Showing posts with label റവന്യൂ കമ്മി. Show all posts
Showing posts with label റവന്യൂ കമ്മി. Show all posts

Thursday, May 7, 2015

ബജറ്റിന്റെ വിശ്വാസ്യത നശിപ്പിച്ച കെ എം മാണി


എല്‍.ഡി.എഫ്. സര്‍ക്കാറിന്റെകാലത്തെ ധനസ്ഥിതിയെ കള്ളക്കണക്കുകള്‍കൊണ്ടു താറടിക്കാന്‍ ധവളപത്രമിറക്കിയപ്പോഴാണ് 'കള്ളം, പച്ചക്കള്ളം, പിന്നെ കെ.എം. മാണിയുടെ കണക്കുകളും' എന്ന പുസ്തകമെഴുതിയത്. ഇത്രയ്ക്കുവേണ്ടിയിരുന്നോ എന്ന് സദുദ്ദേശ്യത്തോടെ പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. എന്നാല്‍, ധനമന്ത്രിയെന്നനിലയില്‍ കെ.എം. മാണിയുടെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ എന്റെ വിമര്‍ശം കുറഞ്ഞുപോയെന്നാണു തോന്നുന്നത്. 

കഴിഞ്ഞ ബജറ്റ്പ്രസംഗം ഒരിക്കല്‍ക്കൂടി വായിക്കൂ. കേരളത്തില്‍ സാമ്പത്തികപ്രതിസന്ധിയുണ്ടെന്നതിന്റെ ലാഞ്ഛനപോലും അതിലില്ല. 2012'13ല്‍ റവന്യൂകമ്മി 3406 കോടിയായി കുറഞ്ഞുവെന്നും (0.9 ശതമാനം) 2013'14ല്‍ അത് 2269 കോടിയായി (0.5 ശതമാനം) വീണ്ടും താഴുമെന്നുമാണ് അതില്‍ പ്രസ്താവിച്ചത്. എന്നാല്‍, എ.ജി.യുടെ കണക്കുവന്നപ്പോള്‍ 2012'13ല്‍ കമ്മി 9351 കോടി; സംസ്ഥാനവരുമാനത്തിന്റെ 2.46 ശതമാനം. 2013'14ലെ കമ്മി 11,308 കോടി; സംസ്ഥാനവരുമാനത്തിന്റെ 2.63 ശതമാനം. ഈ പ്രസംഗം നടത്തുമ്പോള്‍ 2013'14ല്‍ ജനവരി വരെയുള്ള വരവുചെലവുകണക്കുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. മതിപ്പുകണക്കിനെക്കാള്‍ വരുമാനം കുറയുമെന്നും ചെലവ് അധികമാവുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി പറയാന്‍കഴിയും. എന്നാല്‍, അതിനു തുനിയാതെ കമ്മികുറച്ചുകാണിക്കാനുള്ള പൊള്ളക്കണക്കുകളാണു മന്ത്രി അവതരിപ്പിച്ചത്. ഇതേ അടവ് ഇത്തവണയും ആവര്‍ത്തിക്കുമോയെന്നതാണ് ബജറ്റ്രേഖകള്‍ പുറത്തുവരുമ്പോള്‍ നാം അന്വേഷിക്കേണ്ടത്. 

2013'14 ജനവരിവരെ നികുതിയായി 25,713 കോടിയേ പിരിഞ്ഞിരുന്നുള്ളൂ. പിരിക്കുമെന്നു പറഞ്ഞത് 38,771 കോടി; ലക്ഷ്യത്തിന്റെ 66 ശതമാനം മാത്രം. അടുത്ത രണ്ടുമാസംകൊണ്ട് ഏറിയാല്‍ ഒരു ആറായിരം കോടികൂടി പിരിക്കാന്‍കഴിയും. എന്നാല്‍, ധനമന്ത്രി ഏതാണ്ട് 10,000 കോടി കൂടുതല്‍ പിരിക്കുമെന്നാണു കണക്കാക്കിയത്. അവസാനം കണക്കുവന്നപ്പോള്‍ പിരിഞ്ഞത് 31,995 കോടിമാത്രം. തൊട്ടടുത്തവര്‍ഷത്തെ (2014'15) ബജറ്റ് നേരത്തേ സൂചിപ്പിച്ച പൊള്ളക്കണക്കിനെ അടിസ്ഥാനമാക്കിയാണുണ്ടാക്കിയത്. 42,467 കോടി നികുതിയായി പിരിക്കുമത്രേ. മുന്‍വര്‍ഷം പിരിച്ച നികുതിയെക്കാള്‍ ഏതാണ്ട് 33 ശതമാനം കൂടുതല്‍. പക്ഷേ, ഈ പൊള്ളക്കണക്കിന്റെ അടിസ്ഥാനത്തിലാണ് നടപ്പുവര്‍ഷത്തെ വരുമാനം കണക്കാക്കിയത്. ഇപ്പോള്‍ നമുക്ക് യഥാര്‍ഥസ്ഥിതിയറിയാം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേവലം 11 ശതമാനം, അതായത് ലക്ഷ്യമിട്ടതിന്റെ മൂന്നിലൊന്നുവേഗത്തില്‍ മാത്രമാണ് നികുതിവരുമാനം കൂടിക്കൊണ്ടിരിക്കുന്നത്. 

എന്തായിരുന്നു ഇതിന്റെ ഫലം? ബജറ്റവതരിപ്പിച്ച് ആറുമാസം കഴിയുമ്പോള്‍ത്തന്നെ സംസ്ഥാനം അതിരൂക്ഷമായ ധനകാര്യപ്രതിസന്ധിയിലാണെന്ന് ധനവകുപ്പിന് അംഗീകരിക്കേണ്ടിവന്നു. ദൈനംദിനചെലവിനുള്ള റവന്യൂ വരുമാനമില്ലാതെവന്നപ്പോള്‍ വായ്പയെടുത്ത പണംമുഴുവന്‍ ഇതിനായുപയോഗിക്കേണ്ടിവന്നു. തന്മൂലം കരാറുകാര്‍ക്കു നല്‍കാന്‍ പണമില്ലാതായി. കാര്യങ്ങളിങ്ങനെ നിയന്ത്രണമില്ലാതെപോയാല്‍ അടുത്ത ഏപ്രിലില്‍ ട്രഷറി പൂട്ടിയിടേണ്ടിവരുമെന്ന് ധനവകുപ്പ് മന്ത്രിസഭയ്ക്കു കുറിപ്പുനല്‍കി. അംഗീകരിച്ച ബജറ്റിനുപുറത്ത് 2500ഓളം കോടിയുടെ നികുതി നിയമസഭപോലും ചേരാതെ അടിച്ചേല്‍പ്പിക്കേണ്ടിവന്നു. ചെലവുകള്‍ക്ക് കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തി. 

ഈ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ ബജറ്റിലും ധനമന്ത്രി തന്റെ പതിവു കലാപരിപാടിതന്നെ തുടരുമോയെന്നതാണ് ഗൗരവമായ ചോദ്യം. കേരള ബജറ്റ് രേഖകള്‍ ലഭിക്കുമ്പോള്‍ ഞാനാദ്യം നോക്കുന്നത് 2014'15ല്‍ പുതുക്കിയ നികുതിവരുമാനം എത്രയാണെന്നായിരിക്കും. ബജറ്റ് അവതരണവേളയില്‍ 42,467 കോടി നികുതി പിരിക്കുമെന്നാണ് കെ.എം. മാണി അവകാശപ്പെട്ടത്. ജനവരിവരെയുള്ള നികുതിപിരിവ് കേവലം 28,496 കോടിയാണ്. അടുത്ത രണ്ടുമാസംകൊണ്ട് ഏറിയാല്‍ 6,500 കോടി പിരിക്കാന്‍ പറ്റും. അപ്പോള്‍ 2014'15ലെ നികുതിവരുമാനം 34,500 കോടിവരും. ലക്ഷ്യമിട്ടതിനെക്കാള്‍ 7500 കോടി നികുതി കുറവ്. ഇതാണവസ്ഥയെങ്കില്‍ റവന്യൂ കമ്മി ധനവകുപ്പുതന്നെ മന്ത്രിസഭയ്ക്കു നല്‍കിയ കുറിപ്പില്‍ പറഞ്ഞതുപോലെ15,000 കോടിയെങ്കിലും വരും. സംസ്ഥാനവരുമാനത്തിന്റെ 3.3 ശതമാനത്തോളംവരും ഈ തുക. റവന്യൂകമ്മിയുടെ കാര്യത്തില്‍ സര്‍വകാല റെക്കോഡിടുകയാണ് കെ.എം. മാണി. ഞാന്‍ കാത്തിരിക്കുന്ന മറ്റൊരുകാര്യമുണ്ട്. 201415ലെ വാര്‍ഷികപദ്ധതിയുടെ എത്രകോടി രൂപ ചെലവഴിക്കുമെന്നാണ് ധനമന്ത്രി കരുതുന്നത്? ട്രഷറി കണക്കുപ്രകാരം ജനവരി അവസാനംവരെ ചെലവഴിച്ചത് സംസ്ഥാനപദ്ധതിയുടെ അടങ്കലിന്റെ 32 ശതമാനം മാത്രമാണ്. എന്തു സര്‍ക്കസ്സുകാണിച്ചാലും 60 ശതമാനത്തിനപ്പുറം ചെലവഴിക്കാനാവില്ല. ഇതംഗീകരിക്കുമോ അതോ കള്ളക്കണക്കില്‍ മറച്ചുവെയ്ക്കുമോ? മാധ്യമശ്രദ്ധയില്‍വരാത്ത ഒരു സുപ്രധാന ഓര്‍ഡര്‍ സമീപകാലത്ത് ധനവകുപ്പില്‍നിന്നിറങ്ങി. അതുപ്രകാരം പദ്ധതിയടങ്കല്‍ ചെലവഴിക്കാനുള്ള കാലാവധി അടുത്ത സപ്തംബര്‍വരെ നീട്ടിയിരിക്കയാണ്. ഇതു തികച്ചും ഭരണഘടനാവിരുദ്ധമായ നടപടിയാണ്. ബജറ്റെന്നാല്‍ സംസ്ഥാനസര്‍ക്കാറിന്റെ വാര്‍ഷികവരവുചെലവുകണക്കാണ്. ഇതിപ്പോള്‍ സര്‍ക്കാര്‍ ഒന്നരവര്‍ഷത്തെ ചെലവുകണക്കാക്കിമാറ്റിയിരിക്കയാണ്. പുതിയ ഉത്തരവുപ്രകാരം അടുത്ത സപ്തംബര്‍ 30നുള്ളില്‍ ചെലവഴിച്ചുതീര്‍ക്കാന്‍ പറ്റുന്ന തുക കാര്യകാരണസഹിതം ഫിനാന്‍സ് വകുപ്പിലറിയിച്ചാല്‍ അവരത് പ്രത്യേക ഇലക്‌ട്രോണിക് ലെഡ്ജര്‍ അക്കൗണ്ടില്‍ വകകൊള്ളിക്കുമത്രേ. പണം ലാപ്‌സാവില്ല. അടുത്ത സപ്തംബറിനുള്ളില്‍ സാധാരണ നടപടിക്രമങ്ങള്‍പാലിച്ചുകൊണ്ട് അതു ചെലവഴിച്ചാല്‍ മതി. ഡിപ്പാര്‍ട്ട്‌മെന്റുകളുടെ കഴിവുകേടുകൊണ്ടാണ് പണം സമയത്തു ചെലവഴിച്ചുതീരാത്തതെന്നാണ് ധനവകുപ്പിന്റെ ഭാവം. യഥാര്‍ഥത്തില്‍ ട്രഷറിയില്‍ പണമില്ലാത്തതുകൊണ്ട് വകുപ്പുകളുടെ ചെലവിനുമേല്‍ കടിഞ്ഞാണിട്ടിരിക്കയാണ്. വായ്പയെല്ലാമെടുത്തുതീര്‍ത്തതുകൊണ്ട് ഇനിയൊട്ടു പണമുണ്ടാകാനുംപോകുന്നില്ല. അതുകൊണ്ടാണ് സപ്തംബര്‍വരെ പദ്ധതി നീട്ടിയത്. ?

2015'16 ശമ്പളപരിഷ്‌കരണവര്‍ഷമാണ്. ഇതിനുള്ള പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടോയെന്നതാണ് മറ്റൊരു സുപ്രധാന ചോദ്യം. കണക്കൊപ്പിക്കാന്‍ ശമ്പളപരിഷ്‌കരണം അടുത്തവര്‍ഷം അട്ടത്തുവെയ്ക്കാനാണ് കൂടുതല്‍ സാധ്യത. മുഖംരക്ഷിക്കാന്‍വേണ്ടി കഴിഞ്ഞവര്‍ഷത്തെപ്പോലെ പൊള്ളക്കണക്കുകളായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക. ബജറ്റ് നിര്‍ദേശങ്ങളെ അഴിമതിക്കുള്ള ഉപായമാക്കിമാറ്റിയെന്ന പ്രതിപക്ഷവിമര്‍ശം അഭൂതപൂര്‍വമായൊരു പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. ഈ അഴിമതിമൂലം ബജറ്റവതരിപ്പിക്കാനുള്ള ധാര്‍മികാവകാശം ധനമന്ത്രിക്കില്ല. അതോടൊപ്പം ബജറ്റ്രേഖയെ ധനമന്ത്രി പ്രഹസനമാക്കിമാറ്റിയെന്നാണെന്റെ ആക്ഷേപം. കഴിഞ്ഞവര്‍ഷം അതൊരു പ്രഹസനമായിരുന്നെങ്കില്‍ ഈ വര്‍ഷം അതൊരു ദുരന്തമായിമാറുമെന്നതിന് ഒരുസംശയവുംവേണ്ട. ഇതെല്ലാം 2014'15ലെ കണക്കുകള്‍ സംബന്ധിച്ചല്ലേ, 2015'16ലെ ബജറ്റ് കണക്കുകളില്‍ ഇതെങ്ങനെ ബാധകമാകുമെന്നത് ന്യായമായചോദ്യമാണ്. 2014'15ല്‍ നികുതിവരുമാനം യഥാര്‍ഥത്തില്‍ 34,500 കോടിക്കപ്പുറംവരില്ല എന്നുപറഞ്ഞല്ലോ. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ചെയ്തപോലെതന്നെ 33 ശതമാനത്തിലേറെ നികുതിവരുമാനവര്‍ധനയുണ്ടാകുമെന്നുള്ള അനുമാനത്തില്‍ 2015'16ലെ നികുതിവരുമാനം പെരുപ്പിച്ചുകാട്ടുകയാണെങ്കില്‍ ഈവര്‍ഷം നടന്നതിന്റെ തനിയാവര്‍ത്തനമായിരിക്കും 2015'16ലും നടക്കുക. 

ഈ സാഹചര്യത്തില്‍ ഏതുതരത്തിലുള്ള വികസനപ്രവര്‍ത്തനമാണ് സര്‍ക്കാറിന് ഏറ്റെടുക്കാനാവുക? സാധാരണഗതിയിലുള്ള പദ്ധതികളുണ്ടാകും. അതിനപ്പുറം കേരളത്തിന്റെ വികസനം ത്വരപ്പെടുത്താനുതകുന്ന ഭാവനാപൂര്‍ണമായ ഒരുപദ്ധതിക്കും പണമുണ്ടാകില്ല. തിരഞ്ഞെടുപ്പുവര്‍ഷമായതുകൊണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകും. പ്രചാരണത്തിനപ്പുറം ഇവയൊന്നും ഫലിക്കില്ല. ? ? കഴിഞ്ഞവര്‍ഷം ബജറ്റ് പ്രസംഗത്തില്‍ പുതുതായി പ്രഖ്യാപിച്ച ഏതെങ്കിലുമൊരു പദ്ധതി നടപ്പാക്കിയതായി ആര്‍ക്കെങ്കിലും പറയാമോ? ബജറ്റ് പ്രസംഗത്തിന്റെ വിശ്വാസ്യത പൂര്‍ണമായി യു.ഡി.എഫ്. തകര്‍ത്തിരിക്കയാണ്. കേവലം പ്രചാരണപ്രസംഗങ്ങളായി അവ അധഃപതിച്ചു. ഇതു വലിയ ദുര്യോഗമാണ്. കേരളവികസനത്തിനു വലിയ ആഘാതമാണ് യു.ഡി.എഫ്. സര്‍ക്കാറും സംഘവും ഏല്‍പ്പിച്ചിട്ടുള്ളത്. 

Thursday, January 23, 2014

ധനമന്ത്രി എന്തുചെയ്യും


ധനവിചാരം, 22 Jan 2014 ബുധനാഴ്ച

റവന്യൂ ചെലവ് ക്രമാതീതമായി ഉയരുന്നു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കാനും പറ്റില്ല. പ്ലാനിങ് ബോര്‍ഡാകട്ടെ, വാര്‍ഷികപദ്ധതി അടങ്കല്‍ 12,000 കോടി രൂപയില്‍നിന്ന് 20,000 കോടി രൂപയായി നിശ്ചയിച്ചിരിക്കുകയുമാണ്. പക്ഷേ, റവന്യൂ വരുമാനം പടവലങ്ങപോലെ താഴേക്കാണ്. ധനമന്ത്രി എന്തുചെയ്യും?

നികുതി, ലാഭം, പലിശ, ഫീസ്, ഫൈന്‍, തുടങ്ങിയ ഇനങ്ങളിലായുള്ള സര്‍ക്കാറിന്റെ വരുമാനമാണ് റവന്യൂ വരുമാനം. ഇത്തരം വരുമാനം ഭാവിയില്‍ യാതൊരു ബാധ്യതയും വരുത്തിവെക്കുന്നില്ല. വായ്പയെടുത്താല്‍ അതല്ല സ്ഥിതി. വായ്പ തിരിച്ചടച്ചേ പറ്റൂ. അങ്ങനെ ബാധ്യതസൃഷ്ടിക്കുന്ന വരുമാനമാണ് മൂലധനവരുമാനം.

ചെലവുകളെ റവന്യൂ ചെലവെന്നും മൂലധനച്ചെലവെന്നും രണ്ടായിത്തിരിക്കാം. ശമ്പളം, പലിശ, പെന്‍ഷന്‍ തുടങ്ങിയ സര്‍ക്കാറിന്റെ നിത്യദാനച്ചെലവുകളെയാണ് റവന്യൂ ചെലവ് എന്ന് വിളിക്കുന്നത്. റവന്യൂ വരുമാനം ബാധ്യതകളൊന്നും സൃഷ്ടിക്കാത്തതുപോലെ റവന്യൂ ചെലവ് ആസ്തികളൊന്നും സൃഷ്ടിക്കുന്നില്ല.

അതേസമയം, പാലം, റോഡ്, കെട്ടിടം തുടങ്ങിയവ പണിയുന്നതിനോ വായ്പനല്‍കുന്നതിനോ ഷെയറെടുക്കുന്നതിനോ ഉള്ള ചെലവുകളുടെ കാര്യം അങ്ങനെയല്ല. പണം ചെലവഴിച്ചുകഴിയുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ആസ്തികള്‍ ബാക്കിയുണ്ടാകും.

ആസ്തികളൊന്നും സൃഷ്ടിക്കാത്ത നിത്യദാനച്ചെലവുകള്‍ക്കായി വായ്പയെടുക്കാന്‍ പാടില്ല. ഇങ്ങനെ സ്ഥിരമായി വായ്പയെടുക്കുന്ന സര്‍ക്കാര്‍ കുത്തുപാളയെടുക്കും. അതുകൊണ്ട് റവന്യൂ ചെലവുകള്‍ക്ക് തുല്യമായ റവന്യൂ വരുമാനമെങ്കിലും കണ്ടെത്തണമെന്നുള്ളതാണ് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്ന തത്ത്വം. അഥവാ റവന്യൂ കമ്മി പാടില്ല. റവന്യൂ വരുമാനവും റവന്യൂ ചെലവും 2014-'15-ല്‍ സമാസമമാക്കും എന്ന നിയമംപോലും നാം പാസാക്കിയിട്ടുണ്ട്. പക്ഷേ, റവന്യൂ കമ്മി കുറയുന്നതിനുപകരം കൂടുകയാണ്.

2012-'13-ലെ 'ബജറ്റ് മതിപ്പുകണക്ക്' പ്രകാരം റവന്യൂ കമ്മി 3,464 കോടി രൂപയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ധനമന്ത്രിയുടെ പക്കല്‍ ഡിസംബര്‍ വരെയുള്ള വരവുചെലവ് കണക്കുകള്‍ ലഭ്യമായിരുന്നു. അത് പരിശോധിച്ചിട്ട് കമ്മി 3,406 കോടി രൂപയായി കുറയുമെന്ന് വിലയിരുത്തി. ഇങ്ങനെ മുന്‍വര്‍ഷത്തെ ബജറ്റ് മതിപ്പുകണക്ക് തിരുത്തുന്നതിനെയാണ് 'പുതുക്കിയ കണക്ക്' എന്നുപറയുന്നത്.

 മാര്‍ച്ചിനുശേഷം അക്കൗണ്ടന്റ് ജനറലാണ് ട്രഷറികളിലെയും വകുപ്പുകളിലെയും വരവുചെലവ് കണക്കുകള്‍ ഒത്തുനോക്കി 'അവസാന കണക്കുകള്‍' പ്രസിദ്ധീകരിക്കുക. ഈ കണക്കുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച നിയമസഭയില്‍ വിതരണംചെയ്തു. അതുപ്രകാരം റവന്യൂ കമ്മി കുറയുകയല്ല, 9,351 കോടി രൂപയായി പെരുകുകയാണ് ചെയ്തത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ കമ്മിയാണിത്.

എങ്ങനെ ഇത് സംഭവിച്ചു എന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ വിശദീകരിച്ചേ തീരൂ. കമ്മിയുടെ 'ബജറ്റ് മതിപ്പുകണക്കും' 'പുതുക്കിയ കണക്കും' തമ്മില്‍ വലിയ അന്തരമുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. പക്ഷേ, പത്തുമാസത്തെ യഥാര്‍ഥ വരവുചെലവ് കണക്കുകള്‍ പഠിച്ച് തയ്യാറാക്കുന്ന 'പുതുക്കിയ കണക്കും' സി.എ.ജി.യുടെ 'അവസാന കണക്കും' തമ്മില്‍ ഇത്ര ഭീമമായ പൊരുത്തക്കേടുണ്ടാകുന്നത് നടാടെയാണ്.

ഒന്നുകില്‍ കമ്മികുറച്ചതിന്റെ കൈയടിവാങ്ങാന്‍ കണക്കുകളില്‍ കൃത്രിമംകാട്ടി. സുബോധമുള്ള ഒരാള്‍ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. ചെമ്പുതെളിയുന്നതിന് ഏതാനും മാസമല്ലേ വേണ്ടിവരൂ. ഇതല്ലെങ്കില്‍ പിന്നെ ഒരു ന്യായമേയുള്ളൂ. വരവും ചെലവും കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതില്‍ ധനവകുപ്പ് വലിയ വീഴ്ചവരുത്തി. വരുമാനം നോക്കിയായിരുന്നില്ല ചെലവ്. കാട്ടിലെ മരം, തേവരുടെ ആന. വലിയെടാ വലി. അത്രതന്നെ.

കേരളത്തിന്റെ റവന്യൂ കമ്മി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുറയുകയായിരുന്നു. 2010-'11-ല്‍ അത് 1.4 ശതമാനമായിരുന്നു. ശമ്പളപരിഷ്‌കരണം നടപ്പാക്കിയതുമൂലം 2011-'12-ല്‍ അത് 2.6 ശതമാനമായി ഉയര്‍ന്നു. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍, 2012-'13-ല്‍ റവന്യൂ കമ്മി 0.9 ശതമാനമായി കുറയുമെന്നാണ് ധനമന്ത്രി അവകാശപ്പെട്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റുകള്‍ സര്‍ക്കാര്‍ ബജറ്റ്കണക്കുകളില്‍ റവന്യൂ ചെലവായിട്ടാണ് കണക്കാക്കുന്നത്. ഇത് ശരിയല്ല. കാരണം, ഈ ഗ്രാന്റുകളുടെ പകുതിയെങ്കിലും നിര്‍മാണപ്രവൃത്തികള്‍ക്കാണ് ചെലവഴിക്കുന്നത്.

യഥാര്‍ഥത്തില്‍ ഇത്രയും തുക മൂലധനച്ചെലവാണ്. ഇത് കിഴിച്ച് കണക്കാക്കിയാല്‍ 2012-'13- ലെ 'യഥാര്‍ഥ കമ്മി' 0.2 ശതമാനം മാത്രമേ വരൂ എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നിയമം അനുശാസിക്കുന്നതുപോലെ 2014-'15-ല്‍ മിച്ചബജറ്റ് അവതരിപ്പിക്കുമെന്നായിരുന്നു അവകാശവാദം. ഇതാകെ പൊളിഞ്ഞിരിക്കുന്നു. 2012-'13-ല്‍ റവന്യൂ കമ്മി 2.6 ശതമാനമാണ്.

എങ്ങനെയാണ് ധനസ്ഥിതി തകിടംമറിഞ്ഞത്? സി.എ.ജി.യുടെ 'അവസാന കണക്കുകള്‍' മറുപടി നല്‍കും. പുതുക്കിയ കണക്കില്‍ പറഞ്ഞതിനേക്കാള്‍ റവന്യൂ വരുമാനം 4,132 കോടി രൂപ കുറഞ്ഞു. അതേസമയം, റവന്യൂ ചെലവ് പുതുക്കിയ കണക്കിനെ അപേക്ഷിച്ച് 1,813 കോടി രൂപ വര്‍ധിച്ചു. ഫലമോ? റവന്യൂ കമ്മി പുതുക്കിയ കണക്കിനെ അപേക്ഷിച്ച് 5,149 കോടി രൂപ ഉയര്‍ന്നു.

ധനമന്ത്രി അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ 2013-'14-ലെ പുതുക്കിയ കണക്ക് കഴിഞ്ഞ വര്‍ഷത്തേതുപോലെ പൊളിക്കണക്കാവില്ലെന്ന് കരുതാം. ഏതായാലും നടപ്പുവര്‍ഷത്തെ റവന്യൂ വരുമാനത്തിന്റെ പ്രവണതകള്‍ ഇന്ന് ചര്‍ച്ചാവിഷയമാണ്. കണക്കുകൊണ്ട് കസര്‍ത്ത് സാധ്യമല്ല.

ധനമന്ത്രി പറയുന്നതുപോലെ ഒരു താത്കാലിക സാമ്പത്തിക ഞെരുക്കമല്ല നാം നേരിടുന്നത്. പുതിയൊരു ധനകാര്യപ്രവണതയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇത് സംസ്ഥാനത്തെ നയിച്ചുകൊണ്ടിരിക്കുന്നത്.
വായ്പയെടുക്കുന്ന പണം കൂടുതല്‍ക്കൂടുതല്‍ മൂലധനച്ചെലവിനായി നീക്കിവെക്കപ്പെടുമെന്നും 2014-'15 ആകുമ്പോഴേക്കും വായ്പയെടുക്കുന്ന ഏതാണ്ട് 14,000 കോടി രൂപയും മൂലധനച്ചെലവിന് വകയിരുത്തപ്പെടും എന്നായിരുന്നു അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന പ്രതീക്ഷ.

ആയതിനാല്‍ 2009-'10 മുതല്‍ വലിയതോതില്‍ പൊതുമരാമത്ത് പണികള്‍ക്ക് അനുവാദം നല്‍കി. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കൈയില്‍ എത്ര തുകയുണ്ടെന്നുനോക്കി അതിനനുസരിച്ച് പൊതുമരാമത്ത് പണികള്‍ അനുവദിക്കുകയായിരുന്നു പതിവ്. അതിനുപകരം ഭാവിയില്‍ വായ്പാവരുമാനത്തില്‍നിന്ന് റവന്യൂ ചെലവ് കിഴിച്ച് മിച്ചമായി എത്രതുക വരും എന്ന് കണക്കാക്കി പൊതുമരാമത്ത് പണികള്‍ അനുവദിക്കാന്‍ തുടങ്ങി. കേരളത്തിന്റെ വികസനചരിത്രത്തില്‍ ഇത് പുതിയൊരു അധ്യായം തീര്‍ത്തു.

കോണ്‍ട്രാക്ടര്‍മാരുടെ വര്‍ധിക്കുന്ന കുടിശ്ശിക, മൂര്‍ച്ഛിക്കുന്ന പ്രതിസന്ധിയുടെ ഒരു സൂചനയാണ്. ക്ഷേമപ്പെന്‍ഷന്‍ പോലുള്ള റവന്യൂ ചെലവും കുടിശ്ശികയാണ്. വീടൊന്നിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 70,000 രൂപവെച്ച് നല്‍കും എന്ന വാഗ്ദാനം പാലിക്കാത്തതുമൂലം കേരളത്തിലെ മുഴുവന്‍ പാര്‍പ്പിട പദ്ധതികളും സ്തംഭനത്തിലാണ്. ഇന്ദിരാ ആവാസ് യോജന പ്രകാരമുള്ള 55,000 വീടുകളില്‍ പത്തിലൊന്നുപോലും ഈ വര്‍ഷം തീരാന്‍ പോകുന്നില്ല.

ധനമന്ത്രി എന്തുചെയ്യും? ഈ വര്‍ഷത്തിലെ പ്ലാന്‍ 30 ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കും. നിലവിലുള്ള പദ്ധതി വെട്ടിക്കുറച്ചിട്ട് അടുത്തവര്‍ഷത്തേക്ക് ഭീമന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് വാചകമടിയായേ ആരും കരുതൂ. അതുകൊണ്ട് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെയും പോലെതന്നെ നികുതിനിരക്ക് കൂട്ടാനാവും ധനമന്ത്രി ശ്രമിക്കുക. വാറ്റ് നികുതി നാല് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും 12.5 ശതമാനനിരക്ക് 14.5 ശതമാനവുമായി ഉയര്‍ത്തിയ ധനമന്ത്രി ഉടുതുണിക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ പോവുകയാണത്രേ. അതോടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച ധനമന്ത്രി എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിക്കും.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...