Wednesday, July 30, 2014

സഹകരണ പ്രസ്ഥാനവും മാര്‍ക്സിസവും


 
സോഷ്യലിസവും സഹകരണ പ്രസ്ഥാനവും തമ്മിലുളള ബന്ധം സോഷ്യലിസ്റ്റ് ആശയഗതിയുടെ തുടക്കം മുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. സഹകരണ പ്രസ്ഥാനത്തെ സോഷ്യലിസത്തിലേയ്ക്കുളള പാതയായി കണ്ടവരും സഹകരണ പ്രസ്ഥാനത്തെ വ്യാമോഹങ്ങള്‍ സൃഷ്ടിക്കുന്ന വ്യതിയാനമായി കണ്ടവരുമുണ്ട്. ഈ പശ്ചാത്തലത്തില്‍  മുതലാളിത്ത സമൂഹത്തിലെ തൊഴിലാളി സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് മാര്‍ക്സിസത്തിന്‍റെ സമീപനമെന്ത് എന്ന അന്വേഷണം പ്രസക്തമാണ്.

സോഷ്യലിസ്റ്റ് സാങ്കല്‍പികലോകത്തിലേക്കുള്ള കുറുക്കു വഴിയായി സഹകരണ പ്രസ്ഥാനത്തെ വിലയിരുത്തിയ റോബര്‍ട്ട് ഓവനെപ്പോലുള്ളവരുടെ സമീപനങ്ങളെ മാര്‍ക്സും എംഗത്സും വിമര്‍ശനവിധേയമായി പരിശോധിച്ചിട്ടുണ്ട്. ഉട്ടോപ്യന്‍ പരീക്ഷണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് വെബ്ബിന്‍റെ ഫാബിയന്‍ സോഷ്യലിസ്റ്റ് സിദ്ധാന്തം രൂപപ്പെട്ടത്. ഇവര്‍ ഉപഭോക്തൃ സഹകരണസംഘങ്ങള്‍ക്ക് നല്‍കിയ ഊന്നല്‍ മൂലം അവയായിത്തീര്‍ന്നു ഇംഗ്ലണ്ടിലെ സഹകരണ പ്രസ്ഥാനത്തിലെ മുഖ്യധാര. ഇംഗ്ലണ്ടിലെ തൊഴിലാളി പ്രസ്ഥാനത്തെ ഇത്തരം ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളില്‍ നിന്ന് വിടുതല്‍ ചെയ്തത് ചാര്‍ട്ടിസ്റ്റുകളാണ്. 
നോട്ട്സ് ടു ദി പീപ്പിള്‍ എന്ന ചാര്‍ട്ടിസ്റ്റുകളുടെ മുഖപത്രത്തില്‍ ഏണെസ്റ്റ് ജോണ്‍സിനൊപ്പം ചേര്‍ന്ന് മാര്‍ക്സ് ക്രിസ്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ അനുകൂലികള്‍ക്കെതിരെ തന്‍റെ ആശയഗതികള്‍ അവതരിപ്പിച്ചിരുന്നു. ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് അനുകൂലികളുടെ വിഭ്രമങ്ങളെ മാര്‍ക്സ് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. വര്‍ഗസമരങ്ങളെ കണക്കിലെടുക്കാത്ത സഹകരണ സ്ഥാപനങ്ങളുടെ പിതൃകേന്ദ്രീകൃത സമീപനങ്ങളെയും മാര്‍ക്സ് വിമര്‍ശിച്ചു. സഹകരണസ്ഥാപനങ്ങള്‍ തൊഴിലാളികളുടെ നൈസര്‍ഗികമായ മുന്നേറ്റത്തിന്‍റെ ഫലമായി രൂപപ്പെടേണ്ടതാണ് എന്ന കാഴ്ചപ്പാടായിരുന്നു മാര്‍ക്സ് മുന്നോട്ടുവെച്ചത്. ഉപഭോക്തൃ സഹകരണസ്ഥാപനങ്ങളല്ല, ഉല്‍പാദക സഹകരണ സംഘങ്ങള്‍ക്കാണ് മാര്‍ക്സ് ഊന്നല്‍ നല്‍കിയത്.  


വര്‍ഗവൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന സമകാലിക സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്ന ശക്തിയായിട്ടാണ് മാര്‍ക്സിയന്‍ സോഷ്യലിസം സഹകരണ പ്രസ്ഥാനത്തെ വിലയിരുത്തുന്നത്. അതനുസരിച്ച് സഹകരണ പ്രസ്ഥാനം മുതലാളിത്തത്തെ അതിജീവിക്കാനുളള പ്രായോഗിക ഉപാധികളിലൊന്നാണ്. പക്ഷേ, ഒറ്റയ്ക്കൊറ്റയ്ക്കെടുത്താല്‍ സഹകരണസ്ഥാപനങ്ങള്‍ സാമൂഹ്യമുന്നേറ്റങ്ങളുണ്ടാക്കുന്നതിന് അശക്തമാണെന്നും മാര്‍ക്സ് കണ്ടു.

ഒറ്റപ്പെട്ട കൂലി അടിമകള്‍, അവരുടെ സ്വകാര്യ പ്രയത്നത്തിലൂടെ രൂപം നല്‍കാന്‍ പറ്റുന്ന കുളളന്‍ സംഘങ്ങളിലേയ്ക്ക് പരിമിതപ്പെട്ടാല്‍ സഹകരണ പ്രസ്ഥാനം ഒരിക്കലും മുതലാളിത്ത സമൂഹത്തെ പരിവര്‍ത്തനം ചെയ്യില്ല. സാമൂഹ്യ ഉല്‍പാദനത്തെ വിപുലവും സംഘര്‍ഷരഹിതവുമായ സ്വതന്ത്രസഹകരണ അധ്വാനമായി പരിവര്‍ത്തനം ചെയ്യണമെങ്കില്‍ പൊതുവായ സാമൂഹ്യമാറ്റവും സാമൂഹ്യസ്ഥിതിയിലുളള മാറ്റങ്ങളും അനിവാര്യമാണ്. മുതലാളിമാരില്‍ നിന്നും ജന്മിമാരില്‍ നിന്നും രാഷ്ട്രീയാധികാരം ഉല്‍പാദകരുടെ കൈയിലേയ്ക്ക് മാറ്റിക്കൊണ്ടല്ലാതെ ഈ ലക്ഷ്യം ഒരിക്കലും നേടാനാവില്ല. (മാര്‍ക്സ്, ജനറല്‍ കൗണ്‍സിലിലെ പ്രതിനിധികള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍)

സമൂഹ്യമാറ്റം സാധ്യമാകണമെങ്കില്‍ രാഷ്ട്രീയാധികാരം കൈയടക്കിയേ മതിയാകൂ. ഇവിടെയാണ് അരാജകവാദികളും മാര്‍ക്സിസ്റ്റുകാരും ആശയപരമായി വേര്‍പിരിയുന്നത്. ഭരണകൂടത്തെ വിധേയപ്പെടുത്തുക എന്നതല്ല, തകര്‍ക്കുക എന്നതാണ് അരാജകവാദികളുടെ ലക്ഷ്യം. സ്വേച്ഛാധിപത്യ ഭരണകൂടം തകരുമ്പോള്‍ തൊഴിലാളിപക്ഷത്തു നിന്ന് സഹകരണത്തില്‍ അധിഷ്ഠിതമായ ഒരു പ്രക്രിയ താഴേത്തട്ടില്‍ നിന്നും മുകളിലേയ്ക്ക് തികച്ചും സ്വാഭാവികമായി രൂപപ്പെടുമെന്ന് അവര്‍ പ്രതീക്ഷിച്ചു. തൊഴിലാളികളുടെ വന്‍തോതിലുളള സഹകരണ ശൃംഖല രൂപപ്പെടുത്താന്‍ റഷ്യന്‍ അരാജകവാദിയായ ക്രോപ്പോകിന്‍ ആഹ്വാനം ചെയ്തു. അധ്വാനിക്കുന്നവരിലുണ്ടാകുന്ന സ്വാഭാവിക പ്രചോദനമാണ് സഹകരണമനോഭാവം എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

വിഖ്യാതനായ ഫ്രഞ്ച് ചിന്തകന്‍ ജോസഫ് പ്രുഥോണ്‍ ഈ ആശയത്തെ വികസിപ്പിച്ചു. ഫ്രാന്‍സിലെ ട്രേഡ് യൂണിയനുകള്‍ ഈ സങ്കല്‍പത്തെ ഏറെക്കാലം പിന്‍പറ്റി. അവരെ സംബന്ധിച്ച് മുതലാളിത്ത ക്രമത്തെ തകര്‍ക്കാനുളള ആയുധമായിരുന്നു പൊതുപണിമുടക്ക്, തൊഴിലാളി യൂണിയനുകളാകട്ടെ, വ്യവസായ മേഖലയെ ഭരിക്കാനുളള കാര്യകര്‍ത്താവും. വികേന്ദ്രീകൃത പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കിയിരുന്നതുകൊണ്ട് വെവ്വേറെയുളള സഹകരണ പരീക്ഷണങ്ങള്‍ക്ക് അരാജകവാദികളുടെ ചിന്തകള്‍ വളക്കൂറുളള മണ്ണായി. ഇന്നും സഹകരണപ്രസ്ഥാനങ്ങളെ ഈ ചിന്ത സ്വാധീനിക്കുന്നുണ്ട്.

എന്നാല്‍ മലബാറിലെ സഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തില്‍ ഈ ചിന്തകള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. മാര്‍ക്സിസ്റ്റ് ആശയങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമാണ് മലബാര്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ ജീവനും ശക്തിയും. ഭരണകൂടാധികാരം വിപ്ലവകരമായി കൈയടിക്കൊണ്ടല്ലാതെ സാമൂഹ്യമാറ്റം സാധ്യമാകില്ല എന്നു വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകരാണ് സഹകരണ പ്രസ്ഥാനത്തെ നയിച്ചത്.

മുതലാളിത്ത ഉല്‍പാദന രീതി നിലനില്‍ക്കുന്ന സമൂഹത്തില്‍ രൂപപ്പെടുന്ന ഒറ്റപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ ദീര്‍ഘകാലത്തില്‍ അവ രൂപപ്പെടാനിടയായ സാഹചര്യങ്ങളുടെ പരിമിതികള്‍ക്കകത്തു നിന്ന് കാലക്രമേണെ ക്ഷയിക്കാനാണ് സാധ്യത.  ഏണെസ്റ്റ് മാന്‍ഡെലിനെപ്പോലുളള മാര്‍ക്സിസ്റ്റു ചിന്തകര്‍ ഈ കാഴ്ചപ്പാടിലാണ് ഊന്നുന്നത്. തുടര്‍ന്ന് സഹകരണപ്രസ്ഥാനത്തെ നിഷേധാത്മകമായി വിലയിരുത്തുകയും ചെയ്തു. തൊഴിലാളി സഹകരണ സംഘങ്ങളുടെ പരിമിതി നിലനില്‍ക്കുമ്പോള്‍ത്തന്നെ സാമൂഹ്യവിപ്ലവത്തിന് തൊഴിലാളികളെ ബോധവത്കരിക്കാനുളള ഉപകരണമാക്കി അവയെ വളര്‍ത്താനാവുമോ എന്ന ചോദ്യം അവര്‍ പരിഗണിക്കുന്നില്ല.

വര്‍ഗസമരങ്ങളില്‍ നിന്ന് തൊഴിലാളികളെ അടര്‍ത്തിമാറ്റുന്ന ഉട്ടോപ്യന്‍ സഹകരണ പരീക്ഷണങ്ങളെ മാര്‍ക്സ് എതിര്‍ത്തിരുന്നു. ഇംഗ്ലണ്ടിലെ ഉട്ടോപ്യന്‍ സഹകരണ പ്രസ്ഥാനത്തിനു മേല്‍ തൊഴിലാളി സഹകരണസംഘങ്ങള്‍ നേടിയ മേധാവിത്തത്തെ അദ്ദേഹം സോല്‍സാഹം അംഗീകരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ അവ സിദ്ധാന്തങ്ങളുടെ പ്രായോഗിക പരിണാമമാണെന്നും ആരുടെയും കണ്ടുപിടിത്തമല്ലെന്നും പ്രായോഗികതയുടെ ഉച്ചത്തിലുളള വിളംബരമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.  തൊഴിലാളി സമരങ്ങളില്‍ നിന്ന് നൈസര്‍ഗികമായി ഉടലെടുത്ത മുന്നേറ്റമായിരുന്നു അത്തരം സ്ഥപനങ്ങള്‍. അതുകൊണ്ട് മാര്‍ക്സ് തൊഴിലാളികള്‍ ഉല്‍പാദന സഹകരണ സംഘങ്ങളില്‍ അംഗങ്ങളാകണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമല്ല, , അവയുടെ ജനാധിപത്യ സ്വഭാവം നിലനിര്‍ത്തുന്നതിനും സോഷ്യലിസ്റ്റ് ദിശാബോധം ഉറപ്പുവരുത്തുന്നതിനും പിന്തുടരേണ്ട തത്ത്വങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു..

എന്നാല്‍ തൊഴിലാളി സഹകരണ പ്രസ്ഥാനത്തിന്‍റെ രാഷ്ട്രീയ ധര്‍മ്മത്തെക്കുറിച്ചുളള ഏറ്റവും സമഗ്രമായ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിന് സമകാലീന പണ്ഡിതരില്‍ നിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല. സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് അന്തര്‍ദേശീയ തലത്തില്‍ തൊഴിലാളി പ്രസ്ഥാനത്തിനകത്തു നിലനിന്ന പ്രത്യയശാസ്ത്ര ഭിന്നതയ്ക്ക്  വിരാമമിട്ടുകൊണ്ട്   1910ല്‍ കോപ്പണ്‍ഹേഗനിലെ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഗ്രസില്‍ ലെനിന്‍ അവതരിപ്പിച്ച രേഖ ഇതു സംബന്ധിച്ച ഏറ്റവും സംക്ഷിപ്തമായ നിലപാട് മുന്നോട്ടു വെയ്ക്കുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ സഹകരണ പ്രസ്ഥാനത്തിന് മൂന്ന് അനുകൂല ഘടകങ്ങളുണ്ട്.
ഒന്ന്) ഇടനിലക്കാരെ ഒഴിവാക്കിയും തൊഴില്‍സാഹചര്യങ്ങളെ  സ്വാധീനിച്ചും അവ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നു.
രണ്ട്)പണിമുടക്കുകളിലും ലോക്കൗട്ടുകളിലും തൊഴിലാളികള്‍ ബലിമൃഗമാക്കപ്പെടുന്ന മറ്റു സാഹചര്യങ്ങളിലും അവ സഹായഹസ്തമായി നിലകൊളളുന്നു
മൂന്ന്) സ്വതന്ത്രമായ മാനേജ്മെന്‍റ്, വിതരണത്തിന്‍റെ സംഘാടനം എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കി ഭാവിയിലെ സോഷ്യലിസ്റ്റ് സമൂഹത്തിനുവേണ്ടി       തൊഴിലാളികളെ സജ്ജരാക്കുന്നു. അതേസമയം മുതലാളിത്ത സമൂഹത്തില്‍ സഹകരണസ്ഥാപനങ്ങള്‍ കൈവരിക്കുന്ന ചെറിയ നേട്ടങ്ങളുടെ പരിമിതിയെക്കുറിച്ചും ലെനിന്‍ മുന്നറിയിപ്പു നല്‍കി. മൂലധനത്തിനെതിരെയുളള തുറന്ന പോരാട്ടങ്ങള്‍ക്കുളള വേദിയല്ല സഹകരണ സ്ഥാപനങ്ങള്‍ എന്നതിനാല്‍ അവയുടെ നേട്ടങ്ങള്‍ തൊഴിലാളികളെ ഭ്രമിപ്പിച്ചേക്കാം. അതുകൊണ്ട് സോഷ്യലിസ്റ്റുകള്‍ക്ക് താഴെ പറയുന്ന പ്രവര്‍ത്തന പരിപാടി അദ്ദേഹം ആവിഷ്കരിച്ചു.

എ) തൊഴിലാളി, സഹകരണ സംഘങ്ങളില്‍ ചേരുകയും അവയുടെ വികസനത്തിന് എല്ലാവിധ സഹായവും നല്‍കണം. അവയുടെ പ്രവര്‍ത്തനം കണിശമായ ജനാധിപത്യ രീതികളില്‍ അധിഷ്ഠിതമായിരിക്കണം. ഉദാഹരണത്തിന് താഴ്ന്ന പ്രവേശനഫീസ്, തുല്യ അവകാശം തുടങ്ങിയവ.
ബി) തൊഴിലാളിസാമാന്യത്തിനിടയില്‍ വര്‍ഗസമരത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുളള അക്ഷീണമായ സോഷ്യലിസ്റ്റ് പ്രക്ഷോഭപ്രചാരണം ഉണ്ടാകണം.  
സി) ട്രേഡ് യൂണിയനുകളും സോഷ്യലിസ്റ്റ് പാര്‍ടിയുമായി സഹകരണ സംഘങ്ങളുടെ ജൈവബന്ധം വളര്‍ത്തിയെടുക്കുന്നതു വഴി സഹകാരികള്‍ക്കിടയില്‍ സോഷ്യലിസത്തെക്കുറിച്ചുളള അവബോധം വളരുന്നു.
ഡി) അതേസമയം ഉല്‍പാദക സഹകരണ സംഘങ്ങള്‍ തൊഴിലാളിവര്‍ഗത്തിന്‍റെ സമരത്തിന് സഹായകരമാകണമെങ്കില്‍ ഉപഭോക്തൃ സഹകരണ സംഘങ്ങളുമായി സജീവബന്ധം വളര്‍ത്തിയെടുക്കണം (ലെനിന്‍, കോപ്പന്‍ഹേഗന്‍ അന്തര്‍ദേശീയ സഹകരണ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍).

പറഞ്ഞു നിര്‍ത്തിയ ഭാഗം, ഉല്‍പാദന സഹകരണ സംഘങ്ങളുടെ വികാസത്തിനു പ്രതിബന്ധമായി ഇംഗ്ലണ്ടില്‍ നിലനിന്ന കണ്‍സ്യൂമെര്‍ സംഘങ്ങളോട് മാര്‍ക്സ് സ്വീകരിച്ച സമീപനത്തില്‍ നിന്ന് വിരുദ്ധമാണ്.  സഹകരണ വിപണനശാലകളെക്കാള്‍ സഹകരണ ഉല്‍പാദനത്തിനാണ് മാര്‍ക്സ് തൊഴിലാളികളെ ആഹ്വാനം ചെയ്തത്. എന്നാല്‍  മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥിതിഗതികളെയാണ് ലെനിന്‍ കണക്കിലെടുത്തത്. അതുകൂടി മനസില്‍ വെച്ചുകൊണ്ടാകണം രണ്ടു രീതികളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് ലെനിന്‍ ഊന്നല്‍ കൊടുത്തത്.

റിവിഷനിസ്റ്റ് ചിന്താഗതിയുടെ ഉപജ്ഞാതാവ് ബേണ്‍സ്റ്റീന്‍ സഹകരണ പ്രസ്ഥാനത്തെ സാമൂഹ്യമാറ്റത്തിനുളള ഒറ്റമൂലിയായി കണ്ടു. ബേണ്‍സ്റ്റിന്‍റെ നിശിതവിമര്‍ശകയായിരുന്നു റോസാ ലക്സംബര്‍ഗ്. സഹകരണ പ്രസ്ഥാനങ്ങള്‍  മുതലാളിത്ത വ്യവസ്ഥയ്ക്കുളളില്‍ ദീര്‍ഘനാളില്‍ ക്ഷയിക്കാതെ നിര്‍വാഹമില്ല എന്ന വാദക്കാരിയായിരുന്നു അവര്‍. ബേണ്‍സ്റ്റീനെതിരായ വിമര്‍ശനത്തിന്‍റെ ഭാഗമായിട്ടുവേണം ഈ മറുകണ്ടം ചാടലിനെ മനസിലാക്കാന്‍. ഉല്‍പാദക സഹകരണ സംഘങ്ങളും ഉപഭോക്തൃ സഹകരണ സംഘങ്ങളും തമ്മിലുളള ബന്ധം വിശദീകരിച്ചതാണ് റോസാ ലക്സംബര്‍ഗിന്‍റെ ഒരു പ്രധാനസംഭാവന. കമ്പോളത്തിന്‍റെ ചാഞ്ചാട്ടത്തില്‍ നിന്ന് ഉല്‍പാദക സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നതിന് ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ അനിവാര്യമാണ് എന്നവര്‍ കണ്ടു.

ഇതുവരെ ചര്‍ച്ച ചെയ്ത യൂറോപ്യന്‍ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യത്തിലാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം വളര്‍ന്നത്. കൊളോണിയല്‍ കാലഘട്ടത്തില്‍ ഹുണ്ടികക്കാര്‍ക്കും അവര്‍ സൃഷ്ടിക്കുന്ന ക്ഷാമത്തിനും എതിരെയുളള ഉപാധിയെന്ന നിലയില്‍ സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. സ്വാതന്ത്ര്യലബ്ധിയോടെ സഹകരണ സംഘങ്ങള്‍ വികസന തന്ത്രത്തിന്‍റെ ഒരു പ്രധാന ഘടകമായി.

സ്വകാര്യമേഖല, പൊതുമേഖല, സഹകരണ മേഖല എന്നിവ ചേരുന്നതായിരുന്നു ഇന്ത്യയിലെ സമ്മിശ്ര സമ്പദ്‍വ്യവസ്ഥ. സാധാരണക്കാരിലേയ്ക്കു വായ്പയെത്തുന്നതിനു വേണ്ടി സഹകരണ വായ്പാ സംഘങ്ങളുടെ അതിവിപുലമായ ഒരു ശൃംഖല പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ടു. ഇവയ്ക്കായി ഒരു ത്രിതല ഘടനയും രൂപം കൊണ്ടു. പരമ്പരാഗത വ്യവസായ പുനസംഘടനയുടെ ഭാഗമായി ഈ മേഖലകളിലും സഹകരണ പ്രസ്ഥാനം സാര്‍വത്രികമായി.

ഇന്നിപ്പോള്‍ ഏതാണ്ട് പ്രധാനപ്പെട്ട എല്ലാ സാമ്പത്തിക മേഖലകളിലും സഹകരണ പ്രസ്ഥാനത്തിന്‍റെ കൈയൊപ്പുണ്ട്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന സവിശേഷത അവ താഴത്തു നിന്ന് സമരങ്ങളുടെ ഭാഗമായി രൂപം കൊണ്ടതല്ല, മറിച്ച് സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി മുകളില്‍ നിന്ന് താഴേയ്ക്ക് രൂപം കൊണ്ടിട്ടുളളതാണ്. തൊഴിലാളികളുടെ പ്രതിരോധ സമരങ്ങളിലൂടെ രൂപം കൊണ്ടവ ന്യൂനപക്ഷവുമാണ്. പക്ഷേ, മുഖ്യധാര ആദ്യം പറഞ്ഞതാണ്. അതുകൊണ്ടുതന്നെ യൂറോപ്യന്‍ സഹകരണ സംഘങ്ങളെക്കാള്‍ രാഷ്ട്രീയമായി  ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിനു പരിമിതികളുണ്ട്. അതേസമയം സര്‍ക്കാരിന്‍റെ പിന്തുണ മൂലം സാര്‍വത്രികമായ നിലനില്‍പ്പിന്‍റെ സാധ്യതകള്‍ യൂറോപ്പിലെക്കാള്‍ കൂടുതലുമാണ്. ഈ സാധ്യത ഇല്ലാതാക്കാനാണ് നിയോലിബറലുകള്‍ ശ്രമിക്കുന്നത്. സഹകരണ മേഖലയ്ക്ക് പുതിയൊരു രാഷ്ട്രീയമാനം നല്‍കുന്നതിന് ഈ നീക്കങ്ങള്‍ക്കെതിരെയുളള ചെറുത്തു നില്‍പ്പ് ഒരുപാധിയാക്കാനാവും.

നാടിന് അനുസരിച്ച് വില



Manorama

എണ്ണക്കമ്പനികള്‍ക്കു കിട്ടിയ അനധികൃത ലാഭം സംബന്ധിച്ചു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോള്‍ തോന്നിയതു സന്തോഷമാണ്. എണ്ണയുടെ വില നിശ്ചയിക്കേണ്ടത് എങ്ങനെ എന്ന വിവാദത്തില്‍ ഞങ്ങളെപ്പോലുള്ളവര്‍ എടുത്തുവന്ന നിലപാടിനെ സിഎജി അംഗീകരിച്ചിരിക്കുന്നുവെന്നതിലാണു സന്തോഷം.
എണ്ണയുടെ ഉല്‍പാദനച്ചെലവും നാടിന്റെ സാമ്പത്തികസ്ഥിതിയും കണക്കിലെടുത്തു വില നിശ്ചിക്കുന്നതാണ് ഉചിതം എന്ന പക്ഷക്കാരനാണു ഞാന്‍. എന്നാല്‍, രാജ്യാന്തര വിലകള്‍ കണക്കിലെടുത്തു കൊണ്ടുവേണം വില നിശ്ചയിക്കാന്‍ എന്ന പക്ഷക്കാരാണ് ഇന്ത്യയിലെ പല വിദഗ്ധരും കോര്‍പറേറ്റുകളും.

നമ്മുടെ നാട്ടിലേക്കു പെട്രോളും ഡീസലും തുച്ഛമായി മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. ഏതാണ്ട് 20 ശതമാനം നമ്മുടെ നാട്ടില്‍ നിന്നുതന്നെ ഒഎന്‍ജിസി പോലുള്ളവര്‍ കുഴിച്ചെടുത്തു സംസ്കരിച്ചെടുക്കുന്നതാണ്. ബാക്കിയുള്ളതു വിദേശത്തു നിന്നു ക്രൂഡോയില്‍ ഇറക്കുമതി ചെയ്തു സംസ്കരിക്കുന്നതാണ്. അതുകൊണ്ടു വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വിലയെക്കാള്‍ താഴ്ന്ന ചെലവേ നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന പെട്രോളിനും ഡീസലിനും വരികയുള്ളൂ.

പിന്നെയെന്തിനു രാജ്യാന്തരവില കിട്ടുന്നില്ലെന്നു പറഞ്ഞു നഷ്ടത്തിന്റെ കണക്കുകള്‍ പെരുപ്പിച്ച് എണ്ണവില ഉയര്‍ത്തുന്നു? എണ്ണ കുഴിച്ചെടുക്കുന്ന ഒഎന്‍ജിസി ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന പൊതുമേഖലാ കമ്പനിയാണ്. റിഫൈനറികളെല്ലാം വന്‍ലാഭത്തിലാണ്. എണ്ണവിതരണം ചെയ്യുന്ന കമ്പനിയുടെ നഷ്ടം മാത്രം എടുത്തു വില നിശ്ചയിക്കുന്നതു ശരിയല്ല. മൂന്നുപേരുടെയും ലാഭനഷ്ടക്കണക്കുകള്‍ എടുത്താല്‍ എണ്ണമേഖല പൊതുവില്‍ വലിയ ലാഭത്തിലാണ്. ഇതിനു പുറമേയാണു സര്‍ക്കാര്‍ പിരിക്കുന്ന ഭീമമായ നികുതി. ഈ പശ്ചാത്തലത്തിലാണു രാജ്യാന്തര വിലയുടെ കാര്യം പറഞ്ഞ് എണ്ണവില ഉയര്‍ത്തുന്നതു ന്യായമല്ലെന്നു പറയുന്നത്.

ഇപ്പോള്‍ സിഎജിയും ഇതുതന്നെ പറഞ്ഞിരിക്കുന്നു. വിദേശത്തുനിന്നു ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതിയില്ല. എന്നാല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ രണ്ടര ശതമാനം ഇറക്കുമതി നികുതിയുണ്ട്. ക്രൂഡോയില്‍ ഇറക്കുമതി ചെയ്തു റിഫൈനറികള്‍ സംസ്കരിച്ചെടുക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ രണ്ടര ശതമാനം ഇറക്കുമതി ചുങ്കവും കൂടി ചേര്‍ത്താണു വില നിശ്ചയിക്കുന്നത്. ഈയിനത്തില്‍ മാത്രം എണ്ണക്കമ്പനികള്‍ക്ക് 26,620 കോടി രൂപ ലാഭം കിട്ടിയത്രേ. ഈ സമ്പ്രദായത്തെ നിശിതമായി സിഎജി വിമര്‍ശിച്ചിരിക്കുന്നു.

മറ്റൊരു നിരീക്ഷണം ഇന്ത്യയിലെ സ്വകാര്യ റിഫൈനറികളില്‍നിന്നു ഡീസലും പെട്രോളും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന വില സംബന്ധിച്ചാണ്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ സ്വകാര്യ റിഫൈനറികള്‍ക്ക് ഇറക്കുമതി വിലയ്ക്കു തുല്യമായ വിലയാണു നല്‍കുന്നത്. എന്നാല്‍ റിലയന്‍സും മറ്റും ഡീസലും പെട്രോളും കയറ്റുമതിചെയ്യുമ്പോള്‍ ലഭിക്കുന്ന വില ഇതിനെക്കാള്‍ താഴ്ന്നതാണ്. വിലയിലെ ഇൌ അന്തരം കൊണ്ടുമാത്രം റിലയന്‍സിന് 2011-2012ല്‍ 667 കോടി രൂപ ലാഭം കിട്ടിയത്രേ.

ഈ നിരീക്ഷണം ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സ്വകാര്യ കമ്പനികളും പൊതുമേഖലാ എണ്ണക്കമ്പനികളും തമ്മിലുള്ള ബന്ധത്തിലേക്കു വിരല്‍ചൂണ്ടുന്നു. എണ്ണവില ഇറക്കുമതി വിലയ്ക്കു തുല്യമാക്കുകയോ, അല്ലെങ്കില്‍ വിലനിര്‍ണയം കമ്പോളത്തിനു വിട്ടുകൊടുക്കുകയോ ചെയ്യുന്നതിന്റെ ഗൂഢലക്ഷ്യം സ്വകാര്യ കമ്പനികള്‍ക്കു പൊതുമേഖലാ എണ്ണക്കമ്പനികളുമായി മത്സരശേഷി ഉറപ്പുവരുത്തുകയാണ്.
കോര്‍പറേറ്റുകള്‍ക്കു ലാഭമുണ്ടാക്കാണു പുതിയ എണ്ണനയം ശ്രമിക്കുന്നതെന്ന ആരോപണം സിഎജി റിപ്പോര്‍ട്ട് ശരിവയ്ക്കുകയാണ്. മറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ എല്ലാ വാദങ്ങളും സിഎജി തള്ളിക്കളയുന്നുമുണ്ട്.

Saturday, July 26, 2014

എനിക്കെതിരെ വീണ്ടും ഒരു വിജിലന്‍സ് അന്വേഷണം

ഒരു പൊതുതാല്‍പര്യഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി എനിക്കെതിരെ ഒരു പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണല്ലോ.
പതിവുപോലെ, വ്യവഹാരി തൃശൂരില്‍ നിന്നു തന്നെയാണ്. ഇന്ത്യാ വിഷനില്‍ നിന്ന് വിളിച്ചു പ്രതികരണം ചോദിച്ചപ്പോഴാണ് കാര്യമറിയുന്നത്. കേസ് എന്തെന്നുപോലും എനിക്കറിയില്ലായിരുന്നു. ഡിപ്പാര്‍ട്ടുമെന്‍റിലന്വേഷിച്ചപ്പോള്‍ അവര്‍ക്കുമറിയില്ല. വൈകുന്നേരമായി കാര്യങ്ങള്‍ മനസിലാക്കാന്‍. ചുരുക്കമിതാണ്.
ടേണോവര്‍ ടാക്സ് ഈടാക്കുമ്പോള്‍ എക്സൈസ് ഡ്യൂട്ടി കൂടി ഉള്‍ക്കൊളളുന്ന വിലയാണോ അടിസ്ഥാനമാക്കേണ്ടത് എന്ന കാര്യത്തില്‍ കേരളത്തിലെ ഡിസ്റ്റിലറികളും സര്‍ക്കാരും തമ്മില്‍ ഒരു തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കത്തിന് തീര്‍പ്പുകല്‍പ്പിച്ചത് സുപ്രിംകോടതിയാണ്. എക്സൈസ് ഡ്യൂട്ടി കൂടി ഉളള ടേണോവറിലാണ് നികുതി ഈടാക്കേണ്ടത് എന്നായിരുന്നു വിധി. അങ്ങനെ 1998 മുതലുളള ടേണോവര്‍ ടാക്സ് രണ്ടാമത് അസെസു ചെയ്ത് നോട്ടീസ് നല്‍കി.
ഈ ഘട്ടത്തിലാണ് നികുതി കുടിശികക്കാര്‍ക്കു വേണ്ടിയുളള ആംനസ്റ്റി സ്കീം 2008ലെ ബജറ്റില്‍ കൊണ്ടുവന്നത്.
അതുപ്രകാരം 91നു മുമ്പുളള കുടിശികകളുടെ പിഴപ്പലിശയും പലിശയും ഒഴിവാക്കി. മുതലിന്‍റെ 75 ശതമാനം അടച്ചാല്‍ മതി. 96 വരെയുളള കുടിശികക്കാര്‍ക്ക് മുതല്‍ അടച്ചാല്‍ മതി. 2000 വരെയുളള കുടിശികക്കാര്‍ക്ക് മുതലും അഞ്ചു ശതമാനം പലിശയും. 2005 വരെയുളളവര്‍ക്ക് മുതലും പത്തുശതമാനം പലിശയും. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ യുണൈറ്റഡ് ഡിസ്റ്റിലറീസ് ഒറ്റത്തവണ തീര്‍പ്പാക്കലിന് അപേക്ഷ നല്‍കി.
കോഴിക്കോട്ടെ നികുതി ഓഫീസാണ് അപേക്ഷ പരിഗണിച്ചത്. അവര്‍ വലിയൊരു വീഴ്ച വരുത്തി. അമിനിസ്റ്റി സ്കീമിന് മുമ്പ് യുണൈറ്റഡ് ഡിസ്റ്റിലറീസ് കുടിശികയിലേയ്ക്ക് അടച്ച തുക മുതലില്‍ തട്ടിക്കിഴിച്ച് അസെസ്മെന്‍റ് നല്‍കി. പക്ഷേ, ഇത് നിയമവിരുദ്ധമായിരുന്നു.
കെജിഎസ്ടി ആക്ട് സെക്ഷന്‍ 55 (സി) പ്രകാരം കുടിശികയിലേയ്ക്ക് അടയ്ക്കുന്ന തുക ആദ്യം പലിശയിലേയ്ക്ക് വരവുവെച്ച ശേഷമേ മുതലില്‍ വരവുവെയ്ക്കാന്‍ പാടുളളൂ. ഈ തീരുമാനം മൂലം ഏതാണ്ട് 2 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടാകുമായിരുന്നു. ഇത് ആകസ്മികമാണെന്ന് കരുതുന്നുമില്ല.
നികുതികാര്യങ്ങളില്‍ എന്നെ സഹായിക്കാന്‍ സ്റ്റാഫിലുണ്ടായിരുന്നത് കെ. പി. നാരായണന്‍ എന്ന നികുതി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനാണ്. 24 കാരറ്റ് സത്യസന്ധതയുളള, അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തി. നിയമത്തില്‍ ആഴത്തിലുളള അറിവ്. ആരോ പറഞ്ഞ് കാര്യമറിഞ്ഞ അദ്ദേഹം ഇക്കാര്യം എന്‍റെ ശ്രദ്ധയില്‍പെടുത്തി.
സര്‍ക്കാരിലേയ്ക്കു വരേണ്ട ഒരു തീരുമാനമല്ലെങ്കില്‍പ്പോലും എന്‍റെ ഓഫീസില്‍ നിന്ന് ഇടപെട്ടതിന്‍റെ ഫലമായി നടപടികള്‍ റദ്ദാക്കപ്പെട്ടു. ഇതിനുവേണ്ടി, ഡെപ്യൂട്ടി കമ്മിഷണറുടെ സുവോമോട്ടോ അധികാരം ഉപയോഗിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചു.
ഇതിനെതിരെ ഡിസ്റ്റിലറിക്കാര്‍ കേസിനുപോയി. ഹൈക്കോടതിയില്‍ തോറ്റു. അവര്‍ സുപ്രിംകോടതിയില്‍ പോയി. അവിടെയും തോറ്റു. സുപ്രിംകോടതി സെക്ഷന്‍ 55 (സി) കണക്കിലെടുത്തുകൊണ്ട് ഒറ്റത്തവണ തീര്‍പ്പാക്കലിന് നടപടിയെടുക്കാന്‍ വകുപ്പിന് അനുമതി നല്‍കി. ഇവിടെയാണ് കാര്യങ്ങള്‍ ഇപ്പോള്‍ കിടക്കുന്നത്.
എത്ര ആലോചിച്ചിട്ടും ഇതിലെന്ത് അഴിമതിയാണെന്ന് മനസിലാകുന്നില്ല. അമിനിസ്റ്റി നല്‍കിയതാണ് അഴിമതിയെങ്കില്‍ അത് ഡിസ്റ്റ്ലറിക്കു മാത്രമല്ല, എല്ലാ കുടിശികക്കാര്‍ക്കുമുളളതാണ്. ഇത്തവണത്തെ ബജറ്റില്‍ പോലും അമിനിസ്റ്റിയുടെ അവസാനദിവസം ഡിസംബര്‍ വരെ നീട്ടിക്കൊടുത്തിട്ടുണ്ട്. ഇതല്ല, അസെസ്മെന്‍റില്‍ വരുത്തിയ വീഴ്ചയാണെങ്കില്‍ അതു കണ്ടുപിടിച്ചു തിരുത്തിയ ഞാനെങ്ങനെ അഴിമതിക്കേസില്‍ പ്രതിയാകും എന്ന് മനസിലാകുന്നേയില്ല.
വിജിലന്‍സ് കോടതി പ്രിലിമിനറി അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലന്‍സ് അന്വേഷിക്കട്ടെ, റിപ്പോര്‍ട്ട് നല്‍കട്ടെ. അതല്ലാതെ ഞാനെന്തു പറയാനാണ്?
പക്ഷേ, തൃശൂര്‍ കേന്ദ്രമാക്കി എന്‍റെ പിറകേ അന്വേഷണാവശ്യവുമായി നടക്കുന്നവരോടു ഇത്രേ പറയുന്നുളളൂ.
വിരട്ടാന്‍ നോക്കേണ്ട. കോഴി അഴിമതിക്കേസ് വിടാന്‍ ഉദ്ദേശിക്കുന്നുമില്ല.

Thursday, July 24, 2014

ഊരാളുങ്കല്‍ എഴുതിയ പാഠങ്ങള്‍

Posted on: 24 Sep 2013

പതിവില്‍ക്കവിഞ്ഞ് പെയ്ത മഴയില്‍ തകരാത്ത റോഡുകള്‍ കേരളത്തില്‍ അപൂര്‍വമാണ്. എന്നാല്‍, അതിനൊരു അപവാദമാണ് കോഴിക്കോട് പട്ടണത്തിന്റെ ബൈപ്പാസ് റോഡ്. പണികഴിഞ്ഞിട്ട് എട്ടുകൊല്ലമായെങ്കിലും ഈ റോഡ് ഇന്നേവരെ അലങ്കോലമായിട്ടില്ല. ആ റോഡ് പണിതത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. വിശ്വസ്തതയ്ക്കും കൃത്യനിഷ്ഠയ്ക്കും ചുമതലബോധത്തിനും പേരുകേട്ട, മലബാറിലെ തൊഴിലാളികളുടെ സഹകരണസ്ഥാപനം. മുംബൈയിലെ ടിസിന്റെയും കോഴിക്കോട് ഐ.ഐ.എമ്മിന്റെയും ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ ദിവസം ഊരാളുങ്കല്‍ സഹകരണ അനുഭവത്തെക്കുറിച്ച് നടന്ന അന്താരാഷ്ട്ര സെമിനാറില്‍പങ്കെടുത്തവര്‍ക്കെല്ലാം ഈ വ്യത്യസ്തത ബോധ്യമായി. 

1998-ലാണ് ഞാന്‍ ഈ സൊസൈറ്റിയെ പരിചയപ്പെട്ടത്; ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കാലത്ത്. സര്‍ക്കാറിന്റെ പൊതുമരാമത്തുപണികളിലെ കോണ്‍ട്രാക്ടര്‍ രാജും അഴിമതിക്കൂട്ടുകെട്ടും കുപ്രസിദ്ധമാണല്ലോ. ഇതിനെ മറികടക്കാനാണ് ഗുണഭോക്തൃകമ്മിറ്റികള്‍ക്ക് രൂപംനല്‍കിയത്. കോണ്‍ട്രാക്ടര്‍ നോമിനി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ കമ്മിറ്റികളില്‍നിന്ന് വ്യത്യസ്തമായിരുന്നു അവ. പൊതുമരാമത്തിലെ അഴിമതി ഗണ്യമായി കുറയ്ക്കുന്നതിനും വലിയതോതില്‍ പ്രാദേശികവിഭവങ്ങള്‍ സമാഹരിക്കുന്നതിനും അന്നത്തെ ജനകീയകമ്മിറ്റികള്‍ക്ക് കഴിഞ്ഞെന്ന് ആസൂത്രണ ബോര്‍ഡിന്റെ വിശദമായ അവലോകനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

പരിചയക്കുറവും നിര്‍മാണ ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതും ഗുണഭോക്തൃകമ്മിറ്റികളുടെ പരിമിതികളായിരുന്നു. അതുമൂലം താരതമ്യേന ചെറിയപ്രവൃത്തികള്‍മാത്രമേ അവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ബ്ലോക്കുതോറും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. അക്കാലത്ത് ഇത്തരം നാനൂറോളം സംഘങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏതാണ്ട് പകുതിയും പ്രവര്‍ത്തനരഹിതമായിരുന്നു. ബാക്കിയുള്ളവയില്‍ ഗണ്യമായ ഭാഗം കോണ്‍ട്രാക്ടര്‍മാരുടെ ബിനാമിസംഘങ്ങളും. ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മാതൃകയെങ്കിലും ഉണ്ടാകുമോ എന്ന അന്വേഷണമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ എത്തിനിന്നത്.

സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിലെ മൂന്ന് സവിശേഷതകള്‍ ഞങ്ങളെ ആകര്‍ഷിച്ചു. ഉടമസ്ഥതയിലും മാനേജ്‌മെന്റിലും പണിസ്ഥലത്തുമുള്ള തൊഴിലാളികളുടെ സമ്പൂര്‍ണമായ പങ്കാളിത്തം വ്യവസായമേഖലയിലെ ജനാധിപത്യത്തിനുള്ള അത്യപൂര്‍വമായ ഉദാഹരണമായിരുന്നു. തൊഴിലാളികള്‍ക്കുമാത്രമേ സംഘത്തില്‍ അംഗത്വമെടുക്കാനാവൂ. തൊഴിലാളികള്‍ക്കേ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം ലഭിക്കൂ. ഡയറക്ടര്‍മാര്‍ക്ക് വിദഗ്ധ തൊഴിലാളിയുടെ കൂലിയേ ലഭിക്കൂ.

മറ്റൊന്ന്, ഓരോ പ്രവൃത്തിസ്ഥലത്തെയും തൊഴിലാളികള്‍ ദിവസംതോറും നടന്ന പ്രവര്‍ത്തനം അവലോകനംചെയ്ത് പിറ്റേന്നുള്ള പ്രവര്‍ത്തനം ആസൂത്രണംചെയ്യുന്നു. ഓരോ തൊഴിലാളിക്കും സംഘം അവരുടേതാണെന്ന് അനുഭവപ്പെടുന്നു. 

അടുത്തത്, സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന് സംഘം പിന്തുടരുന്ന തനത് രീതികള്‍ ഏറ്റവും ആധുനികമായ മാനേജ്‌മെന്റ് മേല്‍നോട്ട സംവിധാനങ്ങളോട് കിടപിടിക്കുന്നതായിരുന്നു. ഓരോ നിര്‍മാണപ്രവൃത്തിക്കും പ്രത്യേക ലാഭനഷ്ടക്കണക്കും നിരീക്ഷണസംവിധാനവും ഉണ്ടായിരുന്നു. ഓരോ പ്രവൃത്തിദിവസത്തിന്റെയും അവസാനം ആ ദിവസത്തെ പണിയെക്കുറിച്ച് സംഘം ഡയറക്ടര്‍ബോര്‍ഡ് വിലയിരുത്തുന്നു. 

ഓരോ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിനും പണിസ്ഥലത്തിന്റെ ചുമതലയുണ്ടായിരിക്കും. ഇത് ഡയറക്ടര്‍ ബോര്‍ഡിന്റെ സമ്പൂര്‍ണമേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാകുന്നത് എന്ന് ഉറപ്പുവരുത്തുന്നു.
എല്ലാറ്റിലുമുപരി ഊരാളുങ്കല്‍ സൊസൈറ്റി കേരളീയ നവോത്ഥാന മുന്നേറ്റത്തിന്റെ ഉത്പന്നമാണ്. 1925-ല്‍ അത് സ്ഥാപിച്ചത് വാഗ്ഭടാനന്ദനാണ്. സാമൂഹിക പരിഷ്‌കരണ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ജന്മിമാരും സവര്‍ണരും വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ച സാഹചര്യത്തിലാണ് വാഗ്ഭടാനന്ദനും സംഘവും ബദലുകള്‍ സൃഷ്ടിച്ചത്. കുട്ടികള്‍ക്ക് സ്‌കൂളും വായ്പയ്ക്ക് ഐക്യനാണയസംഘവും ജോലിക്ക് കൂലിവേലക്കാരുടെ പരസ്​പരസഹായസംഘവും രൂപവത്കരിച്ചു. ഇതിലേറെ ആവേശവും സ്മരണകളും ആവാഹിക്കാന്‍ കഴിയുന്ന മറ്റേത് സംഘത്തെയാണ് കണ്ടെത്താനാവുക?

ആസൂത്രണബോര്‍ഡുമായി സഹകരിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സെസൈറ്റിയെക്കുറിച്ച് ഒഞ്ചിയം പഞ്ചായത്ത് ഒരു ശില്പശാല നടത്തി. നൂറിലേറെ പഞ്ചായത്തുകള്‍ പങ്കെടുത്തു. തുടര്‍ന്ന് ഈ മാതൃകയില്‍ ഒട്ടേറെ സൊസൈറ്റികള്‍ ഉണ്ടായി. ജനകീയാസൂത്രണ പ്രസ്ഥാനം നിര്‍ത്തലാക്കിയതോടെ അവയില്‍ പലതും നാമാവശേഷമായി. കാസര്‍കോട്ടെ ഉദയപുരത്തെയും ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലെയും പോലുള്ള സൊസൈറ്റികള്‍ എല്ലാ വെല്ലുവിളികളെയും നേരിട്ട് ഇന്നും തുടരുന്നു.

ജനകീയാസൂത്രണത്തെത്തുടര്‍ന്ന് ഊരാളുങ്കല്‍ സംഘത്തിന്റെ വളര്‍ച്ച വിസ്മയകരമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം മുന്‍കൂര്‍ ഡെപ്പോസിറ്റുചെയ്ത് പ്രവൃത്തികള്‍ ഏല്‍പ്പിച്ചുകൊടുക്കാവുന്ന അക്രഡിറ്റേഷന്‍ ലഭിച്ചതോടെ നിര്‍മാണപ്രവൃത്തികളുടെ എണ്ണം പെരുകി. പ്രവര്‍ത്തനമൂലധനത്തിന്റെ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. സംഘത്തിന്റെ ടേണോവര്‍ അഞ്ചുകോടിയില്‍നിന്ന് 200 കോടിയായി ഉയര്‍ന്നു. മൊത്തം ആസ്തികള്‍ അഞ്ചുകോടിയില്‍നിന്ന് 350 കോടിയായി. മൊത്തം നാലായിരം നിര്‍മാണപ്രവൃത്തികളാണ് സംഘം ഇതേവരെ പൂര്‍ത്തീകരിച്ചത്. 

ഇപ്പോള്‍ 350 കോടിയുടെ 130 നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധഘട്ടങ്ങളിലായുണ്ട്. ഒരു ഇടപാടുകാരന്‍പോലും ഇതുവരെ പരാതിയോ ആരോപണമോ ഉന്നയിച്ചിട്ടില്ല. സ്വന്തമായി ക്വാറിയും ഹോളോബ്രിക്‌സ് യൂണിറ്റും സംഘത്തിനുള്ളത് മത്സരശേഷി വര്‍ധിപ്പിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. കേരളത്തിലെ പ്രധാനപ്പെട്ട നിര്‍മാണക്കമ്പനികള്‍ക്കുള്ള യന്ത്രസാമഗ്രികളെല്ലാം സംഘത്തിന്റെ കൈവശമുണ്ട്.

200 കോടിയുടെ വിറ്റുവരവ് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 2000 കോടിയായി ഉയര്‍ത്തുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. കേരളത്തിലെ പ്രധാനപ്പെട്ട നിര്‍മാണസ്ഥാപനം എന്ന നിലയില്‍നിന്ന് ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായി വളരണം. ഇത്ര വേഗത്തിലൊരു വളര്‍ച്ച ആവശ്യമുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. ദ്രുതഗതിയിലുള്ള വളര്‍ച്ച അനിവാര്യമാക്കുന്ന സാഹചര്യങ്ങളാണ് ആഗോളീകരണത്തിന്റെ ഭാഗമായി നിര്‍മാണമേഖലയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ഒന്നാമത്തേത്, മലേഷ്യയിലെയും മറ്റും ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ ഇന്ത്യന്‍ നിര്‍മാണമേഖലയിലേക്ക് കടന്ന് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കയാണ്. എല്ലാ വലിയ പ്രവൃത്തികള്‍ക്കും ആഗോളടെന്‍ഡറാണ്. ഈ ഭീമന്‍കമ്പനികളുടെ സബ് കോണ്‍ട്രാക്ടര്‍മാരായി ഒതുങ്ങിക്കൂടണോ അവരുമായി മത്സരിച്ച് മുന്നേറണോ എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. 14.5 ശതമാനം പലിശയ്ക്ക് സംഘം വായ്പയെടുക്കേണ്ടിവരുമ്പോള്‍ ഇന്ത്യയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ മൂന്നും നാലും ശതമാനം പലിശയ്ക്കാണ് വിദേശത്ത് നിന്ന് വായ്പയെടുക്കുന്നത്. അവര്‍ക്ക് സ്വന്തമായി ഡിസൈന്‍ കമ്പനികള്‍ പ്രത്യേകമുണ്ട്. പ്രീ ഫാബ്രിക്കേഷന്‍ അടക്കമുള്ള സാങ്കേതികവിദ്യകള്‍ കൈവശമുണ്ട്. വളര്‍ന്നുകൊണ്ടേ ഈ രംഗങ്ങളിലെല്ലാം മത്സരശേഷി ഉയര്‍ത്താനാവൂ.

രണ്ടാമത്തേത്, പൊതുമരാമത്ത് പ്രവൃത്തികളുടെ സ്വഭാവത്തില്‍ വന്നിരിക്കുന്ന മാറ്റമാണ്. കേവലം കോണ്‍ട്രാക്ടര്‍മാരെയല്ല ഇന്ന് വന്‍കിട പ്രവൃത്തികള്‍ ആവശ്യപ്പെടുന്നത്. പ്രോജക്ടുകള്‍ സ്വന്തമായി ഡിസൈന്‍ചെയ്യുന്നതിനും പണം സമാഹരിക്കുന്നതിനും തുടര്‍പരിപാലനം നടത്തുന്നതിനുമൊക്കെ കെല്‍പ്പുള്ള സേവനദാതാക്കളെയാണ് സര്‍ക്കാറടക്കം ഇന്ന് അന്വേഷിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് 31 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഭീമന്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള സംരംഭത്തെ കാണേണ്ടത്. ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ മൊത്തം ചെലവ് 210 കോടി രൂപയാണ്. വായ്പയെടുക്കുന്നതിനും കെട്ടിടസൗകര്യങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതിനും മറ്റുമായി സംഘത്തിന്റെ ഉടമസ്ഥതയില്‍ ഒരു കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 

പക്ഷേ, നിര്‍മാണപ്രവൃത്തികള്‍ ഊരാളുങ്കല്‍ സംഘം തന്നെയാണ് നിര്‍വഹിക്കുന്നത്. അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ആദ്യത്തെ കെട്ടിടത്തിന് 45 കോടി രൂപയാണ് മതിപ്പുചെലവ്. വര്‍ഷാവസാനത്തോടെ ഐ.ടി. കമ്പനികള്‍ക്ക് കെട്ടിടം വാടകയ്ക്ക് ലഭ്യമാകും. 2000 പേര്‍ക്ക് ഇവിടെ പണി ലഭിക്കും. പാര്‍ക്ക് കമ്മീഷന്‍ചെയ്യുമ്പോള്‍ ഇത് 20,000-മായി ഉയരും. 

അങ്ങനെ മലബാറിലെ ആദ്യത്തെ സൈബര്‍പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ പോവുകയാണ്. ഇവിടെ സംഘം വെറും കോണ്‍ട്രാക്ടറല്ല. കേരളത്തിന്റെ ഒരു മുന്‍ഗണനാ വികസന മേഖലയിലെ പ്രമുഖ സേവനദാതാവായി മാറുകയാണ്.

വന്‍കിട ആധുനിക നിര്‍മാണ സ്ഥാപനമായി വളരേണ്ടതിന്റെ യുക്തി അംഗീകരിക്കാന്‍ തയ്യാറാണ് പലരും. പക്ഷേ, വൈവിധ്യവത്കരണമെന്തിന് എന്നതാണ് ചോദ്യം. ഇത്രയേറെ കഴിവുതെളിയിച്ച മേഖലയില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നതല്ലേ ശരി? ഇതിനുള്ള ഉത്തരം സംഘം പ്രസിഡന്റ് പാലേരി രമേശന്‍ സൈബര്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനവേളയില്‍ വ്യക്തമാക്കി. 

സംഘത്തിലെ അംഗങ്ങളുടെ മക്കള്‍പോലും ഇന്ന് പരമ്പരാഗത നിര്‍മാണത്തൊഴിലുകള്‍ക്ക് സന്നദ്ധരല്ല. അവരെല്ലാം തങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള തൊഴിലുകള്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ്. ഇതുമൂലം അംഗങ്ങളല്ലാത്തവരെ ജോലിക്ക് നിര്‍ത്തേണ്ടി വരുന്നു. ഇപ്പോള്‍ത്തന്നെ ഏതാണ്ട് 15 ശതമാനം തൊഴിലാളികള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. മലയാളി തൊഴിലാളികള്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭ്യമാക്കുന്നുണ്ടെങ്കിലും സ്ഥിരജോലിക്കാരാവാനോ അംഗങ്ങളാകാനോ ഇവര്‍ തയ്യാറല്ല.

ഈ സാഹചര്യത്തില്‍ പുതിയ തലമുറയുടെ തൊഴില്‍പ്രതീക്ഷകള്‍ക്ക് അനുസരിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വൈവിധ്യവത്കരണം അനിവാര്യമാണ്. അല്ലാത്തപക്ഷം കൂലിവേലയ്ക്ക് ആളെ നിര്‍ത്തി പണിയെടുപ്പിക്കുന്ന ഒരുവന്‍കിട സ്ഥാപനമായി സംഘം അധഃപതിക്കും.

ടൂറിസത്തിലേക്കുള്ള ആദ്യ കാല്‍വെപ്പാണ് സംഘം സര്‍ക്കാറില്‍നിന്ന് പാട്ടത്തിനെടുത്ത് നടത്തുന്ന ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സോഫ്റ്റ്‌വേര്‍ കമ്പനിയില്‍ ഇപ്പോള്‍ 40-ലേറെപ്പേര്‍ തൊഴിലെടുക്കുന്നു. ഈ പുതിയ മേഖലകളില്‍ എങ്ങനെ ഊരാളുങ്കല്‍ സംഘത്തിന്റെ പരമ്പരാഗതമായ പങ്കാളിത്തശൈലിയും ജനകീയ ഇടപെടല്‍ രീതികളും ഉള്‍ച്ചേര്‍ക്കുമെന്നതിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നുവരുന്നു. 

അഴിമതി കൊടികുത്തി വാഴുന്ന നിര്‍മാണമേഖലയില്‍ ഊരാളുങ്കല്‍സംഘം ഒരു രജതരേഖയാണ്. കേരളത്തിന്റെ വികസനത്തില്‍ ജനകീയ ഇടപെടലുകളുടെ സാധ്യതകളിലേക്ക് ഈ സംഘം വിരല്‍ചൂണ്ടുന്നു. 25 ഏക്കര്‍ വിസ്തൃതിയുള്ള സൈബര്‍ പാര്‍ക്കിന് പ്രത്യേക സാമ്പത്തികമേഖല എന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനവും ആരംഭിക്കാന്‍ പോകുന്നു. ആഗോളമാന്ദ്യത്തില്‍നിന്ന് ഐ.ടി. മേഖല കരകയറുമ്പോള്‍ അതില്‍ നിന്ന് നേട്ടംകൊയ്യാന്‍ ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കുണ്ടാകും. ഇതിന് തൊട്ടടുത്തുതന്നെയാണ് സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള സൈബര്‍ പാര്‍ക്കും. പക്ഷേ, ഇവിടെ ടെന്‍ഡര്‍പോലും വിളിച്ചിട്ടില്ല. ഇവിടെയാണ് ഊരാളുങ്കല്‍ സംഘത്തിന്റെ പാഠങ്ങള്‍ പ്രസക്തമാകുന്നത്. 

ഊരാളുങ്കല്‍ വിസ്മയം

തൊഴിലാളി സഹകരണസംഘത്തിന്റെ ഉടമസ്ഥര്‍ തൊഴിലാളികളാണ്. അതിന്റെ നടത്തിപ്പുകാരെ തീരുമാനിക്കുന്നതും അവര്‍തന്നെയായിരിക്കും. ലാഭം പരമാവധിയാക്കലല്ല തൊഴിലാളിസംഘത്തിന്റെ ലക്ഷ്യം. തൊഴിലാളിക്ക് മെച്ചപ്പെട്ട കൂലിയും അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ട് സ്ഥാപനത്തിന്റെ വിപുലീകരണത്തിനാവശ്യമായ മിച്ചമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുതലാളിത്ത സ്ഥാപനങ്ങള്‍ ഇതിന്റെയെല്ലാം വിപരീതമാണ്. അതുകൊണ്ടുതന്നെ സഹകരണ സ്ഥാപനങ്ങള്‍ മുതലാളിത്ത സ്ഥാപനങ്ങളല്ല. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണ്. ഈ വ്യവസ്ഥയെ മാറ്റിക്കൊണ്ടല്ലാതെ സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയില്ല. സഹകരണ സ്ഥാപനങ്ങളുടെ എണ്ണം പടിപടിയായി ഉയര്‍ത്തിക്കൊണ്ട് വ്യവസ്ഥയെത്തന്നെ മാറ്റിമറിക്കാനാവും എന്നത് വ്യാമോഹം മാത്രമാണ്. മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമായിരിക്കുമ്പോള്‍ത്തന്നെ മുതലാളിത്ത സ്ഥാപനത്തിന്റെ ലക്ഷ്യത്തില്‍നിന്നും വ്യത്യസ്തമായ ഒന്നായതിനാല്‍ സഹകരണ സ്ഥാപനങ്ങള്‍ സ്വാഭാവികമായി മാത്രം രൂപംകൊള്ളുകയില്ല. പിന്തിരിഞ്ഞുനോക്കുമ്പോള്‍ മൂന്നുതരത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ രൂപംകൊള്ളുന്നതെന്ന് കാണുവാന്‍ കഴിയും.

1. ആദര്‍ശ പ്രചോദിതരായ നല്ല മനുഷ്യര്‍ വ്യത്യസ്ത സാമൂഹിക സങ്കല്‍പനത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കാന്‍ പലപ്പോഴും മുന്‍കൈയെടുത്തിട്ടുണ്ട്. റോബര്‍ട്ട് ഓവനെപ്പോലുള്ളവര്‍ സോഷ്യലിസ്റ്റ് സാങ്കല്‍പിക ലോകത്തിലേക്കുള്ള കുറുക്കുവഴിയായിട്ടാണ് സഹകരണ പ്രസ്ഥാനത്തെ കണ്ടത്. ഇതിനെ മാര്‍ക്സും എംഗത്സും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്.

2. തൊഴിലാളികളുടെ സമരായുധമായി പലപ്പോഴും സഹകരണ സംഘങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. സാമ്പത്തിക തകര്‍ച്ചയുടെകാലത്തും പണിമുടക്കുകാലത്തും സ്വയം പ്രതിരോധത്തിന്റെ മാര്‍ഗമായി സഹകരണ സ്ഥാപനങ്ങളെ തൊഴിലാളികള്‍ അഭയകേന്ദ്രങ്ങളാക്കയിട്ടുണ്ട്. ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ ചെയ്തത്.

മുകളില്‍പറഞ്ഞ രണ്ടുമാര്‍ഗങ്ങളിലൂടെയാണ് പാശ്ചാത്യ രാജ്യങ്ങളില്‍ സഹകരണ സംഘങ്ങളേറെയും രൂപംകൊണ്ടതെങ്കില്‍ ഇന്ത്യയില്‍ മഹാ ഭൂരിപക്ഷം വരുന്ന സഹകരണ സ്ഥാപനങ്ങളും രൂപംകൊണ്ടത് പഞ്ചവത്സര പദ്ധതികളുടെ ഭാഗമായാണ്. പാവപ്പെട്ടവര്‍ക്ക് വായ്പ തരപ്പെടുത്തുവാനും പരമ്പരാഗത വ്യവസായങ്ങളെ പുനഃസംഘടിപ്പിക്കാനും കാര്‍ഷികോല്‍പന്ന വിപണനത്തിനും തുടങ്ങി വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ സഹകരണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചത്.

ആദ്യം പറഞ്ഞ രണ്ടു മാര്‍ഗങ്ങളും താഴെനിന്നുള്ള മുന്‍കൈ ആണെങ്കില്‍ മൂന്നാമത് പറഞ്ഞത് മുകളില്‍നിന്നുള്ള മുന്‍കൈയാണ്. താഴെനിന്നുള്ളതിനാണ് വിജയസാധ്യത കൂടുതല്‍. ഊരാളുങ്കല്‍ സംഘം ആദ്യം പറഞ്ഞ രണ്ടിന്റെയും ഒരു സംയുക്തരൂപമാണ്. അതുകൊണ്ടുതന്നെ അതിന് തനതായ സവിശേഷതകളുണ്ട്. ഉടമസ്ഥതയിലും മാനേജ്മെന്റിലും പണിസ്ഥലത്തുമുള്ള തൊഴിലാളികളുടെ സമ്പൂര്‍ണമായ പങ്കാളിത്തം വ്യവസായമേഖലയിലെ ജനാധിപത്യത്തിനുള്ള അത്യപൂര്‍വമായ ഉദാഹരണമായിരുന്നു. തൊഴിലാളികള്‍ക്കുമാത്രമേ സംഘത്തില്‍ അംഗത്വമെടുക്കാനാവൂ. തൊഴിലാളികള്‍ക്കേ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം ലഭിക്കൂ. ഡയറക്ടര്‍മാര്‍ക്ക് വിദഗ്ധ തൊഴിലാളിയുടെ കൂലിയേ ലഭിക്കൂ. മറ്റൊന്ന്, ഓരോ പ്രവൃത്തിസ്ഥലത്തെയും തൊഴിലാളികള്‍ ദിവസംതോറും നടന്ന പ്രവര്‍ത്തനം അവലോകനംചെയ്ത് പിറ്റേന്നുള്ള പ്രവര്‍ത്തനം ആസൂത്രണംചെയ്യുന്നു. ഓരോ തൊഴിലാളിക്കും സംഘം അവരുടേതാണെന്ന് അനുഭവപ്പെടുന്നു.

അടുത്തത്, സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന് സംഘം പിന്തുടരുന്ന തനത് രീതികള്‍ ഏറ്റവും ആധുനികമായ മാനേജ്മെന്റ് മേല്‍നോട്ട സംവിധാനങ്ങളോട് കിടപിടിക്കുന്നതായിരുന്നു. ഓരോ നിര്‍മാണപ്രവൃത്തിക്കും പ്രത്യേക ലാഭനഷ്ടക്കണക്കും നിരീക്ഷണസംവിധാനവും ഉണ്ടായിരുന്നു. ഓരോ പ്രവൃത്തിദിവസത്തിന്റെയും അവസാനം ആ ദിവസത്തെ പണിയെക്കുറിച്ച് സംഘം ഡയറക്ടര്‍ബോര്‍ഡ് വിലയിരുത്തുന്നു. ഓരോ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിനും പണിസ്ഥലത്തിന്റെ ചുമതലയുണ്ടായിരിക്കും. ഡയറക്ടര്‍ ബോര്‍ഡിന്റെ സമ്പൂര്‍ണമേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാകുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനാണിത്. 1925ല്‍ രൂപീകൃതമായ സംഘമാണെങ്കിലും ജനകീയാസൂത്രണ കാലഘട്ടത്തിലാണ് ഊരാളുങ്കല്‍ സംഘം സംസ്ഥാന വ്യാപകമായി അറിയപ്പെടാന്‍ തുടങ്ങിയത്. ഊരാളുങ്കല്‍ സൊസൈറ്റി കേരളീയ നവോത്ഥാന മുന്നേറ്റത്തിന്റെ ഉത്പന്നമാണ്. 1925ല്‍ അത് സ്ഥാപിച്ചത് വാഗ്ഭടാനന്ദനാണ്. സാമൂഹിക പരിഷ്കരണ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ജന്മിമാരും സവര്‍ണരും വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ച സാഹചര്യത്തിലാണ് വാഗ്ഭടാനന്ദനും സംഘവും ബദലുകള്‍ സൃഷ്ടിച്ചത്. കുട്ടികള്‍ക്ക് സ്കൂളും വായ്പയ്ക്ക് ഐക്യനാണയസംഘവും ജോലിക്ക് കൂലിവേലക്കാരുടെ പരസ്പരസഹായസംഘവും രൂപവത്കരിച്ചു. ഇതിലേറെ ആവേശവും സ്മരണകളും ആവാഹിക്കാന്‍ കഴിയുന്ന മറ്റേത് സംഘത്തെയാണ് കണ്ടെത്താനാവുക?

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കാലത്ത് സര്‍ക്കാറിന്റെ പൊതുമരാമത്തുപണികളിലെ കോണ്‍ട്രാക്ടര്‍ രാജും അഴിമതിക്കൂട്ടുകെട്ടും കുപ്രസിദ്ധമാണല്ലോ. ഇതിനെ മറികടക്കാനാണ് ഗുണഭോക്തൃകമ്മിറ്റികള്‍ക്ക് രൂപംനല്‍കിയത്. കോണ്‍ട്രാക്ടര്‍ നോമിനി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ കമ്മിറ്റികളില്‍നിന്ന് വ്യത്യസ്തമായിരുന്നു അവ. പൊതുമരാമത്തിലെ അഴിമതി ഗണ്യമായി കുറയ്ക്കുന്നതിനും വലിയതോതില്‍ പ്രാദേശികവിഭവങ്ങള്‍ സമാഹരിക്കുന്നതിനും അന്നത്തെ ജനകീയകമ്മിറ്റികള്‍ക്ക് കഴിഞ്ഞെന്ന് ആസൂത്രണ ബോര്‍ഡിന്റെ വിശദമായ അവലോകനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. പരിചയക്കുറവും നിര്‍മാണ ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതും ഗുണഭോക്തൃകമ്മിറ്റികളുടെ പരിമിതികളായിരുന്നു. അതുമൂലം താരതമ്യേന ചെറിയപ്രവൃത്തികള്‍മാത്രമേ അവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ബ്ലോക്കുതോറും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. അക്കാലത്ത് ഇത്തരം നാനൂറോളം സംഘങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏതാണ്ട് പകുതിയും പ്രവര്‍ത്തനരഹിതമായിരുന്നു. ബാക്കിയുള്ളവയില്‍ ഗണ്യമായ ഭാഗം കോണ്‍ട്രാക്ടര്‍മാരുടെ ബിനാമിസംഘങ്ങളും. ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മാതൃകയെങ്കിലും ഉണ്ടാകുമോ എന്ന അന്വേഷണമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ എത്തിനിന്നത്. ആസൂത്രണബോര്‍ഡുമായി സഹകരിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സെസൈറ്റിയെക്കുറിച്ച് ഒഞ്ചിയം പഞ്ചായത്ത് ഒരു ശില്പശാല നടത്തി. നൂറിലേറെ പഞ്ചായത്തുകള്‍ പങ്കെടുത്തു. തുടര്‍ന്ന് ഈ മാതൃകയില്‍ ഒട്ടേറെ സൊസൈറ്റികള്‍ ഉണ്ടായി. ജനകീയാസൂത്രണ പ്രസ്ഥാനം നിര്‍ത്തലാക്കിയതോടെ അവയില്‍ പലതും നാമാവശേഷമായി.

കാസര്‍കോട്ടെ ഉദയപുരത്തെയും ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലെയും പോലുള്ള സൊസൈറ്റികള്‍ എല്ലാ വെല്ലുവിളികളെയും നേരിട്ട് ഇന്നും തുടരുന്നു. ജനകീയാസൂത്രണത്തെത്തുടര്‍ന്ന് ഊരാളുങ്കല്‍ സംഘത്തിന്റെ വളര്‍ച്ച വിസ്മയകരമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം മുന്‍കൂര്‍ ഡെപ്പോസിറ്റുചെയ്ത് പ്രവൃത്തികള്‍ ഏല്‍പ്പിച്ചുകൊടുക്കാവുന്ന അക്രഡിറ്റേഷന്‍ ലഭിച്ചതോടെ നിര്‍മാണപ്രവൃത്തികളുടെ എണ്ണം പെരുകി. പ്രവര്‍ത്തനമൂലധനത്തിന്റെ പ്രശ്നവും പരിഹരിക്കപ്പെട്ടു. സംഘത്തിന്റെ ടേണോവര്‍ അഞ്ചുകോടിയില്‍നിന്ന് 200 കോടിയായി ഉയര്‍ന്നു. മൊത്തം ആസ്തികള്‍ അഞ്ചുകോടിയില്‍നിന്ന് 350 കോടിയായി. മൊത്തം നാലായിരം നിര്‍മാണപ്രവൃത്തികളാണ് സംഘം ഇതേവരെ പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ 350 കോടിയുടെ 130 നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധഘട്ടങ്ങളിലായുണ്ട്. ഒരു ഇടപാടുകാരന്‍പോലും ഇതുവരെ പരാതിയോ ആരോപണമോ ഉന്നയിച്ചിട്ടില്ല. സ്വന്തമായി ക്വാറിയും ഹോളോബ്രിക്സ് യൂണിറ്റും സംഘത്തിനുള്ളത് മത്സരശേഷി വര്‍ധിപ്പിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. കേരളത്തിലെ പ്രധാനപ്പെട്ട നിര്‍മാണക്കമ്പനികള്‍ക്കുള്ള യന്ത്രസാമഗ്രികളെല്ലാം സംഘത്തിന്റെ കൈവശമുണ്ട്. 200 കോടിയുടെ വിറ്റുവരവ് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 2000 കോടിയായി ഉയര്‍ത്തുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. കേരളത്തിലെ പ്രധാനപ്പെട്ട നിര്‍മാണസ്ഥാപനം എന്ന നിലയില്‍നിന്ന് ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായി വളരണം.

ഇത്ര വേഗത്തിലൊരു വളര്‍ച്ച ആവശ്യമുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. ദ്രുതഗതിയിലുള്ള വളര്‍ച്ച അനിവാര്യമാക്കുന്ന സാഹചര്യങ്ങളാണ് ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മാണമേഖലയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒന്നാമത്തേത്, മലേഷ്യയിലെയും മറ്റും ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ ഇന്ത്യന്‍ നിര്‍മാണമേഖലയിലേക്ക് കടന്ന് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വലിയ പ്രവൃത്തികള്‍ക്കും ആഗോളടെന്‍ഡറാണ്. ഈ ഭീമന്‍കമ്പനികളുടെ സബ് കോണ്‍ട്രാക്ടര്‍മാരായി ഒതുങ്ങിക്കൂടണോ അവരുമായി മത്സരിച്ച് മുന്നേറണോ എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. 14.5 ശതമാനം പലിശയ്ക്ക് സംഘം വായ്പയെടുക്കേണ്ടിവരുമ്പോള്‍ ഇന്ത്യയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ മൂന്നും നാലും ശതമാനം പലിശയ്ക്കാണ് വിദേശത്ത് നിന്ന് വായ്പയെടുക്കുന്നത്. അവര്‍ക്ക് സ്വന്തമായി ഡിസൈന്‍ കമ്പനികള്‍ പ്രത്യേകമുണ്ട്. പ്രീ ഫാബ്രിക്കേഷന്‍ അടക്കമുള്ള സാങ്കേതികവിദ്യകള്‍ കൈവശമുണ്ട്. വളര്‍ന്നുകൊണ്ടേ ഈ രംഗങ്ങളിലെല്ലാം മത്സരശേഷി ഉയര്‍ത്താനാവൂ. രണ്ടാമത്തേത്, പൊതുമരാമത്ത് പ്രവൃത്തികളുടെ സ്വഭാവത്തില്‍ വന്നിരിക്കുന്ന മാറ്റമാണ്. കേവലം കോണ്‍ട്രാക്ടര്‍മാരെയല്ല ഇന്ന് വന്‍കിട പ്രവൃത്തികള്‍ ആവശ്യപ്പെടുന്നത്. പ്രോജക്ടുകള്‍ സ്വന്തമായി ഡിസൈന്‍ചെയ്യുന്നതിനും പണം സമാഹരിക്കുന്നതിനും തുടര്‍പരിപാലനം നടത്തുന്നതിനുമൊക്കെ കെല്‍പ്പുള്ള സേവനദാതാക്കളെയാണ് സര്‍ക്കാരടക്കം ഇന്ന് അന്വേഷിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് 31 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഭീമന്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള സംരംഭത്തെ കാണേണ്ടത്. ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ മൊത്തം ചെലവ് 210 കോടി രൂപയാണ്. വായ്പയെടുക്കുന്നതിനും കെട്ടിടസൗകര്യങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതിനും മറ്റുമായി സംഘത്തിന്റെ ഉടമസ്ഥതയില്‍ ഒരു കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, നിര്‍മാണപ്രവൃത്തികള്‍ ഊരാളുങ്കല്‍ സംഘം തന്നെയാണ് നിര്‍വഹിക്കുന്നത്.

അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ആദ്യത്തെ കെട്ടിടത്തിന് 45 കോടി രൂപയാണ് മതിപ്പുചെലവ്. വര്‍ഷാവസാനത്തോടെ ഐ.ടി. കമ്പനികള്‍ക്ക് കെട്ടിടം വാടകയ്ക്ക് ലഭ്യമാകും. 2000 പേര്‍ക്ക് ഇവിടെ പണി ലഭിക്കും. പാര്‍ക്ക് കമ്മീഷന്‍ചെയ്യുമ്പോള്‍ ഇത് 20,000മായി ഉയരും. അങ്ങനെ മലബാറിലെ ആദ്യത്തെ സൈബര്‍പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ പോവുകയാണ്. ഇവിടെ സംഘം വെറും കോണ്‍ട്രാക്ടറല്ല. കേരളത്തിന്റെ ഒരു മുന്‍ഗണനാ വികസന മേഖലയിലെ പ്രമുഖ സേവനദാതാവായി മാറുകയാണ്.

വന്‍കിട ആധുനിക നിര്‍മാണ സ്ഥാപനമായി വളരേണ്ടതിന്റെ യുക്തി അംഗീകരിക്കാന്‍ തയ്യാറാണ് പലരും. പക്ഷേ, വൈവിധ്യവത്കരണമെന്തിന് എന്നതാണ് ചോദ്യം. ഇത്രയേറെ കഴിവുതെളിയിച്ച മേഖലയില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നതല്ലേ ശരി? ഇതിനുള്ള ഉത്തരം സംഘം പ്രസിഡന്റ് പാലേരി രമേശന്‍ സൈബര്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനവേളയില്‍ വ്യക്തമാക്കി. സംഘത്തിലെ അംഗങ്ങളുടെ മക്കള്‍പോലും ഇന്ന് പരമ്പരാഗത നിര്‍മാണത്തൊഴിലുകള്‍ക്ക് സന്നദ്ധരല്ല. അവരെല്ലാം തങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള തൊഴിലുകള്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ്.

ഇതുമൂലം അംഗങ്ങളല്ലാത്തവരെ ജോലിക്ക് നിര്‍ത്തേണ്ടി വരുന്നു. ഇപ്പോള്‍ത്തന്നെ ഏതാണ്ട് 15 ശതമാനം തൊഴിലാളികള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. മലയാളി തൊഴിലാളികള്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭ്യമാക്കുന്നുണ്ടെങ്കിലും സ്ഥിരജോലിക്കാരാവാനോ അംഗങ്ങളാകാനോ ഇവര്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ പുതിയ തലമുറയുടെ തൊഴില്‍പ്രതീക്ഷകള്‍ക്ക് അനുസരിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വൈവിധ്യവത്കരണം അനിവാര്യമാണ്.

അല്ലാത്തപക്ഷം കൂലിവേലയ്ക്ക് ആളെ നിര്‍ത്തി പണിയെടുപ്പിക്കുന്ന ഒരുവന്‍കിട സ്ഥാപനമായി സംഘം അധഃപതിക്കും. ടൂറിസത്തിലേക്കുള്ള ആദ്യ കാല്‍വെപ്പാണ് സംഘം സര്‍ക്കാറില്‍നിന്ന് പാട്ടത്തിനെടുത്ത് നടത്തുന്ന ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സോഫ്റ്റ്വേര്‍ കമ്പനിയില്‍ ഇപ്പോള്‍ 40ലേറെപ്പേര്‍ തൊഴിലെടുക്കുന്നു. ഈ പുതിയ മേഖലകളില്‍ എങ്ങനെ ഊരാളുങ്കല്‍ സംഘത്തിന്റെ പരമ്പരാഗതമായ പങ്കാളിത്തശൈലിയും ജനകീയ ഇടപെടല്‍ രീതികളും ഉള്‍ച്ചേര്‍ക്കുമെന്നതിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നുവരുന്നു.

അഴിമതി കൊടികുത്തി വാഴുന്ന നിര്‍മാണമേഖലയില്‍ ഊരാളുങ്കല്‍സംഘം ഒരു രജതരേഖയാണ്. കേരളത്തിന്റെ വികസനത്തില്‍ ജനകീയ ഇടപെടലുകളുടെ സാധ്യതകളിലേക്ക് ഈ സംഘം വിരല്‍ചൂണ്ടുന്നു. 25 ഏക്കര്‍ വിസ്തൃതിയുള്ള സൈബര്‍ പാര്‍ക്കിന് പ്രത്യേക സാമ്പത്തികമേഖല എന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനവും ആരംഭിക്കാന്‍ പോകുന്നു. ആഗോളമാന്ദ്യത്തില്‍നിന്ന് ഐ.ടി. മേഖല കരകയറുമ്പോള്‍ അതില്‍ നിന്ന് നേട്ടംകൊയ്യാന്‍ ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കുണ്ടാകും. ഇതിന് തൊട്ടടുത്തുതന്നെയാണ് സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള സൈബര്‍ പാര്‍ക്കും. പക്ഷേ, ഇവിടെ ടെന്‍ഡര്‍പോലും വിളിച്ചിട്ടില്ല. ഇവിടെയാണ് ഊരാളുങ്കല്‍ സംഘത്തിന്റെ പാഠങ്ങള്‍ പ്രസക്തമാകുന്നത്.

*
 ചിന്ത വാരിക 11 ഒക്ടോബര്‍ 2013

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...