About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Monday, August 27, 2012

'മന്ദബുദ്ധികളുടെ മാര്‍ക്‌സിസ്റ്റ് സംവാദം'

'പാര്‍ട്ടി ഗ്രാമവ്യവസ്ഥ' പോലെ സിപിഐഎമ്മുമായി ബന്ധപ്പെട്ട് ഒരു നവീന സമ്പദ്‌വ്യവസ്ഥയ്ക്ക് രൂപം നല്‍കിക്കൊണ്ടാണ് ജെ. രഘു തന്റെ സിപിഎം വിരോധവുമായി രംഗത്തിറങ്ങുന്നത്. അതിന്റെ പേരാണ് 'അധോലോക മുതലാളിത്ത സമ്പദ്ക്രമം'. ഇതാണത്രേ സിപിഐഎമ്മിന്റെ സാമൂഹ്യസാമ്പത്തിക അടിത്തറ. ഇതു മനസിലാക്കാതെയാണത്രേ സിപിഐഎമ്മിനെതിരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിമര്‍ശനങ്ങള്‍ക്ക് പലരും ഇറങ്ങിപ്പുറപ്പെടുന്നത്. ഇത്തരം രാഷ്ട്രീയ പ്രത്യയശാസ്ത്ര വിലയിരുത്തലിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുപോലും. മറിച്ച് രഘുവിന്റെ അഭിപ്രായത്തില്‍ 'സിപിഎമ്മിന്റെ സാമൂഹ്യശാസ്ത്രമാണ് ഗൗരവമായ അപഗ്രഥനത്തിന് വിധേയമാക്കേണ്ടത്'.

ഇത്തരം ഗഹനമായ സാമൂഹ്യശാസ്ത്ര അന്വേഷണത്തിന്റെ ഫലമായി അദ്ദേഹം എത്തിച്ചേരുന്ന നിഗമനം ഇതാണ്:
'യൂറോപ്യന്‍ ക്ലാസിക്കല്‍ മുതലാളിത്തത്തിന്റെ രാഷ്ട്രീയ സാംസ്‌ക്കാരിക സ്വഭാവങ്ങളില്ലാത്ത സിപിഐഎമ്മിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അതിനാല്‍ എങ്ങനെയാണ് നിര്‍വചിക്കുക? ഒരു അധോലോക സമ്പദ്ക്രമമാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സംരംഭങ്ങളുടെ കാര്യക്ഷമതയെ അധോലോക സമ്പദ്ക്രമത്തിന്റെ ഗൂഢ കാര്യക്ഷമതയെന്നു വിശേഷിപ്പിക്കാം. രാഷ്ട്രീയ സാംസ്‌ക്കാരിക വ്യവസ്ഥയ്ക്കു സമാന്തരമായി രൂപം കൊളളുന്ന ഈ അധോലോക സാമ്പത്തിക സാമ്രാജ്യത്വത്തിന്റെ സുരക്ഷ നിയമവ്യവസ്ഥയോ ജനാധിപത്യ മതേതര മൂല്യങ്ങളോ അല്ല. നഗ്നമായ ഭീകരതയും ഹിംസയുമാണ് ഈ സാമ്രാജ്യത്വത്തിന്റെ കാവല്‍ശക്തികള്‍.' – (ജെ. രഘു, എന്താണ് പാര്‍ട്ടി, എന്താണ് സിപിഎം -മാതൃഭൂമി ആഴ്ചപ്പതിപ്പ്. ജൂണ്‍ 17-23, 2012).
അതുകൊണ്ടാണ് ടി. പി. ചന്ദ്രശേഖരനെപ്പോലുളളവരെ വധിക്കുന്നത് സിപിഎമ്മിന്റെ പരിപാടിയായിത്തീരുന്നത് എന്നാണ് രഘു സിദ്ധാന്തിക്കുന്നത്.

ദാര്‍ശനികമായ മഹാമൗലിക സംഭാവനകള്‍ നല്‍കുന്നുവെന്ന നാട്യത്തോടെ രഘു നടത്തുന്ന ഇത്തരം വ്യായാമങ്ങള്‍ക്കായി ആറു പേജാണ് മാതൃഭൂമി നീക്കിവെച്ചത്. അതിലേയ്ക്കു കടക്കുന്നതിനു മുമ്പ് ഈ മാന്യദേഹത്തെ പരിചയപ്പെടുത്തേണ്ടതുണ്ട്.

രഘുവിന്റെ പൂര്‍വാശ്രമങ്ങള്‍

പന്തളം എന്‍എസ്എസ് കോളജില്‍ പഠിക്കുമ്പോള്‍ അദ്ദേഹം എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. രക്തസാക്ഷി സഖാവ് ഭുവനേശ്വരന്റെ സഹപ്രവര്‍ത്തകനായിരുന്നു. സഖാവിനെ ക്ലാസ് മുറിയിലിട്ട് മര്‍ദ്ദിച്ച് മൃതപ്രായനാക്കിയശേഷം പൊക്കിയെടുത്ത് തല നിലത്തടിച്ചാണ് കൊന്നത്. അന്ന് രഘുവും മറ്റുളളവരും കഷ്ടിച്ചു രക്ഷപെടുകയായിരുന്നു എന്നാണ് കേട്ടിട്ടുളളത്. സഖാവ് ഭുവനേശ്വരന്റെ പാര്‍ട്ടിയെക്കുറിച്ചാണ് വസ്തുതകള്‍ക്കു നിരക്കാത്ത ആക്ഷേപങ്ങള്‍ ചൊരിയുന്നത് എന്ന് വല്ലപ്പോഴും രഘു ഓര്‍ക്കുന്നത് നന്ന്.

പിന്നെ രഘുവിനെ കാണുന്നത് സിപിഐഎംഎല്ലിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്ന കേരള വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറി ആയാണ്. കടുത്ത ഉന്മൂലനവാദി. 1980ല്‍ മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇ കെ നായനാര്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഒറ്റയ്ക്കു വന്നു കരിങ്കൊടി കാട്ടിയ തീവ്രവാദി.

രഘുവിന്റെ അടുത്ത അവതാരം പുസ്തക പ്രസാധക സംഘത്തിന്റെ പ്രവര്‍ത്തകനായിട്ടാണ്. അക്കാലത്താണ് (1986) ഭാസുരേന്ദ്രബാബുവുമായി ചേര്‍ന്ന് 'മന്ദബുദ്ധികളുടെ മാര്‍ക്‌സിസ്റ്റ് സംവാദം' എന്ന പുസ്തകം രചിച്ചത്. കലാകൗമുദി ആഴ്ചപ്പതിപ്പില്‍ മാര്‍ക്‌സിസത്തെക്കുറിച്ച് ഒ വി വിജയന്‍ എഴുതിയ ലേഖനം, തുടര്‍ന്ന് സിപിഐ നേതാക്കളും അനുഭാവികളും സച്ചിതാനന്ദന്‍, എം. റഷീദ് തുടങ്ങിയ പലരും പങ്കെടുത്ത ചര്‍ച്ചയെക്കുറിച്ചുളള വിമര്‍ശനാത്മകമായ പരിശോധനയാണ് ആ പുസ്തകം. ചര്‍ച്ചയില്‍ പങ്കെടുത്ത ഇടതുപക്ഷക്കാരെയല്ല, ഒ വി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന ബുദ്ധിജീവികളെയാണ് 'മന്ദബുദ്ധികള്‍' എന്നിവര്‍ വിശേഷിപ്പിച്ചത്. വിവിധ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളോട്, വിശേഷിച്ച് സിപിഎമ്മിനോട് പ്രത്യക്ഷമായ അനുഭാവത്തിന്റെയും സംവാദനത്തിന്റെയും സമീപനമാണ് ഈ ഗ്രന്ഥത്തില്‍ കൈക്കൊണ്ടത്. നവീന മാര്‍ക്‌സിസ്റ്റ് ചിന്താപദ്ധതിയോടും ഈ ഗ്രന്ഥം സംവദിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ശ്രദ്ധേയമായ ഒരു വിമര്‍ശനഗ്രന്ഥം എന്നു ഞാനിതിനെ വിശേഷിപ്പിക്കും.

പക്ഷേ, ഒ വി വിജയനെ 'മന്ദബുദ്ധി'യെന്ന് ഞാന്‍ വിശേഷിപ്പിക്കില്ല. ഇത്തരമൊരു പ്രകോപനപരമായ സംബോധനയ്ക്ക് തങ്ങള്‍ തയ്യാറായതിന്റെ കാരണം ഗ്രന്ഥകര്‍ത്താക്കള്‍ വിശദീകരിക്കുന്നുണ്ട്. ആ വിശദീകരണം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും.
'ഒ വി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന ബുദ്ധിജീവി വിഭാഗം ബുദ്ധിപരമായ മാര്‍ക്‌സിസ്റ്റു വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. തങ്ങളുടെ പരന്ന വായനയില്‍ നിന്ന് ധാരാളം സ്ഥിതിവിവരങ്ങളും അറിവുകളും ഇവര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഉത്പാദിപ്പിക്കുന്ന അറിവ് വര്‍ഗസംഘടനകളെയും സമരങ്ങളെയും നിരാകരിക്കുന്നതാണ്. ആ അര്‍ത്ഥത്തില്‍ അവര്‍ പ്രത്യയശാസ്ത്രപരങ്ങളുമാണ്. മാര്‍ക്‌സിസ്റ്റ് ധൈഷണികതയുടെ മുന്നില്‍ ഈ ബുദ്ധിജീവികള്‍ മന്ദബുദ്ധികളാണ് (unintelligent). ഈ വിഭാഗത്തിന്റെ മന്ദബുദ്ധി പ്രവര്‍ത്തനത്തെ കേരള രാഷ്ട്രീയ വികാസത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ഹിക്കുന്ന എല്ലാ ബഹുമതികളോടും കൂടി സംസ്‌ക്കരിക്കുക എന്ന രാഷ്ട്രീയകടമയാണ് ഞങ്ങള്‍ ഇതിലൂടെ ചെയ്യുന്നത്' – (മന്ദബുദ്ധികളുടെ മാര്‍ക്‌സിസ്റ്റ് സംവാദം, പേജ് 9).
പേറെടുക്കാന്‍ പോയ പതിച്ചി ഇരട്ട പെറ്റുവെന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. അധികം താമസിയാതെ കടുത്ത കമ്മ്യൂണിസ്റ്റു വിരുദ്ധനായി അദ്ദേഹം അവതരിച്ചു. 1957ലെ വിമോചനസമരം ഏറ്റവും ജനാധിപത്യപരമായ പ്രതിരോധമായിരുന്നുവെന്നും, അതില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ ജനാധിപത്യം തകര്‍ന്നുപോയേനെയെന്നുമുളള അദ്ദേഹത്തിന്റെ വിലയിരുത്തല്‍ പിന്തിരിപ്പന്‍മാരെപ്പോലും ഞെട്ടിച്ചു. ഏതു കമ്മ്യൂണിസ്റ്റുവിരുദ്ധതയെ കുഴിച്ചുമൂടാനാണോ ജെ. രഘു ഇറങ്ങിത്തിരിച്ചത്, അതിന്റെ തന്നെ കൊടിയടയാളമായി അദ്ദേഹം മാറിയിരിക്കുന്നു.

എന്താണ് മുതലാളിത്തം?

വേദാന്തിയുടെ ദാര്‍ശനിക അടിത്തറയില്‍ നിന്നുകൊണ്ട് മാര്‍ക്‌സിസത്തിന്റെ ഭാവിയെക്കുറിച്ചു ഒ വി വിജയന്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്ക് ആശയപരമായ അച്ചടക്കമില്ല എന്നാണ് മന്ദബുദ്ധികളുടെ മാര്‍ക്‌സിസ്റ്റ് സംവാദം എന്ന പുസ്തകം വിലയിരുത്തിയത്.
'ചുരുക്കത്തില്‍ ആ കുറിപ്പ് ഒരവിയല്‍ രൂപത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ബുദ്ധിപരമായ പ്രവര്‍ത്തനത്തിന്റെ മേഖലയാണ് തത്ത്വശാസ്ത്ര രംഗത്തെ സംവാദം. അതു പ്രത്യക്ഷമോ പരോക്ഷമോ ആയി പ്രത്യക്ഷപ്പെടുത്തുന്നയാള്‍ ഭാഷാപരവും ചിന്താപരവുമായി അവശ്യം അഗീകരിക്കേണ്ട ഒരച്ചടക്കമുണ്ട്........... വിജയന്റെ ഭാഷാപ്രയോഗത്തിലുളള ഈ അവിയല്‍ സ്വഭാവം നിമിത്തം, തത്ത്വശാസ്ത്രം, മതം, ശാസ്ത്രം, മനശാസ്ത്രം, പ്രകൃതിശാസ്ത്രം, ധാര്‍മ്മിക ശാസ്ത്രം, രാഷ്ട്രീയമീമാംസ, ഭരണകൂടം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ അസംഖ്യം മണ്ഡലത്തിലൂടെ അദ്ദേഹം സ്പര്‍ശിച്ചു കടന്നുപോയി. എന്നാല്‍ വ്യക്തമായ ഒരച്ചടക്കത്തിന്റെ ഔചിത്യബോധമില്ലാത്തതിനാല്‍ തന്റെ കുറിപ്പിന്റെ ഓരോ ഘട്ടത്തിലും സ്വന്തം വാദമുഖങ്ങള്‍ സമര്‍ത്ഥിക്കാനായി ഏതെങ്കിലും വിജ്ഞാനമണ്ഡലത്തിന്റെ സാധൂകരണം വിജയം നേടുന്നു. ചിലപ്പോള്‍ തത്ത്വശാസ്ത്രത്തില്‍ നിന്നാരംഭിച്ച് അദ്ദേഹം പ്രകൃതിശാസ്ത്രത്തില്‍ എത്തിച്ചേരുന്നു. മറ്റുചിലപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നാരംഭിച്ച് മനശാസ്ത്രത്തില്‍ അഭയം തേടുന്നു. തന്റെ പരന്ന വായനയില്‍ നിന്നു ലഭിച്ച ഉപരിപ്ലവമായ അറിവുകള്‍ വെച്ച് വിജയന്‍ ഇവിടെ ചെപ്പും പന്തും കളി നടത്തുകയാണ്'.
ഒ വി വിജയന്റെ ലേഖനത്തെ അവിയലെന്ന് വിശേഷിപ്പിച്ച ജെ. രഘുവിന്റെ മാതൃഭൂമി ലേഖനത്തെ എന്തുപേരിലാണ് വിശേഷിപ്പിക്കേണ്ടത്? ഒരു അടുക്കും ചിട്ടയുമില്ലാതെ എവിടെനിന്നെല്ലാം സിപിഎമ്മിനെ അടിക്കാന്‍ വടി കിട്ടുമോ അവിടുന്നെല്ലാം കമ്പ് ഊരുന്ന വിദ്വാനെയാണ് നമുക്കു കാണാനാവുക. ഇടയ്ക്ക് ദാര്‍ശനികമായ ചില മഹാമൗലിക സംഭാവനകള്‍ എന്ന മട്ടില്‍ പൊതുപ്രസ്താവനകള്‍ നടത്തുന്നു. എന്നാല്‍ അവയൊന്നും വിശദീകരിക്കാന്‍ നില്‍ക്കാതെ സൂത്രത്തില്‍ വഴുതി മാറി 'അപ്പോള്‍ മുകളില്‍ പറഞ്ഞ സിദ്ധാന്തത്തില്‍ കണ്ടപോലെ' എന്നു പറഞ്ഞ് പഴകിത്തുരുമ്പിച്ച വിരുദ്ധവാദങ്ങള്‍ തുടരുന്നു. ആശയപരമായ അച്ചടക്കമില്ലായ്മയുടെ ഒന്നാന്തരം ഉദാഹരണമാണ്, എന്താണ് മുതലാളിത്തം എന്നു വിശദീകരിക്കാന്‍ രഘു നടത്തുന്ന പരിശ്രമം.
'മുതലാളിത്തത്തിന്റെ അനവധി ഘടകങ്ങളില്‍ ഒന്നായ മൂലധനത്തെ മാത്രം അടര്‍ത്തിയെടുത്ത് മാര്‍ക്‌സ് നടത്തിയ സാമ്പത്തിക വിശകലനമാണ് മുതലാളിത്തത്തെ വെറുമൊരു മൂലധന സാമ്പത്തിക ക്രമമായി ന്യൂനീകരിച്ചത്. പണത്തെ മൂലധനമായി പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയ പ്രധാനമായിരിക്കുമ്പോള്‍ത്തന്നെ, മുതലാളിത്തം അടിസ്ഥാനപരമായി ഒരു സാംസ്‌ക്കാരിക നിയമവ്യവസ്ഥയാണ്. പണത്തിന്റെ മൂലധനത്തിലേയ്ക്കുളള പരിവര്‍ത്തനം തന്നെ ഇതിനു തെളിവാണ്. ഒരാളിന്റെ കൈയില്‍ കുറേയധികം പണമുണ്ട് എന്നതു കൊണ്ട് അതു മൂലധനമാകില്ല. അനധികൃത മാര്‍ഗങ്ങളിലൂടെ സമാഹരിക്കുന്ന പണത്തെ ക്ലാസിക്കല്‍ മൂലധനമെന്നു വിശേഷിപ്പിക്കാനാവില്ല. കാരണം മൂലധനത്തിന്റെ ഒന്നാമത്തെ സവിശേഷത അതിന്റെ നിയമപരമായ അടിസ്ഥാനമാണ്. രണ്ടാമത്തെ സവിശേഷതയാവട്ടെ, അതിന്റെ സാംസ്‌ക്കാരികവും മൂല്യപരവുമായ സാധൂകരണമാണ്. സാമൂഹികശാസ്ത്രജ്ഞനായ മാക്‌സ് വെബ്ബറിന്റെ പ്രൊട്ടസ്റ്റന്റ് എത്തിക് ആന്‍ഡ് ദി സ്പിരിട്ട് ഓഫ് കാപ്പിറ്റലിസം എന്ന വിഖ്യാത കൃതി മുതലാളിത്തത്തിന്റെ സാംസ്‌ക്കാരിക നിര്‍ണയനത്തെ അപഗ്രഥിക്കുന്നുണ്ട്'.
മുതലാളിത്തത്തെ വെറുമൊരു മൂലധന സാമ്പത്തിക ക്രമമായി മാര്‍ക്‌സ് ന്യൂനീകരിച്ചു എന്ന വിമര്‍ശനത്തിന് ഒരടിസ്ഥാനവുമില്ല. മാര്‍ക്‌സിന്റെ മൂലധനത്തിന്റെ രീതിസമ്പ്രദായം അമൂര്‍ത്തമായ വിശകലനത്തില്‍ നിന്ന് കൂടുതല്‍ മൂര്‍ത്തമായ വിശദീകരണത്തിലേയ്ക്കു നീങ്ങുക എന്നുളളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മൂല്യം, പണം, മൂലധനം എന്നീ സങ്കല്‍പനങ്ങളെ മാര്‍ക്‌സ് 'മൂലധനം' എന്ന വിശ്രുതഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് പരിശോധിക്കുന്നത്. 'ഒരാളിന്റെ കൈയില്‍ കുറേയധികം പണമുളളതു കൊണ്ട് അതു മൂലധനമാകില്ല' എന്ന പ്രസ്താവന മാര്‍ക്‌സില്‍ നിന്ന് കടമെടുത്തതാണെന്നുളള കാര്യം രഘു മറന്നുപോകുന്നു.

മൂലധനം മുഴുവനൊന്നും പരതേണ്ട. കൂലിവേലയും മൂലധനവും എന്ന ലഘു ഗ്രന്ഥത്തില്‍ ഇതു ചോദ്യമായി ഉന്നയിച്ച് മാര്‍ക്‌സ് തന്നെ സരസമായ ഉദാഹരണത്തോടെ മറുപടി പറയുന്നുണ്ട്.
ആരാണ് നീഗ്രോ അടിമ?
കറുത്ത വംശജരില്‍ ഒരാള്‍.

(ഘനഗംഭീരമായ ഉത്തരം തന്നെ!)
ഒരു നീഗ്രോ ഒരു നീഗ്രൊ തന്നെയാണ്. എന്നാല്‍ അയാള്‍ അടിമയാകുന്നത് ചില സാഹചര്യങ്ങളില്‍ മാത്രമാണ്.
ഒരു നൂല്‍നൂല്‍പ്പ് യന്ത്രം നൂലു നെയ്യുന്നതിനുള്ള യന്ത്രമാണ്. പക്ഷേ ചില സാഹചര്യങ്ങളില്‍ മാത്രമേ അത് മൂലധനമാകുന്നുള്ളൂ.''
ഏതാണാ സാഹചര്യം? പണമായാലും ഉല്‍പ്പാദന ഉപാധികളായാലും ചരക്കുകളായാലും അവയുടെ രൂപം എന്തുതന്നെയായാലും ശരി മിച്ചമൂല്യം സ്വായത്തമാക്കുന്നതിനുവേണ്ടി ഉപയോഗിക്കപ്പെടുമ്പോള്‍ മാത്രമേ അവ മൂലധനമാകുന്നുള്ളൂ. സാര്‍വത്രിക ചരക്കുല്‍പ്പാദന വ്യവസ്ഥയില്‍ മാത്രമേ മിച്ചമൂല്യവും സാര്‍വത്രികമായി തീരുന്നുള്ളൂ. ചരക്കുല്‍പ്പാദനവ്യവസ്ഥ സാര്‍വത്രികമാകണമെങ്കില്‍ അധ്വാനശക്തികൂടി ചരക്കായി മാറണം. എന്നുവെച്ചാല്‍ മുതലാളി-തൊഴിലാളി ഉല്‍പ്പാദനബന്ധം സാര്‍വത്രികമാകണം. മൂലധനം മുതലാളിത്ത ഉല്‍പ്പാദനബന്ധത്തെ സൂചിപ്പിക്കുന്നു. മാര്‍ക്‌സിന്റെ സുവ്യക്തമായ ഈ നിലപാടുകളെക്കുറിച്ച് ധാരണയേയില്ലാതെയാണ് 'പണം എപ്പോഴും മൂലധനമാകില്ല' എന്ന അതിഗഹനമായ പ്രസ്താവന ജെ. രഘു നടത്തുന്നത്.

പണം മൂലധനമാകുന്നത് സവിശേഷമായ സാമൂഹ്യബന്ധങ്ങള്‍ക്കുളളിലാണ്. അതുകൊണ്ട് മാര്‍ക്‌സിനെ സംബന്ധിച്ചടത്തോളം മൂലധനമെന്നത് കേവലം പണമോ വസ്തുക്കളോ അല്ല. മറിച്ച് സവിശേഷമായ സാമൂഹ്യബന്ധങ്ങളുടെ ആകെത്തുകയാണ്. അതുകൊണ്ടാണ് തന്റെ ഏറ്റവും വലിയ കൃതിയ്ക്ക് 'മൂലധനം' എന്നദ്ദേഹം പേരിട്ടത്. അല്ലാതെ രഘു പറയുന്നതുപോലെ ഏതെങ്കിലും ന്യൂനീകരണചിന്തയുടെ ഭാഗമായിട്ടല്ല.

അര്‍ത്ഥശാസ്ത്രത്തിന്റെ അമൂര്‍ത്തതല വിശദീകരണത്തില്‍ നിന്ന് രഘു ചാടുന്നത് മാര്‍ക്‌സ് വെബ്ബറുടെ സോഷ്യോളജിയിലേയ്ക്കാണ്. വെബ്ബര്‍ മാത്രമല്ല, അനേകം മാര്‍ക്‌സിസ്റ്റ് പണ്ഡിതരും പ്രൊട്ടസ്റ്റന്റ് മതമൂല്യങ്ങള്‍ മുതലാളിത്തവളര്‍ച്ചയ്ക്ക് കളമൊരുക്കിയതിനെക്കുറിച്ച് പഠിച്ചിട്ടും വിശദീകരിച്ചിട്ടുമുണ്ട്. രഘുവിനു വേണമെങ്കില്‍ ആര്‍ എച്ച് ട്വോണിയുടെ 'റിലീജിയന്‍ ആന്റ് ദി റൈസ് ഓഫ് കാപ്പിറ്റലിസം' വായിച്ചു നോക്കാവുന്നതാണ്. മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ ഈ പ്രശ്‌നത്തെ സമീപിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. മുതലാളിത്തം അടിസ്ഥാനപരമായി ഒരു സാമ്പത്തികക്രമമാണ്. അതോടൊപ്പം തനതായ സാംസ്‌ക്കാരവും മൂല്യങ്ങളും നിയമവ്യവസ്ഥയുമുണ്ട്.

രഘു പരാമര്‍ശിക്കുന്ന മൂലധനത്തിന്റെ സാമൂഹ്യസവിശേഷതകളില്ലേ - 'അതിന്റെ സാംസ്‌ക്കാരികവും മൂല്യപരവുമായ സാധൂകരണം' – ഏത് ഉല്‍പാദനയ്ക്ക് വ്യവസ്ഥയ്ക്കാണ് ഇവയില്ലാത്തത്? അടിമത്തവും ജന്മിത്തവും എടുത്താലും ഈ പ്രതിഭാസം കാണാം. കാരണം ഉല്‍പാദനക്രമത്തെ നിയമപരമായും സാംസ്‌ക്കാരികമായും സാധൂകരിക്കുന്ന സാമൂഹ്യസാംസ്‌ക്കാരിക നിയാമിക മേല്‍പ്പുരയില്ലാതെ നിലനില്‍ക്കാനാവില്ല. ഇതാണ് സാമൂഹ്യവ്യവസ്ഥയെക്കുറിച്ചുളള ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്ന്. എന്നാല്‍ ഈ ആശയപരവും സാംസ്‌ക്കാരികവുമായ കവചം മൂലധനത്തിന്റെ മാത്രം പ്രത്യേകതയാണ് എന്നു ധരിച്ചുകൊണ്ട് മൂലധനത്തെക്കുറിച്ചുളള അമൂര്‍ത്ത സൈദ്ധാന്തിക വിശകലനത്തെ ബാലിശമായി വിമര്‍ശിക്കാനാണ് രഘു ശ്രമിക്കുന്നത്.

അനധികൃതമായ മാര്‍ഗത്തിലൂടെ സമാഹരിക്കുന്ന പണത്തെ ക്ലാസിക്കല്‍ മൂലധനം എന്നു വിളിക്കാനാവില്ല എന്നു രഘു പറയുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? മൂലധനത്തിലെ ഒരധ്യായം തന്നെ പ്രാകൃത മൂലധന സംഭരണം സംബന്ധിച്ചുളളതാണ്. ലോകമെമ്പാടും പടയോട്ടം നടത്തി എങ്ങനെയാണ് വെളളക്കാരന്‍ യൂറോപ്പിലെ മുതലാളിത്ത വികസനത്തിന് ആവശ്യമായ മൂലധനം സമാഹരിച്ചത് എന്ന് ഈ അധ്യായത്തില്‍ മാര്‍ക്‌സ് വിശദീകരിക്കുന്നുണ്ട്. കൃഷിക്കാരുടെയും മറ്റും ഭൂമി കവര്‍ന്നെടുത്ത് അവരെ ഭൂരഹിതവേലക്കാരായി എങ്ങനെ ഫാക്ടറികളിലേയ്ക്ക് ആട്ടിപ്പായിച്ചു എന്നുളളതും മാര്‍ക്‌സ് വിശദീകരിക്കുന്നുണ്ട്. ക്ലാസിക്കല്‍ മൂലധനത്തിന്റെയും മുതലാളിത്തത്തിന്റെയും അടിത്തറ ഈ അനധികൃതമായ പണസമാഹരണം തന്നെയായിരുന്നു.

മുതലാളിത്തത്തെക്കാള്‍ മോശമായ ഒന്ന്!

രഘു ഇത്ര സാഹസപ്പെടുന്നത് കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണ്. സിപിഐഎം അനധികൃതമായ മാര്‍ഗങ്ങളിലൂടെയാണ് പണം സമാഹരിക്കുന്നതെന്നും അതുകൊണ്ട് മുതലാളിത്തവിശേഷണം പോലും സിപിഎമ്മിനു നല്‍കാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുതലാളിത്തത്തെക്കാളും മോശമായ എന്തോ ഒന്നാണുപോലും സിപിഎം.

'സിപിഎമ്മിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മുതലാളിത്തം എന്നു വിശേഷിപ്പിക്കുന്നത് മുതലാളിത്തത്തെക്കുറിച്ചുളള ചരിത്രപരമായ അജ്ഞത മൂലമാണ്'. അങ്ങനെയാണ് 'അധോലോക മുതലാളിത്ത സമ്പദ്ക്രമം' എന്ന അതിഭയങ്കര സങ്കല്‍പനത്തിലേയ്ക്ക് രഘു വലിഞ്ഞുകേറുന്നത്.'സൈദ്ധാന്തികവും സാംസ്‌ക്കാരികവുമായ സാധൂകരണത്തിന്റെ അഭാവത്തില്‍ കേരളത്തിലെത്തുന്ന സാമ്പത്തികശക്തികളെ നയിക്കുന്നത് ക്ലാസിക്കല്‍ മുതലാളിത്തത്തിന്റെ ജനാധിപത്യ മതേതര ഭാവുകത്വമായിരിക്കില്ലെന്ന വസ്തുത ഇതിനേക്കാള്‍ അപകടരകരമാണ്. ഇങ്ങനെ സമാഹരിക്കുന്ന അഴിമതിപ്പണമാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നത്. അതിനാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യക്ഷത്തില്‍ മുതലാളിത്ത സംരംഭങ്ങള്‍ എന്നുതോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. അവ അധോലോക പ്രവര്‍ത്തനങ്ങളാണ്'.

ഡോ. ജോസ് സെബാസ്റ്റ്യനെപ്പോലെ തന്നെ 'സിപിഎമ്മിന്റെ സാമ്പത്തിക സാമ്രാജ്യ'ത്തെക്കുറിച്ച് രഘുവും ഏറെ തലപുകയ്ക്കുന്നുണ്ട്. ദേശാഭിമാനി പത്രം, വാരികകള്‍, കൈരളി ചാനല്‍ എന്നിവയല്ലാതെ സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ എന്തു വാണിജ്യ സ്ഥാപനമാണുളളത്? ഈ മാധ്യമങ്ങളുടെ ലക്ഷ്യം ലാഭമുണ്ടാക്കലല്ല, സിപിഎമ്മിന്റെ ആശയം പ്രചരിപ്പിക്കലാണ്. ഇവ സ്ഥാപിക്കുന്നതിനുളള പണം എവിടെനിന്ന് എന്നതിനെക്കുറിച്ച് ഒരു അവ്യക്തതകളും വേണ്ട. കൈരളിയ്ക്ക് രണ്ടു ലക്ഷത്തിലേറെ ഓഹരി ഉടമസ്ഥരുണ്ട്. ദേശാഭിമാനി പത്രം കാലാകാലങ്ങളില്‍ വികസിപ്പിച്ചിട്ടുളളത് ജനങ്ങളില്‍ നിന്ന് സ്വീകരിച്ച സംഭാവനകള്‍ വഴിയാണ്. ഇതിനായുളള ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ഏടുകളിലൊന്നാണ്. കൈരളിതന്നെ സഞ്ചിതനഷ്ടം തീര്‍ത്തിട്ടേയുളളൂ.

രഘു സൂചിപ്പിക്കുന്ന സിപിഎമ്മിന്റെ 'സാമ്രാജ്യം'(!) സഹകാരികളായ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുളള സഹകരണ സംഘങ്ങളെക്കുറിച്ചാണ്. ഏതു പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ് ഇപ്രകാരമുളള സംഘങ്ങളില്ലാത്തത്? ഈ സംഘങ്ങളുണ്ടാക്കുന്ന വരുമാനമോ ആര്‍ജിക്കുന്ന ആസ്തികളോ സഹകരണ നിയമം പ്രകാരമാണ് കൈകാര്യം ചെയ്യുന്നത്. പുറത്തുളളവര്‍ക്ക് കൈയടക്കാന്‍ പറ്റുന്നതല്ല. നിയമപ്രകാരം കഴിഞ്ഞില്ലെങ്കിലും നിയമവിരുദ്ധമായി ചെയ്യുന്നുണ്ട് എന്നാണ് രഘുവിന്റെ വിവക്ഷ. പാര്‍ട്ടി സ്വീകരിക്കുന്ന ഭീമന്‍ കോഴപ്പണമാണത്രേ, ഇവയുടെയൊക്കെ അടിസ്ഥാനം എന്നാണ് രഘുവിന്റെ വാദം.
അഴിമതിപ്പണമല്ലെങ്കിലും കോര്‍പറേറ്റുകളില്‍ നിന്നും മറ്റും സമാഹരിക്കുന്ന ഭീമമായ തുക കൊണ്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നത് എന്നും ഒരു ആരോപണമുണ്ട്. ഈ കുപ്രചരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ടൈംസ് ഓഫ് ഇന്ത്യ ഈയിടെ പ്രസിദ്ധീകരിച്ച സിപിഎമ്മിന്റെ കോര്‍പറേറ്റ് ഫണ്ടിംഗിനെക്കുറിച്ചുളള സംഭ്രമജനകമായ വാര്‍ത്ത.

'സിപിഎമ്മിന്റെ പണപ്പെട്ടികള്‍ മുതലാളിത്ത പണം കൊണ്ടു വീര്‍ക്കുന്നു' എന്ന ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത തുടങ്ങുന്നതു തന്നെ, പ്രകാശ് കാരാട്ടിന്റെ അവകാശവാദത്തിനു വിരുദ്ധമായി കോര്‍പറേറ്റ് ഫണ്ടിന്റെ കാര്യത്തില്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടിയും കോണ്‍ഗ്രസിനെയും ബിജെപിയെയും പോലെ തന്നെയാണ് എന്നു പറഞ്ഞുകൊണ്ടാണ്. ഇലക്ഷന്‍ കമ്മിഷനു നല്‍കിയ കണക്കുകള്‍ പ്രകാരം 2007-08നും 2011-12നും ഇടയ്ക്ക് 335 കോടി രൂപ സമാഹരിച്ചു. സമാജ് വാദി പാര്‍ട്ടിയ്ക്ക് 200 കോടി രൂപയും എന്‍സിപിയ്ക്ക് 140 കോടി രൂപയും മാത്രമേ ലഭിച്ചുളളൂപോലും. എവിടെ നിന്ന് ഈ പണം ലഭിച്ചുവെന്ന് നീണ്ട വാര്‍ത്തയില്‍ ഒരിടത്തും ഒരു വസ്തുതയും നല്‍കിയിട്ടില്ല. മറിച്ച് പ്രമാദമായ തലക്കെട്ടില്‍ ആളുകളെ വിഭ്രമിപ്പിക്കുകയേ ചെയ്യുന്നുളളൂ. വാര്‍ത്ത കാണേണ്ട മാത്രയില്‍ പ്രതികരണങ്ങളും വന്നു. സാഹിത്യകാരി മീനാ കന്തസ്വാമി ശവക്കല്ലറയിലെ മാര്‍ക്‌സിനെപ്പിടിച്ചാണ് പരിതപിച്ചത്. ഇതുസംബന്ധിച്ച പാര്‍ട്ടിയുടെ വിശദീകരണം ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചതുമില്ല.

പാര്‍ട്ടിയുടെ വിശദീകരണം ഇതായിരുന്നു. ആദായനികുതി വകുപ്പിനും തിരഞ്ഞെടുപ്പു കമ്മിഷനും കൃത്യമായ കണക്കുനല്‍കുന്ന പാര്‍ട്ടിയാണ് സിപിഐഎം. 2005 മുതല്‍ 2011വരെ ഏഴു വര്‍ഷം കൊണ്ട് 417 കോടി രൂപയാണ് സിപിഐഎമ്മിനു ലഭിച്ചത്. ഇതിന്റെ 40 ശതമാനം പാര്‍ട്ടിയുടെ അംഗങ്ങളില്‍ നിന്ന് പിരിക്കുന്ന ലെവിയും വരിസംഖ്യയുമാണ്. ഇന്ത്യയിലെ ഒരു പാര്‍ട്ടിയ്ക്കും അവകാശപ്പെടാനാവാത്ത അപൂര്‍വമായ ഒരു വിശേഷമാണ് ഇത്. പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നുമാത്രം പാര്‍ട്ടിയ്ക്കു ലഭിച്ച ലെവി 1.36 കോടി രൂപയാണ്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനയായി സ്വീകരിച്ച തുക 60 ശതമാനം വരും. ഇതില്‍ കമ്പനികളില്‍ നിന്ന് സ്വീകരിച്ച സംഭാവന ഒരു കോടി 45 ലക്ഷം രൂപയാണ്. ഇത് ഈ കാലയളവിലെ മൊത്തം വരുമാനത്തിന്റെ 0.35 ശതമാനം വരും.

ഇതിനെയാണ് ടൈംസ് ഓഫ് ഇന്ത്യ ഊതിപ്പെരുപ്പിച്ചത്. 'സിപിഎം കോര്‍പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കാറില്ല. ആന്ധ്രാ പ്രദേശിലെ ചില കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതു പിബിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എത്ര ചെറിയ കമ്പനികളില്‍ നിന്നായാലും സംഭാവന സ്വീകരിക്കേണ്ടതില്ല എന്നു തീരുമാനിച്ചു. ഇനിമേല്‍ പാര്‍ട്ടിയ്ക്ക് 20,000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ പേര് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു'.

യഥാര്‍ത്ഥത്തില്‍ രഘുവിനെപ്പോലുളളവര്‍ നടത്തുന്ന ഈ അഭ്യാസങ്ങള്‍ മറുപടി അര്‍ഹിക്കുന്നതല്ല. ആശയപരമായ ഒരച്ചടക്കവും ഇല്ലാത്ത കമ്മ്യൂണിസ്റ്റു വിരുദ്ധതയുടെ ചെപ്പും പന്തും കളി മാത്രമാണിത്. പക്ഷേ, ചില മാര്‍ക്‌സിസ്റ്റ് വാഗ്‌ധോരണികളും മാനംനോക്കി പ്രസ്താവനകളുമെല്ലാം കൂട്ടിക്കുഴച്ച് എന്തോ ഗഹനമായ നിരീക്ഷണങ്ങള്‍ നടത്തുവെന്ന തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയാണ്. രണ്ടരപ്പതിറ്റാണ്ടു മുമ്പ് എഴുതിയ പുസ്തകത്തിന്റെ തലവാചകം ഏറ്റവും കൂടുതല്‍ യോജിക്കുക അദ്ദേഹത്തിനു തന്നെയാണ്.

2 comments:

  1. വളരെ ശരിയാണ് ..... സര്‍ അവസാനം പറഞ്ഞിരിക്കുന്ന വരികള്‍ തന്നെയാണ് ശരിയായ മറുപടി......

    ReplyDelete
  2. enthukondu itharam mlechan marude vayadakkanayenkilum nammude secretariye matti vere orale kondu vannu kooda? verum oru sadharanakkarante samsayam anu...

    ReplyDelete