Wednesday, September 17, 2014

കേരളം വികസനസ്തംഭനത്തിലേക്ക്, ധനവകുപ്പ് മാപ്പുസാക്ഷി

താത്കാലികമായ ധനവൈഷമ്യം മാത്രമാണ് കേരളം നേരിടുന്നതെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും എത്ര വാദിച്ചാലും സത്യമതല്ല. ഈ ഓണക്കാലത്ത് ശമ്പളവും പെന്‍ഷനുമല്ലാതുള്ള ഒരു ബില്ലും മാറിയില്ല. ക്ഷേമപ്പെന്‍ഷനുകള്‍ കുടിശ്ശികയായി. പണമില്ലാത്തതുമൂലം മാവേലിസ്റ്റോറുകളും കണ്‍സ്യൂമെര്‍ഫെഡും നോക്കുകുത്തികളായി. എന്നിട്ടും സംസ്ഥാന ഖജനാവില്‍ പണമില്ല. വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് ആയി റിസര്‍വ് ബാങ്കില്‍നിന്ന് 535 കോടി കൈവായ്പയെടുത്തു. അതുകൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. ഓവര്‍ ഡ്രാഫ്റ്റായി പിന്നെയും നൂറോ നൂറ്റമ്പതോ കോടി കൂടി കടമെടുത്തു. 14 പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ ഈ പണം തിരിച്ചടച്ചില്ലെങ്കില്‍ ട്രഷറി ഇടപാടുകള്‍ റിസര്‍വ് ബാങ്ക് മരവിപ്പിക്കും. അതിനുമുമ്പ് പണം തിരിച്ചടച്ച് സ്തംഭനം ഒഴിവാക്കുമെന്ന് തീര്‍ച്ചയാണ്. പക്ഷേ, പ്രതിസന്ധി തീരില്ല.

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ബജറ്റുകളില്‍ പ്രതീക്ഷിച്ച റവന്യൂകമ്മിയും യഥാര്‍ഥത്തിലുള്ള റവന്യൂകമ്മിയും താരതമ്യപ്പെടുത്തിയാല്‍ പ്രശ്‌നത്തിന്റെ ആഴം ബോധ്യമാകും. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമൊഴിഞ്ഞ 2010'11ല്‍ റവന്യൂകമ്മി 3,673 കോടി രൂപയായിരുന്നു. സംസ്ഥാന വരുമാനത്തിന്റെ 1.3 ശതമാനം. 2011'12ല്‍ 5,534 കോടിയായിരുന്നു മതിപ്പ്. എ.ജി.യുടെ യഥാര്‍ഥ കണക്കുവന്നപ്പോള്‍ റവന്യൂകമ്മി 8,034 കോടിയായി. പ്രതീക്ഷിച്ചതിനേക്കാള്‍ 2,500 കോടി കൂടുതല്‍. 2012'13ലും ഇതുതന്നെ ആവര്‍ത്തിച്ചു.
റവന്യൂ കമ്മി 3,463 കോടിയായിരിക്കുമെന്ന് ബജറ്റില്‍ പ്രതീക്ഷിച്ചെങ്കിലും അന്തിമ കണക്കിലത് 9,351 കോടിയായി. 5,884 കോടി അധികം. 2013'14ല്‍ സ്ഥിതി കൂടുതല്‍ വഷളായി. 2,261 കോടി റവന്യൂകമ്മി എന്നായിരുന്നു അക്കൊല്ലത്തെ ബജറ്റ് പ്രതീക്ഷ. യഥാര്‍ഥ കണക്കുവന്നപ്പോള്‍ കമ്മി 11,314 കോടിയായി പെരുകി (സംസ്ഥാന വരുമാനത്തിന്റെ 2.8 ശതമാനം). കണക്കുകൂട്ടിയതിനേക്കാള്‍ 9,045 കോടി അധികം. ഈ വര്‍ഷം 7,133 കോടി രൂപ കമ്മിവരുമെന്നാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ആഗസ്ത് വരെയുള്ള കണക്കുകളുടെ സൂചനപ്രകാരം വര്‍ഷാവസാനം കമ്മി 15,000 കോടിയെങ്കിലുമായി ഉയരും.
ഇക്കാരണങ്ങള്‍കൊണ്ടാണ് സംസ്ഥാനം നേരിടുന്നത് ധനപ്രതിസന്ധിയാണ് എന്ന് ഞങ്ങള്‍ വാദിക്കുന്നത്. പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേട് അടിക്കടി കൂടുന്നു. 2014'15ല്‍ കമ്മി പൂജ്യമാക്കുമെന്ന് നിയമം പാസാക്കിയവരാണ് യു.ഡി.എഫ്. സര്‍ക്കാര്‍. പക്ഷേ, ഈ വര്‍ഷം കമ്മി സര്‍വകാല റെക്കോഡായിരിക്കും. 3.2 ശതമാനമെങ്കിലുമാകും. ഇത് ധനകാര്യത്തകര്‍ച്ചയുടെ പ്രവണതയാണ്. സംസ്ഥാനത്ത് ധനവൈഷമ്യമാണോ ധനപ്രതിസന്ധിയാണോ എന്ന് ഇനി വായനക്കാര്‍ക്ക് തീരുമാനിക്കാം.

എല്‍.ഡി.എഫ്. കാലത്തും വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സും ഓവര്‍ ഡ്രാഫ്റ്റുമൊക്കെ എടുത്തിട്ടുണ്ട് എന്നൊക്കെ ആശ്വസിക്കാന്‍ ധനമന്ത്രി ശ്രമിക്കുന്നുണ്ട്. ശരിയാണ്. മഴ തോര്‍ന്നാലും മരം പെയ്യുന്നതുപോലെ, എല്‍.ഡി.എഫ്. ഭരണത്തിന്റെ ആദ്യ രണ്ടുവര്‍ഷം ട്രഷറി ഓവര്‍ ഡ്രാഫ്റ്റായിട്ടുണ്ട്. എന്നാല്‍, യു.ഡി.എഫ്. ഭരണകാലത്ത് ശരാശരി ഒരു വര്‍ഷം 180 ദിവസമായിരുന്നു ട്രഷറി ഓവര്‍ ഡ്രാഫ്റ്റ്. എന്നാല്‍, എല്‍.ഡി.എഫ്. ഭരണം രണ്ടുവര്‍ഷം പിന്നിട്ടപ്പോഴേക്കും ഓവര്‍ ഡ്രാഫ്റ്റ് ദിനങ്ങള്‍ ഇല്ലാതായി. എന്തിന്, 2009'10 മുതല്‍ ഒരിക്കലും റിസര്‍വ് ബാങ്കില്‍നിന്ന്് കൈവായ്പപോലും വാങ്ങേണ്ടിവന്നിട്ടില്ല.
എല്‍.ഡി.എഫ്. ഭരണകാലത്തും റവന്യൂകമ്മി ഇല്ലാതാക്കാനായില്ല. പക്ഷേ, യു.ഡി.എഫ്. ഭരണകാലത്ത് ശരാശരി 3.8 ശതമാനമായിരുന്ന റവന്യൂകമ്മി എല്‍.ഡി.എഫ്. 1.96 ശതമാനമാക്കി കുറച്ചു. 2010'11ല്‍ ഇത് 1.33 ശതമാനമായി താഴ്ന്നു. ഈ പ്രവണത തുടര്‍ന്നിരുന്നെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തിനകം റവന്യൂകമ്മി ഇല്ലാതാകുമായിരുന്നു.

കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് റവന്യൂ കമ്മിയുടെ ശരാശരി വളരെ ഉയര്‍ന്നതാണെങ്കിലും പൊതുവില്‍ കുറഞ്ഞുവരികയായിരുന്നു. എല്‍.ഡി.എഫ്. ഭരണകാലത്ത് ഈ പ്രവണത ശക്തിപ്പെട്ടു. ചുരുക്കത്തില്‍ ഇപ്പോഴത്തെ സര്‍ക്കാറിന് മുമ്പുള്ള പത്തുവര്‍ഷക്കാലം ഏറ്റക്കുറച്ചിലുണ്ടെങ്കിലും സാമ്പത്തിക സന്തുലിതാവസ്ഥ മെച്ചപ്പെട്ടുവരികയായിരുന്നു. റവന്യൂ ചെലവുകള്‍ ഞെരുക്കിയാണ് എ.കെ. ആന്റണി കമ്മി കുറയ്ക്കാന്‍ ശ്രമിച്ചതെങ്കില്‍ റവന്യൂവരുമാനം വര്‍ധിപ്പിച്ചുകൊണ്ട് എല്‍.ഡി.എഫ്. ആ ലക്ഷ്യത്തിലേക്കെത്തി. യു.ഡി.എഫ്. കാലത്ത് റവന്യൂ വരുമാനം 11 ശതമാനം വീതം പ്രതിവര്‍ഷം ഉയര്‍ന്നപ്പോള്‍ എല്‍.ഡി.എഫ്. ഭരണകാലത്ത് വളര്‍ച്ച 16 ശതമാനം വീതമായിരുന്നു. റവന്യൂചെലവ്, യു.ഡി.എഫ്. കാലത്ത് എട്ട് ശതമാനം വീതം ഉയര്‍ന്നപ്പോള്‍ എല്‍.ഡി.എഫ്. കാലത്ത് 13 ശതമാനം വീതം ഉയര്‍ന്നു. ഇപ്പോഴും ചെലവുകള്‍ കുത്തനെ ഉയരുന്നു. വരുമാനമൊട്ട് കൂടുന്നുമില്ല. ഫലമോ സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധിയിലേക്ക് വീണിരിക്കുന്നു.

മന്ദഗതിയിലുള്ള നികുതിപിരിവാണ് റവന്യൂ വരുമാനത്തിന്റെ മുരടിപ്പിന് കാരണം. കഴിഞ്ഞവര്‍ഷം 24 ശതമാനം നികുതിപിരിവ് വര്‍ധിക്കുമെന്നാണ് ബജറ്റില്‍ കണക്കാക്കിയിരുന്നത്. പക്ഷേ, നേടിയത് 12 ശതമാനം മാത്രം. കഴിഞ്ഞവര്‍ഷം പിരിച്ച നികുതിയേക്കാള്‍ 30 ശതമാനം കൂടുതല്‍ നടപ്പുവര്‍ഷത്തില്‍ പിരിച്ചാലേ ബജറ്റ് ലക്ഷ്യത്തിലെത്തൂ. പക്ഷേ, ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള നാലുമാസത്തെ അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകള്‍ പ്രകാരം മൊത്തം നികുതിവരുമാനത്തിലെ വര്‍ധന 9.7 ശതമാനമാണ്. ലക്ഷ്യമിട്ടതിന്റെ മൂന്നിലൊന്ന് മാത്രം. നികുതിവരുമാനത്തിലെ ഇടിവിന് കാരണം ബാറുകള്‍ പൂട്ടിയതല്ല എന്ന് വ്യക്തം. 2013'14ല്‍ ഈ കാലയളവില്‍ 620 കോടി എക്‌സൈസ് നികുതി ലഭിച്ച സ്ഥാനത്ത് നടപ്പുവര്‍ഷം കിട്ടിയത് 660 കോടി.
വാറ്റ് നികുതി നിരക്കുകള്‍ ശരാശരി ഏതാണ്ട് 20 ശതമാനമാണ് യു.ഡി.എഫ്. ഉയര്‍ത്തിയത്. എല്ലാ ബജറ്റിലും മദ്യത്തിന്റെ നികുതി കൂട്ടി. കഴിഞ്ഞ ബജറ്റില്‍ തുണിക്കും നികുതി ഏര്‍പ്പെടുത്തി. എന്നിട്ടും നികുതിപിരിവ് മന്ദഗതിയിലാകുന്നത് എന്തുകൊണ്ട്? ഇന്ത്യയിലെ സാമ്പത്തികമുരടിപ്പാണ് കാരണം എന്ന വിശദീകരണമൊന്നും അംഗീകരിക്കാനാവില്ല. കാരണം ഗള്‍ഫ് പണവരുമാനത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ ഉപഭോഗം. അത് കഴിഞ്ഞവര്‍ഷം 90,000 കോടി രൂപ കവിഞ്ഞ് സര്‍വകാല റെക്കോഡിലാണ്. അപ്പോള്‍പ്പിന്നെ നികുതിവരുമാനം ഇടിയുന്നതിന് കാരണം കെടുകാര്യസ്ഥതയും അഴിമതിയും മൂലമുള്ള നികുതിച്ചോര്‍ച്ചയാണെന്ന് വ്യക്തം.

കേരളത്തിലുപയോഗിക്കുന്ന ചരക്കുകളുടെ 85 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നാണ് വരുന്നത്. ഓരോ കച്ചവടക്കാരനും കേരളത്തിലേക്ക് കൊണ്ടുവരുന്ന ചരക്കുകളുടെ കണക്ക് ചെക്‌പോസ്റ്റില്‍ വെച്ചുതന്നെ തിട്ടപ്പെടുത്തിയാല്‍ പിന്നെ വെട്ടിപ്പ് അസാധ്യമാകും. അതുകൊണ്ട് ചെക്‌പോസ്റ്റുകളെ അഴിമതിവിമുക്തമാക്കുന്നതിനുവേണ്ടി ഒരു യജ്ഞംതന്നെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടത്തി. 25,000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുപോലും പ്രധാനപ്പെട്ട ഒരു ചെക്‌പോസ്റ്റില്‍പ്പോലും അഴിമതി കണ്ടുപിടിക്കാന്‍ ആര്‍ക്കുമായില്ല. എന്നാല്‍, ഇന്ന് എല്ലാം തലകീഴായിരിക്കുന്നു.
നികുതിഭരണത്തിന്റെ സര്‍വതലങ്ങളിലും മന്ത്രിയോഫീസ് മുതലുള്ള വിവിധ തട്ടുകളിലെ രാഷ്ട്രീയനേതാക്കള്‍ ഇടപെടുന്നുണ്ട്. ഇതിന് രണ്ട് പ്രത്യാഘാതങ്ങളുണ്ട്. ഒന്ന്, സത്യസന്ധരായ ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാണ്. രണ്ട്, അല്ലാതുള്ളവര്‍ തങ്ങള്‍ക്കും കൈയിട്ടുവാരാനുള്ള അവസരമായി ഇതുപയോഗിക്കുന്നു. രണ്ടായാലും ഫലം അരാജകത്വം.
വരുമാനം ഉയരാത്തതിന് ഉത്തരം പറയേണ്ടത് ധനമന്ത്രിയാണെങ്കില്‍, ലക്കുംലഗാനുമില്ലാതെ ചെലവുകൂട്ടുന്നതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. തോന്നുംപോലെയാണ് പ്രഖ്യാപനങ്ങള്‍. ബജറ്റും ബജറ്റ് പ്രഖ്യാപനങ്ങളും പ്രഹസനമാണ്. ധനവകുപ്പിന് മാപ്പുസാക്ഷിയുടെ റോള്‍ മാത്രം. പ്ലസ് ടു വിഷയം മാത്രമെടുക്കുക. ഇന്നത്തെ ധനഃസ്ഥിതിയില്‍ പുതിയ സ്‌കൂളുകള്‍ വേണ്ട എന്നായിരുന്നു ധനവകുപ്പും കാബിനറ്റുമെല്ലാം ചര്‍ച്ചചെയ്ത് ആദ്യം തീരുമാനിച്ചത്. നിലവിലുള്ള ക്ലാസുകളില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാനും അത്യാവശ്യത്തിന് പുതിയ ബാച്ചുകള്‍ അനുവദിക്കാനും തീരുമാനിച്ചു.

ആരോട് ആലോചിച്ചാണ് ഈ തീരുമാനം അട്ടിമറിച്ചത്? 141 സ്‌കൂളുകളടക്കം 700 ബാച്ചുകളാണ് പുതുതായി അനുവദിച്ചത്. എന്തെങ്കിലും ചര്‍ച്ചയോ പഠനമോ ആലോചനയോ ഇക്കാര്യത്തിലുണ്ടായോ? തീരുമാനത്തിന്റെ ഉത്തരവാദിത്വം ആര്‍ക്ക്? കോടതി കഴുത്തിന് പിടിച്ചപ്പോള്‍ പുതിയ തമാശ. അടുത്തവര്‍ഷം മുതല്‍ അര്‍ഹതയുള്ള എല്ലാ സ്‌കൂളിനും പ്ലസ് ടു ബാച്ച് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വക പ്രഖ്യാപനം. ഇങ്ങനെയാണ് നയങ്ങള്‍ രൂപവത്കരിക്കുന്നത്. ഇത്രയും വലിയ ചെലവ് വഹിക്കാന്‍ സര്‍ക്കാറിന് കഴിയുമോ എന്നൊന്നും ആലോചനപോലുമില്ല.
ഈ മാസം ഓവര്‍ ഡ്രാഫ്റ്റില്‍നിന്ന് കരകയറിയാലും ഇനിയുള്ള മാസങ്ങളിലും സ്ഥിതി ഇതുതന്നെയായിരിക്കും. 17,000 കോടി രൂപയുടെ പദ്ധതിയില്‍ ആഗസ്ത് വരെ ചെലവാക്കിയത് 5.49 ശതമാനം മാത്രമാണ്. അനുവദിച്ച വായ്പയുടെ പകുതി (ഏതാണ്ട് 7,000 കോടി) ഇതിനകം എടുത്തുകഴിഞ്ഞു. 2014'15ല്‍ റവന്യൂകമ്മി പൂജ്യമാക്കണമെന്ന നിയമം പാലിക്കണമെങ്കില്‍ വായ്പയെടുത്ത തുക മുഴുവന്‍ മൂലധനച്ചെലവിനേ ഉപയോഗിക്കാവൂ. നടപ്പുവര്‍ഷത്തില്‍ 7,000 കോടി രൂപ വായ്പയെടുത്തപ്പോള്‍ ഇതുവരെ പദ്ധതിയില്‍ മൂലധനച്ചെലവിന് കഷ്ടിച്ച് 300 കോടിയേ ചെലവാക്കിയിട്ടുള്ളൂ. കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പെരുകുന്നതില്‍ അദ്ഭുതമുണ്ടോ? പശ്ചാത്തലസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് പിന്മാറിയിട്ട് എത്ര എമര്‍ജിങ് കേരളയോ യെസ് കേരളയോ നടത്തിയിട്ടും ഒരു കാര്യവുമില്ല. ധനപരമായ അരാജകത്വം കേരളത്തെ വികസനസ്തംഭനത്തിലേക്ക് എത്തിക്കുകയാണ് 

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...