Showing posts with label ഡോളര്‍. Show all posts
Showing posts with label ഡോളര്‍. Show all posts

Tuesday, September 10, 2013

തകരുന്ന രൂപയും തിരിഞ്ഞുകുത്തുന്ന ഉദാരവല്‍ക്കരണവും

  • Deshabhimani Varika 
  • എത്ര രൂപ കൊടുത്താന്‍ ഒരു ഡോളര്‍ കിട്ടും? ഒരു ഡോളര്‍ തന്നാല്‍ എത്ര രൂപ കൊടുക്കാന്‍ തയ്യാറാകും? രൂപയും ഡോളറും തമ്മിലുള്ള ഈ കൈമാറ്റത്തിനെയാണ് വിനിമയ നിരക്ക് എന്നുപറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 50 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 68 രൂപയായി. രൂപയുടെ വിനിമയ നിരക്ക് അഥവാ കൈമാറ്റ തോത് ഇടിഞ്ഞു. കൈമാറ്റം ചെയ്യുമ്പോള്‍ എന്ത് പകരം ലഭിക്കുമെന്നുള്ളതാണ് ഏതൊരു വസ്തുവിന്റെയും വിനിമയ മൂല്യം. അതുകൊണ്ട് മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നത് രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും രൂപയുടെ മൂല്യത്തില്‍ ദിവസംതോറും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിലാണ്.

    ബാലപാഠങ്ങളില്‍നിന്ന് ആരംഭിക്കാം ഓരോ രാജ്യത്തും നാണയങ്ങള്‍ വ്യത്യസ്തമാണ്. എല്ലാ രാജ്യങ്ങളിലും ഒരേ നാണയമായിരുന്നെങ്കില്‍ വിനിമയ നിരക്കിന്റെ പ്രശ്നമേ ഉദിക്കുകയില്ലല്ലോ. ലോക നാണയ വ്യവസ്ഥയിലെ മുഖ്യ നാണയം ഡോളറാണ്. അതുകൊണ്ടാണ് രൂപയും ഡോളറുമായുള്ള വിനിമയനിരക്ക് എടുത്ത് ഉദാഹരിക്കുന്നത്. ഇതുപോലെ ലോകത്തിലെ മറ്റ് ഏത് നാണയമായും രൂപക്ക് വിനിമയ നിരക്കുണ്ട്. അവയുടെ നീക്കങ്ങള്‍ പലപ്പോഴും ഒരേപോലെ ആകണമെന്നില്ല. ചിലപ്പോള്‍ വിപരീത ദിശയിലുമാകാം. സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നമ്മള്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിനെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്നു. വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയുടെ മൂല്യത്തെ പണ്ട് എല്ലാവരും സ്വര്‍ണത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരുന്നത്. ഉദാഹരണത്തിന് 1971 വരെ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 35 ഡോളര്‍ ആയിരുന്നു. ആര് 35 ഡോളര്‍ കൊണ്ട് കൊടുത്താലും ഒരു ഔണ്‍സ് സ്വര്‍ണം നല്‍കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു. ഇതുപോലെ എല്ലാ രാജ്യങ്ങളും സ്വര്‍ണവും നാണയവും തമ്മിലുള്ള വിനിമയനിരക്ക് നിശ്ചയിക്കുകയാണെങ്കില്‍ നാണയങ്ങളുടെ വിനിമയ നിരക്ക് കണക്കുകൂട്ടല്‍ എളുപ്പമാകും.

    രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ അമേരിക്ക മാത്രമാണ് സ്വര്‍ണവുമായുള്ള ബന്ധം തുടരാന്‍ തീരുമാനിച്ചത്. എല്ലാ രാജ്യങ്ങളും ഡോളറുമായുള്ള അവരുടെ വിനിമയ നിരക്ക് പ്രഖ്യാപിച്ചു. അമേരിക്കയാകട്ടെ ഡോളറുമായുള്ള അവരുടെ വിനിമയ നിരക്ക് മാറ്റമില്ലാതെ നിര്‍ത്താമെന്ന് സമ്മതിച്ചു. അതിനെന്തുവേണം. ആര് 35 ഡോളര്‍ കൊണ്ടുവന്നാലും ഒരു ഔണ്‍സ് സ്വര്‍ണം നല്‍കാന്‍ അമേരിക്ക തയ്യാറാകണം. ഈ തീര്‍പ്പുകളൊക്കെ പൊളിച്ചത് റിച്ചാര്‍ഡ് നിക്സണ്‍ ആണ്. നിക്സണ് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. വിയറ്റ്നാം യുദ്ധം നടത്താന്‍ ഇഷ്ടംപോലെ അമേരിക്കന്‍ ഡോളര്‍ കമ്മട്ടത്തിലിടിച്ച് ലോകം മുഴുവന്‍ വാരിവിതറി. ഡോളര്‍ സ്വര്‍ണത്തിന് സമമെന്ന് കരുതി മാലോകരെല്ലാം ഡോളര്‍ വാങ്ങിക്കൂട്ടി. പിന്നീട് ചിലര്‍ ഈ ഡോളര്‍ സ്വര്‍ണമാക്കി മാറ്റാന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെയടുത്തുചെന്നപ്പോഴാണ് പുകില്‍ ആരംഭിച്ചത്. ചോദിക്കുന്ന എല്ലാവര്‍ക്കും ഡോളറിന് പകരം സ്വര്‍ണം കൊടുത്താല്‍ അമേരിക്ക പാപ്പരാകുമെന്ന് മനസ്സിലാക്കിയ നിക്സണ്‍ പഴയ ഉറപ്പുകളില്‍നിന്നും പിന്മാറി. മേലില്‍ ഡോളറുമായി വന്നാല്‍ പുതിയ ഡോളര്‍ നോട്ടുകളേ തരാന്‍ പറ്റൂ എന്നായി നിലപാട്. അതോടെ ലോക നാണയ വ്യവസ്ഥ തകിടം മറിഞ്ഞു. ഒന്നിനും ഒരു തിട്ടവുമില്ലാതായി. നാണയങ്ങള്‍ തമ്മിലുള്ള വിനിമയ നിരക്കിലുള്ള സ്ഥിരത നഷ്ടപ്പെട്ടു.

    നാണയങ്ങളുടെ മൂല്യം അളക്കുന്നതെങ്ങനെ? നാണയങ്ങള്‍ തമ്മിലുള്ള കൈമാറ്റത്തോത് എങ്ങനെയാണ് നിശ്ചയിക്കപ്പെടുക എന്ന ചോദ്യം സങ്കീര്‍ണമായി തീര്‍ന്നു. ഇതിനുള്ള മാര്‍ഗം ഇതാണ്: നൂറ് രൂപയ്ക്ക് നമ്മുടെ നാട്ടില്‍ എന്തെല്ലാം സാധനങ്ങള്‍ വാങ്ങാന്‍ കിട്ടുമെന്ന് നോക്കുക. ഇതേ സാധനങ്ങള്‍ അമേരിക്കയില്‍ വാങ്ങാന്‍ രണ്ട് ഡോളര്‍ വേണമെന്നിരിക്കട്ടെ. അപ്പോള്‍ 100 രൂപാ സമം രണ്ട് ഡോളര്‍ എന്നു വരുന്നു. അഥവാ രൂപയുടെ മൂല്യം ഒരു ഡോളര്‍ സമം 50 രൂപയാണ്.

    ഇനിയുള്ള കണക്ക് കൂട്ടല്‍ മുഴുവന്‍ കുറച്ചു കൂടി ലളിതമാക്കാന്‍ ഒരു അനുമാനം സ്വീകരിക്കാം. നാണയത്തിന്റെ മൂല്യം അളക്കുന്നതിന് നിശ്ചിത തുകക്ക് എന്തെല്ലാം ചരക്കുകള്‍ കിട്ടുമെന്ന് കണക്കാക്കണമെന്നാണല്ലോ പറഞ്ഞത്. കണക്ക് കൂട്ടുവാനുള്ള എളുപ്പത്തിന് അമേരിക്കയും ഇന്ത്യയും ഒറ്റ ചരക്കേ ഉണ്ടാക്കുന്നുള്ളൂ എന്ന് കരുതുക. പഞ്ചസാര മാത്രം. ഒരു കിലോ പഞ്ചസാരക്ക് ഇന്ത്യയില്‍ അമ്പത് രൂപ. അമേരിക്കയില്‍ ഒരു ഡോളര്‍. എങ്കില്‍ ഒരു ഡോളര്‍ സമം 50 രൂപയായിരിക്കും. അഥവാ 1:50. ഇനി ഇന്ത്യയില്‍ വിലക്കയറ്റം ഉണ്ടായി പഞ്ചസാരയുടെ വില 100 രൂപയായി. നേരത്തെ 50 രൂപയ്ക്ക് വാങ്ങിയിരുന്ന പഞ്ചസാര വാങ്ങാന്‍ ഇന്ത്യയില്‍ 100 രൂപ കൊടുക്കണം. രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 100 രൂപയായി കുറയും. രൂപയുടെ മൂല്യം ഇടിയും. വിലക്കയറ്റം ഉണ്ടായില്ലെങ്കിലും ഉല്‍പ്പാദനക്ഷമതയില്‍ മാറ്റം വന്നാലും രൂപയുടെ മൂല്യം ഇടിയാം.

    അമേരിക്കയില്‍ പുതിയൊരു അത്യന്താധുനിക പഞ്ചസാര ഉണ്ടാക്കാനുള്ള യന്ത്രം കണ്ടുപിടിച്ചെന്നിരിക്കട്ടെ. തല്‍ഫലമായി പഞ്ചസാരയുടെ ഉല്‍പ്പാദന ചെലവ് നേരത്തെ ഒരു ഡോളര്‍ ആയിരുന്നത് അര ഡോളര്‍ ആയി കുറഞ്ഞു. അപ്പോള്‍ അര ഡോളര്‍ സമം 50 രൂപ അഥവാ രൂപയുടെ മൂല്യം ഒരു ഡോളറിന് 100 രൂപയായി കുറയുന്നു. മറിച്ചാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ രൂപയുടെ മൂല്യം ഉയരുകയും ചെയ്യും. മേല്‍പ്പറഞ്ഞ സന്തുലനാവസ്ഥ കണക്കിലെടുക്കാതെ ഏതെങ്കിലും കാരണവശാല്‍ ആരെങ്കിലും രൂപ യുടെ മൂല്യം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തെന്നിരിക്കട്ടെ. എന്ത് സംഭവിക്കുമെന്ന് നോക്കാം. യഥാര്‍ഥത്തില്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 50 രൂപയാണ്. പക്ഷേ വിലക്കയറ്റമോ ഉല്‍പ്പാദനക്ഷമതയിലോ മാറ്റമൊന്നുമില്ലാതെ രൂപയുടെ മൂല്യം ഡോളറിന് 100 രൂപയായെന്നിരിക്കട്ടെ. നേരത്തെ ഒരു ഡോളറുമായി ഇന്ത്യയില്‍ വന്നാല്‍ അമേരിക്കക്കാരന് 50 രൂപയുടെ പഞ്ചസാര വാങ്ങാമായിരുന്നിടത്ത് 100 രൂപയുടെ പഞ്ചസാര ഇപ്പോള്‍ വാങ്ങാം. ഇതിന്റെ ഫലമായി ഇന്ത്യയില്‍നിന്നുള്ള പഞ്ചസാര കയറ്റുമതി കൂടും. പഞ്ചസാരയുടെ വില ഡോളറായി അമേരിക്ക തരുന്നതുകൊണ്ട് നമ്മുടെ കൈയിലുള്ള ഡോളര്‍ ശേഖരം കൂടും. ഡോളര്‍ സുലഭമാകുമ്പോള്‍ മറ്റേതു ചരക്കിനെയും പോലെ അതിന്റെ മൂല്യവും ഇടിയും. ഡോളറിന്റെ മൂല്യം ഇടിയുമ്പോള്‍ രൂപയുടെ മൂല്യം കൂടും. ഇതിങ്ങനെ കുറേനാള്‍ തുടരുമ്പോള്‍ രൂപയുടെ മൂല്യം വീണ്ടും ഒരു ഡോളര്‍ സമം 50 രൂപ എന്ന സന്തുലനാവസ്ഥയില്‍ എത്തിച്ചേരും.

    അതേസമയം രൂപയുടെ മൂല്യം കൃത്രിമമായി ഉയര്‍ത്തിവയ്ക്കുകയാണെങ്കില്‍ നമ്മുടെ കയറ്റുമതി കുറയും, ഇറക്കുമതി കൂടും. ഡോളര്‍ ദുര്‍ലഭമായി തീരും. ഇതിന്റെ ഫലമായി ഡോളറിന്റെ മൂല്യം ഉയരും. രൂപയുടെ മൂല്യം താഴും.

    ഇതാണ് ധനമന്ത്രി ചിദംബരം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്ന സിദ്ധാന്തം. രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും രൂപയുടെ യഥാര്‍ഥ മൂല്യം ഇന്നുള്ള നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ്.വിപണിയുടെ മുന്‍വിധിയോ തെറ്റിദ്ധാരണയോ പരിഭ്രാന്തിയോ കൊണ്ടാണ് രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മള്‍ ഭയപ്പെടേണ്ട. കുറച്ചുനേരം കൂടി ക്ഷമാപൂര്‍വം കാത്തിരിക്കുക. രൂപയുടെ മൂല്യം തനിയെ ഉയര്‍ന്ന് സന്തുലന നിലയില്‍ എത്തിച്ചേരും.

    രൂപയുടെ ഊഹക്കച്ചവടം

    ചിദംബരം ഇങ്ങനെ പറയാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. പക്ഷേ രൂപയുടെ മൂല്യത്തിന്റെ ഗതി താഴേക്ക് തന്നെയാണ്. എവിടെയാണ് വിശകലനം പാളിയത്? ചിദംബരം നല്‍കിയ സാമ്പത്തികശാസ്ത്ര വിശദീകരണത്തില്‍ കമ്പോളത്തില്‍ കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പിന്നെ പ്രവാസികളും ഫാക്ടറിയിലും മറ്റും മുതല്‍മുടക്കാന്‍ വരുന്ന വിദേശ നിക്ഷേപകരും മാത്രമേ ഉള്ളൂ. ഇവര്‍ മാത്രമുള്ളപ്പോള്‍ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന അസന്തുലനാവസ്ഥ സ്വയം പരിഹരിക്കാനുള്ള ശക്തമായ എതിര്‍ പ്രവണതകള്‍ സ്വാഭാവികമായി തന്നെ ഉണ്ടായിക്കൊള്ളും. പക്ഷേ ഇപ്പോഴത്തെ നില അങ്ങനെയല്ല. കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പോലെ തന്നെ പ്രമാണികളാണ് നാണയ രംഗത്തെ ഊഹക്കച്ചവടക്കാര്‍. രൂപയുടെ മൂല്യം ഇടിയും എന്നുകണ്ട് ഊഹക്കച്ചവടക്കാര്‍ കൈയിലുള്ള രൂപയെല്ലാം ഡോളറാക്കി മാറ്റും. എന്നിട്ട് രൂപയുടെ മൂല്യമിടിയുമ്പോള്‍ ഡോളറെല്ലാം മറിച്ചുവിറ്റ് ലാഭമുണ്ടാക്കും. ഊഹക്കച്ചവട ക്കാര്‍ ഡോളര്‍ വാങ്ങുന്നു എന്നതുതന്നെ ഡോളറിന്റെ മൂല്യം ഉയരുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നതിനും ഇടയാക്കും. രൂപയുടെ മൂല്യം ഉയരാനുള്ള പ്രവണതയെങ്കില്‍ തിരിച്ചായിരിക്കും ഊഹക്കച്ചവടക്കാരുടെ പ്രവൃത്തികള്‍.

    മേല്‍പ്പറഞ്ഞവര്‍ പണക്കമ്പോളത്തിലെ ചെറുകിട വ്യാപാരികളോ ബ്രോക്കര്‍മാരോ മാത്രമാണ്. വമ്പന്മാര്‍ വേറെയുണ്ട്. അവര്‍ വലിയ തോതില്‍ അന്തര്‍ദേശീയമായി വിദേശനാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യും. ഇപ്പോഴാവട്ടെ നാണയങ്ങള്‍ കൊണ്ടുള്ള സാട്ടാ കച്ചവടവും ആരംഭിച്ചിട്ടുണ്ട്. ഭാവിയില്‍ നിശ്ചിത നിരക്കില്‍ നാണയങ്ങള്‍ നല്‍കാമെന്ന് കരാറുണ്ടാക്കുന്നു. ഇങ്ങനെയുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ വാങ്ങിയവര്‍ വീണ്ടും മറ്റുള്ളവരോട് മുന്‍കൂര്‍ കരാര്‍ ഉണ്ടാക്കുന്നു. കരാറുകള്‍ മറിച്ചുവില്‍ക്കുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് ശുദ്ധ വാതുവെപ്പിലും ചൂതാട്ടത്തിലുമാണ്. ഇതുവരെ പറഞ്ഞ ഇടപാടുകളില്‍ യഥാര്‍ഥ നാണയങ്ങള്‍ ഇടപാടുകാര്‍ തമ്മില്‍ ആത്യന്തികമായെങ്കിലും കൈമാറണം. എന്നാല്‍ "ഡെറവേറ്റീവ്" കച്ചവടം എന്ന പേരില്‍ അറിയപ്പെടുന്ന അത്യാധുനിക ചൂതാട്ടത്തിന് ഇതുപോലും വേണ്ട. നാണയങ്ങളുടെ വിനിമയനിരക്ക് നിശ്ചിത നിലവാരത്തിലേക്ക് ഉയരുമോ താഴുമോ എന്നതുസംബന്ധിച്ച് ശതകോടികളുടെ വാതുവെപ്പാണ് ഇവിടെ നടക്കുന്നത്. ഇവരുടെ ഇടപാടുകളാണ് പലപ്പോഴും വിനിമയ നിരക്കിനെ നിശ്ചയിക്കുന്നത്. 2002ല്‍ മൊത്തം "ഡെറവേറ്റീവ്" വ്യാപാരം 106 ലക്ഷം കോടി ഡോളര്‍ ആയിരുന്നു. 2008ല്‍ അത് 680 ലക്ഷം കോടി ഡോളറായി വളര്‍ന്നു. ലോക ഉല്‍പാദനം 65 ലക്ഷം കോടി ഡോളറും ലോക വ്യാപാരം 65 ലക്ഷം കോടി ഡോളറും ആയിരുന്നെന്ന് ഓര്‍ക്കണം. അതുകൊണ്ട് സ്വാഭാവികമായ സന്തുലനാവസ്ഥയില്‍ എത്തിച്ചേരും മുമ്പ് സമൂലമായ തകര്‍ച്ചയെ നേരിടേണ്ടിവന്നേക്കാം.

    ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ഒരു പ്രധാനകാരണം ഊഹക്കച്ചവടക്കാരാണെന്ന് റിസര്‍വ് ബാങ്കിന് അഭിപ്രായമുണ്ട്. രൂപയുടെ വിനിമയ നിരക്കിനുമേല്‍ വാതുവയ്ക്കുന്നതിന് ഇന്ത്യയിലെ തന്നെ ചില ബാങ്കുകളും കോര്‍പറേറ്റുകളും വരെ ഉണ്ടത്രെ. ഇതിന് തടയിടുന്നതിനുവേണ്ടി കൂടിയാണ് ബാങ്കുകളുടെ വശമുള്ള പണലഭ്യത കുറയ്ക്കുന്നതിന് ചില നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചത്.

    ഡോളറിന്റെ ഡിമാന്റും സപ്ലൈയും

    എന്നാല്‍ രൂപയുടെ മൂല്യത്തിനുണ്ടായിരിക്കുന്ന ഇടിവിന് കാരണം ഊഹക്കച്ചവടക്കാരും അന്തര്‍ദേശീയ സംഭവവികാസങ്ങളും മാത്രമാണെന്ന ന്യായവാദത്തോട് ഒട്ടും യോജിക്കാനാവില്ല. രൂപയുടെ മൂല്യം ആത്യന്തികമായി നിര്‍ണയിക്കപ്പെടുക തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ രൂപയുടെയും വിദേശനാണയത്തിന്റെയും താരതമ്യേന വാങ്ങല്‍ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍ അതതു സമയത്ത് കമ്പോളത്തില്‍ രൂപയുടെ മൂല്യം നിര്‍ണയിക്കപ്പെടുക വിദേശനാണയത്തിന്റെ ഡിമാന്റും സപ്ലൈയും അനുസരിച്ചായിരിക്കും.

    സപ്ലൈ അപേക്ഷിച്ച് വിദേശനാണ്യത്തിന് ഡിമാന്റ് കൂടുകയാണെങ്കില്‍ രൂപയുടെ മൂല്യമിടിയും. മറിച്ചാണെങ്കില്‍ തിരിച്ചും സംഭവിക്കും. ഇതില്‍നിന്ന് മുതലെടുക്കാനാണല്ലോ ഊഹക്കച്ചവടക്കാര്‍ ശ്രമിക്കുന്നത്. വിദേശനാണയത്തിന്റെ ഡിമാന്റും സപ്ലൈയും ചരക്കുകളുടെയും സേവനത്തിന്റെയും വിദേശ വ്യാപാരത്തെ ആശ്രയിച്ചിരിക്കും (പ്രവാസി സേവനങ്ങള്‍ക്ക് അടക്കം). കയറ്റുമതി ചെയ്യുമ്പോള്‍ നമുക്ക് വിദേശനാണയം ലഭിക്കും. ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശ നാണയം ചെലവാകുന്നു. കയറ്റുമതിയേക്കാള്‍ ഉയര്‍ന്നതാണ് ഇറക്കുമതി എങ്കില്‍ അതായത് വിദേശവ്യാപാരം കമ്മിയാണെങ്കില്‍ ഇറക്കുമതിക്കാര്‍ക്ക് നല്‍കാനുള്ള വിദേശനാണയം കൈയില്‍ ഇല്ലാതെവരും. രണ്ട് രീതിയില്‍ ഈ കമ്മി നികത്താം.

    1) ഇങ്ങനെയുള്ള സ്ഥിതിവിശേഷത്തെ നേരിടുന്നതിന് വേണ്ടി എല്ലാ രാജ്യങ്ങളും ഒരു വിദേശനാണയ ശേഖരം സൂക്ഷിക്കാറുണ്ട്. അതില്‍നിന്ന് വിദേശനാണയം എടുത്ത് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കിയാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് തടയാം.

    2) വിദേശത്തുനിന്ന് വായ്പ എടുക്കുകയോ അല്ലെങ്കില്‍ നമ്മുടെ രാജ്യത്തേക്ക് ആകര്‍ഷിക്കുവാനോ കഴിഞ്ഞാല്‍ നമുക്ക് വിദേശനാണയം ലഭിക്കും. അത് ഇറക്കുമതിക്കാര്‍ക്ക് നല്‍കി രൂപയുടെ മൂല്യം സംരക്ഷിക്കാം. കഴിഞ്ഞ കുറേക്കാലങ്ങളായി നമ്മള്‍ രണ്ടാമത് പറഞ്ഞ മാര്‍ഗം അവലംബിച്ചുകൊണ്ടിരിക്കുകയായിരുന്നു.

    വിദേശവ്യാപാര കമ്മി

    ഇതിനൊരു പശ്ചാത്തലമുണ്ട്. നിയോലിബറല്‍ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ഇറക്കുമതി നിയന്ത്രണങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെട്ടു. തന്മൂലം ഇറക്കുമതി ചെലവ് കുത്തനെ ഉയര്‍ന്നു. ഇന്ത്യയില്‍ പുതുതായി വികസിച്ച വ്യവസായങ്ങള്‍ എല്ലാം തന്നെ വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയിച്ചുകൊണ്ടുള്ളതാണ്. മാത്രമല്ല സ്വര്‍ണമടക്കമുള്ള ആഡംബര വസ്തുക്കളും വലിയ തോതില്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഇങ്ങനെ ഇറക്കുമതിച്ചെലവ് ഉയര്‍ന്നപ്പോള്‍ കയറ്റുമതി വരുമാനം അതേ തോതില്‍ വര്‍ധിച്ചില്ല. പ്രവാസികളുടെ വരുമാനം ഗണ്യമായി ലഭിച്ചുകൊണ്ടിരുന്നെങ്കിലും വ്യാപാര കമ്മി നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ആഗോളമാന്ദ്യം തുടങ്ങിയതോടെ കയറ്റുമതി മന്ദീഭവിച്ചത് പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. ഇപ്രകാരം വ്യാപാര കമ്മി കൂടി. നടപ്പുവര്‍ഷം കമ്മി നികത്താന്‍ അധികമായി 8000 കോടി ഡോളറെങ്കിലും വിദേശനാണയം ലഭിച്ചേ പറ്റൂ എന്ന നിലയിലാണിപ്പോള്‍. രാജ്യത്തെ മൊത്തം വ്യാപാരകമ്മി (സേവന വ്യാപാരമടക്കം) ദേശീയവരുമാനത്തിന്റെ 5 ശതമാനത്തോളം വരും. ഇത് രണ്ടര ശതമാനത്തിനപ്പുറം ഉയരുന്നത് അപകടകരമാണെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

    രാജ്യം വിദേശവിനിമയ രംഗത്ത് വലിയ അപകടത്തെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ 2012 അവസാനം വരെ ഇത് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്നതില്‍ ഭരണാധികാരികള്‍ വിജയിച്ചു. കാരണം ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വിപുലമായ തോതില്‍ ആകര്‍ഷിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വലിയ സാമ്പത്തികനേട്ടമായി അവര്‍ പെരുമ്പറമുഴക്കി. വിദേശ നിക്ഷേപത്തിലൂടെ വന്ന വിദേശ നാണയം ഉപയോഗിച്ച് വ്യാപാരക്കമ്മി നികത്തി കഴിഞ്ഞിട്ടും മിച്ചംവന്ന വിദേശനാണയം ഉപയോഗിച്ച് വിദേശനാണയ കരുതല്‍ ശേഖരം പെരുപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരം 30,000 കോടി ഡോളര്‍ ആയിരുന്നു. ഇതൊരു സര്‍വകാല റിക്കാര്‍ഡാണ്.

    ഭീമന്‍ വിദേശനാണയ ശേഖരത്തിന് പിന്നില്‍

    പക്ഷേ ഈ ഭീമന്‍ വിദേശനാണയ ശേഖരത്തിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിച്ചു. ഒന്നാമത്തേത് ഇന്ത്യയിലേക്ക് വന്ന വിദേശനിക്ഷേപത്തില്‍ നല്ല പങ്കും ഷെയര്‍ മാര്‍ക്കറ്റിലും മറ്റും ഊഹക്കച്ചവടത്തിനായി വന്ന ഹ്രസ്വകാലനിക്ഷേപങ്ങളായിരുന്നു. ഫാക്ടറിയിലും മറ്റും വരുന്ന വിദേശനിക്ഷേപം പൂര്‍ണമായി എതിര്‍ക്കേണ്ടതില്ല. വിദേശനാണയ രംഗത്ത് അവര്‍ അപകടകാരികളുമല്ല. ഇന്ത്യയില്‍നിന്ന് അവരുടെ ഡോളര്‍ നിക്ഷേപം പിന്‍വലിക്കണമെങ്കില്‍ ഫാക്ടറിയും മറ്റും ആദ്യം വില്‍ക്കണം. അതിന് കാലം പിടിക്കും. അതേസമയം ഹ്രസ്വകാല വായ്പകളാകട്ടെ എപ്പോള്‍ വേണമെങ്കിലും നാടുവിട്ടുപോകാം. നമ്മുടെ കടത്തിലെ 44 ശതമാനം ഇന്ന് ഹ്രസ്വകാല വായ്പകളാണ്. അവ എപ്പോള്‍ പിന്‍വാങ്ങുന്നുവോ അന്ന് നമ്മള്‍ തകരും.

    രണ്ടാമതായി ഇന്ത്യയിലേക്ക് വന്ന ഡോളര്‍ നിക്ഷേപങ്ങളില്‍ നല്ലൊരു പങ്ക് അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി വന്ന നിക്ഷേപങ്ങളാണ്. അമേരിക്കന്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനുവേണ്ടി അമേരിക്കന്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റും ബോണ്ടുകള്‍ വലിയതോതില്‍ വാങ്ങിക്കൂട്ടി. പ്രതിമാസം ഏതാണ്ട് 8000 കോടി ഡോളര്‍ വീതം. ഇത്ര ഭീമമായ തുകയ്ക്കുള്ള ഡോളര്‍ അമേരിക്കന്‍ സമ്പദ്ഘടനയിലേക്ക് പുതുതായി വന്നു. പക്ഷേ അമേരിക്കയിലെ പലിശനിരക്ക് ഏതാണ്ട് പൂജ്യത്തിനടുത്തായതിനാല്‍ അങ്ങനെ ഈ പണത്തില്‍ നല്ലൊരു പങ്ക് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക് ഒഴുകി. ഇങ്ങനെ ഡോളര്‍ സുലഭമായതോടെ രണ്ടുവര്‍ഷം മുമ്പ് രൂപയുടെ മൂല്യം ഉയരുകപോലും ചെയ്തു. വിദേശനാണയം സുലഭമായതോടെ ഇറക്കുമതിയുടെ പേരിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.

    സ്വന്തമായി വിദേശനാണയം നേടിയില്ലെങ്കില്‍ എന്ത്? അത് ഇഷ്ടംപോലെ കടമായി കിട്ടുമല്ലോ. പക്ഷേ ഭരണാധികാരികള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ടായിരുന്നു. അമേരിക്കയിലെ സാമ്പത്തിക നില മെച്ചപ്പെട്ടുതുടങ്ങുമ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ബോണ്ടുവാങ്ങല്‍ നയം തിരുത്തും. ഇങ്ങോട്ടുള്ള ഡോളറിന്റെ ഒഴുക്ക് കുറയും. മാത്രമല്ല, അവിടെ പലിശ നിരക്ക് ഉയര്‍ന്നാല്‍ ഇങ്ങോട്ടുവന്ന ഡോളര്‍ തിരിച്ച് ഒഴുകിത്തുടങ്ങും.

    ഇപ്പോള്‍ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക ഉത്തേജന നയം മാറ്റുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. കേള്‍ക്കേണ്ട താമസം ഇന്ത്യയില്‍നിന്നും മറ്റു മൂന്നാംലോക സമ്പദ്ഘടനകളില്‍നിന്ന് നിക്ഷേപകര്‍ ഡോളര്‍ പിന്‍വലിച്ചുതുടങ്ങി.

    അമേരിക്കയുടെ നയം തിരുത്തിക്കഴിഞ്ഞിട്ടില്ല. തിരുത്തുമെന്ന് പറയുമ്പോഴേ സ്ഥിതി ഇതാണെങ്കില്‍ തിരുത്തിയാലുള്ള അവസ്ഥ എന്തായിരിക്കും?

    ഇന്ത്യ മാത്രമല്ല ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാവരും സമ്മര്‍ദത്തിലാണ്. പക്ഷേ ഇന്ത്യയുടെ നിലയാണ് ഏറ്റവും പരിതാപകരം. കാരണം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഭീതിജനകമായ വ്യാപാര കമ്മിയുള്ള രാജ്യം ഇന്ത്യയാണ്. വലിയ വ്യാപാരക്കമ്മിയുള്ള രാജ്യത്തേക്ക് ഡോളറിന്റെ ഒഴുക്ക് നിലച്ചാല്‍ അവിടത്തെ നാണയത്തിന്റെ മൂല്യം കുത്തനെ കുറയുമെന്ന് തീര്‍ച്ചയാണ്. ഈ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യത്തില്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലയിടിവിനെ മനസ്സിലാക്കേണ്ടത്.

    എത്രവരെ ഇടിയാം ?

    രൂപയുടെ മൂല്യം എത്രവരെ ഇടിയാം? 75 വരെ എന്നുള്ളത് ഇന്ന് പല പ്രമുഖ ധനകാര്യ ഏജന്‍സികളും പ്രവചിച്ചുകഴിഞ്ഞു. പക്ഷേ അവിടെയെങ്ങും കാര്യങ്ങള്‍ നില്‍ക്കണമെന്നില്ല. അമേരിക്കന്‍ സാമ്പത്തിക നയത്തിലുള്ള തിരുത്തല്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുകയുള്ളൂ. പൂര്‍വസ്ഥിതിയിലേക്ക് അമേരിക്കന്‍ നയം എത്തിച്ചേരുന്നതിന് ഒരു വര്‍ഷമെങ്കിലുമെടുക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ കാലമത്രയും രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കും. ഇത് അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യത്തെ പിടിച്ചുകെട്ടാനൊന്നും റിസര്‍വ് ബാങ്ക് ഇറങ്ങിപ്പുറപ്പെടാത്തത്. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിന്റെ പ്രസ്താവന പ്രസിദ്ധമാണ്. "രൂപയെ ഏതെങ്കിലും നിരക്കില്‍ നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. രൂപ, അതിന്റെ നിലവാരം കണ്ടുപിടിച്ചോളും." അതുകൊണ്ട് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത് രൂപയുടെ മൂല്യഇടിവ് തടയാനല്ല മറിച്ച് താഴേക്കുള്ള പോക്ക് സാവധാനത്തിലാക്കുവാന്‍ മാത്രമാണ്. ഏതെങ്കിലും നിശ്ചിത നിരക്കില്‍ രൂപയെ കുരുക്കിയിടാന്‍ ഇന്നുള്ള കരുതല്‍ശേഖരം കൊണ്ടൊന്നും കഴിയില്ല.

    പ്രതിസന്ധി പരിഹരിക്കാന്‍ പല പാക്കേജുകള്‍ ചിദംബരം പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെയെല്ലാം ലക്ഷ്യം മുഖ്യമായും വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ്. എല്ലാ മേഖലകളിലെയും വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുക. ചില്ലറ വ്യാപാര മേഖലയിലെയും മറ്റും ആലോസരപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക. കല്‍ക്കരി പ്രകൃതി വാതക ഖനനം കമ്പോള വിലക്ക് തുറന്നുകൊടുക്കുക. കള്ളപ്പണ വേട്ടക്കെതിരായ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയവയൊക്കെ ഇത്തരം പാക്കേജുകളില്‍പ്പെടും. ഇതുകൊണ്ടൊന്നും വിദേശ നിക്ഷേപകര്‍ പ്രസാദിച്ച മട്ടില്ല. ഇന്ത്യാ സര്‍ക്കാരിന് വിശ്വാസ്യത നാട്ടില്‍ മാത്രമല്ല വിദേശത്തും ഇല്ല.

    പിന്നെ മറ്റൊരു സെറ്റ് നടപടികള്‍ സ്വര്‍ണത്തിന്റെയും ആഡംബര ഉല്‍പ്പന്നങ്ങളുടെയുംമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തലാണ്. വിദേശത്ത് പണം കൊണ്ടുപോകുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ നേരത്തെ ആകാമായിരുന്നു. വിദേശ നിക്ഷേപകരെ കണ്ട് മതിമറന്ന് എല്ലാം തുറന്നുകൊടുക്കുന്ന സമീപനത്തില്‍ കൂടുതല്‍ വിവേകപൂര്‍ണമായ നിലപാട് പണ്ടേ സ്വീകരിക്കാമായിരുന്നു.ഇപ്പോള്‍ എടുക്കുന്ന ഈ നിലപാടുകള്‍ വിപണിയില്‍ സംശയങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ത്യാസര്‍ക്കാര്‍ പരിഷ്ക്കാരങ്ങളില്‍നിന്നും പിന്‍വാങ്ങുമോ? ഈ സംശയം മൂലം എടുത്ത നടപടികള്‍ ഒരു പരിധിവരെ വിപരീത ഫലമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇപ്രകാരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെന്തൊക്കെയാണ്?

    മൂല്യമിടിവിന്റെ പ്രത്യാഘാതങ്ങള്‍

    ഒന്ന്. വിലക്കയറ്റം ഉറപ്പാണ്. രൂപയുടെ വിനിമയ നിരക്ക് നൂറിലേക്ക് താണാല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഇരട്ടിയാകും. ഇതൊന്നുമാത്രം മതി വിലക്കയറ്റത്തെ ഇന്നുള്ളതിന്റെ ഇരട്ടി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍. വിലക്കയറ്റം കയറ്റുമതി വര്‍ധനയ്ക്ക് തടസ്സമാണ്. വിലക്കയറ്റം മൂലം രൂപയുടെ മൂല്യം കൂടുതല്‍ ഇടിയും. അങ്ങനെ വിലക്കയറ്റവും മൂല്യത്തകര്‍ച്ചയും തമ്മില്‍ ഒരു ഓട്ടമത്സരം തന്നെ രൂപപ്പെട്ടേക്കാം. രണ്ട്. രാജ്യത്തെ സാമ്പത്തിക മാന്ദ്യവും രൂക്ഷമാകും. കഴിഞ്ഞവര്‍ഷത്തെ ഉല്‍പ്പാദന വളര്‍ച്ച അഞ്ച് ശതമാനമാണ്. ഇന്നത്തെ രീതിയാണ് പോകുന്നതെങ്കില്‍ അത് 4 ശതമാനത്തിലേക്ക് എങ്കിലും താഴും. ഈ നിഗമനത്തിലെത്തിച്ചേര്‍ന്നതിന് പല കാരണങ്ങളുണ്ട്. വിലക്കയറ്റം ജനങ്ങളുടെ വാങ്ങല്‍ കഴിവ് കുറയ്ക്കും.

    ബജറ്റ് കമ്മി നിയന്ത്രിക്കാന്‍ ഇപ്പോള്‍തന്നെ പെടാപ്പാടുപെടുന്ന സര്‍ക്കാരിന് മാന്ദ്യമകറ്റാന്‍ 2008ലെ പോലെ ഉത്തേജക പാക്കേജുകളൊന്നും പ്രഖ്യാപിക്കാന്‍ കഴിയില്ല. ഇതേസമയം കോര്‍പറേറ്റുകളും നിക്ഷേപം വെട്ടിക്കുറയ്ക്കാനാണ് സാധ്യത. കാരണം അവര്‍ വലിയതോതില്‍ വിദേശത്തുനിന്ന് വായ്പ എടുത്തിട്ടുണ്ട്. 1991ല്‍ ഇന്ത്യയിലെ വിദേശബാധ്യതയുടെ 12 ശതമാനം മാത്രമായിരുന്നു കോര്‍പറേറ്റുകളുടേതെങ്കില്‍ ഇന്ന് 31 ശതമാനം അവരുടേതാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ അവരുടെ കടഭാരവും ഉയരും. തന്മൂലം വിദേശവായ്പയുടെ തിരിച്ചടവിനും പലിശയ്ക്കും പണമില്ലാതെ അവര്‍ വിഷമിക്കും. 2012-13ല്‍ ഏറ്റവും വലിയ 14 കോര്‍പറേറ്റുകളെ എടുത്ത് പരിശോധിച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും നികുതി തേയ്മാന ചെലവ് പലിശ എന്നിവ കിഴിക്കുന്നതിന് മുമ്പുള്ള ലാഭം വിദേശ കടത്തിന്റെ പലിശയ്ക്കു തികയില്ല എന്നാണ് കണ്ടത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനല്ല കടഭാരത്തില്‍നിന്നും രക്ഷനേടുന്നതിനായിരിക്കും കോര്‍പറേറ്റുകള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് സംശയം വേണ്ട സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാകാന്‍ പോവുകയാണ്.

    ബദല്‍ നയങ്ങള്‍

    സാമ്പത്തിക മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും കത്രികപ്പൂട്ടിലാവും ഇന്ത്യയിലെ ജനങ്ങള്‍. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധിയെ പരിഹരിക്കാനുള്ള പരിശ്രമമാണ്. ഇതിനെതിരായ ജനകീയ ചെറുത്തുനില്പ്പും പോരാട്ടങ്ങളും അനിവാര്യമാണ്. ബദല്‍ ഇല്ല എന്നുള്ള വാദമാണ് ഭരണാധികാരികള്‍ ഉയര്‍ത്തുന്നത്. ഇന്നിപ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും അവരുടെയും അടിസ്ഥാന നിലപാടുകള്‍ ഒന്നുതന്നെയാണ്. ഇരുവര്‍ക്കുമെതിരെ ഒരു ജനകീയ സ്വാശ്രയ ബദല്‍ പരിപാടി ഉയര്‍ത്തേണ്ടതുണ്ട്. ഇറക്കുമതിയുടെ മേലും മൂലധനമൊഴുക്കിന്മേലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും.

    വിലക്കയറ്റത്തെ തടയാന്‍ പൊതു വിതരണത്തെ ശക്തിപ്പെടുത്തണം. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ 2008ല്‍ എന്നതുപോലെ സമ്പദ്ഘടനയില്‍ ശക്തമായി ഇടപെട്ടേ തീരൂ. ഇത്തരമൊരു പരിപാടിക്കുപിന്നില്‍ ജനങ്ങളെ അണിനിരത്താന്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, കിടപ്പാടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ അപ്രായോഗികമാണ്. ഇതിനൊക്കെ പശ്ചാത്തലമായി വേണ്ടുന്നൊരു കാര്യമുണ്ട് ദേശാഭിമാനം. വിദേശമൂലധനത്തെ ആശ്രയിക്കലല്ലാതെ മറ്റ് മാര്‍ഗമില്ല എന്ന നിലപാട് തള്ളിക്കളഞ്ഞ് സ്വന്തം കാലില്‍ നില്ക്കാന്‍ തയ്യാറുള്ള ജനതയെ സൃഷ്ടിക്കണം. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കണം.

രൂപ താഴേയ്ക്ക്... എത്ര വരെ?

Mathrubhumi Article dated 2013 Sept 4

രൂപയുടെ മൂല്യം എത്ര വരെ താഴും? 75വരെ എന്നാണ പല പ്രമുഖ ധനകാര്യ ഏജന്‍സികളുടെയും പ്രവചനം. പക്ഷേ, അവിടെയും നില്‍ക്കണമെന്നില്ല. അത് നൂറിലേയ്ക്ക് എത്തുമോ? പ്രവചിക്കാനാവില്ല. എത്തിയാല്‍ അത്ഭുതപ്പെടാനുമില്ല.

തങ്ങളുടെ സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡോളര്‍ ഉദാരമായി അച്ചടിച്ചിറക്കിക്കൊണ്ടിരുന്ന നയം ഈ വര്‍ഷം അവസാനത്തോടെ തിരുത്തുമെന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനമാണല്ലോ രൂപയുടെ മൂല്യമിടിയാനുളള പ്രത്യക്ഷ കാരണം. ഡോളറിന്റെ ലഭ്യത കുറയുമ്പോള്‍ അമേരിക്കയില്‍ പലിശനിരക്ക് ഉയരും. നിക്ഷേപകര്‍ ഡോളര്‍ അമേരിക്കയിലേയ്ക്കു പിന്‍വലിക്കും. ഇന്ത്യയിലും മറ്റും ഡോളറിനു പ്രിയം കൂടും. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ രൂപയുടെ മൂല്യം ഇടിയും. ഈ പ്രവണത പ്രത്യക്ഷ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ, പുതിയ സാമ്പത്തിക സാമ്പത്തികനയം അമേരിക്കയില്‍ നടപ്പില്‍വരാന്‍ ഇനിയും മാസങ്ങളുണ്ട്. ഇപ്പോഴേ രൂപയുടെ മൂല്യം 50ല്‍ നിന്ന് 68 ആയി താഴ്ന്നാല്‍, പുതിയ നയം നടപ്പാക്കിക്കഴിയുമ്പോഴത്തെ സ്ഥിതി എന്തായിരിക്കും? പുതിയ നയം പൂര്‍ണമായി പ്രാവര്‍ത്തികമാകാന്‍ ഒരുവര്‍ഷമെങ്കിലുമെടുക്കും. അക്കാലമത്രയും രൂപയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമായിരിക്കും; മൂല്യം ഇടിഞ്ഞുകൊണ്ടുമിരിക്കും.

മേല്‍പ്പറഞ്ഞ സാധ്യത അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യത്തെ പിടിച്ചുകെട്ടാനൊന്നും റിസര്‍വ് ബാങ്ക് ഇറങ്ങിത്തിരിക്കാത്തത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിന്റെ പ്രസ്താവന കേള്‍ക്കുക: ''രൂപയെ ഏതെങ്കിലും തരത്തില്‍ സ്ഥിരമായി നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. രൂപ അതിന്റെ നിലവാരം കണ്ടുപിടിച്ചുകൊളളും''. അതുകൊണ്ട് രൂപയുടെ മൂല്യം ഇടിവ് തടയാനല്ല, മറിച്ച് താഴേയ്ക്കുളള പോക്ക് സാവധാനത്തിലാക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം. ഏതെങ്കിലും നിശ്ചിത നിരക്കില്‍ രൂപയുടെ മൂല്യം കുരുക്കിയിടാന്‍ ഇന്നുളള കരുതല്‍ശേഖരം കൊണ്ടൊന്നും കഴിയില്ല. അതുകൊണ്ടാണ് ആ സാഹസത്തിന് റിസര്‍വ് ബാങ്ക് തുനിയാത്തത്.
നാണയത്തിന്റെ മൂല്യമിടിയുന്നത്, അന്തര്‍ദ്ദേശീയ പ്രതിഭാസമാണെന്നും നമ്മുടെ ഏതെങ്കിലും നയവൈകല്യത്തിന്റെ ഫലമല്ലെന്നും വാദിക്കുന്നവരുണ്ട്. ഇവരോട് യോജിക്കാനാവില്ല.

അമേരിക്കയിലെ താഴ്ന്ന പലിശനിരക്കും ഉദാരമായ ഡോളര്‍ നയവും മൂലമാണ് ഇന്ത്യയിലേയ്ക്കു ഡോളര്‍ നിക്ഷേപങ്ങള്‍ നിര്‍ലോഭം ഒഴുകിയത്. ഈ നയം തിരുത്തപ്പെട്ടാല്‍ ഡോളര്‍ നിക്ഷേപത്തില്‍ നല്ലൊരു പങ്കും തിരിച്ചുപോകുമെന്നും രൂപ കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്നും സാമാന്യവിവരമുളളര്‍ക്ക് ഊഹിക്കാവുന്നതേയുളളൂ. എന്നാലെന്തേ, അനിവാര്യമായ ഈ തിരിച്ചടിയെ പ്രതിരോധിക്കാന്‍ ഒരു നടപടിയും നേരത്തെ സ്വീകരിച്ചില്ല? മറിച്ച് ഡോളറിന്റെ സുലഭമായ വരവില്‍ മതിമറന്ന് ഉദാരവത്കരണ നയങ്ങള്‍ പൂര്‍വാധികം ശക്തമായി കൊണ്ടുപോവുകയല്ലേ ചെയ്തത്? ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം മറുപടി പറയേണ്ടത്.

ഈ തെറ്റായ നയമാണ് നമ്മുടെ വിദേശവ്യാപാരക്കമ്മിയുടെ ഭീകരമായ വര്‍ദ്ധനയ്ക്കു കാരണം. വേഗത്തില്‍ വളരുന്ന മൂന്നാംലോക രാജ്യങ്ങളില്‍ ഏറ്റവും വലിയ വ്യാപാരക്കമ്മി ഇന്ത്യയുടേതാണ്. സ്വര്‍ണവും ആഡംബര ഉല്‍പന്നങ്ങളും മാത്രമല്ല, കളിപ്പാട്ടങ്ങള്‍ പോലും യഥേഷ്ടം ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാം. അതേസമയം, പാശ്ചാത്യരാജ്യങ്ങളിലെ മാന്ദ്യം മൂലം നമ്മുടെ കയറ്റുമതി കൂടുന്നുമില്ല. തന്മൂലം വ്യാപാരക്കമ്മി കുത്തനെ കൂടുകയാണ്. വ്യാപാരക്കമ്മി (സേവന വ്യാപാരമടക്കം) ദേശീയ വരുമാനത്തിന്റെ രണ്ടര മടങ്ങില്‍ അധികരിക്കാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

എന്നാല്‍ ഇന്നത് അഞ്ചു ശതമാനത്തിനടുത്താണ്. ഈ അപകടകരമായ നില 2012 വരെ സര്‍ക്കാര്‍ മറച്ചുവെച്ചു. ഇന്ത്യയിലേയ്ക്ക് ഒഴുകിയെത്തിയ ഡോളര്‍ ഉപയോഗിച്ച് വ്യാപാരക്കമ്മി നികത്തി. എന്നിട്ടും മിച്ചം വന്ന വിദേശനാണയം ഉപയോഗിച്ച് വിദേശനാണയ കരുതല്‍ ശേഖരം പെരുപ്പിച്ചു. മുപ്പതിനായിരം കോടി ഡോളറിന്റെ വിദേശനാണയശേഖരം പുതിയ നയങ്ങളുടെ നേട്ടമെന്ന് പെരുമ്പറ മുഴക്കി. പക്ഷേ, ഈ നാണയശേഖരത്തിന്റെ ഗണ്യമായൊരു ഭാഗം എപ്പോള്‍ വേണമെങ്കിലും തിരിച്ചൊഴുകാവുന്ന ഹ്രസ്വകാല നിക്ഷേപങ്ങളാണ് എന്ന വസ്തുത തമസ്‌കരിച്ചു.

ഇപ്പോള്‍ രക്ഷാപാക്കേജുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതിയുടെ മേലും വിദേശ സഞ്ചാരികള്‍ക്കു കൊണ്ടുവരാവുന്ന ആഡംബര ഉല്‍പന്നങ്ങളുടെ മേലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. എന്തിനാണ് ഈ നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ണമായി ഇല്ലായ്മ ചെയ്തത്? സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുമ്പോള്‍ എന്തുകൊണ്ട് സമീപകാലത്ത് ഇത്രയേറെ ഡിമാന്റ് ഉയര്‍ന്നുവെന്ന് ചിന്തിക്കേണ്ടേ? തന്റെ സമ്പാദ്യം സാധാരണക്കാരന്‍ ബാങ്കിലിട്ടാല്‍ വിലക്കയറ്റം കിഴിച്ചാല്‍ എന്തു പലിശ കിട്ടും?

പലിശനിരക്കിനേക്കാള്‍ ഉയര്‍ന്നതാണ് വിലക്കയറ്റം എന്നോര്‍ക്കുക. ഫിക്‌സ്ഡ് ഡെപ്പോസിറ്റില്‍ നിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇന്‍കം ടാക്‌സും നല്‍കണം. ഷെയര്‍ മാര്‍ക്കറ്റിലേയ്ക്ക് സമ്പാദ്യക്കാരെ തളളിവിടാനുളള പരിശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് വെപ്പ്. പക്ഷേ, സാധാരണക്കാര്‍ക്ക് ഓഹരിവെച്ചു പകിടകളിക്കാന്‍ ധൈര്യമില്ല. സ്വാഭാവികമായും പരമ്പരാഗത സമ്പാദ്യമാര്‍ഗമായ സ്വര്‍ണത്തെ ആശ്രയിക്കുകയേ നിര്‍വാഹമുളളൂ. ഈ സ്ഥിതിവിശേഷത്തിനാണ് മാറ്റം വരുത്തേണ്ടത്.

നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വന്‍കിട പ്രോജക്ടുകള്‍ക്ക് അതിവേഗം അംഗീകാരം കൊടുക്കുകയാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ വന്‍കിട പ്രോജക്ടുകള്‍ക്കാണ് ഒറ്റയടിക്ക് അംഗീകാരം കൊടുത്തത്. പക്ഷേ, അതുകൊണ്ട് വിചാരിച്ച ഗുണമൊന്നും ഉടനെ ഉണ്ടാകുകയില്ല. ഈ പ്രോജക്ടുകള്‍ നടപ്പാക്കേണ്ടുന്ന വന്‍കിട കോര്‍പറേറ്റുകളെല്ലാം രൂപയുടെ മൂല്യമിടിഞ്ഞതിന്റെ ഫലമായി കുഴപ്പത്തിലാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തിനിടയില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ വലിയതോതില്‍ വിദേശവായ്പകളെടുത്തിട്ടുണ്ട്. 1991ല്‍ ഇന്ത്യയിലെ വിദേശ കടബാധ്യതയുടെ 12 ശതമാനം മാത്രമായിരുന്നു കോര്‍പറേറ്റുകളുടെ വിഹിതം. ഇന്നത് 31 ശതമാനമാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ അവരുടെ കടഭാരവുമുയരും.

 2012-13ലെ ഏറ്റവും വലിയ 14 കോര്‍പറേറ്റുകളെ എടുത്തു പരിശോധിച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും നികുതി, തേയ്മാനച്ചെലവ്, പലിശ എന്നിവ കിഴിക്കുന്നതിനു മുമ്പുളള ലാഭം വിദേശ കടത്തിന്റെ പലിശയ്ക്കു തികയില്ല എന്നാണു കണ്ടത്. ഇതിനു പുറമെയാണ് കയറ്റുമതിക്കാരല്ലാത്ത കോര്‍പറേറ്റുകളുടെ ഷെയര്‍ മൂല്യത്തില്‍ വമ്പന്‍ ഇടിവുണ്ടായിരിക്കുന്നത്. റിലയന്‍സിന്റെ മുകേഷ് അംബാനി, മിത്തല്‍ ഉരുക്ക് ഗ്രൂപ്പിന്റെ സുനില്‍ മിത്തല്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലീപ് സാംഗ്‌വി തുടങ്ങി ഒട്ടനവധിപ്പേര്‍ക്ക് 300 കോടി ഡോളറിലേറെ വീതം ഓഹരിമൂല്യത്തിന്റെ ഇടിവു മൂലം നഷ്ടമായത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതല്ല, കടഭാരത്തില്‍ നിന്ന് രക്ഷപെടുന്നതിനാവും കോര്‍പറേറ്റുകള്‍ ശ്രമിക്കുക. ഡീലിവെറേജിംഗ് എന്നു പറയുന്ന ഈ പ്രതിഭാസം ഇന്ത്യയിലെ സാമ്പത്തിക ഉല്‍പാദനം നടപ്പുവര്‍ഷത്തില്‍ ഏതാണ്ട് 4 ശതമാനത്തിലേയ്ക്കു താഴ്ത്തും എന്നുറപ്പാണ്.

പിന്നെ സര്‍ക്കാരെടുക്കുന്ന നടപടികള്‍ മുഖ്യമായും വിദേശ നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാനുളള നടപടികളാണ്. ചെലവു ചുരുക്കി കമ്മി 4.8 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുക, റീട്ടെയില്‍ മേഖല പൂര്‍ണമായും വിദേശകമ്പനികള്‍ക്കു തുറന്നു കൊടുക്കുക, എല്ലാ മേഖലകളിലും വിദേശ നിക്ഷേപപരിധി ഉയര്‍ത്തുക, കളളപ്പണവേട്ട വേണ്ടെന്നു വെയ്ക്കുക തുടങ്ങിയ നടപടികളൊന്നും വിദേശ നിക്ഷേപകരുടെ വിശ്വാസ്യത നേടുന്നതിനു പര്യാപ്തമായിട്ടില്ല. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സര്‍ക്കാരിന് നാട്ടില്‍ വിശ്വാസ്യതയില്ല എന്നു വ്യക്തം. പിന്നെയെങ്ങനെ വിദേശത്തു വിശ്വാസ്യതയുണ്ടാവും?

കല്‍ക്കരി, എണ്ണ, ഗ്യാസ് എന്നിവയുടെ കമ്പോളത്തെ സര്‍വസ്വതന്ത്രമാക്കുകയാണ് പിന്നെ അറ്റകൈ പ്രയോഗം. ഇതിന്റെ ഫലമായി ഈ ഇന്ധനങ്ങളുടെയെല്ലാം വില ഉയരും. പെട്രോളിന് 2.35 രൂപയും ഡീസലിന് 50 പൈസയും ഗ്യാസിന് 50 രൂപയും കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചത് തികച്ചും അപര്യാപ്തമാണ് പെട്രോളിയം മന്ത്രിയുടെ വാദം. അടുത്ത റൗണ്ട് വില വര്‍ദ്ധനയ്ക്ക് അദ്ദേഹം കുറിപ്പു കൊടുത്തു കഴിഞ്ഞു.

എണ്ണക്കമ്പനികളുടെ നഷ്ടത്തെക്കുറച്ചുളള തര്‍ക്കങ്ങളിലേയ്‌ക്കൊന്നും കടക്കുന്നില്ല. സ്വകാര്യ കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്തി ഈ മേഖലയിലെ അവരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുളള അഭ്യാസങ്ങളിലാണ് സര്‍ക്കാര്‍. ഇന്ത്യയിലെ പ്രകൃതിവാതകത്തിന്റെ വില നിശ്ചയിച്ച രീതി ഉദാഹരണം. പ്രകൃതി വാതകം കുഴിച്ചെടുക്കുന്നതിന് ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിനുളള ചെലവ് 1.8 ഡോളറാണെന്ന് ചേട്ടന്‍ അംബാനിയും അനിയന്‍ അംബാനിയും തമ്മിലുളള കേസില്‍ സുപ്രിംകോടതിയില്‍ വെളിപ്പെടുത്തപ്പെട്ടതാണ്. ന്യായമായ ഒരു ലാഭവും കൂടിയെടുത്ത് 2.34 ഡോളറിന് എന്‍ടിപിസിയ്ക്ക് ദീര്‍ഘകാല കരാറിന് നല്‍കാനും സമ്മതിച്ചു. ഈ ഗ്യാസിന്റെ വിലയാണ് 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുളളത്. ഇതുംപോരാ, കമ്പോള വിലയായ 14 ഡോളര്‍ കിട്ടാനാണ് റിലയന്‍സിന്റെ ശ്രമം. റിലയന്‍സ് കുഴിച്ചെടുക്കുന്ന എണ്ണ ഇപ്പോള്‍ കമ്പോള വിലയ്ക്കാണ് വില്‍ക്കുന്നത്. ഇതു ഗ്യാസിനും വേണം.

കൂടുതല്‍ ഉയര്‍ന്നവില കൊടുത്താലും തരക്കേടില്ല, നിക്ഷേപം ഉണ്ടാകുമല്ലോ, ഇറക്കുമതി കുറയ്ക്കാമല്ലോ എന്നാണ് സര്‍ക്കാരിന്റെ ചിന്ത. ഗ്യാസിന്റെ വിലയില്‍ ഇപ്പോഴുണ്ടായ 50 രൂപയുടെ വര്‍ദ്ധന റിലയന്‍സിനു കൊടുക്കുന്ന കപ്പമാണ്. ഇലക്ഷന്‍ വര്‍ഷമാണെങ്കിലും ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാം, പക്ഷേ റിലയന്‍സിന് അപ്രിയമായതൊന്നും ചെയ്യാന്‍ പാടില്ല.
രൂപയുടെ മൂല്യമിടിയുമ്പോള്‍ വിലക്കയറ്റം ഉറപ്പാണ്. രൂപയുടെ വിനിമയനിരക്ക് നൂറിലേയ്ക്കു താണാല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഇരട്ടിയാകും. ഇതൊന്നു മാത്രം മതി, വിലക്കയറ്റം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകാന്‍. സാധനങ്ങളുടെ വില കൂടുമ്പോള്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ വില കൂടും, കയറ്റുമതിയെ ബാധിക്കും. അതേസമയം നാണയത്തിന്റെ മൂല്യമിടിയുമ്പോള്‍ സിദ്ധാന്തപ്രകാരം സംഭവിക്കേണ്ടത് നേര്‍വിപരീതമാണ്.

രൂപയുടെ മൂല്യമിടിയുമ്പോള്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ വില ഡോളറില്‍ ഇടിയും, അതുകൊണ്ട് കയറ്റുമതി വര്‍ദ്ധിക്കും, അങ്ങനെ വ്യാപാരക്കമ്മി കുറയും, അപ്പോള്‍ രൂപയുടെ മൂല്യം മെച്ചപ്പെടും എന്നൊക്കെയാണ് സിദ്ധാന്തം. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്ന തോതില്‍ വിലക്കയറ്റവുമുണ്ടായാല്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ ഡോളറിലെ വില കുറയില്ല. രൂപയുടെ മൂല്യം സന്തുലനാവസ്ഥയിലേയ്ക്കു നീങ്ങുകയുമില്ല. വിലക്കയറ്റവും കയറ്റുമതിയും കൂടി ഒരു ഓട്ടമത്സരം തന്നെ രൂപപ്പെട്ടേയ്ക്കാം.

മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് രൂപയുടെ വില ഇനിയും താണു കൊണ്ടിരിക്കും എന്ന് ഉറപ്പിച്ചു പറയുന്നത്. എത്ര വരെ താഴും എന്നതിന് കവടി നിരത്തുന്നില്ല. പക്ഷേ, ഈ പ്രതിഭാസം ജനങ്ങള്‍ക്കു രണ്ടുകാര്യങ്ങള്‍ ഉറപ്പുനല്‍കുന്നു. ഒന്ന്, രൂക്ഷമായ വിലക്കയറ്റം. രണ്ട്, രൂക്ഷമായ സാമ്പത്തികമാന്ദ്യം. 2013 - 14ല്‍ ആറു ശതമാനത്തിലേറെയായിരിക്കും വളര്‍ച്ചയെന്നാണ് ധനമന്ത്രി ചിദംബരം ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപിച്ചത്. ഏഴു ശതമാനം വളരുമെന്ന് പ്രവചിച്ചവരുമുണ്ട്. എന്നാല്‍ ഈ ധനകാര്യ വര്‍ഷത്തിന്റെ ആദ്യപാദത്തിലെ കണക്കു പുറത്തുവന്നു കഴിഞ്ഞു. സാമ്പത്തികവളര്‍ച്ച വെറും 4.4 ശതമാനം മാത്രമാണ്. മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും അഥവാ സ്റ്റാഗ്ഫ്‌ളേഷന്റെ കാലമാണ് നമ്മെ കാത്തിരിക്കുന്നത്. 

Wednesday, June 26, 2013

ഡോളറിനുമുന്നില്‍ മുട്ടുമടക്കുന്ന രൂപ


Dhanavicharam, Mathrubhumi June 25, 2013

നിങ്ങള്‍ പ്രവാസിയാണെന്നിരിക്കട്ടെ. മെയ് ആദ്യം നാട്ടിലേക്ക് അയച്ച ഓരോ ഡോളറിനും 52 രൂപ വെച്ചാണ് വീട്ടില്‍ കിട്ടിയത്. അതായിരുന്നു, രൂപയുടെ അന്നത്തെ വിനിമയനിരക്ക്. ഇന്നത് 59 രൂപയാണ്. രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞു. രൂപയുടെ വിനിമയനിരക്ക് ഇടിയുമ്പോള്‍ പ്രവാസികള്‍ക്ക് കുശാലാണ്. ജൂണ്‍ മാസത്തില്‍ സാധാരണ ലഭിക്കാറുള്ള പ്രവാസിനിക്ഷേപത്തിന്റെ ഇരട്ടിത്തുകയാണ് ബാങ്കുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. നമ്മുടെ ബാങ്കുകള്‍ക്കും ചാകരയാണ്. 'രൂപ താഴേക്ക്, ഇത് നിങ്ങള്‍ക്കൊരു അവസരം' എന്ന ഇ-മെയില്‍ പരസ്യംപോലും ചില ബാങ്കുകള്‍ നല്‍കിയത്രേ.

രൂപയുടെ വിലയിടിയുന്നത് പ്രവാസികള്‍ ഏറെയുള്ള കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്കും കയറ്റുമതിക്കാര്‍ക്കും നേട്ടമുണ്ടാക്കും. പക്ഷേ, രാജ്യത്തിന് പൊതുവേ അത് ഗുണകരമല്ല. എന്തുകൊണ്ട്?

രൂപയുടെ ഇടിയുന്ന വിനിമയനിരക്കിനെക്കുറിച്ച് മാതൃഭൂമി ന്യൂസില്‍ വന്ന റിപ്പോര്‍ട്ടില്‍ കൗതുകകരമായ ഒരു സംഭവം പരാമര്‍ശിക്കുന്നുണ്ട്. നേട്ടം കൊയ്യാന്‍ ചില പ്രവാസികള്‍ ഡോളര്‍ കടംവാങ്ങി നാട്ടിലേക്ക് അയയ്ക്കുന്നുവത്രേ. ഈ കടം പിന്നീട് വരുമാനത്തില്‍നിന്ന് തിരിച്ചുനല്‍കാമെന്നാണല്ലോ അവരുടെ കണക്കുകൂട്ടല്‍. പക്ഷേ, ഇന്നത്തെ സ്ഥിതിഗതികള്‍ വെച്ചുനോക്കുമ്പോള്‍ ഡോളറിന്റെ വിനിമയനിരക്ക് 65-ഓ 70-ഓ രൂപയായി താഴ്ന്നാലും അദ്ഭുതപ്പെടാനില്ല. അങ്ങനെവന്നാല്‍ കടംവാങ്ങി ഡോളറയച്ച പ്രവാസിക്കെന്ത് സംഭവിക്കും? 60 രൂപ നിരക്കില്‍ എടുത്ത ഡോളര്‍ തിരിച്ചുകൊടുക്കാന്‍ 65-ഓ 70-ഓ രൂപ ലഭിക്കാവുന്ന ഡോളര്‍ നല്‍കേണ്ടിവരും. ഊഹക്കച്ചവടം നഷ്ടമാകുമെന്നര്‍ഥം.

നൂറോ ആയിരമോ ഡോളറിന്റെ കടമുള്ള പ്രവാസികള്‍ പരല്‍മീനുകള്‍ മാത്രം.  ലക്ഷക്കണക്കിന് ഡോളര്‍ ഇന്ത്യയിലേക്ക് അയയ്ക്കുകയും തിരിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന വമ്പന്‍ സ്രാവുകളുണ്ട് - വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ്). മൂന്നുതരത്തിലാണ് അവര്‍ പണം ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ആദ്യത്തേത് പ്രത്യക്ഷ മൂലധനനിക്ഷേപം. ഫാക്ടറികളും മറ്റും നടത്തുന്നതിനുള്ള മുതല്‍മുടക്കാണിത്. ഓഹരിക്കമ്പോളത്തിലെ ചൂതാട്ടത്തിനുള്ള മുതല്‍മുടക്കാണ് രണ്ടാമത്തെ ഇനം. ഇന്ത്യയിലെ സര്‍ക്കാറും ധനകാര്യസ്ഥാപനങ്ങളും മറ്റ് വാണിജ്യസ്ഥാപനങ്ങളും ഇറക്കുന്ന കടപ്പത്രങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ വരുന്നവരാണ് മൂന്നാമത്തെ കൂട്ടര്‍.

ആദ്യത്തെ കൂട്ടര്‍ അത്ര അപകടകാരികളല്ല. പുതിയ സാങ്കേതികവിദ്യയും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെങ്കില്‍ അവയെ എതിര്‍ക്കേണ്ടതില്ല. എന്നാല്‍, ഓഹരിക്കമ്പോളത്തിലും ബോണ്ട് കമ്പോളത്തിലും കളിക്കാന്‍ വരുന്നവര്‍ ഊഹക്കച്ചവടം തൊഴിലാക്കിയിട്ടുള്ളവരാണ്. അവര്‍ നമ്മുടെ നാട്ടില്‍ മുതല്‍മുടക്കുമ്പോള്‍ നമുക്ക് ഡോളര്‍ അല്ലെങ്കില്‍ വിദേശനാണയം ലഭിക്കും. അത് പിന്‍വലിക്കുമ്പോള്‍ ഡോളര്‍ അല്ലെങ്കില്‍ വിദേശനാണയം മടക്കിനല്‍കണം. പ്രത്യക്ഷമൂലധന നിക്ഷേപം പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ല. എന്നാല്‍, രണ്ടും മൂന്നും ഇനക്കാര്‍ക്ക് കമ്പ്യൂട്ടറിലെ ക്ലിക്കുകൊണ്ട് ലക്ഷക്കണക്കിന് ഡോളര്‍ പുറത്തുകൊണ്ടുപോകാം. അപ്പോള്‍ അവര്‍ക്ക് നല്‍കാന്‍ ഡോളറില്ലെങ്കില്‍ ഡോളറിന്റെ വില കുത്തനെ കൂടും. അഥവാ രൂപയുടെ വില പെട്ടെന്ന് ഇടിയും. അത്തരം സന്ദര്‍ഭത്തില്‍ നമ്മുടെ കൈയില്‍ വിദേശനാണയം ഇല്ലാതെവന്നാല്‍ രാജ്യം വിദേശനാണയത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും.

ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നത്? അമേരിക്കയില്‍ സാമ്പത്തികസ്ഥിതികള്‍ ഏറെ വര്‍ഷത്തിനുശേഷം മെച്ചപ്പെട്ടിരിക്കുകയാണ്. യൂറോപ്പിലും മറ്റും ഈ ഉണര്‍വ് പ്രത്യക്ഷമായിട്ടില്ലെങ്കിലും തങ്ങള്‍ വീണ്ടെടുപ്പിന്റെ പാതയിലാണെന്നാണ് അമേരിക്കന്‍ അധികൃതര്‍ കരുതുന്നത്. ഒരര്‍ഥത്തില്‍ ഇത് നമുക്ക് ഗുണകരമാകേണ്ടതാണ്. അമേരിക്കയിലേക്കുള്ള കയറ്റുമതി കൂടും. കുടിയേറ്റത്തിനുള്ള തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍ക്കും മറ്റും കൂടുതല്‍ സബ്‌കോണ്‍ട്രാക്ട് കിട്ടും. ഇതെല്ലാം നമ്മുടെ സമ്പദ്ഘടനയ്ക്കും ഉത്തേജകമാകേണ്ടതാണ്. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ നേരേ മറിച്ചാണ്. ഇതിന്റെ കാരണമന്വേഷണിക്കുമ്പോഴാണ് നമ്മുടെ സമ്പദ്ഘടന പെട്ടുപോയ ഊരാക്കുടുക്ക് തിരിച്ചറിയുക.

2008-ലാണ് അമേരിക്കയിലെ വമ്പന്‍ ബാങ്കുകള്‍ പൊളിഞ്ഞ് ആഗോള സാമ്പത്തികമാന്ദ്യം തുടങ്ങിയത്. സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്നതാണല്ലോ നിയോലിബറല്‍ കാഴ്ചപ്പാട്. ഈ ആദര്‍ശങ്ങളെല്ലാം മാറ്റിവെച്ച് സമ്പദ്ഘടനയെ സമൂലത്തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അമേരിക്കയടക്കം ലോകസര്‍ക്കാറുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അവരുടെ കൈയിലിരുന്ന പൊള്ളക്കടപ്പത്രങ്ങളെല്ലാം വാങ്ങിക്കൂട്ടുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. തിരിച്ചടയ്ക്കാന്‍ കഴിവുണ്ടോ എന്നുനോക്കാതെ വീടുവാങ്ങാന്‍ നല്‍കിയ വായ്പകള്‍, ആ വായ്പകളുടെ ഈടിന്മേല്‍ ബാങ്കുകള്‍ ഇറക്കിയ കടപ്പത്രങ്ങള്‍, ഈ പൊള്ളക്കടപ്പത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡെറിവേറ്റീവുകള്‍ എന്നിങ്ങനെ ഊതിവീര്‍പ്പിച്ച അമേരിക്കന്‍ പാര്‍പ്പിട മേഖലയിലെ കുമിള പൊട്ടിയപ്പോഴാണ് സാമ്പത്തികത്തകര്‍ച്ച തുടങ്ങിയത്.

ചില പ്രധാന ബാങ്കുകള്‍ തകര്‍ന്നു. മറ്റുള്ളവയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി ബാങ്കുകളുടെ കൈവശമുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി. ബാങ്കുകള്‍ കൂടുതല്‍ സുരക്ഷിതമായി എന്നുമാത്രമല്ല, വായ്പ കൊടുക്കാന്‍ അതിഭീമമായ തുക ബാങ്കുകളുടെ കൈവശം വന്നുചേരുകയും ചെയ്തു. അന്ന് തുടങ്ങിയ ഈ നൂതനമായ സാമ്പത്തിക നടപടി ഇതുവരെ അമേരിക്ക നിര്‍ത്താന്‍ ധൈര്യപ്പെട്ടില്ല. ഇതിന് പുതിയ പേരും വീണിട്ടുണ്ട് - അളവിലുള്ള അയവ് അഥവാ ക്വാണ്ടിറ്റേറ്റീവ് ഈസിങ്.

2008-ല്‍ മാന്ദ്യമാരംഭിക്കുന്നതിന് മുമ്പ് 0.7 ലക്ഷം കോടി ഡോളറിന്റെ ബോണ്ടുകളാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ശേഖരം. എന്നാല്‍, 2010 ജൂണ്‍ അവസാനിക്കുമ്പോഴേക്കും 2.1 ലക്ഷം ഡോളറിനുള്ള ബോണ്ടുകള്‍ അമേരിക്കന്‍ സര്‍ക്കാറിന്റെ കൈവശമെത്തിച്ചേര്‍ന്നു. അത്രയും കോടി ഡോളര്‍ അമേരിക്കന്‍ സമ്പദ്ഘടനയിലേക്കും അവിടെനിന്ന് ലോകസമ്പദ്ഘടനയിലേക്കും ഒഴുകിയെന്ന് ചുരുക്കം. അമേരിക്കന്‍ സര്‍ക്കാറിന്റെ കൈയിലുള്ള ബോണ്ടിന്റെ തുക ഏതാണ്ട് ഈ നിലവാരത്തില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി തുടര്‍ന്ന് എല്ലാ മാസവും 4,000-8,000 കോടി ഡോളറിനുള്ള ബോണ്ടുകള്‍വീതം അമേരിക്കന്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി. ഈ നയം തിരുത്തുന്നതിനും 2014 അവസാനിക്കുന്നതോടെ പൂര്‍ണമായി വിരാമമിടുന്നതിനുമാണ് ഇപ്പോള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചിട്ടുള്ളത്. ഈ നടപടി രൂപയുടെ വിലയിടിക്കുന്നതിലേക്ക് നയിച്ചതെങ്ങനെ?

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബോണ്ടുകള്‍ വാങ്ങിയപ്പോള്‍ ഡോളര്‍ ആഗോള സമ്പദ്ഘടനകളിലേക്ക് ഒഴുകിയെന്ന് പറഞ്ഞുവല്ലോ. അതിലൊരുഭാഗം ഇന്ത്യയിലേക്കും വന്നു. അങ്ങനെയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരിക്കമ്പോളത്തിലും ബോണ്ടുകമ്പോളത്തിലും വലിയതോതില്‍ പണമിറക്കിയത്. രാജ്യത്ത് സാമ്പത്തിക മുരടിപ്പാണെങ്കിലും ഇന്ത്യന്‍ വിപണിക്ക് ഈ പണം ഉത്തേജകമായി. റിസര്‍വ് ബാങ്കിനും വളരെ സന്തോഷമായി. കാരണം ഇന്ത്യയിലേക്ക് ഇപ്രകാരം വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഡോളര്‍ കൊണ്ടുവരുമ്പോള്‍ നമ്മുടെ വിദേശനാണയലഭ്യത വര്‍ധിക്കും. 0.3 ലക്ഷം കോടി ഡോളറിന്റെ വിദേശനാണയ ശേഖരം ഇന്ത്യയ്ക്കുണ്ട്. അതെല്ലാം ഇത്തരത്തില്‍ വന്ന പണമാണ്.

ബോണ്ട് വാങ്ങല്‍ അമേരിക്ക നിര്‍ത്തലാക്കുമ്പോള്‍ ലോകവിപണികളില്‍ ഡോളര്‍ ലഭ്യമല്ലാതാകും. ഡോളറിന് പ്രിയം കൂടും. വിനിമയനിരക്ക് ഉയരും. സ്വാഭാവികമായി മറ്റ് നാണയങ്ങളുടെ വിനിമയനിരക്ക് താഴും. ഇന്ത്യയിലെ നിക്ഷേപകരെയും മറ്റും സാന്ത്വനിപ്പിക്കുന്നതിന് ധനമന്ത്രി ചിദംബരവും മറ്റും പറയുന്ന ന്യായം ഇതാണ്. നാണയത്തിന്റെ വിലയിടിവ് ഇന്ത്യന്‍ രൂപയുടെ മാത്രം പ്രതിഭാസമല്ല. ആഗോളപ്രതിഭാസമാണ്. ഇതില്‍ ഭയപ്പെടാനൊന്നുമില്ല. പക്ഷേ, ചൈനയെയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയെ ഭയപ്പെടുത്തുന്ന ഒരു ഘടകമുണ്ട്. അത് മനസ്സിലാക്കുമ്പോഴേ, എന്തുകൊണ്ട് രൂപയുടെ വിലയിടിവ് സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കാം എന്ന് തിരിച്ചറിയൂ.

ഇന്ത്യ അതിരൂക്ഷമായ കറണ്ട് അക്കൗണ്ട് കമ്മി നേരിടുന്ന രാജ്യമാണ്. ഒരു രാജ്യത്തിന്റെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍നിന്നുള്ള വരവും ഇറക്കുമതിയില്‍നിന്നുള്ള ചെലവും രേഖപ്പെടുത്തുന്ന കണക്കാണ് കറണ്ട് അക്കൗണ്ട്. ചരക്കുകളോ സേവനങ്ങളോ കയറ്റുമതി ചെയ്യുമ്പോള്‍ കിട്ടുന്ന വിദേശനാണയ വരുമാനം ഒരു ഭാവിബാധ്യതയും സൃഷ്ടിക്കുന്നില്ല. അതുപോലെത്തന്നെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ചെയ്യുമ്പോള്‍ കിട്ടുന്ന വരുമാനം ഭാവിയില്‍ ഒരു ആസ്തിയും സൃഷ്ടിക്കുന്നില്ല. എല്ലാം അപ്പപ്പോഴുള്ള കൊടുക്കല്‍ വാങ്ങലില്‍ അവസാനിക്കും. അതുകൊണ്ടാണ് കറണ്ട് അക്കൗണ്ട് എന്ന പേര് വീണത്. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ദേശീയ വരുമാനത്തിന്റെ 6.7 ശതമാനമെത്തിയിരിക്കുകയാണ്. ഇത് 2.5 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇത് അപകടകരമായ സ്ഥിതിയാണ്.

നടപ്പുവര്‍ഷത്തില്‍ 0.11 ലക്ഷം കോടി ഡോളറിന്റെ കറണ്ട് അക്കൗണ്ട് കമ്മിയുണ്ട്. എന്നുവെച്ചാല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും തമ്മില്‍ ഇത്രയും വിടവുണ്ട്. വിദേശ ഇടപാടുകള്‍ സുഗമമായി നടക്കണമെങ്കില്‍ ഇത്രയും തുക വിദേശത്തുനിന്ന് വായ്പയോ നിക്ഷേപമോ ആയി കിട്ടണം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടങ്ങിയശേഷം തുടര്‍ച്ചയായി ഉണ്ടായിട്ടുള്ള സ്ഥിതിവിശേഷമാണിത്. എന്നാല്‍, വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ക്കൂടുതല്‍ ഡോളര്‍ ഇറക്കിയതുകൊണ്ട് ഈ കമ്മി ഇതുവരെ ഒരു പ്രതിസന്ധിയും സൃഷ്ടിച്ചില്ല. മാത്രമല്ല, നേരത്തേ സൂചിപ്പിച്ചതുപോലെ 0.3 ലക്ഷം കോടി ഡോളര്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ കൈയില്‍ വിദേശനാണയശേഖരമായി വന്നുചേരുകയും ചെയ്തു.

ഇനി കടംവാങ്ങിയ പ്രവാസിയിലേക്ക് മടങ്ങാം. കടംവാങ്ങി ഇന്ത്യയിലേക്ക് പണമയച്ച പ്രവാസിക്ക് രൂപയുടെ വിലയിടിയുമ്പോള്‍ നഷ്ടം സംഭവിക്കുന്നതെങ്ങനെ എന്ന് പറഞ്ഞുവല്ലോ. ഇതുപോലെ നഷ്ടം ഇന്ത്യയില്‍ മുതല്‍മുടക്കിയിട്ടുള്ള വിദേശനിക്ഷേപകര്‍ക്കും ഉണ്ടാകും. നേരത്തേ അവര്‍ മുതല്‍മുടക്കിയപ്പോള്‍ അവര്‍ക്ക് ഡോളറൊന്നിന് 52 രൂപയോ അതില്‍ കുറവോ മാത്രമാണ് ലഭിച്ചത്. എന്നാല്‍, ഇപ്പോള്‍ രൂപയുടെ വിലയിടിഞ്ഞശേഷം തങ്ങളുടെ ഡോളറാക്കി തിരിച്ചുകൊണ്ടുപോകാന്‍ നോക്കുമ്പോള്‍ ഓരോ ഡോളറിനും ഇന്ന് 60 രൂപവെച്ച് കൊടുക്കണം. നാളെ 70 രൂപവെച്ച് കൊടുക്കേണ്ടിവന്നാലോ? ഇത്തരമൊരു ഭയവും പരിഭ്രാന്തിയും മൂലം എത്രയും പെട്ടെന്ന് തങ്ങളുടെ പണം പിന്‍വലിക്കാനുള്ള പരാക്രമങ്ങളില്‍ നമ്മുടെ 0.3 ലക്ഷം കോടി രൂപയുടെ വിദേശനാണയശേഖരം ദിവസങ്ങള്‍കൊണ്ട് അപ്രത്യക്ഷമാകും.

വിദേശനാണയ ശേഖരവും കൂടി ഇല്ലാതെ വന്നുകഴിഞ്ഞാല്‍ പിന്നെ എല്ലാ വിദേശവിനിമയ ഇടപാടുകളും നിര്‍ത്തിവെക്കേണ്ടിവരും. ആഗോളീകരണ കാലത്തെ ലോകത്തെ ആദ്യത്തെ പ്രധാന പ്രതിസന്ധി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ പൊട്ടിപ്പുറപ്പെട്ടത് ഇങ്ങനെയാണ്. വിദേശികള്‍ വായ്പ തരാത്തതുകൊണ്ട് കരുതല്‍ സ്വര്‍ണം പണയപ്പെടുത്തി ഡോളര്‍ വാങ്ങേണ്ടുന്ന ഗതികേട് 1990-കളില്‍ ഇന്ത്യയ്ക്കുണ്ടായത് ഓര്‍ക്കുമല്ലോ. ആ ഊരാക്കുടുക്കില്‍പ്പെട്ടാണ് വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ ആഗോളീകരണ പരിഷ്‌കാരങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കംകുറിച്ചത്.

അന്ന് നമ്മള്‍ പുലിപ്പുറത്ത് കയറിയതാണ്. ഇനിയിറങ്ങാന്‍ കഴിയില്ല. അതുകൊണ്ട് പുലിപ്പുറത്ത് അള്ളിപ്പിടിച്ച് ഇരിക്കുകതന്നെ. പുലി തള്ളിയിടാതിരിക്കണമെങ്കില്‍ എങ്ങനെയെങ്കിലും അതിനെ അനുനയിപ്പിച്ച് നിര്‍ത്തണം. വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ എന്തുചെയ്താലും അധികമാവില്ല എന്ന ചിദംബരം - മൊണ്ടേക് സിങ് പ്രഭൃതികളുടെ വാദങ്ങളുടെ ലക്ഷ്യം അതാണ്. നമ്മുടെ കൃഷിക്കും വ്യവസായത്തിനും കച്ചവടത്തിനും ബാങ്കിങ്ങിനും എല്ലാം ദോഷമാണെങ്കിലും വിദേശനിക്ഷേപകരുടെ താളത്തിനൊത്ത് തുള്ളിക്കൊണ്ടിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല.

Monday, June 24, 2013

രൂപയുടെ മൂല്യ ഇടിവ് : ഗുണദോഷ വിചാരം

രൂപയുടെ മൂല്യം ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. മെയ് ആദ്യം ഏതാണ്ട് 52 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ഡോളറിന് ഇപ്പോള്‍ 59 രൂപയോളം നല്‍കണം. ജൂണ്‍ 17ന് മാര്‍ക്കറ്റ് അടച്ചപ്പോള്‍ 58.70 രൂപയായിരുന്നു വിനിമയ നിരക്ക്. കഴിഞ്ഞ മെയ് ആറിനെ അപേക്ഷിച്ച് പത്തുശതമാനത്തിന്റെ ഇടിവ്.

സാമ്പത്തിക ഉത്തേജനത്തിനായി 4000 - 7,000 കോടി ഡോളറിന്റെ ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റും ബോണ്ടുകള്‍ പ്രതിമാസം വാങ്ങുന്ന നയമാണ് 2008ലെ ആഗോള മാന്ദ്യം തുടങ്ങിയതു മുതല്‍ അമേരിക്കന്‍ സര്‍ക്കാരിന്റേത്. പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനാണിത്. എന്നാല്‍ സാമ്പത്തിക വീണ്ടെടുപ്പ് ശക്തിപ്പെടുന്നതിന്റെപശ്ചാത്തലത്തില്‍ ഈ നയം അമേരിക്ക പുനരവലോകനം ചെയ്യുകയാണ്. ഈ ലേഖനം അച്ചടിക്കുമ്പോഴേയ്ക്കും തീര്‍പ്പറിയാം. ഇത്തരത്തില്‍ ബോണ്ടുകള്‍ വാങ്ങുന്നതു കുറച്ചാല്‍ അമേരിക്ക ഡോളറിന്റെ ലഭ്യത കുറയ്ക്കും. ഡോളറിനു പ്രിയം കൂടും. ഇതു മുന്‍കൂട്ടി കണ്ട് നിക്ഷേപകര്‍ രൂപ ഡോളറായി മാറ്റി പിന്‍വലിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് 470 കോടി ഡോളറാണ് വിദേശ നിക്ഷേപകര്‍ ഇപ്രകാരം പിന്‍വലിച്ചത്.

ഇതാണ് രൂപയുടെ മൂല്യം ഇടിയുന്നതിന്റെ ഒരു പ്രധാന കാരണം. അമേരിക്കന്‍ ധനനയം മാറിയാല്‍ രൂപയുടെ മൂല്യം ഇനിയും താഴും. 65-70 രൂപ നിരക്കിലേയ്ക്കു വരെ വരാം. ഇതിന്റെ പ്രത്യാഘാതങ്ങളെന്തായിരിക്കും?

ഗുണഫലങ്ങള്‍ ഇവയാണ്:

ഒന്ന്) രൂപയുടെ വിലയിടിവ് പ്രവാസികള്‍ക്ക് നേട്ടമാകും. മെയ് ആദ്യം ഗള്‍ഫില്‍ നിന്നയച്ച ഓരോ ഡോളറിനും 52 രൂപ ലഭിച്ചത് ഇപ്പോള്‍ 59 രൂപയായി. 'രൂപ താഴേയ്ക്ക്, ഈ അവസരം വിനിയോഗിക്കൂ' എന്നായിരുന്നു ഒരു ദേശസാല്‍കൃത ബാങ്ക് ഇടപാടുകാര്‍ക്ക് നല്‍കിയ സന്ദേശം. ബാങ്കു വഴി സാധാരണഗതിയില്‍ വരുന്ന ഗള്‍ഫ് പണം ജൂണ്‍ മാസത്തില്‍ ഇരട്ടിയാകും. 2013-14ല്‍ 65-70,000 കോടി രൂപയെങ്കിലും കേരളത്തിലേയ്ക്ക് വിദേശപണം വരും.

രണ്ട്) ഡോളറില്‍ കരാറുറപ്പിച്ച കയറ്റുമതിക്കാര്‍ക്കും വന്‍നേട്ടമുണ്ടാകും. രൂപയുടെ വിനിമയനിരക്കില്‍ 1 രൂപ ഇടിയുമ്പോള്‍ ഐടി വ്യവസായത്തില്‍ കയറ്റുമതിക്കാരുടെ ലാഭത്തില്‍ 0.4 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നാണ് മതിപ്പുകണക്ക്. അതുകൊണ്ടാണ് ഐടി കമ്പനികളുടെ ഷെയര്‍വില ഉയര്‍ന്നത്. തിരുപ്പൂര്‍ തുണി മേഖലയില്‍ ഉത്സവത്തിമര്‍പ്പാണെന്നൊരു റിപ്പോര്‍ട്ടു കണ്ടു. എന്നാല്‍ കയറ്റുമതി വിലകള്‍ കുറയ്ക്കുന്നതിന് വിദേശ ഇറക്കുമതിക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങുന്നതോടെ അധികലാഭത്തില്‍ ഒരു പങ്ക് അവര്‍ക്കും കൊടുക്കേണ്ടി വരും.

മൂന്ന്) രൂപയുടെ മൂല്യമിടിയുന്നത് കയറ്റുമതിയ്ക്ക് മൊത്തത്തില്‍ ഉത്തേജകമാണ്. മെയ് ആദ്യം ഒരു ഡോളറിന് 52 രൂപയുടെ ഇന്ത്യന്‍ ചരക്കുകള്‍ വാങ്ങിയ വിദേശിയ്ക്കു ഇപ്പോള്‍ 59 രൂപയുടെ ചരക്കുകള്‍ കിട്ടും. ഇങ്ങനെ കയറ്റുമതി വിലകള്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേനെ കുറയുന്നതു മൂലം നമ്മുടെ കയറ്റുമതി ഉയരും.

എന്നാല്‍ ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യമിടിഞ്ഞാലും കയറ്റുമതി വര്‍ദ്ധിക്കണമെന്നില്ല. കാരണം പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയാണ് കയറ്റുമതിയെ നിര്‍ണയിക്കുന്നത്. 2013ല്‍ യൂറോപ്യന്‍ സമ്പദ്ഘടനകള്‍ -0.4 ശതമാനം ഉത്പാദനം കുറയുമെന്നാണ് ഏറ്റവും അവസാനത്തെ മതിപ്പുകണക്ക്. അങ്ങനെ 2013ല്‍ കയറ്റുമതി ഗണ്യമായി ഉയരുമെന്ന പ്രതീക്ഷ വേണ്ട.

ദോഷഫലങ്ങള്‍ താഴെ പറയുന്നവയാണ്.

ഒന്ന്) രൂപയുടെ മൂല്യമിടിയുന്നത് ഇറക്കുമതി ചെലവ് ഉയര്‍ത്തും. മെയ് മാസത്തില്‍ 52 രൂപ നിരക്കില്‍ 1 ഡോളര്‍ വിലയ്ക്കുളള ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഇന്ന് 59 രൂപ നല്‍കേണ്ടി വരും. വിനിയമനിരക്ക് 1 രൂപ ഇടിഞ്ഞാല്‍ ഒരു വര്‍ഷം എണ്ണക്കമ്പനികുടെ അനുമാന നഷ്ടം അഥവാ അണ്ടര്‍ റിക്കവറി 9000 കോടി ഉയരും. എണ്ണ വില ഉയര്‍ത്തി ഇതു നികത്താനുളള സര്‍വ സ്വാതന്ത്ര്യവും എണ്ണക്കമ്പനികള്‍ക്കു നല്‍കിയിട്ടുണ്ട്.

മറിച്ചൊരു വാദവുമുണ്ട്. ഇറക്കുമതി വിലകള്‍ ഉയരുമ്പോള്‍ ഇറക്കുമതി കുറയും. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നത്. എണ്ണവില എത്ര കൂടിയാലും ഉപഭോഗം കുറയ്ക്കാനാവുമോ? ഇന്ത്യയില്‍ രൂക്ഷമായ സാമ്പത്തിക മുരടിപ്പാണ്. എന്നിട്ടും ഇറക്കുമതി കൂടിക്കൊണ്ടിരിക്കുന്നതാണ് അനുഭവം.

രണ്ട്) രൂപയുടെ മൂല്യം ഇടിയുമ്പോള്‍ രാജ്യത്തിന്റെ കടഭാരം രൂപ നിരക്കില്‍ ആനുപാതികമായി ഉയരും. രാജ്യത്തെ സംബന്ധിച്ച് ഇത് അടിയന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കണമെന്നില്ല. പക്ഷേ, കമ്പനികളുടെ കാര്യത്തില്‍ അങ്ങനെയല്ല. ഒരു രൂപ വിനിയമ നിരക്കില്‍ ഇടിവുണ്ടായാല്‍ കമ്പനികളുടെ കടഭാരം 6000 കോടി രൂപ കണ്ട് ഉയരുമെന്നാണ് മതിപ്പുകണക്ക്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ കട തിരിച്ചടവിന്റെയും പലിശയുടെയും മറ്റും ഭാരം വര്‍ദ്ധിക്കും.

മൂന്ന്) ഇറക്കുമതി വിലകള്‍ ഉയരുന്നത് വിലക്കയറ്റം രൂക്ഷമാക്കും. മൊത്തവില സൂചിക കുറയുന്നതു സാമ്പത്തിക ഉത്കര്‍ഷത്തിന്റെ സൂചനയായി കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് രൂപയുടെ വിലയിടിവ് പുതിയ ഭീഷണി ഉയര്‍ത്തുന്നത്. രൂപയുടെ മൂല്യം 1 രൂപ ഇടിയുന്നത് മൂലം മൊത്തവില സൂചിക 2 - 3 മാസത്തിനുളളില്‍ 0.2 ശതമാനത്തോളം ഉയരും.

നാല്) രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ഓഹരിക്കമ്പോളത്തെയും നിരാശയിലാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഓഹരിക്കമ്പോളത്തിന്റെ ചാഞ്ചാട്ടവും താഴേയ്ക്കാണ്.

അഞ്ച്) അടവുശിഷ്ട കമ്മി ഇപ്പോള്‍ത്തന്നെ ദേശീയ വരുമാനത്തിന്റെ 6.7 ശതമാനമാണ്. 2.5 ശതമാനമാണ് ഉചിതം എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. രൂപയുടെ വിലയിടുന്നത് കറണ്ട് അക്കൗണ്ട് കമ്മിയെ കൂടുതല്‍ രൂക്ഷമാക്കും. ഇതാവട്ടെ രൂപയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. അങ്ങനെ കറണ്ട് അക്കൗണ്ട് കമ്മിയും രൂപയുടെ മൂല്യമിടിവും തമ്മിലുളള ദൂഷിത വലയത്തിലേയ്ക്കു സമ്പദ്ഘടന വഴുതി വീണാലുളള ദുരന്തം വലുതായിരിക്കും.

ഡോളര്‍ ശക്തിപ്പെട്ടതുമൂലം രൂപ മാത്രമല്ല, ബ്രിക് രാജ്യങ്ങളുടെ നാണയങ്ങളുടെയെല്ലാം മൂല്യം ഇടിഞ്ഞു; അങ്ങനെ നാണയ മൂല്യത്തകര്‍ച്ച ഇന്ത്യയുടെ മാത്രം തനതു പ്രതിഭാസമല്ല; ആയതിനാല്‍ അതിരുകവിഞ്ഞു ഭയപ്പെടാനൊന്നുമില്ല എന്നാണ് കേന്ദ്ര ധനകാര്യവകുപ്പ് നല്‍കുന്ന സാന്ത്വനം.

പക്ഷേ, നാണയത്തകര്‍ച്ച ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബ്രിക്‌സ് രാജ്യങ്ങളും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമെടുത്താല്‍ സൗത്ത് ആഫ്രിക്കയുടെ റാന്‍ഡ് മാത്രമാണ് ഇന്ത്യന്‍ രൂപയെക്കാള്‍ രൂക്ഷമായ തകര്‍ച്ച നേരിടുന്നത്. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിയ്ക്കും പൊതുവായ ഒരു കാര്യമുണ്ട്. ഇരുരാജ്യങ്ങളും അതീവ ഗുരുതരമായ അടവുശിഷ്ട കമ്മി നേരിടുകയാണ്. ഇത്ര വലിയ അടവുശിഷ്ട കമ്മി നേരിടുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുമെന്നത് സാമാന്യഗതിയില്‍ ഊഹിക്കാവുന്നേയുളളൂ. തന്മൂലം വിദേശ മൂലധനം വിന്‍വാങ്ങല്‍ തുടങ്ങി. ഏറ്റവും പ്രകടമായ പിന്മാറ്റം ഉണ്ടായിട്ടുളളത് ബോണ്ട് മാര്‍ക്കറ്റില്‍ നിന്നാണ്. ഓഹരി കമ്പോളത്തിലേയ്ക്കു വിദേശ മൂലധനത്തിന്റെ വരവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ പ്രവണത ശക്തിപ്പെട്ടാല്‍ രാജ്യം അതീവഗൗരവമായ വിദേശ നാണയ പ്രതിസന്ധിയിലേയ്ക്കു വഴുതിവീഴും. 

Tuesday, June 26, 2012

മാന്ദ്യത്തിന് കുറിപ്പടി നിയോലിബറല്‍ പരിഷ്‌കാരങ്ങളോ?

(മാതൃഭൂമി ലേഖനം, 2012 ജൂണ്‍ 26)
മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയപ്പോഴുണ്ടായ ദുരവസ്ഥയിലാണ് ഇന്ത്യന്‍ സമ്പദ്ഘടന. കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍ യാത്ര ദുരന്തമായി. അതുപോലെയാണ് വിലക്കയറ്റവും മാന്ദ്യവും ഒരുമിച്ച് സമ്പദ്ഘടനയെ ഗ്രസിച്ചാലുണ്ടാകാവുന്ന സ്ഥിതി.

ഇന്ത്യ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. പ്രതിവിധിയുമായി റിസര്‍വ് ബാങ്ക് രംഗത്തിറങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, റിസര്‍വ് ബാങ്കിന്റെ വായ്പനയം ജൂണ്‍ 19-ന് പുറത്തുവന്നപ്പോള്‍ കോര്‍പ്പറേറ്റുകള്‍ നിരാശരായി. പലിശ നിരക്ക് താഴ്ത്താനോ വായ്പ ഉദാരമാക്കാനോ റിസര്‍വ് ബാങ്ക് തയ്യാറല്ല. റിസര്‍വ് ബാങ്കിന്റെ പണനയത്തോടുള്ള നീരസം മറച്ചു വെച്ചില്ലെങ്കിലും തന്റെ ധനനയത്തില്‍ മാറ്റംവരുത്താന്‍ പ്രണബ് മുഖര്‍ജിയും തയ്യാറായില്ല. മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തണം; കമ്മി വര്‍ധിപ്പിക്കണം. പക്ഷേ, സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതിനും കമ്മി താഴ്ത്തുന്നതിനുമുള്ള ബദ്ധപ്പാടിലാണ് ധനമന്ത്രാലയം.

മാന്ദ്യം മാത്രമായിരുന്നു പ്രശ്‌നമെങ്കില്‍ മേല്‍പറഞ്ഞ പണ/ ധനനടപടികള്‍ സ്വീകരിക്കാമായിരുന്നു. മാന്ദ്യത്തില്‍ നിന്ന് സമ്പദ്ഘടനയെ കരകയറ്റുകയും ചെയ്യാം. എന്നാല്‍, ഇന്ന് വിലക്കയറ്റവും ഗുരുതരമാണ്. മെയ് മാസത്തില്‍ ചില്ലറ വിലസൂചിക മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.8 ശതമാനമാണ് ഉയര്‍ന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെങ്കില്‍ പലിശ ഉയര്‍ത്തണം; പണലഭ്യത കുറയ്ക്കണം. ഇതാണ് റിസര്‍വ് ബാങ്ക് ചെയ്തത്. ഇപ്രകാരം വിലക്കയറ്റം പിടിച്ചുനിര്‍ത്തിയാല്‍ മാന്ദ്യം രൂക്ഷമാകും. മാന്ദ്യത്തിന് പ്രതിവിധി തേടിയാല്‍ വിലക്കയറ്റം ചരടുപൊട്ടിക്കും.

കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍ മണ്ണാങ്കട്ടയും കരിയിലയും നേരിട്ട പ്രതിസന്ധി തന്നെ. അപ്പോള്‍ പിന്നെ എന്തു പോംവഴി? വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

ഒന്ന്: പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുക. ചൈന ഇത്തരമൊരു നടപടി സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ, ഇന്ത്യയിപ്പോഴും പെട്രോളിയം കമ്പനികളുടെ നഷ്ടത്തെക്കുറിച്ചാണ് പറയുന്നത്. കമ്പനികള്‍ക്ക് നഷ്ടം വരികയാണെങ്കില്‍ സര്‍ക്കാര്‍ നികുതി കുറച്ച് നഷ്ടം നികത്തണം.

രണ്ട്: പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക. ഭക്ഷ്യധാന്യങ്ങളുടെ ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും അവസാനിപ്പിക്കുക. ഭക്ഷ്യവിലക്കയറ്റം ഇങ്ങനെയേ തടയാനാവൂ.

മൂന്ന്: സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാതിരിക്കുക. രാസവളത്തിന്റെയും മറ്റും വിലവര്‍ധന ഇതുവഴി ഒഴിവാക്കാനാവും. ബജറ്റ് കമ്മി കൂടിയേക്കാം. പക്ഷേ, മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അതിന് ന്യായീകരണമുണ്ട്.

നാല്: സിമന്റുപോലുള്ള ഉത്പന്നങ്ങള്‍ക്ക് കുത്തക സിന്‍ഡിക്കേറ്റുകള്‍ വിലകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

വിലക്കയറ്റത്തെ പിടിച്ചുകെട്ടിയാല്‍ പരമ്പരാഗത മാന്ദ്യവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല. പുതിയ ഉത്തേജക പാക്കേജിന് രൂപം നല്‍കണം.

എന്നാല്‍, ഇതൊന്നും കേന്ദ്രസര്‍ക്കാറിന് സ്വീകാര്യമല്ല. പ്രതിസന്ധിനേരിടാന്‍ ഉദാരവത്കരണ പരിഷ്‌കാരങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി നടപ്പാക്കുക എന്ന ഒറ്റമൂലിയേ അവരുടെ പക്കലുള്ളൂ. പരിഷ്‌കാരങ്ങള്‍ സ്തംഭനത്തിലായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അന്തര്‍ദേശീയ ഏജന്‍സികളുടെ വിലയിരുത്തല്‍. പക്ഷേ, ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ എങ്ങനെയാണ് വിലക്കയറ്റം തടയുന്നതിനും മാന്ദ്യം അകറ്റുന്നതിനും സഹായിക്കുക എന്നുള്ളത് എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഒന്ന്: ഏറ്റവും വിവാദപരമായ പരിഷ്‌കാരം ചില്ലറവില്പന മേഖലയിലേക്ക് വിദേശ കുത്തകകളെ അനുവദിക്കുകയാണ്. ഇതുവഴി നിലവിലുള്ള ചെറുകിട വ്യാപാരികളുടെയും മറ്റും വ്യാപാരം കുത്തകകളുടെ പിടിയിലേക്കു പോകുമെന്നല്ലാതെ മൊത്തം വ്യാപാരം എങ്ങനെയാണ് അഭിവൃദ്ധിപ്പെടുക? കുത്തകകള്‍ വരുമ്പോള്‍ വില കുറയുമെന്ന സിദ്ധാന്തം സാമ്പത്തിക ശാസ്ത്രത്തിലെ ബിരുദവിദ്യാര്‍ഥികളെപ്പോലും ചിരിപ്പിക്കുകയേ ഉള്ളൂ. സമ്പൂര്‍ണ മത്സരത്തില്‍ നിന്ന് കുത്തകയിലേക്കുമാറുമ്പോള്‍ വില വര്‍ധിക്കുമെന്നാണ് സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത്.

രണ്ട്: ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലകളിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും ഇവ വിദേശ മൂലധനത്തിന് തുറന്നുകൊടുക്കുകയുമാണ് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരം. നാട്ടില്‍ വായ്പ കൂടുതല്‍ ഉദാരമായി ലഭ്യമാക്കണമെങ്കില്‍ ധനകാര്യ മേഖലയിലേക്ക് വിദേശ മൂലധനം കൊണ്ടുവരുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് കരുതല്‍ കാഷ് റിസര്‍വില്‍ മാറ്റം വരുത്തുക തുടങ്ങിയ പരമ്പരാഗത നടപടികള്‍. ധനകാര്യമേഖലയിലെ നിര്‍ദിഷ്ട പരിഷ്‌കാരങ്ങളില്‍ എന്തെങ്കിലും പ്രത്യാഘാതങ്ങള്‍ ഉത്പാദനമേഖലയിലുണ്ടാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.

മൂന്ന്: എണ്ണ പോലുള്ള ഉത്പന്നങ്ങളുടെ മേലുള്ള വിലനിയന്ത്രണം നീക്കം ചെയ്യുകയാണ് മറ്റൊരു നിര്‍ദേശം. ഇതിന്റെ ഫലമെന്തായിരിക്കുമെന്ന് പെട്രോളിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. വിലക്കയറ്റത്തിന് ആക്കം കൂട്ടാനേ ഈ നീക്കം സഹായിക്കൂ.
നാല്: സര്‍ക്കാര്‍ സബ്‌സിഡികള്‍ ആഭ്യന്തരവരുമാനത്തിന്റെ രണ്ടുശതമാനമായി താഴ്ത്തണം എന്നുള്ളതാണ് മറ്റൊരു നിര്‍ദേശം. സബ്‌സിഡികള്‍ കുറയ്ക്കുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ.

അഞ്ച്: നികുതി മേഖലയില്‍ ചരക്കുസേവന നികുതി നടപ്പാക്കുക. ഇതിനോട് എനിക്ക് വിയോജിപ്പില്ല. പക്ഷേ, ഇപ്പോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാലും രണ്ടുവര്‍ഷം കൊണ്ടേ അതു പ്രവര്‍ത്തികമാക്കാനാവൂ.

എന്നിട്ടും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് മുറവിളി കൂട്ടൂന്നതിന്റെ രഹസ്യമെന്താണ്? വിദേശ ധനകാര്യഏജന്‍സികളും ഇന്ത്യയിലെ അവരുടെ വക്താക്കളും വാദിക്കുന്നത് പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കിയാല്‍ മാത്രമേ രാജ്യത്തെ നിക്ഷേപഅന്തരീക്ഷം മെച്ചപ്പെടൂ എന്നാണ്. നിക്ഷേപകരുടെ പ്രത്യേകിച്ച് വിദേശ നിക്ഷേപകരുടെ മുഡ് മോശമായിരിക്കുകയാണ്. അതു ശരിപ്പെട്ടാല്‍ ബാക്കികാര്യങ്ങള്‍ നേരേയായിക്കൊള്ളുമത്രേ!

യൂറോ സോണ്‍ മേഖലയിലെ പ്രതിസന്ധിയോടു ബന്ധപ്പെട്ടും ഇതുപോലൊരു തര്‍ക്കം നടക്കുന്നുണ്ട്. പ്രതിസന്ധിക്ക് പ്രതിവിധിയായി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി സമ്പദ്ഘടനയില്‍ ഇടപെടണമെന്നും ഉത്തേജക പാക്കേജുകള്‍ നടപ്പാക്കാന്‍ പ്രതിസന്ധിയിലായ രാഷ്ട്രങ്ങള്‍ക്കു സഹായം ചെയ്യണമെന്നും ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, പോള്‍ ക്രൂഗ്മാന്‍ തുടങ്ങിയ കെയ്‌നീഷ്യന്‍ വിദ്വാന്‍മാരും ഇടതുപക്ഷക്കാരും ആവശ്യപ്പെടുന്നു. എന്നാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ നികുതി ഇളവുകള്‍ അനുവദിക്കണമെന്നും സാമ്പത്തിക അച്ചടക്കത്തിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ നേതൃത്വത്തില്‍ നിയോലിബറലുകള്‍ ഒറ്റക്കെട്ടായി വാദിക്കുന്നത്. ഇതിലൂടെ മാത്രമേ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച് പ്രതിസന്ധി മറികടക്കുന്നതിന് കഴിയൂ എന്നതാണ് ഇവരുടെ വാദം. ഈ അറുപിന്തിരിപ്പന്‍ നിലപാടിനൊപ്പമാണ് ഇന്ത്യയിലെ സര്‍ക്കാറും എന്നത് സ്​പഷ്ടം. പ്രതിസന്ധിയിലായ യൂറോപ്പിലെ രാജ്യങ്ങളിലെ ഭരണപ്പാര്‍ട്ടികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടി ഇന്ത്യയിലെ കോണ്‍ഗ്രസ്സിനും ലഭിക്കുമെന്നുറപ്പുവരുത്താന്‍ ഇതിലേറേ നല്ല മാര്‍ഗമില്ല.

വാല്‍ക്കഷ്ണം:
പ്രതിസന്ധിക്ക് പരിഹാരമെന്നു പറഞ്ഞ് ധനമന്ത്രാലയം നില്‍ക്കക്കള്ളിയില്ലാതെ ചില നടപടികള്‍ ജൂണ്‍ 25-ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കുക, ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിദേശത്തു വായ്പയെടുക്കുന്നത് കൂടുതല്‍ സുഗമമാക്കുക, പശ്ചാത്തല മേഖലയിലെ നിക്ഷേപത്തിനുളള നടപടിക്രമം എളുപ്പമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ധനമന്ത്രാലയത്തിന്റേത്. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്കും രംഗത്തിറങ്ങുമത്രേ. മല എലിയെ പ്രസവിച്ചതു പോലെയായിട്ടുണ്ട്. വ്യത്യസ്താഭിപ്രായമുള്ളവരുണ്ടെങ്കില്‍ 2008-ലെ ഉത്തേജക പാക്കേജും ഇപ്പോഴത്തെ നടപടികളും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുക.

Friday, June 1, 2012

രൂപയ്ക്ക് സംഭവിക്കുന്നത്‌


ഒരു മീറ്ററിന്റെ നീളം എത്ര? കുഴപ്പം പിടിച്ച ചോദ്യമാണിത്. നീളത്തെ അളക്കാനുള്ള അളവുകോലാണ് മീറ്റര്‍. അളവുകോലിന്റെ അളവെത്ര എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോകും. ഒരു വഴിയുണ്ട്. മറ്റേതെങ്കിലും അളവുകോലിലേക്ക് മൊഴിമാറ്റം നടത്താം. ഒരു മീറ്റര്‍ നൂറു സെന്റിമീറ്ററാണ്. 3.28 അടിയാണ്. 1.09 വാരയാണ്.

രൂപയുടെ മൂല്യമെത്ര? ഈ ചോദ്യം മീറ്ററിന്റെ നീളത്തേക്കാള്‍ കുഴപ്പം പിടിച്ചതാണ്. ചരക്കുകളുടെ മൂല്യം അളക്കാനുള്ള അളവുകോലാണ് രൂപ. അപ്പോഴെങ്ങനെയാണ് രൂപയുടെ മൂല്യം അളക്കാനാവുക? പോംവഴി, മറ്റേതെങ്കിലും നാണയത്തിലേക്കുള്ള കൈമാറ്റത്തോത് കണക്കാക്കലാണ്. 55 രൂപയാണ് ഒരു ഡോളര്‍. 70 രൂപ ഒരു യൂറോ. 14.56 രൂപ ഒരു സൗദി റിയാല്‍ എന്നിങ്ങനെ. വിദേശ നാണയവുമായുള്ള ഈ കൈമാറ്റത്തോതിനെയാണ് വിനിമയനിരക്ക് എന്നു പറയുന്നത്.

എന്നാല്‍, നാണയങ്ങളുടെ മൂല്യത്തിന്റെ കാര്യത്തില്‍ ഗൗരവമായ ഒരു പ്രശ്‌നമുണ്ട്. വിനിമയനിരക്ക് നിരന്തരം മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് പരിഷ്‌കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ ലഭിക്കുമായിരുന്നു. ഇതാണ് ഇപ്പോള്‍ 55 രൂപയായിരിക്കുന്നത്. ഡോളറിന്റെ മൂല്യം ഉയര്‍ന്നു. രൂപയുടെ മൂല്യം താഴ്ന്നു.

പണ്ട്, റിസര്‍വ് ബാങ്ക് ആണ് രൂപയുടെ മൂല്യം, അഥവാ വിനിമയ നിരക്ക് കാലാകാലങ്ങളില്‍ നിശ്ചയിച്ചിരുന്നത്. 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ബാധ്യസ്ഥമായിരുന്നു. ഈ സ്ഥിതിമാറ്റി ഇന്ത്യയിലെ വിദേശനാണയ രംഗത്ത് ഡോളറിന്റെ ആവശ്യവും ലഭ്യതയും കയറിയിറങ്ങുന്നത് അനുസരിച്ച് ഇരു നാണയങ്ങളുടെയും വിനിമയ നിരക്ക് ഉയരാനും താഴാനും അനുവദിക്കുക എന്ന പരിഷ്‌കാരം ധനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങാണ് കൊണ്ടുവന്നത്.

നമ്മള്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുമ്പോള്‍ നമുക്ക് വിദേശ നാണയം കിട്ടും. അതുപോലെ തന്നെ വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയയ്ക്കുമ്പോഴും വിദേശ നാണയം കിട്ടും. ഇന്ത്യക്കാര്‍ വിദേശത്തു മുടക്കിയിരിക്കുന്ന മൂലധനത്തിന് പലിശയും ലാഭവും ലഭിക്കുമ്പോഴും വിദേശ നാണയം കിട്ടും. അതേസമയം ചരക്കുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ നാം വിദേശനാണയം കൊടുക്കണം. അതുപോലെത്തന്നെ ശമ്പളം, ലാഭം, പലിശ, റോയല്‍റ്റി തുടങ്ങിയ ഇനങ്ങളില്‍ വിദേശികള്‍ പണം പുറത്തേക്കു കൊണ്ടുപോകുമ്പോഴും വിദേശനാണയം ചെലവാകും. ഇപ്രകാരം മൊത്തം വിദേശനാണയ വരുമാനവും മൊത്തം വിദേശനാണയ ചെലവും തമ്മിലുള്ള അന്തരത്തെയാണ് കറന്റ് അടവുശിഷ്ടം കമ്മി/മിച്ചം എന്നു വിളിക്കുന്നത്.

ചുരുക്കത്തില്‍, വായ്പയെടുക്കുമ്പോള്‍ ലഭിക്കുന്ന വിദേശനാണയത്തെയും അവ തിരിച്ചടയ്ക്കുമ്പോള്‍ ചെലവാകുന്ന വിദേശനാണയത്തെയും ഒഴിവാക്കി ബാക്കി ഏതാണ്ട് എല്ലാ വിദേശ വിനിമയ ഇടപാടുകളും കറന്റ് അടവുശിഷ്ട കണക്കില്‍ ഉള്‍പ്പെടും. ഇത് കമ്മിയാണെങ്കില്‍ അതു നികത്താനാണ് വായ്പയെടുക്കുക. അതുകൊണ്ടും വിദേശനാണയം തികയാതെവന്നാല്‍ ഉപയോഗിക്കാന്‍ വിദേശനാണയ കരുതല്‍ ശേഖരം ഓരോ സര്‍ക്കാറിനുമുണ്ട്. എങ്കിലും പൊതുവേ പറഞ്ഞാല്‍ കറന്റ് അടവുശിഷ്ട കമ്മി കൂടുമ്പോള്‍ വിദേശ നാണയത്തിന്റെ മൂല്യം ഉയരും. രൂപയുടെ മൂല്യം ഇടിയും.

ഇങ്ങനെ ഇന്ത്യന്‍ രൂപയുടെ മൂല്യം നിര്‍ണയിക്കുന്നത് പൂര്‍ണമായും കമ്പോളത്തിന് വിട്ടുകൊടുത്തതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. മുമ്പ് ഒരു ഡോളറുണ്ടായിരുന്നെങ്കില്‍ 21 രൂപയുടെ മൂല്യംവരുന്ന ചരക്ക് വിദേശത്തു നിന്നും വാങ്ങാമായിരുന്നു. ഇപ്പോള്‍ ഇതേ ചരക്കിന് 55 രൂപ നല്‍കണം. അങ്ങനെ ഇറക്കുമതി സാധനങ്ങളുടെ വില ഉയരുമ്പോള്‍ അവ വാങ്ങാന്‍ ആളുകള്‍ മടിക്കും. ഇറക്കുമതി കുറയും. അതേസമയം നേരത്തേ ഒരു ഡോളറും കൊണ്ടുവരുന്ന വിദേശിക്ക് 21 രൂപയുടെ ചരക്കേ ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാലിപ്പോള്‍ 55 രൂപയുടെ ചരക്കുകള്‍ വാങ്ങാം. അതുകൊണ്ട് വിദേശികള്‍ കൂടുതല്‍ ചരക്കുകള്‍ വാങ്ങുകയും നമ്മുടെ കയറ്റുമതി ഉയരുകയും ചെയ്യും. ഇങ്ങനെ കയറ്റുമതിയും ഇറക്കുമതിയും ക്രമേണ തുല്യമായിത്തീരും.

എന്നാല്‍ ഇന്ത്യയില്‍ ഇതല്ല സംഭവിച്ചത്. ഇറക്കുമതി കുത്തനെ കൂടി. എണ്ണ പോലുള്ള ചരക്കുകള്‍ എത്ര വില കൂടിയാലും വാങ്ങുകയേ നിര്‍വാഹമുള്ളൂ. എന്നാല്‍, കയറ്റുമതി ആ തോതില്‍ ഉയരുന്നില്ല.

ഫലമോ? 17,000 കോടി രൂപയായിരുന്നു 1990-'91-ലെ വ്യാപാരക്കമ്മി. 2010-'11-ല്‍ അത് ആറു ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഭാഗ്യത്തിന് വിദേശ ഇന്ത്യക്കാര്‍ അയച്ചുതരുന്ന വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഇതുമൂലം കറന്റ് അടവുശിഷ്ട കമ്മി രണ്ടു ലക്ഷം കോടി രൂപയായേ ഉയര്‍ന്നുള്ളൂ. എങ്കിലും 1991-'92-ല്‍ അടവുശിഷ്ട കമ്മി 17,500 കോടി രൂപ മാത്രമായിരുന്നു എന്നോര്‍ക്കണം.

വിദേശനാണയ കമ്മി നികത്തുന്നതിന് കേന്ദ്ര സര്‍ക്കാറും കോര്‍പ്പറേറ്റുകളും കൂടുതല്‍ കൂടുതല്‍ വായ്പയെടുത്തു കൊണ്ടിരിക്കുക
യാണ്.

ഇങ്ങനെ വായ്പ വഴി ലഭിച്ച വിദേശനാണയത്തിന്റെ വലിയൊരു കരുതല്‍ശേഖരം കേന്ദ്രസര്‍ക്കാറിന്റെ കൈവശമുണ്ട്. 30,000 കോടി ഡോളര്‍ അഥവാ, 16 ലക്ഷം കോടി രൂപ വരുമത്. പുതിയ സാമ്പത്തികപരിഷ്‌കാരങ്ങളുടെ വമ്പന്‍ നേട്ടമായാണ് ഭരണാധികാരികള്‍ ഈ കരുതല്‍ ശേഖരത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയൊരു ശേഖരമുണ്ടായിട്ടും രൂപയുടെ മൂല്യമിടിയുന്നു എന്നത് ഒരു വൈരുധ്യമാണ്.

ഭീമന്‍ വിദേശനാണയ ശേഖരത്തില്‍ നിന്ന് പണമെടുത്ത് രൂപയുടെ മൂല്യം ഇടിയുന്നതിന് തടയിടാന്‍ റിസര്‍വ് ബാങ്കിന് ധൈര്യമില്ല. കാരണം മറ്റൊന്നുമല്ല, ഈ ശേഖരത്തില്‍ ഒരു നല്ല പങ്ക് ഹ്രസ്വകാല വായ്പകളാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് തുടങ്ങിയ ഊഹക്കച്ചവട മേഖലയില്‍ കളിക്കാന്‍വരുന്ന പണമാണിത്. എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാം. അപ്പോള്‍ കൊടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ കൈയില്‍ വിദേശനാണയ ശേഖരം ഉണ്ടായേ തീരൂ.

ഹ്രസ്വകാല ഊഹക്കച്ചവട മൂലധനത്തിന്റെ വരവ് ഗണ്യമായി 2011-'12-ല്‍ കുറഞ്ഞു എന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010-'11-ലും ഏതാണ്ട് 3200 കോടി ഡോളറാണ് ഈയിനത്തില്‍ ഇന്ത്യയിലേക്കു വന്നത്. എന്നാല്‍ 2011-'12-ല്‍ ഇത് 1800 കോടിയായി കുറഞ്ഞു. നടപ്പുവര്‍ഷത്തില്‍ കൂടുതല്‍ ശുഷ്‌കിച്ചു. അതുകൊണ്ട് കൈവിട്ടു കളിക്കാന്‍ റിസര്‍വ് ബാങ്കിനു ധൈര്യമില്ല. ഇതുമൂലമാണ് കഴിഞ്ഞ വര്‍ഷം 44.5 രൂപയായിരുന്ന ഡോളറിന്റെ വില ഇപ്പോള്‍ 55 രൂപയായി ഉയര്‍ന്നത്.

രൂപയുടെ മൂല്യം ഇടിയുന്നത് അതീവ ഗുരുതരമായ പ്രതിഭാസമാണെന്ന് കേന്ദ്രധനമന്ത്രി പ്രസ്താവിച്ചു കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ഉയരുന്നത് രാജ്യത്ത് വിലക്കയറ്റത്തിന് ആക്കം കൂട്ടും.

ഈ സ്ഥിതിവിശേഷത്തിന് രണ്ടു കാരണങ്ങളാണ് പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, യൂറോപ്പിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. യൂറോപ്പ് ഡബിള്‍ ഡിപ്പ് മാന്ദ്യത്തിലാണ്. രണ്ടാമത്തേത് രാഷ്ട്രീയകാരണങ്ങള്‍ കൊണ്ട് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്തംഭിച്ചതാണ്. രാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ശല്യമൊന്ന് ഒഴിവാക്കി കിട്ടിയിരുന്നെങ്കില്‍ എന്നാണ് കോര്‍പ്പറേറ്റുകളും ധനമന്ത്രിയും ആഗ്രഹിക്കുന്നത്.

തന്നാല്‍ കഴിയുന്നത് പ്രണബ് മുഖര്‍ജി ചെയ്യുന്നുണ്ട്. ഓഹരിക്കമ്പോളത്തിലെ നികുതി കുറച്ചു. വിദേശ കള്ളപ്പണം ഇന്ത്യയിലേക്കു വരുന്നത് തടയാനുള്ള നടപടികള്‍ തത്കാലം വേണ്ടെന്നു വെച്ചു. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ചുതന്നെ ചില പുതിയ സാമ്പത്തിക നിയമങ്ങള്‍ പാസ്സാക്കും.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഊക്കു വര്‍ധിപ്പിച്ച് വിദേശ മൂലധനത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം തെളിയിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. അമ്പോ, എന്തൊരു കരുത്ത്!

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...