Sunday, November 30, 2014

തകിടംമറിയുന്ന തദ്ദേശഭരണം


ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കോഴിക്കോട് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം എന്നോടൊരു കണക്കുപറഞ്ഞു. കോര്‍പ്പറേഷന് 110 കോടി രൂപയാണ് ഈ വര്‍ഷം ചെലവഴിക്കാനുള്ളത്. പത്തുകോടി രൂപ ചെലവഴിച്ചു. സാങ്കേതികാനുമതി ലഭിക്കാനുണ്ടായ കാലതാമസം, ടെന്‍ഡര്‍ വിളിക്കാനുള്ള സോഫ്‌റ്റ്വേറിലെ കുഴപ്പങ്ങള്‍ ഇവയൊക്കെയാണ് പണം ചെലവഴിക്കുന്നതിനുണ്ടായ അമാന്തത്തിന് കാരണം. ഇപ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അപ്പോഴാണ് സര്‍ക്കാറിന്റെ ഉത്തരവ്. ഒരു ദിവസം 25 ലക്ഷത്തേക്കാള്‍ കൂടുതല്‍ രൂപ ട്രഷറിയില്‍നിന്ന് പിന്‍വലിക്കാന്‍ അനുവാദമില്ല.

മാസത്തില്‍ ആദ്യത്തെ എട്ടുദിവസം ശമ്പളത്തിനുവേണ്ടിയുള്ള ട്രഷറി ബാനാണ്. ബാക്കിയുള്ള ദിവസങ്ങളിലെ അവധിദിവസങ്ങളും കഴിഞ്ഞാല്‍ ഏതാണ്ട് എഴുപത് ദിവസമേ ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കാന്‍ പറ്റൂ. 100 കോടി രൂപ ചെലവഴിക്കാനുണ്ട്. ഏറിയാല്‍ പതിനെട്ടുകോടി ചെലവഴിക്കാം. ബാക്കി ചെലവഴിക്കാന്‍ എന്തുചെയ്യണം? ഒരു പോംവഴി ആര്‍ക്കെങ്കിലും നിര്‍ദേശിക്കാനുണ്ടെങ്കില്‍ കോര്‍പ്പറേഷനുകളെയും ജില്ലാ പഞ്ചായത്തുകളെയും ആ വിവരം അറിയിക്കുക. എല്ലാവരുടെയും സ്ഥിതി ഏറിയും കുറഞ്ഞും ഇതുതന്നെ.
ഇതോടൊപ്പം കണക്കിലെടുക്കേണ്ട മറ്റൊരു ഇണ്ടാസുകൂടിയുണ്ട്. മാര്‍ച്ച് 31നകം മുഴുവന്‍ പണവും ചെലവഴിച്ചുതീര്‍ക്കണമത്രേ. അടുത്തവര്‍ഷം മുതല്‍ സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ അനുവദിക്കില്ലപോലും. പണം ചെലവഴിക്കാന്‍ സമ്മതിക്കാതെ കൈയും കാലും കെട്ടിയിടുക. എന്നിട്ട് വര്‍ഷാവസാനം പണം ചെലവഴിച്ചില്ലെന്ന് പറഞ്ഞ് അനുവദിച്ച തുക തിരിച്ചുപിടിക്കുക.
നിലവിലുള്ള സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഒക്ടോബര്‍ 31നകം തീര്‍ത്തില്ലെങ്കില്‍ പണം നഷ്ടപ്പെടുമെന്നും കല്പന പുറത്തിറങ്ങി. ഈ അന്തിമവിധിദിവസം ഡിസംബര്‍ 31ലേക്ക് നീട്ടിയിട്ടുണ്ട്. ശുദ്ധ അസംബന്ധമാണ് ഇത്തരം തിട്ടൂരങ്ങള്‍. ടെന്‍ഡര്‍ വിളിച്ചുനടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് പണം ഇനി പിന്‍വലിക്കാന്‍ പറ്റില്ലെന്നുപറഞ്ഞാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് എങ്ങനെയാണ് പണം കൊടുക്കുക? സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ കുമിഞ്ഞുകൂടി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ കെട്ടിക്കിടക്കുന്നു. ഈ അരാജകത്വം ഒഴിവാക്കാനാണ് കര്‍ശനനടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. ഈ വാദത്തിന് ഒരടിസ്ഥാനവുമില്ല. പണം യഥേഷ്ടം അടുത്ത വര്‍ഷത്തേക്ക് സ്​പില്‍ ഓവറായി കൊണ്ടുപോകാനാവില്ല. 30 ശതമാനമേ കാരി ഓവറായി അഥവാ സ്​പില്‍ ഓവര്‍ പ്രോജക്ടുകളായി കൊണ്ടുപോകാന്‍ പറ്റൂ. പിന്നെന്തിനാണ് ധനകാര്യവര്‍ഷത്തിന് നടുവില്‍ സ്​പില്‍ ഓവര്‍ പ്രോജക്ടുകള്‍ നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്?

താഴേക്കുള്ള ധനവിന്യാസ സമ്പ്രദായത്തില്‍ വരുത്തിയ മാറ്റവും തദ്ദേശ ഭരണസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിലുള്ള സമ്പ്രദായപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ പന്ത്രണ്ട് മാസഗഡുക്കളായി അവര്‍ക്ക് കൈമാറണം. ഇത് പഞ്ചായത്ത് സെക്രട്ടറിയുടെ ടി.പി. അക്കൗണ്ടില്‍ നിക്ഷേപമായി കിടക്കും. ഓരോ പ്രോജക്ടുകളും പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പഞ്ചായത്ത് സെക്രട്ടറി നല്കുന്ന അലോട്ട്‌മെന്റ് ലെറ്ററിന്റെ അടിസ്ഥാനത്തില്‍ ബില്ല് സമര്‍പ്പിച്ച് നിര്‍വഹണ ഉദ്യോഗസ്ഥര്‍ പണം വാങ്ങും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടത്തിപ്പിന് ഒരു വിഘ്‌നവും കൂടാതെ പണം ലഭ്യമാക്കുന്നതിന് വിനോദ് റായി സെക്രട്ടറിയായിരിക്കുമ്പോള്‍ ഇന്നത്തെ ധനസെക്രട്ടറി കെ.എം. എബ്രഹാം ആവിഷ്‌കരിച്ച മേല്പറഞ്ഞ സമ്പ്രദായമാണ് നിലനിന്നിരുന്നത്. ഇനിമേല്‍ ഇതല്ല ചിട്ട. മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളെയുംപോലെ പ്രോജക്ടുകള്‍ പൂര്‍ത്തിയായി ബില്ല് സമര്‍പ്പിക്കുമ്പോഴേ പണം ലഭിക്കൂ. എന്നുവെച്ചാല്‍ സംസ്ഥാന ട്രഷറിക്ക് സാമ്പത്തിക ഞെരുക്കമുണ്ടെങ്കില്‍ പണം പിന്‍വലിക്കാന്‍ പറ്റില്ല. ഈ സ്ഥിതിമൂലമാണ് പൊതുമരാമത്ത് വകുപ്പിന് രണ്ടായിരത്തി അഞ്ഞൂറോളം കോടി രൂപയുടെ കുടിശ്ശിക വന്നിരിക്കുന്നത്. ഇത് ഇനി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വരാന്‍പോവുകയാണ്. വര്‍ക്കുകളെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ മടികാണിച്ചു തുടങ്ങിക്കഴിഞ്ഞു.
പണമില്ലാത്തതുകൊണ്ട് കേരളത്തിലെ പാര്‍പ്പിടപദ്ധതികള്‍ സമ്പൂര്‍ണ സ്തംഭനത്തിലാണ്. ബാങ്ക് വായ്പയെടുത്ത് വീടില്ലാത്തവര്‍ക്കെല്ലാം അഞ്ചുവര്‍ഷംകൊണ്ട് വീട് പണിതുനല്കുന്നതിനുള്ള പദ്ധതി യു.ഡി.എഫ്. സര്‍ക്കാര്‍ പാതിവഴിവെച്ച് അവസാനിപ്പിച്ചു. ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നത് നിരോധിച്ചതോടെ പണിതുകൊണ്ടിരുന്ന വീടുകള്‍ക്ക് പണം നല്കാന്‍ കഴിയാതെയായി. ഇന്നും 20,00030,000 വീടുകള്‍ പാതിവഴിക്ക് നില്ക്കുകയാണ്.

ഇ.എം.എസ്. പാര്‍പ്പിടപദ്ധതി പൊളിച്ചതിന്റെ വിമര്‍ശനമില്ലാതാക്കാന്‍ വീടൊന്നിന് സഹായധനം രണ്ടുലക്ഷം രൂപയായി ഉയര്‍ത്തി. സഹായധനം ഇരട്ടിയാക്കിയത് വലിയ കൈയടിനേടി. പക്ഷേ, ഈയിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം നല്കാന്‍ വിസമ്മതിച്ചതോടെ പാര്‍പ്പിടപദ്ധതി സ്തംഭനത്തിലായി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ.) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നടപ്പാക്കിയാല്‍ മതി എന്നതാണ് ഇപ്പോഴത്തെ നിലപാട്. ഈ വര്‍ഷം 59,000 വീടുകള്‍ ഈ സ്‌കീം വഴി കേരളത്തില്‍ നടപ്പാക്കാനുണ്ട്. ഇതില്‍ 70,000 രൂപയേ കേന്ദ്രസര്‍ക്കാര്‍ തരൂ. ജില്ലാ പഞ്ചായത്ത് വക 20,000 രൂപ, ബ്ലോക്ക് പഞ്ചായത്ത് വക 36,000 രൂപ. ഗ്രാമപ്പഞ്ചായത്ത് വക 24,000 രൂപ. ബാക്കി 50,000 രൂപ സംസ്ഥാനസര്‍ക്കാര്‍ നല്കുമെന്നാണ് കഴിഞ്ഞവര്‍ഷം പറഞ്ഞത്. ഈ പണം കൈമാറാത്തതുകൊണ്ട് കഴിഞ്ഞ വര്‍ഷത്തെ വീടുകളെല്ലാം പാതിവഴിക്ക് കിടപ്പുണ്ട്. നടപ്പുവര്‍ഷമാകട്ടെ സംസ്ഥാന സര്‍ക്കാര്‍ പണം നല്കുമെന്നുപോലും പറയാന്‍ തയ്യാറല്ല. ഫലമോ? പൂര്‍ത്തീകരിക്കാത്ത വീടുകള്‍കൊണ്ട് കേരളം നിറഞ്ഞു.

പാര്‍പ്പിടത്തിന് പണമുണ്ടാക്കാന്‍ ചെയ്ത സൂത്രപ്പണി വനിതാ ഘടകപദ്ധതിയെ തകര്‍ത്തു. യു.ഡി.എഫ്. സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശമിറക്കിയപ്പോള്‍ വനിതാ ഘടകപദ്ധതി വേണ്ടെന്നുവെച്ചിരുന്നു. ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ പുനഃസ്ഥാപിച്ചു. പക്ഷേ, ഇത് കബളിപ്പിക്കല്‍ തന്ത്രം മാത്രമായിരുന്നു. ഇതുവരെ വനിതാ ഘടകപദ്ധതിയില്‍ സ്ത്രീയുടെയും പുരുഷന്റെയും പൊതുആവശ്യങ്ങളെ ആസ്​പദമാക്കിയ പ്രോജക്ടുകള്‍ അനുവദിച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ചെയ്തിരിക്കുന്നതോ, വിധവകള്‍ക്കുള്ള വീടുകള്‍ വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ്. സ്ത്രീകളുടെ ജീവിതായുസ്സ് പുരുഷന്മാരേക്കാള്‍ അധികമായതുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷം വീടുകളിലും വിധവകളുണ്ട്. അങ്ങനെ വനിതാഘടകപദ്ധതി വനിതാ ഭവനപദ്ധതിയായി അധഃപതപ്പിച്ച് പ്രഹസനമാക്കിയിരിക്കുന്നു. വനിതാഘടകപദ്ധതി വികേന്ദ്രീകൃത ആസൂത്രണത്തിന്റെ തിലകക്കുറിയായിരുന്നു. അതിങ്ങനെ ഇല്ലാതാക്കി.

പഞ്ചായത്തുകളോരോന്നും സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. നിലവിലുള്ള പെന്‍ഷന്‍പോലും കുടിശ്ശികയാണ്. അപ്പോള്‍പ്പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? കുടുംബശ്രീയുടെ ഭവനശ്രീ വായ്പകള്‍ എഴുതിത്തള്ളി. പക്ഷേ, ബാങ്കുകള്‍ക്ക് പലതിനും പണം നല്കിയിട്ടില്ല. അതുകൊണ്ട് ആധാരങ്ങളിപ്പോഴും തിരികെ കിട്ടിയിട്ടില്ല. ഇങ്ങനെ ഈ പട്ടിക നീട്ടാം.
തദ്ദേശ ഭരണവകുപ്പിനെ മൂന്നായി വിഭജിച്ചപ്പോള്‍ ഉയര്‍ന്ന ആശങ്കകളെല്ലാം യാഥാര്‍ഥ്യമായി. മൂന്നു വകുപ്പുംകൂടി ഒരുമിച്ചു നടത്തേണ്ട ശുചിത്വപരിപാടി, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ജില്ലാ പദ്ധതി രൂപവത്കരണം തുടങ്ങിയവയുടെ നടത്തിപ്പ് പരിശോധിച്ചാല്‍ ഈ ഏകോപനമില്ലായ്മ സൃഷ്ടിക്കുന്ന പ്രതിസന്ധി മനസ്സിലാക്കാനാവും. ജില്ലാ പദ്ധതിയുടെ കാര്യമെടുക്കാം. ജില്ലാ പദ്ധതി എങ്ങനെ രൂപം നല്കണമെന്ന് ഭരണഘടന നിര്‍വചിച്ചിട്ടുണ്ട്. ഡി.പി.സി.യാണ് ഈ ചുമതല നിര്‍വഹിക്കേണ്ടത്. മൂന്നുതട്ട് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതികളെയും സംയോജിപ്പിച്ചുവേണം ജില്ലാ പദ്ധതി തയ്യാറാക്കേണ്ടത്. എന്നാല്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് നഗരവികസന വകുപ്പു മന്ത്രിയുടെ കീഴിലാണ്. ഒരു ഓര്‍ഡിനന്‍സ് വഴി അവര്‍ ഈ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. ഭരണഘടനാവിരുദ്ധവും സംസ്ഥാനത്തെ ആസൂത്രണ നടപടിക്രമങ്ങളോട് ഒത്തുപോകാത്തതുമായ ഈ നിയമനിര്‍മാണത്തിനെതിരെ സംസ്ഥാന ആസൂത്രണ ബോര്‍ഡിനുപോലും രേഖാമൂലം പ്രതിഷേധിക്കേണ്ടിവന്നു. ഡി.പി.സി.ക്കും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും നാമമാത്രമായ ഉപദേശക പങ്കാളിത്തമേ ഈ രേഖ തയ്യാറാക്കലിലുള്ളൂ. ഫലം ഇപ്പോഴേ പ്രവചിക്കാം. ഒരു ജില്ലാ പദ്ധതിയും ഉണ്ടാകാന്‍ പോകുന്നില്ല.

ഈയിടെ തിരുവനന്തപുരത്ത് ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യവേ സ്വയം പരിഹസിച്ചുകൊണ്ട് പഞ്ചായത്തുമന്ത്രി പറഞ്ഞ വാക്കുകള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. 'ചില വകുപ്പുകളില്ലാത്ത' എന്ന് ബ്രാക്കറ്റിലുള്ള പഞ്ചായത്ത് മന്ത്രിയാണ് താനെന്നായിരുന്നു അദ്ദേഹം തുറന്നുപറഞ്ഞത്. കേരളത്തിലെ അധികാരവികേന്ദ്രീകരണ പരീക്ഷണത്തെ എങ്ങനെ രക്ഷിക്കാനാവും? ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒരു രണ്ടാം പതിപ്പിലൂടെ മാത്രമേ ഇന്നത്തെ പിന്നോട്ടടിയില്‍നിന്ന് ജനാധിപത്യവികേന്ദ്രീകരണത്തെ രക്ഷിക്കാനാവൂ.

1 comment:

  1. ഞങ്ങള്‍ പാവം ജനങ്ങള്‍ക്ക് ഇതൊന്നും അറിയുകയില്ല, ഇതിലൊന്നും താല്പര്യവുമില്ല. കാര്യങ്ങള്‍ ക്രമമായി നടന്നുകിട്ടിയാല്‍ മതിയെന്നേയുള്ളു

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...