About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Friday, July 11, 2014

വിലക്കയറ്റത്തിനും സാമ്പത്തിക മുരടിപ്പിനും പരിഹാരമില്ലാത്ത ബജറ്റ് (Kerala Kaumudi)

രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ രണ്ടു പ്രശ്നങ്ങള്‍ വിലക്കയറ്റവും സാമ്പത്തിക മുരടിപ്പുമാണ്. ഇവ രണ്ടിനും പരിഹാരം ബജറ്റിലുണ്ട് എന്നാണ് അരുണ്‍ ജെയ്റ്റ്ലിയുടെ അവകാശവാദം. പക്ഷേ, ഞാനെത്ര പരതിയിട്ടും ഉത്തരങ്ങള്‍ കണ്ടെത്താനായില്ല.
സാമ്പത്തിക മുരടിപ്പ് അകറ്റണമെങ്കില്‍ സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കണം. പക്ഷേ, കമ്മി കുറയ്ക്കുന്നതിന് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്ന സമീപനം ചെലവിനെ ഞെരുക്കുകയാണ്. വരുമാനം വര്‍ദ്ധിപ്പിക്കുകയല്ല. മൊത്തം പദ്ധതിയടങ്കല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലക്കയറ്റത്തെ മാറ്റിനിര്‍ത്തിയാല്‍ നാലു ശതമാനം കുറവാണ്. കൃഷി, ഗ്രാമവികസനം തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായിട്ടുളളത്. ബിജെപി തന്നെ ഈ വിമര്‍ശനം ചിദംബരത്തിന്‍റെ ഇടക്കാല ബജറ്റിനെക്കുറിച്ച് ഉയര്‍ത്തിയിട്ടുളളതാണ്. പക്ഷേ, പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പദ്ധതി അടങ്കലില്‍ ഒരു വര്‍ദ്ധനയും വരുത്തുന്നതിന് പുതിയ ധനമന്ത്രി തയ്യാറായിട്ടില്ല.
ഇനി വിലക്കയറ്റത്തിന്‍റെ കാര്യമെടുക്കാം. പേരിനു വേണ്ടിയെങ്കിലും ബജറ്റ് പ്രസംഗത്തില്‍ ‌വിലക്കയറ്റത്തെക്കുറിച്ച് ഒരു ഖണ്ഡിക ഉണ്ടാകുമെന്നു കരുതിയവര്‍ക്കു തെറ്റി. പ്രസംഗത്തിന്‍റെ ആമുഖത്തില്‍ പൊതു സാമ്പത്തികസ്ഥിതി വിവരിക്കുന്ന വേളയിലുളള ഒരു പരാമര്‍ശത്തിനപ്പുറം വിലക്കയറ്റത്തെക്കുറിച്ച് പൂര്‍ണ നിശബ്ദതയാണ് ധനമന്ത്രി പാലിക്കുന്നത്. ഒന്നാലോചിച്ചാല്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. വിലക്കയറ്റം തടയാന്‍ ഒരു പരിപാടിയും കേന്ദ്രസര്‍ക്കാരിനില്ല.  
കൈയില്‍ പണം കുമിഞ്ഞുകൂടിയതുകൊണ്ട് ജനങ്ങള്‍ ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതല്ല വിലക്കയറ്റത്തിനുകാരണം. ധാന്യമടക്കമുള്ള ഉപഭോക്തൃ ഉത്പന്നങ്ങളെല്ലാം വില്‍ക്കാന്‍ പറ്റാതെ കെട്ടിക്കിടക്കുകയാണ്. അതുപോലെ നിക്ഷേപകര്‍ വലിയതോതില്‍ പണം മുടക്കി അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും വാങ്ങുന്നതുകൊണ്ടുമല്ല വിലക്കയറ്റം. വേണ്ടത്ര നിക്ഷേപമില്ലാത്തതുകൊണ്ട് രാജ്യത്ത് രൂക്ഷമായ ഉത്പാദന മുരടിപ്പാണ്.
ഡിമാന്‍ഡ് കൂടിയതുകൊണ്ടല്ല വിലക്കയറ്റം. മറിച്ച് ഉത്പാദനച്ചെലവിലെ വര്‍ധനയും ഊഹക്കച്ചവടവും കുത്തകകള്‍ വിലകൂട്ടുന്നതുമാണ് കാരണങ്ങള്‍.

പെട്രോളിയം ഉല്‍പന്നങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍, പ്രകൃതി വാതകം എന്നിവയുടെ വില വര്‍ദ്ധിക്കും എന്നു മാത്രമാണ് ഈ ബജറ്റ് നല്‍കുന്ന ഒരേയൊരുറപ്പ്. സബ്സിഡിയൊന്നും വെട്ടിക്കുറച്ചിട്ടില്ലല്ലോ എന്നായിരിക്കും ബജറ്റിന്‍റെ വക്താക്കള്‍ വാദിക്കുക. സബ്സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടാണ് ചിദംബരം ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. പെട്രോളിയം സബ്സിഡി 22000 കോടിയാണ് വെട്ടിക്കുറച്ചത്. അതില്‍ നിന്ന് ഒരു പൈസ പോലും സബ്സിഡി ഉയര്‍ത്താന്‍ ജെയ്റ്റ്ലി തയ്യാറായിട്ടില്ല. മാത്രമല്ല, ധനമന്ത്രി അവകാശപ്പെടുന്നതുപോലെ ധനക്കമ്മി 4.1 ശതമാനത്തില്‍ നിര്‍ത്തണമെങ്കില്‍ ബജറ്റില്‍ പറഞ്ഞില്ലെങ്കിലും സബ്സിഡി വെട്ടിക്കുറയ്ക്കേണ്ടി വരും. എന്തുകൊണ്ട്?
ചിദംബരത്തിന്‍റെ ഇടക്കാല ബജറ്റില്‍ 4.1 ശതമാനമായിരുന്നു ധനക്കമ്മി. ആ പ്രഖ്യാപനത്തില്‍ത്തന്നെ പിടിച്ചു നിര്‍ത്തുമെന്നാണ് പുതുക്കിയ ബജറ്റിലെ അവകാശവാദം. അതെങ്ങനെ കഴിയും? ചിദംബരത്തിന്‍റെ  ഇടക്കാല ബജറ്റിനെ നിശിതമായി വിമര്‍ശിച്ച ആളാണ് ഇപ്പോഴത്തെ ധനമന്ത്രി. ചിദംബരം കമ്മി കുറച്ചു കാണിച്ചിരിക്കുകയാണ് എന്ന് കണക്കുകള്‍ നിരത്തി അന്ന് ജെയ്റ്റ്ലി സ്ഥാപിച്ചിരുന്നു. അതിന് ചിദംബരം സ്വീകരിച്ച മാര്‍ഗങ്ങളും കൈയോടെ പിടിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ കുടിശികയടക്കം മുന്‍വര്‍ഷത്തെ പല ചെലവുകളും നടപ്പുവര്‍ഷത്തേയ്ക്ക് മാറ്റിവെച്ചും  പൊതുമേഖലാ കമ്പനികളുടെ സമ്പാദ്യം ഡിവിഡന്‍റായി എഴുതിയെടുത്തും എണ്ണക്കമ്പനികള്‍ക്കു കൊടുക്കേണ്ട സബ്സിഡിയുടെ ഭാഗം അടുത്ത വര്‍ഷത്തേയ്ക്കു മാറ്റിവെച്ചുമാണ് ‌കമ്മി കുറച്ചു കാണിച്ചത് എന്ന ജെയ്റ്റ്ലിയുടെ ആക്ഷേപത്തെ ഇതുവരെ ചിദംബരം നിഷേധിച്ചിട്ടില്ല.
അപ്പോള്‍ ധനക്കമ്മി 4.1 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തണമെങ്കില്‍ സബ്സിഡികള്‍ വെട്ടിക്കുറച്ചേ തീരൂ. എക്സ്പെന്‍ഡിച്ചര്‍ മാനേജ്മെന്‍റ്  കമ്മിഷന്‍റെ നിയോഗവും ഭക്ഷ്യ – പെട്രോളിയം സബ്സിഡി ഘടന സമൂലമായി പൊളിച്ചെഴുതുമെന്ന പ്രഖ്യാപനവും വരാന്‍ പോകുന്ന കര്‍ക്കശ നടപടികളുടെ സൂചനയാണ്. കാഷ് ട്രാന്‍സ്ഫറിലൂടെ ഭക്ഷ്യ സബ്സിഡി ഗണ്യമായി കുറയ്ക്കുക, ഡീസലിനും വിലനിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു   സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ പൊളിച്ചെഴുത്തുകള്‍ പിന്നാലെ വരും. പാചകവാതകത്തിന്‍റെയും പ്രകൃതിവാതകത്തിന്‍റെയും വില വര്‍ദ്ധിപ്പിക്കും. ഇത്തരമൊരു നടപടി വിലക്കയറ്റം രൂക്ഷമാക്കും. പാവങ്ങളുടെ മേല്‍ ദുര്‍വഹമായ ഭാരം അടിച്ചേല്‍പ്പിക്കും.
കമ്മി പിടിച്ചു നിര്‍ത്തണമെങ്കില്‍ ‌ചിദംബരം പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ പൊതുസ്വത്തും പൊതുമേഖലാ ഓഹരിയും വിറ്റു കാശാക്കിയേ തീരൂ. 43425 കോടി രൂപയുടെ ഓഹരി വില്‍പനയാണ് കണക്കില്‍ വകയിരുത്തിയിട്ടുളളത്. പക്ഷേ, ജെയ്റ്റ്ലി ലക്ഷ്യമിടുന്നത് ഇതിനെക്കാള്‍ വലിയ കച്ചവടമാണെന്ന് വ്യക്തമായ സൂചനയുണ്ട്. ഓഹരികള്‍ സ്വകാര്യവ്യക്തികള്‍ക്കു  വിറ്റുകൊണ്ട് ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനും തുടക്കം കുറിക്കുകയാണ്.
ദേശീയ തൊഴിലുറപ്പു പദ്ധതി, സഡക് യോജന, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങി ഒരു സ്കീമുകളുടെ അടങ്കലുകളിലും ഇടക്കാല ബജറ്റുമായി യാതൊരു വ്യത്യാസവുമില്ല. ഇവിടെ അടങ്കല്‍ കുറയ്ക്കണം എന്നായിരുന്നു കോര്‍പറേറ്റ് ആവശ്യം. ഈ പദ്ധതികള്‍ നിര്‍ത്തലാക്കുന്നതിനു പകരം ദയാപൂര്‍വം      അവഗണിക്കുന്നതാണ് നല്ലത് എന്ന് ആരോ സര്‍ക്കാരിനെ ഉപദേശിച്ച മട്ടുണ്ട്. വിലക്കയറ്റവും കൂടി പരിഗണിച്ചാല്‍ ഈ പദ്ധതികളുടെ അടങ്കല്‍ ഇപ്പോള്‍ത്തന്നെ മുന്‍വര്‍,ത്തെക്കാള്‍ കുറവാണ്. പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കുളള വകയിരുത്തല്‍ ജനസംഖ്യാനുപാതത്തെക്കാള്‍ ഏതാണ്ട് 50000 കോടി കുറവാണ്.
സാമ്പത്തിക മുരടിപ്പിന് പ്രതിവിധിയായി ബജറ്റു കാണുന്നത് വര്‍ദ്ധിച്ച വിദേശനിക്ഷേപമാണ്. അതുകൊണ്ടാണ് വിദേശ മൂലധന നിക്ഷേപത്തെക്കുറിച്ചും ധനകാര്യമേഖലയെക്കുറിച്ചുമുളള ഭാഗങ്ങള്‍ ഈ ബജറ്റിലെ ഏറ്റവും കാതലായ ഖണ്ഡങ്ങളാകുന്നത്. പ്രതിരോധമേഖലയും ഇന്‍ഷ്വറന്‍സും വിദേശമൂലധനത്തിനു തുറന്നു കൊടുക്കുകയാണ്. വിദേശ മൂലധന നിക്ഷേപം കൂടുതല്‍ സുഗമമാക്കാനുളള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. പക്ഷേ, നികുതിഘടനയില്‍ മുന്‍കാലപ്രാബല്യത്തോടെയുളള നിയമമാറ്റം റദ്ദാക്കി  വോഡാഫോണുമായുളള കേസ് തോറ്റു കൊടുക്കാം എന്ന് തുറന്നു സമ്മതിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഭാവിയില്‍ ഇത്തരം നിയമങ്ങള്‍ അതീവജാഗ്രതയോടെയേ രൂപം നല്‍കൂ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടപാടെയാണ് ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ച തുടങ്ങിയത്. ബാങ്ക്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ധനകാര്യമേഖലകളുടെ നയങ്ങള്‍ വ്യക്തമാക്കാന്‍ തുടങ്ങിയതോടെയാണ് സൂചിക തിരിച്ചു കയറിയത്. ആവശ്യങ്ങളത്രയും അനുവദിച്ചില്ലെങ്കിലും മാറ്റത്തിന്‍റെ ദിശ കോര്‍പറേറ്റുകള്‍ക്കു  പൂര്‍ണമായും സ്വീകാര്യമാണ്.
ധനകാര്യമേഖലയില്‍ വമ്പന്‍ മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്. ധനകാര്യ നിയമ പരിഷ്കാരകമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളെല്ലാം പടിപടിയായി നടപ്പാക്കും. ബോണ്ടു മാര്‍ക്കറ്റ്, കറന്‍സി ഡെറിവേറ്റീവ് മാര്‍ക്കറ്റ്, ഡെപ്പോസിറ്ററി റെസീറ്റുകള്‍ തുടങ്ങിയ മേഖലകളെല്ലാം ഉദാരവത്കരിക്കുന്നതിനുളള അടിയന്തര നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിയിലേയ്ക്ക് കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനുളള നിര്‍ദ്ദേശമുണ്ട്. ബാങ്കിംഗ് മേഖലയില്‍ പശ്ചാത്തല സൗകര്യത്തിനു നല്‍കുന്ന വായ്പകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് അനുവാദം നല്‍കാന്‍ പോവുകയാണ്. ധനകാര്യമേഖലയിലായിരിക്കും ഏറ്റവും വലിയ പൊളിച്ചെഴുത്തു നടക്കാന്‍ പോകുന്നത് എന്നു ബജറ്റ് വ്യക്തമാക്കുന്നു.  
നികുതി ഭീകരതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ച വേവലാതികളും  ബജറ്റില്‍ പ്രതിഫലിക്കുന്നില്ല. ആദായനികുതി പരിധി 2.5 ലക്ഷം രൂപയായി ഉയര്‍ത്താനേ തയ്യാറായുളളൂ. അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നാണ് മാനിഫെസ്റ്റോയില്‍ പറഞ്ഞത്. നികുതി നിര്‍ദ്ദേശങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കി വരുന്ന ഇളവുകളില്‍ ഒന്നില്‍പ്പോലും കൈവെയ്ക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. മറിച്ച് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് ആദായനികുതിയും വില്‍പന നികുതിയുമെല്ലാം ഇല്ലാതാക്കി ബാങ്കിടപാടുകളുടെ മേലുളള നികുതിയാക്കി നികുതിഭാരം ചുരുക്കും എന്നെല്ലാം ബിജെപിക്കാര്‍ പറഞ്ഞിരുന്നു. കോഴിക്കോട്ടെ ഒരു വ്യാപാരി സമിതി ഇതു നോട്ടീസായി ഇറക്കിയെന്നും കേട്ടു. കസേരയിലിരുന്നു കഴിഞ്ഞപ്പോള്‍ ഇതൊക്കെ സംബന്ധിച്ച പ്രായോഗികബുദ്ധി ഉദിച്ചു എന്നുവേണം കരുതാന്‍.
ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ജിഎസ്ടി അഥവാ ചരക്കു സേവന നികുതി അഖിലേന്ത്യാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ്. പക്ഷേ, ബജറ്റ് പ്രസംഗത്തില്‍ ഈ പുതിയ നികുതിയുടെ സ്വഭാവത്തെക്കുറിച്ച് പുതിയ വ്യക്തതയൊന്നും നല്‍കിയിട്ടില്ല. കേരളം പോലുളള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇക്കാര്യത്തില്‍ ഗുജറാത്ത് എടുത്തിരുന്നത്. ഗുജറാത്തിലെ നിര്‍ദ്ദേശങ്ങളാണ് അംഗീകരിക്കപ്പെടുന്നതെങ്കില്‍ കേരളത്തിന് വലിയ തിരിച്ചടിയാകും.
റെയില്‍വേ ബജറ്റില്‍ കേരളത്തിന് തികഞ്ഞ അവഗണനയായിരുന്നു. ഇപ്പോഴും അതു തുടരുന്നു. ആകെയുളളത് ഐഐടി മാത്രം. പുതിയ തുറമുഖങ്ങള്‍ക്ക്  അയ്യായിരത്തില്‍പരം കോടി രൂപ മാറ്റിവെയ്ക്കുമ്പോള്‍ വിഴിഞ്ഞത്തിന് പരിഗണനയില്ല. ആരോഗ്യനേട്ടങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് എയിംസ് ഇല്ല. ഫാക്ടിനുളള പാക്കേജില്ല. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ തുകകളേ നീക്കിവെച്ചിട്ടുളളൂ. ധനസഹായമായി റബറിന് പ്രത്യേക സംരക്ഷണ നിര്‍ദ്ദേശങ്ങളില്ല. യുപിഎയുടെ കാലത്തും ഇതൊന്നും കിട്ടിയില്ല എന്നും ഓര്‍ക്കണമെന്നായിരിക്കും കേന്ദ്രസര്‍ക്കാരിന്‍റെ വക്താക്കള്‍ പറയുക.
  
        

No comments:

Post a Comment