About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Tuesday, April 3, 2012

പാര്‍ട്ടികോണ്‍ഗ്രസ്സിലെ പ്രത്യയശാസ്ത്രസംവാദം

2012 ഏപ്രില്‍ 03ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായിനടന്ന സമ്മേളനങ്ങളോടു ബന്ധപ്പെട്ടുയര്‍ന്ന ഒരു വിമര്‍ശനം പ്രത്യയശാസ്ത്രസംവാദം സി.പി.എമ്മില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നാണ്. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അജന്‍ഡകളില്‍ പ്രധാനപ്പെട്ട ഒന്ന് ചില പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയമാണ് എന്ന വസ്തുത വിമര്‍ശകര്‍ ഒരുപക്ഷേ, അറിഞ്ഞിരിക്കില്ല. സുദീര്‍ഘമായ ഇരുവട്ടചര്‍ച്ചകള്‍ക്കുശേഷമാണ് കേന്ദ്രകമ്മിറ്റി കരടുരേഖ അംഗീകരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് ഈ രേഖയ്ക്ക് അവസാനരൂപം നല്‍കുന്നതിനു മുമ്പ് ഇത് ഇന്ത്യയിലെ എല്ലാ പാര്‍ട്ടി ഘടകങ്ങളും ചര്‍ച്ച ചെയ്യുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്യും. ലക്ഷക്കണക്കിന് പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ ഒരു ആശയസംവാദമാണ് ഇതുവഴി നടക്കുന്നത്. 
സി.പി.എമ്മിനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. 1968-ലാണ് ഇത്തരമൊരു ആശയസംവാദത്തിന് പാര്‍ട്ടി ആദ്യമായി വേദിയൊരുക്കിയത്. അതിവിപുലമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയുടെ അവസാനമാണ് പ്രത്യേയശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് ബര്‍ദ്വാനില്‍ ഒരു പ്രത്യേക പ്ലീനം ചേര്‍ന്നത്. ആഗോളവിപ്ലവ പ്രക്രിയയെ സംബന്ധിച്ച് സോവിയറ്റ് യൂണിയന്‍ എടുത്തുവന്ന പല നിലപാടുകളെയും ഈ പ്ലീനം നിശിതമായി വിമര്‍ശിച്ചു. കൂടുതല്‍ അനുഭാവം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനങ്ങളോടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയുടെ പല നിലപാടുകളെയും രേഖ നിരാകരിച്ചു. സ്വതന്ത്രമായഈ നിലപാട് രൂക്ഷമായ ആശയസമരത്തിനിടയാക്കി. ആന്ധ്രയില്‍ നാഗറെഡ്ഡിയുടെയും മറ്റും നേതൃത്വത്തില്‍ എണ്ണായിരത്തില്‍പ്പരം പാര്‍ട്ടി അംഗങ്ങളാണ് സി.പി.എം. വിട്ട് നക്‌സല്‍ പ്രസ്ഥാനത്തിലേക്കു പോയത്. 

സോവിയറ്റ്, ചൈനീസ് പാര്‍ട്ടികളോട് ബഹുമാനം നിലനിര്‍ത്തുമ്പോഴും ആശയപരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ സി.പി.എം. സ്വീകരിച്ച സ്വതന്ത്രമായ നിലപാട് അത്യപൂര്‍വമായ ഒരു വ്യക്തിത്വം പാര്‍ട്ടിക്കു നല്‍കി. സോവിയറ്റ് തകര്‍ച്ചയുടെ ഭൂകമ്പത്തില്‍ വലിയ തളര്‍ച്ച കൂടാതെ മുന്നോട്ടുപോകാന്‍ സി.പി.എമ്മിനു കഴിഞ്ഞത് ഈയൊരു സ്വതന്ത്രമായ നിലപാടിന്റെ പാരമ്പര്യം കൊണ്ടുകൂടിയാണ്. 

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ബര്‍ദ്വാന്‍ പ്ലീനത്തിലെ രേഖയുടെ അന്തര്‍ദേശീയ നിലപാടുകളെ ഏതാണ്ട് അപ്രസക്തമാക്കിത്തീര്‍ത്തു. ഈ പശ്ചാത്തലത്തിലാണ് 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് പുതിയൊരു പ്രത്യയശാസ്ത്ര രേഖയ്ക്കു രൂപം നല്‍കിയത്. മുതലാളിത്തം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് മുതലക്കൂപ്പു നടത്തുകയാണ്; സോഷ്യലിസത്തില്‍ നിന്നുള്ള തിരിച്ചുപോക്ക് അസാധ്യമാണ് എന്നു തുടങ്ങിയ അതിലളിതവത്കരിച്ചതും യാന്ത്രികവുമായ ധാരണകളെ ഈ പ്രമേയം തിരുത്തി. യൂറോപ്പിലെ സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങളാണ് ഈ പ്രമേയം മുഖ്യമായും പരിശോധിച്ചത്. മാര്‍ക്‌സിസത്തിന്റെ പ്രസക്തി ഈ പ്രമേയം ആവര്‍ത്തിച്ചുറപ്പിച്ചു. 

അതുകഴിഞ്ഞ് ഇരുപതുവര്‍ഷത്തിനുശേഷമാണ് മറ്റൊരു പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. സമകാലീന ആഗോളീകരണത്തിന്റെ സ്വഭാവവും അതുനേരിടുന്ന പ്രതിസന്ധിയുമാണ് ഈ പ്രമേയത്തിലെ ആദ്യത്തെ പരിഗണനാവിഷയം. ആഗോളീകരണം നിലവിലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ത്? പുതിയ സാഹചര്യത്തില്‍ ലോക വിപ്ലവപ്രക്രിയയെക്കുറിച്ച് എന്തെല്ലാം പറയാനാകും? അതോടൊപ്പം ഇന്ത്യന്‍ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള സോഷ്യലിസത്തിനായുള്ള പോരാട്ടത്തില്‍ അഭിമുഖീകരിക്കുന്ന ചില സവിശേഷപ്രശ്‌നങ്ങളെയും രേഖയില്‍ വിശകലനം ചെയ്യുന്നുണ്ട്. 

ഫിനാന്‍സ് മൂലധനത്തിന്റെ സമ്പൂര്‍ണമായ ആധിപത്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് അടുത്തതായി ചര്‍ച്ച ചെയ്യുന്നത്. 16-18 നൂറ്റാണ്ടുകളില്‍ കച്ചവടമൂലധനത്തിനായിരുന്നു ആധിപത്യം. വ്യവസായ വിപ്ലവത്തോടെ വ്യവസായ മൂലധനം ആധിപത്യം നേടി. ഫിനാന്‍സ് മൂലധനത്തിന്റെ യുഗം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. പക്ഷേ, ഇപ്പോഴാണ് ഫിനാന്‍സ് മൂലധനാധിപത്യം സമ്പൂര്‍ണമാകുന്നത്. 

എന്നാല്‍, മുന്‍കാലങ്ങളില്‍നിന്ന് രണ്ടു വ്യത്യസ്തതകള്‍ ഇപ്പോഴുണ്ട്. ഒന്നാമത്തേത്, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോളസ്വഭാവമാണ്. സാമ്രാജ്യത്വരാഷ്ട്രങ്ങളെ ഇത് അപ്രസക്തമാക്കുന്നില്ലെങ്കിലും അന്തര്‍സാമ്രാജ്യ വൈരുദ്ധ്യങ്ങളെ മെരുക്കുന്നു, ഫിനാന്‍സ് മൂലധന താത്പര്യത്തിനു കീഴില്‍ അവരെ ഏകീകരിക്കുന്നു. രണ്ടാമത്തേത്, ഫിനാന്‍സ് മൂലധനത്തിന് ഉത്പാദനവുമായുള്ള നേരിട്ടുള്ള ബന്ധം അതിദുര്‍ബലമാകുന്നു എന്നതും. ഉത്പാദന പ്രക്രിയയില്‍ നേരിട്ടു പങ്കെടുക്കാതെ വിവിധങ്ങളായ ഊഹക്കച്ചവട വിപണികളിലെയും ഫിനാന്‍സിന്റെയും തിരിമറികളിലൂടെ അവ ലോകത്തെമ്പാടുമുള്ള ഫാക്ടറികളിലും വയലേലകളിലുംസൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യം ഊറ്റിയെടുക്കുന്നു. ഈ വ്യത്യസ്തതകള്‍ മനസ്സിലാക്കാതെ സമകാലീന ആഗോളീകരണത്തെ വിശദീകരിക്കാനാവില്ല. ഏതെങ്കിലും ഒരു രാജ്യത്തിന് ആഗോളക്രമത്തില്‍ നിന്ന് ഒറ്റയ്ക്കു കുതറിമാറാനുള്ള സാധ്യതകള്‍ ഫിനാന്‍സ് മൂലധനാധിപത്യം കര്‍ശനമായി പരിമിതപ്പെടുത്തുന്നു. 

ഫിനാന്‍സ് മൂലധനാധിപത്യം മുതലാളിത്തത്തിന്റെ സ്വതഃസിദ്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കുകയല്ല, കൂടുതല്‍ രൂക്ഷമാക്കുകയാണ്. 2008-ല്‍ തുടങ്ങിയ ആഗോളസാമ്പത്തികമാന്ദ്യം ഇപ്പോഴും തുടരുന്നു. മാര്‍ക്‌സ്‌തെളിയിച്ചതുപോലെ ഉത്പാദന വര്‍ധനയ്ക്ക് അനുസൃതമായി സമ്പദ്ഘടനയുടെ വാങ്ങല്‍ക്കഴിവ് ഉയരുന്നില്ല. ഇതു മറികടക്കാനായി സ്വീകരിച്ച ഉദാരമായ വായ്പനയം ഫിനാന്‍സ് മൂലധനത്തിന് പഥ്യമായി. ഊഹക്കച്ചവടം മാനംമുട്ടെ ഉയര്‍ന്നു. മാനത്തേക്കുയരുന്നതെല്ലാം താഴേക്കു വന്നേ പറ്റൂ. ഭവനവായ്പക്കുമിള പൊട്ടിയതോടെ അമേരിക്കന്‍ സമ്പദ്ഘടനയും മറ്റു പാശ്ചാത്യസമ്പദ്ഘടനകളും കുഴപ്പത്തിലേക്കു വഴുതിവീണു. കുഴപ്പത്തിലും ഫിനാന്‍സ് മൂലധനം തടിച്ചുകൊഴുത്തു. വീടും ജോലിയും നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും കിട്ടിയില്ല. ഈ തിരിച്ചറിവാണ് അമേരിക്കയില്‍പ്പോലും മുതലാളിത്തം കാലഹരണപ്പെട്ടു എന്ന മുറവിളി ഉയര്‍ത്തിയതും വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് രൂപം നല്‍കിയതും. 
ഏറ്റവും പ്രത്യാശാഭരിതമായ സംഭവവികാസം ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റമാണ്. ഏതെങ്കിലും ഏകീകൃതമായ പരിപാടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നിരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ സര്‍ക്കാറുകളില്‍ കാണാന്‍ കഴിയില്ല. ക്യൂബയിലെന്നപോലെ സോഷ്യലിസം ആണ് ഭാവി എന്നു തിരിച്ചറിയുന്ന വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ തുടങ്ങിയ രാജ്യങ്ങള്‍ മുതല്‍ ഇന്ത്യയിലേതിനു ഏതാണ്ട് സമാനമായ പലനയങ്ങളും കൈക്കൊള്ളുന്ന ബ്രസീല്‍ വരെയുള്ള രാജ്യങ്ങളെ നമുക്കു കാണാം. പക്ഷേ, ഇവരുടെയെല്ലാം മുഖമുദ്ര അമേരിക്കന്‍ സാമ്രാജ്യത്വവിരോധമാണ്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണസംവിധാനങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പുതിയൊരു സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മയ്ക്കു രൂപം നല്‍കിയിരിക്കുന്നു. ഇന്നത്തെ ആഗോള പരിസ്ഥിതിയില്‍ ഒരു ദേശരാഷ്ട്രത്തിനുള്ളില്‍ എങ്ങനെ ഇടതുപക്ഷ ബദലുകള്‍ക്കു രൂപംനല്‍കാന്‍ പറ്റും എന്നതിന്റെ ധീരമായ പരീക്ഷണങ്ങളാണ് ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്നത്. 

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പ്രത്യയശാസ്ത്രപ്രമേയത്തില്‍ പ്രാധാന പരിഗണന നല്‍കിയിട്ടുണ്ട്. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഫലമായി മൂര്‍ച്ഛിക്കുന്ന പാരിസ്ഥിതിക തകര്‍ച്ച മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുധ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഉത്പാദനത്തിന്റെ വര്‍ധിച്ചുവരുന്ന സാമൂഹികവത്കൃത സ്വഭാവവും നേട്ടങ്ങളുടെ സ്വകാര്യമായ സ്വായത്തമാക്കലുമാണ് ഈ വൈരുദ്ധ്യം. ഇത് സാമ്രാജ്യത്വരാഷ്ട്രങ്ങളും അവികസിത രാജ്യങ്ങളും തമ്മില്‍ പരിസ്ഥിതി സംരക്ഷണ പരിഹാര നടപടികള്‍ സംബന്ധിച്ച് രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴി തെളിക്കുന്നു. 
ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ് ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ നേടിയത്. ചൈനയിലെ ആഭ്യന്തര- സാമ്പത്തിക പരിഷ്‌കരണങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. സോവിയറ്റ് യൂണിയന്‍ കമ്യൂണിസത്തിന്റെ പടിവാതുക്കല്‍ ആണെന്നോ, ചൈന ഒരെടുത്തു ചാട്ടത്തോടെ സോഷ്യലിസത്തില്‍ എത്തിച്ചേര്‍ന്നുവെന്നുമുള്ള നിലപാടുകളെ പണ്ടേ സി.പി.എം. തള്ളിക്കളഞ്ഞതാണ്. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം ദീര്‍ഘനാളുകള്‍ കൊണ്ട് നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്.
വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍ പ്രതിവിപ്ലവശക്തികളെ അടിച്ചമര്‍ത്തിക്കഴിഞ്ഞപ്പോള്‍ 'യുദ്ധകാല കമ്യൂണിസ'ത്തെ ലെനിന്‍ തന്നെ തിരുത്തി. ഉത്പാദനശക്തികളെ വളര്‍ത്തുന്നതിനു വേണ്ടി കമ്പോളത്തെയും വിദേശമൂലധനത്തെയുമടക്കം സ്വകാര്യമൂലധനത്തെയും ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ നയം ലെനിന്‍ മുന്നോട്ടുവെച്ചു. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിന്റെ കേളികൊട്ടു തുടങ്ങിയതോടു കൂടി ഈ നയം അവസാനിപ്പിക്കാന്‍ അന്നത്തെ സോവിയറ്റ് ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. ലെനിന്റെ കാഴ്ചപ്പാടിനെ ചൈനയുടെ സവിശേഷസാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇന്നത്തെ ആഗോളപരിസ്ഥിതിയില്‍ നടപ്പാക്കുകയാണ് ചൈനീസ് നേതൃത്വം എന്നതായിരുന്നു ഇതുവരെ നല്‍കിവന്ന വിശദീകരണം. 
മേല്‍പ്പറഞ്ഞ വിശദീകരണം ഇന്നും സാധുവാണ്. ഇതിന്റെ സദ്ഫലങ്ങള്‍ സാമ്പത്തികവളര്‍ച്ചയില്‍ കാണാനുമാകും. രണ്ടുദശാബ്ദക്കാലമായി ചൈന ശരാശരി പത്തുശതമാനം വേഗത്തില്‍ വളരുകയാണ്. ലോകചരിത്രത്തില്‍ മറ്റൊരു രാജ്യവും ഒരുകാലത്തും ഇതുപോലെ വേഗത്തില്‍ വളര്‍ന്നിട്ടില്ല. മറ്റൊരു രണ്ടുപതിറ്റാണ്ടു കഴിയുമ്പോഴേക്കും ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മാറും എന്നാണു പ്രവചനം. 

മേല്‍പ്പറഞ്ഞ നേട്ടങ്ങളോടൊപ്പം പുതിയ നയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സാമൂഹികവൈരുധ്യങ്ങളിലേക്ക് പ്രമേയം ശ്രദ്ധക്ഷണിക്കുന്നു. വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള അസമത്വവും കുടുംബങ്ങള്‍ തമ്മിലുള്ള വരുമാനാന്തരവും ഞെട്ടിപ്പിക്കുന്ന തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും വ്യാപകമാകുന്നു. ഒരു പുതിയ മുതലാളിവര്‍ഗം വളര്‍ന്നുവരുന്നു. പ്രവാസി ചൈനീസ് മുതലാളിമാരടക്കം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത് ചൈനയിലാണ്.
ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മറുപടി ഈ സംഭവവികാസങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാധിപത്യത്തിന്റെ ചട്ടക്കൂടിലാണ് നടക്കുന്നത് എന്നാണ്. സോഷ്യലിസത്തിലേക്ക് മുന്നേറും എന്നതിന്റെ ഗ്യാരണ്ടി ഇതാണ്. പക്ഷേ, അടിത്തറയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം മേല്‍പ്പുരയെയും സ്വാധീനിക്കില്ലേ. പ്രത്യേകിച്ച്, പുതിയ സമ്പന്ന വിഭാഗങ്ങള്‍ക്കു കൂടി പാര്‍ട്ടി അംഗത്വം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍? 
ഈ പ്രശ്‌നങ്ങളുടെ അവസാനതീര്‍പ്പ് പ്രമേയം കല്‍പ്പിക്കുന്നില്ല: ''ഈ വൈരുധ്യങ്ങളെ എത്രമാത്രം വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നതും അവയെങ്ങനെ പരിഹൃതമാകുന്നു എന്നതും ചൈനയുടെ ഭാവിഗതിയെ നിര്‍ണയിക്കും'' (ഖണ്ഡിക 6.23) . ക്യൂബയടക്കമുള്ള മറ്റു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോഴും സമാനമായ പരിഷ്‌കാരങ്ങള്‍ ഏറിയും കുറഞ്ഞും നടപ്പാക്കിവരുന്നുണ്ട്. ഇതു കാണിക്കുന്നത് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയ എത്രമാത്രം സങ്കീര്‍ണമായി തീരുന്നു എന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് സി.പി.എം. ചൈനയുടെഈ പരിഷ്‌കാരങ്ങളെ അനുഭാവപൂര്‍വം പരിശോധിക്കാന്‍ തയ്യാറാകുന്നത്. 
വിസ്തരഭയത്താല്‍ ഇന്ത്യന്‍ സോഷ്യലിസത്തിന്റെ പ്രത്യേകതകളും അതുസംബന്ധിച്ച വിവിധ മൂര്‍ത്തമായ പ്രശ്‌നങ്ങളും ഇവിടെ പരിശോധിക്കുന്നില്ല. ഒന്നൊഴികെ, സ്വത്വരാഷ്ട്രീയം. സോഷ്യലിസത്തിനു വേണ്ടിയുള്ള സമരത്തില്‍ പാര്‍ട്ടി ഏറ്റവും ഗൗരവമായി കൈകാര്യം ചെയ്യേണ്ടുന്ന പ്രശ്‌നങ്ങളായി ജാതീയതയ്‌ക്കെതിരായ സമരം, സ്ത്രീനീതിയ്ക്കു വേണ്ടിയുളള ഇടപെടല്‍, ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നിവയ്ക്ക് ഈ രേഖ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് എന്നുപറഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നു നടിക്കുകയോ അവഗണിക്കുകയോ അല്ല. ഇവയെല്ലാം സമകാലീന ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. സി.പി.എമ്മിന്റെ വ്യത്യസ്തത ഇത്തരം സ്വത്വബോധത്തെ അടിസ്ഥാനമാക്കി പൊതുരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനു പകരം പൊതു വര്‍ഗരാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ സവിശേഷ സ്വത്വപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതാണ്. സി.പി.എം. അര്‍ഥശങ്കയ്ക്കിടയില്ലാതെ സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യന്റെ വ്യത്യസ്തസ്വത്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന നാനാവിധ സാമൂഹികപ്രശ്‌നങ്ങളില്‍ സജീവമായി പാര്‍ട്ടി ഇടപെടുകയും ചെയ്യും.

1 comment:

  1. ബ്രാഞ്ചിലേക്ക് നോക്കു!

    കേരള ഘടകം ആണ് പാര്‍ടിയുടെ പ്രധാന ഘടകം. ഏറ്റവും അടിത്തട്ടിലെ ഘടകം ബ്രാഞ്ച് കമ്മിറ്റി ആണല്ലോ. ബ്രാഞ്ച്കളുടെ ഇപ്പോഴത്തെ അവസ്ഥ, അവയുടെ നിശ്ചലാവസ്ഥ ഗൌരവമായ പഠനത്തിനു വിധേയമാക്കണം. സാഹചര്യങ്ങള്‍ അതിവേഗം മാറികൊണ്ടിരിക്കുമ്പോള്‍, അവയെ ഫലപ്രദമായി നേരിടാന്‍ കമ്മിറ്റികളെയും സഖാക്കളെയും സജ്ജമാക്കാന്‍, പാര്‍ടി സ്വീകരിക്കുന്ന നടപടികള്‍ നാട്ടില്‍ പ്രകടമായി അനുഭവപെടുന്നില്ല. ഓരോ പാര്‍ടി മെമ്പറും തന്റെ കീഴില്‍ ഒരു കമ്മ്യുണിസ്റ്റ് പാര്‍ടി, ഒരു പുതിയ പാര്‍ടി, തന്റെ പ്രദേശത്ത് കേട്ടിപടുക്കാനും അവയെ താഴേയ്ക്ക് (TREE STRUCTURED) വളര്‍ത്തി വിപുലമാക്കാനും പര്യാപ്തമായ സംഘടനാ പാടവം കൈവരിച്ചുട്ടുണ്ടോ എന്നത് സത്യസന്ധമായി, ആത്മാര്‍ഥമായി പരിശോധിക്കാന്‍ പാര്‍ടി ഇതുവരെ ശ്രമിച്ചതായി കാണുന്നില്ല. Recruitment, Training - ഈ മേഖലകളില്‍ തെറ്റ് സംഭവിച്ചു എന്ന് എനിക്ക് തോന്നുന്നു. മത്സ്യത്തിന് പകരം മനുഷ്യരെ പിടിക്കാന്‍ യേശുദേവന്‍ പഠിപ്പിച്ചതുപോലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പഠിപ്പിക്കുന്ന പ്രായോഗിക പരിശീലനം അവര്‍ക്ക് നല്‍കുവാന്‍ പാര്‍ടി ഗൌരവത്തോടെ തയ്യാറാവണം. ചിരിക്കുവാനും, സ്നേഹിക്കുവാനും, പിന്നാലെ വരൂ എന്ന് കല്പിക്കുവാനും അവരെ പ്രാപ്തരാക്കുക. ആശംസകള്‍.

    ReplyDelete