Monday, August 27, 2012

'മന്ദബുദ്ധികളുടെ മാര്‍ക്‌സിസ്റ്റ് സംവാദം'

'പാര്‍ട്ടി ഗ്രാമവ്യവസ്ഥ' പോലെ സിപിഐഎമ്മുമായി ബന്ധപ്പെട്ട് ഒരു നവീന സമ്പദ്‌വ്യവസ്ഥയ്ക്ക് രൂപം നല്‍കിക്കൊണ്ടാണ് ജെ. രഘു തന്റെ സിപിഎം വിരോധവുമായി രംഗത്തിറങ്ങുന്നത്. അതിന്റെ പേരാണ് 'അധോലോക മുതലാളിത്ത സമ്പദ്ക്രമം'. ഇതാണത്രേ സിപിഐഎമ്മിന്റെ സാമൂഹ്യസാമ്പത്തിക അടിത്തറ. ഇതു മനസിലാക്കാതെയാണത്രേ സിപിഐഎമ്മിനെതിരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിമര്‍ശനങ്ങള്‍ക്ക് പലരും ഇറങ്ങിപ്പുറപ്പെടുന്നത്. ഇത്തരം രാഷ്ട്രീയ പ്രത്യയശാസ്ത്ര വിലയിരുത്തലിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുപോലും. മറിച്ച് രഘുവിന്റെ അഭിപ്രായത്തില്‍ 'സിപിഎമ്മിന്റെ സാമൂഹ്യശാസ്ത്രമാണ് ഗൗരവമായ അപഗ്രഥനത്തിന് വിധേയമാക്കേണ്ടത്'.

ഇത്തരം ഗഹനമായ സാമൂഹ്യശാസ്ത്ര അന്വേഷണത്തിന്റെ ഫലമായി അദ്ദേഹം എത്തിച്ചേരുന്ന നിഗമനം ഇതാണ്:
'യൂറോപ്യന്‍ ക്ലാസിക്കല്‍ മുതലാളിത്തത്തിന്റെ രാഷ്ട്രീയ സാംസ്‌ക്കാരിക സ്വഭാവങ്ങളില്ലാത്ത സിപിഐഎമ്മിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അതിനാല്‍ എങ്ങനെയാണ് നിര്‍വചിക്കുക? ഒരു അധോലോക സമ്പദ്ക്രമമാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സംരംഭങ്ങളുടെ കാര്യക്ഷമതയെ അധോലോക സമ്പദ്ക്രമത്തിന്റെ ഗൂഢ കാര്യക്ഷമതയെന്നു വിശേഷിപ്പിക്കാം. രാഷ്ട്രീയ സാംസ്‌ക്കാരിക വ്യവസ്ഥയ്ക്കു സമാന്തരമായി രൂപം കൊളളുന്ന ഈ അധോലോക സാമ്പത്തിക സാമ്രാജ്യത്വത്തിന്റെ സുരക്ഷ നിയമവ്യവസ്ഥയോ ജനാധിപത്യ മതേതര മൂല്യങ്ങളോ അല്ല. നഗ്നമായ ഭീകരതയും ഹിംസയുമാണ് ഈ സാമ്രാജ്യത്വത്തിന്റെ കാവല്‍ശക്തികള്‍.' – (ജെ. രഘു, എന്താണ് പാര്‍ട്ടി, എന്താണ് സിപിഎം -മാതൃഭൂമി ആഴ്ചപ്പതിപ്പ്. ജൂണ്‍ 17-23, 2012).
അതുകൊണ്ടാണ് ടി. പി. ചന്ദ്രശേഖരനെപ്പോലുളളവരെ വധിക്കുന്നത് സിപിഎമ്മിന്റെ പരിപാടിയായിത്തീരുന്നത് എന്നാണ് രഘു സിദ്ധാന്തിക്കുന്നത്.

ദാര്‍ശനികമായ മഹാമൗലിക സംഭാവനകള്‍ നല്‍കുന്നുവെന്ന നാട്യത്തോടെ രഘു നടത്തുന്ന ഇത്തരം വ്യായാമങ്ങള്‍ക്കായി ആറു പേജാണ് മാതൃഭൂമി നീക്കിവെച്ചത്. അതിലേയ്ക്കു കടക്കുന്നതിനു മുമ്പ് ഈ മാന്യദേഹത്തെ പരിചയപ്പെടുത്തേണ്ടതുണ്ട്.

രഘുവിന്റെ പൂര്‍വാശ്രമങ്ങള്‍

പന്തളം എന്‍എസ്എസ് കോളജില്‍ പഠിക്കുമ്പോള്‍ അദ്ദേഹം എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. രക്തസാക്ഷി സഖാവ് ഭുവനേശ്വരന്റെ സഹപ്രവര്‍ത്തകനായിരുന്നു. സഖാവിനെ ക്ലാസ് മുറിയിലിട്ട് മര്‍ദ്ദിച്ച് മൃതപ്രായനാക്കിയശേഷം പൊക്കിയെടുത്ത് തല നിലത്തടിച്ചാണ് കൊന്നത്. അന്ന് രഘുവും മറ്റുളളവരും കഷ്ടിച്ചു രക്ഷപെടുകയായിരുന്നു എന്നാണ് കേട്ടിട്ടുളളത്. സഖാവ് ഭുവനേശ്വരന്റെ പാര്‍ട്ടിയെക്കുറിച്ചാണ് വസ്തുതകള്‍ക്കു നിരക്കാത്ത ആക്ഷേപങ്ങള്‍ ചൊരിയുന്നത് എന്ന് വല്ലപ്പോഴും രഘു ഓര്‍ക്കുന്നത് നന്ന്.

പിന്നെ രഘുവിനെ കാണുന്നത് സിപിഐഎംഎല്ലിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്ന കേരള വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറി ആയാണ്. കടുത്ത ഉന്മൂലനവാദി. 1980ല്‍ മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇ കെ നായനാര്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഒറ്റയ്ക്കു വന്നു കരിങ്കൊടി കാട്ടിയ തീവ്രവാദി.

രഘുവിന്റെ അടുത്ത അവതാരം പുസ്തക പ്രസാധക സംഘത്തിന്റെ പ്രവര്‍ത്തകനായിട്ടാണ്. അക്കാലത്താണ് (1986) ഭാസുരേന്ദ്രബാബുവുമായി ചേര്‍ന്ന് 'മന്ദബുദ്ധികളുടെ മാര്‍ക്‌സിസ്റ്റ് സംവാദം' എന്ന പുസ്തകം രചിച്ചത്. കലാകൗമുദി ആഴ്ചപ്പതിപ്പില്‍ മാര്‍ക്‌സിസത്തെക്കുറിച്ച് ഒ വി വിജയന്‍ എഴുതിയ ലേഖനം, തുടര്‍ന്ന് സിപിഐ നേതാക്കളും അനുഭാവികളും സച്ചിതാനന്ദന്‍, എം. റഷീദ് തുടങ്ങിയ പലരും പങ്കെടുത്ത ചര്‍ച്ചയെക്കുറിച്ചുളള വിമര്‍ശനാത്മകമായ പരിശോധനയാണ് ആ പുസ്തകം. ചര്‍ച്ചയില്‍ പങ്കെടുത്ത ഇടതുപക്ഷക്കാരെയല്ല, ഒ വി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന ബുദ്ധിജീവികളെയാണ് 'മന്ദബുദ്ധികള്‍' എന്നിവര്‍ വിശേഷിപ്പിച്ചത്. വിവിധ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളോട്, വിശേഷിച്ച് സിപിഎമ്മിനോട് പ്രത്യക്ഷമായ അനുഭാവത്തിന്റെയും സംവാദനത്തിന്റെയും സമീപനമാണ് ഈ ഗ്രന്ഥത്തില്‍ കൈക്കൊണ്ടത്. നവീന മാര്‍ക്‌സിസ്റ്റ് ചിന്താപദ്ധതിയോടും ഈ ഗ്രന്ഥം സംവദിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ശ്രദ്ധേയമായ ഒരു വിമര്‍ശനഗ്രന്ഥം എന്നു ഞാനിതിനെ വിശേഷിപ്പിക്കും.

പക്ഷേ, ഒ വി വിജയനെ 'മന്ദബുദ്ധി'യെന്ന് ഞാന്‍ വിശേഷിപ്പിക്കില്ല. ഇത്തരമൊരു പ്രകോപനപരമായ സംബോധനയ്ക്ക് തങ്ങള്‍ തയ്യാറായതിന്റെ കാരണം ഗ്രന്ഥകര്‍ത്താക്കള്‍ വിശദീകരിക്കുന്നുണ്ട്. ആ വിശദീകരണം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും.
'ഒ വി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന ബുദ്ധിജീവി വിഭാഗം ബുദ്ധിപരമായ മാര്‍ക്‌സിസ്റ്റു വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. തങ്ങളുടെ പരന്ന വായനയില്‍ നിന്ന് ധാരാളം സ്ഥിതിവിവരങ്ങളും അറിവുകളും ഇവര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഉത്പാദിപ്പിക്കുന്ന അറിവ് വര്‍ഗസംഘടനകളെയും സമരങ്ങളെയും നിരാകരിക്കുന്നതാണ്. ആ അര്‍ത്ഥത്തില്‍ അവര്‍ പ്രത്യയശാസ്ത്രപരങ്ങളുമാണ്. മാര്‍ക്‌സിസ്റ്റ് ധൈഷണികതയുടെ മുന്നില്‍ ഈ ബുദ്ധിജീവികള്‍ മന്ദബുദ്ധികളാണ് (unintelligent). ഈ വിഭാഗത്തിന്റെ മന്ദബുദ്ധി പ്രവര്‍ത്തനത്തെ കേരള രാഷ്ട്രീയ വികാസത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ഹിക്കുന്ന എല്ലാ ബഹുമതികളോടും കൂടി സംസ്‌ക്കരിക്കുക എന്ന രാഷ്ട്രീയകടമയാണ് ഞങ്ങള്‍ ഇതിലൂടെ ചെയ്യുന്നത്' – (മന്ദബുദ്ധികളുടെ മാര്‍ക്‌സിസ്റ്റ് സംവാദം, പേജ് 9).
പേറെടുക്കാന്‍ പോയ പതിച്ചി ഇരട്ട പെറ്റുവെന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. അധികം താമസിയാതെ കടുത്ത കമ്മ്യൂണിസ്റ്റു വിരുദ്ധനായി അദ്ദേഹം അവതരിച്ചു. 1957ലെ വിമോചനസമരം ഏറ്റവും ജനാധിപത്യപരമായ പ്രതിരോധമായിരുന്നുവെന്നും, അതില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ ജനാധിപത്യം തകര്‍ന്നുപോയേനെയെന്നുമുളള അദ്ദേഹത്തിന്റെ വിലയിരുത്തല്‍ പിന്തിരിപ്പന്‍മാരെപ്പോലും ഞെട്ടിച്ചു. ഏതു കമ്മ്യൂണിസ്റ്റുവിരുദ്ധതയെ കുഴിച്ചുമൂടാനാണോ ജെ. രഘു ഇറങ്ങിത്തിരിച്ചത്, അതിന്റെ തന്നെ കൊടിയടയാളമായി അദ്ദേഹം മാറിയിരിക്കുന്നു.

എന്താണ് മുതലാളിത്തം?

വേദാന്തിയുടെ ദാര്‍ശനിക അടിത്തറയില്‍ നിന്നുകൊണ്ട് മാര്‍ക്‌സിസത്തിന്റെ ഭാവിയെക്കുറിച്ചു ഒ വി വിജയന്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്ക് ആശയപരമായ അച്ചടക്കമില്ല എന്നാണ് മന്ദബുദ്ധികളുടെ മാര്‍ക്‌സിസ്റ്റ് സംവാദം എന്ന പുസ്തകം വിലയിരുത്തിയത്.
'ചുരുക്കത്തില്‍ ആ കുറിപ്പ് ഒരവിയല്‍ രൂപത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ബുദ്ധിപരമായ പ്രവര്‍ത്തനത്തിന്റെ മേഖലയാണ് തത്ത്വശാസ്ത്ര രംഗത്തെ സംവാദം. അതു പ്രത്യക്ഷമോ പരോക്ഷമോ ആയി പ്രത്യക്ഷപ്പെടുത്തുന്നയാള്‍ ഭാഷാപരവും ചിന്താപരവുമായി അവശ്യം അഗീകരിക്കേണ്ട ഒരച്ചടക്കമുണ്ട്........... വിജയന്റെ ഭാഷാപ്രയോഗത്തിലുളള ഈ അവിയല്‍ സ്വഭാവം നിമിത്തം, തത്ത്വശാസ്ത്രം, മതം, ശാസ്ത്രം, മനശാസ്ത്രം, പ്രകൃതിശാസ്ത്രം, ധാര്‍മ്മിക ശാസ്ത്രം, രാഷ്ട്രീയമീമാംസ, ഭരണകൂടം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ അസംഖ്യം മണ്ഡലത്തിലൂടെ അദ്ദേഹം സ്പര്‍ശിച്ചു കടന്നുപോയി. എന്നാല്‍ വ്യക്തമായ ഒരച്ചടക്കത്തിന്റെ ഔചിത്യബോധമില്ലാത്തതിനാല്‍ തന്റെ കുറിപ്പിന്റെ ഓരോ ഘട്ടത്തിലും സ്വന്തം വാദമുഖങ്ങള്‍ സമര്‍ത്ഥിക്കാനായി ഏതെങ്കിലും വിജ്ഞാനമണ്ഡലത്തിന്റെ സാധൂകരണം വിജയം നേടുന്നു. ചിലപ്പോള്‍ തത്ത്വശാസ്ത്രത്തില്‍ നിന്നാരംഭിച്ച് അദ്ദേഹം പ്രകൃതിശാസ്ത്രത്തില്‍ എത്തിച്ചേരുന്നു. മറ്റുചിലപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നാരംഭിച്ച് മനശാസ്ത്രത്തില്‍ അഭയം തേടുന്നു. തന്റെ പരന്ന വായനയില്‍ നിന്നു ലഭിച്ച ഉപരിപ്ലവമായ അറിവുകള്‍ വെച്ച് വിജയന്‍ ഇവിടെ ചെപ്പും പന്തും കളി നടത്തുകയാണ്'.
ഒ വി വിജയന്റെ ലേഖനത്തെ അവിയലെന്ന് വിശേഷിപ്പിച്ച ജെ. രഘുവിന്റെ മാതൃഭൂമി ലേഖനത്തെ എന്തുപേരിലാണ് വിശേഷിപ്പിക്കേണ്ടത്? ഒരു അടുക്കും ചിട്ടയുമില്ലാതെ എവിടെനിന്നെല്ലാം സിപിഎമ്മിനെ അടിക്കാന്‍ വടി കിട്ടുമോ അവിടുന്നെല്ലാം കമ്പ് ഊരുന്ന വിദ്വാനെയാണ് നമുക്കു കാണാനാവുക. ഇടയ്ക്ക് ദാര്‍ശനികമായ ചില മഹാമൗലിക സംഭാവനകള്‍ എന്ന മട്ടില്‍ പൊതുപ്രസ്താവനകള്‍ നടത്തുന്നു. എന്നാല്‍ അവയൊന്നും വിശദീകരിക്കാന്‍ നില്‍ക്കാതെ സൂത്രത്തില്‍ വഴുതി മാറി 'അപ്പോള്‍ മുകളില്‍ പറഞ്ഞ സിദ്ധാന്തത്തില്‍ കണ്ടപോലെ' എന്നു പറഞ്ഞ് പഴകിത്തുരുമ്പിച്ച വിരുദ്ധവാദങ്ങള്‍ തുടരുന്നു. ആശയപരമായ അച്ചടക്കമില്ലായ്മയുടെ ഒന്നാന്തരം ഉദാഹരണമാണ്, എന്താണ് മുതലാളിത്തം എന്നു വിശദീകരിക്കാന്‍ രഘു നടത്തുന്ന പരിശ്രമം.
'മുതലാളിത്തത്തിന്റെ അനവധി ഘടകങ്ങളില്‍ ഒന്നായ മൂലധനത്തെ മാത്രം അടര്‍ത്തിയെടുത്ത് മാര്‍ക്‌സ് നടത്തിയ സാമ്പത്തിക വിശകലനമാണ് മുതലാളിത്തത്തെ വെറുമൊരു മൂലധന സാമ്പത്തിക ക്രമമായി ന്യൂനീകരിച്ചത്. പണത്തെ മൂലധനമായി പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയ പ്രധാനമായിരിക്കുമ്പോള്‍ത്തന്നെ, മുതലാളിത്തം അടിസ്ഥാനപരമായി ഒരു സാംസ്‌ക്കാരിക നിയമവ്യവസ്ഥയാണ്. പണത്തിന്റെ മൂലധനത്തിലേയ്ക്കുളള പരിവര്‍ത്തനം തന്നെ ഇതിനു തെളിവാണ്. ഒരാളിന്റെ കൈയില്‍ കുറേയധികം പണമുണ്ട് എന്നതു കൊണ്ട് അതു മൂലധനമാകില്ല. അനധികൃത മാര്‍ഗങ്ങളിലൂടെ സമാഹരിക്കുന്ന പണത്തെ ക്ലാസിക്കല്‍ മൂലധനമെന്നു വിശേഷിപ്പിക്കാനാവില്ല. കാരണം മൂലധനത്തിന്റെ ഒന്നാമത്തെ സവിശേഷത അതിന്റെ നിയമപരമായ അടിസ്ഥാനമാണ്. രണ്ടാമത്തെ സവിശേഷതയാവട്ടെ, അതിന്റെ സാംസ്‌ക്കാരികവും മൂല്യപരവുമായ സാധൂകരണമാണ്. സാമൂഹികശാസ്ത്രജ്ഞനായ മാക്‌സ് വെബ്ബറിന്റെ പ്രൊട്ടസ്റ്റന്റ് എത്തിക് ആന്‍ഡ് ദി സ്പിരിട്ട് ഓഫ് കാപ്പിറ്റലിസം എന്ന വിഖ്യാത കൃതി മുതലാളിത്തത്തിന്റെ സാംസ്‌ക്കാരിക നിര്‍ണയനത്തെ അപഗ്രഥിക്കുന്നുണ്ട്'.
മുതലാളിത്തത്തെ വെറുമൊരു മൂലധന സാമ്പത്തിക ക്രമമായി മാര്‍ക്‌സ് ന്യൂനീകരിച്ചു എന്ന വിമര്‍ശനത്തിന് ഒരടിസ്ഥാനവുമില്ല. മാര്‍ക്‌സിന്റെ മൂലധനത്തിന്റെ രീതിസമ്പ്രദായം അമൂര്‍ത്തമായ വിശകലനത്തില്‍ നിന്ന് കൂടുതല്‍ മൂര്‍ത്തമായ വിശദീകരണത്തിലേയ്ക്കു നീങ്ങുക എന്നുളളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മൂല്യം, പണം, മൂലധനം എന്നീ സങ്കല്‍പനങ്ങളെ മാര്‍ക്‌സ് 'മൂലധനം' എന്ന വിശ്രുതഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് പരിശോധിക്കുന്നത്. 'ഒരാളിന്റെ കൈയില്‍ കുറേയധികം പണമുളളതു കൊണ്ട് അതു മൂലധനമാകില്ല' എന്ന പ്രസ്താവന മാര്‍ക്‌സില്‍ നിന്ന് കടമെടുത്തതാണെന്നുളള കാര്യം രഘു മറന്നുപോകുന്നു.

മൂലധനം മുഴുവനൊന്നും പരതേണ്ട. കൂലിവേലയും മൂലധനവും എന്ന ലഘു ഗ്രന്ഥത്തില്‍ ഇതു ചോദ്യമായി ഉന്നയിച്ച് മാര്‍ക്‌സ് തന്നെ സരസമായ ഉദാഹരണത്തോടെ മറുപടി പറയുന്നുണ്ട്.
ആരാണ് നീഗ്രോ അടിമ?
കറുത്ത വംശജരില്‍ ഒരാള്‍.

(ഘനഗംഭീരമായ ഉത്തരം തന്നെ!)
ഒരു നീഗ്രോ ഒരു നീഗ്രൊ തന്നെയാണ്. എന്നാല്‍ അയാള്‍ അടിമയാകുന്നത് ചില സാഹചര്യങ്ങളില്‍ മാത്രമാണ്.
ഒരു നൂല്‍നൂല്‍പ്പ് യന്ത്രം നൂലു നെയ്യുന്നതിനുള്ള യന്ത്രമാണ്. പക്ഷേ ചില സാഹചര്യങ്ങളില്‍ മാത്രമേ അത് മൂലധനമാകുന്നുള്ളൂ.''
ഏതാണാ സാഹചര്യം? പണമായാലും ഉല്‍പ്പാദന ഉപാധികളായാലും ചരക്കുകളായാലും അവയുടെ രൂപം എന്തുതന്നെയായാലും ശരി മിച്ചമൂല്യം സ്വായത്തമാക്കുന്നതിനുവേണ്ടി ഉപയോഗിക്കപ്പെടുമ്പോള്‍ മാത്രമേ അവ മൂലധനമാകുന്നുള്ളൂ. സാര്‍വത്രിക ചരക്കുല്‍പ്പാദന വ്യവസ്ഥയില്‍ മാത്രമേ മിച്ചമൂല്യവും സാര്‍വത്രികമായി തീരുന്നുള്ളൂ. ചരക്കുല്‍പ്പാദനവ്യവസ്ഥ സാര്‍വത്രികമാകണമെങ്കില്‍ അധ്വാനശക്തികൂടി ചരക്കായി മാറണം. എന്നുവെച്ചാല്‍ മുതലാളി-തൊഴിലാളി ഉല്‍പ്പാദനബന്ധം സാര്‍വത്രികമാകണം. മൂലധനം മുതലാളിത്ത ഉല്‍പ്പാദനബന്ധത്തെ സൂചിപ്പിക്കുന്നു. മാര്‍ക്‌സിന്റെ സുവ്യക്തമായ ഈ നിലപാടുകളെക്കുറിച്ച് ധാരണയേയില്ലാതെയാണ് 'പണം എപ്പോഴും മൂലധനമാകില്ല' എന്ന അതിഗഹനമായ പ്രസ്താവന ജെ. രഘു നടത്തുന്നത്.

പണം മൂലധനമാകുന്നത് സവിശേഷമായ സാമൂഹ്യബന്ധങ്ങള്‍ക്കുളളിലാണ്. അതുകൊണ്ട് മാര്‍ക്‌സിനെ സംബന്ധിച്ചടത്തോളം മൂലധനമെന്നത് കേവലം പണമോ വസ്തുക്കളോ അല്ല. മറിച്ച് സവിശേഷമായ സാമൂഹ്യബന്ധങ്ങളുടെ ആകെത്തുകയാണ്. അതുകൊണ്ടാണ് തന്റെ ഏറ്റവും വലിയ കൃതിയ്ക്ക് 'മൂലധനം' എന്നദ്ദേഹം പേരിട്ടത്. അല്ലാതെ രഘു പറയുന്നതുപോലെ ഏതെങ്കിലും ന്യൂനീകരണചിന്തയുടെ ഭാഗമായിട്ടല്ല.

അര്‍ത്ഥശാസ്ത്രത്തിന്റെ അമൂര്‍ത്തതല വിശദീകരണത്തില്‍ നിന്ന് രഘു ചാടുന്നത് മാര്‍ക്‌സ് വെബ്ബറുടെ സോഷ്യോളജിയിലേയ്ക്കാണ്. വെബ്ബര്‍ മാത്രമല്ല, അനേകം മാര്‍ക്‌സിസ്റ്റ് പണ്ഡിതരും പ്രൊട്ടസ്റ്റന്റ് മതമൂല്യങ്ങള്‍ മുതലാളിത്തവളര്‍ച്ചയ്ക്ക് കളമൊരുക്കിയതിനെക്കുറിച്ച് പഠിച്ചിട്ടും വിശദീകരിച്ചിട്ടുമുണ്ട്. രഘുവിനു വേണമെങ്കില്‍ ആര്‍ എച്ച് ട്വോണിയുടെ 'റിലീജിയന്‍ ആന്റ് ദി റൈസ് ഓഫ് കാപ്പിറ്റലിസം' വായിച്ചു നോക്കാവുന്നതാണ്. മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ ഈ പ്രശ്‌നത്തെ സമീപിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. മുതലാളിത്തം അടിസ്ഥാനപരമായി ഒരു സാമ്പത്തികക്രമമാണ്. അതോടൊപ്പം തനതായ സാംസ്‌ക്കാരവും മൂല്യങ്ങളും നിയമവ്യവസ്ഥയുമുണ്ട്.

രഘു പരാമര്‍ശിക്കുന്ന മൂലധനത്തിന്റെ സാമൂഹ്യസവിശേഷതകളില്ലേ - 'അതിന്റെ സാംസ്‌ക്കാരികവും മൂല്യപരവുമായ സാധൂകരണം' – ഏത് ഉല്‍പാദനയ്ക്ക് വ്യവസ്ഥയ്ക്കാണ് ഇവയില്ലാത്തത്? അടിമത്തവും ജന്മിത്തവും എടുത്താലും ഈ പ്രതിഭാസം കാണാം. കാരണം ഉല്‍പാദനക്രമത്തെ നിയമപരമായും സാംസ്‌ക്കാരികമായും സാധൂകരിക്കുന്ന സാമൂഹ്യസാംസ്‌ക്കാരിക നിയാമിക മേല്‍പ്പുരയില്ലാതെ നിലനില്‍ക്കാനാവില്ല. ഇതാണ് സാമൂഹ്യവ്യവസ്ഥയെക്കുറിച്ചുളള ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്ന്. എന്നാല്‍ ഈ ആശയപരവും സാംസ്‌ക്കാരികവുമായ കവചം മൂലധനത്തിന്റെ മാത്രം പ്രത്യേകതയാണ് എന്നു ധരിച്ചുകൊണ്ട് മൂലധനത്തെക്കുറിച്ചുളള അമൂര്‍ത്ത സൈദ്ധാന്തിക വിശകലനത്തെ ബാലിശമായി വിമര്‍ശിക്കാനാണ് രഘു ശ്രമിക്കുന്നത്.

അനധികൃതമായ മാര്‍ഗത്തിലൂടെ സമാഹരിക്കുന്ന പണത്തെ ക്ലാസിക്കല്‍ മൂലധനം എന്നു വിളിക്കാനാവില്ല എന്നു രഘു പറയുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? മൂലധനത്തിലെ ഒരധ്യായം തന്നെ പ്രാകൃത മൂലധന സംഭരണം സംബന്ധിച്ചുളളതാണ്. ലോകമെമ്പാടും പടയോട്ടം നടത്തി എങ്ങനെയാണ് വെളളക്കാരന്‍ യൂറോപ്പിലെ മുതലാളിത്ത വികസനത്തിന് ആവശ്യമായ മൂലധനം സമാഹരിച്ചത് എന്ന് ഈ അധ്യായത്തില്‍ മാര്‍ക്‌സ് വിശദീകരിക്കുന്നുണ്ട്. കൃഷിക്കാരുടെയും മറ്റും ഭൂമി കവര്‍ന്നെടുത്ത് അവരെ ഭൂരഹിതവേലക്കാരായി എങ്ങനെ ഫാക്ടറികളിലേയ്ക്ക് ആട്ടിപ്പായിച്ചു എന്നുളളതും മാര്‍ക്‌സ് വിശദീകരിക്കുന്നുണ്ട്. ക്ലാസിക്കല്‍ മൂലധനത്തിന്റെയും മുതലാളിത്തത്തിന്റെയും അടിത്തറ ഈ അനധികൃതമായ പണസമാഹരണം തന്നെയായിരുന്നു.

മുതലാളിത്തത്തെക്കാള്‍ മോശമായ ഒന്ന്!

രഘു ഇത്ര സാഹസപ്പെടുന്നത് കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണ്. സിപിഐഎം അനധികൃതമായ മാര്‍ഗങ്ങളിലൂടെയാണ് പണം സമാഹരിക്കുന്നതെന്നും അതുകൊണ്ട് മുതലാളിത്തവിശേഷണം പോലും സിപിഎമ്മിനു നല്‍കാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുതലാളിത്തത്തെക്കാളും മോശമായ എന്തോ ഒന്നാണുപോലും സിപിഎം.

'സിപിഎമ്മിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മുതലാളിത്തം എന്നു വിശേഷിപ്പിക്കുന്നത് മുതലാളിത്തത്തെക്കുറിച്ചുളള ചരിത്രപരമായ അജ്ഞത മൂലമാണ്'. അങ്ങനെയാണ് 'അധോലോക മുതലാളിത്ത സമ്പദ്ക്രമം' എന്ന അതിഭയങ്കര സങ്കല്‍പനത്തിലേയ്ക്ക് രഘു വലിഞ്ഞുകേറുന്നത്.'സൈദ്ധാന്തികവും സാംസ്‌ക്കാരികവുമായ സാധൂകരണത്തിന്റെ അഭാവത്തില്‍ കേരളത്തിലെത്തുന്ന സാമ്പത്തികശക്തികളെ നയിക്കുന്നത് ക്ലാസിക്കല്‍ മുതലാളിത്തത്തിന്റെ ജനാധിപത്യ മതേതര ഭാവുകത്വമായിരിക്കില്ലെന്ന വസ്തുത ഇതിനേക്കാള്‍ അപകടരകരമാണ്. ഇങ്ങനെ സമാഹരിക്കുന്ന അഴിമതിപ്പണമാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നത്. അതിനാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യക്ഷത്തില്‍ മുതലാളിത്ത സംരംഭങ്ങള്‍ എന്നുതോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. അവ അധോലോക പ്രവര്‍ത്തനങ്ങളാണ്'.

ഡോ. ജോസ് സെബാസ്റ്റ്യനെപ്പോലെ തന്നെ 'സിപിഎമ്മിന്റെ സാമ്പത്തിക സാമ്രാജ്യ'ത്തെക്കുറിച്ച് രഘുവും ഏറെ തലപുകയ്ക്കുന്നുണ്ട്. ദേശാഭിമാനി പത്രം, വാരികകള്‍, കൈരളി ചാനല്‍ എന്നിവയല്ലാതെ സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ എന്തു വാണിജ്യ സ്ഥാപനമാണുളളത്? ഈ മാധ്യമങ്ങളുടെ ലക്ഷ്യം ലാഭമുണ്ടാക്കലല്ല, സിപിഎമ്മിന്റെ ആശയം പ്രചരിപ്പിക്കലാണ്. ഇവ സ്ഥാപിക്കുന്നതിനുളള പണം എവിടെനിന്ന് എന്നതിനെക്കുറിച്ച് ഒരു അവ്യക്തതകളും വേണ്ട. കൈരളിയ്ക്ക് രണ്ടു ലക്ഷത്തിലേറെ ഓഹരി ഉടമസ്ഥരുണ്ട്. ദേശാഭിമാനി പത്രം കാലാകാലങ്ങളില്‍ വികസിപ്പിച്ചിട്ടുളളത് ജനങ്ങളില്‍ നിന്ന് സ്വീകരിച്ച സംഭാവനകള്‍ വഴിയാണ്. ഇതിനായുളള ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ഏടുകളിലൊന്നാണ്. കൈരളിതന്നെ സഞ്ചിതനഷ്ടം തീര്‍ത്തിട്ടേയുളളൂ.

രഘു സൂചിപ്പിക്കുന്ന സിപിഎമ്മിന്റെ 'സാമ്രാജ്യം'(!) സഹകാരികളായ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുളള സഹകരണ സംഘങ്ങളെക്കുറിച്ചാണ്. ഏതു പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ് ഇപ്രകാരമുളള സംഘങ്ങളില്ലാത്തത്? ഈ സംഘങ്ങളുണ്ടാക്കുന്ന വരുമാനമോ ആര്‍ജിക്കുന്ന ആസ്തികളോ സഹകരണ നിയമം പ്രകാരമാണ് കൈകാര്യം ചെയ്യുന്നത്. പുറത്തുളളവര്‍ക്ക് കൈയടക്കാന്‍ പറ്റുന്നതല്ല. നിയമപ്രകാരം കഴിഞ്ഞില്ലെങ്കിലും നിയമവിരുദ്ധമായി ചെയ്യുന്നുണ്ട് എന്നാണ് രഘുവിന്റെ വിവക്ഷ. പാര്‍ട്ടി സ്വീകരിക്കുന്ന ഭീമന്‍ കോഴപ്പണമാണത്രേ, ഇവയുടെയൊക്കെ അടിസ്ഥാനം എന്നാണ് രഘുവിന്റെ വാദം.
അഴിമതിപ്പണമല്ലെങ്കിലും കോര്‍പറേറ്റുകളില്‍ നിന്നും മറ്റും സമാഹരിക്കുന്ന ഭീമമായ തുക കൊണ്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നത് എന്നും ഒരു ആരോപണമുണ്ട്. ഈ കുപ്രചരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ടൈംസ് ഓഫ് ഇന്ത്യ ഈയിടെ പ്രസിദ്ധീകരിച്ച സിപിഎമ്മിന്റെ കോര്‍പറേറ്റ് ഫണ്ടിംഗിനെക്കുറിച്ചുളള സംഭ്രമജനകമായ വാര്‍ത്ത.

'സിപിഎമ്മിന്റെ പണപ്പെട്ടികള്‍ മുതലാളിത്ത പണം കൊണ്ടു വീര്‍ക്കുന്നു' എന്ന ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത തുടങ്ങുന്നതു തന്നെ, പ്രകാശ് കാരാട്ടിന്റെ അവകാശവാദത്തിനു വിരുദ്ധമായി കോര്‍പറേറ്റ് ഫണ്ടിന്റെ കാര്യത്തില്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടിയും കോണ്‍ഗ്രസിനെയും ബിജെപിയെയും പോലെ തന്നെയാണ് എന്നു പറഞ്ഞുകൊണ്ടാണ്. ഇലക്ഷന്‍ കമ്മിഷനു നല്‍കിയ കണക്കുകള്‍ പ്രകാരം 2007-08നും 2011-12നും ഇടയ്ക്ക് 335 കോടി രൂപ സമാഹരിച്ചു. സമാജ് വാദി പാര്‍ട്ടിയ്ക്ക് 200 കോടി രൂപയും എന്‍സിപിയ്ക്ക് 140 കോടി രൂപയും മാത്രമേ ലഭിച്ചുളളൂപോലും. എവിടെ നിന്ന് ഈ പണം ലഭിച്ചുവെന്ന് നീണ്ട വാര്‍ത്തയില്‍ ഒരിടത്തും ഒരു വസ്തുതയും നല്‍കിയിട്ടില്ല. മറിച്ച് പ്രമാദമായ തലക്കെട്ടില്‍ ആളുകളെ വിഭ്രമിപ്പിക്കുകയേ ചെയ്യുന്നുളളൂ. വാര്‍ത്ത കാണേണ്ട മാത്രയില്‍ പ്രതികരണങ്ങളും വന്നു. സാഹിത്യകാരി മീനാ കന്തസ്വാമി ശവക്കല്ലറയിലെ മാര്‍ക്‌സിനെപ്പിടിച്ചാണ് പരിതപിച്ചത്. ഇതുസംബന്ധിച്ച പാര്‍ട്ടിയുടെ വിശദീകരണം ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചതുമില്ല.

പാര്‍ട്ടിയുടെ വിശദീകരണം ഇതായിരുന്നു. ആദായനികുതി വകുപ്പിനും തിരഞ്ഞെടുപ്പു കമ്മിഷനും കൃത്യമായ കണക്കുനല്‍കുന്ന പാര്‍ട്ടിയാണ് സിപിഐഎം. 2005 മുതല്‍ 2011വരെ ഏഴു വര്‍ഷം കൊണ്ട് 417 കോടി രൂപയാണ് സിപിഐഎമ്മിനു ലഭിച്ചത്. ഇതിന്റെ 40 ശതമാനം പാര്‍ട്ടിയുടെ അംഗങ്ങളില്‍ നിന്ന് പിരിക്കുന്ന ലെവിയും വരിസംഖ്യയുമാണ്. ഇന്ത്യയിലെ ഒരു പാര്‍ട്ടിയ്ക്കും അവകാശപ്പെടാനാവാത്ത അപൂര്‍വമായ ഒരു വിശേഷമാണ് ഇത്. പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നുമാത്രം പാര്‍ട്ടിയ്ക്കു ലഭിച്ച ലെവി 1.36 കോടി രൂപയാണ്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനയായി സ്വീകരിച്ച തുക 60 ശതമാനം വരും. ഇതില്‍ കമ്പനികളില്‍ നിന്ന് സ്വീകരിച്ച സംഭാവന ഒരു കോടി 45 ലക്ഷം രൂപയാണ്. ഇത് ഈ കാലയളവിലെ മൊത്തം വരുമാനത്തിന്റെ 0.35 ശതമാനം വരും.

ഇതിനെയാണ് ടൈംസ് ഓഫ് ഇന്ത്യ ഊതിപ്പെരുപ്പിച്ചത്. 'സിപിഎം കോര്‍പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കാറില്ല. ആന്ധ്രാ പ്രദേശിലെ ചില കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതു പിബിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എത്ര ചെറിയ കമ്പനികളില്‍ നിന്നായാലും സംഭാവന സ്വീകരിക്കേണ്ടതില്ല എന്നു തീരുമാനിച്ചു. ഇനിമേല്‍ പാര്‍ട്ടിയ്ക്ക് 20,000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ പേര് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു'.

യഥാര്‍ത്ഥത്തില്‍ രഘുവിനെപ്പോലുളളവര്‍ നടത്തുന്ന ഈ അഭ്യാസങ്ങള്‍ മറുപടി അര്‍ഹിക്കുന്നതല്ല. ആശയപരമായ ഒരച്ചടക്കവും ഇല്ലാത്ത കമ്മ്യൂണിസ്റ്റു വിരുദ്ധതയുടെ ചെപ്പും പന്തും കളി മാത്രമാണിത്. പക്ഷേ, ചില മാര്‍ക്‌സിസ്റ്റ് വാഗ്‌ധോരണികളും മാനംനോക്കി പ്രസ്താവനകളുമെല്ലാം കൂട്ടിക്കുഴച്ച് എന്തോ ഗഹനമായ നിരീക്ഷണങ്ങള്‍ നടത്തുവെന്ന തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയാണ്. രണ്ടരപ്പതിറ്റാണ്ടു മുമ്പ് എഴുതിയ പുസ്തകത്തിന്റെ തലവാചകം ഏറ്റവും കൂടുതല്‍ യോജിക്കുക അദ്ദേഹത്തിനു തന്നെയാണ്.

Friday, August 24, 2012

ഖനിക്കൊളളയ്ക്ക് കൈകോര്‍ത്ത ബിജെപിയും കോണ്‍ഗ്രസും


(അഴിമതിയെക്കുറിച്ചുളള പുസ്തകം  അധ്യായം 5)

2006 സെപ്തംബര്‍ ആദ്യവാരം. കര്‍ണാടക - ആന്ധ്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബെല്ലാരി റിസര്‍വ് വനമേഖലയിലുളള ഒബുലാപുരം ഗ്രാമത്തിലെ സുഗ്ഗലമ്മാ ദേവീക്ഷേത്രത്തില്‍ ഒരു പൂജ നടന്നു. സന്ന്യാസിമാരും പൂജാരിമടക്കം കേരളത്തിലും തമിഴ്‌നാട്ടിലും നിന്നെത്തിയ 18 പേരാണ് കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. വിചിത്രമായിരുന്നു പൂജയുടെ ലക്ഷ്യം. ഒബുലാപുരത്തെ സാധാരണ മനുഷ്യരുടെ നൂറ്റാണ്ടുകള്‍ നീണ്ട പ്രാര്‍ത്ഥനയും അര്‍ച്ചനയും ഏറ്റുവാങ്ങിയ സുഗ്ഗലമ്മാദേവിയുടെ ശക്തിചൈതന്യങ്ങള്‍ മറ്റൊരു പ്രതിഷ്ഠയിലേയ്ക്ക് ആവാഹിക്കണം. അതിനുവേണ്ടി മൃഗബലിയടക്കമുളള ആഭിചാരകര്‍മ്മങ്ങള്‍. മിണ്ടാപ്രാണികളുടെ രക്താഭിഷേകത്തില്‍ പ്രീതിപ്പെട്ട സുഗ്ഗലമ്മ കൂടുമാറിയെന്ന് സന്ന്യാസിമാരും പൂജാരിമാരും ഭക്തജനങ്ങളെ വിശ്വസിപ്പിച്ചു. വേദമന്ത്രങ്ങള്‍ ഉറക്കെച്ചൊല്ലി അവര്‍ ദേവീചൈതന്യം മറ്റൊരു വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു. അനന്തരം അമ്പലം തകര്‍ക്കാന്‍ അവര്‍ അന്ത്യശാസനം നല്‍കി. അങ്ങനെ നൂറ്റാണ്ടുകള്‍ പഴക്കമുളള സുഗ്ഗലമ്മാദേവീക്ഷേത്രം 2006 സെപ്തംബര്‍ മൂന്നിന് ബോംബു വെച്ചു തകര്‍ത്തു.

ക്ഷേത്രം തകര്‍ത്തത് എന്തിനെന്നല്ലേ? ശതകോടികള്‍ വിലമതിക്കുന്ന ഇരുമ്പയിരിന്റെ അക്ഷയഖനിയ്ക്കു മീതെയായിരുന്നു സുഗ്ഗലമ്മാദേവി നൂറ്റാണ്ടുകളായി വാണരുളിയത്. അളവറ്റ ആ സമ്പത്തില്‍ കൈക്കലാക്കണമെങ്കില്‍ അമ്പലം തകര്‍ത്തേ മതിയാകൂ. അമ്പലം തകര്‍ക്കാന്‍ വിശ്വാസികളുടെ അനുമതി വേണം. മൃഗബലിയും പൂജയും മന്ത്രവാദവുമൊക്കെ അതിനുവേണ്ടിയായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നു സന്ന്യാസിമാരെയും പൂജാരിമാരെയും വിലയ്‌ക്കെടുത്തു. ലക്ഷങ്ങള്‍ ചെലവഴിച്ച് മന്ത്രവാദമാമാങ്കം നടത്തി. ഒബുലാപുരത്തെ പാവപ്പെട്ട മൂവായിരത്തോളം ഹൈന്ദവവിശ്വാസികളെ വഞ്ചിക്കാന്‍ വേദമന്ത്രങ്ങളെയും പൂജാവിധികളെയും മതാനുഷ്ഠാനങ്ങളെയുമൊക്കെ വിദഗ്ധമായി മറയാക്കി.

ഇതൊക്കെ ചെയ്തത് ആരാണെന്നല്ലേ? ഹൈന്ദവ മതവിശ്വാസത്തിന്റെ മൊത്തക്കച്ചവടക്കാരായ ബിജെപിയുടെ കര്‍ണാടകത്തിലെ അതിശക്തരായ നേതാക്കള്‍. റെഡ്ഡി സഹോദരങ്ങളെന്നാണ് അവരറിയപ്പെടുന്നത്. ബിജെപി നേതാവും സുഷമ സ്വരാജിന്റെ ഉറ്റ അനുയായിയും സംസ്ഥാന ടൂറിസം മന്ത്രിയുമായിരുന്ന ജനാര്‍ദനറെഡ്ഡി, സഹോദരനും കര്‍ണാടകയുടെ റവന്യൂമന്ത്രിയുമായിരുന്ന ജി. കരുണാകര റെഡ്ഡി, എംഎല്‍എയും സഹോദരനുമായ സോമശേഖര റെഡ്ഡി, ഇവരുടെ കുടുംബസുഹൃത്തും കര്‍ണാടക ആരോഗ്യമന്ത്രിയുമായിരുന്ന ശ്രീരാമുലു എന്നിവര്‍ നേതൃത്വം നല്‍കുന്ന കര്‍ണാടകത്തിലെ ഖനി മാഫിയയാണ്, വിശ്വാസികളെ വഞ്ചിച്ച്, സുഗ്ഗലമ്മാദേവിയെ കുടിയിറക്കി, മല തുരന്നു മൂവായിരത്തോളം കോടി രൂപ കവര്‍ന്നെടുത്തത്.

രാമജന്മഭൂമി വിവാദവും ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ആളിക്കത്തിയ വര്‍ഗീയകലാപങ്ങളും കൂട്ടക്കുരുതികളും ചോരയില്‍ കുളിച്ച തെരുവുകളും ആര്‍ത്തനാദങ്ങളും പലായനങ്ങളും നാം മറന്നിട്ടില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പെന്നോ ഒരമ്പലം തകര്‍ത്തുവെന്ന് ആരോപിച്ചയായിരുന്നു ആ ഭീകരവാഴ്ച. ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനമായിരുന്നു അതിന്റെ ലക്ഷ്യം. അധികാരത്തിനുവേണ്ടി അമ്പലം തകര്‍ത്തുവെന്ന ആരോപണമുയര്‍ത്തി സംഘര്‍ഷം വിതച്ച അതേ ബിജെപിയുടെ നേതാക്കളാണ് അതിഭീമമായ പ്രകൃതി സമ്പത്തുകൊളളയടിക്കാന്‍ അമ്പലം ബോംബുവെച്ചു തകര്‍ത്തതും. വേദമന്ത്രങ്ങളും ഉപനിഷദ്‌സൂക്തങ്ങളും ആചാരവും അനുഷ്ഠാനങ്ങളുമൊക്കെത്തന്നെയാണ് അവിടെയു#ം വിശ്വാസികളെ വഞ്ചിച്ചത്. അധികാരവേട്ടയ്ക്കും അഴിമതിക്കൊളളയ്ക്കും മതവിശ്വാസം ഉപാധിയാക്കുന്ന ബിജെപിയുടെ തനിസ്വരൂപമാണ് ബെല്ലാരിയിലെ ഖനിമാഫിയ തുരന്നിട്ടത്.

ജനാര്‍ദ്ദന റെഡ്ഡി - ബിജെപിയുടെ 'ഖനീശ്വരന്‍'

ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ചെങ്ക റെഡ്ഡി എന്ന പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ മകനായി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലാണ് ജനാര്‍ദ്ദന റെഡ്ഡി, കരുണാകര റെഡ്ഡി, സോമശേഖര റെഡ്ഡി എന്നീ സഹോദരങ്ങള്‍പിറന്നത്. കുട്ടിക്കാലം മുതലേ മണിമാളികകളിലെ ആഡംബരജീവിതത്തിന്റെ അത്ഭുതം തിളങ്ങുന്ന കഥകളായിരുന്നു ജനാര്‍ദ്ദനനു പ്രിയം. രാജകഥകളിലെ കൊട്ടാരങ്ങളും വേഷഭൂഷാദികളും സുഖസൗകര്യങ്ങളും വര്‍ണിക്കുന്ന ബാലമാസികകള്‍ കുഞ്ഞുറെഡ്ഡിയുടെ സ്‌ക്കൂള്‍ ബാഗില്‍ എപ്പോഴും കാണുമായിരുന്നുപോലും. ഏതായാലും റെഡ്ഡി സഹോദരങ്ങള്‍ കോളജിന്റെ പടി കയറിയില്ല.

1996-ല്‍ ജനാര്‍ദ്ദന റെഡ്ഡി ബെല്ലാരിയില്‍ എനേബിള്‍ ഇന്ത്യാ സേവിംഗ്‌സ് എന്ന ചിട്ടിക്കമ്പനി തുറന്നു. ഇടപാടുകാരുടെ 200 കോടി കവര്‍ന്നെടുത്ത് 1998-ല്‍ അതു പൂട്ടി. പിന്നെ ഹോട്ടല്‍ വ്യവസായത്തില്‍ കൈവെച്ചു. പക്ഷേ, വിജയിച്ചില്ല. അങ്ങനെയിരിക്കെയാണ് 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവന്നത്. ബെല്ലാരിയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി തീരുമാനിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി ബിജെപിയുടെ നക്ഷത്രതാരം സുഷമ സ്വരാജ്. സുഷമ സ്വരാജില്‍ ജനാര്‍ദ്ദന റെഡ്ഡി തന്റെ ഭാഗ്യദേവതയെ കണ്ടു. ചിട്ടിക്കാരെ പറ്റിച്ചു കൈക്കലാക്കിയ പണത്തിന്റെ ഒരു ഭാഗം രാഷ്ട്രീയത്തില്‍ മുതലിറക്കാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റെങ്കിലും ജനാര്‍ദ്ദന റെഡ്ഡി സുഷമ സ്വരാജിന്റെ ഉറ്റ സുഹൃത്തായി. 2011-വരെ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും സുഷമ സ്വരാജ് ബെല്ലാരി സന്ദര്‍ശിക്കുമായിരുന്നു. അവരുടെ പിന്‍ബലത്തോടെ ജനാര്‍ദ്ദന റെഡ്ഡി രാഷ്ട്രീയത്തില്‍ ചവിട്ടിക്കയറി.

കര്‍ണാടക രാഷ്ട്രീയത്തില്‍ കാലുറപ്പിക്കുമ്പോഴേയ്ക്കും ജനാര്‍ദ്ദന റെഡ്ഡി കര്‍ണാടകത്തിലെ ബെല്ലാരി, ആന്ധ്രയിലെ അനന്തപൂര്‍ ജില്ലകളിലെ ഖനി ഉടമകളില്‍ പ്രധാനിയായി മാറിക്കഴിഞ്ഞിരുന്നു. തുടക്കം 2002-ല്‍ ഒബുലാപുരം മൈനിംഗ് കമ്പനി കൈക്കലാക്കിക്കൊണ്ടായിരുന്നു. 2001 ല്‍ ജി രാംമോഹന്‍ റെഡ്ഡി എന്നയാളാണ് ഒബുലാപുരം മൈനിംഗ് കമ്പനി സ്ഥാപിച്ചത്. അപ്പോള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത് പരേതനായ പിതാവില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ ഖനനത്തിനുളള പാട്ടക്കരാറായിരുന്നു. 1964 മുതല്‍ 1984വരെ 20 വര്‍ഷത്തേയ്ക്കായിരുന്നു പാട്ടക്കരാര്‍. ഒബുലാപുരം വില്ലേജിലെ സര്‍വെ നമ്പര്‍ 1ല്‍പ്പെട്ട 547 ഏക്കര്‍ സ്ഥലത്താണ് ഖനനാനുമതി ലഭിച്ചിരുന്നത്. കരാറിന്റെ കാലാവധി 1984-ല്‍ അവസാനിച്ചപ്പോള്‍ പിന്നീട് 20 വര്‍ഷത്തേയ്ക്കു കൂടി ലൈസന്‍സ് കിട്ടാന്‍ ആന്ധ്രാ സര്‍ക്കാരിന് അപേക്ഷ നല്‍കി. നീണ്ട നിയമയുദ്ധങ്ങള്‍ക്കുശേഷം 1997ലാണ് ജി. രാംമോഹന്‍ റെഡ്ഡിയ്ക്ക് 20 വര്‍ഷത്തേയ്ക്ക് അനുമതി നീട്ടിക്കിട്ടിയത്. 2002ല്‍ ജനാര്‍ദ്ദന റെഡ്ഡി ഒബുലാപുരം മൈനിംഗ് കമ്പനി (ഒഎംസി) എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. അന്ന് പ്രായം വെറും 34 വയസ്.

ഒഎംഎസിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ജനാര്‍ദ്ദന റെഡ്ഡി എത്തിയതോടെ കച്ചവടം കൊഴുത്തു. അനന്തപൂര്‍ മൈനിംഗ് കോര്‍പറേഷന്‍, മഹാബലേശ്വര ആന്‍ഡ് സണ്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് മുഴുവന്‍ ഒഎംസി കൈക്കലാക്കി. വര്‍ഷം കഴിയുന്തോറും കോടികളുടെ ആസ്തിയും ലാഭവുമുണ്ടാക്കി. 2003-04 ആയപ്പോഴേയ്ക്കും നിയമപരവും അല്ലാത്തതുമായ അനേകം ഖനി ലൈസന്‍സുകള്‍ ഒഎംസിയുടെ കൈയിലെത്തി. ലാഭം 35 കോടിയായി ഉയര്‍ന്നു. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അത് 3000 കോടിയായി. രസകരമെന്നു പറയട്ടെ, ആന്ധ്രയിലെ ഖനി ഇടപാടുകളില്‍ റെഡ്ഡിയുടെ രക്ഷാധികാരി അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സാക്ഷാല്‍ വൈ. എസ്. രാജശേഖര റെഡ്ഡിയായിരുന്നു. എങ്ങനെ വൈഎസ്ആറിന്റെയും മകന്‍ ജഗന്‍ മോഹന്റെയും വിശ്വാസമാര്‍ജിച്ചുവെന്നത് ഇപ്പോഴും അജ്ഞാതരഹസ്യമാണ്.

ഇപ്രകാരം ഖനി മേഖലയിലെ മുടിചൂടാമന്നനായതിനു ശേഷമാണ് ജനാര്‍ദ്ദനറെഡ്ഡി സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2008ലെ തിരഞ്ഞെടുപ്പില്‍ ബെല്ലാരിയിലും സമീപജില്ലകളിലും നിന്ന് 35 എംഎല്‍എമാരുടെ പിന്‍ബലവുമായാണ് റെഡ്ഡി വിധാന്‍സൗധത്തിലെത്തിയത്. തിരഞ്ഞെടുപ്പില്‍ 110 സീറ്റു കിട്ടിയ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷത്തിന് 6 അംഗങ്ങളുടെ കുറവുണ്ടായിരുന്നു. ആറു സ്വതന്ത്രന്മാരെ വിലയ്ക്കു വാങ്ങി പ്രശ്‌നം പരിഹരിച്ചത് ജനാര്‍ദ്ദന റെഡ്ഡിയാണ്. പിന്നീടിന്നോളം റെഡ്ഡി വരയ്ക്കുന്നതിപ്പുറം ഒരു ചുവടു ചവിട്ടിയിട്ടില്ല, ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍.

ഇടയ്ക്ക് ജനാര്‍ദ്ദനറെഡ്ഡിയുമായി തെറ്റിയപ്പോഴാണ് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ വലിപ്പം യെദ്യൂരപ്പ തിരിച്ചറിഞ്ഞത്. തുടക്കത്തില്‍ 35 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്ന റെഡ്ഡി, 60 എംഎല്‍എമാരുമായാണ് വിലപേശാന്‍ ദില്ലിയ്ക്കു വിമാനം കയറിയത്. തന്റെ ചൂണ്ടുവിരലില്‍ കേന്ദ്രനേതൃത്വത്തെ തളച്ചു സര്‍വശക്തനായാണ് ജനാര്‍ദ്ദന റെഡ്ഡി മടങ്ങിയെത്തിയത്. യെദ്യൂരപ്പ തുടര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തയായ മന്ത്രി ശോഭയുടെയും ചീഫ് സെക്രട്ടറിയുടെയും സ്ഥാനം തെറിച്ചു.

ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ സുഹൃത്ത്

ബദ്ധവൈരികളാണ് ബിജെപിയും കോണ്‍ഗ്രസും. കര്‍ണാടകത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രാഷ്ട്രീയ കക്ഷികള്‍. കര്‍ണാടകത്തിലെ ബിജെപി മന്ത്രിയുടെ കമ്പനിയ്ക്ക് ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുക, കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മകന്‍ ആ കമ്പനിയുടെ പങ്കുകച്ചവടക്കാരനാവുക, ആ കമ്പനിയ്ക്ക് ആന്ധ്രാപ്രദേശില്‍ സര്‍വതന്ത്രസ്വാതന്ത്ര്യവും സമ്പൂര്‍ണമായ പിന്തുണയും ലഭിക്കുക, ബിജെപി നേതാവിന്റെ നടത്തുന്ന കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയും നടത്തുന്ന ശ്രമങ്ങള്‍ പാഴ്‌വേലയാവുക എന്നതൊക്കെ സാമാന്യബുദ്ധിയ്ക്കു ദഹിക്കുന്ന സംഭവങ്ങളല്ല. എന്നാല്‍ ശതകോടികളുടെ അഴിമതിപ്പണം കൊണ്ട് ഉരുക്കിച്ചേര്‍ത്ത ശിങ്കിടിമുതലാളിത്തത്തിന്റെ അഴിമതിവലയം നാം കരുതുന്നതിനേക്കാള്‍ കരുത്തുറ്റതാണ്. കര്‍ണാടകത്തിലെ ബിജെപി മന്ത്രിസഭയിലെ അംഗമാകുന്നതിനു മുമ്പു തന്നെ ആന്ധ്രാ മുഖ്യമന്ത്രിയുമായി ഉറ്റസൗഹൃദത്തിലായിരുന്നു ജനാര്‍ദ്ദന റെഡ്ഡി.

ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന പരേതനായ വൈ. എസ്. രാജശേഖര റെഡ്ഡിയുടെ അച്ഛന്‍ രാജാ റെഡ്ഡി കടപ്പ ജില്ലയിലെ ഒരു ഖനിയുടമസ്ഥനായിരുന്നു. കൈക്കരുത്തുകൊണ്ടാണ് രാജാ റെഡ്ഡി തന്റെ മേഖലയില്‍ കുത്തക സ്ഥാപിച്ചത്. 1978ല്‍ വൈ എസ് ആര്‍ റെഡ്ഡി രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ തന്റെ പേരിലുണ്ടായിരുന്ന ഖനികള്‍ ഭാര്യ വിജയലക്ഷ്മിയുടെ പേരിലാക്കി. രാജാ റെഡ്ഡിയുടെ ഒരു ചെറുകിട സബ്‌കോണ്‍ട്രാക്ടര്‍ എന്ന നിലയിലാണ് ജനാര്‍ദ്ദന റെഡ്ഡി വൈഎസ്ആര്‍ കുടുംബവുമായി ബന്ധം സ്ഥാപിച്ചത്. ഇതു നാള്‍ക്കുനാള്‍ ദൃഢമായി.

രാജാ റെഡ്ഡിയില്‍ നിന്ന് അഭ്യസിച്ച മുറകളെല്ലാം ഒബുലാപുരം മൈനിംഗ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തെത്തിയപ്പോള്‍ ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് ഉപകരിച്ചു. രണ്ട് റെഡ്ഡി കുടുംബങ്ങളെയും ഒതുക്കാന്‍ ചന്ദ്രബാബു നായിഡു നടത്തിയ പണികളും ഫലിച്ചില്ല. വൈ എസ് രാജശേഖര റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായതോടെ ഒബുലാപുരം മൈനിംഗ് കമ്പനിയുടെ സുവര്‍ണകാലം ആരംഭിച്ചു. മകളുടെ പേരിട്ട് ജനാര്‍ദ്ദന റെഡ്ഡി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച 25000 കോടി രൂപയുടെ ബ്രഹ്മാണി സ്റ്റീല്‍ പ്രോജക്ടിനു 10000 ഏക്കര്‍ ഭൂമിയാണ് 2007ല്‍ ആന്ധ്രാ സര്‍ക്കാര്‍ അനുവദിച്ചത്. ഫാക്ടറിക്ക് തറക്കല്ലിടുക മാത്രമല്ല, മറ്റൊരു 5000 ഏക്കര്‍ സ്വകാര്യ എയര്‍പോര്‍ട്ടിനു വേണ്ടി അനുവദിക്കുകയും ചെയ്തു രാജശേഖര റെഡ്ഡി.

ഇതിനിടെ ചന്ദ്രബാബു നായിഡുവും ചില കോണ്‍ഗ്രസ് നേതാക്കളും ഖനിയിടപാടുകളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അവയൊന്നും ആരും ചെവിക്കൊണ്ടില്ല. ഒബുലാപുരം മൈനിംഗ് കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിനും സുപ്രിംകോടതി നിയമിച്ച സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിയ്ക്കും കഴിഞ്ഞില്ല. ബെല്ലാരി റിസര്‍വ് വനമേഖലയിലെ ജൈവവൈവിദ്ധ്യത്തിന്റെ അടിവേര് ഖനി മാഫിയ മാന്തിയെറിഞ്ഞിട്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഒന്നും ചെയ്യാനായില്ല. അവരുടെ നിര്‍ദ്ദേശങ്ങള്‍ വനരോദനങ്ങളായി.

സംസ്ഥാനത്തിന്റെ അതിരു നിര്‍ണയിക്കുന്ന ജിടിഎസ് സ്റ്റേഷന്‍ തകര്‍ത്തുകൊണ്ടാണ് മാഫിയയുടെ പടയോട്ടം ആരംഭിച്ചത്. പരാതികള്‍ പ്രവഹിച്ചപ്പോള്‍ അതിരുകള്‍ യഥാസ്ഥാനത്തു സ്ഥാപിക്കാന്‍ കോടതിവിധിയുണ്ടായി. അതിനുവേണ്ടി ആന്ധ്രാ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി വ്യാജസ്‌കെച്ചും പ്ലാനുമായാണ് അളക്കാനെത്തിയത്. ഖനി മാഫിയ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളില്‍ അതിരു സ്ഥാപിച്ചു അവര്‍ മടങ്ങി.

ബെല്ലാരി റിസര്‍വ് വനമേഖയില്‍ ഒബുലാപുരം മൈനിംഗ് കമ്പനി ഖനനം ആരംഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ വനസംരക്ഷണനിയമം അനുസരിച്ചുളള അനുമതി ലഭിക്കുന്നതിനു മുന്നേയാണ്. മുന്‍കാലപ്രാബല്യത്തോടെ അവര്‍ക്ക് പിന്നീട് അനുമതി നല്‍കുകയായിരുന്നു. അനുമതി ലഭിക്കുന്നതിനു മുന്നേ ഖനനം ആരംഭിച്ചതിന് നിയമനടപടികളെടുക്കേണ്ട സ്ഥാനത്ത് മുന്‍കൂര്‍ അനുമതി പത്രം വിതരണം ചെയ്തു സഹായിക്കുകയായിരുന്നു, കേന്ദ്രസര്‍ക്കാര്‍. ശിങ്കിടി മുതലാളിത്തത്തിന്റെ ഭ്രമണപഥം അറിയുന്നവര്‍ക്ക് ഇതൊന്നും അത്ഭുതമല്ല.

കാടും നാടും റെഡ്ഡി തുരന്നു കയറി. 25.68 ഹെക്ടര്‍ പ്രദേശത്ത് വെറും ആറു ഹെക്ടറിനുളളില്‍ മാത്രമേ ഖനനം നടത്താവൂ എന്നാണ് ഇന്ത്യന്‍ മൈനിംഗ് ബ്യൂറോ നിബന്ധന വെച്ചത്. പ്രതിവര്‍ഷം 7.5 ലക്ഷം ടണ്‍ ഇരുമ്പയിരു മാത്രമേ ഖനനം ചെയ്യാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ വൈ. എസ്. രാജശേഖര റെഡ്ഡി ആന്ധ്രാ നിയമസഭയില്‍ വെച്ച കണക്കുപ്രകാരം ഒരു വര്‍ഷം 20 ലക്ഷത്തോളം ടണ്‍ അയിരാണ് ഒഎംസി കുഴിച്ചു കടത്തിയത്. ആകെ ഒരു കോടിയോളം ടണ്‍ അയിരാണത്രേ ഖനനം ചെയ്തത്.

മറ്റുളളവര്‍ക്ക് ലൈസന്‍സ് നല്‍കിയ സ്ഥലവും അവര്‍ അതിക്രമിച്ചു കീഴടക്കി. ഒരിക്കലും ഖനനം നടത്താന്‍ പാടില്ലാത്ത വനമേഖലയും തുരന്നു തകര്‍ത്തു. ഒഎംസിയെക്കാള്‍ പഴക്കമുളള പല കമ്പനികളും അവരുടെ കൈയൂക്കിനു കീഴടങ്ങി. പലരും ഭയന്നോടി. ഖനനമേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുളളവരൊന്നും ഒഎംസിയെപ്പോലെ മാഫിയയായി വളര്‍ന്നില്ല. പക്ഷേ, ജനാര്‍ദ്ദന റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒഎംസി ഖനനരംഗത്ത് പുതിയ ചരിത്രമെഴുതി. ആന്ധ്രാ മുഖ്യമന്ത്രിയുടെ ഉറ്റസുഹൃത്തും മുഖ്യമന്ത്രിയുടെ മകന്റെ വ്യവസായ പങ്കാളിയും കര്‍ണാടകത്തിലെ മന്ത്രിയും ബിജെപി നേതാവുമായ ഒരാള്‍ എംഡിയായിരിക്കുന്ന കമ്പനിയ്ക്കു പിന്നെങ്ങനെ വളരാനാണു കഴിയുക?

ഒഎംസിയുടെ മുഷ്‌കിനു കീഴടക്കാന്‍ തയ്യാറാകാത്തവരും ഉണ്ടായിരുന്നു. നീതിയ്ക്കു വേണ്ടി അവര്‍ സംസ്ഥാന ഭരണകൂടത്തിനു മുന്നിലെത്തി. പരാതിക്കാരെ രാജശേഖര റെഡ്ഡിയുടെ സര്‍ക്കാര്‍ തെക്കുവടക്കു നടത്തി. ഒടുവില്‍ അവര്‍ കോടതിയെ അഭയം പ്രാപിച്ചു. കോടതിയെ മറികടക്കാനും മാഫിയയുടെ പക്കല്‍ വഴിയുണ്ടായിരുന്നു. വനം, ഖനി, സര്‍വെ വകുപ്പുകളുടെ ഉന്നതതല കമ്മിറ്റിയുണ്ടാക്കി കൃത്യമായ അതിരുകള്‍ നിശ്ചയിക്കാനായിരുന്നു കോടതി നിര്‍ദ്ദേശപ്രകാരം. അങ്ങനെയൊരു കമ്മറ്റിയുണ്ടായി. പക്ഷേ, ഒഎംസി കല്‍പ്പിച്ചതുപോലെ കമ്മിറ്റി അതിര്‍ത്തികള്‍ തീരുമാനിച്ചു.

അങ്ങനെയാണ് പ്രശ്‌നത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇടപെട്ടത്. ഈ പ്രദേശങ്ങളിലെ ഖനനം അടിയന്തരമായി നിര്‍ത്തിവെയ്ക്കണമെന്ന് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജമാപ്പുണ്ടാക്കിയും മറ്റും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും കണ്ടെത്തി നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജശേഖര റെഡ്ഡി വെട്ടിലായി. താനുണ്ടാക്കിയ ഉന്നതതല കമ്മിറ്റിയുടെ സര്‍വേ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ അദ്ദേഹം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് യാചിച്ചു. ഒഎംസിയുടെ അനധികൃത ഖനനം വെളിവാക്കുന്ന പുതിയ സര്‍വെയ്ക്ക് തയ്യാറാകരുത് എന്നഭ്യര്‍ത്ഥിച്ച് സംസ്ഥാനം കേന്ദ്രത്തിന് ഒട്ടേറെ കത്തുകള്‍ അയച്ചു. എന്നാല്‍ അതൊന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചെവിക്കൊണ്ടില്ല. പുതിയ സര്‍വെ നടത്താന്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ടീമിനെ നിയോഗിച്ചു. സര്‍വെ നടത്താനെത്തുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശവും നല്‍കി. ആ ഘട്ടത്തില്‍ വിജയം രാജശേഖര റെഡ്ഡിയ്‌ക്കൊപ്പമായി. പുതിയ സര്‍വെയ്ക്കുളള ഉത്തരവ് കേന്ദ്രം മരവിപ്പിച്ചു. ബങ്കളൂരുവിലെ റീജേണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടു വരുന്നതുവരെ പുതിയ സര്‍വെ നടത്തേണ്ടതില്ല എന്നായിരുന്നു തീരുമാനം.

കര്‍ണാടകം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണസംവിധാനം സമ്പൂര്‍ണമായി വരുതിയിലാക്കിയും വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ലോഭമായ പിന്തുണ കൊണ്ടുമാണ് ഒബുലാപുരം മൈനിംഗ് കമ്പനി നക്ഷത്രങ്ങളിലേയ്ക്കു വളര്‍ന്നത്. ഓരോ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലും മറയുമായി രാഷ്ട്രീയാധികാരവും ഭരണകൂടത്തിന്റെ അധികാരവുമുണ്ടായിരുന്നു. സുപ്രിംകോടതിയുടെ പരമാധികാരംപോലും റെഡ്ഡി മാഫിയ തീര്‍ത്ത അതിരുകള്‍ക്കു പുറത്തു തന്നെ നിന്നു.

ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാമ്പത്തിക സാമ്രാജ്യം

ഒഎംസി ഊറ്റിയെടുത്ത സമ്പത്തിന്റെ നേര്‍പകുതി വൈ. എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് അവകാശപ്പെട്ടതായിരുന്നു. ജഗ്‌മോഹന്റെ ഉടമസ്ഥതയിലുളള ആര്‍ ആര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ്, റെഡ് ഗോള്‍ഡ് എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഒബുലാപുരം മൈനിംഗ് കമ്പനിയില്‍ ഓഹരി നല്‍കി. ഒഎംസി ഖനനം ചെയ്യുന്ന അമ്പതു ശതമാനം ഇരുമ്പയിരും അടിസ്ഥാന വിലയ്ക്കു റെഡ് ഗോള്‍ഡ് എന്റര്‍പ്രൈസസിനു വില്‍ക്കണമെന്നായിരുന്നു കരാര്‍. അതായത് ഒഎംസി കുഴിച്ചെടുക്കുന്ന ഇരുമ്പയിരില്‍ പകുതിയും പ്രവര്‍ത്തനച്ചെലവു മാത്രം നല്‍കി ജഗന്‍ മോഹന്റെ കമ്പനി സ്വന്തമാക്കി. ആ വ്യവസ്ഥയോടെയാണ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ 134 ഹെക്ടര്‍ വെ എസ് രാജശേഖര റെഡ്ഢി ഖനി മാഫിയയ്ക്ക് തീറെഴുതിയത്.

ചുരുങ്ങിയ കാലം കൊണ്ട് ജഗന്‍ മോഹന്റെ സമ്പാദ്യം പെരുകിക്കയറി. വളര്‍ച്ചയുടെ ആക്കമറിയാന്‍ 2004ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈ എസ് രാജശേഖര റെഡ്ഡി നല്‍കിയ സത്യവാങ്മൂലം വായിക്കണം. അതനുസരിച്ച് വൈഎസ്ആറിന്റെ കുടുംബസ്വത്ത് 50 ലക്ഷം രൂപയാണ്. മകന്‍ ജഗന്‍ മോഹന്റെ സ്വത്തും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്; 9.18 ലക്ഷം രൂപ. വര്‍ഷം എട്ടു കഴിഞ്ഞപ്പോള്‍ വിവിധ കമ്പനികളിലായി ആകെ 1234 കോടിയുടെ നിക്ഷേപം ജഗന്‍ മോഹനുണ്ടെന്നാണ് സിബിഐ കണക്കാക്കുന്നത്.

2008-09 സാമ്പത്തിക വര്‍ഷത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആദായ നികുതി അടച്ചത് മൂന്നുലക്ഷത്തോളം രൂപ. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ സ്വത്തു പിന്നെയും ഉയര്‍ന്നു. ഇലക്ഷന്‍ കമ്മിഷനു നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് സ്വത്തുവകകള്‍ 78 കോടി. 2011-ല്‍ കടപ്പ ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ആ സ്വത്ത് 365 കോടിയായി കുതിച്ചുയര്‍ന്നു. വെറും ഭാര്യ വൈ. ഭാരതിയുടെ പേരില്‍ 42 കോടി രൂപ.

ജഗന്‍ മോഹന്റെ രണ്ടു വീടുകളുടെ മൂല്യം മാത്രം കണക്കാക്കിയാലും സ്വത്ത് ഇതിനപ്പുറം വരുമെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. ബങ്കളൂരുവിനു സമീപം യെലഹങ്കയിലും ഹൈദരാബാദിലെ ജൂബിലി ഹില്‍സിലും രണ്ടു രാജകൊട്ടാരങ്ങള്‍ ജഗന്‍ മോഹനുണ്ടത്രേ. യെലഹങ്കയില്‍ 31 ഏക്കറില്‍ പണിതുയര്‍ത്തിയ പടുകൂറ്റന്‍ കൊട്ടാരത്തിന്റെ മതിപ്പുവില 400 കോടി. ഹെലിപ്പാഡും ജലധാരകളും വിശാലമായ പൂന്തോട്ടവുമൊക്കെയാണ് ആ കൊട്ടാരത്തിന്റെ പ്രത്യേകതകള്‍. ജൂബിലി ഹില്‍സിലെ കൊട്ടാരവും അതുപോലൊരെണ്ണം. ഒരു വീടിനു മാത്രം 400 കോടി രൂപ വിലമതിക്കുമ്പോള്‍ ആകെ സമ്പാദ്യം 365 കോടി രൂപയാവുന്നതെങ്ങനെ എന്ന ചോദ്യം പ്രസക്തം തന്നെ.

കോര്‍പറേറ്റ് ലോകത്തും ജഗന്‍ മോഹന്‍ സാമ്രാജ്യം പണിതുയര്‍ത്തി. ജഗനും കുടുംബാംഗങ്ങള്‍ക്കു കൂടി ഭാരതി സിമന്റ്‌സില്‍ ഏതാണ്ട് 6650 കോടിയുടെ ഓഹരികളുണ്ട്. തന്റെ ഓഹരികളിലൊരു ഭാഗം 2500 കോടിയ്ക്ക് ഫ്രഞ്ച് സിമന്റ് കമ്പനിയായ എസ്എ ഡേശ് സിമന്റ്‌സിനു വിറ്റു. 2008ല്‍ മാധ്യമ വ്യവസായത്തിലേയ്ക്കു തിരിഞ്ഞു. സാക്ഷി എന്ന തെലുങ്കു പത്രവുമായി ജഗതി പബ്ലിക്കേഷനും സാക്ഷി ചാനലുമായി ഇന്ദിരാ ടെലിവിഷന്‍ കമ്പനിയും. സാക്ഷി ചാനലിലും പത്രത്തിലും നിക്ഷേപം നടത്തിയവര്‍ക്കൊക്കെ അടിസ്ഥാന സൗകര്യവികസനം, ജലസേചനം തുടങ്ങിയ കരാറുകള്‍ തീറെഴുതി. ഖനി മാഫിയ വഴി സമാഹരിച്ച കളളപ്പണം വെളുപ്പിക്കാന്‍ അസംഖ്യം കമ്പനികള്‍ വേറെയും സൃഷ്ടിച്ചു.

ആഡംബരജീവിതത്തിന്റെ റെഡ്ഡി സ്റ്റൈല്‍

ജഗന്‍ മോഹനും ജനാര്‍ദ്ദന റെഡ്ഡിയുമൊന്നും ശതകോടീശ്വരന്മാരുടെ ഔദ്യോഗിക പട്ടികയില്‍ പെടില്ല. കാരണം, സ്വത്തിന്റെ നല്ലപങ്കും കണക്കില്‍പ്പെടാത്ത കളളപ്പണമാണ്. ഒരുപക്ഷേ, അതുകൊണ്ടാവാം പണപ്രതാപം കാണിക്കാന്‍ ആഡംബരജീവിതത്തിന് അവര്‍ തനതു നിര്‍വചനം നല്‍കി. ജീവിതശൈലിയില്‍ ഔദ്യോഗിക ശതകോടീശ്വരന്മാരെ കളളപ്പണത്തിന്റെ ചക്രവര്‍ത്തിമാര്‍ കടത്തിവെട്ടി. 1998-ല്‍ പാപ്പരായെന്ന് സ്വയം പ്രഖ്യാപിച്ച ജനാര്‍ദ്ദനന്‍ റെഡ്ഡിയെന്ന ചിട്ടിക്കമ്പനി ഉടമ, രാഷ്ട്രീയാധികാരത്തിന്റെ ചെങ്കോലും കിരീടവും ചൂടിയപ്പോള്‍ എത്തിപ്പിടിച്ച നക്ഷത്രജീവിതം ഈ ജീവിതശൈലിയുടെ ചിത്രകഥയാണ്.

സ്വന്തമായി മൂന്നു ഹെലിക്കോപ്റ്ററുകള്‍. അതിലൊന്നിനു വില 12 കോടി. ഹെലികോപ്റ്റര്‍ പാര്‍ക്കു ചെയ്യാന്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിനു പ്രതിമാസം നല്‍കുന്ന വാടക 750000 രൂപ. വിദേശ ആഡംബര കാറുകള്‍ അസംഖ്യം. അഞ്ചു കോടി വിലമതിക്കുന്ന റോള്‍സ് റോയിസ് ഫാന്റം, മസരാട്ടി, ഫോക്‌സ്‌വാഗന്‍, ബിഎംഡബ്ല്യൂ, കോണ്‍ടിനെന്റല്‍ ജിടി കൂപ്പെ, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്‌സ് കാര്‍, മെഴ്‌സിഡസ് ബെന്‍സ് ലിമോസെന്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഓഡി, മിറ്റ്‌സുബിഷി പജേറോ... എന്നിങ്ങനെ നീളുന്നു റെഡ്ഡിയുടെ ശേഖരത്തിലെ വിദേശകാറുകള്‍. ഇന്ത്യന്‍ കാറുകള്‍ ഇതിനു പുറമെ. രാഷ്ട്രീയപ്രചരണത്തിന് റോഡു ഷോ നടത്താന്‍ അഞ്ചു കോടി വിലയുളള വോള്‍വോ ബസ്. ബങ്കളൂരുവില്‍ നിന്ന് ഊണുകഴിക്കാന്‍ ബെല്ലാരിയിലെ വീട്ടിലെത്തുന്നതും പോകുന്നതും ഹെലിക്കോപ്റ്ററില്‍.

പുരാതനമായ കോട്ടയുടെ ശൈലിയില്‍ പണിത കെട്ടിടത്തിനുളളളില്‍ കടക്കാന്‍ മൂന്നു ചെക്ക്‌പോസ്റ്റുകള്‍ താണ്ടണം. പരിശോധനയ്ക്ക് മെറ്റല്‍ ഡിറ്റക്ടറുകള്‍, സ്‌കാനറുകള്‍, ബോംബു സ്‌ക്വാഡുകള്‍, സായുധരായ കമാന്‍ഡോകള്‍. അവരെ താണ്ടി സ്വീകരണ മുറിയിലെത്തുന്ന അതിഥികളെ എതിരേല്‍ക്കാന്‍ ദീപാലംകൃതമായ ചന്ദനസ്തൂപത്തില്‍ ഘടിപ്പിച്ച വജ്രകിരീടം. വീട്ടിനുളളില്‍ നീന്തല്‍ കുളം. കുളത്തില്‍ കിടന്നു സിനിമ കാണാന്‍ അത്യാധുനിക 70എംഎം സ്‌ക്രീന്‍. ലക്ഷങ്ങള്‍ ചെലവിട്ടൊരുക്കിയ ദീപക്കാഴ്ചയില്‍ വീടിനടുത്തുളള കുന്നു മുഴുവന്‍ നിന്നു ജ്വലിക്കുമായിരുന്നു. ബങ്കളൂരു നഗരമധ്യത്തില്‍ ടാജ് വെസ്റ്റ് എന്‍ഡ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിനടുത്ത് 'പരാജിത' എന്നപേരില്‍ അത്യാഡംബര അപ്പാര്‍ട്ടുമെന്റ്...

സുരക്ഷാകാരണങ്ങളാല്‍ റെഡ്ഡിയുടെ മക്കള്‍ പുറത്തിറങ്ങാറില്ല. അവര്‍ക്കു കളിക്കാന്‍ മാത്രം വീടിനു തൊട്ടടുത്ത് കുട്ടികള്‍ക്കു ഒരു മൂന്നുനില മണിമാളിക. തിരഞ്ഞെടുക്കപ്പെട്ട കളിക്കൂട്ടുകാര്‍ ഈ മാളികയിലെത്തുമായിരുന്നു.

2009 മെയില്‍ ഒരു വിവാഹാഘോഷത്തിന് 20 കോടി രൂപയാണ് റെഡ്ഡി കുടുംബം മുടക്കിയത്. പതിനായിരം അതിഥികളെ ബെല്ലാരിയിലെത്തിച്ചത് ഹെലിക്കോപ്റ്റര്‍ വഴി. 500 എയര്‍ കണ്ടീഷണറുകള്‍ കൊണ്ട് ശീതീകരിച്ച പടുകൂറ്റന്‍ കല്യാണപ്പന്തല്‍.

ഖനി കവര്‍ന്നെടുക്കാന്‍ അമ്പലം തകര്‍ത്തുവെങ്കിലും തികഞ്ഞ ഭക്തനാണ് റെഡ്ഡി. തിരുപ്പതി ക്ഷേത്രത്തിനു നല്‍കിയത് 40 കോടി വിലമതിക്കുന്ന വജ്രകിരീടം. അത്തരമൊന്ന് ബെല്ലാരിയിലെ വീട്ടിലും സൂക്ഷിച്ചിരുന്നു.

ഖനി തുരക്കാനുളള സീറോ റിസ്‌ക് സിസ്റ്റം

മന്ത്രിയായതോടെ സ്വന്തം കമ്പനിയുടെ മാത്രമല്ല, കര്‍ണാടകത്തിലെ ഇരുമ്പയിരു കൊളളയടിക്കാന്‍ ആര്‍ത്തിപൂണ്ടെത്തിയ എല്ലാ കൊളള കോര്‍പറേറ്റുകളുടെയും ഏക രക്ഷാധികാരിയായി ജനാര്‍ദ്ദന റെഡ്ഡി. മന്ത്രിക്ക് കപ്പം കൊടുത്താല്‍ പിന്നെ ആപത്ഛങ്ക വേണ്ട. ചുരുക്കത്തില്‍ കര്‍ണാടകത്തിലെയും ആന്ധ്രയിലെയും മൊത്തം ഇരുമ്പയിരു ഖനനത്തിന്റെ നല്ലൊരു പങ്കും ജനാര്‍ദ്ദനറെഡ്ഡിയുടെ കൈവശമെത്തി.

തനതായ ശൈലിയും ആസൂത്രണവും കൊണ്ട് ജനാര്‍ദ്ദന റെഡ്ഡിയുടെ കൊളള സമ്പ്രദായത്തിന് ഒരു പേരുവീണു: സീറോ റിസ്‌ക് സിസ്റ്റം (zero risk system). രാഷ്ട്രീയാധികാരമായിരുന്നു ഈ അഴിമതി തന്ത്രത്തിന്റെ മര്‍മ്മം. ജനാര്‍ദ്ദന റെഡ്ഡിയും സഹോദരന്‍ കരുണാകര റെഡ്ഡിയും യെദ്യൂരപ്പ അംഗങ്ങള്‍. കരുണാകര റെഡ്ഡിയ്ക്ക് കിട്ടിയത് റവന്യൂ വകുപ്പ്. ഉറ്റ സുഹൃത്ത് ശ്രീരാമലുവും മന്ത്രിസഭയില്‍. മറ്റൊരു സഹോദരന്‍ സോമശേഖര റെഡ്ഡി എംഎല്‍എ. എന്തും അനുസരിക്കുന്ന എംഎല്‍എ വൃന്ദം.

പക്ഷേ, രാഷ്ട്രീയാധികാരത്തിന്റെ ഗര്‍വില്‍ മറ്റെല്ലാവരുടെയും വിഹിതം തട്ടിയെടുക്കാന്‍ റെഡ്ഡി ശ്രമിച്ചില്ല. സഹകരിച്ചവര്‍ക്കെല്ലാം കൊളളമുതലിന്റെ ചെറുവിഹിതമെങ്കിലും വീതിച്ചു കൊടുത്തു. ലോകായുക്തയുടെ റിപ്പോര്‍ട്ടു പ്രകാരം 617 ഉദ്യോഗസ്ഥര്‍ക്കായി വീതിച്ച കൈക്കൂലിത്തുക 246 കോടി. മിക്കവര്‍ക്കും മാസപ്പടിയായിരുന്നു. ബെല്ലാരി എസ്പിയ്ക്ക് പ്രതിമാസം 50,000, അഡീഷണല്‍ എസ്പിയ്ക്ക് 25000, പോര്‍ട്ട് ഡയറക്ടര്‍ക്ക് കപ്പലൊന്നിന് 50,000 രൂപ. മറ്റ് സ്റ്റാഫിന് കപ്പലൊന്നിന് 5500 രൂപ. ഉയര്‍ന്ന കസ്റ്റംസ് അധികൃതര്‍ക്ക് പ്രതിമാസം 33,000 രൂപയും ടണ്‍ ഒന്നിന് 50 പൈസ വെച്ച് ടോളും. ഇതൊന്നും ഖനി ഉടമകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു ചെയ്യേണ്ട. എല്ലാത്തിനും ഉത്തരവാദിത്തപ്പെട്ട ഇടത്തട്ടുകാരുണ്ട്. ടണ്‍ ഒന്നിന് 75 രൂപ മുതല്‍ 200 രൂപ വരെ ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കു മാത്രമാണ് ഖനിയുടമകള്‍ ചെയ്യേണ്ടിയിരുന്നത്.

ഖനനം സംബന്ധിച്ചുളള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിക്കപ്പെട്ടു. ഖനനാനുമതി ലഭിച്ച മേഖലയുടെ അതിരുകള്‍ക്കപ്പുറം കടന്ന് തുരങ്കങ്ങള്‍ വലുതായി. വനമേഖലയില്‍ ഖനനം നിരോധിച്ചിട്ടുണ്ടെങ്കിലും വകവെച്ചില്ല. ആറുമീറ്റര്‍ ആഴത്തില്‍ കുഴിക്കാനാണ് ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ് നിശ്ചയിച്ച മാനദണ്ഡം. പക്ഷേ, കുഴിച്ചതെത്ര മീറ്റര്‍ എന്നതിന് ഒരു കണക്കുമില്ല. ഉദാഹരണം കൊണ്ടു സൂചിപ്പിച്ചാല്‍, 100 മെട്രിക് ടണ്‍ കുഴിച്ചെടുക്കാനായിരുന്നു അനുമതിയെങ്കില്‍, മാഫിയ 1000 മെട്രിക് ടണ്‍ കവര്‍ന്നെടുത്തു. 158 ലൈസന്‍സുകളാണ് ഖനനത്തിന് നല്‍കിയതെങ്കില്‍ ഖനനം നടന്നത് 252 ഇടങ്ങളിലായിരുന്നു. ഇരുമ്പയിരുമായി തുറമുഖത്തേയ്ക്കു പായുന്ന ലോറികളുടെ എണ്ണം ചെക്ക്‌പോസ്റ്റില്‍ കുറച്ചു കാണിച്ചു. പ്രതിദിനം 4000 ലോറികള്‍ ചീറിപ്പാഞ്ഞ സ്ഥലത്ത് ചെക്ക്‌പോസ്റ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് വെറും 200 ലോറികള്‍. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ വ്യാജ പെര്‍മിറ്റുകള്‍ നിര്‍മ്മിച്ചു. 600 കിലോമീറ്ററോളം വണ്ടിയോടിച്ചാണ് ഇരുമ്പയിര് തുറമുഖങ്ങളിലെത്തിച്ചത്. പരമാവധി കയറ്റാവുന്നതിന്റെ ഇരട്ടിയോളം ഭാരം കയറ്റിയാണ് 24 മണിക്കൂര്‍ കൊണ്ട് ലോറികള്‍ വന്നുപോയത്.

പ്രവര്‍ത്തനരഹിതമായ അനേകം ഖനികള്‍ പ്രവര്‍ത്തനസജ്ജമാണെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് അനനധികൃത ഖനനം വഴി സമാഹരിച്ച ഇരുമ്പയിര് ജനാര്‍ദ്ദന റെഡ്ഡി തുറമുഖങ്ങളിലെത്തിച്ചത്.

പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഖനനത്തിന്റെ തീവ്രത കുറയ്ക്കാനാണ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11 ഖനികളുടെ കണക്കുശേഖരിച്ചപ്പോള്‍ 14 മാസം കൊണ്ട് 73 ലക്ഷം ടണ്ണാണ് അനധികൃതഖനനം വഴി കവര്‍ന്നത്. ഇതിന്റെ മതിപ്പുവില 1849 കോടി രൂപ. ഈ തോതില്‍ ഖനനം തുടര്‍ന്നാല്‍ പാട്ടക്കാലാവധി തീരുന്നതിനു മുമ്പു നിക്ഷേപം മുഴുവന്‍ മാഫിയ തുരന്നെടുക്കുമെന്ന് 2008ല്‍ ലോകായുക്ത മുന്നറിയിപ്പു നല്‍കിയിരുന്നു. അത്ര മാരകമായിരുന്നു ഖനനത്തിന്റെ വേഗത. പരിസ്ഥിതി ആഘാതമോ ഖനിജനിക്ഷേപത്തിന്റെ അളവോ പരിഗണിക്കാതെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവും ഇന്ത്യന്‍ മൈനിംഗ് ബ്യൂറോയും വിവേചനരഹിതമായി പാട്ടത്തിന് അനുമതിയും നല്‍കി. സംസ്ഥാനത്ത് വരാനിരിക്കുന്ന സ്റ്റീല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ടായി.

കര്‍ണാടകത്തിലെ മംഗലാപുരം, കാര്‍വാര്‍, ബെലേക്കാരി, ആന്ധ്രയിലെ കാക്കിനട, കൃഷ്ണപട്ടണം, വിശാഖപട്ടണം എന്നീ തുറമുഖങ്ങള്‍ വഴിയാണ് ഖനിനിക്ഷേപം വിദേശരാജ്യങ്ങളിലേയ്ക്കു കടത്തിയത്. ഇതില്‍ ഒന്നാം അധ്യായത്തില്‍ പരാമര്‍ശിച്ച ഗൗതം അദാനിയുടെ സ്വകാര്യ തുറമുഖമാണ് ബലേക്കാരി. ഇവിടെ എന്തും നടക്കും. അനധികൃതമായി കടത്തിയ 35 ലക്ഷം ടണ്‍ ഇരുമ്പയിര് ഈ തുറമുഖത്തു കണ്ടെത്തി. ഉദ്യോഗസ്ഥന്‍ രണ്ടാമത് പരിശോധനയ്ക്കു വന്നപ്പോള്‍ ഇരുമ്പയിരിന്റെ പൊടിപോലും അവിടെയെങ്ങുമുണ്ടായിരുന്നില്ല. ഇത്ര ഭീമമായ ഇരുമ്പയിര് അമുക്കിയത് മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി. പക്ഷേ, ഒന്നും സംഭവിച്ചില്ല.

മാഫിയയുടെ കൊളളലാഭം, നാടിനു പെരുംചേതം

വിദേശത്തു കെട്ടിപ്പൊക്കിയ ബിനാമി സ്ഥാപനങ്ങളിലേയ്ക്കാണ് ജനാര്‍ദ്ദന റെഡ്ഡി ഈ സമ്പത്തു മുഴുവന്‍ കടത്തിയത്. റെഡ്ഡിയുടെ ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് ഇരുമ്പയിരു വാങ്ങിയ സിംഗപ്പൂര്‍ കമ്പനിയായ ജിഎല്‍എ ട്രേഡിംഗ് ഇത്തരത്തിലൊരു ബിനാമി കമ്പനിയാണ്. വിപണി വിലയിലും വളരെ താഴ്ന്ന നിരക്കിലാണ് സിംഗപ്പൂര്‍ കമ്പനിയ്ക്ക് ഇരുമ്പയിരു വിറ്റത്. ഇതിന്റെ മാനേജിംഗ് ഡയറക്ടറും ജനാര്‍ദ്ദന റെഡ്ഡി തന്നെയാണെന്ന് ഇന്‍കംടാക്‌സ് കണ്ടെത്തി. റെഡ്ഡിയുടെ ഭാര്യയുടെ പേര് ലക്ഷ്മി അരുണ എന്നാണ്. ഗലി ജനാര്‍ദ്ദന റെഡ്ഡിയെന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ജിഎല്‍എ എന്നാല്‍ ഗലി ലക്ഷ്മി അരുണ.

ഗള്‍ഫിലുമുണ്ട് ഇതുപോലൊരു കമ്പനി. ജിഎല്‍എ ട്രേഡിംഗ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. 2007 മുതല്‍ 2009 വരെ 8.5 ലക്ഷം മെട്രിക് ടണ്‍ ഇരുമ്പയിരാണത്രേ ഈ കമ്പനിയിലേയ്ക്കു കടത്തിയത്. താഴ്ന്ന വിലയ്ക്കു അയിരു വിറ്റതുവഴി ഏതാണ്ട് 300 കോടി രൂപനികുതിവകുപ്പിന് നഷ്ടമായി.

മാന്‍-ഗോ പബ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു ആരംഭത്തില്‍ ഈ കമ്പനിയുടെ പേര്. കമ്പനിയുടെ ഒരു ഷെയര്‍ ജിജെആര്‍ ഹോള്‍ഡിംഗിനു നല്‍കി. ജിജെആര്‍ എന്നാല്‍ ഗലി ജനാര്‍ദ്ദന റെഡ്ഡി. കമ്പനിയുടെ ഉടമസ്ഥന്റെ വിലാസം ഐല്‍ ഓഫ് മാന്‍ (Isle of Man) എന്ന ബ്രിട്ടീഷ് പ്രവിശ്യയിലേതാണ്. നികുതിവെട്ടിപ്പുകാരുടെ പറുദീസയാണ് ഐല്‍ ഓഫ് മാന്‍ ദ്വീപ്.

കളളപ്പണം വിദേശത്തേയ്ക്കു കടത്തുന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് റെഡ്ഡിമാരുടെ ഇരുമ്പയിരു കയറ്റുമതി. രാജ്യത്തിന് ലഭിക്കുമായിരുന്ന വിദേശ നാണയം നഷ്ടപ്പെടുന്നതു മാത്രമല്ല, ആദായനികുതിയും കമ്പനി നികുതിയും ഖജനാവില്‍നിന്നും ചോരുന്നു. ഏതാണ്ട് ഒരു കോടി ടണ്‍ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് മതിപ്പുകണക്ക്.

റോയല്‍റ്റി ഇനത്തിലും സര്‍ക്കാരിനു ഭീമമായ നഷ്ടം ഉണ്ടാകുന്നു. അന്തര്‍ദേശീയ വിപണയില്‍ ഇരുമ്പയിരിന് 5000 - 6000 രൂപയുണ്ടായിരുന്നപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ റോയല്‍ട്ടി ഇനത്തില്‍ ഈടാക്കിയിരുന്നത് കേവലം 27 രൂപയായിരുന്നു.

അതേസമയം കയറ്റുമതിക്കാര്‍ക്കും ഖനിയുടമകള്‍ക്കും ഉണ്ടായ ലാഭമെത്രയെന്ന് ഊഹിച്ചുനോക്കൂ. ടണ്‍ ഒന്നിന് 5000 - 6000 രൂപയാണ് വില. ഒരു ടണ്‍ ഖനനം ചെയ്യാന്‍ ചെലവ് വെറും 150 രൂപ. തുറമുഖം വരെ എത്തിച്ച് ചരക്കു കടത്തുന്നതിനു മറ്റൊരു 150 രൂപ. കൈക്കൂലി 200 രൂപ. സര്‍ക്കാരിനുളള റോയല്‍ട്ടിയടക്കം ഏറിയാല്‍ 600 രൂപ മൊത്തം ചെലവ്. ഇതാണ് 6000 രൂപയ്ക്ക് വിദേശത്തു വിറ്റു ലാഭം കൊയ്തത്.

കര്‍ണാടകത്തിലെ മാഫിയ സംഘത്തിന്റെ തലവന്‍ ജനാര്‍ദ്ദന റെഡ്ഡി ആയിരുന്നെങ്കിലും സംഘത്തില്‍ ഇന്ത്യയിലെ പെരുമയേറിയ കുത്തക കമ്പനികളുമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ ഭീമനായ മിത്തല്‍, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്‍പാദകരായി മാറിക്കൊണ്ടിരിക്കുന്ന ജിന്‍ഡാല്‍ തുടങ്ങിയവരും ഈ അഴിമതിയില്‍ പ്രതിക്കൂട്ടിലാണ്. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഒരു കമ്പനി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കു കൈക്കൂലി നല്‍കി എന്നും കേസുണ്ട്. കൈക്കൂലി നല്‍കിയ രീതി രസകരമാണ്. ബങ്കളൂരുവില്‍ ഒരു പ്ലോട്ട് മകള്‍ക്ക് യെദ്യൂരപ്പ 40 ലക്ഷം രൂപയ്ക്ക് അനുവദിച്ചു. അത് 20 കോടി രൂപയ്ക്കാണ് ജിന്‍ഡാല്‍ വാങ്ങിയത്.

കര്‍ണാടകയിലെ ഖനന അഴിമതിക്കേസ് പുറത്തുവന്നതോടു കൂടി ആന്ധ്ര, തുടര്‍ന്ന് ഗോവ, മധ്യപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരുന്ന സമാനമായ വെട്ടിപ്പുകളുടെ കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. വിസ്തരഭയത്താല്‍ അവയോരോന്നിന്റെയും പരിശോധനയിലേയ്ക്കു കടക്കുന്നില്ല.

ഇതിനാകെ അരങ്ങൊരുക്കിയത് കയറ്റുമതി പ്രോത്സാഹനത്തിന്റെ പേരില്‍ ഇരുമ്പയിരു ഖനനം സ്വകാര്യമേഖലയ്ക്ക് 1991ല്‍ തുറന്നു കൊടുത്തതോടെയാണ്. പുതിയ നൂറ്റാണ്ട് ആരംഭിച്ചതോടെ ആഗോളവിപണിയിലെ ഇരുമ്പിന്റെ വില ഉയരാന്‍ തുടങ്ങി. ഒളിമ്പിക്‌സ് പ്രമാണിച്ച് ചൈനയില്‍ നടന്ന അഭൂതപൂര്‍വമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതിനു വഴിയൊരുക്കിയത്. ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയില്‍ 90 ശതമാനവും ചൈനയിലേയ്ക്കായിരുന്നു. ഏതാനും വര്‍ഷം കൊണ്ട് ഇരുമ്പയിരിന്റെ വില മൂന്നു മടങ്ങ് ഉയര്‍ന്നു. അതില്‍ത്തന്നെ ബെല്ലാരി മേഖലയില്‍ ലഭ്യമായ വളരെ നേര്‍ത്ത ഇരുമ്പയിരുപൊടിയ്ക്കാണ് വില ഏറ്റവുമുയര്‍ന്നത്. അതോടെയാണ് എന്തോ സ്വര്‍ണഖനി കണ്ടുപിടിച്ചതോടെ ഇന്ത്യന്‍ കമ്പനികളും ഇരുമ്പയിരു ഖനനത്തിലേയ്ക്ക് - പ്രത്യേകിച്ച് ബെല്ലാരിയിലേയ്ക്ക് - ഇരച്ചു കയറിയത്. റെഡ്ഡിയെപ്പോലുളള പുത്തന്‍ പണക്കാര്‍ മാത്രമല്ല, തറവാടികളും ഒട്ടും പിന്നിലായിരുന്നില്ല. റെഡ്ഡിയെപ്പോലുളളവരുടെ മേധാവിത്വം അംഗീകരിച്ചുകൊടുക്കാനും അവര്‍ സന്നദ്ധമായി.

അവസാനം കുരുങ്ങി!

നിനച്ചിരിക്കാതെയായിരുന്നു റെഡ്ഡിയുടെയും ജഗന്‍ മോഹന്റെയും വീഴ്ച. യാദൃശ്ചിക രാഷ്ട്രീയ സംഭവവികാസങ്ങളാണ് അതിലേയ്ക്കു വഴി തെളിച്ചത്. പക്ഷേ, ഇതോടൊപ്പം അംഗീകരിക്കേണ്ട മറ്റൊരു വസ്തുത കൈക്കൂലിക്കു വഴങ്ങാത്ത ചില ഉദ്യോഗസ്ഥരും വിലയ്‌ക്കെടുക്കാനാവാത്ത ചില ന്യായാധിപന്മാരും ഇന്നുമുണ്ട് എന്നതാണ്.

റെഡ്ഡി സഹോദരന്മാരുടെ ശനികാലം ആരംഭിച്ചത് കര്‍ണാടകത്തിലെ ലോകായുക്ത ജഡ്ജി ഇരുമ്പയിരു ഖനനത്തെക്കുറിച്ചുളള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ്. ഹെഗ്‌ഡെയും കീഴുദ്യോഗസ്ഥരും കൂട്ടായി നടത്തിയ അതിസാഹസികമായ അന്വേഷണ പരമ്പരയാണ് കര്‍ണാടകത്തിലെ അഴിമതിക്കഥകള്‍ അനാവരണം ചെയ്തത്. ഇന്ത്യയില്‍ വരാന്‍പോകുന്ന ലോക്പാലിന്റെ തലവനാകാന്‍ വേണ്ടിയാണ് ഹെഗ്‌ഡെ ഈ കഠിനപ്രയത്‌നം ചെയ്തത് എന്ന് ആരോപണം ഉന്നയിച്ച തല്‍പ്പരകക്ഷികളുണ്ട്. ക്രമക്കേടുകളുടെ പരമ്പര അക്കമിട്ടു നിരത്തിയാണ് ലോകായുക്ത റെഡ്ഡിമാര്‍ക്കെതിരെ റിപ്പോര്‍ട്ടു നല്‍കിയത്. ജനാര്‍ദ്ദന റെഡ്ഡി, കരുണാകര റെഡ്ഡി, ശ്രീരാമലു എന്നിവരെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ലോകായുക്ത ജഡ്ജി സന്തോഷ് ഹെഗ്‌ഡെ തന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

കേസ് ലോകായുക്തയുടെ മുന്നില്‍ വന്നതും തികച്ചും യാദൃശ്ചികമായാണ്. ജനതാദളും ബിജെപിയും ചേര്‍ന്ന് കുറച്ചുനാള്‍ കര്‍ണാടക ഭരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രി. കുമാരസ്വാമിയ്ക്ക് ഖനി മേഖലയില്‍ അനധികൃത ഇടപാടുകളുണ്ടായിരുന്നു. ബിജെപിയും ജനതാദളും തമ്മില്‍ തെറ്റിയപ്പോള്‍ ഖനിമേഖലയിലെ അഴിമതിയും വിവാദപ്രശ്‌നമായി. ബിജെപിയും ദളും അന്യോന്യം ചെളിവാരിയെറിഞ്ഞു. അങ്ങനെയാണ് കേസ് ലോകായുക്തയുടെ മുന്നിലെത്തിയത്. ബിജെപി സര്‍ക്കാര്‍ വന്നപ്പോഴും ലോകായുക്ത അന്വേഷണവുമായി മുന്നോട്ടു പോയി. ഇടക്കാല റിപ്പോര്‍ട്ടിന്മേല്‍ യെദ്യൂരപ്പ അടയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. എന്നാല്‍ യെദ്യൂരപ്പയെത്തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന അന്തിമ റിപ്പോര്‍ട്ടു വന്നതോടെ ബിജെപിയ്ക്ക് നില്‍ക്കക്കളളിയില്ലാതായി. ദേശീയതലത്തില്‍ ബിജെപിയ്‌ക്കെതിരെയുളള രാഷ്ട്രീയ ആക്രമണത്തിന് കോണ്‍ഗ്രസ് ഖനി അഴിമതി ആയുധമാക്കി.

2011 ആഗസ്റ്റ് മൂന്നിന് ജനാര്‍ദ്ദന റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. 2011 സെപ്തംബര്‍ 5ന് റെഡ്ഡിയെ സിബിഐ അറസ്റ്റു ചെയ്തു. ബെല്ലാരി, അനന്തപൂര്‍ (ആന്ധ്രാപ്രദേശ്) മേഖലയിലെ അനധികൃത ഖനനം, അനധികൃത കയറ്റുമതി, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് റെഡ്ഡിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2008 മെയ് 31 മുതല്‍ 2011 ആഗസ്റ്റ് 3 വരെ കഷ്ടിച്ചു മൂന്നുവര്‍ഷമേ മന്ത്രിക്കസേരയിലിരുന്നുളളൂവെങ്കിലും ഈ ചുരുങ്ങിയ കാലം കൊണ്ട് ഇത്രവിപുലമായ ക്രമക്കേടു നടത്തുകയും ഭീമമായ സ്വത്തു സമ്പാദിക്കുകയും ചെയ്ത മറ്റൊരു മന്ത്രിയുണ്ടാവില്ല. പതിനായിരക്കണക്കിനു കോടികള്‍ വെട്ടിപ്പിടിച്ച് അത്യാഡംബരജീവിതം നയിച്ചിരുന്ന ജനാര്‍ദ്ദന റെഡ്ഡി ഇപ്പോള്‍ ആന്ധ്രയിലെ ചഞ്ചല്‍ഗുഡ ജയിലിലെ 697-ാം നമ്പര്‍ അന്തേവാസിയാണ്. ജയിലില്‍ കിടന്നും സമാനതകളില്ലാത്ത മറ്റൊരു വിവാദത്തിലെ നായകനായി.

ജാമ്യത്തിന് കൈക്കൂലി, അതും കോടികള്‍

ജാമ്യം ലഭിക്കാന്‍ 20 കോടി രൂപ സിബിഐയ്ക്ക് ജഡ്ജിയ്ക്കു ജനാര്‍ദ്ദന റെഡ്ഡി കൈക്കൂലി വാഗ്ദാനം ചെയ്തു. 2012 മെയ് 12ന് സിബിഐ ജഡ്ജി ടി. പട്ടാഭി രാമറാവു ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് ജാമ്യം നല്‍കി വിധി പറഞ്ഞു. വിധി പറഞ്ഞ ജഡ്ജിയെ ഒട്ടും വൈകാതെ സിബിഐ അറസ്റ്റും ചെയ്തു. സിബിഐ കോടതിയിലെ തന്നെ മുന്‍ജഡ്ജിയായിരുന്ന ടി. വി. ചലപതി റാവുവും അറസ്റ്റിലായി. ജാമ്യം നല്‍കാന്‍ അഞ്ചു കോടി രൂപ കൈപ്പറ്റിയ കുറ്റത്തിന് ടി പട്ടാഭി രാമറാവുവിനെ ആന്ധ്രാ ഹൈക്കോടതി സസ്‌പെന്‍ഡു ചെയ്തു. ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡിയാണ് കൈക്കൂലി വാഗ്ദാനം ചെയ്തത്. കൈക്കൂലിയില്‍ പകുതിത്തുക കൈപ്പറ്റിയ പട്ടാഭിറാവു റെഡ്ഡിയ്ക്ക് ജാമ്യം നല്‍കുകയും ചെയ്തു. എന്നാല്‍ സിബിഐ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ റെഡ്ഡിയ്ക്കു പുറത്തിറങ്ങാനായില്ല. ഹൈക്കോടതിയിലെ ശര്‍മ്മ എന്നുപേരുളള ഒരു ജഡ്ജിയെ സ്വാധീനിക്കാനും ശ്രമം നടന്നുവത്രേ. ഹൈക്കോടതിയിലും ജാമ്യം ലഭിച്ചാല്‍ ബാക്കി തുകയും നല്‍കാമെന്നായിരുന്നു കരാര്‍.

ജനാര്‍ദ്ദന റെഡ്ഡിയുടെ വാഴ്ചക്കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ ബെല്ലാരിയ്ക്കുമീതെ ഭയം ഘനീഭവിച്ചു നിന്നിരുന്നു. പൊതുസമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും മറ്റു ഖനികളുടെ ഉടമകളുടെയും തൊഴിലാളികളുടെയുമൊക്കെ പൊതുവികാരം ഭയമായിരുന്നു. ഭയന്നു ജീവിച്ച ഒരു ജനതയുടെ നെഞ്ചിടിപ്പ് സിബിഐ നേരിട്ടറിഞ്ഞത് ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് സിബിഐ കോടതി ജാമ്യം അനുവദിച്ച ദിവസമായിരുന്നു. ജാമ്യം ലഭിച്ച വാര്‍ത്ത പുറത്തുവന്നയുടനെ ബങ്കളൂരുവിലെ സിബിഐ ഓഫീസിലേയ്ക്ക് ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു. ജനാര്‍ദ്ദന റെഡ്ഡിയ്‌ക്കെതിരെ സിബിഐയ്ക്കു മൊഴി നല്‍കിയ 300ലേറെ സാക്ഷികളുടെ നെഞ്ചു പിളര്‍ക്കുന്ന വാര്‍ത്തയായിരുന്നു അത്.

പലരും മജിസ്‌ട്രേറ്റിനു മുമ്പില്‍ നേരിട്ടു മൊഴി കൊടുത്തവരാണ്. അതു പിന്‍വലിക്കാനാവില്ല. അങ്ങനെ മൊഴി നല്‍കിയവര്‍ ഏതുനിമിഷവും വെട്ടയാടപ്പെടുമെന്നു ഭയന്നു. ജഡ്ജിയ്ക്ക് 20 കോടി കൈക്കൂലി കൊടുത്ത് ജാമ്യം നേടാന്‍ ശ്രമിച്ചയാളിന് തനിക്കെതിരെ സാക്ഷി പറഞ്ഞ സാധാരണക്കാരെ കൈകാര്യം ചെയ്യാനാണോ പ്രയാസം.

റെഡ്ഡി വാഴ്ചയെ യഥാതഥം വരച്ചിടുന്നതാണ് സിബിഐയുടെ പക്കലുളള മൊഴികള്‍. തങ്ങളെ ഭീഷണിപ്പെടുത്തിയാണ് ഖനനത്തിന് പെര്‍മിറ്റുകളില്‍ ഒപ്പിടുവിച്ചത് എന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗവണ്മെന്റ് ജനാര്‍ദ്ദന റെഡ്ഡിയുടേതാണ്, അനുസരിച്ചില്ലെങ്കില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റു ചെയ്യുമെന്ന് റെഡ്ഡിയുടെ വലംകൈയായ അലിഖാന്‍ തന്നെ ഭീഷണിപ്പെടുത്തി ആവശ്യമായ ഉത്തരവുകള്‍ എഴുതി വാങ്ങിയിട്ടുണ്ടെന്ന് മറ്റൊരുദ്യോഗസ്ഥന്റെ മൊഴി. അലിഖാനും കൂട്ടരും പറയുന്നതിന് വഴങ്ങാതിരുന്നതിന് ക്രൂരമര്‍ദ്ദനമേറ്റവരുടെ മൊഴികളുമുണ്ട്. സിബിഐ ഹൈക്കോടതിയില്‍ പോയി വിധി അസ്ഥിരപ്പെടുത്തിയതു കൊണ്ട് ജനാര്‍ദ്ദന റെഡ്ഡി ഇപ്പോഴും ജയിലില്‍ത്തന്നെ. ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷനും ജയില്‍വാസവും.

ജനാര്‍ദ്ദന റെഡ്ഡിയുടെ സകല സമ്പത്തും കണ്ടുകെട്ടുകയും ബിനാമി അക്കൗണ്ടുകളടക്കം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഏതോ തുരങ്കങ്ങളില്‍ ഇനിയും കോടാനുകോടികള്‍ അവശേഷിക്കുന്നുണ്ട് എന്നാണ് 20 കോടിയുടെ ഈ കൈക്കൂലി വാഗ്ദാനം തെളിയിക്കുന്നത്. ജുഡീഷ്യറിയെയും സ്വാധീനിക്കാന്‍ എന്തുവില കൊടുക്കാനും ഖനി മാഫിയ തയ്യാറാണ്.

ജഗന്‍ മോഹനും ജയിലില്‍

ആന്ധ്രയിലും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റങ്ങള്‍ നടന്നു. വൈ എസ് രാജശേഖര റെഡ്ഡി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവടംവലിയ്ക്കിടയില്‍ ധനമന്ത്രി റോസയ്യ മുഖ്യമന്ത്രിയായി. ജഗന്‍ മോഹനെ കോണ്‍ഗ്രസ് തഴഞ്ഞു. റോസയ്യയ്ക്ക് ജഗന്‍ മോഹനെ ജയിലിലടയ്ക്കാന്‍ അധികം മെനക്കെടേണ്ടി വന്നില്ല. കാരണം, അപ്പോഴേയ്ക്കും ആന്ധ്രയിലെ ഖനിത്തട്ടിപ്പു കേസ് സുപ്രിംകോടതിയിലെത്തിയിരുന്നു.

ബങ്കളൂരുവിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വരുന്നതുവരെ അന്വേഷണം നിര്‍ത്തിവെയ്ക്കാനാണല്ലോ തീരുമാനിച്ചിരുന്നത്. പുതുതായി വന്ന കണ്‍സര്‍വേറ്റര്‍ സത്യസന്ധനായിരുന്നു. സര്‍ക്കാരിന്റെ തട്ടിപ്പുകള്‍ പിടിക്കപ്പെട്ടു. യഥാര്‍ത്ഥ സ്‌കെച്ചും മാപ്പും അനുസരിച്ചല്ല അതിരുകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നു കണ്ടെത്തി. തുടര്ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ന്യായവാദങ്ങള്‍ കേന്ദ്രസര്ക്കാരിനു സ്വീകാര്യമല്ലെന്നും എത്രയും വേഗം പുതിയ സര്‍വെ നടത്തണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കര്‍ശന നിലപാടു സ്വീകരിച്ചു.

വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലെത്തി. ആറു മാസത്തിനകം പുതിയ സര്‍വെ നടത്തണമെന്ന് സുപ്രിംകോടതിയും ആവശ്യപ്പെട്ടു. സുപ്രിംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍വെ സംഘത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഹോം സെക്രട്ടറി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതി. എന്നിട്ടും ഫലമുണ്ടായില്ല. ഒബുലാപുരം മൈനിംഗ് കോര്‍പറേഷന് സംസ്ഥാന ഭരണത്തിലുളള സ്വാധീനം എത്ര വലുതാണ് എന്നു തെളിയിക്കുന്നതാണ് ഈ അനുഭവം.

വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി (സിഇസി)യുടെ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന് എതിരായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയും ഖജനാവിന്റെ നഷ്ടവും വിശദമായി ആ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലും നടപടിയെടുത്ത് നിയമവാഴ്ച ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഒബുലാപുരത്തെ ഖനനത്തിലിടപെടാന്‍ സിഇസിയ്ക്ക് യാതൊരു അവകാശവുമില്ലെന്നു വാദിച്ച് ഒഎംസിയുടെ ഡയറക്ടര്‍മാര്‍ നിരന്തരം പത്രസമ്മേളനങ്ങള്‍ നടത്തി.

ഈ സന്ദര്‍ഭത്തിലാണ് ആന്ധ്രയിലെ രാഷ്ട്രീയ മാറ്റങ്ങള്‍. ഒബുലാപുരം ഖനനത്തെയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനധികൃത സ്വത്തു സമ്പാദനത്തെയും കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസിനും റോസയ്യയ്ക്കും ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ല. സിബിഐ ജഗന്‍ മോഹനെ അറസ്റ്റു ചെയ്തു. എന്നാല്‍ വൈഎസ് രാജശേഖര റെഡ്ഡി കോണ്‍ഗ്രസിന്റെ അഭിമാനതാരമായി വിലസിയ കാലത്താണ് ജഗന്‍ മോഹന്‍ ഈ സ്വത്തു വാരിക്കൂട്ടിയത് എന്ന കാര്യം അവര്‍ മറന്നു പോയി.

ഒരു ദശാബ്ദം കൊണ്ട് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇരുമ്പയിരു സമ്പത്താണ് മാഫിയ ബെല്ലാരിയില്‍ നിന്നും കടത്തിയത്. ഒട്ടേറെപ്പേര്‍ കോടീശ്വരന്മാരായി. ചിലര്‍ ശതകോടീശ്വരന്മാരായി. പക്ഷേ, ബെല്ലാരിയിലെ ജനങ്ങള്‍ക്കെന്തു കിട്ടി? ഇന്നും ആ മേഖലയിലെ ദാരിദ്യരേഖയ്ക്കു കീഴിലുളളവരുടെ എണ്ണം നാല്‍പതു ശതമാനത്തിലേറെയാണ്. സാക്ഷരത ഏതാണ്ട് 50 ശതമാനവും. മാനവവിഭവസൂചികയെടുത്താല്‍ കര്‍ണാടകയില്‍ ബെല്ലാരിയ്ക്കു താഴെ നാലു ജില്ലകളേയുളളൂ. സമൃദ്ധിയ്ക്കിടയില്‍ ഇതുപോലെ ദാരിദ്ര്യം അപൂര്‍വമായിരിക്കും.

ബെല്ലാരി റിസര്‍വ് വനത്തിന് ഉണ്ടായ ആഘാതം അപരിഹാര്യമാണ്. ബെല്ലാരി വനമേഖലയില്‍ മാത്രം കാണാറുണ്ടായിരുന്ന സ്ലോത്ത് ബീയര്‍ എന്നറിയപ്പെടുന്ന അപൂര്‍വയിനം കരടിയുടെ വംശം അപ്രത്യക്ഷമായി. അപൂര്‍വയിനം ഔഷധസസ്യങ്ങള്‍ പ്രകൃതിയിലേയ്ക്ക് എന്നെന്നേയ്ക്കുമായി മടങ്ങി. ബെല്ലാരി മേഖലയില്‍ മഴ അപൂര്‍വ പ്രതിഭാസമായി. കാടു കരിഞ്ഞുണങ്ങി. ലോഡു കയറ്റി കുതിച്ചുപാഞ്ഞ ലോറികള്‍ റോഡുകള്‍ തകര്‍ത്തു. ഭ്രാന്തമായ ലാഭതൃഷ്ണയോടെ ഭൂമി തുരന്ന ഖനി മാഫിയയോട് ആകാശവും അന്തരീക്ഷവും ചെയ്ത പ്രതികാരത്തിന് ഇരയായത് പാവം ഗ്രാമവാസികള്‍.

Thursday, August 23, 2012

കേരള വികസന ചരിത്രത്തിനും തിരുത്ത്



(സാമൂഹ്യശാസ്ത്രത്തിന് ഒരു പുത്തന്‍ സംഭാവന: പാര്‍ട്ടി ഗ്രാമവ്യവസ്ഥ എന്ന ലേഖനത്തിന്റെ തുടര്‍ച്ച)

പാര്‍ടി ഗ്രാമവ്യവസ്ഥ എന്ന ആശയം മുന്നോട്ടു വെയ്ക്കുന്നത് കൃത്യമായ ചില ഉന്നങ്ങളോടെയാണ്. പാര്‍ടി ഗ്രാമവ്യവസ്ഥ നിലനില്‍ക്കുന്നത് മലബാറിലാണ്. അതുകൊണ്ടാണ് മലബാറിന്റെ പിന്നോക്കാവസ്ഥ തുടരുന്നതു പോലും. മലബാറില്‍ സംരംഭകത്വം വളരണമെങ്കില്‍ ഇടതുപക്ഷ രാഷ്ട്രീയം തകരണം. പാര്‍ടി ഗ്രാമവ്യവസ്ഥയെ തകര്‍ക്കണം - ഡോ. ജോസ് സെബാസ്റ്റ്യന്റെ നിഗമനം ഇതാണ്; ;"
മലബാര്‍ജില്ലകളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ഏതെങ്കിലും സര്‍ക്കാരിന്റെ അവഗണനയാണെന്ന് ദോഷൈകദൃക്കുകള്‍പോലും ആരോപിക്കുകയില്ല. സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പ്രോത്സാഹനമല്ല തിരു-കൊച്ചി മേഖലയുടെ ഇന്നത്തെ ഉണര്‍വിന് കാരണം. അപ്പോള്‍ മലബാര്‍ജില്ലകളുടെ പിന്നാക്കാവസ്ഥയ്ക്കുള്ള പരിഹാരമെന്താണ്? ഉത്തരം സംരംഭകത്വത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതുമാത്രമാണ്. പോലീസിന്റെയും കോടതികളുടെയും ആജ്ഞാശക്തി പുനഃസ്ഥാപിച്ച് നിയമവാഴ്ച ഉറപ്പുവരുത്തുകയാണ് ഇവിടെ സര്‍ക്കാരിന്റെ പ്രാഥമികമായ കടമ. സ്വയംതൊഴിലുകാരിലും ചെറുകിട, ഇടത്തരം സംരംഭകരിലും ആത്മവിശ്വാസം ജനിപ്പിക്കാന്‍ ഇതില്‍പ്പരം പറ്റിയ മാര്‍ഗമില്ല. പാര്‍ടിഗ്രാമങ്ങള്‍പോലുള്ള പ്രാകൃതസമ്പ്രദായങ്ങള്‍ നിസ്സഹായതയില്‍നിന്ന് ഉടലെടുക്കുന്നതാണ്. സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുള്ള അവസരമുണ്ട് എന്നുവന്നാല്‍ ഇവ നല്കുന്ന വ്യാജമായ സുരക്ഷിതത്വബോധം വലിച്ചെറിയാന്‍ ജനങ്ങള്‍ തയ്യാറാകും. ഇത് മലബാറിലെ സാമ്പത്തികരാഷ്ട്രീയാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
   മലബാറിന്റെ പിന്നോക്കാവസ്ഥ
    ജൂലൈ മൂന്നിന്റെ മാതൃഭൂമി ലേഖനത്തില്‍ മലബാറിലെ പിന്നോക്കാവസ്ഥ വര്‍ദ്ധിക്കുന്നു എന്നുളളതിന് ഡോ. ജോസ് സെബാസ്റ്റ്യന്‍ 2009-10, അല്ലെങ്കില്‍ 2010-11 വര്‍ഷത്തെ അടിസ്ഥാനമാക്കിയുളള താഴെ പറയുന്ന കണക്കുകള്‍ അവതരിപ്പിക്കുന്നു. പ്രതിശീര്‍ഷ വരുമാനം, ചെറുകിട സംരംഭങ്ങളില്‍ നിന്നുളള പ്രതിശീര്‍ഷ വരുമാനം, പ്രതിശീര്‍ഷ ബാങ്കു വായ്പ, വാഹനങ്ങളുടെ ജനസംഖ്യാനുപാതം, സ്വാശ്രയ മേഖലയില്‍ ലഭിച്ചിട്ടുളള സീറ്റുകളുടെ ജനസംഖ്യാനുപാതം എന്നിവ സംബന്ധിച്ച കണക്കുകള്‍ ജില്ല തിരിച്ചു നല്‍കുന്നു. എന്നിട്ട് ഇവയുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ റാങ്കുകളും സൂചിപ്പിച്ചിട്ടുണ്ട്.

ഇതിലേതു സൂചകമെടുത്താലും പൊതുവില്‍ മലബാര്‍ ജില്ലകളുടെ റാങ്ക് തിരു-കൊച്ചി ജില്ലകളെ അപേക്ഷിച്ച് താഴെയാണ്. ഇതില്‍നിന്ന് എത്തിച്ചേരാവുന്ന ഏകനിഗമനം തിരു-കൊച്ചിയെ അപേക്ഷിച്ച് മലബാര്‍ പിന്നോക്കമാണ് എന്നതു മാത്രമാണ്. സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം ഈ അന്തരം വര്‍ദ്ധിച്ചുവെന്ന നിഗമനത്തിലെത്താനാവില്ല. ഇതു തിരിച്ചറിയുന്നതു കൊണ്ടാവാം ജൂലൈ 27ന് മൂന്നാമതൊരു ലേഖനവും കൂടി മാതൃഭൂമി പത്രത്തില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചത്. അതില്‍ 1980-81ലെയും 2010-11ലെയും മലബാറും തിരു-കൊച്ചിയും തമ്മില്‍ പ്രതിശീര്‍ഷ വരുമാനത്തിലും പ്രതിശീര്‍ഷ വ്യവസായ വരുമാനത്തിലും പ്രതിശീര്‍ഷ ബാങ്കു നിക്ഷേപത്തിലും പ്രതിശീര്‍ഷ ബാങ്കു വായ്പയിലുമുളള അന്തരങ്ങളെ താരതമ്യപ്പെടുത്തിയിരിക്കുന്നു. 1980നെ അപേക്ഷിച്ച് 2011ല്‍ ഈ അന്തരം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തിരു-കൊച്ചി കുതിക്കുമ്പോള്‍ മലബാര്‍ കിതയ്ക്കുകയാണ് എന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ല.
 
  1990കള്‍ മുതല്‍ ഏതാണ്ട് ദേശീയ വളര്‍ച്ചാനിരക്കിനോടൊപ്പം മലബാര്‍ മേഖലയും വളരുന്നുണ്ട്. അതിനേക്കാള്‍ വേഗതയില്‍ തിരു-കൊച്ചി മേഖല വളരുന്നു. വര്‍ദ്ധിച്ചുവരുന്ന അസമത്വം കേരളത്തിന്റെ മാത്രം പ്രത്യേകതയല്ല. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലും ഗ്രാമ-നഗരങ്ങള്‍ തമ്മിലും കൃഷിയും കാര്‍ഷികേതരവൃത്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും വരുമാനം, ഉപഭോഗം, സ്വത്തുടമസ്ഥത ഇവയിലെല്ലാം അസമത്വം ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ഗണ്യമായി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

കേരളം എങ്ങനെ ഇതിന് അപവാദമാകും? അസമത്വത്തിന്റെ വിവിധ സൂചികകളെടുത്താല്‍ പൊതുവില്‍ അസമത്വം വര്‍ദ്ധിക്കാതിരിക്കുക, അല്ലെങ്കില്‍ കുറഞ്ഞുവരിക എന്നതായിരുന്നു കേരളത്തിന്റെ വികസനാനുഭവം. നവലിബറല്‍ പരിഷ്കാരങ്ങള്‍ ഈ പ്രവണതയ്ക്ക് വിരാമമിട്ട് അസമത്വം വര്‍ദ്ധിപ്പിക്കുന്നു എന്നു തെളിയിക്കുന്ന പല പഠനങ്ങളും പുറത്തുവന്നുകഴിഞ്ഞു. പക്ഷേ, പ്രാദേശിക അസമത്വം വര്‍ദ്ധിക്കുന്നതിന് ഡോ. ജോസ് സെബാസ്റ്റ്യന്‍ കാണുന്ന കാരണം പാര്‍ടി ഗ്രാമവ്യവസ്ഥയാണ്. തിരു-കൊച്ചിയുടെ സാമ്പത്തിക വളര്‍ച്ച സമീപകാലത്ത് കൂടുതല്‍ വേഗതയിലായതിനു കാരണം കൊച്ചി നഗരവുമായി ബന്ധപ്പെട്ടു നടക്കുന്ന ദ്രുതഗതിയിലുളള വികസനമാണ്. തിരു-കൊച്ചിയിലെ മറ്റു ജില്ലകളുടെ പ്രതിശീര്‍ഷ വ്യവസായ വരുമാനത്തേക്കാള്‍ 107 ശതമാനം ഉയര്‍ന്നതായിരുന്നു 1980-81ല്‍ എറണാകുളം ജില്ലയിലെ പ്രതിശീര്‍ഷ വരുമാനം. ഇത് 2010-11 ആയപ്പോഴേയ്ക്കും 200 ശതമാനമായി ഉയര്‍ന്നുവെന്ന് ജോസ് സെബാസ്റ്റ്യന്‍ നല്‍കുന്ന കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

     പ്രതിശീര്‍ഷവരുമാനമെടുത്താല്‍ എറണാകുളം ജില്ലയിലെ പ്രതിശീര്‍ഷവരുമാനം 2010-11ല്‍ 36 ശതമാനം ഉയര്‍ന്നതാണ്. കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പ്രതിഭാസം പ്രത്യക്ഷപ്പെടുന്നത്. പുതിയ സാമ്പത്തികനയങ്ങള്‍ ഈ പ്രതിഭാസത്തിന് ഉത്തേജകമായിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിലുളള വരുമാനക്കണക്കുകളുടെ അതീവഗൗരവമായ പരിമിതികള്‍ ഏവര്‍ക്കും അറിവുളളതാണ്. ഇനി അവ അംഗീകരിച്ചാല്‍ത്തന്നെ മലബാറില്‍ പ്രതിശീര്‍ഷ വരുമാനം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ജില്ല ജോസ് സെബാസ്റ്റ്യന്റെ അഭിപ്രായത്തില്‍ പാര്‍ടി ഗ്രാമവ്യവസ്ഥ കട്ടപിടിച്ചു കിടക്കുന്ന കണ്ണൂരാണ് (76995 രൂപ). അതേസമയം പാര്‍ട്ടി ഗ്രാമവ്യവസ്ഥ ഏറ്റവും ദുര്‍ബലമെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന മലപ്പുറമാണ് പ്രതിശീര്‍ഷ വരുമാനം ഏറ്റവും താഴ്ന്നു നില്‍ക്കുന്നത് (51221 രൂപ). ഇതില്‍നിന്ന് പാര്‍ടി സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നോക്കാവസ്ഥ വിശദീകരിക്കാനുളള ശ്രമങ്ങള്‍ എത്ര ബാലിശമാണെന്നു വെളിപ്പെടുന്നുണ്ട്. പക്ഷേ, ജോസ് സെബാസ്റ്റ്യന്റെ വിശകലനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മ സാമൂഹ്യസൂചകങ്ങളെ പാടെ അവഗണിക്കുന്നു എന്നുളളതാണ്. ഈ സൂചകങ്ങളെടുത്താല്‍ വ്യത്യസ്തമായ ഒരു ചിത്രമാണ് തെളിയുക.

വിദ്യാഭ്യാസ - ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് എന്തു സംഭവിച്ചു? വിദ്യാഭ്യാസനിലയില്‍ മലബാറും തിരു-കൊച്ചിയും തമ്മിലുളള അന്തരം സംബന്ധിച്ച ഡോ. മൈക്കിള്‍ തരകന്റെ പഠനം ഈ സന്ദര്‍ഭത്തില്‍ വളരെ ശ്രദ്ധേയമാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് ഓരോ പത്തുവര്‍ഷത്തെയും കാനേഷുമാരി കണക്കു പുറത്തുവന്നപ്പോള്‍ സാക്ഷരതാനിലവാരത്തില്‍ മലബാറും തിരു-കൊച്ചിയും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവന്നു. സ്വാതന്ത്ര്യത്തിനു ശേഷമാണിതു കുറഞ്ഞത്. ഇതിലേറ്റവും ശ്രദ്ധേയമായ ഇടിവുണ്ടായത് ഭൂപരിഷ്കരണം നടപ്പാക്കിയ എഴുപതുകള്‍ക്കു ശേഷമാണ്. വിദ്യാഭ്യാസ കാര്യത്തില്‍ മലബാര്‍ ഇന്നും തിരു-കൊച്ചിയെ അപേക്ഷിച്ച് പുറകിലാണെങ്കിലും അന്തരം കുറഞ്ഞുവരുന്നു. ആരോഗ്യനിലയുടെ കാര്യത്തിലും പഠനങ്ങള്‍ ഇതേ പ്രതിഭാസം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ജില്ലകള്‍ തമ്മിലുളള അന്തരം അറുപതുകള്‍ക്കുശേഷം കുറഞ്ഞുവന്നുവെന്ന് ജോര്‍ജ് മാത്യുവിന്റെ എം ഫില്‍ പ്രബന്ധം തെളിയിച്ചിട്ടുണ്ട്. ഇതുതന്നെയാണ് ഒട്ടെല്ലാ സാമ്പത്തിക സൂചകങ്ങളും കാണിക്കുന്നത്. ഈ ലളിതമായ കാര്യം പോലും തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ഡോ. ജോസ് സെബാസ്റ്റ്യന്‍ എങ്ങനെ വളച്ചൊടിച്ചുവെന്ന് നോക്കുക.
മലബാര്‍മേഖലയില്‍ സ്ഥിതി നേരേ മറിച്ചായിരുന്നു. രാഷ്ട്രീയ ഏറ്റുമുട്ടലുകളുമൊക്കെയായി അവിടെ അന്തരീക്ഷം എപ്പോഴും കലുഷിതമായിരുന്നു. മലപ്പുറവും വയനാടും ഒഴിച്ചുള്ള ജില്ലകളിലെല്ലാംതന്നെ പാര്‍ടിഗ്രാമവ്യവസ്ഥ കൂടുതല്‍ ശക്തവും വ്യാപകവുമായിക്കൊണ്ടിരുന്നു. പൊലീസിനും കോടതിവിധികള്‍ക്കുമൊന്നും വഴങ്ങാത്ത ഈ പ്രദേശങ്ങളിലൊക്കെ സ്വകാര്യസംരംഭങ്ങള്‍ വിരളമായേ ഉയര്‍ന്നുവന്നുള്ളൂ. 
എന്തുകൊണ്ട് മലബാര്‍ തിരു-കൊച്ചിയെ അപേക്ഷിച്ച് പിന്നിലായി എന്നതിന് കാരണം തേടേണ്ടത് കൊളോണിയല്‍ കാലഘട്ടത്തില്‍ ഈ രണ്ടുപ്രദേശങ്ങളില്‍ നിലനിന്നിരുന്ന കാര്‍ഷിക ബന്ധങ്ങളുടെ വ്യത്യസ്തകളാണെന്ന് ഇഎംഎസും ഡോ. കെ. എന്‍. രാജും ഇവരെ പിന്തുടര്‍ന്ന് സിഡിഎസില്‍ ഉയര്‍ന്നുവന്ന ഏതാണ്ട് എല്ലാ പണ്ഡിതന്മാരും ഓരോരോ മേഖലകളില്‍ ആവര്‍ത്തിച്ചു തെളിയിച്ചിട്ടുളളതാണ്. മാര്‍ത്താണ്ഡവര്‍മ്മയുടെ നേതൃത്വത്തിലുളള കേന്ദ്രീകൃത രാജവാഴ്ചയുടെ ഉദയം പഴയ മാടമ്പിമാരെ ഇല്ലായ്മ ചെയ്ത് സ്വന്തം ഭൂമിയുളള കൃഷിക്കാരുടെ വര്‍ഗത്തെ സൃഷ്ടിച്ചു. സമ്പന്നകൃഷിക്കാരുടെയും ഇടത്തരക്കാരുടെയും പുതിയ സാമൂഹ്യവര്‍ഗങ്ങള്‍ ഉയര്‍ന്നു വന്നു. ഇവരാണ് തിരു-കൊച്ചി പ്രദേശത്തെ സാമുദായിക സാമൂഹ്യ സംഘടനകളുടെയും പരിഷ്കാരങ്ങളുടെയും പ്രേരകബലങ്ങളായത്.

അതേസമയം മലബാറിലെ ബ്രിട്ടീഷ് ഭരണം അവിടെ ജന്മിത്വത്തെ പുനഃസ്ഥാപിച്ചു. കര്‍ഷകജനസാമാന്യം പാപ്പരായി. പുതിയ സമ്പന്ന വിഭാഗങ്ങളുടെ വളര്‍ച്ച മന്ദീഭവിച്ചു. അതുകൊണ്ടാണ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഇവിടെ ദുര്‍ബലമായത്. മുപ്പതുകളുടെ അവസാനത്തോടെ ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനവും മലബാറില്‍ ശക്തിപ്പെട്ടതോടെയാണ് ഇതിലൊരു മാറ്റം വരാന്‍ തുടങ്ങിയത്.

എന്നാല്‍ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥയ്ക്ക് ജോസ് സെബാസ്റ്റ്യന്‍ നല്‍കുന്ന വിശദീകരണം വായിക്കൂ.
 മതസാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ തിരു-കൊച്ചിയിലുണ്ടായ മുന്നേറ്റം മലബാറില്‍ സംഭവിച്ചില്ല. ഇതിനുള്ള ഒരു കാരണം ഇതിനകം മലബാറില്‍ ശക്തിപ്രാപിച്ച ഇടതുപക്ഷരാഷ്ട്രീയം സാമുദായികമായി സംഘടിക്കുന്നതിനെ ഫലപ്രദമായി പ്രതിരോധിച്ചതായിരിക്കണം. മറ്റൊന്ന് പാര്‍ടിഗ്രാമവ്യവസ്ഥയും അത് വളര്‍ത്തിയെടുത്ത മൂല്യങ്ങളും മനോഭാവങ്ങളുമാണ്. 
എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ ജന്മിത്വം പുനഃസ്ഥാപിച്ച്, മലബാറിലെ മദ്രസകളെയും കുടിപ്പളളിക്കൂടങ്ങളെയും തകര്‍ത്ത്, മലബാറിലെ വിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തിയതെന്ന് തെളിയിക്കുന്ന പ്രൊഫസര്‍ കാതലീന്‍ ഗൗ മുതല്‍ ഡോ. മൈക്കിള്‍ തരകന്‍ വരെയുള്ളവരുടെ പ്രബന്ധങ്ങളുണ്ട്.

മലബാറില്‍ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം ഇങ്ങനെ തകര്‍ന്നപ്പോള്‍ തിരു-കൊച്ചിയിലെ പുതിയ സമ്പന്നവര്‍ഗങ്ങള്‍ കുടിപ്പളളിക്കൂടങ്ങള്‍ക്കും മറ്റും പുതിയൊരുത്തേജനം നല്‍കി. തങ്ങളുടെ സാമ്പത്തികനിലയ്ക്ക് അനുസൃതമായ സാമൂഹ്യപദവി നേടുന്നതിനു വേണ്ടിയുളള ഒരു കോണിയായി അവര്‍ണര്‍ വിദ്യാഭ്യാസത്തെ കണ്ടു. ഇത് വിദ്യാഭ്യാസ വികസനത്തിനായുളള ഒരു കിടമത്സരം സൃഷ്ടിച്ചു. ഈ സമ്മര്‍ദ്ദമാണ്, തിരുവിതാംകൂറിലെ വിദ്യാഭ്യാസ നയപ്രഖ്യാപനങ്ങള്‍ മലബാറിനെ അപേക്ഷിച്ച് പ്രാവര്‍ത്തികമായതിന് കാരണം. മിഷണറി സ്ക്കൂളുകള്‍ മാതൃകകളുമായി. ഈ സങ്കീര്‍ണതകള്‍ അനാവരണം ചെയ്യുന്നതിനു പകരം പിന്നോക്കാവസ്ഥയ്ക്കു കാരണം മലബാറിലെ പാര്‍ടിഗ്രാമവ്യവസ്ഥയാണെന്നു സിദ്ധാന്തിക്കുന്നവരോട് എന്തുതരം സംവാദമാണ് സാധ്യമാവുക?

മലബാറിലെ വായനശാലാ പ്രസ്ഥാനവും അധ്യാപക പ്രസ്ഥാനവുമെല്ലാം മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ തുടക്കം കുറിച്ചത് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുളള മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡും 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമാണ്. ഭൂപരിഷ്കരണത്തെ തുടര്‍ന്നുളള ദശകങ്ങളിലാണ് മലബാറിലെ വിദ്യാഭ്യാസ ആരോഗ്യനില തിരു-കൊച്ചിയോട് ഒപ്പമെത്താന്‍ തുടങ്ങിയത്. ഈ ചരിത്രം അറിയാത്തവരാരുണ്ട്? എന്നാല്‍ ഭപാര്‍ടി ഗ്രാമവ്യവസ്ഥ എന്ന പ്രയോഗം കുത്തിച്ചെലുത്തിയാല്‍ എന്തു വഷളത്തവും പ്രസിദ്ധീകരിക്കാമെന്നൊരു സൗകര്യമുണ്ട്.

എന്തുകൊണ്ട് വ്യവസായ സംരംഭകര്‍ ഉണ്ടായില്ല? 

മലബാറിന്റെ പിന്നോക്കാവസ്ഥയ്ക്കു മാത്രമല്ല, കേരളത്തിന്റെ പൊതു പിന്നോക്കാവസ്ഥയ്ക്കും കാരണമായി ഡോ. ജോസ് സെബാസ്റ്റ്യന്‍ കാണുന്നത് ഊര്‍ജസ്വലമായ സംരംഭകത്വത്തിന്റെ അഭാവമാണ്.

വേണ്ടത്ര സംരംഭകര്‍ കേരളത്തില്‍ മുന്നോട്ടു വരാത്തതിനു അദ്ദേഹം കണ്ടെത്തുന്ന കാരണങ്ങള്‍ ഇതാ: &ഹറൂൗീ;
ഇതൊക്കെയാണെങ്കിലും മലയാളിയുടെ സംരംഭകത്വത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്തത് തൊള്ളായിരത്തിനാല്പതുകള്‍ മുതല്‍ എണ്‍പതുകളുടെ മധ്യംവരെ അരങ്ങേറിയ തൊഴില്‍സമരങ്ങളും ഘെരാവോ പോലുള്ള സമരതന്ത്രങ്ങളുമാണ്. അനേകം വ്യവസായങ്ങള്‍ പൂട്ടിപ്പോവുകയോ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയോ മാത്രമല്ല ഉണ്ടായത്, ജനമധ്യത്തില്‍ സംരംഭകന്റെ പ്രതിച്ഛായ വികൃതമാക്കപ്പെടുകയായിരുന്നു. തൊഴിലാളികളുടെ മിച്ചമൂല്യം കവര്‍ന്നെടുക്കുന്ന മൂരാച്ചിയെന്ന നിലയില്‍ സംരംഭകന്‍ എതിര്‍ക്കപ്പെടേണ്ടവനും തകര്‍ക്കപ്പെടേണ്ടവനുമായി, സംരംഭകത്വം നിരുത്സാഹപ്പെടുത്തേണ്ട ഒരു മൂല്യവും. ഫലം മലയാളികളുടെ മൂന്നുതലമുറയെങ്കിലും തൊഴിലിനുവേണ്ടി ലോകമെങ്ങും അലയുന്ന തൊഴില്‍തെണ്ടികളായി മാറി.
      തൊളളായിരത്തി നാല്‍പതുകള്‍ എന്നു പറഞ്ഞാല്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ രൂപം കൊളളാന്‍ തുടങ്ങിയ കാലമാണ്. അന്നത്തെ കേരളത്തിലെ ദളിതരുടെയും കൈവേലക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും എന്തിന് കൃഷിക്കാരുടെ പോലും അവസ്ഥയെന്തായിരുന്നുവെന്ന് ഡോക്ടര്‍ക്ക് അറിയാമോ? അടിമകള്‍ ഒന്നു തലയുയര്‍ത്തിയത് സംരംഭകത്വത്തെ തകര്‍ത്തുവത്രേ. നാല്‍പതുകള്‍ പോകട്ടെ, അമ്പതുകളിലെയും അറുപതുകളിലെയും സ്ഥിതി എന്തായിരുന്നു? ഞാന്‍ വളരെ വിശദമായി പഠിച്ച മേഖലയാണ് കയര്‍ വ്യവസായം. അവിടുത്തെ തൊഴിലാളികളുടെ അമ്പതുകളിലെ സ്ഥിതിയെക്കുറിച്ച് മിനിമം വേജസ് റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യം മാത്രം ഉദ്ധരിക്കട്ടെ.
"സാധാരണഗതിയില്‍ തൊഴിലാളികള്‍ കാലത്ത് കുറച്ച് കട്ടന്‍ചായയും കുടിച്ച് ജോലിസ്ഥലത്ത് പോകുന്നു. ഉച്ചയ്ക്ക് അവര്‍ കപ്പയും എള്ളിന്‍പിണ്ണാക്കുംകൊണ്ട് പശിയടക്കുന്നു. രാത്രി വീട്ടില്‍ വന്നാല്‍ കഞ്ഞിവെള്ളവും കുറച്ച് വറ്റും കഴിച്ച് തൃപ്തിയടയുന്നു. കീറിപ്പറിഞ്ഞ പഴന്തുണികളാണ് അവര്‍ ധരിച്ചിരുന്നത്.... 16-20 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ പോഷകാഹാരങ്ങള്‍ ഇല്ലാതെ വളര്‍ച്ച മുരടിച്ച് പേക്കോലങ്ങളായി മാറിയിരുന്നു. കഠിനാധ്വാനവും പട്ടിണിയുംമൂലം 25നും 30നും ഇടയ്ക്കുള്ള സ്ത്രീകള്‍ക്ക് 40നും 50നും ഇടയ്ക്ക് പ്രായം തോന്നിച്ചിരുന്നു..... പൊതുവെ മൂന്നോ നാലോ മണിക്ക് വെളുപ്പിന് പണിതുടങ്ങുന്നു. ഉച്ചയ്ക്കല്‍പ്പം വിശ്രമം കഴിഞ്ഞാല്‍ വൈകുന്നേരം അഞ്ചരയ്ക്കോ ആറുമണിക്കോ ആണ് പണി അവസാനിപ്പിക്കുക.... ഈ അധ്വാനത്തിന് അവര്‍ക്ക് ലഭിച്ചിരുന്ന വരുമാനം ഒരു രൂപ അല്ലെങ്കില്‍ ഒന്നേകാല്‍ രൂപ മാത്രമായിരുന്നു.....""
      ഈ പട്ടിണിപ്പാവങ്ങള്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ശ്രമിച്ചതാണോ കേരളത്തിലെ സംരംഭകത്വത്തെ തകര്‍ത്തത്? കേരളത്തിലെ സംരംഭകത്വത്തെക്കുറിച്ച് അധികം പഠനങ്ങളില്ല. ലഭ്യമായൊരെണ്ണം ഡോ. മൈക്കിള്‍ തരകനും ഞാനും ചേര്‍ന്ന് എണ്‍പതുകളില്‍ പ്രസിദ്ധീകരിച്ചതാണ്. കേരളത്തിന്റെ വ്യവസായ പിന്നോക്കാവസ്ഥയുടെ ചരിത്രപരമായ വേരുകള്‍ തേടാന്‍ ശ്രമിക്കുകയായിരുന്നു ഞങ്ങള്‍. ഒരു പ്രധാനപ്പെട്ട കാരണം ഇന്ത്യയിലെ മറ്റുപല പ്രദേശങ്ങളിലെയുംപോലെ ഉല്‍ക്കര്‍ഷേച്ഛുക്കളായ ഒരു വ്യവസായ സംരംഭകവര്‍ഗം കേരളത്തിലുണ്ടായിരുന്നില്ല എന്നതാണ്. ചെട്ടിയാര്‍മാര്‍, ബനിയന്മാര്‍, പാഴ്സികള്‍ എന്നിവരെപ്പോലെ കച്ചവടത്തിനുളള പരമ്പരാഗത ജാതി കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഈ ധര്‍മ്മം നിര്‍വഹിച്ചിരുന്ന സുറിയാനി ക്രിസ്ത്യാനിമാര്‍ക്കും മാപ്പിളമാര്‍ക്കും വലിയൊരു തിരിച്ചടിയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ കൊണ്ടുവന്ന വ്യാപാരക്കുത്തകയും അതുപോലെ തന്നെ മലബാറിലെ പോര്‍ത്തുഗീസ്, ഡച്ച് കുത്തകയും. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്വതന്ത്രവ്യാപാരത്തിന്റെ ഘട്ടത്തിലേക്കു കടന്നതോടെ പീയേഴ്സ് ലെസ്ലി, വില്യം ഗുഡേക്കര്‍, ഡാരാ സ്മെയില്‍, ആസ്പിന്‍വാള്‍ തുടങ്ങി ഒരു ഡസനോളം വരുന്ന പാശ്ചാത്യ തീരദേശ കമ്പനികളുടെ നിയന്ത്രണത്തിലായി കേരളത്തിലെ വിദേശ വ്യാപാരം മുഴുവന്‍. കേരളത്തിലെ സംരംഭകത്വം വാണിജ്യകൃഷിയിലും ദല്ലാള്‍ പണികളിലും പരിമിതപ്പെടേണ്ടി വന്നു.

സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ കേരളത്തിലെ സംരംഭകര്‍ വിദേശ മുതലാളിമാര്‍ അരങ്ങൊഴിഞ്ഞ പ്ലാന്റേഷന്‍ മേഖലകളിലേയ്ക്കും വിദേശ വാണിജ്യത്തിലേയ്ക്കും ചേക്കേറുകയാണ് ചെയ്തത്. ഗുജറാത്തിലെയും മറ്റും പോലെ ദീര്‍ഘകാല നിക്ഷേപം അനിവാര്യമായ വ്യവസായ മേഖലയിയോട് അവര്‍ പുറം തിരിഞ്ഞു നിന്നുവെന്ന് ഡോ. കെ. എന്‍. രാജിനെപ്പോലുളളവര്‍ പോലും നിരീക്ഷിച്ചിട്ടുണ്ട്. ഈ ചരിത്രപരമായ പശ്ചാത്തലമാണ്, അല്ലാതെ നാല്‍പതുകളിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനമല്ല, കേരളത്തിലെ സംരംഭകത്വത്തിന് തടസം നിന്നത്. ട്രേഡ് യൂണിയനുകളും വ്യവസായ വികസനവും വ്യാവസായികമായി മുന്നോക്കം നില്‍ക്കുന്ന ഏതു രാജ്യത്താണ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വളര്‍ന്നു വരാതിരുന്നിട്ടുളളത്? ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ഏറ്റവും ശക്തമായിരുന്നത് ബ്രിട്ടണിലായിരുന്നു. പക്ഷേ അതൊന്നും ബ്രിട്ടന്‍ ലോകത്തിന്റെ പണിശാലയായി മാറുന്നതിന് തടസം നിന്നില്ല. മുതലാളിയും തൊഴിലാളിയുമുണ്ടെങ്കില്‍ തര്‍ക്കം അനിവാര്യമാണ്. ട്രേഡ് യൂണിയനുകളുമുണ്ടാകും. സംരംഭകര്‍ എന്നു പറയുന്നവര്‍ ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പുകളെയും മറ്റും സാങ്കേതികവിദ്യയും ഉചിതമായ മാനേജീരിയല്‍ നടപടികളും സ്വീകരിച്ച് മറികടക്കുകയാണ് പതിവ്. ഇതുചെയ്യാന്‍ കേരളത്തിലെ സംരംഭകര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അതിന്റെ പാപഭാരം മുഴുവന്‍ തൊഴിലാളികളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കേണ്ടതില്ല.

      സംരംഭകവര്‍ഗത്തിന്റെ സ്വഭാവവും പശ്ചാത്തലവും തന്നെയാണ് പ്രഥമമായി പരിഗണിക്കേണ്ടത്. എന്നാല്‍ നമ്മുടെ ഡോക്ടറെ സംബന്ധിച്ചിടത്തോളം സംരംഭകത്വത്തിന്റെ അടിസ്ഥാന പ്രശ്നം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയമാണ്. സുറിയാനി ക്രിസ്ത്യാനികളുടെയും മാപ്പിളമാരുടെയും ഇടയില്‍ നിന്നാണ് വര്‍ത്തക പ്രമാണികള്‍ പണ്ടുമുതലേ ഉണ്ടായിരുന്നത് എന്നതില്‍ നിന്നു തുടങ്ങുന്ന ചരിത്രത്തെയാകെ വിസ്മരിച്ചുകൊണ്ട് ഇദ്ദേഹം എത്തിച്ചേരുന്ന നിഗമനം. വായിക്കൂ. തലമുറകളായി നിലനിന്ന ജാതിവ്യവസ്ഥ, മരുമക്കത്തായ ദായക്രമം, കൂട്ടുകുടുംബവ്യവസ്ഥ തുടങ്ങിയവ പൊതുവേ സംരംഭകത്വവിരുദ്ധമായ മൂല്യങ്ങളും മനോഭാവങ്ങളുമാണ് ഊട്ടിയുറപ്പിച്ചത്. വ്യക്തിപരമായ മുന്‍കൈയ്ക്കും തനിക്കുതാന്‍പോരിമയ്ക്കും പകരം ഇവ പ്രോത്സാഹിപ്പിച്ചത് സംഘബോധവും ആശ്രിത മനോഭാവവുമാണ്. ഈ സമ്പ്രദായങ്ങളില്‍നിന്ന് ഏറെക്കുറേ വിമുക്തമായ ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങളുടെ ഇടയില്‍ ഇടതുപക്ഷാശയങ്ങള്‍ കാര്യമായി വേരോടിയില്ല എന്നതും പില്‍ക്കാലത്ത് സംരംഭകത്വത്തിന്റെ കാര്യത്തില്‍ ഇക്കൂട്ടര്‍ താരതമ്യേന മുന്നിലായി എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്;.

     പരമ്പരാഗത സാമൂഹ്യവ്യവസ്ഥയുടെ സ്ഥാപനങ്ങളും ചിട്ടകളും സംരംഭകത്വത്തിന് തടസ്സമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ഇവയില്‍ നിന്ന് താരതമ്യേന സ്വതന്ത്രമായതു കൊണ്ടാണ് സുറിയാനി ക്രിസ്ത്യാനികള്‍ക്കും മാപ്പിളമാര്‍ക്കും ഇടയില്‍ നിന്ന് സംരംഭകര്‍ കൂടുതല്‍ ഉണ്ടായത് എന്നതിനും സംശയമില്ല. എന്നാല്‍ ഇതുകൊണ്ട് വാദമവസാനിപ്പിക്കാന്‍ ജോസ് സെബാസ്റ്റ്യന്‍ തയ്യാറല്ല. ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണത്രേ, ഈ സമുദായങ്ങളില്‍ ഇടതുപക്ഷത്തിന് സ്വാധീനമില്ലാതിരുന്നത്. അപ്പോള്‍പ്പിന്നെ വികസനത്തിന് അത്യന്താപേക്ഷിതമായ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ എന്തുവേണം എന്നുളളതു വ്യക്തമാണല്ലോ.
   
  അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍, കേരളത്തിന്റെ പിന്നോക്കാവസ്ഥയ്ക്കു കാരണം കമ്യൂണിസ്റ്റ് പാര്‍ടിയാണ്; മലബാര്‍ കൂടുതല്‍ പിന്നോക്കം നില്‍ക്കാന്‍ കാരണം അവിടെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് കൂടുതല്‍ സ്വാധീനമുളളതു കൊണ്ടാണ്; ക്രിസ്ത്യന്‍ - മുസ്ലിം സമുദായങ്ങളില്‍ സംരംഭകര്‍ കൂടുതല്‍ ഉണ്ടാകാന്‍ കാരണം അവരില്‍ കമ്യൂണിസ്റ്റ് സ്വാധീനം കുറവായതിനാലാണ്.. ഇങ്ങനെ ഏത് പണ്ഡിത സദസും ചിരിച്ചു തളളുന്ന വാദങ്ങള്‍ ഒരു പ്രമുഖപത്രത്തില്‍ മൂന്നുലക്കങ്ങളിലായി പ്രസിദ്ധീകരിക്കാനുളള അന്തരീക്ഷം ചന്ദ്രശേഖരന്‍ വധം സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനം സംബന്ധിച്ചുളള വിപുലമായ സാഹിത്യത്തെക്കുറിച്ച് എന്തെങ്കിലും ധാരണയുളള ഒരാള്‍ക്ക് മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ നടത്താനാവുമോ? (തുടരും)

Tuesday, August 21, 2012

പങ്കാളിത്ത പെന്‍ഷനും പെന്‍ഷന്‍ ഫണ്ടും


Published on  21 Aug 2012 Mathrubhumi
ഇന്ന് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. പദ്ധതിക്ക് അനുകൂലവും പ്രതികൂലവുമായവാദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പുതിയ നിര്‍ദേശത്തോട് കടുത്ത എതിര്‍പ്പുമൂലം പങ്കാളിത്ത പെന്‍ഷനെ ന്യായീകരിച്ച് മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യദിന സന്ദേശമെഴുതേണ്ടിവന്നു. 'മാതൃഭൂമി'യടക്കം ഏതാണ്ട് എല്ലാ ദിനപ്പത്രങ്ങളും ആ ലേഖനം പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ എന്റെ നേര്‍ക്ക് വഴിതിരിച്ചുവിടാനാണ് ഉമ്മന്‍ചാണ്ടി ആ ലേഖനത്തില്‍ ശ്രമിക്കുന്നത്. ആ ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു:

''കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ഫണ്ട് രൂപവത്കരിക്കുമെന്ന് 2010-'11-ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം.''

ഇത് വാസ്തവവിരുദ്ധമാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും ഇടതുമുന്നണി സര്‍ക്കാറിന്റെ 2010-11-ലെ ബജറ്റ് നിര്‍ദേശവും തമ്മില്‍ ഒരു ബന്ധവുമില്ല. ഈ വാദം നിയമസഭാ സമ്മേളനകാലത്ത് നിയമസഭയില്‍ പൊളിഞ്ഞതാണ്. ജൂലായ് 24-ലെ ഉപധനാര്‍ഭ്യര്‍ഥന ചര്‍ച്ചയില്‍ ഞാന്‍ തന്നെയാണ് ഈ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിച്ചത്. വസ്തുതകള്‍ നിരത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ മുഖ്യമന്ത്രിക്കോ ധനമന്ത്രിക്കോ മറുപടിയുണ്ടായിരുന്നില്ല. ജൂലായ് 25-ന് 'മാതൃഭൂമി'യടക്കമുള്ള പത്രങ്ങളിലെ നിയമസഭാവലോകനം വായിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.

എന്തായിരുന്നു 2010-'11-ലെ ബജറ്റ് നിര്‍ദേശം? ആ നിര്‍ദേശത്തിന്റെ സാഹചര്യം എന്തായിരുന്നു? സര്‍വകലാശാലകള്‍ക്ക്, പ്രത്യേകിച്ച് കാര്‍ഷിക സര്‍വകലാശാലയ്ക്ക് വന്‍തോതില്‍ പെന്‍ഷന്‍ കുടിശ്ശിക വന്നിരുന്നു. 2009-'10 സാമ്പത്തികവര്‍ഷം 30 കോടി രൂപ സര്‍ക്കാര്‍ നല്‍കിയാണ് കാര്‍ഷിക സര്‍വകലാശാലയിലെ പെന്‍ഷന്‍ ബാധ്യത തീര്‍ത്തത്. പ്രതിവര്‍ഷം കിട്ടുന്ന സര്‍ക്കാര്‍ ഗ്രാന്റ് അതതുവര്‍ഷം ചെലവഴിച്ചുതീര്‍ത്താല്‍ ഭാവിയില്‍ ബുദ്ധിമുട്ടും. അതിനാല്‍ ഗ്രാന്റില്‍ നിന്ന് ശമ്പളച്ചെലവിന്റെ പത്തുശതമാനം വരുന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവെക്കണമെന്ന് 2010-'11-ലെ ബജറ്റില്‍ നിര്‍ദേശിച്ചു. തുടക്കത്തില്‍ സര്‍ക്കാറിന്റെ സംഭാവനയായി 100 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു.

സര്‍വകലാശാലാ പെന്‍ഷന്‍ ഫണ്ട് പങ്കാളിത്ത പെന്‍ഷന്‍ മാതൃകയല്ല. ജീവനക്കാരുടെ ശമ്പളക്കാശില്‍ നിന്ന് ഒരു രൂപ പോലും ആ പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവെക്കുന്നില്ല. നിലവിലുള്ള പെന്‍ഷന്‍ സ്‌കീമിന് ഒരു മാറ്റവും ഉണ്ടാവുകയുമില്ല. കാലാകാലങ്ങളില്‍ ശമ്പളക്കമ്മീഷനുകള്‍ തീരുമാനിക്കുന്ന പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കു ലഭിക്കുകയും ചെയ്യും. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ രണ്ടുവര്‍ഷമായി ഇത്തരത്തില്‍ പെന്‍ഷനുവേണ്ടി പണം നീക്കിവെക്കുന്നുണ്ട് എന്നാണ് ഞാനറിഞ്ഞത്.

സംസ്ഥാനത്ത് മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നതും ഇങ്ങനെയാണ്. അവര്‍ക്ക് പ്രത്യേകം പെന്‍ഷന്‍ ഫണ്ട് ഉണ്ട്. മുനിസിപ്പാലിറ്റികളും സര്‍ക്കാറുമാണ് ആ ഫണ്ടിലേക്ക് വിഹിതം നല്‍കുന്നത്. ഗ്രാന്റില്‍ നിന്ന് പെന്‍ഷന്‍ ഫണ്ടിലേക്ക് മുനിസിപ്പാലിറ്റികള്‍ ഒരു തുക നീക്കിവെക്കുന്നു. ബാക്കിത്തുക സര്‍ക്കാര്‍ വഹിക്കുന്നു. തങ്ങളുടെ ശമ്പളത്തില്‍ നിന്ന് മുനിസിപ്പല്‍ ജീവനക്കാര്‍ ഈ ഫണ്ടിലേക്ക് വിഹിതമൊന്നും നല്‍കുന്നില്ല. ഈ മാതൃകയില്‍ ഒരു പെന്‍ഷന്‍ ഫണ്ട് സര്‍വകലാശാലകള്‍ക്കും ഏര്‍പ്പെടുത്തണമെന്നായിരുന്നു എന്റെ ബജറ്റ് നിര്‍ദേശം. നിയമസഭയിലെ ചര്‍ച്ചാവേളയില്‍ മുനിസിപ്പല്‍ പെന്‍ഷന്‍ ഫണ്ട് പങ്കാളിത്ത പെന്‍ഷനാണോ എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു മന്ത്രി മഞ്ഞളാംകുഴി അലിയുടെ മറുപടി.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ എങ്ങനെയാണ് എന്റെ ബജറ്റിലെ പെന്‍ഷന്‍ ഫണ്ടുമായി താരതമ്യപ്പെടുത്തുക? പങ്കാളിത്ത പെ ന്‍ഷന്‍ പദ്ധതിയനുസരിച്ച് ജീവനക്കാരന്‍ തന്റെ ശമ്പളത്തില്‍ നിന്ന് ഒരു തുക പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടിനു നല്‍കണം. തുല്യവിഹിതം സര്‍ക്കാറും അടയ്ക്കും. ഫണ്ട് മാനേജര്‍മാര്‍ പെന്‍ഷന്‍ ഫണ്ട് ഷെയറുകളിലോ ഡെപ്പോസിറ്റായോ നിക്ഷേപിക്കും. അങ്ങനെ കിട്ടുന്ന വരുമാനത്തിന്റെ അനുപാതത്തിലായിരിക്കും ഭാവിയില്‍ പെന്‍ഷന്‍ നല്‍കുക. ശമ്പളക്കമ്മീഷന്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല.

വിരമിക്കുമ്പോള്‍ തനിക്കെന്ത് പെന്‍ഷന്‍ ലഭിക്കുമെന്ന് ഇപ്പോള്‍ ജീവനക്കാരന് കണക്കുകൂട്ടാനാവും. കാലാകാലങ്ങളിലെ ശമ്പളക്കമ്മീഷനുകള്‍ പെന്‍ഷന്‍തുക വര്‍ധിപ്പിക്കുമെന്ന ഉറപ്പുമുണ്ട്. എന്നാല്‍, പങ്കാളിത്ത പെന്‍ഷന്‍ വരുന്നതോടെ ഇതാകെ മാറും. പെന്‍ഷന്‍ ചിലപ്പോള്‍ കൂടും. ചിലപ്പോള്‍ കുറയും. ബാങ്കോ ഓഹരി വിപണിയോ തകര്‍ന്നാല്‍ പെന്‍ഷന്റെ കഥയും കഴിയും.

ഏറ്റവും പ്രാഥമികമായ കണക്കുവെച്ചു പരിശോധിച്ചാലും ഇന്ന് പെന്‍ഷന്‍കാര്‍ക്കു കിട്ടുന്നതിന്റെ പകുതി ആനുകൂല്യം പോലും പങ്കാളിത്ത പെന്‍ഷന്‍ വഴി ജീവനക്കാര്‍ക്ക് ലഭിക്കുകയില്ല. ഇന്ന് 20,000 രൂപ അടിസ്ഥാനശമ്പളം കിട്ടി റിട്ടയര്‍ ചെയ്യുമ്പോള്‍ 10,000 രൂപ വെച്ച് പെന്‍ഷന്‍ ലഭിക്കും. മാത്രമല്ല, വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ തത്ത്വപ്രകാരം കാലാകാലങ്ങളില്‍ ശമ്പളം ഉയരുമ്പോള്‍ പെന്‍ഷനും ഉയരും. ഇതിനു പുറമേയാണ് ശമ്പളപരിഷ്‌കരണ കമ്മീഷനുകള്‍ വര്‍ധിപ്പിച്ചു നല്‍കുന്ന ആനുകൂല്യങ്ങള്‍.

20,000 രൂപ അടിസ്ഥാന ശമ്പളത്തില്‍ വിരമിക്കുന്നയാളിന് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം എന്തു തുക പെന്‍ഷന്‍ ലഭിക്കും? അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം വീതം പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കുന്ന തുകയുടെയും സര്‍ക്കാറിന്റെ തുല്യവിഹിതത്തിന്റെയും എട്ടു ശതമാനം പലിശയും അടക്കം പ്രതിമാസം എത്ര രൂപ പെന്‍ഷന്‍ ലഭിക്കുമെന്ന് കണക്കുകൂട്ടാവുന്നതേയുള്ളൂ. എത്ര ഭീകരമായ വെട്ടിക്കുറവാണ് ഉണ്ടാകുന്നതെന്ന് അപ്പോള്‍ ബോധ്യമാകും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുക എന്നു പറഞ്ഞാല്‍ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുക എന്നു തന്നെയാണ് അര്‍ഥം.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവിലുള്ള ജീവനക്കാരെ ബാധിക്കില്ല; സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായി ചേരുന്നവര്‍ക്കുമാത്രമാണ് പദ്ധതി ബാധകമാവുക എന്നൊക്കെയാണ് മുഖ്യമന്ത്രി വാദിക്കുന്നത്. ഈ വാദങ്ങള്‍ ഒരുകാര്യം തെളിയിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ വരുന്നതോടെ പുതിയ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം കുറയുമെന്ന് അദ്ദേഹവും സമ്മതിക്കുന്നു.

പുതിയ പദ്ധതി വന്നാല്‍ ശമ്പളപരിഷ്‌കരണ കമ്മീഷനുകളുടെ പെന്‍ഷന്‍ തീര്‍പ്പുകളൊന്നും പുതിയ ജീവനക്കാര്‍ക്ക് ബാധകമാവുകയില്ല. ഇന്നത്തേതുപോലെ കാലാകാലങ്ങളില്‍ പെന്‍ഷന്‍ വര്‍ധിക്കുകയുമില്ല. അപ്പോള്‍ സ്വാഭാവികമായും വേറൊരു ചോദ്യവും ഉയരും. ഭാവിയില്‍ ശമ്പളപരിഷ്‌കരണ കമ്മീഷനുകള്‍ക്ക് നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കാരത്തോട് എന്താവും സമീപനം? കുറച്ചുപേരുടെ പെന്‍ഷന്‍ ഒരു വര്‍ധനയുമില്ലാതെ നില്‍ക്കുമ്പോള്‍ മറ്റുള്ളവരുടെ പെന്‍ഷന്‍ ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഉയര്‍ത്തുമോ? ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നിശ്ചയിക്കുന്ന പെന്‍ഷന്‍ വര്‍ധന കിട്ടുന്നവരും കിട്ടാത്തവരും എന്ന വേര്‍തിരിവ് സര്‍വീസില്‍ നിലവില്‍ വരുമോ? ഒരു സംശയവും വേണ്ട, കുറേക്കഴിയുമ്പോള്‍ നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിനു പുറത്താകും.

ഇന്ന് പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുന്നവര്‍ നാളെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും അവരുടെ ശമ്പളത്തിലുമൊക്കെ കൈവെക്കും. പെന്‍ഷന്‍ഭാരം താങ്ങാനാവില്ല എന്ന് വാദിക്കുന്നവര്‍ ശമ്പളച്ചെലവും താങ്ങാനാവില്ല എന്നു നാളെ സിദ്ധാന്തിക്കും. പുതുതായി നിയമനം ലഭിക്കുന്നവര്‍ക്ക് പ്രൊബേഷന്‍ കാലത്ത് അടിസ്ഥാന ശമ്പളമേ നല്‍കൂ എന്ന് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചത് ഓര്‍ക്കുക. ആ കാലം തിരികെക്കൊണ്ടുവരാന്‍ 2010-'11-ലെ ബജറ്റിലെ പെന്‍ഷന്‍ ഫണ്ട് പ്രഖ്യാപനത്തെ മറയാക്കേണ്ട.

Monday, August 6, 2012

ഒളിമ്പിക്‌സ് - സാമ്പത്തികശാസ്ത്രവും ഇന്ത്യയുടെ ഊഴവും

(Mathrubhumi ധനവിചാരം Published on  07 Aug)

''രാജ്യങ്ങള്‍ തമ്മിലുള്ള മത്സരമല്ല ഒളിമ്പിക്‌സ്. കായികതാരങ്ങള്‍ തമ്മിലോ അവരുടെ ടീമുകള്‍ തമ്മിലോ ഉള്ള മത്സരമാണ്'' - ഇതാണ് ഒളിമ്പിക്‌സ് ചാര്‍ട്ടര്‍. എങ്കിലും രാജ്യങ്ങളുടെ മെഡല്‍ നിലയെ സംബന്ധിച്ചുള്ള ആകാംക്ഷയും പ്രതീക്ഷയുമാണ് എങ്ങും. ആരാണ് മുന്നില്‍? അമേരിക്കയോ? ചൈനയോ? ഇന്ത്യയ്ക്ക് എത്ര മെഡല്‍? തുടങ്ങിയ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഒളിമ്പിക്‌സ് പ്രേമികളുടെ ചര്‍ച്ച കൊഴുപ്പിക്കുന്നത്.

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ശാസ്ത്രീയമായി പ്രവചിക്കുന്ന രണ്ടുകൂട്ടരുണ്ട്. സ്‌പോര്‍ട്‌സ് വിദഗ്ധരും സ്‌പോര്‍ട്‌സുമായി ഒരു ബന്ധവുമില്ലാത്ത സാമ്പത്തിക വിദ്വാന്മാരും. ഓരോ രാജ്യവും മത്സരിക്കുന്ന ഇനങ്ങള്‍, കായികതാരങ്ങളുടെ നിലവാരം, അവരുടെ പ്രകടനം എന്നിവയുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്ത് ഓരോ രാജ്യത്തിനും ലഭിക്കാവുന്ന മെഡലുകള്‍ സ്‌പോര്‍ട്‌സ് വിദഗ്ധര്‍ പ്രവചിക്കുന്നു.

സ്‌പോര്‍ട്‌സുമായി യാതൊരു ബന്ധവുമില്ലാത്ത സാമ്പത്തിക വിദ്വാന്മാര്‍ക്ക് ഓരോ രാജ്യവും മത്സരിക്കുന്ന ഇനങ്ങളെയോ കായികതാരങ്ങളെയോ കുറിച്ച് ഒന്നും അറിയേണ്ടതില്ല. ഓരോ രാജ്യത്തിന്റെയും സാമ്പത്തികനിലയെയും സാമൂഹിക രാഷ്ട്രീയ സ്ഥിതികളെയും കുറിച്ചുള്ള വസ്തുതകളാണ് അവര്‍ക്ക് വേണ്ടത്. ഒളിമ്പിക്‌സ് സംബന്ധിച്ച് അവര്‍ക്കുവേണ്ടത് മെഡല്‍ സ്റ്റാറ്റിസ്റ്റിക്‌സ് മാത്രം. അത് എത്ര പിറകിലേക്ക് പരിഗണിക്കുന്നുവോ, അത്രമേല്‍ അവരുടെ പ്രവചനത്തിന് കൃത്യതയുമുണ്ടാകും.

ഈ വിവരങ്ങളെ ചില സാമ്പത്തിക ഗണിതശാസ്ത്ര (ഇക്കണോമെട്രിക്‌സ്) വിദ്യകള്‍ ഉപയോഗിച്ചു വിശകലനം ചെയ്യുന്നു. വിവിധ രാജ്യങ്ങള്‍ തമ്മില്‍ മെഡലുകളുടെ എണ്ണത്തിലുള്ള വ്യത്യാസത്തെ രാജ്യത്തിന്റെ സാമ്പത്തികനിലയും സാമൂഹിക, രാഷ്ട്രീയ സ്ഥിതികളും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നു വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡല്‍ നിലയിലുള്ള വ്യത്യാസങ്ങളെ പരമാവധി വിശദീകരിക്കാന്‍ ഉതകുന്ന ഒരു ഫോര്‍മുലയ്ക്കു രൂപം നല്‍കും. ഈ ഫോര്‍മുല ഉപയോഗിച്ച് ഓരോ രാജ്യങ്ങളുടെയും ഇന്നത്തെ സാമൂഹിക സാമ്പത്തികനിലയുടെ അടിസ്ഥാനത്തില്‍ എത്ര മെഡലുകള്‍ കിട്ടുമെന്ന് പ്രവചിക്കും. ഇത്തരം അഞ്ചു പഠനങ്ങളെങ്കിലും എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

മെഡല്‍ സംബന്ധിച്ച സാമ്പത്തിക ഗണിതശാസ്ത്ര സൂത്രവാക്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം രാജ്യത്തിന്റെ സാമ്പത്തികനിലയുടെ സൂചകമായ പ്രതിശീര്‍ഷവരുമാനമാണ്. സാമ്പത്തികനില മെച്ചപ്പെടുന്നത് അനുസരിച്ച് മെഡല്‍ നിലയും ഉയരുന്നു. രണ്ടാംലോകയുദ്ധത്തിനുമുമ്പുള്ള ഒളിമ്പിക്‌സുകളില്‍ ഏതാണ്ടെല്ലാ മെഡലുകളും അന്നത്തെ സമ്പന്ന, വ്യാവസായിക രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കായിരുന്നു.

തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ മുന്നിലേക്കുവന്നു. സോവിയറ്റ് തകര്‍ച്ച തിരിച്ചടിയായെങ്കിലും റഷ്യ ഇന്നും താരതമ്യേന വേഗത്തില്‍ വളരുന്ന രാജ്യമാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക അടങ്ങുന്ന ബ്രിക്‌സ് എന്നൊരു സാമ്പത്തികചേരി രൂപം കൊണ്ടുവരുന്നു. 1996-ല്‍ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളുടെ ജി7 ഗ്രൂപ്പിന് 38 ശതമാനം മെഡലുകള്‍ ലഭിച്ചെങ്കില്‍ 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇവര്‍ക്ക് 32 ശതമാനം മെഡലുകളേ ലഭിച്ചുള്ളൂ. അതേസമയം, ബ്രിക്‌സ് രാജ്യങ്ങളുടെ മെഡല്‍ വിഹിതം 17-ല്‍ നിന്ന് 26 ശതമാനമായി ഉയര്‍ന്നു.സാമ്പത്തികനില കഴിഞ്ഞാല്‍ മെഡല്‍നിലയെ സ്വാധീനിക്കുന്ന ഘടകം ജനസംഖ്യയാണ്. ലക്ഷങ്ങളില്‍ ഒരാള്‍ക്കേ ലോകോത്തരതാരത്തിന്റെ സിദ്ധിയുണ്ടാകൂ. ജനസംഖ്യ വര്‍ധിക്കുന്തോറും ഇത്തരക്കാരെ കണ്ടെത്താനുള്ള സാധ്യത ഏറുന്നു.

സാമ്പത്തികനിലയിലും ജനസംഖ്യയിലും ഇന്ത്യയെയും ചൈനയെയും ഒരേ ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത്. രണ്ടും ബ്രിക്‌സ് രാജ്യങ്ങള്‍. പക്ഷേ, മെഡല്‍നിലയില്‍ രണ്ടുരാജ്യങ്ങളും തമ്മില്‍ അജഗജാന്തരമുണ്ട്. ഗോള്‍ഡ്മാന്‍ സാക്‌സ് എന്ന ധനകാര്യസ്ഥാപനത്തിന്റെ പ്രവചനമനുസരിച്ച് ചൈനയ്ക്ക് 98 മെഡലുകള്‍ ലഭിക്കുമ്പോള്‍ ഇന്ത്യയ്ക്ക് 6 എണ്ണമേ ലഭിക്കൂ.

എന്താണ് ഈ അന്തരത്തിനു കാരണം? മെച്ചപ്പെടുന്ന സാമ്പത്തികനില ജനങ്ങളിലെ കായികവാസനകളെ ഉത്തേജിപ്പിക്കുകയും ലോകോത്തര താരങ്ങളെ സൃഷ്ടിക്കുകയും ചെയ്യണമെങ്കില്‍ അതിനുതകുന്ന അന്തരീക്ഷം വേണം. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രതികൂലമായി വരുന്നത് ജനങ്ങളുടെ പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ മോശമായ ആരോഗ്യനിലയാണ്. ഇന്ത്യയിലെ ഭൂരിപക്ഷം കുഞ്ഞുങ്ങളുടെയും പോഷകാഹാരനില ആഫ്രിക്കയിലേതിനേക്കാള്‍ മോശമാണ്. സ്‌പോര്‍ട്‌സിനു പണം മുടക്കാന്‍ സര്‍ക്കാറുകള്‍ക്കാവട്ടെ മടിയുമാണ്. വാസനയുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ ഏറ്റവുമധികം പണം ചെലവിടുന്ന രാജ്യംചൈനയാണ്. മറ്റൊരുദാഹരണം ബ്രിട്ടനാണ്. ബ്രിട്ടന്‍ സൈക്ലിങ്ങില്‍ ഒരു ശക്തിയേ ആയിരുന്നില്ല. എന്നാല്‍ ഇത്തവണ ബ്രിട്ടന്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന ഇനമായി സൈക്ലിങ് മാറിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഏതാണ്ട് 500 കോടി രൂപയാണ് പരിശീലന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും കായികതാരങ്ങള്‍ക്കുള്ള ഗ്രാന്‍ഡിനുമായി ഈ രംഗത്ത് അവര്‍ ചെലവഴിച്ചത്. ഈ തുകയില്‍ നല്ല പങ്കും പ്രത്യേക ലോട്ടറി വഴിയാണ് സമാഹരിച്ചത്.

ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളുടെ മെഡല്‍നില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി ഉയരുക പതിവാണ്. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട പരിശീലനത്തിനും സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി ചെലവഴിക്കുന്ന ഭീമമായ തുകയാണ് ഇതിന് ഒരു കാരണം. മെഡല്‍ നിലയില്‍ ബ്രിട്ടന്‍ ഇത്തവണ നാലാമതോ അഞ്ചാമതോ ആയാല്‍ അത്ഭുതപ്പെടാനില്ല. ഏതാണ്ട് 75,000 കോടി രൂപയാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സ്‌പോര്‍ട്‌സിനുവേണ്ടി അധികമായി ബ്രിട്ടന്‍ ചെലവഴിച്ചത് (മുടക്കുമുതലിനെക്കാളേറെത്തുക ഒളിമ്പിക്‌സ് കഴിയുമ്പോള്‍ തിരിച്ചുകിട്ടുമെന്നതാണ് രസകരമായ മറ്റൊരു വസ്തുത).

ബ്രിക്‌സ് രാജ്യങ്ങളില്‍ റഷ്യ പണ്ടേ സ്‌പോര്‍ട്‌സ് രാജ്യമാണ്. 2008-ലെ ഒളിമ്പിക്‌സ് ചൈനയെ ഒന്നാം സ്ഥാനത്തേക്കുയര്‍ത്തി. ചൈനയുടെ സാമ്പത്തിക ശക്തിയുടെയും കാര്യക്ഷമതയുടെയും വിളംബരം കൂടിയായിരുന്നു ഈ ഒളിമ്പിക്‌സ്. ഇത്തരം ഒരു പദവിയിലേക്ക് ഉയരാനാണ് 2016-ലെ റിയോ ഒളിമ്പിക്‌സിലൂടെ ബ്രസീല്‍ ശ്രമിക്കുന്നത്. ഒന്നരലക്ഷം കോടി രൂപയെങ്കിലും ഇതിനായി ബ്രസീല്‍ മുതല്‍മുടക്കും. ദക്ഷിണാഫ്രിക്കയാകട്ടെ, ആഫ്രിക്കയിലെ ആദ്യത്തെ ഒളിമ്പിക്‌സിന് 2020-ല്‍ ആതിഥേയത്വം വഹിക്കാന്‍ ലക്ഷ്യമിടുകയാണ്.

അതിനുശേഷമുള്ള ഊഴമെങ്കിലും ഇന്ത്യയ്ക്കു കിട്ടുമോ? ഇന്ത്യയുടെ സാമ്പത്തിക പദവിക്കും ജനസംഖ്യയ്ക്കും അനുസൃതമായ ഒരു സ്‌പോര്‍ട്‌സ് പദവി നേടാനാവുമോ? വേണമെന്നുണ്ടെങ്കില്‍ 2024 ലക്ഷ്യമിട്ട് നാം ഇന്നേ പ്രവര്‍ത്തിച്ചു തുടങ്ങണം.

Sunday, August 5, 2012

സാമൂഹ്യശാസ്ത്രത്തിന് ഒരു പുത്തന്‍ സംഭാവന: പാര്‍ട്ടി ഗ്രാമവ്യവസ്ഥ

പ്രാകൃത കമ്മ്യൂണിസം, അടിമത്തം, ജന്മിത്തം, മുതലാളിത്തം, സോഷ്യലിസം തുടങ്ങിയ സാമൂഹ്യവ്യവസ്ഥകളെക്കുറിച്ചാണ് മാനിഫെസ്റ്റോയില്‍ മാര്‍ക്സ് വിശദീകരിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ ഏഷ്യാറ്റിക് ഉല്‍പാദന വ്യവസ്ഥയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തില്‍ രണ്ടുലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖന പരമ്പര വഴി ഡോ. ജോസ് സെബാസ്റ്റ്യന്‍ വക സാമൂഹ്യശാസ്ത്രത്തിനൊരു സംഭാവനയുണ്ട്. അദ്ദേഹം പാര്‍ട്ടി ഗ്രാമവ്യവസ്ഥ കണ്ടുപിടിച്ചിരിക്കുന്നു (മാതൃഭൂമി, ജൂലൈ, 2, 3). മലയാള മനോരമയുടെ കണ്ണൂര്‍ പരമ്പരയില്‍ പാര്‍ട്ടി ഗ്രാമങ്ങളെന്ന പ്രയോഗമേയുളളൂ. ഡോ. ജോസ് സെബാസ്റ്റ്യന്‍ എന്ന സൈദ്ധാന്തികന്‍ അതൊരു 'വ്യവസ്ഥ'യായി പ്രഖ്യാപിച്ചുകളഞ്ഞു.

എന്താണ് പാര്‍ട്ടി ഗ്രാമവ്യവസ്ഥ? ലേഖനത്തില്‍ പലവട്ടം ഈ പ്രയോഗമുണ്ടെങ്കിലും കൃത്യമായ നിര്‍വചനമില്ല. പാര്‍ട്ടിയ്ക്ക് മഹാഭൂരിപക്ഷം പിന്തുണയുളള ഗ്രാമങ്ങളാണല്ലോ പാര്‍ട്ടി ഗ്രാമങ്ങള്‍. പിരിച്ചെറിയാനാവാത്ത ആത്മബന്ധം പാര്‍ട്ടിയും ജനങ്ങളും തമ്മിലുണ്ട്. ജനതയെ പാര്‍ട്ടിയും ജനങ്ങളുമായി ഇവിടെ വേര്‍തിരിക്കാനാവില്ല. ജനങ്ങള്‍ തന്നെയാണ് പാര്‍ട്ടി. സിപിഐ എം നടത്തുന്ന രാഷ്ട്രീയബലപ്രയോഗം മൂലം വന്നുചേര്‍ന്നതാണ് ഇങ്ങനെയൊരവസ്ഥയെന്നാണ് മനോരമ പ്രചരിപ്പിക്കുന്നതും ജോസ് സെബാസ്റ്റ്യന്‍ സിദ്ധാന്തിക്കുന്നതും. എതിരാളികളെ മാത്രമല്ല അനുഭാവികളെയും ബലപ്രയോഗത്തിലൂടെ പാര്‍ട്ടിയുടെ കീഴിലാക്കുന്നുവത്രേ. അതുകൊണ്ട് ഈ ഗ്രാമങ്ങളിലെ അന്തരീക്ഷം വളരെ സംഘര്‍ഷഭരിതമാണ്; നിരന്തരമായ ഏറ്റുമുട്ടലുകള്‍ നടക്കുന്നു എന്നൊക്കെയാണ് പ്രചരണം. സംഘര്‍ഷഭരിതമായ ഈ അന്തരീക്ഷത്തില്‍ സംരംഭകത്വം വളരുന്നില്ല, സംരംഭകരുടെ സ്ഥാനം പാര്‍ട്ടി ഏറ്റെടുക്കുന്നു, ഇതിനായി പാര്‍ട്ടി സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നു, സാമ്പത്തികമായിപ്പോലും ജനങ്ങള്‍ക്ക് ഇതുവഴി പാര്‍ട്ടിയെ ആശ്രയിക്കേണ്ടി വരുന്നു, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും പാര്‍ട്ടിയുടെ ആധിപത്യമാണ്, വായനശാലകള്‍, ക്ലബുകള്‍ എന്നിവയെല്ലാം പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്. കുടുംബകാര്യങ്ങള്‍ പോലും പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. മതവിശ്വാസം ഇല്ലെങ്കിലും അമ്പലങ്ങള്‍പോലും പാര്‍ട്ടി നിയന്ത്രണത്തിലാണ്.... എന്നിങ്ങനെപോകുന്നു ജോസ് സെബാസ്റ്റ്യന്‍ വക നിരീക്ഷണങ്ങള്‍. മലബാറിന്റെ പിന്നാക്കാവസ്ഥയ്ക്കു കാരണം പാര്‍ട്ടി ഗ്രാമവ്യവസ്ഥയാണെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യവാദം..

പാര്‍ട്ടി ഗ്രാമം എങ്ങനെയുണ്ടാകുന്നു?

പാര്‍ട്ടി ഗ്രാമവ്യവസ്ഥ ബാലിശമായ ഒരു സൈദ്ധാന്തികാഭ്യാസമാണെങ്കില്‍ പാര്‍ട്ടി ഗ്രാമം ഒരു യാഥാര്‍ത്ഥ്യമാണ്. മലബാറില്‍ മാത്രമല്ല പാര്‍ട്ടി ഗ്രാമങ്ങളുളളത്. മാരാരിക്കുളത്ത് എന്റെ മണ്ഡലത്തില്‍ ചിലപ്രദേശങ്ങളെ പാര്‍ട്ടി ഗ്രാമം എന്നു വിശേഷിപ്പിക്കാം. അവയിലൊന്നായ കഞ്ഞിക്കുഴി പഞ്ചായത്തിനെക്കുറിച്ച് മരുപ്പച്ചകള്‍ ഉണ്ടാകുന്നത് എങ്ങനെ എന്നൊരു ഗ്രന്ഥം ഞാനെഴുതിയിട്ടുണ്ട്. ഈ പഞ്ചായത്തിന്റെ കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്നത്. തിരുവിതാംകൂറിലെ ആന്തമാന്‍ എന്നാണ് ഈ പ്രദേശങ്ങളെ പണ്ടു വിശേഷിപ്പിച്ചിരുന്നത്. അത്രയ്ക്ക് പിന്നോക്കാവസ്ഥയായിരുന്നു. അര നൂറ്റാണ്ടുകൊണ്ട് എങ്ങനെ ഇടതുപക്ഷരാഷ്ട്രീയം ഈ പ്രദേശത്തെ കേരളത്തിന്റെ വികസന മാതൃകയാക്കി മാറ്റി. ഇതിന്റെ പിന്നിലെ ജനകീയ കൂട്ടായ്മ കണ്ട് പാര്‍ട്ടി ഗ്രാമവ്യവസ്ഥ എന്നൊന്നും വിശേഷിപ്പിക്കേണ്ടതില്ല.

ചില പ്രദേശങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെ പിന്തുണയുളള പ്രദേശങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം സവിശേഷതയാണോ? ഏതു പാര്‍ട്ടിയ്ക്കാണ് അത്തരം പോക്കറ്റുകള്‍ ഇല്ലാത്തത്? രാഷ്ട്രീയ സ്വാധീനം എല്ലായിടത്തും ഒരേപോലെയാവണമെന്നില്ല. മറ്റു പാര്‍ട്ടികള്‍ക്ക് മേധാവിത്തമുളള പ്രദേശങ്ങള്‍ പാര്‍ട്ടി ഗ്രാമങ്ങളായി ഡോ. ജോസ് സെബാസ്റ്റ്യന്‍ കാണുന്നില്ല. പാര്‍ട്ടി എന്നാല്‍ സിപിഐഎം ആണ്. മനോരമ ലേഖനങ്ങളാകട്ടെ, കണ്ണൂര്‍ ജില്ലയില്‍ ബിജെപിയ്ക്കും ലീഗിനും പാര്‍ട്ടി ഗ്രാമങ്ങളുണ്ട് എന്നു സമ്മതിക്കുന്നുണ്ട്. അവ പാര്‍ട്ടി ഗ്രാമങ്ങളുടെ അനുകരണങ്ങള്‍ മാത്രമാണെന്നാണ് അവരുടെ വിവക്ഷ. ഏതെങ്കിലും ഒരു ഗ്രാമത്തിലോ പ്രദേശത്തോ ഇത്തരത്തില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പൂര്‍ണ മേധാവിത്തമുളളത് ബലപ്രയോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നവാദം സമ്മതിച്ചാല്‍ കേരളത്തില്‍ ജനാധിപത്യ വ്യവസ്ഥയുണ്ടെന്ന് പറയാനാവില്ല. ഏതെങ്കിലും കാലത്ത് ഇത്തരത്തില്‍ ബലപ്രയോഗങ്ങള്‍ സാര്‍വത്രികമായി നിലനിന്നിരുന്നെങ്കില്‍ അത് അറുപതുകള്‍ക്കു മുമ്പുളള കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ തങ്ങളുടെ പോക്കറ്റുകളില്‍ പിന്തിരിപ്പന്‍മാര്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണം തന്നെയാണ്.

വിമോചനസമരം കഴിഞ്ഞുളള അറുപതുകളിലെ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ടവകാശം പോലും നിഷേധിച്ചിട്ടുണ്ട്. സഖാവ് നിരണം കുഞ്ഞന്റെയും സഖാവ് കോട്ടൂര്‍ കുഞ്ഞുകുഞ്ഞിന്റെയും രക്തസാക്ഷിത്വത്തെക്കുറിച്ച് ഡോ. ജോസ് സെബാസ്റ്റ്യന്‍ കേട്ടിട്ടുണ്ടാകുമോ ആവോ? 1959ലാണ് സഖാവ് കുഞ്ഞനെ വിമോചന സമരഗുണ്ടകള്‍ അടിച്ചുകൊന്നത്. സഖാവ് കുഞ്ഞുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയതും അവര്‍ തന്നെ. വോട്ടു ചെയ്യാന്‍ പോകാന്‍ പാടില്ല എന്ന സ്ഥലത്തെ പ്രമാണിയുടെ ഉത്തരവ് ധിക്കരിച്ചതുകൊണ്ടാണ് അവര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടത്. ഈ പ്രവണതകള്‍ക്ക് അറുതിവരുത്തിയത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ധീരമായ ചെറുത്തുനില്‍പ്പാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പിന്തിരിപ്പന്‍മാര്‍ നടപ്പാക്കിയിരുന്ന അടവ് ഇന്ന് പാര്‍ട്ടിയുടെ മേല്‍ കെട്ടിയേല്‍പ്പിക്കാനാണ് ശ്രമം. ബലപ്രയോഗം കൊണ്ട് ഒരു ഗ്രാമത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ ആക്കാനാവില്ല. അടിച്ചമര്‍ത്തപ്പെട്ട മഹാഭൂരിപക്ഷത്തിനുവേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ആത്മത്യാഗത്തിന്റെ പരിണത ഫലമാണ് പാര്‍ട്ടി ഗ്രാമങ്ങള്‍.

ഒഞ്ചിയം, കയ്യൂര്‍, കരിവെളളൂര്‍, മൊറാഴ തുടങ്ങി ഓരോ പാര്‍ട്ടി ഗ്രാമവും ത്യാഗോജ്വല സമരങ്ങളുടെ ഇതിഹാസഭൂമികളാണ്. ഈ ചരിത്രപാരമ്പര്യത്തില്‍ നിന്നാണ് പാര്‍ട്ടിയ്ക്ക് ജനങ്ങളുടെ അന്യാദൃശമായ പിന്തുണ ലഭിക്കുന്നത്. പുന്നപ്ര വയലാറിന്റെ സമരഭൂമികകളായിരുന്നു അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ പാര്‍ട്ടി ഗ്രാമങ്ങള്‍. കഞ്ഞിക്കുഴി പഞ്ചായത്തിലായിരുന്നു ഒളിവിലിരിക്കുമ്പോള്‍ പി കൃഷ്ണപിളള സര്‍പ്പദംശനമേറ്റു മരണമടഞ്ഞത്. പാര്‍ട്ടി ഗ്രാമത്തിലെ സാമൂഹിക-സാംസ്കാരിക ജീവിതം പാര്‍ട്ടി ഗ്രാമത്തിന്റെ പ്രത്യേകതയായി മനോരമയും എടുത്തു പറയുന്നത് സാമൂഹിക-സാംസകാരിക രംഗങ്ങളിലെ സിപിഐ എമ്മിന്റെ സാന്നിദ്ധ്യമാണ്. 
പാര്‍ട്ടി ഗ്രാമങ്ങളിലെ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങള്‍ എന്ന തലക്കെട്ടില്‍ മനോരമയില്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിലെ ചില ഭാഗങ്ങള്‍ നോക്കുക: "പാര്‍ട്ടി ഗ്രാമത്തിലുളളവര്‍ പുറംലോകവുമായി ഇടപെടുന്നതു കുറയ്ക്കുകയാണ് അവര്‍ക്കു വേണ്ടതെല്ലാം പാര്‍ട്ടി നല്‍കുന്നതിനു പിന്നിലെ ലക്ഷ്യം. കല്യാണം നടന്നാലും മരണം നടന്നാലും ഉത്സാഹികളായി പാര്‍ട്ടിക്കാര്‍ മുന്നിലുണ്ട്. പക്ഷേ, അതെല്ലാം പാര്‍ട്ടി അിറഞ്ഞു മാത്രമേ നടക്കാവൂ. വിവാഹാലോചനകളുടെ അന്വേഷണങ്ങള്‍ പോലും പാര്‍ട്ടിയുടെ ബ്രാഞ്ചു കമ്മിറ്റിയോ ലോക്കല്‍ കമ്മിറ്റിയോ വഴി മാത്രം വരുന്നു. നിത്യജീവിതത്തിനുളള ഉപാധികള്‍ മാത്രമല്ല, മരണാനന്തര ജീവിതത്തിനുള്ളതും നല്‍കുന്നതു പാര്‍ട്ടി തന്നെ. പയ്യന്നൂരില്‍ ഈയിടെ ഡിവൈഎഫ്ഐ രണ്ടു ശ്മശാനങ്ങളാണു നിര്‍മ്മിച്ചത്. രണ്ടും പാര്‍ട്ടി ഗ്രാമങ്ങളില്‍. ഒന്ന് കാനായി ഉണ്ണിമുക്കിലും രണ്ടാമത്തേത് കോറോം പരവുംതട്ടയിലും. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഐ എം ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. മതം തന്നെയായാണ് ജനം കാണുന്നത്. ദൈനംദിന ജീവിതത്തില്‍ നിരന്തരമായി ഇടപെടുന്ന അദൃശ്യനായ ദൈവം. അനുയായികളോട് ആവശ്യപ്പെടുന്നത് അന്ധമായ വിശ്വാസവും അച്ചടക്കവും മാത്രമാണ്".

പാര്‍ട്ടിയ്ക്ക് പാരമ്പര്യവും ഇന്നും ശക്തിയുമുളള പ്രദേശങ്ങളില്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഒതുങ്ങുന്നതല്ല പാര്‍ട്ടി പ്രവര്‍ത്തനം. ജനങ്ങളുടെ സാമൂഹിക-സാംസ്കാരിക - ഗാര്‍ഹിക മേഖലകളില്‍ ഇഴപിരിക്കാനാവാത്തവിധം അത് കെട്ടിപ്പിണഞ്ഞു കിടക്കുന്നു. ഇത് മനോരമ പറയുന്നതുപോലെ പുറംലോകവുമായുളള ജനങ്ങളുടെ ബന്ധം വിഛേദിക്കുന്നതിനുളള ഗൂഢതന്ത്രത്തിന്റെ ഭാഗമൊന്നുമല്ല. നമ്മുടെ നാടിന്റെ ജനാധിപത്യജീവിതത്തിന്റെ സമ്പന്നമായ ഒരു ഏടാണ്. മാരാരിക്കുളം എംഎല്‍എയായി കഞ്ഞിക്കുഴി പഞ്ചായത്തിലെ മരണവീട്ടില്‍ ഞാന്‍ ചെന്നപ്പോള്‍ കേട്ട ഒരു ചോദ്യത്തിന്റെ അര്‍ത്ഥം എനിക്കന്നു മനസ്സിലായില്ല. ആവശ്യമറിയാന്‍ സെക്രട്ടറി വന്നോ? പിന്നീടാണറിഞ്ഞത് മരണവീടുകളില്‍ സെക്രട്ടറി ചെല്ലുകയും എന്തെങ്കിലും ആവശ്യമുണ്ടോ എന്നാരായുകയും ചെയ്യുക എന്നത് ഒരു ആചാരമാണ്. ഇന്ന് ഒട്ടെല്ലാ വീടുകളിലും അങ്ങനെയൊരു ആവശ്യമില്ലെങ്കിലും ആചാരം തുടരുന്നു. 

മറ്റൊരു വിസ്മയകരമായ അനുഭവമുണ്ടായത് മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ ചിതലരിക്കാത്ത പഴയ രേഖകള്‍ തപ്പിയെടുത്തപ്പോഴാണ്. മധ്യസ്ഥ കമ്മിറ്റിയുടെ വലിയൊരു കെട്ടു ഫയല്‍ എനിക്കു കാണാനായി. വേലിത്തര്‍ക്കങ്ങള്‍, കുടുംബവഴക്കുകള്‍, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ എന്നിങ്ങനെ നാട്ടിലെ ജനങ്ങളുടെ ഒട്ടെല്ലാ പ്രശ്നങ്ങളെയും കുറിച്ച് രേഖാമൂലം മധ്യസ്ഥ കമ്മിറ്റിയ്ക്ക് ആക്ഷേപം കൊടുക്കുന്നു. കമ്മിറ്റി ബന്ധപ്പെട്ടവരെ വിളിച്ച് തര്‍ക്കം തീര്‍ക്കുന്നു. 
മുപ്പതുകളുടെ അവസാനം വരെ ഇങ്ങനെയുളള സാമൂഹ്യാവശ്യങ്ങളും നിറവേറ്റിയിരുന്നത് എസ്എന്‍ഡിപിയും അതുപോലുളള മറ്റു സമുദായ സംഘടനകളുമാണ്. ഫാക്ടറിയ്ക്കുളളില്‍ വര്‍ഗബോധമുളള തൊഴിലാളി, ഫാക്ടറിയ്ക്കു പുറത്ത് സമുദായബോധമുളള ഈഴവന്‍ എന്നിങ്ങനെയൊരു ഇരട്ടജീവിതമാണ് അന്ന് തൊഴിലാളികള്‍ നയിച്ചിരുന്നത്. അതുമാറി ഫാക്ടറിയിലെന്നപോലെ വീട്ടിലും നാട്ടിലും തൊഴിലാളി എന്ന നിലയില്‍ ചിന്തിക്കുന്നതിലേയ്ക്കുളള പരിവര്‍ത്തനം നടന്നത് 1938ലെ പൊതുപണിമുടക്കോടെയാണ്. സാമുദായിക സംഘടനകള്‍ സമരത്തെ സഹായിച്ചില്ല. ഈഴവരെല്ലാം ഒരു സമുദായമാണെങ്കിലും അതില്‍ മുതലാളിയും തൊഴിലാളിയുമുണ്ടെന്നും ഈഴവരായതു കൊണ്ട് തൊഴിലാളിയ്ക്ക് പ്രത്യേക ആനുകൂല്യമൊന്നും ഉണ്ടാവില്ലെന്നും അനുഭവത്തിലൂടെ ബോധ്യമായി. 
1937ലെ യൂണിയന്‍ യോഗത്തില്‍ സാമുദായിക സംഘടനകളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന പ്രമേയം വലിയ കോലാഹലത്തിലാണ് അവസാനിച്ചത്. സമരം കഴിഞ്ഞുളള പോലീസ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ജാതി സംഘടനകള്‍ക്കെതിരായ നിശിത വിമര്‍ശനം സാര്‍വത്രികമായി എന്നു കാണാന്‍ കഴിയും. തൊഴിലാളികള്‍ എസ്എന്‍ഡിപിയില്‍ നിന്ന് കൂട്ടമായി വിട്ടുപോകുന്നു എന്നല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം. ഔപചാരികമായി, അവര്‍ യോഗ അംഗങ്ങളായും പിന്‍നിര പ്രവര്‍ത്തകരായും തുടര്‍ന്നു. 
എന്നാല്‍ 1938-39ല്‍ തൊഴിലാളികളുടെ വര്‍ഗസംഘടന ജാതി സംഘടനയെ പിന്‍തളളിക്കൊണ്ട് തൊഴിലാളികളുടെ പ്രാഥമിക വിധേയത്വത്തിന്റെ കേന്ദ്രമായി മാറി. മുമ്പ് പ്രാഥമികമായി താന്‍ ഈഴവനാണെന്നു കരുതിയ തൊഴിലാളി താന്‍ പ്രാഥമികമായി തൊഴിലാളി വര്‍ഗത്തിലെ അംഗമാണ് എന്ന് സ്വയം പരിഗണിച്ചു തുടങ്ങിയത്. ജാതിവിരുദ്ധ സമരം സമൂഹത്തിലെ പൊതു വര്‍ഗസമരത്തിന്റെ ഭാഗമായി മാറി. 
അങ്ങനെയാണ് പരമ്പരാഗതമായി സമുദായ സംഘടനകള്‍ ചെയ്തുവന്ന ജനം, മരണം, വിവാഹം എന്നു തുടങ്ങിയവയിലും മറ്റു ദൈനംദിന ജീവിതാവശ്യങ്ങളിലും സാമുദായിക സംഘടനകള്‍ ചെയ്യുന്ന ധര്‍മ്മങ്ങള്‍ യൂണിയനുകള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. അതുകൊണ്ടാണ് ഈ പരിവര്‍ത്തനത്തെ നാടിന്റെ ജനാധിപത്യവത്കരണത്തിന്റെ സമ്പന്നമായ ഏട് എന്നു ഞാന്‍ വിശേഷിപ്പിച്ചത്. 

ഈ സ്ഥിതിവിശേഷം ഇന്നും ഇങ്ങനെ തുടരുന്നു എന്നു വിവക്ഷയില്ല. വര്‍ഗബോധം ദുര്‍ബലപ്പെടുകയും ജാതിയുടെ അതിപ്രസരം കൂടുതല്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്. ചുവന്ന കൊടിയോടൊപ്പം മഞ്ഞക്കൊടിയും പുതപ്പിക്കുന്ന സഹവര്‍ത്തിത്തമാണ് ഇന്നുളളത്. പണ്ടത്തെപ്പോലെ ജനങ്ങളുടെ ദൈനംദിന ജീവിതാവശ്യങ്ങളില്‍ ഇടപെടുന്നതു കുറഞ്ഞുവരുന്നു. ഇതു തിരുത്തേണ്ട ഒരു ദൗര്‍ബല്യമായാണ് പാര്‍ട്ടി കാണുന്നത്. കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനം ഇതു സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ട്. ജനങ്ങളുടെ സാമൂഹ്യജീവിതത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം. 
ഇതു സംബന്ധിച്ച് ഒരു കാര്യവും കൂടി പറഞ്ഞു കൊളളട്ടെ. സാമൂഹിക - സാംസ്കാരിക മേഖലയിലെ ജനപിന്തുണയും ബലപ്രയോഗവും ഒരുമിച്ചു പോകുന്ന ഒന്നല്ല. സാമൂഹിക-സാംസ്കാരിക ഇടപെടലുകളും അതുവഴി നേടുന്ന ജനപിന്തുണ ബലപ്രയോഗം അനാവശ്യമാക്കിത്തീര്‍ക്കുന്നു. സംഘര്‍ഷമോ ബലപ്രയോഗങ്ങളോ ഇല്ലാത്ത സ്ഥലങ്ങളല്ല പാര്‍ട്ടി ഗ്രാമങ്ങള്‍. എല്ലായിടത്തുമെന്നപോലെ ഇവിടെയും അതൊക്കെ ഏറിയോ കുറഞ്ഞോ ഉണ്ടാകും. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ആര്‍എസ്എസിന്റെ കടന്നാക്രമണം ഒഴിവാക്കിയാല്‍ മറ്റേതു പ്രദേശത്തെക്കാളും സമാധാനപരമായ ജീവിതമാണ്. കണ്ണൂരിനെ അക്രമജില്ല എന്നു മുദ്രകുത്തുന്നവരുടെ വായടപ്പിക്കുന്നതാണ് കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്ക്. പഞ്ചായത്തും സഹകരണപ്രസ്ഥാനവും പാര്‍ട്ടി ഗ്രാമത്തെ പാര്‍ട്ടി ഗ്രാമവ്യവസ്ഥയായി മാറ്റണമെങ്കില്‍ അതിനു സാമ്പത്തിക അടിത്തറ വേണം. ഡോ. ജോസ് സെബാസ്റ്റ്യന്‍ സാമ്പത്തിക അടിത്തറയെ കാണുന്നത് സഹകരണപ്രസ്ഥാനത്തിലൂടെയാണ്.

കേരളത്തില്‍ സഹകരണ സംഘങ്ങളില്ലാത്ത ഏതു ഗ്രാമമാണുളളത്? സഹകരണ സംഘങ്ങളെ കേരളത്തില്‍ നിയന്ത്രിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളാണ്. മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയാണ് സഹകരണ മേഖലയില്‍ സിപിഐഎമ്മും പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ഗ്രാമത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാണ് എന്നതാണ് അവയെ വ്യത്യസ്തമാക്കുന്നത്. ഇതിന് ഒരു പ്രധാനപ്പെട്ട കാരണം, ഇടതുപക്ഷത്തിന് സഹകരണ പ്രസ്ഥാനങ്ങള്‍ സംബന്ധിച്ച രാഷ്ട്രീയ വീക്ഷണമാണ്. കോപ്പണ്‍ ഹേഗലില്‍ വെച്ച് 1910ല്‍ നടന്ന അന്തര്‍ദേശീയ സോഷ്യല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസില്‍ സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുളള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് ലെനിന്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്.

മൂന്നു നേട്ടങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങള്‍ കൊണ്ടുണ്ടാകുമെന്ന് ലെനിന്‍ ചൂണ്ടിക്കാണിച്ചത്. ഒന്ന്, ഇടത്തട്ടുകാരെ ഒഴിവാക്കിയും സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തിയും തൊഴിലാളിയുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കും. രണ്ട്, സമരങ്ങള്‍, ലോക്കൗട്ടുകള്‍ തുടങ്ങിയ വേളകളില്‍ തൊഴിലാളിപ്രക്ഷോഭത്തെ സഹായിക്കാന്‍ കഴിയും. മൂന്ന്, തൊഴിലാളികളെ മാനേജ്മെന്റിനെയും സംഘാടനത്തെയും പരിചയപ്പെടുത്തുക വഴി ഭാവി സോഷ്യലിസത്തിന്റെ സാധ്യതകളിലേയ്ക്കു വിരല്‍ ചൂണ്ടുന്നു. എങ്കിലും സഹകരണ സംഘങ്ങള്‍ വഴി സാമൂഹ്യവ്യവസ്ഥയെ മാറ്റാമെന്ന തെറ്റിദ്ധാരണ ലെനിന് ഇല്ല. അതുകൊണ്ട് ഇവയില്‍ പ്രവര്‍ത്തിക്കുന്നതിന് ചില നിബന്ധനകള്‍ ലെനിന്‍ മുന്നോട്ടു വെച്ചു. ഒന്ന്, സഹകരണ സംഘങ്ങള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കണം. രണ്ട്, സഹകരണ സംഘങ്ങളില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാനുളള പരിശ്രമം നടത്തണം. മൂന്ന്, ട്രേഡ് യൂണിയനുകളുമായുളള ബന്ധം ശക്തിപ്പെടുത്തണം. നാല്, ഉല്‍പാദക സംഘങ്ങളെ വിപണന സംഘങ്ങളുമായി ബന്ധിപ്പിക്കണം. ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ സഹകരണ സംഘങ്ങളെ കാണുന്നത് കേവലം പരോപകാര പ്രവര്‍ത്തനമായല്ല. രാഷ്ട്രീയ പ്രവര്‍ത്തനമായാണ്.

പാര്‍ട്ടിയ്ക്കു കൂടുതല്‍ സ്വാധീനമുളള പ്രദേശങ്ങളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ജനകീയ കൂട്ടായ്മ സഹകരണ സംഘങ്ങളുടെ വ്യാപനത്തില്‍ മാത്രമല്ല, ജനകീയാസൂത്രണം, പിടിഎ കമ്മിറ്റികള്‍, ആശുപത്രി വികസന സമിതികള്‍ ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുന്നതിന് നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഇത്തരത്തിലുളള ജനകീയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഞാന്‍ ആദ്യം സൂചിപ്പിച്ച ഗ്രന്ഥത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം എന്നു പറയുന്നതു പോലെ ജനങ്ങളെ വരുതിയ്ക്കു നിര്‍ത്തുന്നതിനുളള സിപിഐഎമ്മിന്റെ ഗൂഢതന്ത്രമായാണ് മനോരമ സഹകരണ സംഘങ്ങളെ അവതരിപ്പിക്കുന്നത്. 
അതിലെ തൊഴിലാളികളും ജീവനക്കാരും സാമ്പത്തിക ആശ്രിതത്വം മൂലം പാര്‍ട്ടി പറയുന്നതു പോലെ തന്നെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. സഹകരണ സംഘങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ പണിയെടുക്കുന്നുണ്ടെങ്കില്‍ സ്വകാര്യ പണിയിടങ്ങളില്‍ ലക്ഷങ്ങളാണ് പണിയെടുക്കുന്നത്. സ്വകാര്യ മുതലാളിയുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത തൊഴിലാളി, സഹകരണ സംഘത്തില്‍ വന്നാല്‍ അധികൃതരുടെ ചൊല്‍പ്പടിയിലാകും എന്നു വാദിക്കുന്നത് നിരര്‍ത്ഥകമാണ്. ജോസ് സെബാസ്റ്റ്യന്‍ പുച്ഛത്തോടെ പരാമര്‍ശിക്കുന്ന ദിനേശ് ബീഡി സഹകരണ സംഘത്തെക്കുറിച്ച് ഞാനൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട് (ഡെമോക്രസി അറ്റ് വര്‍ക്ക് ഇന്‍ ആന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് - കോര്‍ണല്‍ യൂണിവേഴ്സിറ്റി പ്രസ്). ആ സഹകരണ സംഘത്തിന്റെ ചരിത്രം ഉജ്വലമായൊരു സമരചരിത്രം മാത്രമല്ല, വാണിജ്യ വിജയത്തിന്റെ കൂടി കഥയാണ്. 
മിനിമം കൂലി നല്‍കാന്‍ വിസമ്മതിച്ച് നിയമവിരുദ്ധമായി ഗണേഷ് ബീഡി കമ്പനി വഴിയാധാരമാക്കിയ തൊഴിലാളികള്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ത്യയിലെ ഏറ്റവും വലിയ ബീഡി സ്ഥാപനമാണ്. അതും സമീപ സംസ്ഥാനങ്ങളിലെ തൊഴിലാളിയ്ക്കു ലഭ്യമായതിന്റെ ഏതാണ്ട് ഇരട്ടി ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട്. പുകവലി ശീലം കുറഞ്ഞതു കൊണ്ടാണ് ഇന്നതു തളര്‍ന്നത്. ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘവും വാഗ്ഭടാനന്ദന്‍ തുടങ്ങിയ ഐക്യ നാണയ സംഘവും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയായി. ജനകീയാസൂത്രണത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കുതിപ്പില്‍ കേരളത്തിലെ ഏറ്റവും പെരുമയാര്‍ന്ന നിര്‍മ്മാണ കമ്പനിയായി. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്ന് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുപോലുളള സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ കൂട്ടായ്മയാണ്. പാര്‍ട്ടിയുടെ സ്ഥാപനങ്ങളല്ല.

കേരളത്തില്‍ ഏതാണ്ട് പകുതിയോളം സഹകരണ സ്ഥാപനങ്ങള്‍ മറ്റു പാര്‍ട്ടികളുടെയും നിയന്ത്രണത്തിലാണല്ലോ. അവയെല്ലാം ആ പാര്‍ട്ടികളുടെ സ്ഥാപനങ്ങളായി ചിത്രീകരിച്ച് സ്വത്തിന്റെ കണക്കെടുക്കാന്‍ ആരും നടക്കാറില്ലല്ലോ. ഒരുപക്ഷേ, ആ സംഘങ്ങളില്‍ അത്യപൂര്‍വമെണ്ണമൊഴിച്ച് ബാക്കിയൊന്നിനെക്കുറിച്ചും നല്ലതൊന്നും പറയാനില്ലാത്തതു കൊണ്ടാവാം.

ചില വിദ്വാന്‍മാരുടെ ചിന്തയില്‍ ക്ഷയിക്കുന്ന പരമ്പരാഗത മേഖലകളില്‍ മാത്രമേ സഹകരണ സംഘങ്ങള്‍ പാടുള്ളൂ. വിനോദ രംഗത്തോ ടൂറിസത്തിലോ ഐടിയിലോ മറ്റും ഇടപെടുന്നത് വലിയ അപഭ്രംശമാണുപോലും. ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കി സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തെ മുന്നോട്ടു കൊണ്ടുപോകാം എന്നതല്ല കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കാഴ്ചപ്പാട്. അതുകൊണ്ട് സ്വകാര്യ സംരംഭകര്‍ സഹകരണ പ്രസ്ഥാനത്തെ കണ്ട് ഓടിയൊളിക്കുന്നു എന്നതൊക്കെ കെട്ടുകഥകള്‍ മാത്രം. കണ്ണൂര്‍ ജില്ല, അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നാടായതു കൊണ്ടാണ് അവിടെ സംരംഭകത്വം വളരാത്തത് എന്ന ഡോ. ജോസ് സെബാസ്റ്റ്യന്റെ സിദ്ധാന്തം അബദ്ധമാണ് എന്നു തെളിയിക്കുന്ന കണക്കുകള്‍ നിയമസഭയില്‍ നിരത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ സംസ്ഥാനത്തു നടന്ന കൊലപാതകങ്ങളുടെ പട്ടിക നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായി 2012 ജൂണ്‍ 11ന് ആഭ്യന്തര മന്ത്രി നിയമസഭയ്ക്കു നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ എണ്ണം കൊണ്ട് എറണാകുളം, കൊല്ലം, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളെക്കാള്‍ പിന്നിലാണ് കണ്ണൂര്‍ ജില്ല. പ്രസ്തുത ജില്ലകളില്‍ കൊലപാതകങ്ങളുടെ എണ്ണം കൂടുതലാണ് എന്നതു കൊണ്ട് ആ ജില്ലകളെ ആരും കൊലപാതകികളുടെ ജില്ല എന്നു വിശേഷിപ്പിക്കുന്നില്ല. എന്നാല്‍ അക്രമസംഭവങ്ങളില്‍ താരതമ്യേനെ പിന്നില്‍ നില്‍ക്കുന്ന കണ്ണൂരിന് ആ പേരു ചാര്‍ത്തുന്നതിനു കാരണം രാഷ്ട്രീയമാണ് എന്നതില്‍ സംശയമില്ല.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...