Showing posts with label അരുൺ ജെയ്റ്റ്ലി. Show all posts
Showing posts with label അരുൺ ജെയ്റ്റ്ലി. Show all posts

Friday, March 4, 2016

കേന്ദ്രബജറ്റ് - പാളിപ്പോയ മുഖം മിനുക്കല്‍

ഗുജറാത്ത് മാതൃക ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ മാതൃകയുടെ മുഖമുദ്രയാകട്ടെ, നഗ്നമായ കോര്‍പറേറ്റ് പ്രീണനവും. അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച എല്ലാ ബജറ്റുകളും ഇതിനൊത്തതായിരുന്നു. കോര്‍പറേറ്റുകള്‍ക്ക് ഇത്രയേറെ ആനുകൂല്യങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ ഇതിനു മുമ്പുണ്ടായിട്ടില്ല. കോര്‍പറേറ്റ് നികുതി കുറച്ചു. കളളപ്പണം വെളുപ്പിക്കാനുളള ഒത്താശ സര്‍ക്കാര്‍തന്നെ മുന്നോട്ടു വെച്ചു. എണ്ണപ്പാടങ്ങളും എണ്ണവില നിശ്ചയിക്കലും റിലയന്‍സിനു വിട്ടുകൊടുത്തു. ഓഹരിവിലകള്‍ കുതിച്ചുയര്‍ന്നു. പക്ഷേ, ജനങ്ങള്‍ക്ക് കാര്യം മനസിലായി.

ഡെല്‍ഹിയിലും ബീഹാറിലും ബിജെപി തോറ്റമ്പി. ഗുജറാത്തിലും രാജസ്ഥാനിലും കര്‍ണാടകയിലും തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടായി. ഇനി അഞ്ചു സംസ്ഥാനങ്ങളില്‍ക്കൂടി തിരഞ്ഞെടുപ്പു വരികയാണ്. ഇവിടങ്ങളിലും തിരിച്ചടിയുണ്ടായാല്‍ ബിജെപി സര്‍ക്കാരിന്റെ അധികാരത്തില്‍നിന്നുളള പടിയിറക്കം ആരംഭിക്കും. അതുകൊണ്ട് ഇത്തവണത്തെ ബജറ്റില്‍ ജയ് കിസാന്‍ മുദ്രാവാക്യം പുറത്തെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് ചെയ്തിരുന്നതുപോലെ അല്‍പം കര്‍ഷകപ്രേമവും സാമൂഹ്യനീതിയുമെല്ലാം പറഞ്ഞുകൊണ്ടേ കോര്‍പറേറ്റ് അജണ്ട ഇന്ത്യയില്‍ വില്‍ക്കാനാവൂ. 2016-17ലെ കേന്ദ്രബജറ്റും ആ വഴിയിലൂടെത്തന്നെയാണ് നീങ്ങുന്നത്. 


കാര്‍ഷിക ചായ്‌വിന്റെ പൊളളത്തരം 

കൃഷിയ്ക്ക് വേണ്ടി 2015-16ല്‍ വകയിരുത്തിയ 15809 കോടിയില്‍ നിന്ന് ഇപ്പോള്‍ 35984 കോടിയായി ഉയര്‍ത്തിയിരിക്കുന്നുവെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇത് വലിയൊരു കബളിപ്പിക്കലാണ്. 2016-17ലെ കൃഷി അടങ്കലില്‍ ബാങ്കുകള്‍ക്കു കൊടുക്കുന്ന കാര്‍ഷിക പലിശ സബ്‌സിഡിയായ 15000 കോടിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇത് കൃഷിയിലല്ല ധനവകുപ്പിലാണ് വകകൊളളിച്ചിരുന്നത്. ഈ സത്യം തുറന്നു പറയാതെ കൃഷിയ്ക്ക് വമ്പന്‍ വര്‍ദ്ധന കൊടുത്തു എന്നു കളളപ്രചാരണം നടത്തുകയാണ്.

പഞ്ചവത്സര പദ്ധതി മാത്രമെടുത്താല്‍ കൃഷിയുടെയും അനുബന്ധമേഖലകളുടെയും അടങ്കല്‍ കേവലം 19394 കോടി രൂപ മാത്രമാണ്. മൊത്തം വാര്‍ഷിക പദ്ധതിയുടെ 2.7 ശതമാനമേ ഇതു വരൂ. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഇന്ത്യയില്‍ വരള്‍ച്ചയാണ്. ഫ്രണ്ട്‌ലൈന്‍ വാരികയുടെ ഏറ്റവും പുതിയ ലക്കം മരിക്കുന്ന ഗ്രാമങ്ങളെക്കുറിച്ചാണ്. ഗ്രാമീണമേഖലയെ ഗ്രസിച്ചിരിക്കുന്ന ഈ അത്യാപത്ഘട്ടത്തില്‍ കാര്‍ഷിക മേഖലയ്ക്കു നല്‍കിയിരിക്കുന്ന ചെറിയൊരു വര്‍ദ്ധന തികച്ചും അപര്യാപ്തമാണ്. 

കൃഷിക്കാരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കും എന്നാണ് ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. ബിജെപി പാര്‍ലമെന്റ് അംഗങ്ങള്‍ ഉദാരമായി കയ്യടിച്ച് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ചെറിയൊരു കണക്കുകൂട്ടല്‍മതി ഈ പ്രഖ്യാപനത്തിന്റെ പൊളളത്തരം മനസിലാകാന്‍. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഓരോ വര്‍ഷവും പതിനഞ്ചു ശതമാനം വെച്ച് കൃഷിക്കാരുടെ വരുമാനം ഉയരണം. മൂന്നു ശതമാനത്തിലേറെ കാര്‍ഷിക മേഖല വളരുമെന്ന് പ്രതീക്ഷിക്കാനാവില്ല. അപ്പോള്‍പ്പിന്നെ വരുമാനം ഇരട്ടിയാകണമെങ്കില്‍ ഒറ്റവഴിയേ ഉളളൂ. കാര്‍ഷിക വിലകള്‍ പൊതു വിലയെക്കാള്‍ പന്ത്രണ്ടു ശതമാനം വീതം ഉയരണം. ഇത്തരമൊരു വിലക്കയറ്റം നാടു താങ്ങുമോ? യുപിയിലും മറ്റും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുളള വാചകമടി മാത്രമാണ് ഇതുപോലുളള പ്രഖ്യാപനങ്ങള്‍.

കേരളത്തിന്റെ ദുര്‍ഗതി

ഇന്ത്യയിലെ കാര്‍ഷിക മേഖല മുരടിച്ചു നില്‍ക്കുകയാണെങ്കില്‍ കേരളത്തിന്റെ കാര്‍ഷികമേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ കാര്‍ഷികമേഖല ഏതാണ്ട് ശരാശരി മൂന്നു ശതമാനം നിരക്കിലാണ് വളരുന്നത്. എന്നാല്‍ 2014-15ല്‍ കേരളത്തിലെ കാര്‍ഷികോല്‍പാദനം മൂന്നു ശതമാനം കേവലമായി കുറഞ്ഞു. ഇതിനു മുഖ്യകാരണം, കേരളത്തിലെ നാണ്യവിളകളുടെ വിലകളിലുണ്ടായിട്ടുളള ഭീതിജനകമായ ഇടിവാണ്.

വിദേശരാജ്യങ്ങളില്‍നിന്നുളള അനിയന്ത്രിതമായ ഇറക്കുമതിയുടെ ഫലമാണ് ഈ വിലയിടിവ്. ആസിയാന്‍ രാജ്യങ്ങളിലേയ്ക്കുളള ഇന്ത്യയുടെ വ്യവസായ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് പകരമാണ് നമ്മുടെ നാട്ടിലേയ്ക്ക് ആ രാജ്യങ്ങളില്‍നിന്ന് നാണ്യവിളകളുടെ ഇറക്കുമതി അനുവദിക്കുന്നത്. അതിന്റെ ദുരിതം മുഴുവന്‍ ഈ നാണ്യവിളകള്‍ കൃഷി ചെയ്യുന്ന കേരളം അനുഭവിക്കുന്നു. അതുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനുളള ധാര്‍മ്മികബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. 

റബര്‍, കാപ്പി തുടങ്ങിയവയുള്‍പ്പെടെയുളള കാര്‍ഷിക വിളകള്‍ക്ക് കൂടിയ താങ്ങുവില പ്രഖ്യാപിക്കാത്തതിനെ 'കരുതലോടെയുളള നീക്ക'മെന്ന് വ്യാഖ്യാനിച്ചു സമാധാനിക്കുന്ന ഒരു മനോരമാ ലേഖനം വായിച്ച് എനിക്ക് അത്ഭുതം തോന്നി. ലോകവ്യാപാരക്കരാറിന്റെ പശ്ചാത്തലത്തില്‍ താങ്ങുവില പ്രഖ്യാപിച്ച് വലിയതോതില്‍ കമ്പോളത്തില്‍ ഇടപെടാന്‍ കഴിയില്ല. ഈ കരാറില്‍ ഒപ്പുവെയ്ക്കാന്‍ പോയപ്പോള്‍ ഇടതുപക്ഷം ഈ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. പക്ഷേ, ലോകവ്യാപാരക്കരാറിന്റെ വ്യവസ്ഥകള്‍ക്കുളളില്‍ നിന്നുകൊണ്ടുതന്നെ റബ്ബര്‍ കൃഷിക്കാരെ സഹായിക്കാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ സാധിക്കും. റബ്ബര്‍ റീ പ്ലാന്റിംഗ് സബ്‌സിഡി ഹെക്ടറിന് ഇരുപതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് എന്താണു തടസം? തായ്‌ലന്റിലും മറ്റും ഇത് ഒന്നര ലക്ഷത്തോളം രൂപ വരും. അതുപോലെ, താങ്ങുവില പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കില്‍ വിലയിടിവിനോടു ബന്ധപ്പെടുത്തി ഒരു വരുമാനഉറപ്പു പദ്ധതി പ്രഖ്യാപിക്കാം. വികസിതരാജ്യങ്ങള്‍ ലോകവ്യാപാരക്കരാറിന്റെ കാലഘട്ടത്തിലും തങ്ങളുടെ കൃഷിക്കാര്‍ക്ക് വാരിക്കോരി ധനസഹായം നല്‍കുന്നത് ഈ തന്ത്രം പ്രയോഗിച്ചാണ്. 
ഗ്രാമീണ ദരിദ്രര്‍ക്ക് ബജറ്റിലെന്തുണ്ട്?
തൊഴിലുറപ്പു പദ്ധതിയാണ് പാവങ്ങളുടെ ഒരത്താണി. നിയമപ്രകാരം നൂറു ദിവസത്തെ തൊഴിലെങ്കിലും ഒരു കുടുംബത്തിനു നല്‍കണം. പക്ഷേ ഇപ്പോള്‍ ശരാശരി നാല്‍പതു ദിവസത്തെ തൊഴിലു മാത്രമേ നല്‍കാന്‍ കഴിയുന്നുളളൂ. അതിന്റെ കൂലിയിനത്തില്‍ത്തന്നെ ഇപ്പോള്‍ 6500 കോടി രൂപ കുടിശികയുണ്ട്. എന്നിട്ടും, തൊഴിലുറപ്പിനുളള അടങ്കലില്‍ വെറും 2000 കോടിയുടെ വര്‍ദ്ധനയേ ഉളളൂ. എന്നിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ന്ന അടങ്കല്‍ തൊഴിലുറപ്പിന് താന്‍ വകയിരുത്തുന്നുവെന്ന് ജെയ്റ്റ്‌ലി വമ്പു പറയുന്നു. 6500 കോടിയുടെ കുടിശിക കിഴിച്ചാല്‍ വെറും 32000 കോടി രൂപയാണ് ഈ പദ്ധതിയ്ക്കു വേണ്ടി യഥാര്‍ത്ഥത്തില്‍ വകയിരുത്തിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം 34699 കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തിയിരുന്നു എന്നോര്‍ക്കുക.

വിലക്കയറ്റവും കൂടി കണക്കിലെടുത്താല്‍ യഥാര്‍ത്ഥത്തിലുളള വകയിരുത്തല്‍ പിന്നെയും കുറയും. നിയമപ്രകാരമുളള ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍പ്പോലും ചുരുങ്ങിയത് 65000 കോടിയെങ്കിലും വകയിരുത്തണമെന്നാണ് മതിപ്പുകണക്ക്. 

വിദ്യാഭ്യാസത്തിനുവേണ്ടിയുളള വകയിരുത്തലില്‍ വര്‍ദ്ധനയുണ്ടെങ്കിലും 2015-16നെ അപേക്ഷിച്ച് ദേശീയ വരുമാനത്തിന്റെ ശതമാനമെടുത്താലും ബജറ്റ് അടങ്കലെടുത്താലും വിദ്യാഭ്യാസച്ചെലവ് കുറവാണ്.

ദേശീയ ആരോഗ്യനയപ്രകാരം ദേശീയ വരുമാനത്തിന്റെ 2.5 ശതമാനമായി ആരോഗ്യച്ചെലവ് ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നേടണമെങ്കില്‍ ചെലവ് 25-30 ശതമാനം വെച്ച് ഓരോ വര്‍ഷവും ഉയരണം. എന്നാല്‍ ആരോഗ്യമേഖലയില്‍ 9-10 ശതമാനം മാത്രമേ ഈ വര്‍ഷം വര്‍ദ്ധനയുളളൂ. ഇന്ത്യയിലെ ഔഷധ വ്യവസായമേഖലയ്ക്ക് ഏതാണ്ട് 33000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ലാഭമായി കിട്ടിയത്. ഇന്ത്യാ സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കു മുടക്കുന്ന തുക ഇതിനേക്കാള്‍ കുറവായിരുന്നു.

ഇതുതന്നെയായിരിക്കും ഇപ്പോഴത്തെയും സ്ഥിതി. ദേശീയ ആരോഗ്യ മിഷന്റെ അടങ്കില്‍ ഒരു വര്‍ദ്ധനയും വരുത്തിയിട്ടില്ല. വര്‍ദ്ധന വരുത്തിയിരിക്കുന്നത് ഇന്‍ഷ്വറന്‍സ് പരിപാടികള്‍ക്കാണ്. പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനു പകരം അമേരിക്കന്‍ മാതൃകയില്‍ ഇന്‍ഷ്വറന്‍സ് സംവിധാനം ഏര്‍പ്പെടുത്തി ആരോഗ്യരംഗത്തെ പരിഷ്‌കരിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. 

വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും അന്നപൂര്‍ണ സ്‌ക്കീമിനുളള അടങ്കലില്‍ നാമമാത്ര വര്‍ദ്ധനയേ ഉളളൂ. 9000 കോടിയില്‍ നിന്ന് 9500 കോടിയാക്കി. ആരോഗ്യം, സ്‌ക്കൂള്‍ വിദ്യാഭ്യാസം, തുടങ്ങിയ സാമൂഹ്യമേഖലകളെടുത്താല്‍ മുന്‍വര്‍ഷത്തെക്കാള്‍ നാമമാത്ര വര്‍ദ്ധനയേ ഉളളൂ. അംഗനവാടികള്‍ക്ക് 2014-15ല്‍ 16415 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഇപ്പോള്‍ 15873 കോടി രൂപ മാത്രമേയുളളൂ. സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് 56 കോടി രൂപയാണ് അധികമായി വകയിരുത്തിയിട്ടുളളത്. 
പട്ടികവര്‍ഗക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി പദ്ധതിയുടെ 8.6 ശതമാനമാണ് വകയിരുത്തേണ്ടത്. എന്നാല്‍ 4.4 ശതമാനമേ വകയിരുത്തിയിട്ടുളളൂ. 24000 കോടി രൂപയാണ് ഈ പരമദരിദ്രര്‍ക്കു നിഷേധിച്ചത്. പട്ടികജാതിക്കാര്‍ക്ക് പദ്ധതി അടങ്കലിന്റെ 16.6 വകയിരുത്തേണ്ടതായിരുന്നു. എന്നാല്‍ ഏഴു ശതമാനമേ വകയിരുത്തിയിട്ടുളളൂ. നഷ്ടപ്പെട്ടത് 52470 കോടി രൂപ. അടുത്ത വര്‍ഷം മുതല്‍ പദ്ധതി എന്നൊരു സങ്കല്‍പം തന്നെ ഉപേക്ഷിക്കാനാണത്രേ ജെയ്റ്റ്‌ലി ഉദ്ദേശിക്കുന്നത്. അപ്പോള്‍പ്പിന്നെ ഇങ്ങനെയൊരു വിമര്‍ശനം ഉയര്‍ത്താനുമാവില്ലല്ലോ. 
സാമ്പത്തിക മുരടിപ്പിന്റെ ബജറ്റ്
ആഗോള സാമ്പത്തികമുരടിപ്പില്‍ ഒരു ആശാകിരണമാണ് ഇന്ത്യ എന്നാണ് ധനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ 7.6 ശതമാനം സാമ്പത്തികവളര്‍ച്ച ഉയര്‍ത്തിക്കാട്ടിയാണ് ഈ മേനി നടിപ്പ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ദേശീയ വരുമാനക്കണക്കു തയ്യാറാക്കുന്നതിന്റെ രീതിയില്‍ വരുത്തിയ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ മൂലമാണ് ദേശീയ വരുമാന വളര്‍ച്ച ഇപ്രകാരം ഉയര്‍ന്നത്. കണക്കു തയ്യാറാക്കുന്നതിലെ പഴയരീതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയും മന്ദീഭവിച്ച സാമ്പത്തികവളര്‍ച്ച ഉളള രാജ്യങ്ങളുടെ പട്ടികയിലുണ്ടാകുമായിരുന്നു. 
ആഗോള സാമ്പത്തികമാന്ദ്യം കൊണ്ട് ഇന്ത്യയുടെ കയറ്റുമതി കൂടുന്നില്ല. കാര്‍ഷിക മുരടിപ്പുമൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവും കൂടുന്നില്ല. നിക്ഷേപം നടത്താന്‍ സംരംഭകര്‍ മടിക്കുന്നു. പശ്ചാത്തലമേഖലകളില്‍ നടത്തിയ ഭീമന്‍ മുതല്‍മുടക്ക് ഫലപ്രാപ്തിയിലെത്താതെ വഴിമുട്ടി നില്‍ക്കുകയാണ്. ഇവര്‍ക്കു വായ്പ നല്‍കിയ ബാങ്കുകളും പ്രതിസന്ധിയിലാണ്. മുതലാളിമാര്‍ വായ്പ തിരിച്ചടയ്ക്കാത്തതുകൊണ്ട് പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാന്‍ 25000 കോടി രൂപ സര്‍ക്കാരിനു നല്‍കേണ്ടി വന്നു. തുടങ്ങിക്കഴിഞ്ഞ ഭീമന്‍ പ്രോജക്ടുകള്‍ എങ്ങനെയെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ബാങ്കുകളുടെ പ്രതിസന്ധി ഇനിയും കൂടുകയേ ഉളളൂ. ഇതു മനസില്‍ വെച്ചുകൊണ്ട് പിപിപി പ്രോജക്ടുകളെ പുനരുദ്ധരിക്കുന്നതിന് പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 
ചുരുക്കത്തില്‍ കയറ്റുമതിയും ഉപഭോഗവും നിക്ഷേപവും വേണ്ടത്ര ഉണ്ടാവുന്നില്ല. അപ്പോള്‍പ്പിന്നെ സാമ്പത്തികവളര്‍ച്ച ശക്തിപ്പെടുത്തണമെങ്കില്‍ ഒറ്റവഴിയേ ഉളളൂ. സര്‍ക്കാര്‍ ചെലവ് ഉയര്‍ത്തണം. പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കണം. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റുകള്‍ ചെലവു ചുരുക്കാനാണ് ശ്രമിക്കുന്നത്. 2009-10ല്‍ സര്‍ക്കാര്‍ ചെലവ് ദേശീയ വരുമാനത്തിന്റെ 15.9 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം അത് 13.3 ശതമാനമായി താണു. പുതിയ ബജറ്റു പ്രകാരം സര്‍ക്കാര്‍ ചെലവുകള്‍ അടുത്ത വര്‍ഷം 12.6 ശതമാനമേ വരൂ. സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് അവതരിപ്പിക്കേണ്ട ബജറ്റേയല്ല ഇത്. 
പശ്ചാത്തലസൗകര്യങ്ങള്‍ക്ക് വലിയതോതില്‍ പണം വകയിരുത്തുന്നുവെന്ന അവകാശവാദം ധനമന്ത്രി ഉയര്‍ത്തിയെങ്കിലും യാഥാര്‍ത്ഥ്യവുമായി ഇതിനൊരു ബന്ധവുമില്ല. മൂലധനച്ചെലവില്‍ 2015-16നെ അപേക്ഷിച്ച് ബജറ്റില്‍ വര്‍ദ്ധനയില്ല എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് പശ്ചാത്തലസൗകര്യത്തെക്കുറിച്ച് ഇത്രയേറെ വാചകമടിച്ചിട്ടും മൂലധനച്ചെലവ് ഉയര്‍ത്താന്‍ കഴിയാതെ പോകുന്നത്?
ഇതിനുത്തരം ധനക്കമ്മി കുറയ്ക്കുന്നതിനുളള ജെയ്റ്റ്‌ലിയുടെ വേവലാതിയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നു ബജറ്റിലും അനുക്രമമായി ധനക്കമ്മി കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. ഇതിപ്പോള്‍ 3.6 ശതമാനമാണ്. ഇത് 3.5 ശതമാനമാക്കി ചുരുക്കാനാണ് ലക്ഷ്യമിടുന്നത്. ധനക്കമ്മി എന്നു പറഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ വായ്പയെടുക്കുന്ന തുകയെന്നു ചുരുക്കം. ഭീമന്‍ പശ്ചാത്തല സൗകര്യ പ്രോജക്ടുകള്‍ക്ക് സ്വകാര്യ നിക്ഷേപകര്‍ വായ്പയെടുത്താണ് മുതല്‍മുടക്കുന്നത്. അതിലൊരു പരിധിയുമില്ല. പക്ഷേ, എന്തുകൊണ്ട് സര്‍ക്കാരിന് ഇതു ചെയ്തുകൂടാ എന്ന ചോദ്യമാണ് നാം ഉയര്‍ത്തുന്നത്. അതിനുളള നവലിബറല്‍ സിദ്ധാന്തക്കാരുടെ മറുപടി, സര്‍ക്കാര്‍ വലിയ തോതില്‍ വായ്പയെടുത്താല്‍ പലിശനിരക്ക് വര്‍ദ്ധിക്കുമെന്നും സ്വകാര്യ നിക്ഷേപകര്‍ക്ക് മുതല്‍മുടക്കാനുളള അഭിനിവേശം കുറയുമെന്നുമാണ്. നമ്മുടെ വാദം നേര്‍വിപരീതമാണ്. പൊതുനിക്ഷേപത്തിന്റെ പൂരകമായി സ്വകാര്യനിക്ഷേപം ഉയരുകയേ ഉളളൂ. 
കോര്‍പറേറ്റുകള്‍ക്ക് ഇളവ്
കോര്‍പറേറ്റുകള്‍ക്കു നല്‍കുന്ന ഇളവുകള്‍ക്കും സഹായങ്ങള്‍ക്കും ഇക്കുറിയും ഒരു ലോഭവുമില്ല. കടക്കെണിയിലായ കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തളളുന്നു. ഭീമന്‍ പശ്ചാത്തല സൗകര്യ പിപിപി പ്രോജക്ടുകളുടെ കോര്‍പറേറ്റ് ബാധ്യതകള്‍ വെട്ടിച്ചുരുക്കി അവരെ രക്ഷിക്കാന്‍ ഒരു സ്‌കീം തന്നെ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം നേരത്തെ പറഞ്ഞുവല്ലോ.

ഓരോ വര്‍ഷവും ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ നികുതികളാണ് സര്‍ക്കാര്‍ വേണ്ടെന്നു വെയ്ക്കുന്നത്. ഇതില്‍ സിംഹപങ്കും കോര്‍പറേറ്റുകള്‍ക്കാണ് നേട്ടമുണ്ടാകുന്നത്. എല്ലാ വര്‍ഷവും ബജറ്റ് പ്രസംഗം കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരെ ഈ കണക്കുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കാറ്. അതുകൊണ്ട് ഇത്തവണത്തെ ബജറ്റില്‍ ഇങ്ങനെ സര്‍ക്കാരിനു നഷ്ടപ്പെടുന്ന തുകയെക്കുറിച്ച് പ്രത്യേകം കണക്കു നല്‍കേണ്ടെന്നു തീരുമാനിച്ചു. 

ക്രൂഡോയിലിന്റെ വില വിദേശത്ത് നിരന്തരമായി കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില താഴാത്തത് ബജറ്റിനു പുറത്ത് ഇവയുടെ മേലുളള എക്‌സൈസ് നികുതി സര്‍ക്കാര്‍ നിരന്തരം ഉയര്‍ത്തുന്നതു മൂലമാണ്. കഴിഞ്ഞ ഒരു വര്‍ഷം ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ അധികനികുതിഭാരം ഇത്തരത്തില്‍ ജനങ്ങളുടെമേല്‍ ബിജെപി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയുണ്ടായി. കൈയടി വാങ്ങാനായിട്ടെങ്കിലും എക്‌സൈസ് നികുതിയില്‍ എന്തെങ്കിലുമൊരു കുറവു പ്രതീക്ഷച്ചവര്‍ ഇളിഭ്യരായി.

മാത്രമല്ല, പിഎഫ് വായ്പയുടെ അറുപതു ശതമാനത്തിനു നികുതി കൊടുക്കണമെന്ന വിചിത്രമായ നികുതി നിര്‍ദ്ദേശവും കൊണ്ടുവന്നു. ഈ നിര്‍ദ്ദേശം സംബന്ധിച്ച് പൂര്‍ണ ആശയക്കുഴപ്പമാണ് ധനമന്ത്രാലയത്തിന്. ഇതാണ് സെക്രട്ടറിമാരുടെ അഴകൊഴമ്പന്‍ വിശദീകരണം നല്‍കുന്ന സൂചന. കോര്‍പറേറ്റു നികുതികള്‍ 25 ശതമാനമായി താഴ്ത്തുന്നതിനുളള സമയബന്ധിത പരിപാടി തുടരും. 

ജെയ്റ്റ്‌ലിയെ സംബന്ധിച്ചടത്തോളം വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിക്കുന്ന ഏക ധനകാര്യ ആദര്‍ശം കമ്മി കുറയ്ക്കുക എന്നുളളതാണ്. കമ്മി കുറയ്ക്കുന്നതിന് പണക്കാര്‍ക്കു നല്‍കുന്ന സബ്‌സിഡി കുറയ്ക്കാം. അവരില്‍ നിന്നുളള നികുതി വര്‍ദ്ധിപ്പിക്കാം. എന്നാല്‍ ഇത്തരം നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അതേസമയം, ജനങ്ങളുടെമേല്‍ പരോക്ഷനികുതിഭാരം അടിച്ചേല്‍പ്പിക്കുകയും അവര്‍ക്കുളള സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ കമ്മി കുറയ്ക്കുന്ന തന്ത്രമാണ് ഈ ബജറ്റിന്റെയും മുഖമുദ്ര.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...