Sunday, December 15, 2013

മണ്ടേലയുടെ നാട്ടില്‍


2008ലെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനു ശേഷം എഴുതിത്തുടങ്ങിയ മണ്ടേലയുടെ നാട്ടില്‍ എന്ന യാത്രാവിവരണ പുസ്തകത്തിന്‍റെ ആദ്യ അധ്യായം. 2013 ഡിസംബര്‍ 16ന്‍റെ കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്...
                                                                             2008 സെപ്തംബര്‍ 3, ചൊവ്വ

നമുക്ക് ഇന്ത്യാക്കാര്‍ക്ക് ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് മഹാത്മജി എന്തായിരുന്നുവോ അതാണ് ഇന്ന് ദക്ഷിണാഫ്രിക്കക്കാര്‍ക്ക് നെല്‍സണ്‍ മണ്ടേല. ആരും മണ്ടേല എന്ന പേരു വിളിക്കാറില്ല. ഗോത്രവര്‍ഗപ്പേരായ 'മഡീബ' എന്നാണ് വിളിക്കുക. ഇതിന് ഖോസാ ഭാഷയില്‍ വലിയ കാരണവര്‍ എന്നാണ് അര്‍ത്ഥം.


മണ്ടേലയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ വിമല അദ്ദേഹത്തെ 'താത്ത' അഥവാ മുത്തശന്‍ എന്നാണ് അഭിസംബോധന ചെയ്തത്. വിമല മലയാളിയാണോ എന്നെനിക്കു സംശയം.

അതുസംബന്ധിച്ചൊന്നും വിമലയ്ക്കറിയില്ല. പൂര്‍വികര്‍ ഇന്ത്യയില്‍ നിന്നാണെന്നറിയാം. അച്ഛന്റെ പേര് നായിഡു.


''അദ്ദേഹം വരാന്‍ കുറച്ചുവൈകും''. ക്ഷമാപണസ്വരത്തില്‍ വിമല പറഞ്ഞു, ''നിങ്ങളുടെ സന്ദര്‍ശനം പ്രമാണിച്ചു മാത്രമാണ് മഡീബാ ഫൗണ്ടേഷനിലേയ്ക്കു വരുന്നത്''.
 

താമസം ഞങ്ങള്‍ക്കൊരു പ്രശ്‌നമേ ആയിരുന്നില്ല. അഭിമുഖം ലഭിച്ചതുതന്നെ മഹാഭാഗ്യം. ഇപ്പോള്‍ സാധാരണഗതിയില്‍ പഴയ സുഹൃത്തുക്കള്‍ക്കും കുട്ടികള്‍ക്കും മാത്രമേ അദ്ദേഹം സമയം അനുവദിച്ചിരുന്നുളളൂ.

ബിശ്വാസിന്റെ പല മാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് മണ്ടേലയുമായുളള കൂടിക്കാഴ്ചയ്ക്ക് അനുവാദം ലഭിച്ചത്. ഹോത്തേംഗ് പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്നു സദ്ഗര്‍ ബിശ്വാസ്. ഇപ്പോള്‍ വിറ്റ്‌സ് വാട്ടര്‍സാന്റ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. ആഗോളസഹകരണ പ്രസ്ഥാനത്തെക്കുറിച്ച് വലിയൊരു ഗവേഷണ പ്രോജക്ടും നടത്തുന്നുണ്ട്. ജനകീയാസൂത്രണം, പഠിക്കാന്‍ രണ്ടുതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. പലതവണ ദക്ഷിണാഫ്രിക്കയിലേയ്ക്ക് എന്നെ ക്ഷണിച്ചിട്ടുമുണ്ട്. എന്നാല്‍ തിരക്കുകള്‍ മൂലം ക്ഷണം സ്വീകരിക്കാന്‍ അപ്പോഴൊന്നും കഴിഞ്ഞിരുന്നില്ല.

2008 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി സംഘവുമായി കേരളം സന്ദര്‍ശിക്കാന്‍ ബിശ്വാസ് വന്നത് പ്രലോഭനങ്ങളുടെ നീണ്ട പട്ടികയുമായാണ്. മണ്ടേലയുമായി ഒരു കൂടിക്കാഴ്ചയൊരുക്കാം; മണ്ടേലയുടെ ജന്മസ്ഥലം, പഠിച്ച സര്‍വകലാശാല, ജോലി ചെയ്ത ഖനി, രാഷ്ട്രീയപ്രവത്തനകേന്ദ്രങ്ങള്‍, തടവിലടയ്ക്കപ്പെട്ട റോബിന്‍ ഐലന്‍ഡ് ഇവയൊക്കെ സന്ദര്‍ശിക്കുകയും സഹപ്രവര്‍ത്തകരുമായി അഭിമുഖം നടത്തുകയും ചെയ്യാം; നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥയെ ആസ്പദമാക്കി നല്ലൊരു സഞ്ചാരസാഹിത്യ ഗ്രന്ഥവും കൂടി എഴുതുന്നതിന് എല്ലാ സഹായവും നല്‍കാം.... ദക്ഷിണാഫ്രിക്കയിലേയ്ക്കു ഭാണ്ഡം മുറുക്കാന്‍ പിന്നെ താമസിച്ചില്ല.

ദക്ഷിണാഫ്രിക്കയിലെത്തി ഒരാഴ്ച കഴിഞ്ഞാണ് മണ്ടേലയുമായുളള കൂടിക്കാഴ്ചയ്ക്ക് അനുവാദം ലഭിച്ചത്. അതുതന്നെ പഴയ പല സഖാക്കളുടെയും ഇടപെടലുകള്‍ക്കു ശേഷം. കര്‍ശമാനമായ നിബന്ധനകളുണ്ടായിരുന്നു. വിവാദപരമായ രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിക്കാന്‍ പാടില്ല. സന്ദേശങ്ങള്‍ ആവശ്യപ്പെടരുത്. വീഡിയോഗ്രാഫി പാടില്ല. കാമറയ്ക്കു ഫ്‌ളാഷ് പാടില്ല. ഇവയൊക്കെ പാലിച്ചുകൊളളാമെന്ന് ഫോറത്തിലൊപ്പിട്ട് വിമലയെ ഏല്‍പ്പിച്ചു.

ബിശ്വാസിന്റെ ഫ്‌ളാറ്റില്‍ നിന്ന് പത്തുമിനിട്ടു യാത്രയേ ഉളളൂ, നെല്‍സണ്‍ മണ്ടേലാ ഫൗണ്ടേഷനിലേയ്ക്ക്.

പ്രസിഡന്റുപദമൊഴിഞ്ഞപ്പോള്‍ അദ്ദേഹം സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷന്‍. ഇവിടെയാണ് മണ്ടേലയുടെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം. ''നീതിയ്ക്കു വേണ്ടിയുളള ഓര്‍മ്മയും സംവാദവു''മാണ് ഫൗണ്ടേഷന്റെ മുഖ്യ പ്രവര്‍ത്തനം. മണ്ടേലയുടെ ജീവിതവുമായി ബന്ധപ്പെട്ട സുഹൃത്തുക്കളെയും സംഭവഹ്ങളെയും കുറിച്ചുളള ഓര്‍മ്മകളും ശേഖരിക്കലും അവയെ അടിസ്ഥാനമാക്കിയുളള തുടര്‍ സംവാദങ്ങളും അവയുടെ പ്രസിദ്ധീകരണവുമാണ് ഫൗണ്ടേഷന്റെ മുഖ്യ പ്രവര്‍ത്തനം. ഇതിനു പുറമെ കുട്ടികള്‍ക്കായുളള നെല്‍സണ്‍ മണ്ടേല ഫണ്ടുമായും ആഫ്രിക്കക്കാരുടെ ഉന്നത വിദ്യാഭ്യാസ ആസ്ഥാനത്തേയ്ക്കുണ്ടായിരുന്നുളളൂ. .പ്രോത്സാഹനത്തിനുളള മണ്ടേല റോഡ്‌സ് ഫൗണ്ടേഷനുമായും അദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.


വിശാലമായ സ്വീകരണ ഹാളില്‍ കാത്തിരുന്നപ്പോഴാണ് ഹാളിന്റെ ഒരറ്റത്തുളള പ്രദര്‍ശനബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. വൃത്താകൃതിയില്‍ നാലു ചുരുളുകളുളള പ്രദര്‍ശനം വാള്‍ട്ടര്‍ സുസിലുവിനെക്കുറിച്ചുളളതാണ്. മറ്റാരുടെയും ചിത്രങ്ങള്‍ സ്വീകരണ മുറിയില്‍ ഉണ്ടായിരുന്നില്ല. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന സുസിലുവും മണ്ടേലയുമായുളള ദീര്‍ഘകാല സൗഹൃദത്തിന്റെ പ്രതീകമായിരുന്നു ഈ ചെറുപ്രദര്‍ശനം.

ഒരര്‍ത്ഥത്തില്‍ വാള്‍ട്ടര്‍ സുസിലു ആയിരുന്നു മണ്ടേലയുടെ രാഷ്ട്രീയഗുരു. റോബിന്‍ ദ്വീപിലെ നീണ്ട കാരാഗ്രഹവാസത്തിലും സഹതടവുകാരനായി സുസിലു ഉണ്ടായിരുന്നു. എപ്പോഴും പിന്നണിയില്‍ നിന്നാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും വിമോചനസമരത്തിലെ മറ്റു സംഘടനകളെയും കൂട്ടിയിണക്കുന്നതില്‍ വലിയ സംഭാവനയാണ് ഇദ്ദേഹം നല്‍കിയിട്ടുളളത്.

അധികം ആര്‍ക്കും അറിയാത്ത മറ്റൊരു കൗതുകവുമുണ്ട്. വാള്‍ട്ടര്‍ സുസിലു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. മണ്ടേലയ്ക്ക് ആദ്യകാലത്ത് കടുത്ത ആഫ്രിക്കന്‍ വംശീയദേശീയ നിലപാടായിരുന്നു. രാഷ്ട്രീയ ആചാര്യനായിരുന്ന സുസിലു അപ്പോഴും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലുണ്ടായിരുന്നു. മരണം വരെ സുസിലു പാര്‍ട്ടി അംഗത്വം നിലനിര്‍ത്തി എന്നാണ് ബിശ്വാസ് പറഞ്ഞത്. എന്നാല്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായല്ല, ആഫ്രിക്കന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായാണ് അറിയപ്പെടുന്നത്.

പതിനൊന്നേകാലായപ്പോള്‍ വിമല വന്ന് മണ്ടേലയുടെ മുറിയിലേയ്ക്ക് കൊണ്ടുപോയി. മണ്ടേലയുടെ മുറി അനാഡംബരമായിരുന്നു. വലിയ മേശയ്ക്കു പിന്നിലാണ് അദ്ദേഹം ഇരുന്നത്. പുറകിലെ ഷെല്‍ഫുകള്‍ പുസ്തകങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. മുറിയുടെ മൂലയില്‍ ഏതാനും സോഫകള്‍. ഞങ്ങള്‍ അഭിമുഖമായി കസേരയിലിരുന്നു. നിശ്ചയിച്ചതിലും പതിനഞ്ചു വൈകിയതില്‍ നീണ്ട ക്ഷമാപണം.
 

''ഇന്ത്യന്‍ നിന്നാണ് വരുന്നത്'', ഞാന്‍ സംസാരിച്ചു തുടങ്ങി
''ഗാന്ധിജിയുടെ നാട്ടില്‍ നിന്ന്'' - മണ്ടേല പൂരിപ്പിച്ചു.
''അതേ, ഗാന്ധിജിയുടെ നാട്ടിലെ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്''.
''ഗാന്ധിജി ഞങ്ങള്‍ക്കേവര്‍ക്കും ഒരു പ്രചോദനമായിരുന്നു, എന്താണ് ഇന്ത്യയിലെ സ്ഥിതി?''

ഇന്ത്യയിലെ പൊതുസ്ഥിതിയാണോ ഗാന്ധിജിയുടെ ആദര്‍ശങ്ങളോടുളള രാജ്യത്തിന്റെ സമീപനമാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നില്ല. അതുകൊണ്ടു രണ്ടും ചേര്‍ത്തുവെച്ചാണ് ഞാന്‍ ഉത്തരം പറഞ്ഞത്.

''ഇത് ആഗോളവത്കരണത്തിന്റെ കാലമാണല്ലോ. അതുകൊണ്ട് ഗാന്ധിജിയുടെ പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ പൊതുവില്‍ പറഞ്ഞാല്‍ രാജ്യം ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്. മതേതരത്വവും സ്വാശ്രയത്വവും അപകടത്തിലാണ്. വര്‍ഗീയതയ്‌ക്കെതിരെ ഇന്ന് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും സഹകരിക്കുന്നു. എന്നാല്‍ ആഗോളവത്കരണ നയങ്ങളുടെ കാര്യത്തില്‍ യോജിപ്പില്ല. അതുകൊണ്ട് സര്‍ക്കാരിനെ പിന്താങ്ങുന്നുണ്ടെങ്കിലും ഐക്യമുന്നണിയില്ല. സങ്കീര്‍ണവും ഗുരുതരവുമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്''.

''താങ്കള്‍ ഇന്ത്യയില്‍ എവിടെ നിന്നാണ്?''
''കേരളം. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ കോണില്‍''.
''അവിടെ മന്ത്രിയാണല്ലേ''
''അതേ ഇപ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റു മുന്നണിയാണ് ഭരിക്കുന്നത്''.
''ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ കാരണമെന്താണ്?''
''വികസനോന്മുഖ ഭരണകൂടത്തെക്കുറിച്ച് ഒരു സെമിനാറുണ്ടായിരുന്നു''. 
''കേരളത്തെക്കുറിച്ചാണോ സംസാരിച്ചത് പ്രതികരണം എന്തായിരുന്നു?''

വളരെ താല്‍പര്യത്തോടെയാണ് എന്റെ അവതരണം ശ്രദ്ധിച്ചത്. ''കേരളത്തിന്റെ പ്രതിശീര്‍ഷവരുമാനം ദക്ഷിണാഫ്രിക്കയുടേതിന്റെ പകുതിയില്‍ താഴെയേ വരൂ. സാമ്പത്തികമായി ദക്ഷിണാഫ്രിക്കയെക്കാള്‍ വളരെ പിന്നിലാണ് ഞങ്ങള്‍. പക്ഷേ, കേരളീയര്‍ ഇന്ന് ശരാശരി എഴുപത്തിയഞ്ചു വയസുവരെ ജീവിച്ചിരിക്കും. ദക്ഷിണാഫ്രിക്കയിലെ ശരാശരി ജീവിതായുസ് അമ്പതില്‍ താഴെയാണ്''.
ദക്ഷിണാഫ്രിക്കയിലെ ശരാശരി ജീവിതായുസ് ഇത്രയേറെ താഴുന്നതിന് മുഖ്യകാരണം എയിഡ്‌സ് രോഗമാണ്. എന്നാല്‍ ഇതു മാറ്റിനിര്‍ത്തിയാലും ശരാശരി ജീവിതായുസ് കേരളത്തെക്കാള്‍ താഴെയായിരിക്കും എന്നതിന് സംശയമില്ല. അതുകൊണ്ട് സാമാന്യം വിസ്മയത്തോടെയാണ് മണ്ടേല ചോദിച്ചത് - ''ഇതെങ്ങനെ സാധിച്ചു?''
എന്റെ പ്രതികരണം എത്ര ചുരുക്കാനാവുമെന്ന ആശങ്കയോടെയാണ് ഞാന്‍ മറുപടി പറഞ്ഞു തുടങ്ങിയത്. 

''അതൊരു നീണ്ട ചരിത്രമാണ്. ചുരുക്കപ്പറഞ്ഞാല്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ക്ഷേമസൗകര്യങ്ങള്‍, തുടങ്ങിയ വേണമെന്ന ശക്തമായ ആവശ്യം ജനകീയപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തി. കൊളോണിയല്‍ കാലഘട്ടം മുതല്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്ക് ഈ ആവശ്യത്തിന് അനുകൂലമായി പ്രതികരിക്കേണ്ടിവന്നു. സാര്‍വത്രിക സ്‌ക്കൂള്‍ വിദ്യാഭ്യാസവും ആരോഗ്യപരിചരണവും ലഭ്യമാക്കി. സമ്പത്ത് ഏറെ ഇല്ലെങ്കിലും ഉളളത് കൂടുതല്‍ നീതിപൂര്‍വമായി പുനര്‍വിതരണം ചെയ്തു. ഇതില്‍ ഇടതുപക്ഷം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അധികാരവികേന്ദ്രീകരണത്തിലൂടെ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും പൊതുആരോഗ്യവിദ്യാഭ്യാസ സേവനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ചെറുകിട ഉത്പാദനമേഖലയിലെ ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് ഞാനെഴുതിയ ഒരു ഗ്രന്ഥം അങ്ങേയ്ക്കു സമര്‍പ്പിക്കാനാഗ്രഹിക്കുന്നു''.

ഞാനും റിച്ചാര്‍ഡ് ഫ്രാങ്കിയും ചേര്‍ന്നെഴുതിയ 'പ്രാദേശിക ജനാധിപത്യവും പ്രാദേശിക വികസനവും' എന്ന ഗ്രന്ഥം ഉപഹാരമായി നല്‍കാന്‍ കൈയില്‍ കരുതിയിരുന്നു. എന്നില്‍ നിന്ന് ഗ്രന്ഥം ഏറ്റുവാങ്ങിയശേഷം കുറച്ചുസമയം ആദ്യതാളുകള്‍ മറിച്ചുനോക്കി അദ്ദേഹമിരുന്നു.

''ഈ പുസ്തകത്തിലെ പ്രമേയമാണ് ഡോ. ഐസക് ഇവിടത്തെ സെമിനാറുകളില്‍ അവതരിപ്പിച്ചത്. കേരളത്തിലെ ക്ഷേമാധിഷ്ഠിത ഭരണകൂടം ഇന്നത്തെ സാഹചര്യത്തില്‍ ഒരു വികസനോന്മുഖ ഭരണകൂടമായി പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ പ്രാധാന്യമായിരുന്നു അവതരിപ്പിച്ചത്. ഇത്തരമൊരു രൂപാന്തരത്തിനിടയില്‍ ഭൂതകാല സാമൂഹ്യക്ഷേമ നേട്ടങ്ങള്‍ എങ്ങനെ നിലനിര്‍ത്താം എന്നതാണ് വെല്ലുവിളി. അതുകൊണ്ട് തെക്കുകിഴക്കന്‍ ഏഷ്യയിലെ വികസനോന്മുഖ ഭരണകൂടങ്ങളെയല്ല നാം ആദര്‍ശമാക്കേണ്ടത് എന്നതാണ് വാദം. ദക്ഷിണാഫ്രിക്കയിലെ വികസനോന്മുഖ ഭരണകൂടസംവാദത്തില്‍ കേരളത്തിലെ അനുഭവത്തിന് ഏറെ പ്രസക്തിയുണ്ട്''.

മിഷേലാണ് ഈ വിശദീകരണം നല്‍കിയത്. കേരളത്തെക്കുറിച്ചും ജനകീയാസൂത്രണത്തെക്കുറിച്ചും അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ് പത്തു പതിനഞ്ചു മിനിട്ടുകള്‍ കടന്നുപോയി.
മിഷേല്‍ വില്യംസ് കാലിഫോര്‍ണിയക്കാരിയാണ്. ബെര്‍ക്ക്‌ലിയില്‍ നിന്നാണ് പിഎച്ച്ഡിയെടുത്തത്. വിഷയം ദക്ഷിണാഫ്രിക്കയേയും കേരളത്തെയും കുറിച്ചുളള താരതമ്യ പഠനമായിരുന്നു. ഇപ്പോല്‍ സദ്ഗര്‍ ബിശ്വാസിനെ വിവാഹം ചെയ്ത് ജോഹന്നാസ്ബര്‍ഗില്‍ താമസിക്കുന്നു. വിറ്റ്‌സ് വാട്ടര്‍സാന്റ് യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി പ്രൊഫസറുമാണ്.

തങ്ങളുടെ സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുളള ആഗോളപ്രോജക്ടിനെക്കുറിച്ച് അവര്‍ ഹ്രസ്വമായി മണ്ടേലയോട് വിവരിച്ചു. ദക്ഷിണാഫ്രിക്കയിലെ സഹകരണപ്രസ്ഥാനത്തിന്റെ പുനസംഘടനയ്ക്കുളള ചര്‍ച്ചകളില്‍ പങ്കാളികളാണെന്നും അവര്‍ വിശദീകരിച്ചു. ഇവയെല്ലാം ഇടയ്ക്കിടെയുളള ചെറുചോദ്യങ്ങളോടെ അദ്ദേഹം ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. പിന്നെ എന്നോടായി ചോദ്യം.

''ഇവിടെ ആരെയൊക്കെ കണ്ടു? അഹമ്മദ് കത്രാഡയെ കണ്ടോ?''
''ഇല്ല. അദ്ദേഹം ഇപ്പോള്‍ കേപ്ടൗണിലാണ്. പക്ഷേ, ബില്ലി നായരെ കാണാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിനു നല്ല സുഖമില്ലെന്നറിയുന്നു'' - ഞാന്‍ പറഞ്ഞു.

ബില്ലി നായരുടെ പേര് ഞാനാദ്യം കാണുന്നത് റോബിന്‍ ദ്വീപിലെ തടവുകാരുടെ ലിസ്റ്റിലാണ്. മണ്ടേലയോടൊപ്പം ഒരു നായരും തടവിലോ? കൗതുകം സ്വാഭാവികം. ഈ കഥ പിന്നീടു പറയാം. പക്ഷേ, ബില്ലി നായര്‍ക്ക് അസുഖമാണെന്നു പറഞ്ഞതോടെ മണ്ടേലയുടെ നെറ്റി ചുളിഞ്ഞ് അദ്ദേഹം അസ്വസ്ഥനായി.

''എന്താണ് അസുഖം, നിങ്ങളെങ്ങനെ അറിഞ്ഞു?''
''ഞാന്‍ സുദീര്‍ഘമായി ഫോണില്‍ സംസാരിച്ചു. പല പ്രാവശ്യം ഇടവേളകള്‍ നല്‍കിയാണ് സംഭാഷണം പൂര്‍ത്തീകരിച്ചത്'', ഞാന്‍ പറഞ്ഞു.

വിമലയുടെ നേരെ തിരിഞ്ഞു. വിമല ഞങ്ങളുടെ നേരെയും. കൂടിക്കാഴ്ചയ്ക്കു വിരാമമിടണമെന്ന സൂചന ഞങ്ങള്‍ക്കു മനസിലായി. പത്തുമിനിട്ടു സമയം അനുവദിച്ചത് അരമണിക്കൂറിലേയ്ക്കു നീണ്ടിരുന്നു. ഞങ്ങള്‍ മൂവരും മണ്ടേലയ്‌ക്കൊപ്പം നിന്നു ഫോട്ടോയെടുത്തു. ഹസ്തദാനം ചെയ്തു പിരിഞ്ഞു. മുറിയ്ക്കു പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു,

''ക്ഷമിക്കണം. ബില്ലി നായരുടെ അസുഖത്തെക്കുറിച്ച് ഞാന്‍ പറയാന്‍ പാടില്ലായിരുന്നു''.


''സാരമില്ല. പഴയ സുഹൃത്തുക്കളുടെയും സഖാക്കളുടെയും കാര്യത്തില്‍ വലിയ വേവലാതിയാണ്. ദീര്‍ഘകാലമായി അസുഖമായി കിടന്ന ബില്ലി നായര്‍ ആരോഗ്യം മെച്ചപ്പെട്ടപ്പോള്‍ ഒരു മാസം മുമ്പ് മഡീബയെ കാണാന്‍ വന്നിരുന്നു. വീണ്ടും രോഗശയ്യയിലായോ എന്നാവും അദ്ദേഹത്തിന്റെ ശങ്ക. അതു ഞാന്‍ വിശദീകരിച്ചോളാം''.

ദക്ഷിണാഫ്രിക്കന്‍ വിമോചന സമരത്തെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഒട്ടേറെ പുസ്തകങ്ങള്‍ ഞാന്‍ ശേഖരിച്ചു. അവയില്‍ എന്നെ സ്പര്‍ശിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പഴയകാല നേതാക്കള്‍ തമ്മില്‍ പുലര്‍ത്തിയ ആത്മബന്ധവും ബഹുമാനവുമാണ്. എന്നാല്‍ പുതിയ തലമുറയില്‍ ഇതു തുലോം ദുര്‍ബലമാണ്. പക്ഷേ, ഇതു ദക്ഷിണാഫ്രിക്കന്‍ സ്ഥിതി മാത്രമല്ലല്ലോ

3 comments:

  1. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരു നേതാവാണ് മണ്ടേല. അതിനാല്‍ തന്നെ ഈ വിവരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഈ പുസ്തകം എഴുതിത്തുടങ്ങിയതിനെപ്പറ്റിയേ പറഞ്ഞുള്ളു. പൂര്‍ത്തിയാക്കിയിട്ടുണ്ടോ? ഷെല്‍ഫുകളില്‍ ഉണ്ടോ?

    ReplyDelete
  2. ഈ പുസ്തകം പ്രസിദ്ധീകരിച്ചോ ?

    ReplyDelete
  3. ഈ പുസ്തകം പ്രസിദ്ധീകരിച്ചോ ?

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...