Friday, May 22, 2020

ലക്ഷംകോടി രൂപ തരാം, വേണ്ടെന്ന് ഇന്ത്യ

ധനവിചാരം, ഏപ്രിൽ 24, 2020

ഐ.എം.എഫിന്റെ ജനുവരി, ഏപ്രിൽ മാസങ്ങളിലെ ആഗോള സാമ്പത്തികവീക്ഷണ റിപ്പോർട്ടുകൾ (വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്) താരതമ്യംചെയ്താൽ എത്ര പൊടുന്നനെയാണ് കോവിഡ് പകർച്ചവ്യാധി ആഗോള സമ്പദ്ഘടനയെ തകർച്ചയിലേക്ക്‌ തള്ളിവിട്ടതെന്ന്‌ മനസ്സിലാകും. ജനുവരിയിൽ പ്രതീക്ഷിച്ച 3.1 ശതമാനം ആഗോളവളർച്ച ഏപ്രിലിൽ 3.0 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോർട്ട്.

ആഗോള ഉത്‌പാദനത്തിൽ 675 ലക്ഷം കോടി ഉത്‌പാദനനഷ്ടമുണ്ടാകും. 2020 പകുതിയാകുമ്പോൾ ആഗോള സമ്പദ്ഘടന പൂർവസ്ഥിതിയിലെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഈ കണക്ക്. അല്ലെങ്കിൽ തകർച്ച ഇരട്ടിയിലേറെയാകും. ഈ സാഹചര്യം നേരിടാൻ സമ്പന്നരാജ്യങ്ങൾ വരുമാനത്തിന്റെ 10  ശതമാനംവരെയുള്ള ഉത്തേജനപാക്കേജുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കയാണ്. ഏറ്റവും മുന്നിൽ അമേരിക്കതന്നെ.

എന്നാൽ, പിന്നാക്കരാജ്യങ്ങൾ പകച്ചുനിൽക്കുകയാണ്. ഐ.എം.എഫിനെയാണ് അവർ അഭയം പ്രാപിച്ചിരിക്കുന്നത്. വിദേശവിനിമയ പ്രതിസന്ധി പരിഹരിക്കാൻ  ഇതിനകം 102 രാജ്യങ്ങൾ വായ്പചോദിച്ച് ഐ.എം.എഫിനെ സമീപിച്ചുകഴിഞ്ഞു. 75 ലക്ഷം കോടി രൂപയെങ്കിലും അവർക്ക് അടിയന്തരവായ്പ എത്തിച്ചുകൊടുക്കണമെന്നാണ് ഐ.എം.എഫിന്റെ അഭിപ്രായം. വേറൊരു വഴിയുണ്ടെങ്കിൽ ആരും വായ്പയ്ക്ക്‌ ഐ.എം.എഫിനെ സമീപിക്കില്ല. കാരണം, ഐ.എം.എഫിന്റെ വായ്പനിബന്ധനകൾ അത്രയ്ക്ക് കുപ്രസിദ്ധമാണ്.

കൂലി വെട്ടിക്കുറയ്ക്കൽ, സർക്കാർ സബ്‌സിഡികൾ ഇല്ലാതാക്കൽ, ചെലവുചുരുക്കൽ, സ്വകാര്യവത്‌കരണം തുടങ്ങിയവയുടെയൊക്കെ ചേരുവകളാണ് അവരുടെ നിബന്ധനകൾ. നൊബേൽസമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്‌സിന്റെ ‘ഗ്ലോബലൈസേഷൻ ആൻഡ്‌ ഇറ്റ്‌സ് ഡിസ്‌കൺടൻസ്’ എന്ന വിശ്രുത ഗ്രന്ഥം ഐ.എം.എഫിന്റെ ഈ നയങ്ങളുടെ നിശിതവിമർശനമാണ്. എന്നാൽ, ഐ.എം.എഫിനുപോലും ചില മാനസാന്തരങ്ങൾ സമീപകാലത്ത് വന്നുകൊണ്ടിരിക്കുന്നുവെന്നാണ് സ്റ്റിഗ്ലിറ്റ്‌സിന്റെ ഇപ്പോഴത്തെ അഭിപ്രായം. 

എസ്‌.ഡി.ആർ. 

ഒരുപക്ഷേ, ഈ മനംമാറ്റത്തിന്റെ ഭാഗമായിട്ടായിരിക്കും ഏതാണ്ട് 50 ലക്ഷം കോടി രൂപയുടെ ഐ.എം.എഫ്. പണം അന്തർദേശീയ വിപണിയിൽ ഇറക്കാമെന്ന നിർദേശം. സ്പെഷ്യൽ ഡ്രോയിങ്‌ റൈറ്റ്‌സ് (എസ്‌.ഡി.ആർ.) എന്നാണ് ഈ പണത്തിന്റെ പേര്. രാജ്യങ്ങളുടെ വിദേശനാണയ കരുതൽശേഖരത്തിൽ വെക്കാമെന്നല്ലാതെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇവ ലഭ്യമല്ല.

ഡോളർ, യൂറോ, റെമിനിബി (ചൈന), യെൻ, പൗണ്ട് എന്നീ  നാണയങ്ങളുമായി ബന്ധപ്പെടുത്തിയാണ് എസ്.ഡി.ആറിന്റെ മൂല്യം  നിശ്ചയിക്കുന്നത്. സാധാരണഗതിയിൽ ഒന്നരഡോളറാണ് ഒരു എസ്‌.ഡി.ആർ. ഏതാണ്ട് 25 ലക്ഷം കോടി രൂപയുടെ എസ്.ഡി.ആറാണ് വിവിധ രാജ്യങ്ങളുടെ വിദേശവിനിമയശേഖരത്തിൽ ഇപ്പോഴുള്ളത്. ഇതിന് ഇരട്ടിവരുന്ന തുകയ്ക്കുള്ള എസ്‌.ഡി.ആർ. ലോകരാജ്യങ്ങളുടെ കരുതൽ ശേഖരത്തിലേക്ക്‌ നൽകാമെന്നാണ് ഐ.എം.എഫിന്റെ നിർദേശം.

ആവശ്യമുള്ള അംഗരാജ്യങ്ങൾക്ക് ഈ ഐ.എം.എഫ്. പണത്തെ ഡോളർപോലെ മറ്റുലോകനാണയങ്ങളിലേക്ക്‌ കൈമാറ്റി തങ്ങളുടെ വിദേശവിനിമയ പ്രതിസന്ധി പരിഹരിക്കാൻ അംഗരാജ്യങ്ങൾക്കുകഴിയും.  പിന്നാക്കരാജ്യങ്ങളെല്ലാംതന്നെ ഐ.എം.എഫിന്റെ നീക്കത്തെ വലിയ പ്രത്യാശയോടെയാണ് കണ്ടത്. ഈ തുക മുഴുവനും ഇവർക്കുകിട്ടുമെന്ന്‌ തെറ്റിദ്ധരിക്കരുത്. അംഗരാജ്യങ്ങളുടെ ഓഹരിക്ക്‌ അനുസരണമായേ പുതുതായി ഇറക്കുന്ന എസ്‌.ഡി.ആർ. കിട്ടൂ.

അമേരിക്കയ്ക്കാണ് ഏറ്റവും കൂടുതൽ ഓഹരി; 16.5 ശതമാനം. ഐ.എം.എഫിന് രൂപംനൽകിയപ്പോൾ അംഗരാജ്യങ്ങൾക്ക് ഉണ്ടായിരുന്ന സാമ്പത്തികവലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഓഹരി നിശ്ചയിച്ചത്. ഇന്ത്യക്ക്‌ 2.6 ശതമാനമാണ് ഓഹരി. ചെറിയൊരു ഓഹരിമാത്രമേ പിന്നാക്കരാജ്യങ്ങൾക്കുള്ളൂവെങ്കിലും, അവരുടെ രാജ്യത്തെ സാമ്പത്തികശേഷിയുമായി  താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണ്യമായ തുകയായിരിക്കും.  ഉദാഹരണത്തിന് വായ്പയ്ക്ക് അപേക്ഷിച്ചിരിക്കുന്ന 102-ൽ 25 രാജ്യങ്ങൾക്ക് ഐ.എം.എഫ്. 0.4 ലക്ഷം കോടി രൂപയാണ് വായ്പ  നൽകാൻ തീരുമാനിച്ചിട്ടുള്ളത്.

എന്നാൽ 50 ലക്ഷം കോടി രൂപയുടെ  പുതിയ എസ്‌.ഡി.ആർ. നിർദേശം അംഗീകരിക്കപ്പെട്ടാൽ ഇവർക്ക് 0.8 ലക്ഷം കോടി രൂപയുടെ അധിക സഹായം ലഭിക്കും. മാത്രമല്ല, ഐ.എം.എഫിൽനിന്നുള്ള വായ്പകളുടെ മുതലും പലിശയും തിരിച്ചടയ്ക്കണം. പക്ഷേ, ലഭിക്കുന്ന എസ്‌.ഡി.ആർ. ക്വാട്ട തിരിച്ചടയ്ക്കണ്ട. 0.05 ശതമാനം പലിശമാത്രമേ കൊടുക്കേണ്ടതുള്ളൂ. പ്രത്യേകിച്ച് ഒരു നിബന്ധനയുമില്ല. അതുകൊണ്ട് വളരെ പ്രതീക്ഷയോടെയാണ്‌ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ന്യൂയോർക്കിലെ ഐ.എം.എഫ്. സമ്മേളനത്തിനുവേണ്ടി കാത്തിരുന്നത്. 

ട്രംപിന്റെ നിലപാട്‌  

പക്ഷേ, ട്രംപ് ഈ നിർദേശം തള്ളിക്കളഞ്ഞു. അമേരിക്ക എതിർത്താൽ എസ്‌.ഡി.ആർ. ഇറക്കാൻ കഴിയില്ല. കാരണം, ഈ തീരുമാനത്തിന് 85 ശതമാനം വോട്ടുകിട്ടണം. അമേരിക്കയ്ക്ക് 16.5 ശതമാനം വോട്ടുണ്ട്. അമേരിക്ക വീറ്റോചെയ്തതോടെ പണിപാളി. അമേരിക്ക ഇങ്ങനെയൊരു നിലപാട് എടുത്തതിൽ അദ്‌ഭുതമില്ല.

ഇന്ന് ലോകനാണയമായിട്ട് എല്ലാവരും അംഗീകരിച്ചിട്ടുള്ളത്  ഡോളറാണ്. ഡോളറിന് പണ്ടത്തെ പ്രതാപമൊന്നും ഇല്ലെങ്കിലും ചൈനയുടെപോലും വിദേശ വിനിമയശേഖരത്തിൽ ഏറ്റവും വലിയ സ്ഥാനം നൽകിയിട്ടുള്ളത് ഡോളറിനാണ്. അമേരിക്കയുടെ ഒരു ഭാഗ്യം നോക്കിക്കേ. ഇന്ത്യാസർക്കാർ എത്ര രൂപയുടെ നോട്ടടിച്ചാലും നമ്മൾ അത് പണമായി വാങ്ങും.

ഇതുപോലെയാണ് ആഗോളമായി അമേരിക്കയുടെ നില. അമേരിക്ക എത്ര ഡോളർ അടിച്ചുവിട്ടാലും ലോകത്ത് ആരെങ്കിലും വാങ്ങിക്കൊള്ളും. പകരം ചരക്കുകളോ വസ്തുവകകളോ അല്ലെങ്കിൽ പലിശയോ അമേരിക്കയ്ക്ക് നൽകും.  തങ്ങളുടെ അസൂയാവഹമായ ഈ പദവി എസ്.ഡി.ആറിന് അടിയറവെക്കാൻ അമേരിക്ക തയ്യാറല്ല. പണ്ടും അമേരിക്കയുടെ നിലപാട് ഇതുതന്നെ.  അപ്പോൾപ്പിന്നെ ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ പ്രതികരണം ഊഹിക്കാമല്ലോ.

അമേരിക്കയോടൊപ്പം നിൽക്കാൻ ഒരു രാജ്യമേ ഉണ്ടായുള്ളൂ. അത് ഇന്ത്യാമഹാരാജ്യമായിരുന്നു. ഇന്ത്യക്കും ലഭിച്ചേനേ ഏതാണ്ട് ഒരു ലക്ഷംകോടി രൂപയുടെ എസ്‌.ഡി.ആർ. പിന്നെ എന്തിന് ഇന്ത്യ പുതിയ എസ്‌.ഡി.ആർ. ഇറക്കാനുള്ള നിർദേശത്തിെനതിരേ വോട്ടുചെയ്തു? 

ഇന്ത്യ എന്തിന്‌ എതിർത്തു?  

ഇതിന് ഉത്തരം ഇതുവരെ നിർമലാ സീതാരാമൻ പറഞ്ഞിട്ടില്ല. അവരുടേതായി വാർത്തകളിൽക്കണ്ട ചോദ്യം ഇതായിരുന്നു;  നിബന്ധനകളില്ലാതെ കിട്ടുന്ന പണം പകർച്ചവ്യാധിപ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് ഉറപ്പ് എന്താണ്‌? ഈ പണം അനഭിലഷണീയമായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണെങ്കിൽ വളരെ ഗൗരവമായ പാർശ്വഫലങ്ങളും ഉണ്ടായേക്കാമെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

എന്താണ് ഇവർ അർഥമാക്കിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിലരുടെ അഭിപ്രായം പാകിസ്താനെ ഉന്നം വെച്ചുള്ള  നീക്കമാണെന്നാണ്. പാകിസ്താൻ വിദേശവിനിമയതകർച്ചയുടെ വക്കിലാണ്. പുതിയ എസ്.ഡി.ആർ. അവർക്ക് രക്ഷയാകും. വേറെ ചിലർ പറയുന്നത് ട്രംപിനോടുള്ള വിശ്വസ്തത തെളിയിക്കുകയാണെന്നാണ്. കാരണം എന്തുതന്നെയാകട്ടെ, മൂന്നാംലോക രാജ്യങ്ങളുടെ നേതൃപദവി അലങ്കരിച്ചിരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ ആപത്ഘട്ടത്തിൽ അവർക്കെതിരേ കൊടിയ വഞ്ചനയാണ് ഇന്ത്യയുടെ നിലപാട്.

ഒരുപക്ഷേ, ആഭ്യന്തരമായി കേന്ദ്രധനമന്ത്രി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടിന്റെ തുടർച്ചയാകാം അന്തർദേശീയമായി എടുത്തുകൊണ്ടിരിക്കുന്ന സമീപനവും. ആഭ്യന്തരമായി കടുത്ത പ്രതിസന്ധിയിലായിട്ടും മറ്റുലോകരാജ്യങ്ങൾ ചെയ്യുന്നതുപോലെ റിസർവ് ബാങ്കിൽനിന്ന്‌ പുതിയ നോട്ട് ഇറക്കാൻ ആവശ്യപ്പെടാൻ അവർ തയ്യാറല്ലല്ലോ. ഈ നയത്തിന്റെ അന്തർദേശീയ പതിപ്പായിരിക്കും എസ്.ഡി.ആറിനെതിരായ നിലപാടും അമേരിക്കയുടെയും ഇന്ത്യയുടെയും നിലപാട് ആഗോളമായ കോവിഡ് പകർച്ചവ്യാധി പ്രതിരോധത്തിന്‌ വലിയ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഇന്ത്യയിലെ കുടിയേറ്റത്തൊഴിലാളികളെയും മറ്റുപാവപ്പെട്ടവരെയും  സഹായിക്കാനൊന്നും പണമില്ലെന്നുള്ള പതിവുപല്ലവിയുടെ കാലത്ത് വെറുതേകിട്ടിയ ഒരുലക്ഷം കോടി രൂപ വേണ്ടെന്നുെവച്ചതിന്റെ കാരണമറിയാൻ രാജ്യത്തിന് അവകാശമുണ്ട്.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...