About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Thursday, January 9, 2014

ചോദിക്കുന്നതെന്തും വില്‍ക്കുന്ന കട

Mathrubhumi 08 Jan 2014 ബുധനാഴ്ച

വരാനിരിക്കുന്ന പുതുതലമുറ പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിടവാങ്ങല്‍ പത്രസമ്മേളന പ്രസംഗത്തില്‍ ലഘുപരാമര്‍ശമേ ഉണ്ടായുള്ളൂ. എല്ലാം തുറന്നുപറയാത്തതിന്റെ പേരില്‍ ചില കോര്‍പ്പറേറ്റ് വക്താക്കള്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ അങ്ങനെ എല്ലാം തുറന്നുപറയേണ്ടെന്ന് പ്രധാനമന്ത്രി തീരുമാനിച്ചതില്‍ അദ്ഭുതമൊന്നുമില്ല.

പക്ഷേ, ആ വിവേചനബുദ്ധിയൊന്നും അദ്ദേഹത്തിന്റെ ചില സചിവന്മാര്‍ക്കില്ല. ചരിത്രം ഇന്നോളം കാണാത്ത പാചകവാതക വിലവര്‍ധനയ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധസ്വരങ്ങളോട് എത്ര നിര്‍ദയമായാണ് വീരപ്പമൊയ്‌ലി പ്രതികരിച്ചത്? പ്രക്ഷോഭകരോടും വിമര്‍ശകരോടും ഒരു വിട്ടുവീഴ്ചയുമില്ലാതെ അദ്ദേഹം കേരളത്തില്‍വെച്ചുതന്നെ നയം വ്യക്തമാക്കി.

1. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ആറില്‍നിന്ന് വര്‍ധിപ്പിക്കാനുള്ള ഒരു നിര്‍ദേശവും പരിഗണിക്കാനാവില്ല.

2. ഒറ്റയടിക്കുള്ള ഭീമമായ വിലവര്‍ധന പുനഃപരിശോധിക്കുന്ന പ്രശ്‌നമില്ല.

3. നേരത്തേ സബ്‌സിഡി കഴിച്ച് 445 രൂപയ്ക്ക് ലഭിച്ചിരുന്ന ഗാര്‍ഹിക സിലിണ്ടര്‍ ഇനി റൊക്കം 1,294 രൂപ നല്‍കിയേ വാങ്ങാനാവൂ. സബ്‌സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പിന്നീട് നല്‍കാനേ കഴിയൂ.

4. പക്ഷേ, സബ്‌സിഡി കിട്ടണമെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പുതിയ അക്കൗണ്ട് നിര്‍ബന്ധമാണ്. ആധാര്‍ ഇല്ലാത്തവര്‍ക്ക് സബ്‌സിഡിയുമില്ല. സുപ്രീംകോടതി എന്തുപറഞ്ഞാലും ഇതൊഴിവാക്കാനാവില്ല.

5. ആധാര്‍ അടിസ്ഥാനമാക്കിയു ള്ള അക്കൗണ്ടുകള്‍ വ്യാപകമാക്കാനുള്ള സമയപരിധി ആറുമാസം ദീര്‍ഘിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം അദ്ദേഹം കൈയോടെ തള്ളി. രണ്ടുമാസത്തിനപ്പുറം സമയം അനുവദിക്കാനാവില്ലെന്ന് മൊയ്‌ലി തീര്‍ത്തുപറഞ്ഞു.

2014 ജനവരി ഒന്നിന് പാചകവാതകത്തിന്റെ ചെലവും വിലയും സംബന്ധിച്ച് പെട്രോളിയം മന്ത്രാലയം പ്രസിദ്ധീകരിച്ച ചില പ്രസക്തമായ കണക്കുകള്‍ ചൂണ്ടിക്കാണിക്കട്ടെ.

കടത്തുകൂലി, ഇന്‍ഷുറന്‍സ്, കപ്പലില്‍വെച്ചുണ്ടാകുന്ന നഷ്ടം തുടങ്ങിയവയെല്ലാമടക്കം ഗള്‍ഫില്‍നിന്ന് ഒരു സിലിണ്ടര്‍ പാചകവാതകം നമ്മുടെ തുറമുഖത്തെത്തുന്നതിന് 1,061 രൂപയാണ് ചെലവ്. ആകെ ഉപയോഗത്തിന്റെ 20 ശതമാനമേ ഇപ്രകാരം ഇറക്കുമതി ചെയ്യപ്പെടുന്നുള്ളൂ. എന്നാല്‍, ഈ വിലയ്ക്കുതന്നെ വാതകം വില്‍ക്കാന്‍ ഇന്ത്യയിലെ റിഫൈനറികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

നാട്ടിലെ കടത്തുകൂലിയും വ്യാപാരച്ചെലവുകളും ബോട്ട്‌ലിങ് ചെലവും ലാഭവും എല്ലാം ചേര്‍ക്കുമ്പോള്‍ സിലിണ്ടറിന്റെ വില 1,259 രൂപ വരും. 23 രൂപ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി കൊടുക്കുന്നുണ്ട്. ഇതുകിഴിച്ച വിലയ്ക്കാണ് വിതരണ ഏജന്‍സിക്ക് സിലിണ്ടര്‍ ലഭിക്കുക. വിതരണക്കാരുടെ ചെലവും ലാഭവുമെല്ലാം കൂടി 41 രൂപ വരും. അങ്ങനെ നികുതികളൊന്നും കണക്കാക്കാതെ ഡല്‍ഹിയിലെ ചില്ലറ വില്പന വില ഏതാണ്ട് 1,277 രൂപ വരും. ഈ സിലിണ്ടറാണ് ഗാര്‍ഹിക ഉപഭോക്താവിന് സബ്‌സിഡി കിഴിച്ച് 445 രൂപയ്ക്ക് ഡല്‍ഹിയില്‍ വിറ്റിരുന്നത്. സിലിണ്ടര്‍ ഒന്നിന് 848 രൂപയാണ് എണ്ണക്കമ്പനികള്‍ക്ക് നഷ്ടം. ഈ നഷ്ടം നികത്താനാണത്രെ വിലവര്‍ധന. ഇനി ചോദ്യങ്ങളിലേക്ക്.

1. സര്‍ക്കാര്‍ കണക്കുപ്രകാരം തന്നെ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന്റെ (19 കിലോ) ചെലവ് (ലാഭമടക്കം) 1,708 രൂപയേ വരൂ. എങ്കില്‍ ഇതിന്റെ വില 386 രൂപ വര്‍ധിപ്പിച്ച് 2,184.5 രൂപയായി ഉയര്‍ത്തിയതിന്റെ ന്യായമെന്ത്? ഇത് കൊള്ളയാണ്. ഈ നടപടിയുടെ ഫലമായി കനത്ത ഭാരമാണ് ഹോട്ടലുടമകളുടെയും ഓട്ടോറിക്ഷാ ഉടമകളുടെയും മറ്റും മേല്‍ വന്നുഭവിച്ചിട്ടുള്ളത്. പ്രതിഷേധിച്ച് ഹോട്ടല്‍ അടച്ചിട്ടു. തുറന്നപ്പോള്‍ പലരും ഭക്ഷണത്തിന്റെ വില കുത്തനെ കൂട്ടുകയും ചെയ്തു.

2. ഇറക്കുമതിവിലയ്ക്ക് തുല്യമായ വില ഈടാക്കാന്‍ റിഫൈനറികളെ അനുവദിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? 80 ശതമാനം പാചകവാതകവും ഇന്ത്യയില്‍ത്തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ക്രൂഡ് ഓയില്‍ സംസ്‌കരണത്തിന്റെ ഉപോത്പന്നമായും കുഴിച്ചെടുക്കുന്ന പ്രകൃതിവാതകത്തിന്റെ സഹവാതകമായും പാചകവാതകം ലഭിക്കും. ക്രൂഡ് ഓയിലില്‍ത്തന്നെ 20 ശതമാനം ഇന്ത്യയില്‍ നിന്നുതന്നെ കുഴിച്ചെടുക്കുന്നതാണ്. ഉത്പാദനച്ചെലവ് കണക്കാക്കുമ്പോള്‍ ഈ പാചകവാതകത്തിന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന പാചകവാതക വിലയേക്കാള്‍ എത്രയോ താഴ്ന്ന ഉത്പാദനച്ചെലവാണുള്ളത്. ഇതിനോടൊപ്പം ന്യായമായ ലാഭവും ചേര്‍ത്ത വില നിശ്ചയിക്കുന്നതിനുപകരം അന്തര്‍ദേശീയ വിലയ്ക്ക് വിറ്റ് കൊള്ളലാഭം കൊയ്യാന്‍ ഇന്ത്യയിലെ ഉത്പാദകരെ കയറൂരിവിടുകയാണ് കേന്ദ്രസര്‍ക്കാര്‍.

3. ഗാര്‍ഹിക പാചകവാതക വിതരണത്തില്‍ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കുമ്പോള്‍ ഇറക്കുമതി വിലയ്ക്ക് തുല്യമായ വില ഈടാക്കുന്നതുകൊണ്ട് റിഫൈനറികള്‍ക്ക് ലഭിക്കുന്ന അധികലാഭംകൂടി കണക്കിലെടുക്കേണ്ടേ ? അതുപോലെ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന് ലഭിക്കുന്ന അധികലാഭവും കണക്കിലെടുക്കേണ്ടേ ? 'അണ്ടര്‍ റിക്കവറി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ അനുമാന നഷ്ടത്തിന്റെ കഥ ഉപഭോക്താക്കളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കാനുള്ള അടവാണ്.

4. സബ്‌സിഡി അടക്കമുള്ള വില എന്തിന് ആദ്യം തന്നെ ഈടാക്കണം? സബ്‌സിഡി എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് നല്‍കിയാല്‍പ്പോരേ? എണ്ണക്കമ്പനികള്‍ക്ക് പലിശരഹിത വായ്പ ഉപഭോക്താക്കള്‍ നല്‍കുന്നതിന് തുല്യമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സമ്പ്രദായം.

5. ഇന്ത്യന്‍ പാര്‍ലമെന്റിനെയും സുപ്രീംകോടതിയെയും വെല്ലുവിളിക്കുകയാണ് എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാറും. ആധാറിന് നിയമപ്രാബല്യം നല്‍കുന്ന ബില്‍ ഇതേവരെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. ആധാര്‍ നിര്‍ബന്ധമാക്കരുതെന്നാണ് സുപ്രീംകോടതിയും നിര്‍ദേശിച്ചത്. വര്‍ധിച്ചുവന്ന ജനകീയ സമ്മര്‍ദങ്ങളെത്തുടര്‍ന്ന് അങ്ങനെയൊരുറപ്പ് 2013 മെയ് എട്ടിനും ആഗസ്ത് 23-നും ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു. ഇതൊക്കെ നിലനില്‍ക്കെയാണ് പാര്‍ലമെന്റിനെയും പരമോന്നതകോടതിയെയും നോക്കുകുത്തിയാക്കി കേന്ദ്രസര്‍ക്കാറും എണ്ണക്കമ്പനികളും ജനദ്രോഹനടപടികള്‍ നിര്‍ബാധം തുടരുന്നത്.

ആധാര്‍ അടിസ്ഥാനത്തിലുള്ള ബാങ്ക് അക്കൗണ്ട് എന്ന നിബന്ധനയ്ക്ക് പിന്നിലുള്ള ഉന്നങ്ങള്‍ പലതാണ്. കഴിയുന്നത്രപേരെ ആനുകൂല്യത്തിന് പുറത്താക്കുക എന്നതുതന്നെയാണ് പ്രഥമമായ ലക്ഷ്യം. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ നല്‍കിയ സമയപരിധി 2013 ഡിസംബര്‍ 31-ന് അവസാനിച്ചപ്പോള്‍ കേരളത്തില്‍മാത്രം 50 ശതമാനത്തിലധികം കുടുംബങ്ങള്‍ പാചകവാതക സബ്‌സിഡി ലഭിക്കാത്തവരായി.

ഇവരില്‍ ആധാര്‍ എടുക്കാത്തവരും ഏറെയുണ്ട്. റൊക്കം 1,294 രൂപ മുടക്കി ഗ്യാസ് വാങ്ങാന്‍ കഴിയാത്തവരുടെ എണ്ണവും ചെറുതല്ല. രണ്ടുമാസം കഴിയുമ്പോഴും സ്ഥിതി ഇതുതന്നെയാവും.

വലിയ 'ഗെയിം ചെയ്ഞ്ചര്‍' -വരുന്ന തിരഞ്ഞെടുപ്പിലെ കളി മാറ്റിമറിക്കാന്‍ പോകുന്ന- ആയിട്ടാണ് സബ്‌സിഡി പണമായി നല്‍കുന്ന പരിഷ്‌കാരത്തെ ധനമന്ത്രി ചിദംബരം അവതരിപ്പിച്ചത്. പക്ഷേ, കളി കാര്യമായി. സ്‌കീം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ മുഴുവന്‍ ജില്ലകളിലും ഒരു സീറ്റുപോലും കിട്ടാതെ കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. 'വിനാശകാലേ വിപരീതബുദ്ധി' എന്ന ചൊല്ല് അച്ചട്ടായി.

സബ്‌സിഡി പടിപടിയായി കുറയ്ക്കുക എന്നതും മറ്റൊരു ലക്ഷ്യമാണ്. ഇത്തവണ വര്‍ധിപ്പിച്ച 230 രൂപയും വര്‍ധിപ്പിച്ച സബ്‌സിഡിയായി അക്കൗണ്ടില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ഭാവിയിലും ഇതുതന്നെ ചെയ്യുമെന്ന് ഒരുറപ്പുമില്ല. മാസംതോറും ഡീസലിന്റെ വില അമ്പതുപൈസ വീതം വര്‍ധിപ്പിച്ചതുപോലുള്ള ഒരടവാണ് ഇതും.

വര്‍ഷത്തിലൊരിക്കല്‍ ആറുരൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചാല്‍ രൂക്ഷമായ പ്രതിഷേധമുണ്ടാകും. മാസത്തില്‍ അമ്പത് പൈസ വീതം വര്‍ധിപ്പിച്ചാല്‍ അത് മുറുമുറുപ്പിലൊതുങ്ങും. പാചകവാതകത്തിന്റെ വിലവര്‍ധനയിലും പരീക്ഷിക്കുന്നത് ഈ തന്ത്രമാണ്. ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന സബ്‌സിഡിത്തുക ഉയരില്ല. അങ്ങനെ ക്രമേണ സബ്‌സിഡിതന്നെ ഇല്ലാതാകും.

പൊതുമേഖലാ എണ്ണക്കമ്പനികളെ രക്ഷിക്കാനാണ് തന്റെ വെപ്രാളമെന്ന് മൊയ്‌ലി പറയുമെങ്കിലും യഥാര്‍ഥലക്ഷ്യം റിലയന്‍സിനെ സഹായിക്കുകയാണ്. ഈ കോര്‍പ്പറേറ്റ് ദാസ്യമാണ് ഇന്ത്യയിലെ ജനകോടികളെ ഇലക്ഷന്‍ കാലത്തുപോലും ദുരിതത്തിലാക്കുന്നത്.

നീരാ റാഡിയ ടേപ്പുകളില്‍ കേട്ട ഒരു സംഭാഷണം മറക്കാറായിട്ടില്ല. മുകേഷ് അംബാനി കോണ്‍ഗ്രസ്സിനെക്കുറിച്ച് പറഞ്ഞത് വാജ്‌പേയിയുടെ വളര്‍ത്തുമകന്‍ രഞ്ജന്‍ ഭട്ടാചാര്യ ഇങ്ങനെ ഓര്‍ക്കുന്നു -''യാര്‍ രഞ്ജന്‍, നീ പറഞ്ഞതു ശരിതന്നെ. ഇപ്പോള്‍ കോണ്‍ഗ്രസ് നമ്മുടെ കടയാണ്.'' (ചോദിക്കുന്നതെന്തും കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന കടയായി ഭരണകൂടം മാറിക്കഴിഞ്ഞു).

2 comments:

  1. കോണ്‍ഗ്രസ് അവരുടെ കടയാണ്.
    വില്പന മാത്രം നടക്കുന്ന കട

    ReplyDelete
  2. ആ വലിയ കടയിലെ മുതലാളി ആകാൻ പറ്റിയില്ലാല്ലോ എന്നു ഇവിടെ അഞ്ചുകൊല്ലതിൽ ഒരിക്കൽ തുറക്കാൻ പറ്റുന്ന പെട്ടിക്കടക്കാരന്റെ സങ്കടം ...

    ReplyDelete