Monday, July 7, 2014

കോര്‍പ്പറേറ്റ് അജന്‍ഡ വ്യക്തമാണ്‌

ഇന്നേക്ക് മൂന്നാം ദിവസമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ കന്നി ബജറ്റ്. 1991ലെ മന്‍മോഹന്‍സിങ് ബജറ്റിനുശേഷം ഇത്രയേറെ ആകാംക്ഷ സൃഷ്ടിച്ച മറ്റൊരു ബജറ്റ് അവതരണം ഉണ്ടായിട്ടില്ല. കോര്‍പ്പറേറ്റ് പ്രതീക്ഷകള്‍ വ്യക്തമാണ്. യു.പി.എ. സര്‍ക്കാര്‍ ചെയ്യാന്‍ അറച്ചുനിന്ന കോര്‍പ്പറേറ്റ് പ്രീണന നടപടികള്‍ മോദി കൈക്കൊള്ളും. നയസ്തംഭനം (Policy Paralysis) നീക്കാന്‍ കോര്‍പ്പറേറ്റ് ബിസിനസ് പത്രങ്ങള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്‍കുന്ന സൗജന്യ ഉപദേശങ്ങളില്‍നിന്ന് കോര്‍പ്പറേറ്റ് അജന്‍ഡ വ്യക്തമാണ്. പക്ഷേ, വിലക്കയറ്റത്തിനും അഴിമതിക്കും എതിരെ വോട്ടുചെയ്ത ജനങ്ങളുടെ കാര്യമാണ് കഷ്ടം.

കഴിഞ്ഞ മൂന്നുവര്‍ഷമായി നാടിനെ വലയ്ക്കുന്ന പ്രധാനപ്രശ്‌നം വിലക്കയറ്റമാണ്. ഉപഭോക്തൃ വിലസൂചിക ഏതാണ്ട് 10 ശതമാനമാണ്. വിലകള്‍ കയറുന്നത് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് നേട്ടമാണ്; വാങ്ങുന്നവര്‍ക്ക് നഷ്ടവും. പണക്കാരന്‍ ഉപഭോക്താവിന്റെ പോക്കറ്റടിക്കുന്ന പരിപാടിയാണിത്. കാലവര്‍ഷം ചതിച്ചതോടെ ഈ വര്‍ഷം ഭക്ഷ്യവിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. ഇറാഖിലെ യുദ്ധം നീണ്ടാല്‍ എണ്ണവിലയും ഉയരും. രൂക്ഷമായ വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ എങ്ങനെ രക്ഷിക്കാം, സബ്‌സിഡികള്‍ക്ക് കൂടുതല്‍ പണം നീക്കിവെക്കുമോ, തൊഴിലുറപ്പുപദ്ധതി വിപുലപ്പെടുത്തുമോ, ഭക്ഷ്യസുരക്ഷാനിയമം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമോ ഇതൊക്കെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍, ഇതൊന്നും കോര്‍പ്പറേറ്റുകളുടെ പരിഗണനയിലില്ല. കമ്മി കുറയ്ക്കുകയാണ് അവരുടെ പ്രഥമ ലക്ഷ്യം. ചിദംബരം അവതരിപ്പിച്ച ഇടക്കാലബജറ്റില്‍ പറഞ്ഞ 4.1 ശതമാനം കമ്മി തിരഞ്ഞെടുപ്പിനുവേണ്ടി പടച്ചുണ്ടാക്കിയതായിരുന്നു. ചിദംബരത്തിന്റെ കണക്ക് കസര്‍ത്തുകള്‍ ഒഴിവാക്കിയാല്‍ യഥാര്‍ഥ കമ്മി ഉയരും. ഈ സ്ഥിതി ഒഴിവാക്കാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഏകകണ്ഠമായി ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്: സബ്‌സിഡികള്‍ കുറച്ച് കമ്മി താഴ്ത്തുക. ഇതാണ് പ്രധാനമന്ത്രി പറഞ്ഞ കടുത്ത നടപടിയെന്ന് ഇതുവരെയുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്നു.

ബജറ്റിന് മുമ്പുതന്നെ റെയില്‍വേ നിരക്കുകള്‍ ഉയര്‍ത്തി. ഡീസലിനും പെട്രോളിനും വില കൂട്ടി. പാചകവാതകത്തിന്റെ വില കൂട്ടാന്‍ പോകുന്നു. കേരളത്തിന്റെ അരി റേഷന്‍ പാതിയായി കുറച്ചു. യൂണിറ്റിന് 4.2 ഡോളറായിരുന്ന പ്രകൃതിവാതകത്തിന്റെ വില മൂന്നുമാസത്തിനുള്ളില്‍ 8.4 ഡോളറാകും.

ഇത്തരം നടപടികളുടെ ആദ്യത്തെ പ്രത്യാഘാതം വിലകള്‍ക്കുമേലായിരിക്കും. വിലക്കയറ്റത്തിനുകാരണം ആളുകളുടെ കൈയില്‍ പണം കുമിഞ്ഞുകൂടി അവര്‍ ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതല്ല. ധാന്യമടക്കമുള്ള ഉപഭോക്തൃ ഉത്പന്നങ്ങളെല്ലാം വില്‍ക്കാന്‍ പറ്റാതെ കെട്ടിക്കിടക്കുകയാണ്. അതുപോലെ നിക്ഷേപകര്‍ വലിയതോതില്‍ പണം മുടക്കി അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും വാങ്ങുന്നതുകൊണ്ടുമല്ല വിലക്കയറ്റം. വേണ്ടത്ര നിക്ഷേപമില്ലാത്തതുകൊണ്ട് രാജ്യത്ത് രൂക്ഷമായ ഉത്പാദന മുരടിപ്പാണ്.

രണ്ടുവര്‍ഷമായി തുടര്‍ച്ചയായി സാമ്പത്തികവളര്‍ച്ച അഞ്ചുശതമാനനിരക്കില്‍ താഴെയാണ്. ഈ വര്‍ഷത്തെ വരള്‍ച്ചകൂടി കണക്കിലെടുക്കുമ്പോള്‍ നടപ്പുവര്‍ഷത്തിലും വളര്‍ച്ച അഞ്ചുശതമാനത്തിലും താഴെയാകാനാണ് സാധ്യത. ചുരുക്കത്തില്‍ സാമ്പത്തികഭാഷയില്‍ പറഞ്ഞാല്‍ ഡിമാന്‍ഡ് കൂടിയതുകൊണ്ടല്ല വിലക്കയറ്റം. മറിച്ച് ഉത്പാദനച്ചെലവിലെ വര്‍ധനയും ഊഹക്കച്ചവടവും കുത്തകകള്‍ വിലകൂട്ടുന്നതുമാണ് കാരണങ്ങള്‍.

ഡിമാന്‍ഡ് കൂടിയതുകൊണ്ടാണ് വിലക്കയറ്റമെങ്കില്‍ പരിഹാരം വളരെ എളുപ്പമാണ്. സര്‍ക്കാര്‍ ചെലവ് കുറച്ചുകൊണ്ട് കമ്മി ഇല്ലാതാക്കുക. അതേസമയം, ഉത്പാദനമാന്ദ്യമാണ് പ്രശ്‌നമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കുകയും കമ്മി കൂട്ടുകയും ചെയ്യണം. ഇതാണ് കെയിന്‍സ് പഠിപ്പിച്ചത്. പക്ഷേ, ഇപ്പോള്‍ വിലക്കയറ്റവും മാന്ദ്യവും ഒരുമിച്ച് നാടിനെ ഗ്രസിച്ചിരിക്കയാണ്. ഒന്നിനുള്ള പ്രതിവിധി മറ്റൊന്നിന് വിഷമാണ്. ഇതാണ് ചിദംബരത്തെയും ഇപ്പോള്‍ െജയ്റ്റ്‌ലിയെയും വലയ്ക്കുന്ന ഊരാക്കുടുക്ക്.

കമ്മി കുറയ്ക്കാന്‍വേണ്ടി കോര്‍പ്പറേറ്റുകള്‍ പറയുന്നതുപോലെ സബ്‌സിഡികള്‍ വെട്ടിക്കുറച്ചാല്‍ വിലക്കയറ്റം രൂക്ഷമാകുമെന്ന് പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിന് പ്രകൃതിവാതകത്തിന്റെ വില ഒരു ഡോളര്‍ കൂട്ടിയാല്‍ എന്തുസംഭവിക്കുമെന്ന് നോക്കുക. യൂറിയ വളത്തിന്റെ വില ടണ്ണിന് 1,370 രൂപ കൂടും. ഒരു യൂണിറ്റ് വൈദ്യുതിക്ക് 45 പൈസ വര്‍ധിക്കും. ഒരു കിലോ സി.എന്‍.ജി.ക്ക് 2.81 രൂപ കൂടും. പൈപ്പുവഴി വിതരണംചെയ്യുന്ന പാചകവാതകത്തിന് 1.89 രൂപ വര്‍ധിക്കും. അപ്പോള്‍ നാലുഡോളര്‍ കൂട്ടിയാല്‍ ഉണ്ടാകുന്ന വിലവര്‍ധന ഊഹിച്ചുനോക്കൂ.

വിലക്കയറ്റം തടയലല്ല, സബ്‌സിഡികള്‍ കുറയ്ക്കലാണ് തന്റെ പ്രഥമലക്ഷ്യമെന്ന് നരേന്ദ്രമോദി വ്യക്തമാക്കിക്കഴിഞ്ഞു. ബജറ്റിലും മറ്റൊന്നും പ്രതീക്ഷിേക്കണ്ട. വിലക്കയറ്റം തടയല്‍ വാചകമടിയില്‍ ഒതുങ്ങും.
എല്ലാകാലത്തും സബ്‌സിഡികള്‍ തുടര്‍ച്ചയായി കൂട്ടണമെന്നല്ല ഇവിടെ വാദിക്കുന്നത്. വിലക്കയറ്റത്തിന്റെ നാളില്‍ ഒരിക്കലും ഇത് ചെയ്യരുതെന്നാണ് വാദം.

സബ്‌സിഡി കുറയ്ക്കലല്ലാതെ കമ്മികുറയ്ക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലേ? എന്തുകൊണ്ട് വരുമാനം കൂട്ടിക്കൂടാ? 2008ല്‍ ആഗോളമാന്ദ്യം പൊട്ടിപ്പുറപ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ വരുമാനത്തിന്റെ 12 ശതമാനത്തോളം നികുതിയായി സമാഹരിച്ചിരുന്നു. എന്നാല്‍, 2014ല്‍ ഇത് 10 ശതമാനം മാത്രമായി. നികുതിയുടെ തോത് പഴയതുപോലെയാക്കാന്‍ കഴിഞ്ഞാല്‍ കമ്മി പകുതിയാകും. പക്ഷേ, ഇതല്ല ബി.ജെ.പി.യുടെ മനസ്സിലിരിപ്പ്.

ആദായനികുതി ഒഴിവുപരിധി രണ്ടുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമാക്കുമെന്നാണ് മാനിഫെസ്‌റ്റോയില്‍ പറഞ്ഞിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതി ഇളവുകള്‍ രണ്ടുലക്ഷം കോടിയോളം വരും. ഈ ഇളവുകള്‍ ഇല്ലാതാക്കിയാല്‍ നിക്ഷേപം നടത്താനുള്ള താത്പര്യം കുറയുമെന്നാണ് വാദം. ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം സബ്‌സിഡിയാണ്. പക്ഷേ, മുതലാളിമാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം ഇന്‍സെന്റീവാണ്. ഉറപ്പായും ബജറ്റില്‍ നികുതിയിളവുകള്‍ പ്രതീക്ഷിക്കാം.

കമ്മി കുറയ്ക്കാന്‍ ഇനിയൊരു മാര്‍ഗംകൂടിയുണ്ട്; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്പന. യു.പി.എ. സര്‍ക്കാറും തുടര്‍ച്ചയായി ചെയ്തിരുന്ന ഒരു കാര്യമാണ് എല്ലാ ബജറ്റിലും ഏതാണ്ട് 40,000 കോടി രൂപയുടെ ഓഹരി വില്പന പ്രഖ്യാപിക്കല്‍. പക്ഷേ, ഒരിക്കലും പാതിപോലും വിറ്റ് കാശാക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക് ശക്തമായ ചെറുത്തുനില്‍പ്പാണ് തൊഴിലാളികളുടെ പക്ഷത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

എന്നാല്‍, മോദി ഇത്തരം എതിര്‍പ്പുകളെയൊക്കെ അതിജീവിക്കുമെന്നാണ് കോര്‍പ്പറേറ്റുകളുടെ പ്രതീക്ഷ. 80,000 കോടി രൂപയുടെ ഓഹരി വില്‍ക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാവില്ലെന്നാണ് ചില വിദ്വാന്‍മാര്‍ പറയുന്നത്. ബാങ്കുകളുടെ 51 ശതമാനം ഓഹരി സ്വകാര്യമേഖലയ്ക്ക് ആകാമെന്ന് റിസര്‍വ് ബാങ്കുതന്നെ അഭിപ്രായപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ എന്‍.ഡി.എ. സര്‍ക്കാര്‍ ഓഹരിവില്പനയ്ക്ക് ഒരു മന്ത്രാലയംതന്നെ തുടങ്ങി. അത്തരമൊരു വകുപ്പ് ഇത്തവണ ഉണ്ടാവില്ലെങ്കിലും പൊതുമേഖലയുടെ സ്വകാര്യവത്കരണമാണ് പുതിയ സര്‍ക്കാറിന്റെ അജന്‍ഡകളിലൊന്ന്. ഇത് ബജറ്റില്‍ പ്രതിഫലിക്കും.

വിദേശമൂലധനത്തിന് പ്രതിരോധമേഖല തുറന്നുകൊടുക്കുകയാണ്. ബാങ്കും ഇന്‍ഷുറന്‍സും ഇവരുടെ മേച്ചില്‍പ്പുറങ്ങളാകാന്‍ പോകുകയാണ്. വിദേശ മൂലധനത്തെ ആകര്‍ഷിക്കലാണ് പുത്തന്‍ സാമ്പത്തികനയം. ഈ നയത്തിന്റെ മുഖ്യവക്താക്കളിലൊരാളായിരുന്നു എക്കാലത്തും നരേന്ദ്രമോദി. ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന വിശ്രുത ധനകാര്യപത്രം വര്‍ഷംതോറും ഏറ്റവും വിദേശനിക്ഷേപസൗഹൃദം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് അവാര്‍ഡ് പ്രഖ്യാപിക്കാറുണ്ട്. 'എഫ്.ഡി.ഐ. പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍' എന്നാണ് അവാര്‍ഡിന്റെ പേര്. 2009ലെ അവാര്‍ഡ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കായിരുന്നു. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയതിന്റെ കാരണവും അവര്‍ വ്യക്തമാക്കിയിരുന്നു : ആ വര്‍ഷം 280 കോടി ഡോളര്‍ വിദേശനിക്ഷേപമാണ് ഗുജറാത്തിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍, ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഈ പുരസ്‌കാരം പിന്‍വലിക്കേണ്ടിവന്നു.

എന്നാല്‍, വിദേശമൂലധനത്തിന് ഏറ്റവും പ്രിയങ്കരനായ നേതാവായിത്തന്നെ മോദി തുടര്‍ന്നു എന്നതിന് തെളിവ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട നാളുമുതല്‍ ഓഹരിക്കമ്പോളത്തില്‍ അലയടിക്കുന്ന ഉത്സാഹത്തിമിര്‍പ്പാണ്. വിദേശ മൂലധന നിക്ഷേപസ്ഥാപനങ്ങള്‍ വലിയതോതില്‍ പണമൊഴുക്കിയതുകൊണ്ടാണ് ഓഹരിവില കുതിച്ചുകയറിയത്. ഈ ഉത്സാഹം നിലനിര്‍ത്തണം. അതുകൊണ്ട് കള്ളപ്പണവേട്ട വാചകമടിയിലൊതുങ്ങും.

നികുതിവെട്ടിപ്പ് സംബന്ധിച്ച് വൊഡാഫോണും മറ്റുമായുമുണ്ടായ തര്‍ക്കങ്ങളില്‍ തോറ്റുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. ധനമന്ത്രിയായിരിക്കെ പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ച നികുതിച്ചോര്‍ച്ച തടയാനുള്ള സമഗ്രചട്ടങ്ങള്‍ ചിദംബരം മാറ്റിവെച്ചു. പുതിയ ബജറ്റിലും അതിന് സ്ഥാനമുണ്ടാവില്ല. മൗറീഷ്യസ് പോലുള്ള രാജ്യങ്ങളുമായുള്ള കരാറുകളിലൂടെയാണ് കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇതിലൊന്നും ഒരു മാറ്റവും ഉണ്ടാവുകയില്ല.

ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തോടെ തൊഴിലുറപ്പിനുള്ള പിന്തുണ ഭരണതലത്തില്‍ ഏതാണ്ട് ഇല്ലാതായി. പക്ഷേ, വരള്‍ച്ചയുടെ നാളുകളില്‍ തൊഴിലുറപ്പുപദ്ധതി വേണ്ടെന്നുവെക്കുമെന്ന് കരുതാനാവില്ല. എന്തായിരിക്കും പുതിയ ബജറ്റിന്റെ സമീപനം? തൊഴിലുറപ്പ് മാത്രമല്ല, അവകാശാദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന എല്ലാ പദ്ധതികളോടും ദയാപൂര്‍വമായ അവഗണനയാവും ഉണ്ടാവുക. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാെജ സിന്ധ്യ ഇത് വ്യക്തമാക്കിക്കഴിഞ്ഞു.

ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് നടപ്പാക്കുന്നത് നല്ല കാര്യമാണ്. ബി.ജെ.പി.യുടെ എതിര്‍പ്പുമൂലമാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇത് നടക്കാതെപോയത്. പക്ഷേ, ഇപ്പോഴിത് നടപ്പാക്കുമ്പോള്‍ രണ്ട് ചോദ്യങ്ങള്‍ നിര്‍ണായകമാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യനിരക്കിനുപകരം സംസ്ഥാനത്തിന് ഉയര്‍ന്ന നിരക്ക് അനുവദിക്കുമോ? ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന രീതിയിലുള്ള നിയമമാണ് ഇതുവരെ ആലോചിച്ചത്. ഇതില്‍ ഗുജറാത്ത് നേരത്തേത്തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന സമ്പ്രദായത്തിലേക്ക് പുതിയ നികുതിയെ മാറ്റുമോ എന്നറിയാനാണ് ആകാംക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നത്. രണ്ടും നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...