Showing posts with label ധനവിചാരം. Show all posts
Showing posts with label ധനവിചാരം. Show all posts

Friday, July 17, 2020

മഞ്ഞലോഹത്തിൽ വെളുക്കുന്ന കറുത്തപണം

ധനവിചാരം, 17-07-2020
ഒരു
രേഖയുമില്ലാതെ രാജ്യത്തെവിടെയും കടത്തിക്കൊണ്ടുപോകാൻ കഴിയുന്ന കച്ചവടസാധനമാണ് സ്വർണമെന്നുപറഞ്ഞാൽ വിശ്വസിക്കുമോ? 50,000 രൂപയെക്കാൾ വിലയുള്ള ഏതുചരക്കുനീക്കം നടത്തണമെങ്കിലും ഇ-വേ ബിൽ വേണമെന്നാണ് ജി.എസ്.ടി. നിയമം.  

ആരിൽനിന്നും ആർക്കുവേണ്ടിയാണ് ചരക്കെന്നും അതിന് വിലയെന്തെന്നും നികുതിയടച്ചോ എന്നതും ഇ-വേ ബില്ലിൽ വ്യക്തമാക്കിയിരിക്കണം. പക്ഷേ, സ്വർണത്തിന് ഇതൊന്നും വേണ്ടാ. ആകെവേണ്ടത്, ഇന്ന വ്യക്തിയെ അല്ലെങ്കിൽ സ്ഥാപനത്തെ കാണിക്കാൻ കൊണ്ടുപോകുന്നതാണെന്ന്‌ സ്വയം സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചാൽ മതി.  

ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ കള്ളക്കടത്ത് സ്വർണമാണ്. രാജ്യത്തേക്കുവരുന്ന 1000 ടൺ സ്വർണത്തിൽ 200-250 ടൺ കള്ളക്കടത്താണ്. ഇതിന്റെ വില ഏതാണ്ട് 80,000 കോടിരൂപവരും. കസ്റ്റംസിന്റെ കടമ്പ കഴിഞ്ഞാൽ കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാക്കുന്നത് ജി.എസ്‌.ടി. നിയമത്തിലെ പഴുതാണ്. ഒട്ടേറെ ചർച്ചയ്ക്കുശേഷം ഉണ്ടാക്കിവെച്ചത്. 

 തുടക്കംമുതലേ കേരളം ഇതിനെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ജി.എസ്‌.ടി. വന്നതിനുശേഷം സ്വർണനികുതി വരുമാനം ഗണ്യമായി കുറഞ്ഞപ്പോൾ കേരളം ഈ പ്രശ്നം വീണ്ടും കൗൺസിലിൽ ഉയർത്തി. ഗുജറാത്ത്, യു.പി. സർക്കാരുകളുടെ നേതൃത്വത്തിൽ ബി.ജെ.പി. സംസ്ഥാനങ്ങൾ ശക്തമായി എതിർത്തു. സ്വർണത്തിന്റെ നീക്കം പുറത്തറിഞ്ഞാൽ സുരക്ഷിതത്വപ്രശ്നം സൃഷ്ടിക്കും എന്നതായിരുന്നു അവരുടെ വാദം.  

ഇ-വേ ബില്ലിനെ എതിർക്കുന്നതെന്തിന്‌ 
തർക്കം മൂത്തപ്പോൾ ഇത്‌ ചർച്ചചെയ്യാൻവേണ്ടി മന്ത്രിമാരുടെ ഉപസമിതി രൂപവത്‌കരിച്ചു. അതിനുശേഷം സമിതി രണ്ടുവട്ടം ചേർന്നു. യോജിച്ചൊരു തീരുമാനം ഉണ്ടാവില്ല എന്നതുകൊണ്ട് ഇരുചേരിയുടെയും അഭിപ്രായം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചു. ജി.എസ്.ടി. കൗൺസിലിലെ ചർച്ച ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇ-വേ ബിൽ വേണോ വേണ്ടയോ എന്നുതീരുമാനിക്കാനുള്ള അവകാശം അതത് സംസ്ഥാനങ്ങൾക്കുനൽകണമെന്ന വാദം അറ്റകൈയായി കേരളം ഉയർത്തിയിരിക്കയാണ്. 

സുരക്ഷിതത്വമാണ് പ്രശ്നമെങ്കിൽ ഉന്നത ഉദ്യോഗസ്ഥർക്കുമാത്രം ലഭ്യമാക്കുന്ന രീതിയിൽ സ്വർണത്തിന്റെ ഇ-വേ ബില്ലുകൾ പരിമിതപ്പെടുത്താമെന്നും പറഞ്ഞുനോക്കി. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. ഇന്നും സ്വർണത്തിന് ഇ-വേ ബിൽ കൊണ്ടുവരുന്നതിനെ കേന്ദ്രസർക്കാരും ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളും എതിർക്കുന്നത് എന്തിനെന്ന് മനസ്സിലായിട്ടില്ല. അവർക്കുവേണ്ടെങ്കിൽ വേണ്ടാ, കേരളത്തിൽ നടപ്പാക്കുന്നതിനെ എതിർക്കേണ്ട കാര്യമെന്ത്?  

കള്ളക്കടത്തിനെ നാലായി തിരിക്കാം 

ഇത്രയും സ്വർണം ആര് കൊടുത്തയക്കുന്നു? ആർക്ക് കൊടുത്തയക്കുന്നു? എന്തിനുവേണ്ടി? ഈ ചോദ്യങ്ങളുമായി ബന്ധപ്പെടുത്തി കള്ളക്കടത്തിനെ നാലായി തിരിക്കാം. 

 ഒന്ന്, 1990-നുമുമ്പ് ഇന്ത്യയുടെ ഔദ്യോഗിക വിദേശവിനിമയനിരക്കും യഥാർഥനിരക്കും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. ഉദാഹരണത്തിന് റിസർവ്‌ ബാങ്ക് ഒരു ഡോളറിന്‌ 18 രൂപയാണ് നൽകുക. പക്ഷേ, മാർക്കറ്റിൽ 25-ഉം 30-ഉം രൂപ നൽകാൻ തയ്യാറുള്ളവരുണ്ടായിരുന്നു. ഇതിന്മേൽക്കൂടി കണ്ണുവെച്ചുകൊണ്ട് സാധാരണക്കാരായ പ്രവാസികൾവരെ ഹവാല അല്ലെങ്കിൽ കുഴൽപ്പണംവഴിയാണ് നാട്ടിലേക്ക്‌ സമ്പാദ്യം അയച്ചിരുന്നത്.  വീട്ടിലുള്ള പ്രായമായവർ ബാങ്കിൽ കയറിയിറങ്ങേണ്ട. വീട്ടിൽ പണം എത്തിച്ചുകൊടുക്കും. ഇത് ഏതായാലും ഇപ്പോൾ നന്നേ കുറവാണ്. 

രണ്ട്, സ്വർണത്തിന്‌ ജി.എസ്.ടി. മൂന്നുശതമാനമേയുള്ളൂ. താലിയുടെ കാര്യമെല്ലാം വൈകാരികമായി പറഞ്ഞാണ് ഇക്കണോമിക് അഡ്വൈസറുടെ റിപ്പോർട്ടിൽ അഞ്ചുശതമാനം നിർദേശിച്ചിരുന്ന സ്വർണ ജി.എസ്‌.ടി. മൂന്നുശതമാനമാക്കിയത്. പിന്നെ കേന്ദ്രസർക്കാർ എന്തുചെയ്തെന്നോ? സ്വർണം ഇറക്കുമതിയുടെമേൽ 12 ശതമാനം ചുങ്കമേർപ്പെടുത്തി. ഒരു കിലോഗ്രാം സ്വർണക്കള്ളക്കടത്ത് നടത്തിയാൽ ആറുലക്ഷംരൂപ നികുതിയിൽമാത്രം ലാഭംകിട്ടും.  

മൂന്ന്, ഇന്ന് സ്വർണത്തിൽ നല്ലപങ്കും കള്ളപ്പണം വെളുപ്പിക്കാൻ കൊണ്ടുവരുന്നതാണ്. വിദേശത്താണ് കള്ളപ്പണത്തിൽ നല്ലപങ്കും സൂക്ഷിക്കുന്നത്. ഇത് നിയമപരമായ മാർഗങ്ങളിലൂടെ നാട്ടിലേക്ക്‌ കൊണ്ടുവരാനാകില്ലല്ലോ. അവിടെയാണ് സ്വർണത്തിന്റെ റോൾ. വിദേശത്ത്‌ ഡോളർ നൽകിയാൽ ആ വിലയ്ക്കുള്ള സ്വർണം കള്ളക്കടത്തുകാർ നാട്ടിൽ എത്തിച്ചുതരും. കള്ളപ്പണക്കാർ നല്ല മാർജിൻ കൊടുക്കാൻ എപ്പോഴും തയ്യാറായിരിക്കുകയും ചെയ്യും. 

നാല്, തീവ്രവാദപ്രവർത്തനങ്ങൾക്കുപുറത്തുള്ള വിധ്വംസകശക്തികൾ പണം എത്തിച്ചുകൊടുക്കാനുള്ള മാർഗമാണ്.  ഇന്ത്യയിലേക്കുള്ള കള്ളക്കടത്തിനെക്കുറിച്ച് പറയുമ്പോൾ ഗൾഫിനെക്കുറിച്ചാണ് പരാമർശിക്കുക. എന്നാൽ ഘാന, ടാൻസനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും ഇന്ന്‌ കള്ളക്കടത്തിൽ കണ്ണികളാണ്. എന്തിന് ലാറ്റിനമേരിക്കയിലെ ക്രിമിനൽ സംഘങ്ങൾവരെ ഡൊമിനിക്കൻ റിപ്പബ്ലിക്കുവഴി ഇന്ത്യയിലേക്ക്‌ കള്ളക്കടത്ത് നടത്തുന്നുണ്ട്.  

ഈ സ്വർണം എങ്ങോട്ടുപോകുന്നു? 
കേരളംവഴിയുള്ള കള്ളക്കടത്ത് എത്രവരും? ഇന്ത്യയിലെ കള്ളക്കടത്തിന്റെ 15 ശതമാനം. ബാക്കി നല്ലപങ്കും കപ്പൽമാർഗവും നേപ്പാൾ തുടങ്ങിയ അതിർത്തിവഴി റോഡുമാർഗവുമാണ് വരുന്നത്. കള്ളക്കടത്തുസ്വർണം പിടികൂടാൻ കേരളത്തിലെ നികുതിവകുപ്പ് എന്തുചെയ്തുവെന്ന ചോദ്യം ചിലർ ഉന്നയിച്ചുകണ്ടു. എയർപോർട്ടുകൾ അല്ലെങ്കിൽ നേപ്പാൾപോലുള്ള അതിർത്തികൾവഴിയാണല്ലോ കള്ളക്കടത്ത്. അവിടെ നികുതിവകുപ്പിന് ഒരു സ്ഥാനവുമില്ല.  

സ്വർണം എയർപോർട്ടിന്‌ പുറത്തുകടത്തിയാൽ പിന്നെ എവിടെ കൊണ്ടുപോകണമെങ്കിലും ഒരു രേഖയും വേണ്ടാ. സ്വർണം സംബന്ധിച്ച് ജി.എസ്‌.ടി. നിയമത്തിൽ രണ്ടുവകുപ്പാണുള്ളത്. ഒന്നാമത്തേത്, 129-ാം വകുപ്പ്. നികുതിവെട്ടിച്ചുള്ള സ്വർണം പിടിച്ചാൽ നികുതിയും തുല്യതുക പിഴയും അടച്ചാൽ ഉടമസ്ഥന്‌ സ്വർണം വിട്ടുകൊടുക്കണം. 

രണ്ടാമത്തേത്, 130-ാം വകുപ്പ്. ഈ വകുപ്പ് സ്വർണം കണ്ടുകെട്ടുന്നതിനുള്ള അവകാശം നൽകുന്നുണ്ട്. പക്ഷേ, കേരള ഹൈക്കോടതി 2018-ൽ വിധിച്ചത്.  ഇപ്രകാരം 129-ാം വകുപ്പ് പ്രകാരമുള്ള നികുതിയും പിഴയും ഒടുക്കിയില്ലെങ്കിൽമാത്രമേ 130-ാം വകുപ്പ് ഉപയോഗിച്ച് സ്വർണം കണ്ടുകെട്ടാൻ പാടുള്ളൂ. ഇതാണ് ഇന്ത്യയിൽ നിലവിൽ കേന്ദ്രവും സംസ്ഥാനസർക്കാരുകളും സ്വീകരിച്ചുവരുന്ന നടപടിക്രമം. കേന്ദ്ര നികുതിവകുപ്പ് സ്വർണം കണ്ടുകെട്ടിയ കേസ് ഇതുവരെ ഉണ്ടായിട്ടില്ല. ഒരു സംസ്ഥാനവും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല. 

ഇതിനിടയിൽ മറ്റൊരു സംഭവവികാസം ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതിയുടെ 2019 ഡിസംബറിലെ വിധിയിൽ ഒരു ജഡ്ജി 130-ാം വകുപ്പ് ഉപയോഗിച്ച് കണ്ടുകെട്ടാമെന്ന്‌ പറഞ്ഞിട്ടുണ്ട്.  എന്നാൽ, ഇതേകേസിൽ രണ്ടാമത്തെ ജഡ്ജി ഇതുസംബന്ധിച്ച് കൂടുതൽ സ്പഷ്ടീകരണം അധികൃതർ നൽകണമെന്നാണ് വിധിച്ചത്. ഈ വിധിയുടെ നിയമവശങ്ങൾ പരിശോധിച്ചുവരുകയാണ്. 

അതിനിടയിൽ ഗൗരവമായ ഒരു ചോദ്യമുണ്ട്. ഓരോ വർഷവും ഇന്ത്യയിലേക്കുവരുന്ന 1000 ടൺ സ്വർണം എങ്ങോട്ടുപോകുന്നു? കുറച്ചുഭാഗം സ്വർണബിസ്കറ്റായിത്തന്നെ കള്ളപ്പണക്കാർ സൂക്ഷിക്കുന്നു. ബാക്കി ഭൂരിഭാഗവും ആഭരണശാലകളിലേക്കാണ്.  ഇരുനൂറോളം ടൺ നാം കയറ്റുമതി ചെയ്യുന്നു. ബാക്കി മുഴുവൻ സ്വർണവും ആഭരണങ്ങളായി നികുതിവെട്ടിപ്പുംനടത്തി സാധാരണക്കാർക്കുവിറ്റ് കാശാക്കുന്നു. 

ഇന്ത്യയിൽ വ്യക്തികളുടെ കൈയിലുള്ള സ്വർണം ചുരുങ്ങിയത് 20,000 ടൺ വരുമെന്നാണ് കണക്ക്. ഇതാവട്ടെ അമേരിക്ക, യൂറോസോൺ, ചൈന എന്നീ രാജ്യങ്ങളുടെ സ്വർണശേഖരത്തേക്കാൾ കൂടുതൽ വരും.  

എൻഫോഴ്‌സ്‌മെന്റിനെ ശക്തിപ്പെടുത്തിയപ്പോൾ 

2019'-20-ൽ സംസ്ഥാന നികുതിവകുപ്പ് 110 കിലോ സ്വർണം വാഹനപരിശോധനയിലൂടെ പിടിച്ചു. പക്ഷേ, നികുതിയും തുല്യമായ തുകയും അടച്ചാൽ സ്വർണം വിട്ടുകൊടുത്തേ പറ്റൂ. അങ്ങനെ 110 കിലോ സ്വർണത്തിലൂടെ ആകെ കിട്ടിയത് 2.8 കോടിരൂപമാത്രമാണ്. അത് കള്ളക്കടത്തുകാർക്ക് മൂക്കൽപ്പൊടി പോലെയേയുള്ളൂ. 

അതേസമയം, കസ്റ്റംസിനെപ്പോലെ സ്വർണം കണ്ടുകെട്ടാൻ നികുതിവകുപ്പിന് അവകാശമില്ല. എന്നിരുന്നാലും സ്വർണമേഖലയിലെ എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.  ഒരേസമയം 64 കടകൾ പരിശോധനനടത്തി മുഴുവൻ രേഖകളും ശേഖരിച്ചു. ഇവയുടെ വിശകലനത്തിന് ആറുസ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു. 

കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ പരിശോധിക്കുന്നതിന് സിഡാക് വലിയ കാലതാമസം വരുത്തിയ പശ്ചാത്തലത്തിൽ ഇതിനായി നികുതി വകുപ്പിൽ ഒരു ഫോറൻസിക് ലാബുതന്നെ സ്ഥാപിച്ചു. എൻഫോഴ്‌സ്‌മെന്റിന് ഒരു ജോയന്റ് കമ്മിഷണറെ നിയോഗിച്ചു. ഇതിന്റെയൊക്കെ ഫലമായി സ്വർണനികുതി വരുമാനം 2018'-19-ൽ 630 കോടി.

കോവിഡ് കാലത്ത് ഒരു തൊഴിൽസംവാദം

ധനവിചാരം,  ജൂൺ 20, 2020

‘‘ഇ
പ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല. സംസ്ഥാനങ്ങളാണ് ചങ്കൂറ്റമുള്ള പരിഷ്കാരങ്ങളെ മുന്നോട്ടുനയിക്കുന്നത്. നമുക്ക് ഒരിക്കലും ഇതുപോലൊരു അവസരം ലഭിക്കില്ല. അത് ഉപയോഗിച്ചേ തീരൂ.’’ 

ആവേശക്കൊടുമുടിയിൽനിന്ന് അലറിത്തുള്ളുകയാണ് നമ്മുടെ നീതി ആയോഗ് സി.ഇ.ഒ.  യു.പി., ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ എല്ലാവിധ തൊഴിൽ നിയമങ്ങളും റദ്ദാക്കിയതാണ് അദ്ദേഹത്തെ ഈ ഉന്മാദാവസ്ഥയിലെത്തിച്ചത്. ബി.ജെ.പി.യുടെ ബി.എം.എസ്. ട്രേഡ് യൂണിയൻപോലും ‘കാടത്തം’ എന്നു വിശേഷിപ്പിച്ച് നീക്കം ഒരു ബ്യൂറോക്രാറ്റിനെ എത്രമാത്രം ആവേശം കൊള്ളിക്കുന്നു എന്നു നോക്കൂ. ചില ബി.ജെ.പി. സംസ്ഥാനങ്ങൾ സ്വീകരിച്ച ഈ കിരാതനടപടി അദ്ദേഹത്തെ സംബന്ധിച്ച് ‘1991-നുശേഷം ഉണ്ടായിട്ടുള്ള ഏറ്റവും ചങ്കുറപ്പുള്ള ധീരനടപടിയാണ്’.  

അനേകം പോരാട്ടങ്ങളുടെയും ചർച്ചകളുടെയും ഫലങ്ങളെ കോവിഡിന്റെ മറവിൽ തികച്ചും ഏകപക്ഷീയമായി ഇല്ലാതാക്കിയത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ബി.എം.എസിന്റെ നേതാവ് വി. രാധാകൃഷ്ണൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വെബിനാറിൽ തുറന്നടിച്ചു. ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി.), അമർജിത് കൗർ (എ.ഐ.ടി.യു.സി.), തപൻസെൻ (സി.ഐ.ടി.യു.), തമ്പാൻ തോമസ് (എച്ച്.എം.എസ്.), മണാലി ഷാ (സേവ), എസ്.പി. തിവാരി (ടി.യു.സി.സി.), രാജീവ് ദിമറി (എ.ഐ.സി.സി.ടി.യു.) തുടങ്ങിയവരെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തി. ചരിത്രം കണ്ട ഏറ്റവും വലിയ തൊഴിലാളി സമരത്തിനു വേദിയാകാൻ രാജ്യം ഒരുങ്ങുകയാണ്.  

മനുഷ്യത്വശൂന്യം 
യു.പി., ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ് സർക്കാരുകൾ പ്രവൃത്തിദിനം എട്ട് മണിക്കൂറിൽനിന്ന്‌ പന്ത്രണ്ട് മണിക്കൂറായി ഉയർത്തി. ഏതാണ്ട് എല്ലാ തൊഴിൽ നിയമങ്ങളും 1000 ദിവസത്തേക്ക്‌ സസ്പെൻഡ്‌ ചെയ്തുകൊണ്ട് യു.പി. സർക്കാർ അറ്റകൈ പ്രയോഗംതന്നെ നടത്തി. 1200 ദിവസമാക്കി ഗുജറാത്ത് യു.പി.യെ കടത്തിവെട്ടി. ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും നിയമിക്കാം, പിരിച്ചുവിടാം. ലേബർ ഇൻസ്പെക്‌ഷൻ വേണ്ടതില്ല. തൊഴിലുടമ ഒരു സ്റ്റേറ്റ്‌മെന്റ് കൊടുത്താൽ മതിയാകും. ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ഒരു വർഷത്തേക്ക്‌ എല്ലാ യൂണിയൻ പ്രവർത്തനങ്ങളും നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.  

ഇത്തരം നടപടികളുടെ നിയമവിരുദ്ധതയും മനുഷ്യത്വശൂന്യതയും വെബിനാറിൽ പങ്കെടുത്തവരെല്ലാം തുറന്നുകാണിച്ചു. രാജ്യത്തെ ഏറ്റവും പ്രാമാണിക മാക്രോ ഇക്കണോമിസ്റ്റായ പ്രൊഫ. അമിത് ബാദുരി, ഐ.എൽ.ഒ.യിലെ ഡോ. ജെറി റോജേഴ്‌സ് എന്നിവരടക്കം അക്കാദമിക്‌രംഗത്തെ 16 പണ്ഡിതന്മാരാണ് പങ്കെടുത്തത്. ഡോ. എ.വി. ജോസ് ആണ് ഈ നീണ്ടനിര അവതരണങ്ങളെ അർഥവത്തായി കോർത്തിണക്കിയത്.  

തൊഴിൽ പ്രവണതകൾ
ഇന്ത്യയിലെ തൊഴിൽമേഖല കൂടുതൽ അസംഘടിതമായിക്കൊണ്ടിരിക്കുകയാണ്.  സംഘടിതമേഖലയിൽപ്പോലും കരാർ തൊഴിലാളികളുടെ പങ്ക് വർധിക്കുന്നു. 1990-’91-ൽ ഇവരുടെ ശതമാനം 12 ആയിരുന്നത് ഇന്ന് 35 ശതമാനത്തിലേറെയാണ്. ഏറ്റവും പരിതാപകരമായ അവസ്ഥ കുടിയേറ്റ തൊഴിലാളികളുടേതാണ്. കോവിഡുകാലം അരക്ഷിതാവസ്ഥയെ പതിന്മടങ്ങാക്കി. അസംഘടിത മേഖലയിലാണ് സ്ത്രീകൾ കൂടുതൽ പണിയെടുക്കുന്നത്. പ്രസവാനുകൂല്യങ്ങളും മിനിമംകൂലിയും ഇല്ലാതാക്കപ്പെടുന്നത് അവരെ വളരെ പ്രതികൂലമായി ബാധിക്കും.  

1973-’74-നു ശേഷം തൊഴിലാളികളുടെ യഥാർഥ കൂലിയിൽ നാമമാത്രമായ വർധനയേ ഉണ്ടായിട്ടുള്ളൂവെന്ന് മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ആർ. നാഗരാജ് തെളിവുനിരത്തി സ്ഥാപിച്ചു. അതേസമയം, ഫാക്ടറി ഉത്‌പാദനക്ഷമതയിൽ ഏഴു മടങ്ങ് വർധനയുണ്ടായി. ഉത്‌പാദനക്ഷമതയുടെ മുഴുവൻ നേട്ടങ്ങളും വ്യവസായികൾക്കാണ് കിട്ടിയത്. എന്നിട്ടും തൊഴിലാളിക്കുമേലാണ് കുതിരകയറ്റം. ഓർഡിനൻസുകൾ നിയമവിരുദ്ധവും അന്താരാഷ്ട്രകരാറുകൾക്ക് എതിരുമാണെന്ന് പല പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചു.  

ഈ വെബിനാറിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ട്രേഡ് യൂണിയൻ നേതാക്കന്മാരുടെ അവതരണങ്ങൾക്കുശേഷം ഫിക്കി, സി.ഐ.ഐ., മാനേജ്‌മെന്റ് അസോസിയേഷൻ, പ്ലാസ്റ്റേഴ്‌സ് അസോസിയേഷൻ തുടങ്ങിയ തൊഴിലുടമ സംഘങ്ങളുടെ വക്താക്കളും പങ്കെടുത്തിരുന്നു. വർഷങ്ങൾക്കുശേഷം ഇത്തരമൊരു സംവാദം ആദ്യമായിട്ടാണ് രാജ്യത്തു നടക്കുന്നത്. പൊതുവിൽ ഏറ്റമുട്ടലിന്റെ ഭാഷയായിരുന്നില്ല. ഇങ്ങനെ നിയമങ്ങളെല്ലാം റദ്ദാക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ, ചില പ്രശ്നങ്ങളുണ്ടെന്നും അവ ചർച്ച ചെയ്യണമെന്നുമായിരുന്നു അവരുടെ നിലപാട്. ഇത്തരമൊരു സമീപനത്തിലേക്ക്‌ നയിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭാവന എം.വി. ശ്രേയാംസ്‌ കുമാറിന്റെ ശ്രദ്ധേയമായ അവതരണമായിരുന്നു.  

എന്തുകൊണ്ട് ഇന്ത്യ പിന്നിൽ? 
ശ്രേയാംസ്‌ കുമാറിന്റെ വാദങ്ങളുടെ രത്‌നച്ചുരുക്കം ഇതായിരുന്നു ‘ഈസ് ഓഫ് ഡൂയിങ്‌ ബിസിനസി’ൽ ഇന്ത്യയുടെ സ്ഥാനം 63 ആണ്. ഇതിനുകാരണം തൊഴിൽബന്ധങ്ങളല്ല. ലോകബാങ്കിന്റെ 2020-ലെ പഠനപ്രകാരം കോൺട്രാക്ട് ഉറപ്പുവരുത്തൽ (163), സ്വത്ത് രജിസ്‌ട്രേഷൻ (154), സംരംഭം ആരംഭിക്കൽ (136), നികുതിപ്രശ്നങ്ങൾ (115), വ്യാപാര പ്രതിബന്ധങ്ങൾ (68), പാപ്പരാകുമ്പോഴുള്ള പ്രശ്നങ്ങൾ (52) തുടങ്ങിയവയുടെ കാര്യത്തിലാണ് ഇന്ത്യ പിറകിൽ കിടക്കുന്നത്. (ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ള കണക്ക് ആ സൂചികയിൽ ഇന്ത്യയുടെ സ്ഥാനമാണ്).  

തൊഴിൽനിയമങ്ങൾ റദ്ദാക്കിക്കൊണ്ട് ചില സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള നടപടി ചൈനയിൽനിന്ന്‌ പിൻവാങ്ങുന്ന വ്യവസായികളെ ആകർഷിക്കാനാണെന്നാണ് ന്യായം. ചൈനയുടെ ആകർഷണം ഇന്നു താഴ്ന്ന കൂലിയല്ല. അവിടത്തെ ഉയർന്ന വൈദഗ്ധ്യവും സ്റ്റാർട്ടപ്പുകളും പശ്ചാത്തലസൗകര്യങ്ങളുമാണ്. ആപ്ലിക്കേഷനുകൾ നിർമിക്കുന്ന 20 ലക്ഷം സംരംഭകർ ചൈനയിലുണ്ട്‌.  

മാത്രമല്ല, ഇത്തരം നീക്കങ്ങൾ വിപരീതഫലമേ ഉണ്ടാക്കൂവെന്ന് സമീപകാല ഇന്ത്യയിലെ ഏറ്റവും ആധുനിക വ്യവസായമേഖലയിലെ സമീപകാല ഉദാഹരണങ്ങൾ അദ്ദേഹം നിരത്തി. ഹോണ്ട മോട്ടോർ സൈക്കിൾ, പ്രീകോൾ, മാരുതി, റീജൻസീസ് സെറാമിക്സ്‌, മിസ്തബാ കമ്പനി, ഇറ്റാലിയൻ കാർ കമ്പനി എന്നു തുടങ്ങി ഉയർന്ന കമ്പനി മേധാവികൾക്കു നേരെ ആക്രമണവും സമരവും ഉത്‌പാദന സ്തംഭനവും ഉണ്ടായ കഥകൾ അദ്ദേഹം സൂചിപ്പിച്ചു. ഇന്നത്തെ നീക്കം വിനാശകരമായിരിക്കും. നിശ്ചയമായും പല മാറ്റങ്ങളും വേണ്ടതുണ്ട്. എന്നാൽ, ഇതല്ല വഴി - അദ്ദേഹം പറഞ്ഞു.  

തുറന്ന സംവാദം 
വൈകുന്നേരം ട്രേഡ് യൂണിയൻ നേതാക്കന്മാരുടെയും തൊഴിലുടമ സംഘടന പ്രതിനിധികളുടെയും തുറന്ന സംവാദമായിരുന്നു. രണ്ടു മണിക്കൂറിലേറെ സംവാദം നീണ്ടു. ഇതിൽ എളമരം കരീമും കെ.പി. രാജേന്ദ്രനുംകൂടി പങ്കുചേർന്നു. ഇതുപോലൊരു തുറന്ന സംവാദം മറ്റൊരുവേദിയിലും ഉണ്ടായിട്ടില്ലായെന്ന് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടു.  

തൊഴിലുടമാ പ്രതിനിധികളുടെ ആവശ്യം രണ്ടായിരുന്നു. ഒന്ന്, കോവിഡ് പകർച്ചവ്യാധി കാലത്ത് മുൻപെന്നപോലെ ഫാക്ടറിയുടെ പ്രവർത്തനം നടത്തുക പ്രയാസമാണ്. ഇതിന് ആവശ്യമായ പുനഃക്രമീകരണം വേണം. ജോലിസമയത്തിലും ഷിഫ്റ്റിലുമെല്ലാം മാറ്റം വരുത്തേണ്ടതുണ്ട്. ഫാക്ടറികൾ തുറന്നു പ്രവർത്തിക്കേണ്ടത് തൊഴിലാളികളുടെകൂടി ആവശ്യമാണ്. അതുകൊണ്ട് ഇക്കാര്യം ഓരോ ഫാക്ടറി അടിസ്ഥാനത്തിൽ ചർച്ചചെയ്ത തീരുമാനിക്കാവുന്നതാണ് എന്നായിരുന്നു യൂണിയനുകളുടെ പ്രതികരണം.  

രണ്ട്, കോവിഡ് സൃഷ്ടിക്കുന്ന മാന്ദ്യത്തിൽ നിന്നും സമ്പദ്ഘടന പുറത്തുകടക്കുന്നതിന് നിക്ഷേപം ഉയർത്തണം. കാലാകാലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇരുനൂറിലധികം നിയമങ്ങൾ കുരുക്കുകൂടി സങ്കീർണവും ഭാരവുമായി തീർന്നിരിക്കുകയാണ്. ഇവയുടെ ഏകീകരണവും അനിവാര്യമാണ്. ഇത് ചർച്ച ചെയ്യുന്നതിന് യൂണിയനുകൾക്കും സമ്മതമായിരുന്നു. പക്ഷേ, ഏകപക്ഷീയമായ നിലപാടുകൾക്കുവഴങ്ങുന്ന പ്രശ്നമേയില്ലെന്ന് അവർ വ്യക്തമാക്കി.  

ഇനി എന്താണ് വേണ്ടത്? 
മുൻകൈയെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. പുതിയൊരു ത്രികക്ഷി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ മുൻകൈയെടുക്കണം. അതുവരെയും ഏകപക്ഷീയമായ നീക്കങ്ങൾ മരവിപ്പിക്കണം. ഇത്തരമൊരു ജനാധിപത്യസമീപനത്തിന് കേന്ദ്രസർക്കാർ തയ്യാറാകുമോ? അതോ ശ്രേയാംസ്‌ കുമാർ പരാമർശിച്ച അപകടകരമായ ഏറ്റുമുട്ടലുകൾ ദേശവ്യാപകമായി മാറുന്നതിന് വഴിമരുന്നിടുമോ?  

കേരള തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഒരു കാര്യം വ്യക്തമാക്കി. ഈസ് ഓഫ് ഡൂയിങ്‌ ബിസിനസിൽ രാജ്യത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനമായ കേരളം അഞ്ചു വർഷങ്ങൾക്കുള്ളിൽ മുന്നിലേക്ക്‌ വരുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിൽ മേഖലയിലെ ചില അനാരോഗ്യകരമായ നടപടികൾ തിരുത്തുന്നതിന് എല്ലാ ട്രേഡ് യൂണിയനുകൾക്കും സമ്മതവുമാണ്.  അതേസമയം, ട്രേഡ് യൂണിയൻ അവകാശങ്ങളെയും തൊഴിൽനിയമങ്ങളെയും സംരക്ഷിക്കുന്ന നിലപാടായിരിക്കും കേരളം സ്വീകരിക്കുക. 

ഇന്നത്തെ കേരളത്തിന് രൂപഭാവം നൽകിയത് ദശാബ്ദങ്ങളായി നമ്മൾ തുടരുന്ന പുനർവിതരണ നയങ്ങളാണ്. ഈ നയങ്ങൾ രൂപവത്‌കരിക്കുന്നതിലും നടപ്പാക്കുന്നതിലും സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളും തുടർന്നുവന്ന ബഹുജനപ്രസ്ഥാനങ്ങളിലും സുപ്രധാനമായ ഒരുസ്ഥാനം കേരളത്തിലെ ട്രേഡ് യൂണിയനുകൾക്കുണ്ട്. അതുകൊണ്ട് വികസനത്തിന് വിരോധമായിട്ടല്ല, ഉപാധിയായിട്ടാണ് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ കേരളം കാണുന്നത്.

നെടുമങ്ങാട്ടെ ജൈവഗ്രാമവും സുഭിക്ഷകേരളവും

ധനവിചാരം - ജൂൺ 5, 2020

പൊന്നുവിളഞ്ഞ മണ്ണിൽനിന്ന് ഇച്ഛാശക്തിയുടെ പത്തരമാറ്റ് കൊയ്തുകൂട്ടുകയാണ് നെടുമങ്ങാട്ടെ ജൈവഗ്രാമം. കൃഷി നഷ്ടമാണെന്ന് അവരോടു പറഞ്ഞാൽ തനിതിരുവനന്തപുരം സ്ലാങ്ങിൽ അവർക്ക് കലിപ്പിളകും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പിറകിൽ കാടുപിടിച്ച്, മാലിന്യംനിറഞ്ഞ് പൊതുജനങ്ങളെ പൊറുതിമുട്ടിച്ച ഒരു സ്ഥലം, നാലുവർഷംകൊണ്ട് നൂറുമേനി വിളയുന്ന കൃഷിസ്ഥലമാക്കി മാറ്റിയവരാണവർ. അക്കഥയാണ് ഇക്കുറി ധനവിചാരം ചർച്ച ചെയ്യുന്നത്.

 ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി ഭരണമേറ്റ ജനപ്രതിനിധികൾ ഓഫീസ് പരിസരം വെട്ടിത്തെളിച്ച് ജൈവകൃഷി നടത്താൻ തീരുമാനിച്ചു. ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും ഒരുമിച്ചിറങ്ങി. എല്ലാവരുംകൂടി പിരിവിട്ട് നാലേകാൽലക്ഷം രൂപ മുതൽമുടക്കി. മുടക്കുമുതൽ ഒറ്റവർഷംകൊണ്ട് മടങ്ങിയെത്തി. പദ്ധതിക്ക് ജൈവഗ്രാമം എന്ന പേരും വന്നു. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം ജൈവകൃഷി പരിശീലനകേന്ദ്രവും ആരംഭിച്ചു. 

കഴിഞ്ഞയാഴ്ചയാണ് ഞാനവിടെ എത്തിയത്. ഇന്ന് സൊസൈറ്റിയുടെ ആസ്തി 45 ലക്ഷം രൂപ. ഭൂമി ഒഴികെ. അത് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ. 100 ആടുകളുടെ പ്രജനനകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കെട്ടിടം ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ 1000 മുട്ടക്കോഴി, 50 താറാവ്‌, ആറ്‌്‌ വെച്ചൂർ പശു, മീൻകുളം, അഞ്ചുലക്ഷം പച്ചക്കറിത്തൈ ഒരുസമയം വളർത്താൻ കഴിയുന്ന പോളിഹൗസും 35 തരം ഫലവൃക്ഷത്തിന്റെ രണ്ടുലക്ഷത്തിലേറെ തൈകളും അടങ്ങുന്ന അംഗീകൃത നഴ്‌സറിയും ഈ മൂന്നേക്കറിൽ നിറഞ്ഞുനിൽക്കുന്നു. 

ജൈവഗ്രാമത്തിനുപുറത്ത് 12 ഏക്കർ തരിശുഭൂമി ഇപ്പോൾ കൃഷിചെയ്യുന്നുണ്ട്. ഇതിൽ പൈനാപ്പിളും പച്ചക്കറിയും വാഴയുമെല്ലാം സുലഭം. പോരാത്തതിന് 2000 തേനീച്ചക്കൂടും. സ്വന്തംകാലിൽ നിന്നാണ് സൊസൈറ്റി ഇത് കെട്ടിപ്പൊക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഗ്രാന്റ് ആയി ചെലവഴിച്ചിട്ടുള്ളത് ജൈവഗ്രാമത്തിന് വേലികെട്ടുന്നതിനുള്ള 35 ലക്ഷംരൂപ മാത്രം. ബാക്കി മുതൽമുടക്കുകളെല്ലാം സഹകരണ ബാങ്കിൽനിന്ന് സൊസൈറ്റി വായ്പയെടുത്താണ് നടത്തിയത്. ഈ കടമൊന്നും സാമ്പത്തികഭദ്രതയെ ബാധിച്ചിട്ടില്ല. 2016-’17 മുതൽ 2018-’19 വരെയുള്ള മൂന്നുവർഷംകൊണ്ട് 28 ലക്ഷം രൂപയാണ് അറ്റാദായം.

 നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധങ്ങളായ ജൈവകൃഷി പദ്ധതികൾക്ക് ആവശ്യമായ നടീൽവസ്തുക്കളും ജൈവകീടനാശിനികളും ലഭ്യമാക്കുന്നതും ജൈവഗ്രാമമാണ്. ഇതിൽ ഏറ്റവും പ്രസിദ്ധം ഹരിതമിഷന്റെ സഹായത്തോടെ നടത്തിയ സമൃദ്ധി വല്ലംനിറ പദ്ധതിയാണ്. 4200 ഗ്രൂപ്പുകളിലായി 21,000 കുടുംബങ്ങൾ ഇതിൽ പങ്കാളികളായി. നാല് ഗ്രൂപ്പിന്‌ ഒരാൾ എന്നവീതം 1250 മോണിറ്റർമാർക്ക് വെള്ളായണി കാർഷിക കോളേജ് വഴി പരിശീലനം നൽകി. വാർഡുകളിൽ വിളിച്ചുകൂട്ടിയ ജൈവഗ്രാമസഭകളിൽ 25,000 ആളുകൾ പങ്കെടുത്തു. മൊത്തം 300 ഹെക്ടറിൽ കൃഷി നടന്നു. പൂക്കളും പച്ചക്കറികളും ചേർത്ത് ആറുകോടി രൂപയുടെ ഉത്‌പാദനം നടന്നു. 

2017-’18ൽ സമ്പൂർണ തരിശുരഹിത പദ്ധതിയുടെ ഭാഗമായി മൂന്നു വാർഡുകളിൽ 75 ഏക്കറിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കൃഷിചെയ്തു. പിറ്റേ വർഷമായപ്പോൾ ജൈവഗ്രാമം തന്നെ മറ്റു വാർഡുകളിലെ തരിശുസ്ഥലങ്ങളിൽ നേരിട്ട് കൃഷി ആരംഭിച്ചു. 2018-’19ൽ ഇങ്ങനെ ഏതാണ്ട് 100 ഏക്കറിലാണ് കൃഷിചെയ്തത്. കൃഷി ലാഭകരമെന്നു കണ്ടതോടെ സ്ഥലം ഉടമസ്ഥർ പലരും നേരിട്ടു കൃഷിചെയ്തുതുടങ്ങി. അങ്ങനെ 2019-’20ൽ ജൈവഗ്രാമത്തിന്റെ നേരിട്ടുള്ള തരിശുകൃഷി 12 ഏക്കറായി ചുരുങ്ങി. യഥാർഥത്തിൽ ഇതൊരു തിരിച്ചടിയല്ല. വമ്പിച്ചൊരു നേട്ടമാണ്.

  കൃഷിവകുപ്പിന്റെ അംഗീകൃത നഴ്‌സറിയാണ്. ഏഴുലക്ഷം രൂപ സഹായധനവും ലഭിച്ചു. കാർഷികോത്‌പന്നങ്ങൾ ന്യായവിലയ്ക്ക് വിൽക്കുന്നതിനുള്ള ഇക്കോ ഷോപ്പുകളിലൂടെയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വിപണന കേന്ദ്രത്തിലൂടെയും ലഭ്യമാക്കുന്നു. ജൈവഗ്രാമം ഒരു പരിശീലനകേന്ദ്രം കൂടിയാണ്. കാർഷികമേഖലയിലെ വളരെ മാതൃകാപരമായ പ്രാദേശിക പരിപാടികൾക്ക് നേതൃത്വംനൽകിയ ഒട്ടേറെ പഞ്ചായത്തുകൾ കേരളത്തിലുണ്ട്. ഇന്ന്‌ കേരളം ‘സുഭിക്ഷ’ പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വലിയ ജനകീയ യജ്ഞത്തിനു തുടക്കംകുറിച്ചിരിക്കുന്ന വേളയിൽ ഇവയുടെ പാഠങ്ങൾ വളരെ വിലയേറിയ ഉൾക്കാഴ്ചകൾ നൽകും. 

ഇതിലേറ്റവും പ്രധാനപ്പെട്ടത് കൃഷിവകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപങ്ങളുടെയും കൂട്ടായ പ്രയത്നം തന്നെയാണ്. എല്ലാ വിജയകഥകളുടെയും പിന്നിൽ പ്രതിബദ്ധതയുള്ള ഏതാനും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കാണാം. 1995-ലെ കഞ്ഞിക്കുഴിയിലെ ജനകീയ പച്ചക്കറി കാമ്പയിൻമുതൽ ഏതാണ്ട് സാർവത്രികമായ ഒരു അനുഭവമാണിത്.

 രണ്ടാമതൊരു പാഠം, ഏതാണ്ട് എല്ലാ വിജയകഥകൾക്കും കളമൊരുക്കിയതിൽ ജനകീയ കാമ്പയിനുകൾക്ക് വലിയൊരു പങ്കുണ്ട്. കേരളത്തിലെ ഭൂഉടമസ്ഥരിൽ മഹാഭൂരിപക്ഷത്തിന്റെയും മുഖ്യവരുമാന മാർഗം കാർഷികേതര മേഖലകളാണ്. അതുകൊണ്ട് നല്ലൊരുപങ്ക് ആളുകൾക്ക് കൃഷി ഉപജീവനമാർഗമല്ല. അവരെയാകെ ആവേശംകൊള്ളിച്ചുള്ള ആത്മാഭിമാന കാമ്പയിൻ കാർഷിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സുപ്രധാന പങ്കുണ്ട്. കോട്ടയത്തെ മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദി പുനരുദ്ധാരണപദ്ധതി വിവിധ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സംയോജിത ജനകീയ കാമ്പയിനായി മാറിയപ്പോൾ 5000 ഏക്കറാണ് നെൽക്കൃഷിയിലേക്ക്‌ തിരിച്ചുവന്നത്. 

എന്നാൽ, എല്ലാ കാലത്തേക്കും കാമ്പയിനിന്റെ അടിസ്ഥാനത്തിൽ കൃഷി സാധ്യമല്ല. അത് സ്ഥായിയായിത്തീരണമെങ്കിൽ അതിന്റെ വലുപ്പമേറണം, ലാഭകരമാകണം. ഒട്ടേറെതരം സംഘകൃഷിരീതികൾ ഇന്ന് കേരളത്തിലുണ്ട്. അതുപോലെ ഭൂമി പാട്ടത്തിനെടുത്തും വലിയതോതിൽ കൃഷിചെയ്യുന്ന കാർഷിക സംരംഭകരുടെ എണ്ണവും കൂടിവരുന്നുണ്ട്. വടക്കാഞ്ചേരിയിലെ ഗ്രീൻ ആർമി പോലുള്ള കാർഷിക കർമസേനകൾ ഇന്ന് എല്ലായിടത്തുമുണ്ട്. ഉത്‌പന്നങ്ങളുടെ ആദായകരമായ വിപണി ഉറപ്പുവരുത്തുന്നതിന് ഐ.ടി. പ്ലാറ്റ്‌ഫോമുകൾ അടക്കമുള്ള അഗ്രിഗേഷൻ രീതികൾ നിലവിലുണ്ട്. പച്ചക്കറിക്കുപോലും തറവില പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. 

മൂല്യവർധിത സംസ്കരണം കൃഷിക്കാരുടെ ആദായം വർധിപ്പിക്കുന്നതിന് അനിവാര്യമാണ്. കൃഷിവകുപ്പിന്റെ ‘വൈഗ’ എത്രയോ നല്ല മാതൃകകളെ മുന്നോട്ടുകൊണ്ടുവന്നു. സുരക്ഷിത ഭക്ഷണത്തിന് നല്ല വില നൽകാൻ കേരളീയർ തയ്യാറാണ്. പൊന്നാനിയിലെ നല്ലഭക്ഷണ പ്രസ്ഥാനം, കൊടുമൺ-ബേഡഡുക്ക-മയ്യിൽ പോലുള്ള ബ്രാൻഡ് അരി, കൊടിയത്തൂരിലെ വെള്ളിച്ചെണ്ണ, ചെങ്കലിലെ വ്ളാത്താങ്കര ചീര, ഭൂതക്കുളം കരിമണിപ്പയർ എന്നിങ്ങനെ എത്രയോ സമ്പന്നമായ അനുഭവങ്ങൾ നമുക്കുമുന്നിലുണ്ട്. പള്ളിയാക്കൽ പോലുള്ള സഹകരണ ബാങ്കുകളുടെ സമഗ്ര കാർഷിക ഇടപെടലുകളുടെ അനുഭവങ്ങൾ ഏറെയുണ്ട്. 

ഇവയൊക്കെ സാർവത്രികമാക്കുന്നതിനായിരിക്കണം സുഭിക്ഷ കേരളത്തിലൂടെ ലക്ഷ്യമിടേണ്ടത്. കേരളത്തിന്റെ പകുതി ഭക്ഷണമെങ്കിലും കേരളത്തിൽത്തന്നെ ഉത്‌പാദിപ്പിക്കണം. പണമുണ്ടെങ്കിൽ എന്തും വിലകൊടുത്തു വാങ്ങാനാകുമെന്ന ബോധമാണ് ഈ ലക്ഷ്യത്തിന് തടസ്സംനിന്നിരുന്ന പ്രധാന ഘടകങ്ങളിലൊന്ന്. എന്നാൽ, പകർച്ചവ്യാധിയും വെട്ടുകിളികളും ഈ സുരക്ഷിതത്വബോധം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മളെല്ലാം മറന്നുപോയ ഭക്ഷ്യക്ഷാമത്തിന്റെ കാലം വീണ്ടുംവരാം. മായമില്ലാത്ത നല്ല ഭക്ഷണത്തിന്റെ ആവശ്യക്കാരുടെ എണ്ണവും കൂടുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ആപത്തിനെ നമുക്ക് ഒരു അവസരമാക്കിമാറ്റാം.

Read more at: 

Friday, May 22, 2020

20 ലക്ഷം കോടിയുടെ പാക്കേജ് ആർക്കുവേണ്ടി ?

ധനവിചാരം, മെയ് 21, 2020

ലോകം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എല്ലാ സാമ്പത്തികപ്രവർത്തനങ്ങളും നിശ്ചലമായി. തൊഴിലെടുക്കുന്ന ആരുടെയും കൈയിൽ പണമില്ല. സപ്ലൈയും ഡിമാൻഡും ഒരുപോലെ തകർന്നു. എന്തുചെയ്യും എന്ന ചോദ്യം എല്ലാ ലോകരാഷ്ട്രങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്നു. ആരുടെ പക്ഷത്തുനിന്ന് ആരംഭിക്കണം എന്നതും പ്രസക്തമായ കാര്യം. 

ജനങ്ങളുടെ കൈയിൽ പണമെത്തിക്കുകയാണ് പ്രഥമകർത്തവ്യം എന്ന വാദം ഉന്നയിക്കുന്നുണ്ട്, അഭിജിത് ബാനർജി മുതൽ പോൾ ക്രൂഗ്‌മാൻ വരെയുള്ള സാമ്പത്തികവിദഗ്ധരുടെ നീണ്ട നിര. അമേരിക്കൻ പ്രസിഡന്റ് ട്രംപ്‌മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺവരെയുള്ള ഏറ്റവും കടുത്ത യാഥാസ്ഥിതിക ചിന്താഗതിക്കാർ തൽക്കാലത്തേക്കെങ്കിലും കെയിൻസിന്റെ കൂടാരത്തിലേക്ക്‌ കാലുമാറുകയും ചെയ്തു.

അങ്ങനെയിന്ന് ഇക്കാര്യത്തെക്കുറിച്ച് ഏതാണ്ട് ഏകീകൃത അഭിപ്രായമാണ് ലോകത്ത്; പ്രധാനമന്ത്രി മോദിക്കൊഴികെ.   മുറിഞ്ഞുപോയ സപ്ലൈ ചെയിനുകൾ പുനഃസ്ഥാപിക്കലാണ് പ്രഥമ കടമ എന്നാണ് അദ്ദേഹത്തിന്റെയും ഉപദേശകരുടെയും നിലപാട്. ഈ കാഴ്ചപ്പാടിന്റെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ്.

ആരുടെ കൈയിലും പണമില്ലാതിരിക്കുന്ന സാഹചര്യത്തിൽ സപ്ലൈചെയിൻ പുനഃസ്ഥാപിക്കുന്നതെങ്ങനെ പ്രഥമകർത്തവ്യമാകും. അതുകൊണ്ടെന്തു പ്രയോജനം? കാരണം, അവരുടെ ഉത്‌പന്നങ്ങൾ വാങ്ങാനുള്ള കഴിവ് കമ്പോളത്തിലില്ല. അപ്പോൾ ഉത്‌പന്നങ്ങൾ സപ്ലൈ ചെയ്യാൻ സംരംഭകർക്ക് പണം ഉത്തേജനമായി നൽകുന്നതുകൊണ്ട് ഗുണമെന്ത്? ആദ്യം ഡിമാൻഡ്‌ ഉണ്ടാക്കുക, അതിന് അനുസൃതമായി ചെറുകിട സംരംഭങ്ങൾ അനങ്ങിത്തുടങ്ങുമ്പോൾ അവർക്ക് സഹായമെത്തിക്കുക. ഇതാണ് യുക്തിസഹം.

പണമായി എത്താത്ത പാക്കേജ് 

പക്ഷേ, 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് എങ്ങനെ ഹരിച്ചു ഗുണിച്ചാലും ഒരു ലക്ഷം കോടി രൂപ പോലും നേരിട്ട് ജനങ്ങളുടെ കൈകളിൽ പണമായി എത്തിക്കുന്നില്ല. ജൻധൻ അക്കൗണ്ടിൽ 500 രൂപ വെച്ച് മൂന്നുമാസം നൽകുമെന്ന് ലോക്ഡൗൺ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. പിന്നെ പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിലൂടെ കൃഷിക്കാർക്കുള്ള 2000 രൂപയും സൗജന്യറേഷനും. അവിടെ തീരുന്നു നേരിട്ടുള്ള സഹായം.

സപ്ലൈസൈഡിൽ ആർക്കൊക്കെ എന്തൊക്കെ സഹായമാണ് നൽകുന്നത് എന്നു നോക്കാം. അവിടെ അഞ്ചുതരം ആളുകളാണുള്ളത്. ഒന്ന്, കൃഷിക്കാർ. രണ്ട്, സൂക്ഷ്മ ചെറുകിട സംരംഭകർ. മൂന്ന്, ധനകാര്യസ്ഥാപനങ്ങൾ. നാല്, വ്യവസായ കോർപ്പറേറ്റുകൾ. അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങൾ. ഇവർക്ക് ഓരോരുത്തർക്കും എന്തു സഹായമാണ് കിട്ടുന്നത് എന്നു പരിശോധിക്കുമ്പോഴാണ് പാക്കേജിന്റെ തനിനിറം വ്യക്തമാകുന്നത്.

കൃഷിക്കാരും ചെറുകിട സംരംഭകരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലോക്ഡൗൺ കാലത്തുണ്ടായ നഷ്ടവും അതുമൂലം ഇതുവരെ എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കാനാവാത്തതുമാണ്.  പിന്നെ വീണ്ടും പ്രവർത്തനമാരംഭിക്കണമെങ്കിൽ പ്രവർത്തനമൂലധനമായി അവർക്ക് കൂടുതൽ വായ്പയും കിട്ടണം. 

ബാങ്കുകൾ വായ്‌പ നൽകാൻ മടിക്കുമ്പോൾ

രണ്ടാമത്തെ കാര്യത്തിൽ കുറച്ച്‌ ഉദാരമായ സമീപനം കൈക്കൊണ്ടിട്ടുണ്ട്. ചെറുകിട സംരംഭങ്ങൾക്ക് ഏതാണ്ട് നാലുലക്ഷം കോടി രൂപയും കൃഷിക്കാർക്ക് മൂന്നുലക്ഷം കോടി രൂപയും പല ഇനങ്ങളിലായി വായ്പ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ബാങ്കുകൾ കനിയണം.

റിസർവ് ബാങ്ക് ഈ പ്രതിസന്ധി ആരംഭിച്ചതിനുശേഷം എട്ടുലക്ഷം കോടി രൂപയാണ് ബാങ്കുകൾക്ക് കൂടുതലായി വായ്പ നൽകാൻ അനുവദിച്ചത്.  പലിശ നിരക്കും ഗണ്യമായി കുറച്ചു. പക്ഷേ, എന്താണ് സംഭവിച്ചത്? ഈ മേയ് ആദ്യം ബാങ്കുകൾ 8.5 ലക്ഷം കോടി രൂപ റിസർവ് ബാങ്കിൽത്തന്നെ തിരിച്ച്‌ ഡെപ്പോസിറ്റു ചെയ്തു. അതും 3.5 ശതമാനം പലിശയ്ക്ക്. 5.5 ശതമാനം പലിശവരെ നൽകിയാണ് റിസർവ് ബാങ്കിൽനിന്ന് പണമെടുത്തത് എന്നോർക്കണം. ഇത്രയും നഷ്ടം ഉണ്ടായാലും വായ്പ കൊടുക്കാൻ അവർ തയ്യാറല്ല.

ബാങ്കുകൾ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു? ഇതിന്റെ സാമ്പത്തികശാസ്ത്രമാണ് കെയിൻസിന്റെ ലിക്വിഡിറ്റി പ്രിഫറൻസ് എന്ന തത്ത്വം. പ്രതിസന്ധിക്കാലത്ത് അനിശ്ചിതത്വം വളരെ കൂടുതലാണ്. ഏത് ഇടപാടുകാരനാണ് ഇനി പൊളിയുക എന്ന് ബാങ്കുകൾക്കറിയില്ല. അങ്ങനെ പൊളിഞ്ഞാൽ നാട്ടുകാർ പരിഭ്രാന്തിയിലായി, ഡെപ്പോസിറ്റ് പിൻവലിക്കാൻ ഓടിക്കൂടിയാലോ എന്ന ഭയം വേറെ. അങ്ങനെ ജനം കൂട്ടത്തോടെ വന്നാൽ കൊടുക്കാൻ റെഡി കാശ് വേണം. അതിന് പരമാവധി കാശായി സൂക്ഷിക്കുക, അല്ലെങ്കിൽ പെട്ടെന്ന് കാശാക്കാൻ പറ്റുന്ന റിസർവ് ബാങ്ക് ഡെപ്പോസിറ്റായി വെക്കുക. ഇതാണ് അവരുടെ സമീപനം.

ബാങ്കുകൾ വായ്പ കൊടുക്കുന്നില്ല എന്ന സാഹചര്യത്തെ കേന്ദ്രം എങ്ങനെ മറികടക്കും? ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകിയ പണം അവർ റിസർവ് ബാങ്കിൽത്തന്നെ തിരികെ നിക്ഷേപിച്ചത് നാം കണ്ടു. ആ നിക്ഷേപത്തിൽനിന്ന് നല്ലൊരുഭാഗം കേന്ദ്രസർക്കാർ തന്നെ റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത് സംരംഭകർക്കു നൽകണം. എന്നാലേ ഫലമുള്ളൂ. പക്ഷേ, ഇതിന് കേന്ദ്രം തയ്യാറല്ല.

കൃഷിക്കാരുടെയും സംരംഭകരുടെയും നിലവിലുള്ള വായ്പയ്ക്ക് മൂന്നുമാസം കൂടി മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഈ കാലയളവിൽ പലിശയ്ക്ക് ഒരു ലോപവുമില്ല. മൊറട്ടോറിയം കാലത്തെ പലിശയെങ്കിലും ഇളവുചെയ്യണമെന്നാണ് കൃഷിക്കാരുടെയും സംരംഭകരുടെയും ആവശ്യം. അതിന് കേന്ദ്രം തയ്യാറല്ല. ഫലത്തിൽ, നോട്ടു നിരോധനം മൂലം തകർന്ന ചെറുകിട സംരംഭകർക്ക് കോവിഡ് സ്തംഭനം അടുത്ത ഇരുട്ടടിയാകും.

ധനകാര്യ സ്ഥാപനങ്ങളിലേക്ക്‌ എട്ടുലക്ഷം കോടി രൂപ റിസർവ് ബാങ്ക് മുൻകൈയെടുത്ത് നൽകിയതും 20 ലക്ഷം കോടി പാക്കേജിന്റെ ഭാഗമാക്കിയിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് ഇതുവരെ സമ്പദ്ഘടനയ്ക്കൊരു ഗുണവും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഏതായാലും ഇങ്ങനെയൊരു സഹായം കൊടുത്തതുകൊണ്ട് ഐ.എൽ. ആൻഡ് എഫ്.എസും യെസ് ബാങ്കുമെല്ലാം തകർന്നതുപോലെ മറ്റു പല സ്ഥാപനങ്ങളും തകരാതെ സഹായിച്ചിട്ടുണ്ട്. അത്രയ്ക്കു ദുർബലമാണ് ഇന്ത്യൻ ധനകാര്യമേഖല.

കോർപ്പറേറ്റുകൾക്ക് ലോട്ടറി 

അങ്ങനെ നാം കോർപ്പറേറ്റുകളിലെത്തുന്നു. ഉത്തേജകപാക്കേജ് അവർക്കുള്ള ലോട്ടറിയാണ്. മഹാവ്യാധിയുടെ മറവിൽ ഇന്ത്യൻ പൊതുമേഖല കോർപ്പറേറ്റുകൾക്ക് കൈമാറി. ഇനി തന്ത്രപ്രധാന മേഖലയിലേ പൊതുമേഖലയുള്ളൂവത്രേ. അതുതന്നെ ഏറിയാൽ നാല്‌ സ്ഥാപനങ്ങൾ. ആറ്റമിക് എനർജി, ബഹിരാകാശം, റെയിൽവേ, പ്രതിരോധം, ഖനനം എന്നു തുടങ്ങി എല്ലാ മേഖലകളും സ്വകാര്യ സംരംഭകർക്കു കടന്നു വരാം. പ്രതിരോധത്തിലാകട്ടെ വിദേശ കമ്പനികൾക്ക് 74 ശതമാനം വരെ ഷെയറുമാകാം. കൽക്കരിപ്പാടങ്ങൾ മാത്രമല്ല, മറ്റ് ധാതുക്കളുടെയും പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള അനുമതി സ്വകാര്യമേഖലയ്ക്കു കൊടുക്കുകയാണ്.

തീർന്നില്ല. അഞ്ചു ലക്ഷം ഏക്കർ ഭൂമി അവർക്കായി കണ്ടെത്തി മാറ്റിവെച്ചിരിക്കുകയാണ്. ഇവർ പ്രസാദിച്ചാൽ ഇന്ത്യൻ സമ്പദ്ഘടന രക്ഷപ്പെടും എന്നാണ് സർക്കാരിന്റെ വിശ്വാസം. ഇതു പറഞ്ഞാണ് ഒന്നരലക്ഷം കോടി രൂപ നികുതിയിളവായി കോർപ്പറേറ്റുകൾക്ക് നൽകിയത്. എന്തെങ്കിലും ഗുണമുണ്ടായോ? 

വായ്പപ്പരിധി നീട്ടി എങ്കിലും 

സംസ്ഥാനങ്ങൾക്കൊരു ആശ്വാസമുണ്ട്. വായ്പപ്പരിധി മൂന്നിൽനിന്ന് അഞ്ചു ശതമാനമായി ഉയർത്തി. കേരളത്തിന് 18,000 കോടി അധികമായി വായ്പയെടുക്കാം. പക്ഷേ, നിബന്ധനകളുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാനങ്ങൾ എടുക്കുന്ന കമ്പോളവായ്പയ്ക്ക് കേന്ദ്രസർക്കാർ നിബന്ധന വെക്കുന്നത്. ഇതൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുകയാണ്. സംസ്ഥാനങ്ങളുടെ ധനകാര്യ അവകാശങ്ങൾക്കുമേലുള്ള വലിയൊരു കൈയേറ്റമാണ്.

കോവിഡ് മൂലം ജനങ്ങൾ നേരിടുന്ന ദുരിതത്തിന് ഒരു മരുന്നും ഇതിലില്ല.  നോട്ടുനിരോധനത്തിനുശേഷം സംഭവിച്ചതുപോലെ നമ്മുടെ സാമ്പത്തിക വളർച്ചയെ മന്ദീഭവിപ്പിക്കുകയേയുള്ളൂ. കോവിഡ് സാമ്പത്തികത്തകർച്ചയിൽ നിന്നുള്ള കരകയറ്റം ദീർഘമേറിയതും കൂടുതൽ ക്ലേശകരവുമാകും.

നവോമി ക്ലെയിന്റെ പ്രസിദ്ധമായൊരു പുസ്തകമുണ്ട്, The Shock Doctrine: The Rise of Disaster Capitalism.  ദുരന്തങ്ങളെ ഉപയോഗപ്പെടുത്തി സാധാരണഗതിയിൽ സ്വീകരിക്കപ്പെടാനിടയില്ലാത്ത നയങ്ങൾ നടപ്പാക്കുന്ന രീതിയെയാണ് അവർ ഈ പുസ്തകത്തിൽ തുറന്നുകാണിക്കുന്നത്. അതിനൊരു ഉദാഹരണമാണ് ഈ ഉത്തേജകപാക്കേജ്.

മഹാമാരിയുടെ കണക്കുകൂട്ടലുകളെ കേരളം തെറ്റിക്കുന്നതിങ്ങനെ


ധനവിചാരം, മെയ് 9, 2020

കേരളത്തിൽ
 കോവിഡ് രോഗികളായി ഇതുവരെ ആകെ കണ്ടെത്തിയത് 503 പേരെ മാത്രമാണ്. എന്നാൽ മെയ് 7 ആകുമ്പോൾ 72000 പേർ രോഗികളായിരിക്കുമെന്നും അതിൽ 22000 പേർ ഗുരുതരമായ അവസ്ഥയിൽ ഐസിയുവിൽ ആയിരിക്കുമെന്നുമുള്ള ഒരു പഠനറിപ്പോർട്ട് ഞാൻ വായിച്ചു. വിശദമായ കണക്കുകൾ ഒരു ദേശീയ മാധ്യമം ലഭ്യമാക്കിയതുകൊണ്ട് എങ്ങനെ ഈ നിഗമനത്തിലെത്തി എന്ന് ഒരു പരിധിവരെ മനസിലാക്കാനും കഴിഞ്ഞു. കണക്കിലോ കണക്കുകൂട്ടിയ രീതികളിലോ കുറ്റമൊന്നും പറയാനാവില്ല. രോഗം ഗുരുതരമായ ആറ് രാജ്യങ്ങളുടെ പാറ്റേണിൽ കേരളത്തിലെ രോഗാതുരതയെക്കുറിച്ചുള്ള മാർച്ചു മുതൽ ഏപ്രിൽ ആദ്യം വരെയുള്ള കണക്കുകളെ ആസ്പദമാക്കി ഗണിച്ചെടുത്തതാണ് ഈ നിഗമനം. ഇതിനു പുറമെ, പകർച്ചവ്യാധി വ്യാപനം സംബന്ധിച്ചുള്ള ശുദ്ധഗണിത മോഡലുകളും ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശുഭപ്രവചനമാണ് ഞാൻ പരാമർശിച്ചത്.

പക്ഷേ, യാഥാർത്ഥ്യം എത്രയോ അകലെയാണ്. കേരളത്തിലെ രോഗികളുടെ എണ്ണം കൈവിരലുകളിലെണ്ണാവുന്ന അക്കങ്ങളിലേയ്ക്ക് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പഠനമാവട്ടെ പകർച്ചവ്യാധിയെ സ്വാഭാവിക വളർച്ചയ്ക്കു വിട്ടാൽ എന്തു സംഭവിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അതിശക്തമായ സർക്കാർ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ പകർച്ചവ്യാധി നമ്മുടെ സംസ്ഥാനത്തെ എവിടെക്കൊണ്ട് എത്തിക്കുമായിരുന്നു എന്നാണ് ആ റിപ്പോർട്ട് എന്നെ ചിന്തിപ്പിച്ചത്.

കണക്കുകൂട്ടലുകളും യാഥാർത്ഥ്യവും

ബന്ധപ്പെട്ട മറ്റൊരു പഠനം കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ള 503 കേസുകൾക്കു പുറമെ 318 പേർക്കു കൂടിയെങ്കിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രം. നമ്മൾ എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നില്ലല്ലോ. ടെസ്റ്റിനു വിധേയരാകാത്ത രോഗബാധിതർ കേരളത്തിലുണ്ട് എന്നാണ് ഈ പഠനം പറയുന്നത്.

പഠനത്തിൽ പറയുന്നതുപോലെ തിരിച്ചറിയാത്ത ഇത്രയധികം വൈറസ് ബാധിതർ സമൂഹത്തിൽ ഉണ്ടെങ്കിൽ നിശ്ചയമായും സാമൂഹ്യവ്യാപനം ഉണ്ടായേനേ. എന്നാൽ അത് ഉണ്ടായിട്ടില്ല. കേരളത്തിലെ കൊവിഡ് രോഗികളുടെ മൂന്നോ, നാലോ പേരൊഴികെ മുഴുവൻ ആളുകളുടെയും സ്രോതസ്സ് നമുക്ക് കണ്ടുപിടിക്കാനായിട്ടുണ്ട്. അപ്പോൾ ഈ വിരോധാഭാസത്തെ എങ്ങനെ വിശദീകരിക്കാനാകും?

ഇവരുടെ കണക്കുകൂട്ടലിന് രണ്ട് മുഖ്യപടവുകളാണുള്ളത്. ഒന്ന്, എത്ര പേർ മരിക്കും? ഇതുവരെയുള്ള മരണവും രോഗത്തിന്റെ ദൈർഘ്യവും കണക്കിലെടുക്കുമ്പോൾ 500 രോഗികൾക്ക് മൂന്നല്ല, ഒരു മരണവുംകൂടിയെങ്കിലും ഉണ്ടാകും (വേണമെങ്കിൽ മാഹി മരണവും നമ്മുടെ കണക്കിൽപ്പെടുത്താമല്ലോ). രണ്ട്, ലോകത്തെ മറ്റുല പല രാജ്യങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മരണം ഉണ്ടെങ്കിൽ ശരാശരി എത്ര രോഗികളുണ്ടാകുമെന്ന് കണക്കാക്കാനാകും. ആ തോതുവച്ചു നോക്കുമ്പോൾ കേരളത്തിൽ  318 പേർക്കുകൂടി രോഗം ഉണ്ടാവണം.

ശരിയാണ്, അന്തർദേശീയ നിലവാരം വച്ചുനോക്കുമ്പോൾ രോഗികളെ നിർണ്ണയിക്കാനുള്ള  ടെസ്റ്റുകളുടെ എണ്ണം കേരളത്തിൽ കുറവാണ്. സ്വിറ്റ്സെർലെന്റിലാണ് ഏറ്റവും ഉയർന്ന തോത് – 28.6. അമേരിക്കയിൽ ആയിരംപേരിൽ 15.6 വരെ ആളുകളെ ടെസ്റ്റ് ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ ഈ തോത് 0.4 മാത്രമാണ്. കേരളത്തിൽ കുറച്ചു മെച്ചമാണെങ്കിലും 0.7 മാത്രമേയുള്ളൂ.

തിരഞ്ഞെടുത്തത് തനതുമാർഗം

എന്തുകൊണ്ടാണ് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നത്? ടെസ്റ്റുകളുടെ കിറ്റിന്റെ ദൗർലഭ്യം തന്നെയാണ് മുഖ്യകാരണം. ഈ സാഹചര്യത്തിൽ കേരളം തനതായൊരു ഫലപ്രദമായ മാർഗ്ഗം തെരഞ്ഞെടുത്തു. സമ്പർക്കപ്പട്ടിക തയ്യാറാക്കി മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കുകയും രോഗലക്ഷണമുള്ളവരെ ടെസ്റ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രം.  രോഗികളിൽ 60% പേർ പുറമേനിന്നും വന്നവരാണ്. അവരുടെ മുഴുവൻ ബന്ധങ്ങളെയും ട്രെയിസ് ചെയ്ത് നിരീക്ഷണത്തിലാക്കി. ഇവരിൽ രോഗലക്ഷണം കാണിക്കുന്നവരെ ടെസ്റ്റ് ചെയ്ത്, പോസിറ്റീവെങ്കിൽ ചികിത്സയിലുമാക്കി. അവരുടെ സമ്പർക്കങ്ങളെയും നിരീക്ഷണത്തിലാക്കുന്നു. ഏപ്രിൽ നാലിന് ഇത്തരത്തിൽ 171355 പേർ വീട്ടിലോ ആശുപത്രികളിലോ ആയി നിരീക്ഷണത്തിലുണ്ടായിരുന്നു. 90% രോഗികളും നിരീക്ഷണവലയത്തിനുള്ളിൽ നിന്നാണ് കണ്ടെത്തിയതെന്ന വസ്തുത ഈ സമ്പ്രദായം എത്ര ഫലപ്രദമാണെന്നത് അടിവരയിടുന്നു. ലോകത്തു തന്നെ അപൂർവം സ്ഥലങ്ങളിൽ മാത്രമേ ഇതുപോലൊരു സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുള്ളൂ.

ഇവരെ മുഴുവൻ ടെസ്റ്റ് ചെയ്യുക അപ്രായോഗികമാണ്. അതുകൊണ്ട് ലക്ഷണം കാണിക്കുന്ന മുഴുവൻ പേരെയും ടെസ്റ്റ് ചെയ്യുക, ബാക്കിയുള്ളവരെ റാന്റം ടെസ്റ്റ് ചെയ്യുക എന്ന മാർഗ്ഗമാണ് സ്വീകരിച്ചത്. പോസിറ്റീവായ ചിലർ ടെസ്റ്റിൽ നിന്നും വിട്ടുപോകാം. പക്ഷെ, അതിരുകവിഞ്ഞ വേവലാതി വേണ്ട.

കാരണം 14 – 21 ദിവസമാണല്ലോ ക്വാറന്റൈൻ കാലം. അപ്പോഴേയ്ക്കും രോഗം പരത്താനുള്ള ശേഷി ഇവരിൽ ഇല്ലാതാകും. ടെസ്റ്റ് ചെയ്യാത്തതുകൊണ്ട് രോഗം കണ്ടുപിടിക്കാത്തവർ ഈ കാലാവധി കഴിഞ്ഞ് പുറത്തുപോയാലും കുഴപ്പമില്ല. 10 ദിവസമാണ് അമേരിക്ക ഇപ്പോൾ പറയുന്ന പകർച്ച കാലയളവ്. എങ്കിലും നമ്മൾ റിസ്ക് എടുക്കുന്നില്ല. മിനിമം 14 ദിവസം തന്നെ ക്വാറന്റൈൻ കാലം തുടരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഫലപ്രദമായ ഈ കണ്ടെയിൻമെന്റ് സമ്പ്രദായം ഉള്ളതുകൊണ്ടാണ് സാധാരണഗതിയിൽ പോസിറ്റീവ് ആകേണ്ടവരുടെ എണ്ണം കേരളത്തിൽ കുറച്ചു നിർത്താൻ കഴിയുന്നത്.

ന്യൂയോർക്കും കേരളവും

ന്യൂയോർക്കും കേരളവും തമ്മിലുള്ള ഒരു താരതമ്യം നോക്കൂ. കേരളത്തിലെ ജനസംഖ്യ 3.3 കോടി. ന്യൂയോർക്കിലേത് 1.9 കോടി. കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2937 ഡോളർ. ന്യൂയോർക്ക് സ്റ്റേറ്റിൽ ഇത് 88981 ഡോളർ. കേരളത്തിൽ ആയിരം പേർക്ക് 1.8 ആശുപത്രിക്കിടക്ക ഉള്ളപ്പോൾ ന്യൂയോർക്കിൽ 3.1 കിടക്കകളുണ്ട്. കേരളത്തിൽ ആയിരം പേർക്ക് 1.7 ഡോക്ടർമാരുള്ളപ്പോൾ ന്യൂയോർക്കിൽ 3.8 ഡോക്ടർമാർ വീതമുണ്ട്. ന്യൂയോർക്കിലെ കൂടുതൽ ഉയർന്ന ജനസാന്ദ്രതയും വിദേശസമ്പർക്ക ബന്ധങ്ങളും വിസ്മരിക്കുന്നില്ല. എങ്കിൽ തന്നെയും ഒരു താരതമ്യം പ്രസക്തമാണ്. ജനുവരി 30ന് ആദ്യകേസ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ മൊത്തം 503 കേസുകളേയുള്ളൂ. ആക്ടീവ് കേസുകൾ 30 മാത്രം. മരണസംഖ്യ ആകട്ടെ മൂന്നും. മാർച്ച് ഒന്നിന് ആദ്യകേസ് കണ്ടെത്തിയ ന്യൂയോർക്കിൽ 3.2 ലക്ഷം രോഗികൾ; 25000 മരണം.

വളരെ താഴ്ന്ന പ്രതിശീർഷ വരുമാന അടിത്തറയിൽ വികസിത രാജ്യങ്ങൾക്കൊപ്പമുള്ള ആരോഗ്യ സൂചകങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞത് അഞ്ചുപതിറ്റാണ്ടിലേറെയായിട്ടുണ്ട് ലോകത്ത് ചർച്ചയായിട്ട്. ഇതിനുകാരണം നമ്മുടെ പൊതു ആരോഗ്യസംവിധാനത്തിന്റെ മികവാണ്. ഇന്നത്തെ സർക്കാർ നടത്തുന്ന സമാനതകളില്ലാത്ത നിക്ഷേപം മാത്രമല്ല ഒരു നൂറ്റാണ്ടു കാലത്തെ മുതൽമുടക്കിന്റെ ശക്തി നമ്മുടെ പൊതു ആരോഗ്യസംവിധാനത്തിനുണ്ട്. ഇതിന്റെ ഗുണഫലം നമ്മളോരോരുത്തരും അനുഭവിക്കുന്നുണ്ട്.

കേരളത്തിലെ ആശുപത്രിയിൽ ഒപി രോഗിയുടെ 2014ലെ ഒരു വർഷച്ചെലവ് 328 രൂപയാണ്. ഇന്ത്യയിൽ ചെലവ് ഇതിന്റെ ഇരട്ടി വരും. പൊതു ആശുപത്രിയിലുള്ള ഒരു തവണത്തെ കിടത്തി ചികിത്സയ്ക്ക് കേരളത്തിൽ 2743 രൂപ ചെലവു വരുമ്പോൾ ഇന്ത്യയിൽ അത് 7592 രൂപയാണ്. സ്വകാര്യ ആശുപത്രിയിൽപ്പോലും ഈ നിരക്ക് കേരളത്തിൽ 21808 രൂപയും ഇന്ത്യയിൽ 32375 രൂപയുമാണ്. ഉത്തമമായ ചെലവിൽ കാര്യക്ഷമമായ ആരോഗ്യ സംവിധാനത്തിന്റെ സമ്പ്രദായം കൊറോണ കാലത്തും നമ്മൾ മുന്നോട്ട് കൊണ്ടുപോവുകയാണ്.

പ്രവാസികളുടെയും മറ്റും മടങ്ങിവരവോടെ പുതിയൊരു വ്യാപനത്തിന്റെ വെല്ലുവിളി നാം നേരിടും. ഒന്നാംഘട്ട വ്യാപനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞതുപോലെ ഇതിനെയും നേരിടുന്നതിന് കൃത്യമായ ജനകീയതന്ത്രം നാം ആവിഷ്കരിച്ചിട്ടുണ്ട്. പുറത്തു നിന്നു വരുന്നവരെ നിർബന്ധമായും ക്വാറന്റൈൻ ചെയ്യും. രോഗികളാകാൻ ഏറെ സാധ്യതയുള്ള വിഭാഗങ്ങളെ നിർബന്ധമായും വീട്ടിലിരുത്തും. മറ്റ് ആരോഗ്യമുള്ളവർ കൃത്യമായ നിയന്ത്രണ ചട്ടക്കൂടിൽ പണിയെടുക്കാൻ പോകും.

ലക്ഷംകോടി രൂപ തരാം, വേണ്ടെന്ന് ഇന്ത്യ

ധനവിചാരം, ഏപ്രിൽ 24, 2020

ഐ.എം.എഫിന്റെ ജനുവരി, ഏപ്രിൽ മാസങ്ങളിലെ ആഗോള സാമ്പത്തികവീക്ഷണ റിപ്പോർട്ടുകൾ (വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്) താരതമ്യംചെയ്താൽ എത്ര പൊടുന്നനെയാണ് കോവിഡ് പകർച്ചവ്യാധി ആഗോള സമ്പദ്ഘടനയെ തകർച്ചയിലേക്ക്‌ തള്ളിവിട്ടതെന്ന്‌ മനസ്സിലാകും. ജനുവരിയിൽ പ്രതീക്ഷിച്ച 3.1 ശതമാനം ആഗോളവളർച്ച ഏപ്രിലിൽ 3.0 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോർട്ട്.

ആഗോള ഉത്‌പാദനത്തിൽ 675 ലക്ഷം കോടി ഉത്‌പാദനനഷ്ടമുണ്ടാകും. 2020 പകുതിയാകുമ്പോൾ ആഗോള സമ്പദ്ഘടന പൂർവസ്ഥിതിയിലെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഈ കണക്ക്. അല്ലെങ്കിൽ തകർച്ച ഇരട്ടിയിലേറെയാകും. ഈ സാഹചര്യം നേരിടാൻ സമ്പന്നരാജ്യങ്ങൾ വരുമാനത്തിന്റെ 10  ശതമാനംവരെയുള്ള ഉത്തേജനപാക്കേജുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കയാണ്. ഏറ്റവും മുന്നിൽ അമേരിക്കതന്നെ.

എന്നാൽ, പിന്നാക്കരാജ്യങ്ങൾ പകച്ചുനിൽക്കുകയാണ്. ഐ.എം.എഫിനെയാണ് അവർ അഭയം പ്രാപിച്ചിരിക്കുന്നത്. വിദേശവിനിമയ പ്രതിസന്ധി പരിഹരിക്കാൻ  ഇതിനകം 102 രാജ്യങ്ങൾ വായ്പചോദിച്ച് ഐ.എം.എഫിനെ സമീപിച്ചുകഴിഞ്ഞു. 75 ലക്ഷം കോടി രൂപയെങ്കിലും അവർക്ക് അടിയന്തരവായ്പ എത്തിച്ചുകൊടുക്കണമെന്നാണ് ഐ.എം.എഫിന്റെ അഭിപ്രായം. വേറൊരു വഴിയുണ്ടെങ്കിൽ ആരും വായ്പയ്ക്ക്‌ ഐ.എം.എഫിനെ സമീപിക്കില്ല. കാരണം, ഐ.എം.എഫിന്റെ വായ്പനിബന്ധനകൾ അത്രയ്ക്ക് കുപ്രസിദ്ധമാണ്.

കൂലി വെട്ടിക്കുറയ്ക്കൽ, സർക്കാർ സബ്‌സിഡികൾ ഇല്ലാതാക്കൽ, ചെലവുചുരുക്കൽ, സ്വകാര്യവത്‌കരണം തുടങ്ങിയവയുടെയൊക്കെ ചേരുവകളാണ് അവരുടെ നിബന്ധനകൾ. നൊബേൽസമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്‌സിന്റെ ‘ഗ്ലോബലൈസേഷൻ ആൻഡ്‌ ഇറ്റ്‌സ് ഡിസ്‌കൺടൻസ്’ എന്ന വിശ്രുത ഗ്രന്ഥം ഐ.എം.എഫിന്റെ ഈ നയങ്ങളുടെ നിശിതവിമർശനമാണ്. എന്നാൽ, ഐ.എം.എഫിനുപോലും ചില മാനസാന്തരങ്ങൾ സമീപകാലത്ത് വന്നുകൊണ്ടിരിക്കുന്നുവെന്നാണ് സ്റ്റിഗ്ലിറ്റ്‌സിന്റെ ഇപ്പോഴത്തെ അഭിപ്രായം. 

എസ്‌.ഡി.ആർ. 

ഒരുപക്ഷേ, ഈ മനംമാറ്റത്തിന്റെ ഭാഗമായിട്ടായിരിക്കും ഏതാണ്ട് 50 ലക്ഷം കോടി രൂപയുടെ ഐ.എം.എഫ്. പണം അന്തർദേശീയ വിപണിയിൽ ഇറക്കാമെന്ന നിർദേശം. സ്പെഷ്യൽ ഡ്രോയിങ്‌ റൈറ്റ്‌സ് (എസ്‌.ഡി.ആർ.) എന്നാണ് ഈ പണത്തിന്റെ പേര്. രാജ്യങ്ങളുടെ വിദേശനാണയ കരുതൽശേഖരത്തിൽ വെക്കാമെന്നല്ലാതെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇവ ലഭ്യമല്ല.

ഡോളർ, യൂറോ, റെമിനിബി (ചൈന), യെൻ, പൗണ്ട് എന്നീ  നാണയങ്ങളുമായി ബന്ധപ്പെടുത്തിയാണ് എസ്.ഡി.ആറിന്റെ മൂല്യം  നിശ്ചയിക്കുന്നത്. സാധാരണഗതിയിൽ ഒന്നരഡോളറാണ് ഒരു എസ്‌.ഡി.ആർ. ഏതാണ്ട് 25 ലക്ഷം കോടി രൂപയുടെ എസ്.ഡി.ആറാണ് വിവിധ രാജ്യങ്ങളുടെ വിദേശവിനിമയശേഖരത്തിൽ ഇപ്പോഴുള്ളത്. ഇതിന് ഇരട്ടിവരുന്ന തുകയ്ക്കുള്ള എസ്‌.ഡി.ആർ. ലോകരാജ്യങ്ങളുടെ കരുതൽ ശേഖരത്തിലേക്ക്‌ നൽകാമെന്നാണ് ഐ.എം.എഫിന്റെ നിർദേശം.

ആവശ്യമുള്ള അംഗരാജ്യങ്ങൾക്ക് ഈ ഐ.എം.എഫ്. പണത്തെ ഡോളർപോലെ മറ്റുലോകനാണയങ്ങളിലേക്ക്‌ കൈമാറ്റി തങ്ങളുടെ വിദേശവിനിമയ പ്രതിസന്ധി പരിഹരിക്കാൻ അംഗരാജ്യങ്ങൾക്കുകഴിയും.  പിന്നാക്കരാജ്യങ്ങളെല്ലാംതന്നെ ഐ.എം.എഫിന്റെ നീക്കത്തെ വലിയ പ്രത്യാശയോടെയാണ് കണ്ടത്. ഈ തുക മുഴുവനും ഇവർക്കുകിട്ടുമെന്ന്‌ തെറ്റിദ്ധരിക്കരുത്. അംഗരാജ്യങ്ങളുടെ ഓഹരിക്ക്‌ അനുസരണമായേ പുതുതായി ഇറക്കുന്ന എസ്‌.ഡി.ആർ. കിട്ടൂ.

അമേരിക്കയ്ക്കാണ് ഏറ്റവും കൂടുതൽ ഓഹരി; 16.5 ശതമാനം. ഐ.എം.എഫിന് രൂപംനൽകിയപ്പോൾ അംഗരാജ്യങ്ങൾക്ക് ഉണ്ടായിരുന്ന സാമ്പത്തികവലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഓഹരി നിശ്ചയിച്ചത്. ഇന്ത്യക്ക്‌ 2.6 ശതമാനമാണ് ഓഹരി. ചെറിയൊരു ഓഹരിമാത്രമേ പിന്നാക്കരാജ്യങ്ങൾക്കുള്ളൂവെങ്കിലും, അവരുടെ രാജ്യത്തെ സാമ്പത്തികശേഷിയുമായി  താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണ്യമായ തുകയായിരിക്കും.  ഉദാഹരണത്തിന് വായ്പയ്ക്ക് അപേക്ഷിച്ചിരിക്കുന്ന 102-ൽ 25 രാജ്യങ്ങൾക്ക് ഐ.എം.എഫ്. 0.4 ലക്ഷം കോടി രൂപയാണ് വായ്പ  നൽകാൻ തീരുമാനിച്ചിട്ടുള്ളത്.

എന്നാൽ 50 ലക്ഷം കോടി രൂപയുടെ  പുതിയ എസ്‌.ഡി.ആർ. നിർദേശം അംഗീകരിക്കപ്പെട്ടാൽ ഇവർക്ക് 0.8 ലക്ഷം കോടി രൂപയുടെ അധിക സഹായം ലഭിക്കും. മാത്രമല്ല, ഐ.എം.എഫിൽനിന്നുള്ള വായ്പകളുടെ മുതലും പലിശയും തിരിച്ചടയ്ക്കണം. പക്ഷേ, ലഭിക്കുന്ന എസ്‌.ഡി.ആർ. ക്വാട്ട തിരിച്ചടയ്ക്കണ്ട. 0.05 ശതമാനം പലിശമാത്രമേ കൊടുക്കേണ്ടതുള്ളൂ. പ്രത്യേകിച്ച് ഒരു നിബന്ധനയുമില്ല. അതുകൊണ്ട് വളരെ പ്രതീക്ഷയോടെയാണ്‌ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ന്യൂയോർക്കിലെ ഐ.എം.എഫ്. സമ്മേളനത്തിനുവേണ്ടി കാത്തിരുന്നത്. 

ട്രംപിന്റെ നിലപാട്‌  

പക്ഷേ, ട്രംപ് ഈ നിർദേശം തള്ളിക്കളഞ്ഞു. അമേരിക്ക എതിർത്താൽ എസ്‌.ഡി.ആർ. ഇറക്കാൻ കഴിയില്ല. കാരണം, ഈ തീരുമാനത്തിന് 85 ശതമാനം വോട്ടുകിട്ടണം. അമേരിക്കയ്ക്ക് 16.5 ശതമാനം വോട്ടുണ്ട്. അമേരിക്ക വീറ്റോചെയ്തതോടെ പണിപാളി. അമേരിക്ക ഇങ്ങനെയൊരു നിലപാട് എടുത്തതിൽ അദ്‌ഭുതമില്ല.

ഇന്ന് ലോകനാണയമായിട്ട് എല്ലാവരും അംഗീകരിച്ചിട്ടുള്ളത്  ഡോളറാണ്. ഡോളറിന് പണ്ടത്തെ പ്രതാപമൊന്നും ഇല്ലെങ്കിലും ചൈനയുടെപോലും വിദേശ വിനിമയശേഖരത്തിൽ ഏറ്റവും വലിയ സ്ഥാനം നൽകിയിട്ടുള്ളത് ഡോളറിനാണ്. അമേരിക്കയുടെ ഒരു ഭാഗ്യം നോക്കിക്കേ. ഇന്ത്യാസർക്കാർ എത്ര രൂപയുടെ നോട്ടടിച്ചാലും നമ്മൾ അത് പണമായി വാങ്ങും.

ഇതുപോലെയാണ് ആഗോളമായി അമേരിക്കയുടെ നില. അമേരിക്ക എത്ര ഡോളർ അടിച്ചുവിട്ടാലും ലോകത്ത് ആരെങ്കിലും വാങ്ങിക്കൊള്ളും. പകരം ചരക്കുകളോ വസ്തുവകകളോ അല്ലെങ്കിൽ പലിശയോ അമേരിക്കയ്ക്ക് നൽകും.  തങ്ങളുടെ അസൂയാവഹമായ ഈ പദവി എസ്.ഡി.ആറിന് അടിയറവെക്കാൻ അമേരിക്ക തയ്യാറല്ല. പണ്ടും അമേരിക്കയുടെ നിലപാട് ഇതുതന്നെ.  അപ്പോൾപ്പിന്നെ ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ പ്രതികരണം ഊഹിക്കാമല്ലോ.

അമേരിക്കയോടൊപ്പം നിൽക്കാൻ ഒരു രാജ്യമേ ഉണ്ടായുള്ളൂ. അത് ഇന്ത്യാമഹാരാജ്യമായിരുന്നു. ഇന്ത്യക്കും ലഭിച്ചേനേ ഏതാണ്ട് ഒരു ലക്ഷംകോടി രൂപയുടെ എസ്‌.ഡി.ആർ. പിന്നെ എന്തിന് ഇന്ത്യ പുതിയ എസ്‌.ഡി.ആർ. ഇറക്കാനുള്ള നിർദേശത്തിെനതിരേ വോട്ടുചെയ്തു? 

ഇന്ത്യ എന്തിന്‌ എതിർത്തു?  

ഇതിന് ഉത്തരം ഇതുവരെ നിർമലാ സീതാരാമൻ പറഞ്ഞിട്ടില്ല. അവരുടേതായി വാർത്തകളിൽക്കണ്ട ചോദ്യം ഇതായിരുന്നു;  നിബന്ധനകളില്ലാതെ കിട്ടുന്ന പണം പകർച്ചവ്യാധിപ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് ഉറപ്പ് എന്താണ്‌? ഈ പണം അനഭിലഷണീയമായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണെങ്കിൽ വളരെ ഗൗരവമായ പാർശ്വഫലങ്ങളും ഉണ്ടായേക്കാമെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

എന്താണ് ഇവർ അർഥമാക്കിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിലരുടെ അഭിപ്രായം പാകിസ്താനെ ഉന്നം വെച്ചുള്ള  നീക്കമാണെന്നാണ്. പാകിസ്താൻ വിദേശവിനിമയതകർച്ചയുടെ വക്കിലാണ്. പുതിയ എസ്.ഡി.ആർ. അവർക്ക് രക്ഷയാകും. വേറെ ചിലർ പറയുന്നത് ട്രംപിനോടുള്ള വിശ്വസ്തത തെളിയിക്കുകയാണെന്നാണ്. കാരണം എന്തുതന്നെയാകട്ടെ, മൂന്നാംലോക രാജ്യങ്ങളുടെ നേതൃപദവി അലങ്കരിച്ചിരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ ആപത്ഘട്ടത്തിൽ അവർക്കെതിരേ കൊടിയ വഞ്ചനയാണ് ഇന്ത്യയുടെ നിലപാട്.

ഒരുപക്ഷേ, ആഭ്യന്തരമായി കേന്ദ്രധനമന്ത്രി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടിന്റെ തുടർച്ചയാകാം അന്തർദേശീയമായി എടുത്തുകൊണ്ടിരിക്കുന്ന സമീപനവും. ആഭ്യന്തരമായി കടുത്ത പ്രതിസന്ധിയിലായിട്ടും മറ്റുലോകരാജ്യങ്ങൾ ചെയ്യുന്നതുപോലെ റിസർവ് ബാങ്കിൽനിന്ന്‌ പുതിയ നോട്ട് ഇറക്കാൻ ആവശ്യപ്പെടാൻ അവർ തയ്യാറല്ലല്ലോ. ഈ നയത്തിന്റെ അന്തർദേശീയ പതിപ്പായിരിക്കും എസ്.ഡി.ആറിനെതിരായ നിലപാടും അമേരിക്കയുടെയും ഇന്ത്യയുടെയും നിലപാട് ആഗോളമായ കോവിഡ് പകർച്ചവ്യാധി പ്രതിരോധത്തിന്‌ വലിയ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഇന്ത്യയിലെ കുടിയേറ്റത്തൊഴിലാളികളെയും മറ്റുപാവപ്പെട്ടവരെയും  സഹായിക്കാനൊന്നും പണമില്ലെന്നുള്ള പതിവുപല്ലവിയുടെ കാലത്ത് വെറുതേകിട്ടിയ ഒരുലക്ഷം കോടി രൂപ വേണ്ടെന്നുെവച്ചതിന്റെ കാരണമറിയാൻ രാജ്യത്തിന് അവകാശമുണ്ട്.

കൊറോണക്കാലത്തെ നല്ലപാഠങ്ങൾ......

ധനവിചാരം, ഏപ്രിൽ  9, 2020

കോവിഡ് 19-നെതിരേ കേരളത്തിന്റെ പ്രതിരോധം അന്തർദേശീയതലത്തിൽത്തന്നെ പ്രകീർത്തിക്കപ്പെടുന്നുണ്ട്. നമ്മെപ്പോലെ വേറിട്ടുനിൽക്കുന്ന ജപ്പാൻ, ദക്ഷിണകൊറിയ, സ്വീഡൻ തുടങ്ങിയ പല പ്രദേശങ്ങൾ വേറെയുമുണ്ട്. ഇവരുടെയെല്ലാം നല്ല പാഠങ്ങൾ എന്ത്? 

ശീലങ്ങളുടെ പക്ഷം
ചൈനയുമായി ഉറ്റസാമ്പത്തികസമ്പർക്കം ഉണ്ടായിരുന്നിട്ടും ജപ്പാനിൽ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ല. അവരുടെ നല്ല ശീലങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അവർ കൈകൊടുക്കാറും കെട്ടിപ്പിടിക്കാറുമില്ല. മറിച്ച്, ഉപചാരം പ്രകടിപ്പിക്കുന്നത് തലകുനിച്ചാണ്. ഈ രോഗം വരുന്നതിനുമുമ്പും അവർക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകുന്ന ശീലമുണ്ടായിരുന്നു. മുഖാവരണവും ധരിക്കാറുണ്ടായിരുന്നു.

 നമ്മുടെ പ്രതിരോധത്തിന്റെ ഒരു പ്രധാനവിജയം ബ്രേക്ക് ദി ചെയിൻ ഫലപ്രദമായി നടപ്പാക്കിയതാണല്ലോ. പരിശോധന സാർവത്രികമാക്കിയതു വഴിയാണ് ദക്ഷിണകൊറിയയ്ക്ക് തുടക്കത്തിൽത്തന്നെ കോവിഡിനെ കീഴടക്കാനായത്. ഏറ്റവുമധികംപേരെ ടെസ്റ്റിനു വിധേയമാക്കിയത് അവരാണ്. ഇന്ത്യയുടെയും പല പാശ്ചാത്യരാജ്യങ്ങളുടെയും പരാജയം ഇവിടെയാണ്. ടെസ്റ്റിങ്‌ നടത്തുന്നതിൽ ഇന്ത്യയിൽ കേരളം വളരെ മുന്നിലാണ്.

പകർച്ചവ്യാധിയെ നിയന്ത്രിക്കുന്ന നേട്ടത്തിൽ അഭിമാനിക്കുമ്പോഴും ഏറ്റവും മോശമായ അവസ്ഥയെ നേരിടുന്നതിനുള്ള മുൻകരുതലുകൾ സർക്കാർ എടുക്കുന്നുണ്ട്. നിലവിലെ ആശുപത്രി കിടക്കകൾക്കുപുറമേ 1.5 ലക്ഷത്തിലേറെ കിടക്കകൾക്ക് ആവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും പി.ഡബ്ല്യു.ഡി. കണ്ടെത്തിക്കഴിഞ്ഞു. ആവശ്യമായ മരുന്നുകളുടെയും മറ്റു സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുന്നതിന് 600 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. 

ലോക്‌ഡൗണിന്റെ പാഠങ്ങൾ


ലോക്‌ഡൗണിന്റെ നല്ല പാഠമെന്താണ്? സന്തുഷ്ടരായ ജനങ്ങളേ പ്രതിരോധപ്രവർത്തനങ്ങളിൽ സ്വയമറിഞ്ഞ് പങ്കാളികളാവൂ. എന്നാൽ, ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇതിന്റെ തെളിവാണ് ലോക്‌ഡൗൺ കാലത്തുകണ്ട അതിഥിതൊഴിലാളികളുടെ കൂട്ടപ്പലായനം. കേരളം അവിടെയും മാതൃകയായി. ലോക്‌ഡൗൺ നടപ്പാക്കിക്കൊണ്ടുതന്നെ ഒരു സംസ്ഥാന സർക്കാരിന്റെ പരിമിതിക്കുള്ളിൽനിന്ന്‌ പരമാവധി പണവും അത്യാവശ്യം ഭക്ഷണവും ജനങ്ങളുടെ കൈയിൽ സർക്കാർ എത്തിച്ചു.ലോക്‌ഡൗണിൽനിന്നു പുറത്തുവരുന്ന സമ്പദ്ഘടനയെ എങ്ങനെ സാധാരണനിലയിലേക്ക്‌ മടക്കിക്കൊണ്ടുവരാമെന്നതിന് നല്ല പാഠങ്ങൾ ഉണ്ടാകാൻ സമയമായിട്ടില്ല.

വളരെ സങ്കീർണമായ വെല്ലുവിളിയാണിത്. സാമൂഹികനിയന്ത്രണങ്ങളിലെ അയവിന് അനുരോധമായിരിക്കണം ഇതിനുള്ള തന്ത്രം. ഇപ്പോൾത്തന്നെ നമ്മൾ തുടക്കംകുറിച്ചിട്ടുള്ള ഒന്നുണ്ട്. അത് വീട്ടുപുരയിടങ്ങളിലുള്ള പച്ചക്കറികൃഷിയാണ്. അവിടെനിന്ന് ഇത് മറ്റു കാർഷികമേഖലകളിലേക്കുകൂടി വ്യാപിപ്പിക്കാൻ കഴിയണം.

കൃഷി തന്നെയായിരിക്കും ആദ്യം ലോക്ഡൗണിൽനിന്ന് പുറത്തുകടക്കുന്നത്. അതുപോലെതന്നെയാണ് വീടുകളിലിരുന്ന് ചെയ്യുന്ന പരമ്പരാഗത തൊഴിലുകൾ. കയർപിരി, നെയ്ത്ത്, പനമ്പ്, ഇങ്ങനെ പലതുമുണ്ടല്ലോ. തുടർന്ന് ചെറുകിട വ്യവസായങ്ങളിലേക്കും നീങ്ങാം.   എന്നാൽ, ചില തൊഴിൽമേഖലകൾ അഞ്ചോ ആറോ മാസങ്ങൾകൊണ്ടേ സാധാരണനിലയിലെത്തൂ.

ഏറ്റവും നല്ല ഉദാഹരണം ടൂറിസം തന്നെയാണ്. പക്ഷേ, അടുത്തസീസണിലേക്കുള്ള മാർക്കറ്റിങ്‌ ഇപ്പോഴേ നമുക്ക് ആരംഭിക്കാൻ കഴിയണം. കേരളത്തിന്റെ കോവിഡ് പ്രതിരോധം തന്നെയായിരിക്കണം ബ്രാൻഡിങ്ങിന് അടിസ്ഥാനം. അതോടൊപ്പം പ്രതിസന്ധിയിലായ ടൂറിസം സംരംഭകരുടെ ബാധ്യതകളും അധികമുതൽമുടക്കിനുള്ള ആവശ്യകതകളുമെല്ലാം പരിഗണിക്കണം. ഇതുപോലെ ഓരോ തൊഴിൽമേഖലയുടെയും പ്രത്യേകതകൾ കണക്കിലെടുത്ത് പാക്കേജുകൾ തയ്യാറാക്കേണ്ടതുണ്ട്. 

 പ്രയോജനപ്പെടേണ്ട സാധ്യതകൾ

ചൈന ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് നമുക്കു പാഠമാണ്. വുഹാൻ അടക്കമുള്ള പട്ടണങ്ങൾ തുറക്കുമ്പോഴും കർശനമായ സാമൂഹികനിയന്ത്രണം പാലിക്കുന്നു. പക്ഷേ, ആദ്യം ലോക്ഡൗണിൽനിന്ന് പുറത്തുകടക്കുന്ന സമ്പദ്ഘടനയെന്ന നില തങ്ങളുടെ നേട്ടമാക്കിമാറ്റാനാണ് അവർ ശ്രമിക്കുന്നത്. അവർ അതിന് ആദ്യം തിരഞ്ഞെടുത്തിരിക്കുന്നത് ഫാർമസ്യൂട്ടിക്കൽ മെഡിക്കൽ ഉപകരണ വ്യവസായങ്ങളെയാണ്.

 ലോകസമ്പദ്ഘടന മുഴുവൻ സ്തംഭനത്തിലാണെങ്കിലും ഇവയ്ക്ക് എത്രവേണമെങ്കിലും ഡിമാൻഡുണ്ട്. ലഭ്യമാക്കേണ്ട താമസമേയുള്ളൂ വിറ്റുപോകാൻ. കേരളത്തിലും ഇതിനൊരു സാധ്യതയുണ്ട്. ആരോഗ്യകേരളത്തിന്റെ ബ്രാൻഡ് ഇതുപോലെ ഉയർന്ന മറ്റൊരു സന്ദർഭമില്ല. ഇതു നമുക്ക് മുതലാക്കാൻ കഴിയണം.

ആദ്യത്തേത് കെ.എസ്‌.ഡി.പി.യുടെ വിപുലീകരണമാണ്. കേരളത്തിലെ സ്വകാര്യ മരുന്നു യൂണിറ്റുകളെയും ചേർത്ത് ഒരു കൺസോർഷ്യത്തിനു രൂപംനൽകി, കേരള ജനറിക് ബ്രാൻഡ് സൃഷ്ടിക്കണം. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ റാപ്പിഡ് ടെസ്റ്റിങ്‌ സങ്കേതികവിദ്യയെ വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കണം. ഇതുപോലെതന്നെയാണ് ശ്രീചിത്രാ മെഡിക്കൽ സെന്റർ വികസിപ്പിച്ച നൂതനമായ മെഡിക്കൽ സാങ്കേതികവിദ്യകളും. ഇവയുടെ അടിസ്ഥാനത്തിൽ പുതിയ സംരംഭങ്ങൾ ഉയർന്നുവരുന്നതിന് ഉദാരമായി വായ്പയും സഹായങ്ങളും നൽകാൻ സർക്കാരിനു കഴിയണം.

ഫാർമാ പാർക്കിനെക്കുറിച്ച് നാം ഏതാനും വർഷങ്ങളായി ചർച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഭൂമി ലഭ്യമാണ്. കേന്ദ്രസർക്കാരിന്റെ സ്‌കീമും പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ മുൻഗണനാപ്പട്ടികയിൽ ആദ്യംതന്നെ ഇത് സ്ഥാനംപിടിക്കണം. ലോക്ഡൗൺ പിൻവലിക്കുന്നതോടെ സാനിറ്റൈസറിന്റെ ആവശ്യവും പലമടങ്ങ് ഉയരും. മാസ്കുകളുടേതും. ഇവിടെ വികേന്ദ്രീകൃതമായ ഉത്‌പാദനതന്ത്രവും പ്രസക്തമാണ്. ബെഡ്ഡുകൾ, ബെഡ്‌ഷീറ്റുകൾ, യൂണിഫോറങ്ങൾ എല്ലാം ആവശ്യം മുൻകൂട്ടിക്കണ്ടുകൊണ്ട് ഉത്‌പാദനം വർധിപ്പിക്കണം. 

ഇന്നിപ്പോൾ നാം പ്രഖ്യാപിച്ചിട്ടുള്ള 20,000 കോടി രൂപയുടെ പാക്കേജ് യഥാർഥത്തിൽ ഒരു ദുരിതാശ്വാസ പാക്കേജാണ്. ജനങ്ങളുടെ കൈയിൽ പണമെത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ഇതിന് അവർക്കു കൊടുക്കാനുണ്ടായിരുന്ന കുടിശ്ശിക തീർക്കുകയും ബജറ്റിൽ ഉൾക്കൊള്ളിച്ച പല സ്‌കീമുകളും മുൻകൂറായി നടപ്പാക്കുകയുമാണ് ചെയ്യുന്നത്. ഇതിനാവശ്യമായ പണം ക്രമീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. 

ലോക്‌ഡൗൺ എക്സിറ്റ്‌ സ്‌ട്രാറ്റജി

പക്ഷേ, അടുത്തഘട്ടം ഉത്തേജക പാക്കേജാണ്. അക്കാര്യത്തിൽ നമുക്കേറ്റവും സഹായകരമാകാൻ പോകുന്നത് കിഫ്ബിയുടെ പ്രോജക്ടുകൾ തന്നെയാണ്. ഏതാണ്ട് 30,000 കോടി രൂപയുടെ വിവിധങ്ങളായ പദ്ധതികൾ ടെൻഡർ നടപടികൾ നീങ്ങി നിർമാണഘട്ടത്തിലേക്ക്‌ കടക്കുമ്പോഴാണ് കോവിഡ് വന്നത്. ഇനി വേറെ തയ്യാറെടുപ്പുകൾ വേണ്ട. അവ ഊർജിതമായി നടപ്പാക്കാൻ തീരുമാനിച്ചാൽ മതി. ഇതിനെ ലോക്ഡൗൺ എക്‌സിറ്റ് സ്ട്രാറ്റജിയുമായി ബന്ധപ്പെടുത്തണം.

ലോക്ഡൗൺ എക്‌സിറ്റ് സ്ട്രാറ്റജിക്ക്‌ ബജറ്റിൽത്തന്നെ അധികപണം കണ്ടെത്തേണ്ടതുണ്ട്. ഇവിടെയാണ് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കാഴ്ചപ്പാടും നയവും പ്രസക്തമാകുന്നത്. ദുരിതാശ്വാസ പാക്കേജിന് കേന്ദ്രസഹായം തികച്ചും അപര്യാപ്തമായിരുന്നു. ഉത്തേജക പാക്കേജിലും ഈ യാഥാസ്ഥിതിക സമീപനം തുടർന്നാൽ രാജ്യം ഭയാനകമായ ഒരു തകർച്ചയിലേക്കുപോകാം. കോർപറേറ്റ് ടാക്‌സ് ഇളവുനൽകിക്കൊണ്ടുമാത്രം സമ്പദ്ഘടനയെ കരകയറ്റാനാവില്ല.

Monday, April 6, 2020

ബന്തവസ്സായ ജനങ്ങൾക്കുള്ള അടിയന്തരസഹായം

ധന വിചാരം, മാതൃഭൂമി, മാർച്ച് 26, 2020

രണ്ടാഴ്ചകൊണ്ട് ലോകം എങ്ങനെ മാറി! കഴിഞ്ഞ ലേഖനത്തിൽ ഉദ്ധരിച്ച ഏറ്റവും അശുഭപ്രവചനം ഒ.ഇ.സി.ഡി.യുടേതായിരുന്നു. ആഗോള ഉത്പാദനവർധന 2020-ൽ 2.4 ശതമാനമായി കുറയുമെന്നായിരുന്നു അവരുടെ വിലയിരുത്തൽ. ഉത്‌പാദനം വർധിക്കും. എന്നാൽ, വളരെ പതുക്കെ മാത്രം. ഇപ്പോഴതല്ല സ്ഥിതി. ലോക ഉത്പാദനം വർധിക്കുകയില്ലെന്നുമാത്രമല്ല, ഒരു ശതമാനത്തിലേറെ കേവലമായി കുറയുമെന്നുമാണ് ഇന്നലെ മോർഗൻ സ്റ്റാൻലി പ്രവചിച്ചത്. അമേരിക്കയിൽ ഈ പാദത്തിൽ ഉത്‌പാദനം 24-30 ശതമാനം ഇടിയും. അമേരിക്കൻ ചരിത്രത്തിൽ ഇതുപോലെ ഉത്പാദനം പൊടുന്നനെ ഇടിഞ്ഞ അനുഭവം ഉണ്ടാവില്ല.

സാധാരണ ഫ്ളൂകൊണ്ട് വർഷംതോറും നാൽപ്പതിനായിരത്തോളം ആളുകൾ അമേരിക്കയിൽ മരിക്കുന്നുണ്ടെന്നും അതുകൊണ്ട് സമ്പദ്ഘടന തകർന്നിട്ടുണ്ടോ എന്നൊക്കെ പരിഹസിച്ചുനടക്കുകയായിരുന്നു രണ്ടാഴ്ച മുമ്പുവരെ ട്രംപ്. ഇന്നദ്ദേഹം 150 ലക്ഷം കോടിരൂപയുടെ രക്ഷാപാക്കേജുമായി ഇറങ്ങിയിരിക്കയാണ്.

സാമ്പത്തികമാന്ദ്യങ്ങൾ മുതലാളിത്തത്തിന് പുത്തരിയല്ല. വരുമാനത്തിലും ഉപഭോഗത്തിലും നിക്ഷേപത്തിലുമുണ്ടാവുന്ന ഇടിവ് ഒരു ചുഴിയിലെന്നപോലെ സമ്പദ്ഘടനയെ താഴേക്ക്‌ കൊണ്ടുപോകും. എന്നാലും തകർച്ചയുടെ നെല്ലിപ്പടിയിലെത്താൻ മാസങ്ങളെടുക്കും. പക്ഷേ, കൊറോണയുണ്ടാക്കിയ തകർച്ച അങ്ങനെയല്ല. ഇന്ത്യയുടെ അനുഭവം നോക്കൂ. ഒറ്റദിവസം കൊണ്ടല്ലേ സമ്പദ്ഘടന ബന്തവസ്സായത്. ഫാക്ടറികളും കച്ചവടവും കൃഷിപ്പണിപോലും നിലച്ചു. ആളുകൾ വീട്ടിലിരിപ്പായി. ഉത്‌പാദനം നിശ്ചലമായി. ഇതാണ് കൊറോണ വൈറസ് സാമൂഹികവ്യാപനത്തിലേക്ക്‌ നീങ്ങിയാൽ ഉണ്ടാവുന്ന സ്ഥിതി. പകർച്ചവ്യാധി പ്രതിരോധനടപടികളും സമൂലമായ ഉത്‌പാദനത്തകർച്ചയിലേക്ക്‌ നയിക്കാം.

ഈ ഘട്ടത്തിൽ രാജ്യത്തെ ലോക്ഡൗൺ ചെയ്ത പ്രധാനമന്ത്രിയുടെ തീരുമാനം ഉചിതംതന്നെ; മറ്റുമാർഗമില്ല. ഗോമൂത്രചികിത്സയോ വേനൽച്ചൂടോ ആൾക്കൂട്ടപൂജയോ രക്ഷതരില്ലെന്ന തിരിച്ചറിവുണ്ടാക്കുക വലിയ കാര്യമാണ്. പക്ഷേ, മൂന്നാഴ്ച പണിക്കൊന്നും പോകാനാകാതെ വീട്ടിലിരിക്കേണ്ടി വരുന്ന പാവങ്ങൾക്ക് ഭക്ഷണമെങ്കിലും കൃത്യമായി എത്തിക്കാൻ ഒരു പരിപാടി വേണ്ടതല്ലേ എന്നായിരുന്നു എന്നെപ്പോലുള്ളവർ ചോദിച്ചത്. അതിനുത്തരമായി  1.7 ലക്ഷം കോടി രൂപയുടെ ഉപജീവനപാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ ലോകരാഷ്ട്രങ്ങളും ഇത് ചെയ്തുകൊണ്ടിരിക്കയാണ്, ട്രംപുപോലും! ട്രംപിന്റെ പേരുപറയാൻ ഒരു കാരണമുണ്ട്. ജനങ്ങൾക്ക് സബ്‌സിഡി നൽകുന്നത് അദ്ദേഹത്തിന് ചതുർഥിയായിരുന്നു. എന്നാൽ, ഇത്തരം സഹായധനങ്ങൾക്കെതിരേ ഈ ഘട്ടത്തിൽപ്പോലും ട്രംപിന്റെ കടുത്ത അനുയായികൾ പ്രത്യയശാസ്ത്ര വിമർശനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.

എന്തൊരു മറിമായം! അമേരിക്കയുടെ 150 ലക്ഷംകോടി രൂപയുടെ രക്ഷാപാക്കേജിന്റെ ഭാഗമായി ഓരോ പൗരനും 90,000 രൂപയും കുട്ടികൾക്ക് 38,000 രൂപവീതവും അക്കൗണ്ടിലിടുമെന്നാണ് പ്രഖ്യാപനം. ഹോങ്‌കോങ്ങും ഓരോ പൗരനും 90000 രൂപ പ്രഖ്യാപിച്ചു. വീട്ടിലിരിക്കാൻ നിർബന്ധിതരാകുന്ന എല്ലാവരുടെയും ശമ്പളത്തിന്റെ 80 ശതമാനം നൽകാനാണ് ബ്രിട്ടന്റെ തീരുമാനം.


സംസ്ഥാനങ്ങളെ കരകയറ്റണം

സംസ്ഥാനങ്ങളുടെ കാര്യമെടുക്കാം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൊത്തം ചെലവിന്റെ 60 ശതമാനം സംസ്ഥാനങ്ങളുടേതാണ്. അടച്ചിടലോടെ സംസ്ഥാനങ്ങളുടെ വരുമാനമാർഗങ്ങളും അടഞ്ഞിരിക്കയാണ്. കച്ചവടമില്ലെങ്കിൽ പിന്നെന്ത് ജി.എസ്.ടി.? മാസം ശരാശരി  3000 കോടി കിട്ടുന്ന സ്ഥാനത്ത് കേരളത്തിന് 500 കോടി പ്രതീക്ഷിക്കാം. നഷ്ടപരിഹാരം തരാനുള്ള ഭാവം കേന്ദ്രസർക്കാരിനില്ല. ബിവറേജസിൽനിന്നുള്ള വരുമാനം ഏപ്രിലിൽ പൂജ്യമായിരിക്കും. മോട്ടോർവാഹന നികുതിയിൽ ഏപ്രിലിൽ ഇളവുനൽകിയിട്ടുണ്ട്. രജിസ്‌ട്രേഷൻ വരുമാനവും ഏപ്രിലിൽ തുച്ഛമേ പ്രതീക്ഷിക്കുന്നുള്ളൂ. ലോട്ടറി ഇല്ല. കേന്ദ്രസർക്കാരിൽനിന്നുകിട്ടുന്ന നികുതിവിഹിതം കുത്തനെ ഇടിയാൻ പോവുകയാണ്. സാധാരണഗതിയിൽ കിട്ടേണ്ട വരുമാനത്തിന്റെ മൂന്നിലൊന്നുപോലും ഈ ഏപ്രിലിൽ കിട്ടില്ല. വായ്പയെടുക്കുന്നതെല്ലാം കുടിശ്ശികതീർക്കാനേ തികയൂ.

സംസ്ഥാനങ്ങൾ എന്തുചെയ്യും 

കേന്ദ്രസർക്കാരിന്റെ നികുതി വരുമാനവും ഇടിയുകയാണ്. പക്ഷേ, അവർക്ക് മറ്റുപല വരുമാനമാർഗങ്ങളുമുണ്ട്. റിസർവ്‌ ബാങ്കിന്റെ കരുതൽധനത്തിൽനിന്ന്‌ എടുക്കാം; പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാം. സംസ്ഥാനങ്ങൾ എന്തുചെയ്യും? അതുകൊണ്ട് അടിയന്തരമായി താഴെപ്പറയുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണം. ഒന്ന്: സംസ്ഥാനങ്ങളുടെ വായ്പപരിധി ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനത്തിൽനിന്ന്‌ നാലുശതമാനമാക്കണം. രണ്ട്: ജി.എസ്.ടി. നഷ്ടപരിഹാരത്തുക നൽകണം. മൂന്ന്: കേന്ദ്രാവിഷ്കൃതപദ്ധതികളുടെ സംസ്ഥാനവിഹിതം കുറയ്ക്കണം.

അവസാനമായി ഉത്തേജന പാക്കേജിന്റെ കാര്യമെടുക്കാം. കേരളം കുറച്ചുകൂടി ഉറച്ച അടിത്തറയിലാണ്. കിഫ്ബിവഴി നടപ്പാക്കുന്നതിന് തയ്യാറായിരിക്കുന്ന 30,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾ എത്രയുംവേഗം സമയബന്ധിതമായി നടപ്പാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തെ സമ്പദ്ഘടയ്ക്ക് അതൊരു വലിയ ഉത്തേജനമായിരിക്കും. കേന്ദ്രസർക്കാരിന്റെ പശ്ചാത്തലസൗകര്യപാക്കേജ് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. പകർച്ചവ്യാധി പ്രതിരോധത്തിൽ അത്യന്താപേക്ഷിതമായ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനും ഇലക്‌ട്രോണിക്സ് വ്യവസായത്തിനും ഇതിനകം 55,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

പകർച്ചവ്യാധിയുടെ തിരിച്ചടി ഏറ്റവും കൂടുതൽ രൂക്ഷമായ ടൂറിസംമേഖല, കയറ്റുമതി ഇടിവും വിലത്തകർച്ചയും അഭിമുഖീകരിക്കുന്ന തുണിത്തരങ്ങൾ, നാണ്യവിളകൾ, സമുദ്രോത്‌പന്നങ്ങൾ, കയർ, കശുവണ്ടി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പാക്കേജുകളുണ്ടാകണം. ലോക്ഡൗൺ എല്ലാ സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയാണല്ലോ നടപ്പാക്കുന്നത്. സാമ്പത്തികസഹായ ഉത്തേജകപാക്കേജും അതുപോലെ നടപ്പാക്കണം.

സംസ്ഥാന ധനമന്ത്രിമാരുമായുള്ള അടിയന്തരയോഗം പാർലമെന്റുകഴിഞ്ഞാൽ ഉടനെ വിളിക്കാമെന്നാണ് ഏറ്റിരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവുമടുത്തദിവസം ഒരു വീഡിയോ കോൺഫറൻസെങ്കിലും ഇക്കാര്യത്തിൽ വിളിച്ചുചേർത്ത് സംസ്ഥാനങ്ങളിലെ ധനപ്രതിസന്ധി ചർച്ചചെയ്യണം.

ധനകാര്യസ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടത്‌  : കേരളമാണ് ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി വിളിച്ചുകൂട്ടി എല്ലാവായ്പയ്ക്കും ഒരു വർഷത്തേക്ക്‌ മൊറട്ടോറിയം ആവശ്യപ്പെട്ടത്. ബാങ്കുകൾ ഇതിന് സന്നദ്ധരാണെങ്കിലും റിസർവ് ബാങ്ക് ഒന്നും ഉരിയാടിയിട്ടില്ല.  ഏതായാലും ബാങ്കിതര മൈക്രോ ഫിനാൻസ് പിരിവ് പോലുള്ളവ സംസ്ഥാനസർക്കാർ നിർത്തിവെപ്പിച്ചിരിക്കയാണ്. 

മറ്റുരാജ്യങ്ങൾ സ്വീകരിക്കുന്ന ഉദാരമായ സമീപനത്തിന്റെ ഉദാഹരണമായി ബ്രിട്ടനിലെ ഫിനാൻഷ്യൽ കൺട്രോളർ അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ ചുവടെ നൽകുന്നു. 1. എല്ലാ തിരിച്ചടവുകൾക്കും മൂന്നുമാസത്തെ പേമെന്റ് ഹോളിഡേ 2. എല്ലാവിധ ജപ്തിനടപടികളും നിർത്തി 3. പ്രശ്നത്തിലായ വായ്പകൾ റീസ്ട്രക്ചർ ചെയ്യുന്നതിന് സ്കീമുകൾ  അമേരിക്കൻ ഫെഡറൽ റിസർവും ഇതുപോലൊരു അഡ്വൈസറി ഇറക്കിയിട്ടുണ്ട്. ഇന്ത്യൻ റിസർവ്‌ ബാങ്ക് എന്നാണ് ഉറക്കമുണരുക?

കേന്ദ്രസർക്കാരിന്‌ പരിഗണിക്കാവുന്ന കാര്യങ്ങൾ  ഇപ്പോൾ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ ഘടകങ്ങൾക്കുപുറമേ താഴെപറയുന്ന കാര്യങ്ങൾകൂടി പരിഗണിക്കേണ്ടതാണ്. 

1. സൗജന്യകിറ്റുകൾ ലഭ്യമാക്കാനുള്ള നടപടി കേരളം ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. അതിന്‌ സഹായകമാണ് കേന്ദ്രപ്രഖ്യാപനം. പക്ഷേ, തീവ്രഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തിന് കൂടുതൽ ധാന്യം അനുവദിക്കാൻ തയ്യാറാകണം. ഏപ്രിലിൽ പതിനഞ്ചുകിലോ കിറ്റുനൽകാനാണ് കേരളം തീരുമാനിച്ചിട്ടുള്ളത്.

2. സാർവത്രികപെൻഷൻ ഏർപ്പെടുത്തുക. പെൻഷൻതുക 1000 രൂപയാക്കണം. കേരളം, പെൻഷൻവഴി 55 ലക്ഷം ആളുകൾക്ക് 7200 രൂപവീതം നൽകുകയാണ്. സാധാരണക്കാരുടെ കൈയിൽ പണമെത്തിക്കുന്നതിനുള്ള ഏറ്റവുംനല്ല മാർഗം ഇതാണ്. പ്രധാൻമന്ത്രി കൃഷിയോജനയിൽ അല്ലെങ്കിലും ആറായിരം രൂപയാണ് വർഷത്തിൽ നൽകുന്നത്. അതിൽ ഏപ്രിലിലെ രണ്ടായിരംരൂപ നൽകുന്നത് ഒരു അധികസഹായമല്ല.

3. തൊഴിലുറപ്പുകൂലി 20 രൂപ വർധിക്കുന്നത് സ്വാഗതാർഹമാണ്. ഇതുപക്ഷേ, ഏപ്രിൽമുതൽ നടപ്പാക്കാൻ മുമ്പ് തീരുമാനിച്ചിരുന്നതാണ്. കൂലി അമ്പതുരൂപയും പ്രവൃത്തിദിനങ്ങൾ നൂറ്റമ്പതുമായി ഉയർത്തണമെന്നതായിരുന്നു നമ്മുടെ ആവശ്യം. തൊഴിലുറപ്പുകൂലിയുടെ അഡ്വാൻസായി ഇവരുടെ അക്കൗണ്ടിലേക്ക്‌ ഫെബ്രുവരിയിലെ തൊഴിലുറപ്പുകൂലി നൽകണം. ഇങ്ങനെ നൽകുന്നതുകൊണ്ട് ഒരു അധിക സാമ്പത്തികഭാരവുമില്ല. ഒരു വർഷംകൊണ്ട് ഈ അഡ്വാൻസ് തിരിച്ചുപിടിക്കാവുന്നതാണ്.

4. വീട്ടിൽ അടച്ചിരിക്കുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ദേശീയ ആരോഗ്യമിഷന്റെ വിഹിതം ഇരട്ടിയാക്കണം. മൂന്നുമാസത്തേക്ക്‌ ഇപ്പോൾ പ്രഖ്യാപിച്ച ഇൻഷുറൻസ് അപര്യാപ്തമാണ്.

5. ഇ.പി.എഫ്. പെൻഷൻ കോൺട്രിബ്യൂഷൻ 15,000 രൂപയുടെ പരിധിവെച്ചിരിക്കുന്നതുമൂലം ഭൂരിപക്ഷം തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കില്ല.

Friday, July 11, 2014

ചിദംബരവും ജെയ്റ്റ്ലിയും ഇരട്ട സഹോദരന്മാര്‍




പുതുക്കിയ ബജറ്റ് അവതരിപ്പിക്കാതെ ചിദംബരത്തിന്‍റെ പഴയ ബജറ്റു തന്നെ നടപ്പാക്കാന്‍ അരുണ്‍ ജെയ്റ്റ്ലി തീരുമാനിച്ചിരുന്നുവെങ്കില്‍ എന്തു വ്യത്യാസമാണുണ്ടാവുക? എത്ര പരിശോധിച്ചിട്ടും ഒരു വ്യത്യാസവും എനിക്ക് മനസിലാക്കാനായില്ല. ബജറ്റ് പ്രസംഗത്തിലെ നയപ്രഖ്യാപനങ്ങളെക്കുറിച്ചല്ല,  ബജറ്റിനുളളിലെ വകയിരുത്തലുകളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ധനകമ്മിയിലോ റവന്യൂ കമ്മിയിലോ ഒരു വ്യത്യാസവുമില്ല. ചിദംബരം പ്രഖ്യാപിച്ച 4.1 ശതമാനത്തില്‍ത്തന്നെ ധനക്കമ്മി പിടിച്ചു നിര്‍ത്തും എന്നാണ് ജെയ്റ്റ്ലി പറയുന്നത്. റവന്യൂ കമ്മി 3 ശതമാനമായിരുന്നത് 2.9 ശതമാനമായി നേരിയൊരു കുറവു വരുത്തി. അത്രതന്നെ.
ദേശീയ തൊഴിലുറപ്പു പദ്ധതി, സഡക് യോജന, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങി ഒരു സ്കീമുകളുടെ അടങ്കലുകളിലും രണ്ടു ബജറ്റും തമ്മില്‍ ഒരു വ്യത്യാസവുമില്ല. നികുതി വരുമാനത്തില്‍ പതിനായിരത്തോളം കോടിയുടെ കുറവു വരുത്തിയിട്ടുണ്ട്. പക്ഷേ, നികുതിയേതര വരുമാനത്തില്‍ 32000 കോടി രൂപയുടെ വര്‍ദ്ധനയുണ്ട്. അങ്ങനെ 12 ലക്ഷം കോടി രൂപയുടെ നികുതി വരുമാനത്തില്‍ 22000 കോടി രൂപയുടെ വര്‍ദ്ധന. ഈ വര്‍ദ്ധിച്ച തുക ഗംഗാ ആക്ഷന്‍ പ്ലാന്‍, സ്കില്‍ ഇന്ത്യ, പുതിയ ശുചിത്വ പദ്ധതി, റൂര്‍ബന്‍ മിഷന്‍ തുടങ്ങിയ ചില പുതിയ സ്കീമുകള്‍ക്കായാണ് വകയിരുത്തിയത്.
എന്നിട്ടും കമ്മി 4.1 ശതമാനത്തില്‍ത്തന്നെ പിടിച്ചു നിര്‍ത്തുമെന്നാണ് ജെയ്റ്റ്ലിയുടെ അവകാശവാദം. അതെങ്ങനെ കഴിയും? ചിദംബരത്തിന്‍റെ  ഇടക്കാല ബജറ്റിനെ നിശിതമായി വിമര്‍ശിച്ച ആളാണ് ഇപ്പോഴത്തെ ധനമന്ത്രി. ചിദംബരം കമ്മി കുറച്ചു കാണിച്ചിരിക്കുകയാണ് എന്ന് കണക്കുകള്‍ നിരത്തി അന്ന് ജെയ്റ്റ്ലി സ്ഥാപിച്ചിരുന്നു. അതിന് ചിദംബരം സ്വീകരിച്ച മാര്‍ഗങ്ങളും കൈയോടെ പിടിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ കുടിശികയടക്കം മുന്‍വര്‍ഷത്തെ പല ചെലവുകളും നടപ്പുവര്‍ഷത്തേയ്ക്ക് മാറ്റിവെച്ചും  പൊതുമേഖലാ കമ്പനികളുടെ സമ്പാദ്യം ഡിവിഡന്‍റായി എഴുതിയെടുത്തും എണ്ണക്കമ്പനികള്‍ക്കു കൊടുക്കേണ്ട സബ്സിഡിയുടെ ഭാഗം അടുത്ത വര്‍ഷത്തേയ്ക്കു മാറ്റിവെച്ചുമാണ് ‌കമ്മി കുറച്ചു കാണിച്ചത് എന്ന ജെയ്റ്റ്ലിയുടെ ആക്ഷേപത്തെ ഇതുവരെ ചിദംബരം നിഷേധിച്ചിട്ടില്ല.

തന്‍റെ ബജറ്റ് പ്രസംഗത്തില്‍ മുന്‍ഗാമിയുടെ ചെയ്തികളെക്കുറിച്ച് ജെയ്റ്റ്ലി എന്തു പറയും എന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ തന്‍റെ വിമര്‍ശനങ്ങളൊക്കെ സൗകര്യപൂര്‍വം ജെയ്റ്റ്ലി വിഴുങ്ങി. നടത്തിയത് മൃദുവായ ഭാഷയില്‍ ഒരു ലഘുവിമര്‍ശനം മാത്രം. അതിങ്ങനെയായിരുന്നു - നടപ്പു വര്‍ഷത്തില്‍ ധനക്കമ്മി 4.1 ശതമാനമായി കുറയ്ക്കുന്നതിനുളള അതീവ ദുഷ്കരമായ ചുമതല എന്‍റെ മുന്‍ഗാമി അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ താഴ്ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കും വ്യവസായ മേഖലയിലെ നിശ്ചലാവസ്ഥയും പരോക്ഷ നികുതികളുടെ മുരടിപ്പും വര്‍ദ്ധിക്കുന്ന സബ്സിഡിയും താഴ്ന്ന നികുതി വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ 4.1 ശതമാനമെന്ന ലക്ഷ്യം പേടിപ്പിക്കുന്നതാണ്. ഞാന്‍ ഈ ലക്ഷ്യം ഒരു വെല്ലുവിളിയായി സ്വീകരിക്കാനുദ്ദേശിക്കുന്നു. ഇവിടെ തീരുന്നു ചിദംബരത്തിനെതിരെയുളള വിമര്‍ശനം.
മറുവശത്ത് ജെയ്റ്റ്ലിയെ പുകഴ്ത്തുന്നില്‍ ചിദംബരവും ഒട്ടും പിശുക്കു കാട്ടുന്നില്ല. എക്കണോമിക് സര്‍വെ പുറത്തുവന്നപ്പോള്‍ ചിദംബരം ഇങ്ങനെ പ്രതികരിച്ചു, സാമ്പത്തിക ദൃഢീകരണത്തിനും അടവുശിഷ്ടക്കമ്മിയും ധനക്കമ്മിയും കുറയ്ക്കുന്നതിനും യുപിഎ സര്‍ക്കാര്‍ എടുത്ത നടപടികളെ  എക്കണോമിക് സര്‍വെ അംഗീകരിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. മുന്‍സര്‍ക്കാരിനെതിരെ ആരോപണവിരല്‍ ചൂണ്ടാതിരിക്കുന്നതിന് കാണിച്ച സംയമനം പ്രശംസനീയമാണ്.
മുന്‍മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും സാമ്പത്തിക മേഖലയില്‍ പ്രകടിപ്പിക്കുന്ന ഈ സംയമനം സാമ്പത്തികകാര്യങ്ങളില്‍ യുപിഎയും എന്‍ഡിഎയും തമ്മില്‍ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവമില്ല എന്ന വസ്തുതയ്ക്കാണ് ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ്.

സംശയം വേണ്ട. 4.1 ശതമാനം എന്ന ധനക്കമ്മിയുടെ ലക്ഷ്യത്തിലെത്തണമെങ്കില്‍ അരുണ്‍ ജെയ്റ്റ്ലിയ്ക്ക് ചിദംബരത്തെക്കാള്‍ കര്‍ക്കശനാകേണ്ടി വരും. ബജറ്റ് പ്രസംഗത്തില്‍ അവ സൂചിപ്പിച്ചിട്ടുമുണ്ട്. എക്സ്പെന്‍ഡിച്ചര്‍ മാനേജ്മെന്‍റ് കമ്മിഷന്‍റെ നിയോഗവും ഭക്ഷ്യ – പെട്രോളിയം സബ്സിഡി ഘടന സമൂലമായി പൊളിച്ചെഴുതുമെന്ന പ്രഖ്യാപനവും ആ കര്‍ക്കശ നടപടികളുടെ സൂചനയാണ്. കാഷ് ട്രാന്‍സ്ഫറിലൂടെ ഭക്ഷ്യ സബ്സിഡി ഗണ്യമായി കുറയ്ക്കുക, ഡീസലിനും വിലനിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു   സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ പൊളിച്ചെഴുത്തുകള്‍ പിന്നാലെ വരും. പാചകവാതകത്തിന്‍റെയും പ്രകൃതിവാതകത്തിന്‍റെയും വില വര്‍ദ്ധിപ്പിക്കും. ഇത്തരമൊരു നടപടി വിലക്കയറ്റം രൂക്ഷമാക്കും. പാവങ്ങളുടെ മേല്‍ ദുര്‍വഹമായ ഭാരം അടിച്ചേല്‍പ്പിക്കും.
രാജ്യം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. ഇതു പരിഹരിക്കാന്‍ എല്ലാവരും ത്യാഗം സഹിക്കണമെന്ന് പറഞ്ഞാല്‍ മനസിലാക്കാം. പക്ഷേ, സബ്സിഡിയെല്ലാം വെട്ടിക്കുറച്ച് പ്രതിസന്ധിയുടെ  ഭാരം സാധാരണക്കാരുടെ ‌ ചുമലിലേറ്റു മാറ്റുകയാണ് അരുണ്‍ ജെയ്റ്റ്ലി. അതേസമയം സമ്പന്നര്‍ക്കു നല്‍കി വരുന്ന നികുതിയിളവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെന്തു ന്യായം?
കണക്കുകളില്‍ പ്രതിഫലിക്കില്ലെങ്കിലും ബജറ്റ് പ്രസംഗത്തില്‍ വിദേശ മൂലധന നിക്ഷേപത്തെക്കുറിച്ചും പൊതുമേഖലയുടെ സ്വകാര്യവത്കരണത്തെക്കുറിച്ചും വ്യക്തമായ പ്രഖ്യാപനമുണ്ട്. പ്രതിരോധമേഖലയും ഇന്‍ഷ്വറന്‍സും വിദേശമൂലധനത്തിനു തുറന്നു കൊടുക്കുകയാണ്. വിദേശ മൂലധന നിക്ഷേപം കൂടുതല്‍ സുഗമമാക്കാനുളള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. പക്ഷേ, നികുതിഘടനയില്‍ മുന്‍കാലപ്രാബല്യത്തോടെയുളള നിയമമാറ്റം റദ്ദാക്കി  വോഡാഫോണുമായുളള കേസ് തോറ്റു കൊടുക്കാം എന്ന് തുറന്നു സമ്മതിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഭാവിയില്‍ ഇത്തരം നിയമങ്ങള്‍ അതീവജാഗ്രതയോടെയേ രൂപം നല്‍കൂ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടപാടെയാണ് ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ച തുടങ്ങിയത്. ബാങ്ക്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ധനകാര്യമേഖലകളുടെ നയങ്ങള്‍ വ്യക്തമാക്കാന്‍ തുടങ്ങിയതോടെയാണ് സൂചിക തിരിച്ചു കയറിയത്. ആവശ്യങ്ങളത്രയും അനുവദിച്ചില്ലെങ്കിലും മാറ്റത്തിന്‍റെ ദിശ കോര്‍പറേറ്റുകള്‍ക്കു പൂര്‍ണമായും സ്വീകാര്യമാണ്.
ഓഹരികള്‍ സ്വകാര്യവ്യക്തികള്‍ക്കു  വിറ്റുകൊണ്ട് ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനും തുടക്കം കുറിക്കുകയാണ്. 2.4 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് പുതിയ മൂലധനമായി ആവശ്യമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍ ഏതാണ്ട് ഈ തുകയ്ക്ക് അടുത്തുവരും. കോര്‍പറേറ്റുകളാണ് ഇവയുടെ സിംഹഭാഗവും വാങ്ങിക്കൂട്ടിയത്. കോര്‍പറേറ്റുകളുടെ ഭീമന്‍ പശ്ചാത്തലസൗകര്യ പ്രോജക്ടുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നല്‍കിയ വായ്പയും അതിലുള്‍പ്പെടുന്നു.  ഇങ്ങനെ ബാങ്കുകളെ നഷ്ടത്തിലാക്കിയവര്‍ക്കു തന്നെ അവ വിറ്റു പ്രശ്നം പരിഹരിക്കാനാണ് ശ്രമം.

ബജറ്റില്‍ വകയിരുത്തിയിട്ടില്ലെങ്കിലും സബ്സിഡികള്‍ ഗണ്യമായി കുറച്ചുകൊണ്ടും പ്രഖ്യാപിത ലക്ഷ്യത്തിനപ്പുറം പൊതുമേഖലാ ഓഹരികള്‍ വിറ്റുകൊണ്ടും മാത്രമേ ജെയ്റ്റ്ലിയ്ക്ക് ബജറ്റ് കമ്മി 4.1 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനാവൂ. ഇക്കാര്യങ്ങള്‍ സത്യസന്ധമായി  തുറന്നു പറയാന്‍ ധനമന്ത്രി തയ്യാറാവുന്നില്ല. ചുരുങ്ങിയ പക്ഷം 4.1 ശതമാനം കമ്മിയെക്കുറിച്ച് താന്‍ മുമ്പു പറഞ്ഞ വിമര്‍ശനങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നെങ്കിലും അദ്ദേഹം വ്യക്തമാക്കണം.
മിനിമം പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തിയത് നല്ല കാര്യം തന്നെ. പക്ഷേ, കേരളത്തെപ്പോലെ സാര്‍വത്രിക പെന്‍ഷന്‍ സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കണം എന്ന ആവശ്യത്തിന് ചെവി കൊടുത്തിട്ടില്ല. വിലസ്ഥിരതാ ഫണ്ടിനായി നീക്കിവെച്ച 500 കോടി രൂപ തികച്ചും അപര്യാപ്തമാണ്. ഈ സ്കീം എങ്ങനെ നടപ്പാക്കാക്കുമെന്ന് ഒരു വ്യക്തതയുമില്ല. യുപിഎ ബജറ്റിനെക്കാള്‍ കുറച്ചുകൂടി സ്ത്രീ പരിഗണന പുതുക്കിയ ബജറ്റിലുണ്ട്. നഗരമേഖലയ്ക്ക് നല്‍കിയ ഊന്നലും സ്വാഗതാര്‍ഹമാണ്. പട്ടേലിന്‍റെ പ്രതിമയ്ക്ക് 200 കോടി രൂപ അധികമായി കേന്ദ്രബജറ്റില്‍ നിന്നു നല്‍കുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. ജമ്മു കാശ്മീരിനു നല്‍കുന്ന പ്രത്യേക സഹായത്തേക്കാള്‍ കൂടുതല്‍ തുക – 500 കോടി രൂപ – അവിടെ നിന്നുളള അഭയാര്‍ത്ഥികളായ പണ്ഡിറ്റുകള്‍ക്കു വേണ്ടി നീക്കി വെച്ചതിലെ ഔചിത്യവും മനസിലാക്കാന്‍ പ്രയാസമാണ്.
നികുതി ഭീകരതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ച വേവലാതികളും  ബജറ്റില്‍ പ്രതിഫലിക്കുന്നില്ല. ആദായനികുതി പരിധി 2.5 ലക്ഷം രൂപയായി ഉയര്‍ത്താനേ തയ്യാറായുളളൂ. അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നാണ് മാനിഫെസ്റ്റോയില്‍ പറഞ്ഞത്. സമ്പാദ്യം പ്രോത്സാഹിപ്പിക്കാന്‍ നികുതി നിര്‍ദ്ദേശങ്ങളില്‍ ഒട്ടേറെ പരിഗണനകളുണ്ട്.  ഇതു ശരിയായ ദിശയിലേയ്ക്കുളള നീക്കമാണ്. നികുതി നിര്‍ദ്ദേശങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കി വരുന്ന ഇളവുകളില്‍ ഒന്നില്‍പ്പോലും കൈവെയ്ക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. മറിച്ച് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ജിഎസ്ടി അഥവാ ചരക്കു സേവന നികുതി അഖിലേന്ത്യാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ്. പക്ഷേ, ബജറ്റ് പ്രസംഗത്തില്‍ ഈ പുതിയ നികുതിയുടെ സ്വഭാവത്തെക്കുറിച്ച് പുതിയ വ്യക്തതയൊന്നും നല്‍കിയിട്ടില്ല. ഉല്‍പാദന സംസ്ഥാനങ്ങള്‍ക്ക് ഈ നികുതി കൂടുതല്‍ അനുകൂലമാക്കിയെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ എന്നു വ്യക്തമല്ല. ഇതു സംഭവിച്ചാല്‍ കേരളത്തിന് വലിയ തിരിച്ചടിയാകും. ഉപഭോക്തൃ സംസ്ഥാനങ്ങളെ ഊന്നിക്കൊണ്ടുളള പുതിയ നികുതി ഘടന വേണമെന്നാണ് ഇതുവരെ അഖിലേന്ത്യാ തലത്തിലുണ്ടായ പൊതു അഭിപ്രായം. ഇത് കീഴ്മേല്‍ മറിയും എന്ന ഭയാശങ്കകള്‍ ദുരീകരിച്ചിട്ടില്ല. അതുപോലെ തന്നെ പെട്രോളിയം ഉല്‍പന്നങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ ശഠിക്കുന്നത്. ഇതുവരെ പെട്രോളിയം ഉല്‍പന്നങ്ങളെ ഒഴിവാക്കാനായിരുന്നു പൊതുസമ്മതം. ഇങ്ങനെ സംഭവിച്ചാലും കേരളത്തിന് വലിയ തിരിച്ചടിയാണ്.
ഒരു പാസഞ്ചര്‍ ട്രെയിനിന്‍റെ ഏതാനും കിലോമീറ്റര്‍ ഓട്ടം മാത്രമാണ് റെയില്‍വേ ബജറ്റില്‍ കേരളത്തിന് ലഭിച്ചത്. കേന്ദ്രബജറ്റില്‍ ഒരു ഐഐടി കിട്ടിയെന്നെങ്കിലും സമാധാനിക്കാം. പുതിയ തുറമുഖങ്ങള്‍ക്ക്  അയ്യായിരത്തില്‍പരം കോടി രൂപ മാറ്റിവെയ്ക്കുമ്പോള്‍ വിഴിഞ്ഞം അതിലില്ല. ആരോഗ്യനേട്ടങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് എയിംസ് ഇല്ല. ഫാക്ടിനുളള പാക്കേജില്ല. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ തുകകളേ ധനസഹായമായി റബറിന് പ്രത്യേക സംരക്ഷണ നിര്‍ദ്ദേശങ്ങളില്ല. പക്ഷേ, യുപിഎയുടെ കാലത്തും ഇതൊന്നും കിട്ടിയില്ലല്ലോ എന്നായിരിക്കും ഒരുപക്ഷേ, കേന്ദ്രസര്‍ക്കാരിന്‍റെ വക്താക്കള്‍ പറയുക.
ഓഹരി വിപണിയുടെ പ്രതികരണത്തെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട നാള്‍ മുതല്‍ വിപണി മുകളിലേയ്ക്കു കുതിച്ചു കൊണ്ടിരിക്കുകയാണ്. റെയില്‍വേ ബജറ്റ് ദിവസമാണ് കഴിഞ്ഞ പത്തു മാസത്തിനിടയില്‍ ഏറ്റവും കുത്തനെ ഇടിഞ്ഞത്. സാമ്പത്തിക സര്‍വെയോടും തണുപ്പന്‍ പ്രതികരണമായിരുന്നു. ബജറ്റ് അവതരണത്തിന്‍റെ  ഒരു ഘട്ടത്തില്‍ റെയില്‍വേ ബജറ്റ് നാളിലെ തകര്‍ച്ച ആവര്‍ത്തിക്കുമോ എന്നു സംശയിച്ചു. ഓഹരി വിപണിയുടെ ആവേശത്തിന് എന്തുപറ്റി? നിക്ഷേപകരുടെ ആവശ്യങ്ങളോട് പുതിയ സര്‍ക്കാരിന് ഏറ്റവും അനുഭാവ പൂര്‍ണമായ നിലപാടാണ്. പക്ഷേ, ഇതുവരെയുളള ഭരണാനുഭവം ഒരുകാര്യം തെളിയിച്ചു. നിക്ഷേപകര്‍ പറയുന്നതെല്ലാം അപ്പടി നടപ്പാക്കാന്‍ കുറച്ചു പണിപ്പെടേണ്ടി വരും. അധികം താമസിയാതെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുന്നുണ്ട്. മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടെങ്കിലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ പലതും മാറ്റിവെയ്ക്കേണ്ടി വരും. വിപണിയും അതു മനസിലാക്കിക്കൊണ്ടിരിക്കുകയാണ്.  

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...