Showing posts with label കേരള ബജറ്റ് 2014-15. Show all posts
Showing posts with label കേരള ബജറ്റ് 2014-15. Show all posts

Monday, February 10, 2014

ജനദ്രോഹ ബജറ്റിന്റെ കപട കര്‍ഷകപ്രേമം

കര്‍ഷക മാണിക്യം (മനോരമ), ജയ് കിസാന്‍, നികുതിഭാരം കൂടും (മാതൃഭൂമി), മധുരവും നൊമ്പരവും നല്‍കി ബജറ്റ് (ദീപിക) ഇങ്ങനെ പോയി കേരള ബജറ്റിനെക്കുറിച്ച് പത്രങ്ങളുടെ തലക്കെട്ടുകള്‍. എന്തു പോരായ്മകളുണ്ടെങ്കിലും കൃഷിക്കാരെ പ്രീണിപ്പിക്കാനുളള തിരഞ്ഞെടുപ്പു ബജറ്റ് എന്നായിരുന്നു പൊതു വിലയിരുത്തല്‍. ഇതുപോലൊരു അസംബന്ധം വേറെയില്ല. 2014-15ലെ വാര്‍ഷിക പദ്ധതിയില്‍ കൃഷിക്ക് ആകെ വകയിരുത്തിയിട്ടുളളത് 8.69 ശതമാനം അടങ്കല്‍ മാത്രമാണ്. 2012-13ല്‍ ഇത് 8.09ല്‍ 2013-14ല്‍ 7.38 ഉം ആയിരുന്നു. എങ്ങനെ ഇതിനെ കര്‍ഷകപ്രേമം എന്നു വിശേഷിപ്പിക്കാനാവും?

കേരള ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന കാര്‍ഷിക പൊതുനിക്ഷേപമാണ് യുഡിഎഫ് ഭരണകാലത്ത് ഉണ്ടായിട്ടുളളത്. മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്ന അത്രയും തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ പദ്ധതിയുടെ ഭാഗമായി കാര്‍ഷികമേഖലയില്‍ മുടക്കിയിട്ടുണ്ട്. എന്നാല്‍ ഉല്‍പാദനമേഖലയില്‍ മിനിമം 30 ശതമാനം തുക മുടക്കണം എന്ന നിബന്ധന മാറ്റിയതോടെ കാര്‍ഷിക മേഖലയ്ക്കുളള വിഹിതം കുത്തനെ വീണു. കേരള സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം അഞ്ചു ശതമാനം മാത്രമാണ് കാര്‍ഷിക മേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം. ഇതു 15 ശതമാനത്തിലേറെ മുടക്കിയാല്‍ മാച്ചിംഗ് ഗ്രാന്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നാണ് ഒരു ബജറ്റ് വാഗ്ദാനം. ഇതിനായി നീക്കിവെച്ച പണം ഏതായാലും ലാഭിക്കാമെന്ന് മന്ത്രിക്ക് ഉറപ്പിക്കാം.
2013-14ലെ കര്‍ഷകരക്ഷാ പരിപാടികളുടെ ഗതി
ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ 'കര്‍ഷകരക്ഷയ്ക്കായി' നിരത്തിയ പ്രഖ്യാപനങ്ങളിലാണ് മാധ്യമങ്ങള്‍ മതിമറന്നത്. അവരോടെനിക്കു പറയാനുളളത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ പ്രഖ്യാപനങ്ങളില്‍ എന്തു നടന്നുവെന്നു പരിശോധിക്കാനാണ്. അവ താഴെ കൊടുക്കുന്നു.

  1.  ചെറുകിട കര്‍ഷകരുടെ പലിശബാധ്യത എഴുതിത്തളളുന്നു - ഇതിനായി വകയിരുത്തിയ 50 കോടിയില്‍ നിന്ന് ഒരു പൈസ പോലും ബാങ്കുകള്‍ക്കു നല്‍കിയിട്ടില്ല. ആരുടെയും പലിശബാധ്യത എഴുതിത്തളളിയിട്ടുമില്ല.
  2.  എല്ലാ ചെറുകിട കര്‍ഷകര്‍ക്കും പലിശരഹിത കാര്‍ഷിക വായ്പ ഉറപ്പാക്കുന്നു - ഇതിനായി വകയിരുത്തിയ 30 കോടിയില്‍ നിന്ന് ആര്‍ക്കും ഒന്നും കൊടുത്തില്ലെന്നു മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍കൃഷിക്കാര്‍ക്കു നല്‍കിയ പലിശരഹിത വായ്പയും പച്ചക്കറി കൃഷിക്കാര്‍ക്കുളള നാലു ശതമാനവായ്പ നിര്‍ത്തലാക്കുകയും ചെയ്തു. 
  3.  കാര്‍ഷിക വായ്പാ തിരിച്ചടവിന് റിസ്‌ക് ഇന്‍ഷ്വറന്‍സ് - വായ്പയെടുത്ത കുടുംബനാഥന്‍ മരണപ്പെടുകയോ നിത്യരോഗങ്ങള്‍ മൂലമോ അപകടങ്ങള്‍ മൂലമോ കിടപ്പിലായാല്‍ കടക്കാര്‍ക്കു പൂര്‍ണ സംരക്ഷണം നല്‍കാനായിരുന്നു പരിപാടി. ഈ പ്രഖ്യാപനത്തെക്കുറിച്ച് ചര്‍ച്ച പോലും പിന്നീടു നടന്നിട്ടില്ല. 
  4. . സംയോജിത കൃഷിത്തോട്ട പദ്ധതി - ഒരു പഞ്ചായത്തില്‍ പത്തു കൃഷിത്തോട്ടം എന്ന നിലയില്‍ വിളകള്‍ക്കൊപ്പം കോഴി, മത്സ്യം, തേനീച്ച, കൂണ്‍, പുഷ്പം, മുയല്‍ തുടങ്ങിയ കൃഷികളുടെ പതിനായിരം സംയോജിത കൃഷിത്തോട്ടങ്ങള്‍ക്കു സഹായം നല്‍കാനായിരുന്നു പരിപാടി. ഒന്നും നടന്നില്ല.
  5. . മാതൃകാ ഹൈടെക് ഹരിതഗ്രാമങ്ങള്‍ - ഒരു ജില്ലയില്‍ ഒരു ഗ്രാമം എന്നതായിരുന്നു ലക്ഷ്യം. 42 കോടി രൂപയായിരുന്നു വകയിരുത്തിയത്. ഒരു പൈസ പോലും ചെലവായില്ല. 
  6.  നെല്ലു സംഭരണം - സീസണ്‍ ആരംഭിക്കുമ്പോള്‍ത്തന്നെ നെല്ലു സംഭരണത്തിന് ആവശ്യമായ തുക ജില്ലാ സഹകരണ ബാങ്കിന്റെ റിവോള്‍വിംഗ് ഫണ്ടിലേയ്ക്കു നല്‍കാനായിരുന്നു പരിപാടി. ഇതിനുളള ഫയല്‍ അയച്ചിട്ടേയുളളൂ എന്നാണ് കഴിഞ്ഞദിവസം നിയമസഭയില്‍ ഭക്ഷ്യമന്ത്രി സമ്മതിച്ചത്. 
  7. . കര്‍ഷക ഉല്‍പാദക സംഘങ്ങളും കര്‍ഷക മാര്‍ക്കറ്റുകളും - ഇവയുടെ ആഭിമുഖ്യത്തില്‍ കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിന് 25 കോടി പ്രഖ്യാപിച്ചത് നടപ്പായില്ല. 
  8. . ജൈവകൃഷിയ്ക്ക് കേരള ബ്രാന്‍ഡ് - 12 കോടി പ്രഖ്യാപിച്ചത് ഖജനാവിനു ലാഭം.
  9.  തെങ്ങില്‍നിന്നു നീര ഉല്‍പാദനം - വാചകമടി ഒത്തിരി നടന്നിട്ടുണ്ട്. പക്ഷേ, 15 കോടി പ്രഖ്യാപിച്ചതില്‍ നിന്നും ഒരു പൈസ പോലും ചെലവായില്ല. 
  10.  കൃഷിക്കാര്‍ക്ക് സമഗ്ര വിള ഇന്‍ഷ്വറന്‍സ് - 20 കോടിയാണ് പ്രഖ്യാപിച്ചത്. ഒന്നും നടന്നില്ല. 
ദോഷം പറയരുതല്ലോ. ഒരു പ്രഖ്യാപനം നടപ്പായി. കാര്‍ഷികാദായ നികുതികളില്‍ നിന്നും വ്യക്തികളെ ഒഴിവാക്കുമെന്ന പ്രഖ്യാപനം നടപ്പിലായി. ബാക്കി കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ തുടക്കത്തിലെ കാര്‍ഷിക പ്രഖ്യാപനങ്ങള്‍ നടപ്പായില്ലെന്നു മാത്രമല്ല അവയിനി നടപ്പാക്കാനും ഉദ്ദേശിക്കുന്നില്ല എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ബജറ്റ് കണക്കില്‍ ഉള്‍പ്പെടുത്താതെ ധനമന്ത്രി ബജറ്റ് പ്രസംഗത്തിലൂടെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ക്കുളള പണം സപ്ലിമെന്ററി ഡിമാന്റ്‌സ് ഫോര്‍ ഗ്രാന്റ്‌സില്‍ ഉള്‍പ്പെടുത്തി നിയമസഭയില്‍ പാസാക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ അവസാനത്തെ സപ്ലിമെന്ററി ഡിമാന്റ്‌സ് നിയമസഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. മേല്‍പറഞ്ഞ പ്രഖ്യാപനങ്ങള്‍ക്ക് 1000 രൂപയുടെ ടോക്കണ്‍ പ്രൊവിഷന്‍ പോലും വകയിരുത്തിയിട്ടില്ല. എന്തുകൊണ്ട് എന്ന് നിയമസഭയില്‍ ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും ധനമന്ത്രിയ്ക്കു മറുപടി ഉണ്ടായില്ല. എന്നിട്ടാണ് വീണ്ടും ബജറ്റു പ്രസംഗത്തില്‍ കര്‍ഷകരക്ഷയ്ക്കായുളള ബഡായികള്‍.
2014-15ലെ പുതിയ ബഡായികള്‍
ഈ വര്‍ഷം വീണ്ടും ബജറ്റു പ്രസംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ കര്‍ഷക രക്ഷയ്ക്കായി താഴെ പറയുന്ന പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ കേട്ട് കെ. എം. മാണിക്ക് കര്‍ഷകമാണിക്യം അവാര്‍ഡു പ്രഖ്യാപിച്ച മാധ്യമസുഹൃത്തുക്കള്‍ ഈ പ്രഖ്യാപനങ്ങളുടെ ഉളളടക്കത്തെക്കുറിച്ച് അന്വേഷിച്ചിട്ടുപോലുമില്ല.
  • 1. കര്‍ഷകര്‍ക്ക് 50 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടു കൂടി ഇന്‍കം ഗ്യാരണ്ടിയും വിലനിര്‍ണയ അവകാശവും - ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ആഗോളവത്കരണ കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് കെ. എം. മാണി വിലനിര്‍ണയ അവകാശം ബജറ്റിലൂടെ നല്‍കിയിരിക്കുകയാണ്. താങ്ങുവില പ്രഖ്യാപിക്കുന്നതു മനസിലാക്കാം. പക്ഷേ കൃഷിക്കാരുടെ വരുമാനം എങ്ങനെയാണ് 50 കോടി കൊണ്ട് 'ഗ്യാരണ്ടി' ചെയ്യുക? 25 വിളകള്‍ക്കാണ് പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചിട്ടുളളത്. ഇവയോരോന്നും എത്ര ഉല്‍പാദിപ്പിച്ചു എന്നും അതിന്റെ വിലയും കിട്ടിയാലല്ലേ ഇന്‍കം ഗ്യാരണ്ടി ചെയ്യാനാവൂ. ഇതൊക്കെ എവിടുന്ന് കിട്ടുമെന്നാണ് ധനമന്ത്രി കരുതുന്നത്. ഇന്ന് ആരോഗ്യ ഇന്‍ഷ്വറന്‍സിന് 200 കോടിയില്‍ പരം രൂപയാണ് റിലയന്‍സിന് കേരള സര്‍ക്കാര്‍ നല്‍കുന്നത്. അപ്പോഴാണ് കേരളത്തിലെ 2 ഹെക്ടറില്‍ താഴെയുളള കൃഷിക്കാരുടെ ഇന്‍കം ഗ്യാരണ്ടി ചെയ്യാന്‍ 50 കോടിയുടെ പ്രഖ്യാപനവുമായി 'മാണിക്യം' അവതരിക്കുന്നത്. 
  • 2. 2 ഹെക്ടറില്‍ താഴെ കൃഷിഭൂമിയുളള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് - ഇത് സംസ്ഥാന ഇന്‍ഷ്വറന്‍സ് വഴി നടപ്പാക്കുന്നതിന് 50 കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുളളത്. എന്തിനു പ്രത്യേക ഇന്‍ഷ്വറന്‍സ് സ്‌കീം. എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞതുപോലെ താല്‍പര്യമുളള എപിഎല്‍ കുടുംബങ്ങള്‍ക്കും തൊഴില്‍വകുപ്പിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കുമെന്നു പ്രഖ്യാപിച്ചാല്‍പ്പോരേ. എപിഎല്‍ കുടുംബങ്ങള്‍ക്കുളള ഇന്‍ഷ്വറന്‍സ് നിര്‍ത്തലാക്കിയിട്ട് കൃഷിക്കാര്‍ക്കു പ്രത്യേക ഇന്‍ഷ്വറന്‍സുമായി ഇറങ്ങിയിരിക്കുകയാണ്. 
  • 3. വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്‌ടോപ്പ് - തലക്കെട്ടു കണ്ടാല്‍ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും ഉടന്‍തന്നെ ലാപ്‌ടോപ്പു കിട്ടുമെന്നു തോന്നും. കീഴോട്ടു വായിക്കുമ്പോഴാണ് മനസിലാവുക, ഒരു ഹെക്ടറില്‍ത്താഴെ കൃഷിഭൂമിയുളള കുടുംബങ്ങളിലെ പ്രൊഫഷണല്‍ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കു മാത്രമാണ് ലാപ്‌ടോപ്പ്. കര്‍ഷകത്തൊഴിലാളി കുടുംബത്തിലാണ് പിറന്നതെങ്കില്‍, പെണ്‍കുട്ടിക്ക് ലാപ് ടോപ്പ് ഇല്ല. 
  • 4. അഗ്രി കാര്‍ഡ് - സര്‍ക്കാരിന്റെ എല്ലാ സാമ്പത്തിക സഹായങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി അഗ്രി കാര്‍ഡ് ഏര്‍പ്പെടുത്താന്‍ പോവുകയാണ്. ആധാറിനു പുറമെ മറ്റൊരു പുലിവാലു കൂടി.
  • 5. കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമായി രൂപാന്തരപ്പെടുത്തുന്നു - ഇതിന് 200 കോടി രൂപയാണു വകയിരുത്തിയിട്ടുളളത്. എന്തിനീ പണം എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. കാരണം, താഴെ പറയുന്ന ആനുകൂല്യങ്ങളാണ് ഹൈടെക് കൃഷി സംസ്ഥാനമായി മാറ്റുന്നതിന് പ്രഖ്യാപിച്ചിട്ടുളളത്.
a. പോളിഹൗസുകളുടെ ചെലവിന് 90 ശതമാനം വായ്പ - ചെലവ് വായ്പയായി കൃഷിക്കാര്‍ക്കു നല്‍കാനാണ് പരിപാടി. അപ്പോള്‍പ്പിന്നെ സര്‍ക്കാരിന് ചെലവില്ലല്ലോ.
b. വായ്പ മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് എസ്റ്റിമേറ്റു തുകയുടെ 25 ശതമാനം സബ്‌സിഡി - വായ്പ തിരിച്ചടവ് കഴിഞ്ഞിട്ടേ സബ്‌സിഡി നല്‍കേണ്ടതുളളൂ. അപ്പോള്‍ അടുത്തവര്‍ഷം ഇക്കാര്യത്തിനും പണമൊന്നും വേണ്ട.
c. സൗജന്യ വൈദ്യുതി - ഭാരം വൈദ്യുതിബോര്‍ഡിന്റെ മുകളില്‍വരുമെന്നല്ലാതെ സര്‍ക്കാരിന് ചെലവില്ല.
d. കെട്ടിടനികുതി ഇളവ് - പണം പോകുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.
e. ഇതോടൊപ്പം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുളള എല്ലാ സാമ്പത്തിക സഹായങ്ങളും അഗ്രി കാര്‍ഡു വഴി ലഭ്യമാക്കുന്നതാണ്. - ഇവയെല്ലാം നിലവിലുളള ആനുകൂല്യങ്ങളാണല്ലോ. സര്‍ക്കാരിന് അധികച്ചെലവുണ്ടാവുകയില്ല.
മേല്‍പറഞ്ഞ പരിപാടിയ്ക്ക് 200 കോടി രൂപ വകയിരുത്തിയിട്ടുളളത് കണ്ണില്‍പ്പൊടിയിടാനല്ലാതെ മറ്റെന്തിനാണ്? ആരോ എഴുതിക്കൊടുത്ത സ്‌കീം ബജറ്റു പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയെന്നാലെ പ്രസംഗിച്ച ആള്‍ പോലും ഈ പ്രഖ്യാപനത്തിനു വേണ്ടി വരുന്ന ചെലവിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട് എന്നു കരുതാനാവില്ല. ഹൈടെക് കൃഷിയെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ട് എന്ന് ഗിഫ്റ്റ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ മന്ത്രിയും സമ്മതിച്ചു. പഠനത്തിനു മുമ്പു തന്നെ സംസ്ഥാനം മുഴുവന്‍ ഹൈടെക്ക് ആക്കാന്‍ തീരുമാനിച്ച് 200 കോടി വകയിരുത്തിയിരിക്കുകയാണ്.
  • 6. കാര്‍ഷിക ഉല്‍പന്ന വിപണനത്തിന് സംഘങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പ - മില്‍മ മോഡലിലായിരിക്കുമത്രേ ഈ സംഘങ്ങള്‍. ഇതില്‍ നിന്നും ഒരു കാര്യം ഉറപ്പിക്കാം. കഴിഞ്ഞ വര്‍ഷത്തെ കാര്‍ഷിക വിപണന സംഘങ്ങളുടെ അതേഗതിയായിരിക്കും ഇവയ്ക്കും. 
  • 7. ഗൃഹനാഥന്‍ മരണപ്പെട്ടാല്‍ കാര്‍ഷിക കടം ഏറ്റെടുക്കുന്നു - 50000 രൂപ വരെയുളള കടത്തിന്റെ പകുതിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനത്തിന്റെ മറ്റൊരു ആവര്‍ത്തനം മാത്രമാണിത്. 
  • 8. ചെറുകിട ഭക്ഷ്യ സംസ്‌ക്കരണ വ്യവസായങ്ങള്‍ക്കു പ്രോത്സാഹനം - പ്രോത്സാഹിപ്പിക്കാന്‍ എത്ര പണം വകയിരുത്തിയെന്ന് പ്രഖ്യാപിച്ചിട്ടില്ല. 
  • 9. അത്യുല്‍പാദന ശേഷിയുളള വിത്ത് തൈ ഉല്‍പാദന കേന്ദ്രങ്ങള്‍ - കുടുംബശ്രീ/ജനശ്രീ/ഗൃഹശ്രീ തുടങ്ങിയവരാണ് ഇതു ചെയ്യാന്‍ പോകുന്നത്. 
  • 10. പാഴ്‌വസ്തുക്കളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ - 'കൃഷിയില്‍ നിന്നുളള പാഴ്‌വസ്തുക്കള്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളായി മാറ്റാന്‍' നാനോ ടെക്‌നോളജി ആണത്രേ ഉപയോഗിക്കാന്‍ പോകുന്നത്. ഹൈടെക്കു തന്നെ. 
  • 11. വെര്‍ട്ടിക്കല്‍ ഫാമിംഗ് - ഭൂമിയില്ലാത്ത സിംഗപ്പൂരിലും മറ്റും ഒരേ സ്ഥലത്ത് പലതട്ടുകളിലായി കൃഷി ചെയ്യുന്നുണ്ടത്രേ. അതു കേരളത്തിലേയ്ക്കും കൊണ്ടുവരാന്‍ കെ. എം. മാണി തീരുമാനിച്ചിരിക്കുകയാണ്. 
  • 12. ന്യായവില നല്‍കി കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണം - ഇന്‍കം ഗ്യാരണ്ടി ചെയ്താല്‍ പോര. ഇതിനു പുറമെ സംഭരണപരിപാടി കൂടി നടപ്പാക്കാന്‍ കെ. എം. മാണി ഉദ്ദേശിക്കുന്നുണ്ട്. അപ്പോള്‍ എന്താണ് ഇന്‍കം ഗ്യാരണ്ടി സ്‌കീം? 
  • 13. ഗ്ലോബല്‍ അഗ്രി മീറ്റ് - കാര്‍ഷിക ഭക്ഷ്യസംസ്‌ക്കരണ രംഗങ്ങളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ശ്രീലങ്ക, തായ്‌ലണ്ട്, വിയറ്റ്‌നാം എന്നിവര്‍ മാത്രം പോര, ഇസ്രായേലും വേണം എന്നാണ് ധനമന്ത്രിയുടെ അഭിപ്രായം. 
  • 14. കേരള ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ - കഴിഞ്ഞ തവണത്തെ പ്രഖ്യാപനം വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. ഒരു വ്യത്യാസം മാത്രം. ബ്രാന്‍ഡ് മുദ്രാവാക്യം ഒരു വര്‍ഷം കൊണ്ട് കണ്ടെത്തി. 'മെയ്ഡ് ഇന്‍ കേരള - സേഫ് ടു ഈറ്റ്' – (കേരളത്തിലുണ്ടാക്കിയത് - തിന്നാന്‍ സുരക്ഷിതം). 
  • 15. കേരള ഉല്‍പന്നങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ വിപണികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും - പഴം, പച്ചക്കറി, പുഷ്പം, ഡയറി, പിഗ്ഗറി എന്നിവിടങ്ങളില്‍ സെന്റേഴ്‌സ് ഫോര്‍ എക്‌സലെന്‍സ് (മികവിന്റെ കേന്ദ്രങ്ങള്‍) സൃഷ്ടിക്കുമത്രേ. ഇതിനു പുറമെ 'റെയില്‍വേയുമായി ചേര്‍ന്ന് ഇന്ത്യന്‍ നഗരങ്ങളിലും കപ്പല്‍ കമ്പനികളുമായി ചേര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലും' വിപണനം ചെയ്യുന്നതിനുളള ഒരു ബ്രഹദ് പദ്ധതിയ്ക്കും രൂപം നല്‍കാന്‍ പരിപാടിയുണ്ട്. 
ഈ കളിപ്പീരു പരിപാടിയുടെ ബ്രാന്‍ഡ് നെയിമാണ് 'കര്‍ഷക മാണിക്യം'. ഇലക്ഷന്‍ വരെയേ ഇവയെക്കുറിച്ചുളള വാചകമടി പോലും ഉണ്ടാകാന്‍ പോകുന്നുളളൂ. കാരണം, ഇവയൊന്നും നടപ്പാക്കാനുളള പണം കേരള സര്‍ക്കാരിന്റെ കൈയിലില്ല. അത്രയ്ക്കു ഗുരുതരമാണ് കേരളത്തിന്റെ സാമ്പത്തികസ്ഥിതി.
'കമ്മിച്ച'ത്തില്‍ നിന്നു കമ്മിയിലേയ്ക്ക്
എന്റെ ഇത്തവണത്തെ ബജറ്റ് പ്രസംഗം ആരംഭിച്ചത് ധനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ടാണ്. അഭിനന്ദനം മറ്റൊന്നിനുമായിരുന്നില്ല. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് കഴിഞ്ഞ ബജറ്റില്‍പ്പോലും നമ്മെയെല്ലാം പറഞ്ഞു പറ്റിച്ചതിനായിരുന്നു. 3403 കോടി രൂപ മാത്രമേ കമ്മി വരൂവെന്നാണ് കഴിഞ്ഞവര്‍ഷം പറഞ്ഞത്. ഇപ്പോള്‍ കണക്കു വന്നപ്പോള്‍ 9351 കോടി രൂപയാണ് കമ്മി.
2010-11ല്‍ റവന്യൂ കമ്മി 8034 കോടി രൂപയായിരുന്നു. അതായത് സംസ്ഥാനവരുമാനത്തിന്റെ 2.6 ശതമാനം. ശമ്പള പരിഷ്‌കരണവര്‍ഷത്തില്‍ കമ്മി കൂടിയതില്‍ ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയില്ല. 2012-13ല്‍ റവന്യൂ കമ്മി 3406 കോടി രൂപയായി കുറഞ്ഞുവെന്നും (0.9 ശതമാനം) 2013-14ല്‍ അത് 2269 കോടി രൂപയായി (0.5 ശതമാനം) വീണ്ടും താഴുമെന്നുമാണ് കഴിഞ്ഞ ബജറ്റില്‍ പ്രസ്താവിച്ചത്.
പഞ്ചായത്തുകള്‍ക്കും മറ്റും നല്‍കുന്ന 4000 കോടിയില്‍ മുക്കാല്‍പങ്കും മൂലധന ചെലവ് ആണെന്നും അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ബജറ്റ് കമ്മിയില്ലെന്നും 1202 കോടി മിച്ചമാണെന്നും അദ്ദേഹം കണക്കാക്കി. പഴയ 'കമ്മിച്ച' വിവാദം പോലെ ഒന്ന് ഉണ്ടായാലോ എന്നു ഭയന്ന് അക്കാര്യം പെരുമ്പറയടിച്ചില്ല. പക്ഷെ 2014-15 ലേത് മിച്ച ബജറ്റ് ആയിരിക്കും എന്ന് അദ്ദേഹത്തിന് സംശയമില്ലായിരുന്നു. ഞാന്‍ പോലും അതു വിശ്വസിച്ചു. പക്ഷേ, ഈ വര്‍ഷത്തെ ബജറ്റില്‍ 2012-13ലെ അവസാനത്തെ കണക്കുകളുണ്ട്.
പ്രതീക്ഷിച്ചിരുന്ന റവന്യൂ വരുമാനത്തില്‍ 4132 കോടിയുടെ കുറവ്. അതേസമയം റവന്യൂ ചെലവ് 1813 കോടി രൂപ അധികമാണ്. ബജറ്റ് അവതരണവേളയില്‍ 2012-13ലെ ഡിസംബര്‍ വരെയുളള വരവു ചെലവു കണക്കുകള്‍ ധനമന്ത്രിയുടെ കൈവശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മതിപ്പു കണക്കിനെക്കാള്‍ വരുമാനം കുറയുമെന്നും ചെലവ് അധികരിക്കുമെന്നും കൃത്യമായി പറയാന്‍ കഴിയും. എന്നാല്‍ അതിനു തുനിയാതെ കമ്മി കുറച്ചു കാണിക്കാനുളള പൊളളക്കണക്കുകളാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇതേ അടവ് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നു.
2014-15 ലേയ്ക്ക് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത് 7131 കോടി റവന്യൂ കമ്മിയും 14398 കോടി ധനകമ്മിയും വരുന്ന ബജറ്റ് ആണ്. റവന്യൂ കമ്മി സംസ്ഥാന വരുമാനത്തിന്റെ 1.5 ശതമാനവും ധനകമ്മി 3.1 ശതമാനവും വരും. കെ. എം. മാണിയുടെ മൂന്നാം ഊഴത്തിലെ ഇതുവരെയുളള അനുഭവം വെച്ചു പറഞ്ഞാല്‍ കമ്മി ഇതിലൊന്നും നില്‍ക്കുകയില്ല. കേരള നിയമസഭ പാസാക്കിയ നിയമപ്രകാരം 2014-15ല്‍ റവന്യൂ കമ്മിയേ പാടില്ല. നികുതിപിരിവ് കഴിഞ് രണ്ടുവര്‍ഷത്തെപ്പോലെയാണെങ്കില്‍ കമ്മി ഇവിടെയും നില്‍ക്കുകയില്ല.
2013-14ല്‍ ഡിസംബര്‍ വരെയുളള കണക്കു പ്രകാരം നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമാണ് വര്‍ദ്ധന. ജനുവരി മാര്‍ച്ച് മാസങ്ങളില്‍ എത്ര കിണഞ്ഞു ശ്രമിച്ചാലും ഇത് 12 ശതമാനത്തിനപ്പുറം പോകുകയില്ല. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം മാത്രമാണ് നികുതി വര്‍ദ്ധന. എങ്കിലും റവന്യൂ വരുമാനം 15 ശതമാനം ഉയരുമെന്ന് ഉദാരമായ അനുമാനം ഞാന്‍ സ്വീകരിക്കുകയാണ്. എങ്കില്‍ 2013-14ലെ പുതുക്കിയ റവന്യൂ വരുമാനം 50757 കോടി രൂപയേ വരൂ. എന്നാല്‍ ധനമന്ത്രി ഇത് 54966 കോടി രൂപയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. നികുതി വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം ഉയരുമെന്നും കേന്ദ്രസഹായത്തില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നുമാണ് ധനമന്ത്രിയുടെ അനുമാനം. ഇത് ശുദ്ധ അസംബന്ധമാണ്.
ഡിസംബര്‍ വരെയുളള കണക്കു പരിശോധിച്ചാല്‍ റവന്യൂ ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 20 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ബജറ്റില്‍ ധനമന്ത്രി പ്രതീക്ഷിക്കുന്ന 61175 കോടി രൂപ തന്നെ ചെലവായി ഞാനും സ്വീകരിക്കുകയാണ്. എന്റെ കണക്കുപ്രകാരം യഥാര്‍ത്ഥ റവന്യൂ കമ്മി 10000 കോടിയ്ക്കും 14000 കോടിയ്ക്കും ഇടയ്ക്കു വരും. അതായത് സംസ്ഥാന വരുമാനത്തിന്റെ 2.5 - 3.5 ശതമാനം.
സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം
റവന്യൂ കമ്മി കൂടിയാലുളള പ്രത്യാഘാതമെന്താണ്? വായ്പയെടുക്കുന്ന പണം നിത്യദാന ചെലവുകള്‍ക്കായി നീക്കിവെയ്‌ക്കേണ്ടി വരും. അതേസമയം, റവന്യൂ കമ്മി ഇല്ലാതാകുമെന്നും വായ്പയെടുക്കുന്ന പണം മുഴുവന്‍ റോഡ്, പാലം, കെട്ടിടം തുടങ്ങിയ നിര്‍മ്മാണ ചെലവുകള്‍ക്കായി നീക്കിവെയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ 2009-10 വര്‍ഷം മുതല്‍ വലിയ തോതില്‍ പൊതുമരാമത്തു പണികള്‍ക്ക് അനുവാദം നല്‍കി വരികയായിരുന്നു. അതുകൊണ്ട് കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തു തീര്‍ക്കേണ്ട ബില്ലുകളുടെ തുക പെരുകിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കു നല്‍കാന്‍ പണമുണ്ടാകില്ല. ഇപ്പോള്‍ കോണ്‍ട്രാക്ടര്‍മാരുടെ ബില്ലു കുടിശിക ആറു മാസം കടന്ന് 1600 കോടി രൂപയിലെത്തി. കഴിഞ്ഞ ഏതാനും വര്‍ഷമായി പശ്ചാത്തല സൗകര്യ സൃഷ്ടിയ്ക്കായി കൂടുതല്‍ തുക നീക്കി വെച്ചുകൊണ്ടിരുന്ന പ്രവണതയ്ക്കു വിരാമമിടേണ്ടി വരും. 0.6 ശതമാനമായിരുന്ന മൂലധനച്ചെലവ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പടിപടിയായി ഉയര്‍ന്ന് ഏതാണ്ട് 1.6 ശതമാനത്തിലെത്തിയതാണ്. നടപ്പു ബജറ്റ് പ്രകാരം ഈ പ്രവണതയ്ക്കു വിരാമമായിരിക്കുന്നു. ഇതു നമ്മുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു.
ക്ഷേമ പെന്‍ഷന്‍ പോലുളള റവന്യൂ ചെലവ് കുടിശികയാണ്. ആയിരം രൂപ മിനിമം പെന്‍ഷന്‍ വേണമെന്നുളളതാണ് ഡിമാന്റ്. ക്ഷേമനിധികളുടെ പെന്‍ഷനുകളില്‍ വര്‍ദ്ധന പ്രഖ്യാപിക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. പാര്‍പ്പിട പദ്ധതികള്‍ക്ക് അധികപണവും നീക്കിവെച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 70000 രൂപ വെച്ച് അധികധനസഹായം നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്തതു മൂലം കേരളത്തിലെ മുഴുവന്‍ പാര്‍പ്പിട പദ്ധതികളും സ്തംഭനത്തിലാണ്. നടപ്പുവര്‍ഷം പോലെ അടുത്ത വര്‍ഷവും ഇന്ദിരാ ആവാസ് പദ്ധതി പ്രകാരമുളള 55000 വീടില്‍ പത്തിലൊന്നു പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
അനൗപചാരിക സംഭാഷണങ്ങളില്‍ ആസൂത്രണബോര്‍ഡ് അധികൃതര്‍ ഈ വര്‍ഷത്തെ പ്ലാന്‍ വെട്ടിച്ചുരുക്കേണ്ടി വരും എന്നു സമ്മതിക്കുന്നുണ്ട്. എന്നാല്‍ ബജറ്റ് കണക്കില്‍ ഇതു പ്രതിഫലിക്കുന്നില്ല. പദ്ധതിച്ചെലവ് 14540 കോടി രൂപയായിരുന്നത് 600 കോടിയുടെ കുറവേ പ്രതീക്ഷിക്കുന്നുളളൂ. പ്ലാനിനു പുറത്ത് ഒട്ടേറെ പുതിയ റവന്യൂ ചെലവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൂടി ഉള്‍ക്കൊളളുന്നതാണ് ബജറ്റ് കണക്കില്‍ നല്‍കിയിട്ടുളള റവന്യൂ ചെലവിന്റെ പുതുക്കിയ കണക്ക്. അതുകൊണ്ട് പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കേണ്ടിവരും. ഇത് ആരോരുമറിയാതെ ചെയ്യാമെന്നാണ് ധനമന്ത്രി കരുതുന്നത്. പ്ലാനില്‍ വരാന്‍ പോകുന്ന വെട്ടിക്കുറവിനെ ഇതുവഴി മറയിട്ടിരിക്കുകയാണ്.
അങ്ങനെ കരാറുകാരുടെയും ക്ഷേമപെന്‍ഷനുകളുടെയും വലിയ കുടിശികയുമായാണ് അടുത്ത വര്‍ഷത്തിലേയ്ക്കു കടക്കുന്നത്. ഇങ്ങനെ പെരുകുന്ന കമ്മിയുടെ പശ്ചാത്തലത്തില്‍ ബജറ്റു പ്രസംഗത്തിലൂടെ നടത്തിയ കര്‍ഷക രക്ഷാപരിപാടികളുടെ ഗതിയെന്തായിരിക്കും എന്നു നമുക്ക് ഊഹിക്കാവുന്നതേയുളളൂ.
വിലക്കയറ്റം സൃഷ്ടിക്കുന്ന ജനദ്രോഹ ബജറ്റ്
വിസ്തരഭയത്താല്‍ ബജറ്റിന്റെ മറ്റുവശങ്ങളിലേയ്ക്കു കടക്കുന്നില്ല. 1556 കോടിയുടെ അധികഭാരം പുതിയ ബജറ്റിലൂടെ ജനങ്ങളുടെ ചുമലില്‍ വരുന്നു. ഉടുതുണിയ്ക്കു പോലും നികുതിയായി. കെട്ടിടനികുതി ഇരട്ടിയായി. നേരത്ത തന്നെ വാറ്റു നികുതിയില്‍ 15-25 ശതമാനം നികുതി വര്‍ദ്ധന ധനമന്ത്രി നടത്തിയിരുന്നു. വിലക്കയറ്റത്തിന്റെ രൂക്ഷത അനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ ഒരു കരുണയുമില്ലാതെയാണ് അദ്ദേഹം അധികനികുതി ഭാരം കെട്ടിവെച്ചത്. ഡെവലപ്പര്‍മാര്‍ക്ക് നേരത്തെ 14.5 ശതമാനം നികുതി നല്‍കിയാലേ പുറത്തുനിന്നു സാധനങ്ങള്‍ കൊണ്ടുവരാന്‍ പറ്റുമായിരുന്നുളളൂ. ഇതിപ്പോള്‍ 6 ശതമാനമായി കുറച്ചു കൊടുത്തിട്ടുണ്ട്. ജനരോഷത്തിനു മുന്നില്‍ ഓട്ടോറിക്ഷാ, ടാക്‌സി തുടങ്ങിയവ മേലുളള നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ഇതിനകം ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
നികുതി നിര്‍ദ്ദേശങ്ങള്‍ പലതും വിലക്കയറ്റം സൃഷ്ടിക്കുമെന്നതിന് സംശയം വേണ്ട. വെളിച്ചണ്ണയെ രക്ഷിക്കാന്‍ എന്നു പറഞ്ഞ് ബാക്കി ഭക്ഷ്യ എണ്ണയുടെ മേലെല്ലാം അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വെളിച്ചെണ്ണയെ രക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍ അതിനു സബ്‌സിഡി നല്‍കിയാല്‍പ്പോരെ. പാമോയിലും റേഷന്‍ ഷോപ്പു വഴി നല്‍കിയാല്‍ കിലോയ്ക്ക് 20 രൂപ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. നമ്മളെത്ര ആവശ്യപ്പെട്ടിട്ടും വെളിച്ചെണ്ണയ്ക്ക് അതു നല്‍കിയിട്ടില്ല. ഇതിനു ധനമന്ത്രി തയ്യാറായിരുന്നെങ്കില്‍ വിലക്കയറ്റവും തടയാം. കേര കര്‍ഷകരും രക്ഷപെടും.
വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു എന്നു മാത്രമല്ല, അതിനെ പ്രതിരോധിക്കാന്‍ പുതുതായി ഒരു നടപടിയും വെയ്ക്കാനില്ല. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച തൃപ്തി ന്യായവില ഭക്ഷണശാലകള്‍ നടപ്പായില്ലെന്നു മാത്രമല്ല, ഇനി നടപ്പാക്കാനും ഉദ്ദേശിക്കുന്നില്ല. സപ്ലൈ കോയ്ക്ക് 65 കോടിയും കണ്‍സ്യൂമെര്‍ ഫെഡിന് 11 കോടി രൂപയുമാണ് 'ഉദാരമായി' അനുവദിച്ചിട്ടുളളത്. ഇത് എല്‍ഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷം നല്‍കിയ സബ്‌സിഡി തുകയുടെ എത്രയോ കുറവാണ്.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെയ്ക്കാനാണ് കര്‍ഷകരക്ഷയുടെ വാചകമടികള്‍. രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടെ മേല്‍ കനത്ത നികുതിഭാരം കൂടി അടിച്ചേല്‍പ്പിച്ച ശേഷം ബഡായികള്‍ കൊണ്ടു പൊറുതിമുട്ടിക്കുകയാണ് ധനമന്ത്രി. 'കര്‍ഷകമാണിക്യ'മെന്നും 'ഹൈടെക് കൃഷിയുടെ പ്രവാചക'നെന്നുമൊക്കെയുളള മാധ്യമങ്ങളിലെ വമ്പന്‍ തലക്കെട്ടുകള്‍ കൊണ്ട് മറച്ചുവെയ്ക്കാന്‍ കഴിയുന്നതല്ല, ജനദ്രോഹത്തിന്റെ തനിനിറം.   

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...