About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Wednesday, April 3, 2013

നോവാര്‍ട്ടീസ് വിധിയുടെ പ്രാധാന്യം


ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ ആരംഭിച്ച ശേഷം ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വഭാവത്തില്‍ കാതലായ ഒരു ഭാവമാറ്റം വന്നുവെന്നത് നിസ്തര്‍ക്കമാണ്. ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, ചിന്നപ്പ റെഡ്ഡി, പി. എന്‍. ഭഗവതി, മാര്‍ക്കണ്‌ഡേയ കട്ജു, എച്ച് ആര്‍ ഖന്ന, കുല്‍ദീപ് സിംഗ് തുടങ്ങിയ സാമൂഹ്യ പ്രതിബന്ധതയുളള ജഡ്ജിമാര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് പുരോഗമനപരവും സാമൂഹ്യസാമ്പത്തിക നീതിയില്‍ അധിഷ്ഠിതവുമായ വ്യാഖ്യാനം നല്‍കുന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തി.

എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ ടിഎംഎ ഫൗണ്ടേഷന്‍ കേസില്‍ നിന്നാരംഭിച്ച വിധികള്‍, തൊഴില്‍ മേഖലയില്‍ വ്യവസായതര്‍ക്ക നിയമം സംബന്ധിച്ച വിധികള്‍, സമരം ചെയ്യാനും മറ്റുമുളള പൗരാവകാശം സംബന്ധിച്ച നിലപാടുകള്‍, പുത്തന്‍ പരിഷ്‌കാരങ്ങളെ പുകഴ്ത്തിക്കൊണ്ടുളള പ്രസ്താവനകള്‍ തുടങ്ങിയവ വലിയൊരു തിരിച്ചുപോക്കായിരുന്നു. ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ഉടനെ മുതലാളിമാരുടെ യോഗത്തില്‍ ചെന്ന് ആഗോളവത്കരണ നയങ്ങളെ കലവറയില്ലാതെ പിന്താങ്ങുകയായിരുന്നു എസ് എച്ച് കപാഡിയ ചെയ്തത്. ഈ പിന്തിരിപ്പന്‍ നിലപാടുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഏതാനും വിധികളുമുണ്ടായിട്ടുണ്ട്. അതിലേറ്റവും പ്രധാനം 2 ജി സ്‌പെക്ട്രം കേസിലെയും കളളപ്പണം സംബന്ധിച്ച ഹസന്‍ അലി കേസിലെയും വിധികളാണ്. ഇതിനോടൊപ്പം ചേര്‍ക്കാവുന്ന മറ്റൊരു വിധി കൂടി സുപ്രിംകോടതിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതാണ്, സ്വിസ് ബഹുരാഷ്ട്ര കുത്തകയായ നോവാര്‍ട്ടീസിനെതിരെ ഇന്ത്യന്‍ പേറ്റന്റ് നിയമം സംരക്ഷിച്ചുകൊണ്ട് ഏപ്രില്‍ ഒന്നിന് പുറപ്പെടുവിച്ച വിധി.

രക്താര്‍ബുദത്തിന്റെ ചികിത്സയ്ക്കായി നോവാര്‍ട്ടീസ് എന്ന സ്വിസ് ബഹുരാഷ്ട്രക്കമ്പനി നിര്‍മ്മിക്കുന്ന മരുന്നാണ് ഗ്ലീവെക് എന്ന ബ്രാന്‍ഡ് പേരിലുളള മരുന്ന്. ഇമാറ്റിനിബ് മെസിലേറ്റ് എന്ന രാസവസ്തുവാണ് ഈ മരുന്നു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ മരുന്നു കമ്പനികളും ഇതേ രാസവസ്തു ഉപയോഗിച്ച് കാന്‍സറിനുളള ജെനറിക് ഔഷധമായി വിറ്റുവരുന്നുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ മരുന്നുപയോഗിച്ചാല്‍ പ്രതിമാസം പതിനായിരം രൂപയേ ചെലവു വരൂ. അതേസമയം ഗ്ലീവെക്ക് മരുന്നിന് 120000 രൂപ ചെലവു വരും. ഏതാണ്ട് പതിനാറായിരം പേര്‍ നോവാര്‍ട്ടീസിന്റെ മരുന്നുപയോഗിക്കുമ്പോള്‍ മൂന്നു ലക്ഷം പേരാണ് ഇന്ത്യന്‍ മരുന്നു കമ്പനികളുടെ മരുന്നുപയോഗിക്കുന്നത്.

 ഇന്ത്യന്‍ മരുന്നു കമ്പനികളുടെ ഉല്‍പാദനം അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ എത്ര ഭീമമായ കൊളളലാഭമാണ് നോവാര്‍ട്ടീസിന് ലഭിക്കുന്നതെന്ന് കണക്കുകൂട്ടൂ. ഇതിനു വേണ്ടി കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി നോവാര്‍ട്ടീസ് ശ്രമിച്ചുവരികയായിരുന്നു.

1993ലാണ് നോവാര്‍ട്ടീസ് ഗ്ലീവെക് കണ്ടുപിടിച്ചത്. അമേരിക്കയില്‍ പേറ്റെന്റുമെടുത്തു. പക്ഷേ, ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പേറ്റന്റ് നിയമപ്രകാരം ഇവിടത്തെ ഒരു കമ്പനിയ്ക്ക് അതേ മരുന്നുണ്ടാക്കുന്നതിന് തടസമൊന്നുമുണ്ടായിരുന്നില്ല. നോവാര്‍ട്ടീസ് മരുന്നുണ്ടാക്കാന്‍ ഉപയോഗിച്ച പ്രക്രിയ ഉപയോഗിക്കാന്‍ പാടില്ലെന്നേ ഉളളൂ. മറ്റേതെങ്കിലും മാര്‍ഗം അവലംബിച്ച് അതേ മരുന്നുണ്ടാക്കുന്നത് നിയമവിധേയമായിരുന്നു. ചുരുക്കത്തില്‍ ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ക്കു പേറ്റന്റുണ്ടായിരുന്നില്ല. ഉല്‍പാദന പ്രക്രിയകള്‍ക്കേ പേറ്റെന്റെടുക്കാന്‍ കഴിയുമായിരുന്നുളളൂ. ഇതുപയോഗപ്പെടുത്തിയാണ് ഇന്ത്യന്‍ മരുന്നു കമ്പനികള്‍ ജനറിക് ഔഷധങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയത്.

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പേറ്റന്റ് നിയമം, 1970ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് ആവിഷ്‌കരിച്ചതാണ്. പേറ്റന്റ് ഉടമസ്ഥന്മാരുടെ കുത്തക നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനും വിദേശ സാങ്കേതിക വിദ്യകളെ നാടിന്റെ വികസനത്തിന് പരമാവധി ഉപയോഗപ്പെടുത്താനും ഉപകരിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ആ നിയമം ആവിഷ്‌കരിച്ചത്. മൂന്നാംലോക രാജ്യങ്ങള്‍ക്കെല്ലാം മാതൃകയായി ഐക്യരാഷ്ട്ര സഭ തന്നെ പ്രകീര്‍ത്തിച്ച നിയമമാണിത്. എന്നാല്‍ ലോക വ്യാപാരക്കരാറില്‍ ഒപ്പിട്ടതോടെ നമ്മുടെ പേറ്റന്റ് നിയമവും ഭേദഗതി ചെയ്യാന്‍ നാം നിര്‍ബന്ധിതരായി. പേറ്റന്റിന് കാലാവധി 20 വര്‍ഷമായി വര്‍ദ്ധിപ്പിച്ചു.

കൃഷിയും സൂക്ഷ്മജീവജാലങ്ങളുമെല്ലാം പേറ്റന്റ് പരിധിയ്ക്കുളളിലായി. പ്രക്രിയയ്ക്കു മാത്രമല്ല ഉല്‍പന്നത്തിനും പേറ്റന്റെടുക്കാമെന്നായി.
1995ലാണ് പുതിയ പേറ്റന്റ് നിയമം നടപ്പിലാക്കേണ്ടിയിരുന്നത്. കാലതാമസം പരിഗണിച്ച് ബിജെപി സര്‍ക്കാര്‍ 1995നു ശേഷം പേറ്റന്റെടുത്ത ഉല്‍പന്നങ്ങള്‍ക്ക് കുത്തകവിപണന അവകാശം ബന്ധപ്പെട്ട കമ്പനികള്‍ക്ക് അനുവദിച്ചുകൊടുത്തുകൊണ്ട് നിയമം പാസാക്കി. ഈ വകുപ്പുപയോഗപ്പെടുത്തി ചെന്നൈ ഹൈക്കോടതിയില്‍ ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്കെതിരെ നോവാര്‍ട്ടീസ് കേസുകൊടുത്തു. 1995നു ശേഷമാണ് ഗ്ലീവെക് പേറ്റന്റ് ചെയ്തതെന്നും പുതിയ നിയമവ്യവസ്ഥ പ്രകാരം മറ്റു കമ്പനികള്‍ ഇതേ മരുന്ന് വിപണനം നടത്തുന്നത് തടയണമെന്നുമായിരുന്നു നോവാര്‍ട്ടീസിന്റെ ആവശ്യം.

ചെന്നൈ ഹൈക്കോടതിയുടെ വിധി നോവാര്‍ട്ടീസിന് അനുകൂലമായിരുന്നു. ഈ വിധിയ്‌ക്കെതിരെ കാന്‍സര്‍ രോഗികളുടെ സംഘടന സുപ്രിംകോടതിയില്‍ കക്ഷി ചേര്‍ന്നു. ഗ്ലീവെക്കിന് പേറ്റന്റ് ലഭിച്ചത് 1995നു മുമ്പാണ് എന്നു തെളിയിച്ചതോടെ സുപ്രിംകോടതി ചെന്നൈ ഹൈക്കോടതിയുടെ വിധി അസ്ഥിരപ്പെടുത്തി. നോവാര്‍ട്ടീസിന് വെല്ലുവിളിയായി ഇന്ത്യന്‍ കമ്പനികള്‍ കമ്പോളത്തില്‍ തുടര്‍ന്നു.

20 വര്‍ഷമാണല്ലോ, പുതിയ നിയമപ്രകാരം പേറ്റന്റിന്റെ കാലാവധി. ഗ്ലീവെക്കിന് പേറ്റന്റ് ലഭിച്ചിട്ട് 20 വര്‍ഷം കഴിഞ്ഞിരുന്നു. അതുകൊണ്ട് ആര്‍ക്കു വേണമെങ്കിലും ഈ മരുന്നുണ്ടാക്കുന്നതിന് നിയമതടസമൊന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ നോവാര്‍ട്ടീസ് മറ്റൊരു തന്ത്രം പ്രയോഗിച്ചു. ഗ്ലീവെക് മരുന്നിന്റെ ഘടനയില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി പുതിയ മരുന്നാണെന്നു പറഞ്ഞ് പേറ്റന്റിന് അപേക്ഷിച്ചു. പേറ്റന്റ് അനുവദിക്കുന്നതിനു മുമ്പ് ആര്‍ക്കുവേണമെങ്കിലും തടസവാദമുന്നയിക്കാന്‍ അവകാശമുണ്ട്.

നേരത്തെ ഉണ്ടായിരുന്ന മരുന്നില്‍ നിന്ന് അടിസ്ഥാനപരമായ ഒരു മാറ്റവുമില്ലെന്നും പുറംപൂച്ചു നടത്തിയിട്ടാണ് പുതിയ മരുന്നായി ബഹുരാഷ്ട്ര കുത്തക അവതരിപ്പിച്ചിരിക്കുന്നത് എന്നു തെളിയിക്കാനും ഇന്ത്യന്‍ കമ്പനികള്‍ക്കു കഴിഞ്ഞു. നോവാര്‍ട്ടീസിന് പേറ്റന്റ് നിഷേധിക്കപ്പെട്ടു. ഇതിനെതിരെ അവര്‍ ട്രിബ്യൂണലില്‍ പോയി. അവിടെയും വിധി പ്രതികൂലമായിരുന്നു.

ഭേദഗതി ചെയ്യപ്പെട്ട ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ 3 ഡി എന്ന വകുപ്പായിരുന്നു നോവാര്‍ട്ടീസിന്റെ അത്യാര്‍ത്തിയ്ക്കു വിലങ്ങു തടിയായത്. വിദേശ കുത്തകകള്‍ ആവശ്യപ്പെട്ടതെല്ലാം പേറ്റന്റ് നിയമത്തില്‍ ഇന്ത്യാ സര്‍ക്കാര്‍ ഉള്‍ക്കൊളളിച്ചിരുന്നു. ഉല്‍പന്ന പേറ്റന്റ് അനുവദിച്ചു. കാലാവധി നീട്ടി. ഇതിനെതിരെ പാര്‍ലമെന്റില്‍ ഇഞ്ചോടിഞ്ച് ഇടതുപക്ഷ കക്ഷികള്‍ പൊരുതി. സുപ്രിംകോടതിയുടെ വിധിയില്‍ സുരേഷ് കുറുപ്പ് അടക്കമുളള മൂന്ന് ഇടതുപക്ഷ എംപിമാരുടെ പ്രസംഗത്തില്‍ നിന്ന് ഉദ്ധരണികള്‍ ചേര്‍ത്തിട്ടുണ്ട്. വിസ്തരഭയത്താല്‍ വിശദാംശങ്ങളിലേയ്ക്കു കടക്കുന്നില്ല. അവസാനം പ്രണബ് മുഖര്‍ജി ഇടപെട്ട് ഒരു ചെറിയ വിട്ടുവീഴ്ച ചെയ്തു. പേറ്റന്റ് ചെയ്യപ്പെട്ട ഉല്‍പന്നത്തിന്റെ കാലാവധി അവസാനിക്കുമ്പോള്‍ അതില്‍ ചില്ലറ മാറ്റം വരുത്തി പുതിയ ഉല്‍പന്നമായി പേറ്റന്റ് എടുക്കുന്നതിനെ നിരോധിക്കുന്ന വകുപ്പായിരുന്നു 3 ഡി. കരടു നിയമപ്രകാരം ഇങ്ങനെ ചെയ്യുന്നതിന് ഒരു തടസവുമുണ്ടായിരുന്നില്ല.

ഫലത്തില്‍ ഒരു കുത്തക കമ്പനിയ്ക്കു വേണമെങ്കില്‍ എത്ര പതിറ്റാണ്ടു വേണമെങ്കിലും ഇപ്രകാരം പേറ്റന്റുകള്‍ പുതുക്കിക്കൊണ്ടിരിക്കാം. മറ്റുളളവരെ ഈ ഉല്‍പാദനത്തിലേയ്ക്കു കടന്നുവരുന്നത് തടസപ്പെടുത്താം. ഇതിന് ഇംഗ്ലീഷില്‍ പറയുന്ന സാങ്കേതികപദമാണ് 'ഗ്രീനിംഗ്'. പാര്‍ലമെന്റ് വളരെ വിശദമായി ചര്‍ച്ച ചെയ്ത് ഉള്‍ക്കൊളളിച്ച ഈ വകുപ്പ് ഭരണഘടനയ്ക്കും ആഗോളവ്യാപാരക്കരാറിനും എതിരാണെന്ന ന്യായം പറഞ്ഞാണ് നോവാര്‍ട്ടീസ് കേസ് ഫയല്‍ ചെയ്തത്.

ഈ കേസില്‍ നോവാര്‍ട്ടീസ് വിജയിച്ചാല്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ഊഹാക്കാവുന്നതേയുളളൂ. ഇന്ത്യന്‍ കമ്പനികള്‍ക്ക് ചെലവു കുറഞ്ഞ മരുന്നുല്‍പാദിപ്പിക്കാനുളള അവകാശം നഷ്ടപ്പെടും. 1,20,000 രൂപയോ അതിനു മുകളിലോ ഉളള തീവിലയ്ക്ക് മരുന്നുകള്‍ വാങ്ങാന്‍ രോഗികള്‍ നിര്‍ബന്ധിതരാകും. നമ്മുടെ നാട്ടിലെ കാന്‍സര്‍ രോഗികള്‍ മാത്രമല്ല മൂന്നാം ലോക രാജ്യങ്ങളിലെ മുഴുവന്‍ രോഗികളെയും ഇതു ബാധിക്കും. കാരണം, ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഈ ചെലവു കുറഞ്ഞ മരുന്നാണ് ദക്ഷിണാഫ്രിക്കയടക്കമുളള പല രാജ്യങ്ങളിലും ഇന്ന് ഉപയോഗിച്ചുവരുന്നത്. നോവാര്‍ട്ടീസിന്റെ ഉന്നം ഇന്ത്യയിലെ കാന്‍സര്‍ കമ്പോളം മാത്രമല്ല. ആഗോള കമ്പോളത്തിലുളള ഇന്ത്യന്‍ വെല്ലുവിളി അവസാനിപ്പിക്കുകയായിരുന്നു.
സ്വാഭാവികമായും ഈ കേസിനെതിരെ ആഗോളമായി വലിയ പ്രതിഷേധമുയര്‍ന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പലരാജ്യങ്ങളിലും ഒപ്പുശേഖരണം നടന്നു.

നോവാര്‍ട്ടീസിന്റെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്നുളള ആഹ്വാനങ്ങളുമുണ്ടായി. 2012ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ നടന്ന ജനകീയാരോഗ്യ അസംബ്ലിയില്‍ പ്രമേയം പാസാക്കി. ഇന്ത്യയില്‍ നിന്നുളള ജനകീയാരോഗ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഡോ. ബി ഇക്ബാലും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ സംരക്ഷണം മൂന്നാംലോക രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമാണ് എന്ന് വിശദീകരിക്കപ്പെട്ടു. പക്ഷേ, ആത്യന്തികമായി ഫലം സുപ്രിംകോടതിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നു വ്യക്തമായിരുന്നു. സുപ്രിംകോടതി ഇന്ത്യന്‍ പേറ്റന്റ് നിയമത്തെ സംരക്ഷിച്ചുവെന്നു മാത്രമല്ല, 112 പേജു വരുന്ന സുദീര്‍ഘമായ വിധിന്യായത്തില്‍ അനിയന്ത്രിതമായ പേറ്റന്റ് അവകാശങ്ങളുടെ അധാര്‍മ്മികതയും ജനവിരുദ്ധതയും തുറന്നു കാണിക്കുകയും ചെയ്തു. ഇന്ത്യന്‍ ഔഷധവ്യവസായത്തെക്കുറിച്ചുളള വിശദമായ അപഗ്രഥനവും 3 ഡി വകുപ്പ് ചേര്‍ക്കുന്നതിന് വഴിതെളിച്ച ചര്‍ച്ചകളില്‍ നിന്ന് സുലഭമായി ഉദ്ധരിക്കുകയും ചെയ്തു.

വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണവും കോടതി നടത്തുന്നുണ്ട്. നിയമം വ്യാഖ്യാനിക്കുമ്പോള്‍ ടെക്സ്റ്റ് (നിയമത്തിന്റെ വരികള്‍) മാത്രം നോക്കിയാല്‍ പോര, നിയമത്തിന്റെ കോണ്‍ടെക്സ്റ്റ് (നിയമനിര്‍മ്മാണത്തിന്റെ സാഹചര്യങ്ങള്‍) കൂടി പരിശോധിക്കണം. അതുകൊണ്ടാണ് വെറും സാങ്കേതികമായ തലനാരിഴ കീറിയ നിയമവ്യാഖ്യാനങ്ങള്‍ക്കപ്പുറം മൂന്നാം ലോകത്തെ രോഗികളുടെ ആവശ്യങ്ങളും ഔഷധ വ്യവസായത്തിന്റെ പ്രശ്‌നങ്ങളും നിയമനിര്‍മ്മാണ സഭയുടെ ഇന്റന്‍ഷനും പരിശോധിക്കുന്നതിന് തയ്യാറായത്.

ഈ വിധി രണ്ടു നിലപാടുകളെ തളളിക്കളയുന്നുണ്ട്. ഒന്നാമത്തേത്, ആഗോളവ്യാപാരക്കരാര്‍ ഒപ്പുവെച്ചുപോയി. പേറ്റന്റ് നിയമം പാസാക്കപ്പെട്ടുപോയി. അതുകൊണ്ട് ഇനി മേല്‍ ഒന്നും ചെയ്യാനാവില്ല. നോവാര്‍ട്ടീസ് വിധിയിലെന്നപോലെ പുരോഗമനപരമായ വ്യാഖ്യാനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കാന്‍ ജനകീയ ബോധവത്കരണത്തിനും പ്രചാരണത്തിനുമെല്ലാം സുപ്രധാന പങ്കുവഹിക്കാന്‍ പറ്റും. അതുപോലെ തന്നെ നിലവിലുളള ആഗോളവ്യാപാരക്കരാറിന്റെ വകുപ്പുകള്‍ പലതും പുനപ്പരിശോധനയ്ക്കു വിധേയമാക്കണം എന്ന ആവശ്യം ഉയര്‍ത്തേണ്ടതുണ്ട്. ദോഹാവട്ടം ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച് ഒട്ടേറെ വാദപ്രതിവാദങ്ങളുണ്ടായി. ചെറിയൊരു നേട്ടവും കൈവരിക്കാന്‍ കഴിഞ്ഞു. സുപ്രിംകോടതി വിധിയില്‍ ഈ ചര്‍ച്ചകളില്‍ നിന്നുളള ഉദ്ധരണികളും നല്‍കിയിട്ടുണ്ട്.

രണ്ടാമത്തെ നിലപാട്, നോവാര്‍ട്ടീസ് വിധി വന്നു, ബഹുരാഷ്ട്ര കുത്തകകള്‍ മുട്ടുമടക്കി എന്നു കരുതുന്നതാണ്. ഇപ്പോഴുണ്ടായിരിക്കുന്നത് ചെറിയൊരു ഏറ്റുമുട്ടല്‍ മാത്രമാണ്. യുദ്ധം തുടരുകയാണ്. ഓരോ തവണയും തങ്ങളുടെ കുത്തക നിയന്ത്രണം നിലനിര്‍ത്തുന്നതിനു വേണ്ടി പേറ്റന്റിനു വേണ്ടിയെത്തുന്ന ഓരോ അപേക്ഷയും നിശിതമായ പരിശോധനയ്ക്കു വിധേയമാക്കണം. ഉല്‍പന്നത്തില്‍ മാറ്റം മേമ്പൊടിക്കു മാത്രമാണോ, അടിസ്ഥാനപരമായിട്ടുളളതാണോ എന്നുളളത് വളരെ ആത്മനിഷ്ഠമായ തീരുമാനമാണ്. നിരന്തരമായ ജാഗ്രത വേണ്ടതുണ്ട്. കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ പി എച്ച് കുര്യന്‍ പേറ്റന്റ് കണ്‍ട്രോളറായിരുന്നപ്പോള്‍ ബെയര്‍ എന്ന ജര്‍മ്മന്‍ കുത്തകയ്‌ക്കെതിരെ എടുത്ത തീരുമാനവും വളരെയേറെ ശ്ലാഘിക്കപ്പെട്ടിരുന്നു.

ജര്‍മ്മന്‍ കമ്പനിയുടെ വില കൂടിയ മരുന്നിനു പകരം ഇന്ത്യയില്‍ത്തന്നെ ഈ മരുന്നുല്‍പ്പാദിപ്പിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് എന്ന വകുപ്പുപയോഗപ്പെടുത്തുകയാണ് കുര്യന്‍ ചെയ്തത്. പേറ്റന്റ് ഉണ്ടായിട്ടും ദീര്‍ഘനാളായി കമ്പനി അതുപയോഗപ്പെടുത്തുന്നില്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയ്ക്ക് ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കാനുളള അധികാരം കണ്‍ട്രോളര്‍ക്കുണ്ട്. പി എച്ച് കുര്യന്‍ അതുപയോഗപ്പെടുത്തി. പക്ഷേ, പിന്നീടാരും ഇതുപയോഗപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് പോരാട്ടം തുടരുക തന്നെ വേണം.

No comments:

Post a Comment