Friday, May 22, 2020

കൊറോണക്കാലത്തെ നല്ലപാഠങ്ങൾ......

ധനവിചാരം, ഏപ്രിൽ  9, 2020

കോവിഡ് 19-നെതിരേ കേരളത്തിന്റെ പ്രതിരോധം അന്തർദേശീയതലത്തിൽത്തന്നെ പ്രകീർത്തിക്കപ്പെടുന്നുണ്ട്. നമ്മെപ്പോലെ വേറിട്ടുനിൽക്കുന്ന ജപ്പാൻ, ദക്ഷിണകൊറിയ, സ്വീഡൻ തുടങ്ങിയ പല പ്രദേശങ്ങൾ വേറെയുമുണ്ട്. ഇവരുടെയെല്ലാം നല്ല പാഠങ്ങൾ എന്ത്? 

ശീലങ്ങളുടെ പക്ഷം
ചൈനയുമായി ഉറ്റസാമ്പത്തികസമ്പർക്കം ഉണ്ടായിരുന്നിട്ടും ജപ്പാനിൽ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ല. അവരുടെ നല്ല ശീലങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അവർ കൈകൊടുക്കാറും കെട്ടിപ്പിടിക്കാറുമില്ല. മറിച്ച്, ഉപചാരം പ്രകടിപ്പിക്കുന്നത് തലകുനിച്ചാണ്. ഈ രോഗം വരുന്നതിനുമുമ്പും അവർക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകുന്ന ശീലമുണ്ടായിരുന്നു. മുഖാവരണവും ധരിക്കാറുണ്ടായിരുന്നു.

 നമ്മുടെ പ്രതിരോധത്തിന്റെ ഒരു പ്രധാനവിജയം ബ്രേക്ക് ദി ചെയിൻ ഫലപ്രദമായി നടപ്പാക്കിയതാണല്ലോ. പരിശോധന സാർവത്രികമാക്കിയതു വഴിയാണ് ദക്ഷിണകൊറിയയ്ക്ക് തുടക്കത്തിൽത്തന്നെ കോവിഡിനെ കീഴടക്കാനായത്. ഏറ്റവുമധികംപേരെ ടെസ്റ്റിനു വിധേയമാക്കിയത് അവരാണ്. ഇന്ത്യയുടെയും പല പാശ്ചാത്യരാജ്യങ്ങളുടെയും പരാജയം ഇവിടെയാണ്. ടെസ്റ്റിങ്‌ നടത്തുന്നതിൽ ഇന്ത്യയിൽ കേരളം വളരെ മുന്നിലാണ്.

പകർച്ചവ്യാധിയെ നിയന്ത്രിക്കുന്ന നേട്ടത്തിൽ അഭിമാനിക്കുമ്പോഴും ഏറ്റവും മോശമായ അവസ്ഥയെ നേരിടുന്നതിനുള്ള മുൻകരുതലുകൾ സർക്കാർ എടുക്കുന്നുണ്ട്. നിലവിലെ ആശുപത്രി കിടക്കകൾക്കുപുറമേ 1.5 ലക്ഷത്തിലേറെ കിടക്കകൾക്ക് ആവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും പി.ഡബ്ല്യു.ഡി. കണ്ടെത്തിക്കഴിഞ്ഞു. ആവശ്യമായ മരുന്നുകളുടെയും മറ്റു സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുന്നതിന് 600 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. 

ലോക്‌ഡൗണിന്റെ പാഠങ്ങൾ


ലോക്‌ഡൗണിന്റെ നല്ല പാഠമെന്താണ്? സന്തുഷ്ടരായ ജനങ്ങളേ പ്രതിരോധപ്രവർത്തനങ്ങളിൽ സ്വയമറിഞ്ഞ് പങ്കാളികളാവൂ. എന്നാൽ, ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇതിന്റെ തെളിവാണ് ലോക്‌ഡൗൺ കാലത്തുകണ്ട അതിഥിതൊഴിലാളികളുടെ കൂട്ടപ്പലായനം. കേരളം അവിടെയും മാതൃകയായി. ലോക്‌ഡൗൺ നടപ്പാക്കിക്കൊണ്ടുതന്നെ ഒരു സംസ്ഥാന സർക്കാരിന്റെ പരിമിതിക്കുള്ളിൽനിന്ന്‌ പരമാവധി പണവും അത്യാവശ്യം ഭക്ഷണവും ജനങ്ങളുടെ കൈയിൽ സർക്കാർ എത്തിച്ചു.ലോക്‌ഡൗണിൽനിന്നു പുറത്തുവരുന്ന സമ്പദ്ഘടനയെ എങ്ങനെ സാധാരണനിലയിലേക്ക്‌ മടക്കിക്കൊണ്ടുവരാമെന്നതിന് നല്ല പാഠങ്ങൾ ഉണ്ടാകാൻ സമയമായിട്ടില്ല.

വളരെ സങ്കീർണമായ വെല്ലുവിളിയാണിത്. സാമൂഹികനിയന്ത്രണങ്ങളിലെ അയവിന് അനുരോധമായിരിക്കണം ഇതിനുള്ള തന്ത്രം. ഇപ്പോൾത്തന്നെ നമ്മൾ തുടക്കംകുറിച്ചിട്ടുള്ള ഒന്നുണ്ട്. അത് വീട്ടുപുരയിടങ്ങളിലുള്ള പച്ചക്കറികൃഷിയാണ്. അവിടെനിന്ന് ഇത് മറ്റു കാർഷികമേഖലകളിലേക്കുകൂടി വ്യാപിപ്പിക്കാൻ കഴിയണം.

കൃഷി തന്നെയായിരിക്കും ആദ്യം ലോക്ഡൗണിൽനിന്ന് പുറത്തുകടക്കുന്നത്. അതുപോലെതന്നെയാണ് വീടുകളിലിരുന്ന് ചെയ്യുന്ന പരമ്പരാഗത തൊഴിലുകൾ. കയർപിരി, നെയ്ത്ത്, പനമ്പ്, ഇങ്ങനെ പലതുമുണ്ടല്ലോ. തുടർന്ന് ചെറുകിട വ്യവസായങ്ങളിലേക്കും നീങ്ങാം.   എന്നാൽ, ചില തൊഴിൽമേഖലകൾ അഞ്ചോ ആറോ മാസങ്ങൾകൊണ്ടേ സാധാരണനിലയിലെത്തൂ.

ഏറ്റവും നല്ല ഉദാഹരണം ടൂറിസം തന്നെയാണ്. പക്ഷേ, അടുത്തസീസണിലേക്കുള്ള മാർക്കറ്റിങ്‌ ഇപ്പോഴേ നമുക്ക് ആരംഭിക്കാൻ കഴിയണം. കേരളത്തിന്റെ കോവിഡ് പ്രതിരോധം തന്നെയായിരിക്കണം ബ്രാൻഡിങ്ങിന് അടിസ്ഥാനം. അതോടൊപ്പം പ്രതിസന്ധിയിലായ ടൂറിസം സംരംഭകരുടെ ബാധ്യതകളും അധികമുതൽമുടക്കിനുള്ള ആവശ്യകതകളുമെല്ലാം പരിഗണിക്കണം. ഇതുപോലെ ഓരോ തൊഴിൽമേഖലയുടെയും പ്രത്യേകതകൾ കണക്കിലെടുത്ത് പാക്കേജുകൾ തയ്യാറാക്കേണ്ടതുണ്ട്. 

 പ്രയോജനപ്പെടേണ്ട സാധ്യതകൾ

ചൈന ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് നമുക്കു പാഠമാണ്. വുഹാൻ അടക്കമുള്ള പട്ടണങ്ങൾ തുറക്കുമ്പോഴും കർശനമായ സാമൂഹികനിയന്ത്രണം പാലിക്കുന്നു. പക്ഷേ, ആദ്യം ലോക്ഡൗണിൽനിന്ന് പുറത്തുകടക്കുന്ന സമ്പദ്ഘടനയെന്ന നില തങ്ങളുടെ നേട്ടമാക്കിമാറ്റാനാണ് അവർ ശ്രമിക്കുന്നത്. അവർ അതിന് ആദ്യം തിരഞ്ഞെടുത്തിരിക്കുന്നത് ഫാർമസ്യൂട്ടിക്കൽ മെഡിക്കൽ ഉപകരണ വ്യവസായങ്ങളെയാണ്.

 ലോകസമ്പദ്ഘടന മുഴുവൻ സ്തംഭനത്തിലാണെങ്കിലും ഇവയ്ക്ക് എത്രവേണമെങ്കിലും ഡിമാൻഡുണ്ട്. ലഭ്യമാക്കേണ്ട താമസമേയുള്ളൂ വിറ്റുപോകാൻ. കേരളത്തിലും ഇതിനൊരു സാധ്യതയുണ്ട്. ആരോഗ്യകേരളത്തിന്റെ ബ്രാൻഡ് ഇതുപോലെ ഉയർന്ന മറ്റൊരു സന്ദർഭമില്ല. ഇതു നമുക്ക് മുതലാക്കാൻ കഴിയണം.

ആദ്യത്തേത് കെ.എസ്‌.ഡി.പി.യുടെ വിപുലീകരണമാണ്. കേരളത്തിലെ സ്വകാര്യ മരുന്നു യൂണിറ്റുകളെയും ചേർത്ത് ഒരു കൺസോർഷ്യത്തിനു രൂപംനൽകി, കേരള ജനറിക് ബ്രാൻഡ് സൃഷ്ടിക്കണം. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ റാപ്പിഡ് ടെസ്റ്റിങ്‌ സങ്കേതികവിദ്യയെ വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കണം. ഇതുപോലെതന്നെയാണ് ശ്രീചിത്രാ മെഡിക്കൽ സെന്റർ വികസിപ്പിച്ച നൂതനമായ മെഡിക്കൽ സാങ്കേതികവിദ്യകളും. ഇവയുടെ അടിസ്ഥാനത്തിൽ പുതിയ സംരംഭങ്ങൾ ഉയർന്നുവരുന്നതിന് ഉദാരമായി വായ്പയും സഹായങ്ങളും നൽകാൻ സർക്കാരിനു കഴിയണം.

ഫാർമാ പാർക്കിനെക്കുറിച്ച് നാം ഏതാനും വർഷങ്ങളായി ചർച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഭൂമി ലഭ്യമാണ്. കേന്ദ്രസർക്കാരിന്റെ സ്‌കീമും പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ മുൻഗണനാപ്പട്ടികയിൽ ആദ്യംതന്നെ ഇത് സ്ഥാനംപിടിക്കണം. ലോക്ഡൗൺ പിൻവലിക്കുന്നതോടെ സാനിറ്റൈസറിന്റെ ആവശ്യവും പലമടങ്ങ് ഉയരും. മാസ്കുകളുടേതും. ഇവിടെ വികേന്ദ്രീകൃതമായ ഉത്‌പാദനതന്ത്രവും പ്രസക്തമാണ്. ബെഡ്ഡുകൾ, ബെഡ്‌ഷീറ്റുകൾ, യൂണിഫോറങ്ങൾ എല്ലാം ആവശ്യം മുൻകൂട്ടിക്കണ്ടുകൊണ്ട് ഉത്‌പാദനം വർധിപ്പിക്കണം. 

ഇന്നിപ്പോൾ നാം പ്രഖ്യാപിച്ചിട്ടുള്ള 20,000 കോടി രൂപയുടെ പാക്കേജ് യഥാർഥത്തിൽ ഒരു ദുരിതാശ്വാസ പാക്കേജാണ്. ജനങ്ങളുടെ കൈയിൽ പണമെത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ഇതിന് അവർക്കു കൊടുക്കാനുണ്ടായിരുന്ന കുടിശ്ശിക തീർക്കുകയും ബജറ്റിൽ ഉൾക്കൊള്ളിച്ച പല സ്‌കീമുകളും മുൻകൂറായി നടപ്പാക്കുകയുമാണ് ചെയ്യുന്നത്. ഇതിനാവശ്യമായ പണം ക്രമീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. 

ലോക്‌ഡൗൺ എക്സിറ്റ്‌ സ്‌ട്രാറ്റജി

പക്ഷേ, അടുത്തഘട്ടം ഉത്തേജക പാക്കേജാണ്. അക്കാര്യത്തിൽ നമുക്കേറ്റവും സഹായകരമാകാൻ പോകുന്നത് കിഫ്ബിയുടെ പ്രോജക്ടുകൾ തന്നെയാണ്. ഏതാണ്ട് 30,000 കോടി രൂപയുടെ വിവിധങ്ങളായ പദ്ധതികൾ ടെൻഡർ നടപടികൾ നീങ്ങി നിർമാണഘട്ടത്തിലേക്ക്‌ കടക്കുമ്പോഴാണ് കോവിഡ് വന്നത്. ഇനി വേറെ തയ്യാറെടുപ്പുകൾ വേണ്ട. അവ ഊർജിതമായി നടപ്പാക്കാൻ തീരുമാനിച്ചാൽ മതി. ഇതിനെ ലോക്ഡൗൺ എക്‌സിറ്റ് സ്ട്രാറ്റജിയുമായി ബന്ധപ്പെടുത്തണം.

ലോക്ഡൗൺ എക്‌സിറ്റ് സ്ട്രാറ്റജിക്ക്‌ ബജറ്റിൽത്തന്നെ അധികപണം കണ്ടെത്തേണ്ടതുണ്ട്. ഇവിടെയാണ് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കാഴ്ചപ്പാടും നയവും പ്രസക്തമാകുന്നത്. ദുരിതാശ്വാസ പാക്കേജിന് കേന്ദ്രസഹായം തികച്ചും അപര്യാപ്തമായിരുന്നു. ഉത്തേജക പാക്കേജിലും ഈ യാഥാസ്ഥിതിക സമീപനം തുടർന്നാൽ രാജ്യം ഭയാനകമായ ഒരു തകർച്ചയിലേക്കുപോകാം. കോർപറേറ്റ് ടാക്‌സ് ഇളവുനൽകിക്കൊണ്ടുമാത്രം സമ്പദ്ഘടനയെ കരകയറ്റാനാവില്ല.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...