലുണ്ടായിരുന്ന നിയമപ്രകാരം സുതാര്യമായ രീതിയില്‍ സ്‌പെക്ട്രം വിറ്റിരുന്നുവെങ്കില്‍ മൊത്തം 1.85 ലക്ഷം കോടി രൂപ കിട്ടുമായിരുന്നു. എന്നാല്‍ രാജയ്ക്ക് വില്‍പനയിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞത് 9000 കോടി രൂപ മാത്രമാണ്. അങ്ങനെ 1.76 ലക്ഷം കോടി രാജ്യത്തിനു നഷ്ടപ്പെട്ടു എന്നാണ് സി ആന്‍ഡ് എജിയുടെ കണക്ക്. ഇതിന് സി ആന്‍ഡ് എജി ആധാരമാക്കിയത് 2010ല്‍ 3ജി സ്‌പെക്ട്രം ലേലം ചെയ്തപ്പോള്‍ ലഭിച്ച വിലയാണ്. 


രാജ ഇതിനെ പുച്ഛിച്ചു തളളി. ബസുമതി അരിയും റേഷനരിയും തമ്മിലുളള വ്യത്യാസമാണ് 2ജി സ്‌പെക്ട്രവും 3ജി സ്‌പെക്ട്രവും തമ്മിലുളളത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇത് രാജയുടെ വിവരമില്ലായ്മ മാത്രമാണ് വെളിപ്പെടുത്തുന്നത്. 2ജി ആയാലും 3ജി ആയാലും സ്‌പെക്ട്രം ഒന്നു തന്നെ. കൂടുതല്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്‌പെക്ട്രത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ട്രായ് ആകട്ടെ, 3000 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നേട്ടമുണ്ടായി എന്ന അവകാശവാദം പോലുമുന്നയിച്ചു. 


പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം നഷ്ടം വെറും മനക്കണക്ക് മാത്രമാണെന്നായിരുന്നു. 3ജി സ്‌പെക്ട്രത്തിന്റെ വിലയ്ക്ക് വിറ്റിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന തുകയില്‍ നിന്ന് ഉണ്ടായിട്ടുളള ഇടിവിനെ നഷ്ടമെന്നു വിശേഷിപ്പിക്കാന്‍ പറ്റില്ല. അദ്ദേഹം ഇതിനെ ുൃലൗൊുശേ്‌ല ഹീ ൈഅഥവാ ആനുമാനിക നഷ്ടം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയില്‍നിന്നും കുഴിച്ചെടുത്ത് സംസ്‌ക്കരിച്ച് ഇന്ത്യയില്‍ വില്‍ക്കുന്ന എണ്ണയുടെ വില പോലും വിദേശവിലയെക്കാള്‍ കുറവാണെങ്കില്‍ അതു നഷ്ടമായി കണക്കാക്കി പെട്രോള്‍ വില വര്‍ദ്ധിപ്പിക്കാന്‍ നടക്കുന്ന പ്രധാനമന്ത്രിയാണ് ഇതു പറഞ്ഞതെന്ന് ഓര്‍ക്കണം. 


എണ്ണയ്ക്കും വളത്തിനും മറ്റും സബ്‌സിഡി നല്‍കുമ്പോഴും വലിയ തോതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകും എന്ന വിചിത്രമായ ന്യായവും പ്രധാനമന്ത്രി ഒരു സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി. ഒരുപക്ഷേ, അദ്ദേഹം ഉദ്ദേശിച്ചത് സ്‌പെക്ട്രത്തിന് കൃത്യമായ കമ്പോളവില വാങ്ങാതിരുന്നത് ഉപഭോക്താക്കള്‍ക്കുളള സബ്‌സിഡിയായി കരുതണം എന്നായിരിക്കാം. കപില്‍ സിബലാണ് ഈ സിദ്ധാന്തം ഏറ്റവും കൂടുതല്‍ വിശദീകരിച്ചു നടന്നത്. മൊബൈല്‍ ചാര്‍ജുകള്‍ താഴ്ന്നിരിക്കുന്നത് വില കുറച്ചു സ്‌പെക്ട്രം വിറ്റതു കൊണ്ടാണെന്നും നഷ്ടമെന്നു പറയുന്നത് യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കളുടെ നേട്ടമാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 


കപില്‍ സിബല്‍ മറച്ചുവെച്ചത്, ലൈസന്‍സു കിട്ടിയവര്‍ അതു മറിച്ചു വിറ്റുണ്ടാക്കിയ ലാഭമാണ്. ഉദാഹരണത്തിന് സ്വാന്‍ ടെലികോം ഒരു കടലാസ് കമ്പനി മാത്രമായിരുന്നു. 1537 കോടി രൂപ കൊടുത്തു വാങ്ങിയ ലൈസന്‍സ് അല്ലാതെ മറ്റൊന്നും ആസ്തിയായി ഈ കമ്പനിയ്ക്കില്ല. 2008 സെപ്തംബറില്‍ സ്വാന്‍ ടെലികോം തങ്ങളുടെ 45 ശതമാനം ഷെയറുകള്‍ ദുബായിലെ എറ്റിസ്അലാട്ടിന് 4200 കോടിയ്ക്ക് വിറ്റു. 1651 കോടി രൂപയുടെ ലൈസന്‍സ് അല്ലാതെ മറ്റു പറയത്തക്കതൊന്നും സ്വന്തമായി ഇല്ലാതിരുന്ന യൂണിടെക് വയര്‍ലെസ് അവരുടെ 60 ശതമാനം ഷെയറുകള്‍ നോര്‍വെയിലെ ടെലിനോറിന് 6200 കോടി രൂപയ്ക്കാണ് വിറ്റത്. ടാറ്റാ ടെലിസര്‍വീസുകള്‍ തങ്ങളുടെ 27 ശതമാനം ഷെയറുകള്‍ ജപ്പാനിലെ ഡോകോമോയ്ക്ക് 13230 കോടി രൂപയ്ക്കാണ് വിറ്റത്. മാര്‍ക്കറ്റ് വിലയുടെ ഏഴിലൊന്നു മുതല്‍ പത്തിലൊന്നു വരെയുളള വിലയ്ക്കാണ് സ്‌പെക്ട്രം വിറ്റതെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്ന യൂസര്‍ ചാര്‍ജും സ്‌പെക്ട്രം വില്‍പന വിലയും പ്രത്യേകിച്ച് ഒരു ബന്ധവുമില്ലെന്നാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലുളള ഈ മേഖലയിലെ മുന്‍ വ്യവസായികള്‍ തന്നെ വെളിപ്പെടുത്തിയിട്ടുളളത്. അദ്ദേഹം പറഞ്ഞ ഒരു കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. എസ്എംഎസിന് ഒരു രൂപ ചാര്‍ജ് ഈടാക്കിക്കൊണ്ടിരുന്നപ്പോള്‍ കമ്പനിയുടെ ചെലവ് വെറും അഞ്ചു പൈസയായിരുന്നു. 


ഇത്തരം കുപ്രചരണങ്ങളെല്ലാം അടിസ്ഥാനരഹിതങ്ങളാണ് എന്ന് അനുഭവം തെളിയിക്കുന്നു. സുപ്രിംകോടതി രാജ നല്‍കിയ 122 ലൈസന്‍സും റദ്ദാക്കിയപ്പോള്‍ പല മാധ്യമങ്ങളും പ്രവചിച്ചത് ഇതിന്റെ ഫലമായി മൊബൈല്‍ ചാര്‍ജുകള്‍ വര്‍ദ്ധിക്കുമെന്നാണ്. എന്നാല്‍ അതുണ്ടായേ ഇല്ല. 


2ജി സ്‌പെക്ട്രത്തിന്റെ നഷ്ടം ഏതാണ്ട് കൃത്യമായി ആദ്യം കണക്കുകൂട്ടി പ്രസ്താവിച്ചത് സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ്. 2010 മെയ് മാസത്തില്‍ അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് എഴുതിയ കത്തിലെ കണക്കുകള്‍ ഏതാണ്ട് പൂര്‍ണമായും സി ആന്‍ഡ് എജി അംഗീകരിച്ചു. 2001ലെ വിലയ്ക്കു തന്നെ സ്‌പെക്ട്രം വിറ്റതുകൊണ്ടുളള നഷ്ടമാണ് ഏറ്റവും വലുത്. പട്ടിക 6.1ല്‍ കാണുന്നതു പോലെ സീതാറാം യെച്ചൂരി ഈയിനത്തില്‍ 1.24 ലക്ഷം കോടി രൂപ നഷ്ടം വന്നുവെന്നു കണക്കാക്കിയപ്പോള്‍ സി ആന്‍ഡ് എജി കണക്കാക്കിയത് 1.02 ലക്ഷം കോടി രൂപയാണ്. 


പക്ഷേ, ഇതുമാത്രമായിരുന്നില്ല സ്‌പെക്ട്രം വില്‍പനയിലെ കളളക്കളിയെന്ന് സീതാറാം യെച്ചൂരിയും സി ആന്‍ഡ് എജിയും ചൂണ്ടിക്കാണിച്ചു. നഷ്ടം വന്ന മറ്റൊരിനം നിലവിലുണ്ടായിരുന്ന സാങ്കേതികവിദ്യയ്ക്കു ലൈസന്‍സ് ഉണ്ടായിരുന്നവരില്‍ നിന്ന് കൂടുതല്‍ ഫീസു വാങ്ങാതെ പുതിയ സാങ്കേതിക വിദ്യയിലേയ്ക്ക് മാറുന്നതിന് അനുവാദം കൊടുത്തതു വഴിയുളള നഷ്ടമാണ്. സീതാറാം യെച്ചൂരി 0.36 ലക്ഷം കോടി രൂപ നഷ്ടം കണക്കാക്കിയപ്പോള്‍ സി ആന്‍ഡ് 0.37 ലക്ഷം കോടി രൂപയാണ് നഷ്ടമായി വകയിരുത്തിയത്. റിലയന്‍സും ടാറ്റയുമായിരുന്നു ഇതിന്റെ ഗുണഭോക്താക്കള്‍. 


മൂന്നാമത്തെയിനം അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ സ്‌പെക്ട്രം കൈവശപ്പെടുത്താന്‍ നിലവിലുളള ജിഎസ്എം സാങ്കേതികവിദ്യയുളള സംരംഭകര്‍ അനുവാദം നല്‍കിയതു വഴിയുളള നഷ്ടമാണ്. സീതാറാം യെച്ചൂരി ഈയിനത്തില്‍ 0.30 ലക്ഷം കോടി രൂപ നഷ്ടം കണക്കാക്കിയപ്പോള്‍ സി ആന്‍ഡ് എജി 0.37 ലക്ഷം കോടി രൂപയാണ് നഷ്ടം കണക്കാക്കിയത്. വോഡാഫോണും ഭാരതിയുമായിരുന്നു ഈ കളളക്കളിയുടെ ഗുണഭോക്താക്കള്‍.


മൊത്തം 1.76 ലക്ഷം കോടി രൂപ നഷ്ടം വന്നുവെന്ന് സി ആന്‍ഡ് എജി കണക്കാക്കി. എന്നാല്‍ സിബിഐ ആകട്ടെ, രാജയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്തപ്പോള്‍ 60,000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. ഇനിയിപ്പോള്‍ നഷ്ടമെത്ര എന്ന തര്‍ക്കത്തിന് പ്രസക്തിയില്ല. ഇന്ത്യയിലെ പരമോന്നത കോടതി സി ആന്‍ഡ് എജിയുടെ കണക്ക് ശരിവെച്ചിരിക്കുകയാണ്. ശരിവെയ്ക്കുക മാത്രമല്ല, അവര്‍ രാജ അനുവദിച്ച 122 പുതിയ ലൈസന്‍സുകളും റദ്ദാക്കുകയും ചെയ്തു. അപ്പോഴും ടാറ്റയും റിലയന്‍സും വോഡാഫോണും ഭാരതിയും രക്ഷപെട്ടു. യൂണിടെക് വയര്‍ലെസ്, റിലയന്‍സ് ഗ്രൂപ്പ്, ഡിബി റിയാല്‍ട്ടി ആന്‍ഡ് സ്വാന്‍ ടെലികോം, എസ്സാര്‍ ഗ്രൂപ്പ്, ലൂപ്പ് ടെലികോം എന്നിവര്‍ക്കു നേരെ മാത്രമേ കേസ് ചാര്‍ജ് ചെയ്തിട്ടുളളൂ. ഇനിയും പലതും പുറത്തുവരാനിരിക്കുന്നതേയുളളൂ. 


രാജയ്ക്കും മറ്റും എന്തു കിട്ടി?


ഏതാണ്ട് 3000 കോടി രൂപ 2ജി സ്‌പെക്ട്രം ഇടപാടില്‍ രാജ കൈക്കലാക്കിയെന്നാണ് സിബിഐ കുറ്റപത്രത്തിലെ ആരോപണം. ഭാര്യയുടെയും മറ്റു ബിനാമികളുടെയും പേരില്‍ മൗറീഷ്യസിലും മറ്റുമുണ്ടായിരുന്ന അക്കൗണ്ടുകളിലൂടെയാണത്രേ അഴിമതിപ്പണത്തിന്റെ ഇടപാടുകള്‍ നടന്നത്. എന്നാല്‍ ഇതൊക്കെ എത്രമാത്രം സിബിഐ അന്വേഷിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. അന്വേഷണത്തിന്റെ ഊടുവഴികളില്‍ മറ്റുളളവരെയും കണ്ടെത്തിയേക്കാം. 2ജി സ്‌പെക്ട്രം കേസ് ഡിഎംകെ നേതാക്കളില്‍ ഒതുക്കി നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. 


മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുളള സൂര്യാ ടിവിയ്ക്ക് ബദലായി ഡിഎംകെ ആരംഭിച്ചതാണ് കലൈഞ്ജര്‍ ടിവി. ചാനലിന്റെ 60 ശതമാനം ഓഹരികള്‍ കരുണാനിധിയുടെ രണ്ടാംഭാര്യ ദയാലു അമ്മാളിന്റേതാണ്. മകള്‍ കനിമൊഴിയ്ക്കു 20 ശതമാനം ഓഹരിയേ ഉളളൂവെങ്കിലും അവരാണ് ടിവിയുടെ മാനേജ്‌മെന്റിലെ നിര്‍ണായക ശക്തിയെന്നാണ് സിബിഐ നിഗമനം. ചാനലിന്റെ രജിസ്‌ട്രേഷന്‍, ടാറ്റാ സ്‌കൈ ഡിറ്റിഎച്ചില്‍ കലൈഞ്ജര്‍ ടിവി ഉള്‍പ്പെടുത്തിയത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാജയെക്കൊണ്ട് ചെയ്യിച്ചത് കനിമൊഴിയായിരുന്നു എന്ന് സിബിഐ ആരോപിക്കുന്നു. 2ജി സ്‌പെക്ട്രം അഴിമതിക്കേസിന്റെ പ്രതിപ്പട്ടികയിലുളള ടിബി റിയാല്‍ട്ടി പ്രമോട്ടര്‍ ഷാഹിദ് ബല്‍വയാണ് 200 കോടി രൂപ കലൈഞ്ജര്‍ ടിവിയുടെ അക്കൗണ്ടിലേയ്ക്ക് സംഭാവന നല്‍കിയത്. ഷാഹിദ് ബല്‍വയടെ സൃഷ്ടിയാണ് സ്‌പെക്ട്രം ലൈസന്‍സ് കൈയടക്കിയ കടലാസ് കമ്പനിയായ സ്വാന്‍ ടെലികോം. അങ്ങനെ കനിമൊഴി വഴി 200 കോടിയുടെ അഴിമതിപ്പണം കലൈഞ്ജര്‍ ടിവിയ്ക്കു ലഭിച്ചു. 


അഴിമതിക്കഥകള്‍ വെളിപ്പെട്ടതെങ്ങനെ?


രാജയുടെ ഇഷ്ടദാനത്തില്‍ പങ്കു കിട്ടാത്ത അസംതൃപ്തരായ കോര്‍പറേറ്റുകളാണ് രഹസ്യമായി പല വിവരങ്ങളും പുറത്തുവിട്ടത്. അതോടൊപ്പം രാഷട്രീയപ്പാര്‍ട്ടികളും നേതാക്കളും തുടര്‍ച്ചയായും ചിട്ടയായും 2ജി സ്‌പെക്ട്രം അഴിമതി ഏറ്റെടുത്തു. സി ആന്‍ഡ് എജി വിനോദ് റോയി എല്ലാവിധ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അഴിമതിയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ സ്വകാര്യവത്കരണം മുതലുളള അഴിമതികളോരോന്നും പൊതുമണ്ഡലത്തില്‍ കൊണ്ടുവന്നതിന് നാം സി ആന്‍ഡ് എജി എന്ന ഭരണഘടനാ സ്ഥാപനത്തോടു കടപ്പെട്ടിരിക്കുന്നു. 2ജി സ്‌പെക്ട്രത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതി എടുത്ത നിലപാടും പുറപ്പെടുവിച്ച വിധിയും അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഒരു നാഴികക്കല്ലായി കരുതാം. ഇവയെല്ലാം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങളും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ദി പയനിയര്‍ പത്രത്തിലെ മലയാളിയായ ലേഖകന്‍ ഗോപീകൃഷ്ണന്റെ പേര് പ്രത്യേകം എടുത്തു പറയേണ്ടതാണ്. 


2ജി സ്‌പെക്ട്രം അഴിമതി സംബന്ധിച്ച് ആദ്യത്തെ ഇടപെടല്‍ വന്നത് സീതാറാം യെച്ചൂരിയില്‍ നിന്നാണ്. 2008 ഫെബ്രുവരിയിലാണ് ടെലികോം ലൈസന്‍സുകള്‍ വിതരണം ചെയ്യുന്നതിലെ അഴിമതിയെ
ക്കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട് സീതാറാം യെച്ചൂരി ആദ്യമായി കത്തെഴുതിയത്. അതില്‍ അദ്ദേഹം പറഞ്ഞു, '''' രണ്ടാമത്തെ കത്ത് 2008 നവംബറിലാണ്. 2010 മെയ് മാസത്തില്‍ നേരത്തെ ഉദ്ധരിച്ച തന്റെ നഷ്ടത്തിന്റെ മതിപ്പു കണക്കുകളടക്കമുളള കത്ത് സീതാറാം യെച്ചൂരി പ്രധാനമന്ത്രിയ്ക്ക് അയയ്ക്കുകയുണ്ടായി. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കുന്നതിന് പ്രധാനമന്ത്രി തയ്യാറായില്ല. ഈ കത്തുകള്‍ നിര്‍ണായക തെളിവാണ്. ലൈസന്‍സുകള്‍ വിതരണം ചെയ്ത ആഴ്ചകള്‍ക്കുളളില്‍ത്തന്നെ അതുസംബന്ധിച്ച ക്രമക്കേടുകള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. 


എ. രാജയെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടാണ് സുബ്രഹ്മണ്യം സ്വാമി 2008 നവംബറില്‍ ഇതുസംബന്ധിച്ച തന്റെ ആദ്യത്തെ കത്ത് പ്രധാനമന്ത്രിയ്ക്ക് നല്‍കിയത്. പതിവുപോലെ പ്രധാനമന്ത്രി കത്ത് അവഗണിച്ചു. തുടര്‍ന്ന് സുബ്രഹ്മണ്യം സ്വാമി സുപ്രിംകോടതിയില്‍ കേസിനു പോയി. തുടര്‍ന്ന് സുപ്രിംകോടതി സിബിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 2011ല്‍ സുബ്രഹ്മണ്യം സ്വാമി ഒരുപടി കൂടി കടന്ന് സോണിയാ ഗാന്ധിയുടെ സഹോദരിമാരായ അനുഷ്‌കയും നാഡിയയും 2ജി സ്‌പെക്ട്രം ഇടപാടില്‍ 18,000 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഉന്നയിച്ചു. ഇതുസംബന്ധിച്ച് 206 പേജുളള പരാതിയാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് അയച്ചത്. ചിദംബരത്തെ 2ജി സ്‌പെക്ട്രം കേസിലേയ്ക്കു കൊണ്ടുവന്നതിന്റെ ക്രെഡിറ്റും സ്വാമിക്കു തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് 2012 ജനുവരി മാസത്തില്‍ സുപ്രിംകോടതിയുടെ ഒരു സുപ്രധാന വിധിയുണ്ടായി. അഴിമതിക്കേസുകളില്‍ പ്രോസിക്യൂഷന് അനുവാദം ചോദിച്ചാല്‍ മൂന്നുമാസത്തിനകം ബന്ധപ്പെട്ടവര്‍ തീരുമാനമെടുക്കണമെന്നതായിരുന്നു കോടതിവിധി. ചിദംബരത്തെ പ്രതിയാക്കുന്നതിനുളള കേസ് ദില്ലി ഹൈക്കോടതി തളളി. ഇതിനെതിരെ സുബ്രഹ്മണ്യം സ്വാമി ഇപ്പോള്‍ സുപ്രിംകോടതിയിലാണ്.


2ജി സ്‌പെക്ട്രം കേസിലെ പ്രതികളെ രക്ഷപെടുത്തുന്നതിനാണ് സിബിഐ തുടര്‍ച്ചയായി ശ്രമിച്ചത്. സിബിഐയുടെ കഴിവും പരിമിതിയും ഒരുപോലെ ഈ കേസില്‍ വെളിപ്പെട്ടു. 2009 ആദ്യമാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ സിബിഐയോട് 2ജി സ്‌പെക്ട്രം സംബന്ധിച്ച അന്വേഷണത്തിന് ആവശ്യപ്പെട്ടത്. പേരിനൊരു കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ സിബിഐ മറ്റൊന്നും ചെയ്യാന്‍ തയ്യാറായില്ല. മാത്രമല്ല, കേസ് അന്വേഷിച്ചുകൊണ്ടിരുന്ന സിബിഐ ഡിഐജിയെയും ഇന്‍കംടാക്‌സ് ഡയറക്ടര്‍ ജനറലിനെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തപ്പോള്‍ അന്വേഷണം നിശ്ചലമായി. 


സിബിഐയുടെ നിലപാടിനെ 2010 ഒക്‌ടോബറില്‍ സുപ്രിംകോടതി നിശിതമായി വിമര്‍ശിച്ചു. 2010 നവംബറില്‍ രാജ രാജിവെച്ചു. എന്നിട്ടും രാജയെ ചോദ്യം ചെയ്യാന്‍ സിബിഐ തയ്യാറായില്ല. അതിനും സുപ്രിംകോടതിയ്ക്ക് ഇടപെടേണ്ടി വന്നു. ഈ ഘട്ടത്തിലാണ് താന്‍ ടെലികോം സെക്രട്ടറിയായിരുന്നപ്പോള്‍ നടന്ന അഴിമതിയെക്കുറിച്ചുളള അന്വേഷണത്തില്‍ പി ജെ തോമസ് മേല്‍നോട്ടം വഹിക്കുന്നതിന്റെ സാധുതയെ സുപ്രിംകോടതി ചോദ്യം ചെയ്തത്. 2ജി സ്‌പെക്ട്രം കേസിന്റെ വിചാരണയ്ക്ക് 2010 ഡിസംബര്‍ മാസത്തില്‍ സുപ്രിംകോടതി ഒരു സ്‌പെഷ്യല്‍ കോര്‍ട്ട് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തില്‍ നേരിട്ടു മേല്‍നോട്ടം വഹിക്കാനും സുപ്രിംകോടതി തീരുമാനിച്ചു. അങ്ങനെയാണ് അവസാനം 2011 ഫെബ്രുവരിയില്‍ രാജയെയും സെക്രട്ടറിമാരെയും അറസ്റ്റു ചെയ്യാന്‍ സിബിഐ നിര്‍ബന്ധിതമായത്. കോര്‍പറേറ്റ് മേധാവികളുടെ പങ്കും വിശദമായി പരിശോധിക്കാന്‍ സുപ്രിംകോടതി തന്നെയാണ് സിബിഐയോട് ആവശ്യപ്പെട്ടത്. ഇങ്ങനെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് സിബിഐ ഈ അധ്യായത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചവരെ പ്രതിയാക്കി കേസ് ചാര്‍ജ് ചെയ്തത്. അപ്പോഴും പ്രധാനപ്പെട്ട കോര്‍പറേറ്റ് സ്ഥാപനങ്ങളെ സിബിഐ ഒഴിവാക്കിയിട്ടുണ്ട്. ചിദംബരത്തിന് നല്ല സര്‍ട്ടിഫിക്കറ്റും നല്‍കി. 


ചിദംബരം സംശയത്തിന്റെ നിഴലില്‍ 


കച്ചവടം നടക്കുന്ന കാലത്ത് ധനകാര്യമന്ത്രിയായിരുന്നു പി. ചിദംബരം. അദ്ദേഹത്തെ സാക്ഷിയാക്കി വിസ്തരിച്ചാല്‍ തന്റെ വാദങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെടും എന്ന് എ. രാജ സിബിഐ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. നാം നേരത്തെ കണ്ടതുപോലെ രാജയുടെ ഇടപാടുകളെ ധനവകുപ്പു സെക്രട്ടറി ശക്തമായി എതിര്‍ത്തിരുന്നു. ഇത്ര സുപ്രധാനമായ ധനപരമായ കാര്യത്തില്‍ തന്റെ വകുപ്പ് കൈക്കൊണ്ട നിലപാട് ധനമന്ത്രി അറിഞ്ഞില്ല എന്ന വാദത്തിനു സാധൂകരണമില്ല. മാത്രമല്ല, വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജയുടെ നടപടികളെ വെളളപൂശാന്‍ ചിദംബരം മുന്നിട്ടിറങ്ങുകയും ചെയ്തു. സിഎജയുടെ കണക്കുകൂട്ടല്‍ അതിശയോക്തിപരമാണെന്ന് അദ്ദേഹം വാദിക്കുകയും ചെയ്തു. മാത്രമല്ല, സ്‌പെക്ട്രം വാങ്ങിയ കമ്പനികള്‍ അതു മറിച്ചു വിറ്റില്ല എന്നും കൂടുതല്‍ മൂലധനം സ്വരൂപിക്കുന്നതിനായി പുതുതായി ഷെയറുകള്‍ വില്‍ക്കുക മാത്രമേ ചെയ്തുളളൂവെന്നും ചിദംബരം വക്കീല്‍ വാദിച്ചു. 


രണ്ടുകാര്യങ്ങള്‍ ഇപ്പോള്‍ കോടതിയും അംഗീകരിച്ചിട്ടുണ്ട്. ഒന്ന്, 2001ലെ വില എന്ന നിര്‍ദ്ദേശം ചിദംബരം ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അതു വിഴുങ്ങി. ഈ നിര്‍ദ്ദേശത്തിന് ഒരു യോഗത്തില്‍ വെച്ച് ചിദംബരം വഴങ്ങുകയും ചെയ്തു. ആ യോഗത്തിന്റെ മിനിട്‌സ് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ സമര്‍പ്പിച്ചു. രണ്ട്, സ്‌പെക്ട്രം ലഭിച്ച കമ്പനികള്‍ തങ്ങളുടെ ഷെയറുകള്‍ വില്‍ക്കുന്നതിന് ചിദംബരം അനുവാദം നല്‍കി. 


ധനമന്ത്രാലയത്തിന് വേണമെങ്കില്‍ ഈ ഇടപാട് തടയാമായിരുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി പ്രണബ് മുഖര്‍ജിയുടെ വെളിപ്പെടുത്തലും ചിദംബരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. പക്ഷേ, മേല്‍പറഞ്ഞ രണ്ടുകാര്യങ്ങളും അംഗീകരിച്ചശേഷവും ചിദംബരത്തെ കേസില്‍ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി നല്‍കിയ കേസ് തളളിക്കൊണ്ട് ഡെല്‍ഹി ഹൈക്കോടതി കൈക്കൊണ്ട നിലപാട് ഇതാണ്: 'രാജയെടുത്ത രണ്ടു തീരുമാനങ്ങളെ അംഗീകരിച്ചപ്പോള്‍ ചിദംബരം അഴിമതിയോ നിയമവിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്നോ അദ്ദേഹത്തിന്റെ സ്ഥാന ദുരുപയോഗപ്പെടുത്തിയെന്നോ ഉളളതിന് പ്രത്യക്ഷ തെളിവുകളൊന്നുമില്ല…. ഒരാള്‍ ക്രിമിനല്‍ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയായിരിക്കാം, മറ്റൊരാള്‍ നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുന്നതാകാം. നിരുപദ്രവകരവും അശ്രദ്ധവും നിഷ്‌കളങ്കവുമായ പ്രവര്‍ത്തനങ്ങള്‍ ഒരാളെ ഗൂഢാലോചനയുടെ പങ്കാളിയാക്കുന്നില്ല'. വിചിത്രമെന്നേ ഈ നിഗമനത്തെക്കുറിച്ചു പറയാനാവൂ. 


ചിദംബരത്തിനെതിരെയുളള തെളിവുകളെ സംബന്ധിക്കുന്ന നിയമവ്യാഖ്യാനങ്ങളുടെ വാള്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ തലയ്ക്കു മീതെ തൂങ്ങുന്നുണ്ട്. കേസ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. സ്വാന്‍ ടെലികോം, യൂണിടെക് എന്നിവര്‍ക്ക് 2001ലെ വിലയ്ക്ക് സ്‌പെക്ട്രം വില്‍ക്കുന്നതിന് വകുപ്പിനെ മറികടന്ന് ധനമന്ത്രി അംഗീകാരം നല്‍കി. 13 സര്‍ക്കിളുകള്‍ക്ക് 1537 കോടി രൂപയുടെ ലൈസന്‍സാണ് സ്വാന്‍ ടെലികോമിന് അനുവദിച്ചത്. ഇതില്‍ നിന്ന് 45 ശതമാനം ഷെയറുകളാണ് എറ്റിസലാട്ട് എന്ന വിദേശ കമ്പനിയ്ക്ക് 4200 കോടി രൂപയ്ക്കു വിറ്റത്. 22 സര്‍ക്കിളുകളിലേയ്ക്ക് 1658 കോടിയുടെ ലൈസന്‍സ് കരസ്ഥമാക്കിയ യൂണിടെക് തങ്ങളുടെ 60 ശതമാനം ഷെയറുകള്‍ 6100 കോടി രൂപയ്ക്ക് ടെലിനോറിനു വിറ്റു. ഇതിനെയും ചിദംബരം ന്യായീകരിച്ചു. 


ചിദംബരത്തിന്റെ 'നിഷ്‌കളങ്ക' വേഷം വലിച്ചുകീറുന്ന പുതിയ തെളിവുകള്‍ സുബ്രഹ്മണ്യം സ്വാമി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരാരോപണം ദയാനിധി മാരന്റെ അഴിമതിയെ അനുസ്മരിപ്പിക്കുന്നു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് മൗറീഷ്യസിലെ ഓസ്ബ്രിഡ്ജ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ. ദയാനിധി മാരനിലൂടെ കുപ്രസിദ്ധമായ എയര്‍സെല്ലിന്റെ അഡ്വാന്റല്‍ സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിലെ ഭൂരിപക്ഷം ഓഹരികള്‍ കാര്‍ത്തിയുടെ കമ്പനി വാങ്ങി. ഇതില്‍ വലിയ ലാഭം കാര്‍ത്തിയ്ക്ക് ലഭിച്ചു. ഈ വില്‍പനയ്ക്ക് എയര്‍സെല്ലിനെ നിര്‍ബന്ധിക്കുന്നതിനുവേണ്ടി മാക്‌സിസ് കമ്പനി എയര്‍സെല്ലില്‍ മുതല്‍മുടക്കുന്നതിന് അനുവാദം ആവശ്യപ്പെട്ടുകൊണ്ടുളള വിദേശ നിക്ഷേപബോര്‍ഡില്‍ നിന്നുളള അപേക്ഷ ചിദംബരം മനപ്പൂര്‍വം വെച്ചുതാമസിപ്പിച്ചു എന്നാണ് ആരോപണം. 


മന്‍മോഹന്‍ സിംഗ് - 2ജി സ്‌പെക്ട്രത്തില്‍ നിന്ന് എസ് ബാന്‍ഡിലേയ്ക്ക്


2ജി സ്‌പെക്ട്രം അഴിമതിയില്‍ സംശയാസ്പദമായ റോളാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുമുളളത്. ഈ ഇടപാടിന്റെ തുടക്കം മുതല്‍ മന്‍മോഹന്‍സിംഗിന്റെ നിഷ്‌ക്രിയത്വം പ്രകടമായിരുന്നു. രാജ ചെയ്യാന്‍ ശ്രമിക്കുന്നത് ക്രമവിരുദ്ധമാണെന്നു ബോധ്യമുളളതു കൊണ്ടാണല്ലോ സുതാര്യമായ നടപടിക്രമങ്ങളിലൂടെ വേണം സ്‌പെക്ട്രം വില്‍പന എന്നാവശ്യപ്പെട്ട് രാജയ്ക്കു കത്തെഴുതിയത്. രാജ പ്രധാനമന്ത്രിയ്ക്ക് അക്കമിട്ടു മറുപടിയുമെഴുതി. പ്രധാനമന്ത്രി പിന്നീടെന്തെങ്കിലും മറുത്തുപറഞ്ഞതായി രേഖകളില്ല. 


കട്ട് ഓഫ് ഡേറ്റ് നിശ്ചയിക്കുന്നതിന് എ. രാജ സ്വീകരിച്ച മാനദണ്ഡം യാതൊരു യുക്തിയ്ക്കും നിരക്കുന്നതല്ലെന്ന് ആര്‍ക്കും ബോധ്യമാകുന്നതാണ്. താനെടുത്ത തീരുമാനം ശരിയാണെന്ന് ന്യായീകരിക്കുന്ന രാജയുടെ വിശദമായ കത്ത് 2007 നവംബര്‍ 2ന് രാജ പ്രധാനമന്ത്രിയ്ക്ക് അയച്ചിരുന്നു. ഈ മാനദണ്ഡം ആദ്യം ദില്ലി ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും റദ്ദാക്കി. നിലനില്‍ക്കുന്നതല്ലെന്ന് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെടുന്ന രാജയുടെ നിലപാടുകള്‍ തിരുത്താനോ തളളിക്കളയാനോ ഇടപെടാന്‍ പ്രധാനമന്ത്രി എന്തുകൊണ്ട് തയ്യാറായില്ല എന്ന ചോദ്യം പ്രസക്തമാണ്. 


രാജ്യസഭയിലെ സിപിഎം നേതാവ് സീതാറാം യെച്ചൂരി 2008 ഫെബ്രുവരിയിലാണ് 2ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് ആദ്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. ആ കത്ത് അദ്ദേഹം അവഗണിച്ചു. രാജയ്‌ക്കെതിരെ കേസെടുക്കുന്നതിന് അനുവാദം ആവശ്യപ്പെട്ടു സുബ്രഹ്മണ്യം സ്വാമി നല്‍കിയ കത്തുകള്‍ക്ക് മറുപടി നല്‍കാന്‍പോലും പ്രധാനമന്ത്രി തയ്യാറായില്ല. അഴിമതി ആരോപണങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ഇങ്ങനെയുണ്ടാകുന്ന കാലതാമസം ന്യായീകരിക്കാനാവില്ലെന്ന് ഒടുവില്‍ സുപ്രിംകോടതി നിശിതമായി വിമര്‍ശിച്ചു. മാത്രമല്ല, പൊതുപ്രവര്‍ത്തകനെ അഴിമതിയ്ക്ക് വിചാരണ ചെയ്യാനുളള അനുമതി തേടിയാല്‍ നാലു മാസത്തിനുളളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി സുപ്രധാനവിധിയും പുറപ്പെടുവിച്ചു. അപ്പോഴൊക്കെ മുഖം നഷ്ടപ്പെട്ടത് മന്‍മോഹന്‍ സിംഗിനാണ്. 


അഴിമതി പുറത്തുവന്നപ്പോള്‍ അതിന് സൈദ്ധാന്തിക ന്യായീകരണം നല്‍കാനാണ് ആദ്യം അദ്ദേഹം തുനിഞ്ഞത്. വില കുറച്ചു വിറ്റത് സബ്‌സിഡിയായി കണക്കാക്കണമെന്ന ന്യായീകരണം വരെ നീളുന്ന മന്‍മോഹന്‍സിംഗിന്റെ നിലപാടുകള്‍ സംശയാസ്പദമാണ്. അഴിമതിയും ക്രമക്കേടും പുറത്തായിട്ടും രാജയെ തന്റെ കാബിനറ്റില്‍ നിന്ന് പുറത്താക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേക്കുറിച്ച് ആരോപണമുയര്‍ന്നപ്പോള്‍ കൂട്ടുകക്ഷിമുന്നണിയുടെ ധര്‍മ്മത്തെക്കുറിച്ചാണ് സിംഗ് വാചാലനായത്. അഴിമതി അന്വേഷിക്കുന്നതിന് ജെപിസിയെ നിയോഗിക്കണമെന്ന പ്രതിപക്ഷാവശ്യം തളളിയതിനു പിന്നിലും മന്‍മോഹന്‍ സിംഗായിരുന്നു. പ്രധാനമന്ത്രിയെ ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ് നഖശിഖാന്തം എതിര്‍ത്തതും 2ജി സ്‌പെക്ട്രം അഴിമതിയില്‍ മന്‍മോഹന്‍സിംഗിന്റെ അഴകൊഴമ്പന്‍ നിലപാടുകളും കൂട്ടിവായിക്കപ്പെടേണ്ടതാണ്. 


2ജി സ്‌പെക്ട്രത്തില്‍ മന്‍മോഹന്‍ സിംഗിന്റെ കുറ്റകരമായ വീഴ്ച അടിവരയിടുന്നതാണ്, പ്രധാനമന്ത്രിയുടെ തന്നെ നേരിട്ടുളള നിയന്ത്രണത്തിലുളള ഐഎസ്ആര്‍ഓയില്‍ നടന്ന എസ് ബാന്‍ഡ് കുംഭകോണം. 2ജി സ്‌പെക്ട്രം മൊബൈല്‍ ടവറുകള്‍ തമ്മില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും മറ്റുമാണ് ഉപയോഗിക്കുന്നതെങ്കില്‍ എസ് ബാന്‍ഡ് തരംഗങ്ങള്‍ സാറ്റലൈറ്റുകള്‍ വഴിയുളള വിവരവിനിമയത്തിനാണ് ഉപയോഗിക്കുന്നത്. സ്വാഭാവികമായും ഉപഗ്രഹവിക്ഷേപണത്തിന്റെയും മറ്റും ഉത്തരവാദിത്തമുളള ഐഎസ്ആര്‍ഒയ്ക്കാണ് അന്തര്‍ദ്ദേശിയ റെഗുലേറ്ററി ഏജന്‍സി ഇന്ത്യയ്ക്കുളള 70 മെഗാ ഹെട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം അനുവദിച്ചത്. അത്യപൂര്‍വമായ ഈ സ്‌പെക്ട്രം വില്‍ക്കുന്നതിന് താല്‍പര്യമുളളവരെ പരസ്യമായി ക്ഷണിക്കുന്നതിനു പകരം ഇതുസംബന്ധിച്ച് ഉപദേശം നല്‍കാന്‍ ഫോര്‍ജ് അഡൈ്വസേഴ്‌സ് എന്ന അമേരിക്കന്‍ കമ്പനിയെ ഉപദേശകനായി വെച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം ഐഎസ് ആര്‍ഒയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ദേവാസ് എന്ന ഒരു കമ്പനി രൂപീകരിച്ചു. ഈ കമ്പനിയ്ക്ക് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന രണ്ട് ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകള്‍ നിസാരവിലയ്ക്ക് വിറ്റു. ഈ ട്രാന്‍സ്‌പോണ്ടറുകള്‍ എസ് ബാന്‍ഡ് ഉപയോഗിക്കുന്നതിന് അനിവാര്യമാണ് എന്നുളളതുകൊണ്ട് എസ് ബാന്‍ഡ് സ്‌പെക്ട്രവും ഈ പുതിയ കമ്പനിയ്ക്കു തന്നെ കൊടുത്തു. 


ആദ്യം വരുന്നവന് ആദ്യം സ്‌പെക്ട്രം എന്ന രാജാതത്ത്വമായിരുന്നു പോലും ഐഎസ്ആര്‍ഒയും പിന്തുടര്‍ന്നത്. ആദ്യം വന്നത് ദേവാസായിരുന്നു. പക്ഷേ, ഇപ്രകാരം സ്‌പെക്ട്രം വില്‍ക്കുന്നുവെന്ന് അറിവുളളത് രണ്ടേരണ്ടുപേര്‍ക്കായിരുന്നു. ദേവാസിനും, പിന്നെ അമേരിക്കന്‍ ഉപദേശകര്‍ക്കും. കരാര്‍ ഒപ്പിട്ടതോടെ ദേവാസ് എന്ന കടലാസ് കമ്പനിയുടെ വില കുതിച്ചുയര്‍ന്നു. പത്തുരൂപയുടെ ഷെയര്‍ 126000 രൂപയ്ക്കാണ് വിറ്റത്. അങ്ങനെ 578 കോടി രൂപ ദേവാസ് സമാഹരിച്ചു. പ്രധാനപ്പെട്ട ഷെയര്‍ ഉടമസ്ഥര്‍ മൗറീഷ്യസില്‍ നിന്നുളള രണ്ടു കടലാസ് കമ്പനികളാണ്. ഇതിനു പുറമെ ജര്‍മനിയെ ഡ്യൂഷേ ടെലികോമും ഷെയറുകള്‍ വാങ്ങി. ഈ സന്ദര്‍ഭത്തില്‍ ദേവാസിന്റെ ഉടമസ്ഥരായിരുന്ന ഐഎസ്ആര്‍ഒയിലെ മൂന്നുദ്യോഗസ്ഥരും തങ്ങളുടെ നല്ലൊരു പങ്കു ഷെയര്‍ വിറ്റഴിച്ച് നേട്ടമുണ്ടാക്കി എന്നാണ് കരുതുന്നത്. ഏതായാലും ദേവാസ് കമ്പനി ഫലത്തില്‍ വിദേശ നിയന്ത്രണത്തിലുളള ഒന്നായി മാറി. ഇത് രാജ്യരക്ഷയെപ്പോലും പ്രതികൂലമായി ബാധിക്കും എന്ന് ആക്ഷേപമുയര്‍ന്നു. 


പതിവുപോലെ, ആദ്യം അഴിമതിയ്ക്കു വെളളപൂശാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചത്. ഇന്ത്യാ സര്‍ക്കാര്‍ തന്നെ നിയോഗിച്ചിരുന്ന മൂന്നു കമ്മിറ്റികള്‍ ഹിന്ദുവിന്റെ ബിസിനസ് ലൈന്‍ ഇതുസംബന്ധിച്ച ആദ്യവാര്‍ത്ത പുറത്തുവിടുന്നതിനു മുമ്പ് തന്നെ എസ് ബാന്‍ഡ് വില്‍പനയിലെ ക്രമക്കേടുകളും ഗൗരവമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചു. സിഎജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 2 ലക്ഷം കോടി രൂപ ഈ വില്‍പനയിലൂടെ രാജ്യഖജനാവിനു നഷ്ടപ്പെടും എന്ന നിഗമനത്തിലെത്തിയതോടെ നില്‍ക്കക്കളളിയില്ലാതായി. അവസാനം ഇന്ത്യാ സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യകമ്പനിയായ ആന്‍ഡ്രിക്‌സും ദേവാസും തമ്മിലുണ്ടാക്കിയ കരാര്‍ റദ്ദാക്കി. ഐഎസ്ആര്‍ഒ മേധാവി ജി. മാധവന്‍ നായരോടൊപ്പം നാല് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് വിലക്കും കല്‍പ്പിച്ചു. 


ഇങ്ങനെ തടിയൂരിയതോടെ സിഎജി ചൂണ്ടിക്കാണിച്ച രണ്ടു ലക്ഷം കോടിയുടെ നഷ്ടം ഇനിയുണ്ടാവില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ദേവാസ് അന്തര്‍ദേശീയ കോടതിയില്‍ കേസിനു പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു. കരാര്‍ ഒപ്പിടുക മാത്രമല്ല, 60 കോടി രൂപ അഡ്വാന്‍സായും ആന്‍ഡ്രിക്‌സ് കൈപ്പറ്റിയിരുന്നു. കേസില്‍ വിധി വരുമ്പോള്‍ ഇന്ത്യ എത്ര കോടി നല്‍കേണ്ടി വരുമെന്ന് അപ്പോഴറിയാം. മാത്രമല്ല, എസ് ബാന്‍ഡ് സ്‌പെക്ട്രം തന്നെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുമോ എന്നും സംശയമുണ്ട്. അന്തര്‍ദേശീയ ഏജന്‍സി സ്‌പെക്ട്രം ഒരു രാഷ്ട്രത്തിന് അനുവദിച്ചു കഴിഞ്ഞാല്‍, രണ്ടുവര്‍ഷത്തിനുളളില്‍ അതുപയോഗപ്പെടുത്തണം. അല്ലെങ്കില്‍ അവകാശം നഷ്ടപ്പെടും. എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കണമെങ്കില്‍ ഇതിനായി പ്രത്യേക ഉപഗ്രഹങ്ങള്‍ കൂടിയേ തീരൂ. ദേവാസ് വിവാദത്തില്‍ കുരുങ്ങി ഉപഗ്രഹവിക്ഷേപം അനിശ്ചിതമായി നീളുകയാണ്. 


പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ശാസ്ത്രജ്ഞര്‍ നല്‍കുന്ന ന്യായീകരണം, തങ്ങള്‍ സര്‍ക്കാര്‍ നയം നടപ്പാക്കുക മാത്രമായിരുന്നു എന്നു മാത്രമാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയിലേയ്ക്ക് വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കണം എന്ന നയം നടപ്പാക്കുന്നതിനാണത്രേ, ഇതില്‍ പരിചയ സമ്പന്നരായ അമേരിക്കന്‍ കമ്പനിയെ ഉപദേശകരാക്കിയത്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ കമ്പനികള്‍ രൂപീകരിക്കാന്‍ 2000-ല്‍ തന്നെ നയപരമായ അംഗീകാരം നല്‍കിയിരുന്നതു കൊണ്ട് ദേവാസ് കമ്പനി രൂപീകരിച്ചതും നയത്തിന് അനുസൃതമായാണ്. എന്‍ഡിഎ സര്‍ക്കാരും യുപിഎ സര്‍ക്കാരും ആദ്യം വരുന്നയാള്‍ക്ക് ആദ്യം സ്‌പെക്ട്രം നല്‍കുക എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എസ് ബാന്‍ഡ് സ്‌പെക്ട്രം ആദ്യമായാണ് ഇന്ത്യ ഉപയോഗപ്പെടുത്തുന്നത്. ഇതിനുളള ചര്‍ച്ചകള്‍ തുടങ്ങിയ കാലത്ത് വാണിജ്യാടിസ്ഥാനത്തിനുളള ആവശ്യക്കാര്‍ ഏറെപ്പേരുണ്ടായിരുന്നില്ല. രാഷ്ട്രീയനേതൃത്വത്തിന് ഈ ഇടപാടിനെക്കുറിച്ച് അറിയാമായിരുന്നു. ഇതുസംബന്ധിച്ച് ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി കബില്‍ സിബല്‍ ഒരു നോട്ടു തയ്യാറാക്കി കാബിനറ്റിന്റെ അംഗീകാരവും വാങ്ങിയിരുന്നു. … ഇങ്ങനെ പോകുന്നു ഇവരുടെ ന്യായങ്ങള്‍. നിയോ ലിബറല്‍ നയങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പൊതുസ്വത്ത് കൊളളയടിക്കുന്നതിന് ഏറ്റവും അനുകൂലമായ ഒരു നയചട്ടക്കൂട് ഇന്ത്യയില്‍ രൂപം കൊണ്ടത് എന്നതിന് മറ്റൊരു ദൃഷ്ടാന്തം കൂടിയാണ് എസ് ബാന്‍ഡ് വില്‍പനയുടെ അനുഭവം. വെറും 1500 കോടി രൂപയ്ക്ക് ഇന്ന് ഏതാണ്ട് 2 ലക്ഷം കോടി രൂപ വിലമതിക്കുന്ന എസ് ബാന്‍ഡ് സ്‌പെക്ട്രം വില്‍ക്കാനാണ് ശ്രമിച്ചത്. ഈ 1500 കോടിയില്‍ ഏതാണ്ട് പകുതിത്തുക രണ്ടുപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒയ്ക്ക് ചെലവഴിക്കേണ്ടി വരും. 


രാഷ്ട്രീയ കോളിളക്കം


2ജി സ്‌പെക്ട്രം അഴിമതി സൃഷ്ടിച്ച കോളിളക്കത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം കലങ്ങിമറിഞ്ഞു. അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും പോരാടി. ദുര്‍ബലമായ ന്യായങ്ങളില്‍തൂങ്ങി കോണ്‍ഗ്രസും കേന്ദ്രമന്ത്രിമാരും അന്വേഷണാവശ്യം തിരസ്‌കരിച്ചു. ലക്ഷം കോടിയുടെ അഴിമതി പുറത്തുവന്നിട്ടും അന്വേഷണത്തിനോ നടപടിയ്‌ക്കോ കോണ്‍ഗ്രസ് നേതൃത്വം സ്വമേധയാ തയ്യാറായില്ല. കട്ട് ഓഫ് ഡേറ്റ് തീയതി നിശ്ചയിച്ചതിലെ കുതന്ത്രം ദില്ലി ഹൈക്കോടതിയും സുപ്രിം കോടതിയും റദ്ദാക്കിയിട്ടും രാജയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. രാജയെ ന്യായീകരിക്കുകയായിരുന്നു മനോമോഹന്‍സിംഗ് ചെയ്തത്. ഒടുവില്‍ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടു പുറത്തുവന്നതോടെ 2010 നവംബര്‍ 14ന് എ. രാജ ടെലികോം മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി കപില്‍ സിബലിന് ടെലിംകോം വകുപ്പിന്റെ അധികചുമതല നല്‍കുകയും ചെയ്തു. 


എ. രാജയുടെ രാജിയോടെ പ്രതിപക്ഷ സമരം ശക്തമായി. അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ (ജെപിസി) നിയോഗിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പ്രണബ് മുഖര്‍ജി, കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം എന്നിവര്‍ ജെപിസി അന്വേഷണത്തെ ശക്തിയായി എതിര്‍ത്തു.


സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് എന്ന വിമര്‍ശനം പരസ്യമായി ഉന്നയിക്കാനും കോണ്‍ഗ്രസ് തയ്യാറായി. സിഎജി റിപ്പോര്‍ട്ടിന്മേലുളള അസഹിഷ്ണുത പരസ്യമായി ഉന്നയിച്ച് പുതിയ ടെലികോം മന്ത്രി കപില്‍ സിബല്‍ രംഗത്തെത്തി. സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ടന്റ്‌സ് കമ്മിറ്റിയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി ചേരിതിരിഞ്ഞു. 


സിഎജി റിപ്പോര്‍ട്ടു പുറത്തുവന്നതോടെ ജെപിസി അന്വേഷണത്തിനുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും ആവശ്യം ശക്തമായി. ദുര്‍ബലമായ വാദമുഖങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. 2010 നവംബര്‍ 9ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രക്ഷുബ്ധമായി. ഒരുദിവസം പോലും ചേരാനാകാതെ ഡിസംബര്‍ 13ന് സമ്മേളന നടപടികള്‍ അവസാനിപ്പിക്കേണ്ടി വന്നു. വെറും ഒമ്പതു മണിക്കൂര്‍ മാത്രമാണ് സഭ സമ്മേളിച്ചത്. ഒടുവില്‍ 2011 ഫെബ്രുവരി മാസത്തില്‍ പ്രതിപക്ഷാവശ്യത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങി. മുട്ടാപ്പോക്കും മുടന്തന്‍ന്യായങ്ങളും മാറ്റി വെച്ച് പ്രധാനമന്ത്രി ഫെബ്രുവരി 22ന് ജെപിസി അന്വേഷണം പ്രഖ്യാപിച്ചു. ജെപിസിയുടെ ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയ്ക്ക് ആണെങ്കിലും സാക്ഷികളെ വിസ്തരിക്കുന്നതിന് പ്രതിപക്ഷാംഗങ്ങള്‍ക്കു കഴിയും. ഇതേ സമയം തന്നെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുളള പിഎസി അന്വേഷണം പൂര്‍ത്തീകരിച്ചു. സ്വാഭാവികമായും യോജിച്ച റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ കഴിഞ്ഞില്ല. ചെയര്‍മാന്‍ മുരളീ മനോഹര്‍ ജോഷി ഉണ്ടാക്കിയ റിപ്പോര്‍ട്ട് ഭൂരിപക്ഷം വരുന്ന യുപിഎ അംഗങ്ങളും സ്പീക്കറും തളളി. 


2011ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ വമ്പന്‍ പരാജയത്തിന്റെ കാരണങ്ങളിലൊന്ന് 2ജി സ്‌പെക്ട്രം അഴിമതി വിവാദമായിരുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയ - മാധ്യമ - വ്യവസായ മേഖലകളില്‍ കുത്തകാധിപത്യമുളള കരുണാനിധി കുടുംബത്തിനേറ്റ തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പു വിജയം. കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെയും എ രാജയുടെയും അറസ്റ്റും ജയില്‍വാസവും ദയാനിധി മാരന് രാജിവെയ്‌ക്കേണ്ടി വന്നതുമൊക്കെ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ആകെയുളള 234 നിയമസഭാ മണ്ഡലങ്ങളില്‍ ഡിഎംകെയ്ക്ക് വെറും 29 സീറ്റാണ് ലഭിച്ചത്. എഐഎഡിഎംകെ ഒറ്റയ്ക്ക് 150 സീറ്റും മുന്നണി 205 സീറ്റും കരസ്ഥമാക്കി. 


ദേശീയതലത്തില്‍ ബോഫോഴ്‌സ് പോലെ കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി. ഒപ്പം ബിജെപിയും അഴിമതിയുടെ കാര്യത്തില്‍ പ്രതിരോധത്തിലാണ്. ഇതാണ് ഇന്ത്യയിലെ സവിശേഷമായ രാഷ്ട്രീയ അവസ്ഥ.

Wednesday, April 25, 2012

കോഴിക്കോട് കോണ്‍ഗ്രസിന്റെ ചരിത്രപ്രാധാന്യം

 (കലാകൗമുദി ലേഖനം)
 സിപിഐ(എം) അതിന്റെ ചരിത്രത്തിലെ കടുത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. 2004ല്‍ 43 എംപിമാര്‍ പാര്‍ട്ടിക്കുണ്ടായിരുന്നത് 2009ലെ തിരഞ്ഞെടുപ്പില്‍ 16 ആയി താണു. പാര്‍ട്ടി രൂപീകരിച്ച ശേഷം നടന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (1967)പ്പോലും 19 സീറ്റു ലഭിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശേഷി അളക്കുന്നതിന് പാര്‍ലമെന്റിലെ പ്രാതിനിധ്യം മതിയായ ഒരളവുകോല്‍ അല്ലെങ്കിലും ഈ ഇടിവ് ദേശീയ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടുന്നതിന് സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുളളൂ. 


 പ്രസ്ഥാനത്തിന്റെ അസമമായ വളര്‍ച്ച സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ കൂടുതല്‍ രൂക്ഷമാവുകയാണ്. 1978-ല്‍ ചേര്‍ന്ന പ്ലീനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം പ്രസ്ഥാനത്തിന്റെ അസമമായ വളര്‍ച്ചയായിരുന്നു. ഹിന്ദി മേഖലയില്‍ കാലുറപ്പിക്കുന്നതിന് ചില പരിപാടികള്‍ ആവിഷ്‌കരിക്കപ്പെട്ടു. ഹിന്ദി മേഖലയില്‍ ഇന്നും പാര്‍ട്ടി ദുര്‍ബലമായി തുടരുന്നു. പാര്‍ട്ടി അംഗത്വത്തില്‍ 73.12 ശതമാനവും ബഹുജന സംഘടനാ മെമ്പര്‍ഷിപ്പില്‍ 78.6 ശതമാനവും ബംഗാള്‍, കേരളം, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നാണ്. 


 തമിഴ്‌നാടും ആന്ധ്രയും കൂടിയെടുത്താല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ 90.04 ശതമാനവും ബഹുജന സംഘടനാ മെമ്പര്‍ഷിപ്പിന്റെ 91.14 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ തന്നെ തിരിച്ചടിയുണ്ടായി. 35 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം ബംഗാളില്‍ സംസ്ഥാന ഭരണം നഷ്ടപ്പെടുക മാത്രമല്ല, രാഷ്ട്രീയമായി പാര്‍ട്ടി പ്രതിരോധത്തിലുമായി. 70കളിലെ അര്‍ദ്ധഫാസിസ്റ്റ് ഭീകരതയെ അനുസ്മരിപ്പിക്കുന്ന കടന്നാക്രമണമാണ് ഇന്നവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബംഗാളിലെ വിജയത്തില്‍ ലഹരി പൂണ്ട കോണ്‍ഗ്രസ് സര്‍വ കുതന്ത്രങ്ങളും ഉപയോഗിച്ച് ത്രിപുരയില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലും പാര്‍ട്ടിയ്ക്ക് ഭരണം നഷ്ടപ്പെട്ടു. 

മൂന്നാം മുന്നണി 
ഈ പരിസ്ഥിതിയെ നേരിടുന്നതിനുളള ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് കോഴിക്കോട്ടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്. രാഷ്ട്രീയതലത്തില്‍ മുന്നണി രാഷ്ട്രീയം എത്രമാത്രം ഗുണം ചെയ്തു എന്നുളളത് ഗൗരവമായ അവലോകനത്തിനു വിധേയമാക്കപ്പെട്ടു. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലേതു പോലുളള ഇടതുപക്ഷ മുന്നണികള്‍ കേവലം തെരഞ്ഞെടുപ്പു മുന്നണികളല്ല. നീണ്ടനാളത്തെ രാഷ്ട്രീയ പ്രക്ഷോഭ പ്രചാരണങ്ങളിലൂടെ രൂപം കൊണ്ടവയാണ്. എന്നാല്‍ അതല്ല, മറ്റു സംസ്ഥാനങ്ങളിലെ നില. കേവലം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടാണ് അവിടങ്ങളിലെ സഖ്യങ്ങള്‍ രൂപം കൊണ്ടിട്ടുളളത്. ഇവ സ്ഥിരം സംവിധാനമാകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ മാത്രമല്ല, സ്വതന്ത്രമായ മുന്‍കൈയെയും പ്രതികൂലമായി ബാധിച്ചു. കാരണം, സഖ്യകക്ഷികളായി വരുന്ന പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ കൂടുതല്‍ അവസരവാദപരമായ നിലപാടുകളാണ് കൈക്കൊളളുന്നത്. കോണ്‍ഗ്രസിനോടൊപ്പമോ ബിജെപിയോടൊപ്പമോ ചേരുന്നതിന് അവര്‍ക്കു മടിയില്ല. ഭരണത്തിലേറിയാല്‍ കോണ്‍ഗ്രസിന്റെ അതേ നിയോലിബറല്‍ നയങ്ങള്‍ തന്നെയാണ് ഇവരും നടപ്പാക്കുന്നത്. 


 ഇതിനര്‍ത്ഥം ഭാവിയില്‍ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഉണ്ടാവില്ല എന്നല്ല. തിരഞ്ഞെടുപ്പു വേളയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിശോധിച്ച് ആ സന്ദര്‍ഭത്തില്‍ ഉചിതമായ തീരുമാനം കൈക്കൊളളും. വര്‍ഗ ബഹുജന പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും പാര്‍ട്ടിയുടെ സ്വതന്ത്രമായ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുമായിരിക്കും പരിശ്രമിക്കുക. 


2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം മൂന്നാം മുന്നണിയുടെ വിശ്വാസ്യതയില്ലായ്മ പരക്കെ അംഗീകരിക്കപ്പെട്ടതാണ്. വ്യക്തമായ ഒരു പരിപാടിയില്ലാതെ തികച്ചും അവസരവാദപരമായ നിലപാടുകള്‍ തുടര്‍ച്ചയായി സ്വീകരിച്ചു വരുന്ന എഐഎഡിഎംകെ, ബിഎസ്പി തുടങ്ങിയവരുമായി തല്ലിക്കൂട്ടിയുണ്ടാക്കുന്ന മൂന്നാം മുന്നണി ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നുളള അവകാശവാദം ജനങ്ങള്‍ ഗൗരവമായി എടുത്തില്ല. 


 ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ കോണ്‍ഗ്രസിനും ബിജെപിയ്ക്കും എതിരായ മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാക്കാനാവില്ല. ഇടതുപക്ഷത്തിനാകട്ടെ, ഇതു തിരിച്ചടിയുടെ കാലവുമാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനുളള അടിയന്തര നടപടികളാണ് ഇന്നത്തെ ആവശ്യം. ബംഗാളിലും കേരളത്തിലുമുണ്ടായ തിരിച്ചടികള്‍ മറികടക്കാന്‍ കഴിയണം. ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ പരിപാടി ഫലപ്രദമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുംവിധം ബഹുജന സമരങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

ശക്തികേന്ദ്രങ്ങളില്‍ തിരിച്ചുവരവ്
കോണ്‍ഗ്രസ് - ബിജെപി ഇതര കക്ഷികളുമായുളള സഖ്യം ഉപേക്ഷിക്കുന്നുവെന്നല്ല ഇതിനര്‍ത്ഥം. തെരഞ്ഞെടുപ്പുവേളയില്‍ ഓരോ പ്രദേശത്തെയും സാഹചര്യങ്ങളനുസരിച്ച് ഇത്തരം കൂട്ടുകെട്ടുകള്‍ ഉണ്ടാക്കേണ്ടി വരും. ഇന്നത്തെ സാഹചര്യത്തില്‍ മൂന്നാം മുന്നണി എന്നൊരു മുദ്രാവാക്യം ഉയര്‍ത്തി ഇവരെയാകെ ഒരു സഖ്യത്തില്‍ അണി നിരത്താം എന്നു കരുതുന്നത് മൗഢ്യമാണ്.  പാര്‍ലമെന്റില്‍ ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് - ബിജെപി ഇതര പാര്‍ട്ടികളുമായി പരമാവധി സഹകരണം കൊണ്ടുവരുന്നതിന് ശ്രമിക്കുന്നുണ്ട്. 2010 ഏപ്രില്‍ 27ല്‍ പതിമൂന്നു പാര്‍ട്ടികള്‍ വിലക്കയറ്റത്തിനെതിരെയുളള പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. പക്ഷേ, ഇതുപോലെ അഴിമതിയ്‌ക്കെതിരായ യോജിച്ച നിലപാടിന് പല പാര്‍ട്ടികളും തയ്യാറാകാത്തതിന്റെ അനുഭവവുമുണ്ട്. 

ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്നു പറഞ്ഞാല്‍ ആദ്യകടമ ബംഗാളിലും കേരളത്തിലുമുണ്ടായ തിരിച്ചടിയെ മറികടക്കുകയാണ്. ബംഗാളില്‍ മമതാ ബാനര്‍ജി ഇതിനകം നഗരങ്ങളില്‍ അതിവേഗത്തില്‍ ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. അനിവാര്യമായ ഈ പതനം ഗ്രാമങ്ങളില്‍ക്കൂടി വ്യാപിക്കുന്നതിനു മുമ്പ് ലോകസഭാ തിരഞ്ഞെടുപ്പു നടത്തുന്നതിനാണ് മമതയുടെ വെപ്രാളം. തൃണമൂല്‍ - മാവോയിസ്റ്റ് കടന്നാക്രമണത്തിനെതിരെയുളള ചെറുത്തുനില്‍പ്പും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുളള പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും പുതിയൊരു ഇടതുപക്ഷ മുന്നേറ്റത്തിനു വഴിയൊരുക്കി. സീറ്റിന്റെ എണ്ണത്തില്‍ വലിയ തകര്‍ച്ചയുണ്ടായെങ്കിലും 41 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ഇടതുമുന്നണിയ്ക്കുണ്ട് എന്നതു വിസ്മരിക്കാന്‍ പാടില്ല. 

കേരളത്തിലാകട്ടെ, ജാതിവിരുദ്ധവും മതേതരവുമായ പരിപാടിയുടെ അടിസ്ഥാനത്തിലുളള പ്രചാരണം ശക്തിപ്പെടുത്തേണ്ടതുണ്ട്. പിറവം തിരഞ്ഞെടുപ്പ് ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ന്യൂനപക്ഷങ്ങളെ വര്‍ഗീയമായി തങ്ങളോടൊപ്പം ഏകീകരിക്കുന്നതില്‍ യുഡിഎഫ് നല്ലതോതില്‍ വിജയിച്ചു. അതേസമയം ഹൈന്ദവ ജാതിസംഘടനകളെ വിവിധങ്ങളായ ആനുകൂല്യങ്ങള്‍ നല്‍കി കൂടെ നിര്‍ത്തുന്നതിലും അവര്‍ വിജയിച്ചു. ഈ വര്‍ഗീയ ജാതീയ ഏകീകരണത്തിനെതിരെ ശക്തമായ പ്രചാരണം അനിവാര്യമാണ്. അതോടൊപ്പം യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയ്ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ പ്രക്ഷോഭങ്ങളും വളര്‍ത്തേണ്ടതുണ്ട്.
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പു കാലമാകുമ്പോഴേയ്ക്കും സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കേരളത്തിലും ബംഗാളിലും 2004ലെ തിരഞ്ഞെടുപ്പില്‍ നേടിയ അത്രയുമില്ലെങ്കിലും ശക്തമായ തിരിച്ചുവരവ് ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ പ്രതിഫലിച്ചത്. 


ദുര്‍ബല മേഖലകളിലെ മുന്നേറ്റം
ഇതോടൊപ്പം ദുര്‍ബല പ്രദേശങ്ങളില്‍ എങ്ങനെ മുന്നേറാം എന്ന ചോദ്യത്തിന് രാജസ്ഥാനിലെ അനുഭവം മറുപടി നല്‍കുന്നുണ്ട്. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിക്കാര്‍ മേഖലയില്‍ മൂന്ന് എംഎല്‍എമാരെ വിജയിപ്പിക്കാന്‍ പാര്‍ട്ടിയ്ക്കു കഴിഞ്ഞു. ഈ മേഖലയില്‍ കനാല്‍ ജലസേചനം സംബന്ധിച്ച് മുദ്രാവാക്യമുയര്‍ത്തി ശക്തമായ കര്‍ഷകസമരത്തിലൂടെ പാര്‍ട്ടിയ്ക്ക് അടിത്തറയുണ്ടാക്കാന്‍ കഴിഞ്ഞു. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടും ശക്തമായ സമരം വളര്‍ത്തിയെടുത്തു. ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി അംഗത്വം വര്‍ദ്ധിച്ചതും ശുഭോദാര്‍ക്കമാണ്. 


പ്രാദേശിക കാര്‍ഷികപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സമരങ്ങള്‍ സംഘടിപ്പിക്കുകല്ലാതെ കുറുക്കുവഴികള്‍ ഇല്ല. ഇവയോടൊപ്പം പാര്‍ട്ടി രാഷ്ട്രീയ സംഘടനാ പ്രമേയം സാമൂഹ്യപ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സവിശേഷമായ ഒരു ഊന്നല്‍ നല്‍കിയിട്ടുണ്ട്. സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കുമ്പോള്‍ത്തന്നെ ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും നേര്‍ക്കുളള വിവേചനത്തിനും അടിച്ചമര്‍ത്തലിനും എതിരായി ശക്തമായി ഇടപെട്ടുകൊണ്ടല്ലാതെ ദുര്‍ബല പ്രദേശങ്ങളില്‍ മുന്നേറ്റം സാധ്യമല്ല. ഈ ദിശയില്‍ ശ്രദ്ധേയമായ ചില നീക്കങ്ങള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലുമുണ്ടായി. അയിത്തത്തിന്റെ നാനാരൂപങ്ങള്‍ക്കെതിരെ ശ്രദ്ധേയമായ സമരങ്ങള്‍ ഇവിടെ പാര്‍ട്ടി ഏറ്റെടുത്തു. 


ആന്ധ്രയിലാകട്ടെ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരെ വളരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുകയുണ്ടായി. എന്നാല്‍ ഈ സമരങ്ങളില്‍ അണിനിരന്നവരെ രാഷ്ട്രീയമായി ഏകീകരിക്കുന്നതിന് കഴിഞ്ഞില്ല എന്ന് രാഷ്ട്രീയ സംഘടനാപ്രമേയം ചൂണ്ടിക്കാണിക്കുന്നു. 


തമിഴ്‌നാട് അടക്കം മറ്റു പ്രദേശങ്ങളിലാകട്ടെ, വിപുലവും നിരന്തരവുമായി ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വീഴ്ച വന്നു. ഇപ്രകാരം സമീപകാല പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങളെ ചിട്ടയായി വിലയിരുത്തി ഭാവിയിലേയ്ക്കുളള മാര്‍ഗസൂചകങ്ങള്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുന്നുണ്ട്.
സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് എന്നു പറഞ്ഞാല്‍ സ്വത്വപ്രശ്‌നങ്ങള്‍ ഇല്ലെന്നു നടിക്കുകയോ അവഗണിക്കുകയോ അല്ല. ഇവയെല്ലാം സമകാലീന ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. സിപിഎമ്മിന്റെ വ്യത്യസ്തത ഇത്തരം സ്വത്വബോധത്തെ അടിസ്ഥാനമാക്കി പൊതുരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനു പകരം പൊതു വര്‍ഗരാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ സവിശേഷ സ്വത്വപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതാണ്. സിപിഎം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യന്റെ വ്യത്യസ്തസ്വത്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന നാനാവിധ സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായി പാര്‍ട്ടി ഇടപെടുകയും ചെയ്യും.


പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പ്രത്യയശാസ്ത്രപ്രമേയത്തില്‍ പ്രാധാന പരിഗണന നല്‍കിയിട്ടുണ്ട്. സാമ്രാജ്യത്വ ആഗോളവത്കരണത്തിന്റെ ഫലമായി മൂര്‍ച്ഛിക്കുന്ന പാരിസ്ഥിതിക തകര്‍ച്ച മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുദ്ധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഉല്‍പാദനത്തിന്റെ വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യവത്കൃത സ്വഭാവവും നേട്ടങ്ങളുടെ സ്വകാര്യമായ സ്വായത്തമാക്കലുമാണ് ഈ വൈരുദ്ധ്യം. ഇത് സാമ്രാജ്യത്വരാഷ്ട്രങ്ങളും അവികസിത രാജ്യങ്ങളും തമ്മില്‍ പരിസ്ഥിതി സംരക്ഷണ പരിഹാര നടപടികള്‍ സംബന്ധിച്ച് രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴി തെളിയ്ക്കുന്നു. 

ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ എന്നപോലെ ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ക്കും രാഷ്ട്രീയ പ്രമേയത്തില്‍ സവിശേഷമായ പ്രാധാന്യമുണ്ട്. കൂലിയ്ക്കും ഭൂമിയ്ക്കും വേണ്ടിയുളള പ്രക്ഷോഭങ്ങള്‍ മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെളളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉയര്‍ത്തിയുളള പ്രക്ഷോഭങ്ങളും പ്രധാനമാണ്.
ആഗോള പ്രതിസന്ധിയും ചെറുത്തു നില്‍പ്പും
ഇത്തരത്തില്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ വളര്‍ത്തിയെടുക്കുന്നതിന് അന്തര്‍ദേശീയ തലത്തിലുണ്ടായ പുതിയ പ്രവണതകള്‍ സഹായകരമാണ്. പ്രത്യയശാസ്ത്ര പ്രമേയത്തിലാണ് ഇതുസംബന്ധിച്ച വിശദമായ പ്രതിപാദനമുളളത്. ആഗോളമാന്ദ്യം മുതലാളിത്തത്തെക്കുറിച്ചുളള വ്യാമോഹങ്ങളെ തകര്‍ത്തിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥ കാലഹരണപ്പെട്ടു എന്ന പ്രഖ്യാപനത്തോടെയാണല്ലോ വാള്‍സ്ട്രീറ്റ് കൈയടക്കല്‍ പ്രസ്ഥാനം അമേരിക്കയില്‍ വളര്‍ന്നത്. യൂറോപ്പിലാകട്ടെ, പണിമുടക്കുകളുടെയും സമരങ്ങളുടെയും വേലിയേറ്റമാണ്. ഈ മുന്നേറ്റത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ഇപ്പോഴും ദുര്‍ബലമാണെന്നത് ശരിയാണ്. പക്ഷേ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് തൊണ്ണൂറുകളിലുണ്ടായിരുന്ന നിലയല്ല ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം അവസാനിക്കുമ്പോഴുളളത്. 

ലത്തീന്‍ അമേരിക്കയിലെ ഇടതുപക്ഷ സര്‍ക്കാരുകളുടെ ആരോഹണം സുപ്രധാന രാഷ്ട്രീയ സംഭവവികാസമാണ്. അധികാരം പിടിച്ചെടുത്തപ്പോള്‍ ഫിദല്‍ കാസ്‌ട്രോ പോലും കമ്മ്യൂണിസ്റ്റായിരുന്നില്ല. പിന്നീടാണ് സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ സംബന്ധിച്ച് ക്യൂബയില്‍ തീര്‍പ്പുണ്ടായത്. ലത്തീന്‍ അമേരിക്കയില്‍ വെനിസ്വേല, ഇക്വഡോര്‍, ബൊളീവിയ, നിക്കരാഗ്വ എന്നീ നാലു രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ സോഷ്യലിസം തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇവരടക്കം ലത്തീന്‍ അമേരിക്കന്‍ സര്‍ക്കാരുകളുടെ പൊതുവായ മുഖമുദ്ര അമേരിക്കന്‍ സാമ്രാജ്യവിരോധമാണ്. ഈ രാജ്യങ്ങള്‍ തമ്മിലുളള സഹകരണസംവിധാനങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പുതിയൊരു സാമ്രാജ്യവിരുദ്ധ കൂട്ടായ്മയ്ക്കു രൂപം നല്‍കിയിരിക്കുന്നു. ഇന്നത്തെ ആഗോള പരിസ്ഥിതിയില്‍ ഒരു ദേശീയ രാഷ്ട്രത്തിനുളളില്‍ എങ്ങനെ ഇടതുപക്ഷ ബദലുകള്‍ക്കു രൂപം നല്‍കാന്‍ പറ്റും എന്നതിന്റെ ധീരമായ പരീക്ഷണങ്ങളാണ് ലത്തീന്‍ അമേരിക്കയില്‍ നടക്കുന്നത്.

ലത്തീന്‍ അമേരിക്കയിലെ പിങ്ക് വിപ്ലവം പോലെ തന്നെ പ്രധാനമാണ് അറബ് രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവവും. അറബ് അമേരിക്കന്‍ വിരുദ്ധ നിലപാടുകള്‍ മുഖ്യമായും മതമൗലികവാദത്തില്‍ അധിഷ്ഠിതമാണ്. ഇതിലൊരു മാറ്റമാണ് അറബ് രാജ്യങ്ങളിലെ പ്രക്ഷോഭങ്ങള്‍ വരുത്തിയത്. എന്നാല്‍ ലിബിയയിലും സിറിയയിലുമെല്ലാം അമേരിക്ക ഇടപെട്ട് ഇത്തരമൊരു ചാലിലേയ്ക്ക് പ്രക്ഷോഭങ്ങള്‍ വഴുതിപ്പോകില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ടിരിക്കുകയാണ്.


ഫിനാന്‍സ് മൂലധനാധിപത്യം

സമകാലീന ആഗോളവത്കരണ പ്രക്രിയയെക്കുറിച്ച് കൂടുതല്‍ കൃത്യമായ വിശദീകരണം പ്രത്യയശാസ്ത്ര പ്രമേയം നല്‍കുന്നുണ്ട്. ഫിനാന്‍സ് മൂലധനത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ് സമകാലീന ആഗോളവത്കരണത്തിന്റെ പ്രത്യേകത. 16-18 നൂറ്റാണ്ടുകളില്‍ കച്ചവടമൂലധനത്തിനായിരുന്നു ആധിപത്യം. വ്യവസായ വിപ്ലവത്തോടെ വ്യവസായ മൂലധനം ആധിപത്യം നേടി. ഫിനാന്‍സ് മൂലധനത്തിന്റെ യുഗം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. പക്ഷേ, ഇപ്പോഴാണ് അത് സമ്പൂര്‍ണമായത്. 


എന്നാല്‍ മുന്‍കാലങ്ങളില്‍നിന്ന് രണ്ടു വ്യത്യസ്തതകള്‍ ഇപ്പോഴുണ്ട്. ഒന്നാമത്തേത്, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോളസ്വഭാവമാണ്. സാമ്രാജ്യത്വരാഷ്ട്രങ്ങളെ ഇത് അപ്രസക്തമാക്കുന്നില്ലെങ്കിലും അന്തര്‍സാമ്രാജ്യ വൈരുദ്ധ്യങ്ങളെ മെരുക്കുന്നു, ഫിനാന്‍സ് മൂലധന താല്‍പര്യത്തിനു കീഴില്‍ അവരെ ഏകീകരിക്കുന്നു. രണ്ടാമത്തേത്, ഫിനാന്‍സ് മൂലധനത്തിന് ഉല്‍പാദനവുമായുളള നേരിട്ടുളള ബന്ധം അതീവദുര്‍ബലമാകുന്നു എന്നതും. ഉല്‍പാദന പ്രക്രിയയില്‍ നേരിട്ടു പങ്കെടുക്കാതെ വിവിധങ്ങളായ ഊഹക്കച്ചവട വിപണികളിലേയും ഫിനാന്‍സിന്റെയും തിരിമറികളിലൂടെ അവ ലോകത്തെമ്പാടുമുളള ഫാക്ടറികളിലും വയലേലകളിലും സൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യം ഊറ്റിയെടുക്കുന്നു. ഈ വ്യത്യസ്തതകള്‍ മനസിലാക്കാതെ സമകാലീന ആഗോളവത്കരണത്തെ വിശദീകരിക്കാനാവില്ല. ഏതെങ്കിലും ഒരു രാജ്യത്തിന് ആഗോളക്രമത്തില്‍ നിന്ന് ഒറ്റയ്ക്കു കുതറി മാറാനുളള സാധ്യതകള്‍ ഫിനാന്‍സ് മൂലധനാധിപത്യം കര്‍ശനമായി പരിമിതപ്പെടുത്തുന്നു. 

ചൈന എങ്ങോട്ട്?
ചൈനയെക്കുറിച്ചുളള വിലയിരുത്തലാണ് ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ നേടിയത്. ചൈനയിലെ ആഭ്യന്തര- സാമ്പത്തിക പരിഷ്‌കരണങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുളളത്. സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസത്തിന്റെ പടിവാതുക്കല്‍ ആണെന്നോ, ചൈന ഒരെടുത്തു ചാട്ടത്തോടെ സോഷ്യലിസത്തില്‍ എത്തിച്ചേര്‍ന്നുവെന്നുമുളള നിലപാടുകളെ പണ്ടേ സിപിഐ(എം) തളളിക്കളഞ്ഞതാണ്. സോഷ്യലിസത്തിലേയ്ക്കുളള പരിവര്‍ത്തനം ദീര്‍ഘനാളുകള്‍ കൊണ്ട് നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്.


വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍ പ്രതിവിപ്ലവശക്തികളെ അടിച്ചമര്‍ത്തിക്കഴിഞ്ഞപ്പോള്‍ 'യുദ്ധകാല കമ്മ്യൂണിസ'ത്തെ ലെനിന്‍ തന്നെ തിരുത്തി. ഉല്‍പാദനശക്തികളെ വളര്‍ത്തുന്നതിനു വേണ്ടി കമ്പോളത്തെയും വിദേശമൂലധനത്തെയുമടക്കം സ്വകാര്യമൂലധനത്തെയും ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ നയം ലെനിന്‍ മുന്നോട്ടുവെച്ചു. എന്നാല്‍ രണ്ടാം ലോകയുദ്ധത്തിന്റെ കേളികൊട്ടു തുടങ്ങിയതോടു കൂടി ഈ നയം അവസാനിപ്പിക്കാന്‍ അന്നത്തെ സോവിയറ്റ് ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. ലെനിന്റെ കാഴ്ചപ്പാടിനെ ചൈനയുടെ സവിശേഷസാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇന്നത്തെ ആഗോളപരിസ്ഥിതിയില്‍ നടപ്പിലാക്കുകയാണ് ചൈനീസ് നേതൃത്വം എന്നതായിരുന്നു ഇതുവരെ നല്‍കിവന്ന വിശദീകരണം.
മേല്‍പറഞ്ഞ വിശദീകരണം ഇന്നും സാധുവാണ്. ഇതിന്റെ സദ്ഫലങ്ങള്‍ സാമ്പത്തികവളര്‍ച്ചയില്‍ കാണാനുമാകും. രണ്ടുദശാബ്ദക്കാലമായി ചൈന ശരാശരി പത്തുശതമാനം വേഗതയില്‍ വളരുകയാണ്. ലോകചരിത്രത്തില്‍ മറ്റൊരു രാജ്യവും ഒരുകാലത്തും ഇതുപോലെ വേഗതയില്‍ വളര്‍ന്നിട്ടില്ല. മറ്റൊരു രണ്ടുപതിറ്റാണ്ടു കഴിയുമ്പോഴേയ്ക്കും ചൈന ലോകത്തെ വന്‍കിട സാമ്പത്തികശക്തിയായി മാറും എന്നാണു പ്രവചനം. 


മേല്‍പറഞ്ഞ നേട്ടങ്ങളോടൊപ്പം പുതിയ നയങ്ങള്‍ സൃഷ്ടിച്ചിട്ടുളള സാമൂഹ്യവൈരുദ്ധ്യങ്ങളിലേയ്ക്കു പ്രമേയം ശ്രദ്ധക്ഷണിക്കുന്നു. വിവിധ പ്രദേശങ്ങള്‍ തമ്മിലുളള അസമത്വവും കുടുംബങ്ങള്‍ തമ്മിലുളള വരുമാനാന്തരവും ഞെട്ടിപ്പിക്കുന്ന തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും വ്യാപകമാകുന്നു. ഒരു പുതിയ മുതലാളിവര്‍ഗം വളര്‍ന്നുവരുന്നു. വിദേശ ചൈനീസ് മുതലാളിമാരടക്കം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുളളതു ചൈനയിലാണ്.


മേല്‍പറഞ്ഞ പ്രശ്‌നങ്ങളെക്കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും ബോധ്യമുണ്ട്. പരിഹാര നടപടികളും സ്വീകരിക്കുന്നുണ്ട്. പക്ഷേ, കാതലായ ചോദ്യം അവശേഷിക്കുന്നു. ഏങ്ങനെയാണ് ഇവിടെ നിന്ന് സോഷ്യലിസത്തിലേയ്ക്കു മുന്നേറുക? പുതിയ വരേണ്യവര്‍ഗം ഇതിനെ എതിര്‍ക്കുകയില്ലേ? 


ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മറുപടി ഈ സംഭവവികാസങ്ങളെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാധിപത്യത്തിന്റെ ചട്ടക്കൂടിലാണ് നടക്കുന്നത് എന്നാണ്. സോഷ്യലിസത്തിലേയ്ക്കു മുന്നേറും എന്നതിന്റെ ഗ്യാരണ്ടി ഇതാണ്. പക്ഷേ, അടിത്തറയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം മേല്‍പ്പുരയെയും സ്വാധീനിക്കില്ലേ. പ്രത്യേകിച്ച്, പുതിയ സമ്പന്ന വിഭാഗങ്ങള്‍ക്കു കൂടി പാര്‍ട്ടി അംഗത്വം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍? 


ഈ പ്രശ്‌നങ്ങളുടെ അവസാനതീര്‍പ്പ് പ്രമേയം കല്‍പ്പിക്കുന്നില്ല: 'ഈ വൈരുദ്ധ്യങ്ങളെ എത്രമാത്രം വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നതും അവയെങ്ങനെ പരിഹൃതമാകുന്നു എന്നതും ചൈനയുടെ ഭാവിഗതിയെ നിര്‍ണയിക്കും' (ഖണ്ഡിക 6.23) . ക്യൂബയടക്കമുളള മറ്റു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോഴും സമാനമായ പരിഷ്‌കാരങ്ങള്‍ ഏറിയും കുറഞ്ഞും നടപ്പാക്കി വരുന്നുണ്ട്. ഇതു കാണിക്കുന്നത് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയ എത്രമാത്രം സങ്കീര്‍ണമായി തീരുന്നു എന്നുളളതാണ്. അതുകൊണ്ടു തന്നെയാണ് സിപിഐ(എം) ചൈനയുടെ ഈ പരിഷ്‌കാരങ്ങളെ അനുഭാവപൂര്‍വം പരിശോധിക്കാന്‍ തയ്യാറാകുന്നത്.

ജനകീയ സംഘാടനം
രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക ഈ സമ്മേളന നടത്തിപ്പിലെ ജനപങ്കാളിത്തമാണ്. ഒരു നാടിന്റെ വികാരമായി സമ്മേളനം മാറി. സിപിഐ(എം) അംഗങ്ങളും വര്‍ഗബഹുജനസംഘടനകളിലെ ഭൂരിപക്ഷം പേരും തങ്ങളുടെ ഒരു ദിവസത്തെ വരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് ഫണ്ടിലേയ്ക്കു നല്‍കി. സമ്മേളനത്തിനായി നാലുമാസമായി നടന്നുവരുന്ന തയ്യാറെടുപ്പ് ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഓരോ ബ്രാഞ്ചിലെ അംഗങ്ങളുടെയും സജീവ അനുഭാവികളുടെയും കുടുംബയോഗങ്ങള്‍ ആദ്യം നടന്നു. അതിനെ തുടര്‍ന്ന് രണ്ടും മൂന്നും ബ്രാഞ്ചുകള്‍ സംയുക്തമായി അനുഭാവികളെയടക്കം പങ്കെടുപ്പിച്ചു വിപുലമായ കുടുംബയോഗങ്ങള്‍ നടന്നു. തുടര്‍ന്ന് പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവ പ്രാദേശിക അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു. 'മാര്‍ക്‌സാണ് ശരി, സിപിഎമ്മാണ് ഉത്തരം' എന്നതായിരുന്നു ഈ പ്രചാരണ കാമ്പയിന്റെ വിഷയം. മൊത്തം 30 സെമിനാറുകള്‍ വിവിധ വിഷയങ്ങളില്‍ സംഘടിപ്പിച്ചു. കലാ കായിക മത്സരങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. 

ചിത്രകാരന്മാരും സംഗീതജ്ഞരും ശില്‍പികളും അടങ്ങുന്ന നൂറുകണക്കിന് കലാകാരന്മാര്‍ സമ്മേളനത്തെ ഹൃദ്യമായ അനുഭൂതിയാക്കി. ചരിത്രപ്രദര്‍ശനത്തില്‍ ഫോട്ടോകളും കുറിപ്പുകളും മാത്രമായിരുന്നില്ല. ചിത്രങ്ങളും ശില്‍പങ്ങളും ഇന്‍സ്റ്റലേഷനുകളുമുണ്ടായി. മൂന്നു ലക്ഷത്തിലേറെപ്പേരാണ് പ്രദര്‍ശനം കണ്ടത്. ഇരുപത്തയ്യായിരം വാളണ്ടിയര്‍മാരടക്കം ലക്ഷങ്ങള്‍ സമാപനസമ്മേളനത്തില്‍ പങ്കെടുത്തു. ഉജ്വലമായ ചരിത്രപാരമ്പര്യത്തില്‍ നിന്ന് വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടാനുളള രാഷ്ട്രീയവും സംഘടനാപരവുമായ ഊര്‍ജം പാര്‍ട്ടി സഖാക്കള്‍ക്കു പകര്‍ന്നുകൊണ്ടാണ് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കൊടിയിറങ്ങിയത്.