About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Thursday, April 18, 2013

സ്വര്‍ണവും സുരക്ഷിതമല്ല

ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കേരളീയര്‍ ഇന്ന് കരുതുന്നത് രണ്ടുകാര്യങ്ങളാണ്. ഒന്ന്, ഭൂമി. രണ്ട്, സ്വര്‍ണം. ഇവയ്ക്കു രണ്ടിനും വില കൂടുകയല്ലാതെ കുറയുകയില്ല എന്നാണ് നമ്മുടെ ധാരണ. റിയല്‍ എസ്റ്റേറ്റിന്റെ 2008ലെ ഇടിവാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴി തുറന്നത്. അതുകൊണ്ട് റിയല്‍ എസ്റ്റേറ്റിന്റെ വില ഇടിയില്ല എന്നാരും പറയില്ല. എന്നാല്‍ റിയല്‍ എസ്റ്റേറ്റു തകര്‍ന്നിട്ടും ബാങ്കുകള്‍ പൊളിഞ്ഞിട്ടും ഓഹരിവിലയിടിഞ്ഞിട്ടും സ്വര്‍ണത്തിനൊരു കുലുക്കവുമുണ്ടായില്ല. സ്വര്‍ണവില കൂടിക്കൊണ്ടേയിരുന്നു. സ്വതവേ ഇന്ത്യാക്കാര്‍ക്കു സ്വര്‍ണത്തോടു പ്രിയമാണ്. സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി ഉയര്‍ന്നപ്പോള്‍ ഇനി സ്വര്‍ണത്തിന്റെ വില ഇടിയില്ല എന്നത് ഏതാണ്ട് ഒരു വിശ്വാസം പോലെയായിത്തീര്‍ന്നു.

കേരളത്തില്‍ ഇന്ന് ചിലവാകുന്ന സ്വര്‍ണത്തെ ആഭരണഭ്രമം കൊണ്ടോ കല്യാണാവശ്യങ്ങള്‍ കൊണ്ടോ വിശദീകരിക്കാനാവില്ല. നല്ലൊരു നിക്ഷേപമായിട്ടാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. സാധാരണക്കാര്‍ മാത്രമല്ല, മണപ്പുറം, മുത്തൂറ്റ് തുടങ്ങി വലിയ ധനകാര്യസ്ഥാപനങ്ങളും ഏതാണ്ട് ഇതേ വിശ്വാസക്കാരായിരുന്നു. അല്ലെങ്കില്‍ എങ്ങനെയാണ് സ്വര്‍ണവിലയുടെ 80-85 ശതമാനം വരെ അഞ്ചു മിനിട്ടുകൊണ്ട് വായ്പയായി കൊടുക്കുന്നതിനെക്കുറിച്ച് പരസ്യങ്ങള്‍ നല്‍കാന്‍ കഴിയുക. പണയം വെയ്ക്കുന്ന സ്വര്‍ണമാണല്ലോ ഈട്.

സ്വര്‍ണത്തിന്റെ വിലയുടെ 85 ശതമാനം വായ്പ നല്‍കിയാല്‍ വിലയെങ്ങാനും കുത്തനെ ഇടിഞ്ഞാല്‍ പണയക്കമ്പനികള്‍ക്കു വലിയ നഷ്ടമുണ്ടാകും എന്നു വ്യക്തമാണ്. എന്നാല്‍ അവര്‍ക്ക് അങ്ങനെയൊരു അപകടചിന്തയേ ഉണ്ടായിരുന്നില്ല. സ്വര്‍ണത്തിന്റെ വില കൂടിക്കൊണ്ടേയിരിക്കും എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പണയം ഇടപാടുകള്‍ നടത്തിക്കൊണ്ടിരുന്നത്.

അങ്ങനെ സാധാരണക്കാര്‍ മാത്രമല്ല, വമ്പന്‍ ഹുണ്ടികക്കാരും ഏറ്റവും സുരക്ഷിതമെന്നു കരുതിയുന്ന സ്വര്‍ണത്തിന്റെ വിലയാണ് ഇപ്പോള്‍ കുത്തനെ ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കൂടി പന്ത്രണ്ടു ശതമാനമാണ് ആഗോള മാര്‍ക്കറ്റില്‍ ഇടിഞ്ഞത്. 1983നു ശേഷം ഏറ്റവും രൂക്ഷമായ വിലയിടിവാണ് സ്വര്‍ണത്തിനുണ്ടായത്. ഈ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടില്‍ സ്വര്‍ണത്തിന്റെ വില നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ 2011ല്‍ പറയത്തക്ക വര്‍ദ്ധനയൊന്നുമുണ്ടായില്ല.

2011 സെപ്തംബറിലാണ് ഏറ്റവും ഉയര്‍ന്നവില സ്വര്‍ണം കൈവരിച്ചത്. പിന്നെ പതുക്കെ താഴേക്കു പോരാന്‍ തുടങ്ങി. കഴിഞ്ഞയാഴ്ച കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ 2011 സെപ്തംബറിനെ അപേക്ഷിച്ച് 25 ശതമാനം താഴ്ന്ന വിലയാണ് സ്വര്‍ണത്തിനുളളത്. 2012 നവംബറിലാണ് സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 24240 രൂപയായിരുന്നു. ഈ ലേഖനമെഴുതുമ്പോള്‍ പവന് വില 19800 രൂപ.

എന്തുകൊണ്ട്, സ്വര്‍ണത്തിന്റെ വിലയില്‍ ഈ ചാഞ്ചാട്ടം ഉണ്ടാകുന്നു? എല്ലാ ചരക്കുകളെയും പോലെ ഡിമാന്റും സപ്ലൈയുമാണ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ത്തുന്നത്. ഇതില്‍ സപ്ലൈയെക്കുറിച്ച് ഒരു അനിശ്ചിതാവസ്ഥയുമില്ല. ലോകത്ത് സ്വര്‍ണഖനികളില്‍ എത്ര സ്വര്‍ണമുണ്ടെന്നും വര്‍ഷം തോറും എത്ര ടണ്‍ സ്വര്‍ണം പുതുതായി ഉല്‍പാദിപ്പിക്കുമെന്നും എല്ലാവര്‍ക്കുമറിയാം. സപ്ലൈയിലുണ്ടാകുന്ന ഏതെങ്കിലും ചാഞ്ചാട്ടം കൊണ്ടല്ല സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത് എന്നു വ്യക്തം.

മൂന്നുതരം ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സ്വര്‍ണത്തിന്റെ ഡിമാന്റ്. ഒന്നാമത്തേത് സ്വര്‍ണപ്പല്ലുകള്‍ വെയ്ക്കാനും അമ്പലങ്ങള്‍ക്കും മറ്റും സ്വര്‍ണം പൂശാനും ആഭരണങ്ങള്‍ക്കു വേണ്ടിയും മറ്റും ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നു. ഇതിനെ വേണമെങ്കില്‍ സ്വര്‍ണത്തിന്റെ ഉപഭോക്തൃ ഡിമാന്റ് എന്നു പറയാം. രണ്ടാമത്തേത്, നാണയത്തിന്റെ മൂല്യസുസ്ഥിരത ലക്ഷ്യമിട്ട് കരുതല്‍ ശേഖരമായി വെയ്ക്കുന്നതിനു വേണ്ടി സര്‍ക്കാരുകള്‍ സൂക്ഷിക്കുന്ന സ്വര്‍ണമാണ്.

പണ്ട് സ്വര്‍ണം തന്നെയായിരുന്നു നാണയം. പിന്നീട് പേപ്പര്‍നോട്ടു വന്നപ്പോഴും കൈയിലുളള സ്വര്‍ണത്തിന്റെ നിശ്ചിതശതമാനമേ നോട്ടുകള്‍ അച്ചടിക്കാറുണ്ടായിരുന്നുളളൂ. സ്വര്‍ണമാന വ്യവസ്ഥ എന്നാണ് ഇതിനെ പറയുന്നത്. ഇന്നിപ്പോള്‍ സ്വര്‍ണമാന വ്യവസ്ഥ നിലവിലില്ല. നോട്ടുകൊടുത്താല്‍ ഒരു സര്‍ക്കാരും സ്വര്‍ണം തരില്ല. എങ്കിലും എല്ലാ സര്‍ക്കാരുകളും സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരത്തെ സൂക്ഷിച്ചുവെയ്ക്കുന്നു.

മൂന്നാമത്തെ ഇനം നിക്ഷേപഡിമാന്റാണ്. സ്വര്‍ണം ഏറ്റവും ഈടുളള ആസ്തിയായിട്ടാണ് എല്ലാവരും കരുതുന്നത്. പക്ഷേ, മറ്റ് ആസ്തികളില്‍ നിന്ന് വ്യത്യസ്തമായി സ്വര്‍ണത്തില്‍നിന്ന് പ്രത്യേകിച്ചൊരു വരുമാനവും നിക്ഷേപകനു ലഭിക്കില്ല. നിങ്ങള്‍ ഓഹരി വാങ്ങുകയാണെങ്കില്‍ ഡിവിഡന്റു ലഭിക്കും. പക്ഷേ, അതിനുപകരം സ്വര്‍ണം വാങ്ങി അലമാരിയില്‍ വെച്ചാല്‍ പലിശയോ ലാഭമോ ഒന്നും കിട്ടുകയില്ല. പിന്നെ രണ്ടു ലക്ഷ്യം വെച്ചാണ് സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കുന്നത്. ഒന്ന്, സുരക്ഷിതത്വം. പണത്തിന്റെയും ഷെയറിന്റെയും മൂല്യമിടിയുമ്പോഴും സ്വര്‍ണത്തിന്റെ മൂല്യം ഇടിയില്ല എന്നാണ് വിശ്വാസം.

വിലക്കയറ്റത്തിന്റെ നാളുകളില്‍ പണം സൂക്ഷിക്കാതെ സ്വര്‍ണം വാങ്ങിവെയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. രണ്ട്, സ്വര്‍ണത്തിന്റെ വില കൂടുമ്പോള്‍ മറിച്ചുവിറ്റ് ലാഭം നേടാം. സ്വര്‍ണം ഊഹക്കച്ചവടത്തിനുളള ഒന്നാന്തരം ഉപാധിയാണ്.

ഈ മൂന്നിനങ്ങളില്‍ ഉപഭോക്തൃ/വ്യവസായ ഡിമാന്റില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാറില്ല. ആഭരണങ്ങള്‍ക്കും മറ്റുമുളള ആവശ്യം സാംസ്‌ക്കാരിക ഘടകങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നതാണ്. വ്യവസായത്തിനാവട്ടെ, വളരെ തുച്ഛമായ സ്വര്‍ണമേ ഉപയോഗിക്കുന്നുളളൂ. സര്‍ക്കാരുകള്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കുന്ന സ്വര്‍ണത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാറില്ല. അത്യപൂര്‍വമായേ സര്‍ക്കാരുകള്‍ കരുതല്‍ ശേഖരത്തിലേയ്ക്ക് സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യാറുളളൂ.

1991ല്‍ വിദേശ നാണയമില്ലാതെ നമ്മള്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണമെടുത്ത് വില്‍ക്കുകയോ/പണയപ്പെടുത്തുകയോ ഉണ്ടായി. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യമായ സൈപ്രസ് ഇത്തരത്തില്‍ ഏതാണ്ട് അമ്പതുകോടി പൗണ്ട് സ്വര്‍ണം (10 ടണ്‍) വില്‍ക്കാന്‍ പോകുന്നു എന്ന് ശ്രുതിയുണ്ട്. ഇത്രയും സ്വര്‍ണം കമ്പോളത്തില്‍ ഒരുമിച്ചിറങ്ങിയാല്‍ ആവശ്യത്തിലേറെ സ്വര്‍ണമുണ്ടാകും, വിലയിടിയും. അതുകൊണ്ടാണ് ഇപ്പോഴത്തെ വിലയിടിവ് എന്നു സിദ്ധാന്തിക്കുന്നവരുണ്ട്. പക്ഷേ, ഇതിന് വലിയ അടിസ്ഥാനമില്ല. 10 ടണ്‍ സ്വര്‍ണം മൊത്തം സ്വര്‍ണക്കമ്പോളമെടുക്കുമ്പോള്‍ അത്ര വലുതല്ല. പിന്നെ, തങ്ങളങ്ങനെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൈപ്രസ് ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.

അങ്ങനെ നോക്കുമ്പോള്‍ നാം അവസാനം ചെന്നെത്തുന്നത് സ്വര്‍ണവിലയുടെ കയറ്റിറക്കത്തെ നിര്‍ണയിക്കുന്നത് സ്വര്‍ണത്തെ ഒരു നിക്ഷേപ ഉപാധിയായി കാണുന്നവരാണെന്നു വ്യക്തം. ഇതിന്റെ ഒരു ലഘുചരിത്രമാണ് ഇനിയുളള ഖണ്ഡികകളില്‍ വിശദീകരിക്കുന്നത്.

ആഗോളമാന്ദ്യത്തോടെയാണ് സ്വര്‍ണത്തിന്റെ ശുക്രദശ ആരംഭിച്ചത്. ബാങ്കുകള്‍ തകര്‍ന്നു, ഓഹരിവില ഇടിഞ്ഞു, ഡോളറിന്റെ മൂല്യം ശോഷിച്ചു. എങ്ങും അനിശ്ചിതാവസ്ഥ. സ്വര്‍ണമാണ് ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന് എല്ലാവരും കരുതിത്തുടങ്ങി. നേരത്തെ ഓഹരിയായോ പണമായോ സമ്പാദ്യം സൂക്ഷിച്ചിരുന്നവര്‍ അവയെല്ലാം വെടിഞ്ഞ് സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. സ്വര്‍ണത്തിന്റെ വിലയും ഉയരാന്‍ തുടങ്ങി.

മാന്ദ്യത്തെ നേരിടാന്‍ പാശ്ചാത്യസര്‍ക്കാരുകള്‍ വലിയതോതില്‍ പണം അച്ചടിച്ചിറക്കാന്‍ തുടങ്ങി. ബാങ്കുകള്‍ക്കു സര്‍ക്കാരുകള്‍ വാരിക്കോരി വായ്പ കൊടുത്തു. സര്‍ക്കാര്‍തന്നെ നിര്‍മ്മാണ പ്രവൃത്തികളും വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു. ഉത്തേജക പാക്കേജുകളുടെ രൂപത്തിലാണ് ഈ നടപടികള്‍ സ്വീകരിച്ചത്. തല്‍ഫലമായി ആഗോളമായിത്തന്നെ സര്‍ക്കാരുകളുടെ കമ്മി കൂടി. ഇതോടെ നിയോലിബറല്‍ ചിന്താഗതിക്കാര്‍ കമ്മി കൂടിയതിനാല്‍ വിലക്കയറ്റം അനിവാര്യമാണെന്നു പ്രചരിപ്പിച്ചു തുടങ്ങി.

മാന്ദ്യത്തെ നേരിടാന്‍ സര്‍ക്കാര്‍ ചെലവുകള്‍ കൂട്ടാന്‍ ശ്രമിക്കുന്നതിനെതിരെ നിയോലിബറല്‍ ചിന്താഗതിക്കാര്‍ യൂറോപ്പിലും അമേരിക്കയിലുമെല്ലാം ശക്തമായ ആക്രമണം തന്നെ അഴിച്ചുവിട്ടു. വിലക്കയറ്റം പൊട്ടിപ്പുറപ്പെടാന്‍ പോകുന്നു എന്നായിരുന്നു അവരുടെ പ്രവചനം. വിലക്കയറ്റത്തിന്റെ നാളുകള്‍ വന്നു എന്ന ധാരണ പരന്നതോടെ സ്വര്‍ണത്തിനുളള പ്രിയം പിന്നെയും കൂടി. വിലക്കയറ്റമുണ്ടാകുമ്പോള്‍ പണത്തിന്റെ മൂല്യം കുറയുമല്ലോ. അപ്പോള്‍ പണത്തെക്കാള്‍ കൂടുതല്‍ ഭദ്രതയുളളതായിരിക്കും സ്വര്‍ണമെന്ന് പലരും കരുതി. കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങാനും തുടങ്ങി. അങ്ങനെ സ്വര്‍ണത്തിന്റെ വില വീണ്ടുമുയര്‍ന്നു.

സ്വര്‍ണവില തുടര്‍ച്ചയായി ഉയരാന്‍ തുടങ്ങിയതോടെ ഊഹക്കച്ചവടക്കാരും രംഗപ്രവേശം ചെയ്തു. ഇപ്പോള്‍ സ്വര്‍ണം വാങ്ങി വില ഉയരുമ്പോള്‍ മറിച്ചുവിറ്റാല്‍ ലാഭം കിട്ടുമല്ലോ. ഇങ്ങനെ ഊഹക്കച്ചവട ലാഭത്തിനു സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെ സ്വര്‍ണവില കുതിച്ചുയരാന്‍ തുടങ്ങി. സ്വര്‍ണവും അതുപോലുളള ലോഹങ്ങളും ഊഹക്കച്ചവടത്തിലേര്‍പ്പെടുന്ന മ്യൂച്ച്വല്‍ ഫണ്ടുപോലുളളവയില്‍ സ്വര്‍ണമടക്കമുളള ലോഹങ്ങളും മറ്റ് പ്രാഥമിക ചരക്കുകളും വാങ്ങുന്നു, മറിച്ചു വില്‍ക്കുന്നു. മ്യൂച്വല്‍ ഫണ്ടുപോലെ ഈ കമ്പനികളുടെ ഓഹരികള്‍ വലിയ തോതില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി വ്യാപാരം നടക്കുന്നു. അതുകൊണ്ട് ഇവയെ വിളിക്കുന്നത് എക്‌സ്‌ചേഞ്ച് ട്രേഡിംഗ് ഫണ്ടുകള്‍ എന്നാണ്.

ഊഹക്കച്ചവടമെന്നു പറയുന്നത്, വില കുറച്ചുവാങ്ങി വില കൂടുമ്പോള്‍ വില്‍ക്കുന്നതിനെയല്ല. യഥാര്‍ത്ഥത്തില്‍ വ്യാപാരമൊക്കെ കടലാസില്‍ മാത്രമാണ്. അടുത്ത ഒരു വര്‍ഷം കഴിഞ്ഞ് നിശ്ചിത വിലയ്ക്ക് ഏതാനും ടണ്‍ സ്വര്‍ണം വാങ്ങാന്‍ ഒരു എടിഎഫ് കരാറുണ്ടാക്കുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഈ സ്വര്‍ണം മറിച്ചു വില്‍ക്കുന്നു. തങ്ങള്‍ കരാറിലെത്തിയ വിലയേക്കാള്‍ കൂടുതല്‍ ഉയര്‍ന്നവിലയ്ക്ക് സ്വര്‍ണം വില്‍ക്കാന്‍ പറ്റും എന്ന ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബെറ്റു വെയ്പ്പാണ് നടക്കുന്നത്. അതുകൊണ്ടാണ് അങ്ങനെ സ്വര്‍ണ വ്യാപാരത്തില്‍ സിംഹഭാഗവും ഇന്ന് കേവലം കടലാസില്‍ നടക്കുന്ന കച്ചവടമാകുന്നത്. ഈ ഊഹക്കച്ചവടമാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചതുപോലെ 2011 ആയപ്പോഴേയ്ക്കും സ്വര്‍ണത്തിന്റെ വിലക്കയറ്റം വളരെ മന്ദഗതിയിലായി. 2011ഓടെ പതുക്കെപ്പതുക്കെ കുറയാനും തുടങ്ങി. ഇതിനു കാരണമായി പറയുന്നത് രണ്ടുകാര്യങ്ങളാണ്. വിലക്കയറ്റം ഉണ്ടാകും, അപ്പോള്‍ നാണയങ്ങളുടെ മൂല്യമിടിയും എന്ന അനുമാനത്തിലാണല്ലോ സ്വര്‍ണത്തിലേയ്ക്കു മാറാന്‍ നിക്ഷേപകര്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ പോലുളള രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി പാശ്ചാത്യരാജ്യങ്ങളിലെ നിക്ഷേപം അതീവ ദുര്‍ബലമായി തുടര്‍ന്നു. ആ രാജ്യങ്ങളിലെല്ലാം തൊഴിലില്ലായ്മ റെക്കോഡ് നിലവാരത്തിലാണ്.

ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് ഇടിഞ്ഞതുകൊണ്ട് ചരക്കുകള്‍ വാങ്ങാതെ കെട്ടിക്കിടക്കുന്നു, തത്ഫലമായി ഫാക്ടറികളിലും മറ്റും ഉല്‍പാദനം കെട്ടിക്കിടക്കുന്നു. അങ്ങനെ മാന്ദ്യം തുടരുകയാണ്. മാന്ദ്യകാലത്ത് സാധാരണഗതിയില്‍ വിലക്കയറ്റം ഉണ്ടാകാറില്ല. വിലക്കയറ്റത്തെക്കുറിച്ചുളള പേടി കുറഞ്ഞതോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുളള ആര്‍ത്തിയും കുറഞ്ഞു.

ആഗോളമാന്ദ്യം 2008ല്‍ തുടങ്ങിയതാണല്ലോ. ഇപ്പോ അഞ്ചുവര്‍ഷം കഴിഞ്ഞു. ഒരു മാന്ദ്യകാലവും ഇതുപോലെ നീളാറില്ല. അതുകൊണ്ട് അധികം താമസിയാതെ വീണ്ടെടുക്കല്‍ ആരംഭിക്കും എന്നുളള തോന്നലും പരന്നിട്ടുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നുവെങ്കിലും അമേരിക്കയില്‍ സ്ഥിതി കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട്. ആഗോള ഓഹരിസൂചികകള്‍ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. അപ്പോള്‍ സ്വര്‍ണത്തില്‍ നിന്നു മാറി ഓഹരിക്കമ്പോളത്തിലും മറ്റും കളിക്കാനുളള അഭിനിവേശം വര്‍ദ്ധിച്ചു തുടങ്ങി.

മേല്‍പറഞ്ഞതൊക്കെ ശരി തന്നെ. പക്ഷേ, സ്വര്‍ണവിലയെ എന്തിന് ഏതാനും ദിവസം കൊണ്ട് തകര്‍ന്നടിയണം? എന്തെങ്കിലും ആ ആഴ്ചകളില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് യഥാര്‍ത്ഥത്തില്‍ സ്വര്‍ണത്തെ ശക്തിപ്പെടുത്തേണ്ട സംഭവവികാസങ്ങളാണ്. ചൈനയിലെയും ഇന്ത്യയിലെയും ഉല്‍പാദനമുരടിപ്പ് ശക്തമായി എന്ന കണക്ക് പുറത്തുവന്നത് ഈയാഴ്ചയാണ്.

യൂറോപ്പിലെ സാമ്പത്തികസ്ഥിതി സൈപ്രസ് പ്രതിസന്ധിയിലൂടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അമേരിക്കയിലെ വ്യവസായ ഉല്‍പാദനത്തിന്റെ കണക്കു വന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ വളര്‍ച്ച പ്രതീക്ഷിച്ചതിനെക്കാള്‍ താഴുകയാണെന്നു കണ്ടു. മാന്ദ്യത്തില്‍ നിന്നു കരകയറാന്‍ ജപ്പാനും കൊറിയയും വമ്പന്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയില്‍ ഒബാമ റിപ്പബ്ലിക്കന്മാരുമായി ഒത്തുതീര്‍പ്പുണ്ടാക്കി ധനകര്‍ത്തൃത്വത്തിലേയ്ക്ക് പതിക്കുന്നത് ഒഴിവാക്കി. മുന്‍കാലത്തെ അപേക്ഷിച്ച് കൂടുതല്‍ ഉദാരമായ നയമാണ് പണലഭ്യതയെക്കുറിച്ച് അമേരിക്കയും പിന്തുടരുന്നത്. ഇതൊക്കെ വെച്ചു നോക്കുമ്പോള്‍ സ്വര്‍ണം കൂടുതല്‍ സുരക്ഷിതമാണെന്നു കണ്ട്, അതിലേയ്ക്കു നീങ്ങുകയല്ലേ വേണ്ടത്?

സ്വര്‍ണവില ഇടിയുന്നതിന് ന്യായമായ പല കാരണങ്ങളും പറയാമെങ്കിലും പൊടുന്നനെ ഭീതിജകമായി ഇടിഞ്ഞു എന്നതിന് വിശദീകരണം നല്‍കാന്‍ വിദ്വാന്‍മാര്‍ക്കു കഴിയുന്നില്ല. ഊഹക്കച്ചവടക്കാര്‍ സ്വര്‍ണവില മനപ്പൂര്‍വം ഇടിച്ചതാണ് എന്ന വിശദീകരണം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

അമേരിക്കന്‍ അസിസ്റ്റന്റ് ട്രഷറി സെക്രട്ടറിയായിരുന്ന പോള്‍ ക്രെയിഗ് റോബര്‍ട്ട്‌സ് ഇത് അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് (റിസര്‍വ് ബാങ്ക്) നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നും വെളളിയില്‍ നിന്നും ഭയപ്പെടുത്തി അകറ്റുന്നതിനും ഡോളറിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി ഉണ്ടാക്കിയതാണ് എന്ന് ആരോപിച്ചിട്ടുണ്ട്. ഈ ആരോപണത്തിന്റെ നിജസ്ഥിതി എന്തുതന്നെയായിരുന്നാലും വിലത്തകര്‍ച്ചയ്ക്കു തൊട്ടുമുമ്പത്തെ ദിവസം (വെളളിയാഴ്ച) ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ 400-500 ടണ്‍ സ്വര്‍ണം ഷോര്‍ട്ട് സെയിലിന് വെയ്ക്കപ്പെട്ടു എന്നത് ഏവരും അംഗീകരിക്കുന്ന കാര്യമാണ്. ഷോര്‍ട്ട് സെയില്‍ എന്നു വെച്ചാല്‍ നമ്മള്‍ നേരത്തെ കണ്ട കടലാസിലുളള വില്‍പന തന്നെ. ഏതാനും എക്‌സ്‌ചേഞ്ച് ട്രേഡിംഗ് ഫണ്ടുകള്‍ ഏതാനും മാസത്തെ ഇടവേളയ്ക്കുളളില്‍ ഈ ഭീമന്‍ അളവിലുളള സ്വര്‍ണം വില്‍ക്കുന്നതിനിറങ്ങി. ഈ സംഭവവികാസമാണ്, അല്ലാതെ സൈപ്രസിന്റെ 10 ടണ്‍ വില്‍ക്കുമെന്നുളള ഭീതിയല്ല സ്വര്‍ണവില ഇടിച്ചത്. ഇത്രയും ഭീമമായ ഷോര്‍ട്ട് സെയില്‍ വന്നതോടെ എല്ലാവരും സ്വര്‍ണത്തെ കൈവിട്ട് ഡോളറിലേയ്ക്ക് നീങ്ങാന്‍ വെപ്രാളം പിടിച്ചു തുടങ്ങി. ഇങ്ങനെയാണ് സ്വര്‍ണക്കമ്പോളം തകര്‍ന്നത്.
എന്തിനാണ് ഇത്തരത്തില്‍ ഊഹക്കച്ചവടക്കാര്‍ വിലയിടിക്കുന്നത്? നമുക്കും ഊഹിക്കുകയേ നിര്‍വാഹമുളളൂ. ഡോളറിനെ ശക്തിപ്പെടുത്താനുളള കുത്സിതമായ ശ്രമമാണ് എന്ന ആരോപണം ഉന്നയിച്ചയാള്‍ ചില്ലറക്കാരനല്ലല്ലോ. വിലയിടിക്കുന്ന ഊഹക്കച്ചവടക്കാരനും നഷ്ടമുണ്ടാകണമല്ലോ. സ്വര്‍ണം കൈയില്‍ വെച്ചുകൊണ്ടല്ലല്ലോ അയാള്‍ ഷോര്‍ട്ട് വില്‍പനയ്ക്കിറങ്ങിയത്. ഒരു മാസം കഴിഞ്ഞ് സ്വര്‍ണം നല്‍കാമെന്നാണ് കരാറിന്റെ ചുരുക്കം. അതിനിടയ്ക്ക് കമ്പോളത്തിലെ പരിഭ്രാന്തിമൂലം ഈ കരാര്‍ വിലയെക്കാള്‍ കമ്പോളവില ഇടിയുകയാണെങ്കില്‍ കരാര്‍ പ്രകാരമുളള സ്വര്‍ണം വാങ്ങി മറിച്ചു വില്‍ക്കുന്നതിന് ഒരു പ്രയാസവുണ്ടാവില്ല. കൂറ്റനൊരു ലാഭം പോക്കറ്റിലുമാക്കാം.
സ്വര്‍ണം മാത്രമല്ല, മറ്റേതൊരു ചരക്കിന്റെയും വില അതിന്റെ യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ ക്രമാതീതമായി ഉയരുന്ന പ്രതിഭാസത്തെയാണ് കുമിള അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ബബിള്‍ എന്നു വിളിക്കുന്നത്. കുമിള രൂപം കൊളളുന്ന വേളയില്‍ ലാഭത്തില്‍ മതിമറന്ന് എല്ലാവരും വരാന്‍പോകുന്ന അപകടം വിസ്മരിക്കും. കുമിളയ്ക്ക് അനന്തമായി വളരാനാവില്ല. എപ്പോഴെങ്കിലും അതു പൊട്ടി സാധാരണ നിലയിലേയ്ക്കു കാര്യങ്ങള്‍ വന്നേ തീരൂ. എത്ര ഉയരത്തില്‍ പൊന്തിയോ അത്രയ്ക്കു ഭീതിജനകമായിരിക്കും താഴേയ്ക്കുളള വീഴ്ചയും. 2008ല്‍ റിയല്‍ എസ്റ്റേറ്റ് ബബിള്‍ പൊട്ടിയപ്പോഴാണ് ആഗോളമാന്ദ്യമുണ്ടായത്.

സ്വര്‍ണത്തിന്റെ വിലത്തകര്‍ച്ച 2008ലേതുപോലൊരു ദുരന്തം സൃഷ്ടിക്കണമെന്നില്ല. പക്ഷേ, സ്വര്‍ണക്കമ്പോളത്തിലെ തകര്‍ച്ച, വെളളി, പ്ലാറ്റിനം, കോപ്പര്‍, തുടങ്ങി എല്ലാ ലോഹങ്ങളെയും ബാധിച്ചിട്ടുണ്ട്. പ്രാഥമിക ഉല്‍പന്ന കമ്പോളത്തില്‍ എല്ലാം ഇതിന്റെ അലകള്‍ ഉണ്ടായിട്ടുണ്ട്. സ്വര്‍ണപ്പണയം കൊടുക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാകാമെന്ന് അവയുടെ ഓഹരിവിലകളിലെ ഇടിവ് സൂചിപ്പിക്കുന്നു. മണപ്പുറം, മുത്തൂറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരിവിലകളില്‍ തകര്‍ച്ചയുണ്ടായിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരെ ഈ തകര്‍ച്ച നേരിട്ട് ബാധിക്കാന്‍ പോകുന്നില്ല. ഇവിടെ സ്വര്‍ണം വാങ്ങുന്നവര്‍ ആഭരണങ്ങള്‍ക്കോ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കോ ആണ് സ്വര്‍ണത്തില്‍ മുടക്കുന്നത്. സ്വര്‍ണം ഉടനെ മറിച്ചുവില്‍ക്കാനല്ല വാങ്ങിയിരിക്കുന്നതെങ്കില്‍, താല്‍ക്കാലികമായി ഉണ്ടാകുന്ന വിലത്തകര്‍ച്ച അവരെ ഭയപ്പെടുത്തേണ്ടതില്ലല്ലോ. വൈപരീത്യമെന്നു പറയട്ടെ, സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത് കൂടുതല്‍ സ്വര്‍ണം വാങ്ങാനുളള ആര്‍ത്തിയെയാണ് സൃഷ്ടിച്ചിട്ടുളളത്. അതുകൊണ്ട് സ്വര്‍ണത്തിന്റെ വിലയിടിവ് നാടകീയമായ മാറ്റങ്ങളൊന്നും നമ്മുടെ സംസ്ഥാനത്തോ രാജ്യത്തോ ഉണ്ടാക്കാന്‍ പോകുന്നില്ല.
സ്വര്‍ണവിലത്തകര്‍ച്ചയുടെ പാഠം സമകാലീന ആഗോളമുതലാളിത്തം തീക്ഷ്ണമായ വൈരുദ്ധ്യങ്ങളിലേയ്ക്ക് നമ്മുടെ കണ്ണു തുറപ്പിക്കുന്നു എന്നുളളതാണ്. സമകാലീന ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ ജീര്‍ണിച്ച ദുരയുടെ മുഖം ഒരിക്കല്‍ക്കൂടി അനാവരണം ചെയ്യപ്പെടുകയാണ്. 2008ലെ ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കും ഉത്തരവാദിത്വം ഇവരുടെ ആര്‍ത്തിയായിരുന്നു എന്നോര്‍ക്കുമല്ലോ. ലാഭം കൊയ്യാനുളള പരക്കം പാച്ചിലില്‍ വാരിക്കോരി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പണം മുടക്കി. ഇതിനായി പണം സ്വരൂപിക്കാന്‍ പൊളളക്കടപ്പത്രങ്ങള്‍ ഇറക്കി. പിന്നീട് ഈ കടപ്പത്രങ്ങളുടെ മേല്‍ ഊഹക്കച്ചവടം നടത്തി. അങ്ങനെയുണ്ടാക്കിയ ധനകാര്യ ചീട്ടുകൊട്ടാരം പൊളിഞ്ഞു വീണപ്പോള്‍ ഈ ഊഹക്കച്ചവടക്കാര്‍ മാത്രമല്ല തകര്‍ന്നത്. ആഗോള സമ്പദ്ഘടനതന്നെ കുലുങ്ങി. ഇപ്പോഴും ലോകം അതിന്റെ കെടുതികളില്‍നിന്നു മുക്തമായിട്ടില്ല.

വരള്‍ച്ചയും അട്ടപ്പാടിയുടെ അനുഭവവും

ധനവിചാരം, മാതൃഭൂമി  16 Apr 2013

കഴിഞ്ഞമാസമാണ് കൃഷ്ണവനം ഞാനാദ്യമായി കാണുന്നത്. നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അട്ടപ്പാടി സന്ദര്‍ശനമായിരുന്നു സന്ദര്‍ഭം. കമ്മിറ്റി കഴിഞ്ഞ് നേരം ഏറെ വൈകിയതുകൊണ്ട് വനത്തിനുള്ളിലേക്ക് പോകേണ്ടെന്നുവെച്ചു. കുന്നുമുഴുവന്‍ ഇടതൂര്‍ന്ന മരങ്ങളും മുളകളും കുറ്റിച്ചെടികളുമുണ്ട്. പക്ഷേ, ഉണങ്ങി ഇലകൊഴിഞ്ഞ് തവിട്ടുനിറത്തിലായിരുന്നു. ''വരണ്ട ഇലകൊഴിയും വനമാണ്. ജൂണിലെ മഴയോടെ വീണ്ടും പച്ചനിറമാകും.'' കൂടെയുണ്ടായിരുന്ന അഹാഡ്‌സിലെ രാധാകൃഷ്ണനും ഷൈനും വിശദീകരിച്ചു. പക്ഷേ, കാട്ടുതീ തടയാനുള്ള ലൈനുകള്‍ വെട്ടിയിട്ടിട്ടില്ല. എപ്പോള്‍ വേണമെങ്കിലും തീപിടിക്കാം. 'ഒരു തീനാമ്പു വീണാല്‍ അന്ത്യമാകു'മെന്നായിരുന്നു ഇതുസംബന്ധിച്ച മാതൃഭൂമി റിപ്പോര്‍ട്ടിന്റെ തലവാചകം. അഹാഡ്‌സ് ഇല്ലാതായതോടെ വാച്ചര്‍മാരും ഇല്ല. തടിവെട്ടിനെക്കുറിച്ചും ചന്ദനമോഷണത്തെക്കുറിച്ചും നായാട്ടുസംഘങ്ങളെക്കുറിച്ചുമെല്ലാം പല പത്രറിപ്പോര്‍ട്ടുകളും കണ്ടു. എങ്കിലും കൃഷ്ണവനം ഇന്നും നിലനില്ക്കുന്നു.

കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ് കൃഷ്ണവനം. ബൊമ്മിയാംപടി ഊരിനു പിന്നിലെ 'അങ്ങുമിങ്ങും വിറകൊണ്ടുനില്ക്കുന്ന മെലിഞ്ഞ മരങ്ങള്‍' അടയാളമിട്ട 'ഊഷരഭൂമി' എങ്ങനെ ഒരു സംഘം പരിസ്ഥിതിപ്രവര്‍ത്തകര്‍ കൃഷ്ണവനമാക്കിമാറ്റിയെന്ന് അറിയണമെങ്കില്‍ സുഗതകുമാരി ടീച്ചറിന്റെ 'കാടിനു കാവല്‍' വായിക്കുക.

'വരള്‍ച്ചയും പൊടിക്കാറ്റും ജലക്ഷാമവും കൊണ്ട് പൊറുതിമുട്ടിയ അട്ടപ്പാടി'യുടെ മുഖച്ഛായ മാറ്റുന്നതിന് തുടക്കമിട്ട കൃഷ്ണവനമായിരുന്നു, പിന്നീട് അവിടെ നടന്ന വനവത്കരണത്തിന്റെ മാതൃക. കൃഷ്ണവനം 130 ഏക്കറായിരുന്നെങ്കില്‍ പുതിയ നൂറ്റാണ്ടിന്റെ ആരംഭവര്‍ഷങ്ങളില്‍ നടന്ന പരിസ്ഥിതി പുനഃസ്ഥാപനപ്രവര്‍ത്തനത്തിന്റെ ഭാഗമായി 4,000 ഹെക്ടര്‍ തരിശുവനപ്രദേശത്ത് ശാസ്ത്രീയ മണ്ണ്ജലസംരക്ഷണം നടത്തി വനമാക്കി. ശുഷ്‌കിച്ച കാടുകളുടെ 8,000 ഹെക്ടര്‍ പ്രദേശം വനസംരക്ഷണപ്രവര്‍ത്തനങ്ങളിലൂടെ സ്വാഭാവിക പുനര്‍ജീവനത്തിന് വഴിയൊരുക്കി. കാട് വളര്‍ന്നപ്പോള്‍ ഉറവകള്‍ പൊട്ടി. ആനയും കരടിയും മാനും മയിലുമെല്ലാം തിരിച്ചെത്തി. 34 കിലോമീറ്റര്‍ മഴനിഴല്‍ പ്രദേശമായ അട്ടപ്പാടിയിലൂടെ ഒഴുകി ശിരുവാണിപ്പുഴ വഴി ഭവാനിയിലേക്ക് ഒഴുകുന്ന കൊടങ്കരപ്പള്ളം പുനര്‍ജനിച്ചതിന്റെ ഇതിഹാസം മധു ഇറവങ്കര ഡോക്യുമെന്ററിയാക്കിയിട്ടുണ്ട്. നദി പുനര്‍ജനിച്ചപ്പോള്‍ പുഴക്കരയിലെ ജീവിതം വീണ്ടും തളിര്‍ത്തതെങ്ങനെയെന്ന് സണ്ണി ജോസഫിന്റെ ഫ്രെയിമുകള്‍ പറഞ്ഞുതരും.

വനത്തില്‍ മാത്രമല്ല സ്വകാര്യഭൂമികളിലും മണ്ണ്ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. 1,500 ഏക്കര്‍ തരിശുഭൂമിയില്‍ പുതുതായി നെല്‍കൃഷിയിറക്കി. 5,000 ഏക്കറില്‍ അഗ്രോ ഫോറസ്റ്ററി പ്ലാന്റേഷനുകള്‍ വളര്‍ന്നു. പുല്ലുവളര്‍ന്നപ്പോള്‍ കന്നുകാലികളും പെരുകി. കാടുണ്ടെങ്കിലേ നാടുള്ളൂ എന്ന് അട്ടപ്പാടി തിരിച്ചറിഞ്ഞു.

പരിസ്ഥിതി പുനഃസ്ഥാപനമെങ്ങനെ നടപ്പാക്കാം എന്നതിന് അട്ടപ്പാടി ഒരു സാധനാപാഠമാണ്. ഇതിന് നേതൃത്വം നല്‍കിയത് 'അട്ടപ്പാടി ഹില്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി' അഥവാ 'അഹാഡ്‌സ്' എന്ന സ്ഥാപനവും. 200 കോടിയില്‍പ്പ്പരം രൂപ ജപ്പാന്‍ സഹായധനത്തോടെയുള്ള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി നടപ്പാക്കുന്നതിനാണ് കേരള സര്‍ക്കാര്‍ അഹാഡ്‌സിന് രൂപംനല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും സര്‍ക്കാര്‍ മുറയിലല്ല അഹാഡ്‌സ് പ്രവര്‍ത്തിച്ചത്. ഊരുവികസന സമിതികള്‍, സംയുക്ത വനമാനേജ്‌മെന്റ് സംഘങ്ങള്‍, ഗുണഭോക്തൃസമിതികള്‍, അമ്മക്കൂട്ടങ്ങള്‍ തുടങ്ങി ജനകീയ സമിതികള്‍ ജനങ്ങളെ ആവിഷ്‌കാരത്തിലും നടത്തിപ്പിലും പങ്കാളികളാക്കി, കോണ്‍ട്രാക്ടര്‍രാജ് അവസാനിപ്പിച്ചു.

അതിന്റെ ഫലം, പണിതീര്‍ന്ന കെട്ടിടങ്ങളിലും ചാവടിയൂരിലേതുപോലുള്ള പാലങ്ങളിലുമെല്ലാം കാണാം. അഹാഡ്‌സിന്റെ നേതൃത്വത്തില്‍ ഊരുവികസന സമിതികള്‍ പണിതീര്‍ത്ത രണ്ടായിരത്തോളം വീടുകള്‍ മാത്രം എടുത്താല്‍ മതി. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വയനാട്ടില്‍ കണ്ടതിന് നേര്‍വിപരീതമായ ചിത്രമാണ് അട്ടപ്പാടിയില്‍ കണ്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷം വയനാട്ടില്‍ ആദിവാസികള്‍ക്ക് അനുവദിച്ച വീടുകളില്‍ പത്തുശതമാനം പോലും പണിതീര്‍ന്നിട്ടില്ല. ഇടനിലക്കാരും കോണ്‍ട്രാക്ടര്‍മാരും വിലസുന്നു. നല്ല വീട് പണിതാല്‍ ആദിവാസികള്‍ അവിടെ താമസിക്കില്ല തുടങ്ങിയ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നു. അട്ടപ്പാടിയിലെ ഊരുകളില്‍ ചെല്ലുക; വയനാടുമായി യാതൊരു താരതമ്യവുമില്ല. ഓരോ ഊരുവികസന സമിതിയും കൂട്ടായി സാധനസാമഗ്രികള്‍ വാങ്ങുന്നു, വീടുകള്‍ വെക്കുന്നു, വീടുകളുടെ വലിപ്പമാകട്ടെ, കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടുപോലും കണ്ടില്ല. അട്ടപ്പാടിയില്‍ കണ്ടത് പുതിയൊരു ആദിവാസി വികസന അനുഭവമായിരുന്നു.

'അവികസനത്തിന്റെ വികസനം' എന്നത് അന്‍ന്ദ്രെ ഗുന്തര്‍ ഫ്രാങ്കിന്റെ പ്രസിദ്ധമായൊരു പരികല്പനയാണ്. ഇതിന്റെ പൂര്‍ണ അര്‍ഥം മനസ്സിലാകണമെങ്കില്‍ അട്ടപ്പാടിയുടെ വികസനചരിത്രം പഠിച്ചാല്‍മതി. കേരളത്തിലെ ഏക ട്രൈബല്‍ ബ്ലോക്ക് ആയതിനാല്‍ പഞ്ചവത്സരപദ്ധതിപ്പണം ഇങ്ങോട്ടൊഴുകി. വികസനത്തോടൊപ്പം കുടിയേറ്റക്കാരും വന്നു. നിനച്ചിരിക്കാതെ ആദിവാസികള്‍ കമ്പോളത്തിന്റെ കയങ്ങളിലേക്ക് എറിയപ്പെട്ടു. ആരെയാണോ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടത്, അവര്‍ക്ക് ഭൂമിയും കാടും നഷ്ടപ്പെട്ടു.

എസ്.എം. വിജയാനന്ദ് സെന്‍ റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ സമര്‍പ്പിച്ച എം.ഫില്‍. പ്രബന്ധം ഈ അവികസനത്തിന്റെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. അതുകൂടി വായിക്കുമ്പോഴേ അഹാഡ്‌സിന്റെ പ്രവര്‍ത്തനത്തിന്റെ മഹത്ത്വം മനസ്സിലാകൂ. ഞങ്ങള്‍ പോയ ഊരുകളിലെല്ലാം എത്ര ആത്മവിശ്വാസത്തോടും തന്റേടത്തോടും കൂടിയാണ് സ്ത്രീകള്‍ അടക്കമുള്ള ആദിവാസികള്‍ കാട്ടുകള്ളന്മാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും തിരിച്ചുവരവിനെതിരെ പ്രതികരിച്ചത്.

ആദിവാസിക്ഷേമത്തെക്കുറിച്ച് മാത്രമല്ല, വരള്‍ച്ചയെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും കേരളത്തിന് അട്ടപ്പാടിയില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. ഒലിച്ച് സമുദ്രത്തിലേക്കിറങ്ങാനോ ആവിയായി പ്പോകാനോ അനുവദിക്കാതെ കെട്ടിനിര്‍ത്തുകയാണെങ്കില്‍, സംസ്ഥാനത്തെ പത്തടി വെള്ളത്തിലാഴ്ത്താന്‍ വേണ്ട മഴവെള്ളം ഇവിടെ പെയ്യുന്നുണ്ട്. പണ്ടൊക്കെ പശ്ചിമഘട്ടത്തില്‍ പെയ്യുന്ന മഴവെള്ളത്തില്‍ നല്ലൊരു ഭാഗം വനാന്തരത്തില്‍ത്തന്നെ ശേഖരിക്കപ്പെടുമായിരുന്നു. കാട്ടിലെ ചവറും ദ്രവിച്ച ജൈവപദാര്‍ഥങ്ങളും പ്രകൃത്യായുള്ള ഒരു സ്‌പോഞ്ചുപോലെ ഈര്‍പ്പം സംരക്ഷിച്ച് നിലനിര്‍ത്തുമായിരുന്നു. ഈ വെള്ളമാണ് വനമണ്ണിലൂടെ ഭൂമിക്കടിയിലേക്ക് കിനിഞ്ഞിറങ്ങി ഉറവകളായിമാറി അരുവികളില്‍ എത്തിയിരുന്നത്. മഴക്കാലം കഴിയുമ്പോള്‍ നദികളിലെ ജലപ്രവാഹത്തിന് ആശ്രയം ഇത്തരം ഉറവകളാണ്. ഒരു ഹെക്ടര്‍ കാടിന് ഇപ്രകാരം 30,000 ഘനമീറ്റര്‍ മഴവെള്ളം സംഭരിച്ച് ക്രമേണയായി വിട്ടുകൊടുക്കാന്‍ ശേഷിയുണ്ടെന്നാണ് കണക്ക്.

വനങ്ങള്‍ വെട്ടിവെളുപ്പിച്ചു. സമതലങ്ങളിലെ തോടുകളും കുളങ്ങളും തൂര്‍ന്നു. വയലുകള്‍ നികത്തി. ഇപ്പോള്‍ പരിഹാരമായി ആയിരക്കണക്കിന് തടയണകള്‍ പണിയാന്‍ പോകുന്നു. അതോടൊപ്പം നിലവിലുള്ള കുളങ്ങള്‍ വൃത്തിയാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്കെ നല്ലതു തന്നെ. പക്ഷേ, ഇവ ഫലപ്രദമാകണമെങ്കില്‍ സമഗ്രമായ നീര്‍ത്തടപദ്ധതിയുടെ ഭാഗമായി ഇവയൊക്കെ നിര്‍മിക്കണം.

നീര്‍ത്തട വികസനത്തെക്കുറിച്ച് വാചകമടിയല്ലാതെ ഒന്നും നടക്കുന്നില്ല. ഇവിടെയാണ് അട്ടപ്പാടിയുടെ വിജയം പ്രസക്തമാകുന്നത്. നീര്‍ത്തടം എന്നാല്‍, വളരെ ലളിതമായ ഒരു സങ്കല്പമാണ്. നമ്മുടെ നാട് കുന്നും ചെരിവുകളും താഴ്‌വരകളും നിറഞ്ഞതാണ്. താഴ്‌വരകളിലാണ് വയലുകള്‍. പക്ഷേ, വയലുകളിലെ വെള്ളം അവിടെ പെയ്യുന്ന മഴവെള്ളം മാത്രമല്ലല്ലോ. കുന്നിന്‍ചെരിവുകളില്‍ പെയ്യുന്ന മഴവെള്ളം ഏലയിലേക്ക് ഒലിച്ചുവരുന്നു. ഏലാ വികസനത്തിന് ഏലയെ മാത്രം കണ്ടാല്‍പോര. അങ്ങോട്ട് വെള്ളം ഒഴുക്കിയെത്തിക്കുന്ന കുന്നിന്‍ചെരിവുകളെയടക്കം ഒറ്റ യൂണിറ്റായി കാണണം.

കുന്നിന്‍ചെരിവിലെ വെള്ളം പരമാവധി അവിടെത്തന്നെ മണ്ണിലേക്ക് കിനിഞ്ഞിറങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണം. 'ഓടുന്ന വെള്ളത്തെ നടത്തുക, നടക്കുന്ന വെള്ളത്തെ ഇരുത്തുക, ഇരിക്കുന്ന വെള്ളത്തെ ഇറക്കുക' എന്നതാണ് തത്ത്വം. എങ്കില്‍ വര്‍ഷംമുഴുവന്‍ ഉറവകളിലൂടെ താഴ്‌വരകളില്‍ വെള്ളം ലഭിച്ചുകൊണ്ടിരിക്കും. താഴ്‌വരകളില്‍ വെള്ളം പരമാവധി സംഭരിക്കുന്നതിനും മിച്ചംവരുന്നത് ഒഴുക്കിക്കളയുന്നതിനും നടപടികളുണ്ടാവണം. ഓരോ നീര്‍ത്തടത്തിനും എത്ര വെള്ളം ലഭിക്കുന്നു എന്നു കണക്കുണ്ടായാല്‍ മണ്ണിന്റെ സ്വഭാവവും കൂടി കണക്കിലെടുത്ത് അവിടെ എന്തെല്ലാം കൃഷിചെയ്യാം എന്ന് തീരുമാനിക്കാം. പിന്നെ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാം. ഇതാണ് നീര്‍ത്തടാസൂത്രണം.

ഇത്തരം ആസൂത്രണത്തിന് തൊഴിലുറപ്പുപദ്ധതി പ്രയോജനപ്പെടുത്താം. ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സൂക്ഷ്മനീര്‍ത്തടങ്ങളുടെയും ചിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പല ആവശ്യങ്ങള്‍ക്കായി ഓരോന്നിനെയും കുറിച്ച് എത്രയോ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് കാത്തിരിക്കേണ്ട. വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ തുടങ്ങാം. വേണ്ട പാഠങ്ങള്‍ അട്ടപ്പാടിയിലുമുണ്ട്.

പക്ഷേ, ഇന്ന് അട്ടപ്പാടിയിലെത്തിയാല്‍ അവിടെ പഠിപ്പിക്കാനാരുമുണ്ടാകില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേരള സര്‍ക്കാര്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കാടുകളുടെ സംരക്ഷണത്തിനായുള്ള 200-ല്‍പ്പരം വാച്ചര്‍മാര്‍ എല്ലാവരും തന്നെ ആദിവാസികളാണ്. അവരെപ്പോലും പിരിച്ചുവിട്ടിരിക്കുന്നു. തടിവെട്ടുകാര്‍ വീണ്ടും സജീവമായിട്ടുണ്ട്. ചുരമിറങ്ങുമ്പോള്‍ എന്റെ കാറിന് ഒരു വിറകുലോറിയുടെ അകമ്പടിയുണ്ടായിരുന്നു.

അഹാഡ്‌സിന് പകരം പുത്തന്‍കൂറ്റ് സന്നദ്ധസംഘടനകള്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. അഹാഡ്‌സിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ കോണ്‍ട്രാക്ടര്‍മാരും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയനേതാക്കളുമാണെന്ന് എന്നോടൊപ്പമുണ്ടായിരുന്ന സി.പി.എം. നേതാവ് രാമകൃഷ്ണന്‍ പറഞ്ഞു. ഇതുതന്നെയായിരുന്നു കളക്ടറേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും അഭിപ്രായം.

അഹാഡ്‌സിനെ പരിസ്ഥിതി പുനഃസ്ഥാപനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു സ്വയംഭരണ സ്ഥാപനമായി രൂപാന്തരപ്പെടുത്താന്‍ പരിപാടിയുണ്ടായിരുന്നു. ആദിവാസി വാച്ചര്‍മാരെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലേക്ക് മാറ്റുന്നതിനും അട്ടപ്പാടി പോലൊരു പ്രോജക്ടിന് വയനാട്ടില്‍ രൂപംനല്‍കുന്നതിനും കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഒരു തുടര്‍പരിപാടിയായി അട്ടപ്പാടിയില്‍ ഒരു കാര്‍ഷിക പാക്കേജും രൂപകല്പന ചെയ്തിരുന്നു. ഇവയെല്ലാം ജലരേഖകളായി. കാര്‍ഷിക പാക്കേജ് എന്തെന്ന് തങ്ങള്‍ക്കറിയില്ല എന്ന് ഊരുകളില്‍ പരാതി. ഊരുവികസന സമിതികളും സംയുക്ത വനമാനേജ്‌മെന്റ് സമിതികളും മറ്റും നിഷ്‌ക്രിയരായിക്കഴിഞ്ഞു. ജനകീയസമിതികള്‍ക്കുവേണ്ടി ഓരോ പ്രദേശത്തും പണിത ഓഫീസ് കെട്ടിടങ്ങള്‍ പൂട്ടിക്കിടക്കുന്നു. ആര്‍ക്കൊക്കെയോ ഒരു വൈരാഗ്യബുദ്ധിയുള്ളതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ ഏറ്റവും ആവേശകരമായ ഒരു വികസന അനുഭവമാണ് അട്ടപ്പാടിയിലേത് ; അത് നശിപ്പിക്കരുത്.

Wednesday, April 3, 2013

നോവാര്‍ട്ടീസ് വിധിയുടെ പ്രാധാന്യം


ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ ആരംഭിച്ച ശേഷം ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വഭാവത്തില്‍ കാതലായ ഒരു ഭാവമാറ്റം വന്നുവെന്നത് നിസ്തര്‍ക്കമാണ്. ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, ചിന്നപ്പ റെഡ്ഡി, പി. എന്‍. ഭഗവതി, മാര്‍ക്കണ്‌ഡേയ കട്ജു, എച്ച് ആര്‍ ഖന്ന, കുല്‍ദീപ് സിംഗ് തുടങ്ങിയ സാമൂഹ്യ പ്രതിബന്ധതയുളള ജഡ്ജിമാര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് പുരോഗമനപരവും സാമൂഹ്യസാമ്പത്തിക നീതിയില്‍ അധിഷ്ഠിതവുമായ വ്യാഖ്യാനം നല്‍കുന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തി.

എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ ടിഎംഎ ഫൗണ്ടേഷന്‍ കേസില്‍ നിന്നാരംഭിച്ച വിധികള്‍, തൊഴില്‍ മേഖലയില്‍ വ്യവസായതര്‍ക്ക നിയമം സംബന്ധിച്ച വിധികള്‍, സമരം ചെയ്യാനും മറ്റുമുളള പൗരാവകാശം സംബന്ധിച്ച നിലപാടുകള്‍, പുത്തന്‍ പരിഷ്‌കാരങ്ങളെ പുകഴ്ത്തിക്കൊണ്ടുളള പ്രസ്താവനകള്‍ തുടങ്ങിയവ വലിയൊരു തിരിച്ചുപോക്കായിരുന്നു. ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ഉടനെ മുതലാളിമാരുടെ യോഗത്തില്‍ ചെന്ന് ആഗോളവത്കരണ നയങ്ങളെ കലവറയില്ലാതെ പിന്താങ്ങുകയായിരുന്നു എസ് എച്ച് കപാഡിയ ചെയ്തത്. ഈ പിന്തിരിപ്പന്‍ നിലപാടുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഏതാനും വിധികളുമുണ്ടായിട്ടുണ്ട്. അതിലേറ്റവും പ്രധാനം 2 ജി സ്‌പെക്ട്രം കേസിലെയും കളളപ്പണം സംബന്ധിച്ച ഹസന്‍ അലി കേസിലെയും വിധികളാണ്. ഇതിനോടൊപ്പം ചേര്‍ക്കാവുന്ന മറ്റൊരു വിധി കൂടി സുപ്രിംകോടതിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതാണ്, സ്വിസ് ബഹുരാഷ്ട്ര കുത്തകയായ നോവാര്‍ട്ടീസിനെതിരെ ഇന്ത്യന്‍ പേറ്റന്റ് നിയമം സംരക്ഷിച്ചുകൊണ്ട് ഏപ്രില്‍ ഒന്നിന് പുറപ്പെടുവിച്ച വിധി.

രക്താര്‍ബുദത്തിന്റെ ചികിത്സയ്ക്കായി നോവാര്‍ട്ടീസ് എന്ന സ്വിസ് ബഹുരാഷ്ട്രക്കമ്പനി നിര്‍മ്മിക്കുന്ന മരുന്നാണ് ഗ്ലീവെക് എന്ന ബ്രാന്‍ഡ് പേരിലുളള മരുന്ന്. ഇമാറ്റിനിബ് മെസിലേറ്റ് എന്ന രാസവസ്തുവാണ് ഈ മരുന്നു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ മരുന്നു കമ്പനികളും ഇതേ രാസവസ്തു ഉപയോഗിച്ച് കാന്‍സറിനുളള ജെനറിക് ഔഷധമായി വിറ്റുവരുന്നുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ മരുന്നുപയോഗിച്ചാല്‍ പ്രതിമാസം പതിനായിരം രൂപയേ ചെലവു വരൂ. അതേസമയം ഗ്ലീവെക്ക് മരുന്നിന് 120000 രൂപ ചെലവു വരും. ഏതാണ്ട് പതിനാറായിരം പേര്‍ നോവാര്‍ട്ടീസിന്റെ മരുന്നുപയോഗിക്കുമ്പോള്‍ മൂന്നു ലക്ഷം പേരാണ് ഇന്ത്യന്‍ മരുന്നു കമ്പനികളുടെ മരുന്നുപയോഗിക്കുന്നത്.

 ഇന്ത്യന്‍ മരുന്നു കമ്പനികളുടെ ഉല്‍പാദനം അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ എത്ര ഭീമമായ കൊളളലാഭമാണ് നോവാര്‍ട്ടീസിന് ലഭിക്കുന്നതെന്ന് കണക്കുകൂട്ടൂ. ഇതിനു വേണ്ടി കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി നോവാര്‍ട്ടീസ് ശ്രമിച്ചുവരികയായിരുന്നു.

1993ലാണ് നോവാര്‍ട്ടീസ് ഗ്ലീവെക് കണ്ടുപിടിച്ചത്. അമേരിക്കയില്‍ പേറ്റെന്റുമെടുത്തു. പക്ഷേ, ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പേറ്റന്റ് നിയമപ്രകാരം ഇവിടത്തെ ഒരു കമ്പനിയ്ക്ക് അതേ മരുന്നുണ്ടാക്കുന്നതിന് തടസമൊന്നുമുണ്ടായിരുന്നില്ല. നോവാര്‍ട്ടീസ് മരുന്നുണ്ടാക്കാന്‍ ഉപയോഗിച്ച പ്രക്രിയ ഉപയോഗിക്കാന്‍ പാടില്ലെന്നേ ഉളളൂ. മറ്റേതെങ്കിലും മാര്‍ഗം അവലംബിച്ച് അതേ മരുന്നുണ്ടാക്കുന്നത് നിയമവിധേയമായിരുന്നു. ചുരുക്കത്തില്‍ ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ക്കു പേറ്റന്റുണ്ടായിരുന്നില്ല. ഉല്‍പാദന പ്രക്രിയകള്‍ക്കേ പേറ്റെന്റെടുക്കാന്‍ കഴിയുമായിരുന്നുളളൂ. ഇതുപയോഗപ്പെടുത്തിയാണ് ഇന്ത്യന്‍ മരുന്നു കമ്പനികള്‍ ജനറിക് ഔഷധങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയത്.

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പേറ്റന്റ് നിയമം, 1970ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് ആവിഷ്‌കരിച്ചതാണ്. പേറ്റന്റ് ഉടമസ്ഥന്മാരുടെ കുത്തക നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനും വിദേശ സാങ്കേതിക വിദ്യകളെ നാടിന്റെ വികസനത്തിന് പരമാവധി ഉപയോഗപ്പെടുത്താനും ഉപകരിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ആ നിയമം ആവിഷ്‌കരിച്ചത്. മൂന്നാംലോക രാജ്യങ്ങള്‍ക്കെല്ലാം മാതൃകയായി ഐക്യരാഷ്ട്ര സഭ തന്നെ പ്രകീര്‍ത്തിച്ച നിയമമാണിത്. എന്നാല്‍ ലോക വ്യാപാരക്കരാറില്‍ ഒപ്പിട്ടതോടെ നമ്മുടെ പേറ്റന്റ് നിയമവും ഭേദഗതി ചെയ്യാന്‍ നാം നിര്‍ബന്ധിതരായി. പേറ്റന്റിന് കാലാവധി 20 വര്‍ഷമായി വര്‍ദ്ധിപ്പിച്ചു.

കൃഷിയും സൂക്ഷ്മജീവജാലങ്ങളുമെല്ലാം പേറ്റന്റ് പരിധിയ്ക്കുളളിലായി. പ്രക്രിയയ്ക്കു മാത്രമല്ല ഉല്‍പന്നത്തിനും പേറ്റന്റെടുക്കാമെന്നായി.
1995ലാണ് പുതിയ പേറ്റന്റ് നിയമം നടപ്പിലാക്കേണ്ടിയിരുന്നത്. കാലതാമസം പരിഗണിച്ച് ബിജെപി സര്‍ക്കാര്‍ 1995നു ശേഷം പേറ്റന്റെടുത്ത ഉല്‍പന്നങ്ങള്‍ക്ക് കുത്തകവിപണന അവകാശം ബന്ധപ്പെട്ട കമ്പനികള്‍ക്ക് അനുവദിച്ചുകൊടുത്തുകൊണ്ട് നിയമം പാസാക്കി. ഈ വകുപ്പുപയോഗപ്പെടുത്തി ചെന്നൈ ഹൈക്കോടതിയില്‍ ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്കെതിരെ നോവാര്‍ട്ടീസ് കേസുകൊടുത്തു. 1995നു ശേഷമാണ് ഗ്ലീവെക് പേറ്റന്റ് ചെയ്തതെന്നും പുതിയ നിയമവ്യവസ്ഥ പ്രകാരം മറ്റു കമ്പനികള്‍ ഇതേ മരുന്ന് വിപണനം നടത്തുന്നത് തടയണമെന്നുമായിരുന്നു നോവാര്‍ട്ടീസിന്റെ ആവശ്യം.

ചെന്നൈ ഹൈക്കോടതിയുടെ വിധി നോവാര്‍ട്ടീസിന് അനുകൂലമായിരുന്നു. ഈ വിധിയ്‌ക്കെതിരെ കാന്‍സര്‍ രോഗികളുടെ സംഘടന സുപ്രിംകോടതിയില്‍ കക്ഷി ചേര്‍ന്നു. ഗ്ലീവെക്കിന് പേറ്റന്റ് ലഭിച്ചത് 1995നു മുമ്പാണ് എന്നു തെളിയിച്ചതോടെ സുപ്രിംകോടതി ചെന്നൈ ഹൈക്കോടതിയുടെ വിധി അസ്ഥിരപ്പെടുത്തി. നോവാര്‍ട്ടീസിന് വെല്ലുവിളിയായി ഇന്ത്യന്‍ കമ്പനികള്‍ കമ്പോളത്തില്‍ തുടര്‍ന്നു.

20 വര്‍ഷമാണല്ലോ, പുതിയ നിയമപ്രകാരം പേറ്റന്റിന്റെ കാലാവധി. ഗ്ലീവെക്കിന് പേറ്റന്റ് ലഭിച്ചിട്ട് 20 വര്‍ഷം കഴിഞ്ഞിരുന്നു. അതുകൊണ്ട് ആര്‍ക്കു വേണമെങ്കിലും ഈ മരുന്നുണ്ടാക്കുന്നതിന് നിയമതടസമൊന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ നോവാര്‍ട്ടീസ് മറ്റൊരു തന്ത്രം പ്രയോഗിച്ചു. ഗ്ലീവെക് മരുന്നിന്റെ ഘടനയില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി പുതിയ മരുന്നാണെന്നു പറഞ്ഞ് പേറ്റന്റിന് അപേക്ഷിച്ചു. പേറ്റന്റ് അനുവദിക്കുന്നതിനു മുമ്പ് ആര്‍ക്കുവേണമെങ്കിലും തടസവാദമുന്നയിക്കാന്‍ അവകാശമുണ്ട്.

നേരത്തെ ഉണ്ടായിരുന്ന മരുന്നില്‍ നിന്ന് അടിസ്ഥാനപരമായ ഒരു മാറ്റവുമില്ലെന്നും പുറംപൂച്ചു നടത്തിയിട്ടാണ് പുതിയ മരുന്നായി ബഹുരാഷ്ട്ര കുത്തക അവതരിപ്പിച്ചിരിക്കുന്നത് എന്നു തെളിയിക്കാനും ഇന്ത്യന്‍ കമ്പനികള്‍ക്കു കഴിഞ്ഞു. നോവാര്‍ട്ടീസിന് പേറ്റന്റ് നിഷേധിക്കപ്പെട്ടു. ഇതിനെതിരെ അവര്‍ ട്രിബ്യൂണലില്‍ പോയി. അവിടെയും വിധി പ്രതികൂലമായിരുന്നു.

ഭേദഗതി ചെയ്യപ്പെട്ട ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ 3 ഡി എന്ന വകുപ്പായിരുന്നു നോവാര്‍ട്ടീസിന്റെ അത്യാര്‍ത്തിയ്ക്കു വിലങ്ങു തടിയായത്. വിദേശ കുത്തകകള്‍ ആവശ്യപ്പെട്ടതെല്ലാം പേറ്റന്റ് നിയമത്തില്‍ ഇന്ത്യാ സര്‍ക്കാര്‍ ഉള്‍ക്കൊളളിച്ചിരുന്നു. ഉല്‍പന്ന പേറ്റന്റ് അനുവദിച്ചു. കാലാവധി നീട്ടി. ഇതിനെതിരെ പാര്‍ലമെന്റില്‍ ഇഞ്ചോടിഞ്ച് ഇടതുപക്ഷ കക്ഷികള്‍ പൊരുതി. സുപ്രിംകോടതിയുടെ വിധിയില്‍ സുരേഷ് കുറുപ്പ് അടക്കമുളള മൂന്ന് ഇടതുപക്ഷ എംപിമാരുടെ പ്രസംഗത്തില്‍ നിന്ന് ഉദ്ധരണികള്‍ ചേര്‍ത്തിട്ടുണ്ട്. വിസ്തരഭയത്താല്‍ വിശദാംശങ്ങളിലേയ്ക്കു കടക്കുന്നില്ല. അവസാനം പ്രണബ് മുഖര്‍ജി ഇടപെട്ട് ഒരു ചെറിയ വിട്ടുവീഴ്ച ചെയ്തു. പേറ്റന്റ് ചെയ്യപ്പെട്ട ഉല്‍പന്നത്തിന്റെ കാലാവധി അവസാനിക്കുമ്പോള്‍ അതില്‍ ചില്ലറ മാറ്റം വരുത്തി പുതിയ ഉല്‍പന്നമായി പേറ്റന്റ് എടുക്കുന്നതിനെ നിരോധിക്കുന്ന വകുപ്പായിരുന്നു 3 ഡി. കരടു നിയമപ്രകാരം ഇങ്ങനെ ചെയ്യുന്നതിന് ഒരു തടസവുമുണ്ടായിരുന്നില്ല.

ഫലത്തില്‍ ഒരു കുത്തക കമ്പനിയ്ക്കു വേണമെങ്കില്‍ എത്ര പതിറ്റാണ്ടു വേണമെങ്കിലും ഇപ്രകാരം പേറ്റന്റുകള്‍ പുതുക്കിക്കൊണ്ടിരിക്കാം. മറ്റുളളവരെ ഈ ഉല്‍പാദനത്തിലേയ്ക്കു കടന്നുവരുന്നത് തടസപ്പെടുത്താം. ഇതിന് ഇംഗ്ലീഷില്‍ പറയുന്ന സാങ്കേതികപദമാണ് 'ഗ്രീനിംഗ്'. പാര്‍ലമെന്റ് വളരെ വിശദമായി ചര്‍ച്ച ചെയ്ത് ഉള്‍ക്കൊളളിച്ച ഈ വകുപ്പ് ഭരണഘടനയ്ക്കും ആഗോളവ്യാപാരക്കരാറിനും എതിരാണെന്ന ന്യായം പറഞ്ഞാണ് നോവാര്‍ട്ടീസ് കേസ് ഫയല്‍ ചെയ്തത്.

ഈ കേസില്‍ നോവാര്‍ട്ടീസ് വിജയിച്ചാല്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ഊഹാക്കാവുന്നതേയുളളൂ. ഇന്ത്യന്‍ കമ്പനികള്‍ക്ക് ചെലവു കുറഞ്ഞ മരുന്നുല്‍പാദിപ്പിക്കാനുളള അവകാശം നഷ്ടപ്പെടും. 1,20,000 രൂപയോ അതിനു മുകളിലോ ഉളള തീവിലയ്ക്ക് മരുന്നുകള്‍ വാങ്ങാന്‍ രോഗികള്‍ നിര്‍ബന്ധിതരാകും. നമ്മുടെ നാട്ടിലെ കാന്‍സര്‍ രോഗികള്‍ മാത്രമല്ല മൂന്നാം ലോക രാജ്യങ്ങളിലെ മുഴുവന്‍ രോഗികളെയും ഇതു ബാധിക്കും. കാരണം, ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഈ ചെലവു കുറഞ്ഞ മരുന്നാണ് ദക്ഷിണാഫ്രിക്കയടക്കമുളള പല രാജ്യങ്ങളിലും ഇന്ന് ഉപയോഗിച്ചുവരുന്നത്. നോവാര്‍ട്ടീസിന്റെ ഉന്നം ഇന്ത്യയിലെ കാന്‍സര്‍ കമ്പോളം മാത്രമല്ല. ആഗോള കമ്പോളത്തിലുളള ഇന്ത്യന്‍ വെല്ലുവിളി അവസാനിപ്പിക്കുകയായിരുന്നു.
സ്വാഭാവികമായും ഈ കേസിനെതിരെ ആഗോളമായി വലിയ പ്രതിഷേധമുയര്‍ന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പലരാജ്യങ്ങളിലും ഒപ്പുശേഖരണം നടന്നു.

നോവാര്‍ട്ടീസിന്റെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്നുളള ആഹ്വാനങ്ങളുമുണ്ടായി. 2012ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ നടന്ന ജനകീയാരോഗ്യ അസംബ്ലിയില്‍ പ്രമേയം പാസാക്കി. ഇന്ത്യയില്‍ നിന്നുളള ജനകീയാരോഗ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഡോ. ബി ഇക്ബാലും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ സംരക്ഷണം മൂന്നാംലോക രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമാണ് എന്ന് വിശദീകരിക്കപ്പെട്ടു. പക്ഷേ, ആത്യന്തികമായി ഫലം സുപ്രിംകോടതിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നു വ്യക്തമായിരുന്നു. സുപ്രിംകോടതി ഇന്ത്യന്‍ പേറ്റന്റ് നിയമത്തെ സംരക്ഷിച്ചുവെന്നു മാത്രമല്ല, 112 പേജു വരുന്ന സുദീര്‍ഘമായ വിധിന്യായത്തില്‍ അനിയന്ത്രിതമായ പേറ്റന്റ് അവകാശങ്ങളുടെ അധാര്‍മ്മികതയും ജനവിരുദ്ധതയും തുറന്നു കാണിക്കുകയും ചെയ്തു. ഇന്ത്യന്‍ ഔഷധവ്യവസായത്തെക്കുറിച്ചുളള വിശദമായ അപഗ്രഥനവും 3 ഡി വകുപ്പ് ചേര്‍ക്കുന്നതിന് വഴിതെളിച്ച ചര്‍ച്ചകളില്‍ നിന്ന് സുലഭമായി ഉദ്ധരിക്കുകയും ചെയ്തു.

വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണവും കോടതി നടത്തുന്നുണ്ട്. നിയമം വ്യാഖ്യാനിക്കുമ്പോള്‍ ടെക്സ്റ്റ് (നിയമത്തിന്റെ വരികള്‍) മാത്രം നോക്കിയാല്‍ പോര, നിയമത്തിന്റെ കോണ്‍ടെക്സ്റ്റ് (നിയമനിര്‍മ്മാണത്തിന്റെ സാഹചര്യങ്ങള്‍) കൂടി പരിശോധിക്കണം. അതുകൊണ്ടാണ് വെറും സാങ്കേതികമായ തലനാരിഴ കീറിയ നിയമവ്യാഖ്യാനങ്ങള്‍ക്കപ്പുറം മൂന്നാം ലോകത്തെ രോഗികളുടെ ആവശ്യങ്ങളും ഔഷധ വ്യവസായത്തിന്റെ പ്രശ്‌നങ്ങളും നിയമനിര്‍മ്മാണ സഭയുടെ ഇന്റന്‍ഷനും പരിശോധിക്കുന്നതിന് തയ്യാറായത്.

ഈ വിധി രണ്ടു നിലപാടുകളെ തളളിക്കളയുന്നുണ്ട്. ഒന്നാമത്തേത്, ആഗോളവ്യാപാരക്കരാര്‍ ഒപ്പുവെച്ചുപോയി. പേറ്റന്റ് നിയമം പാസാക്കപ്പെട്ടുപോയി. അതുകൊണ്ട് ഇനി മേല്‍ ഒന്നും ചെയ്യാനാവില്ല. നോവാര്‍ട്ടീസ് വിധിയിലെന്നപോലെ പുരോഗമനപരമായ വ്യാഖ്യാനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കാന്‍ ജനകീയ ബോധവത്കരണത്തിനും പ്രചാരണത്തിനുമെല്ലാം സുപ്രധാന പങ്കുവഹിക്കാന്‍ പറ്റും. അതുപോലെ തന്നെ നിലവിലുളള ആഗോളവ്യാപാരക്കരാറിന്റെ വകുപ്പുകള്‍ പലതും പുനപ്പരിശോധനയ്ക്കു വിധേയമാക്കണം എന്ന ആവശ്യം ഉയര്‍ത്തേണ്ടതുണ്ട്. ദോഹാവട്ടം ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച് ഒട്ടേറെ വാദപ്രതിവാദങ്ങളുണ്ടായി. ചെറിയൊരു നേട്ടവും കൈവരിക്കാന്‍ കഴിഞ്ഞു. സുപ്രിംകോടതി വിധിയില്‍ ഈ ചര്‍ച്ചകളില്‍ നിന്നുളള ഉദ്ധരണികളും നല്‍കിയിട്ടുണ്ട്.

രണ്ടാമത്തെ നിലപാട്, നോവാര്‍ട്ടീസ് വിധി വന്നു, ബഹുരാഷ്ട്ര കുത്തകകള്‍ മുട്ടുമടക്കി എന്നു കരുതുന്നതാണ്. ഇപ്പോഴുണ്ടായിരിക്കുന്നത് ചെറിയൊരു ഏറ്റുമുട്ടല്‍ മാത്രമാണ്. യുദ്ധം തുടരുകയാണ്. ഓരോ തവണയും തങ്ങളുടെ കുത്തക നിയന്ത്രണം നിലനിര്‍ത്തുന്നതിനു വേണ്ടി പേറ്റന്റിനു വേണ്ടിയെത്തുന്ന ഓരോ അപേക്ഷയും നിശിതമായ പരിശോധനയ്ക്കു വിധേയമാക്കണം. ഉല്‍പന്നത്തില്‍ മാറ്റം മേമ്പൊടിക്കു മാത്രമാണോ, അടിസ്ഥാനപരമായിട്ടുളളതാണോ എന്നുളളത് വളരെ ആത്മനിഷ്ഠമായ തീരുമാനമാണ്. നിരന്തരമായ ജാഗ്രത വേണ്ടതുണ്ട്. കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ പി എച്ച് കുര്യന്‍ പേറ്റന്റ് കണ്‍ട്രോളറായിരുന്നപ്പോള്‍ ബെയര്‍ എന്ന ജര്‍മ്മന്‍ കുത്തകയ്‌ക്കെതിരെ എടുത്ത തീരുമാനവും വളരെയേറെ ശ്ലാഘിക്കപ്പെട്ടിരുന്നു.

ജര്‍മ്മന്‍ കമ്പനിയുടെ വില കൂടിയ മരുന്നിനു പകരം ഇന്ത്യയില്‍ത്തന്നെ ഈ മരുന്നുല്‍പ്പാദിപ്പിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് എന്ന വകുപ്പുപയോഗപ്പെടുത്തുകയാണ് കുര്യന്‍ ചെയ്തത്. പേറ്റന്റ് ഉണ്ടായിട്ടും ദീര്‍ഘനാളായി കമ്പനി അതുപയോഗപ്പെടുത്തുന്നില്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയ്ക്ക് ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കാനുളള അധികാരം കണ്‍ട്രോളര്‍ക്കുണ്ട്. പി എച്ച് കുര്യന്‍ അതുപയോഗപ്പെടുത്തി. പക്ഷേ, പിന്നീടാരും ഇതുപയോഗപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് പോരാട്ടം തുടരുക തന്നെ വേണം.

സൗദി അറേബ്യന്‍ ആശങ്കകള്‍


 ധനവിചാരം, Mathrubhumi, April 3, 2013

ഗള്‍ഫിലെ പ്രവാസികള്‍ ഇന്നല്ലെങ്കില്‍ നാളെ നാട്ടിലേക്ക് തിരിച്ചുവന്നേ തീരൂ. പടിഞ്ഞാറന്‍ നാടുകളിലേക്ക് പോയവരാകട്ടെ, അവിടെ സ്ഥിരതാമസമാക്കാനാണ് ശ്രമിക്കുക. ഇപ്പോള്‍ കേരളത്തിലുള്ള മടങ്ങിവന്ന പ്രവാസികളില്‍ 95 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കേരളത്തിലെ തൊഴില്‍പ്രായത്തിലുള്ള ഒന്‍പത് പുരുഷന്മാരില്‍ ഒരാള്‍ വീതമെങ്കിലും പ്രവാസിജീവിതം അവസാനിപ്പിച്ച് തിരിച്ചുവന്നവരായി ഉണ്ട്. അതുകൊണ്ട് സൗദി അറേബ്യയില്‍ നടപ്പാക്കിവരുന്ന തൊഴില്‍ സ്വദേശിവത്കരണത്തിന്റെ ഫലമായി പ്രവാസികള്‍ തിരിച്ചുവരുന്നത് സംബന്ധിച്ച് പരിഭ്രാന്തിയോ അതിരുകവിഞ്ഞ ആശങ്കയോ വേണ്ട എന്ന് വാദിക്കുന്നവരുണ്ട്.

എന്റെ സുഹൃത്ത് ഡോ. ഇരുദയ രാജന്‍ ഈ അഭിപ്രായക്കാരനാണ്. 2008-ലെ ആഗോളമാന്ദ്യത്തിന്റെ പ്രത്യാഘാതമായി വലിയതോതില്‍ ഗള്‍ഫില്‍നിന്ന് തിരിച്ചുവരവ് ഉണ്ടാവില്ല എന്ന് അക്കാലത്തുതന്നെ ശരിയായി വിലയിരുത്തിയ പണ്ഡിതനാണ് അദ്ദേഹം. ദുബായില്‍നിന്നുമാത്രമേ വലിയതോതിലുള്ള പ്രവാസി മടക്കപ്രവാഹം ഉണ്ടായുള്ളൂ. അവരാകട്ടെ, മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കോ മാന്ദ്യം അവസാനിച്ചതോടെ ദുബായിലേക്കുതന്നെയോ തിരിച്ചുപോയി.

എന്റെ അഭിപ്രായത്തില്‍, 2009-ലെ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ നിന്നല്ല, 1990-ലെ കുവൈത്ത് യുദ്ധപ്രതിസന്ധിയില്‍ നിന്നാണ് നാം പാഠംപഠിക്കേണ്ടത്. അന്ന് കുവൈത്തിലെ മുഴുവന്‍ പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. അക്കാലത്ത് ഐ.എല്‍.ഒ.യ്ക്കുവേണ്ടി ഞാന്‍ നടത്തിയ പഠനത്തില്‍ മടങ്ങിവന്ന ചെറിയ ഭൂരിപക്ഷത്തിനു മാത്രമേ മറ്റ് ഗള്‍ഫ് നാടുകളില്‍ ജോലിലഭിച്ചുള്ളൂ എന്നുകണ്ടു. മഹാഭൂരിപക്ഷത്തിനും തൊഴില്‍ തരപ്പെടാന്‍ സദ്ദാം ഹുസൈന്‍ സ്ഥാനഭ്രഷ്ടനാകുന്നതുവരെ ഏതാണ്ടൊരു ദശാബ്ദക്കാലം കാത്തിരിക്കേണ്ടിവന്നു.

തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ഒരുകാര്യം പറയട്ടെ. കുവൈത്തില്‍നിന്ന് ഉണ്ടായതുപോലെ ഒരു കൂട്ടപ്പലായനം സൗദിയില്‍നിന്ന് ഉണ്ടാകാന്‍ പോകുന്നില്ല. പക്ഷേ, ഇന്നത്തെ നയം തുടര്‍ന്നാല്‍ അടുത്തൊരു വര്‍ഷത്തിനുള്ളില്‍ ഇന്ന് സൗദി അറേബ്യയില്‍ പണിയെടുക്കുന്ന 5.7 ലക്ഷം മലയാളികളില്‍ ഏതാണ്ട് അഞ്ചിലൊന്നുപേര്‍ക്ക് മടങ്ങിവരേണ്ടിവരും. മന്ത്രി മഞ്ഞളാംകുഴി അലിയും ഈയൊരു അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ഇതേസന്ദര്‍ഭത്തില്‍ മുന്‍കാലങ്ങളിലെന്നപോലെ പുതുതായി പലര്‍ക്കും സൗദി അറേബ്യയില്‍ ഇനിയും ജോലിലഭിക്കുകയും ചെയ്യും. പക്ഷേ, മടങ്ങിവരുന്നവരുടെ എണ്ണം ഇവരുടെ പലമടങ്ങുവരും.

പത്ത് തൊഴിലാളികളേക്കാള്‍ കൂടുതല്‍ ആളുകളെ പണിയെടുപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഒരു നിശ്ചിതശതമാനം തൊഴില്‍ തദ്ദേശീയര്‍ക്ക് നീക്കിവെക്കണം എന്ന നിബന്ധന പണ്ടേ ഉണ്ടായിരുന്നു. പക്ഷേ, അത് നടപ്പാക്കാനാവില്ല എന്ന് സൗദി അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. അറബികള്‍ക്കും സ്വന്തംനാട്ടില്‍ പല പണികളും ചെയ്യുന്നതിന് വൈമനസ്യമാണ്. പല ഉന്നത സാങ്കേതികമേഖലകളിലും ആവശ്യത്തിന് സ്വദേശി തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയുമുണ്ടായി. എല്ലാവര്‍ക്കും ഒരേ നിബന്ധന പറ്റില്ല. അങ്ങനെയാണ് സൗദി അധികൃതര്‍ സ്ഥാപനങ്ങളെ തരംതിരിക്കാന്‍ തുടങ്ങിയത്. നിതാഖാത് എന്നാല്‍, തരംതിരിക്കുക എന്നാണ് അര്‍ഥം. 2009-ലാണ് ഈ പുതിയ നയത്തിന് രൂപംനല്‍കിയത്.

തുടര്‍ന്ന് തൊഴിലുകളെ 41 മേഖലകളായി തിരിച്ചു. ഓരോന്നിലും സവിശേഷതകള്‍ കണക്കിലെടുത്ത് എത്ര ശതമാനം സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് ചുരുങ്ങിയത് ജോലിനല്‍കണം എന്ന നിബന്ധനയുണ്ടാക്കി. സ്ഥാപനങ്ങളെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചായി തിരിച്ചു. വലിപ്പം കൂടുന്തോറും സ്വദേശി തൊഴിലാളി പങ്കാളിത്തത്തിന്റെ ശതമാനം കൂടും. പത്തുപേരില്‍ത്താഴെ ആളുകള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധനകളില്‍നിന്ന് ഒഴിവും നല്‍കി.

നിയമം പൂര്‍ണമായി പാലിച്ച സ്ഥാപനങ്ങള്‍ക്ക് ഗ്രീന്‍ അല്ലെങ്കില്‍ ബ്ലൂ കാര്‍ഡും പ്രോത്സാഹനാര്‍ഥം റിക്രൂട്ട്‌മെന്റിലും മറ്റും പലവിധ ഇളവുകളും അനുവദിച്ചു. അതേസമയം, നിയമം നടപ്പാക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്ത സ്ഥാപനങ്ങളെ ചുവപ്പുകാര്‍ഡു നല്‍കി കര്‍ശനനിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കി. ഇതില്‍ രണ്ടിലും പെടാത്ത സ്ഥാപനങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കി അടിയന്തരമായി പോരായ്മകള്‍ തിരുത്താന്‍ അവസരം നല്‍കി.

ഇതോടൊപ്പം വിസയില്ലാതെ ജോലിയെടുക്കുന്നവരെ കണ്ടെത്തി പുറത്താക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തി. വിസയുണ്ടെങ്കിലും സ്‌പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലിചെയ്യുന്നവര്‍ സൗദി അറേബ്യയില്‍ പതിനായിരക്കണക്കിനുണ്ട്. പലപ്പോഴും അറബികള്‍ തങ്ങളുടെ സ്ഥാപനത്തിന് ആവശ്യമില്ലെങ്കിലും വിസ നല്‍കി തൊഴിലാളികളെ പുറത്തുനിന്ന് റിക്രൂട്ടുചെയ്യും. പലപ്പോഴും സ്ഥാപനംപോലുമുണ്ടാകില്ല. ഇങ്ങനെ വരുന്ന തൊഴിലാളികള്‍ സ്‌പോണ്‍സറായ അറബിക്ക് ഒരു നിശ്ചിത ഫീസ് നല്‍കി മറ്റേതെങ്കിലും സ്ഥാപനത്തില്‍ പണിയെടുക്കുകയാണ് പതിവ്. ഇവരെയാണ് ഫ്രീ വിസക്കാര്‍ എന്നുവിളിക്കുന്നത്. ഇത്തരത്തില്‍ അനധികൃതമായി പണിയെടുക്കുന്നതിനെയും കര്‍ശനമായി നിരോധിച്ചു.

മേല്പറഞ്ഞ നടപടികള്‍ ഊര്‍ജിതപ്പെട്ടതോടെ സൗദി അറേബ്യയില്‍നിന്ന് മടങ്ങിവന്നവരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്നു. കേരളത്തിലെ പ്രവാസികളുടെ 23 ശതമാനമേ സൗദി അറേബ്യയിലുള്ളൂ. പക്ഷേ, ഇപ്പോള്‍ത്തന്നെ ഏതാണ്ട് 34 ശതമാനം മടങ്ങിവന്ന പ്രവാസികള്‍ സൗദി അറേബ്യയില്‍ നിന്നുള്ളവരാണ് എന്നാണ് ഡോ. ഇരുദയരാജന്റെയടക്കം കണക്ക്.
ഒക്ടോബറില്‍ ഒരു സുപ്രധാന പ്രഖ്യാപനം വന്നു. പത്തു തൊഴിലാളികളേക്കാള്‍ കുറവുള്ള സ്ഥാപനങ്ങളില്‍ ഒരാളെങ്കിലും സൗദി അറേബ്യക്കാരനായിരിക്കണം. രണ്ടരലക്ഷം ചെറുകിട സ്ഥാപനങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായി. മൂവായിരം റിയാല്‍, സ്വദേശിത്തൊഴിലാളികള്‍ക്ക് നല്‍കി ഈ ചെറുകിടസ്ഥാപനങ്ങള്‍ ലാഭകരമായി നടത്താനാവില്ല.

മാര്‍ച്ച് അവസാനത്തോടെ പലവട്ടം നീട്ടിവെച്ച നിയമത്തിന്റെ അവസാന തീയതിയും കഴിഞ്ഞിരുന്നു.
ഫിലിപ്പൈന്‍സ് എംബസിക്കാര്‍ അവരുടെ പ്രവാസികളെ സംരക്ഷിക്കാനും മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കാനും എടുക്കുന്ന നടപടികള്‍ നമ്മുടെ എംബസിക്കാര്‍ക്കും സര്‍ക്കാറിനും ഒരു സാധനാപാഠമാകേണ്ടതാണ്. എംബസി വെബ്‌സൈറ്റിലൂടെ സൗദി അറേബ്യയിലെ ലേബര്‍ നിയമത്തില്‍ വരുന്ന മാറ്റങ്ങളെ കാലാകാലങ്ങളില്‍ പരിചയപ്പെടുത്തി. മാത്രമല്ല, ഭാവിയില്‍ ഉയര്‍ന്നുവരാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രവാസികളെ ബോധവത്കരിക്കുന്നതിന് ഓവര്‍സീസ് ഫിലിപ്പൈന്‍സ് കോണ്‍ഗ്രസ് പോലുള്ള സംഘടനകളെ ഫിലിപ്പൈന്‍സ് എംബസി ഫലപ്രദമായി ഉപയോഗപ്പെടുത്തി. ഇന്ത്യന്‍ എംബസിയാകട്ടെ, പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനു ശേഷമാണ് ഉറക്കമുണരുന്നത്. എന്നിട്ട് നിയമം ലംഘിക്കാത്തവര്‍ക്ക് ഒന്നും ഭയപ്പെടാനില്ലെന്ന് സാരോപദേശവും.

കേരളസര്‍ക്കാര്‍ അടിയന്തരമായി ചെയ്യാനുദ്ദേശിക്കുന്നത് കുടുംബശ്രീ വഴി സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കലാണ്. ഇത്തരം ധൃതിയിലുള്ള വിവരശേഖരണം ഫലപ്രദമാകാന്‍ പോകുന്നില്ല. നിലവിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗപ്പെടുത്തുന്നതാവും ഉചിതം. ഫിലിപ്പൈന്‍സ് എംബസി ചെയ്തതെന്തെന്നോ? പ്രവാസികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തുന്നതിനുമുള്ള സൗകര്യം അവര്‍ ഉണ്ടാക്കി. ഇതിനുപുറമേ ചുവപ്പുകാര്‍ഡ്സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് നീല അല്ലെങ്കില്‍ പച്ചക്കാര്‍ഡ്സ്ഥാപനങ്ങളിലേക്ക് മാറുന്നതിനുള്ള സഹായങ്ങള്‍ അവര്‍ ചെയ്തുകൊടുത്തു. എന്നിട്ടും നാട്ടിലേക്ക് മടങ്ങേണ്ടിവന്നവര്‍ക്ക് പുനരധിവാസ പാക്കേജും ഏര്‍പ്പെടുത്തി. നമ്മുടെ കേന്ദ്രസര്‍ക്കാറും സംസ്ഥാനസര്‍ക്കാറും ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ. ആകെ ഫലത്തില്‍ നടന്നിട്ടുള്ളത് എയര്‍ ഇന്ത്യയടക്കം വിമാനയാത്രാക്കൂലി കുത്തനെ കൂട്ടിയതാണ്.

നയതന്ത്രചര്‍ച്ചകളില്‍ ഒരു പൊതുമാപ്പുകൂടി നേടിയെടുക്കാനുള്ള ശ്രമം നല്ലതാണ്. മറ്റൊന്നുമില്ലെങ്കിലും പാസ്‌പോര്‍ട്ടില്‍ നാടുകടത്തല്‍ രേഖപ്പെടുത്തി തിരിച്ചയയ്ക്കുന്നത് ഒഴിവാക്കാന്‍ കഴിയും. ഇത്തരം എക്‌സിറ്റ് വിസ രേഖപ്പെടുത്തിയാല്‍ പിന്നെ ഗള്‍ഫിലേക്ക് തിരിച്ചുപോകാന്‍ നോക്കേണ്ട. സര്‍ക്കാര്‍ ചെലവില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത്, മടങ്ങിവരേണ്ടിവരുന്നവര്‍ക്ക് സൗകര്യം നല്‍കണം. തീരെ പാവപ്പെട്ടവര്‍ക്കും രണ്ടുവര്‍ഷത്തില്‍ താഴെ കാലയളവിനുള്ളില്‍ മടങ്ങേണ്ടിവന്നവര്‍ക്കും സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിക്കണം.

ഗള്‍ഫിലുള്ള മലയാളി ബിസിനസ്സുകാര്‍ ഇപ്പോള്‍ത്തന്നെ നമ്മുടെ പൊതുമണ്ഡലത്തില്‍ അര്‍ഹമായ സ്ഥാനം നേടിയിട്ടുണ്ട്. എന്നാല്‍, വിദേശ തൊഴില്‍പരിചയവും വൈദഗ്ധ്യവും ചെറിയൊരു സമ്പാദ്യവുമായി തിരിച്ചുവരുന്നവര്‍ക്ക് സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം. അവര്‍ക്ക് ആവശ്യമായ സഹായധനവും ലഭ്യമാക്കണം. മടങ്ങിവരുന്നരില്‍ ഭൂരിപക്ഷത്തിനും എങ്ങനെയെങ്കിലും ഗള്‍ഫിലേക്കുതന്നെ തിരിച്ചുപോകണമെന്നായിരിക്കും ആഗ്രഹം. ഇതിന് അവരെ സഹായിക്കുന്നതും പുനരധിവാസത്തിന്റെ ഭാഗമായി കാണണം. ഇന്ന് ഗള്‍ഫ് കുടിയേറ്റത്തില്‍ സര്‍ക്കാറിന് യാതൊരു പങ്കുമില്ല. ഉള്ള കുടിയേറ്റനിയമംതന്നെ ബ്രിട്ടീഷുകാരുടെ നിയമത്തിന്റെ പ്രേതമാണ്.

മേല്പറഞ്ഞ പുനരധിവാസ പാക്കേജിനുള്ള പ്രാഥമിക ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാറിനു തന്നെയാണ്. ഇന്ത്യയുടെ വിദേശ വ്യാപാരക്കമ്മി സര്‍വകാല റെക്കോഡിലേക്ക് ഉയരുകയാണ്. രാജ്യം ഇന്നും പിടിച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുകാരണം, വിദേശ ഇന്ത്യക്കാര്‍ അയച്ചുതരുന്ന അതിഭീമമായ വിദേശനാണയമാണ്. വിദേശനാണയം നേടാന്‍വേണ്ടി കയറ്റുമതിക്കാര്‍ക്ക് എന്തെല്ലാം പ്രോത്സാഹനമാണ് ഓരോ ബജറ്റിലും പ്രഖ്യാപിക്കുന്നത്. ഇങ്ങനെ മുതലാളിമാര്‍ക്ക് വാരിക്കോരി കൊടുക്കുന്നവര്‍ കയറ്റുമതിക്കാരുടെ അത്രയുംതന്നെ വിദേശനാണയം നേടിത്തരുന്ന വിദേശ ഇന്ത്യക്കാരുടെ കാര്യം വരുമ്പോള്‍ എന്തെല്ലാം വേവലാതികളും പിശുക്കുകളുമാണ് കാണിക്കുന്നത്. നന്ദികേടെന്നല്ലാതെ എന്തുപറയാന്‍!