Showing posts with label ജനകീയ പച്ചക്കറി. Show all posts
Showing posts with label ജനകീയ പച്ചക്കറി. Show all posts

Friday, September 4, 2015

ജനകീയ ജൈവപച്ചക്കറി കാമ്പയിനും സ്വയംപര്യാപ്തതയും

Chintha Article
ജനകീയ ജൈവ പച്ചക്കറി കാമ്പയിന്‍ കേരളത്തില്‍ പുതിയൊരു ആത്മവിശ്വാസം നല്കിയിരിക്കുകയാണ്. നാം തുനിഞ്ഞിറങ്ങിയാല്‍ കേരളത്തിനെ പച്ചക്കറി സ്വയം പര്യാപ്തമാക്കാം.  ഫലഭൂയിഷ്ടമായ മണ്ണും സുലഭമായ വെള്ളവും കേരളത്തിലുണ്ട്. കേരളത്തില്‍ എല്ലാവരും കുറച്ചെങ്കിലും പച്ചക്കറി കൃഷി ചെയ്യാന്‍ തയ്യാറായാല്‍ സ്വയംപര്യാപ്തത കൈവരിക്കാം. ജനകീയ ജൈവപച്ചക്കറി കാമ്പയിന്റെ ഭാഗമായി ചുരുങ്ങിയത് രണ്ടര ലക്ഷം കുടുംബങ്ങള്‍ പച്ചക്കറി കൃഷി ചെയ്തു. പാര്‍ടിയുടെ നേരിട്ടുള്ള കൃഷിയില്‍ പങ്കാളികളായവരുടെ എണ്ണമാണിതെന്നോര്‍ക്കണം. ഇവര്‍ 2500 ഏക്കറില്‍ കൃഷി ചെയ്തു. 15000 ടണ്‍ ജൈവപച്ചക്കറി ഉത്പാദിപ്പിച്ചു. ജൈവപച്ചക്കറി വില്‍ക്കാന്‍ 850 സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചു. ഇവയില്‍ എല്ലാം കൂടെ 12-15 കോടി രൂപയുടെ പച്ചക്കറി വിറ്റഴിച്ചു. ഇതെല്ലാം പ്രാഥമിക കണക്കുകളാണ്.
     
ഓണക്കാലത്തെ പച്ചക്കറിയുടെ ഏകദേശം 10% മാത്രമേ ജനകീയ കൃഷി വരൂ. പക്ഷേ ഇതു ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ജൈവപച്ചക്കറിയോട് വലിയ അഭിനിവേശം ജനങ്ങളില്‍ ഉണ്ടായി. അവര്‍ ജൈവപച്ചക്കറി കിട്ടിയില്ലെങ്കില്‍ കഴിവതും നാടന്‍ പച്ചക്കറി വാങ്ങാന്‍ തുടങ്ങി. അതിന് കൂടുതല്‍ വില നല്കാനും തയ്യാറായി. ഇതിന്റെ ഫലമായി തമിഴ്‌നാട്ടില്‍ നിന്നുമുള്ള പച്ചക്കറിയുടെ വരവ് ഓണമായിട്ടും കുറഞ്ഞു.വിലയും വര്‍ദ്ധിച്ചില്ല.തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ അന്വേഷിച്ചു ബോദ്ധ്യപ്പെട്ട കാര്യമാണിതെന്ന് തൃശ്ശൂരിലെ പാര്‍ടി ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പര്‍ യു.പി. ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാര്‍ വിപണനശാലകള്‍ വേണ്ടത്ര ഫലപ്രദമായിരുന്നില്ല. എന്നിട്ടും മുന്‍കാല ഓണത്തെ അപേക്ഷിച്ച് വിപണിയില്‍ ഗുണപരമായ മാറ്റം ഉണ്ടായെന്ന് ഇവര്‍ സമ്മതിക്കുകയും ചെയ്തു .ഇതില്‍ മുഖ്യസംഭാവന സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ ഇടപെടല്‍ ആണെന്ന് മാധ്യമങ്ങള്‍ തന്നെ സമ്മതിക്കുകയും ചെയ്തു.
കോണ്‍ഗ്രസ്സ് വക്താക്കള്‍ക്ക്  പോലും ഇതംഗീകരിക്കേണ്ടി വന്നു. എം.എല്‍.എ ആയ ഹൈബി ഈഡനും കെപിസിസി ഭാരവാഹി അജയ് തറയിലും അവകാശപ്പെട്ടത് കെപിസിസി പ്രസിഡന്റാണ് ഇത്തരത്തിലുള്ള ജനകീയ ഇടപെടലിന്റെ ആവശ്യകതയെ കുറിച്ച് ആദ്യം ചൂണ്ടിക്കാണിച്ചത് എന്നാണ്. എന്നാല്‍ കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം സിപിഐഎം നടപ്പാക്കി എന്ന വാദത്തിലെ തമാശയൊക്കെ അവിടിരിക്കട്ടെ. പക്ഷേ, ജൈവപച്ചക്കറി കാമ്പയിന്‍ വിജയിപ്പിക്കാന്‍ സിപിഐ എമ്മിനു കഴിഞ്ഞുവെന്ന് കോണ്‍ഗ്രസുകാര്‍ക്കുപോലും സമ്മതിക്കേണ്ടി വന്നു.  ജൈവ പച്ചക്കറി കാമ്പയിന്‍ പാര്‍ടിയുടെ പാലക്കാട് നടന്ന പ്ലീനത്തിന്റെ തീരുമാനമാണെന്നും അവരെ ഓര്‍മ്മിപ്പിക്കുന്നു.
രാഷ്ട്രീയകാര്യങ്ങളെ ആസ്പദമാക്കി പ്രക്ഷോഭപ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് പാര്‍ടിയുടെ മുഖ്യ ചുമതല.എന്നാല്‍ അതോടൊപ്പം ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടേണ്ടതുണ്ട്. ഇതാണ് പാര്‍ടിയുടെ പരമ്പരാഗത പ്രവര്‍ത്തന ശൈലി.നാട്ടുകാരുടെ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലൊക്കെ പാര്‍ടി സജീവ സാന്നിദ്ധ്യമായിരുന്നു.അതുപോലെ തന്നെ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള കാമ്പയിനുകള്‍ പാര്‍ടി ഏറ്റെടുത്തു.എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ പാരമ്പര്യം സമീപകാലത്ത് ദുര്‍ബലമായി.ഇതുമൂലം ജനങ്ങളുമായുള്ള ബന്ധത്തിന് കുറവ് വന്നു. ഈ ദൗര്‍ബല്യം തിരുത്തുന്നതിനുള്ള ഒരു കര്‍മപരിപാടിക്കാണ് പ്ലീനം രൂപം നല്‍കിയത്. 
പാര്‍ടി പ്രവര്‍ത്തകര്‍ പ്രാദേശിക ക്ലബ്ബുകളിലും വായനശാലകളിലും റസിഡന്‍സ് അസോസിയഷനുകളിലുമെല്ലാം സജീവമാകണമെന്നും വിവാഹം ,മരണം പോലുള്ള സന്ദര്‍ഭങ്ങളില്‍ സഹായത്തിനെത്തണമെന്നും തീരുമാനിച്ചു.അതുപോലെ  മാറാരോഗികള്‍ക്ക് സാന്ത്വന ചികിത്സ നല്‍കുന്നതിനും പൊതുഇടങ്ങള്‍ ശുചീകരിക്കുന്നതിനും കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. അതുപോലെ പൊതുജനങ്ങളെ അലട്ടുന്ന ഒരു സമകാലിക പ്രശ്‌നമാണ് വിഷലിപ്തമായ പച്ചക്കറി. മറ്റ് സംസ്ഥാനങ്ങളിലെ അശാസ്ത്രീയമായ കൃഷിസമ്പ്രദായങ്ങള്‍ വലിയ ആശങ്കയാണ് ജനങ്ങളില്‍ ഉയര്‍ത്തിയത്.ഈ പശ്ചാത്തലത്തില്‍ നല്ല ഭക്ഷണം ലഭ്യമാക്കുന്നതില്‍ ജൈവപച്ചക്കറി പ്രസ്ഥാനത്തിന് രൂപം കൊടുക്കാന്‍ പാര്‍ടി തീരുമാനിച്ചു. 

വിഷുക്കാലത്ത് നടത്തിയ ഇടപെടല്‍ വേണ്ടത്ര വിജയിച്ചില്ല. അതിലെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് ഓണക്കാലത്ത് ശക്തമായ തോതില്‍ ഇടപെടുന്നതിന് തീരുമാനിച്ചു. അത് ഏതാണ്ട് ലക്ഷ്യമിട്ട രീതിയില്‍ പൊതുവെ നടന്നു.കണ്ണൂര്‍,പാലക്കാട്,തൃശ്ശൂര്‍,എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജനകീയ ജൈവപച്ചക്കറിപ്രസ്ഥാനം  ഏറ്റവും നല്ലരീതിയില്‍ നടന്നത്. ഈ അനുഭവങ്ങളെ ആകെ വിലയിരുത്തുന്നതിനു വേണ്ടിയാണ് തൃശ്ശൂരില്‍ പെരിങ്ങോണ്ടൂര്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിപുലമായൊരു ഏകദിന സെമിനാര്‍ നടത്തിയത്.ഇതൊരു തുറന്ന സെമിനാര്‍ ആയിരുന്നു.എല്ലാ ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.സെമിനാര്‍ എത്തിച്ചേര്‍ന്ന അനുഭവപാഠങ്ങളെ താഴെ പറയുന്ന രീതിയില്‍ ക്രോഡീകരിക്കാം.
1. കര്‍ഷക പങ്കാളിത്തം  
പാര്‍ടി കാമ്പയിനുകളില്‍ നേരിട്ട് പങ്കെടുത്ത കൃഷിക്കാരുടെ എണ്ണവും ഭൂവിസ്തൃതിയുമാണ് ആമുഖത്തില്‍ വിശദീകരിച്ചത്. ഇതിനുപുറമേ പാരമ്പര്യമായി പച്ചക്കറികൃഷി ചെയ്യുന്ന ലക്ഷക്കണത്തിന് കൃഷിക്കാര്‍ കേരളത്തില്‍ ഉണ്ട്.മറ്റൊരു വിഭാഗമാണ് സംഘകൃഷിക്കാര്‍. കുടുംബശ്രീയും പുരുഷസ്വാശ്രയസംഘങ്ങളുമാണ് സംഘകൃഷിയില്‍ ഏര്‍പ്പെടുന്നത്. ഇവര്‍ മിക്കവാറും ഭൂമി പാട്ടത്തിനെടുത്താണ്  കൃഷി ചെയ്യുന്നത്. വ്യക്തിഗത കൃഷിക്കാര്‍ക്കിടയിലും പാട്ടസമ്പ്രദായം വ്യാപകമാണ്.എന്നാല്‍ ഇത് പഴയ ജന്മി കുടിയാന്‍ ബന്ധമല്ല എന്ന് എടുത്ത് പറയേണ്ടതുണ്ട്.സാധാരണക്കാര്‍ തമ്മിലുള്ള സഹകരണാത്മക ബന്ധത്തിലധിഷ്ഠിതമാണ് പച്ചക്കറികൃഷിയിലുണ്ടായിരിക്കുന്ന ഈ ഭൂബന്ധം. ഈ  രണ്ടു വിഭാഗങ്ങള്‍ കൃഷി ചെയ്യുന്നത് ആദായത്തിനുവേണ്ടിയാണ്. സാധാരണഗതിയിലുള്ള കൂലിക്ക് പുറമേ ആദായം കൂടി കിട്ടിയാലേ കൃഷി ലാഭകരമായി പരിഗണിക്കൂ. പച്ചക്കറി ഉത്പാദനം സുസ്ഥിരമായി നിലനിര്‍ത്തണമെങ്കില്‍ ഈ രണ്ടു വിഭാഗങ്ങളുടെയും എണ്ണം പടിപടിയായി ഉയര്‍ത്താന്‍ കഴിയണം.
എന്നാല്‍ കാമ്പയിനില്‍ കൂടുതല്‍ ഊന്നല്‍ കിട്ടിയത് പാര്‍ട്ടി പ്രവര്‍ത്തകരോ സാമൂഹ്യപ്രവര്‍ത്തകരോ കൃഷിയിടങ്ങള്‍ കണ്ടെത്തി പുതുതായി കൃഷിചെയ്യുന്നതിനാണ്.ആലപ്പുഴ ജില്ലയില്‍ ഓരോ പഞ്ചായത്തിലും 4-5 ഏക്കര്‍ വീതം പുതുതായി കൃഷി ചെയ്തു.ഇതിനു പുറമേ എല്ലാ പാര്‍ടി അംഗങ്ങളും തങ്ങളുടെ വീട്ടില്‍ കുറച്ചെങ്കിലും കൃഷി ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുകയുണ്ടായി.പാര്‍ടിയോട് അനുഭാവമുള്ള സഹകരണസംഘങ്ങളെല്ലാം വ്യക്തിഗതകൃഷിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.എറണാകുളം ജില്ലയില്‍ 4 ലക്ഷം ഗ്രോബാഗുകളാണ് ബാങ്കുകള്‍ വിതരണം ചെയ്തത്. വ്യക്തിഗത വീട്ടുകൃഷിയും സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘകൃഷിയും വലിയ ആവേശം സൃഷ്ടിച്ചു.ഈ ഓളം പരമ്പരാഗതകൃഷിക്കാരെയും സ്വാധീനിച്ചു.അവരില്‍ പലരും ജൈവകൃഷി ചെയ്യുവാന്‍ മുന്നോട്ട് വന്നു. കുടുംബശ്രീസംഘങ്ങളുടെ കൃഷിയും ജൈവമാര്‍ഗത്തിലൂന്നിക്കൊണ്ടുള്ളതായിരുന്നു.
ജനകീയ ജൈവപച്ചക്കറി കാമ്പയിന്‍ തുടരുന്നിടത്തോളം സാമൂഹ്യപ്രവര്‍ത്തകരുടെ മാതൃകസംഘകൃഷി തുടരേണ്ടി വരും.അതുപോലെ തന്നെ വാണിജ്യ മിച്ചം ഉണ്ടാക്കുന്നില്ലെങ്കിലും പരമാവധി വീടുകളില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുകയും വേണം. പക്ഷേ ഈ രണ്ടു വിഭാഗങ്ങളില്‍ മാത്രം ഊന്നല്‍ നല്‍കുകയും നിലവിലുള്ള കൃഷിക്കാരെ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതിന്റെയും ദൗര്‍ബല്യം പച്ചക്കറി കാമ്പയിനിലുണ്ട്. കേരളത്തിനു വേണ്ട പച്ചക്കറി കൃഷി ചെയ്യുവാനുള്ള ചുമതല പാര്‍ടി ഏറ്റെടുക്കുന്നില്ല. പാര്‍ടിയുടെ ഇടപെടല്‍ ഒരു ത്വരിത ഘടകം മാത്രമാണ്. കാമ്പയിന്റെ ഒരു മുഖ്യ പ്രവര്‍ത്തനമാവേണ്ടത് പരമ്പരാഗത കൃഷിക്കാരെയും സംഘകൃഷിക്കാരെയും പ്രോത്സാഹിപ്പിക്കുകയും ഏകോപിപ്പിക്കുകയുമാണ്,അവര്‍ക്ക് ജൈവ പച്ചക്കറികൃഷിക്ക് വേണ്ട സഹായം ചെയ്തുകൊടുക്കണം.. അവര്‍ ആകെ രംഗത്ത് വരുമ്പോഴേ പാര്‍ടി വിഭാവനം ചെയ്ത രീതിയിലുള്ള ജനകീയ കാമ്പയിന്‍ രൂപം കൊള്ളൂ.
2. വിപണിയുടെ പ്രാധാന്യം
ഓണക്കാലത്ത് ആയിരം വിപണികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പക്ഷേ, ഇപ്പോള്‍ 850 എണ്ണത്തിന്റെ കണക്കേ ലഭിച്ചിട്ടുള്ളൂ.ഗണ്യമായൊരു പങ്ക് പച്ചക്കറി ജൈവത്തോട്ടങ്ങളില്‍ നിന്നും തന്നെ ഗുണഭോക്താക്കള്‍ വാങ്ങിക്കൊണ്ടുപോവുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.വിപണി ഇടപെടലിലൂടെ കൃഷിക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വില നല്‍കുന്നതിന് കഴിഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി കൃഷിക്കാര്‍ സ്റ്റാളുകളില്‍ നേരിട്ട് പച്ചക്കറി എത്തിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഏജന്‍സിയായ വി.എഫ്.പി.സി.കെ പ്രഖ്യാപിക്കുന്ന മൊത്ത വിലയേക്കാള്‍ 25 % കൂടുതല്‍ വില നല്‍കി പച്ചക്കറി സംഭരിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. അങ്ങനെ നോക്കിയാല്‍ ജൈവകൃഷിക്കാര്‍ക്ക് കൂടുതല്‍ വില നല്‍കാന്‍ കഴിഞ്ഞു എന്നുതന്നെ പറയാം. ഉപഭോക്താക്കള്‍ ഉയര്‍ന്ന വില നല്‍കാനും തയ്യാറായി. സ്റ്റാളുകളില്‍ ജൈവപച്ചക്കറിയും മറ്റു നാടന്‍ പച്ചക്കറിയും വേര്‍തിരിച്ച് വെക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. മിക്കവാറും കൃഷിക്കാര്‍ക്ക് വിലയുടെ 75-90% ഉടന്‍ നല്‍കിക്കൊണ്ടാണ് പച്ചക്കറി വാങ്ങിയത്. ബാക്കി വിറ്റു കഴിഞ്ഞും വളരെ ചെറിയ മാര്‍ജിന്‍ മാത്രമേ സ്റ്റാളുകള്‍ എടുത്തിരുന്നുള്ളൂ. ലാഭമായിരുന്നില്ല കച്ചവടത്തിന്റെ ലക്ഷ്യം; കൃഷിക്കാര്‍ക്ക് സുരക്ഷിത വിപണി ഉറപ്പ് നല്‍കലായിരുന്നു. ജൈവപച്ചക്കറി കൃഷി ചെയ്താല്‍ ഉറപ്പായ വിപണി ഉണ്ടാകുമെന്ന ബോധം കൃഷിക്കാരില്‍ സൃഷ്ടിക്കുന്നതിന് കാമ്പയിന് കഴിഞ്ഞു.
എന്നാല്‍ ഗൗരവതരമായ ഒരു ദൗര്‍ബല്യം, ഈ സ്റ്റാളുകളെല്ലാം താത്കാലികമായി തുറന്നവയാണെന്നുള്ളതാണ്. ഓണക്കാലത്ത് പച്ചക്കറികൃഷി ഇനിയും വിളവ് നല്‍കികൊണ്ടിരിക്കും. സ്റ്റാളുകളെല്ലാം അടഞ്ഞു പോയാല്‍ കൃഷിക്കാര്‍ ഈ പച്ചക്കറികളെല്ലാം എന്ത് ചെയ്യും? അത് പോലെ തുടര്‍കൃഷിയും അനിവാര്യമാണ്.തരിശുനിലം ഒരുക്കുന്നതിനും പന്തലിനുമെല്ലാമായി വേണ്ടി വരുന്ന നിക്ഷേപം മുതലാവണമെങ്കില്‍ രണ്ടോ മൂന്നോ വട്ടം കൃഷി ചെയ്യണം. ഇതിനും വിപണി  ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം വീണ്ടും വിഷു പോലുള്ളൊരു ഉത്സവകാലത്തെ പച്ചക്കറികൃഷി ചെയ്യുവാനുള്ള അഭ്യര്‍ത്ഥന സ്വീകരിക്കപ്പെടണമെന്നില്ല. അതുകൊണ്ടാണ് എല്ലാ ജില്ലകളിലും അര ഡസനെങ്കിലും സംഘടിതമായ ജൈവ പച്ചക്കറി സ്റ്റാളുകള്‍ ഇനിയും തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് വരുത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജൈവ പച്ചക്കറിവ്യാപനത്തില്‍ സ്റ്റാളുകള്‍ക്ക് ഒരു സുപ്രധാന സ്ഥാനം ഉണ്ട്. കേന്ദ്ര പ്രശ്‌നം ജൈവപച്ചക്കറി തന്നെയാണ് വാങ്ങുന്നത് എന്ന് ഉപഭോക്താക്കള്‍ക്ക് എങ്ങനെ ഉറപ്പ് നല്‍കാമെന്നതാണ്.കൃഷിയിടങ്ങള്‍ക്ക് ഇതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ ഉപഭോക്താവിന് കമ്പോളത്തില്‍ അവ തിരിച്ചറിയാന്‍ കഴിയണമെന്നില്ല. ഇതിനുള്ള ഏക പോംവഴി സ്റ്റാളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കലാണ്. ഈ സ്റ്റാളുകളാവട്ടെ കഴിവതും കേവലം ലാഭം ഇച്ഛിക്കാത്ത സ്ഥാപനങ്ങള്‍ വഴി വേണം നടത്താന്‍.സഹകരണ ബാങ്കുകള്‍ക്കാണ് ഇന്ന് അനുഭവത്തില്‍ ഈ രംഗത്ത് ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. മാരാരിക്കുളത്തെന്ന പോലെ  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും വിപണനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാക്കാന്‍ കഴിയും. ഈ സ്റ്റാളുകള്‍ കൃഷി ഓഫീസര്‍മാരുടെ സര്‍ട്ടിഫിക്കറ്റോടുകൂടിയ ജൈവപച്ചക്കറിയാണ് വാങ്ങേണ്ടത്.കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഈ സ്റ്റാളുകളിലെ ഉത്പന്നങ്ങള്‍ രാസപരിശോധനക്ക് വിധേയമാക്കി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം.മായം ചേര്‍ക്കുന്നവരുടെ അംഗീകാരം റദ്ദാക്കുകയും വേണം. ഇത്തരത്തിലുള്ള ഒരു ജൈവപച്ചക്കറിവിപണന ശൃംഖലക്ക് കാമ്പയിന്‍ തുടക്കം കുറിച്ചിരിക്കുകയാണ്.
വിപണി സംബന്ധിച്ച് മറ്റൊരു ദൗര്‍ബല്യം കൂടി സെമിനാറില്‍ ഉയര്‍ന്നു വന്നു. പൊതുവില്‍ ജൈവപച്ചക്കറി ആവശ്യത്തിന് തികയാത്ത സ്ഥിതിയാണുണ്ടായത്. എന്നാല്‍ ചിലയിടങ്ങളില്‍ പച്ചക്കറി വില്‍ക്കാനാവാതെ കൃഷിക്കാര്‍ വിഷമിച്ച സന്ദര്‍ഭങ്ങളും ചില മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വരികയുണ്ടായി. ഞാന്‍ തന്നെ തൃക്കൂര്‍,നെല്‍മണിക്കര പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചപ്പോള്‍ പാവല്‍ കൃഷിക്കാര്‍ തങ്ങള്‍ക്ക് 15 രൂപ വരെ വില കുറച്ച് വില്‍ക്കേണ്ടി വന്നു എന്ന് പറഞ്ഞു.അവിടെ ബ്ലോക്കില്‍ നിന്ന് ഒന്നര ലക്ഷം ടിഷ്യൂകള്‍ച്ചര്‍ റോബസ്റ്റ് വാഴ വിതരണം ചെയ്തിരുന്നു.ഇവ ആകെ കുലച്ചപ്പോള്‍ ഓണത്തിന് വില കുത്തനെയിടിഞ്ഞു. മിച്ചം പച്ചക്കറി ഉണ്ടാവുന്ന കേന്ദ്രങ്ങളില്‍ നിന്ന് പച്ചക്കറി ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് കൊണ്ടുപോവാനുള്ള സംവിധാനം ഉണ്ടാകണം. ഈ പശ്ചാത്തലത്തിലാണ് കൃഷിക്കാരുടെ ഒരു പ്രൊഡ്യൂസര്‍ കമ്പനി പ്രസക്തമായി തീരുന്നത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രിയേഷ് ആണ് നാളികേര പ്രൊഡ്യൂസര്‍ കമ്പനികളുടെ മാതൃകയില്‍ പച്ചക്കറിക്കും പ്രൊഡ്യൂസര്‍ കമ്പനികള്‍ ആകാം എന്ന ആശയം മുന്നോട്ട് വച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു.
3. സര്‍ക്കാര്‍  സ്‌കീമുകളുമായുള്ള ഉദ്ഗ്രഥനം
കാമ്പയിനിന്റെ ദൗര്‍ബല്യം സര്‍ക്കാറിന്റെ സ്‌കീമുകളുമായി വേണ്ടത്ര ഉദ്ഗ്രഥിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ്. തുടക്കം മുതല്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുള്ളതാണെങ്കിലും കൃഷിക്കിറങ്ങാന്‍ വൈകിയതുകൊണ്ടുണ്ടായ തിടുക്കത്തില്‍ സര്‍ക്കാര്‍ സ്‌കീമുകളെ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. ആലപ്പുഴയിലെ പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റി മൂന്നര ഏക്കറില്‍ നടത്തിയ കൃഷി ഞാന്‍ അവലോകനം ചെയ്തു, നിലം ഒരുക്കുന്നതിന് 80000 രൂപ ചെലവായി. ബാക്കി പന്തല്‍, വളം, വിത്ത് തുടങ്ങിയവക്ക് മറ്റൊരു 70,000 രൂപയടക്കം ഒന്നര ലക്ഷം രൂപയാണ് മുതല്‍മുടക്ക്. ഇതിനകം 50000 രൂപയുടെ പച്ചക്കറി വിറ്റു. ഇനിയുള്ള മാസം 40000 രൂപയുടെ പച്ചക്കറി കൂടി പറിക്കാനുണ്ടാകും. വാഴ, ചേന, ചേമ്പ് എന്നിവയില്‍ നിന്ന് 20,000 രൂപ കൂടി ലഭിച്ചേക്കും. വേലക്കൂലി പോവട്ടെ, മുടക്കുമുതലില്‍ ഇനിയും 40,000 രൂപ തിരിച്ചു കിട്ടണം.മുഖ്യദൗര്‍ബല്യം സര്‍ക്കാര്‍ സഹായം ഒന്നും   ഉപയോഗപ്പെടുത്തിയില്ല എന്നതാണ്. നിലമൊരുക്കാന്‍ തൊഴിലുറപ്പിനെ പ്രയോജനപ്പെടുത്താമായിരുന്നു. തരിശുനിലത്തില്‍ കൃഷിചെയ്യുന്നതിനുള്ള സര്‍ക്കാര്‍ സഹായം വാങ്ങാമായിരുന്നു.പഞ്ചായത്തില്‍ നിന്നുള്ള സഹായം പോലും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല.വൈകിയാണ് കൃഷിക്കിറങ്ങാന്‍ തീരുമാനിച്ചത്.പിന്നെയുള്ള ധൃതിക്കിടയില്‍ സര്‍ക്കാര്‍ സഹായം വാങ്ങിയെടുക്കുന്നതിനുള്ള ചിട്ടകള്‍ പാലിക്കുന്നതിനോ ഉദ്യോഗസ്ഥരുടെ  പിറകെ പോവുന്നതിനോ ഒന്നും സമയം ഉണ്ടായില്ല. സര്‍ക്കാര്‍ സഹായം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ കൃഷി നഷ്ടം വരില്ലായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘകൃഷി ഇന്ന് അനുവദനീയമാണ്.സംസ്ഥാന സര്‍ക്കാറിന്റെ അഗ്രോ സര്‍വ്വീസ് സെന്റര്‍ അടക്കം ഉപയോഗപ്പെടുത്താവുന്ന പല സ്‌കീമുകളുമുണ്ട്.ഇത്തരം സ്‌കീമുകള്‍ സംസ്ഥാന അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുന്നവയാണ്. എന്നാല്‍ പ്രാദേശിക അടിസ്ഥാനത്തിലുളള പ്രോജക്ടുകള്‍ക്ക് രൂപം നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇടപെടലുകളിലൂടെ കഴിയും.2015 - 16 ലെ പദ്ധതികള്‍ നടപ്പായി കഴിഞ്ഞിട്ടില്ല. പുതിയ ഭരണ സമിതികള്‍ നിലവില്‍ വന്നാല്‍ ആവശ്യമായ ഭേദഗതികള്‍ നടത്തി തുടര്‍കൃഷിക്ക് അവയെ പ്രയോജനപ്പെടുത്താന്‍ കഴിയും. 
4. ജൈവപച്ചക്കറി ക്ലിനിക്ക്
വേണ്ടത്ര സാങ്കേതിക സഹായം കൃഷിക്ക് ലഭിച്ചില്ല എന്നൊരു വിമര്‍ശനം ഉണ്ടായി.ആവശ്യമായ നടീല്‍ വസ്തുക്കള്‍ ലഭിക്കാതിരിക്കുക, ലഭിച്ച വിത്തിനും നടീല്‍ വസ്തുക്കകള്‍ക്കും ഗുണനിലവാരം ഇല്ലാതിരിക്കുക, ജൈവവളത്തിന് വലിയ വില നല്‍കേണ്ടി വരിക തുടങ്ങിയ പരാതികള്‍ വ്യാപകമാണ്.
ജനകീയ ജൈവപച്ചക്കറി കൃഷിയുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളില്‍ ജൈവകൃഷിക്ക് ആവശ്യമായ ഉല്പാദനോപാധികള്‍ ലഭ്യമാക്കുന്നതിനുള്ള ജൈവപച്ചക്കറി ക്ലിനിക്കുകള്‍ ആരംഭിക്കേണ്ടതുണ്ട്. ജൈവകൃഷിക്ക് ആവശ്യമായ സാങ്കേതിക പിന്‍തുണ ഉറപ്പാക്കുകയും രോഗകീടങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും പ്രതിവിധികള്‍ ശുപാര്‍ശ ചെയ്യുന്നതിനുമുള്ള ബയോഫാര്‍മസിയും മണ്ണിന്റെ പി.എച്ച്. നിര്‍ണ്ണയിക്കുന്നതിനുമുള്ള സംവിധാനവും ക്ലിനിക്കിന്റെ അവിഭാജ്യഘടകമാകണം. മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച് കൃഷിവകുപ്പ്/സോയില്‍ സര്‍വ്വേ/കാര്‍ഷിക സര്‍വ്വകലാശാലയുടെ സംവിധാനത്തിലൂടെ പരിശോധന നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ക്ലിനിക്കില്‍ ഉണ്ടാകണം. ഇതോടൊപ്പം വിത്ത്, ജൈവ-ജീവാണു വളങ്ങള്‍, ജൈവകീടനാശിനികള്‍, ജീവാണു കുമിള്‍ നാശിനികള്‍, ജൈവവളക്കൂട്ടുകള്‍ തുടങ്ങി എല്ലാ ഉല്പാദനോപാധികളും ലഭിക്കുന്നതുമാകണം ക്ലിനിക്കുകള്‍. ഒരുകാലത്ത് മലയാളികളുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമായിരുന്ന നിത്യവഴുതന, അടതാപ്പ്, ചതുരപ്പയര്‍, വാളരിപ്പയര്‍, നാടന്‍ ചീര തുടങ്ങിയ പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ പ്രചാരണത്തിനും വ്യാപനത്തിനും സഹായകരമായ രീതിയില്‍ നടീല്‍ വസ്തുക്കളുടെ ലഭ്യതയ്ക്ക് ക്ലിനിക്കുകള്‍ ശ്രദ്ധിക്കണം. ജൈവപച്ചക്കറി ക്ലിനിക്കുകള്‍ ആരംഭിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്:
ക്ലിനിക്കില്‍ കര്‍ഷകരുടെ സംശയ ദൂരീകരണത്തിന് ഒരു സാങ്കേതിക വിദഗ്ദ്ധന്റെ സേവനം ലഭ്യമാക്കണം. തുടക്കമെന്ന നിലയില്‍ സാങ്കേതിക സമിതി അംഗങ്ങളുടെ സന്നദ്ധ സേവനം ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതലായി സാങ്കേതിക സഹായം ആവശ്യമാകുന്ന ഘട്ടത്തില്‍ മുഴുവന്‍ സമയം ഒരു സാങ്കേതിക വിദഗ്ദ്ധനെ നിയോഗിക്കാവുന്നതാണ്. ബി.എസ്.സി. (കൃഷി), കൃഷി ഡിപ്ലോമ, വി.എച്ച്.എസ്.സി (കൃഷി), റിട്ടയര്‍ ചെയ്ത കൃഷിവകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ എന്നിവരെ ഇതിനായി പരിഗണിക്കാവുന്നതാണ്. ഇങ്ങനെ നിയോഗക്കപ്പെടുന്നവര്‍ ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വ്യക്തമായ ധാരണയുള്ളവരാകണം. ആവശ്യമായ ഘട്ടങ്ങളില്‍ കൃഷിയിടങ്ങളില്‍ നേരിട്ട് എത്തി പരിശോധന നടത്താന്‍ കഴിയണം.
ജൈവപച്ചക്കറി ക്ലിനിക്ക് ഒരു ജൈവ ഫാര്‍മസിയും രോഗ-കീട പരിശോധനയ്ക്കുമുള്ള ലാബും ഉല്പാദനോപാധികളുടെ വില്പന കൗണ്ടറും ഉള്‍പ്പെടുന്നതാണ്. ചെടികളുടെ രോഗ-കീട നിര്‍ണ്ണയത്തിനും മണ്ണിന്റെ ഗുണമേന്മ വലയിരുത്തുന്നതിനുമുള്ള സംവിധാനമാണ് ലാബില്‍ ഉണ്ടാകേണ്ടത്. രോഗ-കീട പരിശോധന ലാബില്‍ നിന്നുള്ള ശുപാര്‍ശയ്ക്കനുസരിച്ച് വളക്കൂട്ടുകളും കീടനാശിനികളും ഉപയോഗിക്കത്തക്ക തരത്തില്‍ ഫാര്‍മസി വഴി ലഭ്യമാക്കണം. വില്പനകേന്ദ്രത്തില്‍ വിപണിയില്‍ ലഭ്യമായ ജീവാണു/ജൈവ വളങ്ങളും കീടനാശിനികളും വളര്‍ച്ചാത്വരകങ്ങളും പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ജൈവ ഉത്പാദനോപാധികളും ഉണ്ടാകണം. പ്ലോട്രേ, പെര്‍ലേറ്റ്, വെര്‍മ്മിക്കുലേറ്റ്, ഗ്രോബാഗുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയും വില്പനകേന്ദ്രത്തിലൂടെ വിതരണം ചെയ്യാന്‍ കഴിയും. വിപണിയില്‍ ലഭ്യമായ വളങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നതിനുള്ള ഗോഡൗണ്‍ സൗകര്യം ആവശ്യമാണ്.
ക്ലിനിക്കിന് അനുബന്ധമായി തൈകള്‍, ജൈവകീടനാശിനികള്‍, ജീവാണു വളങ്ങള്‍, ജൈവവളക്കൂട്ടുകള്‍ എന്നിവ ഉല്പാദിപ്പിച്ച് ലഭ്യമാക്കുന്നതിനുള്ള സംരംഭകരെ കണ്ടെത്തണം. അടുക്കളത്തോട്ടം തയ്യാറാക്കുന്നതിനും പരിപാലിക്കുന്നതിനും പ്രാപ്തരായ തൊഴില്‍സേനയേയും സംഘടിപ്പിക്കാന്‍ കഴിയും. ജൈവവള ലഭ്യതയ്ക്കായി മാലിന്യ സംസ്‌കരണ സംവിധാനവുമായും ക്ലിനിക്കുകളെ ബന്ധിപ്പിക്കാവുന്നതാണ്.
 

5. തൊഴില്‍ സേനയുടെ ലഭ്യത
ജനകീയാസൂത്രണ കാലത്ത് കുന്നത്തുകാല്‍ പഞ്ചായത്തില്‍ രൂപം നല്‍കിയ ലേബര്‍ ബാങ്ക് വലിയൊരു അനുഭവപാഠമായിരുന്നു.ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വടക്കഞ്ചേരിയിലെ ഹരിതസേനയും എഴിക്കരയിലെ ഭക്ഷ്യസുരക്ഷാ സേനയും മറ്റും രൂപം കൊണ്ടത്. പെരിങ്ങാണ്ടൂര്‍ ബാങ്കാണ് ഹരിതസേനയുടെ നടത്തിപ്പുകാര്‍.5000 ത്തോളം ഏക്കറില്‍ നെല്‍കൃഷി ചെയ്യുവാന്‍ ഇവര്‍ സഹായിക്കുന്നു. പച്ചക്കറി കൃഷിക്കും ഇവര്‍ പിന്തുണ നല്‍കുന്നു. പതിനായിരക്കണക്കിന് ഗ്രോ ബാഗുകളാണ് ഇവര്‍ നിര്‍മിച്ച് വിതരണം ചെയ്തിട്ടുള്ളത്.കൃഷിവകുപ്പിന്റെ ധനസഹായത്തോടെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കര്‍മസേനക്ക് പ്രത്യേക സ്‌കീം ഉണ്ട്. പ്രാദേശിക സാഹചര്യങ്ങള്‍  പരിഗണിച്ചുകൊണ്ട് ഉചിതമായ സംഘാടനരീതികള്‍ അവലംബിക്കാവുന്നതാണ്
വിത്ത് മുതല്‍ വിപണി വരെയുള്ള എല്ലാ കാര്‍ഷിക പ്രവൃത്തികളും ഏറ്റെടുത്തു നടത്താന്‍ താല്‍പര്യവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കി വേണം തൊഴില്‍സേന രൂപീകരിക്കേണ്ടത്. തൊഴില്‍സേനയില്‍ ചുരുങ്ങിയത് 5 അംഗങ്ങള്‍ ആകാം. പത്തിലധികം അംഗങ്ങള്‍ ഉള്ളതും ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതുമായ തൊഴില്‍ സേനകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ഇങ്ങനെ സംഘടിപ്പിക്കുന്ന തൊഴില്‍സേനയ്ക്ക് ജൈവപച്ചക്കറി കൃഷി പ്രവര്‍ത്തനങ്ങള്‍ കൂടാതെ കാര്‍ഷിക മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ കഴിയും. തരിശൂഭൂമി ഉള്‍പ്പെടെ പരമാവധി സ്ഥലം ഏറ്റെടുത്ത് നേരിട്ട് കൃഷി ചെയ്യുന്നതിനും നിശ്ചിത ഫീസ് ഈടാക്കി അടുക്കളത്തോട്ട നിര്‍മ്മാണവും പരിപാലനവും മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നതിനും തൊഴില്‍സേനയ്ക്ക്  സാധിക്കും. തൊഴില്‍സേന അംഗങ്ങള്‍ക്ക് സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാവുന്നതാണ്.
6. സഹകരണസംഘങ്ങളുടെ പങ്ക്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേക്കാള്‍ കാമ്പയിന്‍ ഉപയോഗപ്പെടുത്തിയത് സര്‍വ്വീസ് സഹകരണ സംഘങ്ങളെയാണ്. വിപണനശാലകളില്‍ നല്ല പങ്കും ഇവരാണ് നടത്തിയത്. പെരിങ്ങാണ്ടൂര്‍,പള്ളിയാക്കല്‍,പെരിന്തല്‍മണ്ണ,കഞ്ഞിക്കുഴി (ആലപ്പുഴ) തുടങ്ങിയ വിസ്മയകരമായ രീതിയില്‍ പച്ചക്കറി മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന ബാങ്കുകളെ മാതൃകയാക്കാവുന്നതാണ്.കൃഷിക്കാര്‍ക്ക് വായ്പ നല്കുക മാത്രമല്ല കൃഷിയുമായി ബന്ധപ്പെട്ട വളവും വിത്തും മറ്റും ലഭ്യമാക്കുന്നതിനും വിപണി ഉറപ്പ് വരുത്തുന്നതിനും ഉത്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനുമെല്ലാം സംവിധാനങ്ങള്‍ ഒരുക്കാം.പലയിടത്തും തൊഴില്‍സേനയുടെ മേല്‍നോട്ടവും ബാങ്കുകള്‍ക്ക് ആണ്.
പ്രൊഡ്യൂസര്‍ കമ്പനികള്‍ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് വേണം രൂപീകരിക്കാന്‍ എന്ന് സെമിനാറില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. കൃഷിക്കാരുടെ ക്ലസ്റ്ററുകളെ സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ ഫെഡറേഷനാക്കാം.ഏതാനും ഫെഡറേഷനുകള്‍ ചേര്‍ത്ത് പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് രൂപം നല്‍കാം.ഇവയൊക്കെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു.
ആസന്നഭാവി
കേരളത്തിലെ പച്ചക്കറികൃഷി മഴക്കാലം,ശീതകാലം,വേനല്‍കാലം, എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി തരം തിരിക്കാം.വെള്ളക്കെട്ടും അതിവര്‍ഷവും മൂലം ഏറ്റവും ശ്രമകരമായത് മഴക്കാല കൃഷിയാണ്.എന്നിട്ടും സാമാന്യം വിജയകരമായി ഓണക്കാലത്തിനായുള്ള കാമ്പയിന്‍ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിഞ്ഞു.
ഇതിന്റെ തുടര്‍ച്ചയായി ശൈത്യകാല പച്ചക്കറിയിലേക്ക് നീങ്ങേണ്ടതുണ്ട്.കേരളത്തിലെ പച്ചക്കറി ഉപഭോഗത്തിന്റെ 20% ത്തിലേറെയും മണ്ഡലകാലം മുതല്‍ മകരവിളക്ക് വരെയുള്ള നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ്. ഇത് കണക്കിലെടുത്തുകൊണ്ട് തുടര്‍കൃഷി സംഘടിപ്പിക്കണം. പക്ഷേ തിരഞ്ഞെടുപ്പ് തിരക്കിന്റെയും മറ്റും മാസങ്ങളാണ് ഇനി വരാന്‍ പോവുന്നത്. ഈ പശ്ചാത്തലത്തില്‍ കാമ്പയിനു പകരം ഇന്നിപ്പോള്‍ കൃഷി ചെയ്യുന്നവരെ ആ രംഗത്ത് നിലനിര്‍ത്താനും പരമ്പരാഗത കൃഷിക്കാരെ കൂടുതല്‍ അടുപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. ഇതിനു സഹകരിക്കാന്‍ തയ്യാറുള്ള കൃഷിക്കാരുടെയും ഗ്രൂപ്പുകളുടെയും ലിസ്റ്റ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉണ്ടാക്കി അവര്‍ക്ക് ആവശ്യമായ സഹായം ചെയ്തുകൊടുക്കണം.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കാമ്പയിന്‍ പുനരാരംഭിക്കാന്‍ കഴിയണം. അടുത്ത വിഷുവിന്  പച്ചക്കറിയില്‍ സ്വാശ്രയത്വം കൈവരിക്കല്‍ എന്ന ലക്ഷ്യം വച്ച് മുന്നേറാനുള്ള ആത്മവിശ്വാസം ഇതുവരെയുള്ള അനുഭവങ്ങള്‍ കൃഷിക്കാര്‍ക്ക് നല്‍കുന്നുണ്ട്.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...