About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Tuesday, July 22, 2014

സെക്രട്ടേറിയറ്റിനെ തൊടാന്‍ ആര്‍ക്കാണ് ധൈര്യം?

ആലപ്പുഴയിലെ പ്രമുഖ വിദ്യാലയങ്ങളാണ് സനാതനധര്‍മ വിദ്യാശാലാ ട്രസ്റ്റിന്റെ ഹൈസ്‌കൂളുകള്‍. 1905ല്‍ ആനിബസന്റിന്റെ തിയോസഫിയില്‍ ആകൃഷ്ടരായ ഒരുകൂട്ടം സാമൂഹിക പരിഷ്‌കര്‍ത്താക്കളാണ് ഇവ സ്ഥാപിച്ചത്. ഇവയില്‍ 1,500 കുട്ടികള്‍ പഠിക്കുന്ന എസ്.ഡി.വി. ബോയ്‌സ് ഹൈസ്‌കൂളില്‍ ഒരു ആര്‍.ഒ. പ്ലാന്റ് എം.എല്‍.എ. ഫണ്ടില്‍നിന്ന് സ്ഥാപിക്കാന്‍ 2013ല്‍ തീരുമാനിച്ചതോടെയാണ് കഥ ആരംഭിക്കുന്നത്. 

ആലപ്പുഴയില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ഭൂഗര്‍ഭ ജലത്തില്‍ ഫ്‌ളൂറോയിഡിന്റെ അളവ് കൂടുതലാണ്. ശുദ്ധീകരണം പേരിനുമാത്രമായതുകൊണ്ട് ജലം മറ്റുവിധത്തിലും മലിനമാണ്. അതുകൊണ്ട് റിവേഴ്‌സ് ഓസ്‌മോസിസ് അരിപ്പയിലൂടെ ഫ്‌ളൂറോയിഡ് അടക്കമുള്ള മാലിന്യങ്ങള്‍ ശുദ്ധിചെയ്യാന്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റി തന്നെ ആര്‍.ഒ. പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരമൊരു ചെറിയ പ്ലാന്റ് എസ്.ഡി.വി. ബോയ്‌സ് സ്‌കൂളില്‍ സ്ഥാപിക്കണമെന്ന പി.ടി.എ.യുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചാണ് എം.എല്‍.എ. ഫണ്ട് അനുവദിച്ചത്. ആകെ ചെലവ് നാല് ലക്ഷം രൂപ.

വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ പ്രോജക്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചപ്പോഴേക്കും സര്‍ക്കാറിന്റെ പുതിയൊരു ഉത്തരവ് ഇറങ്ങി. എയ്ഡഡ് സ്‌കൂളുകളില്‍ എം.എല്‍.എ. ഫണ്ടില്‍ നിന്ന് മൂത്രപ്പുരയും കമ്പ്യൂട്ടറും മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. പക്ഷേ, സ്‌കൂള്‍ സ്വകാര്യമാണെങ്കിലും കുട്ടികള്‍ നമ്മുടേതാണല്ലോ? അവര്‍ക്ക് ശുദ്ധജലം നിഷേധിക്കാന്‍ ഇത്തരം സാങ്കേതികതകള്‍ കാരണമാകാന്‍ പാടില്ല. മാത്രമല്ല, എല്ലാവര്‍ക്കും ശുദ്ധജലമെത്തിക്കേണ്ടത് സര്‍ക്കാറിന്റെ കടമയുമാണ്. അതുകൊണ്ട് പ്രത്യേക അനുമതിക്കുവേണ്ടി പ്രശ്‌നം ധനമന്ത്രി കെ.എം. മാണിയുടെ ശ്രദ്ധയില്‍പെടുത്തി. പഴയ ധനകാര്യമന്ത്രി പുതിയ ധനകാര്യമന്ത്രിയോട് വ്യക്തിപരമായി ഇതേവരെ ആവശ്യപ്പെട്ട ഏക കാര്യം. അദ്ദേഹത്തിന്റെ നിലപാടും ഉദാരമായിരുന്നു. ചോദിച്ചപാടെ അനുവാദം തന്നു.

പക്ഷേ, സെക്രട്ടേറിയറ്റിലെ ധനവകുപ്പിലെ ചില ഗുമസ്തന്മാര്‍ക്ക് ഇത് ദഹിച്ചില്ല. ഫയലില്‍ കുറികളുടെ പൂരം. പദ്ധതി അട്ടിമറിക്കാന്‍ വിഡ്ഢിച്ചോദ്യങ്ങളുടെ പ്രവാഹം. പദ്ധതിയുടെ നാനാവശങ്ങള്‍ അവരെ ജില്ലാ കളക്ടര്‍ അറിയിക്കണമത്രേ. അങ്ങനെ ധനകാര്യ അണ്ടര്‍ സെക്രട്ടറി കുമാര്‍ സി. പിള്ള ഒപ്പിട്ട ഒരു കത്ത് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് അയച്ചു. അദ്ദേഹത്തിന്റെ സന്ദേഹങ്ങള്‍ താഴെ കൊടുക്കുന്നു:

1) 'ആര്‍.ഒ. പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ എത്ര കുട്ടികള്‍ക്ക് കുടിവെള്ളം ലഭിക്കാന്‍ സാധ്യതയുണ്ട്? സ്‌കൂളില്‍ എത്ര കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു?'

സ്‌കൂളില്‍ ആര്‍.ഒ. പ്ലാന്റ് സ്ഥാപിക്കണമെങ്കില്‍ അവിടെ മിനിമം എത്ര കുട്ടികള്‍ ഉണ്ടായിരിക്കണമെന്ന് എന്തെങ്കിലും വ്യവസ്ഥ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്വകാര്യ സ്‌കൂളിന് ഇത്തരത്തില്‍ എം.എല്‍.എ. ഫണ്ട് നല്‍കാനുള്ള പ്രത്യേക അനുമതിക്കുവേണ്ടിയാണ് ധനവകുപ്പിലേക്ക് ഈ ഫയല്‍ ചെല്ലുന്നത്. ഇതില്‍ ധനമന്ത്രി തീരുമാനം എടുക്കുകയും ചെയ്തു. പിന്നെ ഇത്തരം ചോദ്യങ്ങള്‍ക്ക് എന്ത് പ്രസക്തി?

2) 'പ്രസ്തുത ഉപകരണത്തിന്റെ സാങ്കേതികത്വം ജില്ലയില്‍ മറ്റു സ്‌കൂളുകളില്‍ പ്രയോജനപ്പെടുത്തുന്നുണ്ടോ? എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനക്ഷമത, സര്‍വീസ് എന്നിവയെക്കുറിച്ച് വിവരങ്ങള്‍ നിലവില്‍ ലഭ്യമാണോ?'
ആര്‍.ഒ. പ്ലാന്റിന്റെ പ്രവര്‍ത്തനം പഠിക്കാന്‍ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കേണ്ട കാര്യമേയുള്ളൂ. സെക്രട്ടേറിയറ്റിലെ സ്വന്തം കമ്പ്യൂട്ടറില്‍ നിന്ന് നിഷ്പ്രയാസം ലഭിക്കുന്ന ഒരു വിവരമന്വേഷിച്ച് ജില്ലാ കളക്ടര്‍ക്ക് കത്തെഴുതിയിരിക്കുന്നു, അവര്‍. ഇപ്പോള്‍ത്തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു സ്‌കീമിനെ അടിസ്ഥാനമാക്കി രൂപം നല്കിയ ഒരു ലഘുപദ്ധതിയുടെ സാങ്കേതികത്വം പഠിക്കാന്‍ ധനവകുപ്പിലെ സെക്രട്ടറിക്ക് താത്പര്യമുണ്ടെങ്കില്‍ അതിനുള്ള മാര്‍ഗം ജില്ലാ കളക്ടര്‍ക്ക് കത്തെഴുതി ചോദിക്കലല്ല. സ്വയം കുറച്ച് പഠിക്കാന്‍ മെനക്കെടുകയാണ് വേണ്ടത്. ഇത്തരം സാങ്കേതികത്വം നോക്കാനാണ് വാട്ടര്‍ അതോറിറ്റിയെയും അതിലെ എന്‍ജിനീയര്‍മാരെയും സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളൊന്നും ധനവകുപ്പ് അന്വേഷിച്ച് തീരുമാനിക്കേണ്ട കാര്യമല്ല.
3) 'സ്‌കൂളില്‍ ശുദ്ധജലത്തിനായി മറ്റു സ്രോതസ്സുകള്‍ ലഭ്യമാണോ?' എന്നാണ് മറ്റൊരു എമണ്ടന്‍ സംശയം. 

സ്‌കൂളില്‍ അത്രയ്ക്ക് രൂക്ഷമായ കുടിവെള്ള പ്രശ്‌നമില്ലെങ്കില്‍ ഇങ്ങനെയൊരനുമതി തേടി ധനമന്ത്രിയെ ജനപ്രതിനിധി നേരിട്ട് സമീപിക്കുകയില്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിപോലും ഇവര്‍ക്കില്ലാത്തത് കഷ്ടംതന്നെ. ഇങ്ങനെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പെട്ടെന്ന് തീരുമാനമെടുത്ത് പരിഹരിക്കാനാണ് എം.എല്‍.എ. ഫണ്ട് സ്‌കീം.


4) 'പ്ലാന്റിന്റെ ആകെ ചെലവ് എത്ര? ആവര്‍ത്തനച്ചെലവ് വരുമോ? പ്ലാന്റ് എത്ര നാള്‍ പ്രവര്‍ത്തിക്കും? വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് സാധ്യത നിലവിലുണ്ടോ?' എന്നൊക്കെ സന്ദേഹങ്ങള്‍ ഏറെയാണ്.
 

സത്യം പറയട്ടെ, ആവര്‍ത്തനച്ചെലവ് സംബന്ധിച്ച ചോദ്യം ഒന്നുമാത്രമാണ് ധനവകുപ്പിന് വേണമെങ്കില്‍ ഉയര്‍ത്താവുന്ന ന്യായമായ സംശയം. (പ്രത്യേക അനുമതിയുടെ കാര്യം മന്ത്രിതന്നെ നേരിട്ട് തീര്‍പ്പാക്കിക്കഴിഞ്ഞുവല്ലോ). പക്ഷേ, ഇക്കാര്യത്തില്‍ ആ സംശയത്തിനും സാംഗത്യമില്ല. നിലവില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് മൂത്രപ്പുരയോ കമ്പ്യൂട്ടറോ എം.എല്‍.എ. ഫണ്ടില്‍ നിന്ന് നല്‍കിയാല്‍ അതിന്റെ ആവര്‍ത്തനച്ചെലവിനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരുന്നില്ലല്ലോ? പിന്നെയെന്തിന് ആര്‍.ഒ. പ്ലാന്റ് സംബന്ധിച്ച് ഇങ്ങനെയൊരു സന്ദേഹം?
ഒരു കാര്യം വ്യക്തമാക്കട്ടെ. സ്‌കൂളില്‍ മൂത്രപ്പുരയാണോ കമ്പ്യൂട്ടറാണോ കുടിവെള്ള പദ്ധതിയാണോ വേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ജനപ്രതിനിധിക്കാണ്. ആര്‍.ഒ. പ്ലാന്റിന്റെ സാേങ്കതികമായ കാര്യങ്ങള്‍ പരിശോധിച്ച് അംഗീകരിക്കേണ്ടത് അതുമായി ബന്ധപ്പെട്ട വകുപ്പാണ്. പക്ഷേ, ഇവിടെ തീരുമാനങ്ങളും പരിശോധനയും എല്ലാം കഴിഞ്ഞ് ജില്ലാ ഉദ്യോഗസ്ഥമേധാവിയായ കളക്ടര്‍ അയയ്ക്കുന്ന ഫയലില്‍ സെക്രട്ടേറിയറ്റിലെ ഏറ്റവും താഴ്ന്ന ഗുമസ്തന്‍ മുതല്‍ വീണ്ടും പരിശോധനയാരംഭിക്കുകയാണ്. പദ്ധതിപ്രദേശത്തെക്കുറിച്ചോ പദ്ധതിയെക്കുറിച്ചോ ഒരു വിവരവുമില്ലാത്ത ഇവര്‍ അവരുടെ അറിവില്ലായ്മ ഗഹനമായ സന്ദേഹങ്ങളായി ഫയലില്‍ നിറയ്ക്കുന്നു; മാര്‍ഗതടസ്സം സൃഷ്ടിക്കുന്നു. 

പ്രൊഫഷണലിസത്തിനുമേലുള്ള ക്ലെറിക്കലിസത്തിന്റെ ആധിപത്യമാണ് സെക്രട്ടേറിയറ്റ് എന്ന് മന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഞാന്‍ ഈ ആശയം ഇ.എം.എസ്സില്‍നിന്ന് കടമെടുത്തതായിരുന്നു. സെക്രട്ടേറിയറ്റ് വകുപ്പുകള്‍, സെക്രട്ടേറിയറ്റിന് പുറത്തുള്ള ഭരണവകുപ്പുകള്‍ എന്നിങ്ങനെ ഭരണസംവിധാനത്തിന് രണ്ട് തട്ടുകള്‍ ഉണ്ടല്ലോ. ഭരണവകുപ്പുകളിലാണ് സാങ്കേതിക വിദഗ്ധര്‍. അവരില്‍ ഒരാളായിരിക്കും സാധാരണഗതിയില്‍ വകുപ്പ് തലവന്‍.

ആരോഗ്യ ഡയറക്ടര്‍ ഡോക്ടറും കൃഷിഡയറക്ടര്‍ കൃഷി വിദഗ്ധനും പൊതുമരാമത്തിന് ചീഫ് എന്‍ജിനീയറുമാണല്ലോ തലവന്മാര്‍. എന്നാല്‍, സെക്രട്ടേറിയറ്റ് വകുപ്പുകള്‍ക്ക് ഐ.എ.എസ്സുകാരായ സെക്രട്ടറിമാരും കീഴ് ഉദ്യോഗസ്ഥരുമാണുള്ളത്. ഇവര്‍തന്നെ നിരന്തരം വിവിധ വകുപ്പുകളിലേക്ക്പ്രത്യേകിച്ച് കീഴ് ഉദ്യോഗസ്ഥര്‍സ്ഥലം മാറ്റപ്പെടുന്നതുകൊണ്ട് പലപ്പോഴും വിഷയങ്ങളില്‍ പ്രത്യേക ജ്ഞാനമില്ലാതെ വരുന്നു. (ധന വകുപ്പ് കീഴുദ്യോഗസ്ഥര്‍ മാത്രമാണ് ഇത്തരത്തില്‍ സ്ഥലം മാറ്റമില്ലത്തവര്‍) ആരോഗ്യ ഡയറക്ടര്‍ പോലുള്ളവര്‍ തയ്യാറാക്കി അയയ്ക്കുന്ന ഫയല്‍ സെക്രട്ടേറിയറ്റില്‍ വന്നാല്‍ അതുസംബന്ധിച്ച് പ്രത്യേകിച്ച് ഒരു വിവരവുമില്ലാത്ത എല്‍.ഡി. ക്ലര്‍ക്ക് മുതല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു.

ഫയലുകള്‍ അങ്ങനെ കീഴോട്ടും മേലോട്ടും പോയി സമയംപോകുന്നു. അതുകൊണ്ട് ഇ.എം.എസ്. പറഞ്ഞു: ആഭ്യന്തരം, ധനം, നിയമം, റവന്യു, പൊതുഭരണം എന്നീ വകുപ്പുകള്‍ക്ക് പുറമെ സെക്രട്ടേറിയറ്റില്‍ വകുപ്പുകള്‍ ആവശ്യമില്ല. ബാക്കിയെല്ലാ വികസനവകുപ്പുകളിലും ഭരണത്തലവന്മാര്‍ വിശദമായ പരിശോധന നടത്തി ഫയലുകള്‍ മന്ത്രിക്ക് സമര്‍പ്പിച്ചാല്‍ മതി. ചുവപ്പുനാടയില്‍ ഗണ്യമായ പങ്ക് ഇങ്ങനെ ഒഴിവാക്കാനാകും.


ജനകീയാസൂത്രണം ആരംഭിച്ചപ്പോള്‍ ആസൂത്രണബോര്‍ഡും സെക്രട്ടേറിയറ്റിലെ പ്ലാനിങ് വകുപ്പും തമ്മില്‍ തര്‍ക്കം മൂത്തു. അത് മറികടക്കാന്‍ ഞങ്ങള്‍ പ്ലാനിങ് ബോര്‍ഡ് സെക്രട്ടറി കെ.എന്‍. കുറുപ്പിനെ വകുപ്പുസെക്രട്ടറിയായി നിയമിച്ചു. ഇതിനുമുമ്പ് ഡോ. ഗോപാലകൃഷ്ണനെ സെക്രട്ടറിയായി അച്യുതമേനോന്‍ നിയമിച്ച അനുഭവം ഉണ്ട്. ഞാന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ടാക്‌സ് കമ്മീഷണറും ടാക്‌സ് സെക്രട്ടറിയും മാരാപാണ്ഡ്യന്‍ ആയിരുന്നു. ഒരു കുഴപ്പവും ഉണ്ടായില്ല. 
ഇ.കെ. നായനാര്‍ അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷം ഒരുകാര്യം നിര്‍ദേശിച്ചു. ഭരണവകുപ്പ് തലവന്മാര്‍ വിശദമായ പരിശോധനയ്ക്കുശേഷം സെക്രട്ടറിമാര്‍ക്ക് നേരിട്ട് ഫയല്‍ അയയ്ക്കാം. അവ കീഴ്ത്തട്ട് മുതല്‍ സെക്രട്ടേറിയറ്റില്‍ വീണ്ടും പരിശോധിക്കേണ്ടതില്ല. പക്ഷേ, കാര്യങ്ങള്‍ എല്ലാം ഇപ്പോഴും പഴയതുപോലെ തന്നെ. സെക്രട്ടേറിയറ്റിനെ തൊടാന്‍ ആര്‍ക്കും ധൈര്യമില്ല.
അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി അധികാരം കുറേയേറെ താഴേത്തട്ടിലെത്തിയിട്ടുണ്ട്.

ആര്‍.ഒ. പ്ലാന്റ്‌പോലുള്ള ചെറുകിട കുടിവെള്ളപദ്ധതികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എസ്.ഡി.വി. സ്‌കൂളിലെ പദ്ധതിയുടെ കാര്യം ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ തീരുമാനമെടുക്കേണ്ട കാര്യമേയുള്ളൂ. അതാണ് സെക്രട്ടേറിയറ്റിലെ ഗുമസ്തസംഘം തട്ടിക്കളിക്കുന്നത്.


അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ നിന്ന് വലിയൊരു പങ്ക് ഉദ്യോഗസ്ഥരെ താഴേക്ക് പുനര്‍വിന്യസിക്കണം. പക്ഷേ, പ്രവണത നേര്‍വിപരീതമാണ്. ഓരോ വര്‍ഷം കഴിയുംതോറും സെക്രട്ടേറിയറ്റ് വലുതാകുന്നതേയുള്ളൂ. ഫലമോ? നാല് ലക്ഷം രൂപയുടെ കാര്യം ഒരു വര്‍ഷമായി തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. 
കഴിഞ്ഞദിവസം ഒരു ചടങ്ങില്‍ വെച്ച് സനാതന ധര്‍മ വിദ്യാശാലാ ട്രസ്റ്റ് ചെയര്‍മാന്‍ ജെ. കൃഷ്ണസ്വാമിയെ കണ്ടു. പതിവുപോലെ തുറന്നുള്ള ചിരി. പക്ഷേ, ആര്‍.ഒ. പ്ലാന്റ് സംബന്ധിച്ച പതിവുചോദ്യമുണ്ടായില്ല. അദ്ദേഹം അത് ഉപേക്ഷിച്ച മട്ടാണ്. സെക്രട്ടേറിയറ്റിലെ കുമാര്‍ സി. പിള്ളമാരുടെ ലീലാവിലാസങ്ങളെക്കുറിച്ച് അദ്ദേഹത്തിനും കുട്ട്യോള്‍ക്കും എന്തറിയാം! ചുമ്മാതല്ല സുഗതന്‍ സാര്‍ സഹികെട്ട് ഒരിക്കല്‍ പറഞ്ഞത്: ''സെക്രട്ടേറിയറ്റ് ഇടിച്ചുനിരത്തി അവിടെ കപ്പ നടണം'' എന്ന്.

4 comments:

 1. ഞാൻ എന്റെ അനുഭവം പറയാം , എന്റെ സഹോദരന്റെ SSLC ബുക്കിലും പഞ്ചായത്ത് തരുന്ന ജനന പത്രികയിലും ജനനതിയ്യതിയിൽ രണ്ടു ദിവസത്തെ വ്യത്യാസം ഉണ്ടായിരുന്നു . പാസ്പോർട്ട്‌ എടുത്തപ്പോൾ പഞ്ചായത്തിൽ നിന്ന് തന്ന രേഖ വച്ചാണ് എടുത്തത് . എന്നാൽ uae ലേക്ക് ജോലി ലഭ്ച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യതകൾ മുഴുവൻ attest ചെയ്യണമായിരുന്നു . അതിനു വേണ്ടി കോഴിക്കോട് നോർക്ക ഓഫീസിൽ ചെന്നു . അപ്പോൾ അവര് പറഞ്ഞു പാസ്പോർട്ട്‌ ലെയും SSLC ബുക്കിലെയും ജനന തിയ്യതികൾ വ്യത്യാസമാണ് എന്ന് . അത് തിരുത്തി കൊണ്ട് വരാതെ attest ചെയ്തു തരില്ല പോലും .. ഇനി തിരുത്താൻ സ്കൂൾ മുഖാന്തിരം അപേക്ഷ കൊടുക്കണം എന്ന് . അങ്ങനെ അപേക്ഷ കൊടുത്താൽ മിനിമം ഒന്നര വര്ഷം എങ്കിലും എടുക്കും പോലും . എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ ഓർഡർ ഉണ്ടെങ്കിൽ അപേക്ഷ വേഗം process ചെയ്യുമെന്നും പറഞ്ഞു . അങ്ങനെ വയസ്സ് തിരുത്താനുള്ള ഓർഡർ ന് അതും മന്ത്രി ഇറക്കേണ്ട ഓര്ടെരിനു മന്ത്രിയുടെ ശുപാര്ശ തന്നെ വച്ച് അപേക്ഷ കൊടുത്തു . അപേക്ഷ ബന്ധപ്പെട്ട section എൽ കൊടുത്തു രണ്ടു മൂന്നു ദിവസം കയറി ഇറങ്ങി .. എന്നാൽ വാങ്ങിയ സ്ഥലത്ത് നിന്ന് ഫയൽ നീങ്ങിയില്ല .. ദിവസങ്ങൾ പോയി മാസങ്ങൾ കഴിഞ്ഞു ഫയൽ അവിടെ തന്നെ ഇരുപ്പുണ്ട്‌ . ഇതു പോലെ ഞാൻ പിന്നെയും അവിടെ ചെന്നു ഇതിനെ കുറിച്ച് അന്വേഷിക്കാൻ secretariat എൽ ചെന്ന്‌ . അവിടെ ചെന്ന് ഒരു വിധത്തിൽ ഉള്ളിൽ കയറി അന്വേഷിച്ചപ്പോൾ പറഞ്ഞു ഫയൽ deputy സെക്രട്ടറി യുടെ അടുത്താണെന്ന് . അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ അവര് പറഞ്ഞു അവിടെ കിട്ടിയില്ല എന്ന് . ഇങ്ങനെ section ഓഫീസും deputy സെക്രട്ടറി യുടെ ഓഫീസിലും കയറി ഇറങ്ങി ഒരു ദിവസം പോയി . പിറ്റേ ദിവസവും രാവിലെ ചെന്ന് ശല്യപ്പെടുത്താൻ തുടങ്ങി അങ്ങനെ എന്നോട് പറഞ്ഞു അണ്ടർ സെക്രട്ടറി യുടെ ഓഫീസിൽ അന്വേഷിക്കുക എന്ന് .. അവിടെ ചെന്നപ്പോൾ അവിടുന്ന് അയച്ചു എന്ന് പറഞ്ഞു . വീണ്ടും deputy സെക്രട്ടറി യുടെ അടുത്തേക്ക്‌ , അവിടെ ചെന്നപ്പോൾ അവിടെയില്ല വീണ്ടും അണ്ടർ സെക്രട്ടറി യുടെ അടുത്തേക്ക്‌ . അവിടെ ചെന്നപ്പോൾ അവര് പഴയ മറുപടി അവിടെയില്ല എന്ന് . അപ്പോൾ അല്പ്പം ഉച്ചത്തിൽ പറഞ്ഞു , section നിൽ ചെല്ലുമ്പോൾ അവര് പറയുന്നു അയച്ചെന്നു , deputy സെക്രട്ടറി പറയുന്നു അവിടെ കിട്ടിയില്ല എന്ന് . വീണ്ടും തപ്പിയപ്പോൾ ഫയൽ അവിടെ ഉണ്ട് .. അപ്പോൾ അവര് പറഞ്ഞ മറുപടി ഇതിപ്പോൾ വന്നതേ ഉള്ളൂ എന്ന് . എന്നാൽ കഴിഞ്ഞ ദിവസം മുതൽ അവിടെ ഇരിക്കുന്നു എന്നതാണ് സത്യം . അങ്ങനെ deputy സെക്രട്ടറി യുടെ അടുത്തു എത്തിച്ചു അത് വകുപ്പ് സെക്രട്ടറി കണ്ടു സൈൻ ചെയ്യണം പോലും . നിയമസഭ സമ്മേളനം നടക്കുന്നത് കൊണ്ട് സെക്രട്ടറി തിരക്കിലാണ് പോലും അത് കൊണ്ട് ഉടനെ കിട്ടാൻ സാധ്യതയില്ല എന്ന് . വീണ്ടും മന്ത്രിയുടെ ഓഫീസിൽ ചെന്ന് പറഞ്ഞു ഒരുതരത്തിൽ അത് secretariat നു വെളിയിൽ ചാടിച്ചു പരീക്ഷ ഭവനിൽ എത്തിച്ചു . അവിടെ ചെന്നപ്പോൾ ആണ് അതിലും രസകരമായ സംഗതി . കമ്മീഷണർ രണ്ടാഴ്ച ലീവാണ് പോലും . ഇനി അത് കഴിഞ്ഞാൽ മാത്രമേ ആ ഫയൽ നോക്കുകയുള്ളൂ പോലും !! ഇപ്പോഴും ആ ഫയൽ അവിടെ അന്തി ഉറങ്ങുന്നു . സഹോദരന്റെ ജോലി ആവിയായിപ്പോയി .. ഇതാണ് നമ്മുടെ സര്ക്കാര് സംവിധാനം . തോമസ്‌ ഐസക് അതും അത്രയും സ്വാദീനമുള്ള ഒരാളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ ജനത്തിന്റെ അവസ്ഥ എന്തായിരിക്കും ?? സര്ക്കാര് ഓഫീസിൽ പോകുന്ന ബഹു ഭൂരിപക്ഷവും നക്സൽ ആയിട്ടായിരിക്കും പുറത്തിറങ്ങുക എന്നത് സത്യം മാത്രം !!

  ReplyDelete
 2. കുട്ടികള്‍ക്ക് ഉപകാരപ്രദമാകേണ്ടുന്ന ഒരു പദ്ധതിയ്ക്ക് പോലും എന്തെല്ലാം ഇടങ്കോലുകള്‍! ഭരണചക്രം വല്ലാത്തൊരു ചക്രം തന്നെ.

  മന്ത്രിയെയും കവിയുന്ന ഉദ്യോഗസ്ഥ മേധാവിത്വം!

  ReplyDelete
 3. ഞാന്‍ സെക്രട്ടേറിയേറ്റിലെ ഒരു ജീവനക്കാരനാണ്.. ഞാന്‍ സാറിനോട് 100% യോജിക്കുന്നു.

  ReplyDelete
 4. സാറിനെപ്പോലെ പിടിപാടും വിവരവുമുള്ള ഒരാൾ ഇങ്ങിനെ ഞങ്ങളുടെ മുൻപിൽ വിലപിക്കുമ്പോൾ, സാധാരണക്കാരായ ഞങ്ങൾ ആരുടെ മുന്നിൽ പോയി പരാതി പറയും.....?

  ReplyDelete