എവിടെപ്പോയാലും കെട്ടിടങ്ങളുടെയും മനുഷ്യരുടെയും സ്‌കെച്ചുകള്‍ വരയ്ക്കുക ലാറി ബേക്കറുടെ ശീലമായിരുന്നു. അത്തരം സവിശേഷമായ സ്‌കെച്ചുകള്‍കൊണ്ട് സമ്പന്നമായ ഒരു പുസ്തകം അദ്ദേഹം ആലപ്പുഴയെക്കുറിച്ച് തയ്യാറാക്കിയിട്ടുണ്ട്. നഗരത്തിലെ കനാല്‍ത്തീരങ്ങളിലൂടെ നടന്ന് ബേക്കര്‍ വരച്ചിട്ടത് പ്രൗഢമായ ആലപ്പുഴപ്പഴമയുടെ രേഖാചിത്രങ്ങളാണ്. അന്ന് പക്ഷേ, അപൂര്‍ണമായേ വാര്‍ക്കക്കെട്ടിടങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. രംഗബോധമില്ലാതെ ബഹുനില വാര്‍ക്കക്കെട്ടിടങ്ങള്‍ വന്നാല്‍ നഗരസൗന്ദര്യമെങ്ങനെ തകരും എന്നും പ്രവചനസ്വഭാവത്തോടെ ലാറി ബേക്കര്‍ വരച്ചുകാണിച്ചു.
പഴയ വാസ്തുശില്പശൈലി സംരക്ഷിക്കാന്‍ യൂറോപ്പുകാര്‍ കാണിക്കുന്ന ശ്രദ്ധ പ്രസിദ്ധമാണ്. പ്രമുഖമായ യൂറോപ്യന്‍ നഗരങ്ങളുടെ ഒരു ഭാഗമെങ്കിലും ഇത്തരത്തില്‍ സംരക്ഷിക്കുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ കാല്‍നടയാത്രമാത്രമേ അനുവദിക്കാറുള്ളൂ. ഇത്തരത്തില്‍ ആലപ്പുഴയുടെ പൗരാണികത സംരക്ഷിച്ചുകൊണ്ട് ടൂറിസ്റ്റുകേന്ദ്രമാക്കി നഗരത്തെ എങ്ങനെ മാറ്റാമെന്ന് ബേക്കര്‍ ചിന്തിച്ചിരുന്നു. പഴയ കെട്ടുവള്ളങ്ങളെ ടൂറിസത്തിനുവേണ്ടി എങ്ങനെ രൂപാന്തരപ്പെടുത്താം എന്നും മേല്‍പ്പറഞ്ഞ ലഘുഗ്രന്ഥത്തിലുണ്ട്. തൊണ്ണൂറുകളുടെ അവസാനം ആലപ്പുഴ സന്ദര്‍ശിച്ച അദ്ദേഹം വളരെ നിരാശനായാണ് മടങ്ങിയത്. യാതൊരു ആസൂത്രണവുമില്ലാതെ പണിയുന്ന പുതിയ കെട്ടിടങ്ങളും തകര്‍ക്കപ്പെടുന്ന പഴയ കെട്ടിടങ്ങളും വര്‍ധിക്കുന്ന മാലിന്യക്കൂമ്പാരങ്ങളുംകണ്ട് നിരാശനായാണ് അദ്ദേഹം തന്റെ പഴയ സ്‌കെച്ചുകളും കുറിപ്പുകളും അതേപടി ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചത്. ഇന്നത് വീണ്ടും വായിക്കുമ്പോള്‍, ബേക്കര്‍ ഭയപ്പെട്ട പാതയിലൂടെത്തന്നെയാണ് ആലപ്പുഴ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാകും.
ഇത്രയും ഓര്‍ക്കാന്‍ കാരണം, 'മാതൃഭൂമി'യുടെ ആലപ്പുഴ എഡിഷനില്‍ എസ്.ഡി. വേണുകുമാര്‍ എഴുതിയ 'പൈതൃകം കുഴിച്ചുമൂടുമ്പോള്‍' എന്ന ലേഖനപരമ്പരയാണ്. ചരിത്രസ്മാരകങ്ങളുടെ ശവപ്പറമ്പാകുന്ന ആലപ്പുഴയുടെ ദയനീയചിത്രം ഈ പരമ്പര വരച്ചുകാട്ടുന്നു. 'മയൂരസന്ദേശ'മെഴുതിയ കേരളവര്‍മ വലിയകോയിത്തമ്പുരാനെ തടവില്‍ പാര്‍പ്പിച്ചിരുന്ന കൊട്ടാരവും കായംകുളം കൊച്ചുണ്ണിയെ വിചാരണചെയ്ത ഹജൂര്‍ കച്ചേരിക്കെട്ടിടവുമൊക്കെ ഈ നഗരത്തിന്റെ വിലപ്പെട്ട ചരിത്രസ്മാരകങ്ങളാണ്. ഗാന്ധിജി താമസിച്ചിരുന്ന നവറോജി ഭവനും കരുമാടിയിലെ മുസാവരി ബംഗ്ലാവും രവീന്ദ്രനാഥടാഗോര്‍ താമസിച്ചിരുന്ന അന്നപൂര്‍ണ ലോഡ്ജുമൊക്കെ ആലപ്പുഴയുടെ സ്വകാര്യ അഹങ്കാരമായി ചരിത്രത്തില്‍ തലയെടുത്തു നില്‍ക്കേണ്ടതാണ്. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം.
ലേലംചെയ്തുപോകുന്ന കെട്ടിടപ്പഴമകളും നവീകരിക്കപ്പെടുന്ന പള്ളികളും ഭട്ടതിരി മാളികകളും ആക്രിക്കാര്‍ക്ക് വില്‍ക്കാനൊരുങ്ങിയ നമ്പ്യാരുടെ മിഴാവും പൊളിക്കപ്പെടുന്ന തറവാടുകളും സാംസ്‌കാരികനായകരുടെ വീടുകളും കൃത്രിമക്കൈ പിടിപ്പിച്ച് സുന്ദരമാക്കാനുള്ള ശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കരുമാടിക്കുട്ടനുമെല്ലാം വേണുകുമാറിന്റെ ലേഖനപരമ്പരയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. പൈതൃകമെന്നാല്‍ വാസ്തുശില്പങ്ങള്‍ മാത്രമല്ലെന്നും തനത് ഭക്ഷണവും കൃഷിരീതിയും പരിസ്ഥിതിയും സംസ്‌കാരവുമെല്ലാം ഉള്‍പ്പെടുന്ന ഒന്നാണെന്നുമുള്ള തിരിച്ചറിവ് ലേഖകനുണ്ട്. സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തരമായ ഇടപെടലുകളില്ലെങ്കില്‍ നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത പൈതൃക സമ്പത്താണ് എന്ന ഓര്‍മപ്പെടുത്തലാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖന പരമ്പര.
അറബിക്കടലില്‍ ഡച്ചുകാര്‍ക്കുണ്ടായിരുന്ന മേധാവിത്തം തകര്‍ക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ നടത്തിയ സുപ്രധാനമായ കരുനീക്കമായിരുന്നു ആലപ്പുഴ തുറമുഖം. തിരുവിതാംകൂറിന്റെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായി ആലപ്പുഴ വളര്‍ന്നു. എന്നാല്‍, 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കൊച്ചി വികസിപ്പിച്ചതോടെ തുറമുഖമെന്ന നിലയില്‍ ആലപ്പുഴയുടെ ശനിദശ ആരംഭിച്ചു. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കയര്‍ വ്യവസായകേന്ദ്രം എന്നനിലയില്‍ ആലപ്പുഴ പുനര്‍ജനിച്ചു. എന്നാല്‍, വ്യവസായം വികേന്ദ്രീകരിക്കപ്പെടുകയും കയറ്റുമതി ക്ഷയിക്കുകയും ചെയ്തതോടെ ആലപ്പുഴ ഒരു പ്രേതനഗരമായി. ജീര്‍ണിച്ച പഴയ ഫാക്ടറി ഗോഡൗണുകളും കടല്‍പ്പാലവും ലൈറ്റ് ഹൗസും ബ്രിട്ടീഷ് ബംഗ്ലാവുകളുമെല്ലാം ഗതകാല പ്രൗഢിയുടെ സ്മാരകങ്ങളായി തുടര്‍ന്നു. ഈ ആലപ്പുഴയാണ് ബേക്കര്‍ ആദ്യം കണ്ടത്.
ആലപ്പുഴയുടെ അടുത്ത ജന്മം ടൂറിസത്തിലൂടെയായിരിക്കും. അതിനാകട്ടെ, കഴിഞ്ഞകാലത്തിന്റെ തിരുശേഷിപ്പുകളെ സംരക്ഷിക്കുന്ന നയം അത്യന്താപേക്ഷിതമാണ്. പക്ഷേ, വിപരീതദിശയിലാണ് കാര്യങ്ങളുടെ പോക്ക്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയ റിസോര്‍ട്ടുകളും മറ്റും വന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയ്ക്കുള്ള മെഗാ ടൂറിസം മാസ്റ്റര്‍ പ്ലാനില്‍ ഇങ്ങനെയൊരു പൈതൃകസംരക്ഷണ കാഴ്ചപ്പാട് തുലോം ദുര്‍ബലമാണ്. 2010ലെ ബജറ്റില്‍ ഈ പഠനത്തിനുവേണ്ടി പണം വകയിരുത്തിയപ്പോള്‍ മുസിരിസ് പൈതൃക സംരക്ഷണ പ്രോജക്ടുപോലൊന്നാണ് മനസ്സിലുണ്ടായിരുന്നത്. എന്നാല്‍, ഇത് വെറുമൊരു ജലടൂറിസംകനാല്‍ സൗന്ദര്യവത്കരണംപ്രോജക്ടായി മാറി. തുറന്നുപറഞ്ഞാല്‍ കനാല്‍ നവീകരണം എങ്ങനെ പാടില്ല എന്നതിന്റെ കേസ് സ്റ്റഡിയാണ് ഇപ്പോള്‍ ഈ പ്രോജക്ടിന്റെ നടത്തിപ്പ്.
ചെളി വാരിക്കളഞ്ഞ് ഉപ്പുവെള്ളം കയറ്റി കനാല്‍ വൃത്തിയായി സംരക്ഷിക്കുന്നതിന് ഒരു പ്രോജക്ടുണ്ട്. പണം നീക്കിവെക്കാന്‍ കഴിഞ്ഞ സര്‍ക്കാറിനെ പ്രേരിപ്പിച്ചത് അന്ന് കളക്ടറായിരുന്ന വേണുഗോപാലാണ്. അന്ന് വിഭാവനംചെയ്തതനുസരിച്ച് ഈ പ്രവര്‍ത്തനത്തിന് ശേഷമാകണം, കനാല്‍ സൗന്ദര്യവത്കരണം. പക്ഷേ, ആദ്യം ഏറ്റെടുത്തത് കനാല്‍ സൗന്ദര്യവത്കരണമാണ്. അതിന്റെ പണി തീരാറായപ്പോള്‍ കനാല്‍ ക്ലീനിങ് ആരംഭിച്ചു. കനാലിലെ ചെളി മുഴുവന്‍ വെള്ളത്തില്‍ത്തന്നെയിട്ട് മണല്‍ വാരുന്ന പരിപാടിയാണ് നടക്കുന്നത്. കനാലോരത്ത് സൗന്ദര്യം വരുത്തിയിരിക്കുന്നതിന് മീതെയാണ് ഇപ്പോള്‍ ചെളിയും പായലും കോരിയിട്ടിരിക്കുന്നത്. അങ്ങനെ ചെയ്ത പണിയും പണവും പാഴായി.
ചെയ്യേണ്ടത് എന്താണ്? കനാലുകളുടെ തീരത്താണ് ആലപ്പുഴ പട്ടണം വളര്‍ന്നത്. അതുകൊണ്ട് ഏതാണ്ട് എല്ലാ ചരിത്രസ്മാരകങ്ങളും കനാല്‍ത്തീരത്തോ അവിടെനിന്ന് നടന്നുചെല്ലാവുന്ന ദൂരത്തോ ആണ്. ഈ കെട്ടിടങ്ങള്‍ ആകാവുന്നിടത്തോളം പൗരാണികത്തനിമയില്‍ സംരക്ഷിക്കുകയും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളില്‍ ചെറു മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയും വേണം. പഴയൊരു കന്നിട്ട മില്ലിന്റെ കെട്ടിടം പരമ്പരാഗത വെളിച്ചെണ്ണ വ്യവസായത്തിന്റെ പ്രദര്‍ശനശാലയാക്കണം. ഡാറാസ്‌മെയിലിന്റെ ഫാക്ടറിയിലൊരു ഭാഗത്ത് കയര്‍മ്യൂസിയം സ്ഥാപിക്കണം. പഴയ കടല്‍പ്പാലത്തിന്റെ അവശിഷ്ടം ഇപ്പോഴും ബാക്കിയുണ്ട്. പഴയ പോര്‍ട്ടും ഹൗസും ലൈറ്റ്ഹൗസുമുണ്ട്. ഓരോ ബംഗ്ലാവിനും നീണ്ടൊരു കഥ പറയാനുണ്ടാകും. എന്തുകൊണ്ട് ആലപ്പുഴ തുറമുഖത്തെക്കുറിച്ച് ഒരു പ്രദര്‍ശനം ബീച്ചിനുസമീപം ഒരുക്കാനാവില്ല?
വെറും ചതുപ്പായിക്കിടന്ന ഒരു പ്രദേശത്തെയാണ് രാജാ കേശവദാസ് ആലപ്പുഴ പട്ടണമാക്കി വളര്‍ത്തിയത്. ഇവിടേക്ക് വിവിധ കച്ചവടവിഭാഗങ്ങളെ ആകര്‍ഷിച്ചുകൊണ്ടുവന്ന് ഭൂമിയും സൗകര്യങ്ങളും നല്‍കി പാര്‍പ്പിച്ചു. അങ്ങനെ ആലപ്പുഴ ഒരുകാലത്ത് ഇംഗ്ലീഷുകാരുടെയും ഡച്ചുകാരുടെയും ജൂതന്മാരുടെയും മാത്രമല്ല, അനേകം മറുനാടന്‍ കച്ചവടസമുദായങ്ങളുടെകൂടി സംഗമകേന്ദ്രമായി. ഇന്ത്യയുടെ പല പ്രദേശത്തുനിന്നുള്ള വിവിധ വിഭാഗം മുസ്ലിങ്ങളായിരുന്നു തുടക്കത്തില്‍ ജനസംഖ്യയില്‍ നല്ലൊരുപങ്കും. പഴയ പള്ളികളുടെ വാസ്തുശില്പഭംഗി കണ്ടിട്ട് ബേക്കര്‍ ഇങ്ങനെ ചോദിച്ചു: 'ഞാന്‍ ഈ രണ്ടുപേജുകളിലായി നല്‍കിയിരിക്കുന്ന കനാലോരപ്പള്ളികളുടെ മാതൃകയിലുള്ള മസ്ജിദുകള്‍ ലോകത്ത് വേറെവിടെ നിങ്ങള്‍ക്ക് കാണാനാകും?'
കുട്ടിക്കാലത്ത് കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് അതികൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പള്ളി. തനി കേരളീയ വാസ്തുശില്പമാതൃകയിലുള്ള കെട്ടിടം. പള്ളിക്കുള്ളില്‍ ദിവസവും കത്തിക്കുന്ന ബഹുനില കല്‍വിളക്ക്. ഇന്നത് കാണണമെങ്കില്‍ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ ഫോട്ടോ നോക്കണം. നവീകരണത്തിന്റെ ഭാഗമായി പഴമയെ മറച്ചുകൊണ്ട് മിനാരെറ്റുകളും ഹാളും വന്നിരിക്കുന്നു. ഇതുപോലുള്ള കൈക്രിയകള്‍ എന്നാണ് ഈ കനാല്‍പ്പള്ളികളുടെ തനിമയെ ഇല്ലാതാക്കുന്നത് എന്നറിഞ്ഞുകൂടാ.
നാടന്‍ കച്ചവടക്കാരില്‍ ഏറ്റവും പ്രബലര്‍ ഗുജറാത്തികളായിരുന്നു. ഏതാനും കുടുംബക്കാരേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ഗുജറാത്തി സ്‌കൂള്‍ ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. ഈ സ്‌കൂള്‍ എന്തുകൊണ്ട് ഗുജറാത്തി സമുദായത്തെക്കുറിച്ചുള്ള ഒരു മ്യൂസിയമാക്കിക്കൂടാ? തിരുമല ദേവസ്വം ക്ഷേത്രത്തിന് ചുറ്റുമായിട്ടാണ് കൊങ്ങിണി സമൂഹം അധിവസിക്കുന്നത്. അവരുടെ സാമുദായികമോ വാണിജ്യപരമോ ആയ ചരിത്രത്തെക്കുറിച്ച് ഒരു ചെറുഗ്രന്ഥംപോലുമില്ല. റെഡ്യാര്‍മാര്‍ പോലുള്ള മറ്റുപല വാണിജ്യസമുദായങ്ങളും ഇതുപോലുണ്ട്.
കേരളത്തിലെ ആദ്യത്തെ ആംഗ്ലിക്കന്‍ മിഷനറി തോമസ് നോര്‍ട്ടന്റെ പള്ളിയിലോ അദ്ദേഹത്തിന്റെ സ്‌കൂളിലോ ഒരു മിഷനറി മ്യൂസിയം തയ്യാറാക്കണം. നോര്‍ട്ടന്റെ പള്ളി മാത്രമല്ല, ഏതാണ്ട് എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും പള്ളികള്‍ ഇവിടെയുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ അവാന്തരവിഭാഗങ്ങളും ആചാരനിഷ്ഠകളും ചരിത്രവും ചരിത്രകുതുകികളായ സഞ്ചാരികള്‍ക്ക് വളരെയേറെ താത്പര്യമുളവാക്കും.
കെട്ടിടങ്ങള്‍ മാത്രമല്ല, എത്രയോ പ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും നഗരം കണ്ടിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ തൊഴിലാളിപ്രസ്ഥാനം രൂപംകൊണ്ടത് ഇവിടെയാണ്. സാക്ഷരതയുള്ള സമൂഹമായതുകൊണ്ട് കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനത്തെ സംബന്ധിക്കുന്ന കൈയെഴുത്തുരേഖകളും ഫോട്ടോകളും ശേഖരിക്കാന്‍ കഴിയും എന്ന ചിന്തയില്‍ ഒട്ടേറെ അന്വേഷണങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഒന്നുംതന്നെ അവശേഷിക്കുന്നില്ല. തൊഴിലാളിപത്രത്തിന്റെ ഒരു കോപ്പിപോലും ഇന്ന് ആലപ്പുഴയില്‍ കണ്ടുകിട്ടാനില്ല. ഒരു കാലത്ത് ആലപ്പുഴയെ ത്രസിപ്പിച്ചിരുന്ന തൊഴിലാളി നേതാക്കന്മാരെക്കുറിച്ച് ഇന്നത്തെ തലമുറയില്‍ എത്രപേര്‍ക്ക് എന്തറിയാം?
ആലപ്പുഴ കനാലിലൂടെ ബോട്ടില്‍ യാത്ര ചെയ്യുന്ന സഞ്ചാരിക്ക് താത്പര്യമുള്ള കേന്ദ്രങ്ങളില്‍ വള്ളം നിര്‍ത്തി മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്യാം. ബഹുഭൂരിപക്ഷം കെട്ടിടങ്ങള്‍ക്കും ക്വിക്ക് റെസ്‌പോണ്‍സ് കോഡ് (ക്യു.ആര്‍.സി.) നല്‍കുകയാണെങ്കില്‍ പരസഹായമില്ലാതെ കെട്ടിടത്തിന്റെ ചരിത്രവും താമസക്കാരെയുംകുറിച്ച് മനസ്സിലാക്കാം. ഇന്ന് ആലപ്പുഴ ടൂറിസം, ജലടൂറിസത്തിലൊതുങ്ങി നില്‍ക്കുകയാണ്. പൈതൃക ടൂറിസത്തിലൂടെയേ ഇതിനെ വൈവിധ്യവത്കരിക്കാനാവൂ.
ഈയൊരു കാഴ്ചപ്പാടോടുകൂടിയുള്ള ഒരു ആസൂത്രിത പ്രവര്‍ത്തനമില്ല. പണമില്ലാത്തതല്ല പ്രശ്‌നം. മെഗാ ടൂറിസം പ്രോജക്ടിന്റെ പണമുണ്ട്. കനാല്‍ നവീകരണത്തിനായുള്ള പണമുണ്ട്. ഇവയൊക്കെ ഭാവനാപൂര്‍ണമായി ഉപയോഗിക്കുന്നതിനുള്ള കാഴ്ചപ്പാടില്ല. തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ കടപ്പുറം, തങ്കശ്ശേരി എന്നിങ്ങനെയുള്ള കേരളത്തിലെ പല പട്ടണങ്ങളെയും സംരക്ഷിക്കുന്നതിന് ഈയൊരു വീക്ഷണത്തോടെയുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്.
ഇതിനൊരു മാതൃകയായി മാറേണ്ടതായിരുന്നു മുസിരിസ് പ്രോജക്ട്. ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അത് ഏന്തിവലിഞ്ഞാണ് പോകുന്നത്. മുസിരിസ് പ്രോജക്ടില്‍ ആകൃഷ്ടരായ യൂണിസെഫാണ് സില്‍ക്ക് റൂട്ടുപോലെ ഒരു മുസിരിസ് സ്‌പൈസസ് റൂട്ടിനെക്കുറിച്ച് ചര്‍ച്ചതുടങ്ങിയത്. കേരളത്തിലെ തീരദേശ പട്ടണങ്ങളെല്ലാം ഒരുകാലത്തല്ലെങ്കില്‍ മറ്റൊരുകാലത്ത് തുറമുഖ കേന്ദ്രങ്ങളായിരുന്നു. ഇവയെല്ലാം കോര്‍ത്തിണക്കി പശ്ചിമേഷ്യ വഴി യൂറോപ്പിലേക്ക് ഒരു ചരിത്രസഞ്ചാരത്തിന്റെ പാത തുറക്കാനായിരുന്നു പരിപാടി. അതേക്കുറിച്ചും ഇപ്പോള്‍ അധികമൊന്നും പറഞ്ഞുകേള്‍ക്കുന്നില്ല.
പൊതുവെ പറഞ്ഞാല്‍, ചരിത്രസ്മാരകങ്ങളെ സംരക്ഷിക്കുന്ന വിധത്തില്‍ സംസ്കാരമുള്ളവര്‍ അല്ല നാം. ഇനി എന്നെങ്കിലും അങ്ങനെ ആയിത്തീര്‍ന്നേക്കാം!!
ReplyDeleteനല്ല ആശയങ്ങളാണ് സന്തോഷമുണ്ട്. ഇങ്ങനെയൊരാവശ്യത്തിനായി ഒരു കൂട്ട്യ്മയുണ്ടാക്കാൻ എംഎൽഎ തന്നെ മുൻകൈ എടുക്കുക കുടെയുണ്ടാകും. ഷൈജു, മീഡിയ വൺ, ആലപ്പുഴ 8943347472
ReplyDeleteHope the initiative led by Benny Kuriakose might lead to a more nuanced look at the heritage conservation of Alappuzha town. Thanks for sharing the details in the FB.
ReplyDeleteവളരെ പ്രധാനപ്പെട്ട വിഷയമാണ് ഡോ. ഐസക് ചര്ച്ചക്കു വച്ചത്..ആലപ്പുഴയുടെ പൈതൃക സംരക്ഷണത്തിന് ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ സംസ്ഥാനത്തിന് കഴിയണം..
ReplyDelete