Tuesday, October 22, 2013

ട്രഷറി അടച്ചുപൂട്ടലില്‍ വീണ്ടുമെത്തുമോ?

ധനവിചാരം, Mathrubhumi 22, Oct 13


റവന്യൂ വരുമാനം ഏതാണ്ട് 20 ശതമാനംവെച്ച് ഉയരുക. ഈ വരുമാനത്തില്‍ നിത്യനിദാനച്ചെലവുകള്‍ ഒതുക്കുക. പരമാവധി വായ്പയെടുത്ത് റോഡ്, പാലം, തുറമുഖം, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുക. ഇതാണ് സര്‍ക്കാറിന്റെ ധനകാര്യ സുസ്ഥിരതയ്ക്കും നാടിന്റെ വികസനത്തിനും ഉതകുന്ന ധനകാര്യ നയം.

എന്നാല്‍, ഇന്ന് മേല്‍പ്പറഞ്ഞ പ്രമാണത്തിന് വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. 22 ശതമാനം വരുമാനം വളരുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് ആദ്യ ആറുമാസം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമേ ഉയര്‍ന്നുള്ളൂ. ചെലവാണെങ്കില്‍ 20 ശതമാനം ഉയര്‍ന്നു. കടം വാങ്ങിച്ചാണ് സര്‍ക്കാറിന്റെ ദൈനംദിന ചെലവുകള്‍ നടത്തിയത്. ഇത് പ്രതിസന്ധിയിലേക്കുള്ള പാതയാണ്.

സംസ്ഥാനസര്‍ക്കാര്‍ കടംവാങ്ങുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ അനുവാദം വേണം. കേന്ദ്രം ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത് 12,000 കോടി രൂപയുടെ വായ്പയാണ്. ഇതില്‍ 7000 കോടി രൂപയുടെ വായ്പ ഇതിനകം എടുത്തുകഴിഞ്ഞു. 17,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയുടെ 22 ശതമാനമേ ചെലവായിട്ടുള്ളൂ. പദ്ധതിച്ചെലവിന്റെ സിംഹഭാഗവും വായ്പവരുമാനത്തില്‍നിന്നാണ് കണ്ടെത്തേണ്ടത്. 1,30,000 കോടി രൂപയുടെ പദ്ധതിച്ചെലവിന് ഇനി വായ്പയായി വിഭവസമാഹരണം നടത്താന്‍ കഴിയുക കേവലം 5000 കോടി രൂപ മാത്രമാണ്.

2011 മാര്‍ച്ച് 31-ന് 3881 കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ടായ സ്ഥാനത്ത് ഇന്നിപ്പോള്‍ ദൈനംദിനച്ചെലവിന് റിസര്‍വ്ബാങ്കില്‍നിന്ന് കൈവായ്പയെടുക്കേണ്ട ഗതികേടിലായിട്ടുണ്ട്.

സര്‍ക്കാറിന്റെ എല്ലാ വരുമാനവും ട്രഷറിയിലാണ് എത്തുക. അവിടെനിന്നുവേണം നിയമസഭ അംഗീകരിച്ച ബജറ്റ് അനുസരിച്ച് ഓരോ ചെലവും നടത്താന്‍. കടമെടുത്തിട്ടും ട്രഷറിയില്‍ ചെലവിനുള്ള പണം ഇല്ലാതായാല്‍ എന്തുചെയ്യും? ഏതെങ്കിലും ഒരു ദിവസം പ്രതീക്ഷിച്ച വരുമാനം വന്നില്ല. അല്ലെങ്കില്‍ അപ്രതീക്ഷിതമായ ചെലവുണ്ടായി. ഇങ്ങനെ ട്രഷറിയിലുള്ള പണം ചെലവിന് തികയാതെവന്നാല്‍ റിസര്‍വ് ബാങ്കില്‍നിന്ന് കൈവായ്പ, അഥവ 'വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്' വാങ്ങാം. ഏതാനും ദിവസത്തിനുള്ളില്‍ ഇത് തിരിച്ചുനല്‍കുകയും വേണം. പരമാവധി 385 കോടി രൂപയാണിപ്പോള്‍ ഇങ്ങനെ വാങ്ങാന്‍ കഴിയുക. കഴിഞ്ഞ നാലുവര്‍ഷം നമ്മള്‍ക്ക് ഒരിക്കല്‍പോലും ഇങ്ങനെ കൈവായ്പയെടുക്കേണ്ടിവന്നിട്ടില്ല. എന്നാല്‍, കഴിഞ്ഞമാസം നമ്മള്‍ 160 കോടി രൂപ വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിലായി.

ആദ്യമാസങ്ങളില്‍ത്തന്നെ അനുവദനീയമായ വായ്പയുടെ 55 ശതമാനത്തിലേറെ കടമെടുത്തതുകൊണ്ടാണ് നമ്മള്‍ വെയ്‌സ് ആന്‍ഡ് മീന്‍സ് പരിധിക്കുള്ളില്‍ നില്‍ക്കാന്‍ കഴിഞ്ഞത്. 385 കോടി രൂപയേക്കാള്‍ കൂടുതല്‍ റിസര്‍വ് ബാങ്കില്‍നിന്ന് വായ്പയെടുക്കുമ്പോഴാണ് ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാകുന്നത്.

കഴിഞ്ഞ ആറുവര്‍ഷമായി കേരളം ഓവര്‍ഡ്രാഫ്റ്റിലായിട്ടില്ല. വരുംമാസങ്ങളില്‍ എടുക്കാവുന്ന വായ്പ ശുഷ്‌കിക്കുന്നതോടെ നമ്മള്‍ ഈ പതനത്തിലെത്തുമെന്നത് അനിവാര്യമാണ്.

ഓവര്‍ഡ്രാഫ്റ്റിലായാല്‍ 14 ദിവസംകൊണ്ട് പുറത്തുകടക്കണം. അല്ലെങ്കില്‍ ട്രഷറി പൂട്ടേണ്ടിവരും. ആ സ്ഥിതി ഒഴിവാക്കാന്‍ ഒറ്റ വഴിയേയുള്ളൂ. ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക. രണ്ടുകോടി രൂപയില്‍ വരുന്ന പദ്ധതിച്ചെലവുകള്‍ക്ക് ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന വന്നുകഴിഞ്ഞു. ട്രഷറി പൂട്ടുന്ന സ്ഥിതി ഒഴിവാക്കാനാകും എന്നത് ശരിതന്നെ. പക്ഷേ, കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകളും ക്ഷേമപെന്‍ഷനുകളും കുടിശ്ശികയാകും. ചെലവുകള്‍ക്ക് കര്‍ശനമായ കടിഞ്ഞാണ്‍ വീഴും.

ഈ പ്രതിസന്ധിമൂലം അടുത്തവര്‍ഷം ധനകാര്യ കമ്മീഷനില്‍നിന്ന് ലഭിക്കേണ്ടുന്ന ധനസഹായത്തില്‍ ഒരുഭാഗം നഷ്ടപ്പെടാന്‍ പോവുകയാണ്. അടുത്തവര്‍ഷംമുതല്‍ കേരളത്തിന്റെ റവന്യൂ കമ്മി ഇല്ലാതാക്കണമെന്നതാണ് ധനകാര്യ കമ്മീഷന്റെ നിബന്ധന. പക്ഷേ, ഈ വര്‍ഷം റവന്യൂ ചെലവിനായി വലിയ തോതില്‍ വായ്പയെടുക്കേണ്ടിവന്നല്ലോ. റവന്യൂ കമ്മി ഇല്ലാതാവുകയല്ല, മറിച്ച് കുത്തനെ ഉയരുകയാവും ഫലം.

ഇപ്പോഴത്തെ പ്രതിസന്ധി ചെലവുകള്‍ അപ്രതീക്ഷിതമായി ഉയര്‍ന്നതുകൊണ്ടല്ല. നടപ്പുവര്‍ഷത്തിലെ ബജറ്റ്കണക്ക് പ്രകാരം (ധനമന്ത്രിയുടെ പ്രസംഗത്തിലെ അധികച്ചെലവ് അടക്കം) റവന്യൂ ചെലവ് 20 ശതമാനം ഉയരേണ്ടതാണ്. ഈ വര്‍ധനയേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള പോസ്റ്റുകളില്‍ നിയമനം നടന്ന്, ശമ്പളം കൊടുക്കേണ്ടിവരുമ്പോള്‍ റവന്യൂ ചെലവ് കുത്തനെ ഉയരുമെന്നത് തീര്‍ച്ചയാണ്. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയാണെങ്കില്‍ റവന്യൂ ചെലവ് ബജറ്റ് പരിധിവിട്ട് ഉയര്‍ന്നാലത്തെ സ്ഥിതി ആലോചിച്ചുനോക്കിക്കേ? വീണ്ടുവിചാരമില്ലാതെ അനുവദിച്ച പുതിയ താലൂക്കുകള്‍, വില്ലേജുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവയും പരസ്യം തുടങ്ങിയവയിലെ അധികച്ചെലവുകളും പുനഃപരിശോധിക്കാന്‍ തയ്യാറായാല്‍ ചെലവ് ബജറ്റ് മതിപ്പുകണക്കില്‍ പിടിച്ചുനിര്‍ത്താം.

ബജറ്റില്‍ പ്രതീക്ഷിച്ചതോതിലേ ഇതുവരെ ചെലവുകള്‍ ഉയര്‍ന്നിട്ടുള്ളൂവെങ്കില്‍ പിന്നെ പ്രതിസന്ധിക്കുകാരണം വരുമാനത്തിലുണ്ടായിട്ടുള്ള ഇടിവാണെന്ന് വരുന്നു. പ്രതീക്ഷിച്ചത്രയും ഇല്ലെങ്കിലും 11 ശതമാനം വരുമാനം ഉയര്‍ന്നസ്ഥിതിക്ക് വരുമാനം ഇടിഞ്ഞെന്നുപറയാന്‍ പാടുണ്ടോ? യഥാര്‍ഥത്തില്‍ വരുമാനത്തില്‍ ഇടിവുതന്നെയാണ് ഉണ്ടായിട്ടുള്ളത്.

സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട റവന്യൂ വരുമാനം വാറ്റ് നികുതിയാണ്. 2013 സപ്തംബര്‍ വരെയുള്ള വാറ്റ് നികുതി വരുമാനം 6774 കോടി രൂപയാണ്. 2012-13ല്‍ ഇത് 6164 കോടി രൂപയായിരുന്നു. പക്ഷേ, അന്ന് വാറ്റ് നികുതി നിരക്കുകള്‍ ഒരുശതമാനം, നാലുശതമാനം, 13.5 ശതമാനം എന്നിങ്ങനെയായിരുന്നു. മൊത്തം നികുതിവരുമാനത്തിന്റെ അഞ്ചുശതമാനം ഒരു ശതമാനം നിരക്കില്‍നിന്നും, 25 ശതമാനം നാലുശതമാനം നിരക്കില്‍നിന്നും, 70 ശതമാനം 13.5 ശതമാനം നിരക്കില്‍നിന്നുമാണ് ലഭിക്കുന്നത്. 2013-14ല്‍ നാലുശതമാനം നിരക്ക് അഞ്ചായും 13.5 ശതമാനം നിരക്ക് 14.5 ശതമാനമായും ഉയര്‍ത്തി.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഒരിക്കല്‍പോലും വാറ്റ് നികുതി നിരക്കുകള്‍ ഉയര്‍ത്താതെയാണ് ശരാശരി 18 ശതമാനം വാര്‍ഷികവര്‍ധന കൈവരിച്ചത്. അതുകൊണ്ട് നികുതിപിരിവിലെ കാര്യക്ഷമത കണക്കാക്കാന്‍ വര്‍ധിപ്പിച്ച നിരക്കിലല്ല, പഴയ നിരക്കില്‍ത്തന്നെ നികുതി ഈടാക്കിയിരുന്നെങ്കില്‍ എന്തു തുക ലഭിക്കുമെന്ന് കണക്കാക്കണം. 2012-13ല്‍ ഒരു ശതമാനം നിരക്കില്‍ ലഭിച്ച നികുതി അതേനിരക്കിലും അഞ്ചുശതമാനം നിക്കില്‍ ലഭിച്ച നികുതി നാലുശതമാനം നിരക്കിലും 14.5 ശതമാനം നിരക്കില്‍ ലഭിച്ച നികുതി 13.5 ശതമാനം നിരക്കിലും ഞാന്‍ കണക്കാക്കിയപ്പോള്‍ ലഭിച്ച തുക 6108 കോടി രൂപയാണ്. ഇതാവട്ടെ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 56 കോടി രൂപ കുറവാണ്. യാഥാര്‍ഥ്യം പറഞ്ഞാല്‍ കേരളത്തിലെ വാറ്റ് നികുതി വരുമാനത്തില്‍ ഒരുശതമാനം ഇടിവുണ്ടായിരിക്കുന്നു.

ഈ സ്ഥിതിവിശേഷത്തിന് കാരണം സാമ്പത്തിക മാന്ദ്യമാണെന്ന വാദം ശരിയല്ല. ഉത്പാദനമേഖലകളില്‍ മാന്ദ്യമുണ്ടായാലും ഗള്‍ഫില്‍നിന്നുള്ള പണവരുമാനം ഗണ്യമായി ഉയരുകയുണ്ടായി. തന്മൂലം ഉപഭോഗത്തില്‍ വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ല. അപ്പോള്‍ നികുതിവരുമാനം കുറയാന്‍ കാരണം നികുതിപിരിവിലെ കെടുകാര്യസ്ഥതയാണെന്ന് വരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആസൂത്രിതമായ ഇടപെടലുകളിലൂടെ സൃഷ്ടിച്ചെടുത്ത നികുതിഭരണ സംവിധാനം ഇന്ന് തകര്‍ന്നിരിക്കയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ നികുതിവരുമാന വര്‍ധന മഴയ്ക്കുശേഷമുള്ള മരംപെയ്യലായിരുന്നുവെന്ന് ഇപ്പോള്‍ തെളിയുന്നു.

മൂന്നാംമുറകളില്ലാതെ ശാസ്ത്രീയമായ കണക്കുപരിശോധനയിലൂടെ നികുതിവെട്ടിപ്പ് തടയാം എന്നതാണ് വാറ്റ് നികുതി സമ്പ്രദായത്തിന്റെ മികവ്. കച്ചവടക്കാരന്‍ ഉപഭോക്താക്കളില്‍നിന്ന് പിരിക്കുന്ന നികുതി മുഴുവന്‍ സര്‍ക്കാറിലേക്ക് ഒടുക്കേണ്ട. അദ്ദേഹം ചരക്കുകള്‍ വാങ്ങിയപ്പോള്‍ കൊടുത്ത നികുതി കഴിച്ച് ശിഷ്ടം നികുതിയായി നല്‍കിയാല്‍ മതിയാകും. അതുകൊണ്ട് ഓരോ വ്യാപാരിയും വാങ്ങിയവയുടെയും വിറ്റവയുടെയും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണം. ഒരാളുടെ വില്പന മറ്റൊരാളുടെ വാങ്ങലാണ്. ഇരുവരുടെയും കണക്കുകള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ കണ്ടുപിടിച്ചാല്‍ നികുതിവെട്ടിപ്പ് തടയാം. ചിലര്‍ വാങ്ങിയത് കൂട്ടിക്കാണിക്കും. വില്പന കുറച്ചുകാണിക്കും. പക്ഷേ, ബാക്കിവരുന്നത് സ്റ്റോക്കില്‍ കാണണമല്ലോ.

സ്റ്റോക്കിന്റെ കണക്കുകളും നികുതിവെട്ടിപ്പ് തടയാന്‍ സഹായിക്കും. ഇതിനൊക്കെ കടകളില്‍ പോകേണ്ട. കേരളത്തില്‍ എല്ലാ കണക്കുകളും കമ്പ്യൂട്ടര്‍വഴി ലഭ്യമാണ്. ഓരോ വ്യാപാരിയുടെ കണക്കും തിരുവനന്തപുരത്തിരുന്ന് പരിശോധിക്കാം.
പക്ഷേ, ഇതിന് കഴിയണമെങ്കില്‍ എല്ലാ വ്യാപാരികളും കണക്കുകള്‍ അഥവാ വാര്‍ഷികറിട്ടേണുകള്‍ സമര്‍പ്പിക്കണം. എന്നാല്‍, 2010-'11 ലെ 1600 കച്ചവടക്കാരും 2011-'12 ലെ 3600 കച്ചവടക്കാരും ഇനിയും വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ബാക്കിയുണ്ട്. 2012-'13ലേത് 10,000-ത്തിലേറെ വരും.

ഈ റിട്ടേണുകള്‍ ഓരോന്നും പരിശോധിച്ച് പൊരുത്തക്കേടുകള്‍ കണ്ടുപിടിച്ച് അധികനികുതി ആവശ്യപ്പെടേണ്ടത് ഉദ്യോഗസ്ഥരാണ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഈ പരിശോധന എളുപ്പം നടത്താവുന്നതാണ്. എന്നിട്ടും 2010-'11 ലെ 11,000 കച്ചവടക്കാരുടെയും 2011-'12 ലെ 22,000 കച്ചവടക്കാരുടെയും റിട്ടേണ്‍ സ്‌ക്രൂട്ടിനി കുടിശ്ശികയാണ്. 2012-13ലെ റിട്ടേണുകളുടെ സ്‌ക്രൂട്ടിനി തുടങ്ങിയിട്ടേയുള്ളൂ.
സ്ട്രൂട്ടിനി നടത്തുമ്പോള്‍ ഗൗരവമായ പിശകുകള്‍ കണ്ടെത്തുന്ന കടകളില്‍ ഓഡിറ്റ് വിസിറ്റ് നടത്തണം. 2013 സപ്തംബര്‍വരെ 4000 ഓഡിറ്റ് വിസിറ്റിനാണ് ടാര്‍ജറ്റ് നിശ്ചയിച്ചിരുന്നത്. നടന്നതാകട്ടെ 1300 മാത്രം; ലക്ഷ്യത്തിന്റെ മൂന്നിലൊന്ന്.

സ്‌ക്രൂട്ടിനി, ഓഡിറ്റ് വിസിറ്റ്, കട പരിശോധന, വാഹനപരിശോധന, ചെക്‌പോസ്റ്റ് പരിശോധന തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ 2013 സപ്തംബര്‍വരെ 400 കോടി രൂപയുടെ അധികനികുതിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ 350 കോടിരൂപ ഉടന്‍ പിരിക്കാവുന്നതാണ്. എന്നാല്‍, ഈ വര്‍ഷം ഇതുവരെ പിരിച്ച അധികനികുതി കേവലം 35 കോടിരൂപ മാത്രം!

കേരളത്തെ സംബന്ധിച്ച് നികുതി പിരിക്കാന്‍ മറ്റൊരു സൗകര്യംകൂടിയുണ്ട്. നികുതിക്ക് വിധേയമായ 80-85 ശതമാനം ഉത്പന്നങ്ങളും ചെക്‌പോസ്റ്റുകള്‍ വഴി കടന്നുവേണം കേരളത്തിലേക്ക് വരാന്‍. ഓരോ വ്യാപാരിയും ഇപ്രകാരം കൊണ്ടുവരുന്ന ചരക്കുകള്‍ ശേഖരിച്ചാല്‍ വാര്‍ഷികറിട്ടേണുകളുടെ നിജസ്ഥിതി വിലയിരുത്തുക വളരെ എളുപ്പമാകും. എന്നാല്‍, ചെക്‌പോസ്റ്റുകളില്‍ അഴിമതിയും അരാജകത്വവും തിരിച്ചുവന്നിരിക്കുന്നു. ചെക്‌പോസ്റ്റുകളില്‍ ഈടാക്കുന്ന നികുതി ഇടിഞ്ഞു. ഇതിലേറെ ഇവിടെ നിന്നുള്ള കണക്കുശേഖരണം കൃത്യമായി നടക്കുന്നില്ല.

മദ്യപാനശീലം കുറഞ്ഞതുകൊണ്ടല്ല മദ്യത്തിന്റെ വില്പനനികുതിയില്‍ ഇടിവുണ്ടായിട്ടുള്ളത്. ബിവറേജസില്‍നിന്നുള്ള നികുതി താഴുമ്പോള്‍ ബാറുകളില്‍നിന്നുള്ള നികുതി ഉയരുകയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയും ഭാഗാധാരങ്ങളുടെ ഫീസും കുറച്ചപ്പോള്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതാണ് രജിസ്‌ട്രേഷന്‍-സ്റ്റാമ്പ് ഡ്യൂട്ടിയില്‍ വലിയ കുറവ് വരുമെന്ന്. ഇപ്പോള്‍ ഈ പ്രവചനം ശരിയായിരിക്കുന്നു. ഈ ഇനത്തിലെ പിരിവ് ലക്ഷ്യത്തിന്റെ പകുതിപോലുമില്ല.

പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരിക്കയാണ്. ധനക്കമ്മിയില്‍ ഭ്രാന്തുപിടിച്ചുനില്‍ക്കുന്ന കേന്ദ്ര ധനമന്ത്രി ചിദംബരം കനിയുമെന്ന് തോന്നുന്നില്ല.
കേന്ദ്രം കനിഞ്ഞില്ലെങ്കിലും അത്യാവശ്യം വായ്പയെടുക്കുന്നത് വര്‍ധിപ്പിക്കാന്‍ കേരളത്തിന്റെ കൈയില്‍ ഒരു ഉപായമുണ്ട്- ട്രഷറി സേവിങ്‌സ് ബാങ്ക്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു സംവിധാനം ഇല്ല. പഴയ തിരുവിതാംകൂര്‍ രാജ്യത്തുണ്ടായിരുന്ന ട്രഷറി സേവിങ്‌സ് ബാങ്ക് ഇന്ത്യാ യൂണിയനില്‍ ലയിച്ചപ്പോള്‍ നിര്‍ത്തലാക്കാന്‍ വിട്ടുപോയി. ട്രഷറി സേവിങ്‌സ് ബാങ്ക് നിര്‍ത്തലാക്കണമെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും നമ്മള്‍ അതിന് തയ്യാറായില്ല.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സമഗ്രമായ ട്രഷറി നവീകരണത്തിന് പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷനും ട്രഷറിയുമായി ബന്ധപ്പെടുത്തി എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും എ.ടി.എം. മെഷീനുകളും സ്ഥാപിക്കാന്‍ പരിപാടിയിട്ടു. ഇത് പൂര്‍ത്തീകരിച്ചശേഷം മുഴുവന്‍ ശമ്പളവും പെന്‍ഷനും സേവിങ്‌സ് ബാങ്ക് ട്രഷറി അക്കൗണ്ടുകള്‍വഴി നല്‍കാനായിരുന്നു പരിപാടി. പ്രതിവര്‍ഷം 1000 കോടി രൂപയെങ്കിലും കാഷ് ബാലന്‍സ്, ഇതുവഴി ശമ്പളം, പെന്‍ഷന്‍ എന്നീ ഇനങ്ങളിലായി ചെറിയ പലിശയും ട്രഷറിയില്‍ കിടക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഒരു ചര്‍ച്ചയുമില്ലാതെ ശമ്പളവും പെന്‍ഷനും വാണിജ്യബാങ്കുകള്‍വഴി നല്‍കാന്‍ ഉത്തരവിറക്കുകയാണ് ചെയ്തത്. എന്തിന് അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ മിച്ചപണം ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന നിബന്ധനപോലും വേണ്ടെന്നുവെച്ചു. ഫലമോ? 2010-11ല്‍ 2524 കോടിരൂപ ട്രഷറി പബ്ലിക് അക്കൗണ്ടിലൂടെ ബജറ്റിലേക്ക് വന്ന സ്ഥാനത്ത് 2013-'14ല്‍ കേവലം 470 കോടിരൂപയേ ഈ ഇനത്തില്‍ പ്രതീക്ഷിക്കുന്നുള്ളൂ.

പെട്ടെന്ന് ഇനി ട്രഷറി സേവിങ്‌സ് ബാങ്കിലൂടെ പരോക്ഷവായ്പകള്‍ തരപ്പെടുത്തുക പ്രയാസമാണ്. അതുകൊണ്ട് വരുംമാസങ്ങളില്‍ സര്‍ക്കാറിന്റെ ധനപ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുക അനിവാര്യമാണ്. ട്രഷറി പൂട്ടാതിരിക്കാന്‍ ഒട്ടേറെ സാഹസപ്പെടേണ്ടിവരും .

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...