Monday, August 31, 2015

ചൈന തുമ്മിയാലും ലോകം പനിക്കും

ചൈന തുമ്മിയാലും ലോകം പനിക്കും


ധനവിചാരം

ധനവിചാരം പംക്തിക്ക് ഞായറാഴ്ച എഴുതിയ ലേഖനം തിങ്കളാഴ്ചയായപ്പോള്‍ കാലഹരണപ്പെട്ടു. ചൈനീസ് നാണയം യുവാന്റെ മൂല്യമിടിഞ്ഞതിനെക്കുറിച്ചായിരുന്നു ലേഖനം. ഇതു സംബന്ധിച്ച് രണ്ടു വിശദീകരണങ്ങളുണ്ടായിരുന്നു. ഒന്ന്, സാമ്പത്തികമുരടിപ്പില്‍നിന്നു കരകയറാന്‍ ചൈനയുടെ കയറ്റുമതി വര്‍ധിപ്പിക്കണം. ഇതു ലക്ഷ്യംവെച്ചാണ് യുവാന്റെ മൂല്യംകുറച്ചത്. 

ചുരുക്കത്തില്‍ മൂര്‍ച്ഛിച്ചുവരുന്ന സാമ്പത്തികപ്രതിസന്ധിയുടെ ലക്ഷണമാണ് ഈ അവമൂലനം. യുവാന്‍ ആഗോളകറന്‍സിയാക്കി പ്രതിഷ്ഠിക്കാനുള്ള ചൈനയുടെ ദീര്‍ഘകാലതന്ത്രത്തിന്റെ ഭാഗമാണ് ഈ തിരുത്തലെന്നാണ് രണ്ടാമത്തെ വിശദീകരണം. കയറ്റുമതിയിലൂടെ ചൈന നേടിയ ഭീമാകാരമായ വിദേശവിനിമയശേഖരം ഇന്ന് അമേരിക്കന്‍ ഡോളറിലാണു സൂക്ഷിക്കുന്നത്. കാരണം ഡോളറാണ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട റിസര്‍വ് കറന്‍സി. ഈ സ്ഥാനം ചൈനയുടെ യുവാനുംകൂടി നേടാന്‍കഴിഞ്ഞാല്‍ മാത്രമേ ചൈനയുടെ ആഗോളപ്രതാപം പൂര്‍ണമാകൂ. ഇതിനായി ഏതാനും വര്‍ഷമായി ചൈന വലിയതോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയായിരുന്നു. (ഇതാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതിന്റെ ഒരു പ്രധാന കാരണം). പക്ഷേ, ആഗോള കറന്‍സിയാകണമെങ്കില്‍ അമേരിക്കയുടെ ഫോര്‍ട്ട് നോക്‌സിലെന്നപോലെ സ്വര്‍ണനാണയശേഖരം ഉണ്ടായാല്‍ മാത്രം പോരാ. ഡോളറിനെപ്പോലെ യുവാനും സര്‍ക്കാര്‍നിയന്ത്രണങ്ങളില്ലാത്ത സ്വതന്ത്രവിനിമയ നാണയമാകണം.

ഇപ്രകാരം കമ്പോളത്തിന്റെ ഗതിവിഗതികളനുസരിച്ച് മൂല്യം മാറുന്ന ഒരു നാണയമായി യുവാനെ രൂപാന്തരപ്പെടുത്താനുള നീക്കത്തിന്റെ തുടക്കമാണ് അവമൂലനം. ഇക്കണോമിസ്റ്റ് മാസിക പോലും ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ യുവാന്റെ അവമൂലനം ചൈനയുടെ തന്റേടത്തിന്റെ പ്രതിഫലനമാണ്. രണ്ടു വാദങ്ങളിലും കഴമ്പുണ്ട്. യഥാര്‍ഥത്തില്‍ ചൈന ആപത്ത് ഒരു അവസരമാക്കുകയാണെന്നാണ് ഞാന്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഇനിയിപ്പോള്‍ ഇത്തരം വളച്ചുകെട്ടലുകള്‍ക്കൊന്നും സ്ഥാനമില്ല. ലോകത്തുള്ള എല്ലാ ഓഹരിക്കമ്പോളങ്ങളും വിധി പ്രസ്താവിച്ചുകഴിഞ്ഞു.

ചൈനയുടെ സമ്പദ്ഘടന പ്രതിസന്ധിയിലാണ്. ഇത് ആഗോളസമ്പദ്ഘടനയെ ഒരു പുതിയ തകര്‍ച്ചയിലേക്കു തള്ളിയിടാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ട് സ്വന്തം തടി രക്ഷിക്കാന്‍ ലോകത്തെമ്പാടുമുള്ള ബ്രോക്കര്‍മാര്‍ കൈയിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുകയാണ്. തുടക്കം ചൈനയില്‍നിന്നുതന്നെയായിരുന്നു. ഷാങ്ഹായ് സൂചിക 8.75 ശതമാനം ഇടിഞ്ഞു. സൂര്യഭഗവാന്‍ പടിഞ്ഞാട്ടു താഴുമ്പോഴും കിഴക്കുനിന്ന് പടിഞ്ഞാട്ട് ഓഹരിവിപണികള്‍ ഉണരുകയും തകരുകയും ചെയ്തു.

ജപ്പാന്‍, ഓസ്‌ട്രേലിയ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, പശ്ചിമേഷ്യ, യൂറോപ്പ് എന്നിങ്ങനെ വിപണികള്‍ മാലപ്പടക്കം പൊട്ടി. അവസാനം ന്യൂയോര്‍ക്ക് കമ്പോളം തുറന്നതുതന്നെ ഡൗജോണ്‍സ് സൂചിക 1000 പോയിന്റ് ഇടിഞ്ഞുകൊണ്ടാണ്. വൈകുന്നേരമായപ്പോഴേക്കും തകര്‍ച്ച 588 പോയിന്റായി കുറഞ്ഞെങ്കിലും 2008 നവംബറിനു ശേഷമുള്ള മൂന്നു ദിവസം തുടര്‍ച്ചയായ ഓഹരിവിലത്തകര്‍ച്ചയുടെ റെക്കോഡാണിത്. വ്യാഴാഴ്ച 530 പോയിന്റും വെള്ളിയാഴ്ച 300 പോയിന്റും ഓഹരിസൂചിക ഇടിഞ്ഞിരുന്നു.

ട്രഷറി സെക്രട്ടറി എന്ന നിലയില്‍ ഓഹരിവിലത്തകര്‍ച്ചയ്‌ക്കെതിരെ 90കളില്‍ പട നയിച്ച ലാറി സമ്മേഴ്‌സ് പോലും ആശങ്കയിലാണ്: ''ലോകം 2008ലെപ്പോലത്തെ ഒരു സ്ഥിതിവിശേഷം നേരിടുകയാണ്.' എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ട് ഒന്നിനുപുറകെ ഒന്നായി ഇങ്ങനെ സാമ്പത്തികത്തകര്‍ച്ച നേരിടേണ്ടിവരുന്നു? താച്ചറിന്റെയും റീഗന്റെയും കാലംമുതലുള്ള നവലിബറല്‍ നയങ്ങളിലെ വൈരുധ്യങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

ഒന്ന്: നവലിബറല്‍ നയങ്ങള്‍ സാമ്പത്തികവളര്‍ച്ചയ്ക്ക് ഉത്തേജകമായെങ്കിലും അസമത്വം വര്‍ധിപ്പിച്ചു. ഉദാഹരണത്തിന്, നൊേബല്‍ ജേതാവായ ജോസഫ് സ്റ്റിഗ്ലറ്റ്‌സിന്റെ കണക്കു പ്രകാരം അമേരിക്കയിലെ സാമ്പത്തികവളര്‍ച്ചയുടെ 95 ശതമാനം നേട്ടങ്ങളും ഒരുശതമാനംവരുന്ന പണക്കാരാണ് കൈയിലൊതുക്കിയത്.

സ്വത്തിന്റെ 40 ശതമാനം ഈ ഒരു ശതമാനത്തിന്റെ കൈയിലാണ്. മുതലാളിത്തത്തിന്റെ ചരിത്രമെടുത്താല്‍ കുടുംബങ്ങള്‍തമ്മിലും രാജ്യങ്ങള്‍തമ്മിലുമുള്ള അസമത്വം ഇത്രയേറെ വര്‍ധിച്ച മറ്റൊരുകാലത്തെ കാണാനാവില്ലെന്നു സമര്‍ഥിക്കാനാണ് തോമസ് പിക്കറ്റി അദ്ദേഹത്തിന്റെ വിശ്രുതമായ 'മുതലാളിത്തം 21ാം നൂറ്റാണ്ടില്‍' എന്ന ഗ്രന്ഥംതന്നെ എഴുതിയത്. സാധാരണക്കാരുടെ ക്രയശേഷി ഉയരാത്തത് ഉത്പാദനമുരടിപ്പിലേക്കു നയിച്ചു. 

രണ്ട്: ഇതിനു പ്രതിവിധിയായി സര്‍ക്കാറുകള്‍ ഉദാരമായ വായ്പാനയം സ്വീകരിച്ചു. വരുമാനമില്ലെങ്കിലെന്ത്, വായ്പയെടുത്തു ചെലവാക്കാമല്ലോ! വായ്പപ്പണംകൊണ്ട് വീടുകള്‍ വാങ്ങുന്നത് താമസിക്കാനല്ല, ഊഹക്കച്ചവടത്തിനു വേണ്ടി പതിവായി. ഇവര്‍ക്ക് ഉദാരമായി വായ്പനല്‍കാനായി ഭവനവായ്പാ ബാങ്കുകള്‍ പൊള്ളക്കടപ്പത്രങ്ങളിറക്കി.
അവസാനം വായ്പയുടെ കുമിളപൊട്ടി.

അമേരിക്കയുടെ അഭിമാനസൂചകങ്ങളായിരുന്ന അനേകം ബാങ്കുകള്‍ തകര്‍ന്നു. പണ്ടത്തെപ്പോലെ ബാങ്കുകളില്‍നിന്ന് വായ്പ കിട്ടില്ലെന്നുവന്നതോടുകൂടി വായ്പപ്പണംകൊണ്ട് ഓഹരിക്കമ്പോളത്തില്‍ ഊഹക്കച്ചവടം നടത്തിവന്നവര്‍ക്കു കടയടയ്‌ക്കേണ്ടിവന്നു.

ഓഹരിവിലകളും കുത്തനെ താഴ്ന്നു. വ്യവസായ കമ്പനികള്‍ ഇതോടെ പ്രതിസന്ധിയിലായി. നിക്ഷേപവും ഉപഭോഗവും കുറഞ്ഞു. ലോകമുതലാളിത്തം 2008ലെ തകര്‍ച്ചയിലേക്കു മുങ്ങിത്താണു. മൂന്ന്: ഇതിനു പ്രതിവിധിയായി സര്‍ക്കാറുകള്‍ ഉത്തേജകപാക്കേജുകള്‍ക്കു രൂപം നല്‍കി. സാധാരണക്കാര്‍ക്കല്ല കടാശ്വാസം നല്‍കിയത്. അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ചുരുക്കം ചില നടപടികളേ സ്വീകരിച്ചുള്ളൂ. അതേസമയം, ബാങ്കുകളെ രക്ഷിക്കാന്‍ അവരുടെ കിട്ടാക്കടം മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനുവേണ്ടി ബാങ്കുകളുടെ പൊള്ളക്കടപ്പത്രങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ നോട്ടടിച്ചിറക്കി വാങ്ങിക്കൂട്ടി.

ഇതിനു പുതിയ പേരും വന്നു ക്വാണ്ടിറ്റേറ്റീവ് ഈസിങ്! പലിശ ഏതാണ്ട് പൂജ്യത്തിനു സമമായി. ബാങ്കുകള്‍ രക്ഷപ്പെട്ടു. പക്ഷേ, സര്‍ക്കാറുകള്‍ കടത്തില്‍ മുങ്ങി. നാല്: ആഗോളക്കുഴപ്പം പൊട്ടിപ്പുറപ്പെട്ടു കുറച്ചുനാള്‍ നവലിബറലുകള്‍ക്കു മിണ്ടാട്ടമുണ്ടായില്ല. ജോര്‍ജ് ബുഷ് പോലും കുറച്ചുനാളത്തേക്ക് കെയിന്‍സിന്റെ അനുയായിയായി. പക്ഷേ, പാലം കടക്കുംവരെ നാരായണ ജപിച്ചവര്‍ പാലംകടന്നതോടെ കൂരായണ എന്നു ജപിക്കാന്‍ തുടങ്ങി. സാധാരണക്കാരുടെ കൈകളിലേക്ക് കൂടുതല്‍ വരുമാനമെത്തിക്കാനുള്ള ക്ഷേമപ്രവര്‍ത്തനങ്ങളോ വികസനപ്രവര്‍ത്തനങ്ങളോ സര്‍ക്കാര്‍ നേരിട്ടു നടത്തുന്നതിനെ അവര്‍ എതിര്‍ത്തു.

ഒരുഘട്ടത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ വായ്പാ പരിധി ഉയര്‍ത്താന്‍കഴിയാതെ സ്തംഭനത്തിലേക്കുവരെ എത്തിച്ചേര്‍ന്നു. സര്‍ക്കാറുകളുടെ കടഭാരം ലഘൂകരിക്കാന്‍ അവര്‍ ചെലവുചുരുക്കല്‍ നടപടികള്‍ അടിച്ചേല്‍പ്പിച്ചു. പലിശനിരക്ക് ഏതാണ്ട് പൂജ്യമായിരുന്ന ഘട്ടത്തില്‍ പണനയംകൊണ്ട് സാമ്പത്തികോത്തേജനം സാധ്യമല്ലായിരുന്നു. ഫിസ്‌കല്‍നയത്തെ ആശ്രയിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. പക്ഷേ, സാമ്പത്തികമുരടിപ്പിന്റെ കാലത്തുപോലും കമ്മി കുറയ്ക്കുന്നതിനാണ് നവലിബറലുകള്‍ നിര്‍ബന്ധിച്ചത്. ഇത്തരം നടപടികളിലൂടെയേ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാന്‍പറ്റൂ എന്നായിരുന്നു അവരുടെ സിദ്ധാന്തം.

സര്‍ക്കാറുകള്‍ ചെലവുചുരുക്കിയതോടെ കരകയറിക്കൊണ്ടിരുന്ന ആഗോള സമ്പദ്ഘടന വീണ്ടും വെള്ളത്തിലായി. യുറോപ്പിലും ജപ്പാനിലുമാണ് ഈ മുരടിപ്പ് ഏറ്റവും രൂക്ഷമായത്. അഞ്ച്: എങ്കിലും ആഗോളമായി നോക്കിയാല്‍ സാമ്പത്തികവളര്‍ച്ച മൂന്നു ശതമാനത്തിലേറെയായി നിലകൊണ്ടു. ആഗോള ഉത്പാദനത്തിന്റെ 15 ശതമാനത്തോളം വരുന്ന ചൈന 79 ശതമാനം കണ്ടു വളര്‍ന്നതുമൂലമാണ് ഇതു സാധിച്ചത്. ചൈന സര്‍ക്കാര്‍ മുതല്‍മുടക്കു വര്‍ധിപ്പിച്ചുകൊണ്ട് വലിയതോതില്‍ പശ്ചാത്തലസൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചു. ഉദാരമായ വായ്പാനയം കൈക്കൊണ്ടു. പക്ഷേ, ഉദാരമായ വായ്പകള്‍ റിയല്‍ എസ്റ്റേറ്റ് കുമിളയ്ക്കു രൂപംനല്‍കി. ഓഹരിവിപണിയിലേക്കു പണമൊഴുക്കുന്നതിന് പ്രത്യേക സ്ഥാപനങ്ങള്‍തന്നെ രൂപംകൊണ്ടു.

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ ഷാങ്ഹായിലെ ഓഹരിവിലകള്‍ 150 ശതമാനമാണുയര്‍ന്നത്. ആറ്: പക്ഷേ, ചൈനയുടെ വളര്‍ച്ചയ്ക്കുപിന്നില്‍ ഒരു ദൗര്‍ബല്യമുണ്ടായിരുന്നു. ആഭ്യന്തരകമ്പോളത്തെക്കാള്‍ കയറ്റുമതികമ്പോളത്തെ ആശ്രയിച്ചായിരുന്നു ചൈനയുടെ വളര്‍ച്ച. ദേശീയവരുമാനത്തിന്റെ അമ്പതു ശതമാനമാണ് സമ്പാദ്യവും നിക്ഷേപവും. എന്നുവെച്ചാല്‍, ഉപഭോഗത്തിന് വരുമാനത്തിന്റെ പകുതിമാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇന്ത്യയില്‍ വരുമാനത്തിന്റെ എഴുപതു ശതമാനം ഉപഭോഗത്തിനാണെന്നോര്‍ക്കുക.

പാശ്ചാത്യരാജ്യങ്ങളില്‍ സാമ്പത്തികമുരടിപ്പ് തുടര്‍ന്നത് ചൈനയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കയറ്റുമതി കുറഞ്ഞു. ഉത്പാദനവര്‍ധന ഏഴു ശതമാനമായി. യഥാര്‍ഥത്തിലെ നിരക്ക് ഇതിലും വളരെ താഴെയാണെന്ന് പല പണ്ഡിതരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആദ്യം റിയല്‍ എസ്റ്റേറ്റിലെയും പിന്നെ ഓഹരിവിപണിയിലെയും കുമിളകള്‍ പൊട്ടി. ഓഹരിവിലകള്‍ താഴുന്നതു തടയാന്‍ ഒട്ടേറെ നടപടികള്‍ ഏതാനും മാസങ്ങളായി ചൈന സ്വീകരിക്കുകയുണ്ടായി. അതോടൊപ്പം യുവാന്റെ മൂല്യം കുറയ്ക്കുന്നതിന് രണ്ടാഴ്ചയ്ക്കു മുമ്പേ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, രണ്ടു നടപടിയും ഫലവത്തായില്ല.

മറ്റു രാജ്യങ്ങളും മത്സരിച്ച് അവരുടെ നാണയങ്ങളുടെ മൂല്യം വെട്ടിക്കുറച്ചു. റീട്ടെയില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരിവിപണികളില്‍നിന്നു പിന്‍വാങ്ങാനും തുടങ്ങി. അങ്ങനെയാണ് ഷാങ്ഹായ് ഓഹരിക്കമ്പോളത്തിലെ സൂചിക ചരിത്രത്തിലെ ഏറ്റവുംവലിയ തകര്‍ച്ചയിലേക്കു നീങ്ങിയത്. പണ്ട് ഒരു ചൊല്ലുണ്ടായിരുന്നു: അമേരിക്ക തുമ്മിയാല്‍ ലോകം പനിക്കും. ഇന്നിപ്പോള്‍ ചൈന തുമ്മിയാലും ലോകം പനിക്കുമെന്നായിട്ടുണ്ട്. 2008ല്‍ ആരംഭിച്ച ആഗോളപ്രതിസന്ധി ഇനിയും നീളുമെന്നുറപ്പായിട്ടുണ്ട്.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...