Wednesday, July 30, 2014

നാടിന് അനുസരിച്ച് വില



Manorama

എണ്ണക്കമ്പനികള്‍ക്കു കിട്ടിയ അനധികൃത ലാഭം സംബന്ധിച്ചു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോള്‍ തോന്നിയതു സന്തോഷമാണ്. എണ്ണയുടെ വില നിശ്ചയിക്കേണ്ടത് എങ്ങനെ എന്ന വിവാദത്തില്‍ ഞങ്ങളെപ്പോലുള്ളവര്‍ എടുത്തുവന്ന നിലപാടിനെ സിഎജി അംഗീകരിച്ചിരിക്കുന്നുവെന്നതിലാണു സന്തോഷം.
എണ്ണയുടെ ഉല്‍പാദനച്ചെലവും നാടിന്റെ സാമ്പത്തികസ്ഥിതിയും കണക്കിലെടുത്തു വില നിശ്ചിക്കുന്നതാണ് ഉചിതം എന്ന പക്ഷക്കാരനാണു ഞാന്‍. എന്നാല്‍, രാജ്യാന്തര വിലകള്‍ കണക്കിലെടുത്തു കൊണ്ടുവേണം വില നിശ്ചയിക്കാന്‍ എന്ന പക്ഷക്കാരാണ് ഇന്ത്യയിലെ പല വിദഗ്ധരും കോര്‍പറേറ്റുകളും.

നമ്മുടെ നാട്ടിലേക്കു പെട്രോളും ഡീസലും തുച്ഛമായി മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. ഏതാണ്ട് 20 ശതമാനം നമ്മുടെ നാട്ടില്‍ നിന്നുതന്നെ ഒഎന്‍ജിസി പോലുള്ളവര്‍ കുഴിച്ചെടുത്തു സംസ്കരിച്ചെടുക്കുന്നതാണ്. ബാക്കിയുള്ളതു വിദേശത്തു നിന്നു ക്രൂഡോയില്‍ ഇറക്കുമതി ചെയ്തു സംസ്കരിക്കുന്നതാണ്. അതുകൊണ്ടു വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വിലയെക്കാള്‍ താഴ്ന്ന ചെലവേ നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന പെട്രോളിനും ഡീസലിനും വരികയുള്ളൂ.

പിന്നെയെന്തിനു രാജ്യാന്തരവില കിട്ടുന്നില്ലെന്നു പറഞ്ഞു നഷ്ടത്തിന്റെ കണക്കുകള്‍ പെരുപ്പിച്ച് എണ്ണവില ഉയര്‍ത്തുന്നു? എണ്ണ കുഴിച്ചെടുക്കുന്ന ഒഎന്‍ജിസി ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന പൊതുമേഖലാ കമ്പനിയാണ്. റിഫൈനറികളെല്ലാം വന്‍ലാഭത്തിലാണ്. എണ്ണവിതരണം ചെയ്യുന്ന കമ്പനിയുടെ നഷ്ടം മാത്രം എടുത്തു വില നിശ്ചയിക്കുന്നതു ശരിയല്ല. മൂന്നുപേരുടെയും ലാഭനഷ്ടക്കണക്കുകള്‍ എടുത്താല്‍ എണ്ണമേഖല പൊതുവില്‍ വലിയ ലാഭത്തിലാണ്. ഇതിനു പുറമേയാണു സര്‍ക്കാര്‍ പിരിക്കുന്ന ഭീമമായ നികുതി. ഈ പശ്ചാത്തലത്തിലാണു രാജ്യാന്തര വിലയുടെ കാര്യം പറഞ്ഞ് എണ്ണവില ഉയര്‍ത്തുന്നതു ന്യായമല്ലെന്നു പറയുന്നത്.

ഇപ്പോള്‍ സിഎജിയും ഇതുതന്നെ പറഞ്ഞിരിക്കുന്നു. വിദേശത്തുനിന്നു ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതിയില്ല. എന്നാല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ രണ്ടര ശതമാനം ഇറക്കുമതി നികുതിയുണ്ട്. ക്രൂഡോയില്‍ ഇറക്കുമതി ചെയ്തു റിഫൈനറികള്‍ സംസ്കരിച്ചെടുക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ രണ്ടര ശതമാനം ഇറക്കുമതി ചുങ്കവും കൂടി ചേര്‍ത്താണു വില നിശ്ചയിക്കുന്നത്. ഈയിനത്തില്‍ മാത്രം എണ്ണക്കമ്പനികള്‍ക്ക് 26,620 കോടി രൂപ ലാഭം കിട്ടിയത്രേ. ഈ സമ്പ്രദായത്തെ നിശിതമായി സിഎജി വിമര്‍ശിച്ചിരിക്കുന്നു.

മറ്റൊരു നിരീക്ഷണം ഇന്ത്യയിലെ സ്വകാര്യ റിഫൈനറികളില്‍നിന്നു ഡീസലും പെട്രോളും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന വില സംബന്ധിച്ചാണ്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ സ്വകാര്യ റിഫൈനറികള്‍ക്ക് ഇറക്കുമതി വിലയ്ക്കു തുല്യമായ വിലയാണു നല്‍കുന്നത്. എന്നാല്‍ റിലയന്‍സും മറ്റും ഡീസലും പെട്രോളും കയറ്റുമതിചെയ്യുമ്പോള്‍ ലഭിക്കുന്ന വില ഇതിനെക്കാള്‍ താഴ്ന്നതാണ്. വിലയിലെ ഇൌ അന്തരം കൊണ്ടുമാത്രം റിലയന്‍സിന് 2011-2012ല്‍ 667 കോടി രൂപ ലാഭം കിട്ടിയത്രേ.

ഈ നിരീക്ഷണം ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സ്വകാര്യ കമ്പനികളും പൊതുമേഖലാ എണ്ണക്കമ്പനികളും തമ്മിലുള്ള ബന്ധത്തിലേക്കു വിരല്‍ചൂണ്ടുന്നു. എണ്ണവില ഇറക്കുമതി വിലയ്ക്കു തുല്യമാക്കുകയോ, അല്ലെങ്കില്‍ വിലനിര്‍ണയം കമ്പോളത്തിനു വിട്ടുകൊടുക്കുകയോ ചെയ്യുന്നതിന്റെ ഗൂഢലക്ഷ്യം സ്വകാര്യ കമ്പനികള്‍ക്കു പൊതുമേഖലാ എണ്ണക്കമ്പനികളുമായി മത്സരശേഷി ഉറപ്പുവരുത്തുകയാണ്.
കോര്‍പറേറ്റുകള്‍ക്കു ലാഭമുണ്ടാക്കാണു പുതിയ എണ്ണനയം ശ്രമിക്കുന്നതെന്ന ആരോപണം സിഎജി റിപ്പോര്‍ട്ട് ശരിവയ്ക്കുകയാണ്. മറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ എല്ലാ വാദങ്ങളും സിഎജി തള്ളിക്കളയുന്നുമുണ്ട്.

1 comment:

  1. സി ഏ ജീക്കെന്നല്ല, ഈ രാജ്യത്തെ സാധാരണപൌരന് വരെ അറിയാവുന്ന ഒരു രഹസ്യമാണിത്. പക്ഷെ അറിഞ്ഞിട്ടെന്ത് കാര്യം? തെരഞ്ഞെടുക്കാന്‍ നമുക്ക് ഒരു ബദല്‍ എവിടെ?

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...