Tuesday, October 22, 2013

അമേരിക്ക മഹാദുരന്തത്തിന്റെ വക്കില്‍?


എല്ലാവരും ഒരു തുക കാശായി കൈയില്‍ സൂക്ഷിക്കും. എപ്പോഴാ പണത്തിന് ആവശ്യം വരുന്നതെന്ന് ആര്‍ക്കറിയാം? പക്ഷേ സമ്പാദ്യം കാശായി കൈയില്‍ സൂക്ഷിച്ചാല്‍ അതില്‍നിന്ന് വരുമാനമൊന്നും കിട്ടില്ല. അതുകൊണ്ട് പെട്ടെന്ന് കാശാക്കി മാറ്റാന്‍ കഴിയുന്ന, അതേസമയം വരുമാനം നല്‍കുന്ന എന്തെങ്കിലും സുരക്ഷിതമായ ആസ്തികളിലായിരിക്കും പണം നിക്ഷേപിക്കുക. ഇത്തരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആസ്തിയാണ് ബോണ്ട് അല്ലെങ്കില്‍ കടപ്പത്രം. കമ്പനികള്‍ക്കോ സര്‍ക്കാരിനോ ബോണ്ടുകളിറക്കാം. സര്‍ക്കാര്‍ ബോണ്ടുകളാണ് ഏറ്റവും സുരക്ഷിതം. ഇവയെ ട്രഷറി ബില്ലുകള്‍ അല്ലെങ്കില്‍ സെക്യൂരിറ്റീസ് എന്നും വിളിക്കും.

ഉദാഹരണത്തിന് ഇന്ത്യാ സര്‍ക്കാരിന്റെ ബോണ്ടുകളെടുക്കാം. നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ ട്രഷറിയില്‍ പണം കൂടുതല്‍ മിച്ചം വരികയാണെങ്കില്‍ ഇന്ത്യാ സര്‍ക്കാരിന്റെ ബോണ്ടു വാങ്ങും. പണം ആവശ്യം വരുമ്പോള്‍ ബോണ്ടു വില്‍ക്കും. മിച്ചം പണം റിസര്‍വ് ബാങ്കു തന്നെ എടുത്ത് ബോണ്ടിലേയ്ക്കു മാറ്റിയിടുകയാണ് ചെയ്യുക. ഇപ്രകാരം ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ലക്ഷത്തിലേറെ കോടി രൂപയുടെ ഇന്ത്യാ സര്‍ക്കാര്‍ ബോണ്ടുകള്‍ കൈയിലുണ്ട്. ബാങ്കുകള്‍ നിയമപ്രകാരം തന്നെ അവരുടെ ഡെപ്പോസിറ്റിന്റെ നിശ്ചിതശതമാനം സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കേണ്ടതാണ്. ഡെപ്പോസിറ്റു വര്‍ദ്ധിക്കുമ്പോള്‍ അവര്‍ കൂടുതല്‍ ബോണ്ടുകള്‍ വാങ്ങും. ഡെപ്പോസിറ്റു കുറയുകയാണെങ്കില്‍ ബോണ്ടുകള്‍ വില്‍ക്കും. കമ്പനികളും ഇപ്പോഴാണ് ബോണ്ടുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്. പല കമ്പനികളും ശനിയാഴ്ച അവധിയ്ക്കു മുമ്പ് തങ്ങളുടെ കൈയിലുളള പണം ബോണ്ടാക്കി മാറ്റും. അവധി കഴിഞ്ഞാലുടനെ അവ വീണ്ടും കാശാക്കി മാറ്റും. ചുരുക്കത്തില്‍ ബോണ്ടുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന പണക്കമ്പോളം എല്ലാ രാജ്യങ്ങളിലുമുണ്ട്. അന്തര്‍ദേശീയമായുമുണ്ട്.

അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍

ലോകത്തെ ഏറ്റവും സുരക്ഷിതമായ ബോണ്ടുകളായി കരുതപ്പെടുന്നത് അമേരിക്കന്‍ ട്രഷറി ബോണ്ടുകളാണ്. അമേരിക്കന്‍ സമ്പദ്ഘടനയാണ് ലോകത്തേറ്റവും സുശക്തമായ സമ്പദ്ഘടന. അമേരിക്കന്‍ ഡോളറാണ് ലോകനാണയം. അമേരിക്ക ഇന്നേവരെ അവരുടെ ബോണ്ട് കാലാവധി കഴിയുമ്പോള്‍ പണവും പലിശയും കൊടുക്കാതിരുന്നിട്ടില്ല. അല്ലെങ്കില്‍ കിട്ടാക്കടക്കാരനായിട്ടില്ല. അതുകൊണ്ട് അമേരിക്കന്‍ ബോണ്ടുകള്‍ ഏതാണ്ട് പണത്തിന് തുല്യമായിട്ടാണ് ലോകമെമ്പാടും കരുതപ്പെടുന്നത്. വളരെ ചുരുങ്ങിയ പലിശയേ ലഭിക്കുകയുളളൂവെങ്കിലും ലോകത്തേറ്റവും പ്രിയമുളള ബോണ്ടുകള്‍ അമേരിക്കന്‍ ബോണ്ടുകളാണ്.

അമേരിക്കന്‍ സര്‍ക്കാരിന് ഇതുമൂലം വലിയ നേട്ടമാണ്. അവര്‍ക്കാവശ്യമുളള പണം ബോണ്ടിറക്കി തുച്ഛമായ പലിശയ്ക്കു കടമെടുക്കാം. ഇത്തരത്തില്‍ ഏതാണ്ട് പതിനാറു ലക്ഷം കോടിയില്‍പരം ഡോളറാണ് അമേരിക്ക കടമെടുത്തിട്ടുളളത്. കാലാവധി തീരുന്ന മുറയ്ക്ക് ഈ ബോണ്ടുകളുടെ മൂല്യം ഡോളറില്‍ നല്‍കുന്നതിന് അമേരിക്കയ്ക്ക് പ്രയാസവുമുണ്ടാവാറില്ല. നികുതിവരുമാനത്തിലൂടെ പണം കൈയിലില്ലെങ്കില്‍ പഴയബോണ്ടിനു പണം നല്‍കാന്‍ പുതിയ ബോണ്ടുകളിറക്കി പണം സമാഹരിക്കാന്‍ പറ്റും.

എന്നാല്‍ ഒക്ടോബര്‍ 17 കഴിഞ്ഞാല്‍ ഇപ്രകാരം കാലാവധി കഴിഞ്ഞ ബോണ്ടുകള്‍ക്ക് പണം നല്‍കാന്‍ കഴിയുമോ എന്ന ആശങ്ക പരന്നിരിക്കുകയാണ്. പുതിയ ബോണ്ടുകളിറക്കണമെങ്കില്‍ അമേരിക്കന്‍ സര്‍ക്കാരിന് കടമെടുക്കാനുളള പരിധി ഉയര്‍ത്താന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് സമ്മതിക്കണം. അവിടെ ഒബാമയുടെ എതിര്‍കക്ഷിയായ റിപ്പബ്ലിക്കന്മാര്‍ക്കാണ് ഭൂരിപക്ഷം. അവര്‍ കടപരിധി ഉയര്‍ത്തില്ല എന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയിലും സര്‍ക്കാരിന് കടംവാങ്ങുന്നതിനുള്ള പരിധി നിയമംമൂലം നിശ്ചയിച്ചിട്ടുണ്ട്. ധനകമ്മി ദേശീയവരുമാനത്തിന്റെ മൂന്നുശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലാ എന്നാണ് നിയമം. ഇന്ത്യാസര്‍ക്കാര്‍ 2008ല്‍ ഈ നിയമം ലംഘിച്ചതാണ്. നടപ്പുവര്‍ഷത്തിലും ധനകമ്മി 4.8 ശതമാനം വരും എന്നാണ് കണക്ക്. എന്നാല്‍, ഈ കടംവാങ്ങല്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടിയതുകൊണ്ട് പ്രശ്നമൊന്നുമില്ല. അതേസമയം, അമേരിക്കയിലെ കടത്തിന്റെ പരിധി കേവല തുകയിലാണ് അംഗീകരിച്ചിട്ടുള്ളത്. നിലവിലുള്ള നിയമപ്രകാരം അമേരിക്കന്‍ സര്‍ക്കാരിന്റെ കടം 16.69 ട്രില്യണ്‍ ഡോളറില്‍ അധികരിക്കാന്‍ പാടില്ല.

ഒക്ടോബര്‍ 18 ആകുമ്പോഴേക്കും ഈ തുക അപര്യാപ്തമായിത്തീരും എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. അതുകൊണ്ട് അതിനുള്ളില്‍ കടത്തിന്റെ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്കന്‍ സര്‍ക്കാരിന് ചെലവിന് പണം തികയാതെ വരും. മുന്‍കാലങ്ങളില്‍ കമ്പോളത്തില്‍ വിറ്റ ബോണ്ടുകള്‍ കാലപരിധികഴിഞ്ഞ് ട്രഷറിയില്‍ തിരിച്ചുവരുമ്പോള്‍ ബോണ്ട് ഉടമസ്ഥന്മാര്‍ക്ക് കൊടുക്കാന്‍ പണം ഇല്ലാതെവരും. ഇത് കുഴപ്പങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്താം.

കുഴപ്പങ്ങളുടെ മാലപ്പടക്കം 

ഒന്ന്,
അമേരിക്ക ഇറക്കിയിട്ടുളള ബോണ്ടുകള്‍ സിംഹഭാഗവും ഇന്ത്യയടക്കമുളള മറ്റു ലോകരാജ്യങ്ങളുടെ വിദേശനാണയശേഖരമായി സൂക്ഷിച്ചിരിക്കുകയാണ്. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ശേഖരം ചൈനയുടേതാണ്. 1.28 ലക്ഷം കോടി ഡോളറിനുളള അമേരിക്കന്‍ ബോണ്ടുകള്‍ ചൈനയുടെ കൈവശമുണ്ട്. അമേരിക്കന്‍ ട്രഷറി ഡിഫോള്‍ട്ട് ചെയ്തുകഴിഞ്ഞാന്‍ ആ ബോണ്ടുകള്‍ക്ക് വിപണിയില്‍ അംഗീകാരം ഉണ്ടാകില്ല. ഈ ഭയം വന്നു കഴിഞ്ഞാല്‍ എല്ലാവരും ഡോളര്‍ ബോണ്ടുകള്‍ കൈയൊഴിയാന്‍ ശ്രമിക്കും.

ബോണ്ടുകളുടെ വില കുത്തനെ ഇടിയും. ചൈന പോലുളള രാജ്യങ്ങളുടെ വിദേശനാണയ ശേഖരം ചോരും. ചൈന ഇതിനകം തന്നെ അവരുടെ ആശങ്കകള്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ചൈനീസ് ഉപ പ്രധാനമന്ത്രി ഷു ഗുവാന്‍ഗാവോ ഇന്നലെ ഇറക്കിയ പ്രസ്താവന തുടങ്ങുന്നത് &ഹറൂൗീ;അമേരിക്കന്‍ കടം സുരക്ഷിതമാക്കേണ്ടത് അമേരിക്കയുടെ മാത്രമല്ല, ലോകസമ്പദ്ഘടനയുടെ തന്നെ ആവശ്യമാണ്&ൃറൂൗീ; എന്നു പറഞ്ഞുകൊണ്ടാണ്.

രണ്ട്,  ലോകത്തെല്ലാ ധനകാര്യസ്ഥാപനങ്ങളുടെയും കൈവശം ഭീമന്‍ ഡോളര്‍ ബോണ്ടുശേഖരമുണ്ട്. ഇതിന്റെ നിരന്തരമായ വില്‍ക്കല്‍ വാങ്ങലിലൂടെയാണ് അത്യാവശ്യപണം അവര്‍ സമാഹരിക്കുന്നതും ആവശ്യമില്ലാത്തത് കൈയൊഴിയുന്നതും. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുന്ന റിപ്പോ റേറ്റുകള്‍ പോലെ തന്നെ പ്രധാനമാണ് അന്തര്‍ദേശീയമായി അമേരിക്കന്‍ ബോണ്ടുകളുടെ പലിശ. അമേരിക്കന്‍ ഡിഫോള്‍ട്ടുണ്ടായാല്‍ ഈ പണക്കമ്പോളം മരവിക്കും. ബാങ്കുകളില്‍ നിന്നു കടം കിട്ടാതാവും. കാരണം അരക്ഷിതാവസ്ഥ വരുമ്പോള്‍ എല്ലാവരും പരമാവധി പണം കൈയില്‍ സൂക്ഷിക്കാനാണ് ശ്രമിക്കുക. പലിശനിരക്ക് ഉയരും. ഇതോടെ ദുര്‍ബലമായ സാമ്പത്തിക വീണ്ടെടുപ്പു തകരും. ലോകം വീണ്ടും 2008നെക്കാള്‍ ഭീകരമായ സാമ്പത്തികമാന്ദ്യത്തിലേയ്ക്കു വഴുതിവീഴും.

മൂന്ന്, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ അമേരിക്കയുടെ ഗ്രേഡ് താഴ്ത്തും. 2011ല്‍ ഇതുപോലൊരു ഭീഷണി ഉയര്‍ന്നപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റ് താഴ്ത്തിയതാണ്. ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തുന്നത് ചുരുങ്ങിയ തോതില്‍ വായ്പയെടുക്കാനുളള സാധ്യത കൊട്ടിയടയ്ക്കും. അമേരിക്കയുടെ പലിശച്ചെലവ് ഉയരും. ഇത് അമേരിക്കയിലെ ധനകാര്യക്കുഴപ്പത്തെ കൂടുതല്‍ രൂക്ഷമാക്കും.

ഇതിനകം തന്നെ സന്ദേഹവും ആശങ്കയും ഉരുണ്ടുകൂടിക്കഴിഞ്ഞു. ലോകസാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രവചനം ഐഎംഎഫ് ബുധനാഴ്ച താഴ്ത്തി പ്രഖ്യാപിച്ചു. അമേരിക്കന്‍ കടക്കുഴപ്പം ലോകസമ്പദ്വ്യവസ്ഥയ്ക്കു ഭീഷണിയാവും എന്ന് അവര്‍ ജാഗ്രതപ്പെടുത്തിയിരിക്കുകയാണ്. അമേരിക്കയില്‍ വായ്പാപരിധി ഏതാണ്ട് ഓട്ടോമാറ്റിക്കായി വര്‍ധിപ്പിച്ചുകൊടുക്കുന്ന സമീപനമാണ് സാധാരണ സെനറ്റും കോണ്‍ഗ്രസും കൈക്കൊള്ളാറ്. ഏതാണ്ട് എല്ലാ വര്‍ഷവും ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ, ഇത്തവണ റിപ്പബ്ലിക്കന്‍ കക്ഷി ഇത് ഒരു വിലപേശലിന് ഉപാധിയാക്കിയിരിക്കുകയാണ്.

ഒബാമ രണ്ടാംവട്ടം തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ തുടങ്ങിയതാണ് ഇത്തരം കുതന്ത്രങ്ങള്‍. നവലിബറല്‍ ക്യാമ്പിലെ ഭിന്നിപ്പ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഒബാമയുടെ എതിര്‍കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ അടിസ്ഥാനപരമായി ഒരു വ്യത്യാസവും ഇല്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളാണ് അവ. എങ്കിലും പൊതുവെ പറഞ്ഞാല്‍ റിപ്പബ്ലിക്കന്‍മാര്‍ കൂടുതല്‍ യാഥാസ്ഥിതിക നിലപാടു സ്വീകരിക്കുന്നവരാണ്.

ഒബാമയും നവലിബറലിസത്തിന്റെ വക്താവാണെങ്കിലും റിപ്പബ്ലിക്കന്‍മാര്‍ നവലിബറല്‍ മൗലികവാദികളാണ്. സമീപകാലത്ത് വികസിതരാജ്യങ്ങളിലെമ്പാടും ഭരണവര്‍ഗങ്ങള്‍ക്കിടയില്‍ ഈ ചേരിതിരിവും തര്‍ക്കവും ശക്തിപ്പെട്ടിട്ടുണ്ട്. 2008ല്‍ ആഗോള സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും എല്ലാവരും കെയ്ന്‍സിന്റെ ശിഷ്യന്മാരായി.

സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല; സര്‍വസ്വതന്ത്രമായി വിട്ടാല്‍മതി; എല്ലാം സ്വയം നേരെയായിക്കൊള്ളും എന്നാണല്ലോ നവലിബറല്‍ നിലപാട്. ഇതിനുപകരം ഉത്തേജക പാക്കേജുകളുണ്ടാക്കി, കമ്മി വര്‍ധിപ്പിച്ച് ബാങ്കുകളെയും മുതലാളിത്ത വ്യവസ്ഥയെത്തന്നെയും രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി. സമൂലതകര്‍ച്ചയില്‍നിന്ന് മുതലാളിത്തം രക്ഷപ്പെട്ടു. ശ്വാസംവീണതോടെ നിയോലിബറലുകള്‍ തങ്ങളുടെ പഴയ നിലപാടിലേക്ക് തിരിച്ചുപോയി.

പാലം കടക്കുവോളം നാരായണ എന്നു പറഞ്ഞവര്‍ പാലം കടന്നതോടെ കൂരായണ എന്നായി ജപം. മുതലാളിത്ത കുഴപ്പത്തിന് പരിഹാരം സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കലോ കമ്മി സൃഷ്ടിക്കലോ അല്ല. മറിച്ച് ചെലവു ചുരുക്കി നികുതി കുറച്ച് കമ്മി കുറയ്ക്കലാണ്. നിക്ഷേപകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നും സാമ്പത്തിക അച്ചടക്കം കര്‍ശനമാക്കണമെന്നുമാണ് ഇപ്പോള്‍ നവലിബറലുകള്‍ വാദിക്കുന്നത്.

ഇതിലൂടെ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച് പ്രതിസന്ധി മറികടക്കാന്‍ പറ്റുംപോലും. ഈ നയത്തിന്റെ ഏറ്റവും കടുത്ത വക്താവ് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കലാണ്. യൂറോപ്പിലെ മാന്ദ്യം വീണ്ടും രൂക്ഷമാക്കിയതിന് ഉത്തരവാദിത്വം ഇവരുടെ നയത്തിനാണ്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ കക്ഷിയും ഈ യാഥാസ്ഥിതിക നയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വികസിതമുതലാളിത്ത രാജ്യങ്ങളിലെല്ലാം ഈ തര്‍ക്കം രൂക്ഷമായി നടക്കുന്നുണ്ട്. അമേരിക്കയില്‍ ഈ തര്‍ക്കം ബജറ്റ് സ്തംഭനത്തില്‍ ഒക്ടോബര്‍ ഒന്നിന് എത്തിച്ചേര്‍ന്നു.

ഒക്ടോബര്‍ ഒന്നിനുമുമ്പ് ബജറ്റ് പാസാക്കണം. കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഒബാമയുടെ ഏറ്റവും പ്രിയപ്പെട്ട പദ്ധതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിക്കും പണം വെട്ടിക്കുറയ്ക്കാനുള്ള നിബന്ധന വച്ചു. സെനറ്റ് ഈ നിബന്ധനകള്‍ തള്ളി. തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകളൊന്നും ഫലവത്തായില്ല. അങ്ങനെ പൂര്‍ണബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ല.

റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ ഒബാമയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിഷ്കാരത്തെ അടിമുടി എതിര്‍ക്കുകയാണ്. സര്‍ക്കാര്‍ ചെലവ് വര്‍ധിക്കും എന്നതാണ് ഒരു വിമര്‍ശനം. ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ കൈവയ്ക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമെന്നും വിമര്‍ശമുണ്ട്. അതുകൊണ്ട് അവര്‍ ഈ പരിഷ്കാരത്തെ പരിഹസിച്ച് "ഒബാമ കെയര്‍" എന്നാണ് വിളിക്കുന്നത്.

എങ്കിലും റിപ്പബ്ലിക്കന്‍ കക്ഷിക്ക് ഭൂരിപക്ഷജനവികാരം അറിയാം. ഇതിന്റെ പേരില്‍ രാജ്യഭരണംതന്നെ സ്തംഭിപ്പിക്കുന്നതിന് മഹാഭൂരിപക്ഷംപേരും എതിരാണ്. രാഷ്ട്രീയമായി ഈ കളി അവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. മുമ്പ് ഇതുപോലെ ഒരു അടവ് അവര്‍ സ്വീകരിച്ചതിന്റെ ഫലമായാണ് ബില്‍ ക്ലിന്റണ്‍ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടത് എന്ന് ചില നിരീക്ഷകര്‍ പറയുന്നു.

 ""എന്റെ പ്രസിഡന്‍സി അവസാനിച്ചാലും വേണ്ടില്ല, ബന്ദിയാക്കി മോചനദ്രവ്യത്തിന് വിലപേശാന്‍ വരേണ്ട"" എന്ന് ദേഷ്യപ്പെട്ടാണ് ചര്‍ച്ചകളില്‍നിന്ന് ഒബാമ ഇറങ്ങിപ്പോയത്. സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഭാഗികമായ അടച്ചുപൂട്ടലിലാണ്. ശമ്പളം കൊടുക്കാനില്ലാത്തതു കൊണ്ട് എട്ടുലക്ഷത്തോളം ജീവനക്കാര്‍ ലേ ഓഫിലാണ്. ഇതില്‍ മൂന്നരലക്ഷം പേര്‍ക്കുവരെ ബജറ്റു പാസാകുമ്പോള്‍ ശമ്പളം കൊടുക്കാമെന്നു പറഞ്ഞ് തിരിച്ചുവിളിച്ചിട്ടുണ്ട്. എങ്കിലും പ്രതിരോധം, പാസ്പോര്‍ട്ട് ഓഫീസ്, വിമാനത്താവളം തുടങ്ങിയ അനിവാര്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയെല്ലായിടത്തും സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അടച്ചുപൂട്ടും എന്നു കേട്ടപ്പോഴുണ്ടായ പരിഭ്രാന്തി ഇന്നില്ല.

ആദ്യമായിട്ടല്ല അമേരിക്കയില്‍ ഇങ്ങനെ സര്‍ക്കാര്‍ അടച്ചിടുന്നത്. ബില്‍ ക്ലിന്റണുനേരെ ഇതേ ആയുധം റിപ്പബ്ലിക്കന്മാര്‍ നേരത്തെ ഉപയോഗിച്ചിട്ടുളളതാണ്. പക്ഷേ, അന്നത്തെ സ്ഥിതിയും ഇന്നത്തെ സ്ഥിതിയും തമ്മില്‍ വ്യത്യാസമുണ്ട്. അന്ന് 1995ല്‍ അമേരിക്ക അഭിവൃദ്ധിയുടെ ഉച്ചകോടിയിലായിരുന്നു. ഇന്നാവട്ടെ, ഒരു ദീര്‍ഘകാലമാന്ദ്യത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയിലേറെ സ്തംഭനം നീണ്ടാല്‍ ദേശീയ വരുമാനത്തില്‍ 0.9 ശതമാനം ഇടിവുണ്ടാവുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ചസ് വിലയിരുത്തിയിട്ടുളളത്. ഉപഭോക്തൃ ആത്മവിശ്വാസസൂചിക ഇടിഞ്ഞു തുടങ്ങി. ഇത് ഉപഭോഗത്തെയും ഡിമാന്റിനെയും പ്രതികൂലമായി ബാധിക്കും.

ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ചയുണ്ടായിട്ടില്ലെങ്കിലും താഴ്ന്നുതുടങ്ങിയിട്ടുണ്ട്. ഡോളറിന്റെ മൂല്യമിടിഞ്ഞു. എല്ലാറ്റിലുമുപരി സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ കടപരിധിക്കുഴപ്പത്തിന് മുന്നോടിയാണ് എന്ന് റിപ്പബ്ലിക്കന്മാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒബാമ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ കടപരിധി ഉയര്‍ത്തില്ല എന്നവര്‍ വാശിപിടിക്കുകയാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഊഹാതീതമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഇങ്ങനെ സംഭവിച്ചാല്‍ അതൊരു മഹാദുരന്തമായിരിക്കുമെന്ന് ഒബാമ മാത്രമല്ല, ഐഎംഎഫുംപ്രഖ്യാപിച്ചുകഴിഞ്ഞു.

ബ്ലൂംബെര്‍ഗ് ബിസിനസ് വീക്കിന്റെ ആനത്തലക്കെട്ട് ഇതായിരുന്നു: അമേരിക്കന്‍ ഡിഫോള്‍ട്ട്, ഒരു മഹാവിപത്ത് ലേമെന്‍ ബാങ്കിന്റെ തകര്‍ച്ച ഇതിനെക്കാള്‍ എത്രയോ നിസ്സാരം. എന്താണ് സംഭവിക്കുക എന്നു കാത്തിരുന്നു കാണാം.

ട്രഷറി അടച്ചുപൂട്ടലില്‍ വീണ്ടുമെത്തുമോ?

ധനവിചാരം, Mathrubhumi 22, Oct 13


റവന്യൂ വരുമാനം ഏതാണ്ട് 20 ശതമാനംവെച്ച് ഉയരുക. ഈ വരുമാനത്തില്‍ നിത്യനിദാനച്ചെലവുകള്‍ ഒതുക്കുക. പരമാവധി വായ്പയെടുത്ത് റോഡ്, പാലം, തുറമുഖം, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുക. ഇതാണ് സര്‍ക്കാറിന്റെ ധനകാര്യ സുസ്ഥിരതയ്ക്കും നാടിന്റെ വികസനത്തിനും ഉതകുന്ന ധനകാര്യ നയം.

എന്നാല്‍, ഇന്ന് മേല്‍പ്പറഞ്ഞ പ്രമാണത്തിന് വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. 22 ശതമാനം വരുമാനം വളരുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് ആദ്യ ആറുമാസം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമേ ഉയര്‍ന്നുള്ളൂ. ചെലവാണെങ്കില്‍ 20 ശതമാനം ഉയര്‍ന്നു. കടം വാങ്ങിച്ചാണ് സര്‍ക്കാറിന്റെ ദൈനംദിന ചെലവുകള്‍ നടത്തിയത്. ഇത് പ്രതിസന്ധിയിലേക്കുള്ള പാതയാണ്.

സംസ്ഥാനസര്‍ക്കാര്‍ കടംവാങ്ങുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ അനുവാദം വേണം. കേന്ദ്രം ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത് 12,000 കോടി രൂപയുടെ വായ്പയാണ്. ഇതില്‍ 7000 കോടി രൂപയുടെ വായ്പ ഇതിനകം എടുത്തുകഴിഞ്ഞു. 17,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയുടെ 22 ശതമാനമേ ചെലവായിട്ടുള്ളൂ. പദ്ധതിച്ചെലവിന്റെ സിംഹഭാഗവും വായ്പവരുമാനത്തില്‍നിന്നാണ് കണ്ടെത്തേണ്ടത്. 1,30,000 കോടി രൂപയുടെ പദ്ധതിച്ചെലവിന് ഇനി വായ്പയായി വിഭവസമാഹരണം നടത്താന്‍ കഴിയുക കേവലം 5000 കോടി രൂപ മാത്രമാണ്.

2011 മാര്‍ച്ച് 31-ന് 3881 കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ടായ സ്ഥാനത്ത് ഇന്നിപ്പോള്‍ ദൈനംദിനച്ചെലവിന് റിസര്‍വ്ബാങ്കില്‍നിന്ന് കൈവായ്പയെടുക്കേണ്ട ഗതികേടിലായിട്ടുണ്ട്.

സര്‍ക്കാറിന്റെ എല്ലാ വരുമാനവും ട്രഷറിയിലാണ് എത്തുക. അവിടെനിന്നുവേണം നിയമസഭ അംഗീകരിച്ച ബജറ്റ് അനുസരിച്ച് ഓരോ ചെലവും നടത്താന്‍. കടമെടുത്തിട്ടും ട്രഷറിയില്‍ ചെലവിനുള്ള പണം ഇല്ലാതായാല്‍ എന്തുചെയ്യും? ഏതെങ്കിലും ഒരു ദിവസം പ്രതീക്ഷിച്ച വരുമാനം വന്നില്ല. അല്ലെങ്കില്‍ അപ്രതീക്ഷിതമായ ചെലവുണ്ടായി. ഇങ്ങനെ ട്രഷറിയിലുള്ള പണം ചെലവിന് തികയാതെവന്നാല്‍ റിസര്‍വ് ബാങ്കില്‍നിന്ന് കൈവായ്പ, അഥവ 'വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്' വാങ്ങാം. ഏതാനും ദിവസത്തിനുള്ളില്‍ ഇത് തിരിച്ചുനല്‍കുകയും വേണം. പരമാവധി 385 കോടി രൂപയാണിപ്പോള്‍ ഇങ്ങനെ വാങ്ങാന്‍ കഴിയുക. കഴിഞ്ഞ നാലുവര്‍ഷം നമ്മള്‍ക്ക് ഒരിക്കല്‍പോലും ഇങ്ങനെ കൈവായ്പയെടുക്കേണ്ടിവന്നിട്ടില്ല. എന്നാല്‍, കഴിഞ്ഞമാസം നമ്മള്‍ 160 കോടി രൂപ വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിലായി.

ആദ്യമാസങ്ങളില്‍ത്തന്നെ അനുവദനീയമായ വായ്പയുടെ 55 ശതമാനത്തിലേറെ കടമെടുത്തതുകൊണ്ടാണ് നമ്മള്‍ വെയ്‌സ് ആന്‍ഡ് മീന്‍സ് പരിധിക്കുള്ളില്‍ നില്‍ക്കാന്‍ കഴിഞ്ഞത്. 385 കോടി രൂപയേക്കാള്‍ കൂടുതല്‍ റിസര്‍വ് ബാങ്കില്‍നിന്ന് വായ്പയെടുക്കുമ്പോഴാണ് ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാകുന്നത്.

കഴിഞ്ഞ ആറുവര്‍ഷമായി കേരളം ഓവര്‍ഡ്രാഫ്റ്റിലായിട്ടില്ല. വരുംമാസങ്ങളില്‍ എടുക്കാവുന്ന വായ്പ ശുഷ്‌കിക്കുന്നതോടെ നമ്മള്‍ ഈ പതനത്തിലെത്തുമെന്നത് അനിവാര്യമാണ്.

ഓവര്‍ഡ്രാഫ്റ്റിലായാല്‍ 14 ദിവസംകൊണ്ട് പുറത്തുകടക്കണം. അല്ലെങ്കില്‍ ട്രഷറി പൂട്ടേണ്ടിവരും. ആ സ്ഥിതി ഒഴിവാക്കാന്‍ ഒറ്റ വഴിയേയുള്ളൂ. ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക. രണ്ടുകോടി രൂപയില്‍ വരുന്ന പദ്ധതിച്ചെലവുകള്‍ക്ക് ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന വന്നുകഴിഞ്ഞു. ട്രഷറി പൂട്ടുന്ന സ്ഥിതി ഒഴിവാക്കാനാകും എന്നത് ശരിതന്നെ. പക്ഷേ, കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകളും ക്ഷേമപെന്‍ഷനുകളും കുടിശ്ശികയാകും. ചെലവുകള്‍ക്ക് കര്‍ശനമായ കടിഞ്ഞാണ്‍ വീഴും.

ഈ പ്രതിസന്ധിമൂലം അടുത്തവര്‍ഷം ധനകാര്യ കമ്മീഷനില്‍നിന്ന് ലഭിക്കേണ്ടുന്ന ധനസഹായത്തില്‍ ഒരുഭാഗം നഷ്ടപ്പെടാന്‍ പോവുകയാണ്. അടുത്തവര്‍ഷംമുതല്‍ കേരളത്തിന്റെ റവന്യൂ കമ്മി ഇല്ലാതാക്കണമെന്നതാണ് ധനകാര്യ കമ്മീഷന്റെ നിബന്ധന. പക്ഷേ, ഈ വര്‍ഷം റവന്യൂ ചെലവിനായി വലിയ തോതില്‍ വായ്പയെടുക്കേണ്ടിവന്നല്ലോ. റവന്യൂ കമ്മി ഇല്ലാതാവുകയല്ല, മറിച്ച് കുത്തനെ ഉയരുകയാവും ഫലം.

ഇപ്പോഴത്തെ പ്രതിസന്ധി ചെലവുകള്‍ അപ്രതീക്ഷിതമായി ഉയര്‍ന്നതുകൊണ്ടല്ല. നടപ്പുവര്‍ഷത്തിലെ ബജറ്റ്കണക്ക് പ്രകാരം (ധനമന്ത്രിയുടെ പ്രസംഗത്തിലെ അധികച്ചെലവ് അടക്കം) റവന്യൂ ചെലവ് 20 ശതമാനം ഉയരേണ്ടതാണ്. ഈ വര്‍ധനയേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള പോസ്റ്റുകളില്‍ നിയമനം നടന്ന്, ശമ്പളം കൊടുക്കേണ്ടിവരുമ്പോള്‍ റവന്യൂ ചെലവ് കുത്തനെ ഉയരുമെന്നത് തീര്‍ച്ചയാണ്. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയാണെങ്കില്‍ റവന്യൂ ചെലവ് ബജറ്റ് പരിധിവിട്ട് ഉയര്‍ന്നാലത്തെ സ്ഥിതി ആലോചിച്ചുനോക്കിക്കേ? വീണ്ടുവിചാരമില്ലാതെ അനുവദിച്ച പുതിയ താലൂക്കുകള്‍, വില്ലേജുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവയും പരസ്യം തുടങ്ങിയവയിലെ അധികച്ചെലവുകളും പുനഃപരിശോധിക്കാന്‍ തയ്യാറായാല്‍ ചെലവ് ബജറ്റ് മതിപ്പുകണക്കില്‍ പിടിച്ചുനിര്‍ത്താം.

ബജറ്റില്‍ പ്രതീക്ഷിച്ചതോതിലേ ഇതുവരെ ചെലവുകള്‍ ഉയര്‍ന്നിട്ടുള്ളൂവെങ്കില്‍ പിന്നെ പ്രതിസന്ധിക്കുകാരണം വരുമാനത്തിലുണ്ടായിട്ടുള്ള ഇടിവാണെന്ന് വരുന്നു. പ്രതീക്ഷിച്ചത്രയും ഇല്ലെങ്കിലും 11 ശതമാനം വരുമാനം ഉയര്‍ന്നസ്ഥിതിക്ക് വരുമാനം ഇടിഞ്ഞെന്നുപറയാന്‍ പാടുണ്ടോ? യഥാര്‍ഥത്തില്‍ വരുമാനത്തില്‍ ഇടിവുതന്നെയാണ് ഉണ്ടായിട്ടുള്ളത്.

സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട റവന്യൂ വരുമാനം വാറ്റ് നികുതിയാണ്. 2013 സപ്തംബര്‍ വരെയുള്ള വാറ്റ് നികുതി വരുമാനം 6774 കോടി രൂപയാണ്. 2012-13ല്‍ ഇത് 6164 കോടി രൂപയായിരുന്നു. പക്ഷേ, അന്ന് വാറ്റ് നികുതി നിരക്കുകള്‍ ഒരുശതമാനം, നാലുശതമാനം, 13.5 ശതമാനം എന്നിങ്ങനെയായിരുന്നു. മൊത്തം നികുതിവരുമാനത്തിന്റെ അഞ്ചുശതമാനം ഒരു ശതമാനം നിരക്കില്‍നിന്നും, 25 ശതമാനം നാലുശതമാനം നിരക്കില്‍നിന്നും, 70 ശതമാനം 13.5 ശതമാനം നിരക്കില്‍നിന്നുമാണ് ലഭിക്കുന്നത്. 2013-14ല്‍ നാലുശതമാനം നിരക്ക് അഞ്ചായും 13.5 ശതമാനം നിരക്ക് 14.5 ശതമാനമായും ഉയര്‍ത്തി.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഒരിക്കല്‍പോലും വാറ്റ് നികുതി നിരക്കുകള്‍ ഉയര്‍ത്താതെയാണ് ശരാശരി 18 ശതമാനം വാര്‍ഷികവര്‍ധന കൈവരിച്ചത്. അതുകൊണ്ട് നികുതിപിരിവിലെ കാര്യക്ഷമത കണക്കാക്കാന്‍ വര്‍ധിപ്പിച്ച നിരക്കിലല്ല, പഴയ നിരക്കില്‍ത്തന്നെ നികുതി ഈടാക്കിയിരുന്നെങ്കില്‍ എന്തു തുക ലഭിക്കുമെന്ന് കണക്കാക്കണം. 2012-13ല്‍ ഒരു ശതമാനം നിരക്കില്‍ ലഭിച്ച നികുതി അതേനിരക്കിലും അഞ്ചുശതമാനം നിക്കില്‍ ലഭിച്ച നികുതി നാലുശതമാനം നിരക്കിലും 14.5 ശതമാനം നിരക്കില്‍ ലഭിച്ച നികുതി 13.5 ശതമാനം നിരക്കിലും ഞാന്‍ കണക്കാക്കിയപ്പോള്‍ ലഭിച്ച തുക 6108 കോടി രൂപയാണ്. ഇതാവട്ടെ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 56 കോടി രൂപ കുറവാണ്. യാഥാര്‍ഥ്യം പറഞ്ഞാല്‍ കേരളത്തിലെ വാറ്റ് നികുതി വരുമാനത്തില്‍ ഒരുശതമാനം ഇടിവുണ്ടായിരിക്കുന്നു.

ഈ സ്ഥിതിവിശേഷത്തിന് കാരണം സാമ്പത്തിക മാന്ദ്യമാണെന്ന വാദം ശരിയല്ല. ഉത്പാദനമേഖലകളില്‍ മാന്ദ്യമുണ്ടായാലും ഗള്‍ഫില്‍നിന്നുള്ള പണവരുമാനം ഗണ്യമായി ഉയരുകയുണ്ടായി. തന്മൂലം ഉപഭോഗത്തില്‍ വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ല. അപ്പോള്‍ നികുതിവരുമാനം കുറയാന്‍ കാരണം നികുതിപിരിവിലെ കെടുകാര്യസ്ഥതയാണെന്ന് വരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആസൂത്രിതമായ ഇടപെടലുകളിലൂടെ സൃഷ്ടിച്ചെടുത്ത നികുതിഭരണ സംവിധാനം ഇന്ന് തകര്‍ന്നിരിക്കയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ നികുതിവരുമാന വര്‍ധന മഴയ്ക്കുശേഷമുള്ള മരംപെയ്യലായിരുന്നുവെന്ന് ഇപ്പോള്‍ തെളിയുന്നു.

മൂന്നാംമുറകളില്ലാതെ ശാസ്ത്രീയമായ കണക്കുപരിശോധനയിലൂടെ നികുതിവെട്ടിപ്പ് തടയാം എന്നതാണ് വാറ്റ് നികുതി സമ്പ്രദായത്തിന്റെ മികവ്. കച്ചവടക്കാരന്‍ ഉപഭോക്താക്കളില്‍നിന്ന് പിരിക്കുന്ന നികുതി മുഴുവന്‍ സര്‍ക്കാറിലേക്ക് ഒടുക്കേണ്ട. അദ്ദേഹം ചരക്കുകള്‍ വാങ്ങിയപ്പോള്‍ കൊടുത്ത നികുതി കഴിച്ച് ശിഷ്ടം നികുതിയായി നല്‍കിയാല്‍ മതിയാകും. അതുകൊണ്ട് ഓരോ വ്യാപാരിയും വാങ്ങിയവയുടെയും വിറ്റവയുടെയും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണം. ഒരാളുടെ വില്പന മറ്റൊരാളുടെ വാങ്ങലാണ്. ഇരുവരുടെയും കണക്കുകള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ കണ്ടുപിടിച്ചാല്‍ നികുതിവെട്ടിപ്പ് തടയാം. ചിലര്‍ വാങ്ങിയത് കൂട്ടിക്കാണിക്കും. വില്പന കുറച്ചുകാണിക്കും. പക്ഷേ, ബാക്കിവരുന്നത് സ്റ്റോക്കില്‍ കാണണമല്ലോ.

സ്റ്റോക്കിന്റെ കണക്കുകളും നികുതിവെട്ടിപ്പ് തടയാന്‍ സഹായിക്കും. ഇതിനൊക്കെ കടകളില്‍ പോകേണ്ട. കേരളത്തില്‍ എല്ലാ കണക്കുകളും കമ്പ്യൂട്ടര്‍വഴി ലഭ്യമാണ്. ഓരോ വ്യാപാരിയുടെ കണക്കും തിരുവനന്തപുരത്തിരുന്ന് പരിശോധിക്കാം.
പക്ഷേ, ഇതിന് കഴിയണമെങ്കില്‍ എല്ലാ വ്യാപാരികളും കണക്കുകള്‍ അഥവാ വാര്‍ഷികറിട്ടേണുകള്‍ സമര്‍പ്പിക്കണം. എന്നാല്‍, 2010-'11 ലെ 1600 കച്ചവടക്കാരും 2011-'12 ലെ 3600 കച്ചവടക്കാരും ഇനിയും വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ബാക്കിയുണ്ട്. 2012-'13ലേത് 10,000-ത്തിലേറെ വരും.

ഈ റിട്ടേണുകള്‍ ഓരോന്നും പരിശോധിച്ച് പൊരുത്തക്കേടുകള്‍ കണ്ടുപിടിച്ച് അധികനികുതി ആവശ്യപ്പെടേണ്ടത് ഉദ്യോഗസ്ഥരാണ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഈ പരിശോധന എളുപ്പം നടത്താവുന്നതാണ്. എന്നിട്ടും 2010-'11 ലെ 11,000 കച്ചവടക്കാരുടെയും 2011-'12 ലെ 22,000 കച്ചവടക്കാരുടെയും റിട്ടേണ്‍ സ്‌ക്രൂട്ടിനി കുടിശ്ശികയാണ്. 2012-13ലെ റിട്ടേണുകളുടെ സ്‌ക്രൂട്ടിനി തുടങ്ങിയിട്ടേയുള്ളൂ.
സ്ട്രൂട്ടിനി നടത്തുമ്പോള്‍ ഗൗരവമായ പിശകുകള്‍ കണ്ടെത്തുന്ന കടകളില്‍ ഓഡിറ്റ് വിസിറ്റ് നടത്തണം. 2013 സപ്തംബര്‍വരെ 4000 ഓഡിറ്റ് വിസിറ്റിനാണ് ടാര്‍ജറ്റ് നിശ്ചയിച്ചിരുന്നത്. നടന്നതാകട്ടെ 1300 മാത്രം; ലക്ഷ്യത്തിന്റെ മൂന്നിലൊന്ന്.

സ്‌ക്രൂട്ടിനി, ഓഡിറ്റ് വിസിറ്റ്, കട പരിശോധന, വാഹനപരിശോധന, ചെക്‌പോസ്റ്റ് പരിശോധന തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ 2013 സപ്തംബര്‍വരെ 400 കോടി രൂപയുടെ അധികനികുതിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ 350 കോടിരൂപ ഉടന്‍ പിരിക്കാവുന്നതാണ്. എന്നാല്‍, ഈ വര്‍ഷം ഇതുവരെ പിരിച്ച അധികനികുതി കേവലം 35 കോടിരൂപ മാത്രം!

കേരളത്തെ സംബന്ധിച്ച് നികുതി പിരിക്കാന്‍ മറ്റൊരു സൗകര്യംകൂടിയുണ്ട്. നികുതിക്ക് വിധേയമായ 80-85 ശതമാനം ഉത്പന്നങ്ങളും ചെക്‌പോസ്റ്റുകള്‍ വഴി കടന്നുവേണം കേരളത്തിലേക്ക് വരാന്‍. ഓരോ വ്യാപാരിയും ഇപ്രകാരം കൊണ്ടുവരുന്ന ചരക്കുകള്‍ ശേഖരിച്ചാല്‍ വാര്‍ഷികറിട്ടേണുകളുടെ നിജസ്ഥിതി വിലയിരുത്തുക വളരെ എളുപ്പമാകും. എന്നാല്‍, ചെക്‌പോസ്റ്റുകളില്‍ അഴിമതിയും അരാജകത്വവും തിരിച്ചുവന്നിരിക്കുന്നു. ചെക്‌പോസ്റ്റുകളില്‍ ഈടാക്കുന്ന നികുതി ഇടിഞ്ഞു. ഇതിലേറെ ഇവിടെ നിന്നുള്ള കണക്കുശേഖരണം കൃത്യമായി നടക്കുന്നില്ല.

മദ്യപാനശീലം കുറഞ്ഞതുകൊണ്ടല്ല മദ്യത്തിന്റെ വില്പനനികുതിയില്‍ ഇടിവുണ്ടായിട്ടുള്ളത്. ബിവറേജസില്‍നിന്നുള്ള നികുതി താഴുമ്പോള്‍ ബാറുകളില്‍നിന്നുള്ള നികുതി ഉയരുകയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയും ഭാഗാധാരങ്ങളുടെ ഫീസും കുറച്ചപ്പോള്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതാണ് രജിസ്‌ട്രേഷന്‍-സ്റ്റാമ്പ് ഡ്യൂട്ടിയില്‍ വലിയ കുറവ് വരുമെന്ന്. ഇപ്പോള്‍ ഈ പ്രവചനം ശരിയായിരിക്കുന്നു. ഈ ഇനത്തിലെ പിരിവ് ലക്ഷ്യത്തിന്റെ പകുതിപോലുമില്ല.

പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരിക്കയാണ്. ധനക്കമ്മിയില്‍ ഭ്രാന്തുപിടിച്ചുനില്‍ക്കുന്ന കേന്ദ്ര ധനമന്ത്രി ചിദംബരം കനിയുമെന്ന് തോന്നുന്നില്ല.
കേന്ദ്രം കനിഞ്ഞില്ലെങ്കിലും അത്യാവശ്യം വായ്പയെടുക്കുന്നത് വര്‍ധിപ്പിക്കാന്‍ കേരളത്തിന്റെ കൈയില്‍ ഒരു ഉപായമുണ്ട്- ട്രഷറി സേവിങ്‌സ് ബാങ്ക്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു സംവിധാനം ഇല്ല. പഴയ തിരുവിതാംകൂര്‍ രാജ്യത്തുണ്ടായിരുന്ന ട്രഷറി സേവിങ്‌സ് ബാങ്ക് ഇന്ത്യാ യൂണിയനില്‍ ലയിച്ചപ്പോള്‍ നിര്‍ത്തലാക്കാന്‍ വിട്ടുപോയി. ട്രഷറി സേവിങ്‌സ് ബാങ്ക് നിര്‍ത്തലാക്കണമെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും നമ്മള്‍ അതിന് തയ്യാറായില്ല.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സമഗ്രമായ ട്രഷറി നവീകരണത്തിന് പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷനും ട്രഷറിയുമായി ബന്ധപ്പെടുത്തി എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും എ.ടി.എം. മെഷീനുകളും സ്ഥാപിക്കാന്‍ പരിപാടിയിട്ടു. ഇത് പൂര്‍ത്തീകരിച്ചശേഷം മുഴുവന്‍ ശമ്പളവും പെന്‍ഷനും സേവിങ്‌സ് ബാങ്ക് ട്രഷറി അക്കൗണ്ടുകള്‍വഴി നല്‍കാനായിരുന്നു പരിപാടി. പ്രതിവര്‍ഷം 1000 കോടി രൂപയെങ്കിലും കാഷ് ബാലന്‍സ്, ഇതുവഴി ശമ്പളം, പെന്‍ഷന്‍ എന്നീ ഇനങ്ങളിലായി ചെറിയ പലിശയും ട്രഷറിയില്‍ കിടക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഒരു ചര്‍ച്ചയുമില്ലാതെ ശമ്പളവും പെന്‍ഷനും വാണിജ്യബാങ്കുകള്‍വഴി നല്‍കാന്‍ ഉത്തരവിറക്കുകയാണ് ചെയ്തത്. എന്തിന് അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ മിച്ചപണം ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന നിബന്ധനപോലും വേണ്ടെന്നുവെച്ചു. ഫലമോ? 2010-11ല്‍ 2524 കോടിരൂപ ട്രഷറി പബ്ലിക് അക്കൗണ്ടിലൂടെ ബജറ്റിലേക്ക് വന്ന സ്ഥാനത്ത് 2013-'14ല്‍ കേവലം 470 കോടിരൂപയേ ഈ ഇനത്തില്‍ പ്രതീക്ഷിക്കുന്നുള്ളൂ.

പെട്ടെന്ന് ഇനി ട്രഷറി സേവിങ്‌സ് ബാങ്കിലൂടെ പരോക്ഷവായ്പകള്‍ തരപ്പെടുത്തുക പ്രയാസമാണ്. അതുകൊണ്ട് വരുംമാസങ്ങളില്‍ സര്‍ക്കാറിന്റെ ധനപ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുക അനിവാര്യമാണ്. ട്രഷറി പൂട്ടാതിരിക്കാന്‍ ഒട്ടേറെ സാഹസപ്പെടേണ്ടിവരും .

Wednesday, October 9, 2013

അമേരിക്കന്‍ ബജറ്റ് സ്തംഭനം


Deshabhimani Daily  01-Oct-2013 11:59 PM

ബജറ്റില്‍ വകയിരുത്തിയ പണമേ ചെലവഴിക്കാന്‍ സര്‍ക്കാരിന് അവകാശമുള്ളു. ബജറ്റ് പാസായില്ലെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിക്കും. നമ്മുടെ നാട്ടില്‍ അങ്ങനെയൊന്ന് സംഭവിക്കുക വയ്യ. കാരണം ബജറ്റ് പാസായില്ലെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ രാജിവയ്ക്കേണ്ടിവരും. നിയമസഭയില്‍ ഭൂരിപക്ഷമുള്ളവരാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. എന്നാല്‍, അമേരിക്കയില്‍ ഇങ്ങനെയല്ല കാര്യങ്ങള്‍. അവിടെ പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുകയാണ്. പ്രസിഡന്റിന് അധോസഭയായ കോണ്‍ഗ്രസിലോ ഉപരിസഭയായ സെനറ്റിലോ ഭൂരിപക്ഷം ഉണ്ടാകണമെന്നില്ല. ബജറ്റ് പാസായില്ലെങ്കില്‍ പ്രസിഡന്റ് രാജിവയ്ക്കേണ്ട. പക്ഷേ, സര്‍ക്കാരിന് പണം ചെലവഴിക്കാനാകില്ല. ഭരണം സ്തംഭിക്കും. ഇതാണ് ഇപ്പോള്‍ അമേരിക്കയില്‍ സംഭവിക്കുന്നത്.

 പ്രസിഡന്റ് ഒബാമ ഡെമോക്രാറ്റിക് പാര്‍ടി നേതാവാണ്. അദ്ദേഹത്തിന്റെ പാര്‍ടിക്ക് സെനറ്റില്‍ ഭൂരിപക്ഷമുണ്ട്. പക്ഷേ, കോണ്‍ഗ്രസില്‍ ന്യൂനപക്ഷമാണ്. റിപ്പബ്ലിക്കന്‍ പാര്‍ടിക്കാണ് ഭൂരിപക്ഷം. ഒക്ടോബര്‍ ഒന്നിനുമുമ്പ് ബജറ്റ് പാസാക്കണം. കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഒബാമയുടെ ഏറ്റവും പ്രിയപ്പെട്ട പദ്ധതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിക്കും പണം വെട്ടിക്കുറയ്ക്കാനുള്ള നിബന്ധന വച്ചു. സെനറ്റ് ഈ നിബന്ധനകള്‍ തള്ളി. തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകളൊന്നും ഫലവത്തായില്ല. അങ്ങനെ പൂര്‍ണബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ല.

 ഇങ്ങനെയൊരു സ്ഥിതിവന്നാല്‍ എന്തുചെയ്യണമെന്നതിന് ഒബാമ വിശദമായ പദ്ധതിതന്നെ തയ്യാറാക്കിയിരുന്നു. അതുപ്രകാരം പ്രതിരോധം, പാസ്പോര്‍ട്ട് ഓഫീസ്, വിമാനത്താവളം തുടങ്ങിയ അനിവാര്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയെല്ലായിടത്തും താല്‍ക്കാലികമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലേ ഓഫ് പ്രഖ്യാപിക്കുന്നു. അനിവാര്യമല്ലാത്ത മറ്റ് ചെലവുകളും മാറ്റിവയ്ക്കുന്നു. ഇപ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. എത്രദിവസം ഈ സ്തംഭനം തുടരുമെന്ന് ഇപ്പോള്‍ പറയാനാകില്ല. നീളുംതോറും ജനങ്ങളുടെ ദുരിതം കൂടും. ഈ സ്തംഭനം രണ്ടാഴ്ചയിലേറെ നീണ്ടാല്‍ രണ്ടാംപാദത്തിലെ ദേശീയവരുമാനത്തില്‍ .09 ശതമാനം ഇടിവുണ്ടാകും എന്നാണ് ഒരു കണക്ക്. എന്നുവച്ചാല്‍ അമേരിക്കയില്‍ ഉണ്ടായിരിക്കുന്ന ദുര്‍ബലമായ വീണ്ടെടുപ്പ് തകരും. മാന്ദ്യം രൂക്ഷമാകും. ജനവികാരം ഒബാമയ്ക്കൊപ്പമാണ്. കാരണം ഭൂരിപക്ഷംപേര്‍ക്കും പുതിയ ഇന്‍ഷുറന്‍സ് പരിപാടി ഇഷ്ടമാണ്. അമേരിക്കയില്‍ സൗജന്യ ചികിത്സയില്ല. എല്ലാവരും ഇന്‍ഷുറന്‍സ് എടുക്കണം. ഇന്‍ഷുറന്‍സ് കമ്പനികളാണെങ്കില്‍ വലിയ പ്രീമിയമാണ് ഈടാക്കുന്നത്. ഇത് താങ്ങാനാവാത്ത വലിയവിഭാഗം കുടുംബങ്ങള്‍ക്ക് തന്മൂലം ആരോഗ്യപരിരക്ഷയില്ല. ഇവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന ഏര്‍പ്പാടാണ് ഒബാമ കൊണ്ടുവന്ന പരിഷ്കാരം.

 റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ ഈ പരിഷ്കാരത്തെ അടിമുടി എതിര്‍ക്കുകയാണ്. സര്‍ക്കാര്‍ ചെലവ് വര്‍ധിക്കും എന്നതാണ് ഒരു വിമര്‍ശനം. ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ കൈവയ്ക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശം. ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമെന്നും വിമര്‍ശമുണ്ട്. അതുകൊണ്ട് അവര്‍ ഈ പരിഷ്കാരത്തെ പരിഹസിച്ച് "ഒബാമ കെയര്‍" എന്നാണ് വിളിക്കുന്നത്. എങ്കിലും റിപ്പബ്ലിക്കന്‍ കക്ഷിക്ക് ഭൂരിപക്ഷജനവികാരം അറിയാം. ഇതിന്റെ പേരില്‍ രാജ്യഭരണംതന്നെ സ്തംഭിപ്പിക്കുന്നതിന് മഹാഭൂരിപക്ഷംപേരും എതിരാണ്. രാഷ്ട്രീയമായി ഈ കളി അവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. മുമ്പ് ഇതുപോലെ ഒരു അടവ് അവര്‍ സ്വീകരിച്ചതിന്റെ ഫലമായാണ് ബില്‍ ക്ലിന്റണ്‍ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടത് എന്ന് ചില നിരീക്ഷകര്‍ പറയുന്നു. ""എന്റെ പ്രസിഡന്‍സി അവസാനിച്ചാലും വേണ്ടില്ല, ബന്ദിയാക്കി മോചനദ്രവ്യത്തിന് വിലപേശാന്‍ വരേണ്ട"" എന്ന് ദേഷ്യപ്പെട്ടാണ് ചര്‍ച്ചകളില്‍നിന്ന് ഒബാമ ഇറങ്ങിപ്പോന്നത്. എങ്കിലും അദ്ദേഹത്തിനും ഈ സ്തംഭനം ദീര്‍ഘമായി തുടരാന്‍ അനുവദിക്കാന്‍ പറ്റില്ല. സാമ്പത്തികമായി ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. പൊതുജനാഭിപ്രായവും ചിലപ്പോള്‍ എതിരായിത്തീരാം. ആരാണ് ആദ്യം ഇമവെട്ടുക? ആരാണ് ആദ്യം ശ്വാസംവിടുക? ഈ കുട്ടിക്കളികളിലാണ് നേതാക്കന്മാര്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് സാധാരണക്കാര്‍ പിറുപിറുക്കുന്നു. എന്നാല്‍, അമേരിക്കയില്‍ നടക്കുന്നത് കുട്ടിക്കളിയല്ല. ഇന്ന് പാശ്ചാത്യരാജ്യങ്ങളിലെല്ലാം കടുത്ത നിയോലിബറല്‍ പിന്തിരിപ്പന്മാരും കുറച്ചുകൂടി അയവേറിയ നിലപാടെടുക്കുന്ന കെയ്നീഷ്യന്‍ സ്വാധീനത്തില്‍പ്പെട്ടവരും തമ്മില്‍ നടക്കുന്ന രൂക്ഷമായ നയ ഏറ്റുമുട്ടലിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അമേരിക്കയിലെ ബജറ്റ് സ്തംഭനം.

2008ല്‍ ആഗോള സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും എല്ലാവരും കെയ്ന്‍സിന്റെ ശിഷ്യന്മാരായി. സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടണ്ടേതില്ല; സര്‍വസ്വതന്ത്രമായി വിട്ടാല്‍മതി; എല്ലാം സ്വയം നേരെയായിക്കൊള്ളും എന്നാണല്ലോ നിയോലിബറല്‍ നിലപാട്. ഇതിനുപകരം ഉത്തേജക പാക്കേജുകളുണ്ടാക്കി, കമ്മി വര്‍ധിപ്പിച്ച് ബാങ്കുകളെയും മുതലാളിത്ത വ്യവസ്ഥയെത്തന്നെയും രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി. സമൂലതകര്‍ച്ചയില്‍നിന്ന് മുതലാളിത്തം രക്ഷപ്പെട്ടു. ശ്വാസംവീണതോടെ നിയോലിബറലുകള്‍ തങ്ങളുടെ പഴയ നിലപാടിലേക്ക് തിരിച്ചുപോയി. പാലം കടക്കുവോളം നാരായണ പറഞ്ഞവര്‍ പാലം കടന്നതോടെ കൂരായണ എന്നായി ജപം. മുതലാളിത്ത കുഴപ്പത്തിന് പരിഹാരം സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കലോ കമ്മി സൃഷ്ടിക്കലോ അല്ല. മറിച്ച് ചെലവു ചുരുക്കി നികുതി കുറച്ച് കമ്മി കുറയ്ക്കലാണ്. നിക്ഷേപകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നും സാമ്പത്തിക അച്ചടക്കം കര്‍ശനമാക്കണമെന്നുമാണ് ഇപ്പോള്‍ നിയോ ലിബറലുകള്‍ വാദിക്കുന്നത്. ഇതിലൂടെ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച് പ്രതിസന്ധി മറികടക്കാന്‍ പറ്റുംപോലും. ഈ നയത്തിന്റെ ഏറ്റവും കടുത്ത വക്താവ് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കലാണ്. യൂറോപ്പിലെ മാന്ദ്യം വീണ്ടും രൂക്ഷമാക്കിയതിന് ഉത്തരവാദിത്തം ഇവരുടെ നയത്തിനാണ്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ കക്ഷിയും ഈ യാഥാസ്ഥിതിക നയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വികസിതമുതലാളിത്ത രാജ്യങ്ങളിലെല്ലാം ഈ തര്‍ക്കം രൂക്ഷമായി നടക്കുന്നുണ്ട്. അമേരിക്കയില്‍ ഈ തര്‍ക്കം ബജറ്റ് സ്തംഭനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

 ഇപ്പോഴുള്ള ബജറ്റ് സ്തംഭനത്തേക്കാള്‍ ഗൗരവമുള്ള ഒരു കടമ്പ അധികം താമസിയാതെ അമേരിക്ക നേരിടേണ്ടിവരും. ആ കടമ്പ ചാടാന്‍ ഒബാമയ്ക്ക് കഴിയുന്നില്ലെങ്കില്‍ അതീവഗുരുതരമായ പ്രതിസന്ധിയിലേക്ക് അമേരിക്കന്‍ സമ്പദ്ഘടന പതിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതാണ് കടംവാങ്ങല്‍പരിധി പ്രശ്നം. ഇന്ത്യയില്‍ സര്‍ക്കാരിന് കടംവാങ്ങുന്നതിനുള്ള പരിധി നിയമംമൂലം നിശ്ചയിച്ചിട്ടുണ്ട്. ധനകമ്മി ദേശീയവരുമാനത്തിന്റെ മൂന്നുശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലാ എന്നാണ് നിയമം. ഇന്ത്യാസര്‍ക്കാര്‍ 2008ല്‍ ഈ നിയമം ലംഘിച്ചതാണ്. നടപ്പുവര്‍ഷത്തിലും ധനകമ്മി 4.8 ശതമാനം വരും എന്നാണ് കണക്ക്. എന്നാല്‍, ഈ കടംവാങ്ങല്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടിയതുകൊണ്ട് പ്രശ്നമൊന്നുമില്ല. അതേസമയം, അമേരിക്കയിലെ കടത്തിന്റെ പരിധി കേവല തുകയിലാണ് അംഗീകരിച്ചിട്ടുള്ളത്. നിലവിലുള്ള നിയമപ്രകാരം അമേരിക്കന്‍ സര്‍ക്കാരിന്റെ കടം 16.69 ട്രില്യണ്‍ (ലക്ഷംകോടി) ഡോളര്‍ അധികരിക്കാന്‍ പാടില്ല. ഒക്ടോബര്‍ 18 ആകുമ്പോഴേക്കും ഈ തുക അപര്യാപ്തമായിത്തീരും എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. അതുകൊണ്ട് അതിനുള്ളില്‍ കടത്തിന്റെ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്കന്‍ സര്‍ക്കാരിന് ചെലവിന് പണം തികയാതെ വരും.

 മുന്‍കാലങ്ങളില്‍ കമ്പോളത്തില്‍ വിറ്റ ബോണ്ടുകള്‍ കാലപരിധികഴിഞ്ഞ് ട്രഷറിയില്‍ തിരിച്ചുവരുമ്പോള്‍ ബോണ്ട് ഉടമസ്ഥന്മാര്‍ക്ക് കൊടുക്കാന്‍ പണം ഇല്ലാതെവരും. ഇത് കുഴപ്പങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്താം. ട്രഷറി ഡിഫോള്‍ട്ട് ചെയ്തുകഴിഞ്ഞാന്‍ ആ ബോണ്ടുകള്‍ക്ക് വിപണിയില്‍ അംഗീകാരം ഉണ്ടാകില്ല. ഇത് സൃഷ്ടിക്കാന്‍പോകുന്ന പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഒരുപക്ഷേ, ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് പണം തിരിച്ചുനല്‍കാനാകാതെ ഡിഫോള്‍ട്ടാകുന്നത്. ചിലപ്പോള്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയേക്കാം. ഇത് ധനകാര്യ കുഴപ്പത്തിലേക്ക് നയിക്കും.

 അമേരിക്കയില്‍ വായ്പാപരിധി ഏതാണ്ട് ഓട്ടോമാറ്റിക്കായി വര്‍ധിപ്പിച്ചുകൊടുക്കുന്ന സമീപനമാണ് സാധാരണ സെനറ്റും കോണ്‍ഗ്രസും കൈക്കൊള്ളാറ്. ഏതാണ്ട് എല്ലാ വര്‍ഷവും ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ, ഇത്തവണ റിപ്പബ്ലിക്കന്‍ കക്ഷി ഇതും ഒരു വിലപേശലിന് ഉപാധിയാക്കിയിരിക്കുകയാണ്. "ഒബാമ കെയര്‍" നീട്ടിവയ്ക്കണമെന്നാണ് ഇതുസംബന്ധിച്ചും അവരുടെ ആവശ്യം. എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്ന് കാണുകയേ നിര്‍വാഹമുള്ളു. ഏതായാലും ഇന്ത്യാസര്‍ക്കാരിന് പുതിയ സംഭവവികാസങ്ങളില്‍ സമാശ്വാസം കൊള്ളാം. അമേരിക്കയില്‍ മാന്ദ്യം രൂക്ഷമാകുകയാണെങ്കില്‍ മാസംതോറും 80-85 ബില്യണ്‍ ഡോളര്‍ പുതുതായി പണകമ്പോളത്തിലേക്ക് ഒഴുക്കുന്ന ഇന്നത്തെ നയം ഇനിയും തുടരേണ്ടിവരും. ഈ നയം തിരുത്തുമെന്നും ഡോളറിന്റെ ലഭ്യത കുറയ്ക്കുമെന്നും പറഞ്ഞതാണ് രൂപയുടെ മൂല്യം ഡോളറിന് 54ല്‍നിന്ന് ഒരുസന്ദര്‍ഭത്തില്‍ 69 രൂപയായി ഇടിയാനുള്ള കാരണം. കുറച്ചുനാളത്തേക്കൂകൂടി രൂപ സുസ്ഥിരമായി നില്‍ക്കുമെന്ന് ഇന്ത്യാസര്‍ക്കാരിന് പ്രതീക്ഷിക്കാം.

രഘുറാം രാജന്റെ രാഷ്ട്രീയ അഭ്യാസം

Mathrubhumi 07-Oct-2013

ലോകപ്രശസ്ത സാമ്പത്തികവിദഗ്ധനാണ് ഡോ. രഘുറാം രാജന്‍. 2008ലെ ആഗോള സാമ്പത്തികപ്രതിസന്ധി പ്രവചിച്ച ചുരുക്കം ചിലരിലൊരാള്‍. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പിന്നാക്കാവസ്ഥ അളക്കാനുളള ഒരു സമഗ്ര സൂചിക തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ചെയര്‍മാനാകാന്‍ എന്തുകൊണ്ടും അദ്ദേഹം അര്‍ഹനാണ്. ആ കമ്മിറ്റി തയ്യാറാക്കിയ സൂചികയുടെ ആധികാരികതയെക്കുറിച്ച് തര്‍ക്കിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. സൂചികയെ സംബന്ധിച്ച് കമ്മിറ്റിയിലെ ഒരംഗം 10 പേജുവരുന്ന ഭിന്നാഭിപ്രായക്കുറിപ്പ് എഴുതിയെന്നത് വസ്തുതയാണെങ്കിലും സംസ്ഥാനങ്ങള്‍ക്കിടയില്‍ കേന്ദ്രധനസഹായം വിതരണം ചെയ്യാന്‍ ഈ വികസന സൂചികയെ മാനദണ്ഡമാക്കുന്നതിനെക്കുറിച്ചാണ് എന്റെ തര്‍ക്കം. അതിനു പിന്നില്‍ സാമ്പത്തികശാസ്ത്രമല്ല, രാഷ്ട്രീയക്കളിയാണ്.

ബീഹാറിനു പ്രത്യേക സാമ്പത്തിക പദവി വേണമെന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു.ഇതുന്നയിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം പാറ്റ്‌നയിലും ഈ വര്‍ഷം ഡല്‍ഹിയിലും കൂറ്റന്‍ റാലികള്‍ അദ്ദേഹം സംഘടിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കാശ്മീര്‍, മലമ്പ്രദേശ സംസ്ഥാനങ്ങളായ ഹിമാചല്‍, ഉത്തരഖണ്ഡ്, സിക്കിം എന്നിങ്ങനെ 11 സംസ്ഥാനങ്ങളെയാണ് 'പ്രത്യേക പദവി സംസ്ഥാനങ്ങള്‍' എന്നു വിളിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്ക് അധികധനസഹായം കേന്ദ്രത്തില്‍ നിന്നു ലഭിക്കും. മാത്രമല്ല പദ്ധതി ധനസഹായത്തിന്റെ 90 ശതമാനവും ഗ്രാന്റായിരിക്കും. മറ്റു സംസ്ഥാനങ്ങള്‍ക്കു 70 ശതമാനം പദ്ധതിധനസഹായം വായ്പയായാണ് ലഭിക്കുക. പിന്നാക്കാവസ്ഥ പരിഗണിച്ച് ബിഹാറിനെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിതീഷ് കുമാറിന്റെ ആവശ്യം. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം യുപിഎയുമായി സഹകരിക്കാന്‍ അദ്ദേഹം മുന്നോട്ടുവെച്ച ഉപാധി ഇതായിരുന്നു.

അവസരം മുതലെടുത്ത് കേന്ദ്ര ധനമന്ത്രി പി ചിദംബരം പാറ്റ്‌നയില്‍ പറന്നു ചെന്ന് ഇങ്ങനെ പ്രതികരിച്ചു; 'പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനും സമഗ്രമായ സൂചിക തയ്യാറാക്കുന്നതിനും ഒഒരു വിദഗ്ധസമിതിയെ നിയോഗിക്കാം'. കമ്മിറ്റിയുടെ നിഗമനം എന്തായിരിക്കുമെന്നും അന്നുതന്നെ (മെയ് 11, 2013) ചിദംബരം പ്രവചിച്ചു: കമ്മിറ്റി രൂപം നല്‍കാന്‍ പോകുന്ന ഏതു മാനദണ്ഡ പ്രകാരമായാലും പ്രത്യേകപദവിയ്ക്ക് ബിഹാര്‍ അര്‍ഹമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്!'.

അങ്ങനെയാണ് രഘുറാംരാജന്‍ അധ്യക്ഷനായ നാലംഗ സമിതി രൂപീകരിക്കപ്പെട്ടത്. ശരവേഗത്തിലായിരുന്നു നടപടികള്‍ - മെയ് മാസത്തില്‍ കമ്മിറ്റി രൂപീകരിച്ചു, സെപ്തംബറില്‍ റിപ്പോര്‍ട്ടു തയ്യാറായി. ഇത്ര പ്രധാനപ്പെട്ട ഒരുകാര്യത്തെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞില്ല. തെളിവെടുത്തില്ല. വികസന സൂചികയുണ്ടാക്കാന്‍ ഈ പൊല്ലാപ്പെല്ലാമെന്തിന് എന്ന ഭാവമായിരുന്നു രഘുറാം രാജന്. ഐക്യരാഷ്ട്രസഭയുടെ ആസൂത്രണകമ്മിഷനടക്കം എത്രയോ ഏജന്‍സികള്‍ വികസന സൂചികകള്‍ തയ്യാറാക്കിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഏതു സൂചികയെടുത്താലും കേരളവും ഗോവയുമാണ് മുന്നില്‍. 'ബിമാരു' (BIMARU) സംസ്ഥാനങ്ങള്‍ (ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്) ഏറ്റവും പിന്നിലും. രഘുറാം രാജന്റെ സൂചികപ്രകാരവും ഇതില്‍ വ്യത്യാസമില്ല.

10 ഘടകങ്ങളെയാണ് വികസനസൂചികയുണ്ടാക്കാന്‍ കമ്മിറ്റി പരിഗണിച്ചത്. പ്രതിശീര്‍ഷ ഉപഭോഗം, ദാരിദ്ര്യത്തിന്റെ തോത്, സ്ത്രീസാക്ഷരതാനിരക്ക്, ശിശുമരണ നിരക്ക്, പട്ടികവിഭാഗങ്ങളുടെ ശതമാനം, നഗരവാസികളുടെ ശതമാനം, വിദ്യാഭ്യാസ സൂചിക (ഹാജര്‍നില, സ്‌ക്കൂളുകളുടെ എണ്ണം) വീട്ടുസൗകര്യങ്ങള്‍ (കുടിവെളളം, കക്കൂസ്, ടെലിഫോണ്‍, വൈദ്യുതി) ബാങ്ക് അക്കൗണ്ടുളള കുടുംബങ്ങളുടെ എണ്ണം, 100 ചതുരശ്രമീറ്ററിനുളളിലെ റോഡ് ദൈര്‍ഘ്യം എന്നിവയാണവ.

മേല്‍പറഞ്ഞ 10 ഇനങ്ങളിലും ഓരോ സംസ്ഥാനത്തിന്റെയും സൂചികയുണ്ടാക്കിയ ശേഷം അവയുടെ ശരാശരി എടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സൂചിക ലഭിക്കുന്നു. ഈ വികസനസൂചികയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തിന്റെയും 'കേന്ദ്രസഹായ ആവശ്യം' കണക്കാക്കുന്നത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു മിനിമം സഹായം കൂടിയേ തീരൂ. 28 സംസ്ഥാനങ്ങള്‍ക്കും മൊത്തം കേന്ദ്ര ധനസഹായത്തിന്റെ 0.3 ശതമാനം വീതം തുല്യമായി ഈ മിനിമം സഹായം നല്‍കുന്നു. അങ്ങനെ മൊത്തം ധനസഹായത്തിന്റെ 8.4 ശതമാനം ഇപ്രകാരം നീക്കിവെച്ചു കഴിഞ്ഞാല്‍ ബാക്കിവരുന്ന തുകയുടെ 75 ശതമാനം വികസനസൂചികയുടെ അടിസ്ഥാനത്തിലും 25 ശതമാനം വികസനസൂചികയില്‍ സമീപകാലത്തുണ്ടായ പുരോഗതിയുടെ അടിസ്ഥാനത്തിലും വിതരണം ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് ജനസംഖ്യയെയും ഭൂവിസ്തൃതിയെയും പരിഗണിക്കുക.

ചുരുക്കത്തില്‍ 8.4 ശതമാനം തുകയൊഴിച്ച് ബാക്കി മുഴുവന്‍ ധനസഹായവും കേവലം വികസന സൂചികയുടെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുക. അതേസമയം ഇന്ന് നിവലില്‍ വിവിധ കേന്ദ്രധനസഹായം വിതരണം ചെയ്യാന്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മൂന്ന് തരത്തിലുളള കേന്ദ്ര ധനസഹായമാണ് സംസ്ഥാനങ്ങള്‍ക്ക് ഇന്നു ലഭിക്കുന്നത്. ഒന്ന്, ധനകാര്യ കമ്മിഷന്റെ തീര്‍പ്പുപ്രകാരമുളള നികുതിവിഹിതവും ഗ്രാന്റുകളും, രണ്ട്, പ്ലാനിംഗ് കമ്മിഷന്‍ വഴിയുളള ധനസഹായം. മൂന്ന്, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വഴിയുളള ധനസഹായം.

സമീപകാല ധനകമ്മിഷനുകളെ എടുത്താല്‍ 25 ശതമാനത്തോളം തുക ജനസംഖ്യയുടേയും വിസ്തൃതിയുടേയും അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. ബാക്കി പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലും. പക്ഷെ, പ്രതിശീര്‍ഷ വരുമാനമാണ് പിന്നാക്കാവസ്ഥയുടെ മാനദണ്ഡമായി പരിഗണിക്കുന്നത്. ഇതിനുപകരം രഘുറാം രാജന്‍ പിന്നാക്കാവസ്ഥയുടെ മാനദണ്ഡമായി വികസനസൂചികകളാണ് സ്വീകരിക്കുന്നത്. ജനസംഖ്യയെ നേരിട്ടു പരിഗണിക്കുന്നില്ല.

പ്ലാനിംഗ് കമ്മിഷന്‍ ധനസഹായമാകട്ടെ, ഗാഡ്ഗില്‍ മുഖര്‍ജി ഫോര്‍മുല പ്രകാരമാണ് വിതരണം ചെയ്യുന്നത്. ഇവിടെയും ജനസംഖ്യയെയും പ്രതിശീര്‍ഷവരുമാനവുമാണ് മാനദണ്ഡങ്ങള്‍. ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ഓരോ പദ്ധതിയുടെയം സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുളളത്. ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികള്‍ ദരിദ്രരുടെ ശതമാനമാണ് പരിഗണിക്കുക. സര്‍വശിക്ഷാ അഭിയാന് വിദ്യാഭ്യാസ വികസന സൂചികകളും ദേശീയ ഗ്രാമീണ ആരോഗ്യമിഷന് ആരോഗ്യസൂചികകളും മറ്റുമാണ് പരിഗണിക്കുക. ഇതിനൊക്കെ പകരം വികസന സൂചിക സാര്‍വത്രിക മാനദണ്ഡമാക്കി മാറ്റാനാണ് രഘുറാം രാജന്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്.

ഈ നീക്കം ഫലിച്ചാല്‍ കേരളത്തിന്റെ വിഹിതം കുത്തനെ ഇടിയും. ഇന്ന് കേരളത്തിന് ധനകാര്യ മ്മിഷന്‍ ധനസഹായത്തിന്റെ 2.45 ശതമാനവും കേന്ദ്രപദ്ധതി ധനസഹായത്തിന്റെയും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുകയുടെ 1.95 ശതമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍ രഘുറാം രാജന്‍ റിപ്പോര്‍ട്ടു പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം കേവലം 0.38 ശതമാനം മാത്രമാണ്. എന്നുവെച്ചാല്‍ നമുക്കു ലഭിക്കുന്ന ധനസഹായം നിലവിലുളളതിന്റെ ആറിലൊന്നായി ചുരുങ്ങും. ഇതിനപ്പുറം ഒരു ധനകാര്യവിനാശം സംഭവിക്കാനില്ല.

വികസനസൂചികകള്‍ ഉയരുന്തോറും ധനസഹായത്തിന്റെ ആവശ്യം കുറയുന്നു എന്ന അനുമാനമാണ് രഘുറാം രാജന്‍ റിപ്പോര്‍ട്ടിന്റെ കാതല്‍. ഇത് അസംബന്ധമാണ്. കൂടുതല്‍ സ്‌ക്കൂളും കോളജും ആശുപത്രിയും ക്ഷേമസൗകര്യങ്ങളും ഉണ്ടെങ്കില്‍ അവയുടെ ആവര്‍ത്തനച്ചെലവ് ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ രൂക്ഷമാകും. നില്‍ക്കുന്ന സ്ഥലത്ത് നിലയുറപ്പിക്കാന്‍ കൂടുതല്‍ ചെലവാക്കിയേ മതിയാകൂ. അതേസമയം സാമൂഹ്യക്ഷേമ സൗകര്യങ്ങള്‍ക്കു പകരം ഭൗതികപശ്ചാത്തല സൗകര്യങ്ങളിലോ ഫാക്ടറികളിലോ ആണ് നിക്ഷേപം നടത്തിയിരുന്നെങ്കില്‍ ഇത്തരം ആവര്‍ത്തനച്ചെലവ് ഉണ്ടാകണമെന്നില്ല. പ്രതിശീര്‍ഷ വരുമാനത്തിനു പകരം 'സമഗ്ര' വികസന സൂചികയിലേയ്ക്കു മാറുമ്പോള്‍ ഈ അടിസ്ഥാന യാഥാര്‍ത്ഥ്യം അവഗണിക്കപ്പെടുന്നു.

ഇതൊന്നും പോരാഞ്ഞിട്ട് വികസനസൂചികയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അനുപാതത്തെക്കാള്‍ ഉയര്‍ന്ന വര്‍ദ്ധന നല്‍കുന്നതിന് ഉതകുന്ന രീതിയിലാണ് ഫോര്‍മുല തയ്യാറാക്കിയിട്ടുളളത്.

സംസ്ഥാനങ്ങള്‍ തമ്മിലുളള സാമ്പത്തിക സാമൂഹ്യക്ഷേമ അന്തരങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുളള ഒറ്റമൂലിയല്ല കേന്ദ്രസംസ്ഥാന വിഭവകൈമാറ്റം. നിയോലിബറല്‍ നയങ്ങളുടെ ഭാഗമായി എവിടെ ഫാക്ടറികള്‍ സ്ഥാപിക്കണം എന്നും മറ്റും തീരുമാനിക്കുന്നതിന് പൂര്‍ണസ്വാതന്ത്ര്യം കൊടുത്തത് പിന്നാക്ക പ്രദേശങ്ങള്‍ക്കു തിരിച്ചടിയായി. പൊതുമേഖലാനിക്ഷേപത്തില്‍ വന്ന ഇടിവും പ്രതികൂലമായ മറ്റൊരു ഘടകമാണ്. ബാങ്കുവായ്പകളും പടിപടിയായി സ്വതന്ത്രമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ തമ്മിലുളള അന്തരം അതിവേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതാകെ പുതിയ ഫോര്‍മുലകൊണ്ട് തിരിച്ചിടാം എന്നു കരുതുന്നത് മൗഢ്യമാണ്.

രഘുറാം രാജന്‍ കുടത്തില്‍ നിന്ന് ഒരു ദുര്‍ഭൂതത്തെ തുറന്നുവിട്ടിരിക്കുകയാണ്. തെലങ്കാന സംസ്ഥാന രൂപീകരണം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന ചിദംബരത്തിന്റെ വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണല്ലോ എരിഞ്ഞു കിടന്ന തെലങ്കാന വിഭജനസമരത്തെ ആളിക്കത്തിച്ചത്. സംസ്ഥാനങ്ങള്‍ തമ്മില്‍ അതുപോലൊരു സംഘര്‍ഷത്തിന് വഴിമരുന്നിടുകയാണ് ചിദംബരവും രഘുറാംരാജനും ചേര്‍ന്ന് ചെയ്തിരിക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റുമുണ്ടാകാന്‍ പോകുന്ന പൊട്ടിത്തെറി നോക്കൂ. വികസന സൂചികയെടുത്താല്‍ ഗുജറാത്തിനു മുകളിലാണ് ത്രിപുര. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം വികസനസൂചികയില്‍ ഇടത്തരം വികസിത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് വരിക. തന്മൂലം കേന്ദ്ര പദ്ധതി സഹായവും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലുമായി ഇന്നത്തെ പ്രത്യേക പദവി സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം 22.78 ശതമാനത്തില്‍ നിന്ന് 10.18 ശതമാനമായി താഴും. ഇതവര്‍ സമ്മതിക്കുമോ? എന്നാല്‍ അതേസമയം ബിമാരു സംസ്ഥാനങ്ങള്‍ക്കും ഒറീസയ്ക്കും കൂടി ഇപ്പോള്‍ ലഭിക്കുന്ന 33.83 ശതമാനം വിഹിതം 52.96 ശതമാനമായി ഉയരുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഇതു വെട്ടിക്കുറയ്ക്കാന്‍ അവര്‍ സമ്മതിക്കുമോ?

കേരള സര്‍ക്കാരിനും രണ്ടുദിവസം വേണ്ടി വന്നു പ്രതികരിക്കാന്‍. മുഖ്യമന്ത്രി ഒരു കത്തുമെഴുതി കാത്തിരുന്നാല്‍ പോര, ശക്തമായി പ്രതിഷേധിച്ചേ തീരൂ. എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന 0.3 ശതമാനം കഴിഞ്ഞാല്‍ പിന്നെ ബാക്കി വരുന്ന 82 ശതമാനം കേന്ദ്രസഹായത്തിന്റെ 0.08 ശതമാനമേ നമുക്ക് ആവശ്യമുളളൂ എന്നാണ് രഘുറാം രാജന്‍ പറയുന്ന്. അദ്ദേഹം പ്രശസ്തനായ സാമ്പത്തികവിഗദ്ധനായിരിക്കാം, പക്ഷേ, രാഷ്ട്രീയവിവേകം ലവലേശം ഇല്ല. 

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...