Wednesday, December 24, 2014

ഇങ്ങനെയുമുണ്ടൊരു സര്‍ക്കാര്‍ ആസ്‌പത്രി


'സംഗീതം പൊഴിക്കുന്ന, സുഗന്ധം പരത്തുന്ന ആസ്​പത്രി' എന്നാണ് പുനലൂര്‍ താലൂക്ക് ആസ്​പത്രിയുടെ വിശേഷണം. ആസ്​പത്രിയുടെ പടികടന്നപ്പോള്‍ എന്റെ നാവില്‍വന്ന ആദ്യ കമന്റും 'ആസ്​പത്രിയുടെ മണമില്ലല്ലോ' എന്നായിരുന്നു. ഒപ്പമുണ്ടായിരുന്ന സൂപ്രണ്ട്, ഡോ. ഷാഹിര്‍ഷായുടെ പ്രതികരണം ഒട്ടും വൈകിയില്ല. 'ആസ്​പത്രിഗന്ധമില്ലാത്ത ഒരാതുരാലയം വേണമെന്നായിരുന്നല്ലോ അഞ്ചുവര്‍ഷംമുമ്പ് ധനമന്ത്രിയുടെ സെക്രട്ടറി മനമോഹന്‍ ആവശ്യപ്പെട്ടത്. പരിസ്ഥിതി സൗഹാര്‍ദ ആസ്​പത്രിക്ക് അനുവദിച്ച 12 കോടി രൂപ ലഭിച്ചില്ലെങ്കിലും ആസ്​പത്രിഗന്ധമില്ല എന്നുകേട്ടതില്‍ സന്തോഷം'.

ചെറിയൊരു മുനയില്ലേ ഈ വാക്കുകള്‍ക്കെന്ന് വായനക്കാര്‍ക്ക് സംശയംതോന്നാം. സത്യമാണ്. അതിന് കാരണവുമുണ്ട്. പുനലൂര്‍ താലൂക്ക് ആസ്​പത്രിയില്‍ വരുത്താന്‍ ശ്രമിക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം എന്റെ മന്ത്രിയോഫീസില്‍ വന്നിരുന്നു. ജനകീയാസൂത്രണകാലത്ത് കരവാളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് വരുത്തിയ വിസ്മയകരമായ മാറ്റത്തിലൂടെ ശ്രദ്ധേയനായ ഡോക്ടറാണ് അദ്ദേഹം. മാതൃകാ താലൂക്ക് ആസ്​പത്രിക്കുവേണ്ടി സര്‍ക്കാറിന്റെ പ്രത്യേക സഹായധനം അര്‍ഹിക്കുന്ന പദ്ധതിയുമായാണ് അദ്ദേഹമെത്തിയത്. അത് സര്‍ക്കാര്‍ അംഗീകരിച്ചു, പരിസ്ഥിതിസൗഹൃദമായ ആസ്​പത്രിക്കെട്ടിടത്തിന് 12 കോടി രൂപയും അനുവദിച്ചു. ലാറി ബേക്കറുടെ ശിഷ്യന്‍ ബെന്നി കുര്യാക്കോസ് വിശദമായ ഡിസൈനും മറ്റും തയ്യാറാക്കി. പക്ഷേ, പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബോധിച്ചില്ല. ആരോഗ്യവകുപ്പും പൊതുമരാമത്തുവകുപ്പും തമ്മില്‍ തര്‍ക്കം പൊടിപൊടിച്ചു. എല്ലാം തീര്‍ന്നപ്പോള്‍ ഭരണം മാറി. പിന്നെ ഒന്നും നടന്നില്ല.

പക്ഷേ, കിട്ടാതെപോയ കോടികളെയോര്‍ത്ത് നെടുവീര്‍പ്പിടുകയല്ല ഡോക്ടറും സംഘവും ചെയ്തത്. ജനകീയകൂട്ടായ്മയെ വിശ്വാസത്തിലെടുത്ത് അവര്‍ പദ്ധതിയുമായി മുന്നോട്ടുപോയി. ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. 'താലൂക്ക് ആസ്​പത്രിക്കായി ഒരു ദിവസം' നീക്കിവെക്കാന്‍ തയ്യാറായ നൂറുകണക്കിന് ആളുകള്‍, പൊളിച്ച കെട്ടിടാവശിഷ്ടങ്ങള്‍ തലച്ചുമടായി നീക്കംചെയ്തു. 13 വര്‍ഷമായി പുറത്തുള്ളവര്‍ കൈയേറിയിരുന്ന കാന്റീനും കടമുറികളും ഒഴിപ്പിച്ചെടുത്തു. സന്നദ്ധാടിസ്ഥാനത്തില്‍ ആറുലക്ഷം രൂപയുടെ പ്രവൃത്തി നടന്നുവെന്നാണ് കണക്ക്. 70 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണ് ആസ്​പത്രിയുടേതെന്ന് ഇപ്പോഴാരും പറയില്ല. ടൈലുകള്‍ പതിച്ച് വെടിപ്പാക്കിയ തറ, ആകര്‍ഷകമായി പെയിന്റടിച്ച ഭിത്തികള്‍, ഫാള്‍സ് സീലിങ്ങും റീവയറിങ്ങും ഉള്‍പ്പെടെ അത്യാവശ്യം പുതുക്കിപ്പണികളെല്ലാം നടത്തി കെട്ടിടം പുനരുദ്ധരിച്ചു.

വലിച്ചെറിയപ്പെട്ട കടലാസോ പ്ലാസ്റ്റിക്കോ ഭക്ഷണപദാര്‍ഥങ്ങളോ ഈ ആസ്​പത്രിവളപ്പില്‍ കാണാനാവില്ല. ആസ്​പത്രി മാലിന്യം ഐ.എം.എ.യുടെ സംവിധാനത്തിലൂടെ പാലക്കാട്ട് സംസ്‌കരിക്കുന്നു. പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കുന്നു. ജൈവമാലിന്യം സംസ്‌കരിക്കാന്‍ തുമ്പൂര്‍മുഴി മോഡല്‍ എയ്‌റോബിക് സംവിധാനം.

ക്ലീനിങ്ങിനുമാത്രം 16 പേരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. ദിവസവും മൂന്നുനേരം തറതുടയ്ക്കുന്ന സര്‍ക്കാര്‍ ആസ്​പത്രി കേരളത്തില്‍ വേറെയുണ്ടാവില്ല. പുല്‍ത്തൈലത്തിന്റെ വാസനയുള്ള ക്ലീനിങ് ലോഷനാണ് ഉപയോഗിക്കുന്നത്; ഒരുനേരം ഹൈപ്പോ ക്ലോറേറ്റ് ലായനിയും. ഇത്ര വൃത്തിയുള്ള പൊതു ശുചിമുറികള്‍ മറ്റൊരു ആസ്​പത്രിയിലും കണ്ടിട്ടില്ല.

ഡോ. ഷാഹിര്‍ഷായുടെ ഭാര്യ സിന്ധിയാണ് ഗൈനക്കോളജിസ്റ്റ്. വളരെ അഭിമാനത്തോടെയാണ് പ്രസവവാര്‍ഡിലേക്ക് അവര്‍ എന്നെ കൂട്ടിക്കൊണ്ടുപോയത്. സാധാരണ ആസ്​പത്രിയില്‍ ലേബര്‍റൂമുകളാണല്ലോ. പക്ഷേ, ഇവിടെയുള്ളത് എയര്‍കണ്ടീഷന്‍ചെയ്ത ലേബര്‍ സ്യൂട്ടുകള്‍. തകരക്കട്ടിലുകള്‍ക്കുപകരം അത്യന്താധുനിക ലേബര്‍ കട്ടിലുകള്‍ (ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ ലേബര്‍കോട്ട്).

 ഇതൊന്നുമല്ല ഏറ്റവും വലിയ പ്രത്യേകത. വേദനയറിയാതെ പ്രസവിക്കാന്‍ കഴിയുമെന്നുകേട്ടാല്‍ ഒരുവിധപ്പെട്ടവര്‍ക്കൊന്നും വിശ്വാസം വരില്ല. പക്ഷേ, ഈ ആസ്​പത്രിയിലെത്തിയാല്‍ ആ ധാരണ മാറും. ഈ ആസ്​പത്രിയിലെ ലേബര്‍ സ്യൂട്ടുകളില്‍ വേദനയറിയാതെ പ്രസവിക്കാനുള്ള സംവിധാനമുണ്ട്. 50 ശതമാനം ഓക്‌സിജനും 50 ശതമാനം നൈട്രസ് ഓക്‌സൈഡും ചേര്‍ത്ത എന്റനോക്‌സ് മിശ്രിതം പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ പ്രസവസമയത്ത് ഗര്‍ഭിണിക്ക് ശ്വസിക്കാന്‍ നല്‍കുന്നു. പ്രസവവേദനയെ 40 മുതല്‍ നൂറുശതമാനംവരെ കുറയ്ക്കാന്‍ ഈ മിശ്രിതത്തിന് കഴിയും. എന്നുമാത്രമല്ല, ഗര്‍ഭിണിക്കും കുഞ്ഞിനും 50 ശതമാനം ഓക്‌സിജന്‍ ലഭിക്കും. അന്തരീക്ഷവായുവില്‍നിന്ന് ലഭിക്കുന്നത് 13 ശതമാനം ഓക്‌സിജനാണെന്ന് ഓര്‍ക്കണം. പല വിദേശരാജ്യങ്ങളിലും ഈ ശാസ്ത്രീയരീതി ഏറെക്കാലമായി നിലവിലുണ്ട്.

ഇവിടെ ആദ്യത്തെ വേദനരഹിത പ്രസവം നടന്നത് 2010 സപ്തംബര്‍ 13നായിരുന്നു. ഇപ്പോള്‍ അത് ആയിരം കടന്നു. ഒഴിവാക്കാനാവാത്ത കേസുകളില്‍മാത്രം സിസേറിയന്‍. 90 ശതമാനം സിസേറിയന്‍ നടത്തി മറ്റൊരു താലൂക്ക് ആസ്​പത്രി ലോകറെക്കോഡിട്ട കേരളത്തിലാണ് 10 ശതമാനത്തില്‍ത്താഴെ സിസേറിയന്‍ നടക്കുന്ന ഈ ആസ്​പത്രി. സിസേറിയനില്‍ ലോകാരോഗ്യസംഘടനയുടെ അനുവദനീയ പരിധി 15 ശതമാനമാണ്. ആറുവര്‍ഷമായി മാതൃമരണമോ ശിശുമരണമോ ഇവിടെയില്ല. നവജാതശിശുക്കള്‍ക്കായുള്ള ഫോട്ടോ തെറാപ്പി യൂണിറ്റും ഇന്‍ക്യുബേറ്ററുമുണ്ട്. ഗര്‍ഭിണികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ കൗണ്‍സലിങ് ക്ലിനിക്കുകളുണ്ട്. കൂടാതെ, കൃത്യമായ മോണിറ്ററിങ്ങും സമ്പൂര്‍ണമായ പരിചരണവും ഗര്‍ഭിണിക്ക് ലഭിക്കുന്നു.

ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും പ്രതിബദ്ധത ആരെയും അദ്ഭുതപ്പെടുത്തും. കഴിയുന്നത്ര ജീവനക്കാരോട് ഞാന്‍ സംസാരിച്ചു. ആത്മവിശ്വാസവും അഭിമാനവും തുളുമ്പുന്ന സ്വരത്തിലാണ് അവരുടെ മറുപടി. ഇത്തരമൊരു പ്രതിബദ്ധത ജീവനക്കാരില്‍ എങ്ങനെ വളര്‍ത്തിയെടുത്തു? നല്ല ആസ്​പത്രി വേണമെങ്കില്‍ നല്ല ഡോക്ടര്‍ കൂടിയേ തീരൂ. അതിവിടെയുണ്ട്. സൂപ്രണ്ട് ഡോക്ടര്‍ ഷാഹിര്‍ഷാ മുന്നില്‍നിന്ന് നയിക്കുന്നു. സമീപനവും രീതികളും തികച്ചും വ്യത്യസ്തം.

19 ഡോക്ടര്‍മാരുള്‍പ്പെടെ 100 സ്ഥിരം ജീവനക്കാരും 75 കരാര്‍ ജീവനക്കാരും 43 സര്‍വീസ് ജീവനക്കാരുമടങ്ങുന്ന കൂട്ടായ്മയാണ് ആസ്​പത്രി നടത്തുന്നത്. ഈ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ തനതായ രീതികളുണ്ട്. മാസത്തില്‍ ഒരുതവണ സൂപ്രണ്ടുമുതല്‍ തൂപ്പുകാര്‍ വരെയുള്ള എല്ലാവരും ഒരുമിച്ച് ഉച്ചഭക്ഷണം. കറികളും മറ്റും പരസ്​പരം പങ്കുവെച്ച് ഉച്ചയൂണ് ഒരുമയുടെ ഉത്സവമാക്കുന്നു. ഓണം പോലുള്ള ആഘോഷങ്ങള്‍ക്ക് ജീവനക്കാരുടെ കുടുംബാംഗങ്ങളും ഒന്നിക്കും.

 സൂപ്രണ്ടുമുതല്‍ താഴോട്ടുള്ളവരെല്ലാം ഒന്നിച്ചാണ് ആസ്​പത്രിയും പരിസരവും വൃത്തിയാക്കലും തോട്ടം വെച്ചുപിടിപ്പിക്കലുമൊക്കെ. മാസത്തില്‍ ഒരുദിവസം ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഈ കൂട്ടായ്മയുടെ സുഗന്ധമൊഴുകുന്ന മനോഹരമായ ഒരു പൂന്തോട്ടം ആസ്​പത്രിവളപ്പിലുണ്ട്. ഇതൊക്കെയുണ്ടെന്നുവെച്ച് അച്ചടക്കത്തിലൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. കീഴ്ജീവനക്കാരോട് ബഹുമാനവും സമഭാവനയും കലര്‍ന്ന സമീപനവും പെരുമാറ്റവും മേലധികാരികളില്‍നിന്ന് ഉണ്ടാകുമ്പോള്‍ ഇത്തരം കൂട്ടായ്മകള്‍ യാഥാര്‍ഥ്യമാകും.

സാധാരണ താലൂക്ക് ആസ്​പത്രിയില്‍ പ്രതീക്ഷിക്കാനാവാത്ത ഒട്ടേറെ ആധുനിക ചികിത്സാസംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഡയാലിസിസ് വാര്‍ഡില്‍ എട്ട് മെഷീനുകള്‍, മൂന്നുഷിഫ്റ്റ് പ്രവര്‍ത്തനം. രോഗികള്‍ക്ക് പാട്ടുകേട്ടോ ടെലിവിഷന്‍ കണ്ടോ റിലാക്‌സുചെയ്യാം. കീമോതെറാപ്പി സൗകര്യമുള്ള കാന്‍സര്‍ കെയര്‍ യൂണിറ്റ്, മൊബൈല്‍വാനും ഫ്രീസറുമുള്ള മോര്‍ച്ചറി, നിലാവ് എന്ന പേരിലുള്ള പാലിയേറ്റീവ് കെയര്‍ വാര്‍ഡ്, ആധുനിക ഉപകരണങ്ങളും സര്‍ജറിയുമുള്ള ഡെന്റല്‍ വിഭാഗം, 10 കിടക്കയുള്ള സര്‍ജിക്കല്‍ ഐ.സി.യു., നാല് കിടക്കയുള്ള മെഡിക്കല്‍ ഐ.സി.യു... ഇങ്ങനെ നീളുന്നു ആ നിര.

ഇതിനെല്ലാമുള്ള പണം എവിടെനിന്നാണ്? എല്ലാ താലൂക്ക് ആസ്​പത്രികള്‍ക്കും ലഭിക്കുന്ന ഗ്രാന്റുകള്‍ക്കുപുറമേ എന്‍.ആര്‍.എച്ച്.എം. പോലുള്ള സ്‌കീമുകളില്‍ നിന്ന് പരമാവധി പണം സമാഹരിക്കുന്നുണ്ട്. ദുബായിലെ പുനലൂര്‍ ഫോറമാണ് ഡയാലിസിസ് യൂണിറ്റ് സംഭാവനചെയ്തത്. കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഏതാണ്ട് 75 ലക്ഷം രൂപ ലഭിച്ചു. മൂന്നുശതമാനം കേസുകള്‍മാത്രമേ കമ്പനി തള്ളിക്കളഞ്ഞുള്ളൂ. അത്രയ്ക്ക് ചിട്ടയായി റെക്കോഡുകളും കണക്കുകളും സൂക്ഷിക്കുന്നു.

 ഒ.പി. കൗണ്ടര്‍, റിസപ്ഷന്‍, ലബോറട്ടി തുടങ്ങിയവയെല്ലാം ബന്ധിപ്പിച്ചുള്ള കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുണ്ട്. സംഭാവനയായി ഉപകരണങ്ങളോ പണമോ ലഭിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം ഭക്ഷണ പരിപാടിക്ക് ചെലവഴിച്ച 18 ലക്ഷം രൂപയും സംഭാവനയായി ലഭിച്ചതാണ്. ഗേറ്റ് പാസ് കളക്ഷന് വെന്‍ഡിങ് മെഷീന്‍ വെച്ചിട്ടുണ്ട്. രാത്രി പത്തുമണിവരെ പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റ്, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയും ലാബും തുടങ്ങിയവയിലൂടെയുള്ള വരുമാനവും പ്രധാനമാണ്.

പുനലൂര്‍ മുനിസിപ്പാലിറ്റിയുടെ പദ്ധതികളില്‍ താലൂക്ക് ആസ്​പത്രിക്ക് പ്രധാന സ്ഥാനമുണ്ട്. ജനകീയാസൂത്രണകാലത്താണ് താലൂക്ക് ആസ്​പത്രിയിലെ ജനകീയ ഇടപെടല്‍ ആരംഭിക്കുന്നത്. ആസ്​പത്രി തങ്ങളുടേതാണ് എന്ന ബോധം ജനങ്ങള്‍ക്കുണ്ട്. ഈയടുത്ത് പുനലൂരില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തപ്പോള്‍ എനിക്കത് ബോധ്യമായി. ഈ ആസ്​പത്രി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സ്വാഗതപ്രസംഗകന്‍ ദീര്‍ഘമായി പ്രതിപാദിച്ചു. സ്വകാര്യ ആസ്​പത്രികള്‍ക്കുവേണ്ടി നല്ല ഡോക്ടര്‍മാരെ സ്ഥലംമാറ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം.

 അന്വേഷിച്ചപ്പോള്‍ സംഗതി സത്യമാണ്. പുനലൂരില്‍ ഒരു സ്വകാര്യ ആസ്​പത്രി പൂട്ടി. പേരുകേട്ട ഗൈനക്കോളജിസ്റ്റുമാരെ കനത്തശമ്പളത്തിന് നിയോഗിച്ചിട്ടും മറ്റൊരു പ്രമുഖ ആസ്​പത്രിയില്‍ ബെഡ്ഡുകള്‍ ഒഴിവാണ്. മുന്നില്‍നിന്ന് നയിക്കുന്ന ഒരു ഡോക്ടര്‍ക്കുകീഴില്‍ അണിനിരന്ന പ്രതിബദ്ധതയുള്ള ഒരു സംഘം ജീവനക്കാരും അവരുടെ നിസ്വാര്‍ഥതയ്ക്കുപിന്നില്‍ അണിനിരന്ന ഒരു ജനകീയകൂട്ടായ്മയും ചേര്‍ന്നാണ് അവിശ്വസനീയമെന്ന് തോന്നുന്ന ഈ മാറ്റം സാധ്യമാക്കിയത്. 'അസാധ്യമായി ഒന്നുമില്ല' എന്ന നെപ്പോളിയന്‍ വചനത്തിന് പുനലൂരിന്റെ സ്മാരകമായി അവരുടെ താലൂക്ക് ആസ്​പത്രി മാറിക്കഴിഞ്ഞു. ഈ മാതൃക സംരക്ഷിക്കാനും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും നമുക്ക് ബാധ്യതയുണ്ട്.

1 comment:

  1. സന്തോഷവര്‍ത്തമാനങ്ങള്‍

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...