About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Wednesday, December 24, 2014

ഇങ്ങനെയുമുണ്ടൊരു സര്‍ക്കാര്‍ ആസ്‌പത്രി


'സംഗീതം പൊഴിക്കുന്ന, സുഗന്ധം പരത്തുന്ന ആസ്​പത്രി' എന്നാണ് പുനലൂര്‍ താലൂക്ക് ആസ്​പത്രിയുടെ വിശേഷണം. ആസ്​പത്രിയുടെ പടികടന്നപ്പോള്‍ എന്റെ നാവില്‍വന്ന ആദ്യ കമന്റും 'ആസ്​പത്രിയുടെ മണമില്ലല്ലോ' എന്നായിരുന്നു. ഒപ്പമുണ്ടായിരുന്ന സൂപ്രണ്ട്, ഡോ. ഷാഹിര്‍ഷായുടെ പ്രതികരണം ഒട്ടും വൈകിയില്ല. 'ആസ്​പത്രിഗന്ധമില്ലാത്ത ഒരാതുരാലയം വേണമെന്നായിരുന്നല്ലോ അഞ്ചുവര്‍ഷംമുമ്പ് ധനമന്ത്രിയുടെ സെക്രട്ടറി മനമോഹന്‍ ആവശ്യപ്പെട്ടത്. പരിസ്ഥിതി സൗഹാര്‍ദ ആസ്​പത്രിക്ക് അനുവദിച്ച 12 കോടി രൂപ ലഭിച്ചില്ലെങ്കിലും ആസ്​പത്രിഗന്ധമില്ല എന്നുകേട്ടതില്‍ സന്തോഷം'.

ചെറിയൊരു മുനയില്ലേ ഈ വാക്കുകള്‍ക്കെന്ന് വായനക്കാര്‍ക്ക് സംശയംതോന്നാം. സത്യമാണ്. അതിന് കാരണവുമുണ്ട്. പുനലൂര്‍ താലൂക്ക് ആസ്​പത്രിയില്‍ വരുത്താന്‍ ശ്രമിക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം എന്റെ മന്ത്രിയോഫീസില്‍ വന്നിരുന്നു. ജനകീയാസൂത്രണകാലത്ത് കരവാളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് വരുത്തിയ വിസ്മയകരമായ മാറ്റത്തിലൂടെ ശ്രദ്ധേയനായ ഡോക്ടറാണ് അദ്ദേഹം. മാതൃകാ താലൂക്ക് ആസ്​പത്രിക്കുവേണ്ടി സര്‍ക്കാറിന്റെ പ്രത്യേക സഹായധനം അര്‍ഹിക്കുന്ന പദ്ധതിയുമായാണ് അദ്ദേഹമെത്തിയത്. അത് സര്‍ക്കാര്‍ അംഗീകരിച്ചു, പരിസ്ഥിതിസൗഹൃദമായ ആസ്​പത്രിക്കെട്ടിടത്തിന് 12 കോടി രൂപയും അനുവദിച്ചു. ലാറി ബേക്കറുടെ ശിഷ്യന്‍ ബെന്നി കുര്യാക്കോസ് വിശദമായ ഡിസൈനും മറ്റും തയ്യാറാക്കി. പക്ഷേ, പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബോധിച്ചില്ല. ആരോഗ്യവകുപ്പും പൊതുമരാമത്തുവകുപ്പും തമ്മില്‍ തര്‍ക്കം പൊടിപൊടിച്ചു. എല്ലാം തീര്‍ന്നപ്പോള്‍ ഭരണം മാറി. പിന്നെ ഒന്നും നടന്നില്ല.

പക്ഷേ, കിട്ടാതെപോയ കോടികളെയോര്‍ത്ത് നെടുവീര്‍പ്പിടുകയല്ല ഡോക്ടറും സംഘവും ചെയ്തത്. ജനകീയകൂട്ടായ്മയെ വിശ്വാസത്തിലെടുത്ത് അവര്‍ പദ്ധതിയുമായി മുന്നോട്ടുപോയി. ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. 'താലൂക്ക് ആസ്​പത്രിക്കായി ഒരു ദിവസം' നീക്കിവെക്കാന്‍ തയ്യാറായ നൂറുകണക്കിന് ആളുകള്‍, പൊളിച്ച കെട്ടിടാവശിഷ്ടങ്ങള്‍ തലച്ചുമടായി നീക്കംചെയ്തു. 13 വര്‍ഷമായി പുറത്തുള്ളവര്‍ കൈയേറിയിരുന്ന കാന്റീനും കടമുറികളും ഒഴിപ്പിച്ചെടുത്തു. സന്നദ്ധാടിസ്ഥാനത്തില്‍ ആറുലക്ഷം രൂപയുടെ പ്രവൃത്തി നടന്നുവെന്നാണ് കണക്ക്. 70 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണ് ആസ്​പത്രിയുടേതെന്ന് ഇപ്പോഴാരും പറയില്ല. ടൈലുകള്‍ പതിച്ച് വെടിപ്പാക്കിയ തറ, ആകര്‍ഷകമായി പെയിന്റടിച്ച ഭിത്തികള്‍, ഫാള്‍സ് സീലിങ്ങും റീവയറിങ്ങും ഉള്‍പ്പെടെ അത്യാവശ്യം പുതുക്കിപ്പണികളെല്ലാം നടത്തി കെട്ടിടം പുനരുദ്ധരിച്ചു.

വലിച്ചെറിയപ്പെട്ട കടലാസോ പ്ലാസ്റ്റിക്കോ ഭക്ഷണപദാര്‍ഥങ്ങളോ ഈ ആസ്​പത്രിവളപ്പില്‍ കാണാനാവില്ല. ആസ്​പത്രി മാലിന്യം ഐ.എം.എ.യുടെ സംവിധാനത്തിലൂടെ പാലക്കാട്ട് സംസ്‌കരിക്കുന്നു. പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കുന്നു. ജൈവമാലിന്യം സംസ്‌കരിക്കാന്‍ തുമ്പൂര്‍മുഴി മോഡല്‍ എയ്‌റോബിക് സംവിധാനം.

ക്ലീനിങ്ങിനുമാത്രം 16 പേരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. ദിവസവും മൂന്നുനേരം തറതുടയ്ക്കുന്ന സര്‍ക്കാര്‍ ആസ്​പത്രി കേരളത്തില്‍ വേറെയുണ്ടാവില്ല. പുല്‍ത്തൈലത്തിന്റെ വാസനയുള്ള ക്ലീനിങ് ലോഷനാണ് ഉപയോഗിക്കുന്നത്; ഒരുനേരം ഹൈപ്പോ ക്ലോറേറ്റ് ലായനിയും. ഇത്ര വൃത്തിയുള്ള പൊതു ശുചിമുറികള്‍ മറ്റൊരു ആസ്​പത്രിയിലും കണ്ടിട്ടില്ല.

ഡോ. ഷാഹിര്‍ഷായുടെ ഭാര്യ സിന്ധിയാണ് ഗൈനക്കോളജിസ്റ്റ്. വളരെ അഭിമാനത്തോടെയാണ് പ്രസവവാര്‍ഡിലേക്ക് അവര്‍ എന്നെ കൂട്ടിക്കൊണ്ടുപോയത്. സാധാരണ ആസ്​പത്രിയില്‍ ലേബര്‍റൂമുകളാണല്ലോ. പക്ഷേ, ഇവിടെയുള്ളത് എയര്‍കണ്ടീഷന്‍ചെയ്ത ലേബര്‍ സ്യൂട്ടുകള്‍. തകരക്കട്ടിലുകള്‍ക്കുപകരം അത്യന്താധുനിക ലേബര്‍ കട്ടിലുകള്‍ (ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ ലേബര്‍കോട്ട്).

 ഇതൊന്നുമല്ല ഏറ്റവും വലിയ പ്രത്യേകത. വേദനയറിയാതെ പ്രസവിക്കാന്‍ കഴിയുമെന്നുകേട്ടാല്‍ ഒരുവിധപ്പെട്ടവര്‍ക്കൊന്നും വിശ്വാസം വരില്ല. പക്ഷേ, ഈ ആസ്​പത്രിയിലെത്തിയാല്‍ ആ ധാരണ മാറും. ഈ ആസ്​പത്രിയിലെ ലേബര്‍ സ്യൂട്ടുകളില്‍ വേദനയറിയാതെ പ്രസവിക്കാനുള്ള സംവിധാനമുണ്ട്. 50 ശതമാനം ഓക്‌സിജനും 50 ശതമാനം നൈട്രസ് ഓക്‌സൈഡും ചേര്‍ത്ത എന്റനോക്‌സ് മിശ്രിതം പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ പ്രസവസമയത്ത് ഗര്‍ഭിണിക്ക് ശ്വസിക്കാന്‍ നല്‍കുന്നു. പ്രസവവേദനയെ 40 മുതല്‍ നൂറുശതമാനംവരെ കുറയ്ക്കാന്‍ ഈ മിശ്രിതത്തിന് കഴിയും. എന്നുമാത്രമല്ല, ഗര്‍ഭിണിക്കും കുഞ്ഞിനും 50 ശതമാനം ഓക്‌സിജന്‍ ലഭിക്കും. അന്തരീക്ഷവായുവില്‍നിന്ന് ലഭിക്കുന്നത് 13 ശതമാനം ഓക്‌സിജനാണെന്ന് ഓര്‍ക്കണം. പല വിദേശരാജ്യങ്ങളിലും ഈ ശാസ്ത്രീയരീതി ഏറെക്കാലമായി നിലവിലുണ്ട്.

ഇവിടെ ആദ്യത്തെ വേദനരഹിത പ്രസവം നടന്നത് 2010 സപ്തംബര്‍ 13നായിരുന്നു. ഇപ്പോള്‍ അത് ആയിരം കടന്നു. ഒഴിവാക്കാനാവാത്ത കേസുകളില്‍മാത്രം സിസേറിയന്‍. 90 ശതമാനം സിസേറിയന്‍ നടത്തി മറ്റൊരു താലൂക്ക് ആസ്​പത്രി ലോകറെക്കോഡിട്ട കേരളത്തിലാണ് 10 ശതമാനത്തില്‍ത്താഴെ സിസേറിയന്‍ നടക്കുന്ന ഈ ആസ്​പത്രി. സിസേറിയനില്‍ ലോകാരോഗ്യസംഘടനയുടെ അനുവദനീയ പരിധി 15 ശതമാനമാണ്. ആറുവര്‍ഷമായി മാതൃമരണമോ ശിശുമരണമോ ഇവിടെയില്ല. നവജാതശിശുക്കള്‍ക്കായുള്ള ഫോട്ടോ തെറാപ്പി യൂണിറ്റും ഇന്‍ക്യുബേറ്ററുമുണ്ട്. ഗര്‍ഭിണികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ കൗണ്‍സലിങ് ക്ലിനിക്കുകളുണ്ട്. കൂടാതെ, കൃത്യമായ മോണിറ്ററിങ്ങും സമ്പൂര്‍ണമായ പരിചരണവും ഗര്‍ഭിണിക്ക് ലഭിക്കുന്നു.

ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും പ്രതിബദ്ധത ആരെയും അദ്ഭുതപ്പെടുത്തും. കഴിയുന്നത്ര ജീവനക്കാരോട് ഞാന്‍ സംസാരിച്ചു. ആത്മവിശ്വാസവും അഭിമാനവും തുളുമ്പുന്ന സ്വരത്തിലാണ് അവരുടെ മറുപടി. ഇത്തരമൊരു പ്രതിബദ്ധത ജീവനക്കാരില്‍ എങ്ങനെ വളര്‍ത്തിയെടുത്തു? നല്ല ആസ്​പത്രി വേണമെങ്കില്‍ നല്ല ഡോക്ടര്‍ കൂടിയേ തീരൂ. അതിവിടെയുണ്ട്. സൂപ്രണ്ട് ഡോക്ടര്‍ ഷാഹിര്‍ഷാ മുന്നില്‍നിന്ന് നയിക്കുന്നു. സമീപനവും രീതികളും തികച്ചും വ്യത്യസ്തം.

19 ഡോക്ടര്‍മാരുള്‍പ്പെടെ 100 സ്ഥിരം ജീവനക്കാരും 75 കരാര്‍ ജീവനക്കാരും 43 സര്‍വീസ് ജീവനക്കാരുമടങ്ങുന്ന കൂട്ടായ്മയാണ് ആസ്​പത്രി നടത്തുന്നത്. ഈ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ തനതായ രീതികളുണ്ട്. മാസത്തില്‍ ഒരുതവണ സൂപ്രണ്ടുമുതല്‍ തൂപ്പുകാര്‍ വരെയുള്ള എല്ലാവരും ഒരുമിച്ച് ഉച്ചഭക്ഷണം. കറികളും മറ്റും പരസ്​പരം പങ്കുവെച്ച് ഉച്ചയൂണ് ഒരുമയുടെ ഉത്സവമാക്കുന്നു. ഓണം പോലുള്ള ആഘോഷങ്ങള്‍ക്ക് ജീവനക്കാരുടെ കുടുംബാംഗങ്ങളും ഒന്നിക്കും.

 സൂപ്രണ്ടുമുതല്‍ താഴോട്ടുള്ളവരെല്ലാം ഒന്നിച്ചാണ് ആസ്​പത്രിയും പരിസരവും വൃത്തിയാക്കലും തോട്ടം വെച്ചുപിടിപ്പിക്കലുമൊക്കെ. മാസത്തില്‍ ഒരുദിവസം ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഈ കൂട്ടായ്മയുടെ സുഗന്ധമൊഴുകുന്ന മനോഹരമായ ഒരു പൂന്തോട്ടം ആസ്​പത്രിവളപ്പിലുണ്ട്. ഇതൊക്കെയുണ്ടെന്നുവെച്ച് അച്ചടക്കത്തിലൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. കീഴ്ജീവനക്കാരോട് ബഹുമാനവും സമഭാവനയും കലര്‍ന്ന സമീപനവും പെരുമാറ്റവും മേലധികാരികളില്‍നിന്ന് ഉണ്ടാകുമ്പോള്‍ ഇത്തരം കൂട്ടായ്മകള്‍ യാഥാര്‍ഥ്യമാകും.

സാധാരണ താലൂക്ക് ആസ്​പത്രിയില്‍ പ്രതീക്ഷിക്കാനാവാത്ത ഒട്ടേറെ ആധുനിക ചികിത്സാസംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഡയാലിസിസ് വാര്‍ഡില്‍ എട്ട് മെഷീനുകള്‍, മൂന്നുഷിഫ്റ്റ് പ്രവര്‍ത്തനം. രോഗികള്‍ക്ക് പാട്ടുകേട്ടോ ടെലിവിഷന്‍ കണ്ടോ റിലാക്‌സുചെയ്യാം. കീമോതെറാപ്പി സൗകര്യമുള്ള കാന്‍സര്‍ കെയര്‍ യൂണിറ്റ്, മൊബൈല്‍വാനും ഫ്രീസറുമുള്ള മോര്‍ച്ചറി, നിലാവ് എന്ന പേരിലുള്ള പാലിയേറ്റീവ് കെയര്‍ വാര്‍ഡ്, ആധുനിക ഉപകരണങ്ങളും സര്‍ജറിയുമുള്ള ഡെന്റല്‍ വിഭാഗം, 10 കിടക്കയുള്ള സര്‍ജിക്കല്‍ ഐ.സി.യു., നാല് കിടക്കയുള്ള മെഡിക്കല്‍ ഐ.സി.യു... ഇങ്ങനെ നീളുന്നു ആ നിര.

ഇതിനെല്ലാമുള്ള പണം എവിടെനിന്നാണ്? എല്ലാ താലൂക്ക് ആസ്​പത്രികള്‍ക്കും ലഭിക്കുന്ന ഗ്രാന്റുകള്‍ക്കുപുറമേ എന്‍.ആര്‍.എച്ച്.എം. പോലുള്ള സ്‌കീമുകളില്‍ നിന്ന് പരമാവധി പണം സമാഹരിക്കുന്നുണ്ട്. ദുബായിലെ പുനലൂര്‍ ഫോറമാണ് ഡയാലിസിസ് യൂണിറ്റ് സംഭാവനചെയ്തത്. കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഏതാണ്ട് 75 ലക്ഷം രൂപ ലഭിച്ചു. മൂന്നുശതമാനം കേസുകള്‍മാത്രമേ കമ്പനി തള്ളിക്കളഞ്ഞുള്ളൂ. അത്രയ്ക്ക് ചിട്ടയായി റെക്കോഡുകളും കണക്കുകളും സൂക്ഷിക്കുന്നു.

 ഒ.പി. കൗണ്ടര്‍, റിസപ്ഷന്‍, ലബോറട്ടി തുടങ്ങിയവയെല്ലാം ബന്ധിപ്പിച്ചുള്ള കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുണ്ട്. സംഭാവനയായി ഉപകരണങ്ങളോ പണമോ ലഭിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം ഭക്ഷണ പരിപാടിക്ക് ചെലവഴിച്ച 18 ലക്ഷം രൂപയും സംഭാവനയായി ലഭിച്ചതാണ്. ഗേറ്റ് പാസ് കളക്ഷന് വെന്‍ഡിങ് മെഷീന്‍ വെച്ചിട്ടുണ്ട്. രാത്രി പത്തുമണിവരെ പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റ്, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയും ലാബും തുടങ്ങിയവയിലൂടെയുള്ള വരുമാനവും പ്രധാനമാണ്.

പുനലൂര്‍ മുനിസിപ്പാലിറ്റിയുടെ പദ്ധതികളില്‍ താലൂക്ക് ആസ്​പത്രിക്ക് പ്രധാന സ്ഥാനമുണ്ട്. ജനകീയാസൂത്രണകാലത്താണ് താലൂക്ക് ആസ്​പത്രിയിലെ ജനകീയ ഇടപെടല്‍ ആരംഭിക്കുന്നത്. ആസ്​പത്രി തങ്ങളുടേതാണ് എന്ന ബോധം ജനങ്ങള്‍ക്കുണ്ട്. ഈയടുത്ത് പുനലൂരില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തപ്പോള്‍ എനിക്കത് ബോധ്യമായി. ഈ ആസ്​പത്രി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സ്വാഗതപ്രസംഗകന്‍ ദീര്‍ഘമായി പ്രതിപാദിച്ചു. സ്വകാര്യ ആസ്​പത്രികള്‍ക്കുവേണ്ടി നല്ല ഡോക്ടര്‍മാരെ സ്ഥലംമാറ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം.

 അന്വേഷിച്ചപ്പോള്‍ സംഗതി സത്യമാണ്. പുനലൂരില്‍ ഒരു സ്വകാര്യ ആസ്​പത്രി പൂട്ടി. പേരുകേട്ട ഗൈനക്കോളജിസ്റ്റുമാരെ കനത്തശമ്പളത്തിന് നിയോഗിച്ചിട്ടും മറ്റൊരു പ്രമുഖ ആസ്​പത്രിയില്‍ ബെഡ്ഡുകള്‍ ഒഴിവാണ്. മുന്നില്‍നിന്ന് നയിക്കുന്ന ഒരു ഡോക്ടര്‍ക്കുകീഴില്‍ അണിനിരന്ന പ്രതിബദ്ധതയുള്ള ഒരു സംഘം ജീവനക്കാരും അവരുടെ നിസ്വാര്‍ഥതയ്ക്കുപിന്നില്‍ അണിനിരന്ന ഒരു ജനകീയകൂട്ടായ്മയും ചേര്‍ന്നാണ് അവിശ്വസനീയമെന്ന് തോന്നുന്ന ഈ മാറ്റം സാധ്യമാക്കിയത്. 'അസാധ്യമായി ഒന്നുമില്ല' എന്ന നെപ്പോളിയന്‍ വചനത്തിന് പുനലൂരിന്റെ സ്മാരകമായി അവരുടെ താലൂക്ക് ആസ്​പത്രി മാറിക്കഴിഞ്ഞു. ഈ മാതൃക സംരക്ഷിക്കാനും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും നമുക്ക് ബാധ്യതയുണ്ട്.

Tuesday, December 9, 2014

ആലപ്പുഴ: ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പ്‌


എവിടെപ്പോയാലും കെട്ടിടങ്ങളുടെയും മനുഷ്യരുടെയും സ്‌കെച്ചുകള്‍ വരയ്ക്കുക ലാറി ബേക്കറുടെ ശീലമായിരുന്നു. അത്തരം സവിശേഷമായ സ്‌കെച്ചുകള്‍കൊണ്ട് സമ്പന്നമായ ഒരു പുസ്തകം അദ്ദേഹം ആലപ്പുഴയെക്കുറിച്ച് തയ്യാറാക്കിയിട്ടുണ്ട്. നഗരത്തിലെ കനാല്‍ത്തീരങ്ങളിലൂടെ നടന്ന് ബേക്കര്‍ വരച്ചിട്ടത് പ്രൗഢമായ ആലപ്പുഴപ്പഴമയുടെ രേഖാചിത്രങ്ങളാണ്. അന്ന് പക്ഷേ, അപൂര്‍ണമായേ വാര്‍ക്കക്കെട്ടിടങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. രംഗബോധമില്ലാതെ ബഹുനില വാര്‍ക്കക്കെട്ടിടങ്ങള്‍ വന്നാല്‍ നഗരസൗന്ദര്യമെങ്ങനെ തകരും എന്നും പ്രവചനസ്വഭാവത്തോടെ ലാറി ബേക്കര്‍ വരച്ചുകാണിച്ചു. 

പഴയ വാസ്തുശില്പശൈലി സംരക്ഷിക്കാന്‍ യൂറോപ്പുകാര്‍ കാണിക്കുന്ന ശ്രദ്ധ പ്രസിദ്ധമാണ്. പ്രമുഖമായ യൂറോപ്യന്‍ നഗരങ്ങളുടെ ഒരു ഭാഗമെങ്കിലും ഇത്തരത്തില്‍ സംരക്ഷിക്കുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ കാല്‍നടയാത്രമാത്രമേ അനുവദിക്കാറുള്ളൂ. ഇത്തരത്തില്‍ ആലപ്പുഴയുടെ പൗരാണികത സംരക്ഷിച്ചുകൊണ്ട് ടൂറിസ്റ്റുകേന്ദ്രമാക്കി നഗരത്തെ എങ്ങനെ മാറ്റാമെന്ന് ബേക്കര്‍ ചിന്തിച്ചിരുന്നു. പഴയ കെട്ടുവള്ളങ്ങളെ ടൂറിസത്തിനുവേണ്ടി എങ്ങനെ രൂപാന്തരപ്പെടുത്താം എന്നും മേല്‍പ്പറഞ്ഞ ലഘുഗ്രന്ഥത്തിലുണ്ട്. തൊണ്ണൂറുകളുടെ അവസാനം ആലപ്പുഴ സന്ദര്‍ശിച്ച അദ്ദേഹം വളരെ നിരാശനായാണ് മടങ്ങിയത്. യാതൊരു ആസൂത്രണവുമില്ലാതെ പണിയുന്ന പുതിയ കെട്ടിടങ്ങളും തകര്‍ക്കപ്പെടുന്ന പഴയ കെട്ടിടങ്ങളും വര്‍ധിക്കുന്ന മാലിന്യക്കൂമ്പാരങ്ങളുംകണ്ട് നിരാശനായാണ് അദ്ദേഹം തന്റെ പഴയ സ്‌കെച്ചുകളും കുറിപ്പുകളും അതേപടി ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചത്. ഇന്നത് വീണ്ടും വായിക്കുമ്പോള്‍, ബേക്കര്‍ ഭയപ്പെട്ട പാതയിലൂടെത്തന്നെയാണ് ആലപ്പുഴ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാകും.

ഇത്രയും ഓര്‍ക്കാന്‍ കാരണം, 'മാതൃഭൂമി'യുടെ ആലപ്പുഴ എഡിഷനില്‍ എസ്.ഡി. വേണുകുമാര്‍ എഴുതിയ 'പൈതൃകം കുഴിച്ചുമൂടുമ്പോള്‍' എന്ന ലേഖനപരമ്പരയാണ്. ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പാകുന്ന ആലപ്പുഴയുടെ ദയനീയചിത്രം ഈ പരമ്പര വരച്ചുകാട്ടുന്നു. 'മയൂരസന്ദേശ'മെഴുതിയ കേരളവര്‍മ വലിയകോയിത്തമ്പുരാനെ തടവില്‍ പാര്‍പ്പിച്ചിരുന്ന കൊട്ടാരവും കായംകുളം കൊച്ചുണ്ണിയെ വിചാരണചെയ്ത ഹജൂര്‍ കച്ചേരിക്കെട്ടിടവുമൊക്കെ ഈ നഗരത്തിന്റെ വിലപ്പെട്ട ചരിത്രസ്മാരകങ്ങളാണ്. ഗാന്ധിജി താമസിച്ചിരുന്ന നവറോജി ഭവനും കരുമാടിയിലെ മുസാവരി ബംഗ്ലാവും രവീന്ദ്രനാഥടാഗോര്‍ താമസിച്ചിരുന്ന അന്നപൂര്‍ണ ലോഡ്ജുമൊക്കെ ആലപ്പുഴയുടെ സ്വകാര്യ അഹങ്കാരമായി ചരിത്രത്തില്‍ തലയെടുത്തു നില്‍ക്കേണ്ടതാണ്. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം.
ലേലംചെയ്തുപോകുന്ന കെട്ടിടപ്പഴമകളും നവീകരിക്കപ്പെടുന്ന പള്ളികളും ഭട്ടതിരി മാളികകളും ആക്രിക്കാര്‍ക്ക് വില്‍ക്കാനൊരുങ്ങിയ നമ്പ്യാരുടെ മിഴാവും പൊളിക്കപ്പെടുന്ന തറവാടുകളും സാംസ്‌കാരികനായകരുടെ വീടുകളും കൃത്രിമക്കൈ പിടിപ്പിച്ച് സുന്ദരമാക്കാനുള്ള ശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കരുമാടിക്കുട്ടനുമെല്ലാം വേണുകുമാറിന്റെ ലേഖനപരമ്പരയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. പൈതൃകമെന്നാല്‍ വാസ്തുശില്പങ്ങള്‍ മാത്രമല്ലെന്നും തനത് ഭക്ഷണവും കൃഷിരീതിയും പരിസ്ഥിതിയും സംസ്‌കാരവുമെല്ലാം ഉള്‍പ്പെടുന്ന ഒന്നാണെന്നുമുള്ള തിരിച്ചറിവ് ലേഖകനുണ്ട്. സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തരമായ ഇടപെടലുകളില്ലെങ്കില്‍ നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത പൈതൃക സമ്പത്താണ് എന്ന ഓര്‍മപ്പെടുത്തലാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖന പരമ്പര.
അറബിക്കടലില്‍ ഡച്ചുകാര്‍ക്കുണ്ടായിരുന്ന മേധാവിത്തം തകര്‍ക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ നടത്തിയ സുപ്രധാനമായ കരുനീക്കമായിരുന്നു ആലപ്പുഴ തുറമുഖം. തിരുവിതാംകൂറിന്റെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായി ആലപ്പുഴ വളര്‍ന്നു. എന്നാല്‍, 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കൊച്ചി വികസിപ്പിച്ചതോടെ തുറമുഖമെന്ന നിലയില്‍ ആലപ്പുഴയുടെ ശനിദശ ആരംഭിച്ചു. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കയര്‍ വ്യവസായകേന്ദ്രം എന്നനിലയില്‍ ആലപ്പുഴ പുനര്‍ജനിച്ചു. എന്നാല്‍, വ്യവസായം വികേന്ദ്രീകരിക്കപ്പെടുകയും കയറ്റുമതി ക്ഷയിക്കുകയും ചെയ്തതോടെ ആലപ്പുഴ ഒരു പ്രേതനഗരമായി. ജീര്‍ണിച്ച പഴയ ഫാക്ടറി ഗോഡൗണുകളും കടല്‍പ്പാലവും ലൈറ്റ് ഹൗസും ബ്രിട്ടീഷ് ബംഗ്ലാവുകളുമെല്ലാം ഗതകാല പ്രൗഢിയുടെ സ്മാരകങ്ങളായി തുടര്‍ന്നു. ഈ ആലപ്പുഴയാണ് ബേക്കര്‍ ആദ്യം കണ്ടത്.

ആലപ്പുഴയുടെ അടുത്ത ജന്മം ടൂറിസത്തിലൂടെയായിരിക്കും. അതിനാകട്ടെ, കഴിഞ്ഞകാലത്തിന്റെ തിരുശേഷിപ്പുകളെ സംരക്ഷിക്കുന്ന നയം അത്യന്താപേക്ഷിതമാണ്. പക്ഷേ, വിപരീതദിശയിലാണ് കാര്യങ്ങളുടെ പോക്ക്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയ റിസോര്‍ട്ടുകളും മറ്റും വന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയ്ക്കുള്ള മെഗാ ടൂറിസം മാസ്റ്റര്‍ പ്ലാനില്‍ ഇങ്ങനെയൊരു പൈതൃകസംരക്ഷണ കാഴ്ചപ്പാട് തുലോം ദുര്‍ബലമാണ്. 2010ലെ ബജറ്റില്‍ ഈ പഠനത്തിനുവേണ്ടി പണം വകയിരുത്തിയപ്പോള്‍ മുസിരിസ് പൈതൃക സംരക്ഷണ പ്രോജക്ടുപോലൊന്നാണ് മനസ്സിലുണ്ടായിരുന്നത്. എന്നാല്‍, ഇത് വെറുമൊരു ജലടൂറിസംകനാല്‍ സൗന്ദര്യവത്കരണംപ്രോജക്ടായി മാറി. തുറന്നുപറഞ്ഞാല്‍ കനാല്‍ നവീകരണം എങ്ങനെ പാടില്ല എന്നതിന്റെ കേസ് സ്റ്റഡിയാണ് ഇപ്പോള്‍ ഈ പ്രോജക്ടിന്റെ നടത്തിപ്പ്.

ചെളി വാരിക്കളഞ്ഞ് ഉപ്പുവെള്ളം കയറ്റി കനാല്‍ വൃത്തിയായി സംരക്ഷിക്കുന്നതിന് ഒരു പ്രോജക്ടുണ്ട്. പണം നീക്കിവെക്കാന്‍ കഴിഞ്ഞ സര്‍ക്കാറിനെ പ്രേരിപ്പിച്ചത് അന്ന് കളക്ടറായിരുന്ന വേണുഗോപാലാണ്. അന്ന് വിഭാവനംചെയ്തതനുസരിച്ച് ഈ പ്രവര്‍ത്തനത്തിന് ശേഷമാകണം, കനാല്‍ സൗന്ദര്യവത്കരണം. പക്ഷേ, ആദ്യം ഏറ്റെടുത്തത് കനാല്‍ സൗന്ദര്യവത്കരണമാണ്. അതിന്റെ പണി തീരാറായപ്പോള്‍ കനാല്‍ ക്ലീനിങ് ആരംഭിച്ചു. കനാലിലെ ചെളി മുഴുവന്‍ വെള്ളത്തില്‍ത്തന്നെയിട്ട് മണല്‍ വാരുന്ന പരിപാടിയാണ് നടക്കുന്നത്. കനാലോരത്ത് സൗന്ദര്യം വരുത്തിയിരിക്കുന്നതിന് മീതെയാണ് ഇപ്പോള്‍ ചെളിയും പായലും കോരിയിട്ടിരിക്കുന്നത്. അങ്ങനെ ചെയ്ത പണിയും പണവും പാഴായി.

ചെയ്യേണ്ടത് എന്താണ്? കനാലുകളുടെ തീരത്താണ് ആലപ്പുഴ പട്ടണം വളര്‍ന്നത്. അതുകൊണ്ട് ഏതാണ്ട് എല്ലാ ചരിത്രസ്മാരകങ്ങളും കനാല്‍ത്തീരത്തോ അവിടെനിന്ന് നടന്നുചെല്ലാവുന്ന ദൂരത്തോ ആണ്. ഈ കെട്ടിടങ്ങള്‍ ആകാവുന്നിടത്തോളം പൗരാണികത്തനിമയില്‍ സംരക്ഷിക്കുകയും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളില്‍ ചെറു മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയും വേണം. പഴയൊരു കന്നിട്ട മില്ലിന്റെ കെട്ടിടം പരമ്പരാഗത വെളിച്ചെണ്ണ വ്യവസായത്തിന്റെ പ്രദര്‍ശനശാലയാക്കണം. ഡാറാസ്‌മെയിലിന്റെ ഫാക്ടറിയിലൊരു ഭാഗത്ത് കയര്‍മ്യൂസിയം സ്ഥാപിക്കണം. പഴയ കടല്‍പ്പാലത്തിന്റെ അവശിഷ്ടം ഇപ്പോഴും ബാക്കിയുണ്ട്. പഴയ പോര്‍ട്ടും ഹൗസും ലൈറ്റ്ഹൗസുമുണ്ട്. ഓരോ ബംഗ്ലാവിനും നീണ്ടൊരു കഥ പറയാനുണ്ടാകും. എന്തുകൊണ്ട് ആലപ്പുഴ തുറമുഖത്തെക്കുറിച്ച് ഒരു പ്രദര്‍ശനം ബീച്ചിനുസമീപം ഒരുക്കാനാവില്ല?

വെറും ചതുപ്പായിക്കിടന്ന ഒരു പ്രദേശത്തെയാണ് രാജാ കേശവദാസ് ആലപ്പുഴ പട്ടണമാക്കി വളര്‍ത്തിയത്. ഇവിടേക്ക് വിവിധ കച്ചവടവിഭാഗങ്ങളെ ആകര്‍ഷിച്ചുകൊണ്ടുവന്ന് ഭൂമിയും സൗകര്യങ്ങളും നല്‍കി പാര്‍പ്പിച്ചു. അങ്ങനെ ആലപ്പുഴ ഒരുകാലത്ത് ഇംഗ്ലീഷുകാരുടെയും ഡച്ചുകാരുടെയും ജൂതന്മാരുടെയും മാത്രമല്ല, അനേകം മറുനാടന്‍ കച്ചവടസമുദായങ്ങളുടെകൂടി സംഗമകേന്ദ്രമായി. ഇന്ത്യയുടെ പല പ്രദേശത്തുനിന്നുള്ള വിവിധ വിഭാഗം മുസ്ലിങ്ങളായിരുന്നു തുടക്കത്തില്‍ ജനസംഖ്യയില്‍ നല്ലൊരുപങ്കും. പഴയ പള്ളികളുടെ വാസ്തുശില്പഭംഗി കണ്ടിട്ട് ബേക്കര്‍ ഇങ്ങനെ ചോദിച്ചു: 'ഞാന്‍ ഈ രണ്ടുപേജുകളിലായി നല്‍കിയിരിക്കുന്ന കനാലോരപ്പള്ളികളുടെ മാതൃകയിലുള്ള മസ്ജിദുകള്‍ ലോകത്ത് വേറെവിടെ നിങ്ങള്‍ക്ക് കാണാനാകും?'
കുട്ടിക്കാലത്ത് കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് അതികൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പള്ളി. തനി കേരളീയ വാസ്തുശില്പമാതൃകയിലുള്ള കെട്ടിടം. പള്ളിക്കുള്ളില്‍ ദിവസവും കത്തിക്കുന്ന ബഹുനില കല്‍വിളക്ക്. ഇന്നത് കാണണമെങ്കില്‍ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ ഫോട്ടോ നോക്കണം. നവീകരണത്തിന്റെ ഭാഗമായി പഴമയെ മറച്ചുകൊണ്ട് മിനാരെറ്റുകളും ഹാളും വന്നിരിക്കുന്നു. ഇതുപോലുള്ള കൈക്രിയകള്‍ എന്നാണ് ഈ കനാല്‍പ്പള്ളികളുടെ തനിമയെ ഇല്ലാതാക്കുന്നത് എന്നറിഞ്ഞുകൂടാ.

നാടന്‍ കച്ചവടക്കാരില്‍ ഏറ്റവും പ്രബലര്‍ ഗുജറാത്തികളായിരുന്നു. ഏതാനും കുടുംബക്കാരേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ഗുജറാത്തി സ്‌കൂള്‍ ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. ഈ സ്‌കൂള്‍ എന്തുകൊണ്ട് ഗുജറാത്തി സമുദായത്തെക്കുറിച്ചുള്ള ഒരു മ്യൂസിയമാക്കിക്കൂടാ? തിരുമല ദേവസ്വം ക്ഷേത്രത്തിന് ചുറ്റുമായിട്ടാണ് കൊങ്ങിണി സമൂഹം അധിവസിക്കുന്നത്. അവരുടെ സാമുദായികമോ വാണിജ്യപരമോ ആയ ചരിത്രത്തെക്കുറിച്ച് ഒരു ചെറുഗ്രന്ഥംപോലുമില്ല. റെഡ്യാര്‍മാര്‍ പോലുള്ള മറ്റുപല വാണിജ്യസമുദായങ്ങളും ഇതുപോലുണ്ട്.
കേരളത്തിലെ ആദ്യത്തെ ആംഗ്ലിക്കന്‍ മിഷനറി തോമസ് നോര്‍ട്ടന്റെ പള്ളിയിലോ അദ്ദേഹത്തിന്റെ സ്‌കൂളിലോ ഒരു മിഷനറി മ്യൂസിയം തയ്യാറാക്കണം. നോര്‍ട്ടന്റെ പള്ളി മാത്രമല്ല, ഏതാണ്ട് എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും പള്ളികള്‍ ഇവിടെയുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ അവാന്തരവിഭാഗങ്ങളും ആചാരനിഷ്ഠകളും ചരിത്രവും ചരിത്രകുതുകികളായ സഞ്ചാരികള്‍ക്ക് വളരെയേറെ താത്പര്യമുളവാക്കും.

കെട്ടിടങ്ങള്‍ മാത്രമല്ല, എത്രയോ പ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും നഗരം കണ്ടിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ തൊഴിലാളിപ്രസ്ഥാനം രൂപംകൊണ്ടത് ഇവിടെയാണ്. സാക്ഷരതയുള്ള സമൂഹമായതുകൊണ്ട് കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനത്തെ സംബന്ധിക്കുന്ന കൈയെഴുത്തുരേഖകളും ഫോട്ടോകളും ശേഖരിക്കാന്‍ കഴിയും എന്ന ചിന്തയില്‍ ഒട്ടേറെ അന്വേഷണങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഒന്നുംതന്നെ അവശേഷിക്കുന്നില്ല. തൊഴിലാളിപത്രത്തിന്റെ ഒരു കോപ്പിപോലും ഇന്ന് ആലപ്പുഴയില്‍ കണ്ടുകിട്ടാനില്ല. ഒരു കാലത്ത് ആലപ്പുഴയെ ത്രസിപ്പിച്ചിരുന്ന തൊഴിലാളി നേതാക്കന്മാരെക്കുറിച്ച് ഇന്നത്തെ തലമുറയില്‍ എത്രപേര്‍ക്ക് എന്തറിയാം?

ആലപ്പുഴ കനാലിലൂടെ ബോട്ടില്‍ യാത്ര ചെയ്യുന്ന സഞ്ചാരിക്ക് താത്പര്യമുള്ള കേന്ദ്രങ്ങളില്‍ വള്ളം നിര്‍ത്തി മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്യാം. ബഹുഭൂരിപക്ഷം കെട്ടിടങ്ങള്‍ക്കും ക്വിക്ക് റെസ്‌പോണ്‍സ് കോഡ് (ക്യു.ആര്‍.സി.) നല്‍കുകയാണെങ്കില്‍ പരസഹായമില്ലാതെ കെട്ടിടത്തിന്റെ ചരിത്രവും താമസക്കാരെയുംകുറിച്ച് മനസ്സിലാക്കാം. ഇന്ന് ആലപ്പുഴ ടൂറിസം, ജലടൂറിസത്തിലൊതുങ്ങി നില്‍ക്കുകയാണ്. പൈതൃക ടൂറിസത്തിലൂടെയേ ഇതിനെ വൈവിധ്യവത്കരിക്കാനാവൂ.
ഈയൊരു കാഴ്ചപ്പാടോടുകൂടിയുള്ള ഒരു ആസൂത്രിത പ്രവര്‍ത്തനമില്ല. പണമില്ലാത്തതല്ല പ്രശ്‌നം. മെഗാ ടൂറിസം പ്രോജക്ടിന്റെ പണമുണ്ട്. കനാല്‍ നവീകരണത്തിനായുള്ള പണമുണ്ട്. ഇവയൊക്കെ ഭാവനാപൂര്‍ണമായി ഉപയോഗിക്കുന്നതിനുള്ള കാഴ്ചപ്പാടില്ല. തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ കടപ്പുറം, തങ്കശ്ശേരി എന്നിങ്ങനെയുള്ള കേരളത്തിലെ പല പട്ടണങ്ങളെയും സംരക്ഷിക്കുന്നതിന് ഈയൊരു വീക്ഷണത്തോടെയുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്.

ഇതിനൊരു മാതൃകയായി മാറേണ്ടതായിരുന്നു മുസിരിസ് പ്രോജക്ട്. ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അത് ഏന്തിവലിഞ്ഞാണ് പോകുന്നത്. മുസിരിസ് പ്രോജക്ടില്‍ ആകൃഷ്ടരായ യൂണിസെഫാണ് സില്‍ക്ക് റൂട്ടുപോലെ ഒരു മുസിരിസ് സ്‌പൈസസ് റൂട്ടിനെക്കുറിച്ച് ചര്‍ച്ചതുടങ്ങിയത്. കേരളത്തിലെ തീരദേശ പട്ടണങ്ങളെല്ലാം ഒരുകാലത്തല്ലെങ്കില്‍ മറ്റൊരുകാലത്ത് തുറമുഖ കേന്ദ്രങ്ങളായിരുന്നു. ഇവയെല്ലാം കോര്‍ത്തിണക്കി പശ്ചിമേഷ്യ വഴി യൂറോപ്പിലേക്ക് ഒരു ചരിത്രസഞ്ചാരത്തിന്റെ പാത തുറക്കാനായിരുന്നു പരിപാടി. അതേക്കുറിച്ചും ഇപ്പോള്‍ അധികമൊന്നും പറഞ്ഞുകേള്‍ക്കുന്നില്ല.