About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Tuesday, December 25, 2012

അരിവില കുതിച്ചുകയറിയതെന്തുകൊണ്ട്?ഡിസംബര്‍ മാസത്തില്‍ അത്യപൂര്‍വമായ ഒരു സാമ്പത്തികപ്രതിഭാസത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഏതാണ്ട് 20 രൂപയായിരുന്ന അരിവില ഒറ്റ മാസം കൊണ്ട് 45 - 50 രൂപയായി. വിചിത്രമെന്നു പറയട്ടെ, ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും അരിയുടെ കാര്യത്തില്‍ ഇത്തരമൊരു വിലക്കയറ്റവുമില്ല. കേരളത്തില്‍ മാത്രമായി എങ്ങനെ അരിവില ഉയര്‍ന്നു? അരിയുടെ കയറ്റുമതി - ഇറക്കുമതിയുടെ മേലോ, അന്തര്‍സംസ്ഥാന നീക്കത്തിലോ ഒരു നിയന്ത്രണങ്ങളുമില്ല. സര്‍വസ്വതന്ത്ര കമ്പോളവ്യവസ്ഥ തന്നെ. എന്നിട്ടും കേരളത്തില്‍ മാത്രം അരിവില ഉയര്‍ന്നതെന്ത്? ഇതാണ് ചോദ്യം.

വില ഉയരണമെങ്കില്‍ രണ്ടിലൊന്ന് സംഭവിക്കണം. ഒന്ന്, ആവശ്യക്കാരുടെ എണ്ണം പെരുകണം. അല്ലെങ്കില്‍ രണ്ട്, ലഭ്യത കുത്തനെ കുറയണം. അരിക്കുളള ഡിമാന്റ് കുത്തനെ കൂടാന്‍ കേരളത്തിലോ കേരളത്തിനു പുറത്തോ ഒന്നും സംഭവിച്ചിട്ടില്ല. എന്തെങ്കിലുമുണ്ടെങ്കില്‍, അരി വാങ്ങാനുളള കഴിവ് കുറയുക മാത്രമേ സംഭവിച്ചിട്ടുളളൂ. ഇന്ത്യയില്‍ കനത്ത സാമ്പത്തിക മുരടിപ്പാണ്. സ്വാഭാവികമായി സാധാരണക്കാരുടെ പക്കലുളള പണം കുറയും. പണം കൈയിലുളള സമ്പന്നര്‍ക്കാകട്ടെ, അരി തിന്നുന്നതിനെക്കാള്‍ ഇഷ്ടം കൂടുതല്‍ ഉയര്‍ന്ന വിലയുളള മറ്റു ഭക്ഷ്യവസ്തുക്കളായിരിക്കും. അപ്പോള്‍ ഡിമാന്റിന്റെ വശം നോക്കിയാല്‍ അരിയുടെ വില താഴുകയാണ് വേണ്ടത്.

അപ്പോള്‍പ്പിന്നെ, വരള്‍ച്ചയോ വെളളപ്പൊക്കമോ വന്ന് ഇന്ത്യയില്‍ കൃഷിനാശം ഉണ്ടായി, അരിയുടെ ഉല്‍പാദനം പൊടുന്നനെ ഇടിഞ്ഞുവോ? കണക്കുകളെല്ലാം നേര്‍വിപരീതമാണ് പറയുന്നത്. യഥാര്‍ത്ഥം പറഞ്ഞാല്‍ കയറ്റുമതി കൂടിയിട്ടും സര്‍ക്കാരിന്റെ കൈയിലുളള അരിയുടെ സ്റ്റോക്ക് ഇപ്പോള്‍ സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള സംഭരണം ഇല്ലെങ്കിലും ഇന്ത്യയുടെ ഇക്കൊല്ലത്തെ അരിശേഖരം മൂന്നു കോടി ടണ്ണാണ്. ഈ സംസ്ഥാനങ്ങളില്‍നിന്നുളളതുകൂടി ആകുമ്പോള്‍ അത് നാലു ടണ്ണാകും. അതായത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 15ശതമാനം കൂടുതല്‍. അരിയും ഗോതമ്പും കൂടി ചേര്‍ത്താല്‍ 7.1 കോടി ടണ്‍ ധാന്യം ശേഖരിച്ചു വെയ്ക്കാനുളള സൗകര്യമേ ഫുഡ് കോര്‍പറേഷനുളളൂ. വാങ്ങുന്ന അരി സൂക്ഷിക്കാന്‍ സൗകര്യമില്ല എന്നുളളതാണ് നില. സംഭരിച്ച അരിയുടെ 64 ശതമാനമേ ലിഫ്റ്റു ചെയ്തിട്ടുളളൂവെന്നും അതുകൊണ്ട് ഈ വര്‍ഷത്തെ സംഭരണത്തിന് കൂടുതല്‍ സമയം വേണമെന്നും ബീഹാര്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. ഗോഡൗണുകളില്‍ കുന്നകൂടുന്ന അരിയും ഗോതമ്പും ചീഞ്ഞുനാറി മൃഗങ്ങള്‍ക്കു പോലും ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കത്തിച്ചും കടലില്‍ത്താഴ്ത്തിയും നശിപ്പിക്കുന്ന എത്രയോ റിപ്പോര്‍ട്ടുകളാണ് വരുന്നത്. അപ്പോള്‍ അരി ശേഖരത്തില്‍വന്ന കുറവല്ല, വിലക്കയറ്റത്തിനു കാരണം.

വിലക്കയറ്റം നേരിടാനല്ല, കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സ്റ്റോക്ക് ഉപയോഗിക്കുന്നത്. മാസാമാസം ലേലം വിളിച്ച് ഈ സ്റ്റോക്കു വില്‍ക്കുന്നത് കച്ചവടക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കുമാണ്. കിട്ടിയ അരി പൂഴ്ത്തിവെച്ചുകൊണ്ട് ഇക്കൂട്ടരുണ്ടാക്കിയ കൃത്രിമക്ഷാമമാണ് പൊതുവിപണിയില്‍ അരിവില കുതിച്ചുയരാന്‍ കാരണം. ഈ വര്‍ഷം മഴ മോശമായതുകൊണ്ട് റാബി വിളവിന്റെ ഉല്‍പാദനം നാലു ശതമാതനം കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഉല്‍പാദനം കുറയുമെന്ന് മുന്‍കൂട്ടി അറിഞ്ഞപ്പോള്‍ പൂഴ്ത്തിവെപ്പും തുടങ്ങി. അത്തരം പൂഴ്ത്തിവെപ്പിന്റെ അന്തരീക്ഷം മണത്തപ്പോള്‍ കേരളത്തിലെ മില്ലുടമകളും അരി പൂഴ്ത്തിവെച്ചു. ഈ പൂഴ്ത്തിവെപ്പു കാരണമാണ് അരിവില അസ്വാഭാവികമായി കുതിച്ചുകയറിയത്.

ഈ പൂഴ്ത്തിവെപ്പിനെക്കുറിച്ച് കേരള സര്‍ക്കാരിനു മുന്നറിവുണ്ടായിരുന്നു. ഡിസംബറില്‍ കേരളത്തില്‍ അരിവില കൃത്രിമമായി ഉയര്‍ത്താന്‍ വന്‍തോതില്‍ പൂഴ്ത്തിവെപ്പു നടക്കുന്നുവെന്ന് വെളിപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയുടെ അനൗദ്യോഗിക ജിഹ്വയായ മലയാള മനോരമ തന്നെയാണ്. ഒക്‌ടോബര്‍ 12നാണ് മനോരമ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സപ്ലൈകോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന് ഇതെക്കുറിച്ച് അറിവുലഭിച്ചുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്തു. രാഷ്ട്രീയ നേതാക്കളുടെ ബിനാമികളായ മൊത്തക്കച്ചവടക്കാരും മില്ലുടമകളുമാണ് ഈ പൂഴ്ത്തിവെപ്പിനു പിന്നിലെന്നും പൂഴ്ത്തിവെപ്പു നടത്തുന്ന അരിമില്ലുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ വകുപ്പുമന്ത്രിയുടെ പാര്‍ട്ടി നേതാക്കള്‍ ശകാരിച്ചുവെന്നും വാര്‍ത്ത വെളിപ്പെടുത്തി.

നിയമസഭയില്‍ വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടിനെ ആധാരമാക്കിയ മനോരമാ റിപ്പോര്‍ട്ട് ഞാനേതാണ്ട് പൂര്‍ണമായിത്തന്നെ വായിച്ചു. പൂഴ്ത്തിവെപ്പുകാരുടെ ശ്രമം വിജയിച്ചാല്‍ ഡിസംബര്‍ മാസത്തോടെ കേരളത്തിലെ പൊതുവിപണയില്‍ അരിവില 40-50 രൂപയായിത്തീരുമെന്ന് മനോരമ പ്രവചിച്ചകാര്യം വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും അത്ഭുതംകൂറി. പക്ഷേ, തങ്ങളുടെ ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വിശദമായി ചര്‍ച്ചയ്‌ക്കെടുത്ത കാര്യം വിസ്മയകരമെന്നു പറയട്ടെ, പിറ്റേദിവസത്തെ മനോരമയില്‍ കണ്ടതേയില്ല.

മനോരമ റിപ്പോര്‍ട്ടു വന്നിട്ടും ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. അരിമില്ലുകളും മൊത്ത വിതരണ ഏജന്‍സികളുടെ ഗോഡൗണുകളും റെയ്ഡ് നടത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ മനോരമ റിപ്പോര്‍ട്ടു പ്രത്യക്ഷപ്പെട്ടിട്ടും ഒരു പരിശോധനയും നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മുന്‍വര്‍ഷങ്ങളില്‍ അച്ചടക്കനടപടികളും സ്ഥലംമാറ്റവും നേരിട്ട ഉദ്യോഗസ്ഥരെല്ലാം സമീപകാലത്ത് അവരുടെ തസ്തികകളില്‍ തിരിച്ചെത്തിയതിനു പിന്നില്‍ റേഷന്‍ റാക്കറ്റിന്റെ സാമ്പത്തികസ്വാധീനവുമുണ്ട് എന്നും മനോരമ റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. സ്ഥലം മാറ്റത്തിനും റേഷനരി തിരിമറി ചെയ്യുന്നതിനുമെല്ലാം സിവില്‍ സപ്ലൈസ് മന്ത്രി കൂട്ടു നില്‍ക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് തന്നെ പരസ്യമായി ആരോപണമുന്നയിച്ചു.

എന്താണ് നടന്നിരിക്കുക? കേരളീയര്‍ക്ക് ഇഷ്ടപ്പെട്ട ആന്ധ്രാ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ അരിയുടെ കേരളത്തിലേയ്ക്കുളള വരവു കുറഞ്ഞു. അതിനു മുഖ്യകാരണം, ചില മില്ലുടമകളും മൊത്തക്കച്ചവടക്കാരും മാസങ്ങള്‍ക്കു മുമ്പേ മുന്‍കൂര്‍ തുക നല്‍കി അരിയുടെ സ്റ്റോക്കു മുഴുവന്‍ കൈവശപ്പെടുത്തിയതാണ്. ഊഹക്കച്ചവടം സര്‍ക്കാര്‍ തന്നെ ധാന്യമേഖലയില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇത്തരത്തില്‍ സ്റ്റോക്കു മുഴുവന്‍ മുന്‍കൂറായി കൈവശപ്പെടുത്തുന്നത് അത്ര പ്രയാസമുളള കാര്യമല്ല. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന അരിയും ഈ ഗൂഢസംഘത്തിന്റെ കൈവശം തന്നെയാണ് എത്തിച്ചേരുന്നത്. ഇതാണ് സപ്ലൈകോയുടെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച പൂഴ്ത്തിവെപ്പ്.

ഡിസംബര്‍ മാസമായപ്പോഴേയ്ക്കും കമ്പോളത്തിലേയ്ക്കുളള അരിയുടെ വരവു കുറഞ്ഞു. വില ഉയരാന്‍ തുടങ്ങി. വില ഉയരാന്‍ തുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. അവരും കൂടുതല്‍ വാങ്ങാന്‍ പരിശ്രമിച്ചു. അരിവില വാണം പോലെ ഉയര്‍ന്നു. ഏതാണ്ട് ഒരുമാസക്കാലം 15-20 രൂപയ്ക്ക് സംഭരിച്ച അരി മുഴുവന്‍ 40 - 50 രൂപയ്ക്ക് വിറ്റ് പൂഴ്ത്തിവെപ്പ് ഗൂഢസംഘം ഏതാണ്ട് 100 കോടി രൂപയോളം കൈക്കലാക്കി. കേരളചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ കൊളളയടിക്കുക. ഇതില്‍ യുഡിഎഫ് നേതൃത്വത്തിന് കമ്മിഷനായി എന്തുകിട്ടി എന്നു മാത്രമേ ഇനി അറിയേണ്ടൂ.
ദേശീയസംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുടരുന്ന പുതിയ നയത്തിന്റെ ഫലമാണ് ഈ നിഷ്‌ക്രിയത്വം. കമ്പോളത്തെ സര്‍ക്കാര്‍ അതിന്റെ പാട്ടിനു വിട്ടിരിക്കുകയാണ്. വില കൂടുന്നതിലോ കുറയുന്നതിലോ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ദേശീയ അരിവിപണിയില്‍ നാലോ അഞ്ചോ രൂപയുടെ വില വര്‍ദ്ധനയുണ്ടായാല്‍ കേരളത്തില്‍ 20-25 രൂപ വരെ ഒറ്റയടിച്ചു കുതിച്ചുകയറുന്ന വിലക്കയറ്റപ്രതിഭാസത്തിന് ഈ നയമാണ് കാരണം.

അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിനുളളില്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഇന്ത്യയൊട്ടാകെ 3 രൂപയ്ക്ക് അരി നല്‍കുമെന്ന് പറഞ്ഞവരാണ് കേന്ദ്രം ഭരിക്കുന്നത്. ആ വാഗ്ദാനം നടപ്പാക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമം എന്നു പാസാക്കുമെന്ന് നിശ്ചയമില്ല. നടപ്പാക്കുന്ന പഞ്ഞമാസങ്ങളില്‍ വില കുതിച്ചുയരുമ്പോള്‍ ആശ്വാസമാകാനാണ് ബഫര്‍ സ്റ്റോക്ക് സര്‍ക്കാര്‍ ശേഖരിക്കുന്നത്. പൊതുവിതരണ സംവിധാനം വഴി ഇത് വിതരണം ചെയ്താണ് വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ടത്.

വിലക്കയറ്റത്തെക്കുറിച്ചുളള അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ചര്‍ച്ച നടക്കവെ, കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ വിചിത്രമായ ഒരു വാദം ഉന്നയിച്ചു. കേരളത്തില്‍ നെല്ലിന്റെ താങ്ങുവില 11 രൂപയില്‍ നിന്ന് 17 രൂപയാക്കിയപ്പോള്‍ നെല്‍കര്‍ഷകര്‍ക്ക് നല്ലവില ലഭിക്കുന്നുണ്ടെന്നും ഈ വിലക്കയറ്റത്തിനു കാരണം അതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദവും മലയാളമനോരമയുടെ ഒക്‌ടോബര്‍ 12 റിപ്പോര്‍ട്ട് പൊളിക്കുന്നു. നാം മില്ലില്‍ കൊടുക്കുന്ന അരിയല്ല, കേരളത്തില്‍ വിതരണം ചെയ്യുന്നത്. അതുമുഴുവന്‍ പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ് പോകുന്നത്. മാത്രമല്ല, റേഷന്‍ വിതരണത്തിനു കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന അരിയുടെ നാല്‍പതുശതമാനവും പോകുന്നത് പൂഴ്ത്തിവെപ്പു കേന്ദ്രങ്ങളിലേയ്ക്കാണ്.

കേരളത്തിന്റെ റേഷന്‍വിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 1,14,000 ടണ്‍ അരി ഒരു മാസം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 30,000 ടണ്‍ മാത്രം. കേരളത്തിലെ റേഷന്‍ സമ്പ്രദായം ദാരിദ്ര്യനിര്‍മ്മാര്‍ജനം മാത്രം ലക്ഷ്യമിട്ടുളളതല്ല. ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നമാണ്. നമ്മുടെ കാര്‍ഷികോത്പാദനത്തിന്റെ 15 ശതമാനം മാത്രമാണ് നെല്ലുല്‍പാദനം. ഇങ്ങനെയുള്ളൊരു സംസ്ഥാനത്ത് അലുവാലിയ സിദ്ധാന്തം അനുസരിച്ച് കമ്പോളത്തെ മാത്രം ആശ്രയിക്കുകയാണെങ്കില്‍ എന്തുണ്ടാകും എന്നുളളതിന് തെളിവാണ് ഡിസംബര്‍ മാസത്തിലുണ്ടായ അരിവിലക്കയറ്റം. എല്ലാം സാധാരണഗതിയില്‍ നടക്കുമ്പോഴേ, അരി വാങ്ങാന്‍ സാധിക്കുകയുളളൂ. എന്നാല്‍ ദേശീയ കമ്പോളത്തില്‍ ഒരു ഞെരുക്കം വരാനുളള സാധ്യതയുണ്ടെന്നു വന്നാല്‍ ഇപ്പോഴെന്നപോലെ പിടിവിട്ടുപോകും.

ഈ വിലക്കയറ്റം വരാന്‍പോകുന്ന വിപത്തിന്റെ സൂചനയാണ്. വാള്‍മാര്‍ട്ടും മറ്റും വന്നാല്‍ കൃഷിക്കാര്‍ക്കു നല്ല വില കിട്ടുമെന്നാണല്ലോ പറയുന്നത്. കൃഷിക്കാര്‍ക്കല്ല, കുത്തകകള്‍ക്കാണ് വില കിട്ടാന്‍ പോകുന്നത്. ബഫര്‍ സ്റ്റോക്കുണ്ടായിട്ടും സ്ഥിതി ഇതാണ്. ഇനി അതില്ലാതാക്കി അരിയ്ക്കു പകരം കാശു കൊടുക്കുന്ന റേഷന്‍ സമ്പ്രദായം കൂടി കൊണ്ടുവന്നാല്‍ പിന്നെ സംഭവിക്കാവുന്നത് ഊഹിക്കാവുന്നതേയുളളൂ.

1 comment: