Tuesday, April 17, 2012

ആഗോളസമ്പദ്ഘടനയുടെ ഇരട്ടപ്പതനം


(2012 ഏപ്രില്‍ 16ന് മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം)

കേരള ബജറ്റില്‍ കെ.എം. മാണി ആഗോളസമ്പദ്ഘടനയെ വിശേഷിപ്പിച്ചത് ഡബിള്‍ ഡിപ്‌ റിസഷന്‍ എന്ന പ്രയോഗം കൊണ്ടാണ്. ഇതിനുമുമ്പ് മലയാളത്തില്‍ സി.പി.എമ്മിന്റെ പ്രമേയത്തിലാണ് ഈ പ്രയോഗം കണ്ടുവന്നത്. സമകാലീന ആഗോളസമ്പദ്ഘടനയുടെ അവസ്ഥ പരിതാപകരമാണ് എന്നതില്‍ കെ.എം. മാണിക്കും അഭിപ്രായവ്യത്യാസം ഇല്ല എന്നു ചുരുക്കം.

2008-ല്‍ ആരംഭിച്ച ആഗോളമാന്ദ്യം പലരെയും ഞെട്ടിച്ചു. പലരും ഇങ്ങനെയൊരു പതനം പ്രതീക്ഷിച്ചില്ല. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു; അമേരിക്കന്‍ മേധാവിത്വം അപ്രതിരോധ്യമായി. സര്‍വസ്വതന്ത്ര മുതലാളിത്തലോകം ആഗോളമായിത്തന്നെ രൂപംകൊള്ളാന്‍ തുടങ്ങി. സര്‍വസ്വതന്ത്ര മുതലാളിത്തത്തിന്റെ ദര്‍ശനമാണ് നിയോലിബറലിസം. ഈ കാഴ്ചപ്പാടുപ്രകാരം സാമ്പത്തിക മാന്ദ്യത്തിന് ഒരനിവാര്യതയുമില്ല. ഉത്പാദനം നടക്കുമ്പോള്‍ ഉത്പന്നങ്ങളുടെ വിലയ്ക്ക് തുല്യമായ വരുമാനവും സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ട് വാങ്ങാന്‍ ആളില്ലാത്തതുകൊണ്ട് ചരക്കുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ തികച്ചും യാദൃച്ഛികം മാത്രമാണ്. സമ്പദ്ഘടനയെ അതിന്റെ പാട്ടിനു വിട്ടാല്‍ മതി, കാര്യങ്ങള്‍ അതിവേഗം നേരേയായിക്കൊള്ളും-ഇതായിരുന്നു മനോഭാവം.

ഈ പശ്ചാത്തലത്തിലാണ് സര്‍വശക്തമായ അമേരിക്കന്‍-യൂറോപ്യന്‍ ബാങ്കുകള്‍ പലതും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണത്. ബാങ്കുകള്‍ പൊളിഞ്ഞതോടെ ഫാക്ടറികള്‍ക്കും മറ്റും നിക്ഷേപത്തിന് വായ്പ കിട്ടാതായി. സാധാരണക്കാര്‍ക്ക് വായ്പകള്‍ ലഭ്യമല്ലാതായി. തകര്‍ച്ച പണം ചെലവാക്കാനുള്ള ഭയം സൃഷ്ടിച്ചു. ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. സാമ്പത്തികവളര്‍ച്ച മന്ദീഭവിച്ചു. ലോകം മാന്ദ്യത്തിലായി.

നിയോലിബറല്‍ സിദ്ധാന്തക്കാര്‍ ആശ കൈവെടിഞ്ഞില്ല. ബാങ്കുകള്‍ക്ക് സംഭവിച്ച താത്കാലികമായ അപഭ്രംശം മൂലമാണ് സാമ്പത്തികമാന്ദ്യം എന്നതായിരുന്നു അവരുടെ വ്യാഖ്യാനം. അതുകൊണ്ട് വളരെപ്പെട്ടെന്നുതന്നെ ആഗോളസമ്പദ്ഘടന സാധാരണഗതിയിലേക്കുയരും എന്നവര്‍ പ്രവചിക്കുകയും ചെയ്തു. ഇവരുടെ കാഴ്ചപ്പാടില്‍ മാന്ദ്യത്തിന്റെ ആകൃതി അഥവാ ആഗോള ഉത്പാദനത്തിന്റെ രേഖാചിത്രം ഇംഗ്ലീഷിലെ 'V' എന്ന അക്ഷരം പോലിരിക്കും. ആഗോളമായി ഉത്പാദനം ഇടിയും. പക്ഷേ, പെട്ടെന്നു തന്നെ പൂര്‍വസ്ഥിതിയിലാകും.

മേല്‍പ്പറഞ്ഞതിന് നേര്‍വിപരീതം പ്രവചിച്ചവരും ഉണ്ടായിരുന്നു. താഴേക്കുപതിക്കുന്ന ആഗോള സമ്പദ്ഘടന ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വര്‍ഷങ്ങളേറെ പിടിക്കും. ഇതിന് നല്ല ഉദാഹരണമായി 1990-ല്‍ ജപ്പാനില്‍ ആരംഭിച്ച മാന്ദ്യം തൊണ്ണൂറുകളുടെ അവസാനം വരെ നീണ്ടുപോയ അനുഭവമാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. അതനുസരിച്ച് ആഗോളമാന്ദ്യത്തിന്റെ ആകൃതി ഇംഗ്ലീഷിലെ 'L' എന്ന അക്ഷരം പോലിരിക്കും.

എന്നാല്‍, ഇതുരണ്ടുമല്ല ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 2008-ല്‍ തുടങ്ങിയ മാന്ദ്യം 2009 ആദ്യത്തില്‍ ഏറ്റവും രൂക്ഷതയിലെത്തി. 2009 അവസാനമായപ്പോഴേക്കും പഴയ നിലയിലേക്കുയരാന്‍ തുടങ്ങി. 2010-ല്‍ മാന്ദ്യം അവസാനിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ, 2011 അവസാനിക്കുന്നതിനുമുമ്പ് വീണ്ടും ആഗോളസമ്പദ്ഘടന ഒരു തകര്‍ച്ചയിലേക്ക് വഴുതിവീണു. ആ വര്‍ഷത്തിന്റെ അവസാനപാദത്തില്‍ വികസിതരാജ്യങ്ങളുടെ ഉത്പാദനം കേവലമായി ഇടിഞ്ഞു.

2012-ന്റെ ആദ്യപാദത്തിലും ഇതുതന്നെ സംഭവിച്ചു. ഇങ്ങനെ രണ്ടുപാദങ്ങളില്‍ തുടര്‍ച്ചയായി ഉത്പാദനം കേവലമായി കുറയുമ്പോഴാണ് സമ്പദ്ഘടന മാന്ദ്യത്തിലാണ് എന്ന് പ്രഖ്യാപിക്കുന്നത്. വികസിത രാജ്യങ്ങള്‍ രണ്ടാം മാന്ദ്യത്തിലാണ്.

എന്താണ് സംഭവിച്ചത് ?

നിയോലിബറലുകാര്‍ ആദ്യം അറച്ചു നിന്നെങ്കിലും ബാങ്ക് തകര്‍ച്ചകളുടെ കിലുകിലാരവം അവരെ ഭയപ്പെടുത്തി. ബുഷ് അടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ മുതലാളിത്തത്തെ രക്ഷിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങി. എല്ലാ രാജ്യങ്ങളും ഉത്തേജക പാക്കേജുകള്‍ ഒരുമിച്ചു പ്രഖ്യാപിച്ചു. പൊളിയുന്ന ബാങ്കുകളുടെ ഷെയറുകള്‍ വാങ്ങിയും കടങ്ങള്‍ ഏറ്റെടുത്തും സര്‍ക്കാര്‍ അവയെ രക്ഷിച്ചു. മറ്റു സര്‍ക്കാര്‍ ചെലവുകളിലുണ്ടായ വര്‍ധന വാങ്ങല്‍ കഴിവ് ഉയര്‍ത്തി. അങ്ങനെയാണ് 2010 ആയപ്പോഴേക്കും സാമ്പത്തികവളര്‍ച്ച സാധാരണഗതിയിലേക്ക് ഉയരാന്‍ തുടങ്ങിയത്.

പക്ഷേ, രണ്ടു പ്രതിബന്ധങ്ങള്‍ ഉയര്‍ന്നു. ബാങ്കുകളെ രക്ഷിക്കാന്‍ വലിയതോതില്‍ വായ്പയെടുത്ത പല യൂറോപ്യന്‍ സര്‍ക്കാറുകളും കടക്കെണിയിലായി. ബാങ്കുകളുടെ പൊള്ളക്കടം മുഴുവന്‍ സര്‍ക്കാറുകളുടെ തലയിലായി. ബാങ്കുകളെയല്ല, ഈ സര്‍ക്കാറുകളെയെങ്ങനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാം എന്നതായിരിക്കുന്നു പുതിയ പ്രശ്‌നം. വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറി.

രണ്ടാമത്തെ പ്രതിബന്ധം ഇന്നും ആഗോളരാഷ്ട്രീയമണ്ഡലത്തില്‍ നിയോലിബറല്‍ നയങ്ങള്‍ക്കുള്ള മേധാവിത്വമാണ്. സര്‍ക്കാറിന്റെ ചെലവുകള്‍ വര്‍ധിപ്പിച്ച് കമ്മി കൂട്ടി സമ്പദ്ഘടനയില്‍ ഇടപെടുന്നത് ഈ കാഴ്ചപ്പാടുകാര്‍ക്ക് ചതുര്‍ഥിയാണ്. റീഗന്റെയും താച്ചറുടെയുമെല്ലാം അനുയായികള്‍പോലും നിവൃത്തികേടുകൊണ്ട് 2009-10 കാലത്ത് ഈ നിലപാടുകള്‍ ഉപേക്ഷിച്ചു. സര്‍ക്കാര്‍ വലിയ തോതില്‍ ഇടപെട്ടാണ് ബാങ്ക് തകര്‍ച്ച ഒഴിവാക്കിയത്. പക്ഷേ, രക്ഷപ്പെട്ടതോടെ, പാലം കടക്കുവോളം 'നാരായണ' എന്നു ജപിച്ചവര്‍ പാലം കടന്നതോടെ 'കൂരായണ' എന്നു വിളിച്ചു തുടങ്ങി. സര്‍ക്കാര്‍ ചെലവുകള്‍ കുറച്ച് കമ്മി പഴയതോതിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനായി വേവലാതി.

അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ ഒബാമയ്ക്ക് കൂച്ചുവിലങ്ങിട്ടു. മാധ്യമങ്ങളെല്ലാം ഇപ്പോഴും സര്‍ക്കാര്‍ കമ്മിയുടെ വിപത്തിനെക്കുറിച്ചാണ് പ്രചാരണം നടത്തുന്നത്. ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, പോള്‍ ക്രൂഗ്മാന്‍ തുടങ്ങിയ നൊബേല്‍ സമ്മാനജേതാക്കള്‍ ഈ നയത്തിനെതിരെ നടത്തിയ മുന്നറിയിപ്പുകളെല്ലാം വിഫലമായി. തികഞ്ഞ യാഥാസ്ഥിതികരായ ജര്‍മന്‍ ഭരണാധികാരികള്‍ക്കാണ് യൂറോപ്യന്‍ യൂണിയനില്‍ മുന്‍കൈ. ഇവര്‍ സൃഷ്ടിച്ച നയപരമായ പക്ഷാഘാതം രണ്ടാമതൊരു മാന്ദ്യംകൂടി അനിവാര്യമാക്കി.

തന്മൂലം ആഗോള സാമ്പത്തികവളര്‍ച്ചയുടെ ആകൃതി ഇംഗ്ലീഷിലെ 'W' എന്ന അക്ഷരം പോലെയായി. ആദ്യത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറുംമുമ്പ് അടുത്ത തകര്‍ച്ചയുമുണ്ടായി. അങ്ങനെ 'W' പോലെ രണ്ടുതവണ മുങ്ങിപ്പൊങ്ങി നില്‍ക്കുകയാണ്. ഇത് അപൂര്‍വമായ സാമ്പത്തികാനുഭവമാണ്. ഇതിനെയാണ് ഡബിള്‍ ഡിപ് റിസഷന്‍ എന്നു പറയുന്നത്.

ആഗോളമാന്ദ്യം ഇന്ത്യയെയും കേരളത്തെയും ബാധിച്ചു. ആദ്യ ആഗോളമുങ്ങലില്‍ 2008-09 ല്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച 6.7 ശതമാനമായി താഴ്ന്നു. രണ്ടാം ആഗോളമുങ്ങലില്‍ 2011-12 ല്‍ 6.9 ശതമാനമായി താണിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. വികസിതരാജ്യങ്ങളെപ്പോലെ രൂക്ഷമല്ലെങ്കിലും നമ്മുടെ സാമ്പത്തികവളര്‍ച്ചയും മന്ദീഭവിച്ചിട്ടുണ്ട്. എന്നാല്‍, 2009-10 ല്‍ നിന്നു വ്യത്യസ്തമായി ഉത്തേജക പാക്കേജിനല്ല, കമ്മി കുറയ്ക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ ഊന്നുന്നത്. ഇത് ഇന്ത്യയിലെയും കേരളത്തിലെയും മാന്ദ്യപ്രവണതകളെ കൂടുതല്‍ ശക്തിപ്പെടുത്തും.

1 comment:

  1. ആഗോളമാന്ദ്യം ഇന്ത്യയെയും കേരളത്തെയും ബാധിച്ചു. ആദ്യ ആഗോളമുങ്ങലില്‍ 2008-09 ല്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച 6.7 ശതമാനമായി താഴ്ന്നു. രണ്ടാം ആഗോളമുങ്ങലില്‍ 2011-12 ല്‍ 6.9 ശതമാനമായി താണിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. വികസിതരാജ്യങ്ങളെപ്പോലെ രൂക്ഷമല്ലെങ്കിലും നമ്മുടെ സാമ്പത്തികവളര്‍ച്ചയും മന്ദീഭവിച്ചിട്ടുണ്ട്. എന്നാല്‍, 2009-10 ല്‍ നിന്നു വ്യത്യസ്തമായി ഉത്തേജക പാക്കേജിനല്ല, കമ്മി കുറയ്ക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ ഊന്നുന്നത്. ഇത് ഇന്ത്യയിലെയും കേരളത്തിലെയും മാന്ദ്യപ്രവണതകളെ കൂടുതല്‍ ശക്തിപ്പെടുത്തും.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...