About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Wednesday, June 26, 2013

ഡോളറിനുമുന്നില്‍ മുട്ടുമടക്കുന്ന രൂപ


Dhanavicharam, Mathrubhumi June 25, 2013

നിങ്ങള്‍ പ്രവാസിയാണെന്നിരിക്കട്ടെ. മെയ് ആദ്യം നാട്ടിലേക്ക് അയച്ച ഓരോ ഡോളറിനും 52 രൂപ വെച്ചാണ് വീട്ടില്‍ കിട്ടിയത്. അതായിരുന്നു, രൂപയുടെ അന്നത്തെ വിനിമയനിരക്ക്. ഇന്നത് 59 രൂപയാണ്. രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞു. രൂപയുടെ വിനിമയനിരക്ക് ഇടിയുമ്പോള്‍ പ്രവാസികള്‍ക്ക് കുശാലാണ്. ജൂണ്‍ മാസത്തില്‍ സാധാരണ ലഭിക്കാറുള്ള പ്രവാസിനിക്ഷേപത്തിന്റെ ഇരട്ടിത്തുകയാണ് ബാങ്കുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. നമ്മുടെ ബാങ്കുകള്‍ക്കും ചാകരയാണ്. 'രൂപ താഴേക്ക്, ഇത് നിങ്ങള്‍ക്കൊരു അവസരം' എന്ന ഇ-മെയില്‍ പരസ്യംപോലും ചില ബാങ്കുകള്‍ നല്‍കിയത്രേ.

രൂപയുടെ വിലയിടിയുന്നത് പ്രവാസികള്‍ ഏറെയുള്ള കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്കും കയറ്റുമതിക്കാര്‍ക്കും നേട്ടമുണ്ടാക്കും. പക്ഷേ, രാജ്യത്തിന് പൊതുവേ അത് ഗുണകരമല്ല. എന്തുകൊണ്ട്?

രൂപയുടെ ഇടിയുന്ന വിനിമയനിരക്കിനെക്കുറിച്ച് മാതൃഭൂമി ന്യൂസില്‍ വന്ന റിപ്പോര്‍ട്ടില്‍ കൗതുകകരമായ ഒരു സംഭവം പരാമര്‍ശിക്കുന്നുണ്ട്. നേട്ടം കൊയ്യാന്‍ ചില പ്രവാസികള്‍ ഡോളര്‍ കടംവാങ്ങി നാട്ടിലേക്ക് അയയ്ക്കുന്നുവത്രേ. ഈ കടം പിന്നീട് വരുമാനത്തില്‍നിന്ന് തിരിച്ചുനല്‍കാമെന്നാണല്ലോ അവരുടെ കണക്കുകൂട്ടല്‍. പക്ഷേ, ഇന്നത്തെ സ്ഥിതിഗതികള്‍ വെച്ചുനോക്കുമ്പോള്‍ ഡോളറിന്റെ വിനിമയനിരക്ക് 65-ഓ 70-ഓ രൂപയായി താഴ്ന്നാലും അദ്ഭുതപ്പെടാനില്ല. അങ്ങനെവന്നാല്‍ കടംവാങ്ങി ഡോളറയച്ച പ്രവാസിക്കെന്ത് സംഭവിക്കും? 60 രൂപ നിരക്കില്‍ എടുത്ത ഡോളര്‍ തിരിച്ചുകൊടുക്കാന്‍ 65-ഓ 70-ഓ രൂപ ലഭിക്കാവുന്ന ഡോളര്‍ നല്‍കേണ്ടിവരും. ഊഹക്കച്ചവടം നഷ്ടമാകുമെന്നര്‍ഥം.

നൂറോ ആയിരമോ ഡോളറിന്റെ കടമുള്ള പ്രവാസികള്‍ പരല്‍മീനുകള്‍ മാത്രം.  ലക്ഷക്കണക്കിന് ഡോളര്‍ ഇന്ത്യയിലേക്ക് അയയ്ക്കുകയും തിരിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന വമ്പന്‍ സ്രാവുകളുണ്ട് - വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ്). മൂന്നുതരത്തിലാണ് അവര്‍ പണം ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ആദ്യത്തേത് പ്രത്യക്ഷ മൂലധനനിക്ഷേപം. ഫാക്ടറികളും മറ്റും നടത്തുന്നതിനുള്ള മുതല്‍മുടക്കാണിത്. ഓഹരിക്കമ്പോളത്തിലെ ചൂതാട്ടത്തിനുള്ള മുതല്‍മുടക്കാണ് രണ്ടാമത്തെ ഇനം. ഇന്ത്യയിലെ സര്‍ക്കാറും ധനകാര്യസ്ഥാപനങ്ങളും മറ്റ് വാണിജ്യസ്ഥാപനങ്ങളും ഇറക്കുന്ന കടപ്പത്രങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ വരുന്നവരാണ് മൂന്നാമത്തെ കൂട്ടര്‍.

ആദ്യത്തെ കൂട്ടര്‍ അത്ര അപകടകാരികളല്ല. പുതിയ സാങ്കേതികവിദ്യയും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെങ്കില്‍ അവയെ എതിര്‍ക്കേണ്ടതില്ല. എന്നാല്‍, ഓഹരിക്കമ്പോളത്തിലും ബോണ്ട് കമ്പോളത്തിലും കളിക്കാന്‍ വരുന്നവര്‍ ഊഹക്കച്ചവടം തൊഴിലാക്കിയിട്ടുള്ളവരാണ്. അവര്‍ നമ്മുടെ നാട്ടില്‍ മുതല്‍മുടക്കുമ്പോള്‍ നമുക്ക് ഡോളര്‍ അല്ലെങ്കില്‍ വിദേശനാണയം ലഭിക്കും. അത് പിന്‍വലിക്കുമ്പോള്‍ ഡോളര്‍ അല്ലെങ്കില്‍ വിദേശനാണയം മടക്കിനല്‍കണം. പ്രത്യക്ഷമൂലധന നിക്ഷേപം പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ല. എന്നാല്‍, രണ്ടും മൂന്നും ഇനക്കാര്‍ക്ക് കമ്പ്യൂട്ടറിലെ ക്ലിക്കുകൊണ്ട് ലക്ഷക്കണക്കിന് ഡോളര്‍ പുറത്തുകൊണ്ടുപോകാം. അപ്പോള്‍ അവര്‍ക്ക് നല്‍കാന്‍ ഡോളറില്ലെങ്കില്‍ ഡോളറിന്റെ വില കുത്തനെ കൂടും. അഥവാ രൂപയുടെ വില പെട്ടെന്ന് ഇടിയും. അത്തരം സന്ദര്‍ഭത്തില്‍ നമ്മുടെ കൈയില്‍ വിദേശനാണയം ഇല്ലാതെവന്നാല്‍ രാജ്യം വിദേശനാണയത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും.

ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നത്? അമേരിക്കയില്‍ സാമ്പത്തികസ്ഥിതികള്‍ ഏറെ വര്‍ഷത്തിനുശേഷം മെച്ചപ്പെട്ടിരിക്കുകയാണ്. യൂറോപ്പിലും മറ്റും ഈ ഉണര്‍വ് പ്രത്യക്ഷമായിട്ടില്ലെങ്കിലും തങ്ങള്‍ വീണ്ടെടുപ്പിന്റെ പാതയിലാണെന്നാണ് അമേരിക്കന്‍ അധികൃതര്‍ കരുതുന്നത്. ഒരര്‍ഥത്തില്‍ ഇത് നമുക്ക് ഗുണകരമാകേണ്ടതാണ്. അമേരിക്കയിലേക്കുള്ള കയറ്റുമതി കൂടും. കുടിയേറ്റത്തിനുള്ള തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍ക്കും മറ്റും കൂടുതല്‍ സബ്‌കോണ്‍ട്രാക്ട് കിട്ടും. ഇതെല്ലാം നമ്മുടെ സമ്പദ്ഘടനയ്ക്കും ഉത്തേജകമാകേണ്ടതാണ്. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ നേരേ മറിച്ചാണ്. ഇതിന്റെ കാരണമന്വേഷണിക്കുമ്പോഴാണ് നമ്മുടെ സമ്പദ്ഘടന പെട്ടുപോയ ഊരാക്കുടുക്ക് തിരിച്ചറിയുക.

2008-ലാണ് അമേരിക്കയിലെ വമ്പന്‍ ബാങ്കുകള്‍ പൊളിഞ്ഞ് ആഗോള സാമ്പത്തികമാന്ദ്യം തുടങ്ങിയത്. സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്നതാണല്ലോ നിയോലിബറല്‍ കാഴ്ചപ്പാട്. ഈ ആദര്‍ശങ്ങളെല്ലാം മാറ്റിവെച്ച് സമ്പദ്ഘടനയെ സമൂലത്തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അമേരിക്കയടക്കം ലോകസര്‍ക്കാറുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അവരുടെ കൈയിലിരുന്ന പൊള്ളക്കടപ്പത്രങ്ങളെല്ലാം വാങ്ങിക്കൂട്ടുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. തിരിച്ചടയ്ക്കാന്‍ കഴിവുണ്ടോ എന്നുനോക്കാതെ വീടുവാങ്ങാന്‍ നല്‍കിയ വായ്പകള്‍, ആ വായ്പകളുടെ ഈടിന്മേല്‍ ബാങ്കുകള്‍ ഇറക്കിയ കടപ്പത്രങ്ങള്‍, ഈ പൊള്ളക്കടപ്പത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡെറിവേറ്റീവുകള്‍ എന്നിങ്ങനെ ഊതിവീര്‍പ്പിച്ച അമേരിക്കന്‍ പാര്‍പ്പിട മേഖലയിലെ കുമിള പൊട്ടിയപ്പോഴാണ് സാമ്പത്തികത്തകര്‍ച്ച തുടങ്ങിയത്.

ചില പ്രധാന ബാങ്കുകള്‍ തകര്‍ന്നു. മറ്റുള്ളവയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി ബാങ്കുകളുടെ കൈവശമുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി. ബാങ്കുകള്‍ കൂടുതല്‍ സുരക്ഷിതമായി എന്നുമാത്രമല്ല, വായ്പ കൊടുക്കാന്‍ അതിഭീമമായ തുക ബാങ്കുകളുടെ കൈവശം വന്നുചേരുകയും ചെയ്തു. അന്ന് തുടങ്ങിയ ഈ നൂതനമായ സാമ്പത്തിക നടപടി ഇതുവരെ അമേരിക്ക നിര്‍ത്താന്‍ ധൈര്യപ്പെട്ടില്ല. ഇതിന് പുതിയ പേരും വീണിട്ടുണ്ട് - അളവിലുള്ള അയവ് അഥവാ ക്വാണ്ടിറ്റേറ്റീവ് ഈസിങ്.

2008-ല്‍ മാന്ദ്യമാരംഭിക്കുന്നതിന് മുമ്പ് 0.7 ലക്ഷം കോടി ഡോളറിന്റെ ബോണ്ടുകളാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ശേഖരം. എന്നാല്‍, 2010 ജൂണ്‍ അവസാനിക്കുമ്പോഴേക്കും 2.1 ലക്ഷം ഡോളറിനുള്ള ബോണ്ടുകള്‍ അമേരിക്കന്‍ സര്‍ക്കാറിന്റെ കൈവശമെത്തിച്ചേര്‍ന്നു. അത്രയും കോടി ഡോളര്‍ അമേരിക്കന്‍ സമ്പദ്ഘടനയിലേക്കും അവിടെനിന്ന് ലോകസമ്പദ്ഘടനയിലേക്കും ഒഴുകിയെന്ന് ചുരുക്കം. അമേരിക്കന്‍ സര്‍ക്കാറിന്റെ കൈയിലുള്ള ബോണ്ടിന്റെ തുക ഏതാണ്ട് ഈ നിലവാരത്തില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി തുടര്‍ന്ന് എല്ലാ മാസവും 4,000-8,000 കോടി ഡോളറിനുള്ള ബോണ്ടുകള്‍വീതം അമേരിക്കന്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി. ഈ നയം തിരുത്തുന്നതിനും 2014 അവസാനിക്കുന്നതോടെ പൂര്‍ണമായി വിരാമമിടുന്നതിനുമാണ് ഇപ്പോള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചിട്ടുള്ളത്. ഈ നടപടി രൂപയുടെ വിലയിടിക്കുന്നതിലേക്ക് നയിച്ചതെങ്ങനെ?

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബോണ്ടുകള്‍ വാങ്ങിയപ്പോള്‍ ഡോളര്‍ ആഗോള സമ്പദ്ഘടനകളിലേക്ക് ഒഴുകിയെന്ന് പറഞ്ഞുവല്ലോ. അതിലൊരുഭാഗം ഇന്ത്യയിലേക്കും വന്നു. അങ്ങനെയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരിക്കമ്പോളത്തിലും ബോണ്ടുകമ്പോളത്തിലും വലിയതോതില്‍ പണമിറക്കിയത്. രാജ്യത്ത് സാമ്പത്തിക മുരടിപ്പാണെങ്കിലും ഇന്ത്യന്‍ വിപണിക്ക് ഈ പണം ഉത്തേജകമായി. റിസര്‍വ് ബാങ്കിനും വളരെ സന്തോഷമായി. കാരണം ഇന്ത്യയിലേക്ക് ഇപ്രകാരം വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഡോളര്‍ കൊണ്ടുവരുമ്പോള്‍ നമ്മുടെ വിദേശനാണയലഭ്യത വര്‍ധിക്കും. 0.3 ലക്ഷം കോടി ഡോളറിന്റെ വിദേശനാണയ ശേഖരം ഇന്ത്യയ്ക്കുണ്ട്. അതെല്ലാം ഇത്തരത്തില്‍ വന്ന പണമാണ്.

ബോണ്ട് വാങ്ങല്‍ അമേരിക്ക നിര്‍ത്തലാക്കുമ്പോള്‍ ലോകവിപണികളില്‍ ഡോളര്‍ ലഭ്യമല്ലാതാകും. ഡോളറിന് പ്രിയം കൂടും. വിനിമയനിരക്ക് ഉയരും. സ്വാഭാവികമായി മറ്റ് നാണയങ്ങളുടെ വിനിമയനിരക്ക് താഴും. ഇന്ത്യയിലെ നിക്ഷേപകരെയും മറ്റും സാന്ത്വനിപ്പിക്കുന്നതിന് ധനമന്ത്രി ചിദംബരവും മറ്റും പറയുന്ന ന്യായം ഇതാണ്. നാണയത്തിന്റെ വിലയിടിവ് ഇന്ത്യന്‍ രൂപയുടെ മാത്രം പ്രതിഭാസമല്ല. ആഗോളപ്രതിഭാസമാണ്. ഇതില്‍ ഭയപ്പെടാനൊന്നുമില്ല. പക്ഷേ, ചൈനയെയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയെ ഭയപ്പെടുത്തുന്ന ഒരു ഘടകമുണ്ട്. അത് മനസ്സിലാക്കുമ്പോഴേ, എന്തുകൊണ്ട് രൂപയുടെ വിലയിടിവ് സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കാം എന്ന് തിരിച്ചറിയൂ.

ഇന്ത്യ അതിരൂക്ഷമായ കറണ്ട് അക്കൗണ്ട് കമ്മി നേരിടുന്ന രാജ്യമാണ്. ഒരു രാജ്യത്തിന്റെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍നിന്നുള്ള വരവും ഇറക്കുമതിയില്‍നിന്നുള്ള ചെലവും രേഖപ്പെടുത്തുന്ന കണക്കാണ് കറണ്ട് അക്കൗണ്ട്. ചരക്കുകളോ സേവനങ്ങളോ കയറ്റുമതി ചെയ്യുമ്പോള്‍ കിട്ടുന്ന വിദേശനാണയ വരുമാനം ഒരു ഭാവിബാധ്യതയും സൃഷ്ടിക്കുന്നില്ല. അതുപോലെത്തന്നെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ചെയ്യുമ്പോള്‍ കിട്ടുന്ന വരുമാനം ഭാവിയില്‍ ഒരു ആസ്തിയും സൃഷ്ടിക്കുന്നില്ല. എല്ലാം അപ്പപ്പോഴുള്ള കൊടുക്കല്‍ വാങ്ങലില്‍ അവസാനിക്കും. അതുകൊണ്ടാണ് കറണ്ട് അക്കൗണ്ട് എന്ന പേര് വീണത്. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ദേശീയ വരുമാനത്തിന്റെ 6.7 ശതമാനമെത്തിയിരിക്കുകയാണ്. ഇത് 2.5 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇത് അപകടകരമായ സ്ഥിതിയാണ്.

നടപ്പുവര്‍ഷത്തില്‍ 0.11 ലക്ഷം കോടി ഡോളറിന്റെ കറണ്ട് അക്കൗണ്ട് കമ്മിയുണ്ട്. എന്നുവെച്ചാല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും തമ്മില്‍ ഇത്രയും വിടവുണ്ട്. വിദേശ ഇടപാടുകള്‍ സുഗമമായി നടക്കണമെങ്കില്‍ ഇത്രയും തുക വിദേശത്തുനിന്ന് വായ്പയോ നിക്ഷേപമോ ആയി കിട്ടണം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടങ്ങിയശേഷം തുടര്‍ച്ചയായി ഉണ്ടായിട്ടുള്ള സ്ഥിതിവിശേഷമാണിത്. എന്നാല്‍, വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ക്കൂടുതല്‍ ഡോളര്‍ ഇറക്കിയതുകൊണ്ട് ഈ കമ്മി ഇതുവരെ ഒരു പ്രതിസന്ധിയും സൃഷ്ടിച്ചില്ല. മാത്രമല്ല, നേരത്തേ സൂചിപ്പിച്ചതുപോലെ 0.3 ലക്ഷം കോടി ഡോളര്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ കൈയില്‍ വിദേശനാണയശേഖരമായി വന്നുചേരുകയും ചെയ്തു.

ഇനി കടംവാങ്ങിയ പ്രവാസിയിലേക്ക് മടങ്ങാം. കടംവാങ്ങി ഇന്ത്യയിലേക്ക് പണമയച്ച പ്രവാസിക്ക് രൂപയുടെ വിലയിടിയുമ്പോള്‍ നഷ്ടം സംഭവിക്കുന്നതെങ്ങനെ എന്ന് പറഞ്ഞുവല്ലോ. ഇതുപോലെ നഷ്ടം ഇന്ത്യയില്‍ മുതല്‍മുടക്കിയിട്ടുള്ള വിദേശനിക്ഷേപകര്‍ക്കും ഉണ്ടാകും. നേരത്തേ അവര്‍ മുതല്‍മുടക്കിയപ്പോള്‍ അവര്‍ക്ക് ഡോളറൊന്നിന് 52 രൂപയോ അതില്‍ കുറവോ മാത്രമാണ് ലഭിച്ചത്. എന്നാല്‍, ഇപ്പോള്‍ രൂപയുടെ വിലയിടിഞ്ഞശേഷം തങ്ങളുടെ ഡോളറാക്കി തിരിച്ചുകൊണ്ടുപോകാന്‍ നോക്കുമ്പോള്‍ ഓരോ ഡോളറിനും ഇന്ന് 60 രൂപവെച്ച് കൊടുക്കണം. നാളെ 70 രൂപവെച്ച് കൊടുക്കേണ്ടിവന്നാലോ? ഇത്തരമൊരു ഭയവും പരിഭ്രാന്തിയും മൂലം എത്രയും പെട്ടെന്ന് തങ്ങളുടെ പണം പിന്‍വലിക്കാനുള്ള പരാക്രമങ്ങളില്‍ നമ്മുടെ 0.3 ലക്ഷം കോടി രൂപയുടെ വിദേശനാണയശേഖരം ദിവസങ്ങള്‍കൊണ്ട് അപ്രത്യക്ഷമാകും.

വിദേശനാണയ ശേഖരവും കൂടി ഇല്ലാതെ വന്നുകഴിഞ്ഞാല്‍ പിന്നെ എല്ലാ വിദേശവിനിമയ ഇടപാടുകളും നിര്‍ത്തിവെക്കേണ്ടിവരും. ആഗോളീകരണ കാലത്തെ ലോകത്തെ ആദ്യത്തെ പ്രധാന പ്രതിസന്ധി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ പൊട്ടിപ്പുറപ്പെട്ടത് ഇങ്ങനെയാണ്. വിദേശികള്‍ വായ്പ തരാത്തതുകൊണ്ട് കരുതല്‍ സ്വര്‍ണം പണയപ്പെടുത്തി ഡോളര്‍ വാങ്ങേണ്ടുന്ന ഗതികേട് 1990-കളില്‍ ഇന്ത്യയ്ക്കുണ്ടായത് ഓര്‍ക്കുമല്ലോ. ആ ഊരാക്കുടുക്കില്‍പ്പെട്ടാണ് വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ ആഗോളീകരണ പരിഷ്‌കാരങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കംകുറിച്ചത്.

അന്ന് നമ്മള്‍ പുലിപ്പുറത്ത് കയറിയതാണ്. ഇനിയിറങ്ങാന്‍ കഴിയില്ല. അതുകൊണ്ട് പുലിപ്പുറത്ത് അള്ളിപ്പിടിച്ച് ഇരിക്കുകതന്നെ. പുലി തള്ളിയിടാതിരിക്കണമെങ്കില്‍ എങ്ങനെയെങ്കിലും അതിനെ അനുനയിപ്പിച്ച് നിര്‍ത്തണം. വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ എന്തുചെയ്താലും അധികമാവില്ല എന്ന ചിദംബരം - മൊണ്ടേക് സിങ് പ്രഭൃതികളുടെ വാദങ്ങളുടെ ലക്ഷ്യം അതാണ്. നമ്മുടെ കൃഷിക്കും വ്യവസായത്തിനും കച്ചവടത്തിനും ബാങ്കിങ്ങിനും എല്ലാം ദോഷമാണെങ്കിലും വിദേശനിക്ഷേപകരുടെ താളത്തിനൊത്ത് തുള്ളിക്കൊണ്ടിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല.

14 comments:

 1. Very useful and Simply awesome. Explained about the situation in simple words.. Wish u were a professor and I could attend your class

  ReplyDelete
 2. 101% true. വിത്തെടുത്തു കുത്തെരുതെന്നു പറഞ്ഞാൽ യുപിഎ യ്ക്കു പുഛമാണല്ലൊ. ഒരു ഭാഗത്തു പൊതുമേഖലാ സ്ഥാപനങ്ങളും പ്രകൃതിവിഭവങ്ങളും യഥാർത്ഥ മൂല്യത്തിന്റെ നിസ്സാരമായ ഭാഗം മാത്രമായ തുച്ച്ചവിലയ്ക്ക് സ്വകാര്യവൽക്കരിക്കുകയും മറു ഭാഗത്തു കാർഷീക, തദ്ദേശീയ നിർമ്മാണ മേഖലകൾക്കുപകരം ഹ്രസ്വകാല മൂലധന ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌താൽ നമ്മുടെ രാജ്യത്തിന്റെ കാര്യം ഇനിയും ദുരിതത്തിലേക്ക് നീങ്ങും. എന്തെങ്കിലും ചൂണ്ടിക്കാണിക്കുന്ന ഇടതുപക്ഷത്തെ പിന്തിരിപ്പന്മാരും വികസന വിരുദ്ധരും ആയി ചിത്രീകരിക്കുകയും ചെയ്യും. വികസനത്തിന്റെ പേരിൽ സർവവും വിറ്റ്‌ തുലയ്ക്കുകയും രാജ്യത്തെ വിദേശ ധനകാര്യ ചൂതാട്ടത്തിന് ഇരയാക്കുകയും ചെയ്യുന്ന യുപിഎയും സമൃദ്ധിയുടെ കപടഗീതമാലപിച്ച് ആളെക്കൂട്ടി അധികാരത്തി കൊള്ളയടിക്കാൻ വെമ്പുന്ന വലതു ശക്തികളും കൂടി നമ്മളെയൊക്കെ വീണ്ടും ചൂഷണമെന്ന അടിമത്വത്തിലേക്കും ദാരിദ്ര്യത്തിന്റെ വരറുതിയിലെക്കും കൊണ്ടുചെന്നെത്തിക്കും.

  ReplyDelete
 3. This comment has been removed by a blog administrator.

  ReplyDelete
 4. ഇതില്‍ നിന്നും എങ്ങിനെ കര കയറാം ???

  ReplyDelete
 5. ഇതില്‍ നിന്നും കര കയറാന്‍ ഉള്ള ഉപായങ്ങള്‍ ഒന്നുമില്ലേ?

  ReplyDelete
 6. റിസെഷന്‍ തുടങ്ങിയ കാലത്ത് രുപയുടെ മൂല്യം കൂടി എന്നല്ലല്ലോ ഇടത് പാര്‍ട്ടികള്‍ വിലയിരുത്തിയത് .മുതലാളിത്തം തകരുന്നു എന്നല്ലേ ചിന്ത വരിക അടക്കം പറഞ്ഞത് ..അന്ന് താങ്കള്‍ മൌനത്തില്‍ ആയിരിന്നു ..ഈ ബോണ്ടിന്റെ കാര്യം പോലെ തന്നെ അല്ലെ ലോക ബാങ്കിന്റെ ലോണും?ഭാവി ബാദ്യത അല്ലെ ഈ ലോണുകള്‍?എന്‍ അര്‍ ഐ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിക്ക് നല്‍കുന്ന സംഭാവന ആണോ രജ്യത്തെ കള്ളപ്പണ കരിങ്കുഴല്‍ ആണോ കൂടുതല്‍ അപകടം?പുലിയുടെ ആയുസ്സ് അടുത്തു എന്ന് പറഞ്ഞപ്പോള്‍ ആവേശം കൊണ്ട പാവം മലയാളി ഇനി പോംവഴി നിര്‍ദ്ദേശിക്കാന്‍ കരുത്തില്ലാത്ത ഈ ലേഖനം വായിച്ചു സംതൃപ്തി അടയണം അല്ലെ ????

  ReplyDelete
 7. റിസെഷന്‍ തുടങ്ങിയ കാലത്ത് രുപയുടെ മൂല്യം കൂടി എന്നല്ലല്ലോ ഇടത് പാര്‍ട്ടികള്‍ വിലയിരുത്തിയത് .മുതലാളിത്തം തകരുന്നു എന്നല്ലേ ചിന്ത വരിക അടക്കം പറഞ്ഞത് ..അന്ന് താങ്കള്‍ മൌനത്തില്‍ ആയിരിന്നു ..ഈ ബോണ്ടിന്റെ കാര്യം പോലെ തന്നെ അല്ലെ ലോക ബാങ്കിന്റെ ലോണും?ഭാവി ബാദ്യത അല്ലെ ഈ ലോണുകള്‍?എന്‍ അര്‍ ഐ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിക്ക് നല്‍കുന്ന സംഭാവന ആണോ രജ്യത്തെ കള്ളപ്പണ കരിങ്കുഴല്‍ ആണോ കൂടുതല്‍ അപകടം?പുലിയുടെ ആയുസ്സ് അടുത്തു എന്ന് പറഞ്ഞപ്പോള്‍ ആവേശം കൊണ്ട പാവം മലയാളി ഇനി പോംവഴി നിര്‍ദ്ദേശിക്കാന്‍ കരുത്തില്ലാത്ത ഈ ലേഖനം വായിച്ചു സംതൃപ്തി അടയണം അല്ലെ ????

  ReplyDelete
 8. വിദേശത്തുള്ള ഇന്ത്യക്കാരൻ അവിടെ നിന്നും ഡോളറിലോ ദിനാരിലോ ദിര്ഹത്തിലോ എന്തിൽ തന്നെ കടം വാങ്ങിയാലും ആ വാങ്ങിയത് മാത്രം തിരിച്ചു കൊടുത്താൽ മതിയാവില്ലേ സർ???

  ReplyDelete
  Replies
  1. വിദേശത്തുള്ള ഇന്ത്യക്കാരൻ അവിടെ നിന്നും ഡോളറിലോ ദിനാരിലോ ദിര്ഹത്തിലോ കടം വാങ്ങിയിട്ടാണ് ഡോളറിന് 55 രൂപയായിരുന്നപ്പോള്‍ ഇന്ത്യയിലേയ്ക്കു പണം അയച്ചത് എന്നു കരുതുക. ഇപ്പോള്‍ ഡോളറിന്‍റെ വിനിമയനിരക്ക് 61 രൂപയാണ്. 61 രൂപ മൂല്യമുളള ഡോളറാണ് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് 55 രൂപ നിരക്കില്‍ വാങ്ങിയ ഡോളറിന് പകരം നല്‍കേണ്ടത്. ഇതും നഷ്ടം തന്നെ.

   Delete
 9. Very Informative, Thanks Sir

  ReplyDelete
 10. വിജ്ഞാനപ്രദം...ലളിതം....നന്ദി..

  ReplyDelete
 11. അല്ലാ ഇനി ഇടത് വന്നാൽ ഇതൊക്കെ തീരുമോ?

  ReplyDelete