About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Monday, December 9, 2013

ഫ്രാന്‍സിസ് പാപ്പയുടെ സുവിശേഷം

ധനവിചാരം - ഡിസംബര്‍ 10, 2013

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ പ്രാമാണികരേഖയായ 'സുവിശേഷത്തിന്റെ ആനന്ദ'ത്തിന്റെ ചില ഭാഗങ്ങള്‍ വായിച്ചാല്‍ വാള്‍സ്ട്രീറ്റ് സമരക്കാരുടെ ലഘുലേഖയില്‍ നിന്ന് ഉദ്ധരിച്ചതാണെന്ന് തോന്നാം. പ്രസിദ്ധീകരിച്ചിട്ട് ഒരുമാസം തികഞ്ഞിട്ടില്ലെങ്കിലും ഇത് ഇതിനകം വലിയ കോളിളക്കം സൃഷ്ടിച്ചുകഴിഞ്ഞു. ലാ റിപ്പബ്ലിക്ക മാസികയുടെ പത്രാധിപരുമായി നടത്തിയ ഇന്റര്‍വ്യൂ 'മാതൃഭൂമി'യടക്കം പലരും പ്രസിദ്ധീകരിക്കുകയുണ്ടായി. അത് വായിച്ച് ഞെട്ടിയവര്‍ക്ക് പുതിയ രേഖയുടെ ചില ഖണ്ഡികകള്‍ ബോധക്കേടുണ്ടാക്കും.

നവലിബറലുകള്‍ മാര്‍പാപ്പയുടെ നിലപാടുകള്‍ക്കെതിരെ നിശിതമായ വിമര്‍ശനവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. മര്‍ഡോക്കിന്റെ ഫോക്‌സ് ന്യൂസ് മാര്‍പാപ്പയ്‌ക്കെതിരെ പരസ്യമായി രംഗത്തുണ്ട്. ഏറ്റവും കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്, അമേരിക്കയിലെ ഏറ്റവും യാഥാസ്ഥിതികനായ റേഡിയോ കമന്റേറ്റര്‍ റഷ് ലിംബോയാണ്. ''മാര്‍പ്പാപ്പയുടെ വായില്‍ നിന്നുവരുന്നത് കറതീര്‍ന്ന മാര്‍ക്‌സിസമാണ്''- എന്നാണ് അദ്ദേഹത്തിന്റെ രോഷപ്രകടനം. ചില യാഥാസ്ഥിതിക റിപ്പബ്ലിക്കുകാരാകട്ടെ, മാര്‍പാപ്പയ്ക്ക് ചാര്‍ത്തിയ വിശേഷണം, കത്തോലിക്കാ സഭയുടെ ഒബാമയെന്നാണ്.

ഇതിനകം മലയാളത്തില്‍ രണ്ട് ഗ്രന്ഥങ്ങള്‍ പുതിയ മാര്‍പാപ്പയെക്കുറിച്ച് പുറത്തിറങ്ങി. ഒന്ന് ഡോ. ബാബു പോളിന്റെയും മറ്റൊന്ന് ബിഷപ്പ് തോമസ് ചക്യത്തിന്റെയും. പുതിയ മാര്‍പാപ്പയ്ക്ക് ബിഷപ്പ് എഴുതിയ എട്ട് തുറന്ന കത്തുകളുടെ സമാഹാരമാണ് ഈ പുസ്തകം. ഒന്നാം അധ്യായം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ചാണ്. ഇവ പരമരഹസ്യമാണ്. എങ്കിലും എന്തായിരിക്കും നടന്നിരിക്കുക, എന്തുകൊണ്ട് അര്‍ജന്റീനക്കാരനായ ഒരാളെ മാര്‍പാപ്പയാക്കി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സ്വന്തം ഊഹങ്ങള്‍ കൊണ്ട് ഉത്തരം പറയുകയാണ് ഗ്രന്ഥകര്‍ത്താവ്. ഇതുതന്നെയാണ് മറ്റ് കത്തുകളുടെയും സ്വഭാവം. മറ്റൊരു മാര്‍പാപ്പയ്ക്ക് ഏതെങ്കിലും ഒരു ബിഷപ്പ് ഇത്തരമൊരു കത്തെഴുതാന്‍ ധൈര്യപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല.

സംവാദത്തിന്റെ ഒരു ജാലകം എല്ലാവര്‍ക്കുമായി തുറന്നിട്ടിട്ടുണ്ടെന്ന വിശ്വാസം സൃഷ്ടിക്കാന്‍ പോന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രീതികള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'ജോയ് ഓഫ്ദി ഗോസ്​പല്‍' (സുവിശേഷത്തിന്റെ ആനന്ദം) എന്ന പേരിട്ട ഉത്‌ബോധനം, അദ്ദേഹം ലാ റിപ്പബഌക്ക് നല്‍കിയ അഭിമുഖംപോലെത്തന്നെ ചര്‍ച്ചയായിട്ടുണ്ട്. ചില കാര്യങ്ങളില്‍ പള്ളിയുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവനയാണ് പേപ്പല്‍ ഉദ്‌ബോധനങ്ങള്‍.

രണ്ട് പത്രപ്രവര്‍ത്തകര്‍ മാര്‍പാപ്പയുമായി നടത്തിയ ആത്മകഥാപരമായ അഭിമുഖം ചക്യത്ത് പിതാവ് എനിക്ക് അയച്ചുതന്നു. 'സംസ്ഥാനത്തെ മുന്‍മന്ത്രിയായ സുഹൃത്തിന്' ഈ ഗ്രന്ഥത്തിന്റെ കോപ്പി അയച്ചുകൊടുക്കാനുള്ള കാരണവും തന്റെ പുസ്തകത്തിന്റെ ഒരുഭാഗത്ത് അദ്ദേഹം ഇങ്ങനെ വിവരിക്കുന്നുണ്ട് - ''അങ്ങ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ആ ദിവസങ്ങളില്‍ത്തന്നെ അങ്ങയെപ്പറ്റിയുള്ള കാര്യങ്ങള്‍ അറിയാന്‍ അദ്ദേഹം താത്പര്യം കാണിച്ചിരുന്നു. പാവപ്പെട്ടവരോടുള്ള അങ്ങയുടെ ആഭിമുഖ്യമാണ് അദ്ദേഹത്തിന് അങ്ങയില്‍ താത്പര്യമുണ്ടാകാന്‍ കാരണമെന്നാണ് എന്റെ ഊഹം''.

വളരെ ശരിയാണ്. ദാരിദ്ര്യത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും പുണ്യവാളനായ ഫ്രാന്‍സിസ് ഓഫ് അസീസിയുടെ പേര് പുതിയ മാര്‍പാപ്പ സ്വീകരിച്ചതുതന്നെ മാറ്റത്തിന്റെ ഒരു സൂചനയായിരുന്നു. ''പാവങ്ങള്‍ക്കായുള്ള പാവപ്പെട്ട പള്ളി'' യാണ് തന്റെ ആദര്‍ശമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ശക്തമായ ഇടതുപക്ഷക്കാറ്റ് വീശിയടിക്കുന്ന ലത്തീന്‍ അമേരിക്കയില്‍ നിന്നുള്ള മാര്‍പാപ്പ വ്യത്യസ്തനാകാതെ തരമില്ല.

കേവലം ക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനാവില്ല. ഘടനാപരമായ കാരണങ്ങള്‍ കണ്ടെത്തണം. മാര്‍പാപ്പ പറയുന്നു - ''ചില അടിയന്തര ആവശ്യങ്ങള്‍ നിര്‍വഹിക്കാനായുള്ള ക്ഷേമ പ്രോജക്ടുകള്‍ താത്കാലിക പരിഹാരങ്ങള്‍ മാത്രമാണ്. കമ്പോളത്തിന്റെ പൂര്‍ണമായ സ്വാതന്ത്ര്യവും ധനപരമായ ഊഹ ഇടപാടുകളെയും തള്ളിക്കളഞ്ഞുമാത്രമേ പാവങ്ങളുടെ പ്രശ്‌നത്തെ അടിസ്ഥാനപരമായി പരിഹരിക്കാനാകൂ''. (ഖണ്ഡിക 202)

സുവിശേഷത്തിന്റെ ആനന്ദം എന്ന അപ്പോസ്തലിക് രേഖയുടെ 50 മുതല്‍ 75-ഉം 186 മുതല്‍ 216-ഉം വരെയുള്ള ഖണ്ഡികകള്‍ സഭയുടെ സാമൂഹ്യവീക്ഷണത്തെക്കുറിച്ചുള്ളതാണ്. ഇവയുടെ അടിസ്ഥാനത്തില്‍ നവലിബറലുകളെ ഇത്രമാത്രം അലോസരപ്പെടുത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാഴ്ചപ്പാടിനെ ഇങ്ങനെ സംക്ഷേപിക്കാം എന്നെനിക്ക് തോന്നുന്നു.

ഒന്ന് - നിലവിലുള്ള അധാര്‍മികമായ ദാരിദ്ര്യവും അസമത്വവുമാണ് മാര്‍പാപ്പയെ അലട്ടുന്ന കേന്ദ്ര പ്രശ്‌നം. ശാസ്ത്രസാങ്കേതികരംഗത്തെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഈയൊരു സ്ഥിതിവിശേഷം അനിവാര്യമല്ല. മാര്‍പാപ്പ പറയുന്നു - 'ചെറുന്യൂനപക്ഷത്തിന്റെ വരുമാനം കുതിച്ചുയരുന്നു. ഇവരും മഹാഭൂരിപക്ഷവുമായുള്ള അന്തരം വര്‍ധിക്കുകയാണ്' (ഖണ്ഡിക 52, 56).

രണ്ട് - രേഖയുടെ 54-ാം ഖണ്ഡിക തുടങ്ങുന്നത് സാമ്പത്തികവളര്‍ച്ചയുടെ നേട്ടങ്ങള്‍ സ്വാഭാവികമായി കിനിഞ്ഞിറങ്ങി പാവങ്ങളിലേക്കെത്തുകയില്ല എന്ന വാദത്തോടെയാണ്. ദാരിദ്ര്യത്തിന്റെ ഘടനാപരമായ കാരണങ്ങളിലേക്ക് നമ്മുടെ കണ്ണെത്തണമെന്നും മാര്‍പാപ്പ വാദിക്കുന്നു-'ഇന്ന് എല്ലാം മത്സരത്തിന്റെ നിയമങ്ങളാല്‍ ഭരിക്കപ്പെടുന്നു. ഏറ്റവും ബലവാന്മാരുടെ അതിജീവനമാണ് പ്രമാണം. ശക്തിമാന്മാര്‍ നിരാലംബരെ വിഴുങ്ങുന്നു. ഇതിന്റെ ഫലമായി ജനങ്ങള്‍ ജോലിയില്ലാതെ, സാധ്യതകളില്ലാതെ, രക്ഷപ്പെടാന്‍ മാര്‍ഗങ്ങളില്ലാതെ പുറന്തള്ളപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു'. (ഖണ്ഡിക 53)

മൂന്ന് - ഈ ഘടനകളെന്ത് എന്നുള്ള മൂര്‍ത്തമായ വിശകലനത്തിലേക്ക് മാര്‍പാപ്പ പോകുന്നില്ല. പക്ഷേ, എടുത്തുപറയുന്ന ഒരു കാര്യം ഇതാണ്- 'ഇന്നത്തെ സ്ഥിതിവിശേഷത്തിന്റെ ഒരു കാരണം. നമ്മളും പണവുമായുള്ള ബന്ധമാണ്. നമ്മുടെയും സമൂഹത്തിന്റെയും മേലുള്ള പണാധിപത്യത്തെ നാം അംഗീകരിച്ചുകൊടുത്തിരിക്കുന്നു... നമ്മള്‍ പുതിയ വിഗ്രഹങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. സ്വര്‍ണക്കാളക്കുട്ടിയുടെ ആരാധന (പുറപ്പാട് 32: 1 - 35), പണത്തോടുള്ള ആര്‍ത്തിപൂണ്ട ആരാധനയിലൂടെ തിരിച്ചെത്തിയിരിക്കുന്നു'. (ഖണ്ഡിക 55)

ധനമൂലധനത്തിന്റെ തിരിമറികളും ഊഹക്കച്ചവടവും വിമര്‍ശന വിധേയമാകുന്നുണ്ട് - 'ഇന്നത്തെ അസന്തുലിതാവസ്ഥ പണം കൊണ്ടുള്ള ഊഹഇടപാടുകളും കമ്പോളത്തിന്റെ പരിപൂര്‍ണമായ സ്വതന്ത്രതയും ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ ഫലമാണ്. ഇതിന്റെ ഫലമായി പൊതുനന്മയ്ക്കുവേണ്ടി ജാഗ്രത പുലര്‍ത്തേണ്ട രാഷ്ട്രഭരണകൂടങ്ങളുടെ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണത്തെ അവര്‍ തള്ളിക്കളയുന്നു. അങ്ങനെ അദൃശ്യവും അയഥാര്‍ഥവുമായ, ഏകപക്ഷീയമായി നിരന്തരം നിയമങ്ങളും ചട്ടങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഒരു പുതിയ ധനസ്വേച്ഛാധിപത്യം രൂപം കൊണ്ടിരിക്കുന്നു'. (ഖണ്ഡിക 56). സര്‍വതന്ത്ര സ്വതന്ത്ര കമ്പോളത്തോടുള്ള കടുത്ത വിയോജിപ്പാണ് മാര്‍പാപ്പ രേഖപ്പെടുത്തുന്നത്.

രാഷ്ട്രങ്ങള്‍ കടംകയറി മുടിയുന്നു. ഇതോടൊപ്പം ആഗോളരൂപംകൊണ്ട നികുതിവെട്ടിപ്പിലും അഴിമതിയിലേക്കും മാര്‍പാപ്പ വിരല്‍ ചൂണ്ടുന്നു. ഈ പണാധിപത്യവ്യവസ്ഥയുടെ ആര്‍ത്തിക്ക് ഒരതിരുമില്ല. 'ലാഭം വര്‍ധിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുന്ന എല്ലാറ്റിനെയും - പരിസ്ഥിതിപോലെ ദുര്‍ബലമായവയെയും ചെറുക്കാന്‍ കഴിവില്ലാത്ത പാവപ്പെട്ടവരെയും - ഈ വ്യവസ്ഥ വിഴുങ്ങുന്നു' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഫിനാന്‍സ് മൂലധനത്തിനും രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും മീതേയുള്ള അതിന്റെ സ്വേച്ഛാധിപത്യത്തിനുമെതിരെയുള്ള അതിനിശിതമായ വിമര്‍ശനമാണ്.

നാല്- ഇതിനൊരു പ്രതിവിധിയെന്ത്? ധാര്‍മികതയോടും ദൈവത്തോടുമുള്ള നിഷേധാത്മക സമീപനമാണ് ഇത്തരമൊരു വ്യവസ്ഥയുടെ പശ്ചാത്തലമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം - 'ധാര്‍മികതയില്‍ ഊന്നിയുള്ള ധനകാര്യപരിഷ്‌കാരങ്ങള്‍ വേണം. ഇതിന് രാഷ്ട്രീയ നേതാക്കളുടെ സമീപനത്തില്‍ മാറ്റമുണ്ടാകണം. ഓരോ കേസിന്റെയും പ്രത്യേകതകള്‍ വിസ്മരിക്കാതെ ഭാവിയിലേക്ക് കണ്ണുംനട്ടുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടുകൂടി ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ അവരോട് അഭ്യര്‍ഥിക്കുന്നു. പണമല്ല ഭരിക്കേണ്ടത്. അത് സേവനത്തിനുള്ളതാണ്'. (ഖണ്ഡിക 58)

അഞ്ച് - മനുഷ്യനും സമൂഹവുമായുള്ള ബന്ധം മാത്രമല്ല, മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധവും മാര്‍പാപ്പയുടെ സാമൂഹ്യചിന്തയുടെ അഭേദ്യഭാഗമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ - 'ഇന്നത്തെ സാമ്പത്തികസംവിധാനം നിയന്ത്രണമില്ലാത്ത ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം, അനിയന്ത്രിതമായ ഉപഭോഗം അസമത്വം വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, സാമൂഹ്യ അരക്ഷിതാവസ്ഥയിലേക്കും നയിക്കുന്നു'. (ഖണ്ഡിക 59)
ഓരോ മനുഷ്യന്റെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. എന്നാല്‍, ആരുടെയും ആര്‍ത്തിക്കുള്ളത് ഭൂമിയിലില്ല. എന്ന മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ ഓര്‍മിപ്പിക്കുന്നതാണ് മാര്‍പാപ്പയുടെ ചിന്ത. അതിരുകളില്ലാത്ത ഉപഭോഗത്തെ ആസ്​പദമാക്കിയുള്ള സാമ്പത്തികവ്യവസ്ഥ പരിസ്ഥിതി വിനാശത്തിലേക്ക് നയിക്കും.

അമ്പതുകളിലും അറുപതുകളിലും ലത്തീന്‍ അമേരിക്കയില്‍പിറവി കൊണ്ടതായിരുന്നു ലിബറേഷന്‍ തിയോളജി. അര്‍ജന്റീനയിലെ ബിഷപ്പ് എന്ന നിലയില്‍ ഈ ചിന്താപദ്ധതിയോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഭിമുഖ്യം പുലര്‍ത്തിയതിന് യാതൊരു തെളിവുമില്ല. സഭാ നേതൃത്വമാകട്ടെ, ലിബറേഷന്‍ തിയോളജിയ്‌ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. ഈ യജ്ഞത്തിന് നേതൃത്വം നല്‍കിയത് കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡോക്ട്രിന്റെ തലവനായിരുന്ന കര്‍ദിനാള്‍ റാറ്റ്‌സിങ്ങറായിരുന്നു (പിന്നീട് ബെനഡിക്ട് മാര്‍പാപ്പ). വിമോചനദൈവശാസ്ത്രത്തിന് ഒരു പുതുജീവന്‍ കൈവരികയാണെന്ന് പറയാം.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ സമീപനത്തിന്റെ അടിസ്ഥാനം മനുഷ്യന്റെ ദാരിദ്ര്യവും ദുരിതവും ഇല്ലായ്മ ചെയ്യാനുള്ള ധാര്‍മിക അഭിവാഞ്ഛയാണ്. ഇത് അദ്ദേഹത്തെ നവലിബറലിസത്തിന്റെ പലവശങ്ങളുടെയും വിമര്‍ശകനാക്കി മാറ്റിയിട്ടുണ്ട്. യൂറോപ്പിലെ സോഷ്യലിസത്തിന്റെ തകര്‍ച്ചയോടുകൂടി ചരിത്രം അവസാനിച്ചു എന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. അതിനുള്ള സമയം ആയിട്ടില്ല എന്നാണ് മാര്‍പാപ്പ പറയുന്നത്. 'നമ്മള്‍ 'ചരിത്രത്തിന്റെ അവസാന'ത്തില്‍ നിന്ന് ഇന്നും വളരെയേറെ അകലെയാണ്. കാരണം, സ്ഥായിയായതും സാമാധാനപരവുമായ വികസനത്തിന്റെ മുന്നുപാധികള്‍ ഇനിയും വ്യക്തമാക്കപ്പെടുകയോ സാക്ഷാത്കരിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഇന്നത്തെ ഘടന അനീതിയില്‍ അധിഷ്ഠിതമാണ്. അവയില്‍ ഭാവിയുടെ പ്രതീക്ഷ അര്‍പ്പിക്കാനാവില്ല.' മാര്‍പാപ്പയുടെ ചിന്തകളില്‍ നൊബേല്‍ ജേതാവ് ജോസഫ് സ്റ്റിഗ്ലിസിന്റെ സ്വാധീനം കാണുന്നവരുണ്ട്. ജോസഫ് സ്റ്റിഗ്ലിസ് ഇപ്പോള്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസില്‍ അംഗമാണ്. അതിന്റെ ചാന്‍സലറായ അര്‍ജന്റീനക്കാരനായ മാഴ്‌സലോ സാഞ്ചസിന്റെ ഉറ്റസുഹൃത്തുമാണ്.

കേരളത്തിന്റെ സാഹചര്യത്തില്‍ ഇത്തരമൊരു സംവാദത്തിന് ഒരു തടസ്സം ദൈവവിശ്വാസവും നിരീശ്വരവാദവും തമ്മിലുള്ള തര്‍ക്കമാണ്. നിരീശ്വരവാദിയായ യുജെനി സ്‌കാലഫാരിയുമായുള്ള അഭിമുഖത്തില്‍ ഈ തര്‍ക്കം തീര്‍ക്കാനുള്ള പ്രതിവിധി ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ നിര്‍ദേശിക്കുന്നു- നിരീശ്വരവാദി തന്റെ മനഃസാക്ഷിയോട് പൂര്‍ണ സത്യസന്ധത പുലര്‍ത്തുകയാണ് ധര്‍മം. അന്യോന്യം മാനസാന്തരപ്പെടുത്താന്‍ ശ്രമിക്കേണ്ടതില്ല. പരസ്​പര ബഹുമാനത്തോടുള്ള സംവാദനത്തിന് മാര്‍പാപ്പയുടെ വചനങ്ങള്‍ വഴിയൊരുക്കുന്നുണ്ട്. ഇഹലോകത്തും ദൈവരാജ്യം കൊണ്ടുവരുന്ന ദൗത്യത്തിന് ഇരുവര്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും.

6 comments:

 1. സ്വാഗതാര്‍ഹമായ ഇടപെടല്‍.
  ഇവിടെയും ഒരു സംവാദത്തിനു് തുടക്കമിടാന്‍ ഇതു് വഴിയൊരുക്കട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 2. Good article. I agree with many of the points raised by the writer. Its clear, even if dr thomas says it or not, pope francis is different.... and hes ploughing a different furrow

  ReplyDelete
 3. ആദ്യം ആലയത്തില്‍ നിന്ന് തന്നെ തുടങ്ങട്ടെ എന്ന് ഒരു വാക്യമുണ്ട് പഴയനിയമപുസ്തകത്തിലൊരിടത്ത്!

  ReplyDelete
 4. മനുഷ്യന്റെ കഷ്ടപ്പാടിൽ മനസ്സ് നോവുന്നവരുടെയും അവരുടെ മോചനത്തിനായി പ്രയത്നിക്കുന്നവരുടെയും അതിവിശാലമായ ഒരു പ്ലാറ്റ്ഫോം ..അതിനു നേതൃത്വം കൊടുക്കാൻ തക്കവണ്ണമുള്ള ഇടതുരാഷ്ട്രീയം,അതിന്റെ മുന്നണിപോരാളിയായി സി.പി.ഐ(എം)..സാധ്യമാകേണ്ടതല്ലേ? ശ്രമിക്കേണ്ടതല്ലേ?

  ReplyDelete

 5. "പള്ളിയും കമ്മ്യൂണിസ്റ്റ്ക്കാരും തമ്മിലുള്ള അകലം കുറക്കണം." - തോമസ്‌ ഐസക്ക്.

  അതായത് ഇനി ഓരോ പള്ളിയുടെ അടുത്തും ഓരോ പാര്‍ട്ടി ഓഫീസ് തുടങ്ങും.
  ലോക്കല്‍ കമ്മറ്റികള്‍ ഇനിമുതല്‍ ലോക്കല്‍ ഇടവകകള്‍ എന്നറിയപ്പെടും.
  പാര്‍ട്ടിക്കാരുടെ പേരിന് മുന്നില്‍ സഖാവ് എന്ന് വെക്കുന്നതിന് പകരം 'ഫാദര്‍' എന്ന് വെക്കും.
  ഡി ഫിയില്‍ അംഗത്വം ഉള്ളവര്‍ 'ബ്രദര്‍' എന്ന് വെക്കണം.
  എസ് എഫ് ഐ ക്കാര്‍ പേരിന് മുന്നില്‍ 'കുഞ്ഞാട്' എന്നും വെക്കണം.
  അതിന്‍ പടി ഇനി മുതല്‍ സഖാവ് വി എസ്, ഫാദര്‍ വി എസ് എന്ന് അറിയപ്പെടും.

  സംസ്ഥാന സെക്രട്ടറിയെ സംസ്ഥാന ബിഷപ്പ് എന്ന് വിളിക്കും.
  ഏരിയ സെക്രട്ടറിയെ ഏരിയ വികാരി എന്ന് വിളിക്കും.
  എ കെ ജി സെന്റര്‍ ഇനി മുതല്‍ 'സെന്റ്‌ എ കെ.ജി കത്തീഡ്രല്‍' എന്നറിയപ്പെടും.
  പാര്‍ട്ടി ചിഹ്നത്തില്‍ ചുറ്റികക്ക് പകരം കുരിശാക്കും.

  പാര്‍ട്ടി മീറ്റിങ്ങുകളും, പാര്‍ട്ടി കോണ്‍ഗ്രസ്സുകളും ഇനി മുതല്‍ 'പാര്‍ട്ടിപ്പെരുന്നാള്‍' എന്നറിയപ്പെടും.

  പാര്‍ട്ടി ഓരോ ചര്‍ച്ച നടത്തുമ്പോഴും തീരുമാനം ആയാല്‍ വെളുത്ത പുകയും, തീരുമാനം ആയില്ലെങ്കില്‍ കറുത്ത പുകയും വിടാനുള്ള സംവിധാനം പാര്‍ട്ടി ആപ്പീസുകളില്‍ ഉണ്ടാവും.

  പാര്‍ട്ടിയിലേക്ക് പുതിയ ആളുകളെ ചേര്‍ക്കുന്നതിന് മുന്‍പ് 'മനസ്സമ്മതം' എന്ന കര്‍മ്മം നടത്തി അതില്‍ വടിവാളോ, എസ് കത്തിയോ അണിയിക്കും.

  മുദ്രാവാക്യം വിളിക്കുബോള്‍ "ഇങ്കിലാബ് ഹലേലുയാ" എന്നും വിളിക്കണം.

  അബസ്വരം :
  ഓരോ പാര്‍ട്ടി അംഗവും പരസ്പരം കാണുമ്പോള്‍ "ബാലറ്റ് പെട്ടിക്ക് സ്തുതിയായിരിക്കട്ടെ" എന്ന് പറയണം. തിരിച്ച് "വോട്ട് വീഴുവോളം" എന്ന് പ്രത്യഭിവാദ്യം ചെയ്യണം.

  — feeling ഓന്തേ നീയെത്ര മാന്യന്‍ !!!

  ReplyDelete
 6. ലിങ്കില്‍ കുത്തി വരാന്‍ മറക്കേണ്ട !!

  http://www.absarmohamed.blogspot.com/2013/12/cpim.html

  ReplyDelete