About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Wednesday, October 31, 2012

വികേന്ദ്രീകൃത ആസൂത്രണം ഒരു ചരമക്കുറിപ്പ്‌


ധനവിചാരം


''ഇതൊക്കെ ചെയ്യുമ്പോള്‍ ഒന്നാലോചിക്കേണ്ടേ'' എന്ന ചോദ്യത്തോട്, മൂരിക്കുട്ടന്റെ വളഞ്ഞകൊമ്പുകള്‍ക്കിടയില്‍ തലയിട്ട നമ്പൂതിരിയുടെ പ്രതികരണം പ്രസിദ്ധമാണ്. ''ഹും.... കാളക്കുട്ടന്റെ കൊമ്പു കണ്ടയന്നുമുതല്‍ തുടങ്ങിയ ആലോചനയാ, തല ഇതിനിടയില്‍ എങ്ങനെ കടത്താമെന്ന്. ശരിക്കും ആലോചിച്ചുതന്നെയാ നോം തീരുമാനിച്ചത്.''

ദീര്‍ഘമായ ആലോചനകളുടെ അവസാനം യു.ഡി.എഫ്. സര്‍ക്കാര്‍ തല കാളയുടെ കൊമ്പുകള്‍ക്കിടയില്‍ കൊണ്ടിട്ട കാഴ്ചകാണൂ. പന്ത്രണ്ടാം പദ്ധതി പഞ്ചായത്തുകള്‍ എങ്ങനെ ആസൂത്രണം ചെയ്യണമെന്ന ആലോചന ഒന്നരവര്‍ഷം നീണ്ടു. ഒടുവില്‍ തീരുമാനങ്ങളുണ്ടായി. നടപ്പുവര്‍ഷത്തെ വാര്‍ഷികപദ്ധതി പോര; പഞ്ചവത്സര പദ്ധതി തന്നെ വേണം; അടുത്ത വര്‍ഷത്തെ വാര്‍ഷിക പദ്ധതിയും ഇപ്പോഴേ തയ്യാറാക്കണം; പ്രോജക്ടും മറ്റും ഓണ്‍ലൈനായി സമര്‍പ്പിക്കണം; പരിശോധനയും അംഗീകാരവും ഓണ്‍ലൈനില്‍ത്തന്നെ; ഇതിന് കമ്മിറ്റിയും മറ്റും അധികപ്പറ്റാണ്; മേലുദ്യോഗസ്ഥര്‍ മതി.

ഫലമോ? നവംബര്‍ മാസമായിട്ടും ഒരു രൂപപോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ചെലവഴിക്കാനായിട്ടില്ല. നടപ്പുവര്‍ഷം പ്ലാന്‍ ഹോളിഡേ ആയിരിക്കും എന്ന് ഏതാണ്ട് ഉറപ്പായി.

കേവലം രണ്ടു മൂന്നുമാസങ്ങള്‍ കൊണ്ട് പദ്ധതി രൂപവത്കരണ മാര്‍ഗരേഖ നടപ്പാക്കുക അപ്രായോഗികമാണെന്ന് ഇക്കഴിഞ്ഞ ജൂലായില്‍ നിയമസഭയിലവതരിപ്പിച്ച അടിയന്തരപ്രമേയത്തില്‍ ചൂണ്ടിക്കാണിച്ചതാണ്. ഇതൊക്കെ വളരെ ഗാഢമായി ആലോചിച്ച് തീരുമാനിച്ചതാണ് എന്നാണ് അന്ന് ബഹുമാനപ്പെട്ട മന്ത്രി മറുപടി പറഞ്ഞത്. പക്ഷേ, മാസങ്ങള്‍ക്കുള്ളില്‍ സ്വരം മാറി. ഒക്ടോബറില്‍ പുറത്തിറക്കിയ ഉത്തരവ് ഇങ്ങനെ; ''പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖകള്‍ തയ്യാറാക്കിയപ്പോള്‍ വിശദമായ പരിശോധന കൂടാതെയും പദ്ധതി രൂപവത്കരണപ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാനുള്ള സര്‍ക്കാറിന്റെ ഉദ്ദേശ്യത്തിന് നിരക്കാത്തരീതിയിലും പല നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയതായും തന്മൂലം പദ്ധതിരേഖ സമര്‍പ്പണം വൈകുന്നതായും പരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഒരു കമ്മിറ്റി രൂപവത്കരിച്ച് ഉത്തരവാകുന്നു.''

കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി തന്നെ വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുത്ത ഒരു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നോടിങ്ങനെ പറഞ്ഞു- ''രക്ഷപ്പെട്ടു! പഞ്ചവത്സര പദ്ധതി വേണ്ട. രണ്ടാംവര്‍ഷ പദ്ധതി ഇപ്പോള്‍ വേണ്ട. ഈ വര്‍ഷത്തെ പദ്ധതിരേഖ പോലും വേണമെന്നില്ല. പദ്ധതിരേഖ ഡി.പി.സി.യുടെ അറിവിലേക്കായി സമര്‍പ്പിച്ചാല്‍ മാത്രം മതി.'' വലിയൊരു ഭാരമിറങ്ങിയതിന്റെ ആശ്വാസമാണ് അദ്ദേഹത്തിന്.

വര്‍ക്കിങ് ഗ്രൂപ്പുകള്‍, ഗ്രാമസഭകള്‍, സ്റ്റോക്ക്‌ഹോള്‍ഡര്‍ യോഗങ്ങള്‍, വികസനസെമിനാര്‍ തുടങ്ങിയ വികേന്ദ്രീകരണ ആസൂത്രണത്തിന്റെ ചിട്ടവട്ടങ്ങള്‍ പാലിച്ചുവെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. പ്രോജക്ടുകള്‍ മേലുദ്യോഗസ്ഥര്‍ അംഗീകരിച്ചു തരുന്നമുറയ്ക്ക് നടപ്പാക്കാന്‍ തുടങ്ങാം. പക്ഷേ, പഞ്ചായത്ത് പ്രസിഡന്റിന്റെ സംശയം ഇങ്ങനെ- ''പക്ഷേ സാറേ, സമയമില്ലാത്തതുകൊണ്ട് മറ്റു പല പഞ്ചായത്തുകളും പദ്ധതി തട്ടിക്കൂട്ടി എടുത്തിരിക്കുകയാ. ആരും പരിശോധിക്കാനില്ല എന്നുവന്നാല്‍ പിന്നെ ആസൂത്രണം വല്ലതും നടക്കുമോ?''

അതെ. തലവേദനയ്ക്ക് സര്‍ക്കാര്‍ കണ്ട പരിഹാരം തലവെട്ടിക്കളയലാണ്. സമാനതകളില്ലാത്ത ഒരനുഭവമായിരുന്നു കേരളത്തിലെ വികേന്ദ്രീകരണ ആസൂത്രണം. എന്തെങ്കിലും താരതമ്യമുണ്ടെങ്കില്‍ അത് ബ്രസീലില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ആവിഷ്‌കരിച്ച 'പങ്കാളിത്ത ബജറ്റ് സമ്പ്രദായം' മാത്രം. നമ്മുടെ സംസ്ഥാനത്തെ ആയിരത്തില്പരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മുടക്കമില്ലാതെ വാര്‍ഷികപദ്ധതി തയ്യാറാക്കി നടപ്പാക്കിവരുന്നു. പോരായ്മകളും ഏറ്റക്കുറച്ചിലുമുണ്ട്. പക്ഷേ, സദ്ഫലങ്ങളാണേറെ. സ്‌കൂള്‍, ആസ്​പത്രി തുടങ്ങിയ സേവനങ്ങള്‍ മെച്ചപ്പെട്ടു. വീട്, റോഡ് എന്നിവയില്‍ വിസ്മയകരമായ പുരോഗതി ഉണ്ടായി. ഉദാത്ത സമഗ്ര മാതൃകകള്‍ രൂപപ്പെട്ടു.

ഇക്കഴിഞ്ഞ ദിവസമാണ് ജനകീയാസൂത്രണം സംബന്ധിച്ച് പാട്രിക് ഹെല്ലറും കെ.എന്‍. ഹരിലാലും ഷുബോം ചൗധരിയും ഒരുമിച്ചുതയ്യാറാക്കിയ പ്രബന്ധം ഹാര്‍വാഡ് സര്‍വകലാശാലയിലൊരു കോഴ്‌സില്‍ അനിവാര്യ വായനയ്ക്ക് തീരുമാനിക്കപ്പെട്ടുവെന്ന വാര്‍ത്ത വന്നത്. റിച്ചാര്‍ഡ് ഫ്രാങ്കിയും ഞാനും ചേര്‍ന്നെഴുതിയ ഗ്രന്ഥം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും മറ്റു പലയിടത്തും റഫറന്‍സ് ഗ്രന്ഥമായിരുന്നു. ഈ ഗ്രന്ഥത്തിന് സ്​പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ പതിപ്പുകളുണ്ടായി. വിദേശികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകാര്യമല്ലാത്തവര്‍ക്ക് ജനകീയാസൂത്രണത്തെ പ്രശംസിക്കുന്ന പ്ലാനിങ് കമ്മീഷന്റെയും കേന്ദ്രസര്‍ക്കാറിന്റെയും വിവിധരേഖകള്‍ പരിശോധിക്കാം. രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പുറപ്പെടുവിച്ച സ്വാതന്ത്ര്യദിനസന്ദേശത്തില്‍ ജനകീയാസൂത്രണത്തെ ഇന്ത്യയുടെ ആശാദീപമെന്നാണ് വിശേഷിപ്പിച്ചത്. ജനകീയാസൂത്രണം നമ്മുടെ അഹങ്കാരവും മറ്റുള്ളവരുടെ അസൂയയുമായിരുന്നു. എത്ര പെട്ടെന്നാണ് എല്ലാം പൊളിച്ചടുക്കിയത്?

ആദ്യത്തെ അടി ഇടത്തേയറ്റത്തുനിന്നായിരുന്നു എന്നത് മറക്കുന്നില്ല. ജനകീയാസൂത്രണവും കുടുംബശ്രീയും അവസാനിപ്പിക്കാനുള്ള ഉപജാപങ്ങള്‍ക്ക് മുഖ്യമന്ത്രിയായിരുന്നവേളയില്‍ എ.കെ. ആന്റണി വശംവദനായില്ല. വികേന്ദ്രീകരണ ആസൂത്രണത്തെ വ്യവസ്ഥാപിതമാക്കുന്നതിനുള്ള നടപടികള്‍ അദ്ദേഹം തുടര്‍ന്നില്ല എന്ന ആക്ഷേപം എനിക്കുണ്ട്. പക്ഷേ, കുടുംബശ്രീയെ എ.കെ. ആന്റണി ശക്തിപ്പെടുത്തി. അപ്പോഴായിരുന്നു തീവ്രന്മാരുടെയും മാധ്യമ അകമ്പടിക്കാരുടെയും ഇളകിയാട്ടം. വിദേശഫണ്ട്, ചാരപ്പണി, ലോകബാങ്ക് ഗൂഢാലോചന എന്നു തുടങ്ങി എന്തെല്ലാം ആരോപണങ്ങള്‍ അരങ്ങുതകര്‍ത്തു. കഴിഞ്ഞമാസം നടന്ന കുടുംബശ്രീ സമരം വിദേശ ഫണ്ടിങ്ങുകാരുടെതാണെന്ന പാഠഭേദം വായിച്ചപ്പോഴാണ് ഈ മനോരോഗം ഇനിയും മാറിയിട്ടില്ല എന്ന് മനസ്സിലായത്.

വിമര്‍ശനത്തിന്റെ ഒരു കുന്തമുന എന്നും വിദഗ്ധസമിതികളോടായിരുന്നു. ജനപ്രതിനിധികളുടെ അധികാരത്തിന്മേലുള്ള കൈയേറ്റമായിട്ടാണ് പലരും ഈ സമിതികളെ കണ്ടത്. അനുദ്യോഗസ്ഥ വിദഗ്ധരുടെ പിന്മാറ്റം പദ്ധതികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. വിദഗ്ധ സമിതികളുടെ ആവിര്‍ഭാവത്തെക്കുറിച്ച് ഇവര്‍ക്കറിയില്ല. ജനകീയാസൂത്രണത്തിന്റെ ആദ്യവര്‍ഷം പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞപ്പോള്‍ ഇവ അംഗീകാരയോഗ്യമാണോ എന്നു തീരുമാനമെടുക്കുന്നതില്‍ ഡി.പി.സി.യെ സഹായിക്കാന്‍ ഒരു സംവിധാനം അനിവാര്യമായിത്തീര്‍ന്നു. വകുപ്പുദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയാല്‍ പിന്നെ പദ്ധതി വെളിച്ചം കാണില്ല എന്ന് വ്യക്തമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരെയോ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിന്ന് വിരമിച്ചവരെയോ ചേര്‍ത്ത് വിദഗ്ധസമിതികള്‍ രൂപവത്കരിച്ചത്. റെയില്‍വേ ബോര്‍ഡ് മെമ്പറായിരുന്ന പ്രസാദ്, വൈസ് ചാന്‍സലര്‍മാര്‍, രണ്ടുഡസനിലേറെ ചീഫ് എന്‍ജിനീയര്‍മാര്‍ എന്നു തുടങ്ങി കേന്ദ്ര സംസ്ഥാനതലത്തില്‍ മാത്രം ലഭ്യമാകുന്ന വൈദഗ്ധ്യം ഇതുവഴി കീഴ്ത്തലത്തില്‍ ലഭ്യമാക്കി.

ഇതിനുപുറമേ, സാങ്കേതിക അനുമതി ആവശ്യമായ പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ചുമതലയും ബന്ധപ്പെട്ട വിദഗ്ധ സമിതികള്‍ക്ക് നല്‍കി. ഒരുദ്യോഗസ്ഥന്‍ തനിച്ച് അനുമതി നല്‍കുന്നതിനുപകരം കമ്മിറ്റി സമ്പ്രദായം നടപ്പായപ്പോള്‍ സാങ്കേതിക അനുമതി നല്‍കുന്നതിലെ അഴിമതി അവസാനിച്ചു. ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്‍ തന്നെയായിരുന്നു കണ്‍വീനര്‍. അദ്ദേഹമാണ് ഒപ്പിടേണ്ടത്. പക്ഷേ, കമ്മിറ്റിയുടെ ഭൂരിപക്ഷാഭിപ്രായം പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നു.

ഇന്നു കമ്മിറ്റികളില്ല. മേലുദ്യോഗസ്ഥന്‍ തനിച്ചാണ് പരിശോധനയും അനുമതിയും നല്‍കുന്നത്. അദ്ദേഹത്തിന് ഡി.പി.സി.യോടോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടോ ബാധ്യതയില്ല. തര്‍ക്കമുണ്ടായാല്‍ തീര്‍പ്പുകല്പിക്കുക ഡി.പി.സി.യല്ല. കളക്ടറുടെ കമ്മിറ്റിയാണ്. തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനാസ്ഥാപനങ്ങള്‍ക്കുമുകളില്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴാണ് സ്ഥാനമുറപ്പിച്ചത്. വിദഗ്ധസമിതികള്‍ ഡി.പി.സി.കള്‍ക്കു കീഴിലായിരുന്നല്ലോ. അവരെ രൂപവത്കരിച്ചിരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന പാനലുകളില്‍ നിന്നായിരുന്നു. അവസാനതീര്‍പ്പ് ഡി.പി.സി.യുടേതായിരുന്നു. ഈ സമിതികളുടെ പോരായ്മ പരിഹരിക്കുകയാണ് വേണ്ടത് എന്ന പഞ്ചായത്തുവകുപ്പിന്റെ നിര്‍ദേശം തള്ളപ്പെട്ടു. അങ്ങനെ ഉദ്യോഗസ്ഥര്‍ സര്‍വാധികാരികളായി.

ഒരുകാര്യത്തിലെങ്കിലും യഥാര്‍ഥ ആശ്വാസത്തിന് വകയുണ്ടെന്ന വാദക്കാരനായിരുന്നു നമ്മുടെ പഞ്ചായത്ത് പ്രസിഡന്റ്. 55,000 ത്തില്പരം വീടുകള്‍ക്ക് രണ്ടു ലക്ഷം രൂപവെച്ച് സഹായം നല്‍കാന്‍ 820 കോടി അധികമായി വേണം. ഇതിനുപുറമേ, പാതിവഴി തീര്‍ന്നു കിടക്കുന്ന ഏതാണ്ട് ഇത്രത്തോളം വരുന്ന ഇ.എം.എസ്. പാര്‍പ്പിട പദ്ധതി വീടുകളുമുണ്ട്. വീടൊന്നിന് 75,000 രൂപ കൂടി അധികമായി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രസിഡന്റ് എന്നെ കാണിച്ചു. അത്രയും നന്ന്. പക്ഷേ, 75,000 രൂപ അധികമായി നല്‍കാന്‍ അനുവദിച്ചത് ആകെ 100 കോടി രൂപ.

Monday, October 29, 2012

വന്‍കിട പ്രോജക്ടുകളും ഇടതുപക്ഷവും

വന്‍കിട പ്രോജക്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷം വാദിക്കുന്നു എന്നതാണ് സി. ആര്‍. നീലകണ്ഠനെപ്പോലുള്ളവരുടെ മറ്റൊരു ആക്ഷേപം. നാല് വരി റോഡ് പാത, അതിവേഗ റയില്‍പ്പാത, വന്‍കിട ഫാക്ടറികള്‍, എ. ഡി. ബി.-ജന്ററം വന്‍കിട നഗര വികസന പ്രോജക്ടുകള്‍ തുടങ്ങിയ പദ്ധതികളെയാണ് തങ്ങളുടെ ആക്ഷേപം സാധൂകരിക്കാന്‍ അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ വന്‍കിട വികസനപദ്ധതികളെക്കുറിച്ചുളള സിപിഐ(എം)ന്റെ സമീപനം പരിശോധിക്കേണ്ടതുണ്ട്.

 വന്‍കിട പ്രോജക്ടുകളുടെ ദോഷവശങ്ങള്‍ ഇവയാണ്. : ഒന്ന്, വളരെക്കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. രണ്ട്, വന്‍കിട ഫാക്ടറികള്‍, പ്രത്യേകിച്ച് അവര്‍ രാസ- പെട്രോളിയം വ്യവസായങ്ങള്‍ ആകുമ്പോള്‍ വലിയതോതിലുള്ള മലിനീകരണത്തിന് വഴിതെളിക്കും. മൂന്ന്, വന്‍കിട പ്രോജക്ടുകള്‍ക്ക് വലിയതോതിലുള്ള മൂലധന നിക്ഷേപം വേണം. കോര്‍പ്പറേറ്റുകള്‍ക്കേ അതിനുകഴിയൂ.

 കേരള വികസനത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനം ഉണ്ടായിരിക്കും. അവയ്ക്ക് പ്രത്യേക സംരക്ഷണവും പ്രോത്സാഹനവും നല്‍കുക എന്നത് ഇടതുപക്ഷ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്. എന്നാല്‍ ചെറുത് എവിടേയും സുന്ദരമാകണമെന്നില്ല. ചെറുകിട ഉരുക്കുചൂളകളുടെ അടിസ്ഥാനത്തില്‍ സ്റ്റീല്‍ വ്യവസായത്തില്‍ ഒരു കുതിപ്പ് നേടാന്‍ അന്‍പതുകളില്‍ ചൈന നടത്തിയ പരീക്ഷണം പരാജയപ്പെട്ടതു പ്രസിദ്ധമാണ്. സ്റ്റീല്‍ വ്യവസായത്തില്‍ വലിപ്പമേറുംതോറും കാര്യക്ഷമതയും മത്സരശേഷിയും ഉയരും. ചെറുകിട ഉദ്പ്പാദനത്തിന് പിടിച്ചുനില്‍ക്കാനാകില്ല. സാങ്കേതികവിദ്യയുടേയും ഉത്പാദനത്തിന്റേയും സ്വഭാവം മൂലം പലമേഖലകളിലും വന്‍കിട ഉത്പാദനം അനിവാര്യമാണ്. എന്നാല്‍ മറ്റുചിലയിടങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ ആവും അഭികാമ്യം. ഉചിതമായത് തെരഞ്ഞെടുക്കുവാന്‍ കഴിയണം.

 സെസ്-പി സി പി സി ആര്‍-നിംസ്

 വന്‍കിട വ്യവസായങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വ്യവസായ മേഖലകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. മൂലധനത്തിന് സര്‍വ്വസ്വാതന്ത്ര്യവും നല്‍കുക എന്നതാണല്ലോ നിയോ ലിബറലിസത്തിന്റെ ആശയം. ഇത് രാജ്യത്ത് ഒട്ടാകെ ഒറ്റയടിക്ക് നടപ്പാക്കാനാവില്ല. അതുകൊണ്ട് പ്രത്യേക മേഖലകള്‍ സൃഷ്ടിച്ച് അവയ്ക്കുള്ളില്‍ തൊഴില്‍ പരിസ്ഥിതി നിയമങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ഉദാരമായ വ്യവസായ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷം ഈ നയംനടപ്പാക്കുന്നു എന്നുള്ളതാണ് വിമര്‍ശനം.

 പ്രത്യേക സാമ്പത്തിക മേഖല (സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍) അഥവാ സെസ്സിനോടുള്ള നയം സംബന്ധിച്ച രൂക്ഷമായ സംവാദം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായി. ഇത്തരം മേഖലകളെ നയപരമായി എതിര്‍ക്കുമ്പോള്‍ തന്നെ പൂര്‍ണ്ണമായി ഇവയെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് ബഹിഷ്‌കരിക്കുവാന്‍ കഴിയില്ല. ഒരു സംസ്ഥാനത്തു മാത്രമായി സെസ് നിരോധിച്ചതുകൊണ്ട് ആ സംസ്ഥാനത്തിന് അത് നഷ്ടപ്പെട്ടുവെന്നല്ലാതെ മൂലധനത്തിന് കോട്ടം ഒന്നും സംഭവിക്കില്ല. അവര്‍ മറ്റ് സംസ്ഥാനങ്ങളിലെ സെസുകളിലേക്ക് പോകും. അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ കര്‍ശനമായ ഉപാധികളോടെ സെസ് അനുവദിക്കാമെന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ചത്.

 കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ വ്യവസായികള്‍ക്ക് ലഭ്യമാക്കുന്നതിന് സെസ് രൂപീകരിക്കാന്‍ അനുവദിക്കും. എന്നാല്‍ പാരിസ്ഥിതിക-തൊഴില്‍ നിയമങ്ങളില്‍ യാതൊരു ഇളവും നല്‍കില്ല. സംസ്ഥാന നികുതിയും ഒഴിവാക്കില്ല. ആയിരക്കണക്കിന് ഏക്കര്‍ വിസ്തൃതി വരുന്ന ഭീമന്‍ സെസുകള്‍ വേണ്ട. സെസിന് അകത്ത് കര്‍ശനമായ ഭൂവിനിയോഗ നിയന്ത്രണവും ഉണ്ടാകും. ചെറിയൊരു ശതമാനം ഭൂമിയേ വ്യവസായേതര ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാന്‍ അനുവദിക്കൂ.

സ്മാര്‍ട്‌സിറ്റി സംബന്ധിച്ച് ഇടതുപക്ഷം എടുത്ത നിലപാടുകളും അതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും ഈ സമീപനത്തിന് ദൃഷ്ടാന്തമാണ്.
എമര്‍ജിംഗ് കേരളയില്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ച രണ്ട് വന്‍കിട പ്രോജക്ടുകളാണ് കൊച്ചിയിലെ പെട്രോളിയം, കെമിക്കല്‍, പെട്രോകെമിക്കല്‍ റീജിയനും (പി സി പി സി ആര്‍) കൊച്ചി- പാലക്കാട് ഇടനാഴിയിലെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗ് സോണും (നിംസ്). ഇവ രണ്ടും ഇടതുപക്ഷത്തിന്റെ ചെലവില്‍ കേരളത്തില്‍ വില്‍ക്കുവാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. നീലകണ്ഠനും സുഹൃത്തുക്കളുമാവട്ടെ രണ്ട് മുന്നണികളും തമ്മില്‍ ഇക്കാര്യത്തിലും വ്യത്യാസമില്ല എന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

 ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞശേഷം 2011-ലാണ് നിംസ് സംബന്ധിച്ച നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പിന്നെങ്ങനെ ഇതിന്റെ പിതൃത്വം ഇടതുപക്ഷ സര്‍ക്കാരിന്റെ തലയിലാകും? ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ കോറിഡോര്‍ യു. ഡി. എഫ്. സര്‍ക്കാരിന്റെ നിംസ് അല്ല. കൊച്ചി തുറമുഖവും കോയമ്പത്തൂര്‍ വ്യവസായത്തേയും ബന്ധപ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്തെ വ്യവസായ സംരംഭങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുക എന്ന കാഴ്ചപ്പാടാണ് ഞങ്ങള്‍ മുന്നോട്ട് വച്ചത്. ഇതിന് കഞ്ചിക്കോടിനുപുറത്ത് എങ്ങും ഭൂമി ഏറ്റെടുക്കാന്‍ പരിപാടി ഉണ്ടായിരുന്നില്ല. പ്രത്യേക നിയമനിര്‍മ്മാണവും ഉദ്ദേശിച്ചില്ല. എന്നാല്‍ പതിനായിരം ഏക്കര്‍ വിസ്തൃതിയുള്ളതാണ് യു. ഡി. എഫ്. എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ച കൊച്ചി-പാലക്കാട് ഇടനാഴി എന്ന പേരിലുള്ള നിംസ്.

 കേന്ദ്രസര്‍ക്കാര്‍ നിംസിന് നല്‍കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശക പ്രകാരം ഈ മേഖലയില്‍ എപ്പോള്‍ വേണമെങ്കിലും സംരംഭകന് ഫാക്ടറി പൂട്ടാം. തൊഴില്‍ നിയമങ്ങളില്‍ നല്ലൊരു പങ്കും ബാധകമായിരിക്കില്ല. ഇത്തരം നടപടികളൊന്നും ഇടതുപക്ഷത്തിന് ഒരു കാലത്തും സ്വീകാര്യമാവുകയില്ല.

 കൊച്ചിയില്‍ എല്‍ എന്‍ ജി ടെര്‍മിനല്‍ വരുന്നതിന്റെ നേട്ടം നമ്മുടെ സംസ്ഥാനത്തിന് ഉണ്ടാകണമെങ്കില്‍ പ്രകൃതിവാതകത്തെ നിലവിലുള്ള വ്യവസായ സംരംഭങ്ങളോട് ബന്ധിപ്പിക്കുകയും പുതിയ ചില വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയണം. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് അമ്പലമുകളില്‍ കൊച്ചിന്‍ റിഫൈനറിയുടേയും ഫാക്ടിന്റേയും മിച്ച സ്ഥലത്ത് റിഫൈനറിയുടെ എക്‌സാപന്‍ഷനും പുതിയൊരു പെട്രോകെമിക്കല്‍ ഫാക്ടറിയും ആരംഭിക്കാന്‍ ആലോചിച്ചത്. ഇതിന് പുതുതായി ഭൂമിയൊന്നും ഏറ്റെടുക്കേണ്ടി വരില്ല. പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ റിഫൈനറി തന്നെയായിരിക്കും മുഖ്യ നിക്ഷേപകന്‍.

 ഈ നിര്‍ദ്ദേശത്തെ 250 ച. കി. മീ വിസ്തൃതി വരുന്ന പി സി പി സി ആര്‍ പദ്ധതിയായി യു ഡി എഫ് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. അതിഗുരുതരമായ മലിനീകരണത്തിന് വിധേയമായ കൊച്ചിയുടെ പരിസ്ഥിതിയെ തകിടം മിറക്കുന്ന നിര്‍ദ്ദേശമാണ് പി സി പി സി ആര്‍. അതുകൊണ്ട് ഈ നിര്‍ദ്ദേശത്തോട് ഞങ്ങള്‍ക്ക് യോജിപ്പില്ല.

 അതിവേഗ റയില്‍പ്പാത

 2009-2010ലെ ബജറ്റിലാണ് അതിവേഗ റയില്‍പ്പാതയുടെ നിര്‍ദ്ദേശം അവതരിപ്പിച്ചത്. വളരെ വ്യക്തമായ ഒരു ബദല്‍ ഗതാഗത കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു ഈ നിര്‍ദ്ദേശം. 1965-ല്‍ കേരളത്തിലെ ഗതാഗതത്തില്‍ റോഡ് മാര്‍ഗ്ഗത്തിന്റെ വിഹിതം 65% ആയിരുന്നത് ഇന്ന് 90% ആയി ഉയര്‍ന്നിരിക്കുകയാണ്. റോഡ് - മോട്ടോര്‍ വാഹന സമ്പ്രദായത്തിന്മേലുള്ള ഈ സമ്പൂര്‍ണ്ണ ആശ്രിതത്വം പാരിസ്ഥിതികമായി മാത്രമല്ല സാമൂഹ്യമായും വലിയ നഷ്ടമാണ്. അമേരിക്കയുടെ ഓട്ടോമൊബൈല്‍ മാതൃകയിലേക്ക് കേരളം പോയിക്കൂട. ചരക്കുകടത്തിന്റെ ഒരുഭാഗം ജലഗതാഗതത്തിലേക്ക് മാറ്റണം.

 അതോടൊപ്പം റയില്‍ ഗതാഗതത്തിന്റെ വിഹിതം ഗണ്യമായി ഉയര്‍ത്തണം. ഇപ്പോഴുള്ള തെക്ക്-വടക്ക് ദേശീയ പാത നാല് വരിപ്പാതയാക്കിയാലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അതും തിരക്ക് കുരുക്കില്‍ ആകും എന്ന് വ്യക്തമാണ്. ഇതിന് പരിഹാരമായി പുതിയൊരു തെക്ക് വടക്ക് എക്‌സ്പ്രസ് ഹൈവേ എന്ന ആശയമാണ് കേരളത്തില്‍ ചര്‍ച്ചചെയ്തുകൊണ്ടിരുന്നത്. ഇതിന് പകരമായിട്ടാണ് പുതിയൊരു റെയില്‍ ഇടനാഴിയെക്കുറിച്ച് നിര്‍ദ്ദേശം വച്ചത്. സുഖകരമായി അതിവേഗതയില്‍ റെയില്‍ യാത്ര ചെയ്യാമെങ്കില്‍ ദീര്‍ഘദൂര ഓട്ടത്തിന് കാര്‍ ഉപയോഗിക്കുന്നത് ഗണ്യമായി കുറയ്ക്കാനാകും. ഇതിന്റെ സാധ്യതാപഠനത്തിനുള്ള പണം ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. റെയില്‍വേയുമായി സഹകരിച്ചുകൊണ്ട് ഈ പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശം. ഡെല്‍ഹി മെട്രോയെയാണ് സാധ്യതാ പഠനത്തിനായി തെരഞ്ഞെടുത്തത്. സാധ്യതാ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് വേണം എന്ന് തീരുമാനിക്കേണ്ടിരിക്കുന്നു.

 ഈ നിര്‍ദ്ദേശത്തിനെതിരെ രണ്ട് വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. ഒന്ന്, ഇതിന് വേണ്ടി വരുന്ന ചെലവ് കണക്കാക്കുമ്പോള്‍ ഇത്തരമൊരു പ്രോജക്ട് ഒരിക്കലും ലാഭകരമാവില്ല. ലാഭകരമല്ലാത്ത ഒന്ന് നടപ്പാക്കേണ്ടതില്ല. പക്ഷേ ലോകത്ത് ഒട്ടനവധി രാജ്യങ്ങളില്‍ ഇത്തരത്തില്‍ അതിവേഗ റെയില്‍ സംവിധാനം ലാഭകരമായി നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പരിശോധന വേണം.
രണ്ട്, നിലവിലുള്ള റെയില്‍ ട്രാക്കിന് സമാന്തരമായി ഒരു അതിവേഗ റെല്‍പ്പാത സാധ്യമല്ല എന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാരണം അത്രയേറെ വളവും തിരിവും നമ്മുടെ റെയില്‍പ്പാളത്തിനുണ്ട്. ഒന്നുകില്‍ വേഗത കുറയ്‌ക്കേണ്ടിവരും അതോടൊപ്പം ചില പ്രദേശത്ത് പുതുതായി റെയില്‍പ്പാത പണിയേണ്ടിവരും . ഇതും കൂടുതല്‍ പരിശോധിക്കേണ്ടതാണ്.

ഏതായാലും കേരളത്തിന്റെ ഏക ഗതാഗത മാര്‍ഗ്ഗം റോഡുകളായി ചുരുങ്ങുന്നത് വിനാശകരമാണ്. വേഗത കുറച്ചിട്ടാണെങ്കിലും പുതിയൊരു രണ്ട് വരി റയില്‍പ്പാത കേരളത്തിന്റെ സുസ്ഥിര വികസനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.


ബി. ഒ. ടിയും ദേശീയ പാതയും


അതിവേഗ റയില്‍പ്പാത വേണ്ട; അതിവേഗ റോഡ്പാത വേണ്ട എന്തിന് സാധാ നാല് വരിപ്പാതപോലും വേണമെന്ന് നീലകണ്ഠന് അഭിപ്രായമില്ല. സര്‍വ്വീസ് റോഡുകള്‍ വേണ്ട, റോഡിന് നടുക്ക് വീതിയുള്ള ഡിവൈഡര്‍ വേണ്ട, നാളെയല്ലെങ്കില്‍ മറ്റന്നാള്‍ ഒരു എലവേറ്റഡ് ഹൈവേ പണിയണമെന്ന് തീരുമാനിച്ചാല്‍ അതിന് തൂണ് സ്ഥാപിക്കാനുള്ള സ്ഥലമെങ്കിലും റോഡിന് മദ്ധ്യേ വേണ്ടേ? അത്രക്ക് കടന്ന് നാളേക്ക് ചിന്തിക്കേണ്ടതില്ല എന്നാവും മറുപടി. സര്‍വ്വീസ് റോഡ് ഇല്ലെങ്കിലോ എതിര്‍ദിശയിലേക്ക് ചുറ്റിത്തിരിയുന്നതിനുള്ള വീതി ഡിവൈഡറിന് ഇല്ലെങ്കിലോ സ്പീഡില്‍ പോകുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാവില്ലേ?

തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ വന്നാല്‍ എന്താണ് ഉണ്ടാവുക എന്നാണ് ബി. എം ഡബ്‌ള്യുവില്‍ യാത്രചെയ്യാറുള്ള ഒരു വിമര്‍ശക കേസരി ചോദിച്ചത്.

ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുത്താല്‍ മാര്‍ക്കറ്റ് വിലയ്ക്ക് നഷ്ടപരിഹാരം നല്‍കണം. കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം. കച്ചവടക്കാരെ പുനരധിവസിപ്പിക്കണം. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പകരം ഭൂമിയും വീടും കൊടുക്കണം. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം ഇതാണ് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള പാക്കേജ്.

 അടുത്ത ഘട്ടമാണ് റോഡ് എങ്ങനെ പണിയണം എന്നത്. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡ് പുനരുദ്ധരിക്കുന്നതിന് ടോള്‍ ഏര്‍പ്പെടുത്താന്‍ പാടില്ല എന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. പക്ഷേ ഇന്ത്യാ സര്‍ക്കാര്‍ റോഡ് പണിയുന്നതിനും അറ്റകുറ്റപ്പണി ചെയ്യുന്നതിനും ഉള്ള ചുമതല കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഫലമായി അവര്‍ക്ക് ടോള്‍ പിരിക്കാനുളള അവകാശം നല്‍കും.

ഒരു എതിര്‍പ്പും കൂടാതെ ദേശീയപാത ഇടതുപക്ഷ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് എഴുതിക്കൊടുത്തില്ലേ എന്നാണ് നീലകണ്ഠന്റെ ചോദ്യം.
ഓര്‍ത്തുനോക്കണം എന്താ നടന്നതെന്ന്. ബി ഒ ടി അടിസ്ഥാനത്തില്‍ ദേശീയ പാത പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശത്തെ ഇടതുപക്ഷ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അങ്ങനെ 3 വര്‍ഷം ബി ഒ ടി റോഡ് നിര്‍മ്മാണം സ്തംഭനത്തിലായി. കേന്ദ്രസര്‍ക്കാര്‍ ആവട്ടെ ബി ഒ ടി ക്ക് കരാര്‍ വച്ചു അല്ലെങ്കില്‍ ടെണ്ടര്‍ വിളിക്കാന്‍ പോകുന്നു എന്ന ന്യായം പറഞ്ഞ് മെയിന്റനന്‍സിന് പോലുമുള്ള പണം നല്‍കാതായി. ദേശീയപാത തകര്‍ന്ന് പലയിടത്തും ഗതാഗതം അസാധ്യമായി. അങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിനെ മുട്ടുകുത്തിച്ചത്.


റോഡ് നിര്‍മ്മാണത്തിന് ബി ഒ ടി അല്ലാതെ മറ്റ് മാര്‍ഗ്ഗം ഇല്ല എന്ന വാദത്തിന് ഒരു ബദല്‍ ചൂണ്ടിക്കാണിച്ചത് എന്നതാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഒന്ന് 2011-12 ലെ ബജറ്റില്‍ 40000-കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ചു. ഇത്രയും പണം വായ്പയെടുക്കാന്‍ ഒരുകാലത്തും സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അനുവദിക്കില്ല. അതുകൊണ്ട് കേരളത്തിലെ സംസ്ഥാന പാതകളും ജില്ലാ റോഡുകളും കെ എസ് ടി പി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനുവേണ്ടി ഒരു പ്രത്യേക കമ്പനി രൂപീകരിക്കാനായിരുന്നു നിര്‍ദ്ദേശം.

വാഹനനികുതിയുടെ 50% ഓരോ വര്‍ഷവും ഗ്രാന്റ് ആയി ഈ കമ്പനിക്ക് നല്‍കുമെന്ന് നിയമം പാസ്സാക്കണം അങ്ങനെ ചെയ്താല്‍ കമ്പനിക്ക് ഭാവിയില്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്നതും സുനിശ്ചിതവുമായ വരുമാനം ഉണ്ടാകും ഈ ഭാവി വരുമാനം ഈടുവച്ച് വായ്പയെടുത്ത് ഇന്നുതന്നെ റോഡ് പണിയാം. റോഡ് പണിയുന്ന കോണ്‍ട്രാക്ടര്‍ക്ക് ആയിരിക്കും മെയിന്റനന്‍സിന്റെ ചുമതല.

 ഇത് അടക്കം ആയിരിക്കും ടെണ്ടര്‍ വിളിക്കുക. കോണ്‍ട്രാക്ടര്‍ക്ക് പണം ബാങ്കില്‍ നിന്നും വായ്പയെടുത്ത് കമ്പനി നല്‍കും. ബാങ്കില്‍ നിന്നുള്ള വായ്പ സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക നികുതി വിഹിതത്തില്‍ നിന്നും എടുത്ത് തിരിച്ച് അടയ്ക്കും. ആരും ടോള്‍ നല്‍കേണ്ട. റോഡുകള്‍ വില്‍ക്കുകയും വേണ്ട. ഇതല്ലാതെ കേരളത്തിലെ റോഡുകള്‍ നന്നാക്കാന്‍ വേറെന്തെങ്കിലുമൊരു ബദല്‍ മാര്‍ഗ്ഗം നീലകണ്ഠനും സുഹൃത്തുക്കള്‍ക്കും കാണിച്ചുതരാനുണ്ടോ? ഇന്നത്തെ റോഡുമതി ഭാവിയിലേക്കും എന്ന് മാത്രം പറഞ്ഞുകളയരുത്.

Monday, October 22, 2012

വികസനവാദികളായ മാര്‍ക്സിസ്റ്റ്കാരെ കുറിച്ച്


    വികസനവാദികളായ മാര്‍ക്സിസ്റ്റ്കാരെക്കുറിച്ചാണ് സി.ആര്‍. നീലകണ്ഠന്റെ വിമര്‍ശനം. വികസനമെന്നാല്‍ ജനങ്ങളുടെ ജീവിത നിലവാരം പടിപടിയായുര്‍ത്തുന്ന ഒരു സാമൂഹ്യ പ്രക്രിയയാണ്. ആ അര്‍ത്ഥത്തില്‍ വികസനവാദികളാവുന്നതില്‍ സന്തോഷമേയുളളു. യഥാര്‍ത്ഥത്തില്‍ നീലകണ്ഠന്‍ ഞങ്ങളെ ""വളര്‍ച്ചാവാദി""കളെന്നാണ് ആക്ഷേപിക്കേണ്ടിയിരുന്നത്. എന്നുവച്ചാല്‍ കേവലം സാമ്പത്തിക വരുമാന വളര്‍ച്ചയെ പരമപ്രധാനമായി കാണുന്നവര്‍. എന്തുവിലകൊടുത്തും വളര്‍ച്ച നേടുകയാണ് ലക്ഷ്യം. ഇതാണ് ഇപ്പോള്‍ മന്‍മോഹന്‍ സിംഗും കൂട്ടരും ചെയ്യുന്നത്. ഇതുതന്നെയാണ് മാര്‍ക്സിസ്റ്റ്കാരുടെ നിലപാടും എന്നാണ് വിമര്‍ശനം.
    വാക് പ്രയോഗത്തില്‍ എന്തുപിശകുണ്ടെങ്കിലും നീലകണ്ഠന്‍ ഉദ്ദേശിച്ചത് ഇതുതന്നെയാണ്. ഇങ്ങനെ വികസന വാദികളെന്ന് പറഞ്ഞ് നീലകണ്ഠനും മറ്റും ആക്ഷേപിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഞങ്ങളെ ആക്ഷേപിക്കുന്നത് വികസന വിരുദ്ധര്‍ എന്നു പറഞ്ഞാണ്. നാട്ടില്‍ ഒരു ഫാക്ടറി വരുന്നതിനുമുമ്പ് അവകാശം പറഞ്ഞ് കൊടി കുത്തുന്നവരാണ് എന്ന ആക്ഷേപത്തിന് വളരെ പഴക്കമുണ്ട്. കേരളത്തിന്റെ വ്യവസായ പിന്നോക്കാവസ്ഥയ്ക്കു കാരണം ഇതാണെന്ന ജോസ് സെബാസ്റ്റ്യന്റെ സമര്‍ത്ഥനം ഓര്‍ക്കുമല്ലൊ. സാമ്പത്തിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ സാങ്കേതിക പുരോഗതിയെ എതിര്‍ക്കുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നാണ് കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ വിമര്‍ശനം. ട്രാക്ടര്‍, കൊയ്ത്ത് യന്ത്രം, കമ്പ്യൂട്ടര്‍ ഇങ്ങനെ ഒട്ടേറെ അനുഭവ സാക്ഷ്യം അവര്‍ നിരത്താറുമുണ്ട്. സംരംഭകരെ മാനിക്കാത്തവരാണ് മാര്‍ക്സിസ്റ്റുകാര്‍ - ഇങ്ങനെയൊക്കെ പോകുന്നു വിമര്‍ശനം. ഏതായാലും ഒരുകാര്യം ഉറപ്പാണ്. ഒരേ സമയം വികസന വാദികളും വികസന വിരുദ്ധരും ആകാനാവില്ല. സത്യം രണ്ടിനും ഇടയ്ക്കാണ്.
    ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച വേണം എന്ന് സിപിഐ എം കരുതുന്നു. അതേസമയം ഈ സാമ്പത്തിക വളര്‍ച്ചയുടെ നീതിപൂര്‍വ്വകമായ പങ്ക് പാവങ്ങള്‍ക്ക് ലഭ്യമാവണം. ഈ സാമ്പത്തിക നീതിയുടെ മുദ്രാവാക്യം ഉപേക്ഷിച്ചുകൊണ്ടുളള വളര്‍ച്ചയ്ക്ക് സിപിഐ എം ഇല്ല.
    ട്രാക്ടര്‍ മുതല്‍ കമ്പ്യൂട്ടര്‍ വരെ
    മുന്‍കാലത്ത് ട്രാക്ടറിനേയും മെതിയന്ത്രത്തേയും മറ്റും എതിര്‍ത്തതില്‍ ഒരു കുറ്റബോധവും ഇന്നില്ല. അന്ന് എതിര്‍ത്തതും ശരി. ഇന്ന് അനുകൂലിക്കുന്നതും ശരി.
    എന്റെ പി.എച്ച്.ഡി പ്രബന്ധം കയര്‍ വ്യവസായത്തിലെ വര്‍ഗ സമരം സാങ്കേതിക വിദ്യയേയും വ്യവസായ ഘടനയേയും എങ്ങിനെ നിര്‍ണ്ണയിച്ചു എന്നതിനെ സംബന്ധിച്ചാണ്. സാങ്കേതിക വിദ്യയുടെ തിരഞ്ഞെടുപ്പ് കേവലം സാങ്കേതികമായ പ്രശ്നമല്ല. വര്‍ഗസമരത്തിന്റെ കൂടി പ്രശ്നമാണ്. കയര്‍ വ്യവസായത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകമായപ്പോഴേക്കും സിലോണിലും മറ്റും തൊണ്ടുതല്ല് യന്ത്രങ്ങള്‍ നിലവിലുണ്ടായിരുന്നു. ആര്‍നോള്‍ഡ് ചെനറി ആലപ്പുഴയിലും തൊണ്ടുമില്ല് സ്ഥാപിച്ചു. പക്ഷേ, കൈത്തല്ലിനോട് മത്സരിക്കാനാവാതെ പൂട്ടേണ്ടി വന്നു. പട്ടിണിക്കൂലിക്കെതിരെ തൊഴിലാളികള്‍ സംഘടിതരായി വിലപേശാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ക്കെതിരെ ആയുധമായി തൊണ്ടുമില്ല് സാര്‍വത്രികമായത്. കണക്കുവച്ചുനോക്കിയാല്‍ അന്നും കൈത്തല്ല് തൊണ്ടുമില്ലിനേക്കാള്‍ ചെലവുകുറഞ്ഞതായിരുന്നു. പക്ഷേ, സംഘടിതരായ തൊഴിലാളികളെ മാനേജ് ചെയ്യുന്നതിനേക്കാള്‍ ലളിതമായിരുന്നു കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുളള മില്ല്. കൈത്തല്ലില്‍ ഉണ്ടായിരുന്ന ഏതാണ്ട് ഒരു ലക്ഷം തൊഴിലാളികളെ തൊണ്ടുമില്ലുകള്‍ പട്ടിണിയിലേക്ക് തളളിവിട്ടു. അതുകൊണ്ട് തൊഴിലാളി പ്രസ്ഥാനം യന്ത്രവത്ക്കരണത്തെ എതിര്‍ത്തു. എന്നാല്‍ ഇന്ന് വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ കൈത്തല്ലിന് ആളെ കിട്ടാ ായി. അതുകൊണ്ട് യന്ത്രവല്‍ക്കരണത്തെ ഇന്ന് അനുകൂലിക്കുന്നു. ഇതുതന്നെയാണ് ട്രാക്ടറിനെ അന്ന് എതിര്‍ത്തതിനും ഇന്ന് അനുകൂലിക്കുന്നതിനുമുളള കാരണം.
    കയര്‍ നെയ്ത്ത് വ്യവസായത്തിലാകട്ടെ കേരളത്തില്‍ കൈത്തറി ഫാക്ടറി സ്ഥാപിച്ചിരുന്ന ഒരു കമ്പനിക്കെങ്കിലും യൂറോപ്പില്‍ യന്ത്രമില്ലുണ്ടായിരുന്നു. മറ്റൊന്നിന് അമേരിക്കയിലും. പക്ഷേ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തമായപ്പോള്‍ യന്ത്രവല്‍ക്കരണം നടത്താനല്ല ഉല്‍പ്പാദനത്തെ വികേന്ദ്രീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. അതായിരുന്നു കൂടുതല്‍ ആദായകരം. വികേന്ദ്രീകൃത മേഖലയില്‍ തൊഴിലാളികളും ചെറുകിട ഉല്‍പ്പാദകരും സംഘടിതരായപ്പോഴാണ് കൈത്തറി ഉപേക്ഷിച്ച് യന്ത്രത്തറിയിലേക്ക് പോകാന്‍ മുതലാളിമാര്‍ തീരുമാനിച്ചത്. തങ്ങളുടെ തൊഴില്‍ സംരക്ഷിക്കാന്‍ തൊഴിലാളി പ്രസ്ഥാനം യന്തവല്‍ക്കരണത്തെ എതിര്‍ത്തു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് എതിര്‍പ്പ് ഞങ്ങള്‍ മാറ്റി. ഇത്രയും പറഞ്ഞത് ലളിതമായ ഒരു കാര്യത്തിന് അടിവരയിടാനാണ്. ഞങ്ങള്‍ കേവലം സാമ്പത്തിക വളര്‍ച്ചാവാദികളല്ല. അദ്ധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ അടിയറവച്ചുകൊണ്ടുളള ഒരു സാമ്പത്തിക വളര്‍ച്ചയ്ക്കല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊളളുന്നത്.
    വികസനവും പരിസ്ഥിതി സംരക്ഷണവും
    അതേസമയം വികസനം സംബന്ധിച്ച കമ്മ്യൂണിസ്റ്റുകാരുടെ നിലപാടില്‍ ഒരു ദൗര്‍ബല്യമുണ്ടായിരുന്നു. പാരിസ്ഥിതിക സംരക്ഷണത്തിന് അര്‍ഹമായ ഊന്നല്‍ നല്‍കിയിരുന്നില്ല. സാമ്പത്തിക വളര്‍ച്ച ഇന്നുണ്ടായാല്‍ മാത്രം പോര, നാളെയുമുണ്ടാകുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നീതി പൂര്‍വകവും സ്ഥായിയുമായ സാമ്പത്തിക വളര്‍ച്ചയാണ് വികസനം. കഴിഞ്ഞ ഒരു മൂന്നു ദശകങ്ങളിലാണ് സ്ഥായിയായ വളര്‍ച്ച എന്ന സങ്കല്‍പ്പത്തിന്റെ പ്രാധാന്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തുമാത്രമല്ല പുറത്തും അംഗീകരിക്കപ്പെട്ടത്. ഡയലക്ടിക്സ് മാറ്റത്തെ മാത്രമല്ല പരസ്പര ബന്ധത്തെയും കണക്കിലെടുക്കുന്ന വിശകലനരീതിയാണ്. ഈ പരസ്പരബന്ധത്തിന്റെ പ്രാധാന്യത്തെയാണ് പരിസ്ഥിതി പ്രസ്ഥാനം അടിവരയിടുന്നത്. ഇതിനെ വിസ്മരിച്ചുകൊണ്ടാണ് മാറ്റത്തില്‍ മാത്രം ഊന്നിക്കൊണ്ട് പരിസ്ഥിതിവാദികളെ വിമര്‍ശിക്കാന്‍ ചില സഖാക്കള്‍ തുനിഞ്ഞത്.
    മാര്‍ക്സിന്റെ ""മൂലധ""മടക്കമുളള കൃതികളില്‍ മുതലാളിത്തം എങ്ങിനെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് വഴിവെക്കുവെന്നത് സംബന്ധിച്ച് അത്യപൂര്‍വമായ ഉള്‍ക്കാഴ്ചകള്‍ ഉണ്ട്. എംഗത്സിന്റെ ""ആന്റിഡ്യൂറിംഗി""ല്‍ വളരെ വിശദമായ സോദാഹരണ വിശദീകരണവുമുണ്ട്. ഇങ്ങിനെയൊക്കെയാണെങ്കിലും പരമ്പരാഗത മാര്‍ക്സിസ്റ്റ് വിശകലനവും പ്രയോഗവും പാരിസ്ഥിതിക ഘടകത്തെ വേണ്ടത്ര പരിഗണിച്ചില്ല എന്ന് സമ്മതിക്കേണ്ടതുണ്ട്. നാലുപതിറ്റാണ്ട് മുമ്പ് മാത്രമാണ് നിശ്ശബ്ദ വസന്തത്തെക്കുറിച്ച് ലോകം വ്യാകുലപ്പെടാന്‍ തുടങ്ങിയത്. ഇടതുപക്ഷത്തോടു ബന്ധപ്പെട്ടും അല്ലാതെയും ചെറുതും വലുതുമായ പരിസ്ഥിതി പ്രസ്ഥാനങ്ങളും വളരാന്‍ തുടങ്ങി. കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ തുടക്കം സൈലന്റ് വാലി പ്രക്ഷോഭമാണ്. ഇതില്‍ ഒട്ടേറെ കമ്മ്യൂണിസ്റ്റുകാരായ പരിഷത്ത് പ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പാര്‍ടിക്കുള്ളിലും ഇതു സംബന്ധിച്ച് രൂക്ഷമായ വിവാദങ്ങളുണ്ടായി. കുറച്ചുകാലത്തേക്ക് പരസ്യമായ സംവാദവും നടന്നു. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സൈലന്റ് വാലിയില്‍ ഡാം ആകാം എന്നതായിരുന്നു പൊതു നിലപാട്. എന്നാല്‍ ആ നിലപാട് ഇന്ന് ആരെങ്കിലും ആവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല. ലോകത്തെ അത്യപൂര്‍വ്വ ജൈവ പൈതൃകങ്ങളിലൊന്നാണ് സൈലന്റ് വാലി. അതിന്റെ നാശം അപരിഹാര്യമായ നഷ്ടമായിരിക്കും മനുഷ്യരാശിക്ക് സൃഷ്ടിക്കുക. ഉള്‍പ്പാര്‍ടി സംവാദങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഗോള പാരിസ്ഥിതിക പ്രതിസന്ധി സംബന്ധിച്ച് ലോകത്ത് വളര്‍ന്നുവരുന്ന അവബോധവും പാര്‍ടി യുടെ കാഴ്ചപ്പാടിനെ സ്വാധീനിച്ചിട്ടുണ്ട്.
    പാരിസ്ഥിതിക സന്തുലനാവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ചുളള നിലപാട് 20-ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്ര രേഖയില്‍ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കണമെന്നതാണ് പാര്‍ടിയുടെ നിലപാട്. അതേസമയം വികസന പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ദോഷങ്ങളെ കണക്കിലെടുക്കുന്നതോടൊപ്പം അവയുടെ ഗുണങ്ങളേയും കണക്കിലെടുക്കേണ്ടതുണ്ട്. ഇത്തരമൊരു ഗുണദോഷ വിചാരത്തിന്റെ അടിസ്ഥാനത്തില്‍ ദോഷത്തേക്കാള്‍ ഏറെ ഗുണം ചെയ്യുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കണം. എന്നാല്‍ ഇന്ന് പല പരിസ്ഥിതി പ്രവര്‍ത്തകരും ദോഷവശങ്ങള്‍ മാത്രം കാണുകയും ഗുണവശങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചില വികസന പദ്ധതികളെക്കുറിച്ച് ഇവരില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കേണ്ടി വരാറുണ്ട്. ഇത്തരം വ്യത്യസ്തതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാരിസ്ഥിതിക ഘടകങ്ങളെ അവഗണിക്കുന്ന വളര്‍ച്ചാവാദികളായി നീലകണ്ഠനെപ്പോലുളളവര്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത്.
    പ്ലാച്ചിമടയിലെ കൊക്കോക്കോള ഫാക്ടറി    സിപിഐ എമ്മിന്റെ കേവല വികസന വാദത്തിന് ഉദാഹരണമായിട്ടാണ് കൊക്കോക്കോളാ ഫാക്ടറിയെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ഇനിമേല്‍ ശീതളപാനീയ ഫാക്ടറികള്‍ പാടില്ല എന്നൊരു നിലപാട് സിപിഐ എം എടുക്കുന്നില്ല. പാലക്കാട് കൊക്കോക്കോള ഫാക്ടറിയുടെ തെറ്റ് അതിന് അനുവാദം നല്‍കിയപ്പോള്‍ ആവശ്യമായ പാരിസ്ഥിതിക പഠനം നടത്തിയില്ല എന്നതാണ്. ഫാക്ടറിക്കാവശ്യമായ വെളളം ഭൂഗര്‍ഭത്തില്‍ നിന്ന് ഊറ്റിയാല്‍ അതെങ്ങിനെ ജലവിതാനത്തേയും അവിടത്തെ കൃഷിയേയും ബാധിക്കും എന്നത് പരിശോധിച്ചില്ല. ഗൗരവമായ മലിനീകരണ പ്രശ്നവും കൂടി ഫാക്ടറി സൃഷ്ടിച്ചു. ഫാക്ടറി മാത്രമല്ല എന്തു വികസന പ്രവര്‍ത്തനം നടത്തുമ്പോഴും പരിസ്ഥിതി ആഘാത പഠനം കൂടിയേതീരു.
    കൊക്കോക്കോള ഫാക്ടറിക്കെതിരായ ജനകീയ സമരത്തില്‍ പാലക്കാട്ടെ പാര്‍ടിയും ബഹുജനപ്രസ്ഥാനങ്ങളും സ്വതന്ത്രമായും മറ്റുള്ളവരുമായി കൂട്ടുചേര്‍ന്നും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ കൂടി ഫലമായിട്ടാണ് ഫാക്ടറി പൂട്ടുന്നതിനുളള നടപടി സ്വീകരിക്കപ്പെട്ടത്. എന്നുമാത്രമല്ല ഫാക്ടറിയുടെ ഫലമായി ദുരിതമനുഭവിക്കേണ്ടി വരുന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിനുള്ള ഒരു നിയമനിര്‍മ്മാണം തന്നെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്നു. അതിന് അനുമതി തരാതെ വച്ചുകൊണ്ടിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഇന്ത്യയിലാദ്യമായി ഇത്തരമൊരു നടപടി സ്വീകരിച്ച സംസ്ഥാനം കേരളമാണ്. എന്നാല്‍ ഈ പരിശ്രമങ്ങളെ ഇകഴ്ത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്നത് വ്യവസായ സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്റെ ഒരു പ്രസംഗത്തെയാണ്. എന്നു മാത്രമല്ല വ്യവസായ മന്ത്രി എളമരം കരീം കുഞ്ഞാലിക്കുട്ടിയേപ്പോലെ ബാലകൃഷ്ണനെ പിന്താങ്ങുന്നു എന്നാക്ഷേപവും നീലകണ്ഠനുണ്ട്. നീലകണ്ഠന്‍ ഒന്നു മനസ്സിലാക്കുക. സര്‍ക്കാരുകള്‍ മാറുന്നതനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയവരെ എടുക്കാനാവില്ല. ഭരണകൂടത്തെയൊന്നും തിരഞ്ഞെടുപ്പിലൂടെ വരുന്ന സര്‍ക്കാര്‍ ഉടച്ചുമാറ്റുന്നില്ല. നിലവിലുളള ഭരണയന്ത്രത്തെ ഉപയോഗപ്പെടുത്താന്‍ മാത്രമേ അവകാശമുളളു. എന്നിരുന്നാല്‍ തന്നെയും കേരളത്തിലെ ഒരിടതുപക്ഷ സര്‍ക്കാരും ഉദ്യോഗസ്ഥരുടെ താളത്തിനു തുളളുന്ന സര്‍ക്കാരുകളായിരുന്നില്ല.
    ബാലകൃഷ്ണന് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളുമുണ്ടാകാം. പക്ഷേ അതനുസരിച്ചായിരുന്നില്ല ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവൃത്തി. കുഞ്ഞാലിക്കുട്ടിയുടെ കീഴില്‍ പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം നടപ്പാക്കാന്‍ നിന്ന ആളുകള്‍ തന്നെയാണ് കരീമിന്റെ കീഴില്‍ പൊതുമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയവരെന്നും ഓര്‍ക്കുക. സര്‍ക്കാര്‍ അനുവാദത്തോടെ ഒരു ഫാക്ടറിയില്‍ നിക്ഷേപം നടത്തിയതിനു ശേഷം സര്‍ക്കാര്‍ തന്നെ അതു പൂട്ടിച്ചാല്‍ ഭാവി നിക്ഷേപത്തെ അത് പ്രതികൂലമായി ബാധിക്കും എന്ന് ബാലകൃഷ്ണന് ആശങ്കയുണ്ടായിരുന്നേക്കാം. പക്ഷേ ആ ആശങ്കയുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഫാക്ടറി പൂട്ടണമെന്നു മാത്രമല്ല നഷ്ടപരിഹാരം ജനങ്ങള്‍ക്ക് നല്‍കണമെന്നും അല്ലേ കരിമിന്റെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇതെന്തേ മറന്നുപോകുന്നു.
    കിനാലൂരിലെ ചപ്പല്‍ ഫാക്ടറി കിനാലൂരിലെ റോഡുവികസനത്തിനെതിരായി മുസ്ലീം വര്‍ഗീയവാദികള്‍ മുതല്‍ കോണ്‍ഗ്രസുകാര്‍ വരെ ചേര്‍ന്നുണ്ടാക്കിയ സമരത്തെ ഇന്ന് ജനകീയ സമരമായി ഉദ്ഘോഷിക്കുന്നതിന് അപാരമായ തൊലിക്കട്ടിവേണം. കിനാലൂരില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചത് വെറുമൊരു ചപ്പല്‍ ഫാക്ടറിയല്ല. റബര്‍ അധിഷ്ഠിത ഉല്‍പ്പനങ്ങളുടെ, പ്രത്യേകിച്ച് ചെരുപ്പുകളുടെ, ഒരു വ്യവസായ പാര്‍ക്കാണ്. സര്‍ക്കാരൊന്നും വലിയ സഹായം ചെയ്തിട്ടില്ലെങ്കിലും കോഴിക്കോട് കേന്ദ്രീകരിച്ച് ചെറുകിട ചെരുപ്പ് ഫാക്ടറികള്‍ വളര്‍ന്ന് വരികയുണ്ടായി. ചൈനയിലും മറ്റും ഇത്തരത്തില്‍ ഓരോ പ്രദേശത്ത് പ്രത്യേക ഉല്‍പ്പന്നങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുളള വളര്‍ച്ചാതന്ത്രം വിജയിച്ച ചരിത്രമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിനാലൂരില്‍ വ്യവസായ പാര്‍ക്ക് ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ആയിരക്കണക്കിന് പേര്‍ക്ക് പുതിയതായി തൊഴില്‍ കിട്ടും. ഒരുപക്ഷേ, കോഴിക്കോട് ഇന്ത്യയിലെ ഒരു പ്രധാന ചെരുപ്പ് വ്യവസായ കേന്ദ്രമായി വളരുകയും ചെയ്യും. ഇത്തരമൊരു വ്യവസായ പാര്‍ക്കിന് അത്യന്താപേക്ഷിതമായിട്ടുളള കാര്യം സുഗമമായ ചരക്കുകടത്തിന് വീതിയുളള റോഡും വൈദ്യുതിയുടേയും വെളളത്തിന്റേയും കണക്ഷനുമാണ്. ഇതിനായി ഒരു നാലുവരി പാത നിര്‍മ്മിക്കുന്നതിന് സ്ഥലമെടുത്തതിന് എതിരായിട്ടായിരുന്നു സമരം ആരംഭിച്ചത്. സമരക്കാരില്‍ ചെറു ന്യൂനപക്ഷം മാത്രമേ റോഡുകൊണ്ട് ഭൂമി നഷ്ടപ്പെടുന്നവരായിട്ടുണ്ടായിന്നുളളു. മറ്റുള്ളവര്‍ നീലകണ്ഠനെ പോലെ പുറത്തുനിന്നും ചെന്നവരാണ്. ഇത് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. തങ്ങളുടെ ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള സമ്മതപത്രം ഭൂരിപക്ഷം ഭൂവുടമകളില്‍ നിന്നും ഒരു ചടങ്ങില്‍ വച്ച് ഞാന്‍ തന്നെ ഏറ്റുവാങ്ങുകയുണ്ടായി. ആകര്‍ഷകമായ ഒരു പാക്കേജും ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ സംഘടിതമായ അക്രമ പ്രവര്‍ത്തനത്തിലൂടെ ഭൂമിയേറ്റെടുക്കല്‍ നടപടികളെ തടയുകയാണ് സമരക്കാര്‍ ചെയ്തത്.
  കിനാലൂരിലെ എസ്റ്റേറ്റിന്റെ മുന്നൂറേക്കര്‍ ഭൂമി കെഎസ്ഐഡിസി 1996-ല്‍ ഏറ്റെടുത്തു കഴിഞ്ഞതാണ്. ബാക്കിയുളള ഭൂമികൂടി ഏറ്റെടുത്ത് ഒരു ഭീമന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എസ്റ്റേറ്റ് ഉടമകളുടെ താല്‍പ്പര്യമാവട്ടെ എസ്റ്റേറ്റ് ഭൂമി മുറിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ ഭൂമി വാങ്ങിയവരും വാങ്ങാന്‍ ഉദ്ദേശിച്ചവരുമാണ് റോഡ് വികസനത്തിലെ സമരത്തിനു പിന്നില്‍ എന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ ഗൂഢാലോചന ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കെ. റ്റി. കുഞ്ഞിക്കണ്ണന്‍ കഴിഞ്ഞലക്കം ചിന്തയില്‍ ഇതുസംബന്ധിച്ച് വിശദമായ ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച എസ്റ്റേറ്റ് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മുറിച്ച് വില്‍ക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഒരു വമ്പന്‍ ഭൂമി തട്ടിപ്പ് കിനാലൂരില്‍ നടക്കുകയാണ്. നീലകണ്ഠനേയും ജനകീയ സമരക്കാരേയും എതിര്‍ക്കാന്‍ അവിടെ കാണുന്നില്ല. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന ഭൂസമരത്തിന്റെ ഒരു കേന്ദ്രം നിശ്ചയമായും കിനാലൂരായിരിക്കും. ഉമ്മന്‍ചാണ്ടിയുടേയും റോഡുവികസന വിരുദ്ധ സമരക്കാരുടേയും ഗൂഢാലോചന നടക്കാന്‍ അനുവദിക്കുകയില്ല. (തുടരും)

നീലകണ്ഠന്റെ “പുതിയ ഇടതുപക്ഷവും” ഹരിത എംഎല്‍എമാരും

'യഥാര്‍ത്ഥ' ഇടതുപക്ഷത്തിനു വേണ്ടിയാണത്രേ സി ആര്‍ നീലകണ്ഠന്റെ വാദം. കെ. വേണു, ജെ. രഘു എന്നിവരെപ്പോലെ വലതുപക്ഷത്തിന്റെ സ്തുതിപാഠകനല്ല താനെന്നാണ് അദ്ദേഹം സ്വയം കരുതുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ 'പുതിയ ഇടതുപക്ഷ'ത്തില്‍ ആരെല്ലാമെന്നതു കേള്‍ക്കേണ്ടതാണ്. പരിസ്ഥിതി പ്രവര്‍ത്തകരും സ്ത്രീവാദികളും സന്നദ്ധ സംഘടനകളും മാത്രമല്ല, കോണ്‍ഗ്രസിലെ യുവ ഹരിത എംഎല്‍എമാരും പുതിയ ഇടതുപക്ഷമാണത്രേ. “നമുക്കൊരു യഥാര്‍ത്ഥ ഇടതുപക്ഷം വേണം, അതിനു വേണ്ടിയുളള പരിശ്രമം നടക്കുകയാണ്. അത് ഏതു പ്ലാറ്റ്‌ഫോമിലുമാകാം… ഇപ്പോള്‍ത്തന്നെ നോക്കൂ. ഭരണമുന്നണിയിലെ ചെറുപ്പക്കാരായ എംഎല്‍എമാരില്‍നിന്ന് വരുന്ന ഭൂമിയെയും പ്രകൃതിയെയും കുറിച്ച് നെല്ലിയാമ്പതിയിലും ?തിരപ്പളളിയിലുമുളള സമീപനം. ഓര്‍ക്കുക, ഭരണത്തിലിരിക്കുമ്പോഴാണ് അവര്‍ പ്രതിഷേധിക്കുന്നത്. ഇന്നത്തെ ഇടതുപക്ഷമാകട്ടെ, പ്രതിപക്ഷത്തിരിക്കുമ്പോഴേ പ്രതിഷേധിക്കാറുളളൂ”.
അങ്ങനെ യഥാര്‍ത്ഥ ഇടതുപക്ഷത്തെക്കാള്‍ വമ്പന്‍ ഇടതുപക്ഷക്കാരണത്രേ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍. വളരെ നന്നായി നീലകണ്ഠന്‍! ഇന്ത്യയുടെ പൊതുസമ്പത്ത് മൊത്തമായും ചില്ലറയായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ സര്‍വാത്മനാ പിന്താങ്ങുന്ന ഈ 'ആദര്‍ശപുരുഷന്മാരെ'ത്തന്നെ ഇടതുപക്ഷക്കാരായി മുദ്രകുത്തണം. ഇന്ത്യയിലെ ഇടതുപക്ഷം പോകട്ടെ, നെഹ്രുവിയന്‍ സ്വാശ്രയ വികസന സങ്കല്‍പ്പക്കാര്‍പോലും പറഞ്ഞിരുന്ന മുഴുവന്‍ ആശയങ്ങളെയും ചവിട്ടിമെതിച്ച് ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന ഭരണസംഘത്തിന്റെ യുവനേതാക്കള്‍ ആണ് നീലകണ്ഠന്റെ ആദര്‍ശ പുരുഷന്മാര്‍. മേല്‍പറഞ്ഞവയെക്കുറിച്ചൊക്കെ എന്തു നിലപാടും സ്വീകരിച്ചാലും പുതിയ ഇടതുപക്ഷമാകാന്‍ ഒരുകാര്യം ചെയ്താല്‍ മതി. ?തിരപ്പളളിയിലും നെല്ലിയാമ്പതിയിലും തല്‍ക്കാലത്തേയ്‌ക്കെങ്കിലും നീലകണ്ഠനും മറ്റും പറയുന്ന നിലപാടുകള്‍ സ്വീകരിക്കുക, അത്രമാത്രം !
സിപിഎമ്മിനെതിരെ നീലകണ്ഠന്‍ തുടര്‍ച്ചയായി നിലപാട് സ്വീകരിക്കുന്നു. അതോടൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍പോയി ഡിവൈഎഫ്‌ഐയെക്കാള്‍ ഭേദമാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് സിദ്ധാന്തിക്കുന്നു. ബാലഗോകുലത്തിന്റെ പരിപാടിയില്‍ വിശിഷ്ടാതിഥിയുടെ പീഠം അലങ്കരിക്കുന്നു. കേരളം മുഴുവന്‍ എമര്‍ജിംഗ് കേരളയുടെ പൊളളത്തരം ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ പിആര്‍ഒ വേഷമണിഞ്ഞ് ചന്ദ്രികയില്‍ അഭിമുഖം നടത്തുന്നു. ഇതൊക്കെയായിരിക്കുമോ പുതിയ ഇടതുപക്ഷത്തിന്റെ സ്വഭാവം?
നിലവിലുളള ഇടതുപക്ഷത്തിനെതിരെ നീലകണ്ഠന്റെ പരാതികള്‍
പരിസ്ഥിതി പ്രസ്ഥാനങ്ങള്‍, സ്ത്രീവാദക്കാര്‍, പ്രാദേശിക ചെറുപ്രശ്‌നങ്ങളെ ആസ്പദമാക്കി ഉയര്‍ന്നുവരുന്ന ഗ്രൂപ്പുകള്‍ തുടങ്ങിയവയൊക്കെ കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടില്‍ കേരളത്തില്‍ വളരെയേറെ ശക്തിപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെല്ലാം മറ്റാരെക്കാളും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാവുന്നത് കേരളത്തിലെ നിലവിലുളള ഇടതുപക്ഷത്തോടാണ്. ഇടതുപക്ഷത്തിന്റെ ജനകീയ പാരമ്പര്യം മാത്രമല്ല ഇതിനു കാരണം. നവസാമൂഹ്യ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക തലത്തില്‍ ഇടതുപക്ഷം, വിശകലനം ചെയ്യുകയും ക്രിയാത്മകമായി പ്രതികരിക്കുകയും സംവദിക്കുകയും ചെയ്യുന്നുമുണ്ട്. പക്ഷേ, നീലകണ്ഠന്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. ഇതിനു കാരണമായി നീലകണ്ഠന്‍ ചൂണ്ടിക്കാണിച്ച മൂര്‍ത്തമായ പ്രശ്‌നങ്ങള്‍ അദ്ദേഹം ഒരു ഇന്റര്‍നെറ്റ് ചര്‍ച്ചാ ഗ്രൂപ്പില്‍ ഉന്നയിച്ചത് എന്റെയൊരു സുഹൃത്ത് അയച്ചു തരികയുണ്ടായി. ഇടതുപക്ഷത്തെ ഉത്തരം മുട്ടിക്കുന്നു എന്ന് നീലകണ്ഠന്‍ കരുതുന്ന താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ക്കുളള മറുപടിയാണ് സുഹൃത്ത് ആവശ്യപ്പെട്ടത്.
“ഒരു പാരിസ്ഥിതിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താഴെ പറയുന്നതു പോലുളള ജനകീയ പ്രശ്‌നങ്ങള്‍ നിലവിലുളള ഇടതുപക്ഷത്തിനു പരിഹരിക്കാനാവും എന്നു ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, പല പ്രശ്‌നങ്ങളുടെയും സമരങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനവര്‍ക്കു കഴിയുമെന്ന് ബോധ്യപ്പെട്ടില്ല.

1.    വിളപ്പില്‍ശാല, കുരീപ്പുഴ (കൊല്ലം), വടവാതൂര്‍ (കോട്ടയം), സര്‍വോദയപുരം (ആലപ്പുഴ), ബ്രഹ്മപുരം (കൊച്ചി), ലാലൂര്‍ (തൃശൂര്‍), ചക്കുംകം (ഗുരുവായൂര്‍), ഞെളിയന്‍പറമ്പ് (കോഴിക്കോട്), പെട്ടിപ്പാല (തലശേരി), ചേറോള (കണ്ണൂര്‍) തുടങ്ങി നഗരമാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം സിപിഎം ചെയ്യുന്നത് നഗരമാലിന്യം ഗ്രാമങ്ങള്‍ക്കുമേല്‍ വാരിയെറിയുകയാണ്. എന്തുകൊണ്ട്?
2.    കേരളത്തിലെ ജലദൗര്‍ലഭ്യം. ലിറ്ററിന് പതിനഞ്ചു രൂപ നിരക്കിലാണ് സാധാരണ വെളളം വില്‍ക്കുന്നത്. അതിനെതിരെ എന്തെങ്കിലും പ്രതിഷേധം ഇടതുപക്ഷത്തിനുണ്ടോ? നാശം, തകര്‍ച്ച, മലിനീകരണം എന്നിവയില്‍ നിന്ന് ജലസ്രോതസുകളെ രക്ഷിക്കാന്‍ ഇടതുപക്ഷത്തിന്റെ മുന്‍കൈയില്‍ എന്തെങ്കിലും പരിപാടിയുണ്ടോ? ജനകീയ സമരത്തെ തുടര്‍ന്ന് പൂട്ടിയ പെപ്‌സി കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമായ എല്ലാം മന്ത്രി എളമരം കരീം നടത്തിയെന്ന കരീമിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും സുഹൃത്ത് ടി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗം ആരും നിഷേധിച്ചിട്ടില്ല.
3.    ഭൂരഹിതരുടെ ഭൂപ്രശ്‌നം - ദളിതര്‍ക്കും ഭൂരഹിതരായ കര്‍ഷകര്‍ക്കും അഞ്ച് ഏക്കര്‍ വീതം കൃഷിഭൂമി നല്‍കുമെന്ന് 1958ലെ ഭൂപരിഷ്‌കരണത്തിന്റെ കാലത്ത് നാം പ്രഖ്യാപിച്ചതാണ്. ഇന്ന് കേരളത്തില്‍ 26000 കോളനികളുണ്ട്. അതില്‍ നാലില്‍മൂന്നും സെറ്റില്‍മെന്റ് കോളനികളും ലക്ഷംവീടു കോളനികളും റോഡ് - തോട് പുറമ്പോക്കു കോളനികളുമാണ്. ഏറിയപങ്ക് ദളിത് കുടുംബങ്ങളും ഇവിടെയാണ് താമസം. ളാഹാ ഗോപാലനും സംഘവും ചെങ്ങറയില്‍ ഈ വിഷയം ഉയര്‍ത്തിയപ്പോള്‍ ഇടതുപക്ഷമാണ് തടസങ്ങള്‍ സൃഷ്ടിച്ചത്. മുത്തങ്ങയിലും അതുതന്നെ സംഭവിച്ചു. മൂന്നാറില്‍ റിസോര്‍ട്ട് മാഫിയ കൈയടക്കിയ ഭൂമി തിരിച്ചുപിടിക്കാന്‍ വിഎസ് എടുത്ത ധീരമായ ചുവടുവെപ്പുകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് നമുക്കറിയാം. അക്കാലത്തെ എംഎം മണിയുടെ പ്രസംഗങ്ങള്‍ ഓര്‍ക്കുക.
4.    വികസനത്തിന്റെ പേരില്‍ മൂലമ്പളളിയില്‍ നടന്ന കുടിയിറക്കലും അവരുടെ പുനരധിവാസത്തോട് കാണിച്ച അവഗണനയും
5.    ചപ്പല്‍ ഫാക്ടറിയ്ക്കു വേി കിനാലൂരിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍
6.    ഒരു ചെറുത്തുനില്‍പ്പുമില്ലാതെ ദേശീയപാത കോര്‍പറേറ്റുകള്‍ക്കു വിറ്റത്. എഡിബി, ലാവലിന്‍ അങ്ങനെ പലതും.
യുഡിഎഫിന് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല എന്നു നമുക്കെല്ലാമറിയാം. അതുകൊണ്ട് നമുക്ക് യഥാര്‍ത്ഥ ഇടതുപക്ഷം വേണം”.
ഇവയോരോന്നിനും ഇടതുപക്ഷത്തിനു മറുപടിയുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോട് സുവ്യക്തമായ നിലപാടുമുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുന്നതിനും സമരം ചെയ്യുക മാത്രമല്ല, ക്രിയാത്മകമായി ഇടപെടുന്നതിനുമാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഈ പരിശ്രമങ്ങളെ കില്ലെന്നു നടിക്കുകയാണ് നീലകണ്ഠനും കൂട്ടരും ചെയ്യുന്നത്. സി. ആര്‍. നീലകണ്ഠനെ സംബന്ധിച്ചടത്തോളം ജനകീയ സമരങ്ങളെന്നാല്‍ കോടിക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത സെപ്തംബറിലെ അഖിലേന്ത്യാ പണിമുടക്കും മറ്റുമല്ല. കേരളത്തില്‍ നടന്ന ചില പ്രാദേശിക പ്രക്ഷോഭങ്ങളാണ്. അദ്ദേഹത്തിന്റെ തന്നെ സ്വന്തം ആവേശഭരിത വാക്കുകളില്‍, “പിന്നീട് ജനകീയ സമരങ്ങളുടെ കുത്തൊഴുക്കായിരുന്നു. മുത്തങ്ങ, ചെങ്ങറ, മൂലമ്പളളി, കിനാലൂര്‍ തുടങ്ങി ഒട്ടനവധി ഭൂസമരങ്ങള്‍. എച്ച്എംടി തുടങ്ങി ഒട്ടനവധി തട്ടിപ്പു ഭൂമി ഇടപാടുകള്‍, ദേശീയപാത സ്വകാര്യവത്കരണം പോലുളള പദ്ധതികള്‍, പലവിധ ഖനനങ്ങള്‍, പ്ലാച്ചിമട അടക്കമുളള ജലക്കൊളളകള്‍, വിളപ്പില്‍ശാല പോലുളള മാലിന്യ പ്രശ്‌നങ്ങള്‍. ഇതിലൊന്നും സിപിഎം രംഗത്തു വന്നില്ല”. നീലകണ്ഠന്‍ ഉന്നയിച്ച കേരളത്തിലെ മാലിന്യപ്രശ്‌നത്തോട് സിപിഎമ്മിന്റെ നയമെന്തെന്ന് ആദ്യം പരിശോധിക്കാം.
മാലിന്യ പ്രതിസന്ധി എന്തുകൊണ്ട്?
നീലകണ്ഠന്‍ മാത്രമല്ല, എല്ലാവരും ഇന്ന് അംഗീകരിക്കുന്ന കാര്യമാണ് കേരളത്തിലെ മാലിന്യസംസ്‌ക്കരണ പ്രതിസന്ധി. ഇതെങ്ങനെ ഉണ്ടായി? മനുഷ്യ ഉത്പാദനത്തിന്റെയും പുനരുല്‍പാദനത്തിന്റെയും അഭേദ്യമായ ഭാഗമാണ് മാലിന്യ വിസര്‍ജനം. എന്നാല്‍ പണ്ട് ഇതൊരു പ്രശ്‌നമായിരുന്നില്ല. നമ്മുടെ ഭൂപരിസരത്തിന് ഉള്‍ക്കൊളളാന്‍ പറ്റിയ തോതിലേ മാലിന്യം സൃഷ്ടിക്കപ്പെട്ടിരുന്നുളളൂ. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. കേരളം രൂപീകൃതമായ കാലത്തേക്കാള്‍ മൂന്നു മടങ്ങ് ജനസംഖ്യ ഇന്നുണ്ട്. സംസ്‌ക്കരിച്ച ഉല്‍പന്നങ്ങള്‍ കമ്പോളത്തില്‍ നിന്നു വാങ്ങുന്ന ജീവിതശൈലി നിലവില്‍വന്നു. എല്ലാറ്റിനുമുപരി നഗരവത്കരണം ഏറി.
കേരളത്തിലെ അഞ്ചു കോര്‍പറേഷനുകളും 60 മുന്‍സിപ്പാലിറ്റികളും നാനൂറില്‍പ്പരം ചെറുപട്ടണങ്ങളും കൂടിച്ചേര്‍ത്താല്‍ വനപ്രദേശം ഒഴിവാക്കിയ കേരളത്തിലെ ഭൂവിസ്തൃതിയുടെ 16 ശതമാനം വരും. എന്നാല്‍ ഇവിടെയാണ് കേരളത്തിലെ ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനം പേര്‍ അധിവസിക്കുന്നത്. ഈ അമ്പതു ശതമാനം പേരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ സംസ്ഥാന വരുമാനത്തിലെ 80 ശതമാനത്തോളം ഉല്‍പാദിപ്പിക്കുന്നത്. സ്വാഭാവികമായും നഗരങ്ങളിലെ മാലിന്യം ഗണ്യമായി ഉയരുന്നു. എന്നാല്‍ ഇതിന് അനുസൃതമായ മാറ്റം മാലിന്യസംസ്‌ക്കരണത്തിലുണ്ടായില്ല. അടുക്കള മാലിന്യം മാത്രമല്ല, പ്ലാസ്റ്റികും ഇരുമ്പും ബള്‍ബുമെല്ലാം പണ്ടത്തേതു പോലെ തന്നെ നമ്മുടെ പുരയിടത്തിലോ പൊതുവഴിയിലോ പൊതുസ്ഥലത്തോ വലിച്ചെറിയുന്ന രീതി തുടരുന്നു. മാറിയ സാഹചര്യത്തിന് അനുസരിച്ച് നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ കഴിയാത്തതു കൊണ്ടാണ് മാലിന്യപ്രതിസന്ധി ഇത്ര രൂക്ഷമായത്.
ഈ സാമൂഹ്യപ്രശ്‌നത്തിന് കേവലം സാങ്കേതികമായ ഉത്തരം നല്‍കാനാണ് നമ്മുടെ നഗരസഭകള്‍ ശ്രമിച്ചത്. ഇതില്‍ ഇടതുപക്ഷം മാത്രമല്ല, വലതുപക്ഷവും തുല്യ ഉത്തരവാദികള്‍ തന്നെയാണ്. തൊണ്ണൂറുകളുടെ അവസാനത്തോടെ പഴയ ചവറു പറമ്പുകളില്‍ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഈ പ്ലാന്റുകളൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. സാങ്കേതിക വിദ്യയുടെ പോരായ്മ മാത്രമല്ല, നഗരസഭാ അധികൃതരുടെ ശാസ്ത്രീയ മാനേജ്‌മെന്റിന്റെ അഭാവവും ഇതിനുത്തരവാദിയാണ്. ഇതോടെ രൂക്ഷമായ മാലിന്യ പ്രതിസന്ധിയുടെ ഭാരമേറേി വന്നത് സംസ്‌ക്കരണ കേന്ദ്രത്തിനു ചുറ്റുമുളള ഗ്രാമവാസികളാണ്. പ്രതിഷേധങ്ങളും സമരങ്ങളും ഉയര്‍ന്നുവന്നു.
സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്ക് ചുറ്റുപാടുമുളള ഗ്രാമവാസികള്‍ ഒരുവശത്തും മറുവശത്ത് നഗരവാസികളും നഗരസഭയും അണിനിരക്കുന്ന ഒരു വൈരുദ്ധ്യം വളര്‍ന്നുവന്നു. ഇതിനൊരു ജനകീയ പരിഹാരം എന്ത്? ഇടതുപക്ഷത്തിന്റെ സമീപനം ഈ വൈരുദ്ധ്യം ശത്രുതാപരമല്ല എന്നുളളതാണ്. മാവോയുടെ പ്രസിദ്ധമായ ഒരു പ്രയോഗം കടമെടുക്കുകയാണെങ്കില്‍, ജനങ്ങള്‍ക്കിടയിലെ വൈരുദ്ധ്യമാണിത്. വര്‍ഗസമരം പോലെ ഇതു മൂര്‍ച്ഛിപ്പിക്കുന്നതിനല്ല, മറിച്ച് ഗ്രാമവാസികളുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി ഈ വൈരുദ്ധ്യം പരിഹരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇതുവരെയുളള അനുഭവങ്ങള്‍ വിശദമായി വിലയിരുത്തി ഓരോ പ്രദേശത്തെയും മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിശദമായ പരിപാടി മുന്നോട്ടു വെയ്‌ക്കേതു്. ഇത്തരമൊരു കാര്യപരിപാടിയുടെ അടിസ്ഥാനത്തില്‍ മാലിന്യസംസ്‌ക്കരണ പ്രശ്‌നത്തില്‍ പാര്‍ട്ടി നേരിട്ട് ഇടപെടണമെന്ന് തിരുവനന്തപുരത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. ഈ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേവലം നഗരസഭകളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഔപചാരിക പ്രവര്‍ത്തനമായി ഒതുക്കാതെ വലിയ തോതില്‍ ജനങ്ങളെ അണിനിരത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം നഗരത്തില്‍ ഇതിനകം തന്നെ നഗരസഭ ജൈവമാലിന്യത്തില്‍ ഗണ്യമായ ഭാഗം നഗരത്തില്‍ത്തന്നെ സംസ്‌ക്കരിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ശാസ്ത്രീയമായ രീതിയിലായിരുന്നില്ല. സമൂലമായ ഒരു അഴിച്ചുപണി അവിടെ വേണ്ടതുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഇതു ഫലപ്രദമായി നടപ്പാക്കും എന്നു വിശ്വാസം ഇല്ലാത്തതു കൊണ്ട് ശക്തമായ എതിര്‍പ്പു തുടരുകയാണ്. ബലം പ്രയോഗിച്ചൊന്നും എതിര്‍പ്പിനെ ഇല്ലാതാക്കാമെന്ന് പാര്‍ട്ടി കരുതുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞ് എല്ലാവരെയും ബോധ്യപ്പെടുത്തി അവധാനതയോടെ പ്രശ്‌നം കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്.
സര്‍വോദയപുരത്തെ സമരം
നിയമസഭാ അംഗമെന്ന നിലയില്‍ ഞാന്‍ നേരിട്ട് ഇടപെടുന്ന ആലപ്പുഴയിലെ മാലിന്യ പ്രതിസന്ധിയെ ഒരുദാഹരണമെന്ന നിലയില്‍ വിശദീകരിക്കാം. മാരാരിക്കുളം തെക്കുപഞ്ചായത്തില്‍ മുന്‍സിപ്പാലിറ്റിയുടെ കൈവശമുളള ഏതാണ്ട് 15 ഏക്കറോളം വരുന്ന ഭൂമിയിലാണ് കഴിഞ്ഞ നാലു പതിറ്റാായി നഗരത്തിലെ ഖരമാലിന്യങ്ങള്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. പണ്ട് ഇവിടം സാമാന്യം വിജനപ്രദേശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാലിന്യകേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളെല്ലാം ജനനിബിഢമാണ്്. തൊണ്ണൂറുകളില്‍ ആരംഭിച്ച ഒറ്റപ്പെട്ട പ്രതിഷേധങ്ങളും മറ്റും ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ശക്തിപ്രാപിച്ചു. ഇതേത്തുടര്‍ന്നാണ് നഗരസഭ ആധുനിക മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2008 അവസാനത്തോടെ ഇതിന്റെ ഉദ്ഘാടനവും നടത്തി. പക്ഷേ, പ്ലാന്റു പ്രവര്‍ത്തിച്ചില്ല. വേര്‍തിരിക്കാതെ കൊണ്ടുവരുന്ന നഗരമാലിന്യത്തെ വിന്‍ട്രോ കമ്പോസ്റ്റ് ചെയ്തശേഷം വലിയൊരു അരിപ്പ വീപ്പയിലിട്ട് വളവും മറ്റ് അജൈവ മാലിന്യങ്ങളും തമ്മില്‍ വേര്‍തിരിക്കുന്നതായിരുന്നു സാങ്കേതിക വിദ്യ. ഈ അരിപ്പ പലപ്പോഴും കേടായി പ്രവര്‍ത്തിക്കുകയേ ഇല്ല. അരിച്ചെടുത്ത വളത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കൂടുതലുന്നെു പറഞ്ഞ് വാങ്ങാമെന്നേറ്റവര്‍ പിന്‍വാങ്ങി. മൊത്തത്തിലുളള മിസ് മാനേജുമെന്റും കൂടിയായപ്പോള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥിതിവിശേഷത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു പ്രവര്‍ത്തന പരിപാടിയ്ക്കു രൂപം നല്‍കി. അതിലൊന്നാമത്തെ ഇനം പതിറ്റാണ്ടുകളായി കുന്നുകൂടി കിടക്കുന്ന ചപ്പുചവറുകളും പ്ലാസ്റ്റിക്, റബര്‍, മെറ്റല്‍ കഷണങ്ങളുമെല്ലാം വേര്‍തിരിച്ച് സംസ്‌ക്കരണ പ്രദേശം വെടിപ്പാക്കുകയാണ്. എങ്കിലേ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റൂ എന്നുളളതായിരുന്നു നില. ഇതിന് ദേശീയ തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് പ്രോജക്ടും തയ്യാറാക്കി. രാമത്തെ ഇനം നഗരത്തിലെ വീടുകളില്‍ത്തന്നെ ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌ക്കരണ കേന്ദ്രത്തിലേയ്ക്കു കൊുപോവുക എന്നുളളതാണ്. ഇതിനുവേിയുളള ബ്രഹത്തായ ജനകീയ കാമ്പൈന്‍ നടത്തുന്നതു സംബന്ധിച്ച് നഗരതലത്തില്‍ രണ്ടു സെമിനാറുകള്‍ നടന്നു. മാലിന്യസംസ്‌ക്കരണ പ്ലാന്റ് വൃത്തിയാക്കല്‍ ഒരു ഘട്ടം കഴിഞ്ഞിട്ട് ആയിരുന്നു ഈ കാമ്പയിന്‍ ഉദ്ദേശിച്ചിരുന്നത്. പ്ലാന്റ് ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് ജനകീയ കാമ്പയിനെ സഹായിക്കുമെന്നു കരുതി. മൂന്നാമതായി, നഗരത്തിലെ വീടുകളില്‍ത്തന്നെ ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ആവശ്യമായ ഒരു പ്രവത്തനപരിപാടി തയ്യാറാക്കി. വീടുകളിലേയ്ക്കു നല്‍കുന്നതിനാവശ്യമായ ചുവപ്പും പച്ചയും ബക്കറ്റുകള്‍ നഗരസഭ വാങ്ങിവെച്ചു.
പക്ഷേ, ഈ പരിപാടി പൊളിഞ്ഞു. അതിന് രണ്ടുകാരണങ്ങളുണ്ട്. ഒന്നാമത്തേത് സര്‍വോദയപുരത്തു നിന്ന് മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിലുളള പരാജയം. ഇതു തൊഴിലുറപ്പു പദ്ധതി വഴി ചെയ്യുന്നതിന് അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു. പഞ്ചായത്തു, നഗരവികസന മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍ നടത്തി. മുഖ്യമന്ത്രിയ്ക്ക് പലതവണ മെമ്മോറാണ്ടം നല്‍കി. പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചു. പരസ്യവിവാദമായശേഷവും മഴക്കാലം വരെ കാത്തിരിക്കേണ്ടിവന്നു, ഉത്തരവു കിട്ടാന്‍. ഇനി അടുത്ത വേനലിനേ ഈ പരിപാടി നടപ്പാക്കാനാവൂ. ഈ പശ്ചാത്തലത്തിലാണ് മഴക്കാലം ആരംഭിച്ചപ്പോള്‍ സര്‍വോദയപുരത്തുകാര്‍ ശക്തമായ സമരം നടത്തിയത്. അതില്‍ യാതൊരു തെറ്റും ഞാന്‍ കാണുന്നില്ല. ഒരു വര്‍ഷം മുമ്പു നല്‍കിയ ഉറപ്പു പാലിക്കാത്ത അധികൃതരെ അവരെങ്ങനെ വിശ്വസിക്കും?
സര്‍വോദയപുരത്തേയ്ക്കുളള മാലിന്യനീക്കം പൂര്‍ണമായി നിലച്ചു. നഗരം മാലിന്യക്കൂമ്പാരമായി. കഴിയുന്നത്ര ജൈവമാലിന്യം വീട്ടില്‍ത്തന്നെ സംസ്‌ക്കരിക്കുന്നതിനുളള പരിപാടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. പക്ഷേ, സര്‍ക്കാരിന്റെ വാചകമടിയല്ലാതെ ബയോഗ്യാസ് പ്ലാന്റോ പൈപ്പു കമ്പോസ്റ്റോ വെര്‍മി കമ്പോസ്റ്റോ ഒന്നും ലഭ്യമാക്കാന്‍ നടപടിയുണ്ടായില്ല. ശുചിത്വമിഷന്റെ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത് അടുത്ത കാലത്താണ്. മുന്‍സിപ്പാലിറ്റി പദ്ധതി ഇപ്പോഴും പാസാകാത്തതു കൊണ്ട് അവരുടെ പണവും കിട്ടുന്നില്ല. അനര്‍ട്ടു മാത്രമാണ് ആശ്രയമുണ്ടായിരുന്നത്. അവരുടെ കൈവശമാണെങ്കിലോ, സംസ്ഥാനത്തിനാകെ രണ്ടായിരമോ മൂവായിരമോ ബയോഗ്യാസ് പ്ലാന്റുകളാണ് നല്‍കാനുളളത്. അവയ്ക്കു തന്നെ ഉപഭോക്താവ് സബ്‌സിഡി അടക്കമുളള പണം ആദ്യം നല്‍കണം. സബ്‌സിഡി പിന്നീടു കിട്ടും. എമര്‍ജിംഗ് കേരള വഴി സ്ഥാപിക്കാന്‍ പോകുന്ന അഞ്ചു ഭീമന്‍ പ്ലാന്റുകളുണ്ടത്രേ. അത് വരുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും അതുവരെ മുട്ടുശാന്തി പരിപാടികള്‍ മതിയെന്നുമാണ് സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ഉപദേശം.
സി ആര്‍ നീലകണ്ഠനും സമരവുമായി ബന്ധപ്പെട്ട് സര്‍വോദയപുരത്തു വന്നു. മുന്‍സിപ്പാലിറ്റിയുടെ വീഴ്ചകളെ നിശിതമായി വിമര്‍ശിച്ചു. ഒരുകാരണവശാലും മാലിന്യനീക്കം അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. പക്ഷേ, ഇത്തരമൊരു സംഘര്‍ഷത്തിന് ഇടനല്‍കാതെ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ പ്രവര്‍ത്തനപരിപാടി തകര്‍ത്ത സര്‍ക്കാരിന്റെ അനാസ്ഥയെക്കുറിച്ച് ഒറ്റയക്ഷരം മിണ്ടിയില്ല. നഗരവും നഗരവാസികളും സിപിഐഎമ്മുമായിരുന്നു അദ്ദേഹത്തിന്റെ ശത്രുക്കള്‍.
ഓണത്തിന് ഞാനും അവിടം സന്ദര്‍ശിച്ചിരുന്നു. ജനനി വായനശാലയുടെ പ്രവര്‍ത്തകരായിരുന്നു സമരത്തിനു നേതൃത്വം നല്‍കിയത്. വായനശാലയുടെ വാര്‍ഷികവും ഓണാഘോഷവുമായി ബന്ധപ്പെട്ട് മലിനീകരണ പ്രശ്‌നത്തെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. വളരെ നിശിതമായ ചോദ്യങ്ങളും വിമര്‍ശനങ്ങളുമുണ്ടായി. ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പരിപാടി അവരുടെ മുന്നില്‍ ഞാന്‍ വിവരിച്ചു. അതും നടപ്പാകുമെന്ന വിശ്വാസം അവര്‍ക്കുണ്ടായോ എന്ന് എനിക്കറിയില്ല.
നിരന്തരമായ ചര്‍ച്ചകളിലൂടെ സംഘര്‍ഷം ലഘൂകരിച്ചു. രണ്ടോ മൂന്നോ ലോഡ് ജൈവ മാലിന്യമേ കമ്പോസ്റ്റു ചെയ്യുന്നതിനു വേണ്ടി കേന്ദ്രത്തിലേയ്ക്കു കൊണ്ടുവരാന്‍ ഇപ്പോള്‍ അനുവദിക്കുന്നുളളൂ. ബാക്കി തല്‍ക്കാലം മുന്‍സിപ്പാലിറ്റിയുടെ ഉളളിലെവിടെയെങ്കിലും വെട്ടിമൂടുകയാണ്. ഇത് ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എത്രയും പെട്ടെന്ന് ഈ സ്ഥിതിവിശേഷത്തിനു മാറ്റമുണ്ടാക്കണം. ഇതിനു പരിഹാരമുാക്കാനായി പാര്‍ട്ടി മുന്‍കൈയെടുക്കുന്നുണ്ട്. കക്ഷി രാഷ്ട്രീയഭേദമെന്യേ താല്‍പരരായ കൗണ്‍സിലര്‍മാരും വിദഗ്ധരും സന്നദ്ധപ്രവര്‍ത്തകരുമായി ആലോചിച്ചാണ് ഈ പരിപാടി തയ്യാറാക്കിയത്.
നോ വേസ്റ്റ് ബാലന്‍സ് വാര്‍ഡുകള്‍ അഥവാ വേസ്റ്റില്ലാ വാര്‍ഡുകള്‍
നഗരത്തിലെ പത്തോ പതിനഞ്ചോ വാര്‍ഡുകള്‍ തിരഞ്ഞെടുത്ത് രണ്ടോ മൂന്നോ മാസത്തിനുളളില്‍ അവിടെയുണ്ടാകുന്ന ജൈവമാലിന്യം മുഴുവന്‍ അവിടെത്തന്നെ സംസ്‌ക്കരിക്കാനുളള ഒരു പരിപാടിയാണിത്. ജൈവം, പ്ലാസ്റ്റിക്, മെറ്റല്‍, തടിയും റബ്ബറും പോലുളളവ എന്നിങ്ങനെ ഓരോ വീട്ടിലെയും മാലിന്യം വേര്‍തിരിക്കും. അജൈവ മാലിന്യങ്ങള്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്യും. ഇതിന് കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തും. പ്ലാസ്റ്റിക്കും മെറ്റലും വാങ്ങാന്‍ ആക്രിക്കാര്‍ തയ്യാറാണ്.
ജൈവമാലിന്യം സംസ്‌ക്കരിക്കുന്നതിന് ബയോ കമ്പോസ്റ്റ്, പൈപ്പു കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ്, ചട്ടി കമ്പോസ്റ്റ് എന്നീ നാലു സാങ്കേതിക വിദ്യകളാണ് പ്രോത്സാഹിപ്പിക്കുക. ഇതിലേതു വേണമെങ്കിലും വീട്ടുകാര്‍ക്കു തിരഞ്ഞെടുക്കാം. ഇതിനവരെ പ്രേരിപ്പിക്കുന്നതിനുളള റെസിഡന്‍സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, വായനശാലകളും ക്ലബുകളും മതസ്ഥാപനങ്ങള്‍, തുടങ്ങിയവയെല്ലാം ഒരുമിച്ചു ചേര്‍ത്ത് വലിയൊരു കാമ്പയിന്‍ ആരംഭിച്ചു കഴിഞ്ഞു. ചില വാര്‍ഡുകളില്‍ സര്‍വേ പൂര്‍ത്തീകരിച്ചു. ഒക്‌ടോബര്‍ രിന്, വീടുകളിലുളള പ്ലാസ്റ്റിക് മാത്രമല്ല, പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക്കും നീക്കം ചെയ്യും. നവംബര്‍ ആകുമ്പോഴേയ്ക്കും എല്ലാ വീട്ടിലും ജൈവമാലിന്യം സംസ്‌ക്കരിക്കുകയും അജൈവ മാലിന്യം ശേഖരിച്ച് മുന്‍സിപ്പാലിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്യുന്ന രണ്ടുവാര്‍ഡുകളെങ്കിലും സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഡിസംബര്‍ ആകുമ്പോഴേയ്ക്കും 10 വാര്‍ഡുകള്‍ ആകും. ഈ അനുഭവം പരിശോധിച്ചുകൊണ്ട് അടുത്ത വേനല്‍ക്കാലത്ത് നഗരം മുഴുവന്‍ ജനകീയ കാമ്പയിനിലേയ്ക്കു നീങ്ങും. എംഎല്‍എമാരെന്ന നിലയില്‍ ജി സുധാകരനും ഞാനും പ്രതിനിധീകരിക്കുന്ന വാര്‍ഡുകള്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലുണ്ട്. എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വാര്‍ഡു കൗണ്‍സിലര്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ഓരോ വാര്‍ഡിലും പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ഇതിനു സമാന്തരമായി ആലപ്പുഴയിലെ വെളളക്കെട്ടു നീക്കുന്നതിനുളള ഒരു പദ്ധതിയും തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയിലെ രണ്ടു മുഖ്യകനാലുകള്‍ ഡ്രെഡ്ജ് ചെയ്യുന്നതിനും കാലാകാലങ്ങളില്‍ ഉപ്പുവെളളം കയറ്റി ശുദ്ധീകരിക്കുന്നതിനും പണം നീക്കി വെച്ചിരുന്നു. ഇതിന് അനുബന്ധമായി ആലപ്പുഴയിലെ ചെറുതോടുകള്‍ മുഴുവന്‍ അഴുക്കു നീക്കി വെളളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനുളള ഒരു പരിപാടിയും തയ്യാറാക്കും. അറവുശാലയുടെ വിപുലീകരണവും നവീകരണവുമാണ് ചെയ്യാനുദ്ദേശിക്കുന്ന മറ്റൊന്ന്.
അടുത്ത വേനല്‍ക്കാലത്ത് സര്‍വോദയപുരത്തെ സംസ്‌ക്കരണ പ്ലാന്റ് വൃത്തിയാക്കും. നഗരത്തില്‍ സംസ്‌ക്കരിക്കാന്‍ കഴിയാതെ വരുന്ന മാര്‍ക്കറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ ജൈവമാലിന്യം മാത്രം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്ന കേന്ദ്രമായി രൂപാന്തരപ്പെടും. പതിനഞ്ചേക്കറില്‍ ഭൂരിപക്ഷം സ്ഥലവും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പച്ചക്കറി കൃഷിക്കു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ.
മിസ്റ്റര്‍ നീലകണ്ഠന്‍, ഇതാണ് ഞങ്ങളുടെ പരിപാടി. നിങ്ങളുടെ പരിപാടി നഗരവാസികള്‍ക്കെതിരെ ഗ്രാമവാസികളെ അണിനിരത്തലാണ്. എന്നിട്ട് അത് കേരളത്തിലെ പുതിയ ഇടതുപക്ഷത്തിന് രൂപം നല്‍കുന്ന വലിയ ജനകീയ സമരമായി വളരുമെന്ന് സ്വപ്നം കാണുകയാണ്. സംഘപരിവാറിനെയും കോണ്‍ഗ്രസിനെയും പിണക്കാത്ത “പുതിയൊരു ഇടതുപക്ഷം” നിങ്ങള്‍ സ്വപ്നം കാണുമ്പോള്‍ മൂര്‍ത്തമായ പരിപാടികളുമായി ഞങ്ങള്‍ ജനങ്ങളിലേയ്ക്കിറങ്ങുകയാണ്.

Monday, October 8, 2012

ദളിതരുടെ ഭൂമി കവര്‍ന്നെടുത്തതാര്?

    "ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് 5 ഏക്കര്‍ വീതം ഭൂമി നല്‍കണം എന്ന് 1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞു. എന്നാല്‍ അത് നടപ്പിലായില്ല. ഇന്നും കിടപ്പാടം ഇല്ലാത്ത 2.5 ലക്ഷത്തോളം പേര്‍ കേരളത്തില്‍ ഉണ്ട്. ഇവരില്‍ മഹാഭൂരിപക്ഷം ആളുകളും ദളിതരാണ്. ദളിതരുടെ താത്പര്യങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി അവഗണിച്ചു"..... ഇടതുപക്ഷത്തിനെതിരെയുള്ള സി. ആര്‍. നീലകണ്ഠന്റെ മറ്റൊരു പ്രധാന വിമര്‍ശനം ഇതാണ് . ദളിതരുടെ താത്പര്യങ്ങളെ അവഗണിച്ചുവെന്നുമാത്രമല്ല ഭൂമി പിടിച്ചെടുക്കുന്നതിനുവേണ്ടി ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ ചെങ്ങറയില്‍ നടന്ന സമരത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തു; ചെങ്ങറയിലെ ഭൂരഹിതരുടെ സമരത്തെ അനുകൂലിക്കുന്നതിനുപകരം ഹാരിസണ്‍ മുതലാളിയെ അനുകൂലിച്ചു;. ഭൂരഹിതരുടെ സമരങ്ങളോട് മുഖം തിരിക്കുന്നവര്‍ എങ്ങനെ ഇടതുപക്ഷം ആകും എന്നൊക്കെ നീലകണ്ഠന്‍ ചോദിക്കുന്നു.
  
ദളിത് സ്വത്വവിഭാഗക്കാരാവട്ടെ ഒരുപടികൂടി കടന്ന് ഈ സമീപനം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കന്മാരുടെ സവര്‍ണ്ണ ജാതി പക്ഷപാതം മൂലമാണെന്ന് വ്യാഖ്യാനിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം നിലപാടെടുത്ത ദളിതരേയും ആദിവാസികളേയും സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് ഭൂപ്രശ്നത്തെ നിക്ഷിപ്ത താത്പര്യക്കാര്‍ ഉപയോഗപ്പെടുത്തി വരുന്നു. ഈ പശ്ചാത്തലത്തില്‍ സി. ആര്‍. നീലകണ്ഠന്റെ ഭൂപ്രശ്നം ചോദ്യത്തിന് മറുപടി പറയേണ്ടത് ആവശ്യമായിത്തീരുന്നു.

വര്‍ഗമാത്ര സമീപനത്തിന്റെ ഫലമോ?

അഞ്ച് ഏക്കര്‍ വീതം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും എന്ന വാഗ്ദാനം പാലിച്ചില്ല എന്ന വിമര്‍ശനം ഉന്നയിക്കുന്ന സി.ആര്‍. നീലകണ്ഠന്‍ എന്തുകൊണ്ട് വാഗ്ദാനം നടപ്പായില്ല എന്നതുസംബന്ധിച്ച അന്വേഷണത്തിന് തുനിയുന്നില്ല. കെ.വേണു ആകട്ടെ, ഒരു പടികൂടിക്കടന്ന് ഇത് കേരളത്തിന്റെ ഭൂപ്രശ്നം സംബന്ധിച്ച് കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ തെറ്റായ നയകാഴ്ചപ്പാടിന്റെ ഫലമാണെന്ന് വാദിക്കുന്നു. ഭൂപ്രശ്നത്തെക്കുറിച്ച് വര്‍ഗ്ഗമാത്ര സമീപനമാണത്രെ കമ്യൂണിസ്റ്റ് പാര്‍ട്ടി കൈക്കൊണ്ടത്.

ജാതിയെന്ന ഘടകത്തെക്കുറിച്ച് ചിന്തിച്ചില്ല. ജാതിവ്യവസ്ഥ പ്രകാരം ഭൂസ്വത്തിന് യാതൊരു ഉടമസ്ഥാവകാശവും ഇല്ലാതെ, എന്നാല്‍ കര്‍ഷകത്തൊഴിലാളിയെന്ന നിലയ്ക്ക് കൂലിപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ട ദളിതരുടെ കാര്യം അവര്‍ മറന്നു പോയി - ഇതാണ് വേണുവിന്റെ വാദം.

കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് ഏറ്റവും ആധികാരികമായ വിശകലനം ഇ.എം.എസിന്റേതാണ്. അദ്ദേഹം കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയെ നിര്‍വ്വചിച്ചത് സവര്‍ണ്ണ-ജന്മി-നാടുവാഴി മേധാവിത്വ സമൂഹമെന്നാണ് - സാമ്പത്തികമായി ജന്മിമേധാവിത്വം, സാമൂഹ്യമായി സവര്‍ണ്ണ മേധാവിത്വം, ഭരണപരമായി നാടുവാഴി മേധാവിത്വം. ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് വിശകലനത്തില്‍ പ്രാകൃത കമ്യൂണിസം, അടിമത്തം, ജന്മിത്തം, മുതലാളിത്തം, സോഷ്യലിസം എന്നിങ്ങനെയുള്ള ക്രമത്തിലാണല്ലോ സാമൂഹ്യ വ്യവസ്ഥകള്‍ മാറി വരുന്നത്. ഇതില്‍ ഏതെങ്കിലുമൊരു വര്‍ഗ്ഗഗണത്തില്‍ കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയെ ഉള്‍പ്പെടുത്താനല്ല ഇ.എം.എസ് ശ്രമിച്ചത്. കേരളത്തിലെ മൂര്‍ത്തമായ സ്ഥിതി വിശകലനം ചെയ്ത് തനതായ നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.

ആ നിഗമനപ്രകാരം സവര്‍ണ്ണ മേധാവിത്വം ജന്മി-നാടുവാഴിത്തത്തിന്റെ അഭേദ്യ ഭാഗമാണ്. സവര്‍ണ്ണരാണ് ജന്മികളും നാടുവാഴികളും. ഇതില്‍ നിന്ന് ഇ. എം.എസ് എത്തിച്ചേര്‍ന്ന നിഗമനം സവര്‍ണ്ണ മേധാവിത്വത്തിനെതിരായ സമരം ജന്മി-നാടുവാഴിത്തത്തിനെതിരായ സമരത്തിന്റെ ഭാഗമാണെന്നതാണ്. അതുകൊണ്ടാണ് മലബാറിലെ ശുദ്ധ ദേശീയ വാദികളായ കോണ്‍ഗ്രസ്സുകാരില്‍നിന്ന് വ്യത്യസ്തമായി തിരുവിതാംകൂറിലെ നിവര്‍ത്തന പ്രസ്ഥാനത്തെ പിന്‍താങ്ങുന്നതിന് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ തയ്യാറായത്. എന്തിന്, 1937-ല്‍ മലബാറിലെ കാര്‍ഷിക പരിഷ്കരണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കുട്ടികൃഷ്ണമേനോന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിനുള്ള വിയോജനക്കുറിപ്പില്‍ പോലും പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കേണ്ടതിന്റെ പ്രാധാന്യം ഇ.എം.എസ് എടുത്തു പറഞ്ഞിട്ടുണ്ട്.

ഭൂപരിഷ്കരണം സംബന്ധിച്ച് ഉരുത്തിരിഞ്ഞുവന്ന, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടില്‍ രണ്ട് സുപ്രധാന ഘടകങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിചെയ്തുവരുന്ന കുടിയാന്മാര്‍ക്ക് ഭൂമി നല്‍കുക. അതുവഴി ഫ്യൂഡല്‍ ജന്മിത്തത്തെ ഇല്ലാതാക്കുക. രണ്ട്, ഭൂമി ലഭിച്ച പാട്ടകുടിയാന്മാര്‍ക്കും, ഭൂമി പാട്ടത്തിനു നല്‍കാതെ കൃഷിചെയ്തുകൊണ്ടിരുന്ന കൃഷിക്കാര്‍ക്കും കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി എത്രയെന്ന് നിജപ്പെടുത്തുക. ഇതില്‍ കൂടുതല്‍ വരുന്ന ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക. വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമായി ഭൂപരിധി നിശ്ചയിച്ചാല്‍ 7.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഉണ്ടാകും എന്നായിരുന്നു 1959ലെ കാര്‍ഷികപരിഷ്കരണ ബില്‍ അവതരിപ്പിക്കുമ്പോള്‍ വിലയിരുത്തപ്പെട്ടിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂരഹിതര്‍ക്ക് 5 ഏക്കര്‍വീതം ഭൂമി നല്‍കാനാകും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്. പിന്നെയെന്തുകൊണ്ട് ദളിതര്‍ക്ക് കൃഷി ഭൂമി ലഭിക്കാതെ പോയി? ഈ ചോദ്യം ഉയര്‍ത്തിയിട്ട് സി.ആര്‍. നീലകണ്ഠന്‍ നേരിട്ട് ചെന്നത് ചെങ്ങറ സമരത്തിലേക്കാണ്. അങ്ങനെ രക്ഷപ്പെടാന്‍ നോക്കണ്ട. കൃത്യമായ ഉത്തരം നല്‍കിയേ തീരു. ദളിതരുടെ ഭൂമി കൃഷിഭൂമിയാക്കി അട്ടിമറിച്ചതില്‍ കോണ്‍ഗ്രസിന്റെ പങ്ക് തുറന്നുസമ്മതിക്കാന്‍ നീലകണ്ഠന് എന്താണ് ഇത്ര വൈമുഖ്യം?

മിച്ചഭൂമി ഇല്ലാതായതെങ്ങനെ?

1957-ല്‍ അധികാരം കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് 1959-ല്‍ സമഗ്രമായ കാര്‍ഷിക നിയമം പാസ്സാക്കി. എന്നാല്‍ ഈ നിയമം നടപ്പായില്ല. നിയമത്തിന്റെ അന്തസത്ത ചോര്‍ത്തുന്നതിനുവേണ്ടി പിന്തിരിപ്പന്മാര്‍ പല അടവുകളും ഉപയോഗിച്ചു. നിയമസഭ പാസ്സാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വച്ചു താമസിപ്പിച്ചു. 1959-ല്‍ നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് നിയമമായി മാറിയത് 1960-ല്‍ ആണ്. അതിലാവട്ടെ ഇഷ്ടദാനത്തിനുള്ള വകുപ്പ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

കേന്ദ്ര ആസൂത്രണ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നു. 1957 ഡിസംബര്‍ 18-നും 1960 ജൂലൈ 27-നും ഇടയില്‍ 10 ലക്ഷം ഭൂമി കൈമാറ്റ ഇടപാടുകള്‍ നടന്നു. ഭൂപരിധി വ്യവസ്ഥയെ അട്ടിമറിക്കാന്‍ വന്‍തോതില്‍ കൈമാറ്റങ്ങള്‍ നടന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കാര്‍ഷിക പരിഷ്കരണ നിയമത്തില്‍ 1957-നുശേഷം നടന്നിട്ടുള്ള വസ്തു കൈമാറ്റങ്ങള്‍ അസാധുവാക്കുന്നതിനുള്ള വകുപ്പ് ഇന്ത്യാ ഗവണ്‍മെന്റ് അട്ടിമറിച്ചു.

കുപ്രസിദ്ധമായ വിമോചന സമരത്തെതുടര്‍ന്ന് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടു. 1963 സെപ്റ്റംബര്‍ 20ന് ആര്‍. ശങ്കര്‍ മന്ത്രിസഭയുടെ കാലത്ത് ഭൂപരിഷ്കരണ വ്യവസ്ഥകളെ വീണ്ടും ദുര്‍ബലപ്പെടുത്തിക്കൊണ്ട് പി.ടി. ചാക്കോ പുതിയ നിയമം പാസ്സാക്കി. ഈ നിയമത്തിന്റെ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വി. ആര്‍. കൃഷ്ണയ്യരെഴുതിയ വിയോജനക്കുറിപ്പില്‍ ഇവയൊക്കെ തുറന്ന് കാണിച്ചിരുന്നു. 1968-ലാണ് അവസാനം സമഗ്രമായ ഭൂപരിഷ്കരണ നിയമം പാസ്സായത്. അപ്പോഴേക്കും 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമിയില്‍ നല്ലൊരുപങ്കും തിരിമറി ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു.

    ഒരു ലക്ഷത്തില്‍പ്പരം ഏക്കര്‍ ഭൂമി മാത്രമേ ഏറ്റെടുക്കാന്‍ കഴിഞ്ഞുള്ളു. 20,000-ത്തോളം ഏക്കര്‍ ഭൂമി മാത്രമേ വിതരണം ചെയ്യുവാന്‍ കഴിഞ്ഞുള്ളു. അങ്ങനെ ദളിതര്‍ക്ക് ലഭിക്കേണ്ട മിച്ചഭൂമിയെ അട്ടിമറിച്ചത് കോണ്‍ഗ്രസ് ആണ്. 1969 ലെ നിയമത്തിന് കെ. എം. മാണിയുടെ നേതൃത്വത്തില്‍ പല കാലഘട്ടങ്ങളിലായി കൊണ്ടുവന്ന ഇഷ്ടദാനവ്യവസ്ഥകള്‍ പോലുള്ള ഭേദഗതികള്‍ മിച്ചഭൂമി തട്ടിയെടുക്കുന്നതിന് ഭൂപ്രഭുക്കന്മാരെ സഹായിച്ചു. ആ പാരമ്പര്യം കെ.എം. മാണി ഇന്നും തുടരുകയാണ്.

ഭൂപരിഷ്കരണ പരിധിയില്‍ ഇളവു ലഭിച്ച തോട്ടഭൂമിയുടെ ഒരുഭാഗം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിയമ ഭേദഗതി വരുത്തിയിരിക്കുകയാണ്. കശുമാവ് തോട്ടവിളയായി അംഗീകരിച്ച് സ്വകാര്യവനഭൂമി ഭൂപ്രഭുക്കന്മാര്‍ക്ക് വിട്ടുകൊടുക്കുന്നതിനും ഇനിയും അവശേഷിക്കുന്ന മിച്ചഭൂമി തിരിമറിചെയ്യുന്നതിനും സന്ദര്‍ഭമൊരുക്കിയിരിക്കുകയാണ്. ഇപ്രകാരം ദളിതര്‍ക്കും മറ്റും ലഭിക്കേണ്ട മിച്ച ഭൂമി ഇല്ലാതാക്കിയ വലതുപക്ഷ പാര്‍ട്ടികളെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ നീലകണ്ഠനെപ്പോലുള്ളവര്‍ തയ്യാറല്ല. മറിച്ച്, 1969-ല്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതിനുവേണ്ടി കര്‍ഷക-കര്‍ഷകതൊഴിലാളി പോരാട്ടത്തിന് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടാണ് അദ്ദേഹത്തിന്റെ വിമര്‍ശനം മുഴുവന്‍.

ഈ പ്രക്ഷോഭത്തിലൂടെയാണ് കുടികിടപ്പുകാരുടെ ഭൂമി പിടിച്ചെടുത്ത് അവകാശം സ്ഥാപിച്ചത്. മൂന്നുലക്ഷത്തില്‍പരം കുടികിടപ്പുകാര്‍ക്ക് കിടപ്പാടം ലഭ്യമായി. ഇതിനെതുടര്‍ന്ന് മിച്ചഭൂമി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വമ്പിച്ച സമരം കേരളത്തില്‍ കെട്ടഴിച്ചുവിട്ടു. ഈ സമരം മൂലമാണ് ഒരു ലക്ഷം ഏക്കര്‍ ഭൂമിയെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്.

ചെങ്ങറ സമരം


മേല്‍ വിവരിച്ച ചരിത്രം മറന്നുകൊണ്ടാണ് ചെങ്ങറ സമരത്തെ നീലകണ്ഠനും മറ്റും വിശകലനം ചെയ്യുന്നത്. ഭൂമിക്കുവേണ്ടി, ഭൂരഹിതര്‍ നടത്തുന്ന ഏത് സമരത്തിനും ന്യായമുണ്ട്. ചെങ്ങറ സമരത്തോടുള്ള നിലപാടും ഇതു തന്നെയാണ്. പക്ഷേ ചെങ്ങറ സമരക്കാര്‍ കയ്യേറിയ ഭൂമി ഹാരിസണ്‍ മലയാളത്തിന്റെ തോട്ടഭൂമിയാണ്. അവിടെയാവട്ടെ സ്ഥിരമായി തൊഴിലെടുക്കുന്ന പ്ലാന്റേഷന്‍ തൊഴിലാളികള്‍ ഉണ്ട്. സ്വന്തമായി കിടപ്പാടം ഇല്ലാതെ ലായങ്ങളില്‍ അധിവസിച്ച് കൂലിവേല ചെയ്യുന്നവരുടെ തൊഴിലാണ് സമരക്കാര്‍ ഇല്ലാതാക്കിയത്. തോട്ടങ്ങളെ സംബന്ധിച്ച് അവയുടെ സംഘടിത സ്വഭാവത്തില്‍ നിലനിര്‍ത്തണമെന്നുള്ള സമീപനമാണ് ഇതുവരെ സംസ്ഥാനത്തെല്ലാവരും അംഗീകരിച്ചുവന്നിട്ടുള്ളത്. സ്വാഭാവികമായും അവിടെ പണിയെടുക്കുന്ന തോട്ടം തൊഴിലാളികള്‍ കൈയ്യേറ്റത്തെ ശക്തമായി ചെറുത്തെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല.

സംസ്ഥാന സര്‍ക്കാരിനാവട്ടെ നിയമപരമായി മാത്രമേ ഈ സമരത്തെ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. സമരക്കാരെ കുടിയൊഴിപ്പിക്കണമെന്ന് വളരെ കൃത്യമായ കോടതി വിധികള്‍ എസ്റ്റേറ്റ് ഉടമകള്‍ സമ്പാദിച്ചു. ഇതിനെ മറികടന്നുകൊണ്ട് കൈയ്യേറ്റക്കാര്‍ക്ക് എസ്റ്റേറ്റ് ഭൂമി വിതരണം ചെയ്യുവാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. യു.ഡി.എഫിന്റെ ഇടപെടലോടെ സമരം രാഷ്ട്രീയവത്കരിക്കപ്പെട്ടു. തിരിച്ചും രാഷ്ട്രീയമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വളരെയേറെ പ്രകോപനം ഉണ്ടായിട്ടും പോലീസ് നടപടിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായില്ല. ഇന്നിപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ചെങ്ങറ സമരത്തിന് എന്തുപറ്റി? ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയില്‍ നിന്ന് എന്തെങ്കിലും അധികം നല്‍കിക്കൊണ്ട് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ? എല്‍.ഡി.എഫ് സര്‍ക്കാര്‍ സമരക്കാരോട് പറഞ്ഞത് പട്ടികജാതി സമരക്കാര്‍ക്ക് ഒരേക്കര്‍ ഭൂമിയും പട്ടികവര്‍ഗക്കാര്‍ക്ക് 50 സെന്റും മറ്റുള്ളവര്‍ക്ക് 25 സെന്റും ഭൂമി വീതം സംസ്ഥാനത്തുള്ള മിച്ച ഭൂമിയില്‍ നിന്ന് നല്‍കാമെന്നായിരുന്നു. പത്തനംതിട്ട ജില്ലയില്‍ ഇതിന് ആവശ്യമായ മിച്ചഭൂമി ഇല്ലായിരുന്നു എന്നതുകൊണ്ടാണ് മറ്റ് ജില്ലകളിലെ ഭൂമി നല്‍കേണ്ടിവന്നത്.

ഈ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം നല്‍കിയ ഭൂമി കൃഷിയോഗ്യമല്ലെന്നും വാസയോഗ്യമല്ലെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളയാനാവില്ലെന്ന് സമ്മതിക്കുന്നു. പക്ഷേ, ചെങ്ങറ സമരം പരിഹരിച്ചുവെന്ന് വീമ്പിളക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍, എന്താണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതിന് അപ്പുറം ചെയ്തതെന്ന് വിശദീകരിച്ചാല്‍ നന്നായിരിക്കും. എല്‍.ഡി.എഫ് കരാറില്‍ വിട്ടുപോയ സമരക്കാരെ കൂടുതലായി കരാറില്‍ ഉള്‍പ്പെടുത്തി എന്നതാണ് ഏക അധിക നേട്ടം.

ചെങ്ങറ സമരത്തെ ഏറ്റവും വലിയ ജനകീയ സമരമായി കൊണ്ടാടുന്ന നീലകണ്ഠന്‍ എന്തുകൊണ്ട് വയനാട്ടില്‍ ഭൂരഹിതരായ ആദിവാസികള്‍ നടത്തുന്ന ഭൂസമരത്തെ കാണാതെപോകുന്നു? പ്രമാണിമാര്‍ അനധികൃതമായി വച്ചുകൊണ്ടിരിക്കുന്ന മിച്ചഭൂമി, തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസമാക്കിയ ആദിവാസികളോട് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം എന്ത്? ചെങ്ങറ സമരക്കാരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണോ?

5000-ത്തില്‍പ്പരം കുടുംബങ്ങളാണ് സമരരംഗത്ത്. 1159 ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. കണ്ണൂര്‍ ജയിലില്‍ 520 ആദിവാസികള്‍ നിരാഹാരസമരം അനുഷ്ഠിച്ചു. തുടര്‍ന്ന്, കേസുകള്‍ പിന്‍വലിച്ച് വിട്ടയച്ചു. 3000-ത്തില്‍പ്പരം കുടിലുകള്‍ പൊളിച്ചു. 1398 ആദിവാസികളുടെമേല്‍ കേസുണ്ട്. ചെങ്ങറ സമരക്കാര്‍ക്കെതിരായിട്ട് ഇതുപോലെന്തെങ്കിലും പോലീസ് നരനായാട്ട് നടന്നിട്ടുണ്ടോ? ഞങ്ങള്‍ക്ക് വിയോജിപ്പുണ്ടായിട്ടും സമരക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ നേരിടാനുള്ള ഒരു പരിശ്രമവും ഉണ്ടായില്ല.

കേരളത്തിലെ പട്ടികവിഭാഗങ്ങളോട് ഇടതുപക്ഷത്തിന്റെ സമീപനം മനസ്സിലാക്കണമെങ്കില്‍ ചെങ്ങറ സമരം മാത്രം കണ്ടാല്‍ പോരാ. ദുര്‍ബല വിഭാഗങ്ങളോട് എല്‍.ഡി. എഫ്. സര്‍ക്കാര്‍ സ്വീകരിച്ച സമഗ്രസമീപനത്തെ പരിഗണിക്കണം. ആദിവാസികള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമി വനാവകാശ നിയമപ്രകാരം നല്‍കുന്നതിന് തീരുമാനിക്കുകയും വയനാട്ടില്‍ മാത്രം 6800 കുടുംബങ്ങള്‍ക്ക് 8966 ഏക്കര്‍ ഭൂമി നല്‍കുകയും ചെയ്തു.

    പട്ടികജാതിക്കാര്‍ അടക്കമുള്ള മുഴുവന്‍ ഭൂരഹിതര്‍ക്കും കിടപ്പാടവും വീടും നിര്‍മ്മിച്ചു നല്‍കുക എന്നതായിരുന്നു ഇ.എം.എസ് പാര്‍പ്പിട പദ്ധതി. ആദ്യഘട്ടമെന്ന നിലയില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് മൂന്നുലക്ഷം വീടുകള്‍ നല്‍കി. ഭൂരഹിതരായ രണ്ടുലക്ഷം പേര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇ.എം.എസ് പാര്‍പ്പിട പദ്ധതി നിര്‍ത്തലാക്കിയതിന്റെ ഫലമായി എല്ലാവര്‍ക്കും വീട് എന്നത് ദിവാസ്വപ്നമായിരിക്കുന്നു.

പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗ്ഗക്കാരുടെയും മുഴുവന്‍ കുടുംബങ്ങളേയും ബി.പി. എല്‍. വിഭാഗമായി പരിഗണിച്ചുകൊണ്ട് അവര്‍ക്കെല്ലാം 2 രൂപയുടെ അരി സ്കീമില്‍ ഉള്‍പ്പെടുത്തി. ആരോഗ്യ ഇന്‍ഷൂറന്‍സ് സ്കീമില്‍ ഉള്‍പ്പെടുത്തി. പെന്‍ഷന്‍ 400 രൂപയായുയര്‍ത്തി. 1000 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. മുമ്പ് ഏതുകാലത്ത് കേരളത്തില്‍ ഇത്തരമൊരു സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്?
  
 ഇതിനൊക്കെ പുറമേ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനത്തിനായുള്ള ഫണ്ടില്‍ സിംഹഭാഗവും താഴേക്ക് കൈമാറി. പട്ടികവര്‍ഗ്ഗ വികസന പരിപാടികള്‍ പ്രത്യേക ഊരുകൂട്ടത്തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവണം എന്ന് തീരുമാനിച്ചു. പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ഗ്രാമസഭയിലും വികസനസെമിനാറിലും കര്‍മ്മസമിതിയിലുമെല്ലാം അവരുടേതായ പ്രത്യേക സമിതി നിശ്ചയിച്ചു. ഇവയൊക്കെ പൂര്‍ണ്ണ തോതില്‍ ഫലപ്രദമായി നടപ്പിലാക്കിയെന്ന് അവകാശപ്പെടാനാവില്ല. എന്നാല്‍ അവ തുറക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്. ഭൂപ്രശ്നം ഇന്ന് ഒരു കാര്യം സമ്മതിക്കാം. ചെങ്ങറ സമരം ആയാലും ആദിവാസി ക്ഷേമ സമരം ആയാലും അതുപോലുള്ള മറ്റ് പ്രക്ഷോഭങ്ങളായാലും കേരളത്തില്‍ ഇനിയും അവശേഷിക്കുന്ന ഭൂപ്രശ്നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആദിവാസികുടുംബങ്ങള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമിയും പട്ടികജാതിക്കാര്‍ക്ക് കിടപ്പാടമെങ്കിലും ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത് മാത്രമല്ല ഇന്നത്തെ പ്രശ്നം. യു.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍ ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള കുത്സിതനീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഭൂപരിഷ്കരണം കേരള രാഷ്ട്രീയത്തിലെ മുഖ്യപ്രശ്നങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ആസ്പദമാക്കി പ്രക്ഷോഭം കെട്ടഴിച്ചുവിടുന്നതിന് ഒക്ടോബര്‍ 6-ന് പാലക്കാട് കര്‍ഷക-കര്‍ഷകത്തൊഴിലാളി, പട്ടികജാതി-പട്ടികവര്‍ഗ മഹാസമ്മേളനം ചേരുകയാണ്.
  
 ഒന്ന്, കേരളത്തില്‍ പുതിയൊരു ഭൂകേന്ദ്രീകരണ പ്രവണത രൂപം കൊണ്ടിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മുതലാളിമാരും കോര്‍പ്പറേറ്റുകളും ബിനാമിപ്പേരില്‍ വലിയതോതില്‍ ഭൂമി വാങ്ങിക്കൂട്ടുകയാണ്. കോര്‍പ്പറേറ്റുകള്‍ ഒട്ടനവധി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് ഓരോന്നിന്റേയും പേരില്‍ 15 ഏക്കറില്‍ താഴെ ഭൂമി വാങ്ങിച്ചിടുകയാണ്. പിന്നീട് നികത്താം എന്ന ലക്ഷ്യത്തോടെ നെല്‍വയലുകളാണ് ഇങ്ങനെ ഇവര്‍ വാങ്ങിച്ചുകൂട്ടുന്നത്. തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടിനും വ്യവസായ പ്രവര്‍ത്തനത്തിനും പിന്നീട് സര്‍ക്കാരിന്റെ അനുവാദം ലഭിക്കുമ്പോള്‍ ഈ ഭൂമിയെല്ലാം ഒരുമിച്ചുകൊണ്ടുവരാം എന്നാണ് ഇവര്‍ മോഹിക്കുന്നത്. ഭൂപരിധി നിയമത്തെ ഇവര്‍ ഇപ്രകാരം വെല്ലുവിളിക്കുകയാണ്.
   
രണ്ട്, ഭൂപരിധിയില്‍ നിന്ന് ഒഴിവുനേടിയ എസ്റ്റേറ്റുകള്‍ തുണ്ടങ്ങളായി മുറിച്ചുവില്‍ക്കുന്ന പ്രവണതയും ഉണ്ട്. പാട്ടത്തിനെടുത്ത എസ്റ്റേറ്റുകള്‍ പാട്ടവ്യവസ്ഥ ലംഘിക്കുന്നു. പാട്ട ഭൂമി കൃത്രിമരേഖകള്‍ ഉണ്ടാക്കി മറിച്ചുവില്‍ക്കുന്നു! പണയപ്പെടുത്തുന്നു. നെല്ലിയാമ്പതിയില്‍ നമ്മള്‍ ഇത് കണ്ടതാണ്. ഹാരിസണിന്റെ 50,000 ഏക്കര്‍ റവന്യൂ ഭൂമിയാണ്. ഇത് അനധികൃതമായി കമ്പനി കൈവശം വച്ചിരിക്കുകയാണ്.
   
മൂന്ന്, സ്വകാര്യവനഭൂമി കേസുകള്‍ പലതും സര്‍ക്കാര്‍ തോറ്റുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ കശുമാവ് തോട്ടവിളയായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വനഭൂമിയില്‍ കശുമാവ് തൈകള്‍ വച്ചുകൊണ്ട് കയ്യേറ്റങ്ങളെ സാധൂകരിക്കുന്നു. കശുമാവ് കൃഷിയെന്നുപറഞ്ഞ് ബാക്കിയുള്ള മിച്ചഭൂമി തിരിമറി ചെയ്യും. ടാറ്റ പോലുള്ള എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി വനഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഇവ അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
  
 നാല്, വലിയതോതില്‍ വയല്‍ നികത്തപ്പെടുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പാസ്സാക്കിയ നെല്‍വയല്‍ നികത്തല്‍ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഡേറ്റാ ബാങ്ക് സൃഷ്ടിച്ച് 2008-ല്‍ ഓരോ തുണ്ട് ഭൂമിയും ഏത് ഇനത്തില്‍പെടുന്നുവെന്ന് തിട്ടപ്പെടുത്തുന്നതിന് മുമ്പ് നികത്തിയ ഭൂമികള്‍ കരഭൂമിയായി റെഗുലറൈസ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറക്കിയിരിക്കുന്ന ഡേറ്റാ ബാങ്ക് രജിസ്റ്റര്‍ ആകട്ടെ അബദ്ധപഞ്ചാംഗവും.
   
അഞ്ച്, തോട്ടഭൂമിയുടെ 5 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. ഇതിന് 20 ഏക്കര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് ഒറ്റ പ്ലോട്ട് ആയിരിക്കണമെന്ന് നിബന്ധനയില്ല. അതുകൊണ്ട് ഫലത്തില്‍ തോട്ടം മുഴുവന്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാവും.

    ആറ്, കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഭൂമിയെയാണ് ആകര്‍ഷണ ഘടകമായി യു.ഡി.എഫ് സര്‍ക്കാര്‍ എടുത്തുകാണിക്കുന്നത്. എമര്‍ജിങ് കേരളയിലെ ഏതൊരു പ്രോജക്ടിന്റെയും ബിസിനസ്സ് മോഡല്‍ എടുത്താല്‍ അതിലൊരു റിയല്‍ എസ്റ്റേറ്റ് ആംഗിള്‍ കാണാനാകും. ഈ പശ്ചാത്തലത്തിലാണ് ഭൂപരിഷ്കരണത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കുന്നതിനും ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമത്തെ ചെറുക്കുന്നതിനും വേണ്ടി പാര്‍ട്ടി തയ്യാറെടുക്കുന്നത്.
   
എസ്റ്റേറ്റുകള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് അനുവദിക്കില്ല. ബിനാമി പേരില്‍ മിച്ചഭൂമി വാങ്ങിച്ചുകൂട്ടിയിരിക്കുന്നത് പുറത്തുകൊണ്ടുവരും. അവിടെയെല്ലാം സമരകേന്ദ്രങ്ങളാകും. പാട്ടവ്യവസ്ഥ ലംഘിച്ച എസ്റ്റേറ്റുകളും കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കണം, വനാവകാശ നിയമം നടപ്പിലാക്കണം എന്നു തുടങ്ങി കേരളത്തിലെ ഭൂരഹിതരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്താന്‍ പോകുന്ന അതിവിപുലമായ സമരത്തില്‍ ഏവര്‍ക്കും അണിചേരാവുന്നതാണ്. ചെങ്ങറ സമരം ചൂണ്ടിക്കാണിച്ച് ഇടതുപക്ഷത്തിന് നേരെ കൊഞ്ഞനം കാണിക്കാനുള്ള നീലകണ്ഠന്റേയും മറ്റും ശ്രമം വിലപ്പോവില്ല.

    ചിന്ത 12 ഒക്ടോബര്‍ 2012

Saturday, October 6, 2012

ഹസന്‍, നമുക്കു ഷെയറില്‍ നിന്നു തന്നെ തുടങ്ങാം...


 (ജനശ്രീയെ എതിര്‍ക്കുന്നത് എന്തിന്  എന്ന തലക്കെട്ടില്‍ എം എം ഹസന്‍ എഴുതിയ ലേഖനത്തിനു മറുപടി)

എം എം ഹസനോട് എനിക്ക് ഒരഭ്യര്‍ത്ഥനയേ ഉളളൂ. കഠോരമായ ശബ്ദത്തില്‍ താങ്കള്‍ മുഴക്കുന്നത് ദുര്‍ബലമായ വെല്ലുവിളികളാണെന്നു തുറന്നു പറഞ്ഞാല്‍ പിണങ്ങരുത്. അസത്യങ്ങളുടെ പഴമുറം കൊണ്ട് അധികകാലം മറച്ചുവെയ്ക്കാവുന്ന തട്ടിപ്പല്ല ജനശ്രീയുടെ പേരില്‍ ചെയ്തു കൂട്ടിയത്. കഴിഞ്ഞ ദിവസത്തെ മാതൃഭൂമി ലേഖനത്തില്‍ ജനശ്രീയിലെ ഓഹരികളെക്കുറിച്ച് ഹസന്‍ പറയുന്ന നുണകളില്‍ നിന്ന് നമുക്കു ചര്‍ച്ചയാരംഭിക്കാം.

ഹസന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ,
"....കമ്പനി രൂപവത്കരിക്കാന്‍ കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ അപേക്ഷയില്‍ 65,000 രൂപ മാത്രം നിക്ഷേപിച്ചശേഷം രണ്ടുകോടി രൂപയുടെ ഷെയര്‍ കൊണ്ടുവരും (സബ്‍‍സ്ക്രൈബ് ചെയ്യും) എന്ന് വാഗ്ദാനം ചെയ്യുകയാണുണ്ടായത്. ആയതിന് ഭൂരിപക്ഷം ഷെയറുകള്‍ ചീഫ് പ്രൊമോട്ടറുടെ പേരിലാണ് രേഖപ്പെടുത്തിയത്. കമ്പനി ഇന്‍കോര്‍പ്പറേറ്റ് ചെയ്തത് 2010 മാര്‍ച്ച് 16നാണ്. ആ ഘട്ടത്തില്‍ ഓഹരി പിരിച്ചെടുക്കുകയോ കമ്പനിയുടെ ഷെയറുകള്‍ അലോട്ട് ചെയ്യുകയോ ചെയ്തിരുന്നില്ല"
ഈ വാദത്തില്‍ രണ്ടു നുണകളുണ്ട്. രണ്ടുകോടി രൂപയുടെ ഷെയര്‍ കൊണ്ടുവരും (സബ്‌സ്‌ക്രൈബ് ചെയ്യും) എന്നല്ല ഹസന്‍ ഒപ്പിട്ടു കൊടുത്ത അപേക്ഷയില്‍ പറയുന്നത്. ('സബ്‌സ്‌ക്രൈബ് ചെയ്യും' എന്നതിന് 'ഷെയര്‍ കൊണ്ടുവരും' എന്നര്‍ത്ഥവുമില്ല). ഹസന്‍ എന്താണ് എഴുതിയതെന്ന് 2010 ഫെബ്രുവരി 24ന് അദ്ദേഹം നല്‍കിയ അപേക്ഷയില്‍ നിന്ന് ഞാനുദ്ധരിക്കാം. ... 'We respectively agree to take the number of shares in capital of the company set opposite our respective names'. ഈ വാഗ്ദാനത്തിനു താഴെയാണ് സ്വന്തം വിലാസത്തിനു നേരെ 19,94,000 എന്നും രേഖപ്പെടുത്തി അദ്ദേഹം ഒപ്പിട്ടിരിക്കുന്നത്. 'ഞങ്ങളുടെ പേരിനു നേരെ എഴുതിയ ഓഹരികള്‍ ഞങ്ങള്‍ വാങ്ങിക്കൊള്ളാം' എന്നാണ് അപേക്ഷയില്‍ സമ്മതിച്ചത്. അല്ലാതെ 'ആ ഓഹരികള്‍ വേറെയെവിടുന്നെങ്കിലും കൊണ്ടുവരാം' എന്നല്ല.

കമ്പനി ഇന്‍കോര്‍പറേറ്റു ചെയ്യുന്ന സമയത്ത് ഓഹരി പിരിക്കുകയോ ഷെയര്‍ അലോട്ടു ചെയ്യുകയോ ചെയ്തിട്ടില്ല എന്ന വാദം കോണ്‍ഗ്രസിന്റെ കവലയോഗങ്ങളിലേ ചെലവാകൂ. മാതൃഭൂമിയുടെ എഡിറ്റ് പേജിലെഴുതുന്ന ലേഖനം, നിയമത്തെയും ഇന്‍കോര്‍പറേറ്റു ചെയ്യുന്ന നടപടിക്രമങ്ങളെയുമൊക്കെ കുറിച്ച് ധാരണയുളളവരും വായിക്കുമെന്ന് ഹസന്‍ ഓര്‍ക്കണം.

2010 മാര്‍ച്ച് 16ന് കമ്പനി ഇന്‍കോര്‍പറേറ്റു ചെയ്യണമെങ്കില്‍, മെമോറാണ്ടം ഓഫ് അസോസിയേഷനില്‍ വാഗ്ദാനം ചെയ്ത മൂലധനം ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖ ഹാജരാക്കിയിരിക്കണം. ഗീര്‍വാണങ്ങളും വീരവാദങ്ങളുമൊക്കെ പ്രസംഗത്തിലും പ്രസ്താവനയിലും യഥേഷ്ടം ആകാം. പക്ഷേ, രജിസ്ട്രാര്‍ക്കു കൊടുക്കുന്ന മെമോറാണ്ടം ഓഫ് അസോസിയേഷനിലെ വാഗ്ദാനം പാലിച്ചില്ലെങ്കില്‍, കമ്പനി ഇന്‍കോര്‍പറേറ്റു ചെയ്യപ്പെടുകയില്ല. കമ്പനി ഇന്‍കോര്‍പറേറ്റു ചെയ്യപ്പെട്ടു എന്നു പറഞ്ഞാല്‍ വാഗ്ദാനം ചെയ്ത മൂലധനം ബാങ്കില്‍ അടച്ചു എന്നാണ് അര്‍ത്ഥം. അതിനാല്‍ ഈ നുണയും വിലപ്പോവുകയില്ല.

അടുത്ത നുണ ഇങ്ങനെ;
 "കമ്പനി രജിസ്റ്റര്‍ ചെയ്ത് അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് ഷെയറുകള്‍ സംഭരിച്ച് രണ്ടുകോടിയിലധികം രൂപ നിക്ഷേപിച്ച് ഷെയര്‍ അലോട്ട്‌മെന്റ് നടത്തിയത്. ആദ്യത്തെ ഷെയര്‍ അലോട്ട്‌മെന്റ് നടത്തിയത് 2010 ആഗസ്ത് 14നാണ്".
2010 ആഗസ്റ്റ് 14ന് മുമ്പേ, തന്റെ കൈവശം 19, 94,000 ഓഹരികള്‍ ഉണ്ട് എന്ന് ഹസന്‍ തന്നെ സമ്മതിക്കുന്ന രേഖ ഞാന്‍ ഹാജരാക്കാം.

2010 ആഗസ്റ്റ് 9ന് ജനശ്രീയുടെ അസാധാരണ വാര്‍ഷിക ജനറല്‍ ബോഡിയോഗം ചേരാന്‍ ഹസന്‍ സമ്മതപത്രം (കണ്‍സെന്റ് ഓഫ് നോട്ടീസ്) നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 5നാണ് ആ സമ്മതപത്രം നല്‍കിയത്. അതില്‍ അദ്ദേഹം ഇങ്ങനെയാണ് സ്വയം പരിചയപ്പെടുത്തിയത് :
"I, Malik Mohammad Hassan, son of Shri. Malik Mohammad resident of TC 40/442, Harsham, Eswaravilasam Road, Jagathy, Trivandrum, holding 19,94,000 equity shares of Rs. 10 each in the company in my own name hereby given consent....
എം എം ഹസന്റെ ഒപ്പു പതിഞ്ഞ കത്താണിത്.

"holding 19,94,000 equity shares" എന്നു പറഞ്ഞാല്‍ '19,94,000 ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന' എന്നാണ് എനിക്കു മനസിലായ അര്‍ത്ഥം. ഹസന്റെ കൈവശമുളള നിഘണ്ടുവില്‍ വേറെ അര്‍ത്ഥമുണ്ടോ എന്നെനിക്കറിയില്ല. വാക്കുകളുടെ അര്‍ത്ഥം തിരുത്തുന്ന നിഘണ്ടു അച്ചടിക്കുന്ന പ്രോജക്ടു വല്ലതും ജനശ്രീ സുസ്ഥിരവികസന മിഷന്‍ ഏറ്റെടുത്തിട്ടുണ്ടോ? ഇത്തരം തട്ടിപ്പുകള്‍ സുസ്ഥിരമായി വികസിക്കാന്‍ ഇനിയും പല വാക്കുകളുടെയും അര്‍ത്ഥം തലകീഴായി മറിയണം.

ഈ രേഖ എന്താണ് തെളിയിക്കുന്നത്? 2010 മാര്‍ച്ച് 16ന് ഇന്‍കോര്‍പറേറ്റ് ചെയ്ത ജനശ്രീ മൈക്രോഫിന്‍ എന്ന സ്ഥാപനത്തിലെ അടച്ചുതീര്‍ത്ത 20 ലക്ഷം ഓഹരിയില്‍, 19,94,000 ഓഹരികളും 2010 ആഗസ്റ്റ് 5വരെ തന്റെ കൈവശമുണ്ടായിരുന്നു എന്ന് ഹസന്‍ തന്നെ സമ്മതിച്ചിട്ടുണ്ട് എന്നല്ലേ.

സ്വന്തം പണം മുടക്കാതെ ഓഹരികള്‍ ഹസന് സ്വന്തം പേരിലാക്കാന്‍ കഴിയില്ല. സ്വന്തം പണം മുടക്കിയാണോ ഹസന്‍ ഓഹരി വാങ്ങിയത്? എങ്കില്‍ ആ പണം എവിടെ നിന്ന്? അതോ, ആരുടെയെങ്കിലും ബിനാമിപ്പണം ഉപയോഗിച്ചാണോ ജനശ്രീയുടെ മഹാഭൂരിപക്ഷം ഓഹരികള്‍ കൈക്കലാക്കിയത്? ജനശ്രീയുടെ പണം ഉപയോഗിച്ചാണ് ഈ ചെയ്തു ചെയ്തതെങ്കില്‍ അത് ധനകാര്യത്തട്ടിപ്പാണ്. മറ്റൊരാളിന്റെയോ സ്ഥാപനത്തിന്റെയോ പണം ഉപയോഗിച്ച് സ്വന്തം പേരില്‍ ഓഹരി വാങ്ങി കൈവശം വെയ്ക്കാന്‍ കഴിയില്ല. അതു കുറ്റകൃത്യമാണ്.

അവിടെയാണ് ഹസന്‍ പറയുന്ന 2010 ആഗസ്ത് 14 എന്ന തീയതിയുടെ പ്രസക്തി. അന്ന് എന്താണ് സംഭവിച്ചത്? ഓഹരികള്‍ മറിച്ചു വില്‍ക്കുകയല്ലേ, അന്നു ചെയ്തത്? ഇത്രയും ഓഹരികള്‍ എത്ര രൂപയ്ക്കാണു വിറ്റത്? ആ പണം ആരുടെ അക്കൗണ്ടിലേയ്ക്കാണു പോയത്? സ്വന്തം ഷെയറുകള്‍ ജനശ്രീ മ്യൂച്ച്വല്‍ ബെനിഫിറ്റ് ട്രസ്റ്റിന് മറിച്ചു വിറ്റതിന്റെ രേഖകള്‍ റിസര്‍വ് ബാങ്കിനു സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പകര്‍പ്പുകള്‍ ഞാന്‍ ഹാജരാക്കണോ?

ജനശ്രീ മൈക്രോ ഫിനാന്‍സ് കോര്‍പറേഷന്‍ ഇപ്പോള്‍ ജനശ്രീ മ്യൂച്ച്വല്‍ ബെനിഫിറ്റ് ട്രസ്റ്റ് എന്ന ബിനാമി സ്ഥാപനം കൈയടക്കിക്കഴിഞ്ഞു. ജനശ്രീ സുസ്ഥിര മിഷന്‍, ജനശ്രീ മൈക്രോ ഫിന്‍, ജനശ്രീ മ്യൂച്ച്വല്‍ ബെനിഫിറ്റ് ട്രസ്റ്റ്, പ്രിയദര്‍ശിനി എന്നിങ്ങനെ എത്ര സ്ഥാപനങ്ങള്‍. ഇവയിലേതൊക്കെയാണ് ഒറിജിനല്‍, ഏതൊക്കെയാണ് ബിനാമി? ഇങ്ങനെ പല പേരുകളില്‍ സ്ഥാപനങ്ങളുണ്ടാക്കി, പാവപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെയല്ലേ ഹസനും സംഘവും ഇത്രകാലം വഞ്ചിച്ചത്? ഇങ്ങനെ ചതിക്കപ്പെടാന്‍ അവരെന്തു പാപമാണ് ചെയ്തത്?

കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിന്റെ കൈവശമുളള രേഖകളില്‍ നിന്നാണ് ഞാനിത്രയും ഉദ്ധരിച്ചത്. ഇനി ഹസന്റെ വെല്ലുവിളി വായിക്കുക.
"അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ ഒരു രൂപയെങ്കിലും ഇന്നലെയോ ഇന്നോ എന്റെ പേരില്‍ ജനശ്രീ മൈക്രോഫിന്‍ കമ്പനിയില്‍ ഷെയറുണ്ടെന്നു തെളിയിച്ചാല്‍ ഞാന്‍ രാഷ്ട്രീയരംഗത്തുനിന്ന് പിന്മാറാനും സി.പി.എം. വിധിക്കുന്ന വധശിക്ഷ ഒഴികെയുള്ള ഏതു ശിക്ഷയും സ്വീകരിക്കാനും തയ്യാറാണ്. പക്ഷേ, ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തോമസ് ഐസക് ഇതുവരെ തയ്യാറായിട്ടില്ല'".
ഹസന്റെ പേരില്‍ ജനശ്രീയില്‍ 19,94,000 ഓഹരികള്‍ ഉണ്ടായിരുന്നു എന്നതിന് ഇനിയും സംശയമുണ്ടോ? ഇതു തെളിയിക്കുന്ന എത്രയോ രേഖകള്‍ ഞാന്‍ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനു മുമ്പില്‍ ഹാജരാക്കിയിട്ടുണ്ട്. തന്റെ വാദം തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹസന്‍ ഇതുവരെ പുറത്തുവിടാത്തതെന്ത്? ഒറ്റക്കാര്യം ഹസന്‍ ചെയ്താല്‍ മതി. ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് അലോട്ടു ചെയ്ത ഷെയറുകളില്‍ ഫോളിയോ നമ്പര്‍ ഒന്നില്‍ രേഖപ്പെടുത്തിയ ഷെയറുകളുടെ എണ്ണം വെളിപ്പെടുത്തുക. ഈ വിവാദത്തിനു മറുപടിയായി ആ രേഖ എന്തുകൊണ്ട് ഹസന്‍ ഹാജരാക്കുന്നില്ല? ഈ സംശയങ്ങള്‍ക്ക് ഉത്തരം പറഞ്ഞ ശേഷം നമുക്ക് പ്രിയദര്‍ശിനി തട്ടിപ്പിലേയ്ക്കു പോകാം.

ഹസന്റെ കൈയൊപ്പു പതിഞ്ഞ രേഖകളിലെ വസ്തുതകളല്ലാതെ മറ്റൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. നടന്നത് സാമ്പത്തികത്തട്ടിപ്പാണെന്ന് അര്‍ത്ഥശങ്കയില്ലാതെ തെളിഞ്ഞു കഴിഞ്ഞു. വധശിക്ഷയൊഴിച്ച് ഏതു ശിക്ഷയും സ്വീകരിക്കാമെന്നും രാഷ്ട്രീയം വിടാമെന്നുമൊക്കെയാണ് ഹസന്‍ വിനയാന്വിതനായി മേനിപറയുന്നത്. ഹസനെപ്പോലെ തല മുതിര്‍ന്ന നേതാവ് രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ അത് കേരളത്തിനും കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടിയ്ക്കുമൊക്കെ തീരാനഷ്ടമാകും. ഹരിത എംഎല്‍എമാര്‍ക്കുണ്ടാകുന്ന നിരാശ വേറെ. അതുകൊണ്ട് രാഷ്ട്രീയമായി അത്ര കടുത്ത ശിക്ഷയൊന്നും ഏല്‍ക്കേണ്ട. സെക്രട്ടേറിയറ്റു നടയില്‍ രാപ്പകല്‍ നിരാഹാരം നടത്തുന്ന പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരുണ്ട്. അവരുടെ മുന്നിലെത്തി തലകുനിച്ചു കൈകൂപ്പി സത്യസന്ധമായി ഒരു ക്ഷമാപണം നടത്തണം. അതിനുളള മര്യാദ തന്നില്‍ ബാക്കിയുണ്ട് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഹസന്‍ തയ്യാറാകണം. സാമ്പത്തികത്തട്ടിപ്പിനുളള ശിക്ഷ വിധിക്കേണ്ടത് സിപിഎമ്മോ ഞാനോ അല്ല. അതിന് അധികാരപ്പെട്ട സംവിധാനങ്ങള്‍ രാജ്യത്തു വേറെയുണ്ട്. അവര്‍ ഹസനെ തേടിയെത്തും.