About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Wednesday, September 28, 2016

ട്രമ്പ്‌ , ഹിലരി , സാന്‍ഡേഴ്സ്

ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പുതുമയുണ്ട്. ശക്തമായ ആശയ സംവാദം പ്രചരണത്തിന്‍റെ ഭാഗമായി നടന്നു. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള പരസ്യ ടെലിവിഷന്‍ സംവാദങ്ങള്‍ അമേരിക്കയിലെ പ്രധാനപ്പെട്ട പ്രചരണ രീതിയാണെങ്കിലും അടിസ്ഥാന സാമ്പത്തിക-വിദേശ നയങ്ങള്‍ സംബന്ധിച്ച് പൊതുവില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വലിയ അഭിപ്രായഭേദം ഉണ്ടാകാറില്ല. സാധാരണഗതിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ യാഥാസ്ഥിതിക നിലപാടുകളാണ് ഉയര്‍ത്തിപ്പിടിക്കാറ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരാകട്ടെ ലിബറല്‍ നയങ്ങളും. എന്നാല്‍ റീഗന്‍റെ ആരോഹണത്തോടെ സ്ഥിതിഗതികളാകെ മാറി. തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളെ കൂടുതല്‍ യാഥാസ്ഥിതിക നിലപാടുകള്‍ സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചു. നിയോലിബറല്‍ ആശയങ്ങള്‍ക്ക് പൂര്‍ണ്ണമായി ഓശാന പാടാതെ നില്‍ക്കാനാവില്ലെന്നാണ് നേതാക്കളില്‍ ഭൂരിപക്ഷംപേരും എത്തിച്ചേര്‍ന്ന നിഗമനം.
2016 ലെ തെരഞ്ഞെടുപ്പ് അറുബോറനായിരിക്കും എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ ആദ്യ വിലയിരുത്തല്‍. മുന്‍ പ്രസിഡന്‍റിന്‍റെ ഭാര്യയും (ഹിലരി ക്ലിന്‍ണ്‍) മുന്‍ പ്രസിഡന്‍റിന്‍റെ മകനും (ജെബ് ബുഷ്) തമ്മിലുള്ള സൗഹൃദ പോരായിരിക്കും തെരഞ്ഞെടുപ്പ് എന്നായിരുന്നു പൊതുധാരണ.
രണ്ട് ഘട്ടമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തങ്ങളുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. രണ്ടാംഘട്ടത്തിലാണ് ഇരുപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരപ്രചാരണം നടക്കുക. ആദ്യഘട്ട പ്രചാരണങ്ങള്‍ ആരംഭിച്ച് അധികം കഴിയുന്നതിനുമുമ്പ് വിസ്മയകരമായ ഒരു അനുഭവം ഉണ്ടായി. പ്രധാനപ്പെട്ട രാഷ്ട്രീയ നിരീക്ഷകരാരും പരിഗണനപോലും നല്‍കിയിട്ടില്ലായിരുന്ന രണ്ടുപേര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയിലും മത്സരത്തിന്‍റെ മുന്നണിയിലേയ്ക്ക് വന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്നതിനു വേണ്ടിയുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രമ്പിന്‍റെ രംഗപ്രവേശനമായിരുന്നു ആദ്യം നടന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് ട്രമ്പിന്‍റെ സാമ്പത്തികമേഖല. തനി പിടിച്ചുപറിക്കാരനായ ഊഹക്കച്ചവടക്കാരന്‍ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസിദ്ധി. ദുര്‍ബലവിഭാഗങ്ങള്‍ താമസിക്കുന്ന വിലകുറഞ്ഞ അതേസമയം കണ്ണായ പ്രദേശങ്ങള്‍ കൈക്കലാക്കി അവിടെ അംബരചുംബികള്‍ പണിത് കൊള്ളിമീന്‍ വേഗതയിലാണ് ട്രമ്പ് വളര്‍ന്നത്. ടെലിവിഷന്‍ പ്രകടനങ്ങളും വട്ടത്തരങ്ങളും മൂലം അറിയപ്പെട്ടിരുന്ന അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായി മത്സരിക്കുവാന്‍ ഇറങ്ങിയപ്പോള്‍ ആരും അത്ര ഗൗരവത്തിലെടുത്തില്ല. എന്നാല്‍ റിപ്പബ്ലിക്കന്‍മാരെപ്പോലും ഞെട്ടിച്ച കടുത്ത യാഥാസ്ഥിതിക പ്രഖ്യാപനങ്ങളിലൂടെ അതിവേഗത്തില്‍ അണികളുടെ സ്വീകാര്യത അദ്ദേഹം നേടി.
അമേരിക്കയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും മുഖ്യകാരണം വിദേശ കുടിയേറ്റമാണെന്നാണ് ട്രമ്പിന്‍റെ പക്ഷം. ട്രമ്പ് കണ്ട പരിഹാരം മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുകയാണ്. അങ്ങനെ അനധികൃത കുടിയേറ്റം തടയാം. ഒരുകോടിയില്‍പ്പരം ഇത്തരക്കാര്‍ അമേരിക്കയിലുണ്ട്. അവരെയെല്ലാം നാടുകടത്തണം. താന്‍ ജയിച്ചാല്‍ വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനവും വലിയ കോളിളക്കം സൃഷ്ടിച്ചു. പാരീസിലെ ഭീകര അക്രമണത്തെതുടര്‍ന്ന് ട്രമ്പ് മുസ്ലിംങ്ങളെ മുഴുവന്‍ തീവ്രവാദികളായി മുദ്രകുത്തി. മുസ്ലിംങ്ങള്‍ക്ക് അമേരിക്കയിലേയ്ക്ക് പ്രവേശനം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയിലുള്ള മുസ്ലിംങ്ങളെ മുഴുവന്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്നും സംശയമുള്ളവരെ മുഴുവന്‍ കരുതല്‍ തടങ്കലിലാക്കണമെന്ന പ്രഖ്യാപനം നാസി കാലഘട്ടത്തെ ജൂതവേട്ടയുടെ സ്മരണകള്‍ ഉണര്‍ത്തി. പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ട്രമ്പിന്‍റെ വാചകമടിക്ക് പിന്തുണയേറി. അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായി.
ഇതിനു സമാന്തരമായി ഡെമോക്രാറ്റിക് പാര്‍ട്ടിയിലും പുതിയൊരു താരം ഉദിച്ചു - വര്‍മോണ്ടിലെ സെനറ്ററായ ബര്‍ണീ സാന്‍റേഴ്സ് എന്ന 70 വയസുകാരന്‍. ട്രമ്പിന്‍റെ നേരെ വിപരീതമായിരുന്നു സാന്‍റേഴ്സ്. താഴ്ന്ന ഇടത്തരം കുടുംബത്തിലെ അംഗം. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ അമേരിക്കയിലെ സോഷ്യലിസ്റ്റ് ജനപ്രിയ നേതാവായിരുന്ന യൂജീന്‍ ഡെബ്സ് ആയിരുന്നു സാന്‍റേഴ്സിന്‍റെ ആദര്‍ശ പുരുഷന്‍മാരില്‍ ഒരാള്‍. 1981 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബര്‍ലിന്‍ടണ്‍ എന്ന വര്‍മോണ്ടിലെ ഒരു കൊച്ചുപട്ടണത്തിന്‍റെ മേയറായി 10 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ അക്കാലത്തെ ഏക സ്വതന്ത്രമേയര്‍.. തുടര്‍ച്ചയായി മൂന്നു പ്രാവശ്യം വിജയിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ സെനറ്ററുമായി. പക്ഷേ ആരും അദ്ദേഹത്തെ മുഖ്യധാര രാഷ്ട്രീയക്കാരനായി പരിഗണിച്ചിരുന്നില്ല. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന് സ്വയം ഏറ്റെടുത്ത വിശേഷണമായിരുന്നു ഇതിനു കാരണം. സോഷ്യലിസ്റ്റ് എന്നുള്ളത് ഒരു ശകാരപദമായിട്ടാണ് അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയം കണ്ടിരുന്നത്.
ട്രമ്പിനെപ്പോലെ സാന്‍റേഴ്സിന്‍റെ പ്രഖ്യാപനങ്ങളും ജനങ്ങളെ ഞെട്ടിച്ചു. ഒബാമ പോലും പണക്കാരുടെമേല്‍ നികുതി കുറയ്ക്കാനാണ് ശ്രമിച്ചത്. അവിടെയാണ് പണക്കാരുടെമേല്‍ നികുതി ചുമത്തണമെന്ന ആവശ്യവുമായി സാന്‍റേഴ്സ് എന്ന ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശനം ചെയ്യുന്നത്. പാവങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷ്വറന്‍സ് അടക്കമുള്ള ക്ഷേമ പദ്ധതികള്‍ അദ്ദേഹം മുന്നോട്ടുവച്ചു. സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പമാണ് സാന്‍റേഴ്സിന്‍റെ ആദര്‍ശം. ബാങ്കുകള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കുമെതിരെ ശക്തമായ വിമര്‍ശനം അദ്ദേഹം ഉയര്‍ത്തി. മാധ്യമങ്ങള്‍ സാന്‍റേഴ്സിനെ അവഗണിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കുവാന്‍ ജനങ്ങള്‍ തടിച്ചുകൂടുവാന്‍ തുടങ്ങി. സാധാരണക്കാരന്‍റെ സ്ഥാനാര്‍ത്ഥിയായ തനിക്ക് കോടീശ്വരന്‍മാരുടെ തെരഞ്ഞെടുപ്പ് സംഭാവനകള്‍ വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചു. കേവലം 4 ലക്ഷം ഡോളറിന്‍റെ സ്വത്തുടമയായ സാന്‍റേഴ്സും 4 ലക്ഷം കോടി ഡോളറിന്‍റെ ആസ്തിയുള്ള ട്രമ്പും തമ്മിലുള്ള താരതമ്യം അദ്ദേഹത്തിന്‍റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ഒരു ഘട്ടത്തില്‍ ഹിലാരിയെ മറികടക്കുമെന്ന് തോന്നി. പക്ഷേ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം ഒന്നടങ്കം സാന്‍റേഴ്സിനെതിരെ ചരടുവലിച്ചു. ഹിലാരി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു.
ട്രമ്പ് - സാന്‍റേഴ്സ് ധ്രുവീകരണത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ അമേരിക്കയിലെ അസമത്വത്തിലുണ്ടായ ഭീതിജനകമായ വര്‍ദ്ധനയാണ്. 1977 ല്‍ ഏറ്റവും സമ്പന്നരായ 10 ശതമാനം കുടുംബങ്ങള്‍ സ്വത്തിന്‍റെ 33 ശതമാനം ഉടമസ്ഥരായിരുന്നു. 2004 ആയപ്പോഴേയ്ക്കും ഇത് 50 ശതമാനത്തിലധികരിച്ചു. വളര്‍ച്ചയുടെ നേട്ടങ്ങള്‍ മുഴുവന്‍ ഒരു ചെറുസംഘം പണക്കാരുടെ കൈയിലൊതുങ്ങി. ഇതുമൂലം അമേരിക്കയിലെ ഇടത്തരം വിഭാഗങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. ഇടത്തരക്കാരുടെ തിരോധാനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നു.
2008 ലെ സാമ്പത്തിക തകര്‍ച്ച അസംതൃപ്തിക്ക് ആക്കം കൂട്ടി. ലക്കും ലഗാനുമില്ലാതെ ബാങ്കുകള്‍ ഭവന വായ്പകള്‍ നല്‍കിയതിന്‍റെ ഫലമായി റിയല്‍ എസ്റ്റേറ്റ് വിലകള്‍ ഉയര്‍ന്നു. കടം വാങ്ങി വീട് വച്ചവര്‍ ആ വീടുകള്‍ പണയം വച്ച് പുതിയ വീടുകള്‍ വാങ്ങി. അതനുസരിച്ച് വിലകള്‍ പിന്നേയും ഉയര്‍ന്നു. കൂടുതല്‍ വായ്പകള്‍ നല്‍കാനുള്ള ആര്‍ത്തിയില്‍ ചില്ലറ ബാങ്കുകള്‍ തങ്ങള്‍ക്ക് കിട്ടിയ പണായാധാരങ്ങള്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകള്‍ക്ക് പണയം വച്ച് വായ്പകള്‍ എടുത്തു. ഈ വായ്പകളുടെ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകള്‍ ബോണ്ടുകള്‍ ഇറക്കി. ഇങ്ങനെ റിയല്‍ എസ്റ്റേറ്റ് കുമിള ഊതിവീര്‍ത്തു. അവസാനം രണ്ടും മൂന്നും വീടുകള്‍ വാങ്ങിക്കൂട്ടിയവര്‍ തിരിച്ചടവിന് പോംവഴി ഇല്ലാതെ കുടിശിക വരുത്തിയതോടെ കടത്തിന്‍റെ ഈ ചീട്ടുകൊട്ടാരം പൊളിഞ്ഞു. ഭീമന്‍ ബാങ്കുകള്‍ തകര്‍ന്നു. സമ്പദ്ഘടനയെ സര്‍വ്വനാശത്തില്‍ നിന്നും രക്ഷിക്കാന്‍ ബുഷ് തലപുകഞ്ഞ് ആലോചിച്ചു.
രണ്ട് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. ഒന്ന്, വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയിലായ സാധാരണക്കാരെ സഹായിക്കുക. സര്‍ക്കാര്‍ പ്രത്യേക വായ്പ അവര്‍ക്ക് ലഭ്യമാക്കിയാല്‍ കുടിശിക ഇല്ലാതാക്കാം. ബാങ്കുകളും രക്ഷപെടും. രണ്ട്, ബാങ്കുകള്‍ക്ക് നേരിട്ട് വായ്പ നല്‍കി തകര്‍ച്ചയില്‍ നിന്നും അവരെ രക്ഷിക്കുക. ബാങ്കുകള്‍ കടക്കെണിയിലായവരോട് ഉദാരമായ സമീപനം കൈക്കൊള്ളുന്നതോടെ പ്രതിസന്ധിയും തീരും. ബുഷ് രണ്ടാമത്തെ മാര്‍ഗ്ഗമാണ് തെരഞ്ഞെടുത്തത്. ഒബാമയും ആ പാത തന്നെ പിന്തുടര്‍ന്നു. പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാരായ ബാങ്കുകള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും 7.7 ലക്ഷം കോടി ഡോളറാണ് അമേരിക്കന്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. ബാങ്കുകള്‍ രക്ഷപെട്ടു. അവിടെ ലാഭം വീണ്ടും കുത്തനെ ഉയര്‍ന്നു. എന്നാല്‍ സാധാരണക്കാരോട് ബാങ്കുകള്‍ ഉദാരമായ സമീപനമല്ല സ്വീകരിച്ചത്. അവരില്‍ നല്ലപേര്‍ക്കും പാര്‍പ്പിടങ്ങള്‍ നഷ്ടമായി. ഈ സ്ഥിതിവിശേഷം അസംതൃപ്തിക്ക് ആക്കംകൂട്ടി.
ഈ അസംതൃപ്തി രണ്ട് വിരുദ്ധ രാഷ്ട്രീയ പ്രവണതകള്‍ക്ക് രൂപംനല്‍കി. ഒന്നാമത്തേത് റ്റീ പാര്‍ട്ടിക്കാര്‍ എന്നറിയപ്പെടുന്ന താഴ്ന്ന ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും പ്രതിഷേധങ്ങളും ലഹളകളും ആയിരുന്നു. തികച്ചും വലതുപക്ഷ തീവ്രനിലപാടുകളാണ് അവര്‍ ഉയര്‍ത്തിയത്. അമേരിക്കന്‍ പ്രതിസന്ധിക്ക് കാരണം വിദേശ കുടിയേറ്റം ആണെന്നായിരുന്നു അവരുടെ അടിസ്ഥാന നിലപാട്. ഇവരില്‍ നല്ല പങ്കു പേരെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഉള്‍ക്കൊണ്ടു. രണ്ടാമത്തേത് ഓക്യുപ്പേഷന്‍ വാള്‍സ്ട്രീറ്റ് സമരക്കാരായിരുന്നു. 99 ശതമാനം വരുന്ന സാധാരണക്കാരെ ഒരു ശതമാനം വരുന്ന ഊഹക്കച്ചവടക്കാര്‍ക്കും ധനമൂലധന നാഥന്‍മാര്‍ക്കുമെതിരെ അണിനിരത്തുകയായിരുന്നു അവരുടെ ലക്ഷ്യം. തീവ്ര ഇടതുപക്ഷവാദികള്‍ മുതല്‍ ലിബറല്‍ ചിന്താഗതിക്കാര്‍ വരെ ഒരുമിച്ചു ചേര്‍ന്നു. പക്ഷേ ഒബാമ സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തത്. ട്രമ്പ് റ്റീ പാര്‍ട്ടിക്കാരുടെ രാഷ്ട്രീയ പിന്തുടര്‍ച്ചാക്കാരനാണെങ്കില്‍ സാന്‍റേഴ്സ് ഓക്യുപൈ സമരക്കാരുടെ ചാര്‍ച്ചക്കാരനാണ്.
ഹിലരി സ്ഥാനാര്‍ത്ഥി ആയതോടെ ഡെമോക്രാറ്റിക് കക്ഷിയിലെ വലതുപക്ഷ മധ്യമാര്‍ഗ്ഗക്കാര്‍ ശക്തരായി. അതേസമയം പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആയതിനുശേഷം തന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി ട്രമ്പ് കൂടുതല്‍ മിതവാദി ആയിട്ടുണ്ട്. തന്‍റെ ചില വാക് പ്രയോഗങ്ങള്‍ക്ക് പരസ്യമായി അദ്ദേഹം മാപ്പു പറയുകപോലും ചെയ്തു. അങ്ങനെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പരമ്പരാഗത മധ്യമാര്‍ഗ്ഗത്തില്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കുകയാണ്. 

Tuesday, August 23, 2016

ജി.എസ്.റ്റി വിലക്കയറ്റം ഉണ്ടാക്കുമോ?

ജി.എസ്.ടി നികുതി 18 ശതമാനത്തില്‍ അധികമായാല്‍ വിലക്കയറ്റം സൃഷ്ടിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യവും മുന്‍കേന്ദ്ര ധനമന്ത്രി ചിദംബരവും ഒരുപോലെ വാദിക്കുന്നത്. ചിദംബരം ഒരുപടികൂടി കടന്ന് ഒരു കാരണവശാലും ജി.എസ്.ടി നികുതി നിരക്ക് 18 ശതമാനത്തില്‍ അധികരിക്കില്ല എന്ന് ഭരണഘടനാ വ്യവസ്ഥയിലൂടെതന്നെ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ജി.എസ്.ടി.യെ പാര്‍ലമെന്‍റില്‍ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസ് പറഞ്ഞ ഒരു ന്യായം ഇതായിരുന്നു. ഭാഗ്യത്തിന് ഇത്തരമൊരു നിബന്ധന ഇല്ലാതെയാണ് ജി.എസ്.ടി ഭരണഘടനാ ഭേദഗതി ബില്‍ പാസ്സായിട്ടുള്ളത്.
കോണ്‍ഗ്രസ് ധനമന്ത്രിമാരില്‍ തന്നെ ഒന്നോ രണ്ടോ പേരൊഴികെ ബാക്കി സംസ്ഥാന ധനമന്ത്രിമാരെല്ലാം പരമാവധി നികുതി 18 ശതമാനമാക്കി ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യുന്നതിന് എതിര്‍ത്തതുമൂലമാണ് ഈ ആവശ്യം കോണ്‍ഗ്രസ് പിന്‍വലിച്ചതെന്ന് ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് സംസ്ഥാനങ്ങളുടെ എതിര്‍പ്പിന് കാരണം? സംസ്ഥാനങ്ങളുടെ മുഖ്യ നികുതി അധികാരം വില്‍പ്പന നികുതി / വാറ്റ് ആണ്. ജി.എസ്.ടി ഭരണഘടനാ ഭേദഗതിയിലൂടെ അത് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുകയാണ്. എന്നിട്ടും ഞാന്‍ ജി.എസ്.ടി.യെ നഖശിഖാന്തം എതിര്‍ക്കാതിരുന്നതിന് കാരണമുണ്ട്. വില്‍പ്പന നികുതിക്ക് പകരം വാറ്റ് ഏര്‍പ്പെടുത്തിയതോടെ പ്രായോഗികമായി സംസ്ഥാനങ്ങളുടെ സ്വതന്ത്ര നികുതി അധികാരം നഷ്ടപ്പെട്ടു. ഉദാഹരണത്തിന് നമ്മള്‍ വാറ്റ് നികുതി 20 ശതമാനമായി ഉയര്‍ത്തിയെന്നിരിക്കട്ടെ. ഉപഭോക്താക്കള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ തുടങ്ങും. പ്രവേശന നികുതി ഇല്ലാതായതിനാല്‍ നമുക്ക് അതിനെ തടയാനാവില്ല. വ്യാപാരവും പോകും നികുതിയും പോകും എന്നതായിരിക്കും ഫലം. അതിനാല്‍ ജി.എസ്.ടി വന്നതുകൊണ്ട് പ്രായോഗികമായി സംസ്ഥാനങ്ങള്‍ക്ക് വലിയ അധികാരമൊന്നും നഷ്ടപ്പെടുന്നില്ല. അതേസമയം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്‍റെ കൈയിലിരിക്കുന്ന സേവനങ്ങളുടെ മേല്‍ നികുതി ചുമത്താനുള്ള അധികാരം പുതിയതായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.
ഇന്ന് ഭരണഘടനയില്‍ ഒരു നികുതിക്കു മാത്രമേ പരിധി കല്‍പ്പിച്ചിട്ടുള്ളൂ. അത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന പ്രൊഫഷണല്‍ ടാക്സിനാണ്. 2500 രൂപ അധികരിക്കാന്‍ പാടില്ല. ഈയൊരു നിലയിലേയ്ക്ക് സംസ്ഥാനങ്ങളെ താഴ്ത്തുന്നതിന് തുല്യമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച വാദം. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരുംകൂടി തീരുമാനിച്ചാല്‍ പോലും 18 ശതമാനത്തിനുമേല്‍ ഉയര്‍ത്തുന്നതിന് മറ്റൊരു ഭരണഘടന ഭേദഗതി വേണമെന്ന വ്യവസ്ഥ ജനാധിപത്യവിരുദ്ധമാണ്. പ്രകൃതിക്ഷോഭം പോലുള്ള അസാധാരണ സന്ദര്‍ഭങ്ങള്‍ പോലെ നികുതി നിരക്ക് ഉയര്‍ത്തി വിഭവ സമാഹരണം നടത്തേണ്ടുന്ന അത്യന്താപേക്ഷിത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാമെന്നും അതുകൊണ്ട് ഇത്തരമൊരു ഭരണഘടനാ നിബന്ധന പാടില്ലായെന്ന് ബി.ജി.പി.ക്കു പോലും സമ്മതിക്കേണ്ടിവന്നു.
ചരക്കു സേവനനികുതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരുന്ന വിവിധതരം എക്സൈസ് നികുതികളും സേവന നികുതിയും സംസ്ഥാനങ്ങള്‍ ചുമത്തിയിരുന്ന വാറ്റ് നികുതി, ആഡംബര നികുതി, പ്രവേശന നികുതി തുടങ്ങിയവയെല്ലാം ലയിപ്പിച്ച് ഒറ്റ നികുതിയാകും. ഏതെങ്കിലുമൊരു ചരക്ക് ഉല്‍പ്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഓരോ ഘട്ടത്തിലെയും മൂല്യവര്‍ദ്ധനവിന്‍റെ മേല്‍ കേന്ദ്രവും സംസ്ഥാനങ്ങളും നികുതി ചുമത്തുകയാണ് ചെയ്യുക. ഇതുപോലെതന്നെ സേവനങ്ങളുടെമേലും. ഓരോ ഘട്ടത്തിലും ഉല്‍പ്പാദകനോ വ്യാപാരിയോ പിരിക്കുന്ന നികുതികളില്‍ നിന്നും (ഔട്ട്പുട്ട് ടാക്സ്) അസംസ്കൃത വസ്തുക്കളും സേവനങ്ങളും വാങ്ങിയപ്പോള്‍ നല്‍കിയ നികുതി (ഇന്‍പുട്ട് ടാക്സ്) കിഴിച്ച് ശിഷ്ടനികുതി സര്‍ക്കാരുകള്‍ക്ക് ഒടുക്കിയാല്‍ മതിയാകും. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള വാറ്റ് സമ്പ്രദായമാണ് ജി.എസ്.ടി എന്നുപറയാം. വ്യത്യാസം സേവനങ്ങള്‍കൂടി ഈ നികുതിയില്‍ ലയിപ്പിച്ചിരിക്കുന്നൂവെന്നതാണ്. ഇത്തരമൊരു നികുതി നടപ്പിലാവുമ്പോള്‍ നിരക്ക് 18 ശതമാനത്തില്‍ അധികരിച്ചാല്‍ വിലക്കയറ്റം ഉണ്ടാകുമെന്നവാദം അടിസ്ഥാനരഹിതമാണ്.
ഉപഭോക്തൃ വ്യവസായ ഉല്‍പന്നങ്ങളുടെമേല്‍ ഇപ്പോഴുള്ള നികുതിഭാരം എത്രയെന്ന് പരിശോധിക്കാം. ഉല്‍പാദന ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യവസായ ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ മേല്‍ ശരാശരി 16.5 ശതമാനം എക്സൈസ് നികുതി ചുമത്തുന്നുണ്ട്. വില്‍പ്പന ഘട്ടത്തില്‍ നികുതി ചുമത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കാണ്. ഇപ്പോള്‍ നിലവിലുള്ള വാറ്റ് നികുതി സമ്പ്രദായ പ്രകാരം 14.5 ശതമാനം നികുതി സംസ്ഥാനങ്ങള്‍ ചുമത്തുന്നു. എക്സൈസ് നികുതി കൂടി അടങ്ങുന്ന വിലയുടെ മേലാണ് 14.5 ശതമാനം വാറ്റ് നികുതി എന്നോര്‍ക്കണം. എക്സൈസ് നികുതിയും വാറ്റ് നികുതിയും മാത്രം കണക്കിലെടുത്താല്‍ പോലും 31 ശതമാനം വരും.
ഇതിനുപുറമേ സര്‍വ്വീസ് ടാക്സിന്‍റെ ഒരു വിഹിതവും വരും. ഉദാഹരണത്തിന് ഉല്‍പ്പാദനത്തിന്‍റെ പരസ്യത്തിനുമേലുള്ള സേവന നികുതി കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഉല്‍പന്നത്തിന്‍റെ വിലയില്‍ ഉള്‍പ്പെടുമല്ലോ. ഇതുപോലെ മറ്റു നികുതികളും. ചുരുക്കത്തില്‍ ഒരു ഉപഭോക്തൃ ഉല്‍പന്നത്തിന്‍റെ വിലയുടെ 30-35 ശതമാനം നികുതിയാണ്. ഇതു നമ്മള്‍ അറിയുന്നില്ലെന്നു മാത്രം. ബില്ലില്‍ 14.5 ശതമാനം വാറ്റ് നികുതി മാത്രമേ കാണൂ. പക്ഷേ ഉല്‍പാദകന്‍ നല്‍കിയ എക്സൈസ് നികുതിയും സേവന നികുതിയും അടങ്ങിയ മൊത്തവിലയുടെ മേലാണ് വാറ്റ് നികുതി ഭാരം.
എന്നാല്‍ ജി.എസ്.ടി വരുമ്പോഴോ? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചാണ് ജി.എസ്.ടി നികുതി പിരിക്കുന്നത്. അരവിന്ദ് സുബ്രഹ്മണ്യം 18 ശതമാന നികുതി നിരക്കില്‍ 9 ശതമാനം കേന്ദ്രത്തിനും 9 ശതമാനം സംസ്ഥാനത്തിനുമായിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ഇപ്പോള്‍തന്നെ 14.5 ശതമാനമാണ് വാറ്റ് നികുതി ചുമത്തുന്നതെന്ന് പറഞ്ഞല്ലോ. അതിനേക്കാള്‍ വളരെ താഴ്ന്ന നിരക്കാണ് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. ഇതുപോലെതന്നെ കേന്ദ്രസര്‍ക്കാരിന്‍റെ ജി.എസ്.ടി.യും എക്സൈസ് നികുതിയേക്കാള്‍ താഴ്ന്നതാണ്. 18 ശതമാനം അംഗീകരിച്ചാല്‍ വ്യവസായ ചരക്കുകളുടെ മേലുള്ള നികുതിഭാരത്തില്‍ 12-17 ശതമാനപോയിന്‍റിന്‍റെ കുറവുണ്ടാകും. ഇനി സംസ്ഥാനസര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതുപോലെ സംസ്ഥാന ജി.എസ്.ടി 20-22 ശതമാനമായി ഉയര്‍ത്തിയാലും നികുതിഭാരം ഇപ്പോഴുള്ളതിനേക്കാള്‍ കുറവായിരിക്കും.
സാധാരണക്കാരനുമേല്‍ നികുതിഭാരം വര്‍ദ്ധിക്കാതിരിക്കാന്‍ നോക്കുന്നതുപോലെ തന്നെ പ്രധാനമാണ് സര്‍ക്കാരിന് ആവശ്യമായ റവന്യൂ വരുമാനം ഉറപ്പുവരുത്തണമെന്നതും. ഇതുരണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നതിന് എംപവേര്‍ഡ് കമ്മിറ്റിയില്‍ ഞാന്‍ വെച്ച നിര്‍ദ്ദേശം ഇതാണ്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന അരി, ഗോതമ്പ്, പയറുവര്‍ഗ്ഗങ്ങള്‍, അവയുടെ പൊടികള്‍, പഞ്ചസാര തുടങ്ങിയ അവശ്യവസ്തുക്കളില്‍ 5-6 ശതമാനം നികുതി മതിയാകും. മറ്റു ഉല്‍പന്നങ്ങളുടെ മേല്‍ 20-22 ശതമാനം നികുതി ചുമത്താം. അസംസ്കൃത വസ്തുക്കളുടെ മേല്‍ ഇത്ര നികുതി ചുമത്തുന്നതിന് ശരിയാണോയെന്ന് ചിലര്‍ ചിന്തിച്ചേക്കാം. അഖിലേന്ത്യാടിസ്ഥാനത്തില്‍ തന്നെ എല്ലാ ചരക്കുകള്‍ക്കും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കും എന്നതുകൊണ്ട് അസംസ്കൃത വസ്തുക്കളുടെ മേല്‍ ഉയര്‍ന്ന നികുതി ചുമത്തിയാലും പ്രശ്നമൊന്നും ഉണ്ടാകില്ല. അതേസമയം, 18 ശതമാനം ഉര്‍ന്ന നികുതി നിരക്ക് നിര്‍ദ്ദേശിക്കുന്ന അരവിന്ദ് സുബ്രഹ്മണ്യമാകട്ടെ 10-12 ശതമാനം നികുതി നിരക്കാണ് അവശ്യവസ്തുക്കളുടെ മേല്‍ നിര്‍ദ്ദേശിക്കുന്നത് എന്നുകൂടി പറയേണ്ടതുണ്ട്.
നികുതി നിരക്ക് കുറയുമ്പോള്‍ എങ്ങനെയാണ് വിലക്കയറ്റം ഉണ്ടാവുക? വിലകള്‍ കുറയുന്നില്ലെങ്കില്‍ അതിന് ഒറ്റ കാരണമേയുണ്ടാകൂ. നികുതി നിരക്കിലുണ്ടാകുന്ന കുറവ് ഉപഭോക്താവിന് കൈമാറുന്നതിന് കോര്‍പ്പറേറ്റുകള്‍ക്ക് സമ്മതമല്ല. ജി.എസ്.ടി വരുമ്പോള്‍ നികുതി നിരക്കില്‍ വരുന്ന ഇളവിന് അനുസൃതമായി എല്ലാ ഉപഭോക്തൃ വസ്തുക്കളുടെയും പരമാവധി വില്‍പ്പന വില (എം.ആര്‍.പി) കുറയ്ക്കുമെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം. എങ്കിലേ ജി.എസ്.ടി.യുടെ നേട്ടം സാധാരണക്കാര്‍ക്കു ലഭിക്കൂ. പക്ഷേ വാറ്റിന്‍റെ അനുഭവം നോക്കിയാല്‍ ഇതിനുള്ള സാധ്യത വിരളമാണ്. അങ്ങനെ ജി.എസ്.ടി കോര്‍പ്പറേറ്റുകള്‍ക്ക് വമ്പന്‍ ലാഭമാകാനാണു സാധ്യത.
വിലക്കയറ്റത്തിനു കാരണം ജി.എസ്.ടി ചുമലില്‍ കെട്ടിവയ്ക്കേണ്ട. വിലക്കയറ്റത്തിന്‍റെ മുഖ്യകാരണം പെട്രോളിന്‍റെ മേലുള്ള എക്സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ നിരന്തരം കൂട്ടുന്നതാണ്. ഈ നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചാല്‍ വിലയും താഴും. അതിനുപകരം വരാന്‍ പോകുന്ന ജി.എസ്.ടി നിരക്ക് കുറയ്ക്കാനാണ് ഇവരുടെ ശ്രമം.
നികുതി അധികാരം നഷ്ടപ്പെടുമ്പോള്‍ അവരുടെ നികുതി വരുമാനം പുതിയ സംവിധാനത്തില്‍ മെച്ചപ്പെടുമെന്ന് ഉറപ്പുവരുത്താനാണ് സംസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജി.എസ്.ടി നിരക്ക് താഴ്ത്തി നിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിന് ശാഠ്യമുണ്ടെങ്കില്‍ ചെയ്യാവുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കും കേന്ദ്രസര്‍ക്കാരിന് താഴ്ന്ന നിരക്കും അംഗീകരിക്കലാണ്. സംസ്ഥാനങ്ങള്‍ക്ക് 12 ഉം കേന്ദ്രത്തിന് 10 ഉം ശതമാനം വീതമാക്കാം നികുതി നിരക്ക് എന്ന നിലപാടാണ് കേരള സര്‍ക്കാര്‍ എടുത്തത്. അതുപോലെ തന്നെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റി ഉറപ്പുവരുത്തുന്നതിനായി നിര്‍ദ്ദിഷ്ട നിരക്ക് ഒരു ബാന്‍റ് ആയി നിശ്ചയിക്കാവുന്നതാണ്. സംസ്ഥാനങ്ങള്‍ക്ക് 12 ശതമാനം നികുതിയെന്ന് പറയുന്നതിനു പകരം 10-13 ശതമാനം നിരക്കുകള്‍ക്കിടയില്‍ ഇഷ്ടമുള്ള നിരക്ക് സ്വീകരിക്കാന്‍ അനുവാദം കൊടുക്കാവുന്നതാണ്.
ജി.എസ്.ടി 2017 ഏപ്രില്‍ മാസത്തില്‍ നടപ്പിലാകും എന്നു തീര്‍ച്ച പറയാനാകില്ല. ഏതാനൂം മാസംകൂടി എടുത്താലും നടപ്പിലാക്കണം എന്നാണ് കേരള സര്‍ക്കാരിന്‍റെ അഭിപ്രായം. കാരണം, ജി.എസ്.ടി നമ്മുടെ നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കും. സ്വന്തം ആവശ്യത്തിനെന്നു പറഞ്ഞ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക് വാങ്ങിക്കൊണ്ടുവരാനുള്ള പ്രവണത കുറയും. എല്ലായിടത്തും നികുതി ഒരുപോലെയാണല്ലോ. അതുപോലെ മറ്റു സംസ്ഥാനങ്ങളില്‍ ഒടുക്കിയ നികുതിയും അവസാന വില്‍പ്പന കേന്ദ്രത്തിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടും, തന്മൂലം ഉപഭോഗ സംസ്ഥാനമായ കേരളത്തിന് വലിയ നേട്ടമുണ്ടാകും. ഓണ്‍ലൈന്‍ വ്യാപാരത്തിലും സേവനങ്ങളുടെ കാര്യത്തിലും ഇതേ തത്വം അംഗീകരിപ്പിക്കുന്നതിന് ജി.എസ്.ടി കൗണ്‍സിലില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഇന്നത്തെ ധനകാര്യ പ്രതിസന്ധിയെ മറികടക്കുന്നതിന് ജി.എസ്.ടി നമ്മളെ സഹായിക്കും. 

Thursday, August 4, 2016

ഭാഗാധാരനികുതി നീതിയും ന്യായവും

ബജറ്റിലെ നിർദേശങ്ങൾ പൊതുവേ സ്വാഗതംചെയ്യപ്പെട്ടെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷനിലും വരുത്തിയ വർധന വിമർശവിധേയമായിട്ടുണ്ട്. അതിൽ ദാനം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയം എന്നിവയുടെമേൽ ഏർപ്പെടുത്തിയ മൂന്നുശതമാനം നികുതിക്കെതിരെയാണ് കൂടുതൽ വിമർശമുണ്ടായത്. ഈ വിമർശങ്ങളെ തുറന്നമനസ്സോടെ സബ്ജക്ട് കമ്മിറ്റിയിൽ പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തുമെന്ന്‌ നിയമസഭയിൽത്തന്നെ ഞാൻ പ്രസ്താവിച്ചിട്ടുള്ളതാണ്. പക്ഷേ, ഒരു കാര്യത്തിൽ ഒത്തുതീർപ്പിന്‌ തയ്യാറല്ല. ഇത്തരത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ കൈമാറ്റംചെയ്യുന്ന ഭൂമിക്ക് വലിപ്പം എത്രയായാലും പരമാവധി 1000 രൂപ നൽകിയാൽമതി എന്ന കാര്യത്തിലാണത്. കാരണം, നിലവിലുണ്ടായിരുന്ന ഈ വ്യവസ്ഥയിൽ ന്യായമോ നീതിയോ ഇല്ല എന്നതുതന്നെ.
കുടുംബസ്വത്ത്‌ കൈമാറ്റത്തിന്മേലുള്ള നികുതി എക്കാലത്തും വിവാദമായിട്ടുണ്ട്. ഫാബിയൻ സോഷ്യലിസ്റ്റുകൾ മുതൽ തോമസ് പിക്കറ്റി വരെയുള്ളവർ ഇത്തരം നികുതികൾക്കുവേണ്ടി ശക്തമായി നിലപാടെടുത്തിട്ടുണ്ട്. അതേസമയം, യാഥാസ്ഥിതികകക്ഷികളും നേതാക്കളും ഇത്തരം നീക്കങ്ങളെ സ്വത്തവകാശം തകർക്കാനുള്ള ഗൂഢനീക്കങ്ങളായാണ്‌ വ്യാഖ്യാനിക്കുക. പോരാത്തതിന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിതൃസ്വത്ത്‌ പിന്തുടർച്ചാവകാശത്തെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ടല്ലോ. ഏറ്റവുമൊടുവിൽ, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി സാൻഡേഴ്‌സ് പിന്തുടർച്ചാവകാശത്തിന്മേൽ നികുതിചുമത്തണമെന്ന് ആവശ്യപ്പെട്ടത് വലിയ വിവാദത്തിനിടയാക്കി. അതൊക്കെക്കൊണ്ട്, കേരളത്തിലുണ്ടായ ഈ വിവാദത്തിൽ അദ്‌ഭുതമില്ല.
വിവിധതരത്തിലുള്ള പിന്തുടർച്ചാവകാശക്കൈമാറ്റങ്ങളുടെമേൽ നികുതിചുമത്തുന്നതിനെതിരെ ഉയർത്തുന്ന മുഖ്യവാദഗതികൾ ഇവയാണ്: ഒന്ന്, പിന്തുടർച്ചാവകാശക്കൈമാറ്റം വില്പനയല്ല. അതുകൊണ്ട് പണക്കൈമാറ്റം നടക്കുന്നില്ല. ഈ ഘട്ടത്തിൽ നികുതിയായി പണം ആവശ്യപ്പെടുന്നത് വലിയ ഭാരം ഇടപാടുകാരുടെമേൽ ചെലുത്തുന്നു. ഇതിലൊരു ശരിയുണ്ടെന്ന്‌ സമ്മതിക്കാതെ നിർവാഹമില്ല. പ്രത്യേകിച്ച് ചെറുകിട സ്വത്തുടമസ്ഥരുടെ കാര്യത്തിൽ. രണ്ട്, ഇത്തരം നികുതികൾ നികുതിയുടെമേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നു. ആദായനികുതിയും വില്പനനികുതിയുമെല്ലാം നൽകിയശേഷം മിച്ചം വന്നതാണല്ലോ സ്വത്തായി ആർജിച്ചിട്ടുള്ളത്. ഇതിനുമേൽ പിന്നെയും നികുതിചുമത്തുന്നത്‌ ശരിയല്ല. മൂന്നാമതൊരു വാദംകൂടിയുണ്ട്. സ്വത്താർജിക്കലിന്റെ ഉദ്ദേശ്യലക്ഷ്യത്തിന്‌ വിരുദ്ധമാണ് സ്വത്തുപിന്തുടർച്ചാവകാശത്തിന്മേലുള്ള നികുതി. അതിനാൽ ഇത് സമ്പാദ്യത്തെ പ്രതികൂലമായി ബാധിക്കും.
സ്വത്തുസമ്പാദനത്തെ സംബന്ധിച്ച ഏറ്റവും പ്രാമാണികമായ സിദ്ധാന്തം മോഡ്ഗ്ലിയാനിയുടേതാണ്. റിട്ടയർമെന്റ് കാലത്തെ ചെലവിനാണ് സ്വത്തുസമ്പാദിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ശരാശരി വ്യക്തിയുടെ സ്വത്തുസമ്പാദനത്തിന്റെ ഗ്രാഫ്െവച്ചാൽ മധ്യവയസ്സുവരെ സ്വത്ത് വർധിക്കും. അതിനുശേഷം കുറയും. മോഡ്ഗ്ലിയാനി ട്രയാങ്കിൾ എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂസ്വത്തിലും അതുപോലുള്ള ആസ്തികളിലും സമ്പാദിക്കുന്നതിനുപകരം 1950-’70- കളിലാണല്ലോ സാധാരണക്കാർ പെൻഷൻഫണ്ടിലും മറ്റും പണം സമ്പാദിക്കാൻ തുടങ്ങിയത്. ഈ സിദ്ധാന്തം അംഗീകരിച്ചാൽ പിന്തുടർച്ചാവകാശക്കൈമാറ്റത്തിനുമേൽ നികുതി ഏർപ്പെടുത്തിയതുകൊണ്ട് വലിയ പ്രത്യാഘാതമൊന്നും ഉണ്ടാകാനിടയില്ല. എന്നാൽ, ഇതല്ല പണ്ടത്തെയും ഇന്നത്തെയും അവസ്ഥ.
തോമസ് പിക്കറ്റിയുടെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂലധനം’ എന്ന ഗ്രന്ഥത്തിൽ ഏതാണ്ട് ഒരു അധ്യായംതന്നെ പിന്തുടർച്ചാവകാശത്തെക്കുറിച്ചും അതുസൃഷ്ടിക്കുന്ന അസമത്വത്തെക്കുറിച്ചുമാണ്. 1980-നും 2010-നും ഇടയ്ക്ക് ഏറ്റവും സമ്പന്നരായ 3045 ആളുകളുടെ സ്വത്ത്, വിലക്കയറ്റം കണക്കിലെടുത്താൽപ്പോലും പ്രതിവർഷം 6.8 ശതമാനംെവച്ച് ഉയർന്നു. ഏറ്റവും സമ്പന്നരായ 1,50,225 ആളുകളുടെ വരുമാനം ഇതേകാലയളവിൽ 6.5 ശതമാനംെവച്ച് വളർന്നു. എന്നാൽ, ലോകശരാശരി സ്വത്തുവളർച്ച 2.1 ശതമാനംവീതം മാത്രമായിരുന്നു. സമ്പന്നരുടെയും അതിസമ്പന്നരുടെയും സ്വത്ത് ഇത്തരത്തിൽ അതിവേഗത്തിൽ വളരുന്നതിന് അടിസ്ഥാനകാരണം പിന്തുടർച്ചാവകാശസ്വത്താണ്. സാധാരണക്കാർക്കും പിന്തുടർച്ചാവകാശസ്വത്ത് ലഭിക്കുന്നുണ്ടെങ്കിലും അവ താരതമ്യേന കുറഞ്ഞ തുകയുടേതായിരിക്കും. ലോകത്ത് വർധിച്ചുവരുന്ന അസമത്വത്തിന്റെ മുഖ്യഘടകം പൈതൃകസ്വത്താണെന്ന്‌ ചുരുക്കം. 19-ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് ചിന്തകരുടെ ഉൾക്കാഴ്ച ഇന്നും സാധുവാണ്.
1960-കൾ മുതൽ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലും പിന്തുടർച്ചയായി കൈമാറ്റംചെയ്യപ്പെടുന്ന സ്വത്ത് അതിവേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നതായി കാണാം. ഫ്രാൻസിനെക്കുറിച്ചാണ് ഏറ്റവും വിശദമായ കണക്കുള്ളത്. 1960-ൽ ദേശീയവരുമാനത്തിന്റെ നാലുശതമാനമായിരുന്നു പിന്തുടർച്ചാകൈമാറ്റം. ഇത് 2010 ആയപ്പോൾ 12-14 ശതമാനമായി ഉയർന്നു. 2100 ആകുമ്പോഴേക്കും ഇത് 16-24 ശതമാനമായി ഉയരുമെന്നാണ് പിക്കറ്റിയുടെ മതിപ്പുകണക്ക്. ഇതിന്റെ ഫലമായി ഫ്രാൻസിലെ സ്വത്തിന്റെ ഘടന സമൂലമായി മാറാൻപോവുകയാണ്. 1970-ൽ മൊത്തം സ്വത്തിന്റെ 48 ശതമാനമായിരുന്നു പിതൃസ്വത്ത്. 2010-ൽ ഇത് 68 ശതമാനമായി. 2100 ആകുമ്പോഴേക്കും 80-90 ശതമാനമായി ഉയരും. ഇതിന്റെ അടിസ്ഥാനത്തിലാണ്  സ്വത്തിന്മേലുള്ള നികുതി വർധിപ്പിക്കണമെന്ന്‌ തോമസ് പിക്കറ്റി വാദിക്കുന്നത്. ഒട്ടെല്ലാ വികസിതരാജ്യങ്ങളുടെയും സ്ഥിതി ഇതാണെന്നതിനുള്ള തെളിവ് അദ്ദേഹം നിരത്തുന്നു. പക്ഷേ, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നതിൽ സംശയമില്ല. ഭൂപരിഷ്കരണത്തിന്റെ ഫലമായി പാവപ്പെട്ടവർക്കും ഭൂസ്വത്തുണ്ട്. ഈ വ്യത്യസ്തത കണക്കിലെടുത്തുവേണം പ്രായോഗികസമീപനം കൈക്കൊള്ളാൻ.
ആദ്യം മനസ്സിലാക്കേണ്ടത് 2011-’12-നുമുമ്പ് ദാനം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയം തുടങ്ങിയ പിന്തുടർച്ചാവകാശക്കൈമാറ്റങ്ങളുടെമേൽ അഞ്ചുശതമാനം നികുതിയുണ്ടായിരുന്നുവെന്നതാണ്. ദീർഘനാളായി കേരളത്തിൽ നിലനിന്നുവന്ന നികുതിയാണിത്. ഇത് 2011-’12-ൽ രണ്ടുശതമാനമായി കുറച്ചു. ഇങ്ങനെ കുറച്ചതിനെയും ഞാൻ എതിർക്കുന്നില്ല. എന്നാൽ, പരമാവധി 1000 രൂപയേ ഇപ്രകാരം ഒരു ഇടപാടിൽനിന്ന്‌ പിരിക്കാൻ പാടുള്ളൂ എന്നതിൽ നീതിയില്ല. 10 സെന്റുള്ള ഒരാളും 100 ഏക്കർ എസ്റ്റേറ്റുള്ള ഒരാളും ഒരുപോലെ 1000 രൂപ നൽകിയാൽ മതിയെന്നത് എല്ലാ നീതിക്കും എതിരാണ്. വൻകിട ഭൂഎസ്റ്റേറ്റുകാരെയും സമ്പന്നഭൂവുടമകളെയും സഹായിക്കാനുള്ള ഒരു കുത്സിതനീക്കമായി അത്‌ വിമർശിക്കപ്പെട്ടു. എക്സ്‌പെൻഡിച്ചർ റിവ്യൂകമ്മിറ്റിപോലും ഈ നടപടിയെ വിമർശിച്ചിട്ടുണ്ട്. ഇത്തവണത്തെ ബജറ്റിൽ ഈ നികുതി മൂന്നുശതമാനമായി ഉയർത്തി. പരിധി എടുത്തുമാറ്റുകയുംചെയ്തു. ഇത്‌ പാവപ്പെട്ടവരുടെ കൈമാറ്റത്തിനുമേൽ വലിയ ഭാരം സൃഷ്ടിക്കും. എങ്ങനെ അത് ഇല്ലാതാക്കുകയോ ലഘൂകരിക്കുകയോ ചെയ്യാമെന്നുള്ളത് പരിശോധിക്കും. പക്ഷേ, അതിന്റെ മറവിൽ വൻകിടക്കാരുടെ അധികഭാരം ലഘൂകരിക്കണമെന്ന്‌ പറയുന്നതിൽ ന്യായമോ നീതിയോ ഇല്ല.
പൊതുവിലുള്ള ഭൂമിവില്പനകളിന്മേലുള്ള സ്റ്റാമ്പ് ഡ്യൂട്ടി ആറുശതമാനമായിരുന്നത്  എട്ടുശതമാനമായി ഉയർത്തിയതിന് എതിരെയുള്ള വിമർശങ്ങൾ പരിഗണനാർഹമല്ല. കേരളത്തിൽ 2010-’11 വരെ നിലവിലുണ്ടായിരുന്ന സ്റ്റാമ്പ്ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും 15.5-12.5 ശതമാനമായിരുന്നു. 2010-ൽ ഫെയർവാല്യു നിശ്ചയിച്ചതിനെത്തുടർന്ന് ഇതിൽ പടിപടിയായി കുറവുവരുത്തുകയാണ്‌ ചെയ്തത്. ഇങ്ങനെയാണ് ആറുശതമാനം സ്റ്റാമ്പ്ഡ്യൂട്ടിയിലും രണ്ടുശതമാനം രജിസ്‌ട്രേഷൻഫീസിലും എത്തിയത്. എന്നാൽ, കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ ഭൂമിയുടെ മാർക്കറ്റ്‌വിലയിൽ ഗണ്യമായ വർധനയുണ്ടായെങ്കിലും ഫെയർവാല്യു വർധിപ്പിക്കുകയുണ്ടായില്ല. 2010-’11-ൽ 3,239 കോടി രൂപയായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീ വരുമാനം ഇതിന്റെ ഫലമായി 2015-’16-ൽ 2,531 കോടി രൂപയായി ചുരുങ്ങി. ഇവിടെ ഒരു തിരുത്ത് ഒഴിവാക്കാനാവില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ മൂലധനമൂല്യവർധന ഉണ്ടായിട്ടുള്ളത് ഭൂമിക്കാണ്. ഭൂവുടമസ്ഥരുടെ പ്രത്യേകിച്ചൊരു അധ്വാനമോ മുതൽമുടക്കോ ഇല്ലാതെ ഉണ്ടാകുന്ന ഈ മൂല്യവർധനയിൽ ഒരു ഭാഗമെങ്കിലും സർക്കാറിന്‌ നികുതിയായി ലഭിക്കണമെന്നുള്ളത് ഏറ്റവും ന്യായമായ ആവശ്യമാണ്. എല്ലാവരുടെമേലും വന്നുപതിക്കുന്ന വില്പനനികുതി വർധനയേക്കാൾ നീതി ഇതായിരിക്കും.
 കേരളം വലിയൊരു വികസനപരീക്ഷണത്തിന്‌ തയ്യാറെടുക്കുകയാണ്. അടുത്ത അഞ്ചുവർഷംകൊണ്ട് കേരളത്തിൽ 50,000-ഒരുലക്ഷം കോടി രൂപവരെ പൊതുമൂലധനം മുതൽമുടക്കാനാണ് പരിശ്രമിക്കുന്നത്. കേരളത്തിലെ മുഴുവൻ റോഡുകളും ആധുനികീകരിക്കും. ഗതാഗതം സുഗമമാക്കുന്നതിനുവേണ്ടിയുള്ള പാലങ്ങളുടെ പുതിയൊരു ശൃംഖലയുണ്ടാകും. പുതിയൊരു റെയിൽപ്പാത സൃഷ്ടിക്കപ്പെടും. 5,000 ഏക്കറിൽ പുതിയ വ്യവസായപാർക്കുകളുണ്ടാകും. ടൂറിസംകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാകും. ഒരുകോടി ചതുരശ്രയടി ഐ.ടി. പാർക്ക് സജ്ജമാകും. വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾ മികവുറ്റ നിലവാരത്തിലാക്കും. കേരളം മാറും. ഇവയ്ക്കായി ബജറ്റിനുപുറത്ത് പ്രത്യേക നിക്ഷേപസംരംഭങ്ങളിലൂടെ വായ്പയെടുക്കേണ്ടിവരും. ഈ പരീക്ഷണം വിജയിക്കണമെങ്കിൽ കേരള ബജറ്റിലെ റവന്യൂക്കമ്മി നികത്തിയേ തീരൂ. ഈ വിശാലമായ പശ്ചാത്തലത്തിലാണ് റവന്യൂവരുമാനം വർധിപ്പിക്കാനുള്ള നീക്കങ്ങളെ വിലയിരുത്തേണ്ടത്.